☛ യേശുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന LXX-ലും പുതിയനിയമ ഗ്രീക്കിലും ഉപയോഗിച്ചിരിക്കുന്ന 𝗸𝘆𝗿𝗶𝗼𝘀 എന്ന പദം ”കർത്താവു” (Lord) എന്ന അർത്ഥത്തിൽ യേശുവിന് ഉപയോഗിച്ചിരിക്കയാൽ, അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ഈ പദം: “യഹോവ” (YHWH) എന്ന ദൈവനാമത്തിന് പകരമായും യേശുവിനും മറ്റു മനുഷ്യർക്കും അഭിന്നമായി ഉപയോഗിച്ചിട്ടുള്ള പദമാണ്. കുറിയോസ് എന്ന പദത്തിന് “ദൈവം” (God) എന്ന വേണ്ടാത്ത അർത്ഥം കൊടുത്താൽ, ദൈവങ്ങളുടെ ഒരു മഹാഘോഷയാത്രതന്നെ ബൈബിളിൽ ഉണ്ടാകും. തന്നെയുമല്ല, നിങ്ങളുടെ ദൈവത്തിന് അമ്മയും സഹോദരന്മാരും ഉണ്ടെന്നുകൂടി നിങ്ങൾക്ക് സമ്മതിക്കേണ്ടിവരും. നമുക്ക് തെളിവുകൾ പരിശോധിക്കാം:
☛ 𝗸𝘆𝗿𝗶𝗼𝘀 ⁃ 𝗟𝗼𝗿𝗱/𝗹𝗼𝗿𝗱:
➦ കൊയ്നേ ഗ്രീക്കിലെ (Koine Greek) കുറിയോസ് (Kyrios) എന്ന പദത്തിന് “ദൈവം” (God) എന്ന് അർത്ഥമില്ല. “കർത്താവ്, യജമാനൻ, അധികാരി, ഉടമ, ഉടയവൻ, ഉടമസ്ഥൻ, പ്രഭു” എന്നിങ്ങനെയാണ് അർത്ഥം. “ദൈവം” (God) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം “തെയൊസ്” (Theos) ആണ്.
☛ LXX-ൽ അഞ്ച് വിഭക്തികളിലായി (Nominative, Genitive, Accusative, Dative, Vocative) 7,358 പ്രവശ്യം പദം കാണാം. എബ്രായയിൽ ദൈവനാമമായ 𝗬𝗛𝗪𝗛 (Yehovah) എന്ന പദത്തിനും (ഉല്പ, 2:8; 2:15; 2:16), ദൈവമായ യഹോവയ്ക്ക് ഉപയോഗിച്ചിരിക്കുന്ന വിശേഷണപദമായ (Adjective) 𝗔𝗱𝗼𝗻𝗮𝗶 (Lord) എന്ന പദത്തിനും (ഉല്പ, 20:4; പുറ, 4:10; 4:13) LXX-ൽ 𝗸𝘆𝗿𝗶𝗼𝘀 എന്ന പദം അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ദൂതന്മാർ (ഉല്പ, 19:2), അബ്രാഹാം (ഉല്പ, 23:11), യിസ്ഹാക്ക് (24:65), ലാബാൻ (31:35), ഏശാവ് (32:4), പോത്തീഫർ (39:2), യോസേഫ്, 42:10), യജമാനന്മാർ (സങ്കീ, 123:2; യെശ, 19:4; യിരെ, 27:4; ആമോൾ 4:1) എന്നിങ്ങനെ മനുഷ്യർക്കും ഈ പദം അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.
☛ 𝗸𝘆𝗿𝗶𝗼𝘀 (Lord/lord) എന്ന പദം പുതിയനിയമം Textus Receptus പാഠങ്ങളിൽ 748 പ്രാവശ്യവും Morphological Greek New Testament പാഠങ്ങളിൽ 717 പ്രാവശ്യവും കാണാം. പല അർത്ഥത്തിലാണ് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. “യഹോവ” എന്ന ദൈവനാമത്തിൻ്റെ പഴയനിയമ ഉദ്ധരണികളിൽ 250-തോളം പ്രാവശ്യം 𝗸𝘆𝗿𝗶𝗼𝘀 (Lord – കർത്താവ്) എന്നാണ് കാണുന്നത്. ➟ഉദാ: ആവർത്തനം 6:4 ⁃ മർക്കോസ് 12:29).
☛ പുതിയനിയമത്തിൽ 𝗸𝘆𝗿𝗶𝗼𝘀 യേശുവിനാണ് ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത്. യേശു എന്ന ക്രിസ്തുവിന് (അഭിഷിക്തൻ) “യജമാനൻ” (Lord) എന്ന അർത്ഥത്തിലാണ് സുവിശേഷങ്ങളിൽ പദം ഉപയോഗിച്ചിരിക്കുന്നത്. സത്യവേദപുസ്തകത്തിൽ “കർത്താവു” എന്നാണ്. എബ്രായയിൽ അഭിഷിക്തന്മാരെ (മശീഹമാർ) “എൻ്റെ യജമാനൻ” (Adoni – My Master) എന്നാണ് വിളിച്ചിരുന്നത്: (1ശമൂ, 24:8; 1രാജാ, 1:31; 1രാജാ, 18:7; 2രാജാ, 4:16). LXX-ൽ തൽസ്ഥാനത്ത് 𝗸𝘆𝗿𝗶𝗼𝘀 ആണ് കാണുന്നത്. LXX-ൽ അഭിഷിക്തന്മാർക്ക് (മശീഹമാർ) ഉപയോഗിച്ചിരിക്കുന്ന അതേ അർത്ഥത്തിലാണ്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷിഷേകം ചെയ്ത (ക്രിസ്തു) യേശുവിനും ഉപയോഗിച്ചിരിക്കുന്നത്: (പ്രവൃ, 10:48 ⁃ ലൂക്കൊ, 3:22; 4:16-21; പ്രവൃ, 4:27).
☛ എന്നാൽ പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയതായി കാണാം: (പ്രവൃ, 2:22-24; 2:36; 5:31). ദൈവം അവനെ തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവനായ യേശു, മഹത്വവും ബഹുമാനവും അണിഞ്ഞതും (എബ്രാ, 2:9), ദൂതന്മാരെക്കാൾ ശ്രേഷ്ഠനായതും (എബ്രാ, 1:4), സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരം ലഭിച്ചതും (മത്താ, 28:18), സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നതും: (എബ്രാ, 7:26). അതിനാൽ 𝗸𝘆𝗿𝗶𝗼𝘀-ൻ്റെ സുവിശേഷങ്ങളിലെ “യജമാനൻ” എന്ന അർത്ഥത്തിൽനിന്ന്, സഭയുടെ അല്ലെങ്കിൽ സർവ്വത്തിൻ്റെയും “അധികാരി” അല്ലെങ്കിൽ കർത്തൃത്വം നടത്തുന്നവൻ എന്നർത്ഥമുള്ള “കർത്താവു” എന്ന അർത്ഥത്തിലേക്ക് മാറുന്നു. അതുകൊണ്ടാണ്, “പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും” നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6 ⁃ യോഹ, 17:3; 1തിമൊ, 2:5-6).
☛ യേശുവിന് ഉപയോഗിച്ചിരിക്കുന്ന കുറിയോസ് അല്ലെങ്കിൽ, കർത്താവ് (Lord) എന്ന പദത്തിന് “ദൈവം” (God) എന്ന അർത്ഥമില്ല എന്നതിൻ്റെ വ്യക്തമായ തെളിവ് പുതിയനിയമത്തിൽ കാണാം. യേശുവിൻ്റെ അമ്മയായ മറിയത്തെ “എൻ്റെ കർത്താവിൻ്റെ അമ്മ” (Mother of my Lord) എന്ന് പറയാൻ 𝗸𝘆𝗿𝗶𝗼𝘀 ആണ് ഉപയോഗിച്ചിരിക്കുന്നത്: (ലൂക്കൊ, 1:43). അതുപോലെ, യേശുവിൻ്റെ സ്വന്തസഹോദരങ്ങളെ കുറിക്കാൻ: “കർത്താവിൻ്റെ സഹോദരൻ” (The Lord’s brother), “കർത്താവിൻ്റെ സഹോദരന്മാർ” (The brethren of the Lord) എന്നിങ്ങനെ പറഞ്ഞിരിക്കുന്നതും 𝗸𝘆𝗿𝗶𝗼𝘀 കൊണ്ടാണ്: (ഗലാ, 1:19 ⁃ 1കൊരി, 9:5). കുറിയോസ് എന്ന പദത്തിന് “ദൈവം” എന്നാണ് അർത്ഥമെങ്കിൽ, മറിയ ദൈവത്തിൻ്റെ അമ്മയും, അവളുടെ മറ്റുമക്കൾ ദൈവത്തിൻ്റെ സഹോദരന്മാരും ആകും.
☛ 𝗸𝘆𝗿𝗶𝗼𝘀 (Lord/lord) എന്ന പദം യഹോവയ്ക്കും യേശുവിനും മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്:
❶ യേശു പഠിപ്പിച്ച ഉപമയിൽ: അപ്പൻ, യജമാനൻ, ഉടയവൻ, കർത്താവ് എന്നിങ്ങനെ 60 പ്രാവശ്യം സത്യവേദപുസ്തകത്തിൽ കാണാം.
❷ പീലാത്തൊസ് (മത്താ, 27:63),
❸ കഴുതക്കുട്ടിയുടെ ഉടയവൻ (ലൂക്കൊ, 19:33),
❹ ഫിലിപ്പോസ് (യോഹ, 12:21),
❺ ദൂതൻ (പ്രവൃ, 10:4),
❻ വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (പ്രവൃ, 16:16,19),
❼ പൗലൊസും ശീലാസും (പ്രവൃ, 16:30),
❽ അഗ്രിപ്പാരാജാവ് പ്രവൃ, 25:26),
❾ കർത്താക്കന്മാർ (1കൊരി, 8:4),
❿ അബ്രാഹാം (1പത്രൊ, 3:6),
⓫ സ്വർഗ്ഗത്തിലെ മൂപ്പൻ (വെളി, 7:14).
☛ ഇവരൊക്കെ മൂലഭാഷയിൽ 𝗸𝘆𝗿𝗶𝗼𝘀 ആണ്. കുറിയോസ് (കർത്താവ്) എന്ന് വിളിച്ചിരിക്കുന്ന കാരണത്താൽ, ഇവരെ ദൈവമാക്കാൻ പറ്റുമോ?
☛ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും:
➦ കർത്താവായ യേശുക്രിസ്തുവിന് ഒരു പിതാവും ദൈവവും ഉള്ളതായി അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്:
❶ “എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്ത്വീകരിക്കേണ്ടതിന് (റോമ, 15:5).
❷ “മനസ്സലിവുള്ള പിതാവും സർവാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (2കൊരി, 1:3).
❸ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു.” (2കൊരി, 11:31).
❹ “സ്വർഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (എഫെ, 1:3).
❺ “നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്” (എഫെ, 1:17).
❻ “എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്നു സ്തോത്രം ചെയ്യുന്നു.” (കൊലൊ, 1:5).
❼ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി,” (1പത്രൊ, 1:3). [സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ നോക്കുക]. കർത്താവ് എന്ന പദത്തിന് ദൈവമെന്നാണ് അർത്ഥമെങ്കിൽ, കർത്താവിൻ്റെ ദൈവവും പിതാവും എന്ന പ്രയോഗം അബദ്ധമല്ലേ?
☛ ഉപസംഹാരം:
➦ 𝗸𝘆𝗿𝗶𝗼𝘀 (കർത്താവ്) എന്ന പദം “ഒരേയൊരു സത്യദൈവമായ” (The only true God) പിതാവിന് ഉപയോഗിച്ചിരിക്കുന്നതുപോലും “ദൈവം” (God) എന്ന അർത്ഥത്തിലല്ല. പിന്നെങ്ങനെയാണ് ആ പദം യേശുവിന് ഉപയോഗിക്കുന്ന കാരണത്താൽ അവൻ ദൈവം ആകുന്നത്?
One thought on “കുറിയോസ് ദൈവമാണോ?”