“നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു” (തീത്തൊ, 2:12)
തീത്തൊസിലെ മഹാദൈവം ആരാണെന്നാണ് നാം പരിശോധിക്കുന്നത്. മഹാദൈവവും രക്ഷിതാവായ യേശുക്രിസ്തുവും രണ്ടുപേരാണെന്ന് വിശ്വസിക്കുന്നവരും ഒന്നാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. മഹാദൈവവും യേശക്രിസ്തുവും അഭിന്നരാണെന്നും വിഭിന്നരാണെന്നും തോന്നത്തക്ക വിധത്തിലാണ് ഇംഗ്ലീഷിലെ പരിഭാഷകൾ: “Looking for that blessed hope, and the glorious appearing of the great God and our Saviour Jesus Christ;” (KJV, NIV, ESV, NASB, NLT). “lokinge for that blessed hope and glorious apperenge of ye myghty god and of oure savioure Iesu Christ;” (Tyndale Bible, Coverdale Bible, Matthew’s Bible, The Great Bible, Geneva Bible). ഇംഗ്ലീഷിലെ മിക്ക പരിഭാഷകളിലും മഹാദൈവവും യേശുക്രിസ്തുവും ഒന്നാണെന്ന നിലയിലാണ് പരിഭാഷ ചെയ്തിരിക്കുന്നത്. KJV-യുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്ലിയിൽ ഇപ്രകാരമാണ്: “ഭാഗ്യമുള്ള ആശെക്കും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ മഹത്വമുള്ള പ്രത്യക്ഷതെക്കുംവേണ്ടി കാക്കുന്നവരാകുവാനായിട്ട്.” ബെഞ്ചമിൻ ബെയ്ലിയുടെ മൂന്ന് പരിഭാഷകളിലും (1829, 1843, 1876) മഹാദൈവവും യേശുക്രിസ്തുവും ഒന്നാണ്. മലയാളത്തിലെ രണ്ടു പരിഭാഷ ഒഴികെ (പി.ഒ.സി; പു.ലോ.ഭാ), ബാക്കിയെല്ലാ പരിഭാഷകളിലും മഹാദൈവവും യേശുക്രിസ്തും ഒന്നാണെന്ന് കാണാൻ കഴിയും: ഇ.ആർ.വി, ബെഞ്ചമിൻ ബെയ്ലി, മലയാളം ബൈബിൾ (mlBCS), മലയാളം ബൈബിൾ (1956), മലയാളം ബൈബിൾ നൂതനപരിഭാഷ (MSV 17), മാണിക്കത്തനാർ (1935), വിശുദ്ധഗ്രന്ഥം, വിശുദ്ധ സത്യവേദപുസ്തകം. സത്യം പരിഭാഷ, സത്യവേദപുസ്തകം, സത്യവേപുസ്തകം സമകാലിക പരിഭാഷ, ഹെർമൻ ഗുണ്ടർട്ട് (1868) തുടങ്ങിയവ. വചനപരമായ ഒരു തെളിവ് പറഞ്ഞാൽ; യേശുക്രിസ്തുവിൻ്റെ തേജസ്സിലുള്ള പ്രത്യക്ഷതയാണ് ഈ വേദഭാഗത്തെ വിഷയം. മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന വിധത്തിൽ തർജ്ജമ ചെയ്തിരിക്കുന്ന ഒരു പരിഭാഷയാണ് യഹോവസാക്ഷികളുടെ പുതിയലോകം ഭാഷാന്തരം. അതിൽ ഇപ്രകാരമാണ്: “സന്തോഷമേകുന്ന പ്രത്യാശയുടെ സാക്ഷാത്കാരത്തിനും മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിൻ്റെയും തേജോമയമായ വെളിപ്പെടലിനും വേണ്ടി കാത്തിരിക്കുന്ന നമ്മൾ അങ്ങനെയാണല്ലോ ജീവിക്കേണ്ടത്.” അതായത്, മഹാദൈവും യേശുക്രിസ്തുവും വിഭിന്നരാണെങ്കിൽ, ഭാവിയിൽ രണ്ടുപേരും ഒരുമിച്ചു പ്രത്യക്ഷരാകണം. രണ്ടുപേർ ഒരുമിച്ചു പ്രത്യക്ഷനാകുന്നതിനെക്കുറിച്ച് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല; അതിൻ്റെ ആവശ്യവുമില്ല. അതിനാൽ, അവിടെപ്പറയുന്ന മഹാദൈവവും യേശുക്രിസ്തുവും ഒന്നാണെന്ന് വ്യക്തമാണ്. എന്നാൽ, ഇവിടെപ്പറയുന്ന മഹാദൈവം പിതാവാണോ പുത്രനാണോ എന്നതാണ് ചിന്തനീയമായ വിഷയം:
1️⃣ മഹാദൈവമായ യേശുക്രിസ്തു: “മഹാദൈവമായ യേശുക്രിസ്തു” എന്ന് പറഞ്ഞിരിക്കയാൽ, ദൈവപുത്രനാണ് ഇവിടെപ്പറയുന്ന മഹാദൈവം എന്ന് തോന്നുന്നത് സ്വാഭാവികമാണ്. പുതിയനിയമത്തിൽ പുത്രനോട് ചേർത്ത് മാത്രമാണ്, ‘യേശു’ എന്ന ഒരു സംജ്ഞാനം അഥവാ, പ്രത്യേകനാമം പറിഞ്ഞിരിക്കുന്നത്. (മത്താ, 1:21). അതിനാൽ, പുത്രൻ്റെ നാമം മാത്രമാണ് “യേശു അഥവാ, യേശുക്രിസ്തു” എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം യേശു അഥവാ, യേശുക്രിസ്തു എന്നാണ്: തെളിവുകൾ നോക്കാം: 1. “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല” എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 5:43). ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കും. 2. “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് പുത്രൻ പിതാവിനോട് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 17:11; 17:12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്ന തൻ്റെ നാമമാണ് യേശു എന്ന് മനസ്സിലാക്കാം. അവിടെ പറഞ്ഞിരിക്കുന്ന ‘നാമം’ അഥവാ, ഒനോമ (onoma) എന്ന ഗ്രീക്കു പദത്തിന് പേര് എന്നല്ലാതെ; മറ്റൊർത്ഥവും കല്പിക്കാൻ കഴിയില്ല. 3. താൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് പുത്രൻ പറഞ്ഞിരിക്കുന്നത്. (യോഹ, 10:25). എന്നാൽ, ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകും (പ്രവൃ, 4:12). തന്നെയുമല്ല, പുതിയനിയമത്തിൽ മറ്റൊരു നാമത്തെക്കുറിച്ച് ഒരു സൂചനപോലുമില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു. 4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. 5. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് ശിഷ്യന്മാരോടുള്ള കല്പന. (മത്താ, 28:19). എന്നാൽ, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5). തന്മൂലം, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. [മുഴുവൻ തെളിവുകളും കാണാൻ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം എന്താണ്? എന്ന ലേഖനം കാണുക]. അതിനാൽ, തീത്തൊസിൽ പറയുന്ന മഹാദൈവം പുത്രനാണെന്ന് ഖണ്ഡിതമായി പറയാൻ നിവൃത്തിയില്ല. അതിനാൽ, പിതാവാണോ, പുത്രനാണോ എന്നറിയാൻ മറ്റ് വേദഭാഗങ്ങൾ പരിശോധിക്കാം:
2️⃣ മഹാദൈവം: ഈ വേദഭാഗം ഒഴികെ, മഹാദൈവം എന്ന പ്രയോഗം മറ്റ് ആറ് സ്ഥാനങ്ങളിൽക്കൂടി കാണാം: “നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.” (ആവ, 10:17. ഒ.നോ: എസ്ര, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:45; വെളി, 19:18). മേല്പറഞ്ഞ സഹായ വാക്യങ്ങളിലെല്ലാം യഹോവയായ പിതാവാണ് മഹാദൈവം എന്ന് കാണാൻ കഴിയും. രണ്ട് മഹാദൈവം എന്നത്, വചനവിരുദ്ധവും യുക്തിവിരുദ്ധവുമാണ്. തന്മൂലം, തീത്തൊസിലെ മഹാദൈവം പുത്രനല്ല പിതാവാണെന്ന് മനസ്സിലാക്കാം.
