ലോകം ഉണ്ടാകുംമുമ്പേ ക്രിസ്തു ദൈവത്തിൻ്റെ അടുക്കൽ ദൈവമായി ഉണ്ടായിരുന്നു എന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അതിനാധാരമായ വാക്യം ഇതാണ്: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ.” (യോഹ, 17:5). എന്നാൽ, ഇത് തൻ്റെ ശുശ്രൂഷയുടെ പരിസമാപനത്തെക്കുറിക്കുന്ന ആത്മിക പ്രയോഗമാണ്. അല്ലാതെ, ക്രിസ്തു ലോകം ഉണ്ടാകുംമുമ്പേ ഉള്ളവനല്ല. അതിൻ്റെ തെളിവുകൾ നോക്കാം:
1️⃣ ക്രിസ്തു ആരാണ്: ആദ്യം അറിയേണ്ടത് ക്രിസ്തു ആരാണെന്നാണ്. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ, അവൻ ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) ആണ്. അഥവാ, ഏകദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, ‘അവൻ_ എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, ‘നാമം‘ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6. ഒ.നോ: ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പ്രവചനംപോലെ, കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 1:35; 2:21യോഹ, 6:69; 8:40). ദൈവം അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആണ്. (കൊലൊ, 1:15; യോഹ, 4:24; യിരെ, 23:24; 1തിമൊ, 6:16; യാക്കോ, 1:17; 1യോഹ, 4:12). അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ ലോകം ഉണ്ടാകുംമുമ്പേയല്ല; ബി.സി. 6-ലാണ് മനുഷ്യരുടെ രക്ഷയ്ക്കായി കന്യകയിലൂടെ ദൈവം ജഡത്തിൽ വെളിപ്പെട്ടത്. തന്മൂലം, ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തു മുമ്പേ ഉണ്ടാകുക സാദ്ധ്യമല്ല.
2️⃣ ക്രിസ്തുവിൻ്റെ പ്രകൃതി: ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-33; 19:1). എന്നാൽ, ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147: 19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1,16; 1തിമൊ, 3:14-16). അതായത്, പ്രവചനംപോലെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അഥവാ, മനുഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (മത്താ,, 1:20; ലൂക്കൊ, 2:21; യോഹ, 6:69; 8:40; എബ്രാ, 10:5; സങ്കീ, 40:6). അതിനാൽ, യേശുവെന്ന പരിശുദ്ധമനുഷ്യന്, ലോകം ഉണ്ടാകുംമുമ്പേ പോയിട്ട്, മറിയയ്ക്ക് മുമ്പേപോലും ഉണ്ടാകാൻ സാദ്ധ്യമല്ല.
3️⃣ ക്രിസ്തുവിൻ്റെ ചരിത്രപരത: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് വിശ്വസിച്ചാൽ ശരിയാകുമോ? അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിന് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെപ്പറഞ്ഞാൽ എങ്ങനെയിരിക്കും? യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (ഗലാ, 4:4). ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). ആത്മാവിൽ ബലപ്പെട്ടതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറഞ്ഞാൽ, എങ്ങനെയിരിക്കും?
അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8:40). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക.അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു പാപം അറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. പ്രവചനങ്ങൾപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ച് ക്രിസ്തുവും ദൈവപുത്രനായവൻ എങ്ങനെയാണ് ലോകം ഉണ്ടാകുംമുമ്പേ ഉണ്ടാകുന്നത്?
4️⃣ യഹോവയും ക്രിസ്തുവും: ക്രിസ്തുവിനെക്കുറിച്ച് യഹോവ പറഞ്ഞിരിക്കുന്ന സ്പഷ്ടമായ രണ്ട് വേദഭാഗങ്ങളുണ്ട്:
1. “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപരാമർശം ഇതാണ്. പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ ഈ വേദഭാഗം അറിയപ്പെടുന്നു. യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായ ക്രിസ്തുവാണ് തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:14-16). ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ദൈവത്തിൻ്റെ ദൈവത്തോടൊപ്പം ഉണ്ടായിരുന്ന ദൈവം ആയിരുന്നെങ്കിലോ യഹോവ അവനെ, സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിനും ആദി കാരണവും സകലത്തിൻ്റെയും സ്രഷ്ടാവുമാണ്. ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ, ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? തന്മൂലം, ലോകം ഉണ്ടാകുംമുമ്പേ ക്രിസ്തു ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാം.
2. “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” (ആവ, 18:18). ഇത്, ക്രിസ്തുവിനെക്കുറിച്ച് യഹോവയായ ദൈവം മോശെയോട് പറയുന്നതാണ്. ഈ വേദഭാഗം ശ്രദ്ധിക്കുക: നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകനെന്നാണ് അവനെ ആദ്യം പറയുന്നത്. ദൈവം ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് പറയുന്നതുതന്നെ വെറും വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനായാലും മനുഷ്യനെ ദൈവവുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? ക്രിസ്തു ദൈവത്തോടു കൂടെയുണ്ടായിരുന്ന ദൈവം ആണെങ്കിൽ എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ ദൈവംതന്നെ, അവൻ മോശെയെപ്പോലെ ഒരു പ്രവാചകണെന്ന് പറയുമായിരുന്നോ? ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കുകയും സാദൃശ്യപ്പെടുത്തുകയും ചെയ്യുകവഴി താൻതന്നെ ഭോഷ്ക്ക് പറയുന്നവൻ ആകില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). താൻ മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മരണമില്ലാത്തവനുമാണ്. (മലാ, 3:6; യാക്കോ, 1:17; 1തിമൊ, 6:16). തന്മൂലം, ക്രിസ്തു നിത്യപുത്രനായ ദൈവമാണെങ്കിൽ, അവനൊരിക്കലും മോശെയ്ക്ക് തുല്യനായ മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല. പിന്നെ പറയുന്നത്: ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; റോമ, 9:5; ഗലാ, 4:4). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവത്തോപ്പം ആദിമുതലേ ഉണ്ടായിരുന്നവനോ ആയിരുന്നെങ്കിൽ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും? അതിനാൽ, ക്രിസ്തു ആദിമുതലെ ദൈവത്തോടൊപ്പം ഇല്ലായിരുന്നു; മനുഷ്യരുടെ രക്ഷയ്ക്കായി പരിശുദ്ധാത്മാവിൽ യിസ്രായേലിൽനിന്ന് എഴുന്നേറ്റവനാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
5️⃣ മോശെയും ക്രിസ്തുവും: ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പറഞ്ഞിരിക്കുന്നത് നോക്കാം: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). മോശെ പറയുന്നത് ശ്രദ്ധിക്കുക: എന്നെപ്പോലൊരു പ്രവാചകനെന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. മോശെയോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: 1. ക്രിസ്തു ദൈവത്തോട് കൂടെയുണ്ടായിരുന്ന ദൈവമാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ? (പുറ, 8:10; (ആവ, 4:35; 4:39; 33:26). താൻതന്നെ കള്ളനായി മാറില്ലേ? 2. താൻ പറഞ്ഞ പ്രവാചകൻ അഥവാ, ക്രിസ്തു ദൈവത്തോട് കൂടെയുണ്ടായിരുന്ന ദൈവമാണെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. 3. എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 10:38). മോശെയെ അഭിഷേകം ചെയ്തതായി പഴയനിയമത്തിൽ പറഞ്ഞിട്ടില്ലെങ്കിലും, ദൈവത്തിൻ്റെ ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17,25). പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:6). തന്മൂലം, ക്രിസ്തുവിനെപ്പോലെതന്നെ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19; പ്രവൃ, 3:22; 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). തന്മൂലം, മോശെ പ്രവചിച്ച മുമ്പെ ക്രിസ്തു ദൈവത്തോടു കൂടെയുണ്ടായിരുന്ന ദൈവമല്ല; യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേറ്റവനാണെന്ന് മനസ്സിലാക്കാം.
