ത്രൊഫിമൊസ്

ത്രൊഫിമൊസ് (Trophimos)

പേരിനർത്ഥം – ധാതുവർദ്ധകമായ

അപ്പൊസ്തലനായ പൗലൊസിൻ്റെ സഹപ്രവർത്തകൻ. എഫെസൊസുകാരനായ ത്രൊഫിമൊസ് തുഹിക്കൊസിനോടൊപ്പം മൂന്നാം മിഷണറിയാത്രയിൽ പൗലൊസിന്റെ കൂടെപ്പോയി. (പ്രവൃ, 20:4) അവിടെവച്ച് പൗലൊസിനുണ്ടായ പ്രയാസത്തിനു കാരണം ത്രൊഫിമൊസ് ആയിരുന്നു. എഫെസ്യനായ ത്രൊഫിമൊസിനെ പൗലൊസിനോടൊപ്പം നഗരത്തിൽ കണ്ട ചില യെഹൂദന്മാർ പൗലൊസ് ഇയാളെ ദൈവാലയത്തിൽ കുട്ടിക്കൊണ്ടുപോയി എന്നു തെറ്റിദ്ധരിച്ച് ജനത്തെ ഇളക്കി ലഹളയുണ്ടാക്കി. (പ്രവൃ, 212-29). 2തിമൊഥെയൊസ് 4:20-ൽ ത്രൊഫിമോസിനെ മിലേത്തിൽ രോഗിയായി വിട്ടിട്ടുപോന്നു എന്ന് പൗലൊസ് എഴുതി. ത്രൊഫിമൊസിനെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ല.

ത്യൂദാസ്

ത്യൂദാസ് (Theudas)

പേരിനർത്ഥം – ദൈവം തന്നു

ജനത്തെ വശീകരിച്ചു റോമിനെതിരെ ലഹള നടത്തിയ ഒരുവനാണ് ത്യൂദാസ്. അപ്പൊസ്തലന്മാരെ വിസ്തരിച്ച ന്യായാധിപസംഘത്തിന്റെ മുമ്പിൽ ഗമാലീയേൽ ചെയ്ത പ്രസംഗത്തിൽ ഈ സംഭവത്തെക്കുറിച്ചു പരാമർശിച്ചു. ത്യൂദാസ് എന്നൊരുവൻ എഴുന്നേറ്റു മഹാനെന്നു നടിച്ചു. ഏകദേശം 400 പേർ അവനോടു ചേർന്നു. എന്നാൽ അവനും അവരും നശിച്ചു. (പ്രവൃ, 5:35-39). താൻ മശീഹയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ത്യൂദാസ് ജനത്തെ വശീകരിച്ചത്. ത്യൂദാസിനെക്കുറിച്ച് ജൊസീഫസ് നല്കുന്ന വിവരണമിതാണ്. ‘ത്യൂദാസ് എന്നു പേരുള്ള ഒരു മാന്ത്രികൻ ജനത്തെ വശീകരിച്ചു താൻ ഒരു പ്രവാചകനാണെന്നും തന്റെ ആജ്ഞയിൽ നദി രണ്ടായി വിഭജിക്കപ്പെടുമെന്നും പ്രയാസമെന്യേ അവർക്കു നദികടക്കാൻ കഴിയുമെന്നും ഉറപ്പുനല്കി അവരെ യോർദ്ദാൻ നദിക്കരയിലേക്കു കൊണ്ടുപോയി. റോമൻ സൈന്യാധിപനായ ഫാദൂസ് (Fadus) കുതിരപ്പടയെ അയച്ച് അവരിൽ അനേകം പേരെ കൊല്ലുകയും അനേകം പേരെ ജീവനോടെ പിടിക്കുകയും ചെയ്തു. ത്യൂദാസിനെ ജീവനോടെ പിടിച്ചു തലവെട്ടിയെടുത്ത് യെരൂശലേമിലേക്കു കൊണ്ടുപോയി.’ ഈ ത്യൂദാസിൻ്റെ കാലം എ.ഡി. 44-46 ആണ്. ഗമാലീയേലിന്റെ പ്രസംഗം അതിനു മുമ്പായിരുന്നു. മാത്രവുമല്ല, പേർവഴി ചാർത്തലിന്റെ കാലത്തുണ്ടായിരുന്ന യൂദയ്ക്കു മുമ്പാണ് ത്യൂദാസ് ജീവിച്ചിരുന്നത്. അതിനാൽ മറ്റൊരു ത്യൂദാസ് ഇതുപോലൊരു വിപ്ലവം നടത്തിയിരുന്നു എന്നു കരുതുകയാണ് യുക്തം.

തേരഹ്

തേരഹ് (Terah)

പേരിനർത്ഥം – കാലഹരണം

അബ്രാഹാമിന്റെ പിതാവും നാഹോരിന്റെ പുത്രനും. (ഉല്പ, 11:24). തേരഹിന്റെ പുത്രന്മാരാണ് അബ്രാഹാം, നാഹോർ, ഹാരാൻ എന്നിവർ. (ഉല്പ, 11:26). ഇവർ കല്ദയദേശമായ ഊരിൽ നിന്നു പുറപ്പെട്ട് ഹാരാനിൽ വന്നു പാർക്കുമ്പോൾ തേരഹ് മരിച്ചു. (ഉല്പ, 11:32). തേരഹ് ഒരു വിഗ്രഹാരാധിയും വിഗ്രഹ നിർമ്മാതാവും ആയിരുന്നു. (യോശു, 24:2). തേരഹ് മരിക്കുമ്പോൾ അവന് 205 വയസ്സായിരുന്നു എന്നു കാണാം. (ഉല്പ, 11:32). എന്നാൽ, ഇത് പരിഭാഷപ്രശ്നമാണ്. 145-ാം വയസ്സിലാണ് തേരഹ് മരിക്കുന്നത്.

കാണുക: തേരഹിൻ്റെ ആയുഷ്ക്കാലം

തെർത്തുല്ലൊസ്

തെർത്തുല്ലൊസ് (Tertullus)

പേരിനർത്ഥം – മൂന്നിരട്ടി കഠിനം

തെർതൊസ് എന്ന പേരിന്റെ അല്പത്വവാചിയാണ് തെർത്തുല്ലാസ്. കൊച്ചു തെർതൊസ് എന്നർത്ഥം. ഫെലിക്സ് ദേശാധിപതിയുടെ മുമ്പിൽ പൗലൊസിനെതിരായി വാദിക്കുവാൻ മഹാപുരോഹിതനായ അനന്യാസും മൂപ്പന്മാരും കൂട്ടിക്കൊണ്ടുവന്ന വ്യവഹാരജ്ഞനാണ് തെർത്തുല്ലൊസ്. (പ്രവൃ, 24:1-2). റോമൻ കോടതികളിൽ കേസു വാദിക്കുന്നതിന് വക്കീലന്മാരുടെ സഹായം പ്രയോജനപ്പെടുത്തുന്നതിന് അനുവാദമുണ്ടായിരുന്നു. തെർത്തുല്ലൊസ് ഒരു റോമാക്കാരൻ ആയിരുന്നിരിക്കണം. ന്യായാധിപസംഘത്തിലെ അംഗങ്ങൾക്കു ലത്തീൻ ഭാഷയും റോമൻ കോടതി നടപടികളും നിശ്ചയമില്ലാത്തതുകൊണ്ട് ഒരു റോമാക്കാരന്റെ സേവനം സ്വീകരിക്കുവാനാണ് കൂടുതൽ സാധ്യതയുള്ളത്. എന്നാൽ കേസു വാദിച്ചപ്പോൾ ‘ഞങ്ങൾ’ എന്ന ഉത്തമപുരുഷ സർവ്വനാമം ഉപയോഗിച്ചതുകൊണ്ട് തെർത്തുല്ലൊസിനെ യെഹൂദനെന്നു കരുതുന്നവരുമുണ്ട്. പൗലൊസിനെതിരെയുള്ള അന്യായം വളരെ ശാസ്ത്രീയമായും സംക്ഷിപ്തമായും അയാൾ അവതരിപ്പിച്ചു.

തെർതൊസ്

തെർതൊസ് (Tertius)

പേരിനർത്ഥം – മൂന്നാമൻ

ഒരു ലത്തീൻനാമമാണ് തെർതൊസ്. പൗലൊസ് തന്റെ ലേഖനങ്ങൾ പറഞ്ഞു കൊടുത്തു മറ്റൊരാളെക്കൊണ്ട് എഴുതിക്കുകയായിരുന്നു പതിവ്. ലേഖനത്തിന്റെ ഒടുവിൽ പൗലൊസ് തന്നെ വന്ദനം എഴുതിച്ചേർത്തു ഒപ്പു വച്ചിരുന്നു എന്നു കരുതപ്പെടുന്നു. (1കൊരി, 16:21; ഗലാ, 6:11; കൊലൊ, 4:18). പൗലൊസിൽ നിന്നും കേട്ട് റോമാലേഖനം എഴുതിയ വ്യക്തി തെർതൊസ് ആണ്. ലേഖനത്തിന്റെ അവസാനഭാഗത്ത് തെർതൊസിന്റെ വന്ദനവും ചേർത്തിട്ടുണ്ട്. (റോമ, 16:22).