3️⃣ ദൈവം ഒരുത്തൻ മാത്രം: ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവൂം പ്രാർത്ഥനയുമാണ്. (ആവ, 6:4:9). ഏകൻ, ഏകസത്യദൈവം, ഒരുവൻ, ഒരുത്തൻ മാത്രം, ദൈവവും പിതാവുമായവൻ ഒരുവൻ, പിതാവായ ഏകദൈവം എന്നിങ്ങനെയാണ് ബൈബിൾ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്: യഹോവ: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 43:10; 44:8; 45:5; 46:9). ക്രിസ്തു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou – the only God), പിതാവ് മാത്രമാണ് സത്യദൈവം (pater ton monon alethinon theon – Father, the only true God) എന്നും (യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only) എന്നും (മത്താ, 4:10; ലൂക്കൊ, 4:8), ആ നാളും നാഴികയും എൻ്റെ പിതാവ് മാത്രം (My Father only) അല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ ക്രിസ്തു പറഞ്ഞത്, പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ്. പഴയനിയമ മശിഹമാർ: “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ അഭിഷിക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). അപ്പൊസ്തലന്മാർ: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24. ഒ.നോ: റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ”ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14). ദൈവം, യഹോവ അഥവാ, പിതാവ് ഒരുത്തൻ മാത്രമാണെങ്കിൽ, തീത്തൊസിലെ മഹാദൈവം പുത്രനല്ല; പിതാവാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
4️⃣ താൻ ദൈവമല്ലെന്ന് ദൈവപുത്രൻ കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പറഞ്ഞിട്ടുണ്ട്. യഹോവ അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറ പറഞ്ഞിട്ടുണ്ട്. താൻ ദൈവമല്ലെന്ന് ദൈവപുത്രൻ പറഞ്ഞിരിക്കുന്ന രണ്ട് തെളിവുകൾ തരാം:
1. ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (monou theou) ആണ്. ഇംഗ്ലീഷിൽ God alone ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ് (monos). ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പ്രഥമപുരുഷ സർവ്വനാമത്തിൽ ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ, ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു നുണയനും വഞ്ചകനും ആണെന്ന് സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല.
2. പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അലതിനോൻ തിയോൻ (Pater ton monon alethinon theon) ആണ്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെയും സിംഗിളിനെ കുറിക്കുന്ന യാഹീദ് തുല്യമായ മോണോസ് കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ലെന്നാണ് വചനം പറയുന്നത്. (യോഹ, 3:36). താൻ മനുഷ്യനാണെന്ന് മൂന്നുപ്രാവശ്യം ക്രിസ്തു പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള് കൊല്ലുവാന് നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, തീത്തൊസ് പറയുന്ന മഹാദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.
