ജലപ്രളയം

ജലപ്രളയം (Flood) 

നോഹയുടെ കാലത്ത് നോഹയെയും കുടുംബത്തെയും തിരഞ്ഞെടുക്കപ്പെട്ട പക്ഷിമൃഗാദികളെയും ഒഴിവാക്കിക്കൊണ്ടു സർവ്വഭൂമിയെയും ദൈവം ജലപ്രളയത്താൽ നശിപ്പിച്ചു. (ഉല്പ, 6-8 അ). ജലപ്രളയത്തെ കുറിക്കുന്ന ‘മബൂൽ’ എന്ന എബായപദത്തിന്റെ നിഷ്പത്തി അജ്ഞാതമാണ്. ജലപ്രളയ വിവരണത്തിനു വെളിയിൽ ഈ പദം പ്രയോഗിച്ചിട്ടുള്ളത് സങ്കീർത്തനം 29:10-ൽ മാത്രമാണ്. ‘യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു.’ സെപ്റ്റജിന്റിൽ ഈ പദത്തെ ‘കററാക്ലുസ്മൊസ്’ എന്ന ഗ്രീക്കുപദം കൊണ്ടാണ് ഭാഷാന്തരം ചെയ്തിട്ടുളളത്. ഇതേപദം തന്നെയാണ് പുതിയനിയമത്തിലും ജലപ്രളയത്തിന് ഉപയോഗിച്ചിട്ടുള്ളത്. (മത്താ, 24:38-39, ലൂക്കോ, 17:27, 2പത്രൊ, 2:25). 

ജലപ്രളയത്തിന്റെ കാരണം: ഭൂമിയിൽ ജലപ്രളയം ഉണ്ടായതിനു കാരണം പാപത്തിന്മേലുള്ള ദൈവത്തിന്റെ ന്യായവിധിയാണ് “ഭൂമിയിൽ മനുഷ്യൻ ദുഷ്ടത വലിയതെന്നും അവൻ്റെ ഹൃദയവിചാരങ്ങളുടെ നിരപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളത് എന്നും യഹോവ കണ്ടു. താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുക കൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിനു ദു:ഖമായി.” (ഉല്പ, 6:5-6). മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ട് ദൈവം അനുതപിക്കുമാറു മനുഷ്യൻ വഷളനായി. ക്രിസ്തുവിന്റെ പുനരാഗമനത്തിലെ ന്യായവിധിയുമായും (മത്താ, 24:39), സൊദോമിന്റെയും ഗൊമൊറയുടെയും നാശവുമായും ബന്ധപ്പെടുത്തി ജലപ്രളയത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. (ലൂക്കോ, 17:27-29, 2പത്രൊ, 2:5-6). 

ജലപ്രളയം എന്ന പ്രതിഭാസം: ജലപ്രളയം കൊണ്ടു ഭൂമിയെ നശിപ്പിക്കുവാൻ തീരുമാനിച്ചിട്ടും ദൈവം120 വർഷം ദീർഘക്ഷമ കാണിച്ചു. (ഉല്പ, 6:3, 1പത്രൊ, 3:20). ഈ കാലയളവിൽ ഒരു പെട്ടകം നിർമ്മിക്കുവാൻ ദൈവം നോഹയോടു കല്പിച്ചു. പെട്ടകനിർമ്മാണത്തിൻ്റെ വിശദവിവരങ്ങൾ എല്ലാം യഹോവ തന്നെ നല്കി. കൂടാതെ നോഹയോടൊരു നിയമം ചെയ്യുമെന്നു യഹോവ മുന്നറിയിച്ചു. (6:18). നോഹയും ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരും അവരുടെ ഭാര്യമാരുമായി എട്ടു പേർ പെട്ടകത്തിൽ സംരക്ഷിക്കപ്പെട്ടു. (ഉല്പ, 6:18, 7:7,13, 2പത്രൊ, 2:5). സകല ജീവികളിൽ നിന്നും ആണും പെണ്ണുമായി ഈരണ്ടു വീതവും (പക്ഷികൾ, മൃഗങ്ങൾ, ഇഴജാതികൾ എന്നിവ: ഉല്പ, 6:19-20, 7:8-9,14-15) ശുദ്ധിയുള്ളവയിൽ നിന്ന് ആണും പെണ്ണുമായി ഏഴേഴും (ഉല്പ, 7:2-3) പെട്ടകത്തിൽ സംരക്ഷിക്കപ്പെട്ടു. ഇവയ്ക്കാവശ്യമായ ഭക്ഷണവും പെട്ടകത്തിൽ സജ്ജമാക്കി. നോഹയും കുടുംബവും പെട്ടകത്തിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ യഹോവ വാതിൽ അടച്ച് ഭദ്രമാക്കി; വെള്ളം തുറന്നു വിട്ടു.

ജലത്തിൻ്റെ ഉറവിടം: പ്രളയ ജലത്തിന്റെ സംഭരണം, വ്യാപനം എന്നിവയെക്കുറിച്ചു ഹസ്വമായ വിവരണമേ ബൈബിളിൽ നല്കിയിട്ടുള്ളൂ. ആഴിയുടെ ഉവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു എന്നിങ്ങനെ രൂപകഭാഷയിലാണ് വെള്ളത്തിന്റെ ഉറവിടത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത്: (ഉല്പ, 7:4,11-12). ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നത് വർഷപാതത്തെ കാണിക്കുന്നു. ആഴിയുടെ ഉറവുകളും പിളർന്നു. ‘തെഹോം’ എന്ന എബ്രായ പദത്തെയാണ് ആഴി എന്നു ഭാഷാന്തരം ചെയ്തിട്ടുള്ളത്. ഉല്പത്തി 1:2-ൽ പ്രയോഗിച്ചിരിക്കുന്നതും ‘തെഹോം’ ആണ്. സമുദ്രത്തിൽ നിന്നോ ശുദ്ധജല ഉറവുകളിൽ നിന്നോ അഥവാ ഇവ രണ്ടിൽ നിന്നുമോ പുറപ്പെട്ട വെള്ളത്തെ ആയിരിക്കണം ഉറവകൾ എന്ന പ്രയോഗം വിവക്ഷിക്കുന്നത്. ആഴിയുടെ ഉറവുകൾ ഒക്കെയും തുറന്നു എന്നതിൽ സമുദ്രം ഭൂമിയെ കടന്നാക്രമിച്ചു എന്ന ധ്വനിയുണ്ട്. സൃഷ്ടിയുടെ കാലം മുതൽ ജലപ്രളയകാലംവരെ ഏതോ രൂപത്തിലുള്ള ഒരു ജലവിതാനം ഭൂമിയെ ചുറ്റിയിരുന്നു എന്ന് ഒരഭ്യൂഹമുണ്ട്. നീരാവിയോ മഞ്ഞാ ആയിരിക്കാം ഈ വിതാനം. അങ്ങനെയൊരു വിതാനം ഭൂമിയെ ചുറ്റിയിരുന്നു എങ്കിൽ അതു ഭൂമിയിലേക്കു നീങ്ങിയതു ദീർഘമായ മഴയ്ക്ക് കാരണമായിരിക്കണം. യെഹെസ്ക്കേൽ പ്രവചനത്തിലെ ഭയങ്കരമായൊരു പളങ്കു പോലെയുള്ള വിതാനം ഈ ഹിമവിതാനത്തെ സൂചിപ്പിക്കുന്നവെന്ന് ഒരു ചിന്താഗതിയുണ്ട്. “ജീവികളുടെ തലക്കുമീതെ ഭയങ്കരമായോരു പളുങ്കു പോലെയുളള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലക്കുമീതെ വിരിഞ്ഞിരുന്നു.” (യെഹേ, 1:22). പക്ഷേ ഈ വാദവും സംശയാതീതമായി തെളിയിക്കാവുന്നതല്ല. ശാസ്ത്രീയമായി വിശദീകരിക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും പ്രളയം ഉണ്ടാകുവാൻ ദൈവം ഒരത്ഭുതം പ്രവർത്തിച്ചു എന്നതിന് സംശയമില്ല. 

