ഞാനും പിതാവും ഒന്നാകുന്നു

“ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30). “ഞാനും പിതാവും ഒന്നാകുന്നു” എന്ന് യേശു പറയുന്നതിനെ, അത് ഐക്യത്തിലുള്ള ഒന്നാകലിനെ കുറിച്ചാണെന്നും പിതാവും പുത്രനും സമനിത്യരായ രണ്ട് വ്യക്തിയാണെന്നും ത്രിത്വവിശ്വാസം പഠിപ്പിക്കുന്നു. ത്രിത്വം മാത്രമല്ല, യഹോവസാക്ഷികളും ക്രിസ്സ്റ്റാഡെൽഫിയൻസും തുടങ്ങി യേശുവിനെ യഥാർത്ഥമായി അറിയാത്തവരെല്ലാം ആ വാക്യം പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തെ കുറിക്കുന്നതായി കരുതുന്നു. ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പിതാവു മാത്രമാണ്: (യോഹ, 17:3), പിതാവായ ഏക ദൈവമേ നമുക്കുള്ളു (1കൊരി, 8:6) ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6), ദൈവമോ ഒരുത്തൻ മാത്രം. (ഗലാ, 3:20), യഹോവ ഒരുത്തൻ മാത്രം ദൈവം (2രാജാ, 19:15) തുടങ്ങിയ വേദഭാഗങ്ങൾ കാണുക. എന്നാൽ, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “നാം, നമ്മെപ്പോലെ ഒന്നാകുക” എന്നിങ്ങനെ ഇരുവിധമായ പ്രയോഗങ്ങൾ ദൈവപുത്രനായ യേശുവിൻ്റേതായുണ്ട്. ഭാഷയുടെ വ്യാകരണ നിയമപ്രകാരം രണ്ടു പ്രയോഗങ്ങൾക്കും ഒരേ അർത്ഥമാണോ ഉള്ളത്? നമുക്കത് വിശദമായി പരിശോധിക്കാം:

ഞാനും പിതാവും ഒന്നാകുന്നു (I and my Father are one) എന്നുപറഞ്ഞാൽ എന്താണർത്ഥമാക്കുന്നത്? ത്രിത്വം പഠിപ്പിക്കുന്നതുപോലെ നിത്യരായ രണ്ട് വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകലാണോ? അല്ല. ട്രിനിറ്റിയുടെ പഠിപ്പിക്കൽ ഭാഷയുടെ വ്യാകരണനിയമപ്രകാരം ശരിയല്ല. അത് തെളിയിക്കാൻ മറ്റൊരു പരിഭാഷ ആദ്യം കാണിക്കാം: അമാമ്യ ബൈബിളിൽ, “I and Abi {My Father}; We are One!” എന്ന് അതിനെ തിരുത്തി. (The Holy Aramaic Scriptures. ഒ.നോ: വിശുദ്ധഗ്രന്ഥം). “ഞാനും എൻ്റെ പിതാവും ഞങ്ങൾ ഒന്നാകുന്നു” എന്നിങ്ങനെ വിശുദ്ധഗ്രന്ഥത്തിൽ കാണാം. ‘ഞങ്ങൾ‘ (We) എന്ന പദം അതിൽ കൂട്ടിച്ചേർത്തു. എന്തുകൊണ്ടായിരിക്കും അങ്ങനെയൊരു പദം അവർ കൂട്ടിച്ചേർത്തത്? ആ വാക്യം നിത്യരായ രണ്ടുപേരുടെ ഐക്യത്തിലുള്ള ഒന്നാകലിനെ കുറിക്കുന്നതല്ല അഥവാ, വ്യാകരണനിയമപ്രകാരം ത്രിത്വത്തിന് എതിരായതുകൊണ്ടാണ് അവർ ആ വാക്യം തിരുത്തിയത്. എന്താണതിലെ തെറ്റെന്ന് മനസ്സിലാക്കാൻ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്നതും ”ഐക്യത്തിലുള്ള ഒന്നാകൽ അഥവാ, പലരായവർ ഒന്നാകുന്നതും” തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നോക്കിയാൽ മാത്രംമതി. തെളിവുകളിലേക്ക് കടക്കുന്നതിനുമുമ്പ് വേഗത്തിൽ അത് മനസ്സിലാക്കാൻ ഒരുകാര്യം പറയാം: ഞാനും പിതാവും ഒന്നാകുന്നു എന്ന് ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ ലോകത്തിൽ ഒരു മനുഷ്യനും പറയാൻ കഴിയില്ല. എന്നാൽ, ഞങ്ങൾ ഒന്നാകുന്നുവെന്ന് പലർ ചേർന്ന് ഐക്യത്തിൽ ഒന്നായിരിക്കുന്ന ലോകത്തിലെ എല്ലാ മനുഷ്യർക്കും പറയാം. (ഉദാ: സ്നേഹിതന്മാർക്കും, കുടുംബത്തിനും, പ്രസ്ഥാനത്തിനും, സഭയ്ക്കും, സമൂഹത്തിനും പറയാം) 

ജനം ഒന്നു: “ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു.” (ഉല്പ, 11:6). വ്യത്യസ്ഥരായ അനേകം വ്യക്തികൾ ചേർന്ന് ഒന്നായിരിക്കുന്നു, അവരെല്ലാവരും ഒരു ഭാഷ സംസാരിക്കുകയും ചെയ്യുന്നു. ഇതാണ് ഒന്നിലധികം വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകൽ എന്ന് പറയുന്നത്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുള്ളത്: പലരായ ജനം ഒരു വ്യക്തിയാകുകയല്ല ചെയ്യുന്നത്; വ്യത്യസ്ത വ്യക്തികൾ മാനസികമായി ഒന്നാകുകയാണ്; അഥവാ, പലരായ അവർ ഐക്യത്തിൽ നിലനില്ക്കുകയാണ് ചെയ്യുന്നത്. ഐക്യമെന്നാൽ: ഒന്നായിരിക്കുന്ന അവസ്ഥ, ഏകഭാവം, യോജിപ്പ് എന്നൊക്കെയാണ് അർത്ഥം. ഇവിടെ ഒന്നെന്നു പറയുന്നത് പലരായ ജനത്തെയല്ല: അവരുടെ ഏകഭാവം അഥവാ, യോജിപ്പിനെയാണ്. കുറച്ചുകഴിഞ്ഞപ്പോൾ ദൈവം അവരുടെ ഭാഷ കലക്കി. അപ്പോൾ അവർ ഭിന്നിച്ച് പിരിഞ്ഞ് വ്യത്യസ്ത ഭാഷക്കാരായി മാറി. (ഉല്പ, 11:7-9). അവരുടെ ഐക്യത നഷ്ടമായപ്പോൾ പിന്നെ ആ ജനം ഒന്നല്ല, പലരായി മാറി. അവർ ഒരു ദേഹമായിത്തീരും: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ഉല്പ, 2:24). ഇത് ആദാമിനെയും ഹവ്വയെയും കുറിച്ച് ദൈവം പറയുന്നതാണ്. നമുക്കറിയാം: അവർ ഒരു ദേഹമായിത്തീരുമെന്ന് പറഞ്ഞാൽ; രണ്ടുപേരുംകൂടി യഥാർത്ഥത്തിൽ ഒരു ശരീരമാകുമെന്നോ, ഒരു വ്യക്തിയാകുമെന്നോ, ഒരു മനുഷ്യനാകുമെന്നോ ഉള്ള അർത്ഥമല്ലവിടെ; അവർ ദാമ്പത്യബന്ധത്തിലൂടെ ഒന്നാകുന്നതിനെയാണ് ആ പ്രയോഗം സൂചിപ്പിക്കുന്നട്. ‘ഒരു ദേഹം’ എന്നു വിവക്ഷിച്ചിരിക്കുന്നത് ആദത്തെയും ഹവ്വായെയുമല്ല; അവരുടെ ദാമ്പത്യത്തെയാണ്. അവർ ദാമ്പത്യമെന്ന സംവിധാനത്തിൽ ഒന്നായാലും അവർ വ്യത്യസ്തരായ രണ്ടു വ്യക്തികൾ തന്നെയായിരിക്കും. പരീശന്മാർ വന്ന് ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോയെന്ന് ചോദിക്കുമ്പോൾ യേശു, “ഇരുവരും ഒരു ദേഹമായി തീരും” എന്നത് ഉദ്ധരിച്ചശേഷം, പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കരുതെന്നും അവരോടു പറയുന്നുണ്ട്. (മത്താ, 19:3-9). അതായത്, രണ്ട് വ്യക്തികൾ ദാമ്പത്യമെന്ന ഒരു പ്രത്യേക ദൗത്യത്തിനുവേണ്ടി ഒന്നാകുന്നതാണ് വിഷയം. അവർ ഏകദേഹമാകും എന്നു പറയുമ്പോഴും; അവർ രണ്ട് ദേഹമുള്ളവരും, വ്യത്യസ്തവ്യക്തികളും, ഭിന്നാഭിപ്രായക്കാരുമാണ്; അതിനാൽ അവർക്ക് വിവാഹ മോചനത്തിലൂടെ വേർപിരിയാനും കഴിയും. മേല്പഞ്ഞ മൂന്ന് വേദഭാഗങ്ങളുടെയും ഭാഷാപ്രയോഗം ശ്രദ്ധിക്കണം: ‘ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു.’ അവിടെ ‘ജനം, അവർക്കു’ എന്നീ ബഹുവചനം കഴിഞ്ഞാണ് ഒന്നെന്ന ഏകവചനം വരുന്നത്. അടുത്തത്; ആദാമും ഹവ്വയും ഏക ദേഹമായിത്തിരും എന്നല്ല; അവർ ഏക ദേഹമായി തീരും. അവിടെ ‘അവർ‘ എന്ന ബഹുവചനം കഴിഞ്ഞാണ് ഏക ദേഹമായിത്തീരും എന്ന ഏകവചനം പറയുന്നത്. അക്കാര്യം യേശു പറയുമ്പോഴും, ‘ഇരുവരും ഒരു ദേഹമായിത്തീരും’ എന്നാണ് പറയുന്നത്. അവിടെയും ‘ഇരുവർ‘ എന്ന ബഹുവചനം കഴിഞ്ഞാണ് ഏകവചനം പറയുന്നത്. ഇതാണ് വ്യത്യസ്ത വ്യക്തികളുടെ ഐക്യത്തിൽ ഒന്നാകലും വ്യത്യസ്തവ്യക്തികൾ ദാമ്പത്യത്തിൽ ഒന്നാകുന്നതും. [കാണുക: ഇരുവരും ഒരു ദേഹമായിത്തീരും]

നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു: “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിലെ ഭാഗമാണിത്. ഇവിടെ നോക്കുക: ‘നമ്മെപ്പോലെ‘ എന്ന ബഹുവചനം പറഞ്ഞശേഷമാണ് ‘ഒന്നാകുക‘ എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ഇതാണ് പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തിലുള്ള ഒന്നാകൽ. അതുപോലെ, ശിഷ്യന്മാരും ഒന്നാകണമെന്നാണ് യേശുവിൻ്റെ പ്രാർത്ഥന. അടുത്തവാക്യം: “നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.” (യോഹ, 17:23). പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്നതുപോലെ, ശിഷ്യന്മാരും ഒന്നാകുവാനും ഐക്യത്തിൽ തികഞ്ഞവരാകുവാനുമാണ് പ്രാർത്ഥിക്കുന്നത്. ഇവടെയും ശ്രദ്ധിക്കുക: ‘നാം‘ എന്ന ബഹുവചനം കഴിഞ്ഞശേഷം ‘ഒന്നാകുക‘ എന്ന ഏകവചനം കാണുക. അടുത്തത്: ‘അവരും‘ എന്ന ബഹുവചനം കഴിഞ്ഞശേഷം ‘ഒന്നാകുക‘ എന്ന ഏകവചനം കാണുക. അവസാനഭാഗം: ‘അവർ ഐക്യത്തിൽ തികെഞ്ഞവരാകണം‘ എന്നു പറഞ്ഞിരിക്കുന്നതും നോക്കുക. ഇതാണ് രണ്ട് വ്യക്തികൾ അഥവാ, ഒന്നിലധികം വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകൽ. ഇതുപോലെയാണോ ‘ഞാനും പിതാവും ഒന്നാകുന്നു‘ എന്നു പറഞ്ഞിരിക്കുന്നത്?

ബാഹ്യമായ ഒരു തെളിവുകൂടി തരാം: “നാം ഒന്ന് നമുക്ക് രണ്ടു” എന്ന പ്രയോഗം എല്ലാവർക്കും സുപരിചിതമാണ്; കുടുംബാസൂത്രണത്തിൻ്റെ ടൈറ്റിൽ വാക്യമാണത്. അതിലും നോക്കുക: ആദ്യം “നാം” എന്ന ബഹുവചനം പറഞ്ഞശേഷമാണ് “ഒന്നു” എന്ന ഏകവചനം പറയുന്നത്. ഇതാണ് ഐക്യത്തിലുള്ള ഒന്നാകൽ. അടുത്തവാക്ക് “നമുക്കു” എന്നാണ്. അതായത്, അവർ രണ്ടുപേരും കുടുംബമെന്ന നിലയിൽ ‘ഒന്നാണു’ എന്ന് പറയുമ്പോഴും അവർ വ്യക്തികളെന്ന നിലയിൽ വ്യത്യസ്ഥരാണ്. അതുകൊണ്ടാണ് “നമുക്കു” എന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം ഒന്നെന്ന ഏകവചനം വീണ്ടും പറയുന്നത്. ഭാര്യയും ഭർത്താവും ഇരുവരും ഒന്നാണെന്ന് പറഞ്ഞാലും, അവർ ഒരിക്കലും തങ്ങളെ രണ്ടുപേരെയും ചേർത്ത്, ഞാൻ, എൻ്റെ, എനിക്ക് എന്നിങ്ങനെ ഏകവചനത്തിൽ പറയാറില്ല; ഞങ്ങൾ, ഞങ്ങളുടെ, ഞങ്ങൾക്ക് എന്നിങ്ങനെ ബഹുവചനമാണ് പറയുന്നത്. ഇതാണ് മാനസിക ഐക്യം മൂലമുള്ള ഒന്നാകൽ. ഇനി, ഞാനും ഭാര്യയും ഒന്നാകുന്നു എന്ന് ലോകത്തുള്ള ഒരു ഭർത്താവിനും പറയാൻ കഴിയില്ല. അതുപോലെ, ഞാനും ഭാർത്താവും ഒന്നാകുന്നു എന്ന് ഒരു ഭാര്യയ്ക്കും പറയാൻ കഴിയില്ല. ഞാനും അവനും ഒന്നാകുന്നു എന്ന് ഒരു മനുഷ്യനും തൻ്റെ സ്നേഹിതനെയും ചേർത്ത് പറയാൻ കഴിയില്ല. അറിവില്ലായ്മകൊണ്ട് ആരെങ്കിലും പറയുമായിരിക്കും; എന്നാൽ വ്യാകരണനിയമപ്രകാരം അത് തെറ്റാണ്. പിന്നെന്തു പറയും: ‘ഞങ്ങൾ ഒന്നാകുന്നു‘ എന്നു പറയും. അതാണ് ഐക്യത്തിലുള്ള ഒന്നാകൽ; അങ്ങനെയാണോ യേശു യോഹന്നാൻ 10:30-ൽ പറഞ്ഞത്? അല്ല.

ഞാനും പിതാവും ഒന്നാകുന്നു: ‘ഭാര്യയും ഭർത്താവും പറയുംപോലെ, ‘ഞങ്ങൾ ഒന്നാകുന്നു’ എന്നാണോ യേശു പറഞ്ഞത്?ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30). എന്താണതിനർത്ഥം? ഞാനും പിതാവും യഥാർത്ഥത്തിൽ ഒന്നുതന്നെയാണ്. ഇ.ആർ.വി. പരിഭാഷയിൽ: “ഞാനും പിതാവും ഒന്നുതന്നെ” എന്നാണ്. ഞാനും പിതാവും ഒന്നാകുന്നുവെന്ന് ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ ലോകത്തിൽ ഒരു മനുഷ്യനും പറയാൻ കഴിയില്ല. മറ്റാരെങ്കിലും പറഞ്ഞാൽ ആ വാക്യാംശം അബദ്ധമായി മാറും. കാരണം, രണ്ടുപേർക്ക് യഥാർത്ഥത്തിൽ ഒരിക്കലും ഒന്നാകാൻ കഴിയില്ല. എന്നാൽ ഇവിടെ രണ്ട് പേർ യഥാർത്ഥത്തിൽ ഒന്നാകുകയാണ്. അതെങ്ങനെ സാധിക്കുമെന്നറിയാൻ, ക്രിസ്തു ആരെണ് എന്ന് അറിഞ്ഞാൽ മതി:

ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) ആണ്. അഥവാ, ഏകദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയാണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:4-6; 40:6). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പ്രവചനംപോലെ (ഉല്പ, 3:15; ആവ, 18:15,18; സങ്കീ, 40:6; യെശ, 7:14; എബ്രാ, 10:5), കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 1:35; 2:21യോഹ, 6:69; 8:40). ദൈവം അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആണ്. (കൊലൊ, 1:15; യോഹ, 4:24; യിരെ, 23:24; 1തിമൊ, 6:16; യാക്കോ, 1:17; 1യോഹ, 4:12). അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ [മുഴുവൻ വിവരങ്ങളും അറിയാൻ, ദൈവഭക്തിയുടെ മർമ്മം എന്ന ലേഖനം കാണുക]

ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ; അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).

ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി, ആത്മാവിൽ ബവപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യൻ്റെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട്, അവൻ്റെ കൂടെയിരുന്ന് പ്രവർത്തിക്കുകയായിരുന്നു. (യെശ, 61:1-2; മത്താ, 1:20; ലൂക്കൊ, 1:35; 2:21; 2:40,52; 3:22; പ്രവൃ, 10:38). അദൃശ്യനായി പിതാവ് തൻ്റെകൂടെ ഇരുന്നതുകൊണ്ടാണ് ‘ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല’ എന്ന് ക്രിസ്തു പറഞ്ഞത്: (യോഹ, 8:16; 16:32). അതാണ്, ഐക്യത്തിലുള്ള ഒന്നാകൽ. (യോഹ, 17:11,23). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 300-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).

എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. അങ്ങനെയൊരു പ്രയോഗം ലോകത്തിൽ ആരും പറഞ്ഞതായിട്ടും കാണാൻ കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നരായിരുന്നതുകൊണ്ടാണ് (1തിമൊ, 2:5-6), ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ഒന്നൂകൂടി വ്യക്തമാക്കിയാൽ, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വവും (ലൂക്കൊ, 1:68; യെശ, 25:8-9; 35-3-6; 40:3) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവെന്ന നിലയിലാണ് (യോഹ, 10:30).. പ്രത്യുത, നിത്യമായ അസ്തിത്വം വചനമെന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമാബദ്ധമായി മാറും.

“ദൈവം നിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തിയാണെന്ന് പഠിപ്പിക്കുന്നവരിൽ ഭാഷയുടെ വ്യകരണം അറിയാവുന്നവർക്ക് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന യേശുവിൻ്റെ വാക്കുകളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് സുറിയാനി പരിഭാഷയിൽ “ഞാനും പിതാവും ഒന്നാകുന്നു” വാക്യാംശത്തിനിടയിൽ അവർ “ഞങ്ങൾ” എന്ന് കൂട്ടിച്ചേർത്ത് രണ്ടു വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാക്കി അതിനെ മാറ്റിയത്.” എന്നാൽ, വ്യത്യസ്തമായ മറ്റൊരു തെളിവ് കാണിക്കാം: “ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം”എന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത് കാണാം. (Systematic theology, പേജ്, 147). വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവ് ജീ. സുശീലൻ ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: സ്നാനം യേശുവിൻ്റെ നാമത്തിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതും ത്രിത്വവിശ്വാസത്തിന് എതിരാണ്. (പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന വാക്യാംശം ഒരു സംജ്ഞാനാമം (proper noun) അഥവാ, പ്രത്യേകനാമത്തെ (proper name) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം.