5️⃣ ദൈവവും ദൈവപുത്രനും: ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം മനുഷ്യനല്ല; ആത്മാവാണ്: (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ, ദൈവപുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പരിശുദ്ധമനുഷ്യനാണ്: (യോഹ, 6:69; 8:40). ദൈവം ആദ്യനും അന്ത്യനും അഥവാ, ആരംഭവും അവസാനവും ഇല്ലാത്തവനും അനാദിയായും ശാശ്വതമായും ദൈവമാണ്: (സങ്കീ, 90:2; യെശ, 44:6). എന്നാൽ, ദൈവപുത്രനായ യേശുവിന് ജനനം എന്ന ഒരു ആരംഭമുണ്ട്. (ആവ, 18:15,18; യെശ, 7:14; മീഖാ, 5:2; മത്താ, 1:21; 2:1; ലൂക്കൊ, 1:35; 2:7; റോമ, 9:5; ഗലാ, 4:4). അനേകർ വിചാരിക്കുന്നതുപോലെ, (ഇല്ലാത്ത) ഒരു പുത്രദൈവത്തിൻ്റെ അവതാരമല്ല ക്രിസ്തു; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” (He was manifest in the flesh) എന്നാണ് കാണുന്നത്. അവിടുത്തെ, ‘അവൻ’ (He) എന്ന ‘സർവ്വനാമം’ മാറ്റിയിട്ട്, തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God was manifest in the flesh) എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). യേശുവിൻ്റെ ജനനത്തിനു മുമ്പുതന്നെ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത് ഇപ്രകാരമാണ്: “യിസ്രായേലിന്റെ ദൈവമായ കര്ത്താവ് അനുഗ്രഹിക്കപ്പെട്ടവന്. അവന് തന്റെ ജനത്തെ സന്ദര്ശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ 1:68. ഒ.നോ: യെശ, 25:8-9; 35:4-6; 40:3). യിസ്രായേലിൻ്റെ ദൈവമായ കർത്താവ് എന്നാൽ, യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല: (പുറ, 5:1; 32:27; 34:23). അതായത്, യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രവചനംപോലെ, കന്യകയിൽ ഉല്പാദിപ്പിച്ച പരിശുദ്ധമനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18: 15,18; സങ്കീ, 40:6–എബ്രാ, 10:5; മത്താ, 1:20; ലൂക്കൊ, 21; യോഹ, 6:69; 8:40). താൻ മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുവും (മത്താ, 11:19; ലൂക്കൊ, 7:34) അപ്പൊസ്തലന്മാരും (മത്താ, 26:72,74; മർക്കൊ, 14:71; പ്രവൃ, 2:22, റോമ, 5:15; 1കൊരി, 15:21,47; 1തിമൊ, 2:6) ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ ജഡത്തിലെ അഥവാ, മനുഷ്യനായിട്ടുള്ള വെളിപ്പാടും ആരംഭമുള്ളവനുമായ ദൈവപുത്രൻ മഹാദൈവമാണെന്ന് പറയാൻ പറ്റില്ല. തന്മൂലം, തീത്തൊസിൽ പറയുന്ന മഹാദൈവം പുത്രനല്ല; പിതാവാണെന്ന് മനസ്സിലാക്കാം. [മുഴുവൻ തെളിവുകളും കാണാൻ, ദൈവഭക്തിയുടെ മർമ്മം, യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ? എന്നീ ലേഖനങ്ങൾ കാണുക]
6️⃣ രക്ഷിതാവായ യേശുക്രിസ്തു: “മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു” എന്നാണ് പ്രസ്തുത വാക്യത്തിൽ പറയുന്നത്. ഈ വേദഭാഗം കൂടാതെ തീത്തൊസിൻ്റെ ലേഖനത്തിൽ അഞ്ചുപ്രാവശ്യം രക്ഷിതാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിൽ മൂന്നുപ്രാവശ്യം ദൈവത്തെയാണ് കുറിക്കുന്നത്: “നമ്മുടെ രക്ഷിതാവായ ദൈവത്തിൻ്റെ കല്പനപ്രകാരം.” (1:1. ഒ.നോ: 2:9; 3:4). രണ്ടുപ്രാവശ്യം ദൈവപുത്രനെയാണ് കുറിക്കുന്നത്: “പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽ നിന്നും, നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (1:4. 3:7). തീത്തൊസ് 3:7-ൽ പറയുന്ന രക്ഷിതാവായ യേശുക്രിസ്തുവും പുത്രനാണെന്ന് മനസ്സിലാക്കാം: നാലാം വാക്യത്തിൽ രക്ഷിതാവായ ദൈവത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയിട്ട്, ദൈവത്തിൻ്റെ കരുണയാലാണ് രക്ഷിച്ചതെന്ന് അഞ്ചാം വാക്യത്തിലും, ദൈവത്തിൻ്റെ കൃപയാലും പുനർജ്ജനനസ്നാനം കൊണ്ടുമാണ് നിത്യജീവന് അവകാശികളായതെന്ന് ആറാം വാക്യത്തിലും പറഞ്ഞശേഷമാണ്, രക്ഷിതാവായ യേശുക്രിസ്തുമൂലം അഥവാ, മൂഖാന്തരം പരിശുദ്ധാത്മാവിനെ പകർന്നകാര്യം പറയുന്നത്. ദൈവപുത്രൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ് ദൈവം പരിശുദ്ധാത്മാവെന്ന വാഗ്ദത്ത സഭയ്ക്ക് നല്കിയത്. (യോഹ, 7:37-39; പ്രവൃ, 2:33). പഴയപുതിയനിയമ രക്ഷകൻ: പഴയനിയമത്തിൽ രക്ഷയും (സങ്കീ, 106:5; 149:4) രക്ഷകനും (2ശമൂ, 22:2; സങ്കീ,18:2; 30:10; 144:2; യെശ, 43:3; 60:16) രക്ഷിതാവും (2ശമൂ, 22:3; സങ്കീ, 106:22; യെശ, 43:11; 45:15; 45:21; 49:26; 63:8; യിരെ, 14:8; ഹോശേ, 13:5) വീണ്ടെടുപ്പുകാരനും (സങ്കീ, 19:14; 78:35; യെശ, 41:14; 43:14; 44:6; 44:24; 47:4; 48:17; 49:7; 49:26; 54:5; 54:8; 54:20; 60:16; 63:16; യിരെ, 50:34) യഹോവയായ ഏകദൈവമാണ്. സകല ഭൂവാസികളുടെയും രക്ഷകൻ യഹോവയായ ദൈവം മാത്രമാണെന്ന് പറഞ്ഞിരിക്കുന്നു: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). രക്ഷയ്ക്കുള്ള ഏകനാമം യഹോവയാണ്: “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). എന്നാൽ, പഴയനിയമം ഉദ്ധരിച്ചുകൊണ്ട്, “കർത്താവിൻ്റെ അഥവാ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ രക്ഷിക്കപ്പെടും” എന്നു പുതിയനിയമവും പറയുന്നു: (പ്രവൃ, 2:22; റോമ, 10:13). എന്നാൽ, മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തു എന്ന ഏകനും ആ നാമവുമല്ലാതെ, വേറൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറയുന്നു: (പ്രവൃ, 4:10-12). പുതിയനിയമത്തിൽ രക്ഷയും (ലൂക്കൊ, 2:31; 3:5) രക്ഷിതാവും (ലൂക്കൊ, 2:11; പ്രവൃ, 5:31; 13:23;എഫെ, 5:23; ഫിലി, 3:20; 2തിമൊ, 1:10; തീത്തൊ, 1:4) 2:12; 3:7; 2പത്രൊ, 1:11; 2:20; 3:2; 3:18) രക്ഷാനായകനും (എബ്രാ, 2:10) ലോകരക്ഷിതാവും (യോഹ, 4:42; പ്രവൃ, 4:12; 1യോഹ, 4:14) വീണ്ടെടുപ്പുകാരനും (ലൂക്കൊ, 24:21; റോമ, 3:24; 1കൊരി, 1:30; എഫെ, 1:7; കൊലൊ, 1:14; എബ്രാ, 9:14; 9:15; 1പത്രൊ, 1:18) ദൈവപുത്രനായ യേശുക്രിസ്തുവാണ്. പുതിയനിയമത്തിൽ ദൈവത്തെയും രക്ഷിതാവെന്ന് വിളിച്ചിട്ടുണ്ട്: (ലൂക്കൊ, 1:47; 1തിമൊ, 1:1; 2:3; 4:10; തീത്തൊ, 1:1; 2:9; 3:4; യൂദാ, 1:24). പഴയനിയമത്തിൽ യഹോവ മാത്രമാണ് രക്ഷിതാവെങ്കിൽ. പുതിയനിയമത്തിൽ പിതാവും പുത്രനും രക്ഷിതാവാണെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്. അതിൻ്റെ കാരണം രണ്ടാണ്: 1. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് ദൈവപുത്രൻ. (1തിമോ, 3:14-16; ലൂക്കൊ, 1:68).അഥവാ,, യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായ കന്യകയിൽ ഉല്പാദിപ്പിച്ച ദേഹവും 1പത്രൊ 2;24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (യോഹ, 6:69; 8:40). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ യേശുവെന്ന പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). 2. പ്രവചനംപോലെ, മനുഷ്യനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:22-24,36). അതുകൊണ്ടാണ്, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലാണ് രക്ഷയെന്ന് പൗലൊസും പത്രൊസും പറയുന്നത്. (റോമ, 5:15; പ്രവൃ, 15:11). ക്രിസ്തു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ദൈവത്തെയും ക്രിസ്തുവിനെയും രക്ഷിതാവെന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത്. തന്മൂലം, തീത്തൊസ് 2:12-ലെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തു പുത്രനല്ല; പിതാവാണെന്ന് മനസ്സിലാക്കാം.
