“നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊഥെയൊസ് 1:17)
അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവമേ (monos theos) നമുക്കുള്ളു. ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. എങ്കിലും ഏതോ മിഥ്യാധാരണയിൽ ഒന്നിലധികം ദൈവങ്ങളോ, വ്യക്തികളോ ഉണ്ടെന്ന് ഭൂരിപക്ഷം ക്രൈസ്തവരും (ത്രിത്വം) വിചാരിക്കുന്നു. ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശം ബൈബിളിൻ്റെയല്ല; നിഖ്യായിലെ സുന്നഹദോസിൻ്റെയാണ്. ദൈവസഭ സ്ഥാപിതമായി ഏകദേശം മുന്നൂറോളം വർഷമായപ്പോൾ, ബിഥുന്യയിലെ നിഖ്യായിൽ വെച്ച് (ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക് പട്ടണം) എ.ഡി. 325 മെയ് 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഒരു സുന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു സത്യദൈവത്തിൽനിന്നു ജനിച്ച സത്യദൈവമാണെന്ന ദുരുപദേശം ഉരുത്തിരിഞ്ഞത്. ഒന്നാം നിഖ്യാ സുന്നഹദോസ് എന്നറിയപ്പെടുന്ന നിഖ്യായിലെ സാർവ്വത്രിക സുന്നഹദോസിൽ രൂപംകൊണ്ട വിശ്വാചാരങ്ങളുടെ ഏറ്റുപറച്ചിലാണ് നിഖ്യാവിശ്വാസപ്രമാണം എന്നപേരിൽ അറിയപ്പെടുന്നത്. “ദൈവത്തിന്റെ ഏകപുത്രനും; സർവ്വലോകങ്ങൾക്കും മുമ്പെ; പിതാവിൽനിന്ന് ജനിച്ചവനും” എന്നിങ്ങനെയാണ് വിശ്വാസപ്രമാണത്തിൽ യേശുവിനെക്കുറിച്ചുള്ള ഭാഗം ആരംഭിക്കുന്നത്. എ.ഡി. 381-ൽ യൂറോപ്പിലെ കോൺസ്റ്റാന്റിനോപ്പിളിൽ (ഇപ്പോഴത്തെ തുർക്കിയിലെ ഇസ്താംബുൾ പട്ടണം) വെച്ചുനടന്ന ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വെച്ച് പരിശുദ്ധാത്മാവിനെയും മറ്റൊരു വ്യക്തിയാക്കി. (കാണുക: നിഖ്യാവിശ്വാസപ്രമാണം)
ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി കാലസമ്പൂർണ്ണത വന്നപ്പോൾ കന്യകയിൽ നിന്ന് ജനിച്ചവനെ സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചവനാക്കുകയും ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പഠിപ്പിക്കുകയും ചെയ്ത നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസുകളുടെ മാരണ ഉപദേശമാണ് ക്രൈസ്തവസഭയിലെ സകല ദുരുപദേശങ്ങൾക്കും ബീജാവാപം ചെയ്തത്. സഭാപിതാക്കന്മാരുടെ ഉപദേശമെന്ന് പറഞ്ഞുകൊണ്ടാണ് കത്തോലിക്കാ, പെന്തെക്കൊസ്തു, ബ്രദ്റുകാർ ഈ ഉപദേശത്തെ വിശ്വസിക്കുന്നത്. ഈ ദുരുപദേശത്തിൻ്റെ ഉപജ്ഞാതാക്കളാണ് സഭയുടെ പിതാക്കന്മാരെങ്കിൽ, ഏകദൈവത്തെക്കുറിച്ച് പഠിപ്പിച്ച അപ്പൊസ്തലന്മാർ ഇവർക്ക് ആരായിട്ടുവരും? യഹോവ ഒരുത്തൻ മാത്രം ദൈവം, മറ്റൊരുത്തനുമില്ലെന്ന് പഠിപ്പിച്ച പഴയനിയമ ഭക്തന്മാരുമായി ഇവർക്കെന്താണ് ബന്ധം? ഞാനല്ലാതെ മറ്റൊരു ദൈവമില്ല; എനിക്കു സമനായും സദൃശനായും മറ്റൊരുത്തനുമില്ല; എനിക്ക് മുമ്പോപിമ്പോ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറികയുമില്ലെന്ന് അരുളിച്ചെയ്ത യഹോവ ഇവർക്കാരാണ്? സത്യത്തിനു സാക്ഷിനില്ക്കാൻ ജനിച്ച, ഏകസത്യദൈവത്തെക്കുറിച്ച് പഠിപ്പിച്ച ദൈവത്തിൻ്റെ ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനുമായി ഇവർക്കെന്താണ് ബന്ധം? പൗലൊസിൻ്റെ ആശങ്കപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ വേറൊരു സുവിശേഷമാണ് ത്രിത്വം.
“അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?” എന്ന് ദാവീദ് ചോദിക്കുന്നുണ്ട്. ചൊവ്വുള്ള അടിസ്ഥാനമില്ലാത്ത നീതിമാൻ എന്തും ചെയ്യും. ദൈവം ഒരുത്തൻ മാത്രമാണെന്ന ബൈബിളിൻ്റെ അടിസ്ഥാന ഉപദേശം മറിച്ചുകളഞ്ഞിട്ടാണ്, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ വ്യക്തികളാണെന്നും ഓരോരുത്തരും പൂർണ്ണദൈവമാണെന്നു പഠിപ്പിക്കുകയും ത്രിത്വമെന്ന തോന്നിയവാസ ഉപദേശം ഉണ്ടാക്കുകയും ചെയ്തത്. ഏകദൈവം അഥവാ, ദൈവം ഒരുത്തൻ മാത്രം (God only) ആണെന്നും (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only) എന്നും (മത്താ, 4:10 ലൂക്കൊ, 4:8), എന്റെ പിതാവു മാത്രമല്ലാതെ (My Father only) ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ പറയുന്നത് മനുഷ്യനായ ക്രിസ്തുവാണ്. ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് (monos) എന്ന പദംകൊണ്ട് ദൈവം ഒരുത്തൻ മാത്രം, പിതാവുമാത്രം സത്യദൈവം, പിതാവ് മാത്രം ആരാധനയ്ക്ക് യോഗ്യൻ; പിതാവ് മാത്രം സകലവും അറിയുന്നു എന്നൊക്കെ പറയുകവഴി താൻ ദൈവമല്ലെന്ന് ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം താൻ ദൈവമല്ലെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പറഞ്ഞിട്ടുണ്ട്. യഹോവ അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറ പറഞ്ഞിട്ടുണ്ട്. താൻ മനുഷ്യനാണെന്ന് മൂന്നുപ്രാവശ്യം ക്രിസ്തു പറഞ്ഞിട്ടുണ്ട്. ഉദാ: (യോഹ, 8:40). ക്രിസ്തു മനുഷ്യനാണെന്ന് ബൈബിളിൽ 40 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ക്രിസ്തുവിൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാത്തവർ ക്രിസ്ത്യാനികളാണോ? പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, ,4:6). ദൈവം ഒരുത്തൻ മാത്രമാണെന്ന് യഹോവയും പഴയനിയമത്തിലെ മശീഹമാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും പഴയപുതിയനിയമങ്ങളിൽ ആവർത്തിച്ച് എഴുതിവെച്ചിരിക്കുന്നത് അന്ധമായിട്ടെങ്കിലും ഇക്കൂട്ടർ വിശ്വസിച്ചിരുന്നെങ്കിൽ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണെന്ന് അവർക്ക് ഗ്രഹിക്കാൻ കഴിയുമായിരുന്നു. ദൈവസഭ സ്ഥാപിതമായി രണ്ടായിരം വർഷമായിട്ടും ദൈവത്തിൽ വ്യക്തികളില്ല; വെളിപ്പാടുകളാണ് ഉള്ളതെന്ന് അറിയാത്തവരാണ് ബഹുഭൂരിപക്ഷം ക്രൈസ്തവരും.
ഏകദൈവത്തിൻ്റെ പ്രകൃതി: “അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും എന്നെന്നേക്കും ജീവിച്ചിരുക്കുന്നവനും മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; റോമ, 16:16; വെളി, 4:10; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്: (ആവ, 6:4; 2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). ദൈവത്തിന് ഗതിഭേദത്താലുള്ള ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോയില്ലായ്കയാൽ, ദൈവത്തിനു ഗതിഭേദം അഥവാ, തൻ്റെ സ്ഥായിയായ അവസ്ഥയ്ക്ക് മാറ്റംവരാനോ സ്വഭാവം ത്യജിക്കാനോ കഴിയില്ല. (മലാ, 3:6; 2തിമൊ, 2:13). അതിനാൽ മനുഷ്യനോ മറ്റൊന്നോ ആയിത്തീരാൻ അഥവാ, അവതാരമെടുക്കാൻ കഴിയില്ല.
ദൈവം, ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായി ഇരിക്കുമ്പോൾത്തന്നെ, പഴയപുതിയനിയമങ്ങളിൽ അനേകർ ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്. പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടവൻ മോശെ മുതൽ മലാഖിവരെയുള്ളവർക്ക് യഹോവയെന്ന നാമത്തിൽ പലനിലകളിൽ വെളിപ്പെട്ടതായി കാണാം. (പുറ,6:3). അതെങ്ങനെ സാദ്ധ്യമാകും? ക്രിസ്തു ദൈവത്തിൻ്റെ അവതാരമാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. ദൈവം അവതരിച്ചിട്ടില്ലെന്ന് മാത്രമല്ല; അവതരിക്കാൻ കഴിയില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (യാക്കോ, 1:17; മലാ, 3:6). ബൈബിളിലെ സത്യദൈവത്തിന് വെളിപ്പാട് (manifestation) അഥവാ പ്രത്യക്ഷതയാണുള്ളത്. അവതാരം (incarnation) എന്നൊരു പദമോ ആശയമോ ബൈബിളില്ല. [കാണുക: യഹോവയുടെ പ്രത്യക്ഷതകൾ)
I. പിതാവ്: അദൃശ്യനായ ദൈവം സൃഷ്ടിനടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിൽ ഒരു സ്വർഗ്ഗീയശരീരത്തിലും (ആത്മശരീരം) മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുകയാണ്. ഇതാണ് ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ പ്രത്യക്ഷനായിരിക്കുന്ന ഈ ദൈവത്തെ യെഹെസ്ക്കേൽ മാത്രമല്ല; മീഖായാവ്, യെശയ്യാവ്, ദാനീയേൽ തുടങ്ങിയവർ കണ്ടിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവനെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായി യോഹന്നാൻ അപ്പൊസ്തലനും കണ്ടു: (വെളി, 4:8). “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു” എന്നു ദൈവപുത്രനായ യേശു പറഞ്ഞത് പിതാവെന്ന അഭിധാനത്തിലുള്ള അദൃശ്യദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ചാണ്: (മത്താ, 18:11). ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്; ബാക്കിയെല്ലാം മനുഷ്യൻ്റെ രക്ഷയോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്.
അദൃശ്യനായ ദൈവം (Invisible God): അദൃശ്യനായ ദൈവമെന്ന പ്രയോഗത്തിന്റെ ബൈബിൾ നിർവ്വചനമാണ്, ‘ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും.’ (യോഹ, 1:18; കൊലൊ, 1:15; 1തിമൊ, 1:17; 6:16; എബ്രാ, 11:27). “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.” (യോഹ, 1:18; 1യോഹ, 4:12). ഇത് അവസാനം അഞ്ചു പുസ്തകങ്ങൾ എഴുതിയ യോഹന്നാൻ്റെ സാക്ഷ്യമാണ്. അപ്പോൾ പഴയപുതിയനിയമങ്ങളിൽ കണ്ടതാരെയാണ്? സർവ്വശക്തിയുള്ള ദൈവമായി പൂർവ്വ പിതാക്കന്മാർക്ക് വെളിപ്പെട്ട ദൈവം ആരാണ്? മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയതാരാണ്? (പുറ, 6:3), സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെ മീഖായാവ് (1രാജാ, 22:19; 2ദിന,18:18) യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:2-8) തുടങ്ങി പലരും കണ്ടിട്ടുണ്ട്. അതെങ്ങനെ സാദ്ധ്യമാകും? ദൈവം അക്ഷയനും അദൃശ്യനും മാത്രമല്ല; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ അഥവാ സർവ്വവ്യാപിയും കൂടിയാണ്. (1തിമൊ, 1:17; യിരെ, 23:23,24). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 17:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുകയാണ് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). സർവ്വവ്യാപിയും അദൃശ്യനും ആത്മാവുമായ ദൈവത്തിന് ഒരു രൂപമുണ്ടോ? ആരുമൊരുനാളും കണ്ടിട്ടില്ലാത്തതും കാണ്മാൻ കഴിയാത്തവനുമെന്ന പ്രയോഗം അദൃശ്യദൈവം അരൂപിയാണെന്ന് വ്യക്തമാക്കുന്നതാണ്. ഇനി, അദൃശ്യനും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ദൈവത്തിന് ഒരു രൂപമുണ്ടെന്ന് വാദിച്ചാൽത്തന്നെ, ആ രൂപം പ്രപഞ്ചത്തോളം വലുതായിരിക്കില്ലേ? അപ്പോഴും ആ രൂപം ദൂതന്മാർക്കും മനുഷ്യർക്കും അഗോചരമായിരിക്കും അഥവാ, അവരുടെ ഇന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കാന്‍ കഴിയില്ല. എന്നാൽ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ഭക്തന്മാർ സിംഹാസനത്തിലിരിക്കുന്ന ദൈവത്തെ കൃത്യമായി കണ്ടതാണ്; ദൂതന്മാർ നിത്യം അവൻ്റെ മുഖം കണ്ടാരാധിക്കുകയാണ്. അദൃശ്യദൈവത്തെയാണ് ഭക്തന്മാർ കണ്ടതെന്നും ദൂതന്മാർ നിത്യം കണ്ടുകൊണ്ടിരിക്കുന്നതും എന്ന് പറയാൻ കഴിയില്ലല്ലോ; അതിനാൽ, അത് അദൃശ്യനായ ദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം. ഒന്നുകൂടി വ്യക്തമാക്കിയാൽ; ദൈവം അദൃശ്യനും സർവ്വവ്യാപിയും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായി ഇരിക്കുമ്പോൾത്തന്നെ, അവന് നിത്യവും പ്രത്യക്ഷവുമായ ഒരു രൂപമുണ്ടെന്ന് വ്യക്തം.
പിതാവിൻ്റെ ശബ്ദം കേട്ടിട്ടില്ല; രൂപം കണ്ടിട്ടില്ല: “എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ.” (യോഹ, 5:37). യേശുവിൻ്റെ മേല്പറഞ്ഞ വാക്കുകളെ തെറ്റിദ്ധരിച്ചുകൊണ്ട്, പിതാവിനെ ആരുമൊരുനാളും കാണുകയോ അവൻ്റെ ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് വിചാരിക്കുന്നവരുണ്ട്. യോഹന്നാൻ്റെ എഴുത്തുകളിൽത്തന്നെ “ദൈവത്തെ ആരും ഒരുനാളും കണ്ടില്ല” (No one has seen God at any time) എന്നും (യോഹ, 1:18; 1യോഹ, 4:12), “നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല” (You have never heard his voice nor seen his form) എന്നിങ്ങനെ ഇരുവിധ പ്രയോഗങ്ങളുണ്ട്. (യോഹ, 5:37). ഇവ രണ്ടുംതമ്മിൽ ഭാഷാപരമായും വചനപരമായും വലിയ വ്യത്യാസമുണ്ട്. ഒന്നാമത്തത്, എല്ലാക്കാലത്തുമുള്ള എല്ലാ സൃഷ്ടികളെ (ദൂതന്മാരും മനുഷ്യരും) ഉദ്ദേശിച്ചും അദൃശ്യനായ ഏകദൈവത്തെക്കുറിച്ചുമാണ്. (1തിമൊ, 1:17). രണ്ടാമത്തേത്, സുവിശേഷ ചരിത്രകാലത്തെ യെഹൂദന്മാരെ ഉദ്ദേശിച്ചും, ഏകദേശം നാനൂറ് വർഷക്കാലം അവർക്ക് വെളിപ്പെടാതെയും അവരോട് സംസാരിക്കാതെയും ഇരുന്ന അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയായ പിതാവിനെക്കുറിച്ചുമാണ്. അതായത്, യോഹന്നാൻ്റെ പ്രയോഗം: അദൃശ്യനായ ദൈവത്തെക്കുറിച്ചും; യേശുവിൻ്റെ പ്രയോഗം: സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്നതും പഴയനിയമത്തിൽ അനേകം പ്രാവശ്യം വെളിപ്പെട്ട പിതാവിനെക്കുറിച്ചുമാണ്. അദൃശ്യദൈവത്തെ നിങ്ങളാരും കണ്ടിട്ടില്ലെന്ന് പറയേണ്ടതില്ലല്ലോ. തന്നെയുമല്ല, അവരുടെ പിതാക്കന്മാർക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതും അവരോടു സംസാരിച്ചതും അവർക്ക് ന്യായപ്രമാണത്തിൽ നിന്ന് അറിവുള്ളവരുമാണ്. (യോഹ, 9:29).
ആറ് തെളിവുകൾ: യേശുവിൻ്റെ വാക്കുകൾ അക്കാലത്തെ യെഹൂദന്മാരോട് മാത്രമുള്ളതാണെന്നതിൻ്റെ ചില തെളിവുകൾ തരാം: 1. ഭാഷാപരമായി രണ്ടു പ്രയോഗങ്ങളും വ്യത്യസ്തമാണ്; അതിനാൽ, ദൈവത്തിന് കാണാൻ കഴിയുന്ന അഥവാ, സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷമായിരിക്കുന്ന ഒരു ദൃശ്യരൂപമില്ലെങ്കിൽ, “നിങ്ങൾ അവനെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നല്ല; ആരുമൊരുനാളും കണ്ടിട്ടില്ല” എന്ന ഒന്നാമത്തെ പ്രയോഗംതന്നെ യേശുവും ആവർത്തിക്കുമായിരുന്നു. 2. പഴയനിയമത്തിൽ, മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1) തുടങ്ങിയവൻ ദൈവത്തെ കണ്ടു എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാൽ, അക്കാലത്തെ യെഹൂദന്മാരോടാണ് ക്രിസ്തു പറയുന്നതെന്ന് മനസ്സിലാക്കാം. 3. എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നുവെന്നും സ്വർഗ്ഗസിംഹാസനത്തിൽ ഒരുത്തൻ ഇരിക്കുന്നുവെന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 18:11; 23:22). ”സ്വർഗ്ഗസ്ഥനായ പിതാവു’ അഥവാ, സ്വർഗ്ഗത്തിൽ വസിക്കുന്നവനായ പിതാവു” എന്ന് ക്രിസ്തു ആവർത്തിച്ചു പറയുന്നതും നോക്കുക. (മത്താ, 5:16; 5:45). ഇതൊന്നും അദൃശ്യനായ ദൈവത്തെക്കുറിച്ചല്ലെന്ന് വ്യക്തമാണല്ലോ. 4. “മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു;” എന്ന് യെഹൂദന്മാർ സൗഖ്യമായ കുരുടനോട് പറഞ്ഞതായി കാണാം. (യോഹ, 9:29). “നിങ്ങൾ അവൻ്റെ ശബ്ദം ഒരുനാളും കേട്ടില്ലെന്നു” യേശു പറഞ്ഞത് എല്ലാക്കാലത്തുമുള്ള യെഹൂദന്മാരെ കുറിച്ചാണെങ്കിൽ, ന്യായപ്രമാണത്തിനു വിരോധമായി സംസാരിച്ചുവെന്ന് പറഞ്ഞ് അവർ അവനെ ഉപദ്രവിക്കുമായിരുന്നു. 5. പഴയനിയമത്തിൽ ഉല്പത്തിമുതൽ മലാഖിവരെ പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തുകയും സംസാരിക്കുകയും ചെയ്ത പിതാവായദൈവം പുതിയനിയമത്തിൽ മൂന്നുപ്രാവശ്യം സംസാരിക്കുന്നതായി കാണാം: യേശുവിൻ്റെ സ്നാനത്തിൽ: (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22), മറുരൂപമലയിൽ (ഉയർന്ന മലയിൽ): (മത്താ, 17:5; മർക്കൊ, 9:7; ലൂക്കൊ, 9:35), ദൈവാലയത്തിൽ: (യോഹ, 12:28). ഇതിൽ ആദ്യത്തെ ശബ്ദം, യോഹന്നാൻ സ്നാപകനും; അടുത്ത രണ്ടുശബ്ദം അപ്പൊസ്തലന്മാരും കേട്ടതാണ്. പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. (2പത്രൊ, 1:17). അപ്പോൾ, “അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല” എന്ന പ്രയോഗം എല്ലാക്കാലത്തുമുള്ള യെഹൂദന്മാരോടല്ലെന്നും, അക്കാലത്തെ യോഹന്നാൻ സ്നാപകനും അപ്പൊസ്തലന്മാരും ഒഴികെയുള്ള ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചാണെന്ന് വ്യക്തമാണല്ലോ. 6. സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന പിതാവായ ദൈവത്തെ സുവിശേഷ ചരിത്രകാലം കഴിഞ്ഞിട്ടാണെങ്കിലും പുതിയനിയമത്തിൽ യോഹന്നാൻ അപ്പൊസ്തലൻ കണ്ടിട്ടുണ്ട്: (വെളി, 4:8). അതിനാൽ, അദൃശ്യനും ആരുമൊരുനാളും കാണാത്ത ദൈവത്തെക്കുറിച്ചല്ല; സ്വർഗ്ഗത്തിൽ നിത്യം പ്രത്യക്ഷനായിരിക്കുന്നതും പഴയനിയമഭക്തന്മാർ കാണുകയും അവരോടു സംസാരിക്കുകയും ചെയ്ത ദൈവത്തെക്കുറിച്ചാണ് യേശു യെഹൂദന്മാരോട് പറഞ്ഞതെന്ന് മനസ്സിലാക്കാം. നാനൂറോളം വർഷമായി ദൈവദർശനം കാണുകയോ, ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ലാത്തവരുടെ തലമുറയോടാണത് പറഞ്ഞതെന്നും ഓർക്കണം.
സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവിനെക്കുറിച്ച് ചില കാര്യങ്ങൾകൂടി നോക്കാം:
1. സ്വർഗ്ഗത്തിൽ വസിക്കുന്നു: “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.” (സങ്കീ, 2:4). “സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.” (സങ്കീ, 123:1). “നിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.” (ആവ, 26:15). ‘സ്വർഗ്ഗസ്ഥൻ’ എന്ന പദം പഴയപുതിയ നിയമങ്ങളിൽ ആവർത്തിച്ചുകാണാം. ഉദാ: (2ദിന, 20:6; സങ്കീ, 136:26; വിലാ, 3:41; മത്താ, 5:16; 5:45; 6:9). ‘സ്വർഗ്ഗസ്ഥൻ’ സ്വർഗ്ഗത്തിൽ സ്ഥിതിചെയ്യുന്നവനാണ്. ‘സ്വർഗ്ഗസ്ഥനായ ദൈവം’ (2ദിന, 20:6), ‘സ്വർഗ്ഗസ്ഥനായ രാജാവു’ (ദാനീ, 4:37), ‘സ്വർഗ്ഗസ്ഥനായ കർത്താവു’ (ദാനീ, 5:23), ‘സ്വർഗ്ഗീയ പിതാവു’ (മത്താ, 5:48), ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവു’ (മത്താ, 6:14), ‘സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു’ (മത്താ, 12:50). അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനുമായ ദൈവത്തിന് ഒരു വാസസ്ഥലം ആവശ്യമില്ല. അതിനാൽ ‘സ്വർഗ്ഗത്തിൽ വസിക്കുന്നവൻ’ എന്ന പ്രയോഗം അദൃശ്യദൈവത്തെയല്ല; സ്വർഗ്ഗത്തിൽ നിത്യമായി പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കാം.
2. സിംഹാസനത്തിൽ ഇരിക്കുന്നു: സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള സാക്ഷ്യം കേൾക്കുക: യേശു: “സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.” (മത്തായി 23:22). മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19). യെശയ്യാവ്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു;” (യെശ, 6:1). യെഹെസ്ക്കേൽ: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (1:28). ദാനീയേൽ: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). യോഹന്നാൻ: “സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (വെളി, 4:2). അദൃശ്യനായദൈവം ഒരു സിംഹാനത്തിൽ ഇരിക്കുന്നുവെന്ന് പറയാൻ കഴിയില്ല; അതിനാലത് അദൃശ്യനായവൻ്റെ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.
3. യഹോവയുടെ രാജത്വം: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19). “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). പ്രപഞ്ചം ദൈവത്തിൻ്റെ സൃഷ്ടിയാണ്. ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച ദൈവം അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1ദിന, 29:11). “നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.” (സങ്കീ, 115:3). “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.” (സങ്കീ, 145:13). “അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആർക്കും കഴികയില്ല.” (ദാനീ, 4:35. ഒ.നോ: ദാനീ, 4:3; 1തിമൊ, 1:17; 6:15; വെളി, 4:11). സർവ്വപ്രപഞ്ചത്തിലും ഒതുങ്ങാത്ത അദൃശ്യനായ ദൈവമാണ് തൻ്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിട്ട് അതിൽ ഇരുന്നുകൊണ്ട് ദൂതന്മാരെയും മനുഷ്യരെയും ഭരിക്കുന്നു എന്നു വിചാരിക്കുന്നതിനെക്കാൾ എത്രയോ യുക്തിസഹമാണ്, അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷത സ്വർഗ്ഗസിംഹാസനത്തിൽ ഇരുന്നുകൊണ്ട് സകലത്തെയും ഭരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നത്.
4. ദൂതന്മാരുടെ മദ്ധ്യത്തിൽ: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19). “സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.” (യെശ, 6:2). “സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.” (വെളി, 4:6). സ്വർഗ്ഗത്തിൽ ദൈവത്തെ കണ്ടവരൊക്കെ ദൂതസഞ്ചയത്തിൻ്റെ മദ്ധ്യേ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെയാണ് കണ്ടത്. (1രാജാ, 22:19; 2ദിന,18:18; 6:1-5; 1:26-28; 7:9,10; വെളി, 4:2-8). അദൃശ്യനും സർവ്വവ്യാപിയുമായ ദൈവം ദൂതന്മാരുടെ മദ്ധ്യത്തിൽ ഇരിക്കുന്നുവെന്ന് പറയാൻ കഴിയില്ല; അതിനാലത് അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.
5. സിംഹാസനത്തിലെ രൂപം: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26). യെഹെസ്ക്കേൽ പ്രവാചകൻ സിംഹാസനത്തിൽ കണ്ട രൂപത്തിന് മനുഷ്യസാദൃശ്യമായിരുന്നു. “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). അദൃശ്യദൈവമായ യഹോവയുടെ മഹത്വത്തിൻ്റെ പ്രത്യക്ഷതായായിരുന്നു മനുഷ്യസാദൃശ്യത്തിൽ പ്രവാചകൻ കണ്ടത്. എട്ടാമദ്ധ്യായത്തിലും മനുഷ്യസാദൃത്തിലാണ് കാണുന്നത്: “അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.” (യെഹെ, 8:2. ഒ.നോ: 1:26,27). പത്താം അദ്ധ്യായതിലും ഒരു രൂപത്തെ കണ്ടു: “അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‍വന്നു.” (യെഹെ, 10:1). ദാനീയേൽ കാണുന്നതും മനുഷ്യരൂപത്തിലാണ്: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). മീഖായാവ്: യഹോവ സിംഹാസനത്തിൽ ഇരിക്കുന്നതും (1രാജാ, 22:19), യെശയ്യാവ്: കർത്താവ് സിഹാസനത്തിൽ ഇരിക്കുന്നതും (6:1), യോഹന്നാൻ കണ്ടത്: സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും അവനെ സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു നാലു ജീവികൾ രാപ്പകൽ വിശ്രമം കൂടാതെ സ്തുതിക്കുന്നതുമാണ്. (വെളി, 4:2,8). സ്വർഗ്ഗത്തിൽ ദൈവത്തെ കണ്ടവരെല്ലാം സിഹാസനവും അതിലൊരു രൂപവും കണ്ടു; ആ രൂപത്തിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേലും ദാനീയേലും വ്യക്തമാക്കുന്നു; ആ രൂപം രാപ്പകൽ അഥവാ നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുകയാണ്. അത് അദൃശ്യദൈവമല്ല; ദൈവത്തിന്റെ പ്രത്യക്ഷതയായ രൂപമാണെന്ന് മനസ്സിലാക്കാമല്ലോ.
