ദൈവഭക്തിയുടെ മർമ്മം

ദൈവഭക്തിയുടെ മർമ്മം

“ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16)

പൗലൊസ് ഇവിടെ ദൈവഭക്തിയുടെ മർമ്മം അഥവാ രഹസ്യം വെളിപ്പെടുത്തുകയാണ്. ‘ആരാധനാ ജീവിതത്തിന്‍റെ രഹസ്യം’ (ഇ.ആർ.വി), ‘മതവിശ്വാസത്തിന്‍റെ മര്‍മ്മം’ (സ.വേ.പു.CL), ‘ദൈവഭക്തിയുടെ അഗാധരഹസ്യം’ (മ.ബൈ.നൂ.പ), ‘മതത്തിൻ്റെ രഹസ്യം’ (പി.ഒ.സി) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. മർമ്മമെന്താണെന്നു പുതിയനിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്: പൂർവ്വകാലങ്ങളിൽ അഥവാ പഴയനിയമ ഭക്തന്മാരിൽനിന്നു ദൈവം മറച്ചുവെച്ചിരുന്നതും ദൈവത്തിൻ്റെ ആത്മാവിനാൽ പുതിയനിയമ ഭക്തന്മാർക്ക് വെളിപ്പെടുത്തിയതുമാണ് മർമ്മം. (റോമർ 16:24,25; എഫെ, 3:5; കൊലൊ, 1:26). ഏതൊരു മർമ്മവും അഥവാ രഹസ്യവും അത് വെളിപ്പെടുന്നതുവരെ മാത്രമായിരിക്കും രഹസ്യം; വെളിപ്പെട്ടുകഴിഞ്ഞാൽ പിന്നെയത് പരസ്യമായി. ആ അർത്ഥത്തിൽ; സഭയെക്കുറിച്ച് യാതൊരു മർമ്മവും ഇനി ശേഷിക്കുന്നില്ല. പുതിയനിയമത്തിൽ അനേകം മർമ്മങ്ങൾ ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒന്നാമത്തേതായ സ്വർഗ്ഗരാജ്യത്തിൻ്റെ മർമ്മം യേശുക്രിസ്തുവാണ് വെളിപ്പെടുത്തുന്നത്. (മത്താ, 13:3-50, മർക്കൊ, 4:1-32; ലൂക്കൊ, 8:4-15). തുടർന്ന് ദൈവസഭയെക്കുറിച്ചുള്ള മർമ്മങ്ങളെല്ലാം പൗലൊസിനാണ് വെളിപ്പെട്ടത്. കൃപായുഗത്തിൽ യിസ്രായേലിന്റെ കാഠിന്യത്തിന്റ മർമ്മം. (റോമ, 11:25). വിശ്വാസത്തിൻ്റെ അനുസരണത്തിനായുള്ള മർമ്മം. (റോമ, 16:24,25). മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം. (1കൊരി, 2:7-10). സഭയുടെ ഉൽപാപണ മർമ്മം. (1കൊരി, 15:51,52; 1തെസ്സ, 4:14-17). ദൈവഹിതത്തിന്റെ മർമ്മം. (എഫെ, 1:9,10). തുടങ്ങിയ പ്രധാനപ്പെട്ട പന്ത്രണ്ടോളം മർമ്മം പൗലൊസിലൂടെ സഭയ്ക്ക് വെളിപ്പെട്ടിട്ടുണ്ട്. കൂടാതെ, അന്ത്യകാലത്തെക്കുറിച്ചുള്ള ചില മർമ്മങ്ങൾ യോഹന്നാനും വെളിപ്പെട്ടിട്ടുണ്ട്. (കാണുക: മർമ്മം)

ജഡത്തിൽ വെളിപ്പെട്ടതാര്: അതാണ് നമ്മുടെ ചിന്താവിഷയം. ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തിന്മേൽ സഭ സ്ഥാപിതമായി മുപ്പത് വർഷങ്ങൾക്കുശേഷമാണ് പൗലൊസ് ഈ മർമ്മം വെളിപ്പെടുത്തുന്നത്. അതുവരെ ആർക്കും അറിയാതിരുന്ന അഥവാ ആർക്കും വെളിപ്പെട്ടിട്ടില്ലാത്ത കാര്യത്തെയാണല്ലോ മർമ്മമെന്ന് പറയുന്നത്. ഏകദേശം എ.ഡി. 64/65 കാലത്താണ് പൗലൊസ് തിമൊഥെയൊസിന് ഈ ലേഖനം എഴുതുന്നത്. എ.ഡി. 33 മെയ് 24 ഞായറാഴ്ച രാവിലെ 9 മണിക്കാണ് ദൈവസഭ സ്ഥാപിതമായത്. അതായത്, ദൈവപുത്രനായ യേശു മറിയയുടെ ഉദരത്തിലൂടെ ജനിച്ചു അഥവാ ലോകത്തിൽ വെളിപ്പെട്ട് ഏകദേശം മുപ്പത്തിമൂന്നോളം വർഷങ്ങൾക്കുശേഷം അവൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ശേഷമാണ് ദൈവസഭ സ്ഥാപിതമായത്. അനന്തരം ക്രിസ്തുവിൻ്റെ ക്രൂശീകരണത്തിൻ്റെ വസ്തുത പരസ്യമായപ്പോഴാണ് ശിഷ്യന്മാർ മൂവായിരവും അയ്യായിരവുമായി, വിശ്വാസികളുടെ എണ്ണം ഏറ്റവും വർദ്ധിച്ചു, സഭകൾ എണ്ണത്തിൽ ദിവസേന പെരുകി എല്ലായിടവും വ്യാപിച്ചത്. എല്ലായിടത്തും പരസ്യമായ ഇക്കാര്യം, പിന്നെയും മൂപ്പത് വർഷത്തിനുശേഷം രഹസ്യമെന്ന നിലയിൽ പൗലൊസ് വെളിപ്പെടുത്തില്ലല്ലോ? ഒരുദാഹരണം പറയാം: കേരളത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ട് ഇപ്പോൾ ഏകദേശം ആറുവർഷമായി. ഇന്നൊരാൾ വന്നിട്ട്, ഞാൻ നിങ്ങളോടൊരു മർമ്മം പറയാം: നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്, എന്ന് പറഞ്ഞാൽ; അയാളൊരു ഭ്രാന്തനോ, മണ്ടനോ ആയിരിക്കും. ഇത് മനസ്സിലാകുന്നിടത്തുനിന്നാണ് പൗലൊസ് പറയുന്ന മർമ്മമെന്താണെന്ന് ചിന്തിച്ചുതുടങ്ങുന്നത്.