ബൈബിളിൻ്റെ വ്യാഖ്യാനം: “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30). ബൈബിളിൽത്തന്നെ ആ വാക്യത്തിൻ്റെ വ്യാഖ്യാനവുമുണ്ട്; യേശു ഇത് പറഞ്ഞയുടനെ യെഹൂദന്മാൻ അവനെ എറിയാൻ കല്ലെടുത്തു. (യോഹ, 10:31). ഉടനെ യേശു ചോദിച്ചു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” (10:32). യെഹൂദന്മാർ അവനോടു: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” അവർ പറയുന്നത് ശ്രദ്ധിക്കണം: ‘നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു.’ യെഹൂദന് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. അപ്പോൾ യേശു പറഞ്ഞതെന്താണ്: ഞാനും യഹോവയും ഒന്നാണെന്നല്ലേ? പിതാവായ യഹോവയും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനും പൂർവ്വാസ്തിത്വത്തിലും സുവിശേഷ ചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിലും ഒന്നുതന്നെ ആയായാലല്ലേ അങ്ങനെ പറയാൻ പറ്റുകയുള്ളു? അതിനൊരു തെളിവുകൂടി തരാം: അഞ്ചാം അദ്ധ്യായം 17-ാം വാക്യത്തിൽ: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനെ കൊല്ലുവാൻ നോക്കുന്നുണ്ട്; അതിൻ്റെ കാരണം അടുത്ത വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: “അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.” (യോഹ, 5:18). അവിടെ യേശു പറഞ്ഞത്: ദൈവത്തെ ‘എൻ്റെ പിതാവു‘ എന്നാണ്. (5:17). ആ പ്രയോഗത്തിൻ്റെ അർത്ഥം, യേശുവും പിതാവും വ്യത്യസ്തരാണെന്നാണ്. അപ്പോൾ അവർ ആരോപിച്ച കുറ്റം, “ദൈവത്തോടു സമനാക്കി” എന്നാണ്. സമനെന്നാൽ; ദൈവത്തോടു തുല്യനായ മറ്റൊരുത്തനെന്നാണ്. എന്നാൽ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് പറഞ്ഞപ്പോൾ, ദൈവത്തോടു സമനാക്കിയെന്നാണോ അവർ പറഞ്ഞത്? അല്ല. “നിന്നെത്തന്നേ ദൈവം ആക്കി” രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ? താനും പിതാവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആണെന്ന് പറഞ്ഞതുകൊണ്ടാണ്, അവർ നിന്നെത്തന്നെ ദൈവമാക്കിയെന്നു പറഞ്ഞത്. യേശു ഒരു മനുഷ്യനാണെന്ന് അവർക്ക് അറിയാമല്ലോ? “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” എന്നു യേശു പറഞ്ഞിരിക്കുന്നതും ഇതിനൊപ്പം ചിന്തിച്ചുകൊള്ളുക. (യോഹ, 14:9). ഈ വാക്യവും ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിനു മാത്രം പറയാൻ കഴിയുന്നതാണ്.

മൂന്ന് വെളിപ്പാടുകൾ: ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളിലൂടെയാണ് സുവിശേഷചരിത്രം പൂർത്തിയാക്കിയത്. യോർദ്ദാനിലെ അഭിഷേകത്താലുള്ള ആത്മാവിൻ്റെ ശക്തിയോടെയാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് യേശുവെന്ന മനുഷ്യനാണ്. (യോഹ, 8:40). അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചത്, യോർദ്ദാനിലെ അഭിഷേകം മുതൽ തന്നോടുകൂടെയിരുന്ന ദൈവത്താലാണ്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2). അവൻ പാപമോചനം നല്കിയത്, ദൈവം കൊടുത്ത അധികാരത്താലാണ്. (മത്താ, 9:8). യേശുവെന്ന മനുഷ്യൻ തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; റോമ, 10:9; എബ്രാ, 7:27; 9:11-12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്നു് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, ജീവനുള്ള ദൈവമായ യഹോവ മനുഷ്യനായും ദൈവമായും അദൃശനായ ആത്മാവായും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. ഇനി ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷമാകുന്നത് മഹാദൈവമായ യഹോവയാണ്. (സെഖ, 14:1-4. ഒ.നോ: ആവ, 10:17; എസ്രാ, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:46). പുതിയനിയമത്തിൽ പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. (യോഹ, 5:43; 17:11-12. ഒ.നോ: മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5). [മുഴുവൻ തെളിവുകളും കാണാൻ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്? എന്ന വീഡിയോ കാണുക]. അതുകൊണ്ടാണ്, മഹാദൈവമായ യേശുക്രിസ്തു തേജസ്സിൽ പ്രത്യക്ഷനാകുമെന്ന് പൗലൊസ് പറഞ്ഞതും അവൻ പോയപോലെ മടങ്ങിവരുമെന്ന് ദൂതന്മാർ പ്രവചിച്ചതും: (തീത്തൊ, 2:11-12; പ്രവൃ, 1:11. വെളി, 19:18). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). [കാണുക: പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ്?]

ഞാൻ അവൻ ആകുന്നു: പിതാവും പുത്രനും ഒന്നാണ് എന്നതിൻ്റെ വ്യക്തമായ ഒരു തെളിവ് തരാം: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25,26. ഒ.നോ: ഉല്പ, 22:18). ദൈവം അബ്രാഹാമിനോടു ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ യെഹൂദന്മാരോടു പറഞ്ഞശേഷം അടുത്തവാക്യത്തിൽ, വാഗ്ദത്തസന്തതിയെ അവൻ്റെ അകൃത്യങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം തൻ്റെ ദാസനായ യേശുവിനെ അയച്ചകാര്യം പറഞ്ഞിരിക്കുന്നു. ഈ ദാസൻ ആരാണെന്ന് യെശയ്യാവ് 43:10-ൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, മിക്ക പരിഭാഷകളിലും വാക്യം തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതിനാൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം പരിഭാഷ ചേർക്കുന്നു: “ഞാൻ അവൻ ആകുന്നു എന്ന് നിങ്ങൾ അറിഞ്ഞു, എന്നെ വിശ്വസിച്ചു, തിരിച്ചറിയേണ്ടതിനു നിങ്ങളും, ഞാൻ തിരഞ്ഞെടുത്തിട്ടുള്ള ഭൃത്യനും എൻ്റെ സാക്ഷികൾ ആകുന്നു. എന്നു യഹോവ പറയുന്നു: എനിക്കു മുമ്പെ ഒരു ദൈവവും രൂപമാക്കപ്പെട്ടിട്ടില്ല, എൻ്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). ഈ വാക്യത്തിൽ മൂന്നുപേരാണ് ഉള്ളത്. ഞാൻ, എന്നെ എന്നിങ്ങനെ ഉത്തമ പുരുഷനിൽ സംസാരിക്കുന്നത് യഹോവയാണ്. നിങ്ങൾ എന്ന് മധ്യമപുരുഷനിൽ  യഹോവ സംബോധന ചെയ്യുന്നത് യിസ്രായേലിനെയാണ്. ഒന്നാം വാക്യം മുതൽ അത് കാണാൻ കഴിയും. അവൻ എന്ന് പ്രഥമപുരുഷനിൽ ആദ്യഭാഗത്ത് സംബോധന ചെയ്യുന്നതും  ഭൃത്യൻ അഥവാ, ദാസൻ എന്ന്  സംബോധന ചെയ്തിരിക്കുന്നതും ക്രിസ്തുവിനെക്കുറിച്ചാണ്. അതായത്, സാക്ഷിയായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഭൃത്യൻ, അവൻ ഞാൻ തന്നെയാണ്. അതാണ്, യിസ്രായേൽ അറിയേണ്ടതും വിശ്വസിക്കേണ്ടതും മനസ്സിലാക്കേണ്ടതും. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റെ പരിഭാഷയിൽ നിന്ന് അത് കൃത്യമായി മനസ്സിലാക്കാം. “Be ye my witnesses, and I too am a witness, saith the Lord God, and my servant whom I have chosen: that ye may know, and believe, and understand that I am he: before me there was no other God, and after me there shall be none.” (LXXe). “നിങ്ങൾ എൻ്റെ സാക്ഷികളായിരിക്കുവിൻ, ഞാനും ഒരു സാക്ഷിയാണ്, ദൈവമായ കർത്താവും ഞാൻ തിരഞ്ഞെടുത്ത എൻ്റെ ദാസനും അരുളിച്ചെയ്യുന്നു. അങ്ങനെ നിങ്ങൾ എന്നെ അറിയുകയും വിശ്വസിക്കുകയും ഞാൻ അവനാണെന്ന് മനസ്സിലാക്കുകയും ചെയ്യും.” ബെഞ്ചമിൻ ബെയ്‌ലി പരിഭാഷയിൽ യിസ്രായേലും ഭൃത്യനുമാണ് സാക്ഷികൾ. സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം, യിസ്രായേലും യഹോവയുമാണ് സാക്ഷികൾ .തന്നെയുമല്ല, ദാസൻ താൻ തന്നെയാണെന്നും യഹോവ പറയുന്നു. യഹോവ സാക്ഷിയായി വരുമെന്ന് പഴയനിയമത്തിൽ വ്യക്തമായി പ്രവചനമുള്ളതാണ്: “അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു. (സെഫ, 3:8). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (മത്താ, 5:17-18). “സത്യത്തിനു സാക്ഷിനില്ക്കേതിനു ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 18:37). എന്തെന്നാൽ, യഹോവയ്ക്ക് മുമ്പും പിമ്പും മറ്റൊരു ദൈവമില്ല. അടുത്തവാക്യം: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). യേശുവെന്ന ദാസനെ അയച്ചത് എന്തിനാണെന്ന് പത്രൊസ് പറഞ്ഞത്, ഒന്നുകൂടി ശ്രദ്ധിക്കുക: ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാണ്. (പ്രവൃ, 3:26). എന്നാൽ, യഹോവയാണ് യിസ്രായേലിനെ അവൻ്റെ അകൃത്യങ്ങളിൽ നിന്ന് വീണ്ടെടുക്കുന്നതെന്നും കൃത്യമായി പ്രവചനമുണ്ട്: യഹോവ യിസ്രായേലിനെ; അവന്റെ അകൃത്യങ്ങളിൽ നിന്നൊക്കെയും വീണ്ടെടുക്കും. സങ്കീർത്തനം 130ൻ്റെ8,. മനുഷ്യരെ രക്ഷിക്കാൻ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. അതുകൊണ്ടാണ്, യഹോവ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. യഹോവ പറഞ്ഞകാര്യം, പുതിയനിയമത്തിൽ ക്രിസ്തു തിരിച്ചും പറയുന്നതായി കാണാം: “ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ തന്നേ അവൻ (I am he) എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും,” (യോഹ, 8:24. ഒ.നോ: 8:28; 13:19). പിതാവിനെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ് താനിത് പറയുന്നതെന്ന് ഓർക്കണം: (യോഹ, 16-19). അതായത്, ഞാൻ തന്നേ അവൻ. അഥവാ, യഹോവ തന്നേ യേശു; യേശു തന്നേ യഹോവ. അതാണ്, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God manifest in the flesh) എന്ന് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അഥവാ, ദൈവീകരഹസ്യം. (1തിമൊ, 3:14-16). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

കൂടുതൽ അറിവുകൾക്കായി, യഹോവയും യേശുവും ഒന്നാണോ? എന്ന ലേഖനം കാണുക]