6. ശരീരഭാഗങ്ങൾ: ദൈവത്തിന് മനുഷ്യസാദൃശ്യം മാത്രമല്ല; അവയവങ്ങളും ഉള്ളതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇതുപക്ഷെ, ആത്മീയ അർത്ഥത്തിൽ മനസ്സിലാക്കുന്നതാണ് യുക്തിസഹമായിട്ടുള്ളത്. ഹൃദയം: “താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി.” (ഉല്പ, 6:6; പ്രവൃ, 13:22). ദേഹി: “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു (soul – psyche) അവനിൽ പ്രസാദമില്ല.” (എബ്രാ, 10:38. ഒ.നോ: മത്താ, 12:17). മുഖം: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.” (സങ്കീ, 11:7). മോശെയോടു “നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ലെന്ന് യഹോവ പറയുന്നു. (പുറ, 33:20). ഇല്ലാത്തൊരു മുഖമാണെങ്കിൽ കാണാൻ കഴില്ലെന്ന് പറയേണ്ടതില്ലല്ലോ? “കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” (1പത്രൊ, 3:12). കണ്ണുകൾ: “യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.” (സങ്കീ, 11:4). “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1പത്രൊ, 3:12). വായ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ആവ, 8:3; മത്താ, 4:4). “യഹോവയുടെ വായിൽനിന്നുള്ള വചനം.” (2ദിന, 36:12). “യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.” (യെശ, 1:20). മൂക്ക്: “യഹോവ സൌരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല.” (ഉല്പ, 8:21). ചെവി: “ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.” (2ദിന, 7:15; 6:40). “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1പത്രൊ, 3:12). കൈ: “എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും. പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.” (പുറ, 33:22,23). “ഞാൻ കൈകൊട്ടും.” (യെഹെ, 22:13). കൈവിരൽ: “അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.” (പുറ, 31:18; ആവ, 9:10). കാൽ: “വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു;” (ഉല്പ, 3:8). “അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും.” (സെഖ, 14:4). “അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.” (പുറ, 24:10). അതായത്, ആത്മശരീരത്തിലും മനുഷ്യസാദൃശ്യത്തിലുമുള്ളതാണ് ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത.
7. സ്വർഗ്ഗത്തേക്കു നോക്കി: യേശു, അപ്പം വർദ്ധിപ്പിച്ചപ്പോഴും ചെകിടനെ സൗഖ്യമാക്കിയപ്പോഴും സ്വർഗ്ഗത്തേക്കു നോക്കിയതായി കാണാം: “ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.” (മത്താ, 14:19; മർക്ക, 6:41; ലൂക്കൊ, 9:16). “സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള “എഫഥാ” എന്നു പറഞ്ഞു.” (മർക്കൊ, 7:34). സ്വർഗ്ഗത്തേക്കു നോക്കി പിതാവിനോടു സംസാരിച്ചതായും കാണാം. (യോഹ, 17:1). മുടിയനായ പുത്രൻ, സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ, “ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ” എന്നു പറഞ്ഞുകൊണ്ട് മാറത്തടിച്ചു വിലപിക്കുന്നതായി കാണാം. (ലൂക്കോ, 18:13). അദൃശ്യനും സർവ്വവ്യാപിയുമായ ദൈവത്തെക്കാണാൻ ഒരു പ്രത്യേക സ്ഥലത്തേക്ക് നോക്കേണ്ടതില്ലല്ലോ? അതിനാൽ, അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയായ ദൈവം വസിക്കുന്ന സ്വർഗ്ഗത്തേക്കാണ് നോക്കിയതെന്ന് മനസ്സിലാക്കാം.
8. പിതാവിന്റെ മുഖം എപ്പോഴും കാണുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). തൻ്റെ ഐഹികജീവകാലത്ത് യേശു പറഞ്ഞതാണിത്. ദൂതന്മാർ മാത്രമല്ല പിതാവിനെ കാണുന്നത്; മീഖായാവ് കണ്ടു (1രാജാ, 22:19), യെശയ്യാവ് കണ്ടു (6:1,5), യെഹെസ്ക്കേൽ കണ്ടു (1:28), ദാനീയേൽ കണ്ടു (7:9), യോഹന്നാനും കണ്ടു. (വെളി, 4:2). ദൂതന്മാൻ ദൈവത്തിൻ്റെ മുഖംകണ്ട് നിത്യം അവനെ ആരാധിക്കുകയാണ്. (യെശ, 6:1-5; വെളി, 4:2-8). “അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11). അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, ഇയ്യോബ്, മോശെ, ദാവീദ്, ശലോമോൻ തുടങ്ങി പഴയനിയമഭക്തന്മാർ പലരും ദൈവത്തെ കണ്ടവരാണ്. അദൃശ്യനായ ദൈവത്തെയാണ് ദൂതന്മാർ നിത്യം മുഖംകണ്ട് ആരാധിക്കുന്നതെന്നും, ഭക്തന്മാർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ടതെന്നു പറയാൻ കഴിയില്ല. അതിനാലത്, അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.
