☛ ദൈവത്തിൻ്റെ ആത്മാവ് (റോമ, 8:9) അല്ലെങ്കിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് എന്ന് പറയുന്നത് (എഫെ, 4:30) ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. പരിശുദ്ധാത്മാവിനെ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടെന്നോ, അദൃശ്യമായ സാന്നിധ്യമെന്നോ പറയാം. അതായത്, ദൈവം വ്യക്തികളിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾ ചെയ്യുന്നത് അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: (യോഹ, 3:6-8 – 2ശമൂ, 23:2). അല്ലാതെ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നില്ല. ➟ട്രിനിറ്റിയുടെ ഉപദേശം കോമഡിയാണ്. ബൈബിളിലെ ദൈവം ഏകനാണ്; ട്രിനിറ്റിയുടെ ദൈവം ഏകനല്ല; സാരാംശത്തിൽ ഏകൻ അല്ലെങ്കിൽ ത്രിയേകനാണ്. “സാരാംശത്തിൽ ഏകൻ, ത്രിയേകൻ” എന്നീ പദങ്ങൾ നിഘണ്ടുവിൽപോലും കാണാൻ കഴിയില്ല. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്നു പേരുള്ള മനുഷ്യനെ ദൈവം ആക്കാനും അവൻ്റെ അമ്മയെ ദൈവമാക്കാനുമാണ് സുനഹദോസുകൾ ദൈവത്തിൻ്റെ ആത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനാക്കി ഏകദൈവത്തെ മനുഷ്യരെപ്പോലെ മൂന്ന് വ്യക്തി (ത്രിത്വം) ആക്കിയത്: (1തിമൊ, 3:15-16;യോഹ, 9:11). [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
❶ ദൈവത്തിൻ്റെ ആത്മാവിനെക്കുറിച്ചുള്ള ആദ്യപരാമർശം ഉല്പത്തിയുടെ ആദ്യഭാഗത്തുതന്നെ കാണാം: “ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.” (ഉല്പ, 1:2). ഈ വേദഭാഗത്ത്, “ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു” എന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യം വെള്ളത്തിനുമേൽ അഥവാ, സൃഷ്ടിയുടെമേൽ ഉണ്ടായിരുന്നു എന്നാണ്. അല്ലാതെ, ഒരു ദൈവം അല്ലെങ്കിൽ, ദൈവവ്യക്തി സൃഷ്ടിച്ചു; മറ്റൊരു ദൈവവ്യക്തി വെള്ളത്തിനുമീതെ പരിവർത്തിക്കുന്നു എന്നാണോ മനസ്സിലാക്കേണ്ടത്?
☛ “ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.‘ (എഫെ, 4:30). “ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു” എന്ന് പറഞ്ഞാൽ, ദൈവത്തെ ദുഃഖിപ്പിക്കരുത് എന്നല്ലേ മനസ്സിലാക്കേണ്ടത്? അല്ലാതെ, ദൈവത്തിലുള്ള വേറൊരു വ്യക്തിയെ ദുഃഖിപ്പിക്കരുതെന്നാണോ മനസ്സിലാക്കേണ്ടത്? പിന്നെങ്ങനെ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, വിഭിന്നനായ ദൈവമോ ആണെന്ന് പറയാൻ കഴിയും?
❷ ട്രിനിറ്റി പറയുന്നപോലെ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആണെങ്കിൽ, ദൈവത്തിൻ്റെ ഏഴ് ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നരായ ഏഴ് വ്യക്തികളും ഏഴ് ദൈവങ്ങളും ആകില്ലേ? (വെളി, 1:4). അത് ട്രിനിറ്റി സമ്മതിക്കുമോ?
☛ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആണെങ്കിൽ, ദൈവത്തിലെ അല്ലെങ്കിൽ, ത്രിത്വത്തിലെ ഒരു വ്യക്തിയെന്ന് നിങ്ങൾ പറയുന്ന പിതാവിൻ്റെ ആത്മാവ് പിതാവിൽനിന്ന് വിഭിന്നനായ മറ്റൊരു വ്യക്തിയും ദൈവവും ആയിരിക്കണമല്ലോ? (മത്താ, 10:20). അതും നിങ്ങൾ സമ്മതിക്കുമോ?
☛ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആണെങ്കിൽ, ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയെന്ന് നിങ്ങൾ പറയുന്ന യേശുക്രിസ്തുവിൻ്റെ ആത്മാവ് ➟യേശുക്രിസ്തുവിൽനിന്നും വിഭിന്നനായ വ്യക്തിയും ദൈവവും ആയിരിക്കണമല്ലോ? (ഫിലി, 1:19). അപ്പോൾ നിങ്ങൾക്ക് മൊത്തതിൽ എത്ര വ്യക്തികളും ദൈവങ്ങളുമുണ്ട്?
☛ ഇനി ഇതൊക്കെ വ്യത്യസ്ത വ്യക്തികളും ദൈവങ്ങളും ആണെന്ന് നമുക്ക് ആശയ്ക്ക് വിരോധമായി ആശയോടെ നമുക്ക് വിശ്വസിക്കാം എന്നുവെച്ചാൽ വചനം സമ്മതിക്കുമോ?➟ഇല്ല. ➟പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങളിലെ യെഹൂദാഭക്തന്മാരും യെഹൂദനായ യേശുക്രിസ്തുവും അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിരിക്കുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 – ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6 – റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ഏകദൈവം (The only God] (യോഹ, 5:44), പിതാവായ ഏകസത്യദൈവം [Father, the only true God] (യോഹ, 17:3). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആയിരുന്നെങ്കിൽ, പിതാവ് യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന് പഴയപുതിയ നിയമങ്ങളിൽ ദൈവാത്മാവിനാൽ എഴുതിവെക്കുമായിരുന്നോ? വിശേഷാൽ, ഒരേയൊരു സത്യദൈവം പിതാവാണെന്ന് ക്രിസ്തു പഠിപ്പിക്കുമായിരുന്നോ?
❸ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ല എന്നതിന് അനേകം തെളിവുകളുമുണ്ട്. പഴയനിയമത്തിലെ ഒരു തെളിവ് തരാം: “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ, ദൈവവും ആത്മാവും ഒന്നാണെന്ന് വ്യക്തമായി മനസ്സിലാക്കാം. യഹോവയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ്, പിന്നെ പറയുന്നത്: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; “നീ അവിടെ ഉണ്ടു” എന്നാണ്. അടുത്തഭാഗം: പാതാളത്തിൽ കിടക്ക വിരിച്ചാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; “നീ അവിടെ ഉണ്ടു” എന്നാണ് പറയുന്നത്. അതിനടുത്തഭാഗം: സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ നിൻ്റെ ആത്മാവ് എന്നെ പിടിക്കുമെന്നല്ല; “നിന്റെ വലങ്കൈ എന്നെ പിടിക്കും” എന്നാണ് പറയുന്നത്. ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്ന് പറയുന്നവൻ; സ്വർഗ്ഗത്തിൽ കയറിയാലും, പാതാളത്തിൽ കിടക്ക വിരിച്ചാലും, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താലും നിൻ്റെ ആത്മാവ് എന്നെ പിടിക്കും എന്നല്ലേ പറയേണ്ടത്? പിന്നെന്തുകൊണ്ടാണ്, സ്വർഗ്ഗത്തിലും പാതാളത്തിലും നീയുണ്ടെന്നും സമുദ്രത്തിന്റെ അറ്റത്തും നിന്റെ വലങ്കൈ എന്നെ പിടിക്കുനെന്നും പറയുന്നത്? ദൈവവും ദൈവാത്മാവും വിഭിന്നരല്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് വചനവും ഭാഷയും അറിയാവുന്ന ആർക്കും മനസ്സിലാകും.
❹ പുതിയനിയമത്തിൽ നിന്ന് ഒരു തെളിവ് തരാം. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഇവിടെ, “ദൈവം ആത്മാവാകുന്നു” (God ids Spirit) എന്ന് പറയാൻ ഗ്രീക്കിൽ “പ്ന്യൂമ ഹോ തെയോസ്” (Pneuma ho Theos) എന്നാണ്. ഇതിലെ ‘പ്ന്യൂമ’ (Pneuma) ⟦ഉച്ചാരണം (Pronunciation) ‘ന്യൂമ’⟧ എന്ന നാമപദം (Noun) പ്രധാനമായും ആത്മാവിനെ (പരിശുദ്ധാത്മാവ്) കുറിക്കുന്നതാണ്. 250-തോളം പ്രാവശ്യം പരിശുദ്ധാത്മാവിന് ഈ പദം ഉപയോഗിച്ചിട്ടുണ്ട്. “ആത്മാവായ കർത്താവു” (യഹോവ) എന്ന് പറയാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (2കൊരി, 3:18). ദൈവവും ആത്മാവും വിഭിന്നരായിരുന്നെങ്കിൽ, ദൈവം പ്ന്യൂമയാണെന്നും, പ്ന്യൂമ കർത്താവാണെന്നും അഭിന്നമായി പറയുമായിരുന്നോ?
❺ “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.” (മത്താ, 12:28). ഇവിടെ, താൻ ദൈവാത്മാവിനാലാണ് അത്ഭുതം പ്രവർത്തിച്ചതെന്നാണ് യേശു പറഞ്ഞത്. എന്നാൽ ലൂക്കൊസിൻ്റെ സമാന്തരഭാഗത്ത്, “ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്നുകാണാം: (ലൂക്കൊ, 11:20). എന്നാൽ ലൂക്കൊസിലെ വാക്യം സത്യവേദപുസ്തകം പരിഭാഷയിൽ ഒരു പ്രശ്നമുണ്ട്. ഈ വാക്യത്തിൻ്റെ മൂലഭാഷയിൽ ശക്തിയെ (the power) കുറിക്കുന്ന ‘dynamis’ എന്ന പദമല്ല; വിരലിനെ (the finger) കുറിക്കുന്ന ‘daktylo’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, ‘വിരൽ’ എന്നർത്ഥമുള്ള ‘daktylos’ എന്ന പദത്തിൻ്റെ ഉദ്ദേശിക വിഭക്തിയുള്ള (Dative Case) പദമാണ് ‘daktylo’ എന്നത്. അതിൻ്റെ അർത്ഥം ‘വിരനിലാൽ’ എന്നാണ്. അതായത്, “ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്നല്ല പ്രത്യുത, “ദൈവത്തിന്റെ വിരലിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്നാണ് യേശു പറഞ്ഞത്. അതായത്, ദൈവം യേശുവിൻ്റെ കൂടെയിരുന്ന് തൻ്റെ വിരൽകൊണ്ട് നേരിട്ട് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്ന ആശയമാണ് വാക്യം നല്കുന്നത്. ദൈവം യേശുവിൻ്റെ കൂടെയിരുന്നാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നും ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നും വ്യക്തമായി പറയുന്ന വാക്യങ്ങൾ വേറെയുമുണ്ട്: (യോഹ, 3:2; പ്രവൃ, 10:38 – പ്രവൃ, 2:22). യേശു ദൈവാത്മാവിനാലും ദൈവത്താലും അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത്, ദൈവവും ദൈവാത്മാവും ഭിന്നരല്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ട്രിനിറ്റി കരുതുന്നപോലെ, ദൈവവും ദൈവാത്മാവും വിഭിന്ന വ്യക്തികളാണെങ്കിൽ; യേശു രണ്ട് വ്യക്തിയാലാണ് അത്ഭുതം പ്രവർത്തിച്ചതെന്ന് പറയുമോ?
❻ “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യേശു എന്നു പേരുള്ള മനുഷ്യന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോഴാണ് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തത്: (യോഹ, 9:11 – യോഹ, 8:40). അതിനെ ലൂക്കൊസ് പറയുന്നത് ഇപ്രകാരമാണ്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). ഇതേകാര്യം പൗലൊസ് പറയുന്നത് നോക്കുക: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ഇരുവരും പറയുന്നത് ശ്രദ്ധിക്കുക: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ ഇറങ്ങിവന്നു” എന്നും “ദൈവത്തിന്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു” എന്നുമാണ് പറയുന്നത്. ലൂക്കൊസ് ഏതൊരു ആശയത്തിൽ പറഞ്ഞുവോ, അതേ ആശയത്തിലാണ് പൗലൊസും പറയുന്നത്. അതായത്, പരിശുദ്ധാത്മാവ് യേശുവിൻ്റെമേൽ ദേഹരൂപമായി ഇറങ്ങിവന്നതിനെയാണ്, ദൈവത്തിന്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി എവനിൽ വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ദൈവവും ആത്മാവും വിഭിന്ന വ്യക്തിയാണെങ്കിൽ, അത് പറയാൻ കഴിയുമോ? ശ്രദ്ധേയമായ മറ്റൊന്നുകൂടി കാണിക്കാം: പരിശുദ്ധാത്മാവാണ് ദേഹരൂമായി യേശുവിൽ ആവസിച്ചത്: എന്നാൽ യേശു പറഞ്ഞത്: “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല” (I am not alone) എന്നാണ്: (യോഹ, 16:32 – യോഹ, 8:16; 8:29). തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ? [കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ]
❼ “അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.” (പ്രവൃ, 5:3-4). ഈ വേദഭാഗത്ത്, അനന്യാസ് പരിശുദ്ധാത്മാവിനോട് വ്യാജംകാണിച്ചുവെന്ന് ആദ്യവാക്യത്തിൽ പറഞ്ഞശേഷം അടുത്തവാക്യത്തിലെ പ്രയോഗം ശ്രദ്ധിക്കുക: “മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു.” അപ്പോൾ പരിശുദ്ധാത്മാവ് ആരാണ്? പരിശുദ്ധാത്മാവ് ഏകദൈവംതന്നെ ആയതുകൊണ്ടാണ് അപ്രകാരം പറയുന്നത്. അല്ലാതെ, അവൻ രണ്ട് ദൈവത്തോടോ, രണ്ട് വ്യക്തിയോടോ വ്യാജം കാണിച്ചുവെന്നാണോ അതിനർത്ഥം?
☛ അടുത്തവാക്യം: “പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.” (പ്രവൃ, 5:9). പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചുവെന്നും ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതെന്നും മുകളിൽ പറഞ്ഞശേഷം, അവൻ്റെ ഭാര്യയോടു പറയുന്നത് നോക്കുക: “കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു?” തന്മൂലം, പരിശുദ്ധാത്മാവിനെയാണ് ദൈവം, കർത്താവിൻ്റെ ആത്മാവ് എന്നൊക്കെ പത്രൊസ് വിശേഷിപ്പിക്കുന്നത് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പിന്നെങ്ങനെ പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പറയും?
❽“❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.” (1കൊരി, 3:16-17). ഈ വേദഭാഗം ശ്രദ്ധിക്കുക: മേല്പറഞ്ഞ രണ്ട് വാക്യത്തിലും വിശ്വാസിയെ “ദൈവത്തിൻ്റെ മന്ദിരം” എന്ന് പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് വ്യക്തിയിൽ വാസം ചെയ്യുന്നതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ മന്ദിരം എന്ന് വിശേഷിപ്പിക്കുന്നത്: (എഫെ, 4:30). ➟വിശ്വാസികൾ രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റുമോ? അപ്പോൾ, പരിശുദ്ധാത്മാവ് ദൈവം തന്നെയാണെന്നും അല്ലെങ്കിൽ ദൈവത്തിൽനിന്ന് വിഭിന്നനല്ലെന്ന് വ്യക്തമാണല്ലോ?
☛ അടുത്തവാക്യം: “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). ഈ വേദഭാഗത്ത്, വിശ്വാസിയുടെ ശരീരം “പരിശുദ്ധാത്മാവിൻ്റെ മന്ദിരം” എന്നു പറയുന്നത് നോക്കുക. വിശ്വാസിയെ, ദൈവത്തിൻ്റെ മന്ദിരമെന്നും പരിശുദ്ധാത്മാവിൻ്റെ മന്ദിരമെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാമല്ലോ? അല്ലെങ്കിൽ, ഒരോ വിശ്വസിയും രണ്ട് വ്യക്തികളുടെ മന്ദിരമാണെന്ന് പറയേണ്ടിവരില്ലേ?
❾ “കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.” (2കൊരി, 3:17-18). ആദ്യവാക്യത്തിൽ “കർത്താവു (യഹോവ) ആത്മാവാകുന്നു¢ എന്നാണ് പറയുന്നത്. ഇത് യോഹന്നാനും പറഞ്ഞിട്ടുള്ളതാണ്: (യോഹ, 4:24). അടുത്തവാക്യത്തിൽ: “ആത്മാവാകുന്ന കർത്താവു” എന്ന പ്രയോഗം നോക്കുക. “കർത്താവു ആത്മാവാകുന്നു” (യഹോവ ആത്മാവാകുന്നു) എന്ന് പറഞ്ഞാലും, “ആത്മാവാകുന്ന കർത്താവു” (ആത്മാവാകുന്ന യഹോവ) എന്ന് പറഞ്ഞാലും, “ദൈവം ആത്മാവാകുന്നു” എന്ന് പറഞ്ഞാലും ഒന്നുതന്നെയാണ്. പിന്നെങ്ങനെയാണ് ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആകുന്നത്?
☛ “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഈ വാക്യവും ശ്രദ്ധിക്കുക: “ദൈവം ആത്മാവു ആകുന്നു” എന്ന് പറഞ്ഞശേഷം, “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവവും ആത്മാവാണ്; പരിശുദ്ധാത്മാവും ആത്മാവാണാണ്. ദൈവവും പരിശുദ്ധാത്മാവും വിഭിന്നർ ആയിരുന്നെങ്കിൽ, “അവൻ’ (Him) എന്ന ഏകവചന സർവ്വനാമം ദൈവത്തിന് ഉപയോഗിക്കുമായിരുന്നോ?
❿ പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണെന്നതിന് വ്യക്തമായ തെളിവുണ്ട്. “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16). ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). ഈ രണ്ട് വേദഭാഗങ്ങൾ പരിശോധിച്ചാൽ, വ്യക്തിയെ വീണ്ടുംജനിപ്പിച്ചിട്ട് അവൻ്റെയുള്ളിൽ വാസംചെയ്യുന്നത് പരിശുദ്ധാത്മാവാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം: (യോഹ, 3:7-8 –1യോഹ, 5:1). അപ്പോൾത്തന്നെ വ്യക്തിയെ വീണ്ടുംജനിപ്പിച്ചത് ദൈവമാണെന്നും പറഞ്ഞിട്ടുണ്ട്: (1യോഹ, 1:1; 1യോഹ, 1:18). ഇനി ഈ വാക്യം നോക്കുക: “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). രണ്ട് വേദഭാഗങ്ങളും പൗലൊസ് എഴുതിയതാണ്. ഇവിടെ അവൻ പറയുന്നത് നോക്കുക: “എല്ലാവർക്കും മീതെയുള്ള ദൈവവും പിതാവുമായവൻ ഒരുവനാണ് എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നതും.” പരിശുദ്ധാത്മാവാണ് വിശ്വാസിയിൽ വാസംചെയ്യുന്നതെന്നും പിതാവാണ് എല്ലാവരിലും ഇരിക്കുന്നതെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു.
⓫ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നമല്ല എന്നതിൻ്റെ ഭാഷാപരമായ തെളിവുമുണ്ട്:
☛ പഴയനിയമത്തിൽ ദൈവത്തെ (God) കുറിക്കുന്ന ‘എലോഹീം’ (Elohim) എന്ന എബ്രായപദവും പുതിയനിയമത്തിൽ ‘തെയോസ്’ (Theos) എന്ന ഗ്രീക്കുപദവും “പുല്ലിംഗ നാമപദം” (Masculine noun) ആണ്. അതുപോലെതന്നെ, പിതാവിനെ കുറിക്കുന്ന ‘അബ്’ (Ab) എന്ന എബ്രായപദവും, ‘പറ്റീർ’ (Pater) എന്ന ഗ്രീക്കുപദവും, പുത്രനെ കുറിക്കുന്ന ‘ഹൂയൊസ്’ (Huios) എന്ന ഗ്രീക്കുപദവും “പുല്ലിംഗ നാമപദം” (Masculine noun) ആണ്. എന്നാൽ ദൈവത്തിൻ്റെ ആത്മാവിനെ (Spirit) കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായപദമായ ‘റൂവാഹ്’ (Ruah) ”സ്ത്രീലിംഗ നാമപദവും” (Feminine noun), ഗ്രീക്കുപദമായ ‘പ്ന്യൂമ’ (𝐏𝐧𝐞𝐮𝐦𝐚) “നപുംസകലിംഗ നാമപദവും” (Neuter noun) ആണ്. അതിൽ പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ കാണിക്കാം:
❶ ദൈവത്തെയും പിതാവിനെയും പുത്രനെയും ഒരുപോലെ ഉപയോഗിച്ചിരിക്കുന്നത് പുല്ലിംഗ പദവും, ദൈവത്തിൻ്റെ ആത്മാവിനെ കുറിക്കാൻ സ്ത്രീലിംഗവും നപുസകലിംഗവുമാണ് ഉപയോഗിച്ചിരിക്കുന്നത്. അതെന്തുകൊണ്ടാണ്? ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നമല്ലാത്തതുകൊണ്ടാണ് ഭാഷാപരമായി അങ്ങനെ ഉപയോഗിച്ചിരിക്കുന്നത്.
❷ ട്രിനിറ്റിയുടെ ഭാഷയിൽ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാണ്. അഥവാ, പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എല്ലാ അർത്ഥത്തിലും സമത്വമുള്ള മൂന്ന് വ്യക്തിയാണ്. ട്രിനിറ്റിയുടെ വാദം സത്യമായിരുന്നെങ്കിൽ, സമത്വമുള്ള മൂവരിൽ രണ്ടുപേരെ പുല്ലിഗത്തിലും ഒരുത്തന് മാത്രം സ്ത്രീലിംഗവും നപുംസകലിഗംവും ഉപയോഗിക്കുമായിരുന്നോ? പരിശുദ്ധാത്മാവുമായി സമത്വം പങ്കിടുന്ന എന്ന് നിങ്ങൾ അവകാശപ്പെടുന്ന പിതാവിനും പുത്രനും പുല്ലിംഗവും പരിശുദ്ധാത്മാവിന് സ്ത്രീലിഗംവും നപുംസകലിംഗവും ഉപയോഗിക്കുന്നത് വ്യാകരണവിരുദ്ധമല്ലേ? അങ്ങനെവന്നാൽ, സമത്വം എന്ന നിങ്ങളുടെ ഉപദേശത്തിന് എന്തർത്ഥമാണുള്ളത്?
☛ അതുമാത്രമല്ല, പഴയപുതിയനിയമങ്ങളിൽ മനുഷ്യനെ കുറിക്കാനും പുല്ലിംഗമാണ് ഉപയോഗിച്ചിരിക്കുന്നത്: മനുഷ്യനെ (Man) കുറിക്കുന്ന ‘ആദം’ (Adam) എന്ന എബ്രായപദവും ‘ആന്ത്രൊപൊസ്’ (Anthropos) എന്ന ഗ്രീക്കുപദവും “പുല്ലിംഗ നാമപദം” (Masculine Noun) ആണ്. മനുഷ്യനെ കുറിക്കാൻപോലും പുല്ലിംഗ നാമപദം ഉപയോഗിച്ച എഴുത്തുകാർ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആയിരുന്നെങ്കിൽ; ആത്മാവിന് സ്ത്രീലിംഗപദവും നപുംസകലിംഗപദവും ഉപയോഗിക്കുമായിരുന്നോ? ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽ നിന്നും പിതാവിൻ്റെ ആത്മാവ് പിതാവിൽനിന്നും യേശുക്രിസ്തുവിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽനിന്നും വിഭിന്നനല്ലാത്തതുകൊണ്ടാണ്, ആത്മാവിനു മാത്രം പഴയനിയമത്തിൽ സ്ത്രീലിംഗപദവും പുതിയനിയമത്തിൽ നപുസകലിംഗപദവും ഉപയോഗിച്ചിരിക്കുന്നതെന്ന് വചനവും ഭാഷയും അറിയാവുന്ന ആർക്കും മനസ്സിലാകും. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിൻ്റെ വ്യക്തമായ തെളിവുകൾ പഴയപുതിയനിയമങ്ങിൽ വേറെയുമുണ്ട്: [കാണുക:പരിശുദ്ധാത്മാവ് ആരാണ്?]
