ഓദേദ്

ഓദേദ് (Oded)

പേരിനർത്ഥം – യഥാസ്ഥാനപ്പെടുത്തൽ

ശമര്യയിലെ ഒരു പ്രവാചകൻ. പേക്കഹ് രാജാവ് യെഹൂദ ആക്രമിച്ചു അനേകം യെഹൂദന്മാരെ ബദ്ധരാക്കി കൊണ്ടുപോയി. രണ്ടു ലക്ഷത്തോളം വരുന്ന ബദ്ധന്മാരും കൊള്ളയുമായി മടങ്ങിപ്പോയ സൈന്യത്തെ ഓദേദ് പ്രവാചകൻ എതിരേറ്റു വന്നു. യഹോവയുടെ ഉഗ്രകോപം തങ്ങളുടെ മേൽ പതിക്കാതിരിക്കുവാൻ ബദ്ധന്മാരെ വിട്ടയക്കുന്നതിന് ഓദേദ് പ്രവാചകൻ ഉപദേശിച്ചു. പ്രവാചകന്റെ ഉപദേശം കേട്ട രാജാവ് ബദ്ധന്മാർക്ക് ആഹാരവും വസ്ത്രവും നല്കി, അവരെ യെരീഹോവിലേക്കു മടക്കി അയച്ചു: (2ദിന, 28:8-15).

ഓഗ്

ഓഗ് (Og)

പേരിനർത്ഥം – നീഴമുള്ള കഴുത്ത്

ബാശാനിലെ അമോര്യരാജാവ്: (സംഖ്യാ, 21:33; 32:33; ആവ, 4147; 31:4). ഓഗിന്റെ രാജ്യത്തിൽ അറുപതു പട്ടണങ്ങളുണ്ടായിരുന്നു: (യോശു, 13:30). അവയിൽ പ്രധാനപ്പെട്ടവ അസ്താരോത്ത്, എദ്രെയി എന്നിവയാണ്. എദ്രെയിൽവെച്ച് ഓഗും പടജനവും മോശയോടു എതിർത്തു. എന്നാൽ അവർ ഒട്ടൊഴിയാതെ സംഹരിക്കപ്പെട്ടു. യിസ്രായേല്യർ ഓഗിന്റെ ദേശം കൈവശമാക്കി: (സംഖ്യാ, 21:35; ആവ, 1:4; 3:4-10). ഓഗിന്റെ രാജ്യം മനശ്ശെയുടെ അർദ്ധഗോത്രത്തിനു നല്കി. രെബായീമ്യ മല്ലന്മാരിൽ അവസാനത്തെ കണ്ണിയായിരുന്നു ഓഗ്. ഓഗിന്റെ ഇരുമ്പുകൊണ്ടുള്ള മഞ്ചം അമ്മാന്യനഗരമായ രബ്ബയിൽ ഉണ്ടെന്നു മോശെ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ആ മഞ്ചത്തിനു ഒമ്പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ട്: (ആവ, 3:11). ഈ മഞ്ചം ശവപേടകത്തെ കുറിക്കുന്നുവെന്ന് കരുതുന്ന പണ്ഡിതന്മാരുണ്ട് .

ഒഹൊലീയാബ്

ഒഹൊലീയാബ് (Aholiab)

പേരിനർത്ഥം – പിതാവിന്റെ കൂടാരം 

ദാൻ ഗോത്രത്തിൽ അഹീസാമാക്കിന്റെ മകൻ. ഒഹൊലീയാബ് കൊത്തുപണിക്കാരനും കൗശലപ്പണിക്കാരനും നീലനുൽ, ധുമനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപ്പണി ചെയ്യുന്നവനുമായിരുന്നു. സമാഗമന കൂടാരം സംബന്ധിച്ച പണികളിൽ ബെസലേലിനെ സഹായിച്ചു: (പുറ, 31:6: 35:34; 36:1,2; 38:23).