7️⃣ തേജസ്സിൻ്റെ പ്രത്യക്ഷത: മഹാദൈവത്തിൻ്റെ തേജസ്സിലുള്ള അഥവാ, മഹത്വത്തോടെയുള്ള പ്രത്യക്ഷതയാണ് തീത്തൊസിലെ വിഷയം. മഹത്വത്തിൽ വരുന്നത് യഹോവയാണ് എന്ന് തെളിയിക്കുന്ന ഏഴ് പ്രവചനങ്ങൾ പഴയനിയമത്തിലുണ്ട്: 1.യഹോവ മേഘാരൂഢനായി വരുന്നതായി പറഞ്ഞിട്ടുണ്ട്. (ആവ, 33:26). 2.മഹത്വത്തിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്. (102:15-17). 3.പ്രതിഫലം നല്കാൻ വരുന്നതായി പറഞ്ഞിട്ടുണ്ട്. (യെശ, 40:10). 4.അഗ്നിയിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്. (യെശ, 66:15,16). 5.കാഹള നാദത്തോടെ വരുന്നതായി പറഞ്ഞിട്ടുണ്ട്. (സെഖ, 9:14). 6.ഒലിവുമലയിൽ വരുന്നതായി പറഞ്ഞിട്ടുണ്ട്. (സെഖ, 14:3-4). 7.സകല വിശുദ്ധന്മാരുമായി വരുമെന്ന് പറഞ്ഞിട്ടുണ്ട്. (സെഖ, 14:5). ആ ഏഴ് പ്രയോഗങ്ങളും പുതിയനിയമത്തിലും കാണാം: (വെളി, 1:7; തീത്തൊ, 2:12; വെളി, 22:12; 2തെസ്സ, 1:6,7; 1തെസ്സ, 4:16; പ്രവൃ, 1:11; 1തെസ്സ, 3:13). വേറെയും പ്രവചനങ്ങളുണ്ട്: (1കൊരി, 1:7; 1തെസ്സ,, 2:19;റ5:23; 2തെസ്സ, 2:6,8; 2:1; 1തിമൊ, 6:13; 2തിമൊ, 4:1,8; എബ്രാ, 9:28; യാക്കോ, 5:7-8; 1പത്രൊ, 1:7; 1:13; 5:4; 2പത്രൊ, 1:16). എന്നാൽ, പിതാവാണ് പ്രത്യക്ഷനാകുന്നതെന്നും അവനോടാണ് നാം സദൃശന്മാരാകുന്നതെന്നും യോഹന്നാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.” (1 യോഹ. 3:1-2. ഒ.നോ: 2:28). ഈ വേദഭാഗത്ത്, “അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും” എന്നാണ് രണ്ടാം വാക്യത്തിൽ പറയുന്നത്. ‘അവൻ’ എന്നത് പ്രഥമപുരുഷ സർവ്വനാമമാണ്. ഒന്നാം വാക്യത്തിൽ, എഴുത്തുകാരനായ യോഹന്നാൻ സഭയുടെ പ്രതിനിധിയായി നിന്നുകൊണ്ടാണ്, ‘നാം’ എന്ന ഉത്തമപുരുഷനിൽ സംസാരിക്കുന്നത്, പ്രഥമപുരുഷനായ പിതാവിനെക്കുറിച്ചാണ്. എന്താണ് പറയുന്നത്: “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു.” ഒന്നാം വാക്യത്തിലെ പ്രഥമപുരുഷൻ പിതാവാണ്. പ്രഥപുരുഷൻ്റെ സർവ്വനാമമാണ്; അവൻ, അവൾ, അവർ, ഇവൻ, ഇവൾ, അത്, ഇത് തുടങ്ങിയവ. എന്നിട്ടാണ് പറയുന്നത്; “അവൻ അഥവാ, പിതാവ് പ്രത്യക്ഷനാകുമ്പോൾ നാം അവനോട് സദൃശന്മാരാകും. തന്മൂലം, പുത്രനല്ല; പിതാവാണ് ഇനി തേജസ്സിൽ പ്രത്യക്ഷനാകുന്നത് എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഒ.നോ: (1യോഹ, 2:28; വെളി, 22:12).
