നെഹുഷ്ഠാൻ

 നെഹുഷ്ഠാൻ, താമ്രസർപ്പം ​ആരാധനയുടെ നവീകരണത്തിനു വേണ്ടിയുള്ള ശ്രമത്തിൽ ഹിസ്ക്കീയാവ് രാജാവ് നശിപ്പിച്ച താമ്രസർപ്പത്തിന്റെ പേരാണ് ❛നെഹുഷ്ഠാൻ❜ (𝐍𝐞𝐡𝐮𝐬𝐡𝐭𝐚𝐧) (2 രാജാ, 18:4). ​➟എബ്രായയിൽ ഇത് ❛നെഹുഷ്താൻ❜ (𝐍𝐞-𝐡𝐮𝐬𝐡-𝐭𝐚𝐧) എന്നാണ്. ➟❛നെഹോഷെത്❜ (𝐍𝐞𝐡𝐨𝐬𝐡𝐞𝐭𝐡) എന്ന വാക്കിൽ നിന്നാണ് ഇതുണ്ടായത്. ➟❛വെങ്കലം❜ (𝐁𝐫𝐨𝐧𝐳𝐞) അല്ലെങ്കിൽ ❛താമ്രം❜ (𝐂𝐨𝐩𝐩𝐞𝐫) എന്നാണ് ഈ പദത്തിന്റെ അർത്ഥം. ➟❛പാമ്പ്❜ എന്നർത്ഥം വരുന്ന ❛നാഹാഷ്❜ (𝐍𝐚𝐜𝐡𝐚𝐬𝐡) എന്ന വാക്കുമായും ഇതിന് ബന്ധമുണ്ട്. ➟അതിനാൽ ‘താമ്രക്കഷണം’ എന്നോ, ❛താമ്രംകൊണ്ടുള്ള പാമ്പ്❜ എന്നോ ഇതിനെ അർത്ഥമാക്കാം.

​☛ അഗ്നിസർപ്പവും താമ്രസർപ്പവും
➦ ​മരുഭൂമിയിൽ വെച്ച് മോശെയാണ് താമ്രസർപ്പത്തെ നിർമ്മിച്ചത്. ➟യിസ്രായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്ക് ഭക്ഷണവും വെള്ളവും ദുർല്ലഭമായി. ➟തന്മൂലം അവർ ദൈവത്തിനും മോശെയ്ക്കും വിരോധമായി സംസാരിച്ചു. ​➟അതിനാൽ യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയക്കുകയും അനേകം പേർ മരിക്കുകയും ചെയ്തു. ​➟മോശെ പ്രാർത്ഥിച്ചപ്പോൾ, യഹോവയുടെ കല്പനയനുസരിച്ച് അവൻ ഒരു താമ്രസർപ്പം നിർമ്മിച്ച് കൊടിമരത്തിൽ തൂക്കി. ➟കടിയേറ്റവർ വിശ്വാസത്തോടെ അതിനെ നോക്കുകയും രക്ഷപ്രാപിക്കുകയും ചെയ്തു (സംഖ്യാ, 21:4-9).

​☛ പേരിന്റെ പിന്നിലെ ചരിത്രം
➦ ​യിസ്രായേൽ ജനം മരുഭൂമിയിൽനിന്ന് പോന്നപ്പോൾ ഈ താമ്രസർപ്പത്തെയും കൂടെക്കൊണ്ടുവന്നു; ➟പിന്നീട് കനാനിൽ അതിനെ പ്രതിഷ്ഠിച്ച് അവർ അതിന് ധൂപം കാട്ടി ആരാധിക്കാൻ തുടങ്ങി. ➟ഹിസ്ക്കീയാവ് രാജാവ് അധികാരമേറ്റപ്പോൾ, മറ്റ് പൂജാഗിരികൾക്കും വിഗ്രഹങ്ങൾക്കുമൊപ്പം ഈ താമ്രസർപ്പത്തെയും ഉടച്ചുകളഞ്ഞു (2രാജാ, 18:4). ​➟അതിനോടുള്ള കടുത്ത അവജ്ഞയും അമർഷവും മൂലമാണ് ഹിസ്കീയാവ് രാജാവ് അതിനെ ഉടച്ചുകളഞ്ഞത്. ​➟സത്യവേദപുസ്തകത്തിൽ ❛അതിന്നു നെഹുഷ്ഠാൻ എന്നു പേരായിരുന്നു❜ എന്നാണ് കാണുന്നത്. ➟❛ആയിരുന്നു❜ (𝐖𝐚𝐬) എന്ന ഭൂതകാലപദം, പേര് മുമ്പേ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നതാണ്. ➟അതിനാൽ ഈ പേര് മുമ്പേ ഉണ്ടായിരുന്നു എന്ന് ചിലർ കരുതുന്നു. ​➟എന്നാൽ എബ്രായ മൂലപാഠത്തിൽ ❛𝗪𝗮𝘆𝘆𝗶𝗾𝗿𝗮 𝗟𝗼𝘄 𝗡𝗲𝗵𝘂𝘀𝗵𝘁𝗮𝗻❜ (𝐇𝐞 𝐜𝐚𝐥𝐥𝐞𝐝 𝐢𝐭 𝐍𝐞𝐡𝐮𝐬𝐡𝐭𝐚𝐧) എന്നാണുള്ളത്. ➟അതായത്, ❛അവൻ അതിനെ നെഹുഷ്ഠാൻ എന്നു വിളിച്ചു❜ എന്നർത്ഥം. ➟❛വെറുമൊരു വെങ്കലക്കഷണം❜ എന്ന അർത്ഥത്തിൽ ഹിസ്ക്കീയാവ് അതിനെ അവജ്ഞാപൂർവ്വം വിളിച്ച പേരാണിത്.

​☛ ക്രിസ്തുവും താമ്രസർപ്പവും
➦ ​യേശുക്രിസ്തു നിക്കോദേമൊസിനോട് വീണ്ടുംജനനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, തന്റെ ക്രൂശുമരണത്തെ താമ്രസർപ്പം ഉയർത്തിയതിനോട് ഉപമിക്കുന്നതായി കാണാം: ​➨❝മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.❞ (യോഹ, 3:14). ​➟മരുഭൂമിയിലെ സംഭത്തോടുള്ള ബന്ധത്തിൽ ചിന്തനീയമായ ഒരു ചോദ്യമുണ്ട്: ➟മരുഭൂമിയിൽ യിസ്രായേൽ ജനത്തിന്റെ ജീവരക്ഷയ്ക്കായി ഉണ്ടാക്കിയ താമ്രസർപ്പത്തെ വിശുദ്ധ വസ്തുക്കൾക്കൊപ്പം സമാഗമനകൂടാരത്തിൽ വെക്കാതെ, കൊടിമരത്തിൽ തൂക്കിയത് എന്തുകൊണ്ടാണ്❓ ➟ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കാനിരുന്ന കൃപയാലുള്ള രക്ഷയുടെ മുൻകുറിയായിരുന്നു താമ്രസർപ്പം. ➟അതായത്, കർത്താവായ യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ നിഴലായിരുന്നു (𝐒𝐡𝐚𝐝𝐨𝐰) മോശെ മരുഭൂമിയിൽ ഉയർത്തിയ താമ്രസർപ്പം. 

​☛ കൃപയാലുള്ള രക്ഷ
➦ ​കിലോമീറ്ററുകളോളം പരന്നുകിടന്ന പാളയത്തിൽ വെച്ച് അഗ്നിസർപ്പത്തിന്റെ കടിയേൽക്കുന്നവർക്ക്, തൽസ്ഥാനത്തുനിന്നുകൊണ്ട് പ്രവൃത്തികൂടാതെ, വിശ്വാസത്താലുള്ള ഒരു നോട്ടംകൊണ്ട് രക്ഷ പ്രാപിക്കാനാണ് അത് ഉയരത്തിൽ തൂക്കപ്പെട്ടത്. ➟അതുപോലെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെയുള്ള രക്ഷയും പൂർണ്ണമായി കൃപയാൽ ഉള്ളതാണ്: ​➨❝കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.❞ (എഫെ, 2:8-9). ​➨❝ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും❞ (യോഹ, 12:32) എന്ന് യേശു പറഞ്ഞതുപോലെ, പിതാവ് ആകർഷിച്ചിട്ടാണ് നാം ക്രിസ്തുവിലൂടെ രക്ഷപ്രാപിച്ചത്: (യോഹ, 6:44). അതിനാൽ നമുക്ക് പ്രശംസിക്കാൻ ഒന്നുമില്ല. ➨❝കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.❞ (റോമ, 11:6)

Leave a Reply

Your email address will not be published. Required fields are marked *