☛ യേശുവിൻ്റെ ജീവിതത്തിൽ അജ്ഞാത വർഷങ്ങളുണ്ടോ❓
➦ യേശുവിൻ്റെ പന്ത്രണ്ട് വയസ്സു മുതൽ ഏകദേശം മുപ്പത് വയസ്സു വരെയുള്ള കാലത്തെക്കുറിച്ച് ബൈബിളിൽ വിവരങ്ങളൊന്നും ഇല്ലെന്നാണ് അനേകർ കരുതുന്നത്. ➨അതിനാൽ, യേശുവിൻ്റെ ❛അജ്ഞാത വർഷങ്ങൾ❜ എന്നപേരിൽ പലരും പല നുണക്കഥകളും മെനഞ്ഞെടുത്തിട്ടുണ്ട്. ➨പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ, നിക്കോളസ് നൊട്ടൊവിച്ച് (Nicolas Notivitch) എന്ന റഷ്യൻ യാത്രികൻ രചിച്ച ❛യേശുക്രിസ്തുവിന്റെ അജ്ഞാത ജീവിതം❜ (The Unknown Life of Jesus Christ) എന്ന കൃതിയിലൂടെയാണ്, യേശുവിന്റെ ഇന്ത്യാ ജീവിതത്തെക്കുറിച്ചുള്ള നുണക്കഥയ്ക്ക് ഏറെ പ്രചാരവും പ്രസിദ്ധിയും ലഭിച്ചത്. ➨ഇന്ത്യയിലെത്തിയ നൊട്ടൊവിച്ച് കാലൊടിഞ്ഞ് ബുദ്ധാശ്രമത്തിൽ ചികിത്സയിൽ ആയിരിക്കുമ്പോൾ, യേശുവിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള ബുദ്ധമത ലിഖിതങ്ങൾ വായിച്ചു കേട്ടെന്നാണ് ആ കഥ. ➨അനന്തരം താൻ നാട്ടിൽ പോയി 1890-ൽ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു. ➨അടുത്തത്, ലെവി. എച്ച്, ഡൗലിംഗ് 1908-ൽ പ്രസിദ്ധീകരിച്ച ❛യേശുക്രിസ്തുവിന്റെ അക്വേറിയൻ സുവിശേഷം❜ (The Aquarian Gospel of Jesus Christ) എന്ന ഗ്രന്ഥമാണ്. ➨അതിൽ പറയുന്നത്, യേശു തന്റെ അജ്ഞാത വർഷങ്ങളിൽ ഇന്ത്യ, ടിബറ്റ്, പേർഷ്യ, അസ്സീറിയ, ഗ്രീസ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതായാണ്. ➨ബൈബിൾ തുറന്നുപോലും നോക്കാത്തവർക്കേ ഇങ്ങനെയുള്ള പൊട്ടക്കഥകൾ വിശ്വസിക്കാനും പ്രചരിപ്പിക്കാനും സാധിക്കയുള്ളു. ➨യേശുവിൻ്റെ പന്ത്രണ്ടു വയസ്സുമുതൽ ഏകദേശം മുപ്പതു വയസ്സു വരെയുള്ള കാലത്ത് താൻ എവിടെയായിരുന്നു, എന്തു ചെയ്യുകയായിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവ് ബൈബിളിലുണ്ട്. ➨ഒരു സത്യാന്വേഷകനു് ബോധ്യമാകാൻ വേണ്ടതിലും അധികം തെളിവുകൾ ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. ➨ഒന്നും രണ്ടുമല്ല; ഏഴ് തെളിവുകൾ നിങ്ങളെ കാണിക്കാം:
❶ യേശുവിൻ്റെ അമ്മയായ മറിയയും വളർത്തച്ഛനായ യോസേഫും നസറെത്ത് പട്ടണത്തിലെ നിവാസികളായിരുന്നു: (ലൂക്കൊ, 1:26; 2:4). ➨യേശു ബേത്ത്ലഹേമിൽ ജനിച്ചശേഷം, ന്യായപ്രമാണപ്രകാരമുള്ള യാഗങ്ങളൊക്കെ അർപ്പിച്ചനന്തരം, മിസ്രയീമ്യവാസവും കഴിഞ്ഞ്, അവർ തങ്ങളുടെ പട്ടണമായ നസറെത്തിലേക്ക് തന്നെയാണ് മടങ്ങിപ്പോയത്. (മത്താ, 2:22; ലൂക്കൊ, 2:39). ➨പിന്നെ, യേശു പന്ത്രണ്ടാം വയസ്സിൽ അമ്മയപ്പന്മാരോടൊപ്പം ദൈവാലയത്തിൽ പോയശേഷം, നസറെത്തിലേക്ക് മടങ്ങിവന്ന് അവർക്ക് കീഴടങ്ങിയിരുന്നു എന്നാണ് വായിക്കുന്നത്. ➤❝പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു.❞ (ലൂക്കൊ, 2:51). ➨അനന്തരം ലൂക്കൊസ് എഴുതിയിരിക്കുന്നത്: ➤❝യേശുവോ, ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു❞ എന്നാണ്. (ലൂക്കൊ, 2:52). ➨ഒന്നാമത്തെ തെളിവ് ഈ വേദഭാഗത്തുണ്ട്: നസറെത്തിൽ വന്നു അപ്പനമ്മമാർക്ക് കീഴടങ്ങിയിരുന്ന യേശു, ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നത് നസറെത്തിൽ തന്നെയാണല്ലോ❓ ➨അവൻ വളർന്നത്, നസറെത്തിലാണെന്ന് ചരിത്രകാരനായ ലൂക്കൊസ് കൃത്യമായി എഴുതിവെച്ചിട്ടുമുണ്ട്. ➨യോർദ്ദാനിൽനിന്ന് സ്നാനാനന്തരം അവൻ സ്വന്തപട്ടണത്തിൽ മടങ്ങിയെത്തിയതിനെ, ➤❝അവൻ വളർന്ന നസറെത്തിൽ വന്നു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 4:16). ➨❝അവൻ വളർന്ന നസെത്തിൽ വന്നു❞ എന്ന് പറഞ്ഞാൽ, അവൻ നസറെത്തിൽ തന്നെയാണ് വളർന്ന് വലുതായത് എന്നാണല്ലോ❓ ➨ദേശാന്തരിയായി എവിടെയെങ്കിലും സഞ്ചരിച്ചവൻ, നസറെത്തിലെ മനുഷ്യരുടെ കൃപയനുഭവിച്ച്, നസറെത്തിൽ വളർന്നു എന്ന് പറയാൻ കഴിയുമോ❓ ➨ഇതാണ്, യേശുവിൻ്റെ അജ്ഞാതവർഷ കുതുകികൾക്കുള്ള ബൈബിളിൻ്റെ ആദ്യത്തെ പ്രഹരം.
❷ യേശുവിനെ ➨❛നസറായൻ❜ (മത്താ, 2:22), ➨❛നസറായനായ യേശു❜ (മത്താ, 26ൻ്റ°:71), ➨❛നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു❜ (മത്താ, 21:11), ➨❛യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ❜ (യോഹ, 1:45), ➨❛ഗലീലക്കാരനായ യേശു❜ (മത്താ, 26:69) എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ➨ഇതിൻ്റെ അർത്ഥം: ഗലീല ജില്ലയിലെ നസറെത്ത് പട്ടണത്തിൽ പാർത്തിരുന്നവൻ എന്നാണ്. ➨ഈ പ്രയോഗങ്ങളെല്ലാം വ്യക്തമാക്കുന്നതാണ്, യേശു ഗലീലയിലെ നസറെത്ത് പട്ടണത്തിലെ സ്ഥിരതാമസക്കാരനായിരുന്നു എന്നാണ്. ➨രാജ്യങ്ങൾ ചുറ്റിസഞ്ചരിച്ചിട്ട് മുപ്പതാമത്തെ വയസ്സിൽ മാത്രം തിരിച്ചുവന്ന ഒരാളെ ഗലീലയിലെ നസറെത്ത് നിവാസിയെന്ന് ആരും വിശേഷിപ്പിക്കില്ല. ➨തന്നെയുമല്ല, താൻ പരസ്യ ശുശ്രൂഷയ്ക്ക് മുമ്പായി സ്നാനം ഏല്പാൻ വന്നത് നസറെത്തിൽ നിന്നാണെന്നും പറഞ്ഞിട്ടുണ്ട്. (മർക്കൊ, 1:9). ➨അപ്പോൾ, അവൻ നസറെത്തിൽത്തന്നെ ഉണ്ടായിരുന്നു എന്ന് വ്യക്തമാണല്ലോ❓
❸ ❝ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ്; യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.” (മർക്കൊ, 6:2-3 ⁃⁃ മത്താ, 13:54-56). ➨യേശുവിൻ്റെ വായിൽനിന്നുവന്ന ജ്ഞാനത്തിൻ്റെ വാക്കുകളും അവൻ ചെയ്ത വീര്യപ്രവൃത്തികളും കണ്ടപ്പോൾ, യെഹൂദന്മാർ അത്ഭുതത്തോടെ ചോദിക്കുകയാണ്: ➨ഈ ആശാരിപ്പണിക്കാരനും ഇവൻ്റെ സഹോദരീ സഹോദരന്മാരും നമ്മോടുകൂടെ ഉള്ളതല്ലേ, പിന്നെ, ഈ കഴിവുകളൊക്കെ ഇവനു് എവിടുന്ന് കിട്ടി. (മർക്കൊ, 6:2). ➤❝എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു❞ എന്നാണ് ലൂക്കൊസ് പറയുന്നത് (ലൂക്കോ, 4:22). ➨യേശു നസറെത്തിൽ ആശാരിപ്പണി ചെയ്യുകയായിരുന്നു എന്ന് ഈ വേദഭാഗത്തുനിന്ന് വ്യക്തമായി മനസ്സിലാക്കാം. ➨അവൻ മറുനാട്ടിൽ എവിടെയെങ്കിലും പോയിരുന്നെങ്കിൽ, ഇവൻ തച്ചനല്ലയോ, തച്ചൻ്റെ മകനല്ലയോ, എന്ന ചോദ്യവും, ഇവനു് ഈ കഴിവുകൾ എവിടുനിന്ന് കിട്ടിയെന്ന ആശ്ചര്യവും അസ്ഥാനത്താണ്. ➨അതായത്, അവൻ മറുനാട്ടിൽ എവിടെയെങ്കിലും പോയിരുന്നെങ്കിൽ, ജ്ഞാനവും കഴിവുകളും അവിടെനിന്ന് സമ്പാദിച്ചതാണെന്ന് അവർ പറയുമായിരുന്നു. ➨തന്നെയുമല്ല. അവനെ ❛തച്ചൻ❜ (carpenter) എന്ന് അവർ വിളിക്കയുമില്ലായിരുന്നു. ➨അതിനാൽ, യേശു നസറെത്തിൽ അവരുടെ ഇടയിൽ ആശാരിപ്പണി ചെയ്തുവന്നിരുന്നവനാണ് എന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.
❹ യേശു കന്യകയായ മറിയയിൽ ഒരു തച്ചൻ്റെ മകനായിട്ടാണ് (വളർത്തച്ഛൻ) ജനിച്ചത്. (മത്താ, 13:55). ➨വിശേഷാൽ, അവനും ഒരു തച്ചൻ ആയിരുന്നു. (മർക്കൊ, 6:3). ➨തന്നെയുമല്ല. യേശു മറിയയുടെ ആദ്യജാതൻ ആയിരുന്നു. (ലൂക്കൊ, 2:7,23). ➨യേശു മറിയത്തിൻ്റെ ❛ഏകജാതൻ❜ ആയിരുന്നെങ്കിൽ, അവൻ മറിയത്തിൻ്റെ ❛ആദ്യജാതൻ❜ (Protōtokos – Firstborn son) എന്ന് പറയില്ലായിരുന്നു. ➨ആദ്യജാതൻ എന്ന പ്രയോഗം അനന്തര ജാതന്മാരെ കുറിക്കുന്നതാണ്. ➨അഥവാ, യേശുവിനെക്കൂടാതെ അവൻ്റെ അമ്മയ്ക്ക് മറ്റു മക്കളും ഉണ്ടെന്നുള്ളതിൻ്റെ തെളിവാണ്. ➨യേശുവിനെക്കൂടാതെ, യോസേഫിനും മറിയയ്ക്കും കുറഞ്ഞത് ആറു മക്കളെങ്കിലുമുണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നുമുണ്ട്: ➤❝ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ, ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ?❞ (മത്താ, 13:55 56⁃⁃ മർക്കൊ, 6:3). ➨യേശുവിൻ്റെ പന്ത്രണ്ടാമത്തെ വയസ്സുവരെ മാത്രമേ വളർത്തച്ഛനായ യോസേഫിനെക്കുറിച്ച് പറയുന്നുള്ളു. (ലൂക്കൊ, 2:42-50). ➨യേശുവിൻ്റെ ചെറുപ്രായത്തിൽത്തന്നെ യോസേഫ് മരിച്ചിരുന്നോ അറിയില്ല,. എന്തായാലും യേശു ശുശ്രൂഷ ആരംഭിക്കുന്ന സമയത്തൊന്നും യോസേഫ് ജീവിച്ചിരിപ്പില്ല. ➨കാനാവിലെ കല്യാണത്തിലോ, യേശുവിനെക്കാണാൻ അമ്മയും സഹോദരന്മാരും വരുമ്പോഴോ, ക്രൂശീകരണ സമയത്തോ യോസേഫിനെ കാണുന്നില്ല. ➨ന്യായപ്രമാണപ്രകാരം ആദ്യജാതനു് പല ഉത്തരവാദിത്വങ്ങളും ഉണ്ട്. ➨ആദ്യജാതൻ കുടുംബത്തിൻ്റെ തലവനാണ്. ➨അതിനാൽ, പിതാവിൻ്റെ അധികാരം പോലെ ഇളയ സഹോദരങ്ങളുടെ മേൽ അവന് അധികാരവും ഉത്തരവാദിത്വവുമുണ്ട്. ➨കുടുംബത്തലവൻ എന്ന നിലയിൽ അവൻ അമ്മയെ മരണംവരെയും, സഹോദരിമാരെ വിവാഹംവരെയും സംരക്ഷിക്കണം. ➨അപ്പൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും, മൂത്തമകനെന്ന നിലയിലുള്ള തൻ്റെ ധാർമ്മികവും കാർമികവുമായ ഉത്തരവാദിത്വങ്ങളിൽ നിന്ന്, തനിക്ക് ഒരിക്കലും മാറി നില്ക്കാൻ പറ്റില്ല. ➨താൻ ക്രൂശിൽ മരിക്കുന്നതിനു മുമ്പായി തൻ്റെ അമ്മയെ പ്രിയശിഷ്യനായ യോഹന്നാൻ്റെ കരങ്ങളിൽ ഏല്പിച്ചത്, ഇതിനോട് ചേർത്ത് ചിന്തിക്കുക. (യോഹ, 19:26-27). ➨മരണസമയത്തുപോലും തൻ്റെ അമ്മയോടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിക്കാഞ്ഞവൻ, തൻ്റെ യൗവ്വനപ്രായത്തിൽ അമ്മയെയും സഹോദരങ്ങളെയും നോക്കാതെ, ദേശാന്തരിയായി പോകുമോ❓ ➨ന്യായപ്രമാണത്തിൽ വള്ളിക്കോ, പുള്ളിക്കോ മാറ്റം വരുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതാണ് എളുപ്പമെന്ന് പഠിപ്പിച്ചവൻ, ന്യായപ്രമാണത്തിനു വിരുദ്ധമായി ആദ്യജാതൻ്റെ ഉത്തരവാദിത്വം നിവൃത്തിക്കാതിരിക്കുമോ❓ ➨അതിനാൽ, നസറെത്തിൽനിന്ന് അവനു് തൻ്റെ അമ്മയെയും സഹോദരങ്ങളെയും വിട്ട് എവിടെയും പോകാൻ കഴിയില്ലെന്ന് വ്യക്തമാണല്ലോ❓
❺ യേശുവിന് ഏകദേശം മുപ്പത് വയസ്സായപ്പോൾ, യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനം ഏല്ക്കുകയും, പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അവനെ അഭിഷേകം ചെയ്യുകയും ചെയ്തു. (ലൂക്കൊ, 3:21-23). പ്രവൃ, 10:38). ➨അനന്തരം, മരുഭൂമിയിലെ പരീക്ഷയ്ക്കുശേഷം യേശു ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു. (ലൂക്കൊ, 4:1,14).➨ പിന്നെ വായിക്കുന്നത്, ➤❝അവൻ വളർന്ന നസറെത്തിൽ വന്നു, ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു❞ എന്നാണ്. (ലൂക്കൊ, 4:16). ➨ഈ വേദഭാഗം ശ്രദ്ധിക്കണം: ➤❝പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റു നിന്നു.❞ ➨ചിലർ കരുതുന്നപോലെ, പന്ത്രണ്ട് വയസ്സുമുതൽ മുപ്പത് വയസ്സുവരെ യേശു ഇന്ത്യയിലോ, ടിബറ്റിലോ, പേർഷ്യയിലോ, അസ്സീറിയയിലോ, ഗ്രീസിലോ, ഈജിപ്റ്റിലോ സഞ്ചരിച്ചിരുന്നുവെങ്കിൽ, ➨അവനു് പതിവായി സസറെത്തിലെ പള്ളിയിൽ പോകാൻ കഴിയുമായിരുന്നോ❓
❻ യേശുവിൻ്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട ഉപമകളെല്ലാം യിസ്രായേലിലെ സാധാരണക്കാർക്കുപോലും മനസ്സിലാകുന്നതും യെഹൂദാ പശ്ചാത്തലത്തിൽ ഉള്ളതും പലതും സാധാരണക്കാരൻ്റെ ദൈനംദിന ജീവിതത്തിൻ്റെ നേർചിത്രങ്ങളുമാണ്. ➤വിതയ്ക്കുന്നവൻ (മത്താ, 13:5-8), കള (മത്താ, 13:24-30), കടുകുമണി (മത്താ, 13:31-32), പുളിച്ച മാവ് (മത്താ, 13:33), ഒളിച്ചുവെച്ച നിധി (മത്താ, 13:44), വിലയേറിയ മുത്ത് (മത്താ, 13:45-46), വീശുവല (മത്താ, 13:47-50), കാണാതെപോയ ആട് (മത്താ, 18:12-14), കരുണയില്ലാത്ത ദാസൻ (മത്താ, 18:23-35), മുന്തിരിത്താട്ടത്തിലെ വേലക്കാർ (മത്താ, 20:1-16), രണ്ടു പുത്രന്മാർ (മത്താ, 21:28-32), കുടിയാന്മാർ (മത്താ, 21:33-46), രാജപുത്രന്റെ കല്യാണം (മത്താ, 22:1-14), പത്തുകന്യകമാർ (മത്താ, 25:1-13), താലന്തുകൾ (മത്താ, 25:14-30), കർഷകൻ അറിയാതെ വളർന്നു വരുന്ന വിത്ത് (മർക്കൊ, 4:26-29), രണ്ടു കടക്കാർ (ലൂക്കോ, 7:41-43), നല്ല ശമര്യൻ (ലൂക്കോ, 10:25-37), അർദ്ധരാത്രിയിലെ സ്നേഹിതൻ (ലൂക്കോ, 11:5-8), ധനികനായ മൂഢൻ (ലൂക്കോ, 12:16-18), ഫലമില്ലാത്ത അത്തിവൃക്ഷം (ലൂക്കോ, 13:6-9), വലിയ അത്താഴം (ലൂക്കോ, 14:16-24), നഷ്ടപ്പെട്ട ദ്രഹ്മ (ലൂക്കോ, 15:8-10), മുടിയനായ പുത്രൻ (ലൂക്കോ,15:11-32), അനീതിയുള്ള കാര്യവിചാരകൻ (ലൂക്കോ, 16:1-9), ധനവാനും ലാസറും (ലൂക്കോ, 16:19-31), പ്രയോജനമില്ലാത്ത ദാസന്മാർ )ലൂക്കോ, 17:7-10), അനീതിയുള്ള ന്യായാധിപൻ (ലൂക്കോ, 18:1-8), പരീശനും ചുങ്കക്കാരനും (ലൂക്കോ, 18:10:14), പത്തു ദാസന്മാരും പത്തു റാത്തൽ വെള്ളിയും (ലൂക്കോ, 19:12-17). ➨ഒരു വിദേശ ഉപമപോലും യേശു പറഞ്ഞിട്ടില്ല. ➨തൻ്റെ യൗവ്വനകാലം മുഴുവൻ (12—30) താൻ വിദേശരാജ്യങ്ങളിൽ ആയിരുന്നെങ്കിൽ, യേശുവിൻ്റെ ഉപമകളിൽ അതെല്ലാം കടന്നുവരുമായിരുന്നു. ➨ഇതും യേശു യിസ്രായേൽ വിട്ട് എവിടെയും പോയിട്ടില്ല എന്നതിൻ്റെ തെളിവാണ്.
❼ യേശുവിൻ്റെ ശുശ്രൂഷയുടെ ലക്ഷ്യത്തെ വെളിപ്പെടുത്തുന്ന ഒരു വേദഭാഗമുണ്ട്. അതിന്നു അവൻ: ➤❝യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല❞ എന്നു ഉത്തരം പറഞ്ഞു. (മത്താ, 15:24). ➨യേശു ലോകത്തിൻ്റെ മുഴുവൻ പാപം ചുമന്ന ദൈവകുഞ്ഞാടാണെങ്കിലും (യോഹ, 1:29), ➨യേശു ദൈവത്താൽ യിസ്രായേൽ ഗൃഹത്തിലേക്ക് അയക്കപ്പെട്ടവനാകയാൽ അവൻ്റെ ശുശ്രൂഷ പ്രധാനമായും യിസ്രായേലിൽ ആയിരുന്നു. ➤❝നിൻ്റെ ❛സന്തതി❜ മുഖാന്തരം സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്ന് പൂർവ്വപിതാക്കന്മാർ മൂവരോടും ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് പറഞ്ഞ വാഗ്ദത്തസന്തതി യേശുക്രിസ്തു അല്ല; ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലാണ്: (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:13-14 ⁃⁃ പുറ, 4:22-23). ➨അതായത്, സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത് യിസ്രായേൽ എന്ന ദൈവസന്തതി മുഖാന്തരമാണ്. ➨അതുകൊണ്ടാണ്, ❝രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു❞ എന്ന് യേശു പഠിപ്പിച്ചത്: (യോഹ, 4:22). ➨ആദ്യം യിസ്രായേൽ; അവർ മുഖാന്തരം ശമര്യരും സകല ജാതികളും; അതായിരുന്നു ദൈവത്തിൻ്റെ പദ്ധതി: (ലൂക്കൊ, 24:47; പ്രവൃ, 1:8). ➨പുതിയനിയമത്തിൻ്റെ ആരംഭത്തിൽത്തന്നെ അക്കാര്യം കാണാം: ❝അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.❞ (മത്താ, 1:21). ➨അതിനാൽ യിസ്രായേലിലേക്ക് അയക്കപ്പെട്ടവൻ തൻ്റെ യൗവ്വനകാലത്തിൻ്റെ മുന്നരവർഷം യിസ്രായേലിലും പതിനെട്ട് വർഷം മറ്റ് രാജ്യങ്ങളിലും എന്നത് കല്പനാലംഘനം ആകും. ➨തന്മൂലം, യേശു യിസ്രായേലിൽ വിട്ട് എവിടെയും പോയിട്ടില്ലെന്നത് മാറ്റമില്ലാത്ത സത്യമാണ്.
☛ ഉപസംഹാരം:
➦ യേശു തന്റെ ജനനം മുതൽ പരസ്യശുശ്രൂഷയുടെ ആരംഭം വരെ ഇസ്രായേലിൽ തന്നെ ഉണ്ടായിരുന്നു എന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമില്ല. ➨ഏകദേശം മുപ്പത് വയസ്സുവരെ ആഴ്ചയിൽ ആറുദിവസം താൻ മരപ്പണി ചെയ്ത് കുടുംബത്തെ പോറ്റുകയും, ഏഴാംനാൾ ശബ്ബത്തിൽ തന്റെ ‘പതിവുപോലെ’ പള്ളിയിൽ ദൈവവചനം പഠിക്കുകയും ചെയ്തിരുന്ന ഒരു സാധാരണ ജീവിതമായിരുന്നു നയിച്ചിരുന്നത്. ➨അതിനാൽ, യേശുവിന്റെ ജീവിതത്തിൽ ❛അജ്ഞാത വർഷങ്ങൾ❜ എന്നൊന്നില്ല, ➨പ്രത്യുത, ❛സാധാരണ വർഷങ്ങൾ❜ മാത്രമേയുള്ളൂ. ➨തന്റെ പരസ്യ ശുശ്രൂഷയ്ക്ക് മുൻപുള്ള ഏകദേശം 18 വർഷങ്ങൾ യേശു നസറെത്തിലെ ഒരു തച്ചനായി തന്റെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റുകയായിരുന്നു. ➨തന്മൂലം, യേശു ഭാരതത്തിലോ മറ്റ് വിദേശ രാജ്യങ്ങളിലോ പോയി എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന നുണക്കഥകൾ വെറും ഭാവനകൾ മാത്രമാണ്. ➨ബൈബിൾ കൃത്യമായി പഠിക്കുന്ന ഒരാൾക്ക് ഇത്തരം മണ്ടൻ കഥകൾ വിശ്വസിക്കാൻ കഴിയില്ല. ➨യേശു ഇസ്രായേൽ വിട്ട് എങ്ങും പോയിട്ടില്ല എന്നതിനു് ബൈബിൾ നൽകുന്ന സാക്ഷ്യം സ്ഫടികസ്ഫുടമാണ്.