6️⃣ ദൈവം തൻ്റെ പുത്രനെ അയച്ചു: ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ദൈവത്തോടുകൂടെ മുമ്പെ ഉണ്ടായിരുന്നു എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ, അതും ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്. അതിൻ്റെ വ്യക്തമായ തെളിവ് ബൈബിളിൽ ഉണ്ട്. ദൈവം യേശുവിനെ മാത്രമല്ല; അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്; മോശെയും അഹരോനും തുടങ്ങി, സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15, സെഖ, 2:8, പ്രവൃ, 7:35). അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം. ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, പഴയ നിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീം ദേശത്തു നിന്ന് പുറപ്പെട്ട നാൾ മുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകല ദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു. (യിരെ, 7:25). അടുത്തവാക്യം: ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു, ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്ന് പറയിച്ചു. (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവം തന്നെ സാക്ഷ്യം പറയുന്ന പ്രവാചകന്മാർ ആരും; യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ടവരോ, മുമ്പെ ഉണ്ടായിരുന്നവരോ അല്ല; യിസ്രായേലിൽ നിന്ന് ദൈവം ഭൂമിയിൽനിന്ന് എഴുന്നേല്പിച്ചതാണ്. അതുപോലെ, യേശു എന്ന വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെയും ദൈവം യിസ്രായേൽ കന്യകയിൽ നിന്ന് എഴുന്നേല്പിച്ചതാണ്. (ലൂക്കൊ, 24:19). പുതിയ നിയമത്തിൽ, ദൈവം അയച്ച മറ്റൊരു പ്രവാചകനുണ്ട്. ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു, അവനു യോഹന്നാൻ എന്നു പേർ. (യോഹ, 1:6; ലൂക്കൊ, 16:16). യോഹന്നാൻ സ്നാപകൻ, മുമ്പെ സ്വർഗ്ഗത്തിൽ; ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നു എന്ന് ആരെങ്കിലും പറയുമോ? അതിനാൽ, ക്രിസ്തു മുമ്പെ ദൈവത്തോടുകൂടെ ഉണ്ടായിരുന്നവൻ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
7️⃣ അന്ത്യകാലത്ത് വെളിപ്പെട്ടവൻ: അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറയുന്നത് നോക്കുക: “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടായിരുന്നുവെന്നല്ല; മുന്നറിയപ്പെട്ടവൻ എന്നാണ് പത്രൊസ് പറയുന്നത്. മുന്നറിയപ്പെടുക എന്ന് പറഞ്ഞാൽ, മുൻകൂട്ടിക്കൊടുക്കുന്ന അറിയിപ്പാണ്. പഴയനിയമത്തിൽ യേശുവെന്ന ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). പ്രവചനം എന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ നിറവേറാനുള്ളതാണ്. പ്രവചനങ്ങളിലൂടെ അവൻ മുന്നറിയപ്പെട്ടതു കൊണ്ടാണ് പ്രവാചകന്മാരിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാൽ വരുവാനുള്ളവനെക്കുറിച്ച് ആരാഞ്ഞു നോക്കിക്കൊണ്ടിരുന്നത്. (1പത്രൊ, 1:11). അന്ത്യകാലത്തുമാത്രം പരിശുദ്ധാത്മാവിനാൽ കന്യകയിലൂടെ ഉല്പാദിതമായി ലോകത്തിൽ വെളിപ്പെട്ടവൻ എങ്ങനെയാണ് ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടാകുന്നത്?
8️⃣ ക്രിസ്തു പറഞ്ഞതിന് സമാനമായ ഒരുകാര്യം പൗലൊസ് പറയുന്നുണ്ട്: “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവൻ (ദൈവം) ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ അവനിൽ (ക്രിസ്തുവിൽ) തിരഞ്ഞെടുക്കയും.” (എഫെ, 1:4-5). ഈ വേദഭാഗത്ത്, ലോകസ്ഥാപനത്തിനുമുമ്പെ ദൈവം ക്രിസ്തുവിലൂടെ നമ്മെ തിരഞ്ഞടുത്തു എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ, ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നെങ്കിൽ, തിരഞ്ഞെടുക്കപ്പെട്ട നമ്മളും ഉണ്ടായിരിക്കണം. നമ്മളില്ലാതെ എങ്ങനെ നമ്മളെ തിരഞ്ഞടുക്കും? ഇതൊക്കെ ആലങ്കാരികമായി അഥവാ, ആത്മിക അർത്ഥത്തിൽ പറയുന്നതാണ്. ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് തൻ്റെ സർവ്വജ്ഞാനത്താൽ അഥവാ, ജ്ഞാനസമ്പൂർണ്ണതയിൽ ഉള്ളതാണ്. താൻ കാലസമ്പൂർണ്ണതയിൽ എഴുന്നേല്പിപ്പാനുള്ള ക്രിസ്തുവിലൂടെ ആരൊക്കെ രക്ഷപ്രാപിക്കും എന്ന മുന്നറിവിലുള്ളതാണ് തിരഞ്ഞെടുപ്പ്. അല്ലെങ്കിൽ, ആ മുന്നറിവിനെയാണ് തിരഞ്ഞെടുപ്പ് എന്ന് ബൈബിൾ പറയുന്നത്. ആ അർത്ഥത്തിൽ, ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉള്ളത് ദൈവത്തിൻ്റെ ഹൃദയത്തിലാണ്. അതാണ്, “മാർവിലിരിക്കുന്ന പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” എന്ന യോഹന്നാൻ്റെ പ്രയോഗത്തിൻ്റെ അർത്ഥം. (യോഹ, 1:18). അവിടെപ്പറയുന്ന, Bosom (kolpos) മടിയല്ല; മാർവ് ആണ്. (യോഹ, 13:23). അല്ലാതെ, ക്രിസ്തു മറ്റൊരുത്തനായി സ്വർഗ്ഗത്തിൽ മുമ്പെ ഇല്ലായിരുന്നു.
9️⃣ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷ ചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:5-6). മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46). എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ അവൻ ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല; ദൈവത്തിൻ്റെ പ്രത്യക്ഷത ദൈവത്തിൽത്തന്നെ മറയുകയാണ് ചെയ്യുന്നത്. (കൊലോ, 3:3). അക്കാര്യം ക്രിസ്തുവിൻ്റെ വാക്കിനാൽ വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, തൻ്റെ ശുശ്രൂശ അവസാനിക്കാറായപ്പോൾ, “ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ” എന്ന് ക്രിസ്തു പ്രാർത്ഥിച്ചത്. അതായത്, ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം യഹോവയെന്ന നിലയിലാണ്: “യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കപ്പെട്ടവന്‍. അവന്‍ തന്‍റെ ജനത്തെ സന്ദര്‍ശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68. ഒ.നോ: യെശ, 25:8-9; 35:3-6; 40:3). യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന് വ്യക്തമാണല്ലോ. യിസ്രായേലിന്റെ ദൈവം തൻ്റെ ജനത്തെ രക്ഷിക്കാനാണ് യേശുവെന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:21). അതിനാൽ, സുവിശേഷചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്. അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. അതിനാലാണ്, ഞാൻ തന്നെ അവൻ അഥവാ, പിതാവെന്നും (യോഹ, 8:24,28; 13:19), അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മിയാണ് താനെന്നും (8:58), ഞാനും പിതാവും ഒന്നാകുന്നു എന്നും (10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നും ദൈവപുത്രൻ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ക്രിസ്തുവിനല്ലാതെ, ലോകത്തിൽ ഒരു മനുഷ്യനും പറയാൻ കഴിയില്ല. അങ്ങനെയൊരു പ്രയോഗം നിങ്ങൾക്ക് ലോകത്തിൽ കാണാനും കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ദൈവത്തിൻ്റെ വെളിപ്പാട് ദൈവത്തിൽത്തന്നെ ഒന്നായിത്തീരുകയാണ്. അതാണ് ക്രിസ്തു പറഞ്ഞതിൻ്റെ ശരിയായ അർത്ഥം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.
കൂടുതൽ അറിവുകൾക്കായി താഴെയുള്ള ലിങ്കുകൾ നോക്കുക:
2 thoughts on “ലോകം ഉണ്ടാകുംമുമ്പെ ഉണ്ടായിരുന്ന മഹത്വം”