എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെല്ലും

എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെല്ലും

അത്യുന്നതനായ ദൈവത്തെ പ്രസാദിപ്പിച്ച് അനുഗ്രഹവർഷങ്ങൾ നേടുവാനായി മനുഷ്യൻ ദൈവത്തിനു കാഴ്ചകൾ അർപ്പിക്കാറുണ്ട്. കാഴ്ചകളുടെ ബാഹുല്യവും അവയുടെ മൂല്യവും അനുസരിച്ചാണ് ദൈവം അനുഗ്രഹങ്ങൾ പകരുന്നതെന്ന ധാരണ ഇന്നത്തെപ്പോലെ പ്രാചീനകാലത്തും നിലനിന്നിരുന്നുവെന്ന് മീഖായിലൂടെ ദൈവം തന്റെ ജനത്തിനു നൽകുന്ന അരുളപ്പാടുകൾ വ്യക്തമാക്കുന്നു. ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളെയോ ആയിരമായിരം ആട്ടുകൊറ്റന്മാരെയോ ഹോമയാഗം അർപ്പിക്കുന്നതിലോ പതിനായിരം പതിനായിരം തൈലനദികൾ കാഴ്ചയായി അർപ്പിക്കുന്നതിലോ മക്കളെ അഗ്നിയിൽ ബലിയായി അർപ്പിക്കുന്നതിലോ അല്ല ദൈവം പ്രസാദിക്കുന്നതെന്നും, ഭൗതികമായ കാഴ്ചകളെക്കാൾ ദൈവം വിലമതിക്കുന്നത് ആന്തരികമായ രൂപാന്തരവും തദ്വാര ഉളവാകുന്ന ദൈവിക സ്വഭാവവുമാണെന്നും ദൈവം തന്റെ പ്രവാചകനിലൂടെ വിശദമാക്കുന്നു. (മീഖാ, 6:6,7). താൻ മനുഷ്യനോടു ചോദിക്കുന്ന കാഴ്ച തന്റെ സ്വഭാവത്തോടനുരൂപപ്പെട്ട ജീവിതമാണെന്ന് അരുളിച്ചെയ്യുന്ന ദൈവം, അതിന്റെ അടിസ്ഥാനഘടകങ്ങൾ എന്തെല്ലാമാണെന്നും വിശദമാക്കുന്നു. “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:8). നാം ലൗകികമായി എന്തെല്ലാം കാഴ്ചകൾ ദൈവത്തിനു നൽകിയാലും അവയൊക്കെയും ദൈവം നമുക്കു തന്നിരിക്കുന്ന അനുഗ്രഹങ്ങളുടെ അംശങ്ങളോ അവയിൽനിന്നുള്ളതോ മാത്രമാണ്. സർവ്വശക്തനായ ദൈവത്തിന് നമ്മെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുന്നതാകുന്നു നമ്മുടെ ജീവിതയാത്രയിൽ നമുക്ക് ദൈവത്തിനു നൽകാവുന്ന ഏറ്റവും മഹത്തായ കാഴ്ച. അതു നാം നൽകുന്ന മറ്റെന്തിനെക്കാളും അമൂല്യവുമാണ്. എന്തെന്നാൽ ദൈവസ്വഭാവം ഉൾക്കൊണ്ട് നാം ദൈവത്തിന്റെ വകയായിത്തീരണമെന്നാണ് നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അത്യധികമായ ആഗ്രഹം. അതുകൊണ്ടുതന്നെ അതിനെക്കാൾ മഹത്തായ ഒരു കാഴ്ച അർപ്പിക്കുവാൻ നമുക്കു സാദ്ധ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *