മശീഹമാർ

മശീഹമാർ

ദൈവത്തിന്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തു യേശുക്രിസ്തുവല്ല; മറ്റൊരാളാണ്. ആ സന്തതിയുടെ വാഗ്ദത്തങ്ങളെല്ലാം അവനു നിവൃത്തിച്ചു കൊടുക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവാണ് യേശു. (1തിമൊ, 3:14-16). അനേകർക്കും മശീഹ എന്നാൽ യേശുമശീഹയും ക്രിസ്തു എന്നാൽ യേശുക്രിസ്തുവുമാണ്; മറ്റൊരു മശീഹ അഥവാ ക്രിസ്തു എന്നു കേൾക്കുന്നതുതന്നെ അസ്വസ്ഥതയാണ്. എന്നാൽ ദൈവത്തിന്നു അനേകം മശീഹമാർ ഉള്ളതായി ബൈബിൾ നമ്മോടു പറയുന്നു:

മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. പഴയനിയമത്തിൽ പുരോഹിതന്മാരും (പുറ, 6:23; 29:21; 1ദിന, 29 22), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 10:10; 16:1; 19:10; 1രാജാ, 1:39; 51; 19:15; 2രാജാ, 9:36; 11:12; 23:30; യെശ, 45:1) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പുതിയനിയമത്തിൽ അഭിഷിക്തൻ യേശുവാണ്. (ലൂക്കൊ, 4:18; പ്രവൃ, 10:38). മേല്പറഞ്ഞ മൂന്നു പദവികളും യേശുവിനുണ്ട്. (മത്താ, 2:2; പ്രവൃ, 3:22; എബ്രാ, 3:1). യേശുവിനെ കൂടാതെ പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്ന രണ്ടഭിഷിക്തനുണ്ട്: മോശെയും. (എബ്രാ, 11:24-26) യിസ്രായേലും. (പ്രവൃ, 4:26). പഴയനിയമ പ്രവാചകന്മാരെയും  അഭിഷിക്തരെന്ന് പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:10,11). കർത്താവിൻ്റെ ജനത്തെ ഭരിക്കുന്ന ഭൗമികരാജാവാണ് അഭിഷിക്തൻ. ശൗൽ മുതലുള്ള പല രാജാക്കന്മാരും അഭിഷിക്തരാണെങ്കിലും, ‘എൻ്റെ അഭിഷിക്തൻ’ (1ശമൂ, 2:35; സങ്കീ, 132:17), ‘എൻ്റെ അഭിഷിക്തന്മാർ’ (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ പറയുന്നതും;  ‘നിൻ്റെ അഭിഷിക്തൻ’ (2ദിന, 6:42; സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും യിസ്രായേലിനെക്കുറിച്ചാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ അഭിഷിക്തരാജാവ് ദാവീദിൻ്റെ സ്വന്തപുത്രന്മാരല്ല; യിസ്രായേലാണ്. “യഹോവ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.” (2ശമൂ, 22:51). ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). ഈ വാഗ്ദത്തസന്തതിയായ യിസ്രായേലാണ് പഴയനിയമത്തിലെ പ്രധാന അഭിഷിക്തൻ അഥവാ മശീഹ. (1ശമൂ, 2:10; 2:35; 22:51; 1ദിന, 16:22; സങ്കീ, 2:2; 20:6,7; 20:17; 28:8; 84:9; 89:38; 89:51; 105:15; 132:10; 132:17; ദാനീ, 7:27). പില്ക്കാലത്ത് ദാവീദിൻ്റെ സന്തതി/പുത്രൻ എന്ന പ്രയോഗം മശീഹയുടെ പര്യായമായി മാറി. (മത്താ, 22:42; മർക്കൊ, 10:47). സ്വന്തജനമായ യിസ്രായേലിന് ദൈവം നല്കിയ അനേകം പദവികളിൽ ഒന്നാണ് അഭിഷിക്തൻ അഥവാ മശീഹ/ക്രിസ്തു. ജഡത്താലുള്ള ബലഹീനത അഥവാ പാപംനിമിത്തം യിസ്രായേലിനു അവരുടെ വാഗ്ദത്തങ്ങളൊന്നും സാക്ഷാത്കരിക്കാനോ ന്യായപ്രമാണത്താൽ രക്ഷപ്രാപിക്കുവാനോ അവർക്ക് കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ യഹോവയായ ദൈവം (ആവ, 27:9; മത്താ, 1:21) യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തുവായി (ലൂക്കൊ, 4:18; പ്രവൃ, 10:38) ജഡത്തിൽ വെളിപ്പെട്ട്, അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, യിസ്രായേലിൻ്റെ പദവികൾ)

അഭിഷിക്തന്മാർ: ‘അഭിഷേകം’ എബ്രായയിൽ മശെഹ (Anoint – מָשַׁח – mashach) ആണ്. ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുന്നവനാണ് അഭിഷിക്തൻ അഥവാ മശീഹാ/ക്രിസ്തു. (1ശമൂ, 16:6. ഒ.നോ: 16:16). ‘അഭിഷിക്തൻ’ എബ്രായയിൽ മശീഹ (Anointed – מָשִׁיחַ – mashiyach) ആണ്. ഗ്രീക്കിൽ ക്രിസ്തുവും (Anointed – Χριστός – Christos). പഴയനിയമത്തിൽ ഒരുപാട് മശീഹമാരുണ്ട്. പുതിയനിയമത്തിൽ മശീഹ യേശുവാണ്. 

പഴയനിയമത്തിലെ മശീഹമാർ:

1. യിസ്രായേൽ (പുരോഹിതൻ, പ്രവാചകൻ, രാജാവ്) 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 13:34; പ്രവൃ, 4:26; വെളി, 11:15; 12:10; 20:4; 20:6.

2. അഹരോൻ (പുരോഹിതൻ) പുറ, 40:13-16; ലേവ്യ, 8:12.

3. നാദാബ് (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.

4. അബീഹൂ (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.

5. എലെയാസാർ (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.

6. ഈഥാമാർ (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.

7. ശൗൽ (രാജാവ്) 1ശമൂ, 10:1; 12:3; 12:5; 24:10; 26:9; 26:11; 26:16;  26:23; 2ശമൂ, 1:14; 1:16; 1:21.

8. ദാവീദ് (രാജാവ്) 1ശമൂ, 16:12,13; 2ശമൂ, 2:4; 2:7; 5:3; 5:17; 12:7; 19:21; 2ശമൂ, 22:51; 23:1; 1ദിന, 11:3; 14:8; 2ദിന, 6:42; സങ്കീ, 18:50; 89:20.

9. അബ്ശാലോം (രാജാവ്) 2ശമൂ, 19:10.

10. ശലോമോൻ (രാജാവ്) 1രാജാ, 1:34; 1:39; 1:45; 5:1; 1ദിന, 29:22.

11. സാദോക്ക് (പുരോഹിതൻ) 1ദിന, 29:22 

12. ഹസായേൽ (രാജാവ്) 1രാജാ, 19:15.

13. യേഹൂ (രാജാവ്) 1രാജാ, 19:16; 2രാജാ, 9:3-6; 9:12; 2ദിന, 22:7.

14. എലീശ (പ്രവാചകൻ) 1രാജാ, 19:16. 

15. യോവാശ് (രാജാവ്) 2രാജാ, 11:12; 2ദിന, 23:11)

16. യെഹോവാഹാസ് (രാജാവ്) 2രാജാ, 23:30.

17. കോരെശ് (രാജാവ്) യെശ, 45:1

18. മോശെ (പ്രവാചകൻ, പുരോഹിതൻ) എബ്രാ, 11:26

പുതിയനിയമത്തിലെ മശീഹ/ക്രിസ്തു 

19. യേശുക്രിസ്തു (പുരോഹിതൻ, പ്രവാചകൻ, രാജാവ്) മത്താ, 3:16; പ്രവൃ, 10:38

പുതിയനിയമത്തിൽ യേശുവിനെ കൂടാതെ, മറ്റു രണ്ടഭിഷിക്തനുണ്ട്; യിസ്രായേലും മോശെയും. യിസ്രായേൽ: “ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു.” (പ്രവൃ, 4:26). മോശെ: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25, 26). ഇതിനെ യേശുക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി മോശെ എണ്ണിയെന്നാണ് പലരും വ്യാഖ്യാനിക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; ക്രിസ്തു അഥവാ ക്രിസ്റ്റൊസ് (Christos) എന്ന പദത്തെ അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്യാതെ ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്താണ് മിക്ക പരിഭാഷകളിലും ചേർത്തിരിക്കുന്നത്. എന്നാൽ പഴയനിയമത്തിൽ മശീഹയെ (mashiyach) അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്തും ചേർത്തിരിക്കുന്നു. എബ്രായർ 11:26-ൽ: “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നു എണ്ണുകയാണ് മോശെ ചെയ്തതു.” ഇതുപോലെ മറ്റൊരു വാക്യംകൂടിയുണ്ട്: “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,” (1പത്രൊ, 1:10,11). യേശുക്രിസ്തുവിൻ്റെ ആത്മാവും പരിശുദ്ധാത്മാവും ഒന്നാണെന്ന നിലയിൽ വാക്യം ശരിയാണെങ്കിലും, Spirit of Christ എന്നത് Spirit of Anointed എന്ന് കൃത്യമായി പരിഭാഷ ചെയ്യുമ്പോൾ, “പ്രവാചകന്മാരിൽ വ്യാപരിച്ചിരുന്ന അഭിഷിക്തൻ്റെ ആത്മാവ്, ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞിരുന്നു എന്നാകും.” പുതിയനിയമത്തിൽ ദൈവമക്കളെല്ലാവരും അഭിഷേകം ചെയ്യപ്പെട്ടവരാണ്. എന്നാൽ വ്യക്തിപരമായി ആരും അഭിഷേകം പ്രാപിക്കാതെ, രക്ഷിക്കപ്പെടുമ്പോൾ യേശുവിൻ്റെ മേലുള്ള അഭിഷേകത്തിന് കൂട്ടാളികൾ ആകുകയാണ് ചെയ്യുന്നത്. ആകയാൽ ദൈവമക്കളെ ക്രിസ്തു (christos) അഥവാ അഭിഷിക്തൻ എന്ന് വിളിച്ചിട്ടില്ല. എന്നാൽ മൂന്നു വാക്യങ്ങളിലായി നാലു പ്രാവശ്യം വിശ്വാസികൾ അഭിഷേകം ചെയ്യപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. “ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.” (2കൊരി, 1:21. ഒ.നോ: 1യോഹ, 2:20,27). പുരോഹിതന്മാരും രാജാക്കന്മാരും പ്രവാചകന്മാരും ദൈവത്തിൻ്റെ അഭിഷിക്തന്മാരാണ്. ഈ മൂന്നു പദവികളും പുതിയനിയമത്തിൽ യേശുക്രിസ്തുവിനുണ്ട്; ക്രിസ്തുവിലൂടെ ആ പദവികളെല്ലാം ദൈവമക്കൾക്കും ലഭിക്കുന്നു. (റോമ, 8:17). പഴയനിയമത്തിൽ ഈ മൂന്നു പദവികളുളും ഒരുപോലെയുള്ളത്  ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിന് മാത്രമാണ്. (കാണുക: യിസ്രായേലിൻ്റെ പദവികൾ)

പുതിയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്ന ക്രിയൊ (chrio -χρίω) എന്ന പദം അഞ്ച് പ്രാവശ്യമുണ്ട്. അതിൽ നാലെണ്ണം യേശുവിൻ്റെ മേലുള്ള അഭിഷേകത്തെയും (ലൂക്കൊ, 4:18; പ്രവൃ, 4:27; 10:38; എബ്രാ, 1:9) ഒരെണ്ണം സഭയുടെ മേലുള്ള അഭിഷേകത്തെയും കുറിക്കുന്നു. (2കൊരി, 1:21). 

അഭിഷേകത്തെ കുറിക്കുന്ന ക്രിസ്മ (chrîsma – χρῖσμα) എന്ന പദം രണ്ട് വാക്യങ്ങളിലായി മൂന്നു പ്രാവശ്യമുണ്ട്. അത് സഭയുടെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (1യോഹ, 2:20; 2:27). 

അഭിഷിക്തനെ കുറിക്കുന്ന ക്രിസ്തു അഥവാ ക്രിസ്റ്റൊസ് (Christos – Χριστός) എന്ന പദം 530 വാക്യങ്ങളിലായി 569 പ്രാവശ്യമുണ്ട്. അതിൽ 561 പ്രാവശ്യവും നമ്മുടെ കർത്താവായ യേശുവിനെ കുറിക്കുന്നു. ആറ് വാക്യം യിസ്രായേലിനെയും (യോഹ, 12:34; പ്രവൃ, 4:12; വെളി, 11:15; 12:10; 20:4; 20:6), ഒരു വാക്യം മോശെയെയും (എബ്രാ, 11:26) ഒരു വാക്യം പഴയനിയമ പ്രവാചകന്മാരെയും കുറിക്കുന്നു. (1പത്രൊ, 1:11). 

അഭിഷിക്തനെ കുറിക്കുന്ന മശീഹ (Messias – Μεσσίας) എന്ന പദം രണ്ടു പ്രാവശ്യവുമുണ്ട്. (യോഹ, 1:41; 4:26). സത്യവേദപുസ്തകത്തിൽ അഞ്ചുപ്രാവശ്യം മശീഹ എന്ന പദമുണ്ട്. എന്നാൽ മൂന്ന് വാക്യങ്ങളിൽ (യോഹ, 4:27; 13:19; പ്രവൃ, 13:25) മൂലഭാഷയിൽ ആ പദമില്ല.

ക്രിസ്തുവിനെക്കുറിച്ച് കൂടുതൽ അറിയാൻ കാണുക:

ദൈവത്തിൻ്റെ ക്രിസ്തു

ദൈവസൃഷ്ടിയുടെ ആരംഭം

ദൈവസൃഷ്ടിയുടെ ആരംഭം

“ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളിപ്പാട് 3:14)

‘ദൈവസൃഷ്ടിയുടെ ആരംഭം’ എന്നു ക്രിസ്തുവിനെ പറഞ്ഞിരിക്കയാൽ അവൻ ദൈവത്തിൻ്റെ ആദ്യസൃഷ്ടിയാണെന്ന് യഹോവാസാക്ഷികൾ വിചാരിക്കുന്നു. ത്രിത്വവിശ്വാസികൾ ക്രിസ്തു ദൈവത്തിൻ്റെ ആദ്യസൃഷ്ടിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പറയുമ്പോൾത്തന്നെ, സർവ്വലോകങ്ങൾക്കും മുമ്പെ അവൻ പിതാവിൽനിന്നു ജനിച്ചവനാണെന്ന് വിശ്വസിക്കുന്നു. എന്നിട്ട്, ജനിപ്പിച്ചുവെന്നു പറഞ്ഞാൽ സൃഷ്ടിച്ചുവെന്ന് അർത്ഥമില്ലെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ‘ജനിക്കുക’ എന്നുപറഞ്ഞാൽ; ‘ശൂന്യതയിൽനിന്നു ഉളവാക്കി’ എന്നു അർത്ഥമില്ലെങ്കിലും, “പുതുതായി ഒന്നു ഉത്ഭവിക്കുക, മുമ്പെ ഇല്ലാതിരുന്ന ഒന്നു ഉളവാകുക” എന്നൊക്കെയാണ് അർത്ഥം. സൃഷ്ടിക്കപ്പെടുന്നതിനു മുമ്പെ സൃഷ്ടിയുമുണ്ടാകില്ല; ജനിപ്പിക്കപ്പെടുന്നതിനു മുമ്പെ ജനിച്ചവനും ഉണ്ടായിരിക്കില്ല. എന്നുവെച്ചാൽ, സൃഷ്ടിയായാലും ജനിച്ചവനാണെങ്കിലും രണ്ടുകൂട്ടരുടെയും ഉപദേശപ്രകാരം ക്രിസ്തു ആരംഭമുള്ളവനാണ്. അതിനാൽ, “യേശു ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നാണ് രണ്ടുപേരുടെയും ഉപദേശം. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനുമായ യേശുക്രിസ്തുവെന്ന മഹാദൈവം സൃഷ്ടിയാണെന്ന് പറയുന്ന യഹോവാസാക്ഷികളും സൃഷ്ടിയല്ല; പിതാവിൽനിന്നു ജനിച്ചവനാണെന്ന് പറയുന്ന ട്രിനിറ്റിയും ഒരേ തൂവൽപ്പക്ഷികളാണ്. (കാണുക: നിഖ്യാവിശ്വാസപ്രമാണം)

ഹാനോക്കിന്നു ഈരാദ് ജനിച്ചു (born); ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു (begat); മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു (begat); മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു (begat).” (ഉല്പ, 4:18). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു (begat); അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെയൊന്നും ജനിപ്പിക്കപ്പെട്ടവൻ ജനിപ്പിച്ചവന് തുല്യനാണെന്നോ, ജനിച്ചവൻ ഉത്ഭവമില്ലാത്തവനാണെന്നോ അർത്ഥമില്ല. ഹാനോക്കിനൊപ്പം ഈരാദ് മുമ്പെ ഉണ്ടായിരുന്നെങ്കിൽ, അവനെ ജനിപ്പിച്ചുവെന്ന് പറയേണ്ടതില്ലല്ലോ? അതിന് ചിലർ പറയുന്ന ന്യായീകരണം: മൽക്കീസേദെക്ക് അബ്രാഹാമിനെ എതിരേറ്റപ്പോൾ ലേവി അവൻ്റെ കടിപ്രദേശത്തു അഥവാ ഗുഹ്യപ്രദേശത്തു (loins) ഉണ്ടായിരുന്നു എന്ന വാക്യമാണ്. (എബ്രാ, 7:10). അബ്രാഹാമിൻ്റെ മൂന്നാം തലമുറയാണ് ലേവി; അബ്രാഹാമിൻ്റെ കടിപ്രദേശത്തുനിന്നല്ല; യാക്കോബിൻ്റെ കടിപ്രദേശത്തുനിന്നാണ് ലേവി ഉത്ഭവിച്ചത്. അതേയർത്ഥത്തിൽ, മനുഷ്യവർഗ്ഗം മുഴുവൻ ആദാമിൻ്റെ കടിപ്രദേശത്തു ഉണ്ടായിരുന്നു എന്നു പറയാവുന്നതാണ്. അതൊരു ആലങ്കാരിക പ്രയോഗമാണ്. ദാവീദിനോടും ക്രിസ്തുവിനോടുമുള്ള ബന്ധത്തിലും അത് മനസ്സിലാക്കാം: ദാവീദിൻ്റെ കടിപ്രദേശത്തിൻ്റെ ഫലമാണ് വാഗ്ദത്തരാജാവായ ക്രിസ്തു. (പ്രവൃ, 2:31,32. ഒ.നോ: ലൂക്കൊ, 1:32). വാഗ്ദത്തരാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം ജഡത്തിൽ വെളിപ്പെട്ടതാണ് ക്രിസ്തു. അക്ഷരാർത്ഥത്തിൽ യേശുവെന്ന മനുഷ്യൻ ദാവീദിൻ്റെ സന്തതിയല്ലെന്നു മാത്രമല്ല; മറിയയുടെ സന്തതിപോലുമല്ല. (ലൂക്കൊ, 7:28). പിന്നെങ്ങനെ ക്രിസ്തു ദാവീദിൻ്റെ കടിപ്രദേശത്തുണ്ടാകും? ഇനി, ‘കടിപ്രദേശത്തു ഉണ്ടായിരുന്നു’ എന്നത് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽപ്പോലും, ദൈവം ജീവശാസ്ത്രപ്രകാരം യേശുവിനെ ജനിപ്പിച്ചാലല്ലേ യേശുവിലത് ആരോപിക്കാൻ സാധിക്കയുള്ളു. അതിനാൽ ദൈവത്തിൻ്റെ കടിപ്രദേശത്ത് യേശു ഉണ്ടായിരുന്നെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാൽ, അതിനെക്കാൾ വലിയ ദുരുപദേശമെന്താണ്?

ആരംഭം: ആർഖി (arche – beginning) എന്ന ഗ്രീക്കു പദം അറുപതോളം പ്രാവശ്യമുണ്ട്. ആദി, ആരംഭം, തുടക്കം, മൂലം, മൂലകാരണം, മൂലാധാരം എന്നൊക്കെ പദത്തിന് അർത്ഥമുണ്ട്. സത്യവേദപുസ്തകത്തിൽ ആദി (മത്താ, 19:4; 19:18), ആരംഭം (24:8; 24:29), അധികാരം (ലൂക്കൊ, 12:12; 20:20), കോണ് (പ്രവൃ, 10:11) പൂർവ്വകാലം (എബ്രാ, 1:10), ആദ്യം (എബ്രാ, 3:14; 5:12), അല്ഫ (വെളി, 1:8; 21:6) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.

സൃഷ്ടിയുടെ ആരംഭം: “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). ഭാഷയുടെ വ്യാകരണ നിയമപ്രകാരം “സൃഷ്ടിയുടെ ആരംഭം” എന്നത് ആദ്യത്തെ സൃഷ്ടിയാണെന്നു അർത്ഥമില്ല; എന്തെന്നാൽ ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് “ഒന്നാമത്തേതു, ആദ്യത്തേതു” എന്നർത്ഥം വരുന്നത്. അല്ലെങ്കിൽ സൃഷ്ടിക്ക് “കാരണം” എന്നാണ് അർത്ഥം വരുന്നത്. അതായത്, “ദൈവസൃഷ്ടികളുടെ ആരംഭം” എന്നു ബഹുവചനത്തിൽ പറഞ്ഞാൽ; സൃഷ്ടികളിൽ ഒന്നാമത്തെ അഥവാ ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥം വരും. ഉദാഹരണം: “അടയാളങ്ങളുടെ ആരംഭം” എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്നത് നോക്കുക. (2:12). അവിടെ, ‘അടയാളങ്ങൾ’ എന്ന ക്രിയ ബഹുവചനം ആയതുകൊണ്ടാണ് “ആരംഭം” എന്ന പ്രയോഗത്തിനു ആദ്യത്തെ അടയാളമെന്ന് അർത്ഥം വരുന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണല്ലോ കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം. (യോഹ, 2:6-11). ഏകവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്യം കാണുക: “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.’ (സദൃ, 1:7). ഇവിടെ, യഹോവാഭക്തി ജ്ഞാനത്തിൽ ഒന്നാമത്തേതെന്നോ, ആദ്യത്തേത് എന്നൊന്നുമല്ലല്ലോ അർത്ഥം; ഭക്തൻ്റെ ജ്ഞാനത്തിനു കാരണം യഹോവാഭക്തിയാണ്. ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന ക്റ്റിസിയൊസ് (ktiseos – creation, creature) ഏകവചനമാണ്. മറ്റൊരുദാഹരണം: “സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.” (മർക്കൊ, 10:6). ഇവിടെയും ക്രിയ ഏകവചനമാണ്. സൃഷ്ടികളിൽ ആദ്യമായി മനുഷ്യനെയല്ല സൃഷ്ടിച്ചത്; എല്ലാ സൃഷ്ടികൾക്കും അവസാനമാണ് മനുഷ്യനെ സൃഷ്ടിച്ചത്. “സൃഷ്ടികളുടെ ആരംഭത്തിൽ അവരെ ആണും പെണ്ണുമായി ഉണ്ടാക്കി” എന്നു ബഹുവചനത്തിൽ പറഞ്ഞാൽ; ആദാമിനെയും ഹവ്വയെയുമാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് അർത്ഥം വരും; അത് വാസ്തവം അല്ലാത്തതിനാലാണ് “സൃഷ്ടിയുടെ ആരംഭം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ബഹുവചനത്തെ കുറിക്കുന്ന ഗ്രീക്കുപദം, ക്റ്റിസ്മ (ktisma – creatures) ആണ്. ബഹുവചനത്തിന് തെളിവു കാണുക: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18. ഒ.നോ: വെളി, 8:9). “അവന്‍ സൃഷ്ടിച്ച എല്ലാറ്റിനെക്കാളും നമുക്കു പ്രാധാന്യം ഉണ്ടാക്കുവാന്‍ അവനാഗ്രഹിച്ചു” എന്നാണ് ഈ.ആർ.വി. പരിഭാഷ. ഇവിടെ “സൃഷ്ടികൾ” എന്ന ബഹുവചനം നോക്കുക: വീണ്ടുംജനിച്ചവർ സൃഷ്ടിക്ക് കാരണമല്ല; സൃഷ്ടികളിൽ ആദ്യസ്ഥാനം അഥവാ ഒന്നാമത്തേത് ആകാൻ വേണ്ടിയാണ് വീണ്ടും ജനിപ്പിച്ചിരിക്കുന്നത്. അതിനാൽ, ‘ദൈവസൃഷ്ടിയുടെ ആരംഭം’ എന്നു പറഞ്ഞാൽ; ദൈവസൃഷ്ടിക്ക് കാരണം, മൂലാധാരം എന്നൊക്കെയാണ് അർത്ഥം. (എബ്രാ, 1:10). ഭാഷയുടെ വ്യാകരണനിയമങ്ങളെയൊക്കെ അതിലംഘിച്ചുകൊണ്ട് ഉപദേശം ഉണ്ടാക്കുമ്പോഴാണ് ദുരുപദേശം ആകുന്നത്. 

‘ദൈവസൃഷ്ടിയുടെ തലവൻ’ എന്നാണ് വിശുദ്ധഗ്രന്ഥം പരിഭാഷ. “The Source of the Creation of God. ദൈവസൃഷ്ടിയുടെ ഉറവിടം.” (Aramaic Bible in Plain English), “The Chief of the creation of God. ദൈവസൃഷ്ടിയുടെ തലവൻ.” (Literal Standard Version), “The ruler of God’s creation. ദൈവസൃഷ്ടിയുടെ അധിപൻ.” (New International Version), “The Originator of God’s creation. ദൈവത്തിന്റെ സൃഷ്ടിയുടെ കാരണഭൂതൻ.” (Berean Study Bible), “The Head of God’s creation. ദൈവസൃഷ്ടിയുടെ തലവൻ.” (New Heart English Bible), Highest ruler of God’s creation. ദൈവസൃഷ്ടിയുടെ ഉന്നത ഭരണാധികാരി.” (Free Bible Version). എന്നിങ്ങനെയാണ് പല പരിഭാഷകളിലും. മേല്പറഞ്ഞ പരിഭാഷയിലൊക്കെ ആരംഭമെന്നാണോ അർത്ഥം? യേശുക്രിസ്തു അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായ വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപമാണ്. (കൊലൊ, 1:15; 2:8). അദൃശ്യദൈവത്തിൻ്റെ പ്രതിമ മറ്റൊരു വ്യക്തിയാണെന്നും ദൈവത്തിൻ്റെ സൃഷ്ടിയാണെന്നുമൊക്കെ വിശ്വസിക്കുന്നത് ഏതാത്മാവിലാണെന്ന് മനസ്സിലാകുന്നില്ല. “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങളാകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.” (കൊലൊ, 1:16,17). യേശുക്രിസ്തുവാണ് സകലത്തിൻ്റെയും സ്രഷ്ടാവ്: സങ്കീർത്തനം 102:25 ഉദ്ധരിച്ചുകൊണ്ട് പുത്രനാണ് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് എബ്രായലേഖകൻ അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു. “പുത്രനോടോ: കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). അദൃശ്യദൈവത്തിൻ്റെ പ്രതിമയെന്ന നിലയിലാണ് അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞിരിക്കുന്നത്. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ മഹാദൈവത്തെ ദൈവത്തിൽനിന്നു ജനിച്ചവനാണെന്നു പഠിപ്പിക്കുന്ന ദുരുപദേശമാണ് അനേകരും വിശ്വസിക്കുന്നത്. സ്രഷ്ടാവായ ദൈവത്തെ സൃഷ്ടിയാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് ത്രിത്വം.

“അക്ഷയനും അദൃശ്യനുമായ ഏകദൈവമാണ് നമുക്കുള്ളത്. (യെശ, 45:15; കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രതിരൂപമാണ് യഹോവ അഥവാ യേശുക്രിസ്തു. (യെഹെ, 1:28; 2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:18; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:10). ദൈവത്തിൻ്റെ പ്രതിരൂപമായവനാണ് സ്വർഗ്ഗസിംഹാസനത്തിൽ മനഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരുന്നുകൊണ്ട് (യെഹെ, 1:26) ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്ടിച്ചതും (യോഹ, 1:3, 10; കൊലൊ, 1:16; എബ്രാ, 1:2); ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും (ഉല്പ, 1:26,27; 2:7; റോമ, 5:14); ആദാം മുതൽ മലാഖി വരെയുള്ളവർക്ക് പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയതും; യഹോവ എന്ന നാമത്തിൽ മീഖായാവും (1രാജാ, 22:19; 2ദിന,18:18) യെശയ്യാവും (6:1-5), യെഹെസ്ക്കേലും (1:26-28), ദാനീയേലും (7:9,10) സ്വർഗ്ഗസിംഹാസനത്തിൽ ദർശിച്ചതും; കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി (ഗലാ, 4:4), ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ദൈവപുത്രൻ’ എന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായി (1തിമൊ, 3:16) മരിച്ചുയിർത്തെഴുന്നേറ്റവനും (2തിമൊ, 2:8); സ്തെഫാനൊസും (പ്രവൃ, 7:55,56) യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ ദർശിച്ചവനും ഒരാളാണ്. സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് രാപ്പകൽ ആരാധന സ്വീകരിക്കുന്നവനാണ് (യെശ, 6:1-4; യോഹ, 12:41; വെളി, 4:1-8; മത്താ, 18:11) പൂർണ്ണമനുഷ്യൻ മാത്രമായി ഭൂമിയിൽ വെളിപ്പെട്ട് മരണം വരിച്ചതും (ലൂക്കൊ, 1:68; യോഹ, 1:1; 1കൊരി, 15:21; 1തിമൊ, 2:5,6; 3:16; 2തിമൊ, 2:8; എബ്രാ, 2:14,15); പരിശുദ്ധാത്മാവെന്ന കാര്യസ്ഥനായി പ്രത്യക്ഷനായി (മത്താ, 3:16; പ്രവൃ, 2:3) വ്യക്തികളെ വീണ്ടും ജനിപ്പിച്ചുകൊണ്ട് ലോകാവസാനത്തോളം ദൈവമക്കളുടെ കൂടെയിരിക്കുന്നതും.  (മത്താ, 28:19; യോഹ, 3:6; 16:13). അതിനാൽ, സ്വർഗ്ഗത്തിൽ ചെന്നാൽ നിത്യപിതാവായ (യെശ, 9:6) യേശുവിനെയല്ലാതെ മറ്റൊരു ദൈവവ്യക്തിയെ ആർക്കും കാണാൻ കഴിയില്ല.” (യോഹ, 8:24, 28; 10:30; 14:7, 9; 15:24). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:5,6). സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

ഏകജാതനും ആദ്യജാതനും

ഏകജാതനും ആദ്യജാതനും

യേശുക്രിസ്തുവിനെ ഏകജാതനെന്ന് വിളിച്ചിരിക്കയാൽ അക്ഷരാർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ ഏകജാതനാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. അപ്പോൾത്തന്നെ അവനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്ന വിവരം ബോധപൂർവ്വം അവർ മറക്കുകയും ചെയ്യുന്നു. യേശുവിനെ, ഏകജാതനെന്ന് അഞ്ചുപ്രാവശ്യവും (യോഹ, 1:14; 1:18; 3:16; 3:18; 1യോ, 4:9). ആദ്യജാതനെന്നു അഞ്ചുപ്രാവശ്യം വിളിച്ചിട്ടുണ്ട്. (റോമ, 8:29; കൊലോ, 1:15; 1:18; എബ്രാ, 1:6; വെളി, 1:5). ഏകജാതനെന്നതും ആദ്യജാതനെന്നതും ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്നല്ലാതെ, യഥാർത്ഥത്തിൽ ഏകജാതനും ആദ്യജാതനും ആയിരിക്കാൻ കഴിയില്ലെന്ന് വസ്തുത അനേകരും അറിയാതിരിക്കുകയോ, അറിഞ്ഞിട്ടും അംഗീകരിക്കാതിരിക്കയോ ചെയ്യുന്നു. ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ, ഒറ്റപ്പുത്രൻ എന്നൊക്കെയാണ്. ആദ്യജാതനെന്നാൽ; ആദ്യത്തെ പുത്രൻ, മക്കളിൽ മൂത്തപുത്രൻ എന്നൊക്കെയാണ്. ഈ പദവികളെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ പരസ്പരവിരുദ്ധമാകും. ഇനി, ഈ പദവികളിൽ ഏതെങ്കിലും ഒരെണ്ണം അക്ഷരാർത്ഥത്തിലും അടുത്തൊരണ്ണം പദവിയാണെന്നും മനസ്സിലാക്കാമെന്ന് വെച്ചാലോ; അപ്പോഴും യേശുവിന് യോജിക്കില്ല. ഉദാഹരണത്തിന് ഏകജാതനെന്ന പദമെടുക്കാം: യേശു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്നു പറയാൻ ബൈബിൾ സമ്മതിക്കില്ല. എന്തെന്നാൽ, ദൈവത്തിന് വേറെയും മക്കളുണ്ട്: ദൂതന്മാരും (ഇയ്യോ, 1:6), ശേത്തിൻ്റെ സന്തതികളും (ഉല്പ, 6:2), ആദാമും (ലൂക്കൊ, 3:38), യിസ്രായേലും (പുറ, 4:22), എഫ്രയീമും (യിരെ, 31:9), വിശ്വാസികളും (1യോഹ, 3:2) ദൈവത്തിൻ്റെ മക്കളാണ്. പിന്നെങ്ങനെ ക്രിസ്തു ഏകജാതനാകും? ഇനി, ആദ്യജാതനെന്ന പദം അക്ഷരാർത്ഥത്തിൽ എടുക്കാൻ പറ്റുമോന്ന് നോക്കാം: നിഖ്യാവിശ്വാസപ്രമാണം പറയുംപോലെ, യേശു സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചവനാണ്; അതിനാൽ അവൻ ദൈവത്തിൻ്റെ ആദ്യജാതനാണെന്ന് പറഞ്ഞാലോ; അതും ബൈബിൾ സമ്മതിക്കില്ല. എന്തെന്നാൽ, ആദ്യത്തെ സൃഷ്ടിയെന്നോ, ആദ്യം ജനിപ്പിച്ച പുത്രനെന്നോ ഉള്ള അർത്ഥത്തിൽ ആദ്യജാതൻ ഒരിടത്തും പ്രയോഗിച്ചിട്ടില്ല. അഞ്ചിടത്തും പ്രയോഗിച്ചിരിക്കുന്നത് വ്യത്യസ്ത അർത്ഥങ്ങളിലാണ്. അതിനാൽ, ഏകജാതനെന്നും ആദ്യജാതനെന്നും അവനെ വിളിച്ചിരിക്കുന്നത് അക്ഷരാർത്ഥത്തിലല്ല; അത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം പദവികളിൽ രണ്ടെണ്ണം മാത്രമാണെന്ന് മനസ്സിലാക്കാം.

പഴയനിയമത്തിൽ ഏകജാതനെന്ന പ്രയോഗം ആറ് പ്രാവശ്യമുണ്ട്; (ഉല്പ, 22:2; 22:12; 22:16; യിരെ, 6:26; ആമോ, 8:10; സെഖ, 12:10). അതിൽ ആദ്യത്തെ മൂന്നു പ്രയോഗം യിസ്ഹാക്കിനെ കുറിക്കുന്നതാണ്. യിസ്ഹാക്ക് അബ്രാഹാമിൻ്റെ ഏകജാതനല്ല; വാഗ്ദത്ത സന്തതിയെന്ന നിലയിൽ അവന് ദൈവം കൊടുത്ത പദവിയാണ്. അബ്രാഹാമിന് മിസ്രയീമ്യ ദാസിയിൽ ജനിച്ച മൂത്തമകനായ യിശ്മായേൽ ഉള്ളപ്പോഴാണ് ദൈവം യിസ്ഹാക്കിനെ ഏകജാതനെന്നു വിളിക്കുന്നത്. (ഉല്പ, 22:2,12,16). തുടർന്ന് സാറ മരിച്ചശേഷം കെതൂറായിൽ ആറ് മക്കൾകൂടി അബ്രാഹാമിനു ജനിച്ചു. (ഉല്പ, 25:1,2; 1ദിന, 32). കെതൂറായിൽ മാത്രമല്ല മക്കളുണ്ടായിരുന്നത്; വെപ്പാട്ടികളുടെ മക്കൾക്ക് അബ്രാഹാം ദാനങ്ങൾ കൊടുത്തതായി പറയുന്നുണ്ട്. (25:6). ഹാഗാറിനെ അബ്രാഹാമിൻ്റെ വെപ്പാട്ടിയായി പറഞ്ഞിട്ടില്ല; അവൾ സാറായിയുടെ ദാസിയായിരുന്നു. (ഉല്പ, 16:1). അതിനാൽ ഒന്നിലധികം വെപ്പാട്ടികളും അവരിൽ മക്കളും ഉണ്ടായിരുന്നതായി മനസ്സിലാക്കാം. പിന്നെയും രണ്ടായിരം വർഷങ്ങൾക്കിപ്പുറം എബ്രായലേഖകൻ കുറഞ്ഞത് എട്ടു മക്കളെങ്കിലും ഉള്ളവനായ അബ്രാഹാമിൻ്റെ വിശ്വാസത്തെ പരാമർശിക്കുമ്പോൾ അതിലൊരാളായ യിസ്ഹാക്കിനെ വീണ്ടും അബ്രാഹാമിൻ്റെ ഏകജാതനെന്നാണ് വിശേഷിപ്പിക്കുന്നത്. (11:18). അപ്പോൾ ഏകജാനെന്ന ബൈബിൾ പ്രയോഗത്തിന് ഏകപുത്രനെന്നു മാത്രമല്ല; അതൊരു സവിശേഷ പദവിയായിട്ടും ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. അടുത്ത മൂന്നു പ്രയോഗം യിസ്രായേലിനോടുള്ള ബന്ധത്തിൽ ആലങ്കാരികമായി പറയുന്നതാണ്. ഏകജാനെന്ന പദം അക്ഷരാർത്ഥത്തിൽ പഴയനിയമത്തിലില്ല; യിഫ്താഹിൻ്റെ മകളെ കുറിക്കാൻ ഏകപുത്രി എന്നൊരു പ്രയോഗമുണ്ട്. (ന്യായാ, 11:34). പുതിയനിയമത്തിൽ ഏകസന്തതി അഥവാ ഏകജാതൻ/ജാതയെ കുറിക്കുന്ന മോണോജെനസ് (monogenes) എന്ന ഗ്രീക്കുപദം ഒൻപത് പ്രാവശ്യമുണ്ട്. നയിനിലെ വിധവയുടെ മകൻ (ലൂക്കോ, 7:12), പള്ളിപ്രമാണിയായ യായിറൊസിൻ്റെ മകൾ (ലൂക്കൊ, 8:42), അശുദ്ധാത്മാവ് ബാധിച്ച ഒരു ബാലൻ (ലൂക്കൊ, 9:38), യിസ്ഹാക്ക് (എബ്രാ, 11:18), യേശുക്രിസ്തു (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9).

പഴയനിയമത്തിൽ ആദ്യജാതനെന്ന പ്രയോഗം നൂറ്റിയിരുപത് പ്രാവശ്യത്തോളമുണ്ട്. ആദ്യപ്രയോഗം കനാൻ്റെ ആദ്യജാതനായ  സീദോനെ കുറിക്കുന്നു. (ഉല്പത്തി 10:15). പഴയനിയമത്തിൽ ആദ്യജാതൻ അധികം സ്ഥാനത്തും അക്ഷരാർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. സവിശേഷ പദവിയായിട്ടും ആദ്യജാതൻ ഉപയോഗിച്ചിട്ടുണ്ട്. യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്: (പുറ, 4:22). യിസ്രായേൽ ജാതിയെ മുഴുവനായി ദൈവം ഏകമകനായിട്ടും ആദ്യമകനായിട്ടുമാണ് കാണുന്നത്. (പുറ, 4:23). എഫ്രയീം ദൈവത്തിൻ്റെ ആദ്യജാതനാണ്: (യിരെ, 31:9). എഫ്രയീം അപ്പനായ യോസേഫിൻ്റെപോലും ആദ്യജാതനല്ല; അത് ദൈവം കൊടുത്ത പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? ദൈവം ദാവീദിനെ ആദ്യജാതനാക്കും എന്ന് പറഞ്ഞിട്ടുണ്ട്: (സങ്കീ, 89:27). അതിനാൽ അതും ഒരു പദവിയാണെന്ന് മനസ്സിലാക്കാം. പുതിയനിയമത്തിൽ ആദ്യജാതനെ കുറിക്കുന്ന പ്രോടൊടൊകൊസ് (prototokos) എന്ന ഗ്രീക്കുപദവും ഒൻപത് പ്രാവശ്യമുണ്ട്. യേശുവിനെ മറിയയുടെ ആദ്യജാതനെന്ന് രണ്ടു പ്രാവശ്യം വിളിച്ചിട്ടുണ്ട്: (മത്താ, 1:25; ലൂക്കൊ, 2:7), യിസ്രായേലിൻ്റെ ആദ്യജാതന്മാർ: (എബ്രാ, 11:28), ആദ്യജാതന്മാരുടെ സഭ (യിസ്രായേൽ): (എബ്രാ, 12:23), യേശു ദൈവത്തിൻ്റെ ആദ്യജാതൻ: (റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:5). അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല; അത് യേശുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണ്. (ലൂക്കൊ, 7:28). മഹാദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ പൂർണ്ണമനഷ്യനായി ലോകത്തിൽ വെളിപ്പെട്ടതിനാലാണ് അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അങ്ങനെ നോക്കിയാൽ, ആദ്യജാതനെ കുറിക്കുന്ന പുതിയനിയമത്തിലെ ഒമ്പതു പ്രയോഗങ്ങളും അക്ഷരാർത്ഥത്തിലല്ല; സവിശേഷമായ പദവിയാണെന്ന് മനസ്സിലാക്കാം.

ഏകജാതനെന്നതും ആദ്യജാതനെന്നതും ക്രിസ്തുവിൻ്റെ പദവിയാണെന്ന് നാം കണ്ടുകഴിഞ്ഞു. എന്നാൽ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം: ഈ പദവികൾ യേശുക്രിസ്തുവെന്ന ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവത്തിൻ്റെ പദവികളല്ല; അവൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം പാപമൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത പദവികളാണ്. (1തിമൊ, 3:14-16; എബ്രാ, 4:15). അതിനാൽ ഈ പദവികൾ നിത്യമല്ല; താല്ക്കാലികമാണ്. എന്തെന്നാൽ ഇന്നലെയും ഇന്നുമെന്നേക്കുമുള്ള മഹാദൈവത്തെയല്ല ബൈബിൾ പുത്രനെന്നും ഏകജാതനെന്നും ആദ്യജാതനെന്നും വിശേഷിപ്പിക്കുന്നത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനെയാണ്. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 3:14-16; എബ്രാ, 13:8). യേശുക്രിസ്തുവെന്ന മഹാദൈവം ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്; അതവരുടെ ദൈവവചനത്തിലുള്ള അജ്ഞത മാത്രമാണ്. രണ്ടുകാര്യങ്ങൾ പറയാം: ഒന്ന്; സത്യദൈവത്തിന് സകലവും സൃഷ്ടിക്കുവാനല്ലാതെ, ആരുടെയും സൃഷ്ടിയാകാനോ, ആരിൽനിന്നും ജനിക്കുവാനോ കഴിയില്ല. എന്തെന്നാൽ അവൻ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണ്. അതിനാൽ അവൻ്റെ സ്ഥായിയായ രൂപമോ സ്വഭാവമോ അവന് ത്യജിക്കുവാൻ കഴിയില്ല. (മലാ, 3:6; 2തിമൊ, 2:13; യാക്കോ, 1:17). രണ്ട്; യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവർ ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ അഥവാ നിത്യപുത്രനെ ഇതുവരെ അറിഞ്ഞിട്ടില്ല. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയും നിത്യരാജാവുമായ ഒരു ദൈവസന്തതി പഴയനിയമത്തിലുണ്ട്. അവനെ അറിയാത്തതുകൊണ്ടാണ്, അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ മനുഷ്യനായി വെളിപ്പെട്ട അവൻ്റെ ദൈവത്തെപ്പിടിച്ച് നിത്യപുത്രനാക്കിയത്. (കാണുക: ദൈവപുത്രൻ)

നിസ്തുല്യപുത്രൻ: ഏകജാതനെന്നതും ആദ്യജാതനെന്നതും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യൻ്റെ പദവികൾ മാത്രമാണെങ്കിൽ, ആ പദവികളുടെ അർത്ഥമെന്താണെന്ന് ഒരു ചോദ്യം വരും. ഏകജാതനെന്നത് ക്രിസ്തുവിൻ്റെ നിസ്തുലജനനത്തെ കുറിക്കുന്നതാണ്. എന്നാൽ പലനിലകളിൽ ക്രിസ്തു നിസ്തുല്യനാണെന്ന് കാണാൻ കഴിയും. ദൈവത്തിൻ്റെ അനേകം പുത്രന്മാരിൽ ഒരാളാണ് യേശുവെന്ന ദൈവപുത്രൻ. എന്നാൽ, അനേകം പുത്രന്മാരെപ്പോലെ ഒരാളല്ല ക്രിസ്തു. എല്ലാ പുത്രന്മാരിൽനിന്നും ക്രിസ്തുവിനെ വ്യത്യസ്തനാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഒന്ന്; അവൻ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പുത്രനാണ്: ജീവനുള്ള ദൈവമായ യഹോവ മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (1തിമൊ, 3:14-16). ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു തൻ്റെ അപ്പൊസ്തലന്മാരോട് പറയാൻ വേണ്ടി മഗ്ദലക്കാരത്തി മറിയയോട് ഇപ്രകാരം പറഞ്ഞു: “നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ക്രിസ്തു എന്തുകൊണ്ടാണ് എൻ്റെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ പിതാവും നിങ്ങളുടെ ദൈവവും എന്നുപറഞ്ഞത്? ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനായ യേശുവിന് ഒരു പിതാവും (മത്താ, 3:17) ദൈവവുമുണ്ട്. (മത്താ, 27:46). എങ്കിലും ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാരുടെയോ മനുഷ്യരുടെയോ പുത്രത്വത്തിന് തുല്യമായിരുന്നില്ല ക്രിസ്തുവിൻ്റെ പുത്രത്വം. ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്. (വെളി, 10:10; 22;9). യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്ന് പറയുന്നവരുണ്ട്. യേശു ദൂതഗണത്തിൽ പെട്ടതായിരുന്നെങ്കിലോ, അല്ലെങ്കിൽ സ്വർഗ്ഗീയരും ഭൗമികരും തമ്മിൽ വേർതിരിച്ചു കാണിക്കാനോ ആയിരുന്നെങ്കിൽ, ഞങ്ങളുടെ പിതാവും നിങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും എന്ന് പറയുമായിരുന്നു. ക്രിസ്തു ഒരിടത്തും ഞങ്ങളുടെ പിതാവെന്നോ ഞങ്ങളുടെ ദൈവമെന്നോ പറഞ്ഞിട്ടില്ല. ഇനി, യേശുവിൻ്റെയും മനുഷ്യരുടെയും പുത്രത്വം ഒന്നായിരുന്നെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു പറയാതെ; നമ്മുടെ പിതാവും നമ്മുടെ ദൈവവും എന്ന് പറയുമായിരുന്നു. നമ്മുടെ പിതാവെന്നോ, നമ്മുടെ ദൈവമെന്നോ അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. എൻ്റെ പിതാവ് (മത്താ, 7:21; 10:32,33; 11:27; 12:50), എൻ്റെ ദൈവം (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17; 2കൊരി, 11:31; എഫെ, 1:3; 1:17) എന്നാണ് പറഞ്ഞിരിക്കുന്നത്. എന്തെന്നാൽ അവൻ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഏകസത്യദൈവവും പിതാവുമായ യഹോവയുടെ പ്രത്യക്ഷതയായ പുത്രനായിരുന്നു. ആ നിലയിൽ അവൻ നിസ്തുലനാണ്. (കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം). രണ്ട്; വചനം ജഡമായ പുത്രനെന്ന നിലയിൽ അവൻ നിസ്തുലനാണ്: (യോഹ, 14). പഴയനിയമത്തിലെ വചനം അഥവാ ദവാർ ദൈവത്തിൻ്റെ വായിലെ വചനമാണ്. ആ വചനത്താലാണ് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (യെശ, 45:23; 55:11; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). ആ വചനമാണ് കാലസമ്പൂർണ്ണതയിൽ ജഡമായത്. (യോഹ, 1:14; ഗലാ, 4:4). ആ നിലയിലും അവൻ നിസ്തുല്യനാണ്. (വചനം ദൈവം ആയിരുന്നു). മൂന്ന്; അവൻ കന്യകാജാതനാണ്: ആ നിലയിലും അവൻ നിസ്തുലനാണ്. (മത്താ, 1:22). നാല്; അവൻ പാപമറിയാത്തവനാണ്. ആദ്യമനുഷ്യനായ ആദാം പാപമില്ലാത്തവനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പിന്നീട് പാപംചെയ്തു. എന്നാൽ ക്രിസ്തു തൻ്റെ ഐഹിക ജീവിതത്തിൽ ഒരു പാപവും ചെയ്തിട്ടില്ല. (2കൊരി, 5:21; 1പത്രൊ, 2:22). മനുഷ്യകുലത്തിൽ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ആ നിലയിലും അവൻ നിസ്തുലനാണ്. അഞ്ച്; ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20; എഫെ, 1:4; എബ്രാ, 1:1). ആ നിലയിലും അവൻ നിസ്തുലനാണ്. 

ഏകജാതൻ: പല നിലകളിൽ ക്രിസ്തു നിസ്തുല്യനാണെന്ന് മുകളിൽ നാം കണ്ടു. അതിൽ ഏകജാതനെന്ന പദവിക്ക് കാരണമായ നിസ്തുല്യത എന്താണ്? ആരുടെ പുസ്തകത്തിലാണോ ഏകജാതനെന്ന പദമുള്ളത്; ആ പുസ്തകത്തിലുള്ള ക്രിസ്തുവിൻ്റെ നിസ്തുല്യതയെന്താണോ, അതാണ് ഏകജാതനെന്ന പദവിക്കടിസ്ഥാനം. യോഹന്നാൻ്റെ പുസ്തകത്തിലാണ് ‘ഏകജാതൻ’ എന്ന പ്രയോഗമുള്ളത്: യോഹ, 1:14; 1:18; 3:16; 3:18; 1യോ, 4:9). യോഹന്നാൻ്റെ ക്രിസ്തു; ദൈവത്തിൻ്റെ വചനം ജഡമായ പുത്രനാണ്. ദൈവത്തിന് അനേകം മക്കളുണ്ടെന്ന് നാം മുകളിൽ കണ്ടതാണ്. എല്ലാ മക്കളിൽ നിന്നു വ്യത്യസ്തമായി, ദൈവത്തിൻ്റെ വചനം ജഡമായ പുത്രനെന്ന നിലയിലാണ്, അവനെ ഏകജാനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളം ഓശാന നൂതന പരിഭാഷയിൽ: യോഹന്നാൻ 1:14; 3:16; 3:18 തുടങ്ങിയവയിൽ ‘നിസ്തുലപുത്രൻ’ എന്നാണ് പരിഭാഷ. International Standard Version-ൽ എല്ലായിടത്തും Unique Son എന്നാണ് പരിഭാഷ. Complete Jewish Bible-ൽ യോഹന്നാൻ 1:18; 3:16; 3:18 എന്നീ വാക്യങ്ങളിൽ Unique Son എന്നാണ്. അതിനാൽ ഏകജാതനെന്ന പദവിയുടെ അർത്ഥം “വചനം ജഡമായ പുത്രൻ എന്നാണ്. (യോഹ, 1:14). (കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു)

സമവീക്ഷണ സുവിശേഷങ്ങളിൽ നിന്നും വിഭിന്നമാണ് യോഹന്നാൻ്റെ സുവിശേഷം. യോഹന്നാനിൽ സുവിശേത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ യോഹന്നാനിലെ ക്രിസ്തു ആരാണെന്നറിയണം. നമുക്കറിയാം യേശുവിൻ്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന നാല് സുവിശേഷങ്ങളും വ്യത്യസ്ത വീക്ഷണകോണിൽ (perspective) കൂടിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. ബൈബിളിലെ പുസ്തകങ്ങളായാലും മറ്റേതു പുസ്തകമായാലും ആമുഖം അഥവാ തുടക്കം പ്രാധാന്യമർഹിക്കുന്നതാണ്. ഏതൊരു പുസ്തകത്തിൻ്റെയും തുടക്കത്തിൽത്തന്നെ കേന്ദകഥാപാത്രത്തിൻ്റെ പ്രകൃതി ഏറെക്കുറെ മനസ്സിലാക്കാൻ കഴിയും. മത്തായിയുടെ ക്രിസ്തു കന്യകാജാതനായ രാജാവാണ്. അതിനാൽ, അബ്രാഹാമിൻ്റെ സന്തതിയായായ ദാവീദ് മുതലുള്ള രാജകീയ വംശാവലിയിലാണ് ക്രിസ്തു ജനിക്കുന്നത്. മർക്കൊസിൻ്റെ ക്രിസ്തു വംശാവലിയില്ലാത്ത ദാസനാണ്. രണ്ടു പേർക്കാണ് വംശാവലിയില്ലാത്തത്; ദൈവത്തിനും ദാസനും. ദൈവം ജനനമോ മരണമോ ഇല്ലാത്തവനും എന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (ദാനീ, 4:34;12;7; 1തിമൊ, 1:7). അതിനാൽ വംശാവലിയില്ലാത്ത മർക്കൊസിൻ്റെ ക്രിസ്തു ദാസനാണെന്ന് മനസ്സിലാക്കാം. ലൂക്കൊസിൻ്റെ ക്രിസ്തു കന്യകാജാതനായ മനുഷ്യനാണ്. അതിനാൽ ആദാമ്യപാപത്തിനു പരിഹാരം വരുത്താൻ അവൻ്റെ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു. യോഹന്നാൻ്റെ ക്രിസ്തു ദൈവത്തിൻ്റെ വചനം ജഡമായവനാണ്. അതിനാൽ സമവീക്ഷണ സുവിശേഷങ്ങളിലൊന്നും കാണാത്ത പല പ്രയോഗങ്ങളും യോഹന്നാനിൽ കാണാൻ കഴിയും. അതെല്ലാം അക്ഷരാർത്ഥത്തിലാണെന്ന് കരുതരുത്; പ്രതിരൂപകാത്മകമായും, ആത്മികമായും, ആലങ്കാരികമായും ബൈബിൾ പറയുന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ വലിയ കുഴപ്പമാണ്. യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്; തെറ്റാണത്. ക്രിസ്തു അഥവാ അഭിഷിക്തൻ മനുഷ്യനാണ് ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. ദൈവത്തിന് അവതരിക്കാനോ തൻ്റെ സ്വരൂപവും സ്വഭാവവും ത്യജിച്ചുകൊണ്ട് ജഡമായിത്തീരാനോ കഴിയില്ല; ദൈവം ജഡത്തിൽ പ്രത്യക്ഷനാകുകയാണ് ചെയ്തത്. അതാണ് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അഥവാ ആരാധനാ രഹസ്യം. (1തിമൊ, 3:14-16; 1പത്രൊ, 1:20). എന്തെന്നാൽ ദൈവം ഗതിഭേദത്താൽ ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്. (യാക്കോ, 1:17; മലാ, 3:6). ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ്, ‘വചനം ജഡമായിത്തീർന്നു’ എന്നത്. (യോഹ, 1:14). പഴയനിയമത്തിലെ ദവാർ അഥവാ വചനം ദൈവത്തിൻ്റെ വായിലെ വചനമാണ്; അല്ലാതെ ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയല്ല: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). ആ വചനത്താലാണ് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6; ഉല്പ, 1:24). അതിനാലാണ് അവൻ മുഖാന്തരം അഥവാ വചനം മുഖാന്തരം സകലവും ഉളവായിയെന്ന് പറഞ്ഞിരിക്കുന്നത്. (യോഹ, 1:3,10). യോഹന്നാൻ 1:1-ൽ ‘വചനം ദൈവത്തോടു കൂടെയായിരുന്നു’ എന്ന പ്രയോഗം വചനത്തിന് ആളത്തം കല്പിച്ചുകൊണ്ട് ആലങ്കാരികമായി പറയുന്നതാണ്. അല്ലാതെ വചനം മറ്റൊരു വ്യക്തിയല്ല. (കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു)

യഥാർത്ഥത്തിൽ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ഒരുകുഞ്ഞ് മാത്രമുള്ള വ്യക്തിക്ക് ആ കുഞ്ഞ് ഏകജാതനോ ഏകജാതയോ ആയിരിക്കും. മറ്റൊരു കുഞ്ഞ് ജനിക്കുകയോ, ദത്തെടുക്കപ്പെടുകയോ ചെയ്താൽ, ഏകജാതൻ ആദ്യജാതൻ അഥവാ മൂത്തപുത്രനായിമാറും. ആ പുത്രന് പിന്നെയൊരിക്കലും ഏകജാതനെന്ന പദവി ഉണ്ടാകില്ല. യേശുവിന്റെ കാര്യത്തിൽ ത്രിത്വക്കാർക്ക് ഇത് ബാധകമല്ലേ? യേശുവെന്ന പുത്രന് രണ്ടുപദവിയും ഒരുപോലെയുണ്ട്. അക്ഷരാർത്ഥത്തിൽ യേശു ദൈവത്തിൻ്റെ ഏകജാതനാണെന്ന് പറഞ്ഞാൽ അതേയർത്ഥത്തിൽ അവൻ ആദ്യജാതനുമാണ്; അപ്പോഴത് പരസ്പരവിരുദ്ധം (contradiction) ആകും. ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും യേശുവിൻ്റെ പദവിയാണ്. യഥാർത്ഥത്തിൽ ഒരാൾക്ക് ദൈവത്തിൻ്റെയും മനുഷ്യൻ്റെയും പുത്രനായിരിക്കാൻ കഴിയില്ലെന്നതും, ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ലെന്നതും ഗ്രഹിക്കാൻ കഴിയാതെവണ്ണം ത്രിത്വവിശ്വാസികളുടെ ഹൃദയം തടിച്ചിരിക്കയാൽ, ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും ഏകജാതാനെന്നതും ആദ്യജാനെന്നതും ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്നറിയാതെ, സ്രഷ്ടാവും നിത്യപിതാവുമായവനെ സർവ്വകാലങ്ങൾക്കുമുമ്പെ പിതാവിൽ നിന്ന് ജനിച്ച ഏകപുത്രനാണെന്ന് അനേകരും മനസ്സിലാക്കുന്നു.

ആദ്യജാതൻ: ദൈവത്തിനു കോടാനുകോടി മക്കളുണ്ട്: സ്വർഗ്ഗത്തിലെ ദൂതന്മാരും (ഇയ്യോ, 1:6; 2:1; 38:6), ഭൂമിയിലെ മനുഷ്യരും (യെശ, 64:8; മലാ, 2:10; എബ്രാ, 2:14,15) ദൈവത്തിൻ്റെ മക്കളാണ്. ദൈവത്തിൻ്റെ ആദ്യത്തെ മക്കൾ ദൂതന്മാരാണ്. (ഇയ്യോ, 1:6). ആദാമാണ് രണ്ടാമത്തെ മകൻ: (ലൂക്കൊ, 3:38). മൂന്നാമത്തെ മക്കൾ ശേത്തിൻ്റെ സന്തതികളാണ്: (ഉല്പ, 6:2). നാലാമത്തെ മകൻ യിസ്രായേലാണ്: (പുറ, 4:22). അഞ്ചാമത്തെ മകൻ എഫ്രയീമാണ്: (യിരെ, 31:9). ആറാമത്തെ മകൻ യേശു: (മത്താ, 8:29). ഏഴാമത്തെ മക്കൾ ക്രിസ്തുവിശ്വാസികൾ: (1യോഹ, 3:2). ഇതിൽ അക്ഷരാർത്ഥത്തിൽ ആണെങ്കിൽ, ആദ്യജാതന്മാരെന്ന് ബഹുവചനത്തിൽ ദൂതന്മാരെയും, ഏകവചനത്തിൽ ആദാമിനെയും വിളിക്കാം; ക്രിസ്തുവെങ്ങനെ ആദ്യജാതനാകും? ഇനി, ആദ്യജാതനെന്ന് അക്ഷരംപ്രതി വിളിച്ചിരിക്കുന്നത് മൂന്നുപേരെയാണ്: യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശുക്രിസ്തു (റോമ, 8:29). ദാവീദിനെ ആദ്യജാതനാക്കുമെന്നും പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). മേല്പറഞ്ഞതൊന്നും അക്ഷരാർത്ഥത്തിലല്ല; പദവിയാണ്. അതിലും ആദ്യജാതനെന്ന് ആദ്യം പറഞ്ഞിരിക്കുന്നത് ക്രിസ്തുവിനെയല്ല; യിസ്രായേലിനെയാണ്. അതിനാൽ ആദ്യജാതനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവി മാത്രമാണെന്ന് ആർക്കും മനസ്സിലാകും; എന്നിട്ടും അനേകരും ഒന്നും അറിയാതിരിക്കുകയോ, അറിഞ്ഞിട്ടും അറിയായ്മ നടിക്കുകയോ ചെയ്യൂന്നു. ഏകജാതൻ എന്ന പ്രയോഗത്തിനടിസ്ഥാനം ‘ വചനം ജഡമായവൻ’ എന്നാണെങ്കിൽ; അദ്യജാതൻ എന്ന പ്രയോഗത്തിനടിസ്ഥാനം പലതാണ്:

1. സഹോദരന്മാരിൽ ആദ്യജാതൻ: “അവൻ (ദൈവം) മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ദൈവം, ക്രിസ്തു അഥവാ തൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ്റെ പ്രായശ്ചിത്ത മരണം മുഖാന്തരം നമ്മെ ദത്തെടുത്തതു കൊണ്ടാണ് അവനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്നത്: “തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.” (എഫെ, 1:5,6). ലോകസ്ഥാപനത്തിനു മുമ്പെ അവനിൽ നമ്മെ കാണുകയും തൻ്റെ സർവ്വജ്ഞാനതാൽ തിരഞ്ഞെടുക്കുകയുമാണ് ചെയ്തത്.(എഫെ, 1:4). നാമിനി അവൻ്റെ പുനരുത്ഥാനത്തിൻ്റെ സാദൃശ്യത്തോടും ഏകീഭവിക്കാനുള്ളവരാണ്. (റോമ, 6:5). ക്രിസ്തു മുഖാന്തരം നാം ദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും ആയപ്പോൾ, ക്രിസ്തുവിന് ദൈവത്തിൻ്റെ ആദ്യജാതനെന്ന പദവി കൈവന്നു. (യോഹ, 3:16; റോമ, 8:17; 1യോഹ, 3:2). വിശ്വാസികളെല്ലാവരും ദൈവത്തിൻ്റെ അനന്തര ജാതന്മാരുമായി.

2. സർവ്വസൃഷ്ടിക്കും ആദ്യജാതൻ: “അവൻ (ക്രിസ്തു) അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.” (കൊലൊ, 1:15). ഈ വാക്യത്തെ ത്രിത്വവിശ്വസികളും യഹോവസാക്ഷികളും ഒരുപോലെ തെറ്റിദ്ധരിക്കുന്നു. “സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചുവെന്ന് ത്രിത്വം വിശ്വസിക്കുന്നു.” യഹോവസാക്ഷികളാകട്ടെ; “ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണ് യേശുവെന്ന് വിശ്വസിക്കുന്നു.” രണ്ടുകൂട്ടരും ഒരേ തൂവൽപ്പക്ഷികളാണ്. എന്നാൽ ടിനിറ്റിയുടെ ഉത്ഭവം നിഖ്യായിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയതാകയാൽ അവനൊരു അതിബുദ്ധി കാണിച്ചു; ‘ജനിച്ചവൻ സൃഷ്ടിയല്ല’ എന്നുകൂടെച്ചേർത്തു. ജനിച്ചവൻ പിന്നെയാരാണ്? ‘ജനിക്കുക’ എന്നു പറഞ്ഞാൽ ‘പുതുതായി ഒന്നു ഉത്ഭവിക്കുക, ഇല്ലാതിരുന്ന ഒന്നു ഉളവാകുക’ എന്നൊക്കെയാണർത്ഥം. അറിയൂസിൻ്റെ വാദവും അതുതന്നെയായിരുന്നു. എന്നാൽ വസ്തുത എന്താണ്: അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രതിരൂപമെന്ന നിലയിലാണ് അവനെ ആദ്യജാതനെന്ന് വിളിക്കുന്നത്. (കൊലോ, 1:15; 2:9). മലയാളം ഓശാന ബൈബിൾ നൂതനപരിഭാഷയിൽ നിന്ന് ആ വാക്യം ചേർക്കുന്നു: “ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും സകലസൃഷ്ടിക്കും അധീശനും ആകുന്നു.” ചില ഇംഗ്ലീഷ് പരിഭാഷകളിലെ പ്രയോഗം നോക്കാം: “existence before all living things; എല്ലാ ജീവജാലങ്ങൾക്കും മുമ്പുള്ള അസ്തിത്വം. (Bible in Basic English). “He is supreme over all creation; അവൻ എല്ലാ സൃഷ്ടികൾക്കും മീതെ ഉന്നതനാണ്.” (Complete Jewish Bible, 1998). “He was before all creation; എല്ലാ സൃഷ്ടികൾക്കും മുമ്പായിരുന്നവൻ.” (Free Bible Version). “the prime author of all creation; എല്ലാ സൃഷ്ടികളുടെയും മഖ്യ കാരണക്കാരൻ.” (Haweis New Testament). “existing before all creation; എല്ലാ സൃഷ്ടികൾക്കും മുമ്പ് നിലനിൽക്കുന്നവൻ.” (New Heart English Bible). “He existed before anything was created and is supreme over all creation; എല്ലാം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് അവൻ ഉണ്ടായിരുന്നു, എല്ലാ സൃഷ്ടികൾക്കും അത്യുന്നതനാണ്.” (New Living Translation). “Primal Source of all creation; എല്ലാ സൃഷ്ടികളുടെയും പ്രാഥമിക ഉറവിടം.” (Worrell New Testament). ഇവിടെയൊന്നും സൃഷ്ടികൾക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവനെന്നോ, ജനിക്കപ്പെട്ടവനെന്നോ അല്ല അതിൻ്റെയർത്ഥം; സൃഷ്ടികൾക്ക് മുമ്പേയുള്ളവൻ, കാരണഭൂതൻ, സ്രഷ്ടാവ് എന്നൊക്കയാണർത്ഥം.

അടുത്തവാക്യം: “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” (കൊലൊ, 1:16). ദുരുപദേശകരുടെ വാദംപോലെ, ദൈവം തൻ്റെ സകലസൃഷ്ടികൾക്കും മുമ്പായി യേശുവിനെ സൃഷ്ടിക്കുകയോ, ജനിപ്പിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ; എന്നിട്ട് ബാക്കിയെല്ലാം അവൻ മുഖാന്തരം സൃഷ്ടിക്കേണ്ട ആവശ്യമെന്താണ്? അവന്നായിട്ട് സൃഷ്ടിക്കേണ്ട ആവശ്യമെന്താണ്?സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതെല്ലാം അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരപ്പൻ തൻ്റെ ആദ്യജാതനെ അഥവാ മൂത്തമകനെ ജനിപ്പിച്ചിട്ട്, അനന്തരജാതന്മാരെ അഥവാ മറ്റുമക്കളെ ആദ്യജാതൻ മുഖാന്തരവും അവന്നുവേണ്ടിയുമാണോ ജനിപ്പിക്കുന്നത്???… രണ്ടായിരം വർഷമായിട്ടും നേരം വെളുക്കാത്തവരാണ് യഹോവസാക്ഷികളും ത്രിത്വവിശ്വാസികളും. അവൻ സർവ്വസൃഷ്ടികൾക്കും മുമ്പേയുള്ളവനും സ്രഷ്ടാവും പരിപാലകനും, സകലത്തിനും ആധാരവും തനിക്കായി സകലവും സൃഷ്ടിച്ചവനുമാണ്. ‘അവൻ മുഖന്തരം’ എന്നു പറഞ്ഞിരിക്കുന്നതിൻ്റെ കാരണം; അദൃശ്യനായ ദൈവമല്ല സൃഷ്ടി നടത്തിയത്; അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രത്യക്ഷതയായ കർത്താവായ യേശുക്രിസ്തുവാണ് സകലവും സൃഷ്ടിച്ചത്. അവൻ സ്രഷ്ടാവായ ദൈവമാണെന്ന് എബ്രായലേഖകൻ പറയുന്നു: “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10; സങ്കീ, 102:25). അദൃശ്യദൈവത്തിൻ്റെ പ്രതിമയായവൻ സകലവും സൃഷ്ടിച്ചതിനാൽ, അവൻ സൃഷ്ടിച്ചുവെന്നു പറയുന്നതും അദൃശ്യദൈവം അവൻ മുഖാന്തരം സൃഷ്ടിച്ചുവെന്നു പറയുന്നതും ശരിയാണ്. അതിനടുത്ത വാക്യം: “അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.” (കൊലൊ, 1:17). അവൻ സർവ്വത്തിനും മുമ്പെയുള്ളവൻ മാത്രമല്ല; സകലത്തിന്നും ആധാരവുമാണ് (consist). സകലവും അവനിലാണ് അടങ്ങിയിരിക്കുന്നത് അഥവാ ഉൾക്കൊണ്ടിരിക്കുന്നത്. സകലതും അവനാലും അവന്നുവേണ്ടിയും അവനിലുമാണ് നിലനില്ക്കുന്നത്; അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെങ്കിൽ സ്രഷ്ടാവിനെന്ത് മഹത്വമാണുള്ളത്? അവൻ തന്നെയാണ് സകലത്തിൻ്റെയും സ്രഷ്ടാവ്: “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36).

3. മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ: “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.” (കൊലൊ, 1:18). “മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവൻ എന്നത്; മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ” (the firstborn from the dead) എന്നാണ് ശരിയായ പ്രയോഗം. പി.ഒ.സി. പരിഭാഷ ചേർക്കുന്നു: “അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്‌. അവൻ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍നിന്നുള്ള ആദ്യജാതനുമാണ്‌. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന്‍ പ്രഥമസ്‌ഥാനീയനായി.” ക്രിസ്തുവിൻ്റെ ക്രൂശീകരണത്തിനു മുമ്പും പിമ്പും അനേകർ മരിക്കുകയും ഉയിർക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാപത്തിൽ മരിച്ചവരായ മാനവകുലത്തിനു നിത്യജീവൻ നല്കാൻ മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയിട്ട് ആദ്യനായി ഉയിർത്തവൻ ക്രിസ്തുവാണ്. (എബ്രാ, 2:14,15). അതിനാലാണ് അവൻ മരിച്ചവരിൽ നിന്നുള്ള ആദ്യജാതനായത്.

4. ദൂതന്മാരെക്കാൾ ശ്രേഷ്ഠനായ ആദ്യജാതൻ: “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). ദൂതന്മാരെയും ദൈവപുത്രന്മാരെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി അവർ ദൈവത്തിൻ്റെ ശുശ്രൂകരും (എബ്രാ, 1:7) രക്ഷപ്രാപിപ്പാനുള്ളവരുടെ സേവകാത്മാക്കളുമാണ്. (എബ്രാ, 1:14). ദൈവത്തിൻ്റെ പുത്രൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ്: “അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.” (എബ്രാ, 1:4). ക്രിസ്തുവിൻ്റെ ഒന്നാമത്തെ വരവിൽ; അവൻ്റെ ജനനത്തിൽ ദൂതന്മാർ സന്തോഷിച്ചു. (ലൂക്കൊ, 2:13,14). പുനരാഗമനത്തിൽ ദൂതന്മാർ അവനെ നമസ്ക്കരിക്കും. (എബ്രാ, 1:6). അക്ഷരാർത്ഥത്തിൽ ഇതൊന്നും ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രയോഗങ്ങളല്ല; ദൈവത്തിൻ്റെ സാക്ഷാൽ പുത്രനെക്കുറിച്ചുള്ളതാണ്. ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ യേശുവല്ല; യിസ്രായേലാണ്. (പുറ, 4:22,23). ത്രിത്വം പഠിപ്പിക്കുന്നതുപോലെ, ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രദൈവമാണെങ്കിൽ സ്രഷ്ടാവായ “അവൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർന്നു” (എബ്രാ, 1:4) എന്നു പറയേണ്ടതില്ലല്ലോ. സങ്കീർത്തനത്തിൽ ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യപുത്രൻ യിസ്രായേലാണ്. (8:5). യിസ്രായേലെന്ന ദൈവപുത്രനും മനുഷ്യപുത്രനും ആയവൻ ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായതു കൊണ്ടാണ്, അവൻ്റെ ദൈവം അവരുടെ പദവികളുമായി ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായി വന്ന് മരണം ആസ്വദിച്ചത്. (എബ്രാ, 2:9). അതായത്, ദൈവത്തിൻ്റെ വെളിപ്പാടായ പുത്രത്വത്തിലൂടെ സാക്ഷാൽ പുത്രനായ യിസ്രായേലിനെ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാക്കുന്നതിൻ്റെ ആത്മീയചിത്രണമാണ് എബ്രായ ലേഖകൻ വരച്ചുകാട്ടുന്നത്. ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിലൂടെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനായ യിസ്രായേലും,  അവരോടു ഒട്ടിച്ചുചേർക്കപ്പെട്ട കാട്ടൊലിവായിരുന്ന ദൈവമക്കളും അനുഗ്രഹിക്കപ്പെടുന്നത്. (റോമ, 9:4,5; 11:16:18). സകലവും കീഴ്പെട്ടുവന്നശേഷം സകലവും കീഴാക്കിക്കൊടുത്ത ദൈവത്തിന്നു കീഴ്പെട്ടിരിക്കുന്ന പുത്രന്നും യിസ്രായേലാണ്. (1കൊരി, 15:28). അല്ലാതെ, മഹാദൈവം ഇല്ലാത്ത മറ്റൊരു ദൈവത്തിന്നു കീഴ്പെട്ടിരിക്കുമെന്നല്ല. ദൈവം സകലവും കാൽക്കീഴിലാക്കുവോളം ഇപ്പോൾ ദൈവത്തിനു കീഴ്പെട്ടിരിക്കുന്ന കർത്താവ് അഥവാ യജമാനനും യിസ്രായേലാണ്. (സങ്കീ, 110:1) ഭാവിയിൽ യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (പ്രവൃ, 1:6). (കാണുക: ദൈവപുത്രൻ, നൂറ്റിപ്പത്താം സങ്കീർത്തനം, എട്ടാം സങ്കീർത്തനം)

ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെക്കുറിച്ച് അറിയാതെ യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയാൻ പ്രയാസമാണ്. ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു അഥവാ യിസ്രായേലിനു കഴിയാത്തതിനെ സാധിപ്പാനാണ് അവൻ്റെ ദൈവം യേശുവെന്ന നാമത്തിലും പുത്രനെന്ന പദവിയിലും മനുഷ്യനായത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8), 1തിമൊ, 1തിമൊ, 2:6; 3:14-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ സന്തതി യിസ്രായേലാണ്; അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായത്. (മത്താ, 5:17,18). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും, നിശ്ചലകൃപകളുടെ അവകാശിയും, വിശേഷാൽ ദൈവസന്തതിയും, ഭൗമികരാജാവും യിസ്രായേലാണ്. (കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

5. ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യജാതൻ: “വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:5). സത്യവേദപുസ്തകം നൂതന പരിഭാഷയിൽ: “മരിച്ചവരില്‍നിന്ന് ആദ്യമായി ഉത്ഥാനം ചെയ്തവൻ” എന്നും; മലയാളം ഓശാന നൂതന പരിഭാഷയിൽ: “മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേറ്റവനും” എന്നും; ഇ.ആർ.വി. മലയാളം പരിഭാഷയിൽ: “ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യനാണവന്‍” എന്നുമാണ്. കൊരിന്ത്യലേഖനത്തിൽ പുനരുത്ഥാന നിരയുടെ ഒരു ക്രമം പറഞ്ഞിട്ടുണ്ട്: “ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.” (1കൊരി, 15:23). വെളിപ്പാട് 1:5-ഉം കൊലൊസ്യർ 1:18-ഉം തുല്യമാണ്.

ദൂതന്മാരും മനുഷ്യരുമായി ദൈവത്തിനു അനേകം മക്കളുണ്ടുണ്ടെന്ന് ബൈബിൾ പറയുമ്പോൾ യേശുക്രിസ്തു എങ്ങനെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകുന്നത്? എങ്ങനെയാണ് ഏകജാതനാകുന്നത്? ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദിൻ്റെ പുത്രൻ, മറിയയുടെ പുത്രൻ, യോസേഫിൻ്റെ പുത്രൻ, യിസ്രായേൻ്റെ പുത്രൻ എന്നിങ്ങനെ ക്രിസ്തു അനേകരുടെ പുത്രനായിരിക്കുകയും; ആദ്യജാതനെന്ന പ്രയോഗം വ്യത്യസ്ത അർത്ഥങ്ങളിൽ പ്രയോഗിച്ചിരിക്കുകയും ചെയ്യുമ്പോൾ അവൻ ദൈവത്തിൻ്റെ സാക്ഷാൽ ആദ്യജാതനാണെന്ന് എങ്ങനെ പറയും? (കാണുക: ദൈവപുത്രൻ)

ഏകജാതനും ആദ്യജാതനും: യഥാർത്ഥത്തിൽ ക്രിസ്തു ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനുമല്ല; അത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് നാം കണ്ടു. ആ പദവികളെല്ലാം പുതിയനിയമത്തിൽ ഏതർത്ഥത്തിലാണ് ഉപയോഗിക്കുന്നതെന്നും കണ്ടു. എന്നാൽ മഹാദൈവം എന്തിനുവേണ്ടിയാണ് ഏകജാനും ആദ്യജാതനുമായി ജഡത്തിൽ വെളിപ്പെട്ട്? മുകളിൽ നാം ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയായ യിസ്രായേലിനെക്കുറിച്ചു ചിന്തിച്ചു. പഴയനിയമത്തിൽ യിസ്രായേലിന് അനവധി പദവികൾ ഉള്ളതായി കാണാം. ആ പദവികളൊക്കെ പുതിയനിയമത്തിൽ ക്രിസ്തുവിനും കാണാൻ കഴിയും. ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവിദിൻ്റെ പുത്രൻ, ദാവീദിൻ്റെ കർത്താവ്, ദാസൻ, രാജാവ്, ക്രിസ്തു അഥവാ മശീഹ തുടങ്ങി അവൻ്റെ പ്രധാന പദവികളെല്ലാം യേശുക്രിസ്തുവിൽ കാണാം. യിസ്രായേലിന്റെ ദൈവം അവന്റെ പദവികൾ സാക്ഷാത്കരിച്ചു കൊടുക്കാൻ വന്നതുകൊണ്ടാണ്, അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ കാണുന്നത്. ആദ്യജാതൻ യിസ്രായേലിൻ്റെ പദവിയാണ്. (പുറ, 4:22). ഏകജാതനെന്ന് യിസ്രായേലിനെ അക്ഷരംപ്രതി വിളിച്ചിട്ടില്ല. എന്നാൽ രണ്ടർത്ഥത്തിൽ യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണെന്ന് കാണാൻ കഴിയും: ഒന്ന്; പഴയനിയമത്തിൽ ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും, “എൻ്റെ പുത്രൻ” എന്ന് ദൈവം വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ നിലയിൽ അവൻ ഏകജാതനാണ്. രണ്ട്; യിസ്രായേൽ ജനത്തെ മുഴുവൻ (പൂർവ്വപിതാക്കന്മാരെയും പതിമൂന്നു ഗോത്രത്തെയും ഗോത്രപിതാക്കന്മാരെയും) ദൈവം തൻ്റെ ഒറ്റപ്പുത്രനായാണ് കാണുന്നത്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ അർത്ഥത്തിലും യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണ്. അതിനാലാണ് പുതിയനിയമത്തിൽ ക്രിസ്തുവിനെയും പ്രത്യേക അർത്ഥത്തിൽ ഏകജാതനെന്നും ആദ്യജാതനെന്നും വിളിക്കുന്നത്. (യിസ്രായേലിൻ്റെ പദവികൾ)

മറിയയുടെ ആദ്യജാതൻ: യേശുവെന്ന മനുഷ്യൻ അമ്മയായ മറിയയുടെ ആദ്യജാതനാണ്. (മത്താ, 1:25; ലൂക്കൊ, 2:7). മറിയയ്ക്കും യോസേഫിനും യേശുവിനെ കൂടാതെ മറ്റുമക്കൾ ഉണ്ടായിരുന്നതിനാൽ അവൻ ആദ്യജാതനെന്ന പദവിക്ക് യോഗ്യനാണ്. (മർക്കൊ, 6:3). ആദ്യജാതൻ ആയതുകൊണ്ടാണ് പൈതലായ യേശുവിനെ കർത്താവിന് അർപ്പിപ്പാൻ അവർ ദൈവാലയത്തിൽ കൊണ്ടുപോയത്. (ലൂക്കൊ, 2:22-24). എന്നാൽ, അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല; അത് യേശുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണ്. (ലൂക്കൊ, 7:28). മഹാദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ പൂർണ്ണമനഷ്യനായി ലോകത്തിൽ വെളിപ്പെട്ടതിനാലാണ് അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. (കാണുക: മൂന്നു സ്ത്രീകൾ) 

യഹോവയായ ദൈവം ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത നാമമാണ് യേശു. (മത്താ, 1:21; ലൂക്കൊ, 1:31). ദൈവപുത്രൻ എന്നത് പദവിയാണ്. (ലൂക്കൊ, 1:32,35). ജനനത്തിൽ അവൻ ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; ദാവീദിൻ്റെ പുത്രനായിരുന്നു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം.” (2തിമൊ, 2:8). ജനനത്തിലും, ജീവിതത്തിലും, മരണത്തിലും, ഉയിർപ്പിലും അവൻ ദാവീദിൻ്റെ സന്തതിയായിരുന്നു. (മത്താ, 1:1; ലൂക്കൊ, 1:32). സുവിശേഷമാണ് ബൈബിളിൻ്റെ കേന്ദ്രവിഷയം; അവൻ ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയായിരുന്നെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന പാപമറിയാത്ത മനഷ്യൻ ഏകദേശം മുപ്പതു വർഷമായപ്പോൾ യോർദ്ദാനിലെ സ്നാനത്തിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് ക്രിസ്തു ആയത്. (മത്താ, 1:16; പ്രവൃ, 10:38). അനന്തരം, “ദൈവപുത്രനെന്ന് വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദുതൻ്റെ പ്രവചനംപോലെ ദൈവപിതാവിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; 3:22). തൻ്റെ ഐഹികജീവിതത്തിൽ മൂന്നര വർഷംമാത്രം ദൈവപുത്രനെന്ന പദവിയുണ്ടായിരുന്നവൻ ഏതർത്ഥത്തിലാണ് ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനും നിത്യപുത്രനുമാകുന്നത്? ഇനി, യേശുവിൻ്റെ വാക്കുകൾ നോക്കാം: അഞ്ചോ ആറോ വാക്യങ്ങളിൽ മാത്രമാണ് താൻ ദൈവപുത്രനാണെന്ന് യേശു സമ്മതിച്ചിരിക്കുന്നത്; എന്നാൽ തന്നെത്തന്നെ യേശു ഏറ്റവുമധികം വിശേഷിപ്പിച്ചത് മനുഷ്യപുത്രനാണെന്നാണ്. ഒന്നും രണ്ടുമല്ല; എൺപത്തിനാല് പ്രാവശ്യം. അവൻ അക്ഷരാർത്ഥത്തിൽ ദൈവപുത്രനാണെങ്കിൽ, അതേയർത്ഥത്തിൽ ഏതോ മനുഷ്യൻ്റെയും പുത്രനാണെന്ന് പറയേണ്ടേ? അപ്പോൾ, ‘ദൈവപുത്രൻ’ എന്നതും പദവിയാണെന്ന് വ്യക്തം. പുത്രനെന്നതുപോലും പദവിയായിരിക്കേ, ഏകജാതനെന്നതും ആദ്യജാതനെന്നതും പദവിയല്ലാതെ മറ്റെന്താണ്? യേശുക്രിസ്തു ദൈവമാണെന്ന് സ്ഫടികസ്ഫുടം ബൈബിൾ വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ദൈവത്തിൻ്റെ പുത്രനാണ് ക്രിസ്തുവെന്ന് പറയുന്നവർ; ദൈവത്തിനൊരു പുത്രനുണ്ടെന്ന് മാത്രമല്ല; ദൈവത്തിനൊരു അപ്പനുണ്ടെന്നു കൂടിയാണ് പറയുന്നത്. ജിവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് ക്രിസ്തു. (1തിമൊ, 3:14-16). ത്രിത്വം, ഏകദൈവത്തെ ബഹുദൈവമാക്കുന്നതു കൂടാതെ, മഹാദൈവമായ യേശുക്രിസ്തുവിന് ഒരപ്പനുണ്ടെന്ന മഹാദുരുപപദേശം കൂടിയാണ് വിശ്വാസികളെ പഠിപ്പിക്കുന്നത്. ആദ്യനും അന്ത്യനും (വെളി, 1:17, അല്ഫയും ഒമേഗയും (വെളി, 21:6), ആദിയും അന്തവും (വെളി, 21:6), ഒന്നാമനും ഒടുക്കത്തവനും (വെളി, 22:13), ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (എബ്രാ, 13:8) എന്നൊക്കെ ബൈബിൾ വിശേഷിപ്പിക്കുന്ന മഹാദൈവത്തെ, സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുന്നഹദോസാണ്. ബൈബിളിലെ ദൈവം ഏകസത്യദൈവമാണ്. ആ ദൈവത്തിൻ്റെ വെളിപ്പാടായ യേശുവെന്ന അഭിഷിക്ത മനുഷ്യനിലൂടെ അഥവാ ക്രിസ്തുവിലൂടെ വീണ്ടുജനനം പ്രാപിച്ചവരാണ് ക്രിസ്ത്യാനികൾ. ഈ അറിവ് എല്ലാവർക്കുമില്ല. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

 “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).

വെളിപ്പാടും അവതാരവും

വെളിപ്പാടും അവതാരവും

“ജീവനുള്ള ദൈവം ജഡത്തിലുള്ള വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16)

ദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തുവെന്ന് ക്രൈസ്തവസഭയിലെ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. അവതാരവും വെളിപ്പാടും ഒന്നാണെന്ന് വിചാരിക്കുന്നവരുമുണ്ട്. എന്നാൽ ദൈവത്തിന് അവതാരമല്ല; വെളിപ്പാടാണുള്ളതെന്ന് ബൈബിൾ വ്യക്തമാക്കുന്നു. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന് അവതാരമല്ല; വെളിപ്പാട് അഥവാ പ്രത്യക്ഷതയാണുള്ളത്. ദൈവം അവതരിച്ചിട്ടില്ല എന്നല്ല; ദൈവത്തിന് അവതരിക്കാൻ കഴിയില്ലെന്നതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. എന്തെന്നാൽ ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്. (യാക്കോ, 1:17). തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് അവന് അവതാരമെടുക്കാൻ കഴിയില്ല. (മലാ, 3:6; 2തിമൊ, 2:13). അവതാരവും വെളിപ്പാടും തമ്മിലുള്ള വ്യത്യാസംപോലും അനേകർക്കും അറിയില്ലെന്നതാണ് വസ്തുത. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമായ വിധത്തിൽ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” “അവതാരമെന്നാൽ; “തൻ്റെ സ്ഥായിയായ രൂപം കളഞ്ഞിട്ടു മറ്റൊരു രൂപമെടുക്കുന്നതാണ്.” അവതാരം പേഗൻ സങ്കല്പമാണ്; അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ലെന്ന് അറിയുമ്പൊഴാണ് ത്രിത്വമെന്ന ഉപദേശം എത്ര ഹീനമാണെന്ന് മനസ്സിലാകുന്നത്. ബൈബിൾവിരുദ്ധമായ ഉപദേശം സ്ഥാപിക്കാൻ അവതാരമെന്ന പേഗൻ സങ്കല്പമാണ് ത്രിത്വം സത്യദൈവത്തോടു കൂട്ടിക്കെട്ടിയത്.

ത്രിത്വോപദേശം അതിൽത്തന്നെ പൂർണ്ണമായൊരുപദേശമല്ല. മറ്റനേകം ബൈബിൾ വിരുദ്ധ ഉപദേശങ്ങളുടെ സഹായത്തോടെയാണ് അത് നിലനില്ക്കുന്നത്. ഏകദൈവത്തെ ത്രിത്വമാക്കിയവർ, “ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായവനെ രണ്ടാമനാക്കി; നിത്യപിതാവായവനെ നിത്യപുത്രനാക്കി; ജഡത്തിൽ പാപമറിയാത്ത മനുഷ്യൻ മാത്രമായവനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാക്കി; ജഡത്തിൽ വെളിപ്പെട്ടവനെ അവതരിച്ചവനുമാക്കി.” ത്രിത്വമെന്നൊരു പദമോ ആശയമോ ബൈബിളിലില്ലാത്തതുപോലെ, അവതാരമെന്ന പദമോ ആശയമോ ബൈബിളിലില്ല. എങ്കിലും പണ്ഡിതന്മാരും വിശ്വാസികളും ഒരിക്കൽപ്പോലും ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു പറയാതെ, അവതരിച്ചുവെന്നു മാത്രമേ പറയാറുള്ളു. പ്രസംഗങ്ങളിലും പാട്ടുകളിലും അവതാരമാണുള്ളത്. ആത്മീയ ഗീതങ്ങളിലെ ചില പാട്ടുകൾ കാണിക്കാം: “ജീവനെനിക്കായ് വെടിഞ്ഞ ദേവകുമാരാ, ദേവകുമാരാ! സർവ്വപാപവിദൂരാ!… എന്നു തുടങ്ങുന്ന പാട്ടിൻ്റെ അനുപല്ലവി ഇപ്രകാരമാണ്: സ്വർഗ്ഗമഹിമാസനവും നിസ്തുലപ്രഭാനിറവും അത്രയും വെടിഞ്ഞു ഭൂവിൽ അവതരിച്ചോനേ! അവതരിച്ചോനേ! താഴ്മ സ്വയം വരിച്ചോനേ!…” (song no: 213). അടുത്തത്: “നിജ ജനക സന്നിധിയും വിബുധരുടെ വന്ദനവും വെടിഞ്ഞുവന്ന ദിവ്യഗുരോ!…. നമസ്കാരം!” (song no: 23). വേറൊരണ്ണം: “സ്വർഗ്ഗപിതാവിൻ മടിയിൽ പാർക്കും നാഥനേ! സ്വർഗ്ഗം വിട്ടീ ഭൂമിയിൽ നീ വന്നതെങ്ങനെ?….” (song no: 333. ഒ.നോ: 15, 111, 140, 147, 154, 170, 199, 277, 288, 321, 346, 354, 397, 662). ദൈവത്തിനെങ്ങനെയാണ് സകലവും ത്യജിച്ചിട്ട് ഭൂമിയിൽ അവതരിക്കാൻ കഴിയുന്നത്? ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നുണ്ടോ? ദൈവത്തിൻ്റെ പ്രകൃതിക്കു നിരക്കാത്ത സത്യവിരുദ്ധമായ കാര്യങ്ങളാണ് അനേകരും പഠിപ്പിക്കുന്നത്. 

ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് ക്രിസ്തു: മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന് അക്ഷരംപ്രതി പൗലൊസ് എഴുതിവെച്ചിട്ടുണ്ട്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ആരാധനാ രഹസ്യം. (1തിമൊ, 3:14-16). ദൈവത്തിൻ്റെ വചനം ആയിരിക്കുന്നതുപോലെ വിശ്വസിക്കാൻ കഴിയാത്തതാണ് വിശ്വാസികളുടെ പ്രശ്നം. താൻ വെളിപ്പെട്ടവനാണെന്ന് യേശുവിൻ്റെ വാക്കുകളിൽ വ്യക്തമാണ്:” സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13). ഇതാണ് വെളിപ്പാട്; സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ ആയിരിക്കാൻ കഴിയുന്നതാണ് വെളിപ്പാട്. സർവ്വശക്തിയുള്ള ദൈവമായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവൻ തന്നെയാണ് ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടുനിന്നത്. അവതാരത്തിന് ഇത് സാദ്ധ്യമല്ല; സ്വർഗ്ഗത്തിലുള്ള തൻ്റെ സ്ഥായിയായ പ്രകൃതി ത്യജിച്ചിട്ടല്ലാതെ ഭൂമിയിൽ മനുഷ്യനായി അവതാരമെടുക്കാൻ  കഴിയില്ല. എന്നാൽ സത്യദൈവത്തിന് അവതാരം സാദ്ധ്യമല്ല. (യാക്കൊ, 1’17; മലാ, 3:6).

ത്രിത്വം ദൈവാത്മാവിൻ്റെ ഉപദേശമല്ല; അല്ലെങ്കിൽ വെളിപ്പെട്ട ദൈവത്തെ പുറംജാതികളുടെ സങ്കല്പമായ അവതരിച്ചവൻ ആക്കില്ല. ദൈവം ഒരുത്തൻ മാത്രമാണെന്ന ബൈബിളിൻ്റെ മൗലിക ഉപദേശം അംഗീകരിക്കാൻ കഴിയാത്തതാണ് ത്രിത്വത്തിൻ്റെ പ്രശ്നം. ത്രിത്വത്തിന് ബൈബിളിൽ യാതൊരു തെളിവുമില്ല. ദൈവം ത്രിയേകൻ ആണെന്ന് പറയുന്നവരോട് ബൈബിളിൽനിന്ന് അതൊന്ന് കാണിക്കാൻ പറഞ്ഞാൽ; “മുഹമ്മദീയർ ബൈബിളിൽ മുഹമ്മദിനെ തപ്പുന്നതുപോലെ: നാം നമ്മുടെ സ്വരൂപത്തിലെന്നു പറഞ്ഞിരിക്കുന്നു; നമ്മിൽ ഒരുത്തനെപ്പോലെന്നു പറഞ്ഞിരിക്കുന്നു; അബ്രാഹാമിൻ്റെ അടുക്കൽ മൂന്നുപേർ വന്നു; പരിശുദ്ധൻ എന്ന് മൂന്നു പ്രാവശ്യം പറഞ്ഞിരിക്കുന്നു; ഞാൻ ഏകനല്ലെന്നു യേശു പറഞ്ഞു എന്നിങ്ങനെയുള്ള ബാലിശമായ കാര്യങ്ങളാണ് എടുത്തുകാണിക്കുന്നത്. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). നൂറ്റമ്പതോളം വാക്യങ്ങൾ തെളിവായിട്ട് ബൈബിളിലുണ്ട്; ഒന്നാം പ്രമാണംപോലും ലംഘിച്ചുകൊണ്ടാണ് ത്രിത്വദുരുപദേശം ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയത്. തെളിവുകൾ കാണുക: യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). 

പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന് പ്രത്യക്ഷതകളാണുള്ളത്: അബ്രാഹാമിനു അഞ്ചു പ്രാവശ്യവും; യിസ്ഹാക്കിനു രണ്ടു പ്രാവശ്യവും; യാക്കോബിനു രണ്ടുപ്രാവശ്യവും; മോശെയ്ക്ക് അഞ്ചുപ്രാവശ്യം; അഹരോൻ, നാദാബ്, അബീഹൂ, എഴുപത് മൂപ്പന്മാർ, യിസ്രായേൽ ജനം; ബിലെയാമിനു നാലുപ്രാവശ്യം; യഹോവ ശമൂവേലിനു വചനമായി നാലുപ്രാവശ്യം അല്ലാതെ രണ്ടു പ്രാവശ്യവും; ദാവീദ്, ശലോമോൻ, മീഖായാവ്, ഇയ്യോബ്, യെശയ്യാവ്, യിരെമ്യാവ് യെഹെസ്ക്കേൽ, ദാനീയേൽ, ആമോസ് തുടങ്ങിയവർക്കെല്ലാം പ്രത്യക്ഷനായിട്ടുണ്ട്. യേശുക്രിസ്തുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷയോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യവും; പുനരുത്ഥാനത്തിനു ശേഷം വന്നതിനെക്കുറിക്കാൻ പതിമൂന്നു പ്രാവശ്യവും; മഹത്വത്തിൽ ഇനി വരുവാനുള്ളതിനെ കുറിക്കാൻ പതിനെട്ട് പ്രാവശ്യവും പ്രത്യക്ഷതയെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരിക്കൽപ്പോലും അവതാരമെന്ന് പറഞ്ഞിട്ടില്ല. (കാണുക: യഹോവയുടെ പ്രത്യക്ഷതകൾ)

ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് പുതിയനിയത്തിൽ മാത്രമുള്ള സംഗതിയല്ല; പഴയനിയമത്തിലും ദൈവം ജഡത്തിൽ വെളിപ്പെട്ടിട്ടുണ്ട്. “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടത് ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ മനുഷ്യരെയാണ്. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരും ആയിരുന്നു. ഒൻപത് പ്രാവശ്യം അവിടെ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,20,22,26,33). രണ്ടുപേർ ദൂതന്മാരായിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, രണ്ട് ദൂതന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. ഇല്ലെങ്കിൽ അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും, ലോത്ത് ദൂതന്മാരായ രണ്ടു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും. എബ്രായയിലും ഗ്രീക്കിലും ദൈവത്തെ നമസ്കരിക്കുന്നതനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് പൂർണ്ണമനുഷ്യർ മാത്രമായി പ്രത്യക്ഷരായതുകൊണ്ടാണ്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു പറയുമായിരുന്നു. 

ഇനിയും തെളിവുണ്ട്: അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ആറേഴുനാഴിക യഹോവ അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. യേശു യെഹൂദന്മാരോട് പറയുന്നത് ഈ സംഭവത്തെക്കുറിച്ചാണെന്ന് ന്യായമായിട്ടും മനസ്സിലാക്കാം: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:56). എന്നുവെച്ചാൽ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായവൻ തന്നെയാണ് പുതിയനിയമത്തിലും മനുഷ്യനായി വെളിപ്പെട്ടത്. (1തിമൊ, 3:14-16).

പുതിയനിയമത്തിലെ പ്രത്യക്ഷത: “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). യേശു ദൈവത്തോടൊപ്പം ഉണ്ടായിരുന്ന നിത്യപുത്രനും ദൈവവുമായിരുന്നു; ജഡത്തിലും അവന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്നൊരു മനുഷ്യൻ ഇല്ലായിരുന്നു. (മത്താ, 1:16; ലൂക്കൊ, 2:7). യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ ക്രിസ്തു ദൈവത്തിനില്ലായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). സ്നാനാനന്തരം “ഇവൻ എന്റെ പ്രിയപുത്രൻ” എന്ന് സ്വർഗ്ഗത്തിൽനിന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. (മത്താ, 1:17). ‘അവൻ ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന ഗബ്രിയേൽ ദൂതൻ്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽനിന്നു കേട്ട പിതാവിൻ്റെ ശബ്ദം. (ലൂക്കൊ, 1:32,35). ജനനത്തിനു മുമ്പെ ഉണ്ടായിരുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: ലൂക്കൊ, 22:37; 24:44; യോഹ, 5:46; എബ്രാ, 1:2; 10:7). പഴയനിയമം, യേശുവെന്ന അഭിഷിക്തനെക്കുറിച്ചുള്ള പ്രവചനവും പുതിയനിയമം, അതിൻ്റെ നിവൃത്തിയുമാണ്. പ്രവചനമെന്നാൽ; ‘മേലാൽ അഥവാ ഭാവിയിൽ സംഭവിപ്പാനുള്ളതു’ എന്നാണ്. (ദാനീ, 2:45). ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നത് ദൈവമാണ്. (യെശ, 46:10). അവന് ഭോഷ്കു പറയായാൻ കഴിയില്ല. (എബ്രാ, 6:18). എന്തെന്നാൽ വ്യാജം പറവാൻ അവൻ മനുഷ്യനല്ല. (സംഖ്യാ, 23:19). പിന്നെങ്ങനെ, ജനനത്തിനു മുമ്പെ അഭിഷിക്തമനുഷ്യനായ യേശു ഉണ്ടായിരുന്നെന്ന് പറയും? (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു)

“മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പൂർണ്ണമനുഷ്യൻ ആയിരുന്നു. (മത്താ, 1:16; യോഹ, 1:1; 1തിമൊ, 2:6). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി കന്യകയായ ഒരു സ്ത്രീയിൽ ജനിച്ച്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട്, യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് ക്രിസ്തു ആയതും തന്നെത്താൻ യാഗമർപ്പിക്കാൻ മഹാപുരോഹിതനായതും. (മത്താ, 1:16; ലൂക്കൊ, 2:52; മത്താ, 3:16; പ്രവൃ, 10:38; എബ്രാ, 3:1). ആ മനുഷ്യ മഹാപുരോഹിതനായ ക്രിസ്തുവാണ് മദ്ധ്യസ്ഥനും മറുവിലയും സൃരഭ്യവാസനയുമായി തന്നെത്തന്നെ ദൈവത്തിന് യാഗമാക്കിയത്. (എഫെ, 5:2; 1തിമൊ, 2:5,6). മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമാക്കിയ ക്രിസ്തുയേശുവെന്ന മനുഷ്യനെയും യേശുക്രിസ്തുവെന്ന മഹാദൈവത്തെയും വേർതിരിച്ചു മനസ്സിലാക്കണം. (1തിമൊ, 2:5,6; തീത്തൊ, 2:12). സുവിശേഷങ്ങളിൽ കാണുന്നത് (യോഹ, 20:17 വരെ) യേശുവെന്ന അഭിഷിക്തനായ മനുഷ്യനാണ്; ലേഖനങ്ങളിൽ കാണുന്നത് യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമാണ്. (തീത്തൊ, 2’12). യേശുവിൻ്റെ ഐഹിക ജീവകാലത്ത് ആരുമവനെ ദൈവമെന്ന് വിളിക്കുകയോ താൻതന്നെ ദൈവമാണെന്ന് അവകാശപ്പെടുകയോ ചെയ്തില്ല; യേശു പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്നതിന് അനേകം തെളിവുകളുമുണ്ട്. ദൈവത്തെയും മനുഷ്യനെയും വേർതിരിച്ചു മനസ്സിലാക്കാൻ ഒരു സംഭവം പറയാം: യേശുവിൻ്റെ അടുക്കൽ വന്ന ഒരു പ്രമാണി തന്നെ ‘നല്ല ഗുരോ’ എന്നു സംബോധന ചെയ്യുന്നതായി കാണാം. അതിനു യേശുവിൻ്റെ മറുപടി ശ്രദ്ധേയമാണ്: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല” എന്നാണ്. (മർക്കൊ, 10:17,18; ലൂക്കൊ, 18:18,19). താൻ നല്ലവനല്ലെന്നല്ല പറഞ്ഞതിനർത്ഥം; ആത്യന്തികമായ അർത്ഥത്തിൽ ദൈവം മാത്രമാണ് നല്ലവൻ. “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു.” (സങ്കീ, 100:5; നഹൂം, 1:7). മനുഷ്യൻ മാത്രമായതിനാൽ ‘നല്ലവൻ’ എന്ന പദവിപോലും നിഷേധിച്ച താൻ പുനരുത്ഥാനശേഷം തോമാസ് തന്നെ: “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്നു വിളിച്ചപ്പോൾ നിഷേധിച്ചില്ലെന്നോർക്കുക. (യോഹ, 20:28). (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

പുതിയനിയമത്തിൽ ദൈവത്തിൻ്റെ മനുഷ്യനായുള്ള പ്രത്യക്ഷത കൂടാതെ ദൈവമായുള്ള പ്രത്യക്ഷതകളും പലപ്രാവശ്യമുണ്ട്. ജഡത്തിൽ യേശുക്രിസ്തു ദൈവമായിരുന്നില്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും മറ്റൊരു വ്യക്തിയുമായിരുന്നു. സുവിശേഷങ്ങൾ മുഴുവനും ദൈവവും ദൈവത്തിൻ്റെ അഭിഷിക്തമനുഷ്യനും അഥവാ ക്രിസ്തുവും എന്നിങ്ങനെ രണ്ട് വ്യക്തികളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. (ഉദാ: മത്താ, 7:21; 10:32; 11:27; 12:50; 15:13; 16:17; 17:5; 18:19,35; 20:23; 24:36; 25:34; 26:38,53). ക്രിസ്തു സ്ഫടികസ്ഫുടം അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32,37). ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല എന്ന് പിതാവിനെയും ചേർത്ത് പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 8:29; 16:32). യോർദ്ദാനിലെ സ്നാനംമുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നു; അതിനാലാണ് താൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞത്. (മത്താ, 3:16; യോഹ, 3:2;  പ്രവൃ, 10:38). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). അതിനാൽ, ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ദൈവവും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനുമെന്ന രണ്ടു വ്യക്തിയുണ്ടായിരുന്നു എന്നു മനസ്സിലാക്കാം. പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. പുനരുത്ഥാനശേഷം യേശുക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ സന്നിധിയിൽ കടന്നുപോയതോടുകൂടി മനുഷ്യനെന്ന നിലയിലുള്ള ശുശ്രൂഷയ്ക്ക് വിരാമമായി. (യോഹം 20:17). വീണ്ടും പ്രത്യക്ഷനായത് ദൈവമാണ്; അതിനാലാണ് തോമാസ് “എൻ്റെ ദൈവമേ” എന്നു യേശുവിനെ വിളിച്ചത്. (യോഹ, 20:28). മുമ്പേ പ്രമാണി തന്നെ നല്ലവനെന്ന് വിളിച്ചപ്പോൾ നിഷേധിച്ച യേശു, എന്തുകൊണ്ട് തോമാസിനെ തടുത്തില്ലെന്ന് ചിന്തിച്ചാൽ മതി.

ജഡത്തിൽ വെളിപ്പെട്ടതാരാണ്: “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (തിമൊ, 3:16). “അവൻ” എന്ന സർവനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് “നാമം” ചേർത്താൽ “ജീവനുള്ള ദൈവമെന്നു കിട്ടും. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതിന് ഒരുപ്രാവശ്യം നാമം ആവർത്തിച്ചിട്ടുണ്ടാകണം; എന്നാലല്ലേ ‘അവൻ’ എന്ന സർവ്വനാമം ചേർക്കാൻ പറ്റുകയുള്ളു; മകളിലെ വാക്യത്തിൽ നാമമുണ്ട്; അവിടെ ജീഒനുള്ള ദൈവത്തെക്കുറിച്ചും അവൻ്റെ സഭയെക്കുറിച്ചുമാണ് പറഞ്ഞിരിക്കുന്നത്: “താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” (1തിമൊ, 3:15). ജീവനുള്ള ദൈവം യഹോവയാണെന്ന് പഴയനിയമത്തിൽ എഴുതിവെച്ചിട്ടുണ്ട്. (യിരെ, 10:10). ആരാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടതെന്ന് മനസ്സിലായില്ല? അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ (God was manifested in the flesh) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: ABU, ACV, AKJV, Anderson; AV; AVW, BB, BSV, CVB, Darby, EE; EMTV, FAA, FBV; GB1539, GB1587, GB 1599, GWN; HKJV, HNV, JUB, KJ1769; KJ3; KJV, KJ2000, KJCNT; KJLNT, KJV+; KJV1611; LHB, LITV, Logos, Matthew, MKJV, MLV; MTNT; NKJV, NMB, NTWE, Niobe, NTABU, NTWE, RWE, RWV+; RYNT, SLT, T4T, Thomson; TRCC, UDB, UKJV, VW, WB, WBS, WEB, WEBBE, WEBL, WEBME, WEBP, Webster, WEBPE, WMB, WMBB, WoNT; WPNT; WSNT, Worsly, YLT എന്നിവ ഉദാഹരണങ്ങളാണ്. ” ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നത് ഒരു പരിധിവരെ ശരിയാണെന്നല്ലാതെ, വ്യാകരണനിയമപ്രകാരം അത് പൂർണ്ണമായി ശരിയാണെന്ന് പറയാൻ കഴിയില്ല. New Messianic Version Bible-ൽ ആകട്ടെ, പിതാവായ ദൈവം തന്നെയാണ് ജഡത്തിൽ വെളിപ്പെട്ടതെന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്: “And without controversy great is the mystery of godliness: God-The Father was manifest in the flesh, justified in the Spirit [Ruach], seen of angels, preached unto the Goyim [Gentiles], believed on in the world, received up into glory.” ഈ പരിഭാഷ വ്യാകരണനിയമപ്രകാരം ശരിയാണ്; എന്തെന്നാൽ 15-ാം വാക്യത്തിൽ സഭയെ “ദൈവപിതാവിന്റെ ഭവനം” (the house of God-The Father) എന്നാണ് പറഞ്ഞിരിക്കുന്നത്: “But if I wait long, that you may know how you ought to behave yourself in the house of God-The Father, which is the church of the living God-The Father, the pillar and ground of the truth.” (3:15). ജീവനുള്ളദൈവവും പിതാവുമായ യഹോവയാണ് ജഡത്തിൽ പ്രത്യക്ഷനായത് (യിരെ, 10:10); അതാണ് പൗലൊസ് അപ്പൊസ്തലനു വെളിപ്പെട്ട ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മം. പിതാവായ ദൈവം അഥവാ യഹോവ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുമ്പോൾത്തന്നെ യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (യോഹ, 3:13).

ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയാണ് ക്രിസ്തുയേശു. (1തിമൊ, 3:14-16: 1പത്രൊ, 1:20). പ്രത്യക്ഷനായവൻ അപ്രത്യക്ഷമായാൽ പിന്നെ ആ പദവിയല്ലാതെ, മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. ദൈവത്തിൻ്റെ ജഡത്തിലുള്ള പ്രത്യക്ഷത നിത്യമാണെങ്കിൽ, അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മനുഷ്യനും (ഉല്പ, 18:1,2), മോശെയ്ക്കും അഹരോനും പ്രത്യക്ഷമായ തേജസ്സും (സംഖ്യാ, 20:6), യിസ്രായേൽ ജനത്തിനു പ്രത്യക്ഷമായ മേഘസ്തംഭവും (പുറ, 3:21), അഗ്നിസ്തംഭവും (പുറ, 3:1), ശമൂവേലിനും വെളിപ്പെട്ട വചനവും (1ശമൂ, 3:11), ദൈവാലയത്തിൽ നിറഞ്ഞ തേജസ്സും (2ദിന, 5:14), യേശുവിൻ്റെ സ്നാനസമയത്തെ പ്രാവും (മത്താ, 3:16), പെന്തെക്കൊസ്തിലെ അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവും (പ്രവൃ, 2:3), പൗലൊസിനു വെളിപ്പെട്ട സൂര്യൻ്റെ പ്രകാശത്തെ കവിഞ്ഞ വെളിച്ചവും (പ്രവൃ, 26:13), നിത്യമായിരിക്കണം. അതെല്ലാം ദൈവത്തിൻ്റെ വലത്തുമിടത്തുമായി സ്വർഗ്ഗത്തിൽ ഇരിക്കുന്നുണ്ടെന്ന് പറയുമോ? പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമത്തിൽ ദൈവം യിസ്രായേലിനോടു വാഗ്ദത്തം ചെയ്തതെല്ലാം തൻ്റെ ജഡത്തിലുള്ള പ്രത്യക്ഷതയായ പുത്രനിലൂടെ നിവൃത്തിയാകുകയായിരുന്നു. ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല നിവൃത്തിപ്പാനത്രെ വന്നതെന്ന ക്രിസ്തുവിൻ്റെ വാക്കുകളോർക്കുക. (മത്താ, 5:17). യഹോവ ഒരു പുതിയനിയമം സ്ഥാപിക്കുന്നതിനെക്കുറിച്ച് പഴയനിയമത്തിൽ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. (യിരെ, 31:31-34). തൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ  ലൂക്കൊ, 22:20; എബ്രാ, 8:8-13), പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: യോഹ, 14:26; 17,11,12; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). അതുകൊണ്ടാണ്, ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമമല്ലാതെ മറ്റൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:12). പഴയനിയമത്തിൽ സകല ഭൂസീമാവാസികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവും നാമവും യഹോവയായിരുന്നു പുതിയനിയമത്തിൽ യേശുക്രിസ്തുവും. (യെശ, 45:22). യഹോവയും യേശുക്രിസ്തുവും വ്യതിരിക്തരായാൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമം മാത്രമേയുള്ളെന്ന് പറയാൻ കഴിയുമോ? പറഞ്ഞാൽ, പഴയപുതിയനിയമങ്ങൾ പരസ്പരവിരുദ്ധമാകില്ലേ?

വെളിപ്പാടായാലും അവതാരമായാലും എന്താണ് കുഴപ്പമെന്ന് വളരെ ലാഘവത്തോടെയും ഏറെ പുച്ഛത്തോടെയും ചോദിക്കുന്ന അനേകരെ ഞാൻ കണ്ടിട്ടുണ്ട്. ബൈബിൾവിരുദ്ധ ഉപദേശങ്ങളോടുള്ള വിശ്വാസികളുടെ മൃദുസമീപനമാണ് ക്രൈസ്തവസഭയിലെ എണ്ണമില്ലാത്ത ദുരുപദേശങ്ങൾക്കു കാരണം. വെളിപ്പെട്ടവനെ അവതരിച്ചവനാക്കിയാൽ എന്താണ് കുഴപ്പമറിയാമോ? മനുഷ്യരുടെ പാപപരിഹാരാർത്ഥം അന്ത്യകാലത്ത് അഥവാ കാലസമ്പൂർണ്ണതയിലാണ് ഏകദൈവം ജഡത്തിൽ വെളിപ്പെട്ടത്. (ഗലാ, 4:4; 1തിമൊ, 3:16; എബ്രാ, 1:2; 1പത്രൊ, 1:20). എന്നുവെച്ചാൽ; വെളിപ്പെടുന്നതിനു മുമ്പോ, വെളിപ്പാടിൻ്റെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായ ശേഷമോ വെളിപ്പാട് അഥവാ വെളിപ്പെട്ട മനുഷ്യൻ ഉണ്ടാകുകയില്ല. ആരോണോ മനുഷ്യനായി വെളിപ്പെട്ടത് അവൻ മാത്രമാണ് ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം. (തീത്തൊ, 2:12; എബ്രാ, 13:8; വെളി, 1:17). ഏകദൈവത്തിന് അവതരിക്കാൻ കഴിയില്ല; അതിനാണ് ത്രിത്വം പുത്രനെ മറ്റൊരു വ്യക്തിയും, ഏകദൈവത്തെ ബഹുത്വവും ആക്കിയത്. എന്തെന്നാൽ അവതാരത്തിന് സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. (യോഹ, 3:13). എന്നാൽ ത്രിത്വവിശ്വാസത്തിന് അവതാരമെന്ന ജാതീയ സങ്കല്പംപോലും യോജിക്കില്ലെന്നതാണ് വസ്തുത: ക്രൂശിൽ മരിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (1കൊരി, 15:21; 2കൊരി, 5:21; ഫിലി, 2:8; 1തിമൊ, 2:6). ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു പഠിപ്പിക്കുന്നവരാണ് ത്രിത്വക്കാർ. എന്നാൽ, ക്രിസ്തുവിന് ജഡത്തിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടെന്നുള്ള വിശ്വാസം അവതാരത്തിന് യോജിക്കുന്ന ഉപദേശമേയല്ല. തൻ്റെ സ്വരൂപം ത്യജിച്ചുകൊണ്ട് മാത്രമേ അവതരിക്കാൻ കഴിയുകയുള്ളു. ദൈവത്വവുമായാണ് മനുഷ്യനായതെങ്കിൽ ത്രിത്വദൈവം അവതാരവുമല്ല വെളിപ്പാടുമല്ലെന്ന് വരും. മറ്റൊരു പ്രയോഗം കണ്ടെത്തേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ; ഏകസത്യദൈവമായ യഹോവ അഥവാ യേശുക്രിസ്തുവിനെ ബഹുദൈവം ആക്കാൻ ഉപായിയായ സർപ്പം സംവിധാനം ചെയ്ത ത്രിത്വനാടകത്തിലെ ഒരു രംഗമാണ് അവതാരമെന്ന പേഗൻ സങ്കല്പം; അതിലെ അഭിനേതാക്കളാണ് ത്രിത്വവിശ്വാസികൾ.

യോഹന്നാൻ്റെ സുവിശേഷത്തിലെ ചില വാക്യങ്ങൾ വായിച്ചാൽ യേശുക്രിസ്തു വെളിപ്പെടുകയല്ല; സ്വർഗ്ഗത്തിൽനിന്ന് നേരിട്ട് ഇറങ്ങിവന്നതാണെന്ന് തോന്നും. “ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.” (യോഹ, 6:38). “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു” എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന മറ്റൊരു പ്രയോഗമാണ്; യേശു അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരികയായിരുന്നില്ല; കന്യകയായ മറിയയിലൂടെ ജനിക്കുകയായിരുന്നു എന്ന് എല്ലാവർക്കും അറിയാം. “പിതാക്കന്മാർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 6:31). അപ്പം സ്വർഗ്ഗത്തിൽനിന്നു ദൈവം ഇട്ടുകൊടുത്തതല്ലല്ലോ? “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു” എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറയുന്നു. (യോഹ, 6:58). അക്ഷരാർത്ഥത്തിൽ യേശു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നതാണെന്നു മനസ്സിലാക്കിയാൽ അവൻ മനുഷ്യനായിരുന്നില്ല; അപ്പമായിരുന്നു എന്നും മനസ്സിലാക്കണ്ടേ? “ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.” (യോഹ, 6:48-50). പ്രതിരൂപാത്മകമായും ആലങ്കാരികമായും ആത്മീയമായും പറഞ്ഞിരിക്കൂന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ; നിത്യജീവൻ ലഭിക്കാൻ യേശുവിനെ കടിച്ചുപറിച്ച് തിന്നേണ്ടിവരും. “സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല” എന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞു. (യോഹ, 3:27). ദൈവം മനുഷ്യർക്ക് സ്വർഗ്ഗത്തിൽനിന്ന് ഓരോന്ന് ഇട്ടുകൊടുക്കുകയാണെന്ന് ആരെങ്കിലും പറയുമോ? “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 1 4:14). അതുപോലെ, “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു” എന്നു സ്നാപകനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. (യോഹ, 1:6). യേശു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെങ്കിൽ യോഹന്നാനും ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നതാണെന്ന് മനസ്സിലാക്കണ്ടേ? യോഹന്നാൻ മാത്രമല്ല, എല്ലാ പ്രവാചകന്മാരെയും ദൈവം അയച്ചതാണ്; അവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തുമായി ഉണ്ടായിരുന്നവരാണെന്ന് ആരും വിശ്വസിക്കുന്നില്ല. പിന്നെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തു അഥവാ അഭിക്തനെങ്ങനെ ഉണ്ടാകും? എന്നാൽ എന്നുമെന്നേക്കും ഉള്ളതാരാണ്? അഭിഷിക്തമനുഷ്യനായി അഥവാ മനുഷ്യരുടെ പാപപരിഹാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത് ആരാണോ അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം. (തീത്തൊ, 2:12; എബ്രാ, 13:8). അക്ഷരാർത്ഥത്തിൽ യേശു ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയോ, ദൈവം അയച്ചിട്ടുവന്ന വ്യക്തിയോ, ഇറങ്ങിവന്ന വ്യക്തിയോ ആണെങ്കിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും  സ്വർഗ്ഗത്തിൽത്തന്നെ ഇരിക്കുന്നതെങ്ങനെയാണ്? യേശു പറയുന്നു: ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും സ്ർഗ്ഗത്തിൽത്തന്നെ ഇരിക്കുന്നു. (യോഹ, 3:13). അതാണ് ദൈവത്തിൻ്റെ പ്രത്യക്ഷതയെന്ന് പറയുന്നത്. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). പഴയനിയമത്തിലെ യഹോവയും ലേഖനങ്ങളിൽ കാണുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്; ആ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ് സുവിശേഷങ്ങളിലെ ക്രിസ്തു. സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

ബാഹ്യമായ രണ്ടു തെളിവുകൾ: ദൈവം അവതരിക്കുകയല്ല വെളിപ്പെടുകയാണ് ചെയ്തതെന്ന് എല്ലാ പെന്തെക്കൊസ്ത് ബ്രദ്റൻ പണ്ഡിതന്മാർക്കും അറിയാം. എന്നാൽ അവരുടെ പ്രസ്ഥാനത്തിൻ്റെ വിഴുപ്പു ചുമക്കുകയെന്ന ബാധ്യത അവർക്കുള്ളതിനാൽ അവരത് പരസ്യമായി അംഗീകരിക്കില്ല. എങ്കിലും ചില പ്രത്യേക സാഹചര്യത്തിൽ അവരിൽനിന്നുതന്നെ അറിഞ്ഞോ അറിയാതെയോ സത്യം പുറത്തുവരും. അങ്ങനെയുള്ള രണ്ടു തെളിവുകളാണ് ചുടെ ചേർക്കുന്നത്:

1. ആദ്യത്തേത്, ബ്രദ്റൻ സഭയുടെ സ്ഥാപകനേതാവും ക്രൈസ്തപണ്ഡിതനും ഭാഷാപണ്ഡിതനുമായ ശ്രീ കെ.വി. സൈമൺ സാറിൻ്റെ ത്രിത്വപ്രബോധിക എന്ന പുസ്തകത്തിൽ നിന്നുള്ള തെളിവാണ്. 1തിമൊഥെയൊസ് 3:14:16-ൽ ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് “അവൻ” എന്ന സർവ്വനാമത്തോടുള്ള ബന്ധത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ത്രിത്വവിശ്വാസിയാണെങ്കിലും ഭാഷയുടെ വ്യാകരണനിയമത്തെ മറിച്ചുകളയാൻ ശ്രമിച്ചിട്ടില്ലെന്നുള്ളത് ഒരു വലിയ കാര്യമാണ്.

2. പെന്തെക്കൊസ്തു പാസ്റ്ററും പണ്ഡിതനും വാഗ്മിയുമായ അനിൽ കൊടിത്തോട്ടത്തിൻ്റെതായ ഒരു വീഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. അതിൽ ദൈവത്തിന് അവതാരമല്ല; വെളിപ്പാടാണുള്ളതെന്ന് വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. (കാണുക: അവതാരമല്ല; വെളിപ്പാട് (കൊടിത്തോട്ടം)

പ്രത്യക്ഷനായവൻ പാപമറിയാത്ത മനുഷ്യൻ: ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കുന്നവൻ ജഡത്തിൽ വന്നവൻ പൂർണ്ണദൈവമാണെന്ന് ഒരിക്കലും പറയില്ല. സമസ്തവും സൃഷ്ടിച്ച സർവ്വശക്തൻ മനുഷ്യനായി വെളിപ്പെടാതെ മനുഷ്യൻ്റെ പാപംപോക്കാൻ കഴിയില്ലായിരുന്നോ? കഴിയില്ലായിരുന്നു! അതാണുത്തരം. ദൈവത്തിൻ്റെ കല്പനകൾ ആരൊക്കെ ലംഘിച്ചാലും കല്പന പുറപ്പെടുവിച്ച തനിക്കത് പിൻവലിക്കാനോ, ലംഘിക്കാനോ കഴിയില്ല. ‘പാപം ചെയ്യുന്ന ദേഹി മരിക്കും’ (യെഹെ, 18:4), ‘പാപത്തിൻ്റെ ശമ്പളം മരണം’ (റോമ, 6:23), ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാനാണ് ദൈവം മനുഷ്യനായത്. (മത്താ, 3:15). പഴയനിയമത്തിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്. ഒന്ന്; വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: പരിശുദ്ധനായ ദൈവം പാപിയായ മനുഷ്യൻ്റെ ബന്ധുവാകുന്നതെങ്ങനെ? അതിനാണവൻ ദൈവത്വം മാറ്റിവെച്ചിട്ട് മനുഷ്യനായി വന്നത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6:8; 1തിമൊ, 3:15,16; എബ്രാ, 2:14,15). പുത്രനെന്ന വ്യക്തിയിൽ ഇരുപ്രകൃതി അഥവാ, മനുഷ്യനോടുകൂടി പൂർണ്ണദൈവവും ഉണ്ടെങ്കിൽ, പാപികളായ മനുഷ്യൻ്റെ ബന്ധുവാകാൻ കഴിയില്ല. രണ്ട്; വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനുണ്ടാകണം: മനുഷ്യർക്കാർക്കും ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കാൻ കഴിയില്ലെന്നു ബൈബിൾ പറയുന്നു. (സങ്കീ, 49:7-10). കാരണം, സകല മനുഷ്യരും പാപികളാണ്. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). തന്മൂലം, ദൈവം മനുഷ്യനായി വെളിപ്പെട്ട് തൻ്റെ രക്തം മറുവിലയായി നല്കിയാണ് വീണ്ടെടുപ്പു സാധിച്ചത്. (പ്രവൃ, 20:28; 1പത്രൊ, 1:18,19). മനുഷ്യൻ്റെ വീണ്ടെടുപ്പുവില കൊടുക്കേണ്ടത് സാത്താനല്ല; ദൈവത്തിനാണ്. അതു നല്കേണ്ടത് ദൈവമല്ല; മനുഷ്യനാണ്. മനുഷ്യപുത്രനായി വന്നവനിൽ ദൈവവും ഉണ്ടെങ്കിൽ, പൂർണ്ണദൈവവുമായ പുത്രൻ മറ്റേതു ദൈവത്തിനാണ് വീണ്ടെടുപ്പുവില നല്കിയത്? ദൈവം ഒന്നല്ലേയുള്ളൂ? ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില നല്കിയെന്നു പറഞ്ഞാൽ അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ഒരു പ്രഹേളികയാണെന്നു സമ്മതിക്കേണ്ടിവരും. മൂന്ന്; വീണ്ടെടുപ്പുകാരന് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: മനുഷ്യപുത്രൻ തന്നെത്താൻ മരണത്തിനു ഏല്പിച്ചുകൊടുത്തവനാണ്. (ഗലാ, 1:3; 2:20; എഫെ, 5:2; 5:27; ഫിലി, 2:8; 1തിമൊ,2:6; തീത്തൊ, 2:14; എബ്രാ, 7:27; 9:14). ‘മനസ്സോടെ ശാപമരത്തിൽ തൂങ്ങി’ എന്നു പാട്ടുപാടിയാൽ പോര; മഹത്വധാരിയായ ഏകസത്യദൈവമാണ് മഹത്വം വെടിഞ്ഞ് മനുഷ്യനായി മരിച്ചതെന്ന് വിശ്വസിക്കുകയും വേണം. നാല്; വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം മനുഷ്യനായത്. ജഡത്തിൽ വന്നവൻ ദൈവവും ആണെങ്കിൽ, ‘പാപം അറിയാത്തവൻ’ (2കൊരി, 5:21), അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്നൊക്കെ പറഞ്ഞാൽ അതിനെന്തത്ഥമാണുള്ളത്? മനുഷ്യനല്ലാതെ, ദൈവത്തിനു പാപം ചെയ്യാൻ കഴിയുമോ? അടുത്തത്; ‘പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു’ (എബ്രാ, 4:16) ആര്; ദൈവമോ? ജഡത്തിൽ വന്നവൻ പൂർണ്ണദൈവവും ആണെങ്കിൽ എങ്ങനെ പരീക്ഷിക്കപ്പെട്ടു എന്നു പറയാൻ കഴിയും? ദൈവത്തിനും പരീക്ഷയോ! ഇതെന്താ നാടകമോ? മഹത്വധാരിയായ സർവ്വശക്തൻ ദൈവമായിത്തന്നെയിരുന്നാൽ ന്യായപ്രമാണപ്രകാരമുള്ള വീണ്ടെടുപ്പു സാദ്ധ്യമാകില്ല. അതുകൊണ്ടാണ് തന്നെത്താൻ ശൂന്യമാക്കിക്കൊണ്ട് മനുഷ്യനായി മണ്ണിൽ വന്നത്. (യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:15,16; എബ്രാ, 2:14,15). ജഡത്തിൽ വന്നവൻ പൂർണ്ണദൈവവും ആണെന്നു പറഞ്ഞാൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകം എന്നു പറയേണ്ടിവരും. സാക്ഷാൽ ദൈവം ജഡത്തിൽ വന്നപ്പോൾ മനുഷ്യൻ മാത്രമായതുകൊണ്ടാണ് മനുഷ്യരുടെ ചാർച്ചക്കാരനായതും എന്നേക്കുമുള്ളൊരു വീണ്ടെടുപ്പു സാധിച്ചതും. (എബ്രാ, 9:12). സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യട്ടെ!

“അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊസ് 1:20)

നിഖ്യായിലെ വിശ്വാസപ്രമാണം, ഒരു പഠനം

നിഖ്യാവിശ്വാസപ്രമാണം

അക്ഷയനും അദൃശ്യനും ആകാശവും ഭൂമിയും നിറഞ്ഞുനല്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവമേ നമുക്കുള്ളു. ആ ദൈവമാണ് സൃഷ്ടി നടത്താനും സൃഷ്ടികൾക്കു തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിലും യഹോവയെന്ന നാമത്തിലും മനുഷ്യസാദൃശ്യത്തിലൂം സ്വർഗ്ഗസിംഹാനത്തിൽ പ്രത്യക്ഷനായിരുന്നുകൊണ്ട് ദൃശ്യവും അദൃശ്യവുമായ സകലതും സൃഷ്ടിച്ചതും ആദ്യമനുഷ്യനായ ആദാമിനെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും. ആ ദൈവമാണ് സർവ്വശക്തിയുള്ള ദൈവമായി പൂർവ്വപിതാക്കന്മാർക്ക് പ്രത്യക്ഷനായതും മോശെ തുടങ്ങിയുള്ളവർക്ക് യഹോവയെന്ന നാമത്തിൽ ഭൂമിയിൽ പ്രത്യക്ഷനായതും, പഴയപുതിയനിയമ ഭക്തന്മാർ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനായി സ്വർഗ്ഗസിംഹാസനത്തിൽ കണ്ടതും. അവനാണ് പൗലൊസ് പറയുന്ന, അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും, ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നവനും; എബ്രായലേഖകൻ പറയുന്ന, തേജസ്സിൻ്റെ പ്രഭയും തത്വത്തിൻ്റെ മുദ്രയും. ആ ദൈവം തന്നെയാണ് കാലസമ്പൂർണ്ണതയിൽ യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായി മനുഷ്യരുടെ പാപപരിഹാരർത്ഥം ക്രൂശിൽമരിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനായതും; പത്തുദിവസംകഴിഞ്ഞ് അദൃശ്യനായ ആത്മാവായി പ്രത്യക്ഷനായി ദൈവസഭ സ്ഥാപിച്ചതും വ്യക്തികളെ വീണ്ടുജനിപ്പിച്ചുകൊണ്ട് ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതും. “ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:4-6).

ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. എങ്കിലും ഏതോ മിഥ്യാധാരണയിൽ ഒന്നിലധികം ദൈവങ്ങളോ വ്യക്തികളോ ഉണ്ടെന്ന് ഭൂരിപക്ഷം ക്രൈസ്തവരും (ത്രിത്വം) വിചാരിക്കുന്നു. ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശം ബൈബിളിൻ്റെയല്ല; നിഖ്യായിലെ സുന്നഹദോസിൻ്റെയാണ്. ദൈവസഭ സ്ഥാപിതമായി ഏകദേശം മുന്നൂറോളം വർഷമായപ്പോൾ, ബിഥുന്യയിലെ നിഖ്യായിൽവെച്ച് (ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക്‌ പട്ടണം) എ.ഡി. 325 മെയ്‌ 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഒരു സുന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു ദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു വ്യക്തിയാണെന്ന ദുരുപദേശം ഉരുത്തിരിഞ്ഞത്. ഒന്നാം നിഖ്യാ സുന്നഹദോസ് എന്നറിയപ്പെടുന്ന നിഖ്യായിലെ സാർവ്വത്രിക സുന്നഹദോസിൽ രൂപംകൊണ്ട വിശ്വാചാരങ്ങളുടെ ഏറ്റുപറച്ചിലാണ് നിഖ്യാവിശ്വാസപ്രമാണം എന്നപേരിൽ അറിയപ്പെടുന്നത്. എ.ഡി. 381-ൽ യൂറോപ്പിലെ കോൺസ്റ്റാന്റിനോപ്പിളിൽ (ഇപ്പോഴത്തെ തുർക്കിയിലെ ഇസ്താംബുൾ പട്ടണം) വെച്ചുനടന്ന ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വെച്ച് പരിശുദ്ധാത്മാവിനെയും മറ്റൊരു വ്യക്തിയാക്കി. ത്രിത്വവിശ്വാസത്തിന് ആധാരമായ നിഖ്യാവിശ്വാസപ്രമാണം ബൈബളിനോട് നീതിപുലർത്തുന്നുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്: 

നിഖ്യാവിശ്വാസപ്രമാണം: “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. പിതാവിന്‍റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനും; ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും; ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും; സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും, വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറം തള്ളുന്നു.”

വിശദമായ പഠനം

1. സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). വിശ്വാസപ്രമാണത്തിൻ്റെ ആദ്യഭാഗം ബൈബിൾ വെളിച്ചത്തിൽ നൂറുശതമാനം ശരിയാണ്.

2. പിതാവിന്‍റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനും;

പിതാവിൻ്റെ ഏകപുത്രൻ: ത്രിത്വവിശ്വാസികൾ അക്ഷരാർത്ഥത്തിൽ പിതാവിൻ്റെ ഏകപുത്രൻ അഥവാ ഏകജാതനായ പുത്രനായി യേശുവിനെ മനസ്സിലാക്കുന്നു. (യോഹ, 3:16). അപ്പോൾ മനുഷ്യപുത്രൻ ആരാണെന്ന് പറയും? ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ ക്രിസ്തുവിൻ്റെ നൂറുകണക്കിനുള്ള പദവികളിൽ പ്രധാനപ്പെട്ട രണ്ടു പദവികളാണ്: ദൈവപുത്രനും മനുഷ്യപുത്രനും. നൂറ്റിയിരുപത്തഞ്ചു പ്രാവശ്യം ദൈവപുത്രനെന്നും തൊണ്ണൂറു പ്രാവശ്യം മനുഷ്യപുത്രനെന്നും യേശുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. താൻ ചുരുക്കം ചില സ്ഥാനങ്ങളിൽ ദൈവപുത്രനാണെന്ന് സമ്മതിച്ചതല്ലാതെ (മത്താ, 16:16,17; യോഹ, 9:35-37; 10:36) യേശു തന്നെത്തന്നെ അധികവും വിശേഷിപ്പിച്ചത് മനുഷ്യപുത്രനെന്നാണ്; ഒന്നും രണ്ടുമല്ല, ഉത്തമപുരുഷനിലും പ്രഥമപുരുഷനിലുമായി 84 പ്രാവശ്യം തന്നെത്തന്നെ മനുഷ്യപുത്രനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എപ്രകാരമാണ് ദൈവപുത്രൻ (Son of God) എന്നു വിളിച്ചിരിക്കുന്നത്, അപ്രകാരം തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും ബൈബിൾ അവനെ വിളിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിലാണെങ്കിൽ രണ്ടും പരസ്പരവിരുദ്ധമായ പ്രയോഗങ്ങളാണ്. യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ, അതേയർത്ഥത്തിൽ അവൻ ഏതോ ഒരു മനുഷ്യൻ്റെയും പുത്രനാകണ്ടേ? അവൻ ഏത് മനുഷ്യൻ്റെ പുത്രനാണെന്ന് പറയും? ജഡത്തിൽ താൻ രക്ഷിതാവും സത്യദൈവത്തെ അറിവാൻ വിവേകം തന്ന ദൈവപുത്രനും (യോഹ, 3:15-17; 1യോഹ, 5:20). പാപികളാൽ കഷ്ടം സഹിച്ച മനുഷ്യപുത്രനും ആയിരുന്നു എന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നുമില്ല. (മത്താ, 26:45; ലൂക്കൊ, 18:31-33). എന്നാൽ ദൈവപുത്രനെന്ന നിലയിലുള്ള ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അവസാനിച്ചു; ശേഷിക്കുന്നത് ദൈവപുത്രനിലൂടെയുള്ള രക്ഷയാണ്; കൃപായുഗത്തിൻ്റെ വാതിലടഞ്ഞാൽ ദൈവപുത്രനിലൂടെയുള്ള രക്ഷയ്ക്കും വിരാമമാകും. അവൻ വീണ്ടും വരുന്നത് ദൈവപുത്രനായിട്ടല്ല; മനുഷ്യപുത്രനായിട്ടാണ്. മനുഷ്യപുത്രൻ ന്യായവിധിക്ക് അധികാരമുള്ള തേജസ്സും ബഹുമാനവും അണിഞ്ഞ രാജാവാണ്. (മത്താ, 13:41-43; 19:28; യോഹ, 5:27).

ദൈവപുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവി മാത്രമാണെന്ന് സുവിശേഷങ്ങളുടെ ആരംഭത്തിൽ നിന്നുതന്നെ മനസ്സിലാക്കാം. യേശുവിൻ്റെ ജനനത്തെക്കുറിച്ച് മറിയയോടുള്ള ദൂതന്റെ പ്രവചനം: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:31,32,35). അത്യുന്നതൻ്റെ പുത്രൻ നിൻ്റെ ഉദരത്തിൽ വന്നു ജനിക്കുമെന്നല്ല പറയുന്നത്; ജനിക്കുന്നവൻ “അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും.” അവൻ്റെ പിതാവായ ദാവീദിൻ്റെ സിംഹാസനം അവനു കൊടുക്കും. അപ്പോൾ ജനിക്കുന്ന ശിശുവിൻ്റെ പിതാവ് ദൈവമല്ല; ദാവീദാണ്. ഉത്ഭവിക്കുന്ന വിശുദ്ധപജ ദൈവപുത്രനാണെന്നും പറയുന്നില്ല; “ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” അഭിഷിക്തനായ മനുഷ്യനായ യേശു അഥവാ ക്രിസ്തു യഥാർത്ഥത്തിൽ ദൈവസന്തതിയല്ല. ജനനത്തിൽ അവൻ ക്രിസ്തുവോ ദൈവപുത്രനോപോലും ആയിരുന്നില്ല; ദാവീദിൻ്റെ പുത്രനായിരുന്നു. (ലൂക്കൊ, 1:32; 2തിമൊ, 2:8). കന്യകയായ മറിയയിലൂടെ ജനിച്ച് (ലൂക്കൊ, 2:7) ആത്മാവിൽ ബലപ്പെട്ട് (ലൂക്കൊ, 2:40) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന (ലൂക്കൊ, 2:52) യേശുവെന്ന പാപമറിയാത്ത മനുഷ്യൻ (2കൊരി, 5:21) യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). അനന്തരം ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെടുകയായിരുന്നു. (മത്താ, 3:17). ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ ബി.സി. 6 മുതൽ എ.ഡി. 33 വരെ 38 വർഷമെന്ന് കണക്കാക്കിയാൽ. ഏകദേശം അതിൻ്റെ പത്തിലൊരു ഭാഗം സമയം അഥവാ മൂന്നരവർഷം മാത്രമാണ് അവൻ ക്രിസ്തുവും ദൈവപുത്രനും ആയിരുന്നത്. 

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമൊ, 2:8). ബൈബിളിൻ്റെ ആകെത്തുക അഥവാ സാരാംശം എന്താണെന്നു ചോദിച്ചാൽ; ക്രിസ്തുവിലൂടെ ദൈവമൊരുക്കിയ രക്ഷ അഥവാ സുവിശേഷമാണ്. (ഉല്പ, 3:15; യോഹ, 20:31). ദൈവത്തിൻ്റെ ക്രിസ്തുവിലൂടെ അവനൊരുക്കിയിരിക്കുന്ന രക്ഷയെക്കാൾ വലുതായി മറ്റൊന്നും ബൈബിളിലില്ല. യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണ് ജനിച്ചുമരിച്ചുയിർത്തതെങ്കിൽ സുവിശേഷത്തിനടിസ്ഥനം ദാവീദിൻ്റെ പുത്രനാണെന്ന് പൗലൊസ് പറയുമായിരുന്നോ?

ഈ പറഞ്ഞതിൻ്റെ താല്പര്യമെന്താണെന്ന് ചോദിച്ചാൽ; മഹാദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത അനേകം പദവികളിൽ ഒന്നുമാത്രമാണ് “പുത്രൻ” എന്ന് മനസ്സിലാക്കാനാണ്. അപ്പോൾ ഒരു ചോദ്യം വരും: ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും പദവിയാണെങ്കിൽ ആ പദവിക്കടിസ്ഥാനമെന്താണ്? ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനു കാരണമായ സാക്ഷാൽ ദൈവപുത്രനും മനുഷ്യപുത്രനുമായ ഒരുത്തൻ പഴയനിയമത്തിലുണ്ട്; പുതിയനിയമത്തിലും അവനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവനാണ് ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ സന്തതി. ജഡത്താലുള്ള ബലഹീനതനിമിത്തം അവനു കഴിയാത്തതിനെ സാധിപ്പാനാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). ദൈവപിതാവിൻ്റെ ജഡത്തിലുള്ള പ്രത്യക്ഷതയായ അഭിഷിക്തനായ മനുഷ്യൻ അഥവാ ക്രിസ്തു, ദൈവപുത്രനും മനുഷ്യപുത്രനും മാത്രമായിരുന്നില്ല; അബ്രാഹാമിൻ്റെ പുത്രനും ദാവിദുപുത്രനും യോസേഫിൻ്റെ പുത്രനും മറിയയുടെ പുത്രനും യിസ്രായേലെന്ന സ്ത്രിയുടെ സന്തതിയുമായിരുന്നു. ദൂതന്മാരും മനുഷ്യരുമായി അനേകം മക്കൾ ദൈവത്തിനുള്ളതായിട്ടും ബൈബിൾ പറയുന്നു. ദൈവത്തിന് അനേകം മക്കളുണ്ടായിരിക്കുകയും, ക്രിസ്തു അനേകരുടെ പുത്രനാണെന്നും ബൈബിൾ പറയുമ്പോൾ, ദൈവപുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാതെ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് പഠിപ്പിക്കുന്ന ത്രിത്വവിശ്വാസം നിങ്ങളെ ജീവനിലേക്കല്ല; മരണത്തിലേക്കാണ് വലിച്ചിഴയ്ക്കുന്നതെന്ന് തിരിച്ചറിയുക. 

സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവൻ: യേശു പിതാവിൽനിന്നു ജനിച്ചവനാണെന്ന് പഠിപ്പിക്കുകയും, ഒപ്പം ദൈവത്തോടു സമത്വമൂള്ളവനാണെന്ന് പറയുകയും ചെയ്താൽ ശരിയാകുമോ? ജനിപ്പിക്കപ്പെട്ടവൻ എങ്ങനെയാണ് ജനിപ്പിച്ചവനോട് സമത്വമുണ്ടാകുന്നത്? ഇതൊക്കെ ചോദിച്ചാൽ; ‘ജനിപ്പിച്ചു’ എന്നാൽ ‘സൃഷ്ടിച്ചു’ എന്നർത്ഥമില്ലെന്നു ത്രിത്വം പറയും. പിന്നെന്താണർത്ഥം? ബൈബിളിൽ ജനിച്ചു, ജനിപ്പിച്ചു (begat, beget, born) എന്നൊക്കെ പറഞ്ഞാൽ; ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും, “പുതുതായി ഒന്നു ഉത്ഭവിക്കുക, മുമ്പെ ഇല്ലാതിരുന്ന ഒന്നു ഉളവാകുക” എന്നൊക്കെയാണ് അർത്ഥം. ഹാനോക്കിന്നു ഈരാദ് ജനിച്ചു (born); ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു (begat); മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു (begat); മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു (begat).” (ഉല്പ, 4:18). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു (begat); അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെയൊന്നും ജനിപ്പിക്കപ്പെട്ടവൻ ജനിപ്പിച്ചവന് തുല്യനാണെന്നോ, ജനിച്ചവൻ ഉത്ഭവമില്ലാത്തവനാണെന്നോ അർത്ഥമില്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ യേശുക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നു പഠിപ്പിക്കുന്ന ദുരുപദേശമാണ് അനേകരും വിശ്വസിക്കുന്നത്. സ്രഷ്ടാവായ ദൈവത്തെ സൃഷ്ടിയാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് ത്രിത്വം.

അറിയൂസിൻ്റെ ദുരുപദേശത്തിനെതിരെയാണ് സുന്നഹദോസ് വിളിച്ചുചേർത്തത്. “യേശു ലോകാരംഭത്തിന് മുമ്പ് ദൈവപിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും പിതാവിന്റെ സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നായിരുന്നു അറിയൂസിൻ്റെ വാദം. അറിയൂസ് രണ്ട് കാര്യങ്ങളാണ് പറഞ്ഞത്: ഒന്ന്; യേശു സൃഷ്ടിയാണെന്ന് പറഞ്ഞു; സുന്നഹദോസ് അതിനെ ഖണ്ഡിച്ചിട്ട് സൃഷ്ടിയല്ല; ജനിച്ചവനാണെന്നു സ്ഥാപിച്ചു. തമ്മിലെന്താണ് വ്യത്യാസം? ഒന്നുമില്ല. ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും ജനിച്ചവൻ സൃഷ്ടിയാണ്; ആംരംഭമുള്ളവനാണ്. തത്വത്തിൽ രണ്ടുപേരും പറഞ്ഞത് ഒന്നാണ്; അറിയൂസിൻ്റെ സൃഷ്ടിയെ സുന്നഹദോസ് വെള്ളപൂശി ജനിപ്പിച്ചെടുത്തു. അറിയൂസിൻ്റെ രണ്ടാമത്തെ വാദം; യേശു ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു; സുന്നഹദോസ് അതിനെ ഖണ്ഡിച്ചിട്ട് ‘പിതാവിൽ നിന്നു ജനിച്ചു’ എന്നു സ്ഥാപിച്ചു. തമ്മിലെന്താണ് വ്യത്യാസം? ഒന്നുമില്ല. പുത്രൻ പിതാവിനോടൊപ്പം ജനിച്ചുവെന്നല്ല; പിതാവിൽനിന്നു ജനിച്ചുവെന്നാണ് സുന്നഹദോസ് പ്രഖ്യാപിച്ചത്. പിതാവു മുമ്പേ ഉള്ളതുകൊണ്ടാണല്ലോ, പുത്രൻ പിതാവിൽനിന്ന് ജനിച്ചത്? ജനിപ്പിച്ച പിതാവും ജനിപ്പിക്കപ്പെട്ട പുത്രനും തമ്മിൽ ചെറുതെങ്കിലും ഒരിടവേള എന്തായാലും ഉണ്ടാകും. അപ്പോൾ, പുത്രന് ഒരു ആരംഭമുണ്ടെന്നും; പുത്രനില്ലാതെ, പിതാവു മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു എന്ന അറിയൂസിൻ്റെ വാദം സുന്നഹദോസ് അംഗീകരിക്കുകയാണ് ചെയ്തത്. ഇവിടെയാണ് ഹവ്വായെ വഞ്ചിച്ച പഴയപാമ്പിൻ്റെ ഉപായം മനസ്സിലാക്കേണ്ടത്. കോൺസ്റ്റൻ്റയിൻ എന്ന റോമൻ ചക്രവർത്തിയിലൂടെ ലോകം മുഴുവനുമുള്ള മുന്നൂറോളം ബിഷപ്പുമാരെ സുന്നഹദോസിനായി നിഖ്യായിൽ കൂട്ടിവരുത്തിയിട്ട് അറിയൂസെന്ന ഒരു പാഷണ്ഡകൻ്റെ ഉപദേശത്തെ വെള്ളപൂശി സർപ്പം സഭയ്ക്കകത്ത് നുഴയിച്ച് കയറ്റുകയായിരുന്നു. (സുന്നഹദോസിൻ്റെ കൂടുതൽ വിവരങ്ങൾ താഴെക്കാണാം)

യേശു, സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനാണ് എന്നതിൻ്റെ തെളിവായി സങ്കീർത്തനം 2:7; യോഹ, 17:5; കൊലോസ്സ്യർ 1:15 എന്നീ മൂന്നു വാക്യങ്ങളാണ് ഇവർ പ്രധാനമായി പറഞ്ഞുകാണുന്നത്. സങ്കീർത്തനം 2:7-ലെ ദൈവം ജനിപ്പിച്ച പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (കാണുക: രണ്ടാം സങ്കീർത്തനം). ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവത്തെ മറ്റൊരു ദൈവം ജനിപ്പിച്ചു എന്ന് വിശ്വസിക്കുന്ന ഒരു ദുരന്ത ഉപദേശമാണ് ത്രിത്വം. (വെളി, 1:17; 2:8; തീത്തൊ, 2:12; എബ്രാ, 13:8). സർവ്വസൃഷ്ടിക്കും ആദ്യജാതൻ: യേശു അദൃശ്യനായ ദൈവത്തിന്റെ പ്രതിമ അഥവാ ദൃശ്യരൂപം ആയതുകൊണ്ടാണ് സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പറഞ്ഞിരിക്കുന്നത്. (കൊലൊ, 1:15). അല്ലാതെ ദൈവത്തിൻ്റെ ആദ്യത്തെ മകനായതുകൊണ്ടല്ല. അവൻ സർവ്വസൃഷ്ടികൾക്കും മുമ്പേയുള്ളവനും സ്രഷ്ടാവും പരിപാലകനും, സകലത്തിനും ആധാരവും താൻ മുഖാന്തരം തനിക്കായി സകലവും സൃഷ്ടിച്ചവനുമാണ്. (കൊലൊ, 1:16,17; എബ്രാ, 1:10). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36). ബൈബിൾ വായിച്ചിട്ടല്ല ഇവരീ വിശ്വാസപ്രമാണം ഉണ്ടാക്കിയിരിക്കുന്നത്. അക്ഷരാർത്ഥത്തിലാണ് ആദ്യജാതനെന്ന് യേശുവിനെ വിളിച്ചിരിക്കുന്നതെങ്കിൽ രണ്ടുവിധത്തിൽ ഇവർക്കുതന്നെ അത് കെണിയായി മാറും; എന്തെന്നാൽ ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനും ഒരാൾതന്നെയാണ്. ഒന്ന്; യഥാർത്ഥത്തിലാണെങ്കിൽ ഏകജാതനും ആദ്യജാതനും പരസ്പരവിരുദ്ധമായ പ്രയോഗങ്ങളാണ്. അതിനാൽ അത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. രണ്ട്; ഏതെങ്കിലുമൊന്ന് അക്ഷരാർത്ഥത്തിലാണെന്ന് പറഞ്ഞാലും പ്രശ്നമാണ്. ഉദാ: ഏകജാതനാണെന്നു പറഞ്ഞാൽ; ദൈവത്തിന് അനേകം മക്കളുണ്ടെന്ന് ബൈബിൾ പറയുമ്പോൾ, യഥാർത്ഥത്തിൽ യേശു ദൈവത്തിൻ്റെ ഏകജാതനായ പുത്രനാണന്ന് പറഞ്ഞാൽ അത് ബൈബിൾ വിരുദ്ധമാകും. യഥാർത്ഥത്തിൽ ആദ്യജാതനാണെന്ന് പറഞ്ഞാൽ, ക്രിസ്തുവിനു തുല്യനായ അനന്തരജാതന്മാർ ദൈവത്തിന് ഉണ്ടെന്നുവരും; അത് ദുരുപദേശമായിമാറും. സത്യത്തിൽ ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; അനേകരെ വഞ്ചിക്കാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശമാണ്. (കാണുക: ഏകജാതനും ആദ്യജാതനും)

3. ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും;

ദൈവസത്തയുള്ളവൻ: ത്രിത്വവിശ്വാസികൾക്ക് യേശുക്രിസ്തുവെന്ന മഹാദൈവത്തെയും മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ച യേശുവെന്ന മനുഷ്യനെയും വേർതിരിച്ചറിയില്ല. അതറിയണമെങ്കിൽ “ദൈവം ഒരുത്തൻ മാത്രമാണ് അഥവാ പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്ന ബൈബിളിൻ്റെ മൗലിക ഉപദേശം അംഗീകരിക്കണം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഒന്നുകൂടി പറഞ്ഞാൽ പഴയനിയമത്തിലെ യഹോവയും പുതിയനിയമത്തിലെ ലേഖനത്തിൽ കാണുന്ന യേശുക്രിസ്തുവെന്ന മഹാദൈവവും ഒരു വ്യക്തിയാണ്. ആ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ് സുവിശേഷങ്ങളിലെ മനുഷ്യനായ ക്രിസ്തു. (1തിമൊ, 13:14-16; 1പത്രൊ, 1:20). 

പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31). പഴയനിയമപ്രവചനംപോലെ (യിരെ, 31:31-34) ദൈവത്തിൻ്റെ പ്രത്യക്ഷതയായ അഭിഷിക്തമനുഷ്യൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്നത് ഏകദൈവത്തിൻ്റെ പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (തീത്തൊ, 2:12; എബ്രാ, 13:8). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായവൻ വിളിച്ചുപറഞ്ഞതും കുറിക്കൊള്ളുക. (പ്രവൃ, 4:12). പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന ഏകദൈവവും സകലഭൂവാസികളുടെയും ഏകരക്ഷിതാവും യഹോവ മാത്രമാണ്. (യെശ,45:22). യേശുക്രിസ്തുവൽനിന്ന് വ്യതിരിക്തനാണ് യഹോവയെങ്കിൽ പത്രൊസിനെക്കാൾ വലിയ ദൈവദൂഷകൻ വേറെയില്ല.

ജഡത്തിൽ യേശു ദൈവമായിരുന്നില്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). പൂർണ്ണ അനുസരണത്താലും നിഷ്കളങ്ക രക്തത്താലും ആദാമിൻ്റെ പാപത്തിനു പരിഹാരം വരുത്തിയത് ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. (2കൊരി, 5:21; എബ്രാ, 5:7-9;1പത്രൊ, 1:19). “പാപം അറിയാത്തവൻ, പാപം ചെയ്തിട്ടില്ല, വായിൽ വഞ്ചനയില്ല, അവനിൽ പാപം ഇല്ല” എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; ക്രിസ്തുയേശു എന്ന മനുഷ്യനെ കുറിക്കുന്നതാണ്. (1പത്രൊ, 2:22; 1യോഹ, 3:5). മദ്ധ്യസ്ഥനും മറുവിലയും ദൈവകുഞ്ഞാടുമായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ച മഹോപുരോഹിതനും ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുയേശു എന്ന മനുഷ്യനാണ്. (എഫെ, 5:2; 1തിമൊ, 2:5,6; 3:164-16). മഹാദൈവമായ യേശുക്രിസ്തുവിനെയും അവൻ്റെ പ്രത്യക്ഷതയായ ക്രിസ്തുയേശു എന്ന മനുഷ്യനെയും വേർതിരിച്ചറിയണം: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). യേശു ജഡത്തിൽ ദൈവസത്തയുള്ളവനോ, ദൈവമോ ആയിരുന്നില്ല. അതിനാൽ, ദൈവസത്തയുള്ളവനെന്ന പ്രയോഗം: യേശുക്രിസ്തുവെന്ന മഹാദൈവത്തെ കുറിക്കാൻ ഉപയോഗിച്ചാലും അഭിഷിക്തമനുഷ്യനെ കുറിച്ചാലും തെറ്റുതന്നെയാണ്.

ദൈവത്തില്‍നിന്നുള്ള ദൈവം: ഇതൊരുമാതിരി വെളിവുകെട്ട പ്രയോഗമാണ്. ദൈവത്തിൽനിന്നു മറ്റൊരു ദൈവം; അപ്പോൾ എത്ര ദൈവമുണ്ട്? ഏകദൈവത്തിന് പ്രത്യക്ഷതകൾ അഥവാ വെളിപ്പാടുകൾ മാത്രമേയുള്ളു. ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിലാണ് ഇത് പറയുന്നതെങ്കിൽ, ജഡത്തിലവൻ ദൈവമായിരുന്നില്ല; പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു. പുനരുത്ഥാനശേഷം സ്വർഗ്ഗേകരേറിയവൻ വീണ്ടും പ്രത്യക്ഷനായത് മനുഷ്യനായിട്ടല്ല; ദൈവമായിട്ടാണ്. (യോഹ, 20:17; 28). അതിനാലാണ് തോമാസ് അവനെ “എൻ്റെ കർത്താവും എൻ്റെ ദൈവവുമായുള്ളോവേ” എന്നു വിളിച്ചത്. എന്നാൽ, അതിനെ ദൈവത്തിൻ്റെ പ്രത്വക്ഷതയെന്നാണ് ബൈബിൾ പറയുന്നത്. ‘ദൈവത്തിൽനിന്നുള്ള ദൈവം’ എന്നത് ബഹുദൈവദുരുപദേശമാണ്.

പ്രകാശത്തില്‍നിന്നുള്ള പ്രകാശം: ക്രിസ്തുവിനെ, ‘ദൈവതേജസ്സിൻ്റെ പ്രഭ’ എന്ന് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ടുണ്ട്: (1:3). ഈശ്വരതേജസ്സിൻ്റെ മഹത്തായ ശോഭയെന്നാണ് മറ്റൊരു പരിഭാഷ. ആദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന ദൃശ്യമായ പ്രതിമ അഥവാ ദൃശ്യരൂപമെന്ന നിലയിലാണ് അവനെ ദൈവതേജസ്സിൻ്റെ പ്രഭയെന്ന് വിശേഷിപ്പിച്ചിച്ചിരിക്കുന്നത്. (കൊലൊ, 1:15; 2:9). അല്ലാതെ, അവൻ മറ്റൊരു ദൈവമോ, വ്യക്തിയോ അല്ല. ‘പ്രകാശത്തിൽ നിന്നുള്ള പ്രകാശം’ എന്നത് ഏകസത്യദൈവത്തെ വിഭജിക്കാനുള്ള സാത്താൻ്റെ തന്ത്രമാണ്; കൂടുതൽ അലങ്കാരമൊന്നും വേണ്ട; തേജസ്സിൻ്റെ പ്രഭ അല്ലെങ്കിൽ ‘മഹത്വത്തിൻ്റെ തേജസ്സ് അതുമല്ലെങ്കിൽ തേജസ്സിൻ്റെ പ്രതിഫലനം അതൊക്കെ മതി.

സത്യദൈവത്തില്‍നിന്നുള്ള സത്യദൈവം: അപ്പോൾ ആകെ നിങ്ങൾക്ക് എത്ര സത്യദൈവമുണ്ട്? സത്യദൈവത്തിൽ നിന്നുള്ള സത്യദൈവം എന്ന പ്രയോഗത്തിനാധാരമായ വാക്യം ഇതാണ്: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ഇവിടെ രണ്ട് സത്യദൈവത്തെക്കുറിച്ചാണോ പറയുന്നത്? ഏകസത്യദൈവം (the inly true God) ആണ് നമുക്കുള്ളത്. (യോഹ, 17:3). ഏകസത്യദൈവമെന്നു പറഞ്ഞാൽ; ഒരേയൊരു സത്യദൈവമെന്നാണ്; പറയുന്നതാകട്ടെ യേശുക്രിസ്തുവും. അപ്പോൾ യേശു മറ്റൊരു സത്യദൈവമാകുന്നതെങ്ങനെ? ത്രിത്വത്തിന് ദൈവം നിത്യരായ മൂന്നു വ്യക്തിയാണ്. പിതാവായൊരു സത്യദൈവം ആ സത്യദൈവത്തിൽനിന്നുള്ള മറ്റൊരു സത്യദൈവം അപ്പോൾ എത്രദൈവമായി? പരിശുദ്ധാത്മാവിനെക്കുറിച്ച് ഈവക പ്രയോഗങ്ങളൊന്നും ഇല്ലെന്നതാണ് രസകരം; അപ്പോൾ പരിശുദ്ധാത്മാവ് ദൈവത്തിന് തുല്യനായ ദൈവമല്ലേ? മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനായിരുന്നു. (1തിമൊ, 2:5,6; 3:14-16). അദൃശ്യനായ ദൈവത്തെ നമുക്കു വെളിപ്പെടുത്തിത്തന്നത് മനുഷ്യനായ ദൈവപുത്രനാണ്. (യോഹ, 1:18). ജഡത്തിൽ വെളിപ്പെട്ടവൻ ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ അവൻ പാപമറിയാത മനുഷ്യനാകുന്നു; അവൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ ‘സത്യദൈവമായിരുന്നു’. യോഹന്നാൻ അപ്പൊസ്തലൻ ആ വാക്യത്തിൽ, സത്യദൈവത്തെയും അവൻ്റെ വെളിപ്പാടായ മനുഷ്യനെയും വേർതിരിച്ചു കാണിക്കുകയാണ്; അല്ലാതെ രണ്ടു സത്യദൈവത്തെക്കുറിച്ചല്ല പറഞ്ഞിരിക്കുന്നത്. ‘സത്യദൈവത്തില്‍നിന്നുള്ള സത്യദൈവം’ എന്ന പ്രയോഗം ദൂരപദേശമാണ്.

4. ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും;

ജനിച്ചവനും സൃഷ്ടിയല്ലാത്തവനും: ജനിച്ചവൻ ഏത് കാരണത്താൽ സൃഷ്ടിയല്ലെന്നു പറയും? ‘ജനിപ്പിക്കുക’ എന്ന പദത്തിന് ഇല്ലായ്മയിൽനിന്ന് ഉളവാക്കുക എന്നർത്ഥമില്ലെങ്കിലും ബൈബിളിൻ്റെ അർത്ഥം സൃഷ്ടിക്കുക എന്നു തന്നെയാണ്. മുകളിൽ അത് സൂചിപ്പിച്ചതാണ്. “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഈ വാക്യം ക്രിസ്തുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെ കുറിക്കുന്നതായി ത്രിത്വം വിചാരിക്കുന്നു. രണ്ടാം സങ്കീർത്തനം വായിക്കാത്തതിൻ്റെ കുഴപ്പമാണത്. അവിടെ ദൈവം ജനിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. യിസ്രായേലിനെ ദൈവം സൃഷ്ടിച്ചതായി അനവധി വാക്യങ്ങൾ വേറെയുമുണ്ട്. (യെശ, 27:11; 29:16; 43:1,43:15,21; 44:2,21,24; 45:11; 49:5; 64:8; മലാ, 2:10). അതിനാൽ ‘ജനിച്ചവനും സൃഷ്ടിയല്ലാത്തവനും’ എന്ന യേശുവിനെക്കുറിച്ചുള്ള പ്രയോഗം ദുരുപദേശത്തെ വെള്ളപൂശാനുള്ള സാത്താൻ്റെ തന്ത്രം മാത്രമാണ്. (കാണുക: രണ്ടാം സങ്കീർത്തനം)

സാരാംശത്തില്‍ പിതാവിനോട് തുല്യൻ: ഈ പ്രയോഗത്തിനാധാരം ഫിലിപ്പിയർ 2:6 ആണ്: “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിച്ചില്ല.” (ഫിലി, 2:6). ഈ വേഭാഗത്തെ വിഷയം എന്താണെന്നുപോലും വിശ്വാസപ്രമാണം ഉണ്ടാക്കിയവർക്കും അത് വിശ്വസിക്കുന്നവർക്കും അറിയില്ല. ക്രിസ്തുവിൻ്റെ ഭാവം അഥവാ മനോഭാവമാണ് അവിടുത്തെ വിഷയം. (ഫിലി, 2:5). താഴ്മയാണ് ക്രിസ്തുവിൻ്റെ ഭാവം: ഏകദൈവം തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി ക്രൂശിലെ മരണത്തോളം അനുസരണമുള്ളവൻ ആയതാണ് അവൻ്റെ താഴ്മ. (ഫിലി, 2:7,8). ചിലകാര്യങ്ങൾ പറഞ്ഞാൽ ദൈവത്തോടു സമത്വമുള്ളവനല്ല; യേശുവെന്ന് മനസ്സിലാക്കാം: ഒന്ന്; ‘ദൈവം ഒരുത്തൻ മാത്രമാണെന്നും’ (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20); പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8) ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. പിതാവ് മാത്രമാണ് സത്യദൈവമെന്നും അവനെ മാത്രമേ ആരാധിക്കാവു എന്നും മനുഷ്യനായിരുന്ന യേശുവും വ്യക്തമാക്കിയിരുന്നു: (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 5:44; 17:3). അതിനാൽ, പുത്രൻ സാരാംശത്തില്‍ പിതാവിനോട് തുല്യലാണന്നത് ദുരുപദേശമാണ്. രണ്ട്; അവിടെ “പിതാവിനോടുള്ള സമത്വമെന്നല്ല; ദൈവത്തോടുള്ള സമത്വം” എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ “ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല” എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, നിങ്ങളുടെ മൂന്നു വ്യക്തികളുള്ള ഏകദൈവത്തോടു സമനായ മറ്റൊരു ദൈവമാണ് യേശുവെന്നേ വരുകയുള്ളു. അപ്പോൾ മൂന്നുംമൂന്നും ആറു വ്യക്തികളുള്ള രണ്ടു ദൈവമാകും. ഇനി, ആ ദൈവം പിതാവെന്ന ഏകവ്യക്തിയാണെന്നു വാദിച്ചാലും, പിതാവെന്നല്ല; ദൈവമെന്നാണ് അവടെ പറഞ്ഞിരിക്കുന്നത് എന്നതിനാൽ ദൈവത്തോടു സമനായ മറ്റൊരു ദൈവമെന്നേവരു; അപ്പോഴും രണ്ടു ദൈവമാകും. മൂന്ന്; “ദൈവത്തോടുള്ള സമത്വം” (equal with God) എന്നതിൽ ‘ഓടുള്ള’ (with = meta) ഗ്രീക്കിൽ ഇല്ല; ഇസാ തിയോ (ἴσα Θεῷ = isa Theo) മാത്രമേയുള്ളു. ഇതു പരിഭാഷാ പ്രശ്നമാണ്. ഇസാ (isa) എന്ന ഗ്രീക്കുപദത്തിനു പ്രവൃത്തികളിലെ അതേ (same) എന്ന അർത്ഥം കൊടുത്താൽ (11:7); “അവൻ ദൈവരൂപത്തിൽ ഇരിക്കെ, അതേ അഥവാ ആ ദൈവത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു” എന്നാകും. ദൈവരൂപത്തിലിരുന്നവൻ അഥവാ ഏകസത്യദൈവമായവൻ തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ ഒഴിച്ച് ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി പ്രത്യക്ഷനായതാണ് ഫിലിപ്പിയരിലെ വിഷയം. (1തിമൊ, 3:14-16). ഇവിടെ സമത്വത്തിനു ഉപയോഗിച്ചിരികുന്ന അതെപദം പ്രവൃത്തികളുടെ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. (11:7). (കൂടുതലറിയാൻ കാണുക: ദൈവത്തോടുള്ള സമത്വം)

5. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവ്: ഈ വിശ്വാസപ്രമാണം വിശ്വസിക്കുന്നവർ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവരാണോ? ഈ വിശ്വാസപ്രമാമണത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്; “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നാണ്. ത്രിത്വത്തിൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തിയാണുള്ളത്. പിതാവ് പുത്രനും പരിശുദ്ധാത്മാവുമല്ല; പുത്രൻ പിതാവും പരിശുദ്ധാത്മാവുമല്ല; പരിശുദ്ധാത്മാവ് പിതാവും പുത്രനുമല്ല എന്നതാണ് ഇവരുടെ ഉപദേശം. ആദ്യഭാഗത്ത് ഒന്നാമനായ പിതാവാണ് സകലത്തിൻ്റെയും സ്രഷ്ടാവായ ഏകദൈവമെന്ന് പറഞ്ഞിട്ട്, പിന്നെപ്പറയുന്നു; രണ്ടാമനായ പുത്രനാണ് സകലത്തിൻ്റെയും സ്രഷ്ടാവ്. ശരിക്കും നിങ്ങളുടെ വിശ്വാസപ്രകാരം ആരാണ് സ്രഷ്ടാവ്? ആർക്കറിയാം. സമനിത്യരായ മൂന്നു വ്യക്തിയിൽ മൂന്നാമനായ പരിശുദ്ധാത്മാവിന് സൃഷ്ടിയിൽ പങ്കൊന്നുമില്ലേ? ഇതൊക്കെ ആരോട് ചോദിക്കും! യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുന്നു: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). യഹോവ ഒറ്റയക്കാണ് സകലവും സൃഷ്ടിച്ചതെന്ന് വേറെയും വാക്യങ്ങളുണ്ട്. (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). ത്രിത്വം പഠിപ്പിക്കുന്നത്; മൂന്നു വ്യക്തികൾ മാറിമാറി സൃഷ്ടിച്ചു. ഇത് വിശ്വാസപ്രമാണമല്ല; അവിശ്വാസപ്രമാണമാണ്.

ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു: സത്യദൈവത്തിൽ നിന്നുള്ള സത്യദൈവം ഇപ്പോൾ ഏകകർത്താവായോ? “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (കൊരി, 8:6). “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു പറഞ്ഞശേഷമാണ് “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു” എന്ന് പൗലൊസ് പറഞ്ഞത്. ഏകദൈവത്തിൽ വിശ്വസിക്കാതെ, ദൈവത്തെ ത്രിത്വമാക്കിയിട്ട് ഏകകർത്താവിൽ വിശ്വസിച്ചാൽ മതിയോ? ഈ ഏകകർത്താവാണ് പറഞ്ഞത്; പിതാവ് മാത്രമാണ് ദൈവം (യോഹ, 17:3), അവനെ മാത്രമേ ആരാധിക്കാവു. (മത്താ, 4:10; ലൂക്കൊ, 4:8). അപ്പോൾ ഏകദൈവവും ഏകകർത്താവും രണ്ട് ദൈവമോ രണ്ടു വ്യക്തികളോ ആണോ? അതിൻ്റെ ഉത്തരം അപ്പൊസ്തലനായ തോമാസ് പറയും. അവൻ യേശുവിനോടു: “എൻ്റെ കർത്താവും എൻ്റെ ദൈവവുമായുള്ളോവേ.” (യോഹ, 20:28). ഏകസത്യദൈവമാണ് കർത്താവായ ക്രിസ്തുവായി ലോകത്തിൽ വെളിപ്പെട്ട് ക്രൂശിൽ മരിച്ചുയിർത്ത് പാപപരിഹാരം വരുത്തിയത്. (ലൂക്കൊ, 1:68; 2:11; 1തിമൊ, 2:5,6; 3:14-16). ദൈവത്തെയോ ദൈവത്തിൻ്റെ പ്രത്യക്ഷതായായ ക്രിസ്തുവിനെയോ അറിയാത്തതാണ് ത്രിത്വവിശ്വാസികളൂടെ പ്രശ്നം. “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19).

6. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു.

അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി: “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13; 6:38). ഇതാണ് ആ വാക്യം. ഈ വാക്യം ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയെ കുറിക്കുന്ന വാക്യമാണ്. (1തിമൊ, 3:14-16). സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവൻ തന്നെയാണ് മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടത്. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). 

ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിന് പ്രത്യക്ഷനാകാനല്ലാതെ അവതാരമെടുക്കാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). പ്രത്യക്ഷതയെന്നല്ലാതെ അവതാരമെന്നൊരു വാക്കോ ആശയമോ ബൈബിളിലില്ല. “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു” എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗം മാത്രമാണ്. “പിതാക്കന്മാർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 6:31). ആ സ്വർഗ്ഗത്തിൽനിന്നു ദൈവം ഇട്ടുകൊടുത്തതല്ലല്ലോ? “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു” എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറയുന്നു. (യോഹ, 6:58). അക്ഷരാർത്ഥത്തിൽ യേശു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നതാണെന്നു മനസ്സിലാക്കിയാൽ അവൻ മനുഷ്യനായിരുന്നില്ല; അപ്പമായിരുന്നു എന്നും മനസ്സിലാക്കണ്ടേ? “സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല” എന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞു. (യോഹ, 3:27). ദൈവം മനുഷ്യർക്ക് സ്വർഗ്ഗത്തിൽനിന്ന് ഓരോന്ന് ഇട്ടുകൊടുക്കുകയാണെന്ന് ആരെങ്കിലും പറരുമോ? “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 1 4:14). അതുപോലെ, “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു” എന്നു സ്നാപകനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. (യോഹ, 1:6). യേശു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെങ്കിൽ യോഹന്നാനും ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നതാണെന്ന് മനസ്സിലാക്കണ്ടേ? യോഹന്നാൻ മാത്രമല്ല, എല്ലാ പ്രവാചകന്മാരെയും ദൈവം അയച്ചതാണ്; അവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തുമായി ഉണ്ടായിരുന്നവരാണെന്ന് ആരും വിശ്വസിക്കുന്നില്ല. 

എന്നാൽ വസ്തുത എന്താണ്: മറിയയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് യേശുവെന്ന് പേരുള്ളൊരു മനുഷ്യനോ, ക്രിസ്തുവോ, ദൈവപുത്രനോ ഇല്ലായിരുന്നു. അവൻ്റെ ജനനത്തിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പു മാത്രമാണ് യേശുവെന്ന പേർപോലും ദൈവം വെളിപ്പെടുത്തിയത്. കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന പാപമറിയാത്ത മനുഷ്യൻ (ലൂക്കൊ, 2:52; 2കൊരി, 5:21), യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അഭിഷിക്തൻ അഥവാ ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). അനന്തരം “ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ, 1:17). മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ ദൈവം ജഡത്തിൽ വെളിപ്പെടുകയായിരുന്നു. (1തിമൊ, 3:14-16). മുമ്പെ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്; അവൻ വെളിപ്പെട്ടത് അന്ത്യകാലത്താണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. (1പത്രൊ, 1:20). ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായ മനുഷ്യൻ പ്രത്യക്ഷതയ്ക്ക് മുമ്പേ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ എന്തബദ്ധമാണ്. ഉദാ: മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായി ആറേഴുനാഴിക അവൻ്റെകൂടെ ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിച്ച് അവനെ അനുഗ്രഹിച്ച് മടങ്ങിപ്പോയ ദൈവത്തിൻ്റെ പ്രത്യക്ഷതയായ യഹോവയെന്ന മനുഷ്യൻ മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നതാണെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാൽ അത് വെളിവുകേടല്ലാതെ മറ്റെന്താണ്? അതുപോലെയാണ് യേശുവെന്ന മനുഷ്യൻ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നതാണെന്ന് വിശ്വസിക്കുന്നത്. 

മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു: ദൈവം മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായിത്തീർന്നതല്ല അഥവാ അവതരിക്കുകയല്ല ചെയ്തത്; ജഡത്തിൽ പ്രത്യക്ഷനാകുകയാണ് ചെയ്തത്. “ജഡമായി തീർന്നു” എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്നത്, ദൈവത്തെക്കുറിച്ചല്ല; വചനത്തെക്കുറിച്ചാണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ വചനം അഥവാ ദവാർ ദൈവത്തിൻ്റെ വായിലെ വചനമാണ്. (യെശ, 45:23; 55:11; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). ആ വചനത്താലാണ് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6). ദൈവത്തിൻ്റെ ആ വചനമാണ് ജഡമായിത്തീർന്നത്. (യോഹ, 1:14). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ് “വചനം ജഡമായി” എന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). യേശുവിന് മനുഷ്യസ്വഭാവം മാത്രമല്ല ഉണ്ടായിരുന്നത്; ദേഹവും (1പത്രൊ, 2:24) രക്തവും (യോഹ, 19:34) ദേഹിയും (മത്താ, 26:38) ആത്മാവും (ലൂക്കോ, 23:46) ഉള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. (1കൊരി, 5:21; 2കൊരി, 5:21; 1തിമൊ, 2:6). 

7. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി.

ശരിയാണ്. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). “ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.” (പ്രവൃ, 1:9).

8. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. 

ശരിയാണ്. “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ 17:31). “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” (വെളി, 22:12).

9. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

ശരിയാണ്. പ്രരിശുദ്ധാത്മാവിൽ വിശ്വസിക്കേണ്ടത് ആവശ്യമാണ്. എന്തെന്നാൽ പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയല്ല ദൈവം തന്നെയാണ്. (സങ്കീ, 139:7-10; പ്രവൃ, 5:3-4,9). അഥവാ വ്യക്തികളിൽ ദൈവത്തിൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. (യോഹ, 3:8; പ്രവൃ, 2:2,3). (കാണുക:

10. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും;

ആരെങ്കിലും ക്രിസ്തു ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നു പറഞ്ഞാൽ: ക്രിസ്തു അഥവാ മശീഹ എന്ന പദത്തിന് ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവൻ അഥവാ അഭിഷിക്തൻ എന്നാണർത്ഥം. അഭിഷിക്കൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. യേശുക്രിസ്തു ജഡത്തിൽ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മാത്രമാണ്. ജഡത്തിൽ വെളിപ്പെട്ടു നില്ക്കുന്നവൻ ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത ഒരു മനുഷ്യനാകുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). എന്നാൽ ജഡത്തിൽ വെളിപ്പെട്ടു വന്നവൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ; അവൻ ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം ആയിരുന്നു. (തീത്തൊ, 2:12; എബ്രാ, 13:8). ഒന്നുകൂടി വ്യക്തമാക്കിയാൽ; നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായിരുന്നു. (1തിമൊ, 3:14-16). മനുഷ്യനെന്ന നിലയിൽ അവനൊരു ആരംഭം അഥവാ പ്രത്യക്ഷതയും ഒരവസാനം അഥവാ അപ്രത്യക്ഷത അല്ലെങ്കിൽ സ്വർഗ്ഗാരോഹണവും ഉണ്ട്. ഇത് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. അതിനാൽ അഭിഷിക്തനായ മനുഷ്യന് അഥവാ ക്രിസ്തുവിന് ആരംഭമുണ്ട്. (മത്താ, 1:16; 1:21; ലൂക്കൊ, 1:35; 2:11; റോമ, 9:5; 1തിമൊ, 3:16;  എബ്രാ, 1:2; 1പത്രൊ, 1:20). ഒരവസാനവും ഉണ്ട്. (യോഹ, 20:17). യേശുവെന്ന ക്രിസ്തു അഥവാ അഭിഷിക്തമനുഷ്യൻ ജനനത്തിനു മുമ്പില്ലായിരുന്നു സ്വർഗ്ഗാരോഹണത്തിനു ശേഷവുമില്ല. എന്നേക്കുമിരിക്കുന്നത്; ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു അഥവാ യാഹ്വെ മാത്രം. (തീത്തൊ, 2:12; എബ്രാ, 13:8).

ക്രിസ്തു സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് ഇല്ലായിരുന്നുവെന്നു പറഞ്ഞാൽ: ഈ പ്രയോഗം ശ്രദ്ധിക്കണം; “ക്രിസ്തു സൃഷ്ടിക്കപ്പെടുന്നതിനു മുമ്പു.” അപ്പോൾ ക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് ഇവർതന്നെ സമ്മതിക്കുകയല്ലേ ചെയ്യൂന്നത്? ത്രിത്വത്തെ സംബന്ധിച്ച് ക്രിസ്തു ജഡത്തിലും ദൈവമാണ്. മുകളിൽ ഇവർ പറഞ്ഞത്; “ജനിച്ചവനെങ്കിലും സൃഷ്ടിയല്ലാത്തവൻ” എന്നാണ്. അവിടെ സൃഷ്ടിയല്ലെന്ന് പറഞ്ഞിട്ട് ഇവിടെ സൃഷ്ടിയാണെന്ന് സമ്മതിക്കുന്നു. മഹാദൈവദൈവമായ യേശുക്രിസ്തുവിന് ഒരപ്പനുണ്ടെന്ന് പഠിപ്പിച്ച അഥവാ അവനൊരു സൃഷ്ടിയാണെന്ന് പഠിപ്പിച്ച പൈശാചിക ഉപദേശമാണ് ത്രിത്വം. സൃഷ്ടിക്കപ്പെട്ടു എന്നു സമ്മതിക്കുക; എന്നിട്ട് സൃഷ്ടിക്കപ്പെടുന്നതിന് മുമ്പെ ഉണ്ടായിരുന്നു എന്നുകൂടി പഠിപ്പിക്കുക. ഒറ്റവാക്കിൽ പറഞ്ഞാൽ; ആടിനെ പട്ടിയാക്കുന്ന തലതിരിഞ്ഞ അവിശ്വാസപ്രമാണമാണിത്.

ക്രിസ്തു ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞാൽ: ക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നും സൃഷ്ടിക്കപ്പെട്ടവനാണെന്നും നിങ്ങൾതന്ന സമ്മതിക്കുന്നു. ജനിപ്പിക്കപ്പെട്ടവനായാലും സൃഷ്ടിക്കപ്പെട്ടവനായാലും ഒരു ആരംഭമുണ്ടെല്ലോ. ഉത്ഭവിച്ചവൻ ഉത്ഭവത്തിനുമുമ്പെ എങ്ങനെയുണ്ടാകും? അല്ഫയും ഒമേഗയും (വെളി, 21:6) ആദിയും അന്തവും (21:6) ആദ്യനും അന്ത്യനും (1:17) ഒന്നാമനും ഒടുക്കത്തവനും (22:13) ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനെന്നും (എബ്രാ, 13:8) ബൈബിൾ വിശേഷിപ്പിക്കുന്നവനെയാണ് നിങ്ങൾ സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്നു ജനിച്ചവനെന്നും സൃഷ്ടിയാണെന്നുമൊക്കെ പഠിപ്പിക്കുന്നതും. ബൈബിളുമായി പുലബന്ധം പോലുമുള്ള ഉപദേശമല്ല ത്രിത്വവും നിങ്ങളുടെ ഈ അവിശ്വാസപ്രമാണവും. 

11. വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറം തള്ളുന്നു.

വേറൊരു സത്തയുള്ളവനാണെന്നു പറഞ്ഞാൽ: ദൈവം ഏകനാണ് (മർക്കൊ, 12:29), ദൈവം ഒരുവനാണ് (എഫെ,4:6), ദൈവം ഒരുത്തൻ മാത്രമാണ് (2രാജാ, 19:19) എന്നൊക്കെ ബൈബിൾ നൂറുകണക്കിനു വാക്യങ്ങളിൽ പറഞ്ഞിരിക്കെ, സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികളാണെന്നു പഠിപ്പിച്ചതാരാണ്? “ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30), “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ” “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9) എന്നൊക്കെ യേശുതന്നെ പറഞ്ഞിട്ടും; പിതാവല്ല പുത്രനെന്ന് പഠിപ്പിച്ചതാരാണ്? പിതാവല്ല പുത്രനെങ്കിൽ, പുത്രൻ വേറൊരു സത്തയുള്ളവനാണെന്ന് പഠിപ്പിച്ചത് നിങ്ങൾ തന്നെയാണ്. 

സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറംതള്ളുന്നു: സർവ്വലോകങ്ങൾക്കുമുമ്പെ പുത്രൻ പിതാവിൽനിന്നു ജനിച്ചവനാണെന്നും, പുത്രൻ സൃഷ്ടിയാണെന്നും, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവം അവതരിച്ചുവെന്ന് പഠിക്കുകയും ചെയ്ത നിങ്ങൾതന്നെയാണ് ശപിക്കപ്പെട്ടവർ. ഈ അവിശ്വാസപ്രമാണം ഉണ്ടാക്കിയവരും അത് വിശ്വസിക്കുന്നവരും ക്രിസ്തുവിൻ്റെ ശരീരമായ ദൈവത്തിൻ്റെ സഭയിൽനിന്ന് എന്നേ പുറംതള്ളപ്പെട്ടവരാണ്. 

ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; ഏകസത്യദൈവത്തെ കുറിച്ചാണ് പഴയപുതിയനിയമങ്ങൾ പഠിപ്പിക്കുന്നത്. യഹോവയ്ക്കോ (യെശ, 44:8) യിസ്രായേലിനോ (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവിനോ (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാർക്കോ (1കൊരി, 8:6) മറ്റൊരു ദൈവവ്യക്തിയെ അറിയില്ലായിരുന്നു. നാലാം നൂറ്റാണ്ടുവരെ ത്രിത്വമെന്ന ഉപദേശം സഭയ്ക്കകത്തില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം സംവാദം നടത്തി ഇങ്ങനെയൊരു അവിശ്വാസപ്രമാണം സഭയുടെമേൽ അടിച്ചേല്പിക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. ആയതിനാൽ ഇത് വിശ്വാസപ്രമാണമല്ല; വിശ്വസിക്കാൻ കൊള്ളാത്ത പ്രമാണമാണെന്ന് മനസ്സിലാക്കാം. (ത്രിത്വം നാലാം നൂറ്റാണ്ടിൽ മാത്രം ഉരുത്തിരിഞ്ഞ ഉപദേശമാണെന്നതിൻ്റെ ചരിത്രത്തെളിവുകൾ കാണാൻ: ത്രിത്വം, നാലാം നൂറ്റാണ്ടിലെ നവീനോപദേശം)

അനുബന്ധം: ആദ്യനും അന്ത്യനും ഇന്നലെയുമിന്നുമെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ച വ്യക്തിയാണെന്നും ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പഠിപ്പിക്കുകയും ചെയ്ത നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസുകളുടെ മാരണ ഉപദേശമാണ് ക്രൈസ്തവസഭയിലെ സകല ദുരുപദേശങ്ങൾക്കും ബീജാവാപം ചെയ്തത്. സഭാപിതാക്കന്മാരുടെ ഉപദേശമെന്ന് പറഞ്ഞുകൊണ്ടാണ് കത്തോലിക്കാ, പെന്തെക്കൊസ്തു, ബ്രദറുകാർ ഈ ഉപദേശത്തെ വിശ്വസിക്കുന്നത്. ഈ ദുരുപദേശത്തിൻ്റെ ഉപജ്ഞാതാക്കളാണ് സഭയുടെ പിതാക്കന്മാരെങ്കിൽ, ഏകദൈവത്തെക്കുറിച്ച് പഠിപ്പിച്ച അപ്പൊസ്തലന്മാർ നിങ്ങൾക്ക് ആരായിട്ടുവരും? യഹോവ ഒരുത്തൻ മാത്രം ദൈവം, മറ്റൊരുത്തനുമില്ലെന്ന് പഠിപ്പിച്ച പഴയനിയമ ഭക്തന്മാരുമായി നിങ്ങൾക്കെന്താണ് ബന്ധം? ഞാനല്ലാതെ മറ്റൊരു ദൈവമില്ല; എനിക്കു സമനായും സദൃശനായും മറ്റൊരുത്തനുമില്ല; എനിക്ക് മുമ്പോപിമ്പോ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറികയുമില്ലെന്ന് അരുളിച്ചെയ്ത യഹോവ നിങ്ങൾക്കാരാണ്? സത്യത്തിനു സാക്ഷിനില്ക്കാൻ ജനിച്ച, ഏകസത്യദൈവത്തെക്കുറിച്ച് പഠിപ്പിച്ച ദൈവത്തിൻ്റെ ക്രിസ്തുവുമായി നിങ്ങൾക്കെന്താണ് ബന്ധം? പൗലൊസിൻ്റെ ആശങ്കപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ വേറൊരു സുവിശേഷമാണ് നിഖ്യായിലെ അവിശ്വാസപ്രമാണം.

ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ, പിതാവായ ദൈവം (യോഹ, 6:27), പിതാവായ ഏകദൈവം (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നിത്യാദി പ്രയോഗങ്ങൾ അബദ്ധവും ബൈബിൾ പരസ്പരവിരുദ്ധവുമാകും. അതാണ് നിഖ്യാസുന്നഹദോസിലൂടെ ഉപായിയായ സർപ്പം ലക്ഷ്യംവെച്ചതും. 

കത്തോലിക്കാ ദൈവവും പ്രൊട്ടസ്റ്റന്റ് ദൈവവും: കത്തോലിക്കരുടെ ദൈവവിശ്വാസവും പ്രട്ടസ്റ്റൻ്റ് ദൈവവിശ്വാസവും തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ട്: കത്തോലിക്കരുടെ ദൈവത്തിന് അപ്പനുമമ്മയും ഉണ്ട്; പ്രൊട്ടസ്റ്റൻ്റ് ദൈവത്തിന് അമ്മയില്ല; അപ്പൻ മാത്രമേയുള്ളു. കന്യകയായ മറിയയിലൂടെ ജഡത്തിൽ വെളിപ്പെട്ട പാപമറിയാത്ത മനുഷ്യൻ മാത്രമായ യേശു, ജഡത്തിലും ദൈവമായിരുന്നെന്ന് രണ്ടുകൂട്ടരും വിശ്വസിക്കുന്നു. അതിനാൽ കത്തോലിക്കർ യേശുവിനെ പ്രസവിച്ച മറിയ ദൈവമാതാവാണെന്ന് വിശ്വസിക്കുന്നു. യേശു ജഡത്തിലും ദൈവമാണെന്ന് വിശ്വസിക്കുന്ന പ്രട്ടസ്റ്റൻ്റുകാർ, ദൈവത്തെ പ്രസവിച്ച മറിയയെ കേവലം മനുഷ്യസ്ത്രീയായി കണക്കാക്കുന്നു. രണ്ടുകൂട്ടരുടെയും ദുരുപദേശമാണെങ്കിലും; അതിൽത്തന്നെ പ്രൊട്ടസ്റ്റൻ്റുകാർ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ജഡത്തിൽ ദൈവമാണെന്നു വിശ്വസിച്ചാലുമില്ലെങ്കിലും അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല. (ലൂക്കൊ, 7:28). എങ്കിലും ഒമ്പതു മാസവും ഒമ്പതു ദിവസവും തൻ്റെ ഉദരത്തിൽ ചുമക്കുകയും ഏതൊരു സ്ത്രീയെപ്പോലെയും അതിവേദനയോടെ മറിയ പ്രസവിക്കുകയും ചെയ്ത മകനാണ് യേശു. പതിനേഴോളം പ്രാവശ്യം മറിയയുടെ മകനായി യേശുവിനെ പറഞ്ഞിട്ടുമുണ്ട്. അതിനാൽ, ജഡത്തിലും യേശു ദൈവമാണെന്ന് വിശ്വസിക്കുന്ന നിങ്ങൾ മറിയയെ ദൈവമാതാവായി അംഗീകരിച്ചില്ലെങ്കിലും, സഹരക്ഷകയായിട്ടോ, മദ്ധ്യസ്ഥയായിട്ടോ എങ്കിലും അംഗീകരിക്കേണ്ടത് ആവശ്യമാണ്; എന്തെന്നാൽ നിങ്ങളുടെ വിശ്വാസപ്രകാരം അവൾ ദൈവത്തെ പ്രസവിച്ചവളാണ്.

എന്നാൽ വസ്തുതയെന്താണ്: മറിയ പ്രസവിച്ച യേശു തൻ്റെ ജനനത്തിൽ ദൈവമായിരുന്നില്ല എന്നു മാത്രമല്ല; ദൈവപുത്രനോ, ക്രിസ്തുവോ പോലും അല്ലായിരുന്നു; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 3:14-16). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ ഏകദേശം മുപ്പതു വർഷങ്ങൾക്കുശേഷം ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). അനന്തരം “അത്യുന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രനെന്ന് വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ, 3:17). 

മനുഷ്യരുടെ പാപപരാഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ക്രൂശിനേല്പിച്ച ക്രിസ്തുയേശു എന്ന മനുഷ്യന് ഒരു പിതാവ് മാത്രമല്ല; ഒരു ദൈവവും ഉണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1കൊരി, 15:21; 1തിമൊ, 2:5,6). പിതാവിനെ, “എൻ്റെ ദൈവം” എന്ന് ക്രിസ്തുവും (യോഹ, 20:17); “യേശുക്രിസ്തുവിൻ്റെ ദൈവം” എന്നു അപ്പൊസ്തലന്മാരും സംബോധന ചെയ്തിട്ടുണ്ട്. (2കൊരി, 11:31; എഫെ, 1:3; 1:17). അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിന് ഒരു പിതാവുണ്ടെന്ന് വിശ്വസിക്കുന്ന നിങ്ങൾക്ക് ക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? യേശു ജഡത്തിലും ദൈവമാണെങ്കിൽ, ഒരു ദൈവമുള്ള യേശുവിനെ ഏത് വകയിലാണ് സർവ്വശക്തിയുള്ള ദൈവമായി നിങ്ങൾ വിശ്വസിക്കുന്നത്? ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു വിശ്വസിക്കുന്ന വെളിവുകെട്ട ഉപദേശമാണ് ത്രിത്വം. യേശുക്രിസ്തുവെന്ന മഹാദൈവത്തെയും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനെയും വേർതിരിച്ചറിയാൻ കഴിയാത്തതിൻ്റെ കുഴപ്പമാണ് നിങ്ങൾക്ക്. നിങ്ങൾ ത്രിമൂർത്തി വിശ്വാസം ത്യജിച്ചുകളായാതെ, ഏകസത്യദൈവമായ യേശുക്രിസ്തുവിനെ അറിയാനോ അംഗീകരിക്കാനോ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല.

ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; വിഗ്രഹാരാധകരുടെ (pagan) ഉപദേശമായിരുന്നു. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലൂടെ ഉപായിയായ സർപ്പം അത് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയായിരുന്നു. ക്രിസ്തുവിനു മുമ്പുതന്നെ എല്ലാ പ്രാചീന മതങ്ങളിലും ത്രിത്വം ഉണ്ടായിരുന്നു. സുമേരിയരുടെയും ബാബിലോണിയരുടെയും മിസ്രയീമ്യരുടെയും ഗ്രേക്കരുടെയും റോമാക്കാരുടെയും ഫിനിഷ്യരുടെയും ഇന്ത്യക്കാരുടെയും പ്രധാന ദൈവസങ്കല്പം ത്രിത്വമായിരുന്നു. പുറംജാതികളുടെ സങ്കല്പം അഥവാ കെട്ടുകഥ നാലാം നൂറ്റാണ്ടിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ നാമധാരികൾ കടമെടുത്ത് വസ്തുതയായിട്ട് അംഗീകരിക്കുകയായിരുന്നു. (കാണുക: ത്രിത്വം, പേഗൻ സിദ്ധാന്തം). 

ബൈബിളിലെ ദൈവം സത്യേകദൈവമാണ്. നൂറ്റമ്പതോളം വാക്യങ്ങൾ അതിനാധാരമായുണ്ട്. “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല” എന്നും (യെശ, 43:10), “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു. (യെശ, 44:8). “നിൻ്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു” (മത്താ, 4:10 ലൂക്കൊ, 4:8), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് മനുഷ്യനായിരുന്ന ദൈവത്തിൻ്റെ ക്രിസ്തുവാണ്. പഴയനിയമത്തിൽ ഒറ്റയെന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘യാഖീദ്’ (only/alone – yachiyd) എന്ന പദത്തിനു തുല്യമായ പുതിയനിയമത്തിലെ പദമാണ് ‘മോണോസ്’ (only/alone – monos). മോണോസും കേവലമായ ഒന്നിനെയാണ് വിവക്ഷിക്കുന്നത്. ആ പദമുപയോഗിച്ചാണ്, പിതാവു മാത്രം സത്യദൈവം, അവനെ മാത്രമേ ആരാധിക്കാവു എന്നൊക്കെ ക്രിസ്തു പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെയും അവൻ്റെ ക്രിസ്തുവിൻ്റെയും വാക്കുപോലും വിശ്വസിക്കാത്തവർ വീണ്ടുംജനിച്ചവരാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ത്രിത്വത്തിന് ബൈബിളിൽ ഒരു തെളിവുമില്ല. ദൈവം ത്രിയേകൻ ആണെന്ന് പറയുന്നവരോട് ബൈബിളിൽനിന്ന് അതൊന്ന് കാണിക്കാൻ പറഞ്ഞാൽ; മുഹമ്മദീയർ ബൈബിളിൽ മുഹമ്മദിനെ തപ്പുന്നതുപോലെ: നാം നമ്മുടെ സ്വരൂപത്തിലെന്നു പറഞ്ഞിരിക്കുന്നു; വരുവിൻ നാം ഇറങ്ങിച്ചെല്ലാം എന്ന് ദൈവം ബഹുവചനം പറയുന്നു; അബ്രാഹാമിൻ്റെ അടുക്കൽ മൂന്നുപേർ വന്നു; പരിശുദ്ധൻ എന്ന് മൂന്നു പ്രാവശ്യം പറഞ്ഞിരിക്കുന്നു; ഞാൻ ഏകനല്ലെന്നു യേശു പറഞ്ഞു എന്നിങ്ങനെയുള്ള ബാലിശമായ കാര്യങ്ങളാണ് എടുത്തുകാണിക്കുന്നത്. ആധുനിക ത്രിത്വപണ്ഡിതന്മാരുടെ മാത്രം കാര്യമല്ലിത്. ത്രിത്വം തെളിയിക്കാൻ ഒരു മാർഗ്ഗവും ഇല്ലാഞ്ഞിട്ട് പെന്തെക്കൊസ്ത് ബ്രദ്റൻ സഭാസ്ഥാപകന്മാർ പുറംജാതി വിശ്വാസം കൊണ്ടാണ് പലപ്പോഴും ത്രിത്വം തെളിയിച്ചിരുന്നത്. കെ.ഇ. എബ്രാഹാം സാറും കെ.വി. സൈമൻ സാറുമൊക്കെ അതാണ് ചെയ്തിട്ടുള്ളത്. “മൂന്നു ശിരസ്സുകളുള്ള അസ്സീറിയായിലെ ത്രിയേകദൈവത്തോടും; മൂന്നു തലകളുള്ള ഹൈന്ദവ ത്രിത്വത്തോടും; മൂന്നു തലകളുള്ള ബുദ്ധൻ്റെ പ്രതിമയോടും ബൈബിളിലെ സത്യേകദൈവത്തെ സാദൃശ്യപ്പെടുത്തിയിട്ടുള്ള ആളാണ് കെ.ഇ. എബ്രഹാം.”

കെ.വി. സൈമൻ സാറും ഒട്ടും മോശമല്ലായിരുന്നു: “വിഷ്ണുവും ശിവനും അന്യോന്യം സംയോജിച്ചതിൻ്റെ ഫലമായി ഹരിഹരസുതൻ എന്നുപേരുള്ള ഒരു ദേവൻ ആവിർഭവിച്ചതായി പറയപെടുന്നുണ്ട്. ആദിയിൽ ദൈവപുത്രൻ ഉത്ഭവിച്ചു എന്നുള്ളതിനെ മങ്ങലായി കാണിക്കുന്ന കാഴ്ചയായിരിക്കാമിത്. (ത്രിത്വപ്രബോധിക, ഹിന്ദുമതവും ത്രിമൂർത്തിത്വവും; അദ്ധ്യായം 14 പേജ് 279-280).

ഹരിഹരസുതൻ ആരാണ്? അവൻ്റെ ജനനമെങ്ങനെയാണ്? എന്നൊക്കെ വിശദമായി അറിയുമ്പോഴാണ് താൻകണ്ട മങ്ങിയകാഴ്ച എത്ര മ്ലേച്ഛമായിരുന്നെന്ന് മനസ്സിലാകുന്നത്: ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരാണ് ഹൈന്ദവരുടെ ത്രിമൂർത്തികൾ. സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ദേവന്മാരാണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ദേവന്മാർ. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായി കരുതുന്ന വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ നിന്ന് ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽ (പുരികത്തിന്‍റെ നടുഭാഗം) നിന്ന് പരമശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. അതിൽ വിഷ്ണു, ശിവൻ സംയോജിച്ചുണ്ടായതാണ് ഹരിഹരസുതൻ. ഹരിഹരസുതൻ അയ്യപ്പനാണ്. അയ്യപ്പൻ്റെ മറ്റു നാമങ്ങളാണ്; ശാസ്താവ്, ശ്രീഭുതനാഥന്‍, മണികണ്ഠന്‍, ധര്‍മ്മശാസ്താവ്, സ്വാമി അയ്യപ്പന്‍, ശ്രീ ശബരീശൻ തുടങ്ങിയവ. പാലഴികടഞ്ഞപ്പോള്‍ ഉത്ഭവിച്ച അമൃതിനെ അസൂരന്മാരിൽ നിന്നും കൈക്കലാക്കുവാൻ വിഷ്ണു അതിസുന്ദരിയായ മോഹിനീരൂപം സ്വീകരിച്ചു അസുരന്മാരെ മോഹിപ്പിച്ച ദേവി അമൃതകലശം വീണ്ടെടുത്തു. മോഹിനിയുടെ പ്രവൃത്തികള്‍കണ്ടു വിസ്മിതനായ നാരദമഹര്‍ഷി കൈലാസത്തിലെത്തി ശിവനെ വിവരങ്ങൾ അറിയിച്ചു. വിഷ്ണുവിന്റെ മോഹിനീവേഷം കാണാനാഗ്രഹിച്ച ശിവൻ വൈകുണ്ഠത്തിലെത്തി. കാമേശ്വരനായ ശിവനുവേണ്ടി വീണ്ടും മോഹിനിവേഷം ധരിച്ച വിഷ്ണുവിനോട് ശിവന് തോന്നിയ മോഹത്താൽ അവർ തമ്മിൽ സംയോജിച്ചുണ്ടായ മകനാണ് ഹരിഹരപുത്രൻ. (വിശദമായി അറിയാൻ കാണുക: ഹരിഹരപുത്രൻ)

ഇത്രയ്ക്ക് മ്ലേച്ഛമായൊരു സങ്കല്പമാണ് ദൈവപുത്രൻ ജനിച്ചതിൻ്റെ മങ്ങിയ കാഴ്ചയായി സാറ് കണ്ടത്. സത്യത്തിൽ ഹരിഹരപുത്രനോടു സാദൃശ്യപ്പെടുത്തി എന്നതിനെക്കാൾ ഹീനമായ കാര്യമായി ഞാൻ കാണുന്നത്; “ആദിയിൽ ദൈവപുത്രൻ ഉത്ഭവിച്ചു എന്നതിനെ മങ്ങലായി കാണിക്കുന്നു” എന്ന പ്രയോഗമാണ്. ഏത് ദൈവപുത്രനാണ് ആദിയുലുത്ഭവിച്ചത്? ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനുമായ മഹാദൈവത്തിന് ഉത്ഭവമോ? ഏത് ബൈബിളാണ് സാറ് വായിക്കുകയും പഠിക്കുകയും ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മനുഷ്യൻ്റെ പാപപരിഹാരത്തോടുള്ള ബന്ധത്തിൽ ബി.സി. 6 മുതൽ എ.ഡി. 33 വരെയുള്ള കാലയളവിൽ, ജനിച്ചുജീവിച്ചു മരിച്ചുയുർത്ത് സ്വർഗ്ഗാരോഹണം ചെയ്തത് ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു. (1തിമൊ, 3:14-16). അത് ആദിയിലല്ല; കാലസമ്പൂർണ്ണതയിലാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സ്ത്രീയിൽനിന്നു ജനിച്ചത്. (ഗലാ, 4:4). ദൈവം മനുഷ്യനല്ലെന്നോ (സംഖ്യാ, 23:23) ദൈവത്തിനു പ്രത്യക്ഷനാകാനല്ലാതെ, മനുഷ്യനായി അവതരിക്കാൻ കഴിയില്ലെന്നോപോലും പലർക്കുമറിയില്ല. (യക്കോ, 1:17; മലാ, 3:6). കാലസമ്പൂർണ്ണതയിൽ ജനിച്ചത് ദൈവമല്ല; ദാവീദിൻ്റെ സന്തതിയായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തത് മനുഷ്യനാണ്. (1കൊരി, 15:3,4; 21; 1തിമൊ, 2:6; 3:16). പിന്നെ, ആദിയിൽ ജനിച്ചതാരാണ്? യേശുക്രിസ്തുവെന്ന മഹാദൈവമോ? ബൈബിളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ? യേശു, സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്നു ജനിച്ചുതാണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുന്നഹദോസാണ്. യേശുക്രിസ്തു പിതാവിൽനിന്ന് ജനിച്ചവനാണെങ്കിൽ, അവനെങ്ങനെ ദൈവമാകും? ജനിപ്പിച്ച ദൈവവും ജനിച്ചദൈവവും എന്നിങ്ങനെ രണ്ട് ദൈവമുണ്ടോ? ഇനി, രണ്ടു ദൈവമുണ്ടെന്ന് സമ്മതിച്ചാൽത്തന്നെ ജനിപ്പിച്ച ദൈവത്തോട് ജനിച്ചദൈവം എങ്ങനെ തുല്യനാകും? ജനിച്ച ദൈവം ഒരു കുട്ടിദൈവമാണെന്നല്ലാതെ, സർവ്വശക്തിയുള്ള ദൈവമാണെന്ന് പറയാൻ കഴിയുമോ? യേശു ഒരു കുട്ടിദൈവമാണെന്ന് പറഞ്ഞാൽപ്പോലും ബൈബിൾ വിരുദ്ധമാണ്. “എനിക്ക് മുമ്പോ പിമ്പോ മറ്റൊരു ദൈവമില്ല; ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറിയുന്നില്ല” എന്നാണ് യഹോവ പറഞ്ഞിരിക്കുന്നത്. (യെശ, 43:10; 44:8). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). യഹോവ തന്നെയാണ് യേശുക്രിസ്തുവെന്ന് തിരിച്ചറിയാത്ത നിഖ്യായിലെ അവിശ്വാസപ്രമാണവും ത്രിമൂർത്തിവിശ്വാസവും ബൈബിളിലുള്ളതല്ല; ഉപായിയായ പഴയപാമ്പ് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയതാണ്.

നിഖ്യായിലെ അവിശ്വാസപ്രമാണം ഉരുത്തിരിഞ്ഞ വഴി: ദൈവം ഏകനാണെന്ന് പിശാചിനറിയാം; അവനത് വിശ്വസിക്കുകയും വിറെക്കുകയും ചെയ്യുന്നവനാണ്. (യാക്കോ, 2:19). എന്നാൽ കുലപാതകനും ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനുമായ പിശാച്, വിശ്വാസികളെ വഞ്ചിക്കാൻ കോൺസ്റ്റൻ്റയിൻ ചക്രവർത്തിയിലൂടെ സഭയ്ക്കകത്ത് നുഴഞ്ഞുകയറി. (യോഹ, 8;44). അതിൻ്റെ ഫലമാണ് നിഖ്യായിലെ സുന്നഹദോസും അതിൽ ഉരുത്തിരിഞ്ഞ വിശ്വാസപ്രമാണവും. കോൺസ്റ്റൻ്റൈൻ വീണ്ടുജനിച്ചിട്ട് ക്രിസ്ത്യാനിയായ മനുഷ്യനൊന്നുമല്ല; അവൻ ക്രിസ്ത്യാനിയായതിനു പിന്നിലെ ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതാണ്. അപ്പൊസ്തലനായ പൗലൊസ് കൊരിന്ത്യലേഖനത്തിൽ ക്രിസ്തുവും സഭയുമായുള്ള ബന്ധം വെളിപ്പെടുത്തിയശേഷം, സഭയെക്കുറിച്ചുള്ള തന്റെ ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്: “ഞാൻ നിങ്ങളെക്കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക പുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2കൊരി, 11:2,3). പൗലൊസിന്റെ ഈ ഭയം അസ്ഥാനത്തായിരുന്നില്ല. താനിതെഴുതുന്നത് ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലായിരുന്നു മൂന്നാം നൂറ്റാണ്ടുവരെ സഭ ഏകദേശം അതിന്റെ പരിപക്വതയിൽ തന്നെയായിരുന്നു. വെളിപ്പാടു പുസ്തകത്തിലെ രണ്ടാമത്തെ സഭയായ സ്മുർന്ന സഭയോട്; “പത്തുദിവസം നിനക്കു ഉപദ്രവം ഉണ്ടാകും” എന്ന് കർത്താവ് ദൂത് പറഞ്ഞിരുന്നു. (വെളി, 2:10). ഇത് റോമൻ ചക്രവർത്തി ‘നീറോ’ (54-68) മുതൽ ‘ഡയോക്ളീഷൻ’ (284-305) വരെയുള്ളവരുടെ കാലത്ത് സഭ നേരിട്ട കഠിനമായ പീഡകളെ കുറിക്കുന്നതായി കരുതപ്പെടുന്നു. അപ്പൊസ്തലന്മാരും, സ്മുർന്നയിലെ പോളികാർപ്പും, ജസ്റ്റിൻ മർട്ടയർ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു വിശുദ്ധന്മാർ അക്കാലത്ത് രക്തസാക്ഷികളാക്കപ്പെട്ടു. വിശുദ്ധന്മാർ ശിരച്ഛേദം ചെയ്യപ്പെടുകയും, ക്രൂശിൽ തറക്കപ്പെടുകയും, തീയിലേക്ക് എറിയപ്പെടുകയും, തീപ്പന്തങ്ങളായി കത്തപ്പെടുകയും, വന്യമൃഗങ്ങൾക്ക് ആഹാരമാകുകയും, ഈർച്ചവാളാൽ അറുക്കപ്പെടുകയും ചെയ്തുവെങ്കിലും സഭ പൂർവ്വാധികം ശക്തിപ്രാപിക്കുകയാണ് ചെയ്തത്. ക്രിസ്തുവിന്റെ രക്തത്താൽ സ്ഥാപിതമായ സഭ വിശുദ്ധന്മാരുടെ രക്തത്താൽ കൂടുതൽ കൂടുതൽ പരിപോഷിപ്പിക്കപ്പെടുകയായിരുന്നു പീഡകളിലൂടെ സഭയെ തകർക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ സാത്താൻ, അപ്പൊസ്തലൻ ആശങ്കപ്പെട്ടതുപോലെ ഹവ്വയെ വഞ്ചിച്ച അതേ ഉപായം പുറത്തെടുത്തു. “പീഡിപ്പിക്കുന്നതിനു പകരം സഭയോടു സമരസപ്പെട്ടുകൊണ്ടു നാമാവശേഷമാക്കുക” എന്ന തന്ത്രം സ്വീകരിച്ചു. കോൺസ്റ്റന്റയിൻ ചക്രവർത്തിയെയാണ് (306-337) അതിനായി ഉപയോഗിച്ചത്. ചക്രവർത്തി അധികാരത്തിലേറി അധികം കഴിയുംമുമ്പേ കിഴക്കൻ പ്രവിശ്യ ഭരിക്കുന്ന മാക്സെന്റിയസ് ചക്രവർത്തിയുമായി (306-312) ഒരു യുദ്ധം അനിവാര്യമായിവന്നു. എ.ഡി. 312-ൽ നടന്ന ‘മിൽവിയൻ യുദ്ധം’ (Battle of Milvian Bridge) എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ ശത്രുവിനോടു എതിർക്കുവാൻ മതിയായ ശേഷിയില്ലാതിരുന്ന കോൺസ്റ്റന്റയിൻ ആകാശത്തേക്ക് നോക്കിയപ്പോൾ, ‘പ്രകാശിക്കുന്ന ഒരു കുരിശു ചിഹ്നം കാണുകയും, ഒപ്പം ഈ ചിഹ്നത്തോടു കൂടി പടവെട്ടി ജയിക്കുക’ എന്നു ഗ്രീക്കു ഭാഷയിൽ “Ev Tobu Nika” (in this sign, conquer) എഴുതിയിരിക്കുന്നതായി കാണുകയും ചെയ്തു. ചക്രവർത്തിയുടെ കല്പനപ്രകാരം പടയാളികളുടെ പരിചകളിലൊക്കെയും ‘കുരിശുചിഹ്നം’ വെച്ച് യുദ്ധം ചെയ്തതിന്റെ ഫലമായി ശത്രുക്കളെ ഉന്മൂലനാശം വരുത്തി യുദ്ധത്തിൽ വിജയം വരിക്കുവാൻ ഇടയായി. (Eusebius, Life of Constantine). തുടർന്ന് എ.ഡി. 313 ഫെബ്രുവരിയിൽ ‘മിലൻ’ എന്ന സ്ഥലത്തുവെച്ച് ചെയ്ത ഒരു കരാർ പ്രകാരം (The Edict of Milan) ക്രിസ്ത്യാനികൾക്ക് സ്വാതന്ത്ര്യം അനുവദിച്ചു. (Frend, W.H.C. The Early Church SPCK 1965, p. 137). എ.ഡി. 316-ൽ കോൺസ്റ്റന്റയിൻ ക്രിസ്ത്യാനിയാകുകയും ചെയ്തതോടെ ക്രൈസ്തവസഭ രാജകീയമതമായി ഉയർത്തപ്പെട്ടു. ചക്രവർത്തി ക്രിസ്ത്യാനി ആയതോടുകൂടി പ്രജകളെല്ലാം ക്രിസ്ത്യാനികളാകുവാൻ നിർബന്ധിതരായി. ക്രിസ്ത്യാനിയാകുന്നവർക്ക് സ്വർണ്ണനാണയവും വെള്ളയുടുപ്പും സമ്മാനം നൽകുകയും ചെയ്തിരുന്നു. അങ്ങനെ മനഃപരിവർത്തനം കൂടാതെ കൂട്ടത്തോടെ മതപരിവർത്തനത്തിനു വധേയരായതോടുകൂടി സകല അഴുക്കും ദൈവസഭയ്ക്കകത്തേക്ക് കടന്നുവന്നു. അതോടുകൂടി വിശുദ്ധസഭ അശുദ്ധരുമായി ഇണയില്ലാപ്പിണകൂടി സകല ദുരുപദേശത്തിന്റെയും വിളനിലമായി മാറി. വിഗ്രഹാരാധന, കുരിശുവണക്കം, മറിയാരാധന, മരിച്ചവരോടും മരിച്ചവർ ക്കുവേണ്ടിയും പ്രാർത്ഥന, അപ്പവീഞ്ഞുകളുടെ വസ്തുമാറ്റം, മേൽപട്ടക്കാർ പട്ടക്കാർ ശെമ്മാശൻ അൽമായർ തുടങ്ങിയ വേർതിരിവ്, കുമ്പസാരം, അന്ത്യകൂദാശ, ശുദ്ധീകരണസ്ഥലം തുടങ്ങിയവയെല്ലാം കാലക്രമേണ സത്യസഭയ്ക്കകത്തേക്ക് നുഴഞ്ഞുകയറി.

ഇതൊന്നും പോരാഞ്ഞിട്ട് ക്രൈസ്തവിശ്വാസത്തിൻ്റെ നാരായവേരിന് കത്തിവെക്കുന്ന ഒരു വിശ്വാസപ്രമാണവും സാത്താൻ സഭയ്ക്കകത്തേക്ക് നുഴയിച്ചുകയറ്റി. അറിയൂസിൻ്റെ (256-336) ദുരുപദേശത്തിന് തടയിടാനെന്ന പേരിൽ കോൺസ്റ്റൻ്റയിൻ്റെ നേതൃത്വത്തിലാണ് 325-ൽ നിഖ്യാ സുന്നഹദോസ് വിളിച്ചുചേർത്തത്. അറിയൂസിൻ്റെ ഉപദേശംമൂലം ക്രിസ്തുമത്തിന്നുള്ളിലെ ഛിദ്രം സാമ്രാജ്യത്തിന്റെ തന്നെ ഭദ്രതയെ തകർത്തെങ്കിലോ എന്നു ഭയന്നാണ് ചക്രവർത്തി ലോകം മുഴുവനുള്ള മുന്നൂറോളം (318 എന്നൊരു കണക്കുമുണ്ട്) ബിഷപ്പുമാമാരെ സുന്നഹദോസിനായി വിളിച്ചുചേർത്തതെന്നാണ് പറയപ്പെടുന്നത്. “യേശു പൂർവ്വാസ്ത്യക്യം ഉള്ളവനെങ്കിലും ദൈവത്വമുള്ളവനല്ല; വചനമാകുന്ന യേശു ലോകാരംഭത്തിന് മുമ്പ് ദൈവപിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും പിതാവിന്റെ സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നായിരുന്നു അറിയൂസിൻ്റെ വാദം. നിഖ്യായുടെ ഉപദേശം: “യേശു സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചു” എന്നാണ്. തമ്മിൽ എന്താണ് വ്യത്യാസം: അറിയൂസ് സൃഷ്ടിച്ചവനെ ഇവർ ജനിപ്പിച്ചവനാക്കി. സൃഷ്ടിച്ചു എന്നു പറഞ്ഞാലും ജനിപ്പിച്ചു എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. അടുത്തത്: ‘സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു’ എന്നു അറിയൂസ് പറഞ്ഞു. ഇവരോ: ‘പിതാവിനൊപ്പം ജനിച്ചുവെന്നല്ല; പിതാവിൽനിന്ന് ജനിച്ചു’ എന്നു പഠിപ്പിച്ചു. പിതാവ് എന്നേക്കുമുള്ളവനാണ്; ജനിച്ചവൻ ജനനത്തിനു മുമ്പെ ഉണ്ടാകുമോ? ഇല്ല. ജനിപ്പിച്ചവനും ജനിച്ചവനും തമ്മിൽ എന്തായാലും ഒരു ഇടവേളയുണ്ടാകും. പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് അറിയൂസ് പറഞ്ഞത് അതുകൊണ്ടാണ്. എന്നുവെച്ചാൽ, അറിയൂസിൻ്റെ ഉപദേശത്തെ സഭ വേറൊരു രൂപത്തിൽ അംഗീകരിക്കുകയാണ് ചെയ്തത്. ഇവിടെ മനസ്സിലാക്കേണ്ടത് ഉപയിയായ സർപ്പത്തിൻ്റെ തന്ത്രമാണ്. റോമാ സാമ്രാജ്യത്തിലെ ഏതോ ഒരു കോണിൽ അറിയൂസെന്ന ഒരുത്തൻ പ്രചരിപ്പിച്ച ദുരുപദേശത്തെ ഉന്മൂലനം ചെയ്യാൻ കോൺസ്റ്റൻ്റയിൽ വിളിച്ചുചേർത്ത സുന്നഹദോസ് അതേ ദുരുപദേശത്തെ വെള്ളപൂശി ലോകംമുഴുവനുമുള്ള സഭയുടെ ഔദ്യോഗിക വിശ്വാസപ്രമാണമായി അംഗീകരിച്ചു. അങ്ങനെ സർപ്പം ജയിച്ചു; സഭ തോറ്റു.

ക്രൈസ്തവസഭയുടെ ഉപദേശമല്ല ത്രിത്വം; കത്തോലിക്കാ സഭയിയിൽ ഉരുത്തിരിഞ്ഞ അനേകം മാരക ദുരുപദേശങ്ങളിൽ ഒരെണ്ണം മാത്രമാണ്. ത്രിത്വം സത്യമാണെന്ന് വിശ്വസിക്കുന്നവർ അവരുടെ എല്ലാ ഉപദേശങ്ങളും സ്വീകരികരിക്കാത്തതെന്തേ? മഹാദൈവത്തിന് അപ്പനുണ്ടെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റന്റുകാർ അവരുടെ വിശ്വാസംപോലെ കുറഞ്ഞപക്ഷം, മറിയയെ ദൈവമാതാവായിട്ടെങ്കിലും അംഗീകരിക്കണം. അതാണ് അതിൻ്റെയൊരിത്. അവരുടെ എല്ലാ ദുരുപദേശങ്ങളും കാണുക:

1. AD 2-ാം നൂറ്റാണ്ട്‌: സഭാദ്ധ്യക്ഷന്മാരെ പുരോഹിതന്മാർ എന്ന് വിളിക്കാൻ തുടങ്ങി.

2. AD 3-ാം നൂറ്റാണ്ട് – പുരോഹിതന്മാരാൽ ഉള്ള ബലിയർപ്പണം തുടങ്ങി.

3. AD 300-ൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി, കുരിശുരൂപം സ്ഥാപിച്ചു.

4. AD 320-ൽ മെഴുകുതിരി കത്തിക്കൽ തുടങ്ങി.

5. AD 325-ൽ നിഖ്യയിൽ കൂടിയ സുന്നഹദോസിൽവെച്ച് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ത്രിത്വദുപദേശം സഭയുടെ ഔദ്യോഗിക വിശ്വാസപ്രമാണമായി അംഗീകരിച്ചു.

6. AD 350-ൽ സൂര്യദേവൻ്റെ ഉത്സവദിനമായ ഡിസംബർ 25 ക്രിസ്തുമസായി ജൂലിയൻ മാർപ്പാപ്പ മാറ്റി.

7. AD 375-ൽ മാലാഖമാർ, മരിച്ച വിശുദ്ധർ, തിരുസ്വരൂപങ്ങൾ മുതലായവ വണങ്ങാൻ തുടങ്ങി.

8. AD 431-ൽ എഫേസോസ് സുന്നഹദോസിൽ വച്ച് മറിയയെ ദൈവമാതാവ് എന്ന് വിളിച്ചു.

9. AD 500-ൽ പുരോഹിതന്മാർ പ്രത്യേക വസ്ത്രം ധരിക്കാൻ തുടങ്ങി.

10. AD 526-ൽ അന്ത്യകൂദാശ ആരംഭിച്ചു.

11. AD 593-ൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച്‌ പഠിപ്പിക്കാൻ ആരംഭിച്ചു.

12. AD 600-ൽ ആരാധനയിൽ ലത്തീൻ ഭാഷ ഉപയോഗിക്കാൻ തുടങ്ങി; മറിയം, മാലാഖമാർ, മരിച്ച വിശുദ്ധന്മാർ എന്നിവരോട് പ്രാർത്ഥിക്കാൻ തുടങ്ങി.

13. AD 610-ൽ ബോണിഫസ് മൂന്നാമൻ ആദ്യമായി പോപ്പ് എന്ന് വിളിക്കപ്പെട്ടു.

14. AD 709-ൽ മാർപ്പാപ്പമാരുടെ പാദം മുത്താൻ തുടങ്ങി.

15. AD 786-ൽ കുരിശ്, തിരുസ്വരൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചു.

16. AD 850-ൽ ഹന്നാൻ ജലം, വിശുദ്ധ തൈലം എന്നിവ പുരോഹിതന്മാരാൽ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.

17. AD 890-ൽ യൗസേപ്പ് പിതാവിനെ ആരാധിക്കുവാൻ തുടങ്ങി.

18. AD 927-ൽ കർദ്ദിനാൾ സംഘം ആരംഭിച്ചു.

19. AD 998-ൽ നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.

20. AD 1079-ൽ പുരോഹിതന്മാർ വിവാഹം കഴിക്കുന്നത് ഗ്രിഗറി ആറാമൻ വിലക്കി.

21. AD 1090-ൽ ജപമാല ആരംഭിച്ചു.

22. AD 11-ാം നൂറ്റാണ്ട്: കുർബ്ബാന ബലിയർപ്പണമായി രൂപാന്തരപ്പെടുകയും അതിൽ പങ്കുകൊള്ളുന്നത് നിർബന്ധമാക്കുകയും ചെയ്തു.

23. AD 1190-ൽ പാപമോചനച്ചീട്ടിൻ്റെ വിൽപ്പന ആരംഭിച്ചു.

24. AD 12-ാം നൂറ്റാണ്ട്: ഏഴു കൂദാശകൾ തുടങ്ങി.

25. AD 1215-ൽ അപ്പ വീഞ്ഞുകളുടെ വസ്തുമാറ്റ സിദ്ധാന്തം ഇന്നസെൻ്റ് മൂന്നാമൻ പ്രഖ്യാപിച്ചു; കുമ്പസ്സാരം ആരംഭിച്ചു.

26. AD 1220-ൽ തിരുവോസ്തി വണങ്ങണമെന്ന് ഹെനോറിയസ് മൂന്നാമൻ കൽപ്പിച്ചു.

27. AD 1229-ൽ വാലൻഷ്യ സുന്നഹദോസിൽ വച്ച് ബൈബിൾ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽപ്പെടുത്തുകയും സാധാരണ ജനങ്ങൾ ബൈബിൾ വായിക്കുന്നത് വിലക്കുകയും ചെയ്തു.

28. AD 1251-ൽ സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങൾ ഇംഗ്ലണ്ടിലെ സൈമൻ സ്റ്റോക്ക് എന്ന സന്യാസികണ്ടു പിടിച്ചു.

29. AD 1311-ൽ റാവന്ന സുന്നഹദോസിൽ വച്ച് ശിശു സ്നാനം അംഗീകരിച്ചു.

30. AD 1414-ൽ കുർബ്ബാന സമയത്ത് സാധാരണക്കാർക്ക് വീഞ്ഞ് നിരോധിച്ചു.

31. AD 1439-ൽ ഫ്ലോറൻസിലെ സുന്നഹദോസിൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം വിശ്വാസത്യമായി പ്രഖ്യാപിച്ചു.

32. AD 1545-ൽ ട്രെൻ്റു സുന്നഹദോസിൽ പാരമ്പര്യം ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു; ബൈബിളിലെ 66 പുസ്തകങ്ങളോട് ചില പുസ്തകങ്ങൾ (അപ്പോക്രിഫ) കൂട്ടിച്ചേർത്തു.

33. AD 1854-ൽ മാതാവിൻ്റെ അമലോത്ഭവം വിശ്വാസസത്യമായി പീയൂസ് ഒമ്പതാമൻ പ്രഖ്യാപിച്ചു.

34. AD 1870-ൽ ധാർമ്മികവും വിശ്വാസപരവുമായ കാര്യങ്ങളിൽ മാർപ്പാപ്പക്കുള്ള തെറ്റാവരം വത്തിക്കാൻ സുന്നഹദോസ് പ്രഖ്യാപിച്ചു.

35. AD 1950-ൽ മാതാവിൻ്റെ സ്വർഗ്ഗാരോഹണം വിശ്വാസസത്യമായി പീയൂസ് പത്താമൻ പ്രഖ്യാപിച്ചു.

36. AD 1965-ൽ മറിയത്തെ സഭാ മാതാവായി പോൾ ആറാമൻ പ്രഖ്യാപിച്ചു. (ഇപ്പോൾ സഹരക്ഷകയായും അവർ കരുതുന്നു)

37. AD 1996-ൽ പരിണാമസിദ്ധാന്തം തെറ്റല്ലെന്ന് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചു.

38. AD 2000-ൽ മുൻ കാലങ്ങളിൽ കത്തോലിക്കാ സഭ ചെയ്‌തു കൂട്ടിയ മഹാപാതകങ്ങൾക്ക് മാർപ്പാപ്പ ലോകത്തോട് മാപ്പ് ചോദിച്ചു.

39. AD 2002-ൽ കൊന്തയ്ക്ക് പുതിയ പതിപ്പിറക്കി.

40. AD 2014-ൽ പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ച് ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിലെ വിവരണം പോപ്പ് ഫ്രാൻസിസ് തളളി.