ഹൃദയത്തിന്റെ അഹങ്കാരം

ഹൃദയത്തിന്റെ അഹങ്കാരം

വശ്യമധുരമായ സംസാരരീതിയും ലളിതമായ വസ്ത്രധാരണങ്ങളുമൊക്കെ സൗമ്യതയുടെ ഭാവങ്ങളായി അനേകർ കാണാറുണ്ട്. എന്നാൽ സർവ്വജ്ഞാനിയായ ദൈവം സൗമ്യതയുടെ ബാഹ്യപ്രകടനങ്ങളെക്കാൾ അധികം ശ്രദ്ധിക്കുന്നത് മാനുഷനേത്രങ്ങൾക്ക് അഗോചരമായതും, ഹൃദയത്തിൽ ഉരുത്തിരിയുന്നതുമായ അഹന്തയുടെ പ്രതികരണങ്ങളാണെന്ന് എദോമിനെക്കുറിച്ച് തന്റെ പ്രവാചകനായ ഓബദ്യാവിന് നൽകിയ അരുളപ്പാടിലൂടെ വ്യക്തമാക്കുന്നു. പർവ്വതപ്രദേശമായിരുന്ന എദോമിൽ, മനുഷ്യർ പാർത്തിരുന്നത് പാറകളിൽ വെട്ടിയുണ്ടാക്കിയ പാർപ്പിടങ്ങളിലായിരുന്നു. ഉയരങ്ങളിൽ, പാറകളുടെ മറവിടത്തിൽ പാർത്തിരുന്നതിനാൽ ആർക്കും തങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുവാൻ കഴിയുകയില്ലെന്ന് അവർ വിശ്വസിച്ചിരുന്നു. അവർ അതു പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും “ആര് എന്നെ നിലത്തു തള്ളിയിടും?” (ഓബ, 3) എന്ന് ഹൃദയത്തിൽ പറയുന്നതായും അങ്ങനെ പറയുവാനുള്ള കാരണം, അവരുടെ ഹൃദയത്തിലെ അഹങ്കാരമാണെന്നും ദൈവം ചൂണ്ടിക്കാണിക്കുന്നു. ഹൃദയം അഹന്തയാൽ നിറയുമ്പോഴാണ് ആർക്കും തങ്ങളെ യാതൊന്നും ചെയ്യുവാൻ കഴിയുകയില്ലെന്ന ഭാവം മനുഷ്യനിൽ ഉടലെടുക്കുന്നത്. എദോമിന്റെ ഹൃദയത്തിന്റെ അഹങ്കാരം വരുത്തിവച്ച ദൈവത്തിന്റെ ന്യായവിധി അഹന്തയാൽ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സകലരുടെയും കണ്ണു തുറപ്പിക്കണം. എദോമിന്റെ ഹൃദയത്തിന്റെ അഹന്ത നിമിത്തം “നീ കഴുകനെപ്പോലെ ഉയർന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” (ഓബ, 4) എന്ന് അരുളിച്ചെയുന്ന ദൈവം മനുഷ്യഹൃദയത്തിന്റെ വികാരവിചാരങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ചണ്ടിക്കാണിക്കുന്നു. സ്വർഗ്ഗസ്ഥനായ ദൈവം, നമ്മുടെ ഹൃദയത്തിൽനിന്നുയരുന്ന മർമ്മരങ്ങൾ സൂക്ഷ്മമായി ശ്രവിക്കുന്നു. ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിൻ്റെ നക്ഷത്രങ്ങൾക്കുമീതേ ഉയർത്തും . . . . . ” (യെശ, 14:13) എന്നിങ്ങനെ അരുണോദയപുതനായ ശുക്രൻ ഹൃദയത്തിൽ പറഞ്ഞത് ദൈവം കേട്ടു. അവൻ എന്നെന്നേക്കുമായി സ്വർഗ്ഗോന്നതങ്ങളിൽനിന്നു വെട്ടേറ്റു നിലത്തു വീണു. അഹന്ത നിറഞ്ഞ നമ്മുടെ ഹ്യദയത്തിന്റെ നിരുപണങ്ങൾ ദൈവം വ്യക്തമായി മനസ്സിലാക്കുന്നുവെന്ന് എദോമിൻ്റെ മേൽ ദൈവം നടത്തിയ ശിക്ഷാവിധി ഓർമ്മപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *