ഞാനും പിതാവും ഒന്നാകുന്നു

☛ ❝ഞാനും പിതാവും ഒന്നാകുന്നു❞ (𝐈 𝐚𝐧𝐝 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐚𝐫𝐞 𝐨𝐧𝐞) എന്ന് യേശു പറഞ്ഞതിനെ, അത് ഐക്യത്തിലുള്ള ഒന്നാകലിനെ കുറിച്ചാണെന്നും പിതാവും പുത്രനും സമനിത്യരായ രണ്ട് വ്യക്തിയാണെന്നും ത്രിത്വവിശ്വാസം പഠിപ്പിക്കുന്നു: (യോഹ, 10:30). ട്രിനിറ്റി മാത്രമല്ല, യഹോവസാക്ഷികളും യേശുവിനെ യഥാർത്ഥമായി അറിയാത്തവരെല്ലാം ആ വാക്യം പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തെ കുറിക്കുന്നതായി കരുതുന്നു. ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം പിതാവു മാത്രമാണ് (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝): (യോഹ, 17:3), പിതാവായ ഏക ദൈവമേ നമുക്കുള്ളു: (1കൊരി, 8:5-6) ദൈവവും പിതാവുമായവൻ ഒരുവനാണ്: (എഫെ, 4:6), ദൈവമോ ഒരുത്തൻ മാത്രം: (ഗലാ, 3:20), യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15), സ്വർഗ്ഗത്തിലും ഭൂമിയിലുംയഹോവയല്ലാതെ മറ്റൊരു ദൈവമില്ല: (ആവ, 4:39) മുതലായ വേദഭാഗങ്ങൾ കാണുക. അപ്പോൾത്തന്നെ, ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്നും ❝നാം, നമ്മെപ്പോലെ ഒന്നാകുക❞ എന്നിങ്ങനെ ഇരുവിധമായ പ്രയോഗങ്ങൾ ദൈവപുത്രനായ യേശുവിൻ്റേതായുണ്ട്. ഭാഷയുടെ വ്യാകരണ നിയമപ്രകാരം രണ്ടു പ്രയോഗങ്ങൾക്കും ഒരേ അർത്ഥമാണോ ഉള്ളത്❓ നമുക്കത് വിശദമായി പരിശോധിക്കാം: 
ഞാനും പിതാവും ഒന്നാകുന്നു (𝐈 𝐚𝐧𝐝 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐚𝐫𝐞 𝐨𝐧𝐞) എന്നുപറഞ്ഞാൽ എന്താണർത്ഥം❓ 
➦ ട്രിനിറ്റി പഠിപ്പിക്കുന്നതുപോലെ നിത്യരായ രണ്ട് വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകലാണോ? അല്ല. ട്രിനിറ്റിയുടെ പഠിപ്പിക്കൽ ഭാഷയുടെ വ്യാകരണനിയമപ്രകാരം ശരിയല്ല. അത് തെളിയിക്കാൻ മറ്റൊരു പരിഭാഷ ആദ്യം കാണിക്കാം: അമാമ്യ പരിഭാഷയിൽ, ❝I and my Father, We are One❞ എന്ന് അവർ തിരുത്തിയിട്ടുണ്ട്. [കാണുക: The Holy Aramaic Scriptures]. ❝ഞാനും എൻ്റെ പിതാവും ഞങ്ങൾ ഒന്നാകുന്നു❞ എന്നിങ്ങനെ അമാമ്യ ബൈബിളിൻ്റെ മലയാളം പരിഭാഷയായ വിശുദ്ധഗ്രന്ഥത്തിലും കാണാം. [കാണുക: വി.ഗ്ര]. അരാമ്യ പരിഭാഷയിലൊഴികെ, മൂഭാഷയിലോ, മറ്റൊരു പരിഭാഷയിലോ അങ്ങനെ കാണാൻ കഴിയില്ല. ഗ്രീക്കിൽ, ❝ἐγὼ καὶ ὁ Πατὴρ ἕν ἐσμεν – egó kaí o Patír én esmen – I and the Father are one❞ എന്നാണ്. ഗ്രീക്കിൻ്റെ പദാനുപദ വിവർത്തനം ഇപ്രകാരമാണ്: ❝ἐγὼ (I) καὶ (and) ὁ (the) Πατὴρ (Father) ἕν (one) ἐσμεν (are).❞ അരാമ്യപരാഭാഷയിൽ, ❝ഞങ്ങൾ❞ (We) എന്ന പദം കൂട്ടിച്ചേർത്തത് എന്തുകൊണ്ടായിരിക്കും? ആ വാക്യം രണ്ടുപേരുടെ ഐക്യത്തിലുള്ള ഒന്നാകലിനെ കുറിക്കുന്നതല്ല. അഥവാ, വ്യാകരണനിയമപ്രകാരം ത്രിത്വത്തിന് എതിരായതുകൊണ്ടാണ് അവർ ആ വാക്യം തിരുത്തിയത്. അത് മനസ്സിലാക്കാൻ ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്നതും ‘❝പലരായവർ ഐക്യത്തിലുള്ള ഒന്നാകുന്നതും❞’ തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നോക്കിയാൽ മാത്രംമതി. തെളിവുകളിലേക്ക് കടക്കുന്നതിനുമുമ്പ് ഒരുകാര്യം പറയാം: ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ ലോകത്തിൽ മറ്റൊരു മനുഷ്യനും പറയാൻ കഴിയില്ല; ലോകത്തിൻ്റെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. എന്നാൽ ❝ഞങ്ങൾ ഒന്നാകുന്നു❞ എന്ന പ്രയോഗം ലോകത്തിലെ എല്ലാ മനുഷ്യർക്കും പറയാം; ലോകത്തിൻ്റെ പല പുസ്തകങ്ങളിലും അത് കാണാനും കഴിയും. (ഉദാ: സ്നേഹിതന്മാർക്കും, കുടുംബത്തിനും, പ്രസ്ഥാനത്തിനും, സഭയ്ക്കും, സമൂഹത്തിനും രണ്ടാമത്തെ പ്രയോഗം പറയാം). വചനത്തെളിവുകൾ നോക്കാം: 
ജനം ഒന്നു: 
➦ ❝ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു.❞ (ഉല്പ, 11:6). വ്യത്യസ്ഥരായ അനേകം വ്യക്തികൾ ചേർന്ന് ഒന്നായിരിക്കുന്നു; അവരെല്ലാവരും ഒരു ഭാഷ സംസാരിക്കുകയും ചെയ്യുന്നു. ഇതാണ് ഒന്നിലധികം വ്യക്തികളുടെ ❝ഐക്യത്തിലുള്ള ഒന്നാകൽ❞ എന്ന് പറയുന്നത്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുള്ളത്: പലരായ ജനം ഒരു വ്യക്തിയാകുകയല്ല ചെയ്യുന്നത്; വ്യത്യസ്ത വ്യക്തികൾ മാനസികമായി ഒന്നാകുകയാണ്; അഥവാ, പലരായ അവർ ഐക്യത്തിൽ നിലനില്ക്കുകയാണ് ചെയ്യുന്നത്. ഐക്യമെന്നാൽ: ❝ഒന്നായിരിക്കുന്ന അവസ്ഥ, യോജിപ്പ്, ഏകഭാവം❞ എന്നൊക്കെയാണ് അർത്ഥം. ഇവിടെ ❝ഒന്നെന്നു❞ പറയുന്നത് പലരായ വ്യക്തികളെയല്ല: അവരുടെ ഏകഭാവം അഥവാ, യോജിപ്പിനെയാണ്. കുറച്ചുകഴിഞ്ഞപ്പോൾ ദൈവം അവരുടെ ഭാഷ കലക്കി. അപ്പോൾ അവർ ഭിന്നിച്ച് പിരിഞ്ഞ് വ്യത്യസ്ത ഭാഷക്കാരായി മാറി. (ഉല്പ, 11:7-9). അവരുടെ ഐക്യത നഷ്ടമായപ്പോൾ പിന്നെ ആ ജനം ഒന്നല്ല, പലരായി മാറി. 
അവർ ഒരു ദേഹമായിത്തീരും: 
➦ ❝അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.❞ (ഉല്പ, 2:24). ഇത് ആദാമിനെയും ഹവ്വയെയും കുറിച്ച് ദൈവം പറയുന്നതാണ്. നമുക്കറിയാം: അവർ ഒരു ദേഹമായിത്തീരുമെന്ന് പറഞ്ഞാൽ; രണ്ടുപേരുംകൂടി യഥാർത്ഥത്തിൽ ഒരു ശരീരമാകുമെന്നോ, ഒരു വ്യക്തിയാകുമെന്നോ, ഒരു മനുഷ്യനാകുമെന്നോ ഉള്ള അർത്ഥമല്ലവിടെ; അവർ ദാമ്പത്യബന്ധത്തിലൂടെ ഒന്നാകുന്നതിനെയാണ് ആ പ്രയോഗം സൂചിപ്പിക്കുന്നട്. ❝ഒരു ദേഹം❞ എന്നു വിവക്ഷിച്ചിരിക്കുന്നത് ആദത്തെയും ഹവ്വായെയുമല്ല; അവരുടെ ദാമ്പത്യത്തെയാണ്. അവർ ദാമ്പത്യമെന്ന സംവിധാനത്തിൽ ഒന്നായിരിക്കുമ്പോൾത്തന്നെ വ്യത്യസ്ത വ്യക്തികൾ തന്നെയാണ്. 
ഇരുവരും ഒരു ദേഹമായി തീരും:
പരീശന്മാർ വന്ന് ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോയെന്ന് ചോദിക്കുമ്പോൾ യേശു, ❝ഇരുവരും ഒരു ദേഹമായി തീരും❞ എന്നത് ഉദ്ധരിച്ചശേഷം, പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കരുതെന്നും അവരോടു പറയുന്നുണ്ട്: (മത്താ, 19:3-9). രണ്ട് വ്യക്തികൾ ദാമ്പത്യമെന്ന ഒരു പ്രത്യേക ദൗത്യത്തിനുവേണ്ടി ഒന്നാകുന്നതാണ് വിഷയം. ❝അവർ ഏക ദേഹമാകും❞ എന്നു പറയുമ്പോഴും; അവർ രണ്ട് ദേഹമുള്ളവരും, വ്യത്യസ്തവ്യക്തികളും, ഭിന്നാഭിപ്രായക്കാരുമാണ്; അതിനാൽ അവർക്ക് വിവാഹ മോചനത്തിലൂടെ വേർപിരിയാനും കഴിയും. 
മേല്പഞ്ഞ മൂന്ന് വേദഭാഗങ്ങളുടെയും ഭാഷാപ്രയോഗം ശ്രദ്ധിക്കണം: 
➦ ❝ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു.❞ അവിടെ ❝ജനം, അവർക്കു❞ എന്നീ ബഹുവചനം കഴിഞ്ഞാണ് ❝ഒന്നു❞ എന്ന ഏകവചനം വരുന്നത്. അടുത്തത്, ❝ആദാമും ഹവ്വയും ഏക ദേഹമായിത്തിരും എന്നല്ല; അവർ ഏക ദേഹമായി തീരും❞ എന്നാണ് പറയുന്നത്. അവിടെയും ❝അവർ❞ എന്ന ബഹുവചനം കഴിഞ്ഞാണ്, ❝ഏക ദേഹമായിത്തീരും❞ എന്ന ❝ഏകവചനം❞ പറയുന്നത്. അക്കാര്യം യേശു പറയുമ്പോഴും, ❝ഇരുവരും ഒരു ദേഹമായിത്തീരും❞ എന്നാണ് പറയുന്നത്. യേശുവും ❝ഇരുവർ❞ എന്ന ബഹുവചനം കഴിഞ്ഞാണ് ❝ഒരു ദേഹമായിത്തീരും❞ എന്ന ❝ഏകവചനം❞ പറയുന്നത്. ഇതാണ് വ്യത്യസ്ത വ്യക്തികളുടെ ഐക്യത്തിൽ ഒന്നാകലും വ്യത്യസ്തവ്യക്തികൾ ദാമ്പത്യത്തിലും സ്നേഹത്തിലും ഒന്നാകുന്നതും. [കാണുക: ഇരുവരും ഒരു ദേഹമായിത്തീരും].
പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തിൽ ഒന്നാകൽ: സുവിശേഷചരിത്രകാലത്ത് പിതാവും പുത്രനും വ്യത്യസ്തരാകയാൽ ഐക്യത്തിൽ ഒന്നായിരുന്നു. 
നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു: 
➦ ❝ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11). യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിലെ ഭാഗമാണിത്. ഇവിടെ നോക്കുക: പുത്രൻ പിതാവിനെയും ചേർത്ത്, ❝നമ്മെപ്പോലെ❞ എന്ന ബഹുവചനം പറഞ്ഞശേഷമാണ് “ഒന്നാകേണ്ടതിന്നു” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ഇതാണ് പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തിലുള്ള ഒന്നാകൽ.
നാം ഒന്നായിരിക്കുന്നതുപോലെ: 
➦ ❝നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.❞ (യോഹ, 17:23). ഇവിടെയും ശ്രദ്ധിക്കുക: തന്നെയും പിതാവിനെയും ചേർത്ത്, ❝നാം❞ എന്ന ബഹുവചനം പറഞ്ഞശേഷമാണ്, ❝ഒന്നായിരിക്കുന്നതുപോലെ❞ എന്ന ഏകവചനം പറയുന്നത്. ഇതാണ് പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തിലുള്ള ഒന്നാകൽ.
അപ്പൊസ്തലന്മാരുടെ ഐക്യത്തിൽ ഒന്നാകൽ: സുവിശേഷചരിത്രകാലത്ത് പിതാവും പുത്രനും എപ്രകാരം ഐക്യത്തിൽ ഒന്നായിരുന്നുവോ, അപ്രകാരം ശിഷ്യന്മാരും ഒന്നായിരിക്കണം എന്നാണ് ക്രിസ്തു പിതാവിനോട് പ്രാർത്ഥിക്കുന്നത്. 
അവർ എല്ലാവരും ഒന്നാകേണ്ടതിന്നു: 
➦ ❝നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.❞ (യോഹ, 17:21). ഇവിടെയും നോക്കുക: യൂദാ ഒഴികെയുള്ള ശിഷ്യന്മാരെ എല്ലാവരെയും ചേർത്ത്, ❝അവർ, എല്ലാവരും❞ എന്ന് ബഹുവചനം പറഞ്ഞശേഷമാണ്, ❝ഒന്നാകേണ്ടതിന്നു❞ എന്ന് ഏകവചനം പറയുന്നത്. ഇതിനെയാണ് ഐക്യത്തിൽ ഒന്നാകുക എന്ന് പറയുന്നത്. 
അവരും ഒന്നാകേണ്ടതിന്നു: 
➦ ❝നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.❞ (യോഹ, 17:23). ഇവിടെയും ശ്രദ്ധിക്കുക: ശിഷ്യന്മാരെച്ചേർത്ത്, ❝അവരും❞ എന്ന ബഹുവചനം പറഞ്ഞശേഷമാണ്, ❝ഒന്നാകേണ്ടതിന്നു❞ എന്ന ഏകവചനം പറയുന്നത്. ഇതാണ് പല വ്യക്തികളുടെ ഐക്യത്തിൽ ഒന്നാകൽ. മേല്പപറ വേദഭാഗങ്ങളിൽനിന്ന് ഒരുകാര്യം വ്യക്തമായി മനസ്സിലാക്കാം. പലരായ വ്യക്തികൾ ഐക്യത്തിൽ ഒന്നാകുന്നതിനെ കുറിക്കാൻ, ❝ജനം, ഇരുവർ, നമ്മെപ്പോലെ, നാം, അവർ, എല്ലാവരും❞ എന്നിങ്ങനെ ആദ്യം ബഹുവചനം പറഞ്ഞശേഷം മാത്രമേ ❝ഒന്നാകുക❞ എന്ന ഏകവചനം പറയാൻ കഴിയുകയുള്ളു.
ബാഹ്യമായ ഒരു തെളിവുതരാം: 
➦ ❝നാം ഒന്ന് നമുക്ക് രണ്ടു❞ എന്ന പ്രയോഗം എല്ലാവർക്കും സുപരിചിതമാണ്. കുടുംബാസൂത്രണത്തിൻ്റെ ടൈറ്റിൽ വാക്യമാണിത്. അതിലും നോക്കുക: ആദ്യം ❝നാം❞ എന്ന ബഹുവചനം പറഞ്ഞശേഷമാണ് ❝ഒന്നു❞ എന്ന ഏകവചനം പറയുന്നത്. ഇതാണ് ഐക്യത്തിലുള്ള ഒന്നാകൽ. അടുത്തഭാഗം: ❝നമുക്കു രണ്ടു❞ എന്നാണ് പറയുന്നത്. അതായത്, അവർ രണ്ടുപേരും കുടുംബമെന്ന നിലയിൽ ❝ഒന്നാണു❞ എന്ന് പറയുമ്പോഴും അവർ വ്യക്തികളെന്ന നിലയിൽ വ്യത്യസ്ഥരാണ്. അതുകൊണ്ടാണ്, ❝നാം ഒന്നു❞ എന്നു പറഞ്ഞശേഷം, ❝എനിക്കു രണ്ടു❞ എന്ന് ഏകവചനത്തിൽ പറയാതെ, ❝നമുക്കു രണ്ടു❞ എന്ന് ബഹുവചനത്തിൽ പറയുന്നത്. ഭാര്യയും ഭർത്താവും ഇരുവരും ഐക്യത്തിൽ ഒന്നാണെന്ന് പറഞ്ഞാലും, അവർ ഒരിക്കലും തങ്ങളെ രണ്ടുപേരെയും ചേർത്ത്, ഞാൻ, എൻ്റെ, എനിക്ക് എന്നിങ്ങനെ ഏകവചനത്തിൽ പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. നാം, നമുക്ക്, നമ്മുടെ, ഞങ്ങൾ, ഞങ്ങളുടെ, ഞങ്ങൾക്ക് എന്നിങ്ങനെ ബഹുവചനമാണ് പറയുന്നത്. ഇതാണ് ശാരീരികമോ, മാനസികമോ, ആത്മീയമോ ആയ ഐക്യം മൂലമുള്ള ഒന്നാകൽ.
