ലോകം ഉണ്ടാകുംമുമ്പെ ഉണ്ടായിരുന്ന മഹത്വം

ലോകം ഉണ്ടാകുംമുമ്പേ ക്രിസ്തു ദൈവത്തിൻ്റെ അടുക്കൽ ദൈവമായി ഉണ്ടായിരുന്നു എന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അതിനാധാരമായ വാക്യം ഇതാണ്: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ.” (യോഹ, 17:5). എന്നാൽ, ഇത് തൻ്റെ ശുശ്രൂഷയുടെ പരിസമാപനത്തെക്കുറിക്കുന്ന ആത്മിക പ്രയോഗമാണ്. അല്ലാതെ, ക്രിസ്തു ലോകം ഉണ്ടാകുംമുമ്പേ ഉള്ളവനല്ല. അതിൻ്റെ തെളിവുകൾ നോക്കാം:

1️⃣ ക്രിസ്തു ആരാണ്: ആദ്യം അറിയേണ്ടത് ക്രിസ്തു ആരാണെന്നാണ്. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ, അവൻ ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) ആണ്. അഥവാ, ഏകദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, ‘അവൻ_ എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, ‘നാമം‘ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6. ഒ.നോ: ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പ്രവചനംപോലെ, കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 1:35; 2:21യോഹ, 6:69; 8:40). ദൈവം അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആണ്. (കൊലൊ, 1:15; യോഹ, 4:24; യിരെ, 23:24; 1തിമൊ, 6:16; യാക്കോ, 1:17; 1യോഹ, 4:12). അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ ലോകം ഉണ്ടാകുംമുമ്പേയല്ല; ബി.സി. 6-ലാണ് മനുഷ്യരുടെ രക്ഷയ്ക്കായി കന്യകയിലൂടെ ദൈവം ജഡത്തിൽ വെളിപ്പെട്ടത്. തന്മൂലം, ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തു മുമ്പേ ഉണ്ടാകുക സാദ്ധ്യമല്ല.

2️⃣ ക്രിസ്തുവിൻ്റെ പ്രകൃതി: ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-33; 19:1). എന്നാൽ, ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147: 19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1,16; 1തിമൊ, 3:14-16). അതായത്, പ്രവചനംപോലെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അഥവാ, മനുഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (മത്താ,, 1:20; ലൂക്കൊ, 2:21; യോഹ, 6:69; 8:40; എബ്രാ, 10:5; സങ്കീ, 40:6). അതിനാൽ, യേശുവെന്ന പരിശുദ്ധമനുഷ്യന്, ലോകം ഉണ്ടാകുംമുമ്പേ പോയിട്ട്, മറിയയ്ക്ക് മുമ്പേപോലും ഉണ്ടാകാൻ സാദ്ധ്യമല്ല.

3️⃣ ക്രിസ്തുവിൻ്റെ ചരിത്രപരത: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് വിശ്വസിച്ചാൽ ശരിയാകുമോ? അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിന് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെപ്പറഞ്ഞാൽ എങ്ങനെയിരിക്കും? യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (ഗലാ, 4:4). ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). ആത്മാവിൽ ബലപ്പെട്ടതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറഞ്ഞാൽ, എങ്ങനെയിരിക്കും?

അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8:40). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക.അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു പാപം അറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. പ്രവചനങ്ങൾപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ച് ക്രിസ്തുവും ദൈവപുത്രനായവൻ എങ്ങനെയാണ് ലോകം ഉണ്ടാകുംമുമ്പേ ഉണ്ടാകുന്നത്?

4️⃣ യഹോവയും ക്രിസ്തുവും: ക്രിസ്തുവിനെക്കുറിച്ച് യഹോവ പറഞ്ഞിരിക്കുന്ന സ്പഷ്ടമായ രണ്ട് വേദഭാഗങ്ങളുണ്ട്:

1. “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപരാമർശം ഇതാണ്. പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ ഈ വേദഭാഗം അറിയപ്പെടുന്നു. യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായ ക്രിസ്തുവാണ് തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:14-16). ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ദൈവത്തിൻ്റെ ദൈവത്തോടൊപ്പം ഉണ്ടായിരുന്ന ദൈവം ആയിരുന്നെങ്കിലോ യഹോവ അവനെ, സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിനും ആദി കാരണവും സകലത്തിൻ്റെയും സ്രഷ്ടാവുമാണ്. ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ, ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? തന്മൂലം, ലോകം ഉണ്ടാകുംമുമ്പേ ക്രിസ്തു ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാം.

2. “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” (ആവ, 18:18). ഇത്, ക്രിസ്തുവിനെക്കുറിച്ച് യഹോവയായ ദൈവം മോശെയോട് പറയുന്നതാണ്. ഈ വേദഭാഗം ശ്രദ്ധിക്കുക: നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകനെന്നാണ് അവനെ ആദ്യം പറയുന്നത്. ദൈവം ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് പറയുന്നതുതന്നെ വെറും വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനായാലും മനുഷ്യനെ ദൈവവുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? ക്രിസ്തു ദൈവത്തോടു കൂടെയുണ്ടായിരുന്ന ദൈവം ആണെങ്കിൽ എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ ദൈവംതന്നെ, അവൻ മോശെയെപ്പോലെ ഒരു പ്രവാചകണെന്ന് പറയുമായിരുന്നോ? ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കുകയും സാദൃശ്യപ്പെടുത്തുകയും ചെയ്യുകവഴി താൻതന്നെ ഭോഷ്ക്ക് പറയുന്നവൻ ആകില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). താൻ മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മരണമില്ലാത്തവനുമാണ്. (മലാ, 3:6; യാക്കോ, 1:17; 1തിമൊ, 6:16). തന്മൂലം, ക്രിസ്തു നിത്യപുത്രനായ ദൈവമാണെങ്കിൽ, അവനൊരിക്കലും മോശെയ്ക്ക് തുല്യനായ മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല. പിന്നെ പറയുന്നത്: ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്.  (മത്താ, 1:21; ലൂക്കൊ, 2:5-7; റോമ, 9:5; ഗലാ, 4:4). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവത്തോപ്പം ആദിമുതലേ ഉണ്ടായിരുന്നവനോ ആയിരുന്നെങ്കിൽ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും? അതിനാൽ, ക്രിസ്തു ആദിമുതലെ ദൈവത്തോടൊപ്പം ഇല്ലായിരുന്നു; മനുഷ്യരുടെ രക്ഷയ്ക്കായി പരിശുദ്ധാത്മാവിൽ യിസ്രായേലിൽനിന്ന് എഴുന്നേറ്റവനാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

5️⃣ മോശെയും ക്രിസ്തുവും: ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പറഞ്ഞിരിക്കുന്നത് നോക്കാം: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). മോശെ പറയുന്നത് ശ്രദ്ധിക്കുക: എന്നെപ്പോലൊരു പ്രവാചകനെന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. മോശെയോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: 1. ക്രിസ്തു ദൈവത്തോട് കൂടെയുണ്ടായിരുന്ന ദൈവമാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ(പുറ, 8:10; (ആവ, 4:35;  4:39; 33:26). താൻതന്നെ കള്ളനായി മാറില്ലേ? 2. താൻ പറഞ്ഞ പ്രവാചകൻ അഥവാ, ക്രിസ്തു ദൈവത്തോട് കൂടെയുണ്ടായിരുന്ന ദൈവമാണെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. 3. എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 10:38). മോശെയെ അഭിഷേകം ചെയ്തതായി പഴയനിയമത്തിൽ പറഞ്ഞിട്ടില്ലെങ്കിലും, ദൈവത്തിൻ്റെ ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17,25). പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:6). തന്മൂലം, ക്രിസ്തുവിനെപ്പോലെതന്നെ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19; പ്രവൃ, 3:22; 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). തന്മൂലം, മോശെ പ്രവചിച്ച മുമ്പെ ക്രിസ്തു ദൈവത്തോടു കൂടെയുണ്ടായിരുന്ന ദൈവമല്ല; യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേറ്റവനാണെന്ന് മനസ്സിലാക്കാം.

6️⃣ ദൈവം തൻ്റെ പുത്രനെ അയച്ചു: ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ദൈവത്തോടുകൂടെ മുമ്പെ ഉണ്ടായിരുന്നു എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ, അതും ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്. അതിൻ്റെ വ്യക്തമായ തെളിവ് ബൈബിളിൽ ഉണ്ട്. ദൈവം യേശുവിനെ മാത്രമല്ല; അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്; മോശെയും അഹരോനും തുടങ്ങി, സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15, സെഖ, 2:8, പ്രവൃ, 7:35). അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം. ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, പഴയ നിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീം ദേശത്തു നിന്ന് പുറപ്പെട്ട നാൾ മുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകല ദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു. (യിരെ, 7:25). അടുത്തവാക്യം: ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു, ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്ന് പറയിച്ചു. (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവം തന്നെ സാക്ഷ്യം പറയുന്ന പ്രവാചകന്മാർ ആരും; യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ടവരോ, മുമ്പെ ഉണ്ടായിരുന്നവരോ അല്ല; യിസ്രായേലിൽ നിന്ന് ദൈവം ഭൂമിയിൽനിന്ന് എഴുന്നേല്പിച്ചതാണ്. അതുപോലെ, യേശു എന്ന വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെയും ദൈവം യിസ്രായേൽ കന്യകയിൽ നിന്ന് എഴുന്നേല്പിച്ചതാണ്. (ലൂക്കൊ, 24:19). പുതിയ നിയമത്തിൽ, ദൈവം അയച്ച മറ്റൊരു പ്രവാചകനുണ്ട്. ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു, അവനു യോഹന്നാൻ എന്നു പേർ. (യോഹ, 1:6; ലൂക്കൊ, 16:16). യോഹന്നാൻ സ്നാപകൻ, മുമ്പെ സ്വർഗ്ഗത്തിൽ; ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നു എന്ന് ആരെങ്കിലും പറയുമോ? അതിനാൽ, ക്രിസ്തു മുമ്പെ ദൈവത്തോടുകൂടെ ഉണ്ടായിരുന്നവൻ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

7️⃣ അന്ത്യകാലത്ത് വെളിപ്പെട്ടവൻ: അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറയുന്നത് നോക്കുക: “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടായിരുന്നുവെന്നല്ല; മുന്നറിയപ്പെട്ടവൻ എന്നാണ് പത്രൊസ് പറയുന്നത്. മുന്നറിയപ്പെടുക എന്ന് പറഞ്ഞാൽ, മുൻകൂട്ടിക്കൊടുക്കുന്ന അറിയിപ്പാണ്. പഴയനിയമത്തിൽ യേശുവെന്ന ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). പ്രവചനം എന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ നിറവേറാനുള്ളതാണ്. പ്രവചനങ്ങളിലൂടെ അവൻ മുന്നറിയപ്പെട്ടതു കൊണ്ടാണ് പ്രവാചകന്മാരിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാൽ വരുവാനുള്ളവനെക്കുറിച്ച് ആരാഞ്ഞു നോക്കിക്കൊണ്ടിരുന്നത്. (1പത്രൊ, 1:11). അന്ത്യകാലത്തുമാത്രം പരിശുദ്ധാത്മാവിനാൽ കന്യകയിലൂടെ ഉല്പാദിതമായി ലോകത്തിൽ വെളിപ്പെട്ടവൻ എങ്ങനെയാണ് ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടാകുന്നത്?

8️⃣ ക്രിസ്തു പറഞ്ഞതിന് സമാനമായ ഒരുകാര്യം പൗലൊസ് പറയുന്നുണ്ട്: “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവൻ (ദൈവം) ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ അവനിൽ (ക്രിസ്തുവിൽ) തിരഞ്ഞെടുക്കയും.” (എഫെ, 1:4-5). ഈ വേദഭാഗത്ത്, ലോകസ്ഥാപനത്തിനുമുമ്പെ ദൈവം ക്രിസ്തുവിലൂടെ നമ്മെ തിരഞ്ഞടുത്തു എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ, ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നെങ്കിൽ, തിരഞ്ഞെടുക്കപ്പെട്ട നമ്മളും ഉണ്ടായിരിക്കണം. നമ്മളില്ലാതെ എങ്ങനെ നമ്മളെ തിരഞ്ഞടുക്കും? ഇതൊക്കെ ആലങ്കാരികമായി അഥവാ, ആത്മിക അർത്ഥത്തിൽ പറയുന്നതാണ്. ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് തൻ്റെ സർവ്വജ്ഞാനത്താൽ അഥവാ, ജ്ഞാനസമ്പൂർണ്ണതയിൽ ഉള്ളതാണ്. താൻ കാലസമ്പൂർണ്ണതയിൽ എഴുന്നേല്പിപ്പാനുള്ള ക്രിസ്തുവിലൂടെ ആരൊക്കെ രക്ഷപ്രാപിക്കും എന്ന മുന്നറിവിലുള്ളതാണ് തിരഞ്ഞെടുപ്പ്. അല്ലെങ്കിൽ, ആ മുന്നറിവിനെയാണ് തിരഞ്ഞെടുപ്പ് എന്ന് ബൈബിൾ പറയുന്നത്. ആ അർത്ഥത്തിൽ, ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉള്ളത് ദൈവത്തിൻ്റെ ഹൃദയത്തിലാണ്. അതാണ്, “മാർവിലിരിക്കുന്ന പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” എന്ന യോഹന്നാൻ്റെ പ്രയോഗത്തിൻ്റെ അർത്ഥം. (യോഹ, 1:18). അവിടെപ്പറയുന്ന, Bosom (kolpos) മടിയല്ല; മാർവ് ആണ്. (യോഹ, 13:23). അല്ലാതെ, ക്രിസ്തു മറ്റൊരുത്തനായി സ്വർഗ്ഗത്തിൽ മുമ്പെ ഇല്ലായിരുന്നു.

9️⃣ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷ ചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:5-6). മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46). എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ അവൻ ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല; ദൈവത്തിൻ്റെ പ്രത്യക്ഷത ദൈവത്തിൽത്തന്നെ മറയുകയാണ് ചെയ്യുന്നത്. (കൊലോ, 3:3). അക്കാര്യം ക്രിസ്തുവിൻ്റെ വാക്കിനാൽ വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, തൻ്റെ ശുശ്രൂശ അവസാനിക്കാറായപ്പോൾ, “ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ” എന്ന് ക്രിസ്തു പ്രാർത്ഥിച്ചത്. അതായത്, ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം യഹോവയെന്ന നിലയിലാണ്: “യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കപ്പെട്ടവന്‍. അവന്‍ തന്‍റെ ജനത്തെ സന്ദര്‍ശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68. ഒ.നോ: യെശ, 25:8-9; 35:3-6; 40:3). യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന് വ്യക്തമാണല്ലോ. യിസ്രായേലിന്റെ ദൈവം തൻ്റെ ജനത്തെ രക്ഷിക്കാനാണ് യേശുവെന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:21). അതിനാൽ, സുവിശേഷചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്. അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. അതിനാലാണ്, ഞാൻ തന്നെ അവൻ അഥവാ, പിതാവെന്നും (യോഹ, 8:24,28; 13:19), അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മിയാണ് താനെന്നും (8:58), ഞാനും പിതാവും ഒന്നാകുന്നു എന്നും (10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നും ദൈവപുത്രൻ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ക്രിസ്തുവിനല്ലാതെ, ലോകത്തിൽ ഒരു മനുഷ്യനും പറയാൻ കഴിയില്ല. അങ്ങനെയൊരു പ്രയോഗം നിങ്ങൾക്ക് ലോകത്തിൽ കാണാനും കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ദൈവത്തിൻ്റെ വെളിപ്പാട് ദൈവത്തിൽത്തന്നെ ഒന്നായിത്തീരുകയാണ്. അതാണ് ക്രിസ്തു പറഞ്ഞതിൻ്റെ ശരിയായ അർത്ഥം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

കൂടുതൽ അറിവുകൾക്കായി താഴെയുള്ള ലിങ്കുകൾ നോക്കുക:

ദൈവഭക്തിയുടെ മർമ്മം

യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?

മൂന്നു സ്ത്രീകൾ

മൂന്നു സ്ത്രീകൾ

“ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15)

“എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” (ഗലാത്യർ 4:4)

“സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളിപ്പാടു 12:1)

മൂന്നു പ്രത്യേക സ്ത്രീകളെക്കുറിള്ള പരാമർശം ബൈബിളിൽ കാണാൻ കഴിയും: 1. ഉല്പത്തിയിലെ സ്ത്രീ അഥവാ, പ്രഥമസുവിശേഷത്തിലെ സ്ത്രീ. (ഉല്പ, 3:15)., 2. കാലസമ്പൂർണ്ണതയിലെ സ്ത്രീ. (ഗലാ, 4:4). 3. സൂര്യനെ അണിഞ്ഞ സ്ത്രീ. (വെളി, 12:1). ഉല്പത്തിയിലെ സ്ത്രീക്കും, കാലസമ്പൂർണ്ണതയിലെ സ്ത്രീക്കും, സൂര്യനെ അണിഞ്ഞ സ്ത്രീക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ സ്ത്രീകൾ ആരെയാണ് പ്രതിനിധീകരിക്കുന്നത്?  എന്നൊക്കെയാണ് നാം പരിശോധിക്കുന്നത്.

ഒന്നാമത്തേത്, ഉല്പത്തിയിലെ സ്ത്രീയാണ്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വേദഭാഗം: പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നിങ്ങനെ അറിയപ്പെടുന്നു. ഈ വാക്യത്തിൽ നാലുപേരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്; പാമ്പ്, സ്ത്രീ, പാമ്പിൻ്റെ സന്തതി, സ്ത്രീയുടെ സന്തതി. യഹോവയായ ദൈവം പാമ്പിനോടാണത് കല്പിക്കുന്നതെന്ന് 14-ാം വാക്യത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പാമ്പ്, പിശാച് അഥവാ, സാത്താനെയാണ് പ്രതിനിധീകരിക്കുന്നത്. ഉല്പത്തിയിലെ പാമ്പിനെ ഉപയായിയായ സർപ്പമെന്നാണ് പൗലൊസ് വിശേഷിപ്പിക്കുന്നത്. (2കൊരി, 11:3). പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പെന്ന് വെളിപ്പാടിലും കാണാം. (12:9; 20:2). പാമ്പിൻ്റെ സന്തതി ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്. ‘സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.’ (1യോഹ, 5:19). യേശുവിനെ പരീക്ഷിക്കുവാൻ വന്ന പിശാച് ലോകവും അതിൻ്റെ മഹത്വവും കാണിച്ചിട്ട്, ‘വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം’ എന്നാണ് പറഞ്ഞത്. (മത്താ, 4:8:9; ലൂക്കൊ, 4:5-7). തൻ്റെ വാക്കുകൾ വിശ്വസിക്കാതിരുന്ന യെഹൂദന്മാരോട് യേശു പറഞ്ഞത്; ‘നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ’ എന്നാണ്. (യോഹ, 8:44). യോഹന്നാനും യേശുവും ‘സർപ്പസന്തതികളെ’ എന്നു യെഹൂദന്മാരേ വിളിക്കുന്നതായി കാണാം. (മത്താ, 3:7; ലൂക്കൊ, 3:7; മത്താ, 12:34: 23:33). ദൈവത്തെ അറിയാതെ പാപം ചെയ്യുന്നവനും (1യോഹ, 3:8), പാപത്തിൽ ജീവിക്കുന്നവനും (യോഹ, 8:34; 1യോഹ, 5:18), പിശാചിൻ്റെ സന്തതിയാണ്. “നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു” എന്നു ക്രിസ്തു യൂദായെക്കുറിച്ചു പറഞ്ഞു. (യോഹ, 6:70). സുവിശേഷത്തോട് എതിർത്തുനിന്ന ബർയേശു എന്ന കള്ളപ്രവാചകനെ ‘പിശാചിൻ്റെ മകനെ’ എന്നാണ് പൗലൊസ് വിളിച്ചത്. (പ്രവൃ, 13:6-10). സ്ത്രീയുടെ സന്തതി ക്രിസ്തുവാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. എന്നാൽ, ഇവിടെപ്പറയുന്ന ‘സ്തീ‘ ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് തോന്നുന്നില്ല. ഈ വേദഭാഗത്തെ സ്ത്രീ യേശുവിൻ്റെ അമ്മയായ മറിയയാണെന്ന് വിചാരിക്കുന്നവരുണ്ട്. സന്തതി ക്രിസ്തു ആയതുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. എന്നാൽ, മറിയ ക്രിസ്തുവിനെ പ്രസവിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പ്, ഗബ്രിയേൽ ദൂതൻ അവളോട് നേരിട്ട് പ്രവചിക്കുന്നതല്ലാതെ, അതിന് മുമ്പും പിമ്പും അവളെക്കുറിച്ച് യാതൊരു പ്രവചനവും ബൈബിളിൽ കാണാൻ കഴിയില്ല. അതായത്, രക്ഷകൻ ജനിക്കാനുള്ള സമയം അടുത്തപ്പോൾ മാത്രം, ദൈവകൃപയാൽ തിരഞ്ഞെടുക്കപ്പെട്ടവളാണ് മറിയ. “മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു.  നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം എന്നാണ് ദൂതൻ പറഞ്ഞത്. (ലൂക്കൊ, 1:30-31).

ക്രിസ്തുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ യെശയ്യാവിൻ്റെ പ്രവചനം നിവൃത്തിയായതായി പറഞ്ഞിട്ടുള്ളതിനാൽ, അവൻ്റെ പ്രവചനം മറിയയെക്കുറിച്ചാണെന്ന് വിചാരിക്കുന്നത് സ്വാഭാവികം. എന്നാൽ, യെശയ്യാവ് പ്രവചിക്കുന്ന കന്യക, യഥാർത്ഥത്തിൽ മറിയയല്ല. “അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:14-16). ഇമ്മാനുവേലിനെക്കുറിച്ചുള്ള യെശയ്യാവിന്റെ ഈ പ്രവചനം ആഹാസ് രാജാവിനോട് ആയിരുന്നു. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയ്ക്കെതിരെ യുദ്ധത്തിനായി പുറപ്പെട്ടു വന്നപ്പോൾ അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും കർത്താവിൽ ആശ്രയിച്ച് ഉറപ്പോടിരിക്കുവാൻ ആഹാസിനോട് പറഞ്ഞുകൊണ്ടാണ്, വിശ്വാസത്തിനായി ഈ അടയാളം നൽകുന്നത്. എന്നാൽ ആഹാസ് രാജാവ് അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. തന്നെയുമല്ല, കന്യകാജനനം ഒഴികെ, യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായില്ല. അതിൻ്റെ 15-ാം വാക്യം: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.” ഇങ്ങനെയൊരു കാര്യം പുതിയനിമത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു എന്ന് താൻതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 11:19; ലൂക്കൊ, 7:34). അതായത്, ക്രിസ്തു യെശയ്യാവ് പറഞ്ഞതുപോലെയോ, യോഹന്നാൻ സ്നാപകനെപ്പോലെയോ ഒരു നാസീർ വ്രതക്കാരൻ ആയിരുന്നില്ല. (ലൂക്കൊ, 1:15). 16-ാം വാക്യം: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” ഇങ്ങനെയൊരു സംഭവവും പുതിയനിയ കാലത്ത് നടന്നിട്ടില്ല. തന്മൂലം, യഥാർത്ഥത്തിൽ ആ പ്രവചനം ക്രിസ്തുവിനെയും മറിയത്തെയും കുറിച്ചായിരുന്നില്ലെന്ന് മനസ്സിലാക്കാം. കൂടാതെ, യെശയ്യാവ് 7:14-ൽ കന്യക എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം അൽമാ (alma) ആണ്. അൽമാ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. പി.ഒ.സി. ബൈബിളിലും യുവതി എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം ബെതൂലാ (bethulah) ആണ്. റിബെക്കയെ പുരുഷൻ തൊടാത്ത കന്യക എന്ന് പറഞ്ഞിരിക്കുന്നത് ബെതൂലാ എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). അതും, ആ പ്രവചനം യഥാർത്ഥത്തിൽ മറിയ എന്ന കന്യകയെക്കുറിച്ചല്ല; മറ്റൊരു സ്ത്രീയാണ് എന്നതിൻ്റെ തെളിവാണ്. യെശയ്യാപ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അത് നിവൃത്തിയായില്ല. എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്. (യെശ, 55:11). തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ക്രിസ്തു എന്ന യഥാർത്ഥ രക്ഷകനിലൂടെ ആ പ്രവചനത്തിന് നിവൃത്തിവന്നു. (മത്താ, 1:21-23). അതിനാൽ, യെശയ്യാ പ്രവചനം യേശുവിൻ്റെ അമ്മയായ മറിയയ്ക്കും ബാധകമാണെങ്കിലും, മറിയയെക്കാൾ, ആ പ്രവചനം യോജിക്കുന്ന യഥാർത്ഥ സ്ത്രീ അല്ലാത്ത ഒരു സ്ത്രീയും കന്യകയും ബൈബിളിലുണ്ട്. ആ സ്തീയുടെ പേരാണ് യിസ്രായേൽ.

യിസ്രായേലിനെ അമ്മയെന്നും സ്ത്രീയെന്നും കന്യകയെന്നും വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. അമ്മയായി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശ, 50:1. ഒ.നോ: യെശ, 51:18). ഭാര്യയായിട്ടും അവിശ്വസ്തയായിട്ടും വിധവയായിട്ടും പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ: “ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർ‍ക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ‍; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശ, 54:4-6). പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും ചിത്രീകരിച്ചിട്ടുള്ള അനേകം വാക്യങ്ങളുണ്ട്. (യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). കന്യകയെന്ന് വിളിച്ചിരിക്കുന്ന വേദഭാഗങ്ങൾ: “അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.” (യിരെ, 18:13. ഒ.നോ: 31:4, 31:21; ആമോ, 5:2). ഈ വേദഭാഗങ്ങളിൽ, നാലുപ്രാവശ്യം യഥാർത്ഥ കന്യകയെ കുറിക്കുന്ന ബെതൂലാ എന്ന പദമാണ് യിസ്രായേലിനു ഉപയോഗിച്ചിരിക്കുന്നത്. അതായത്, ആഹാസ് ദൈവത്തിൻ്റെ വാക്കുവിശ്വസിച്ച് അശ്ശൂർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, ആ പ്രവചനം നിവൃത്തിയാകുമായിരുന്നു. അന്ന് പ്രവചനം നിവൃത്തിയായിരുന്നെങ്കിലും, യിസ്രായേലിലെ യുവതിയിൽ നിന്ന് അല്ലെങ്കിൽ കന്യകയിൽനിന്ന് ജനിക്കുന്നതുകൊണ്ട്, ഇമ്മാനൂവേൽ യിസ്രായേലിൻ്റെ പുത്രൻ തന്നെയായിരിക്കും. പുതിയനിയമത്തിൽ പ്രവചനം ക്രിസ്തുവിലൂടെ നിവൃത്തിയായപ്പോഴും, മറിയ യിസ്രായേൽ കന്യക ആയതുകൊണ്ട്, ക്രിസ്തു യിസ്രായേലിൻ്റെ പുത്രൻ തന്നെയാണ്. “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു” എന്നാണ് പൗലൊസ് പറയുന്നത്. (റോമ, 9:5). അവരിൽനിന്ന് എന്ന ബഹുവചനം ശ്രദ്ധിക്കുക. തന്നെയുമല്ല, യഥാർത്ഥ ഇമ്മാനുവേലായ ക്രിസ്തുവിൻ്റെ അമ്മ യിസ്രായേൽ തന്നെയാണ് എന്നതിന് യെശയ്യാവിൽത്തന്നെ തെളിവുണ്ട്. അവൻ്റെ അടുത്ത പ്രവചനം നോക്കുക: “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു.” (യെശ, 9:6). ഈ വേദഭാഗത്ത്, രണ്ടുവട്ടം ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ഇത് മറിയയെക്കുറിച്ചല്ല; യിസ്രായേലിനെക്കുറിച്ചാണെന്ന് വ്യക്തമാണല്ലോ? അതായത്, യിസ്രായേലിൽ നിന്നാണ് അവരുടെ രക്ഷകൻ അവരെ രക്ഷിക്കാൻ എഴുന്നേറ്റത്. (മത്താ, 1:21). മറ്റൊരു തെളിവുണ്ട്. “യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് ക്രിസ്തുവിനെ എഴുന്നേല്പിച്ചുതരും” എന്നാണ്, യഹോവയും മോശെയും ഒരുപോലെ പറഞ്ഞിരിക്കുന്നത്. (ആവ, 18:15, 18:19). അതായത്, യിസ്രായേലിൽ നിന്ന് അല്ലാതെ, ഒരു വ്യക്തിയിൽ നിന്ന് രക്ഷകൻ എഴുന്നേല്ക്കുന്നതിനെക്കുറിച്ച് പഴയനിയമത്തിൽ എവിടെയും പ്രവചനം കാണാൻ കഴിയില്ല.

ഇനി, ഉല്പത്തിയിലെ പ്രവചനം നിവൃത്തിയായത് എങ്ങനെയാണെന്ന് നോക്കാം: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). ഈ വേദഭാഗത്ത് പറയുന്ന മക്കൾ യിസ്രായേൽ ആണ്. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ. (പുറ, 4:22-23). യിസ്രായേലിനെ പുത്രനെന്നും പുത്രന്മാരെന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. (സങ്കീ, 2:7; ഹോശേ, 11:1; ആവ, 14:1; സങ്കീ, 82:6; യെശ, 43:6). സ്ത്രീയുടെ സന്തതി, പാമ്പിൻ്റെ അഥവാ, പിശാചിൻ്റെ തല തകർക്കുമെന്ന പ്രവചനം നിവർത്തിയായതായി ഈ വേദഭാഗത്ത് വ്യക്തമാണ്. ഈ വാക്യത്തിൽ പറയുന്ന മറ്റൊരു ശ്രദ്ധേയമായ കാര്യമുണ്ട്: ദൈവത്തിൻ്റെ മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു ക്രിസ്തുവും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, ക്രിസ്തു യിസ്രായേലെന്ന സ്ത്രീയുടെ അഥവാ, അമ്മയുടെ പ്രകൃതി സ്വീകരിച്ചുകൊണ്ടാണ് വന്നത്. എബ്രായരിലെ അടുത്ത വാക്യം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: “ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.” (എബ്രാ, 2:16). എന്നാൽ, KJV പോലുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ, സത്യവേദപുസ്തകം സമകാലിക പരിഭാഷയിലും വിശുദ്ധ ഗ്രന്ഥം തുടങ്ങിയവയിലും, “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ” എന്നാണ് കാണുന്നത്. അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണ്. (ഉല്പ, 22:16-17. ഒ.നോ: പ്രവൃ, 3:25). ഈ വാക്യത്തിലും, യിസ്രായേലെന്ന സ്ത്രീയുടെ അഥവാ, അമ്മയുടെ പ്രകൃതിയാണ് സന്തതിയായ ക്രിസ്തു സ്വീകരിച്ചതെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം. ക്രിസ്തു പരിശുദ്ധാത്മാവിനാൽ മറിയയുടെ ഉദരത്തിൽ ഉല്പാദിതമായവൻ ആകയാൽ, അവളിൽനിന്നും ശരീരമോ, പ്രകൃതിയോ ഒന്നും സ്വീകരിച്ചിരുന്നില്ല എന്നതും ഇതോടൊപ്പം ചിന്തിക്കണം. (മത്താ, 1:20; ലൂക്കൊ, 2:21). അതായത്, ക്രിസ്തുവിന് പരിശുദ്ധാത്മാവിനാണ് യിസ്രായേലെന്ന അമ്മയുടെ പ്രകൃതി ലഭിച്ചതെന്ന് മനസ്സിലാക്കാം. ഇനി, യിസ്രായേലാണ് പ്രവചനത്തിലെ സ്ത്രീ എന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു തെളിവ് ഉല്പത്തിയിലെ പ്രസ്തുത വാക്യത്തിൽത്തന്നെ ഉണ്ട്. അതിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.” വേദഭാഗം വളരെ ശ്രദ്ധിക്കണം: ഇവിടെപ്പറയുന്ന ഒന്നാമത്തെ ശത്രുത്വം, സാത്താനും സ്ത്രീക്കും തമ്മിലാണ്. മനുഷ്യരും സാത്താനും തമ്മിൽ പൊതുവായ ഒരു ശത്രുത്വം ഉണ്ടെന്നത് ഒഴിച്ചാൽ; ക്രിസ്തുവിൻ്റെ അമ്മയായ മറിയയുടെ ജീവകാലത്തൊരിക്കലും അവളുമായി സാത്താന് പ്രത്യേകമായ ഒരു ശത്രുത്വം ഉണ്ടായിട്ടില്ല. ക്രിസ്തുവിനെപ്പോലെയോ, അപ്പൊസ്തലന്മാരെപ്പോലെയോ അവൾ കഷ്ടം നേരിടുകയോ, പരീക്ഷ നേരിടുകയോ ചെയ്തതായി പറഞ്ഞിട്ടില്ല. എന്നാൽ, യിസ്രായേൽ ജാതി ഉണ്ടായ കാലം മുതൽ, ദൈവത്തിൻ്റെ സ്വന്തജനമെന്ന നിലയിൽ സാത്താനാൽ പീഢിപ്പിക്കപ്പെടുകയും കഷ്ടം അനുഭവിക്കുകയും ചെയ്യുന്നവരാണ്. ഇത്രയധികം പീഢിപ്പിക്കപ്പെട്ട ഒരു ജാതി ഭൂമുഖത്ത് വേറെയില്ല. വേദപുസ്തകത്തിലും ചരിത്രത്തിലും, ഉടനീളം അതിൻ്റെ തെളിവുകൾ കാണാൻ കഴിയും. തന്മൂലം, അവിടെപ്പറഞ്ഞിരിക്കുന്ന സ്ത്രീ മറിയ അല്ല; യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടാമത്തെ ശത്രുത്വം, സാത്താൻ്റെ സന്തതിക്കും സ്ത്രീയുടെ സന്തതിക്കും തമ്മിലാണ്. സാത്താൻ്റെ സന്തതി ലോകവും സ്ത്രീയുടെ സന്തതി ക്രിസ്തുവും ആണെന്ന് മുകളിൽ കണ്ടതാണ്. സാത്താന്റെ സന്തതിയായ ലോകത്തോടുള്ള ശത്രുത്വത്തിൽനിന്ന് സ്വന്തജനത്തെ രക്ഷിക്കാനാണ് യിസ്രായേലിൻ്റെ സന്തതിയായി ജനിച്ച ക്രിസ്തു, ലോകത്തിൻ്റെയും മരണത്തിന്റെയും അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കിയത്. (എബ്രാ, 2:14-16). തന്മൂലം, പ്രഥമസുവിശേഷത്തിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. യിസ്രായേലെന്ന സ്ത്രീയിൽ നിന്ന് രക്ഷകൻ മാത്രമല്ല വന്നത്; രക്ഷയും വരുന്നത് യിസ്രായേലിൽ നിന്നാണ്. “രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നതെന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 4:22). എന്തെന്നാൽ, സകല ജാതികൾക്കും വെളിച്ചം പകരാൻ ദൈവം തിരഞ്ഞെടുത്ത സ്ത്രീ അഥവാ, ജനത യിസ്രായേലാണ്. (യെശ, 42:7; 49:6; പ്രവൃ, 13:47). അതുകൊണ്ട്, രക്ഷിതാവ് കേവലം മറിയയുടെ സന്തതിയല്ല; അതിലുപരി യിസ്രായേലിൻ്റെ സന്തതിയാണെന്ന് മനസ്സിലാക്കാം.

രണ്ടാമത്തേത്, കാലസമ്പൂർണ്ണതയിലെ സ്ത്രീയാണ്: “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.” (ഗലാ, 4:4,5). ഈ വേദഭാഗം ശ്രദ്ധിക്കുക. കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി, ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, സ്ത്രീയെയും ന്യായപ്രമാണത്തെയും വേർതിരിച്ചല്ല പറയുന്നത്. അതിനാൽ, ന്യായപ്രമാണ സന്തതിയായ യിസ്രേയേലാണ് ഇവിടെപ്പറയുന്ന സ്ത്രീയെന്ന് മനസ്സിലാക്കാം. ഇവിടെപ്പറയുന്ന സ്ത്രീ യിസ്രായേലാണ് എന്നതിന് പൗലൊസ് തന്നെ വേറെ രണ്ട് തെളിവുകൾ തരുന്നുണ്ട്. 1. ഇതേ അദ്ധ്യായത്തിൻ്റെ അവസാനഭാഗത്ത് യിസ്രായേലിനെ അഥവാ, യെരൂശലേമിനെ സ്ത്രീയായി ചിത്രീകരിച്ചിട്ടുണ്ട്.  (ഗലാ, 4:24-31). 2. റോമാലേഖനത്തിൽ മറിയയിൽ നിന്ന് ക്രിസ്തു ഉത്ഭവിച്ചു എന്ന് പറയാതെ, യിസ്രായേലിൽ നിന്ന് അവൻ ഉത്ഭവിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. (റോമ, 9:5). തന്നെയുമല്ല, ലേഖനങ്ങളിൽ ഒരിടത്തും ക്രിസ്തുവിൻ്റെ അമ്മയായ മറിയയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. അടുത്തൊരു പ്രധാനപ്പെട്ട തെളിവുതരാം: ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള മീഖാപ്രവചനം ഇപ്രകാരമാണ്: “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും. (മീഖാ, 5:2-3). ആദ്യ വാക്യത്തിൽ: യിസ്രായേലിലെ യെഹൂദാ പ്രവിശ്യയിൽ ബേത്ത്ളേഹേം പട്ടണത്തിൽ ജനിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനമാണ്. യിസ്രായേലിന്റെ അധിപതിയായവൻ മറിയയിൽ നിന്ന് ജനിക്കുമെന്നല്ല; ബേത്ത്ളേഹേമിൽ നിന്ന് ജനിക്കുമെന്നാണ് പറയുന്നത്. അടുത്ത വാക്യം: “പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും.” ഈ വേദഭാഗത്ത്, പ്രസവിക്കാനുള്ളവൾ എന്ന് വിശേഷിപ്പിക്കാവുന്നത് പട്ടണത്തെയാണ്. അവൻ അവരെ ഏല്പിച്ചുകൊടുക്കും എന്ന് ബഹുവചനത്തിലാണ് പറയുന്നത്. അതായത്, പ്രസവിക്കാനുള്ളവൾ എന്ന് വിശേഷിപ്പിക്കുന്നത് മറിയയെന്ന ഒരു വ്യക്തിയെ അല്ല, ഒരു സമൂഹത്തെയാണ്. യിസ്രായേലിലെ ഒരു പട്ടണമാണ് ബേത്ത്ളേഹേം എന്നതിനാൽ, യിസ്രായേലിനെത്തന്നെയാണ് പ്രസവിക്കാനുള്ളവൾ എന്ന് വിശേഷിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം. വേറെയും വ്യക്തമായ ഒരു തെളിവുണ്ട്. മീഖാ പ്രവാചകൻ തന്നെ തൊട്ടു മുമ്പിലെ അദ്ധ്യായത്തിൽ, യിസ്രായേലിനെ പ്രസവമടുത്ത അഥവാ, ഈറ്റുനോവടുത്ത സ്ത്രീയായി പറഞ്ഞിട്ടുണ്ട്: “സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോൾ നീ നഗരം വിട്ടു വയലിൽ പാർത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവച്ചു നീ വിടുവിക്കപ്പെടും; അവിടെവച്ചു യഹോവ നിന്നെ ശത്രുക്കളുടെ കൈയിൽനിന്ന് ഉദ്ധരിക്കും.” (മീഖാ, 4:10). ഇവിടെ സീയോൻ പുത്രി എന്ന പ്രയോഗം യിസ്രായേലിനെ അഥവാ, യിസ്രായേൽ ജനത്തെയാണ് കുറിക്കുന്നത്. ഒ.നോ: (സെഖ, 9:9). യിസ്രായേലിനെ പ്രസവം അടുത്ത സ്ത്രീയായി പറയുന്ന വേറെയും വാക്യങ്ങളുണ്ട്. ഉദാ: (യെശ, 26:17; 26:18; യിരെ, 4:31; 13:21). തന്മൂലം, കാലസമ്പൂർണ്ണതയിലെ സ്ത്രീയും മറിയയല്ല; യിസ്രായേലാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

മൂന്നാമത്തേത്, സൂര്യനെ അണിഞ്ഞ സ്ത്രീയാണ്: “സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളി, 12:1). ഈ സ്ത്രീയും മറിയ അല്ല; യിസ്രായേലാണ്. വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിലെ എല്ലാക്കാര്യങ്ങളും നമ്മൾ ചിന്തിക്കുന്നില്ല. സ്ത്രീ മറിയ അല്ല; യിസ്രായേൽ ആണെന്നതിൻ്റെ തെളിവുകൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നത്. 1. വെളിപ്പാട് പുസ്തകം എന്നത് പുർവ്വസംഭവങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥമല്ല; ഭാവിസംഭവങ്ങൾ അനാവരണം ചെയ്ത് കാണിക്കുന്ന പുസ്തകമാണ്. യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനും ഏകദേശം 60 വർഷങ്ങൾക്ക് ശേഷം, പത്മോസിൽവെച്ചാണ് യോഹന്നാനു വെളിപ്പാട് ലഭിക്കുന്നത്. അതായത്, ക്രിസ്തുവിൻ്റെ ജനനം ചരിത്രമായതിനും 90 വർഷങ്ങൾക്കുശേഷവും, അവൻ്റെ സ്വർഗ്ഗാരോഹണം ചരിത്രമായതിനും 60 വർഷങ്ങൾക്കു ശേഷവും, യേശുവിൻ്റെ അമ്മ മറിയയുടെ ജനനമരണങ്ങൾ ചരിത്രമായതിനും വളരെ വർഷങ്ങൾക്ക് ശേഷവുമാണ് യോഹന്നാന് ഈ വെളിപ്പാട് ഉണ്ടാകുന്നതും, പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥം താൻ രചിക്കുന്നതും. വെളിപ്പാട് ഒരു പ്രവചന ഗ്രന്ഥമാകയാൽ, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയോ, അവൾ പ്രസവിച്ച ആൺകുട്ടി ക്രിസ്തുവോ അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. 2. വെളിപ്പാട് 1:1-ൽ ‘വേഗത്തിൽ സംഭവിപ്പാനുള്ളതു’ എന്നും, 4:1-ൽ ‘മേലാൽ സംഭവിപ്പാനുള്ളവ’ എന്നും കാണുന്നു. ഈ രണ്ടു പ്രയോഗങ്ങളും ഭൂതകാലത്തിലെ ചരിത്രത്തെ കുറിക്കുന്നതല്ല; ഭാവിയിൽ നിറവേറാനുള്ള പ്രവചനങ്ങളെ സൂചിപ്പിക്കുന്നതാണ്. വചനം ഇത്രയും സുവ്യക്തമായി പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന സ്ത്രീ മറിയ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 3. ആ അദ്ധ്യായത്തിൻ്റെ പതിമൂന്നാം വാക്യം: തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ട് ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.” (വെളി, 12:13). അവിടെപ്പറയുന്ന സ്ത്രീ മറിയയല്ലെന്ന് ഈ വാക്യത്തിൽ വ്യക്തമായി മനസ്സിലാക്കാം. നമ്മുടെ രക്ഷകനായ ക്രിസ്തുവിനെ പ്രസവിച്ച് വളർത്തുക എന്നൊരു ശുശ്രൂഷ മറിയയ്ക്ക് ഉണ്ടായിരുന്നു. അവൾ ആ വേല തികച്ച് അബ്രാഹാമിൻ്റെ മടി എന്ന് വിളിക്കപ്പെടുന്ന പറുദീസയിൽ വിശ്രമിക്കുകയാണ്. എന്നാൽ, വെളിപ്പാടിൽ പറയുന്ന കാര്യങ്ങൾ 2,000 വർഷങ്ങൾക്ക് ഇപ്പുറവും സംഭവിച്ചിട്ടില്ല. അത് നടക്കാനിക്കുന്നതേയുള്ളു. പറുദീസയിൽ വിശ്രമിക്കുന്ന മറിയയെ സർപ്പം ഉപദ്രവിക്കുമെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ചുമ്മാ, സാത്താനാൽ ഉപദ്രവിക്കപ്പെടാൻ മറിയ വീണ്ടും ഭൂമിയിൽ ജനിക്കുമെന്ന് പറയാനും നിവൃത്തിയില്ല. തന്മൂലം, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയല്ലെന്ന് വ്യക്തമാണ്. എ,ഡി. 95-ലാണ് യോഹന്നാൻ വെളിപ്പാട് ദർശിക്കുന്നത്. 1930-ഓളം വർഷമായിട്ടും താൻ ദർശിച്ച സംഭവം നിവൃത്തിയായിട്ടില്ല. അതിനാൽ, സ്ത്രീയോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം. 1. അതൊരു വ്യക്തിയെ കുറിക്കുന്ന പ്രയോഗമല്ല; ഒരു സമൂഹത്തെക്കുറിക്കുന്ന പ്രയോഗമാണ്. ഒരു വ്യക്തിക്ക് കാലങ്ങളോളം ജീവിച്ചിരിക്കാൻ പറ്റില്ല. 2. അത് എന്നേക്കും ഇരിക്കുന്ന ഒരു സമൂഹമാണ്. അതാണ്, ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേൽ. എന്നേക്കും ഇരിക്കുന്ന ദൈവത്തിൻ്റെ അഭിഷിക്തനാണ് യിസ്രായേൽ. (യോഹ, 12:34). തന്മുലം, സൂര്യനെ അണിഞ്ഞ സ്ത്രീയും യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം. 4. അതിൻ്റെ ആറാം വാക്യത്തിൽ ഇപ്രകാരം കാണാം: “സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.” (വെളി, 12:6). ഈ വേദഭാഗത്ത്, ദൈവം സ്ത്രീയേ മൂന്നര വർഷം മരുഭൂമിയിൽ പോറ്റുന്നതായി പറഞ്ഞിട്ടുണ്ട്. പതിനാലാം വാക്യത്തിൽ മറ്റൊരു മൂന്നരവർഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: “അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിനു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോട് അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.” (വെളി, 12:14). ഇവിടെ, ഒരുകാലവും ഇരുകാലവും അരക്കാലവും എന്ന് പറയുന്നത് മൂന്നരവർഷം തന്നെയാണ്. അതായത്, മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളിലുമായി കാണുന്ന ഏഴുവർഷം എന്നത്, ദാനിയേൽ പ്രവചനം ഉദ്ധരിച്ചുകൊണ്ട് ക്രിസ്തു പറഞ്ഞ മഹാപീഡന കാലമാണ്. (ദാനീ, 9:27; 12:1, മത്താ, 24:15-21). ദൈവം യിസ്രായേലിനെ മരുഭൂമിയിൽ കൊണ്ടുപോയി അവരുമായി വ്യവഹരിക്കുന്നതായും പ്രവചനമുണ്ട്: “ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.” (യേഹെ, 20:35,36). അതിനാൽ, വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിൻ്റെ വിഷയം മഹാപീഡനമാണെന്ന് മനസ്സിലാക്കാം. മഹാപീഡനത്തിന് വിധേയരാകുന്നത് യിസ്രായേലും പിന്നെ, ജാതികളുമാണ്. പഴയപുതിയ നിയമങ്ങളിൽ മഹോപദ്രവകാലത്തെ കുറിക്കുന്ന നൂറിലധികം തെളിവുകളുണ്ട്. പല പേരുകളിൽ അത് അറിയപ്പെടുന്നു: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: മത്താ, 24:8; കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: യെശ, 26:20; 34:2), ക്രോധകലശം: വെളി, 16:1), ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21), സംഹാരദിവസം: (സെഫ, 1:18), സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22). മഹാപിഡനം ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിക്കാത്ത യിസ്രായേലിനും ജാതികൾക്കും ഉള്ളതാണ്. 5. അതിൻ്റെ പതിനേഴാം വാക്യം: “മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.” (വെളി, 12:17). സാത്താൻ സ്ത്രീയോട് കോപിച്ചു യുദ്ധംചെയ്യാൻ വരുന്നത്, സ്ത്രീയുടെ സന്താനങ്ങളോടാണ്. ദൈവത്തോടും സ്വന്തജനമായ യിസ്രായേലിനോടുമാണ് സാത്താന് ശത്രുതയുള്ളത്. അതിനാൽ, അവിടെപ്പറയുന്ന സ്ത്രീ മറിയയല്ല; യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം. അതായത്, മഹാഹർപ്പം ഉപദ്രവിക്കാൻ ശ്രമിക്കുന്ന സ്ത്രീ യിസ്രായേലും, അവളുടെ സന്തതികൾ എന്ന് പറഞ്ഞിരിക്കുന്നത് യിസ്രായേല്യരും ആണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. തന്മൂലം, ഉല്പത്തിയിലെ സ്ത്രീ അഥവാ, പ്രഥമസുവിശേഷത്തിലെ സ്ത്രീയും, കാലസമ്പൂർണ്ണതയിലെ സ്ത്രീയും, സൂര്യനെ അണിഞ്ഞ സ്ത്രീയും ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേൽ ആണെന്നത് തർക്കമറ്റ വസ്തുതയാണ്.

യിസ്രായേൽ ആരാണെന്ന് ക്രൈസ്തവർക്ക് വേണ്ടവണ്ണം അറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത: പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചല കൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും ബൈബിളിലെ സകല പ്രവചനങ്ങളുടെയും കേന്ദബിന്ദുവുമാണ് യിസ്രായേലെന്ന എന്നേക്കും ഇരിക്കുന്ന ക്രിസ്തു. (ഉല്പ, 22ൻ്റെ17,18; 26:5; 28:13,14; യെശ, 55:3,4; പുറ, 4:22,23; യോഹ, 12:34). ബൈബിൾ മുഴുവൻ നിറഞ്ഞുനിൽക്കുന്നത്, യിസ്രായേലെന്ന ദൈവസന്തതിയുടെ വാഗ്ദത്തങ്ങളും അഭിധാനങ്ങളും അനവധിയാണ്. ചുരുക്കമായി പറയാം: സകലജാതികളിലും വെച്ച് ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും, ദൈവം ജനിപ്പിച്ച പുത്രനും, ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും, ഭൂമിയിലെ രാജാക്കന്മാർ ചുംബിച്ച് കീഴ്പടുന്നവനും, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും, ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും, ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്ക്; അധിപതിയാക്കിയവനും, ദൈവം സകലത്തെയും കാൽകീഴാക്കി ക്കൊടുത്തവനും, ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും, മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും, രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും, ദൈവം കൂട്ടുകാരിൽ പരമായി ആനന്ദ തൈലംകൊണ്ട് അഭിഷേകം ചെയതവനും, ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ട മുന്തിരിവള്ളിയും, ദൈവത്തിൻ്റെ വലത്തു ഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും, സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും, ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും, മൽക്കീസേദെക്കിൻ്റെ വിധത്തിൽ എന്നേക്കും പുരോഹിതനും, ജാതികൾ പ്രത്യാശ വെക്കുന്ന ദാസനും, ജാതികളെ ന്യായംവിധിക്കുന്നവനും, ജാതികളുടെ പ്രകാശവും, ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും, ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും, ഒരു അമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്ന് അരുളപ്പാട് ലഭിച്ചവനും, ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചിരിക്കുന്നവനും, ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമാണ് യിസ്രായേൽ. യിസ്രായേലെന്ന ദൈവസന്തതിയെക്കുറിച്ച് പഠിക്കാതെ, ഏകസത്യദൈവത്തെ ഉൾപ്പെടെ, ബൈബിളിലെ അനേക കാര്യങ്ങൾ നമുക്ക് അജ്ഞാതമായിരിക്കും. ദൈവത്തിൻ്റെ രണ്ട് പുത്രന്മാരെക്കുറിച്ചുള്ള ചരിത്രമാണ് ബൈബിൾ. ഒന്നാമത്തേത് ഭൗമികസന്തതിയും, രണ്ടാമത്തേത്, ആത്മികസന്തതിയാണ്. ഒന്നാമത്തേത് വാഗ്ദത്തസന്തതിയും, രണ്ടാമത്തത് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചു കൊടുക്കാൻ അന്ത്യകാലത്ത് വെളിപ്പെട്ട സന്തതിയാണ്. ഒന്നാമത്തെ സന്തതിയെ അഥവാ, യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ അറിയാതെ, രണ്ടാമത്തെ സന്തതിയെ അഥവാ, യേശുക്രിസ്തു എന്ന ആത്മികസന്തതിയെയും അവൻ്റെ ശുശ്രൂഷകളെയും പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എന്തെന്നാൽ, യിസ്രായേലെന്ന ദൈവപുത്രനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച്  അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ പദവികളോടെ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ക്രിസ്തു. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-14; 1പത്രൊ, 1:20). അതുകൊണ്ടാണ്, പഴയനിയമത്തിലുള്ള യിസ്രായേലിൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ കാണുന്നതും വാഗ്ദത്തങ്ങളും പ്രവചനങ്ങളെല്ലാം ക്രിസ്തുവിലൂടെ നിവൃത്തിയാകുന്നതും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

യേശുവിൻ്റെ സ്നാനവും ഏകദൈവത്തിൻ്റെ വെളിപ്പാടുകളും

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവവ്യക്തികളുടെ സമ്മേളനം യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായതായിട്ട് ത്രിത്വം പഠിപ്പിക്കുന്നു. അതിന് ആധാരമായ വേദഭാഗം ഇപ്രകാരമാണ്: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). ത്രിത്വോപദേശത്തിൻ്റെ പ്രധാന തെളിവായിട്ടാണ് അനേകരും അങ്ങനെ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. ആദ്യത്തെ വ്യക്തി, യേശു; രണ്ടാമത്തെവ്യക്തി, പ്രാവെന്നപോലെ പരിശുദ്ധാത്മാവ്, മൂന്നാമത്തെവ്യക്തി; ദൈവപിതാവ് അഥവാ, സ്വർഗ്ഗത്തിൽ നിന്നുള്ള പിതാവിൻ്റെ ശബ്ദം. ഇതാണ് അവർ കാണുന്ന മൂന്ന് വ്യക്തികൾ. എന്നാൽ, അതിലെ വസ്തുതയെന്താണ്? എത്രപേർ അവിടെ ഉണ്ടായിരുന്നു? എന്നൊക്കെയാണ് നാം പരിശോധിക്കുന്നത്. വ്യക്തി എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. മനുഷ്യരെ കുറിക്കുന്നതാണെന്ന് പറയുമ്പോൾത്തന്നെ, മനുഷ്യൻ്റെ പ്രകൃതിയെ അല്ല; വ്യതിരിക്തതയെ (Individual) ആണ്, ആ പ്രയോഗം സൂചിപ്പിക്കുന്നത്. എന്നാൽ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണ് ഉള്ളത്. തന്മൂലം, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ, യഹോവയായ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണ മനുഷ്യനെയല്ലാതെ; പിതാവിനെയോ, പരിശുദ്ധാത്മാവിനെയോ വ്യക്തിയെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. (യോഹ, 8:40,46; 2കൊരി, 5:21; 1തിമൊ, 3:14-16). യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായിരുന്നത്: ദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും; മൂന്ന് പേരുമാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ ആരൊക്കെയാണെന്ന് ചോദിച്ചാൽ; യേശുവെന്ന പാപമറിയത്ത മനുഷ്യൻ; പരിശുദ്ധാത്മാവ്; ദൈവപിതാവ് അഥവാ, ദൈവപിതാവിൻ്റെ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം. മൂന്നു പേർ ആരൊക്കെയാണെന്ന് ചോദിച്ചാൽ; ഏകദൈവം; യേശുവെന്ന മനുഷ്യൻ; യോഹന്നാൻ സ്നാപകൻ. നമുക്കെല്ലാം വിശദമായി പരിശോധിക്കാം:

1. സ്നാനത്തിൻ്റെയും ഉദ്ദേശ്യം: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി” (മത്താ, 3:16). യേശു യോഹന്നാനാൽ സ്നാനം ഏറ്റു. ഈ സ്നാനം നിസ്തുല്യമായിരുന്നു. ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ക്രിസ്തുവിന്റെ സ്നാനത്തിനു മറ്റു സ്നാനങ്ങളോട് യാതൊരു ബന്ധവും ഇല്ല. പാപം ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്. എന്നാൽ യേശുവിന് ഒരിക്കലും പാപം ഏറ്റുപറയേണ്ട ആവശ്യമില്ല. അവൻ പാപം എന്തെന്നറിയാത്ത പരിശുദ്ധനും പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും ആയിരുന്നു. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). “ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നിങ്ങനെ ക്രിസ്തു തന്നെ തന്റെ സ്നാനത്തിന്റെ അർത്ഥം വെളിപ്പെടുത്തി. (മത്താ, 3:15). അനുഷ്ഠാനപരമായ നീതിയാണവിടെ വിവക്ഷിതം. ന്യായപ്രമാണപ്രകാരം, മുപ്പതു വയസ്സായ പുരോഹിതന്മാരെ പ്രതിഷ്ഠിക്കേണ്ടതാണ്. (സംഖ്യാ, 4:2; ലൂക്കൊ, 3:23). ഈ പ്രതിഷ്ഠയുടെ ആദ്യപടി കഴുകൽ അഥവാ, സ്നാനമാണ്. അതുപോലെ, മനുഷ്യരെ വീണ്ടെടുക്കുന്നതിനായി സ്വയമർപ്പിച്ചുകൊണ്ടു മോശീയ ന്യായപ്രമാണത്തിനു അവൻ പൂർണ്ണമായി വിധേയപ്പെട്ടുകൊണ്ടാണ്, അനുഷ്ഠാനപരമായ നീതി നിവർത്തിച്ചത്. അതായത്, തൻ്റെ ദൗത്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ മുന്നോടിയായിട്ടാണ്, യോർദ്ദാനിൽവെച്ച് പരസ്യമായി യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിച്ചത്.

2. ക്രിസ്തു എന്നതുംദൈവപുത്രൻ എന്നതും പ്രവചനത്തിൻ്റെ നിവൃത്തി: ദൈവം മൂന്നു വ്യക്തിയാണെന്ന് കരുതുന്നവർ, യേശുവെന്ന ദൈവപുത്രൻ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം ആണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, അങ്ങനെ ജനിച്ച ഒരു പുത്രൻ ബൈബിളിൽ ഇല്ല; ആ പുത്രൻ നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ഉല്പന്നമാണ്. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7,23;2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). എന്തെന്നാൽ, അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി വിശുദ്ധമായി അർപ്പിച്ചതും ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തതും. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ അതിനെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം എന്താണ്? അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; 7:14; 9:6; 61:1-2). അതാണ്, ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾനിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും എന്ന് പത്രൊസ് അപ്പൊസ്തലൻ പറയുന്നതിൻ്റെ അർത്ഥം. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു ദൈവമോ, ദൈവത്തിൻ്റെ നിത്യപുത്രനോ അല്ല; ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16). അഥവാ, ഏകസത്യദൈവം മനുഷ്യരുടെ പാപ പരിഹാരത്തിനായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). തന്മൂലം, ദൈവപുത്രൻ എന്നത് പ്രവചന നിവൃത്തിയാകയാൽ, അതവൻ്റെ പ്രകൃതിയല്ല; അഭിധാനം അഥവാ, സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാം.

3. സ്നാപകൻ കണ്ട അഭിഷേകം അഥവാ, ദർശനവും കേട്ട ശബ്ദവും: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:21,22). സ്നാനാനന്തരമാണ്, അവൻ പ്രവചനം പോലെ; പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ച് ക്രിസ്തു അഥവാ, അഭിഷിക്തൻ ആയത്. (പ്രവൃ, 10:38. ഒ.നോ: യെശ, 61:1-2; ലൂക്കൊ, 2:11; 3:22; പ്രവൃ, 4:27). അവൻ, “ആത്മാവിനാൽ നീതികരിക്കപ്പെട്ടു” എന്നാണ്, ദൈവഭക്തിയുടെ മർമ്മത്തിൽ പൗലൊസ് പറയുന്നത്. (1തിമൊ, 3:16). അനന്തരം, പ്രവചനം പോലെ, അവൻ ദൈവപുത്രനാകുകയും ചെയ്തു. (ലൂക്കൊ, 1:32; 1:35; 3:22). അങ്ങനെ, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിക്കുന്ന മഹാപുരോഹിതനായി അവൻ ദൈവപിതാവിനാൽ നിയമിക്കപ്പെട്ടു. (1തിമൊ, 2:5-6; എബ്രാ, 3:1). ഇതാണ്, യോഹന്നാൻ കണ്ട അഭിഷേകം അഥവാ, ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയു  അർത്ഥം. എന്നാൽ, ദർശനവും ശബ്ദവും  അവിടെക്കൂടിയ എല്ലാവർക്കും വേണ്ടിയായിരുന്നില്ല; യോഹന്നാൻ സ്നാപകന് മാത്രമുള്ളതായിരുന്നു: “ദൈവാത്മാവു ദേഹരൂപത്തിൽ പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ അഥവാ, യോഹന്നാൻ കണ്ടു” എന്നാണ് സമവീക്ഷണ സുവിശേഷകന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. (മത്താ, 3:16). അല്ലാതെ, എല്ലാവരും കണ്ടില്ല. അടുത്ത വാക്യം: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). ഇവിടെയും നോക്കുക: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ എന്ന് ഏകവചനത്തിലാണ് പറയുന്നത്. യോഹന്നാൻ സാക്ഷ്യം പറഞ്ഞതുകൊണ്ടാണ് ചിലരെങ്കിലും ക്രിസ്തുവിനെ അറിഞ്ഞത്. (യോഹ, 1:29-37).അടുത്തവാക്യം: “അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.” (യോഹ, 1:34). സ്നാപകൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇങ്ങനെ ഞാൻ കാണുകയും.” ഞാനെന്ന ഏകവചനം നോക്കുക; താൻ മാത്രമാണ് ആ കാഴ്ച കണ്ടത്. അവിടയുണ്ടായിരുന്ന എല്ലാവരും കണ്ടെങ്കിൽ യോഹന്നാൻ്റെ സാക്ഷ്യത്തിൻ്റെ ആവശ്യമില്ലല്ലോ? അതായത്, ദൈവം യേശുവിനെ അഭിഷേകം ചെയ്തതും ദൈവപുത്രനെന്ന് വിളിച്ചതും യോഹന്നാനെ കാണിച്ചത്, അവനു ക്രിസ്തുവിനെ വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു. എന്നാൽ, വരുവാനുള്ള മശീഹയും ദൈവപുത്രനും യേശുവാണെന്ന് ലോകത്തിന്നു വെളിപ്പെടുത്തുകയായിരുന്നു യോഹന്നാൻ്റെ ദൗത്യം. (യോഹ, 1:31). ഇതാണ്, യോർദ്ദാനിൽ യോഹന്നാൻ കണ്ട ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയും ദൈവിക ഉദ്ദേശ്യം.

4. ദൈവത്തിൻ്റെ പ്രകൃതി: “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമായ ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos) ആണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം.” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. അതായത്, ദൈവം പലരല്ല; ഒരുത്തൻ മാത്രമാണെന്ന് പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഇരുപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (2രാജാ, 19:15, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:24). മേല്പറഞ്ഞ വാക്യങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ബാദ് ആണ് ഈ വേദഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത്, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യവും മോണോസ് ആണ് കാണുന്നത്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, 20 പ്രാവശ്യവും മോണോസ് (monos) ഉപയോഗിച്ചിരിക്കുന്നത്. ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹിദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ദൈവം ഒന്നിലധികം പേരാണെന്നോ, വ്യക്തികളാണെന്നോ ആർക്കും തെളിയിക്കാൻ കഴിയില്ല.

5. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകൾ: ദൈവത്തിൽ വ്യക്തികളില്ല; ദൈവത്തിനു വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകൾ ആണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയപുതിയ നിയമങ്ങളിൽ കാണാം.

പിതാവെന്ന പദവിയിലുള്ള പ്രത്യക്ഷത: സ്വർഗ്ഗത്തിൽ ദൈവത്തിന് ഒരു നിത്യമായ പ്രത്യക്ഷതയുണ്ട്: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി അദൃശ്യമായ ഏകദൈവം പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുകയാണ്. (യെഹെ, 1:26; 8:2). പിതാവെന്ന പദവിയിലുള്ള ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. ബാക്കിയെല്ലാം, മനുഷ്യരോടുള്ള ബന്ധത്തിലെ താല്ക്കാലികമായ പ്രത്യക്ഷതകളാണ്. അതുകൊണ്ടാണ്, സ്രഷ്ടാവും പിതാവുമായ ഏകദൈവമേ നമുക്കുള്ളെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുന്നത്. (ആവ,  32:6; യെശ, 63:16; 64:8; മലാ, 1:6; 2:10; യോഹ, 8:41; 17:3; 1കൊരി, 8:5-6; എഫെ, 4:6; എബ്രാ, 2:11). ദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ച് ക്രിസ്തു പറയുന്നത് നോക്കുക: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). സ്വർഗ്ഗത്തിലെ ഈ പ്രത്യക്ഷത നിത്യമാണെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ വ്യക്തമാണ്. സ്വർഗ്ഗത്തിൽ വസിക്കുന്ന ദൂതന്മാർ എപ്പോഴും കാണുന്ന യഹോവയായ ദൈവപിതാവിതാവിനെ പഴയനിയമത്തിൽ; മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1-3), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ കണ്ടിട്ടുണ്ട്. എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. സ്വർഗ്ഗസിഹാസനത്തിൽ ഇരിക്കുന്ന പിതാവിനെ ദൂതന്മാർ രാപ്പകൽ അഥവാ, എപ്പോഴും ആരാധിക്കുന്നതാണ് യോഹന്നാൻ കണ്ടത്. (വെളി, 4:2,8). അതായത്, ക്രിസ്തു പറഞ്ഞ അതേ കാര്യമാണ് യോഹന്നാനും സ്വർഗ്ഗത്തിൽ കണ്ടത്. (മത്താ, 18:11). പിതാവിനെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും കണ്ടത്. (6:1-3).

പുതിയനിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട്: അതാണ് ദൈവഭക്തിയുടെ മർമ്മം (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരു പ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, അവൻ എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ ആ വേദഭാഗത്തുതന്നെ ഉണ്ട്. അത് പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ കാലസമ്പൂർണ്ണത വന്നപ്പോൾ, യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അഥവാ, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40, 46; 2കൊരി, 5:21). അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). “എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ ജനനം. (എബ്രാ, 10:6; സങ്കീ, 40:6 LXX). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യെശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് (യഹോവ) അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിലുള്ള ഒരു പ്രത്യക്ഷത എടുത്ത്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). പഴയനിയമത്തിലും ഏകദൈവമായ യഹോവ മനുഷ്യനായി പ്രത്യക്ഷമായതിൻ്റെ വ്യക്തമായ തെളിവ് കാണാം. (ഉല്പ, 18:1–19-1). മനുഷ്യൻ്റെ പാപത്തിനു ശാശ്വതമായ പരിഹാരം വരുത്താൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:39; 1രാജാ, 8:23; യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). [മുഴുവൻ തെളിവുകളും കാണാൻ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ കാണുക]

പരിശുദ്ധാത്മാവെന്ന നിലയിലുള്ള ദൈവത്തിൻ്റെ വെളിപ്പാട്: പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉദാ: 1) സങ്കീർത്തനം 139:7-10. 2) യെശയ്യാവ്  6:8-10 – പ്രവൃത്തികൾ 28:26-27. 3) യേശയ്യാവ് 44:24 ഇയ്യോബ് 33:4. 4) മത്തായി 1:20 – മത്തായി 3:17. 5) ലൂക്കൊസ് 3:22 – യോഹന്നാൻ 8:16; 16:32. 6) മത്തായി 12:28 പ്രവൃത്തികൾ 2:22 – പ്രവൃത്തികൾ 10:38. 7) 1പത്രൊസ് 3:18 ഗലാത്യർ 1:1; പ്രവൃത്തികൾ 2:24,31. 8) യോഹ, 3:5-6 1യോഹന്നാൻ 5:1,18. 9) പ്രവൃത്തികൾ 5:3 പ്രവൃത്തികൾ 5:4. 10) 1കൊരിന്ത്യർ 3:16 1കൊരിന്ത്യർ 6:19. 11) യോഹന്നാൻ 8:16; 16:32 മത്തായി 12:24,32. 12) യോഹന്നാൻ 5:44; 17:3. 13) ലൂക്കൊസ് 5:21; റോമർ 16:24; 1കൊരിന്ത്യർ 8ൻ്റെ6; എഫെ, 4:6.

ദൈവത്തിൻ്റെ ഏഴ് ആത്മാവ്: “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ” (വെളി, 1:4-5). ഈ വേദഭാഗത്ത്  പിതാവിൽ നിന്നും യേശുക്രിസ്തുവിൽനിന്നും ഏഴ് ആത്മാവിൽ നിന്നും യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിക്കുന്നത് നോക്കുക. ഏഴ് ആത്മാക്കളെ ഏഴ് ദീപങ്ങളായി സ്വർഗ്ഗത്തിൽ അവൻ കാണുകയും ചെയ്തു. (വെളി, 4:5. ഒ.നോ: 3:1; 5:6). തന്മൂലം, ഇതും ദൈവത്തിൻ്റെ ഒരു വെളിപ്പാടാണെന്ന് മനസ്സിലാക്കാം.

മനുഷ്യപുത്രനോട് സദൃശൻ: സൂര്യതേജസ്സോടെ പത്മോസിൽ യോഹന്നാന് വെളിപ്പെട്ട ഒരു മനുഷ്യപുത്രനോട് സദൃശനെക്കുറിച്ച് വെളിപ്പാടിൽ പറഞ്ഞിട്ടുണ്ട്. (1:13-18). അവിടെ, “ഞാൻ മരിച്ചവനായിരുന്നു; എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശൻ പറഞ്ഞിരിക്കയാൽ; അവൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, അത് യേശു അല്ലെന്നതിൻ്റെ ചില തെളിവുകൾ തരാം: 1. യേശു, മരണത്തിൽനിന്ന് ഉയിർത്തു, മരിച്ചിട്ട് ഉയിർത്തു എന്നല്ലാതെ, “മരിച്ചവൻ ആയിരുന്നു” എന്ന് എവിടെയും പറഞ്ഞിട്ടില്ല. (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12).രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. അതായത്, “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുന്നതാണ്. 2. യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവനെ യേശുവെന്നോ ക്രിസ്തുവെന്നോ ആ വേദഭാഗങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. യേശുവിനെ ഏകദേശം 87 പ്രാവശ്യം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്; എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ എന്ന് അവനെ ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. തന്നെയുമല്ല, യേശുവിനെയാണ് യോഹന്നാൻ കണ്ടതെങ്കിൽ, എൻ്റെ കർത്താവിനെക്കണ്ടു, യേശുവിനെക്കണ്ടു, ദൈവപുത്രനെക്കണ്ടു, മനുഷ്യപുത്രനെക്കണ്ടു, ക്രിസ്തുവിനെക്കണ്ടു എന്നൊന്നും പറയാതെ, മനുഷ്യപുത്രനോട് സദൃശനായവനെക്കണ്ടു എന്ന് അവൻ ഒരിക്കലും പറയില്ലായിരുന്നു. “മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു” എന്നതിനെ സാമാന്യ അർത്ഥത്തിൽ: മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ മറ്റൊരുവനെ കണ്ടുവെന്നോ; അല്ലെങ്കിൽ, യഥാർത്ഥത്തിൽ മനുഷ്യപുത്രനോടു സദൃശൻ എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണോ അവനെ കണ്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്തായാലും അത് യേശുക്രിസ്തു അല്ല. 3. മനുഷ്യപുത്രനോട് സദൃശൻ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവനാണ്. (വെളി, 1:18). എന്നാൽ, ദൈവപുത്രൻ ലോകത്തിൽ വന്നത് ആരെയും വിധിപ്പാനല്ല; ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ്. (യോഹ, 3:17). അവൻ ആരെയും കൊല്ലാൻ വന്നതല്ല; മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കാനാണ് വന്നത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). അവൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. 4. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണ് അവൻ പറയുന്നത്. (വെളി, 2:7). ദൈവപുത്രനോ, ദൈവമോ ആയിരുന്നെങ്കിൽ എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിൽ പറയുമായിരുന്നു. അല്ലാതെ, ദൈവത്തിന്റെ പരദീസയിലുള്ള ഫലം എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. അതായത്, ഇതൊരു ഭൗമികൻ്റെ വാക്കാണ്. 5. മനുഷ്യപുത്രനോട് സദൃശൻ, ദൈവത്തെ, “എൻ്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിക്കുന്നുണ്ട്. (വെളി, 3:2,12). ദൈവമെന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, സ്രഷ്ടാവ് തുടങ്ങി ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. 6. മനുഷ്യപുത്രനോട് സദൃശൻ തൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (വെളി, 3:12). എന്നാൽ, യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് ബൈബിളിൽ എവിടെയും സൂചനപോലും ഇല്ല. 7. യേശുവാണ് അവിടെ യോഹന്നാന് വെളിപ്പെട്ടതെങ്കിൽ, സഭകൾക്ക് ദൂത് നല്കുമ്പോൾ താൻതന്നെ സംസാരിക്കുമായിരുന്നു. എന്നാൽ, ഏഴ് സഭകളോടും സംസാരിക്കുന്നത് ദൈവത്തിൻ്റെ ആത്മാവാണ്. (2:7,11,17,29; 3:6,13,22). ഇതുപോലെ അനേകം തെളിവുകളുണ്ട്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെ ആരാണ് മനുഷ്യപുത്രനോട് സദൃശൻ? ദാനീയേൽ പ്രവചനവും വെളിപ്പാടു പുസ്തകവും തമ്മിലുള്ള അഭേദ്യമായ ബന്ധം എല്ലാവർക്കും അറിയാം. ദാനീയൽ കണ്ട, ദൈവത്തിൻ്റെ വിശുദ്ധന്മാരായ അതേ മനുഷ്യപുത്രനോട് സദൃനായ യിസ്രായേലിനെയാണ് യോഹന്നാനും കാണുന്നത്. അതായത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്. [മുഴുവൻ തെളിവുകളും കാണാൻ: മനുഷ്യപുത്രനോട് സദൃശൻ ആരാണ്? എന്ന വീഡിയോ കാണുക]

അറുക്കപ്പെട്ട കുഞ്ഞാട്: “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.” (വെളി, 5:6). സ്വർഗ്ഗത്തിൽ യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതാണ്. (വെളി, 13:8). എന്നാൽ, ക്രിസ്തു തന്നെത്താൻ യാഗമാക്കിയത് ലോകാവസാനത്തിൽ അഥവാ, അന്ത്യകാലത്താണ്.(1തിമോ, 2:6; എബ്രാ, 9:26). പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. അവൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്നും നാം കണ്ടതാണ്. ദൈവപുത്രനായ ക്രിസ്തുവിനെയല്ല യോഹന്നാൻ കുഞ്ഞാടായി സ്വർഗ്ഗത്തിൽ കണ്ടതെന്ന് മനസ്സിലാക്കാൻ; അവൻ്റെ ജനനവും മരണവും പരിശോധിച്ചാൽ മതി. അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ടതല്ല; യേശുവെന്ന മനുഷ്യനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 2:21). അതായത്, സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന ആരുടെയും അവതാരമല്ല; ഒരു പുതിയ ശിശുവിനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉരുവാക്കിയതാണ്. അതിനെയാണ്, ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16). കന്യകയിൽ ഉല്പാദിതനായ അവൻ, മറിയയുടെ ആദ്യജാതനായിട്ടാണ് ജനിക്കുന്നത്. (മത്താ, 1:25; 2:7,23). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവൻ, യോർദ്ദാനിൽവെച്ച് പ്രവചനംപോലെ, ക്രിസ്തുവും ദൊവപുത്രനുമായി. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:25; 10:38). അനന്തരം, യോർദ്ദാനിൽവെച്ച് ലഭിച്ച അഭിഷേകത്തിൻ്റെ അഥവാ, ആത്മാവിൻ്റെ ശക്തിയോടെയാണ് താൻ ശുശ്രൂഷ ആരംഭിച്ചത്, (ലൂക്കൊ, 4:14). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്ത ദേഹവും (1പത്രൊ,ഴ2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്തവൻ (2കൊരി, 5:21), തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിലാണ് മരിച്ചതും (എബ്രാ, 9:14) ദൈവാത്മാവിലാണ് ഉയിർത്തെഴുന്നേറ്റതും. (1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 7:27; 9:12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറാരെയും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യില്ല. എൻ്റെ ദൈവവും കർത്താവുമെന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെയാണ്, യെഹൂദനും വിശേഷാൽ, അപ്പൊസ്തലനുമായ തോമാസ് “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷചരിത്രകാലത്ത് ഏകദൈവവും ഏകമനുഷ്യനായ ക്രിസ്തുവും രണ്ടുപേരായിരുന്നു. (യോഹ, 17:3; റോമ, 5:15; 1തിമൊ, 2:5-6). എന്നാൽ, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ അഥവാ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല; ദൈവത്തിൽ മറഞ്ഞിരിക്കുകയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് പറഞ്ഞത്. (യോഹ, 16:26). അതിനാലാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നയിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്; ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നിനെക്കുറിക്കുന്നതല്ല; അക്ഷരാർത്ഥത്തിൽ ഒന്നിനെക്കുറിക്കുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ആ പ്രയോഗം ഉച്ചരിച്ചത്. അതായത്, പഴയനിയമത്തിൽ ഇല്ലായിരുന്നവനും അന്ത്യകാലത്തുമാത്രം മാത്രം വെളിപ്പെട്ടവനും തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ശുശ്രൂഷ തികച്ച് ദൈവത്തിൽ മറഞ്ഞവനുമായ ഏകമനുഷ്യനാണ് ക്രിസ്തു. (റോമ, 5:15). ആ മനുഷ്യൻ സ്വർഗ്ഗത്തിൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ലോകസ്ഥാപനം മുതൽ ക്രിസ്തുവിലൂടെ നിർണ്ണയിക്കപ്പെട്ട രക്ഷണ്യവേലയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ട കൂഞ്ഞാടെ മനസ്സിലാക്കാം.

6. യോർദ്ദാനിലെ മൂന്ന് വെളിപ്പാടുകൾ: ദൈവം വ്യക്തിയല്ല; ദൈവത്തിൽ വ്യക്തികളുമില്ല. വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് ഉള്ളതെന്ന് നാം കണ്ടു. അദൃശ്യനായ ഏകദൈവത്തിന് പല പ്രത്യക്ഷതകൾ ഉണ്ടെങ്കിലും, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് പ്രത്യക്ഷതകളാണ്; പിതാവും പുത്രനും പരിശുദ്ധാത്മാവും. ആ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1. യേശു: യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി.” (മത്താ, 3:16). ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാടായ യേശുവെന്ന മനുഷ്യനാണ് യോർദ്ദാനിൽവെച്ച് യോഹന്നാനാൽ സ്നാനം ഏറ്റതും, പരിശുദ്ധാത്മാവിനാൽ നീതീകരിക്കപ്പെട്ടതും. “അവൻ ആത്മാവിനാൽ നീതീകരിക്കപ്പെട്ടു” എന്നാണ് ദൈവഭക്തിയുടെ മർമ്മത്തിൽ പറഞ്ഞിരിക്കുന്നത്. (1തിമൊ, 3:14-16). യോഹന്നാൻ സ്നാനം കഴിപ്പിച്ചതും പരിശുദ്ധാത്മാവ് നീതീകരിച്ചതും ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മണുഷ്യനെയാണ്. 2. പരിശുദ്ധാത്മാവ്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). 3. ദൈവപിതാവ് അഥവാ,ദൈവപിതാവിൻ്റെ ശബ്ദം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം ശബ്ദമായി അഥവാ, വചനമായി ശമൂവേലിനു വെളിപ്പെട്ടതായി പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (1ശമൂ, 3:21). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. (2പത്രൊ, 1:17). ഇതാണ്, സ്നാനസമയത്ത് ഉണ്ടായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ.

7. യോർദ്ദാനിൽ ഉണ്ടായിരുന്ന മൂന്നു പേർ: യോർദ്ദാൻ നദിയിൽ സ്നാനസമയത്ത് സന്നിഹിതരായിരുന്നത് മൂന്ന് പേരായിരുന്നു. കരയിൽ കുറേപ്പേർ ഉണ്ടായിരുന്നു; അത് നമ്മുടെ വിഷയമല്ല. 1. ദൈവം: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; പ്രവൃ, 4:27). ഏകദൈവമാണ് പിതാവിൻ്റെ ശബ്ദമായും ആത്മാവായും യോർദ്ദാനിൽ വെളിപ്പെട്ടത്. അല്ലാതെ, അത് രണ്ട് വ്യക്തികളല്ല. 2. യേശുവെന്ന മനുഷ്യൻ. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40, ഒ.നോ: മത്താ, 11:19). അതായത്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യനാണ് യോഹന്നാനാൽ സ്നാനമേറ്റതും ദൈവത്താൽ അഭിഷേകം പ്രാപിച്ചതും. (യോഹ, 8:40,46; 2കൊരി, 5:21). ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. അതായത്, ദൈവം അഭിഷേകം ചെയ്തത് ദൈവത്തെയല്ല; നസ്രറായനായ യേശുവെന്ന മനുഷ്യനെയാണ്. (പ്രവൃ, 2:22; 4:27; 10:38). ദൈവം തൻ്റെ ശുശ്രൂഷകൾക്ക് വേണ്ടി മനുഷ്യന് നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിലും അനേകം തെളിവുകളുണ്ട്. അഭിഷേകം പ്രാപിക്കാൻ ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശെ, 11:9). എന്നാൽ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്രക്ഷതയായ യേശു മനുഷ്യനാണ്. ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ലാതിരിക്കെ, ദൈവപുത്രനായ യേശു പ്രകൃതിയിൽ ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചയുള്ളവൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും (യോഹ, 8:40; മത്താ, 11:19), പുത്രൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). യേശു തിരഞ്ഞെടുത്തവരും അവനോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവരും ക്രിസ്തുവിനുവേണ്ടി ജീവൻ വെച്ചവരുമായ അപ്പൊസ്തലലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ് ചെയ്യുന്നത്. (ലൂക്കൊ, 10:16). യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 40 പ്രാവശ്യം പഴഞ്ഞിട്ടുണ്ട്. 36 പ്രാവശ്യം മനുഷ്യൻ (anthropos) എന്നും, 4 പ്രാവശ്യം ജഡം (സർക്സ്, sarki) എന്നും പറഞ്ഞിട്ടുണ്ട്. രണ്ട് മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). യൂദാ ഒഴികെയുള്ള, പുതിയനിയമ എഴുത്തുകാർ എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ സാക്ഷ്യം അസത്യം ആയിരുന്നെങ്കിൽ, ദൈവാത്മാവ് അതിനെ രേഖപ്പെടുത്താൻ അനുവദിക്കുമായിരുന്നോ? 3. യോഹന്നാൻ സ്നാപകൻ: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). തൻ്റെ ക്രിസ്തുവിന് വഴിയൊരുക്കാൻ ദൈവത്താൽ അയക്കപ്പെട്ടവനാണ് യോഹന്നാൻ സ്നാപകൻ. (യെശ, 40:3; മലാ, 3:1). ഈ മൂന്നുപേരാണ് യോർദ്ദാനിൽ ഉണ്ടായിരുന്നത്. അതായത്, ഏകദൈവവും രണ്ട് മനുഷ്യവ്യക്തികളുമാണ് യോർദ്ദാനിലെ സ്നാനസ്ഥലത്ത് സന്നിഹിതരായിരുന്നത്. ദൈവപുത്രനായ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആണെങ്കിലും, മനുഷ്യനെന്ന നിലയിൽ സുവിശേഷ ചരിത്രകാലത്ത് ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരുന്നു. അതുകൊണ്ടാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതകളുടെ കൂട്ടത്തിലും മൂന്നുപേരുടെ കൂട്ടത്തിലും യേശു ഉൾപ്പെടുന്നത്. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്; അല്ലാതെ, ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതാണ്, യേശുവിൻ്റെ സ്നാനവും വസ്തുകകളും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ;,.