9. സ്വരൂപവും സാദൃശ്യവും: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക;” (ഉല്പ, 1:26). “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു,” (ഉല്പ, 1:27). “ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.” (ഉല്പ, 9:6. ഒ.നോ: ഉല്പ, 5:1; യാക്കോ, 3:9). ദൈവത്തിൻ്റെ സ്വരൂപം (Own image) അഥവാ, സ്വന്തരൂപം എന്നത് ആത്മസ്വരൂപമാണ്. ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:25). സാദൃശ്യം (likeness) എന്നത്, സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന മനുഷ്യ സാദൃശ്യത്തെയുമാണ് സൂചിപ്പിക്കുന്നത്. (യെഹെ, 1:26; 8:2; 10:1). അതായത്, ആത്മസ്വരൂപത്തിലും മനുഷ്യസാദൃശ്യത്തിലും പ്രത്യക്ഷനായിരിക്കുന്ന പിതാവാണ് മനുഷ്യനെ സൃഷ്ടിച്ചത്. (മലാ, 2:10. ഒ.നോ: ഇയ്യോ, 9:8; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 4:24; മത്താ, 19:4; 1കൊരി, 11:12; 8:6; എബ്രാ, 2:10). ദൈവത്തിൻ്റെ ആത്മസ്വരൂപത്തിലാണ് മനുഷ്യൻ്റെ ഉള്ളിലെ ആത്മാവിനെ അഥവാ, ആന്തരിക മനുഷ്യനെ നിർമ്മിച്ചിരിക്കുന്നത്: “പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ (ruah – Spirit) അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.” (സെഖ, 12:1; യോഹ, 4:24). സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിൽ അഥവാ, ബാഹ്യപ്രകൃതിയിലാണ് മനുഷ്യൻ്റെ ശരീരത്തെ അഥവാ, ബാഹ്യമനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, ദൈവത്തിൻ്റെ സ്വരൂപത്തെക്കുറിച്ച് ദൈവശാസ്ത്രത്തിന് വ്യത്യസ്ത വീക്ഷണമാണുള്ളത്: “ദൈവത്തെ സംബന്ധിച്ചിടത്തോളം സ്വരൂപം ഭൗതികമായ രൂപത്തെ വിവക്ഷിക്കുന്നില്ല. ദൈവികഗുണങ്ങളായ അദൃശ്യത (invisibility), അപ്രമേയത്വം (immensity), അനന്യത്വം (immutability), നിത്യത്വം (eternity), പരമാധികാരം (Sovereignty), സര്‍വ്വജ്ഞത്വം (Omniscience), സർവ്വവ്യാപിത്വം (Omnipresence), സർവ്വശക്തി (almighty) തുടങ്ങിയവയാണ്.” ഇത് ദൈവത്തിൻ്റെ സ്വരൂപമല്ല; സവിശേഷഗുണങ്ങളാണ്. ഈ ഗുഗങ്ങളൊന്നും മനുഷ്യർക്കില്ലാത്തതിനാൽ, ദൈവശാസ്ത്രത്തിൻ്റെ ഈ കണ്ടെത്തൽ അബദ്ധമാണെന്ന് പറയേണ്ടിവരും. സ്വർഗ്ഗത്തിൽ ഭക്തന്മാർ കണ്ട അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയ്ക്ക് ഒരു രൂപമുണ്ടെന്നും ആ രൂപം മനുഷ്യസദൃശ്യമാണെന്നും ബൈബിൾ അസന്ദിഗ്ധമായി പറയുമ്പോൾ, ദൈവത്തിൻ്റെ ആത്മസ്വരൂപത്തിലും ബാഹ്യസാദൃശ്യത്തിലും അഥവാ, മനുഷ്യ സാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചതെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ. ഒരു തെളിവുകൂടി: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). “ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി.” (ഉല്പ, 5:1). ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചതെന്ന് വ്യക്തമാണല്ലോ. (മത്താ, 19:4). ആദാം തൻ്റെ മകനെ ജനിപ്പിച്ചത് എങ്ങനെയാണെന്നും പറഞ്ഞിട്ടുണ്ട്: “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഈ രണ്ട് വേദഭാഗങ്ങൾ പരിശോധിച്ചാലും, സ്വരൂപം എന്നത് അനശ്വരമായ അകത്തെ മനുഷ്യനെ കുറിക്കുന്നതും, സാദൃശ്യമെന്നത് നശ്വരമായ പുറത്തെ മനുഷ്യനെ കുറിക്കുന്നതാണെന്നും മനസ്സിലാക്കാം. സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവം തൻ്റെ ആത്മസ്വരൂപത്തിലും മനുഷ്യസാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചത്.
10. സ്രഷ്ടാവായ ഏകദൈവം: “യഹോവ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (ആവ, 6:4; 2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; യെശ, 37:16; 20; 44:24). താൻ ആകാശഭൂമികൾ സൃഷ്ടിക്കുമ്പോൾ ആർ തൻ്റെകൂടെ ഉണ്ടായിരുന്നുവെന്ന് യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുന്നു: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 24:44). മനുഷ്യനെ സൃഷ്ടിച്ചതും യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞിട്ടുണ്ട്: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ക്രിസ്തുവോ, പരിശുദ്ധാത്മാവോ വിഭിന്ന വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. സമാന്തരവാക്യങ്ങളും നോക്കുക: അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10. ഒ.നോ: ഉല്പ, 2:7; 5:1; 64:8). താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുന്നത് മുകളിൽ നാം കണ്ടതാണ്. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാ ക്രിസ്തു വന്നതും സ്വർഗ്ഗത്തിൽ ഇരിക്കുന്ന സ്രഷ്ടാവിൻ്റെ സാദൃശ്യത്തിലാണ്. അതുകൊണ്ടാണ്, പുരുഷനെയും (1കൊരി, 11:7) ആദാമിനെയും (1കൊരി, 15:49) മനുഷ്യനായ ക്രിസ്തുയേശുവിനെയും (2കൊരി, 4:4; കൊലോ, 1:15) ദൈവത്തിൻ്റെ പ്രതിമയെന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത്: (1തിമൊ, 2:6).