പ്രളയത്തിന്റെ വ്യാപ്തി: ജലപ്രളയത്തെപ്പറ്റിയുള്ള വിവരണത്തിൽ അധികം അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് അതിന്റെ വ്യാപ്തിയിലാണ്. പ്രളയം സാർവ്വത്രികമായിരുന്നു എന്ന് പാരമ്പര്യമായി പല വ്യാഖ്യാതാക്കളും കരുതുന്നു. ഏറ്റവും ഉയരമുള്ള പർവ്വതനിരകൾ ഉൾപ്പെടെ ഭൂമിയെ പ്രളയജലം ആവരണം ചെയ്തു.  “വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുളള ഉയർന്ന പർവ്വതങ്ങളൊക്കെയും മുടിപ്പോയി.” (ഉല്പ, 7:19). മനുഷ്യൻ (6:7, 7:21), മൃഗം, ഇഴജാതി, പക്ഷികൾ (6:7,13,17,7:21-22) തുടങ്ങിയവ ഉൾപ്പെടെ സർവ്വജഡത്തെയും തുടച്ചുമാറ്റുമെന്നു യഹോവ പറഞ്ഞു. കൂടാതെ ഭൂചരജഡമൊക്കെയും മുക്കിൽ ജീവശ്വാസം ഉള്ളതൊക്കെയും ചത്തുപോയി എന്നു സ്പഷ്ടമാക്കിയിട്ടുമുണ്ട്. (7:21). ജലപ്രളയം സത്യമായിരുന്നു എന്ന് യേശുവും (മത്താ, 24:38-39, ലൂക്കോ, 17:27), പത്രൊസും (2പത്രൊ, 2:5, 3:6) വ്യക്തമാക്കിയിട്ടുണ്ട്. ജലപ്രളയം പ്രാദേശികമായിരുന്നില്ല, സാർവ്വത്രികമായിരുന്നു എന്നുള്ളതും വ്യക്തമാണ്. ജലപ്രളയം പ്രാദേശികമായിരുന്നു എങ്കിൽ നോഹയെയും കുടുംബത്തെയും സംരക്ഷിക്കുവാൻ ഒരു പെട്ടകത്തിന്റെ ആവശ്യം ഇല്ലായിരുന്നു. കുടുംബത്തോടും മൃഗങ്ങളോടും ഒപ്പം നോഹയെ മറ്റൊരു സ്ഥലത്തു മാറ്റിപ്പാർപ്പിച്ചാൽ മതിയായിരുന്നു.  

ജലപ്രളയത്തിൻ്റെ അവസാനം: ദൈവം നോഹയെ ഓർത്തു; വെള്ളം ക്രമമായി ഇറങ്ങുമാറാക്കി. പെട്ടകം അരരാത്ത് (ഉറാർട്ടു) പർവ്വതത്തിൽ ഉറച്ചു. പെട്ടകത്തിൽ നിന്നു പുറത്തിറങ്ങുന്നതു സുരക്ഷിതമാണോ എന്നറിയാൻ വേണ്ടി നോഹ മലങ്കാക്കയെ പുറത്തുവിട്ടു. (8:7). അനന്തരം ഒരു പ്രാവിനെ വിട്ടു. അതു പെട്ടകത്തിലേക്കു മടങ്ങി വന്നു. രണ്ടാം പ്രാവശ്യം പുറത്തുവിട്ടപ്പോൾ പ്രാവ് ഒരു പച്ച ഒലിവിലയുമായി മടങ്ങിവന്നു. ഒലിവുമരങ്ങൾ വളരുന്ന താഴ്വരവരെയും ഉണങ്ങി എന്നു നോഹയ്ക്ക് മനസ്സിലായി. (8:8-11). മൂന്നാമത്തെ പ്രാവശ്യം പ്രാവിനെ പുറത്തുവിട്ടപ്പോൾ അതു മടങ്ങി വന്നില്ല. (8:12). ദൈവം കല്പിച്ചതനുസരിച്ച് നോഹ പെട്ടകത്തിൽ നിന്നും പുറത്തുവന്നു. ശുദ്ധിയുള്ള മൃഗങ്ങളിലും പക്ഷികളിലും ചിലത് എടുത്ത് നോഹ യഹോവയ്ക്ക് ഹോമയാഗം അർപ്പിച്ചു. അതിന്റെ സൌരഭ്യവാസന മണത്തപ്പോൾ ഇനി പ്രളയജലത്താൽ ഭൂമിയെ നശിപ്പിക്കയില്ലെന്നു യഹോവ സത്യം ചെയ്തു. (8:21-22, യെശ, 54:9). നോഹയെയും പുത്രന്മാരെയും ദൈവം അനുഗ്രഹിച്ചു. (9:1). തുടർന്നു ദൈവം നോഹയോടു നിയമം ചെയ്യുകയും നിയമത്തിന്റെ അടയാളമായി തന്റെ വില്ലു മേഘത്തിൽ വയ്ക്കുകയും ചെയ്തു. (9:1-17.