ഒലുമ്പാസ്

ഒലുമ്പാസ് (Olympas)

പേരിനർത്ഥം – അതിമനോഹരം

റോമാ സഭയിലെ ഒരു ക്രിസ്ത്യാനി. പൗലൊസ് ഇയാൾക്ക് വന്ദനം ചൊല്ലുന്നു. “ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.” (റോമ, 16:15).

ഒമ്രി

ഒമ്രി (Omri)

പേരിനർത്ഥം — യഹോവയുടെ ശിഷ്യൻ

വിഭക്തയിസ്രായേലിലെ ആറാമത്തെ രാജാവ്. ഭരണകാലം ബി.സി. 885/84-874/73. ഒമ്രി യിസ്രായേൽ രാജാവായ ഏലയുടെ സേനാനായകനായിരുന്നു. ഗിബ്ബെഥോൻ നിരോധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഏലാരാജാവിന്റെ രഥനായകനായ സിമ്രി രാജാവിനെ വധിച്ച് അധികാരം കൈയടക്കി എന്നറിഞ്ഞു. ഉടൻ തന്നെ സൈന്യം പാളയത്തിൽ വെച്ചു ഒമ്രിയെ രാജാവായി വാഴിച്ചു. ഒമ്രി സൈന്യവുമായി ചെന്ന് തിർസ്സയെ നിരോധിച്ചു. പട്ടണം പിടിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ സിമ്രി ഉൾമുറിയിൽ പ്രവേശിച്ചു രാജധാനിക്കു തീ വെച്ചു ആത്മഹത്യ ചെയ്തു. (1രാജാ, 16:15-18). യിസ്രായേൽ ജനം രണ്ടു പക്ഷമായി പിരിഞ്ഞു. ഒരു ഭാഗം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കാൻ ശ്രമിച്ചു. ഒരു ഭാഗം ഒമ്രിയുടെ പക്ഷത്തുനിന്നു. തുടർന്നു നാലുവർഷം ആഭ്യന്തരയുദ്ധം നടന്നു. അതിനുശേഷം ഒമ്രി യിസ്രായേലിന്റെ അധിപനായി. (1രാജാ, 16:21,22). ആദ്യത്തെ ആറുവർഷം തിർസ്സയിൽ ഭരിച്ചു. തുടർന്നു ശേമെരിനോടു ശമര്യാമല രണ്ടു താലന്ത് വെള്ളിക്കുവാങ്ങി തലസ്ഥാനം പണിതു ശമര്യാ എന്നു പേരിട്ടു. യുദ്ധതന്ത്ര പ്രാധാന്യമുള്ള സ്ഥലമായിരുന്നു ശമര്യാമല. രാജവംശത്തെ ഉറപ്പിക്കാൻ ഏത് ഉപായവും പ്രയോഗിക്കാൻ ഒമ്രിക്കു മടി ഉണ്ടായിരുന്നില്ല. അരാംരാജാവായ ബെൻ-ഹദദ് ഒന്നാമനോടു ഉടമ്പടി ചെയ്തു അരാമിൽ നിന്നു പിടിച്ചെടുത്ത പട്ടണങ്ങളെ വിട്ടുകൊടുത്തു. (1രാജാ, 20:34). സോര്യരാജകുമാരിയായ ഈസേബെലിനെ തന്റെ മകനായ ആഹാബിന് ഭാര്യയായി എടുത്തു. അങ്ങനെ ഒമ്രി അരാമ്യരുമായി സഖ്യം ഉറപ്പിച്ചു. അതോടുകൂടി ബാൽപൂജ യിസ്രായേലിൽ വളർന്നു. ഒമ്രി യഹോവയ്ക്കു അനിഷ്ടമായതു ചെയ്തു. (1രാജാ, 16:25,26). പന്ത്രണ്ടു വർഷത്തെ ഭരണത്തിനു ശേഷം ഒമ്രി മരിച്ചു; പുത്രനായ ആഹാബ് അവനു പകരം രാജാവായി.

ഒനേസിമൊസ്

ഒനേസിമൊസ് (Onesimus)

പേരിനർത്ഥം – പ്രയോജനമുള്ളവൻ

ഒളിച്ചോടിയ അടിമയാണ് ഒനേസിമൊസ്. ഒനേസിമൊസിനു വേണ്ടിയാണ് അപ്പൊസ്തലനായ പൗലൊസ് ഫിലേമോനുള്ള ലേഖനം എഴുതിയത്. കൊലൊസ്യ സഭയ്ക്കു എഴുതുമ്പോൾ ഒനേസിമൊസിനെക്കുറിച്ച് ‘നിങ്ങളിൽ ഒരുത്തനായ’ എന്ന് പൗലൊസ് സൂചിപ്പിക്കുന്നതിൽനിന്നും ഒനേസിമൊസ് കൊലൊസ്യയിൽ നിന്നുള്ളവൻ എന്ന് അനുമാനിക്കാം: (കൊലൊ, 4;9). ഫിലേമോന്റെ അടുക്കൽ നിന്നൊളിച്ചോടിയ ഒനേസിമൊസ് റോമിൽവച്ച് പൗലൊസിൽ നിന്നും സുവിശേഷം കേട്ടു ക്രിസ്ത്യാനിയായി: (ഫിലേ, 1:10). മാനസാന്തരപ്പെട്ടശേഷം പൗലൊസിന് പ്രയോജനകരമായ ശുശ്രൂഷ ചെയ്തു. അതുകൊണ്ട് അവനെ തന്നോടൊപ്പം നിറുത്തിക്കൊള്ളുവാൻ ആഗ്രഹിച്ചു. എങ്കിലും അതു ഫിലേമോന്റെ അവകാശത്തിന്മേലുള്ള കൈകടത്തലായിരിക്കും എന്നു കരുതി ഫിലേമോനുള്ള ലേഖനവും കൊലൊസ്യർക്കുള്ള ലേഖനവും കൊടുത്ത് തിഹിക്കൊസിനോടൊപ്പം ഒനേസിമൊസിനെ അയച്ചു. “തടവിലായിരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകൻ’ എന്നാണ് ഒനേസിമൊസിനെക്കുറിച്ച് പൗലൊസ് എഴുതുന്നത്.

ഒനേസിഫൊരൊസ്

ഒനേസിഫൊരൊസ് (Onesiphorus)

പേരിനർത്ഥം – പ്രയോജനപ്രദൻ

എഫെസൊസിൽ പൗലൊസിന് പ്രയോജനകരമായ ശുശ്രൂഷ ചെയ്ത ഒരു വിശ്വാസി. അപ്പൊസ്തലൻ റോമിൽ രണ്ടാം പ്രാവശ്യം കാരാഗൃഹത്തിലായിരുന്നപ്പോൾ അയാൾ അന്വേഷിച്ചു ചെന്ന് അപ്പൊസ്തലനെ കണ്ടെത്തി ശുശ്രൂഷിച്ചു. പലപ്പോഴും ‘എന്നെ തണുപ്പിച്ചവൻ’ ‘എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിച്ചില്ല’ എന്നിങ്ങനെ അപ്പൊസ്തലൻ ഒനേസിഫൊരൊസിനെ ശ്ലാഘിക്കുന്നു. തന്റെ ഒടുവിലത്തെ ലേഖനത്തിൽ പൗലൊസ് ഒനേസിഫൊരൊസിന്റെ കുടുംബത്തിനു് വന്ദനം ചൊല്ലുന്നു: (2തിമൊ, 1:16-18; 4:19). 

ഐനെയാസ്

ഐനെയാസ് (Aeneas)

പേരിനർത്ഥം – അഭിനന്ദനീയമായ

ലുദ്ദയിൽവെച്ച് പത്രൊസ് സൗഖ്യമാക്കിയ ഒരു പക്ഷവാതരോഗി. എട്ടു വർഷമായി രോഗിയായിരുന്ന ഐനയാസ് സൗഖ്യമായതുകണ്ട് ലുദ്ദയിലും ശാരോനിലുമുള്ളവർ കർത്താവിൽ വിശ്വസിച്ചു: (പ്രവൃ, 9:32-35).

ഏസെർ-ഹദ്ദോൻ

ഏസെർ-ഹദ്ദോൻ (Esar-haddon)

പേരിനർത്ഥം – അശ്ശൂർ ഒരു സഹോദരനെ തന്നു

അശ്ശൂർ-അഹ്-ഇദ്ദിൻ എന്ന അശ്ശൂര്യനാമത്തിന്റെ എബ്രായരൂപമാണ് ഏസെർ-ഹദ്ദോൻ. സൻഹേരീബിൻ്റെ പുത്രനും മഹാപ്രതാപിയും ബലശാലിയുമായിരുന്നു ഏസെർ-ഹദ്ദോൻ. അദ്ദേഹത്തിന്റെ ഭരണകാലം ബി.സി. 68-669. പുത്രന്മാരായ അദ്രമേലെക്കും ശരേസെരും കൂടി സൻഹേരീബിനെ വധിച്ചശേഷം അരാരാത്തിലേക്കു ഓടി രക്ഷപ്പെട്ടു: (2രാജാ, 19:37; യെശ . 37:38). സൻഹേരീബ് ഇളയപുത്രനെ അധികം സ്നേഹിച്ചതായിരുന്നു ഈ വധത്തിനു കാരണം. പിതാവിന്റെ വധത്തെക്കുറിച്ചറിഞ്ഞ ഏസെർ-ഹദ്ദോൻ ഉടനടി നീനവേയിലേക്കു മടങ്ങിവന്ന് വിപ്ലവത്തെ അമർച്ചചെയ്തു. സൻഹേരീബ് നശിപ്പിച്ച ബാബിലോൺ നഗരത്തെ ഏസെർ-ഹദ്ദോൻ ഉദ്ധരിച്ചു. ഏലാമ്യരോടും ബാബിലോന്യരോടും യുദ്ധം ചെയ്ത് അനേകംപേരെ ബന്ദികളാക്കിക്കൊണ്ടുപോയി. ഇവരിൽ ചിലർ ശമര്യയിൽ പാർപ്പുറപ്പിച്ചു: (എസ്രാ, 4:2). പലസ്തീനിലെയും അരാമിലെയും സാമന്തരാജാക്കന്മാരിൽ നിന്ന് ഭാരിച്ച കപ്പം ഈടാക്കി. യെഹൂദയിലെ മനശ്ശെ രാജാവ് ഏസെർ-ഹദ്ദൊനു കപ്പം കൊടുത്തു. ഏദോം, മോവാബ്, അമ്മോൻ തുടങ്ങിയ ദേശങ്ങളിലെ ഭരണകർത്താക്കളെ സാമന്തരാക്കി. ഈ പ്രദേശങ്ങളിൽ മിസ്രയീം ചെലുത്തിക്കൊണ്ടിരുന്ന സ്വാധീനം നിയന്ത്രണ വിധേയമാക്കി. ബി.സി. 676-ൽ ഏസെർ-ഹദ്ദോൻ സീദോൻ നിരോധിക്കുകയും മൂന്നു വർഷത്തെ നിരോധത്തിനു ശേഷം അതിന്റെ ഒരു ഭാഗം തന്റെ സാമ്രാജ്യത്തോടു ചേർക്കുകയും ചെയ്തു. ചില അഭയാർത്ഥികളെ ഒരു പുതിയ പട്ടണത്തിൽ പാർപ്പിച്ചു. ഈ കാലത്ത് ഗസ്സയും അസ്കലോനും അശ്ശൂരിനു വിധേയപ്പെട്ടു.

പലസ്തീൻ, അരാം എന്നീ രാജ്യങ്ങളെ നിരന്തരം മത്സരത്തിന് ഇളക്കിവിടുകയായിരുന്നു ഈജിപ്റ്റ്. തന്മൂലം ഈജിപ്റ്ററ്റിനെ കീഴടക്കുവാൻ ഏസെർ-ഹദ്ദോൻ ഒരുങ്ങി. ഹാരാൻ വഴിയായിരുന്നു ഈജിപ്റ്റിലേക്കു കടന്നുപോയത്. ഹാരാനിൽ വച്ച് ചന്ദ്രദേവനായ സീനിൽനിന്ന് ശുഭശകുനങ്ങൾ ലഭിച്ചു. ആദ്യം പരാജയം അനുഭവിക്കേണ്ടിവന്നു എങ്കിലും യുദ്ധം തുടരുകയും തിർഹക്കായെ തോല്പിക്കുകയും ചെയ്തു. പെട്ടെന്നുള്ള മുന്നേററത്തിൽ മെംഫിസിനെ ആക്രമിച്ചു കീഴടക്കി. അശ്ശൂരിന്റെ ആധിപത്യത്തിന്നെതിരെ ഈജിപ്റ്റിൽ ലഹള പൊട്ടിപുറപ്പെട്ടു. ബി.സി. 669-ൽ ഏസെർ-ഹദ്ദോൻ ഒരു പുതിയ ആക്രമണത്തിനൊരുങ്ങി. ഈജിപ്റ്റിലേക്കുള്ള മാർഗ്ഗമദ്ധ്യേ ഏസെർ-ഹദ്ദോൻ രോഗബാധിതനായി മരിച്ചു. ഇളയമകനായ അശ്ശൂർ ബനിപ്പാൾ സിംഹാസനത്തിന്റെ അനന്തരാവകാശിയായി.

ഏശാവ്

ഏശാവ് (Esau)

പേരിനർത്ഥം – രോമാവൃതൻ

യിസ്ഹാക്കിന്റെയും റിബെക്കയുടെയും ഇരട്ടപ്പിളകളിൽ മൂത്തവൻ: (ഉല്പ, 25:24,25). ചുവന്നവനും മേൽമുഴുവൻ രോമമുളളവനും ആയിരുന്നു. ഏശാവിന്റെ മറുപേരായ ഏദോമിന് ചുവന്നവൻ എന്നർത്ഥം. വനസഞ്ചാരിയും വേട്ടക്കാരനുമായി അവൻ വളർന്നു. വേട്ടയിറച്ചിയിൽ കൊതിമൂത്ത യിസ്ഹാക്ക് ഏശാവിനെ അധികം സ്നേഹിച്ചു. ഒരിക്കൽ ഏശാവ് വയലിൽ നിന്ന് വിശന്നു ക്ഷീണിച്ചു വന്നു. യാക്കോബ് തയ്യാറാക്കിക്കൊണ്ടിരുന്ന ചുവന്ന പായസം ഏശാവ് ആവശ്യപ്പെട്ടു. ജ്യേഷ്ഠാവകാശം വാങ്ങിക്കൊണ്ട് യാക്കോബ് ഏശാവിനു പായസം നല്കി. ചുവന്ന പായസത്തിൽ നിന്നാണ് ഏദോം എന്ന പേര് ഏശാവിനു ലഭിച്ചത്. 

നാല്പതാമത്തെ വയസ്സിൽ ഏശാവ് രണ്ടു ഭാര്യമാരെ എടുത്തു. അവർ ഇരുവരും കനാന്യ സ്ത്രീകളാകയാൽ അപ്പനും അമ്മയും അവരെ ഇഷ്ടപ്പെട്ടില്ല. “ഈ ഹിത്യ സ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു” എന്നു റിബെക്കാ യിസ്ഹാക്കിനോടു പറഞ്ഞു: (ഉല്പ, 27:46). ഏശാവിന്റെ ഒന്നാമത്തെ ഭാര്യ ഹിത്യനായ ഏലോൻ്റെ മകൾ ആദാ ആണ്: ( ഉല്പ, 36:2). ഉല്പത്തി 26:34-ൽ ഇവളെ ‘ബാസമത്ത്’ എന്നു വിളിക്കുന്നു. രണ്ടാമത്തെ ഭാര്യ അനയുടെ മകൾ ഒഹൊലീബാ ആണ്: (ഉല്പ, 36:2). ഉല്പത്തി 26:34-ൽ ഹിത്യനായ ബേരിയുടെ മകൾ യെഹൂദിത്ത് എന്നു പറഞ്ഞു കാണുന്നു. ഒരുപക്ഷേ വിവാഹത്തിനു മുമ്പുണ്ടായിരുന്ന പേരായിരിക്കാം അത്. യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്ത് ആണ് ഏശാവിന്റെ മൂന്നാമത്തെ ഭാര്യ: (ഉല്പ, 36:3). ബാസമത്തിന്റെ മറുപേരാണ് മഹലത്ത്: (ഉല്പ, 28:59). 

യിസ്ഹാക്ക് വൃദ്ധനായി കാഴ്ച നഷ്ടപ്പെട്ടു, മരണകാലം അടുത്തെന്നറിഞ്ഞ യിസ്ഹാക്ക് മൂത്തമകനായ ഏശാവിനെ അനുഗ്രഹിക്കാനൊരുങ്ങി. ഏശാവ് പായസത്തിനു വേണ്ടി ജ്യേഷ്ഠാവകാശം നഷ്ടപ്പെടുത്തിയതും കനാന്യ സ്ത്രീകളെ വിവാഹം കഴിച്ചതും യിസ്ഹാക്ക് കണക്കിലെടുത്തില്ല. കാട്ടിൽ പോയി വേട്ടയിറച്ചികൊണ്ടുവന്ന് രുചികരമായ വിധത്തിൽ പാകപ്പെടുത്തിക്കൊടുക്കുന്നതിന് യിസ്ഹാക്ക് ഏശാവിനോടാവശ്യപ്പെട്ടു. അതു ഭക്ഷിച്ച് അവനെ അനുഗ്രഹിക്കാമെന്ന് വാക്കു നല്കി. ഇതു കേട്ട റിബേക്ക യാക്കോബിനെ വിളിച്ച് പിതാവിൻ്റെ അനുഗ്രഹം സൂത്രത്തിൽ കരസ്തമാക്കാനുള മാർഗ്ഗം ഉപദേശിച്ചുകൊടുത്തു. കോലാട്ടിൻ കുട്ടികളെ അറുത്ത് റിബേക്കാ ഭോജനം ഉണ്ടാക്കി. ഏശാവിനെപ്പോലെ വേഷപ്രച്ഛന്നനായി യാക്കോബ് ഭോജനം കൊണ്ടുകൊടുത്തു പിതാവിന്റെ അനുഗ്രഹം കൈക്കലാക്കി. അനുഗ്രഹവും വാങ്ങി യിസ്ഹാക്കിന്റെ മുന്നിൽ നിന്നും യാക്കോബ് പുറപ്പെട്ട ഉടൻ ഏശാവ് രുചികരമായ ഭോജനവുമായി പിതാവിന്റെ അടുത്തെത്തി. സംഭവം മനസ്സിലാക്കിയ ഏശാവ് ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ: (ഉല്പ, 27:34). ഏശാവ് കണ്ണുനീരോടെ വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോൾ യിസഹാക്ക് പറഞ്ഞു, “നിന്റെ വാസം ഭൂമിയിലെ പുഷ്ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും. നിന്റെ വാളുകൊണ്ട് നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞു പോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽ നിന്നു കുടഞ്ഞുകളയും.” (ഉല്പ, 27:39-40). ഏശാവ് യാക്കോബിനെ വെറുക്കുകയും അവനെ കൊല്ലുമെന്നു ഹൃദയത്തിൽ പറയുകയും ചെയ്തു. പദ്ദൻ-അരാമിൽ ചെന്ന് ചാർച്ചക്കാരിൽ നിന്നും വിവാഹം കഴിക്കണമെന്ന് യാക്കോബിനോടു യിസ്ഹാക്ക് പറഞ്ഞത് ഏശാവു കേട്ടു. പിതാവിനു പ്രസാദം വരുത്തുവാൻ ഏശാവ് യിശ്മായേലിന്റെ മകളായ മഹലത്തിനെ വിവാഹം കഴിച്ചു: (ഉല്പ, 28:6-9).

ഏറെത്താമസിയാതെ ഏശാവ് സേയീരിലേക്കു വാസം മാറ്റി. പദ്ദൻ-അരാമിൽ നിന്നും യാക്കോബ് മടങ്ങി വരുമ്പോൾ ഏശാവിന്റെ പ്രതികാരം ഭയന്ന് അവന്റെ ക്രോധം ശമിപ്പിക്കുവാൻ ദൂതന്മാരെ അയച്ചു. എന്നാൽ ഏശാവ് 400 യോദ്ധാക്കളുമായി യാക്കോബിനെ എതിരേറ്റുവന്നു. ഏശാവ് ഓടിവന്ന് ആലിംഗനം ചെയ്ത് യാക്കോബിന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു. അവർ ഇരുവരും കരഞ്ഞു. ഏശാവിനു യാക്കോബു നല്കിയ സമ്മാനം ആദ്യം നിഷേധിച്ചുവെങ്കിലും നിർബന്ധിച്ചപ്പോൾ അതു സ്വീകരിച്ചു. ഏശാവ് സേയീർ മലയിലേക്കു മടങ്ങിപ്പോയി. യിസ്ഹാക്ക് മരിച്ചപ്പോൾ യാക്കോബും ഏശാവും ചേർന്നാണ് ശവസംസ്കാരം നടത്തിയത്: (ഉല്പ, 35:29). തുടർന്നു കനാൻദേശത്ത് തനിക്കുണ്ടായിരുന്ന സകലസമ്പത്തും കൊണ്ടു ഏശാവ് സേയീർ പർവ്വതത്തിൽ പോയി അവിടെ പാർത്തു: (ഉല്പ, 36:6). 

ഭൂമിയിൽ നിന്നുളള പ്രാകൃതമനുഷ്യനു നിഴലാണു് ഏശാവ്. ചില കാര്യങ്ങളിലെങ്കിലും യാക്കോബിനെക്കാൾ വ്യത്യസ്തനായിരുന്നു. എന്നാൽ ഒരു ഊണിനുവേണ്ടി ജ്യേഷ്ഠാവകാശം വിററുകളഞ്ഞ് അഭക്തനായിത്തീർന്നു: (എബ്രാ, 12:16,17). അഹരോന്യ പൗരോഹിത്യം സ്ഥാപിക്കുന്നതുവരെ മൂത്തമകനായിരുന്നു കുടുംബത്തിന്റെ പൗരോഹിത്യാവകാശം. ഏശാവിന്റെ നിരാസത്തെ സംബന്ധിച്ചു തിരുവെഴുത്തുകൾ നല്കുന്ന വിശദീകരണം ദൈവത്തിന്റെ പരമാധികാരത്തെ ബന്ധപ്പെടുത്തിയുളതാണ്. “ഞാൻ യാക്കോബിനെ സ്നേഹിച്ചു, ഏശാവിനെ ദേഷിച്ചിരിക്കുന്നു.” (റോമ, 9:13; മലാ, 1:2). ദൈവത്താൽ തിരഞ്ഞെടുക്കപ്പെടാത്തവരുടെ പ്രതിനിധിയാണ് ഏശാവ്; യാക്കോബ് തിരഞ്ഞെടുക്കപ്പെട്ടവരുടെയും. യാക്കോബും ഏശാവും ജനിച്ചതിനു മുമ്പുതന്നെ യാക്കോബ് തിരഞ്ഞടുക്കപ്പെട്ടു. യാക്കോബും ഏശാവും തമ്മിലുള്ള വിദ്വേഷം ഏദോമ്യരും യിസ്രായേല്യരും തമ്മിലുള്ള ശത്രുതയായി വളരെക്കാലം നിലനിന്നു. (സംഖ്യാ, 20:18-21; 1രാജാ, 11:14; സങ്കീ, 137:7).