ഞാനും ഭാര്യയും ഒന്നാകുന്നു:
➦ ❝ഞാനും ഭാര്യയും ഒന്നാകുന്നു❞ എന്ന് ലോകത്തുള്ള ഒരു ഭർത്താവിനും പറയാൻ കഴിയില്ല. അതുപോലെ, ❝ഞാനും ഭാർത്താവും ഒന്നാകുന്നു❞ എന്ന് ഒരു ഭാര്യയ്ക്കും പറയാൻ കഴിയില്ല. ❝ഞാനും അവനും ഒന്നാകുന്നു❞ എന്ന് ഒരു മനുഷ്യനും തൻ്റെ സ്നേഹിതനെയും ചേർത്ത് പറയാൻ കഴിയില്ല. ❝ഞാനും പാസ്റ്ററും ഒന്നാകുന്നു❞ എന്ന് ഒരു വിശ്വാസിക്കും, ❝ഞാനും നിങ്ങളും ഒന്നാകുന്നു❞ എന്ന് കൂട്ടുസഹോരനും പറയാൻ കഴിയില്ല. അറിവില്ലായ്മകൊണ്ട് ആരെങ്കിലും പറയുമായിരിക്കും; എന്നാൽ ഭാഷാപരമായി അത് തെറ്റാണ്. പിന്നെന്തു പറയും❓ ❝നാം ഒന്നാകുന്നു, നമ്മൾ ഒന്നാകുന്നു, ഞങ്ങൾ ഒന്നാകുന്നു❞ എന്നിങ്ങനെയാണ് പറയേണ്ടത്. അതാണ് പലരായവരുടെ ഐക്യത്തിലുള്ള ഒന്നാകൽ. എന്നാൽ യോഹന്നാൻ 10:30-ൽ യേശു പറഞ്ഞത് അങ്ങനെയാണോ❓
ഞാനും പിതാവും ഒന്നാകുന്നു: 
➦ ❝ഞാനും പിതാവും ഒന്നാകുന്നു – 𝐈 𝐚𝐧𝐝 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐚𝐫𝐞 𝐨𝐧𝐞.❞ (യോഹ, 10:30). ഇത് ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗമല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഞാനും പിതാവും ഒന്നാകുന്നു എന്ന് ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ ലോകത്തിൽ ഒരു മനുഷ്യനും പറയാൻ കഴിയില്ല. ബൈബിളിലല്ലാതെ ലോകത്തിൻ്റെ ഒരു പുസ്തകത്തിലും ഇങ്ങനെയൊരു പ്രയോഗം കാണാൻ കഴിയില്ല. ഈ പ്രയോഗം മറ്റേതൊരു മനുഷ്യൻ ആരെച്ചേർത്ത് പറഞ്ഞാലും ഭാഷാപരമായി പരമാബദ്ധമാണ്. അതാണ് ഈ പ്രയോഗത്തിൻ്റെ പ്രത്യേകത. ഇവിടെയൊരു ചോദ്യമുണ്ട്: ❝ഞാനും പിതാവും ഒന്നാകുന്നു അഥവാ, യഥാർത്ഥത്തിൽ ഒന്നാകുന്നു❞ എന്നും ❝ഐക്യത്തിൽ ഒന്നാണെന്നും❞ യേശുവിനു് അഭിന്നമായി പറയാൻ കഴിയുന്നത് എങ്ങനെയാണ്❓ അതറിയണമെങ്കിൽ, ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം [Existence) എന്താണ്❓ എന്നറിയണം.
ക്രിസ്തു ആരാണ്: 
➦ പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (മനുഷ്യപ്രത്യക്ഷത) യേശു: (1തിമൊ, 3:15-16). 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ നോക്കിയാൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അഥവാ, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
ദൈവപുത്രൻ്റെ പ്രകൃതി: 
➦ ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ പ്രകൃതി (Nature) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നതാണ്. ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ❝യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി❞ (യോഹ, 9:11). യേശു ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 8:46; 1യോഹ, 3:5). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും ക്രിസ്തു മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് നാല്പതു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 
മനുഷ്യപ്രത്യക്ഷത എന്തിന്?
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1; 1:16; 1തിമൊ, 3:15-16). [കാണുക: യെഹൂദന്നു എന്തു വിശേഷത?]