അവൻ ജഡത്തിൽ വെളിപ്പെട്ടു: അഥവാ മനുഷ്യനായിവന്നു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചുയിർത്തത് ‘ആരാകുന്നു‘ എന്ന് ചോദിച്ചാൽ; എല്ലാവർക്കും ഉത്തരമറിയാം; മനുഷ്യനായ ക്രിസ്തുയേശുവാണ്. യേശു, ക്രിസ്തു, ദൈവപുത്രൻ, മനുഷ്യപുത്രൻ, വചനം, ഏകജാതൻ, ആദ്യജാതൻ ഏത് പേരുപറഞ്ഞാലും ശരിയുമാണ്. എന്നാൽ മനുഷ്യനായി വന്നത് ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ; മേല്പറഞ്ഞ ഉത്തരങ്ങളൊന്നുമല്ല. പൗലൊസ് അവിടെ പറഞ്ഞിരിക്കുന്ന ‘അവൻ എന്ന സർവ്വനാമമാണ് ഉത്തരം. “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതൊരു കർത്തരി പ്രയോഗമാണ്. കർതൃകാരകത്തിന് പ്രാധാന്യമുള്ളതാണ് കർത്തരി പ്രയോഗം. ക്രിയ നിർവ്വഹിക്കുന്നത് ആരാണോ അഥവാ എന്താണോ അതാണ് കർത്തൃകാരകം. ഇവിടെ ‘വെളിപ്പെട്ടു‘ എന്ന ക്രിയ നിർവ്വഹിക്കുന്നത് ‘അവൻ‘ എന്ന കർത്താവാണ്. ‘അവൻ‘ എന്നത് പ്രഥമപുരുഷ സർവ്വനാമമാണ്. ജഡത്തിൽ വെളിപ്പെട്ട ‘അവൻ‘ ആരാണോ അതാണ് പൗലൊസ് വെളിപ്പെടുത്തുന്ന മർമ്മം; ആ രഹസ്യം എന്താണെന്ന് അറിയണമെങ്കിൽ ‘അവൻ‘ എന്ന സർവ്വനാമത്തിൻ്റെ ‘നാമം’ കണ്ടെത്തണം. 

സർവ്വനാമം: നാമത്തിനു പകരം ഉപയോഗിക്കുന്നതാണ് സർവ്വനാമം. അഥവാ നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. ആര്, ആരോട്, ആരെക്കുറിച്ച് എന്നിങ്ങനെ സർവ്വനാമങ്ങൾ മൂന്നു വിധത്തിലുണ്ട്. അതിനെ ഉത്തമപുരുഷൻ (first person), മധ്യമപുരുഷൻ (second person), പ്രഥമപുരുഷൻ (third person) എന്നു പറയും. പറയുന്ന ആളാണ് ഉത്തമപുരുഷൻ. ഉദാ: ഞാൻ, എൻ്റെ, എനിക്കു, എന്നോട് തുടങ്ങിയവ. ആരോട് പറയുന്നുവോ അവനാണ് മധ്യമപുരുഷൻ. ഉദാ: നീ, നിൻ്റെ, നിനക്ക്, നിന്നോട് തുടങ്ങിയവ. ആരെക്കുറിച്ചു പറയുന്നുവോ അതാണ് പ്രഥമപുരുഷൻ. ഉദാ: അവൻ, അവൾ, അത്, ഇത്, അവൻ്റെ, അവളുടെ, അവരുടെ, അവർക്ക് തുടങ്ങിയവ. അതിൽ നമുക്ക് കണ്ടെത്താനുള്ളത് ആരെക്കുറിച്ച് പറയുന്നു എന്ന പ്രഥമപുരുഷനെയാണ്. ബൈബിളിൽ മാത്രമല്ല ഏതൊരു പുസ്തകത്തിലും സാധാരണഗതിയിൽ പ്രഥമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവനെ കണ്ടെത്താൻ വാക്യത്തിൻ്റെ മുകളിൽ നോക്കിയാൽ മതി.

അദ്ധ്യായത്തിലെ വിഷയം: 1തിമൊഥെയൊസ് മൂന്നാമദ്ധ്യായത്തിൽ മൂന്നു വിഷയമാണുള്ളത്: ഒന്നുമുതൽ ഏഴുവരെ മൂപ്പന്മാരുടെ യോഗ്യതയും; എട്ടുമുതൽ പതിമൂന്നുവരെ ശുശ്രൂഷകന്മാരുടെ യോഗ്യതയും; പതിനാലുമുതൽ പതിനാറുവരെ ദൈവഭക്തിയുടെ മർമ്മവും. “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ അവനെ കണ്ടെത്താൻ തൊട്ടുമുകളിൽ നോക്കിയാൽ മതി. അവടെ മുന്നു വ്യക്തികളെ കാണാം: ഒന്ന്: എഴുത്തുകാരനായ പൗലൊസ്; രണ്ട്; ലേഖനം സ്വീകരിച്ച തിമൊഥെയൊസ്; മൂന്ന്; ജീവനുള്ള ദൈവം. പൗലൊസ് എന്ന എഴുത്തുകാരൻ അഥവാ ഉത്തമപുരുഷൻ, തിമൊഥെയൊസെന്ന ലേഖനസ്വീകർത്താവ് അഥവാ മധ്യമപുരുഷനോട് പറയുന്നത്; പ്രഥമപുരുഷനായ ജീവനുള്ള ദൈവത്തിൻ്റെ സഭയാകുന്ന ദൈവാലയത്തെക്കുറിച്ചാണ്. അപ്പോൾ ‘അവൻ’ എന്ന പ്രഥമപുരുഷൻ (third person) പൗലൊസുമല്ല; തിമൊഥെയൊസുമല്ല; ജീവനുള്ള ദൈവമാണ്. “അവൻ അഥവാ ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടത്.” ഇതാണ് സഭ സ്ഥാപിതമായി മുപ്പത് വർഷങ്ങൾക്കുശേഷം ദൈവം പൗലൊസിനു വെളിപ്പെടുത്തിയ മർമ്മം. ആരാണ് ജീവനുള്ള ദൈവം? സൈന്യങ്ങളുടെ ദൈവമായ യഹോവയത്രേ: “നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.” (യിരെ, 23:36). യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10)

മേല്പറഞ്ഞ വസ്തുതയുടെ സ്ഥിരീകരണത്തിനായി ഒരുകാര്യംകൂടി പറയാം: “നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നതെന്ന് മുകളിൽ നാം ചിന്തിച്ചതാണല്ലോ.” വ്യാകരണനിയമപ്രകാരം സർവ്വനാമം ഉപയോഗിക്കണമെങ്കിൽ മിനിമം ഒരു പ്രാവശ്യമെങ്കിലും നാമം പ്രയോഗിച്ചിരിക്കണം എന്നതാണ്. അല്ലെങ്കിൽ ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയില്ല. 1തിമൊഥെയൊസ് 14-16 വാക്യങ്ങളിൽ ദൈവഭക്തിയുടെ മർമ്മമെന്ന പ്രത്യേകവിഷയമാണ് പൗലൊസ് കൈകാര്യം ചെയ്യുന്നത്. പ്രസ്തുത വിഷയത്തിനു മുകളിൽ മറ്റുരണ്ട് വിഷയങ്ങളാണുള്ളത്. തന്മൂലം, ഈ വിഷയം തുടങ്ങുമ്പോൾ പൗലൊസ് സർവ്വനാമത്തിൻ്റെ ഉടയവനെ അവിടെ പറഞ്ഞിട്ടുണ്ടെന്നുള്ളത് അവിതർക്കമാണ്. ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കുന്നതിനു മുമ്പ് ആ നാമം പൗലൊസ് ഒരുപ്രവാശ്യം പ്രയോഗിച്ചിട്ടുണ്ട്; ആ നാമമാണ് 3:15-ൽ പറയുന്ന “ജീവനുള്ള ദൈവം.” പണ്ഡിതന്മാർക്ക് ഭാഷ അറിയാത്തതാണോ അല്ല. ലേഖനകർത്താവും (ഉത്തമപുരുഷൻ) സ്വീകർത്താവും (മധ്യമപുരുഷൻ) തമ്മിൽ ഒരു വിഷയം പറയുമ്പോൾ, പേരോ, പദവിയോ, വിശേഷണമോ ഒരിക്കലെങ്കിലും പ്രസ്താവിക്കാതെ പ്രഥമപുരുഷസർവ്വനാമം ഉപയോഗിക്കാൻ കഴിയില്ലെന്ന് അറിയാൻ കഴിയാതെവണ്ണം പണ്ഡിതന്മാരുടെ ഹൃദയത്തെ സാത്താൻ കുരുടാക്കിക്കളഞ്ഞു. (യെശ, 6:10; യോഹ, 12:40). ത്രിത്വം വിശ്വസിക്കുന്നവർ ബൈബിളെന്നല്ല, ബാലമംഗളം വായിച്ചാലും ഇതുതന്നെയായിരിക്കും അവസ്ഥ.

അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ (God was manifested in the flesh) എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്: ABU, ACV, AKJV, Anderson; AV; AVW, BB, BSV, CVB, Darby, EE; EMTV, FAA, FBV; GB1539, GB1587, GB 1599, GWN; HKJV, HNV, JUB, KJ1769; KJ3; KJV, KJ2000, KJCNT; KJLNT, KJV+; KJV1611; LHB, LITV, Logos, Matthew, MKJV, MLV; MTNT; NKJV, NMB, NTWE, Niobe, NTABU, NTWE, RWE, RWV+; RYNT, SLT, T4T, Thomson; TRCC, UDB, UKJV, VW, WB, WBS, WEB, WEBBE, WEBL, WEBME, WEBP, Webster, WEBPE, WMB, WMBB, WoNT; WPNT; WSNT, Worsly, YLT എന്നിവ ഉദാഹരണങ്ങളാണ്. ” ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നത് ഒരു പരിധിവരെ ശരിയാണെന്നല്ലാതെ, വ്യാകരണനിയമപ്രകാരം അത് പൂർണ്ണമായി ശരിയാണെന്ന് പറയാൻ കഴിയില്ല. New Messianic Version Bible-ൽ ആകട്ടെ, പിതാവായ ദൈവം തന്നെയാണ് ജഡത്തിൽ വെളിപ്പെട്ടതെന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്: “And without controversy great is the mystery of godliness: God-The Father was manifest in the flesh, justified in the Spirit [Ruach], seen of angels, preached unto the Goyim [Gentiles], believed on in the world, received up into glory.” ഈ പരിഭാഷ വ്യാകരണനിയമപ്രകാരം ശരിയാണ്; എന്തെന്നാൽ 15-ാം വാക്യത്തിൽ സഭയെ “ദൈവപിതാവിന്റെ ഭവനം” (the house of God-The Father) എന്നാണ് പറഞ്ഞിരിക്കുന്നത്: “But if I wait long, that you may know how you ought to behave yourself in the house of God-The Father, which is the church of the living God-The Father, the pillar and ground of the truth.” (3:15). ജീവനുള്ളദൈവവും പിതാവുമായ യഹോവയാണ് ജഡത്തിൽ പ്രത്യക്ഷനായത് (യിരെ, 10:10); അതാണ് പൗലൊസ് അപ്പൊസ്തലനു വെളിപ്പെട്ട ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മം. ദൈവം അവതരിച്ചു എന്ന് പഠിപ്പിക്കുന്നവരാണ് ട്രിനിറ്റി; ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ലെന്നുപോലും ട്രിനിറ്റിക്കറിയില്ല. (കാണുക: വെളിപ്പാടും അവതാരവും)

മറ്റൊരു വിധത്തിലും ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടതാണ് ആ വേദഭാഗത്തെ മർമ്മമെന്ന് കണ്ടെത്താൻ കഴിയും. പ്രസ്തുത വേദഭാഗത്ത് ആറ് കാര്യങ്ങൾ പറയുന്നുണ്ട്: അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു. 

1. അവൻ ജഡത്തിൽ വെളിപ്പെട്ടു: ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു.

2. ആത്മാവിൽ നീതീകരിക്കപ്പെട്ടു: യേശു യോഹന്നാനാൽ സ്നാനമേല്ക്കുവാൻ യോർദ്ദാനിൽ ചെല്ലുമ്പോൾ സ്നാപകൻ യേശുവിനെ വിലക്കുകയുണ്ടായി. അപ്പോൾ യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു.” (മത്താ, 3:14,15). അനന്തരം യേശു സ്നാനം ഏറ്റു വെള്ളത്തിൽനിന്നു കയറിയപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ ഇറങ്ങിവരുകയും, ഇവനെൻ്റെ പ്രിയപുത്രനെന്ന് സ്വർഗ്ഗത്തിൽനിന്ന് ശബ്ദം ഉണ്ടാകുകയും ചെയ്തു. (മത്താ, 3:16,17). സ്നാപകൻ ഇതിനെക്കുറിച്ച് സാക്ഷ്യം പറയുന്നത്; പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;….. “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:29-33). പാപം ചെയ്യുന്ന ദേഹി മരിക്കണം (യെഹെ, 18:4), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മനുഷ്യരിൽ നീതിമാനായി ആരുമില്ലാത്തതുകൊണ്ട് (റോമ, 3:10) സ്വർഗ്ഗത്തിൽനിന്ന് വന്ന നീതിമാനെ പരിശുദ്ധാത്മാവ് യോഹന്നാനെ ചൂണ്ടിക്കാണിക്കുകയായിരുന്നു. (മത്താ, 17:5; യോഹ, 16:7-11; റോമ, 1:5). യേശുവിൻ്റെ മരണം കണ്ട ശതാധിപനും (ലൂക്കൊ, 23:47), പുനരുത്ഥാനശേഷം അപ്പൊസ്തലന്മാരും യേശു നീതീമാനാണെന്ന സാക്ഷ്യം പറഞ്ഞത് പരിശുദ്ധാത്മാവിൽ ആയിരുന്നു. (പ്രവൃ, 3:14; 7:52; 22:14; 1പത്രൊ, 3:18; 1യോഹ, 1:9; 2:1; 2:27; 3:7).

3. ദൂതന്മാർക്കു പ്രത്യക്ഷനായി: യേശുവിൻ്റെ ജനനസമയത്തും (ലൂക്കൊ, 2:9-14), പരീക്ഷാവേളയിലും (മത്താ, 4:10), ഗെത്ത്ശെമനയിലെ വ്യഥയിലും (ലൂക്കൊ, 22:43), പുനരുത്ഥാനത്തിലും (മത്താ, 28:2; യോഹ, 20:12) ദൂതന്മാർ പ്രത്യക്ഷരായതായി അഥവാ ജഡത്തിൽ വെളിപ്പെട്ടവനെ ദൂതന്മാർ ദർശിച്ചതായി നാം വായിക്കുന്നു.

4. ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു: യേശുവിൻ്റെ കല്പനപോലെ, പെന്തെക്കൊസ്തു നാൾ തുടങ്ങി സകല ജാതികളോടും അപ്പൊസ്തലന്മാർ സുവിശേഷം പ്രസംഗിച്ചു തുടങ്ങി. (മത്താ, 24:14; മർക്കൊ, 13:10; 16:15; ലൂക്കൊ, 24:47; പ്രവൃ, 1:8; 8:27-38; 10:24-48; 13:46). 

5. ലോകത്തിൽ വിശ്വസിക്കപ്പെട്ടു: ലോകം മുഴുവൻ വിശ്വസിക്കപ്പെട്ടു എന്നല്ല; ലോകത്തിൽ വിശ്വസിക്കപ്പെട്ടു. ലോകത്തിലെ സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളവർ വിശ്വസിച്ചു. (വെളി, 7:9).

6. തേജസ്സിൽ എടുക്കപ്പെട്ടു: യേശു ലോകത്തിൻ്റെ പാപപരിഹാരത്തിനുള്ള വീണ്ടെടുപ്പുവില കൊടുത്തശേഷം സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയതിനെ ഇത് സൂചിപ്പിക്കുന്നു. (മർക്കൊ, 16:19; ലൂക്കൊ, 24:51; പ്രവൃ, 1:9,10). 

മേല്പറഞ്ഞ ആറ് കാര്യങ്ങളിൽ, ഒന്നാമത്തേത് ഒഴികെ അഞ്ച് കാര്യങ്ങളും യേശുവിൻ്റെ ജനനം മുതൽ പൗലൊസിനു ദൈവഭക്തിയുടെ മർമ്മം വെളിപ്പെടുന്നതിനും ഉള്ളിലുള്ള കാലയളവിൽ നിവൃത്തിയായതും പരസ്യമായതുമായ സംഭവങ്ങളാണ്. എന്നാൽ യേശു എന്ന നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32, 1:35) പാപമറിയാത്ത പൂർണ്ണമനുഷ്യനായി വന്ന് പാപപരിഹാരം വരുത്തിയത് ‘ആരായിരുന്നു‘ എന്നത് ഒരു മർമ്മമായിരുന്നു. ആ രഹസ്യമാണ് തൻ്റെ നിര്യാണകാലം അടുത്തപ്പോൾ ദൈവം പൗലൊസിന് വെളിപ്പെടുത്തിക്കൊടുത്തിട്ട്, അവൻ നമ്മോട് അറിയിച്ചത്. 

ക്രിസ്തു/മശീഹ അഥവാ അഭിഷിക്ത മനുഷ്യനായി മണ്ണിൽ വന്നവൻ ‘ആരായിരുന്നു‘ എന്ന് അറിയുന്നതിൽനിന്ന് ജനത്തെ തടുത്തുകളഞ്ഞതിൽ പ്രധാന പങ്കുവഹിച്ചത് നാലാം നൂറ്റാണ്ടിൽ നിഖ്യാ സുന്നഹദോസിൻ്റെ ബുദ്ധിമൂശയിൽ ഉരുത്തിരിഞ്ഞ ത്രിത്വമെന്ന ദുരുപദേശമാണ്. ത്രിത്വത്തിൻ്റെ ഒരു പ്രധാന ദുരുപദേശമാണ് അവതാരമെന്ന വിഷയം. ബൈബിളിൻ്റെ വിഷയം അവതാരം (incarnation) അല്ല; പ്രത്യക്ഷത അഥവാ വെളിപ്പാടാണ് (manifestation). പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവം പ്രത്യക്ഷനാകുകയായിരുന്നു. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത ദൈവം (യാക്കോ, 1:17) തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമാകും വിധത്തിൽ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” “ദൈവം തൻ്റെ സ്ഥായിയായ രൂപം ത്യജിച്ചിട്ടു മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം.” ജാതികളുടെ ദൈവങ്ങളായ മിഥ്യാമൂർത്തികൾ അവതരിച്ചുവെന്നത് അവരുടെ സങ്കല്പമാണ്. ജാതികൾക്കുപോലും അതൊരു വസ്തുതയല്ല; സങ്കല്പമാണെന്ന് അറിയുമ്പോഴാണ്; അവതാരമെന്നത് സാത്താൻ നുഴയിച്ചുകയറ്റിയ ഒരു കിഴവിക്കഥയാണെന്ന് നാം തിരിച്ചറിയുന്നത്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അനവധിയായ പ്രത്യക്ഷതകൾ കാണാം: അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, മോശെ, ദാവീദ്, ശലോമോൻ തുടങ്ങി അനേകം പേർക്ക് ദൈവം ഭൂമിയിൽ പ്രത്യക്ഷനായിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെയും അനവധിപേർ കണ്ടിട്ടുണ്ട്. പുതിയനിയമത്തിലും ദൈവത്തിനു പ്രത്യക്ഷതകളാണുള്ളത്. 10 പ്രാവശ്യം ജഡത്തിൽ വന്നതും, 13 പ്രാവശ്യം പുനരുത്ഥാനശേഷം വന്നതും, 18 പ്രാവശ്യം മഹത്വത്തിൽ വരുന്നതിനെയും വെളിപ്പാട് അഥവാ പ്രത്യക്ഷതകളെന്നാണ് പറഞ്ഞിരിക്കുന്നത്. (കാണുക: യഹോവയുടെ പ്രത്യക്ഷതകൾ)

പഴയനിയമത്തിലെ പ്രത്യക്ഷത: പുതിയനിയമത്തിൽ മാത്രമല്ല ദൈവം ജഡത്തിൽ വെളിപ്പെട്ടത്; പഴയനിയമത്തിലും ദൈവം ജഡത്തിൽ വെളിപ്പെട്ടതിൻ്റെ കൃത്യമായ തെളിവുണ്ട്: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടത് ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ മനുഷ്യരെയാണ്. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരും ആയിരുന്നു. പത്തുപ്രാവശ്യം അവിടെ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,19,20,22,26,33). രണ്ടുപേർ ദൂതന്മാരായിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, രണ്ട് ദൂതന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. ഇല്ലെങ്കിൽ അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും, ലോത്ത് ദൂതന്മാരായ രണ്ടു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും. എബ്രായയിലും ഗ്രീക്കിലും ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് പൂർണ്ണമനുഷ്യർ മാത്രമായി പ്രത്യക്ഷരായതുകൊണ്ടാണ്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു പറയുമായിരുന്നു. 

അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ആറേഴുനാഴിക യഹോവ അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. യേശു യെഹൂദന്മാരോട് പറയുന്നത് ഈ സംഭവത്തെക്കുറിച്ചാണെന്ന് ന്യായമായിട്ടും മനസ്സിലാക്കാം: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:56). 

പത്രൊസ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് പറയുന്നത്; യേശു “ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു” എന്നാണ്. (മത്താ, 16:16). യേശുവിൻ്റെ മറുപടി: “സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.” (മത്താ, 16:17). ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്നുള്ളത് ഒരു സാധാരണ വെളിപ്പാടാണ്. യേശുവിൻ്റെ ഐഹിക ജീവകാലത്ത് അനേകർ അവനെ ദൈവപുത്രനെന്നും (മത്താ, 14:33; മത്താ, 24:64; മർക്കൊ, 3:11; 15:39; ലൂക്കൊ, 4:41; 22:70; യോഹ, 1:34; 1:48; 9:37; 11:27) ക്രിസ്തു അഥവാ മശീഹയാണെന്നും തിരിച്ചറിഞ്ഞു. (മത്താ, 2:4; ലൂക്കൊ, 2:26; 4:41; യോഹ, 1:41; 4:26; 7:41; 11:27). കാറ്റിനെയും കടലിനെയും ശാന്തമാക്കിയ സമയത്ത്; “നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞുകൊണ്ട് ശിഷ്യന്മാർതന്നെ യേശുവിനെ നമസ്കരിക്കുകയുണ്ടായി.” (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം. (മത്താ, 16:16). എന്നാൽ ദൈവസഭ സ്ഥാപിതമായി മുപ്പതു വർഷങ്ങൾക്കുശേഷം പൗലൊസിനു വെളിപ്പെട്ടത് സവിശേഷമായ ഒരു മർമ്മമാണ്. ജീവനുള്ള ദൈവത്തിൻ്റെ പുത്രനെന്ന വിശേഷണത്തോടെ മണ്ണിൽ വെളിപ്പെട്ട് മനുഷ്യരുടെ പാപം വഹിച്ചുകൊണ്ട് മരിച്ചുയിർത്തെഴുന്നേറ്റവൻ ജീവനുള്ള ദൈവമായ യഹോവ തന്നെയായിരുന്നു. 

ഏകസത്യദൈവമായ യഹോവ തന്നെയാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് എല്ലാ പണ്ഡിതന്മാർക്കുമറിയാം; പക്ഷെ, അവർ വിശ്വസിക്കില്ല. ഒരു തെളിവുതരാം: ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ (1തിമൊ, 3:16) എന്നതിലെ ‘അവൻ’ എന്ന സർവ്വനാമത്തിൻ്റെ ഉടയൻ 15-ാം വാക്യത്തിലുള്ള ‘ജീവനുള്ള ദൈവം’ തന്നെയാണ് അഥവാ ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടതാണ് ക്രിസ്തുവെന്ന് കെ.വി. സൈമൺ സാർ തൻ്റെ ത്രിത്വപ്രബോധിക എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. (യേശുവിൻ്റെ ദൈവത്വം, അദ്ധ്യായം 5, പേജ് 201-202, പോയിൻ്റ് XXVIII). അടുത്തത്; ക്രിസ്തു ശബ്ബത്തിനെ ലംഘിച്ചതുകൊണ്ട് (യോഹ, 5:10-18) പഴയനിയമ കല്പനകൾ നല്കിയ യഹോവ തന്നെയാണ് ക്രിസ്തുവെന്ന് സൈമൺ സാർ വ്യക്തമാക്കുന്നു. കല്പിച്ചവനു മാത്രമേ കല്പന റദ്ദാക്കാൻ സാധിക്കുകയുള്ളു. (ത്രിത്വപ്രബോധിക: യേശക്രിസ്തുവിൻ്റെ ദൈവത്വം; 5-ാം അദ്ധ്യായം പേജ് 226-227, പോയിന്റ് XLII). വേറൊരണ്ണം; “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13). കർത്താവ് ഭൂമിയിൽ ഇരിക്കുന്നു. അതേസമരം സ്വർഗ്ഗത്തിലും ഇരിക്കുന്നു. ഒരേസമയം രണ്ടു സ്ഥലത്തിരിക്കാൻ ദൈവത്തിനല്ലാതെ ആർക്കും കഴില്ല. (ത്രിത്വ പ്രബോധിക: യേശുക്രിസ്തുവിൻ്റെ ദൈവത്വം; അദ്ധ്യായം 5 പേജ് 228-229, പോയിൻ്റ് XLVII). യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടതെന്നും, കല്പന നല്കിയ യഹോവയും ക്രിസ്തുവും ഒരാളാണെന്നും, ഭൂമിയിൽ വന്നവനും സ്വർഗ്ഗത്തിൽ ഇരിക്കുന്നവനും ഒരാളാണെന്നുമൊക്കെ അറിഞ്ഞിട്ടും ഏകസത്യദൈവത്തിൽ വിശ്വസിക്കാതെ, ത്രിമൂർത്തികളിലാണ് താൻ വിശ്വസിക്കുന്നത്; അതാണ് മനസ്സിലാകാത്തത്.

പെന്തെക്കൊസ്തു പാസ്റ്ററും പണ്ഡിതനും വാഗ്മിയുമായ അനിൽ കൊടിത്തോട്ടത്തിൻ്റെതായ ഒരു വീഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. അതിൽ ദൈവത്തിന് അവതാരമല്ല; വെളിപ്പാടാണുള്ളതെന്ന് വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. (കാണുക: അവതാരമല്ല; വെളിപ്പാട് (കൊടിത്തോട്ടം)

ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവത്തെ അറിയാൻ ദൈവത്തിൻ്റെ വചനമാണ് ദൈവമക്കൾ വിശ്വസിക്കേണ്ടത്; അല്ലാതെ, ദൈവശാസ്ത്രമെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന അബദ്ധശാസ്ത്രമല്ല വിശ്വസിക്കേണ്ടത്. ബൈബിൾ ആഖ്യാനമാണ് വിശ്വസിക്കേണ്ടത്; അല്ലാതെ, ആളാംപ്രതി പടച്ചുവിടുന്ന മനുഷ്യരുടെ വ്യാഖ്യാനങ്ങളല്ല വിശ്വസിക്കേണ്ടത്. “ബൈബിൾ വെളിപ്പെടുത്തുന്ന ജീവനുള്ള ദൈവമായ യഹോവ തന്നെയാണ് യേശുക്രിസ്തു: മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).

പ്രത്യക്ഷനായവൻ പാപമറിയാത്ത മനുഷ്യൻ: ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കുന്നവൻ ജഡത്തിൽ വന്നവൻ ദൈവമാണെന്ന് ഒരിക്കലും പറയില്ല. സമസ്തവും സൃഷ്ടിച്ച സർവ്വശക്തൻ മനുഷ്യനായി വെളിപ്പെടാതെ മനുഷ്യൻ്റെ പാപംപോക്കാൻ കഴിയില്ലായിരുന്നോ? കഴിയില്ലായിരുന്നു! അതാണുത്തരം. ദൈവത്തിൻ്റെ കല്പനകൾ ആരൊക്കെ ലംഘിച്ചാലും കല്പന പുറപ്പെടുവിച്ച തനിക്കത് പിൻവലിക്കാനോ, ലംഘിക്കാനോ കഴിയില്ല. ‘പാപം ചെയ്യുന്ന ദേഹി മരിക്കും’ (യെഹെ, 18:4), ‘പാപത്തിൻ്റെ ശമ്പളം മരണം’ (റോമ, 6:23), ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാനാണ് ദൈവം മനുഷ്യനായത്. (മത്താ, 3:15). പഴയനിയമത്തിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്. ഒന്ന്; വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: പരിശുദ്ധനായ ദൈവം പാപിയായ മനുഷ്യൻ്റെ ബന്ധുവാകുന്നതെങ്ങനെ? അതിനാണവൻ ദൈവത്വം മാറ്റിവെച്ചിട്ട് മനുഷ്യനായി വന്നത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6:8; 1തിമൊ, 3:15,16; എബ്രാ, 2:14,15). പുത്രനെന്ന വ്യക്തിയിൽ ഇരുപ്രകൃതി അഥവാ, മനുഷ്യനോടുകൂടി പൂർണ്ണദൈവവും ഉണ്ടെങ്കിൽ, പാപികളായ മനുഷ്യൻ്റെ ബന്ധുവാകാൻ കഴിയില്ല. രണ്ട്; വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനുണ്ടാകണം: മനുഷ്യർക്കാർക്കും ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കാൻ കഴിയില്ലെന്നു ബൈബിൾ പറയുന്നു. (സങ്കീ, 49:7-10). കാരണം, സകല മനുഷ്യരും പാപികളാണ്. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). തന്മൂലം, ദൈവം മനുഷ്യനായി വെളിപ്പെട്ട് തൻ്റെ രക്തം മറുവിലയായി നല്കിയാണ് വീണ്ടെടുപ്പു സാധിച്ചത്. (പ്രവൃ, 20:28; 1പത്രൊ, 1:18,19). മനുഷ്യൻ്റെ വീണ്ടെടുപ്പുവില കൊടുക്കേണ്ടത് സാത്താനല്ല; ദൈവത്തിനാണ്. അതു നല്കേണ്ടത് ദൈവമല്ല; മനുഷ്യനാണ്. മനുഷ്യപുത്രനായി വന്നവനിൽ ദൈവവും ഉണ്ടെങ്കിൽ, ദൈവവുമായ പുത്രൻ മറ്റേതു ദൈവത്തിനാണ് വീണ്ടെടുപ്പുവില നല്കിയത്? ദൈവം ഒന്നല്ലേയുള്ളൂ? ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില നല്കിയെന്നു പറഞ്ഞാൽ അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ഒരു പ്രഹേളികയാണെന്നു സമ്മതിക്കേണ്ടിവരും. മൂന്ന്; വീണ്ടെടുപ്പുകാരന് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: മനുഷ്യപുത്രൻ തന്നെത്താൻ മരണത്തിനു ഏല്പിച്ചുകൊടുത്തവനാണ്. (ഗലാ, 1:3; 2:20; എഫെ, 5:2; 5:27; ഫിലി, 2:8; 1തിമൊ,2:6; തീത്തൊ, 2:14; എബ്രാ, 7:27; 9:14). ‘മനസ്സോടെ ശാപമരത്തിൽ തൂങ്ങി’ എന്നു പാട്ടുപാടിയാൽ പോര; മഹത്വധാരിയായ ഏകസത്യദൈവമാണ് മഹത്വം വെടിഞ്ഞ് മനുഷ്യനായി മരിച്ചതെന്ന് വിശ്വസിക്കുകയും വേണം. നാല്; വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം മനുഷ്യനായത്. ജഡത്തിൽ വന്നവൻ ദൈവവും ആണെങ്കിൽ, ‘പാപം അറിയാത്തവൻ’ (2കൊരി, 5:21), അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്നൊക്കെ പറഞ്ഞാൽ അതിനെന്തത്ഥമാണുള്ളത്? മനുഷ്യനല്ലാതെ, ദൈവത്തിനു പാപം ചെയ്യാൻ കഴിയുമോ? സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്തവനും പാപം ചെയ്യാൻ കഴിയാതവനുമായ ദൈവത്തെക്കുറിച്ചുള്ള പരാമർശമല്ലത്; പാപം ചെയ്യാൻ കഴിയുമായിരുന്നിട്ടും പാപത്തോടും പാപികളോടും വേർപെട്ടു നിന്നുകൊണ്ട് ദൈവഹിതം നിവൃത്തിച്ച മനുഷ്യനെക്കുറിച്ചുള്ളതാണ്: (എബ്രാ, 7:26). അടുത്തത്; ‘പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു’ (എബ്രാ, 4:16) ആര്; ദൈവമോ? ജഡത്തിൽ വന്നവൻ പൂർണ്ണദൈവവും ആണെങ്കിൽ എങ്ങനെ പരീക്ഷിക്കപ്പെട്ടു എന്നു പറയാൻ കഴിയും? ദൈവത്തിനും പരീക്ഷയോ! ഇതെന്താ നാടകമോ? സർവ്വശക്തനായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ മനുഷ്യനായിരുന്നു അവൻ. അതാണ് ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മം: (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15,16; എബ്രാ, 2:14,15). ജഡത്തിൽ വന്നവൻ ദൈവം ആണെന്നു പറഞ്ഞാൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകം എന്നു പറയേണ്ടിവരും. സാക്ഷാൽ ദൈവം ജഡത്തിൽ വന്നപ്പോൾ മനുഷ്യൻ മാത്രമായതുകൊണ്ടാണ് മനുഷ്യരുടെ ചാർച്ചക്കാരനായതും എന്നേക്കുമുള്ളൊരു വീണ്ടെടുപ്പു സാധിച്ചതും. (എബ്രാ, 9:12). സത്യം അറികയും സത്യം എല്ലാവരെയും സ്വതന്ത്രമാക്കുകയും ചെയ്യട്ടെ!

“എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6)