ദൈവപുത്രനായ ക്രിസ്തു സൃഷ്ടാവായ ദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നു. തന്മൂലം, ആദാമിനെ സൃഷ്ടിച്ചപ്പോൾ ക്രിസ്തു കൂടെയുണ്ടായിരുന്നു എന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; 2:7; 5:1; 5:1; യെശ, 64:8; മലാ, 2:10). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ഞങ്ങൾ എന്നോ, ദൈവവും ഞാനുകൂടി സൃഷ്ടിച്ചു എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ഒരു ത്രിമൂർത്തി ദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും ആർക്കും കഴിയില്ല.
II. മനുഷ്യപ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി.” (ഉല്പ, 18:1) “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു.” (1തിമൊ, 3:16). ദൈവത്തിന് പഴയനിയമത്തിലും പുതിയനിയമത്തിലും മനുഷ്യപ്രത്യക്ഷതയുണ്ട്:
പഴയനിയമത്തിലെ പ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടത് ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ, മനുഷ്യരെയാണ്. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരും ആയിരുന്നു. പത്തു പ്രാവശ്യം അവിടെ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,20,22,26,33). രണ്ടുപേർ ദൂതന്മാരായിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, രണ്ട് ദൂതന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. ഇല്ലെങ്കിൽ അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ആ രണ്ടുദൂതന്മാർ (malak – Angel) വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നുപേരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും, ലോത്ത് ദൂതന്മാരായ രണ്ടുപേരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും. എബ്രായയിലും ഗ്രീക്കിലും ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് പൂർണ്ണമനുഷ്യർ മാത്രമായി പ്രത്യക്ഷരായതുകൊണ്ടാണ്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു പറയുമായിരുന്നു.
അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ആറേഴുനാഴിക യഹോവ അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം.
പുതിയനിയമത്തിലെ പ്രത്യക്ഷത: “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, ‘അവൻ’ എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, ‘നാമം’ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6. ഒ.നോ: ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പ്രവചനംപോലെ, കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; സങ്കീ, 40:6; എബ്രാ, 10:5; മത്താ, 1:20; ലൂക്കൊ, 1:35; 2:21യോഹ, 8:40; 1യോഹ, 3:5). [കാണുക: ദൈവഭക്തിയുടെ മർമ്മം]
III. പരിശുദ്ധാത്മാവെന്ന നിലയിലെ പ്രത്യക്ഷത: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയായി ത്രിത്വം മനസ്സിലാക്കുന്നു. ദൈവത്തിൻ്റെ ആത്മാവ് ദൈവം തന്നെയാണ്. അഥവാ, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ലെന്ന് പഴയനിയമത്തിൽത്തന്നെ മനസ്സിലാക്കാം: “⁷നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ⁸ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ⁹ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ ¹⁰അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ ദൈവവും ആത്മാവും ഒരാളാണെന്നു മനസ്സിലാകും: ഏഴാം വാക്യം ആദ്യഭാഗത്ത്: നിൻ്റെ അഥവാ യഹോവയുടെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകുമെന്ന് ഭക്തൻ ചോദിക്കുന്നു. അടുത്തഭാഗം: തിരുസന്നിധി അഥവാ ദൈവസാന്നിദ്ധ്യം വിട്ടു ഞാൻ എവിടേക്കു ഓടും? അപ്പോൾ ആത്മാവാരാണ്? ദൈവം തന്നെയാണ്; അഥവാ ദൈവത്തിൻ്റെ അദൃശ്യസാന്നിദ്ധ്യമാണ്. എട്ടാം വാക്യം ആദ്യഭാഗം: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്. നിൻ്റെ ആത്മാവിനെ ഒളിച്ചു ഒരിടത്തും പോകാൻ കഴിയില്ലെന്നു പറഞ്ഞാണ് ആരംഭിച്ചത്. പിന്നെ പറയുന്നു; ഞാൻ സ്വർഗ്ഗത്തിൽ വന്നാൽ നീ അവിടെയുണ്ട്. അപ്പോൾ യഹോയും ആത്മാവും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുമില്ല. അടുത്തഭാഗം: പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്. ആര്? ഒളിക്കാൻ കഴിയാത്ത ആത്മാവ് അവിടെയുണ്ടെന്നല്ല; യഹോവ അവിടെയുണ്ട്. ഒൻപത് പത്ത് വാക്യം: സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും. നിൻ്റെ ആത്മാവെന്നു പറഞ്ഞുതുടങ്ങിയിട്ട്, ഇപ്പോൾ നിൻ്റെ കയ്യെന്നാണ് പറയുന്നത്. അവസാനഭാഗം: നിന്റെ വലങ്കൈ എന്നെ പിടിക്കും. ദൈവം പിടിക്കും, ദൈവത്തിൻ്റെ ആത്മാവ് പിടിക്കും, ദൈവത്തിൻ്റെ വലങ്കൈ പിടിക്കും എന്നൊക്കെ പറഞ്ഞാൽ ഒന്നുതന്നെയാണെന്ന് മനസ്സിലാകാം. ഈ വേദഭാഗപ്രകാരം ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ കയ്യും മറ്റൊരു വ്യക്തിയാണെന്ന് പറയണം. ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. അഥവാ, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. പിതാവ് സ്വർഗ്ഗത്തിലെ നിത്യവും ദൃശ്യവുമായ വെളിപ്പാടും ക്രിസ്തു ദൈവത്തിൻ്റെ മനുഷ്യനായിട്ടുള്ള വെളിപ്പാടും പരിശുദ്ധാത്മാവ് അദൃശ്യമായ വെളിപ്പാടുമാണ്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]
അദൃശ്യനായ ഏകദൈവത്തിന് അനേകം വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളുണ്ട്. ദൈവത്തിൻ്റെ എല്ലാ പ്രത്യക്ഷതകളെക്കുറിച്ചു അറിയാൻ കാണുക: