അരാരാത്ത് പർവ്വതം

അരാരാത്ത് പർവ്വതം (mountain of Ararat)

ടൈഗ്രീസ് നദിക്കും കാക്കസസ് പർവ്വത നിരകൾക്കും മദ്ധ്യേ കിടക്കുന്ന അർമ്മീനിയ ആണ് അരാരാത്ത്. കാസ്പിയൻ കടലിനും കരിങ്കടലിനും ഏതാണ്ടു മദ്ധ്യത്തിലായി പൂർവ്വ അർമ്മീനിയയിൽ സ്ഥിതിചെയ്യുന്ന പർവ്വതത്തിന്റെയും പേരു അരരാത്തത്രേ. ഇതിന്റെ അസ്സിറിയൻ നാമം ഉറാർട്ടു ആണ്. അരാസ് സമതലത്തിൽ നിന്നും ഏകദേശം 5,200 മീറ്റർ ഉയരമുണ്ട് ഈ പർവ്വതത്തിന്. അരാസ് സമതലമാകട്ടെ സമുദ്രനിരപ്പിൽനിന്ന് സുമാർ 920 മീറ്റർ ഉയരത്തിലാണ്. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള പർവ്വതങ്ങളിൽ വച്ചു ഉയരം കൂടിയതാണിത്. അരാരാത്ത് പർവ്വതത്തെക്കുറിച്ചു നാലു സൂചനക ൾ തിരുവെഴുത്തുകളിലുണ്ട്: (ഉല്പ, 8:4; 2രാജാ, 19:37; യെശ, 37:38; യിരെ, 51:27). ജലപ്രളയത്തിനുശേഷം നോഹയുടെ പെട്ടകം അരരാത്ത് പർവ്വതത്തിലുറച്ചു. (ഉല്പ, 8:4). ഈ പർവ്വതത്തിന്റെ അടിവാരത്തിലുള്ള പട്ടണത്തിനെ നോഹ ഇവിടെ താമസിച്ചു എന്ന അർത്ഥത്തിൽ നാക്സുവാന എന്നുവിളിക്കുന്നു. പാരമ്പര്യമനുസരിച്ച് തുർക്കികൾ അഗ്രിഡാഖ് (ദുരിതപൂർണ്ണമായ മല) എന്നു വിളിക്കുന്ന ഇരട്ടക്കൊടുമുടിയോടു കൂടിയ മലയിലായിരുന്നു നോഹയുടെ പെട്ടകം ഉറച്ചത്. നാട്ടുകാരായ കുർദുകൾ ഈ പർവ്വതത്തെ കുഹി-നൂഹ് (നോഹയുടെ പർവ്വതം) എന്നു വിളിക്കുന്നു. അദ്രമ്മേലെക്കും ശരേസെരും പിതാവായ സൻഹേരീബിനെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയം കൊന്നിട്ടു അഭയത്തിന്നായി ഓടിപ്പോയത് അരാരാത്ത് ദേശത്തേയ്ക്കായിരുന്നു. (2രാജാ, 19:37; യെശ, 37:38). ബാബിലോണിനെ നശിപ്പിക്കുവാൻ മിന്നി, അസ്കെനാസ് എന്നിവയോടൊപ്പം അരാരാത്തിനെയും യിരെമ്യാവു (51:27) തന്റെ പ്രവചനത്തിൽ വിളിച്ചു കൂട്ടുന്നു. യെശയ്യാവിലെ അരാരാത്തിനെ സെപ്റ്റജിന്റ് ബൈബിൾ അർമ്മീനിയ എന്നു തർജ്ജമ ചെയ്തിട്ടുണ്ട്. 1920-ലെ യുദ്ധത്തിൽ അരാരാത്ത് പർവ്വതം ഉൾപ്പെടുന്ന പ്രദേശമെല്ലാം തുർക്കി പിടിച്ചടക്കി.

Leave a Reply

Your email address will not be published. Required fields are marked *