8️⃣ തീത്തോസിൻ്റെ അടുത്തവാക്യത്തിൽ അഥവാ, 2:14-ൽ ഇപ്രകാരം കാണാം: “അവന് നമ്മെ സകല അധര്മത്തില്നിന്നും വീണ്ടെടുത്തു സല്പ്രവൃത്തികളില് ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിനു തന്നെത്താന് നമുക്കുവേണ്ടി കൊടുത്തു.” മഹാദൈവമായ യേശുക്രിസ്തുവിനെക്കുറിച്ച് പറഞ്ഞശേഷമാണ്, അവൻ ‘തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു’ എന്നു പറഞ്ഞിരിക്കുന്നത്. അതിനാൽ, അവിടെപ്പറുന്ന മഹാദൈവം ദൈവപുത്രനാണെന്ന് കരുതുന്നവരുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്നും താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞതും നാം മുകളിൽ കണ്ടതാണ്. അതിനാൽ, അവിടെപ്പറയുന്നത് ദൈവപുത്രനല്ല; പിതാവാണ്. ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ, ദൈവത്തിന് മനുഷ്യനായി വേഷം മാറാനോ, അവതാരം എടുക്കാനോ, മരിക്കാനോ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17; 1തിമൊ, 6:16). അതുകൊണ്ടാണ്, ഏകദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു പരിശുദ്ധമനുഷ്യനെ ഉല്പാദിപ്പിച്ചത്. (മത്താ, 1:21; ലൂക്കൊ, 1:35; ലൂക്കൊ, 2:21; യോഹ, 6:69; 8:40). എന്നിട്ട്, ആ മനുഷ്യനിലൂടെയാണ് ദൈവം പാപത്തിന് പാപപരിഹാരം വരുത്തിയത്. (പ്രവൃ, 2:22-24; 1തീമൊ, 2:6; എബ്രാ, 2:9). നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാലാണ്, “തന്നെത്താന് നമുക്കുവേണ്ടി കൊടുത്തു” എന്ന് പറഞ്ഞിരിക്കുന്നത്. അതിന് പല തെളിവുകളുമുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് തന്നെയാണെന്ന് പിതാവായ യഹോവ പറഞ്ഞിരിക്കുന്നത് കാണാം. (സെഖ, 12:10. ഒ.നോ: യോഹ, 19:37). സെഖര്യാവ് 12:10-ൻ്റെ സത്യവേദപുസ്തകം പരിഭാഷ തെറ്റാണ്; മലയാളത്തിലെ, ബെഞ്ചമിൻബെയ്ലി, വിശുദ്ധഗ്രന്ഥം തുടങ്ങിയ പരിഭാഷകളോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. ദൈവപുത്രനായ മനുഷ്യനെയാണ് കുത്തിത്തുളച്ചത്. (യോഹ 19:32). അവൻ തൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായതുകൊണ്ടാണ്, തന്നെയാണ് കുത്തിയതെന്ന് യഹോവ പറയുന്നത്. 1കൈരിന്മർ 2:7-8-ൽ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം അറിയായ്കയാലാണ്, അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിച്ചതെന്ന് പൗലൊസ് പറയുന്നത് നോക്കുക. മഹത്വത്തിൻ്റെ രാജാവ് യഹോവയാണെന്ന് പഴയനിയമത്തിൽ കാണാം. (സങ്കീ, 24:10). യഹോവയും യേശുവും ഒന്നായതുകൊണ്ട് അഥവാ, ക്രിസ്തു യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് അതൊക്കെ പറയാൻ കഴിയുന്നത്. [മുഴുവൻ തെളിവുകളും അറിയാൻ ആഗ്രഹിക്കുന്നവർ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ ദയവായി കാണുക]
