Category Archives: Uncategorized

ഹവ്വാ

ഹവ്വാ (Eve)

പേരിനർത്ഥം — ജീവദായിനി

തന്റെ ഭാര്യയായ സ്ത്രീക്കു ആദാം നല്കിയ പേര്. ആദാം ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ട ദൈവം അവനു ഗാഢനിദവരുത്തി, അവന്റെ വാരിയെല്ലുകളിലൊന്നെടുത്തു അതിനെ സ്ത്രീയാക്കി. നരനിൽനിന്നു എടുത്തതു കൊണ്ടു അവൾക്കു നാരി എന്നു പേരായി. (ഉല്പ, 2:20-23). സർപ്പത്തിന്റെ പ്രേരണയാൽ അവൾ ദൈവകല്പന ലംഘിച്ചു നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിക്കുകയും ആദാമിനു നല്കുകയും ചെയ്തു. അവൾക്കു ലഭിച്ച ശിക്ഷ കഷ്ടവും ഗർഭധാരണവും ആയിരുന്നു. (ഉല്പ, 3:1-17). അനന്തരം ആദാം തന്റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു. അവൾ ജീവനുള്ള എല്ലാവർക്കും മാതാവാണ്. (ഉല്പ, 3:20). ഹവ്വായ്ക്ക് മൂന്നു പുത്രന്മാരുണ്ടായിരുന്നു; കയീൻ (ഉലാപ, 4:1), ഹാബെൽ (4:2), ശേത്ത് (5:2). പഴയനിയമത്തിൽ രണ്ടു സ്ഥാനങ്ങളിൽ മാത്രമാണു ഹവ്വായുടെപേർ പറഞ്ഞിട്ടുള്ളത്. (ഉല്പ, 3:20, 4:1). പുതിയനിയമത്തിലും രണ്ടു സ്ഥാനങ്ങളിലാണുള്ളത്.  (2കൊരി, 11:3, 1തിമൊ, 2:13).

ആകെ സൂചനകൾ (2) — 2കൊരി, 11:3, 1തിമൊ, 2:13.

ഹന്നാ

ഹന്നാ (Anna)

ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ പുത്രി. അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിക്കയും, പിന്നെ എൺപത്തിനാലു വർഷം വിധവയായി കഴിഞ്ഞ അവൾ ദൈവാലയം വിട്ടു പിരിയാതെ പ്രാർത്ഥനയിലും ഉപവാസത്തിലും കഴിച്ചു കൂട്ടി. പൈതലായ യേശുവിനെ ദൈവാലയത്തിൽ കൊണ്ടുവന്നപ്പോൾ അവൾ ദൈവത്തെ സ്തുതിച്ചു. ഹന്നായെ പ്രവാചകി എന്നു പറഞ്ഞിരിക്കുന്നു. (ലൂക്കൊ, 2:36-37).

സുന്തുക

സുന്തുക (Syntyche)

ഫിലിപ്പി സഭയിലെ ഒരു സഹോദരി. സുന്തുകയും യുവൊദ്യയും പൌലൊസിനോടും കൂട്ടുവേലക്കരോടും ചേർന്നു സുവിശേഷഘോഷണത്തിൽ പോരാടിയിട്ടുണ്ട്. എന്നാൽ അവർക്കു തമ്മിൽ എന്തോ അഭിപ്രായവ്യത്യാസം ഉണ്ടായി. അതിനാൽ അവരോടു കർത്താവിൽ ഏകചിന്തയോടിരിപ്പാൻ പൌലൊസപ്പൊസ്തലൻ പ്രബോധിപ്പിച്ചു. (ഫിലി, 4:2-3).

സാറാ

സാറാ (Sarah)

പേരിനർത്ഥം — പ്രഭ്വി

അബ്രാഹാമിന്റെ പ്രധാനഭാര്യയും അർദ്ധസഹോദരിയും. (ഉല്പ, 20:12). കല്ദായരുടെ പട്ടണമായ ഊരിൽ നിന്നും അബ്രാഹാമിനോടൊപ്പം വാഗ്ദത്തനാടായ കനാനിലേക്കു പുറപ്പെട്ടു. ക്ഷാമം നിമിത്തം അവർ മിസയിമിലേക്കു പോയി. സാറയുടെ സൗന്ദര്യം തനിക്കു അപകടകരമാവുമെന്നു കരുതി സാറയെ സഹോദരി എന്നു അബ്രാഹാം പറഞ്ഞു. സാറയുടെ സൗന്ദര്യത്താൽ ആകൃഷ്ടനായ ഫറവോൻ സാറയെ അന്ത:പുരത്തിലേക്കു കൊണ്ടുപോയി എങ്കിലും യഹോവ പീഡിപ്പിക്കുകയാൽ ഇരുവരെയും വിട്ടയച്ചു. (ഉല്പ, 12:10-20). പിന്നീടു് ഗെരാർ രാജാവായ അബീമേലെക്കും സാറയെ കൊട്ടാരത്തിൽ കൊണ്ടുപോയെങ്കിലും മടക്കി അയച്ചു. ഗെരാർ രാജാവു അബ്രാഹാമിനു ധാരാളം സമ്പത്തു നല്കി. (ഉല്പ, 20:2-14). വന്ധ്യത സാറയെ നിന്ദാപാത്രമാക്കി. അവൾ തന്റെ മിസ്രയീമ്യദാസിയായ ഹാഗാറിനെ അബ്രാഹാമിനു വെപ്പാട്ടിയായി നല്കി. ഹാഗാർ ഗർഭിണിയായപ്പോൾ താൻ നിന്ദിത എന്നു തോന്നി സാറാ ഹാഗാറിനെ പീഡിപ്പിച്ചു. ഹാഗാർ അവിടെ നിന്നു ഓടിപ്പോയെങ്കിലും മടങ്ങി വന്നു യിശ്മായേലിനെ പ്രസവിച്ചു. തൊണ്ണൂറു  വയസ്സുള്ളപ്പോൾ സാറായിയുടെ പേർ സാറാ എന്നു മാറ്റി. ഒരു വർഷത്തിനുള്ളിൽ മകൻ ജനിക്കുമെന്നുള്ള ദൈവികവാഗ്ദാന പ്രകാരം വാഗ്ദത്തസന്തതിയായ യിസഹാക്ക് ജനിച്ചു. (ഉല്പ, 17:16, 18:9-15, 21:1-3). യിസ്ഹാക്കിന്റെ ജനനത്തോടുകൂടി സാറയുടെ നിന്ദ മാറി. സാറായുടെ ആഗ്രഹപ്രകാരം അബാഹാം ഹാഗാറിനെയും പുത്രനെയും പുറത്താക്കി. (ഉല്പ, 21:10-12). സാറാ മരിക്കുമ്പോൾ അവൾക്കു 127 വയസ്സായിരുന്നു. കിര്യത്-അർബ്ബയിൽ വച്ചു മരിച്ച സാറയെ അബ്രാഹാം വിലയ്ക്കു വാങ്ങിയ മക്പേലാ ഗുഹയിൽ അടക്കം ചെയ്തു. (ഉല, 23:1). യിസ്രായേൽ ജനത്തിന്റെ മാതാവായി യെശയ്യാപ്രവാചകൻ (51:2) സാറായെ പറഞ്ഞിട്ടുണ്ടു്. അബ്രാഹാമിന്റെയും സാറായുടെയും വിശ്വാസം നീതിയായി കണക്കിട്ടു. (റോമ, 4:19). വാഗ്ദത്തമക്കളുടെ മാതാവാണു് സാറാ. (റോമ, 9:9). വിശ്വാസവീരന്മാരുടെ പട്ടികയിൽ സാറയുടെ പേരുണ്ട്. (എബ്രാ, 11:11). ഭർത്താവിനോടുള്ള പെരുമാറ്റത്തിലും സാറാ മാതൃകയാണ്. (1പത്രൊ, 3:6).

ആകെ സൂചനകൾ (4) — റോമ, 4:19, 9:9, എബ്രാ, 11:11, 1പത്രൊ, 3:6.

സഫീര

സഫീര (Sapphira)

പേരിനർത്ഥം — സുന്ദരി

അനന്യാസിന്റെ ഭാര്യ. നിലംവിറ്റ തുകയിൽ ഒരംശം സഫീരയുടെ അറിവോടെ അനന്യാസ് എടുത്തു വച്ചിട്ടു ബാക്കി അപ്പൊസ്തലന്മാരുടെ കാൽക്കൽ കൊണ്ടുവെച്ചു. പരിശുദ്ധാത്മാവിനോടു വ്യാജം കാണിക്കുകയാൽ അനന്യാസ് മരിച്ചു. ഭർത്താവിന്റെ മരണം സംഭവിച്ചു് ഏതാണ്ട് മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾ അവൾ അപ്പൊസ്തലന്മാരുടെ മുന്നിൽ വന്നു. അവിടെ സംഭവിച്ചതു അവൾ അറിഞ്ഞിരുന്നില്ല. പത്രൊസ് ചോദിച്ചപ്പോൾ അനന്യാസ് പറഞ്ഞ അതേ കള്ളം അവളും ആവർത്തിച്ചു. ഭർത്താവിന്റെ വിധി അവളെയും പിടികൂടി. (അപ്പൊ, (5:7-10).

ശെബാ രാജ്ഞി

ശെബാ രാജ്ഞി (Queen of Sheba)

ശലോമോന്റെ കീർത്തിയെക്കുറിച്ചു കേട്ടറിഞ്ഞ ശൈബാരാജ്ഞി കടമൊഴികളാൽ ശലോമോനെ പരീക്ഷിച്ചറിയാനായി യെരുശലേമിലേക്കു വന്നു. (1രാജാ, 10:1-13, 2ദിന, 9:1-12). ശെബായ ലിപികളിലെഴുതിയ അനേകം ശിലാലിഖിതങ്ങൾ അറേബ്യയുടെ ഉത്തരപശ്ചിമഭാഗത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ശെബായരെ ഭരിച്ചിരുന്നതു പുരോഹിത രാജാക്കൻമാരായിരുന്നു. (സങ്കീ, 72:10). തലസ്ഥാനനഗരിയായ മര്യാബയുടെ ശുന്യശിഷ്ടങ്ങൾ അവരുടെ സംസ്കാരത്തിന്റെ വളർച്ചയെ വെളിപ്പെടുത്തുന്നു. ശൈബാരാജ്ഞിയുടെ കടമൊഴികൾക്കെല്ലാം ശലോമോൻ ഉത്തരം പറഞ്ഞു. ശലോമോന്റെ സമ്പത്തും ബുദ്ധിയും നേരിൽ മനസ്സിലാക്കിയ രാജ്ഞി അത്ഭുതം കൂറി. “നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ. ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതു വരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതി പോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.” (1രാജാ, 10:6-7). അമൂല്യങ്ങളായ സമ്മാനങ്ങൾ നൽകിയ ശേഷം ശൈബാരാജ്ഞി മടങ്ങിപ്പോയി. തെക്കെ രാജ്ഞി എന്നു ക്രിസ്തു ശൈബാരാജ്ഞിയെ പറഞ്ഞു. (മത്താ, (12:42). ശെബായിൽ നിന്നും അറേബ്യയുടെ പശ്ചിമതീരങ്ങളിലേക്കു നടന്നുവന്നിരുന്ന കച്ചവടത്തെക്കുറിച്ചും ശെബയിലെ വ്യാപാരികളെക്കുറിച്ചും ധാരാളം പരാമർശങ്ങളുണ്ട്. (ഇയ്യോ, 6:19, യെശ, 60:6, യിരെ, 6:20, യെഹെ, 27:22-23). അടിമക്കച്ചവടത്തിനു പേർപെറ്റവരായിരുന്നു ശൈബായർ. (ഇയ്യോ, 1:15, യോവേ, 3:8).

ആകെ സൂചനകൾ (2) — മത്താ, 12:42, ലൂക്കോ, 11:31.

ശൂശന്ന

ശൂശന്ന (Susanna)

യേശുവിനെയും ശിഷ്യന്മാരെയും തന്റെ വസ്തുവകകൾ കൊണ്ട് ശുശ്രൂഷിച്ച സ്ത്രീകളിൽ ഒരുവൾ. (ലൂക്കോ, 8:3). 

ശലോമ, ശലോമി

ശലോമ, ശലോമി (Salome)

ശലോമോൻ എന്ന പേരിന്റെ സ്ത്രീലിംഗരൂപമാണിത്. സെബെദിയുടെ ഭാര്യയും, യാക്കോബ് യോഹന്നാൻ എന്നിവരുടെ മാതാവും. (മത്താ, 27:56, മർക്കൊ, 15:40). ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ കല്ലറയ്ക്കൽ എത്തിയവരുടെ കൂട്ടത്തിൽ ശലോമ ഉണ്ടായിരുന്നു. (മർക്കൊ, 16:1). “സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി യേശുവിന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു; “നിനക്കു എന്തു വേണം” എന്നു യേശു അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.” (മത്താ, 20:20-21). “യേശു അവരോടു: “എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും” എന്നു പറഞ്ഞു. (മത്താ, 20:23). ശലോമയുടെ ഭർത്താവായ സെബെദി സമ്പന്നനായിരുന്നു. ക്രിസ്തുവിൻ്റെയും ശിഷ്യന്മാരുടെയും ഭൗതിക ആവശ്യങ്ങളിൽ ഇവർ സഹായിച്ചിരുന്നു. 

ആകെ സൂചനകൾ (4) — മത്താ, 20:20, 27:56, മർക്കൊ, 15:40, 16:1.

ലോവീസ്

ലോവീസ് (Lois)

തിമൊഥെയൊസിൻ്റെ വല്യമ്മ. തിമൊഥെയോസിൻ്റെ അപ്പൻ യവനനായിരുന്നു. (പ്രവൃ, 16:1). തിമൊഥെയൊസിനെഴുതിയ രണ്ടാം ലേഖനത്തിൽ ലോവീസിൻ്റെ നിർവ്യാജസ്നേഹത്തെ പൗലൊസ് അപ്പൊസ്തലൻ ശ്ലാഘിക്കുന്നുണ്ട്. (2തിമൊ, 1:5).

ലുദിയ

ലുദിയ (Lydia)

ഫിലിപ്പിപട്ടണത്തിൽ പുഴവക്കത്തു പൗലൊസ് സുവിശേഷം പ്രസംഗിച്ചപ്പോൾ ക്രിസ്തുവിനെ സ്വീകരിച്ച ഒരു സ്ത്രീ. എഫെസൊസിനു ഏകദേശം 160 കി.മീ. കിഴക്കുള്ള തുയഥൈരാപട്ടണക്കാരിയായ ലുദിയാ ഫിലിപ്പിയിൽ വന്നു താമസിച്ചു രക്താംബരം വില്ക്കുന്നവളായിരുന്നു. അവളും കുടുംബവും സ്നാനം ഏറ്റു; അപ്പൊസ്തലനെയും സഹപ്രവർത്തകരെയും തന്നോടുകൂടി പാർക്കുവാൻ അവൾ നിർബന്ധിച്ചു. യൂറോപ്പിൽ ക്രിസ്തുവിനെ സ്വീകരിച്ച ആദ്യവിശ്വാസി ലുദിയ ആണ്. (പ്രവൃ, 16:13-15,40). അവളുടെ വീടായിരുന്നു ഫിലിപ്പിയിലെ ആദ്യത്തെ സഭ. (പ്രവൃ, 16:40). ലുദിയയുടെ ഭർത്താവിനെക്കുറിച്ചു പറഞ്ഞിട്ടില്ല; ഒരു വിധവയായിരിക്കണം. ജന്മനാ യെഹൂദസ്ത്രീ അല്ല; പ്രത്യുത യെഹൂദ മതാനുസാരിയായിരിക്കണം. 

ആകെ സൂചനകൾ (2) — പ്രവൃ, 16:14, 16:40.