ക്രിസ്തുവും ദൈവപുത്രനും:
➦ ക്രിസ്തു പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]. മറിയയുടെ മൂത്തമകനായ ജനിച്ച യേശു എന്ന മനുഷ്യനെ (ലൂക്കൊ, 2:7; യോഹ, 8:40). ഏകദേശം മൂപ്പതുവർഷം ആയപ്പോൾ യെശയ്യാവിൻ്റെ പ്രവചനംപോലെ (യെശ, 61:1) യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝അഭിഷിക്തൻ❞ (ക്രിസ്തു) ആയത്: (ലൂക്കൊ, 3:22; പ്രവൃ, 10:38പ്രവൃ, 4:27;). നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽവെച്ച് താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). അനന്തരം ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ടാണ് അവൻ പിതാവിനാൽ, ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് വിളിക്കപ്പെട്ട്, ❝ദൈവപുത്രൻ❞ ആയത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35ലൂക്കൊ, 3:22). യോർദ്ദാനിലെ അഭിഷേകം മുതൽ പിതാവ് പുത്രനോടു കൂടെയിരുന്നു പ്രവർത്തിക്കുകയായിരുന്നു: (പ്രവൃ, 10:38 യോഹ, 3:2; പ്രവൃ, 2:22). അതുകൊണ്ടാണ്, ❝പിതാവു എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല❞ (𝐈 𝐚𝐦 𝐧𝐨𝐭 𝐚𝐥𝐨𝐧𝐞) എന്നും (യോഹ, 16:32; യോഹ, 8:16) താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞത്: (യോഹ, 17:11; യോഹ, 17:23). [കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]
പിതാവും പുത്രനും:
➦ സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു; അഥവാ, രണ്ടുപേർ ഉണ്ടായിരുന്നു. ❝ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.❞ (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:23; 20:17; ലൂക്കൊ, 23:46). ➤❝സുവിശേഷചരിത്രകാലത്ത് പിതാവും പുത്രനും വിഭിന്നരായതുകൊണ്ടാണ്, ഇംഗ്ലീഷിൽ ❝ആകുന്നു❞ എന്നർത്ഥമുള്ള ❝are❞ എന്ന ബഹുവചന ക്രിയാപദവും (verb) ഗ്രീക്കിൽ ❝എസ്മെൻ❞ (ἐσμεν – esmen) ബഹുവചന ക്രിയാപദവും ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിൽ ❝ആകുന്നു❞ എന്ന പദത്തിന് വചനവ്യത്യസമോ, ലിംഗവ്യത്യാസമോ ഇല്ല.❞ എന്നാൽ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ സുവിശേഷ ചരിത്രകാലംകഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 16:26). അതുകൊണ്ടാണ്, ❝ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ പറഞ്ഞത്: (യോഹ, 10:30; യോഹ, 14:9). 
ബൈബിളിൻ്റെ വ്യാഖ്യാനം:  
➦ ബൈബിളിൽത്തന്നെ ആ വാക്യത്തിൻ്റെ വ്യാഖ്യാനവുമുണ്ട്; യേശു ❝ഞാനും പിതാവും ഒന്നാകുന്നു❞ ഇത് പറഞ്ഞയുടനെ യെഹൂദന്മാൻ അവനെ എറിയാൻ കല്ലെടുത്തു. (യോഹ, 10:31). ഉടനെ യേശു ചോദിച്ചു: ❝പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?❞ (യോഹ, 10:32). യെഹൂദന്മാർ അവനോടു: ❝നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 10:33). അവർ പറയുന്നത് ശ്രദ്ധിക്കണം: ❝നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു.❞ യെഹൂദനു് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല: (ആവ, 4:39). അപ്പോൾ യേശു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്: ❝ഞാനും യഹോവയും ഒന്നാണെന്നല്ലേ❓❞ പിതാവായ യഹോവയും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനും പൂർവ്വാസ്തിത്വത്തിലും സുവിശേഷ ചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിലും ഒന്നുതന്നെ ആയായാലല്ലേ അങ്ങനെ പറയാൻ പറ്റുകയുള്ളു❓ 
വചനപരമായ മറ്റൊരു തെളിവ്: 