9️⃣ മൂന്ന് വെളിപ്പാടുകൾ: അദൃശ്യനായ ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളിലൂടെയാണ് സുവിശേഷചരിത്രം പൂർത്തിയാക്കിയത്. യോർദ്ദാനിലെ അഭിഷേകത്താലുള്ള ആത്മാവിൻ്റെ ശക്തിയോടെയാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് യേശുവെന്ന മനുഷ്യനാണ്. (യോഹ, 8:40). അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചത്, യോർദ്ദാനിലെ അഭിഷേകം മുതൽ തന്നോടുകൂടെയിരുന്ന ദൈവത്താലാണ്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2). അവൻ പാപമോചനം നല്കിയത്, ദൈവം കൊടുത്ത അധികാരത്താലാണ്. (മത്താ, 9:8). യേശുവെന്ന മനുഷ്യൻ തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; റോമ, 10:9; എബ്രാ, 7:27; 9:11-12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്നു് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, ജീവനുള്ള ദൈവമായ യഹോവ മനുഷ്യനായും ദൈവമായും അദൃശനായ ആത്മാവായും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. ഇനി ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷനാകുന്നത് മഹാദൈവമായ യഹോവയാണ്. (സെഖ, 14:1-4. ഒ.നോ: ആവ, 10:17; എസ്രാ, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:46). പുതിയനിയമത്തിൽ പിതാവിൻ്റെ നാമവും പുത്രൻ്റെ നാമം ഒന്നുതന്നെയാണ്. (യോഹ, 5:43; 17:11-12. ഒ.നോ: മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5). [മുഴുവൻ തെളിവുകളും കാണാൻ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്? എന്ന വീഡിയോ കാണുക]. അതുകൊണ്ടാണ്, മഹാദൈവമായ യേശുക്രിസ്തു തേജസ്സിൽ പ്രത്യക്ഷനാകുമെന്ന് പൗലൊസ് പറഞ്ഞതും അവൻ പോയപോലെ മടങ്ങിവരുമെന്ന് ദൂതന്മാർ പ്രവചിച്ചതും: (തീത്തൊ, 2:11-12; പ്രവൃ, 1:11. വെളി, 19:18). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14).
🔟 ഞാനും പിതാവും ഒന്നാകുന്നു: ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. അങ്ങനെയൊരു പ്രയോഗം ലോകത്തിൽ ആരും പറഞ്ഞതായിട്ടും കാണാൻ കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നരായിരുന്നതുകൊണ്ടാണ് (1തിമൊ, 2:5-6), ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ഒന്നൂകൂടി വ്യക്തമാക്കിയാൽ, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വവും സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവെന്ന നിലയിലാണ്. പ്രത്യുത, നിത്യമായ അസ്തിത്വം വചനമെന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമാബദ്ധമായി മാറും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
[കൂടുതൽ അറിവുകൾക്കായി, ദൈവഭക്തിയുടെ മർമ്മം, ഞാനും പിതാവും ഒന്നാകുന്നു, യഹോവയും യേശുവും ഒന്നാണോ? തുടങ്ങിയ ലേഖനങ്ങൾ കാണുക]