ജലപ്രളയത്തിന്റെ കാലയളവ്: ജലപ്രളയത്തിൻറ കാലയളവു് 371 ദിവസമാണ്. നോഹയുടെ ആയുസ്സിന്റെ അറുന്നൂറാം വർഷം രണ്ടാം മാസം പതിനേഴാം തീയതി നോഹ പെട്ടകത്തിൽ പ്രവേശിക്കുകയും ജലപ്രളയം ആരംഭിക്കുകയും ചെയ്തു. നോഹയുടെ ആയുസ്സിൻറ 601-ാം വർഷം രണ്ടാം മാസം 27-ാം തീയതി ഭൂമി ഉണങ്ങി. (ഉല്പ, 8:13-14). ഒരു മാസത്തിന് മുപ്പതുദിവസം വച്ചു കണക്കുകൂട്ടുമ്പോൾ 371 ദിവസം എന്നു കിട്ടും. 

മഴ പെയ്തു: (7:12) 40 ദിവസം 

വെള്ളം പൊങ്ങിക്കൊണ്ടിരുന്നു: (7:24) 110 ദിവസം.

വെള്ളം കുറഞ്ഞു: (8:5) 74 ദിവസം.

മലങ്കാക്കയെ പുറത്തു വിട്ടു: (8:6-7) 40 ദിവസത്തിനു ശേഷം. 

പ്രാവിനെ പുറത്തു വിട്ടു: (8:8) 7 ദിവസത്തിനു ശേഷം.

പ്രാവിനെ രണ്ടാമതു പുറത്തു വിട്ടു: (8:10) 7 ദിവസത്തിനു ശേഷം.

പ്രാവിനെ മൂന്നാമതു പുറത്തുവിട്ടു: (8:12) 7 ദിവസത്തിനു ശേഷം.

പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി: (8:13) 29 ദിവസത്തിനു ശേഷം. 

ഭൂമി ഉണങ്ങി: (8:14) 57 ദിവസത്തിനു ശേഷം.

ആകെ 371 ദിവസം

പ്രളയകഥകൾ: പൗരാണിക ജനവർഗ്ഗങ്ങളുടെ ഇടയിൽ ഒരു പ്രളയത്തെക്കുറിച്ചുള്ള പാരമ്പര്യം പ്രബലമായി കാണപ്പെടുന്നുണ്ട്. പേരുകളും പശ്ചാത്തലങ്ങളും വിഭിന്നങ്ങളാണെങ്കിലും ഇതിവൃത്തം ഏറെക്കുറെ സമാനമാണ്. ഈ കഥ വാമൊഴിയിലൂടെ കൈമാറി ഒടുവിൽ വരമൊഴിയിൽ ആലേഖനം ചെയ്യപ്പെട്ടു. സുമേരിയയിലെ രാജാക്കന്മാരുടെ പട്ടികയിൽ എട്ടു പ്രളയപൂർവ്വ രാജാക്കന്മാർക്കു ശേഷം ‘അനന്തരം പ്രളയജലം ഭൂമിയെ മുടി’ എന്ന പ്രസ്താവന കാണാം. അതിനുശേഷമാണ് പ്രളയാനന്തര രാജാക്കന്മാരുടെ പട്ടിക നല്കുന്നത്. പൌരാണിക നിപ്പൂറിൽ നിന്നും ലഭിച്ച കളിമൺ ഫലകത്തിലെ പ്രളയകഥയാണ് ഏറ്റവും പ്രാചീനം. ഈ കഥയിലെ നായകൻ ‘സിയുസൂദ’യാണ്. പ്രളയത്തെക്കുറിച്ചുള്ള വിവരണം ദേവന്മാർ സിയുസുദയ്ക്ക് നല്കി. ജലപ്രളയം തുടങ്ങിക്കഴിഞ്ഞപ്പോൾ സിയുസുദ ഒരു വലിയ കപ്പലിൽ സഞ്ചരിക്കുകയായിരുന്നു. ഏഴുരാവും ഏഴുപകലും പ്രളയജലം ദേശത്തെ ആവരണം ചെയ്തു. കപ്പൽ പെരുവെളളത്തിന്മീതെ കൊടുങ്കാററുകളിൽ അലഞ്ഞുലഞ്ഞു. സൂര്യദേവൻ ഉദിച്ചു ആകാശത്തിലും ഭൂമിയിലും പ്രകാശം ചൊരിഞ്ഞു. സിയുസുദ കപ്പലിന്റെ പാർശ്വത്തിൽ ഒരു സുഷിരമുണ്ടാക്കി; സൂര്യദേവന്റെ മുമ്പിൽ നമസ്കരിച്ചു മൃഗങ്ങളെ ബലികഴിച്ചു. ഒടുവിൽ ദേവന്മാർ സിയുസുദയ്ക്കു അമരത്വം നല്കി പറുദീസയിലേക്കു കൂട്ടിക്കൊണ്ടു പോയി. 

ബാബിലോണിയൻ പ്രളയകഥയാണു ബൈബിളിലെ വിവരണത്തോടടുത്തു നില്ക്കുന്നത്. ഗിൽഗമേഷ് പുരാണത്തിലെ 17-ാം പുസ്തകം പ്രളയകഥയാണ്. കളിമൺ ഫലകങ്ങൾ 1853-ൽ കണ്ടെടുത്തു എങ്കിലും അവ വായിക്കാൻ കഴിഞ്ഞതു് 1872-ലാണ്. ബൈബിളിലെ നോഹയുടെ സ്ഥാനത്ത് ഉറ്റ്നാപിഷ്ടീം ആണ് നായകൻ. അമർത്ത്യതയെക്കുറിച്ച് ആരാഞ്ഞു നടന്ന ഗില്ഗമേഷ് അമരനായിത്തീർന്ന ഉറ്റ്നാപിഷ്ടീമിനെ കണ്ടു; അമർത്യതയെക്കുറിച്ചു ചോദിച്ചു. ജലപ്രളയത്തിലൂടെ കടന്നു പോയതിന്റെ ഫലമായി ദേവന്മാർ തനിക്കു അമരത്വം നല്കിയതായി ഉറ്റ്നാപിഷ്ടീം പറഞ്ഞു. ജലപ്രളയംകൊണ്ടു ഭൂമിയെ നശിപ്പിക്കാൻ ദേവന്മാർ നിശ്ചയിച്ചു. ദേവന്മാരുടെ നിർദ്ദേശമനുസരിച്ച് ഉറ്റ്നാപിഷ്ടീം ഒരു വലിയ നൌക നിർമ്മിച്ച് അകത്തും പുറത്തും കീൽ തേച്ചു. തന്റെ കുടുംബം, ശില്പികൾ, മൃഗങ്ങൾ, സ്വർണ്ണം, വെള്ളി, നാവികൻ എല്ലാം കപ്പലിൽ കടന്നു. ജലപ്രളയം കണ്ടു ദേവന്മാർ പോലും കരഞ്ഞുപോയി. ആറുരാത്രിയും ആറുപകലും കൊടുങ്കാറ്റു ചീറിയടിച്ചു. ഏഴാംദിവസം പ്രളയം നിലച്ചു. മനുഷ്യവർഗ്ഗം മുഴുവൻ കളിമണ്ണായി മാറി. ദേശം മുഴുവൻ സമനിരപ്പായി. കപ്പൽ നിസിർ (Nisir) മലയിൽ ഉറച്ചു. നായകൻ പക്ഷികളെ പുറത്തു വിട്ടു. ഏഴാം ദിവസം പ്രാവിനെ പുറത്തു വിട്ടു; അതു മടങ്ങിവന്നു. അനന്തരം മീവൽപക്ഷിയെ വിട്ടു; അതും മടങ്ങിവന്നു. ഒടുവിൽ മലങ്കാക്കയെ വിട്ടു; അതു മടങ്ങിവന്നില്ല. തുടർന്നു ഉറ്റ്നാപിഷ്ടീം യാഗങ്ങൾ കഴിച്ചപ്പോൾ സൌരഭ്യവാസന മണത്ത് ദേവന്മാർ അർപ്പകൻ്റെ ചുറ്റും കൂടി. ഉറ്റ്നാപിഷ്ടീമിനും ഭാര്യയ്ക്കും അമരത്വം നല്കി ദേവന്മാർക്കു സദൃശരാക്കി. 

ഭാരതീയ പാരമ്പര്യമനുസരിച്ച് പ്രളയകഥ ഇപ്രകാരമാണ്: ഒരിക്കൽ വൈവസ്വതമനു സ്നാനം ചെയ്യുന്നതിനായി കൃതമാലാനദിയിൽ ഇറങ്ങി. ഉടനെ ഒരു ചെറിയ മത്സ്യം മനുവിനോടിങ്ങനെ പറഞ്ഞു; “രാജാവേ എനിക്കു വലിയ മത്സ്യങ്ങളെ ഭയമാണ്. അങ്ങ് എന്നെ ഉപേക്ഷിച്ചു പോകരുത്.” രാജാവ് അനുകമ്പയോടുകൂടി മത്സ്യത്തെ എടുത്തു ഒരു മൺകുടത്തിൽ സൂക്ഷിച്ചു. അനുക്ഷണം വളർന്നുകൊണ്ടിരുന്ന മത്സ്യത്തെ കുടം നിറഞ്ഞപ്പോൾ വലിയ പാത്രത്തിലും പാത്രം നിറഞ്ഞപ്പോൾ കുളത്തിലും, കുളം നിറഞ്ഞപ്പോൾ അതിന്റെ അപേക്ഷപ്രകാരം ഗംഗയിലും നിക്ഷേപിച്ചു. ചില ദിവസങ്ങൾക്കുള്ളിൽ മത്സ്യം ഗംഗാനദിയിലും കൊള്ളാതെയായി. ഒടുവിൽ മത്സ്യം രാജാവിനോടു പറഞ്ഞു; “രാജാവേ ഏഴുദിവസത്തിനുള്ളിൽ ഒരു മഹാപ്രളയം സംഭവിക്കും. ഒരു തോണി നിർമ്മിച്ച് സപ്തർഷികളെയും കയറ്റി അങ്ങു രക്ഷപ്പെടുക. ഞാൻ അങ്ങയെ സഹായിക്കാം.” മത്സ്യം പറഞ്ഞതുപോലെ രാജാവു ചെയ്തു. ഏഴുദിവസത്തിനകം ഘോരമാരി തുടങ്ങി. ലോകം മുഴുവൻ പ്രളയത്തിൽ മുങ്ങി. മത്സ്യത്തിന്റെ തലയിൽ മുളച്ച കൊമ്പിൽ മനു തോണിയെ ബന്ധിച്ചു. മത്സ്യം തോണിയുമായി ഹിമാലയ ശൃംഗത്തിലെത്തി. തോണിയെ പർവ്വതശൃംഗത്തിൽ ബന്ധിച്ചു. ഘോരമാരി അവസാനിച്ചപ്പോൾ മനുവും സപ്തർഷികളും ഒഴികെ സമസ്തവും നശിച്ചു. ഭൂമിയെ മുഴുവൻ ഗ്രസിച്ച ഒരു പ്രളയത്തിന്റെ സ്മരണ പൌരാണിക ജനവർഗ്ഗങ്ങൾക്കുണ്ടായിരുന്നു. ഇത് ജലപ്രളയത്തിന്റെ ഉൺമയ്ക്ക് തെളിവാണ്. ഏകദൈവ വിശ്വാസം ബൈബിളിലെ പ്രളയ വിവരണത്തിന് സുഭദ്രമായ അടിസ്ഥാനം നല്കുന്നുണ്ട്. മെസൊപ്പൊട്ടേമിയയിലെ ഊർ, കീശ്, വാർക്കാ, ഫാറാ എന്നീ പ്രദേശങ്ങളിൽ നടത്തിയ ഖനനങ്ങൾ വലിയ വെള്ളപ്പൊക്കങ്ങളുടെ തെളിവുകൾ നല്കി. എന്നാൽ അവ ഏകകാലത്തു സംഭവിച്ചവയല്ല. പ്രാദേശികമായ വെള്ളപ്പൊക്കങ്ങൾ മാത്രമായിരുന്നു അവ. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ജലപ്രളയം സാർവ്വത്രികമാണ്. ജലപ്രളയത്തിനു ശേഷം നോഹയോടു ദൈവം ചെയ്ത നിയമത്തിൽ പ്രകൃതിയുടെ ക്രമം വ്യവസ്ഥാപനം ചെയ്തു. (8:22). രക്തം കൂടാതെ മാംസം ഭക്ഷിക്കുവാനുളള കല്പന ദൈവം നല്കി. കൊലപാതകിക്ക് വധശിക്ഷ നല്കുവാനുള്ള അവകാശം മാനുഷഭരണത്തിൻ കീഴിലായി. (9:6). പ്രളയശേഷം മനുഷ്യായുസ്സ് അനുക്രമമായി കുറഞ്ഞു തുടങ്ങി.

കാണുക:👇

നോഹയുടെ പെട്ടകം

One thought on “ജലപ്രളയം”

Leave a Reply

Your email address will not be published. Required fields are marked *