➦ അഞ്ചാം അദ്ധ്യായത്തിൽ: ❝എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു❞ എന്നു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനെ കൊല്ലുവാൻ നോക്കുന്നുണ്ട്. (യോഹ, 5:17). അതിൻ്റെ കാരണം അടുത്ത വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: ❝അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.❞ (യോഹ, 5:18). അവിടെ യേശു പറഞ്ഞത്: ❝എൻ്റെ പിതാവു❞ എന്നാണ്. (യോഹ, 5:17). യെഹൂദന്മാർ ദൈവത്തിൻ്റെ മക്കളും ദൈവം യെഹൂദന്മാരുടെ പിതാവും ആണെങ്കിലും അവരാരും ദൈവത്തെ “എൻ്റെ പിതാവു” എന്നു വ്യക്തിപരമായി വിശേഷിപ്പിക്കില്ല: (പുറ, 4:23-24; ആവ, 14:1യെശ, 63:16; 64:8; മലാ, 2:10; യോഹ, 8:41). എന്നാൽ യേശു ദൈവത്തെ ❝എൻ്റെ പിതവു❞ എന്ന് അധികാരത്തോടെ പറഞ്ഞപ്പോൾ അവർ ആരോപിച്ച കുറ്റം, ❝ദൈവത്തോടു സമനാക്കി❞ എന്നാണ്. സമനെന്നാൽ; ദൈവത്തോടു തുല്യനായ മറ്റൊരുത്തനെന്നാണ്. എന്നാൽ ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന് പറഞ്ഞപ്പോൾ, ദൈവത്തോടു സമനാക്കിയെന്നാണോ അവർ പറഞ്ഞത്❓ അല്ല. ❝നിന്നെത്തന്നേ ദൈവം ആക്കി❞ എന്നാണ് പറഞ്ഞത്. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ❓ താനും പിതാവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആണെന്ന് പറഞ്ഞതുകൊണ്ടാണ്, അവർ നിന്നെത്തന്നെ ദൈവമാക്കിയെന്നു പറഞ്ഞത്. അല്ലാതെ, ഞാനും പിതാവും ഐക്യത്തിൽ ഒന്നാണെന്നല്ല യേശു പറഞ്ഞത്. ❝ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?❞ എന്ന യേശുവിൻ്റെ വാക്കുകളും ഇതിനൊപ്പം ചിന്തിച്ചുകൊള്ളുക: (യോഹ, 14:9). ഈ വാക്യവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനു് മാത്രം പറയാൻ കഴിയുന്നതാണ്. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
വ്യത്യസ്തമായ മറ്റൊരു തെളിവ്: 
➦ ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ❝പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം❞എന്ന് വ്യവസ്ഥിതദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. (കാണുക: Systematic theology, പേജ്, 159). വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവായ ❝ജീ. സുശീലൻ❞ ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: ❝സ്നാനം യേശുവിൻ്റെ നാമത്തിലാണു❞ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതും ത്രിത്വവിശ്വാസത്തിന് എതിരാണ്. (കാണുക: പേജ്, 630). അതായത്, ❝പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❞ എന്ന പ്രയോഗം വ്യത്യസ്ത വ്യക്തികളെ കുറിക്കുന്നതല്ല; ഒരു സംജ്ഞാനാമത്തെ (proper noun) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം, ഒനോമയും (Name) ഒനോമാട്ടയും (Names)]
ഒരു ത്രിമൂർത്തി തന്ത്രം:
➦ ദൈവം നിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തിയാണെന്ന് പഠിപ്പിക്കുന്നവരിൽ ഭാഷയുടെ വ്യകരണം അറിയാവുന്നവർക്ക് ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന യേശുവിൻ്റെ വാക്കുകളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ്, അരാമ്യ പരിഭാഷയായ പെശീത്തയിൽ ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന പ്രയോഗത്തിൽ അവർ, ❝ഞങ്ങൾ❞ (We) എന്ന് കൂട്ടിച്ചേർത്ത് അതിനെ രണ്ടു വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാക്കി മാറ്റിയത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!