സെരുബ്ബാബേൽ (Zerubbabel)
പേരിനർത്ഥം – ബാബേലിന്റെ വിത്ത്
ശെയല്തീയേലിന്റെ (എസ്രാ, 3:2, 8; നെഹെ, 12:1; ഹഗ്ഗാ, 1:1; 2:2; മത്താ, 1:12) അഥവാ ശലഥീയേലിന്റെ (ലൂക്കൊ, 3:27) പുത്രനും യെഹോയാഖീൻ രാജാവിന്റെ പൗത്രനും. ശെയല്തീയേലിന്റെ സഹോദരനായ പെദായാവിന്റെ മകൻ എന്നാണ് 1ദിനവൃത്താന്തം 3:19-ൽ കാണുന്നത്. ഇതു പകർപ്പെഴുത്തിൽ സംഭവിച്ച പിഴയല്ലെങ്കിൽ ദേവരവിവാഹം നടന്നിരിക്കുവാനാണ് സാദ്ധ്യത. ശെയല്തീയേൽ മക്കളില്ലാതെ മരിക്കുകയും സഹോദരനായ പെദായാവ് വിധവയെ വിവാഹം കഴിച്ചു സഹോദരനുവേണ്ടി സന്തതിയെ ജനിപ്പിക്കുകയും ചെയ്തിരിക്കണം. അങ്ങനെ പെദായാവിന്റെ മകനായ സെരുബ്ബാബേൽ നിയമാനുസൃതം ശെയല്തീയേലിന്റെ മകനായി. (ആവ, 25:5-10). യെഹൂദാ സിംഹാസനത്തിന് ആവകാശിയാണ് സെരുബ്ബാബേൽ. (1ദിന, 3:17-19). യേശുക്രിസ്തുവിന്റെ വംശാവലിയിൽ സെരുബ്ബാബേലും ഉൾപ്പെടുന്നു. (മത്താ, 1:13; ലൂക്കൊ, 3:27).
പാർസിരാജാവായ കോരെശ് ബാബേലിൽ അധികാരം സ്ഥാപിച്ചപ്പോൾ യെഹൂദാ പാർസി സാമ്രാജ്യത്തിന്റെ കീഴിലായി. യെരൂശലേമിലേക്കു മടങ്ങിപ്പോകാനും ദൈവാലയം പണിയാനും യെഹൂദന്മാരെ അനുവദിക്കുന്ന വിളംബരം കോരെശ് പ്രസിദ്ധമാക്കി. (എസ്രാ, 1:1). നെബൂഖദ്നേസർ കൊണ്ടുവന്ന ദൈവാലയത്തിലെ ഉപകരണങ്ങൾ എല്ലാം കോരെശ് എടുപ്പിച്ചു യെഹൂദാ പ്രഭുവായ ശേശ്ബസ്സരെ ഏല്പിച്ചു. അദ്ദേഹം അവയെല്ലാം യെരൂശലേമിലേക്കു കൊണ്ടുപോയി. (എസ്രാ, 1:8, 11). ശേശ്ബസ്സറും സെരുബ്ബാബേലും ഒരാളെന്നു കരുതുന്നവരുണ്ട്. ശെയല്തീയേലിന്റെ സഹോദരനായ ശെനസ്സർ (1ദിന, 3:18) ആണ് ശേശ്ബസ്സർ എന്ന അഭിപ്രായവുമുണ്ട്. ശേശ്ബസ്സറും സെരുബ്ബാബേലും രണ്ടു ദേശാധിപതികൾ ആയിരുന്നുവെന്നും പ്രായാധിക്യത്താലോ മറ്റോ ശേശ്ബസ്സറിനു പ്രവർത്തിക്കുവാൻ കഴിഞ്ഞില്ല എന്നും സെരുബ്ബാബേൽ എല്ലാം ചെയ്തു എന്നും ചിന്തിക്കുന്നവരും ഉണ്ട്.
ജനം യെരുശലേമിൽ എത്തിയ ഉടൻ തന്നെ അവർ യാഗപീഠം പണിതു ഹോമയാഗം അർപ്പിച്ചു. (എസ്രാ, 3:2). തുടർന്നു ദൈവാലയത്തിനു അടിസ്ഥാനമിട്ടു പണി ആരംഭിച്ചു. (എസ്രാ, 3:8-13). ഉടൻ തന്നെ എതിർപ്പു പ്രത്യക്ഷപ്പെട്ടു. ശത്രുക്കൾ വന്ന് ദൈവാലയത്തിന്റെ പണിയിൽ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു. (എസ്രാ, 4).. എന്നാൽ സെരുബ്ബാബേലും കൂട്ടരും അതു നിരസിച്ചു. ശത്രുക്കൾ പല വിധത്തിൽ പണി തടസ്സപ്പെടുത്തി ജനത്തിന്റെ ധൈര്യം ക്ഷയിപ്പിച്ചു. രാജാവിനു പ്രത്രികകൾ എഴുതി അയച്ചു. ദൈവാലയത്തിന്റെ പണി മുടക്കി. തുടർന്നു ഹഗ്ഗായി, സെഖര്യാവ് എന്നീ പ്രവാചകന്മാർ ജനത്തെ ഉദ്ബോധിപ്പിച്ചു. ബി.സി. 520-ൽ പണി വീണ്ടും ആരംഭിക്കുകയും നാലുവർഷം കൊണ്ടു പൂർത്തിയാക്കുകയും ചെയ്തു. വലിയ ആഘോഷത്തോടു കൂടി ദൈവാലയത്തിന്റെ പ്രതിഷ്ഠ നടന്നു. (എസ്രാ, 6:12-22). ഇതോടുകൂടി സെരുബ്ബാബേലിന്റെ വേല പൂർത്തിയായി. അദ്ദേഹത്തെക്കുറിച്ചു മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.