അരിസ്തൊബൂലൊസ്

അരിസ്തൊബൂലൊസ് (Aristobulus)

പേരിനർത്ഥം – നല്ല ഉപദേഷ്ടാവ്  

റോമാലേഖനത്തിൽ പൗലൊസ് അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുന്നു: റോമ, 16:10). ബർന്നബാസിന്റെ സഹോദരനായിരുന്നുവെന്നും, ബിഷപ്പായി അഭിഷേകം പ്രാപിച്ചുവെന്നും ബ്രിട്ടനിൽ സുവിശേഷം പ്രസംഗിച്ച് അവിടെവെച്ച് മരിച്ചു എന്നും ഒരു പാരമ്പര്യമുണ്ട്. മഹാനായ ഹെരോദാവിന്റെ ഒരു മകനായിരുന്നു അരിസ്തൊബൂലൊസ് എന്നും കുടുംബക്കാർ അദ്ദേഹത്തിന്റെ അടിമകളായിരുന്നു എന്നും ഒരു ചിന്താഗതി പ്രാബല്യത്തിലുണ്ട്.

അരിസ്തർഹൊസ്

അരിസ്തർഹൊസ് (Aristarchus)

പേരിനർത്ഥം – നല്ല ഭരണകർത്താവ് 

തെസ്സലൊനീക്യ സ്വദേശിയായ അരിസ്തർഹൊസ് അപ്പൊസ്തലനായ പൗലൊസിന്റെ സഹപ്രവർത്തകനും സഹചാരിയും ആയിരുന്നു. മൂന്നാം മിഷണറിയാത്രയിൽ പൗലൊസിനോടൊപ്പം ഉണ്ടായിരുന്നു. എഫെസൊസിൽ ദെമേത്രിയൊസ് എന്ന തട്ടാന്റെ നേതൃത്വത്തിൽ ഉണ്ടായ കലഹം നിമിത്തം ജനം അരിസ്തർഹൊസിനെയും ഗായോസിനെയും പിടിച്ചു രംഗസ്ഥലത്തു കൊണ്ടുവന്നു. ജനമെല്ലാം അവർക്കെതിരെ ഇളകി അർത്തെമിസ് ദേവിയുടെ പേരിൽ ആർത്തുവിളിച്ചുകൊണ്ടിരുന്നു. പൗലൊസിനെ ജനസമൂഹത്തിൽ വരാൻ ശിഷ്യന്മാർ സമ്മതിച്ചില്ല: (പ്രവൃ, 19:29,30). പട്ടണമേനോൻ കലഹം ശമിപ്പിക്കുകയാൽ അവർ രക്ഷപ്പെട്ടു. അനന്തരം അരിസ്തർഹൊസ് പൗലൊസിനോടൊപ്പം മക്കദോന്യവഴി യവനദേശത്തെത്തി, അതിനുശേഷം ആസ്യയിൽ വന്നു: (പ്രവൃ, 20:4). തുടർന്നു പൗലൊസിനോടുകൂടി റോമിലേക്കു പോയി: (പ്രവൃ, 27:2). പൗലൊസിന്റെ കാരാഗൃഹവാസത്തിൽ സഹായി ആയിരുന്നു. കൊലൊസ്സ്യലേഖനം എഴുതുമ്പോൾ അരിസ്തർഹൊസ് പൗലൊസിന്റെ സഹബദ്ധനായിരുന്നു: (കൊലൊ, 4:10). ഫിലേമോന്റെ ലേഖനത്തിൽ കൂട്ടുവേലക്കാരൻ എന്നു പൗലൊസ് പറഞ്ഞിട്ടുണ്ട്. (ഫിലേ, 24). പാരമ്പര്യമനുസരിച്ചു നീറോയുടെ കാലത്തു രക്തസാക്ഷിയായി.

അരവ്നാ

അരവ്നാ (Araunah) 

പേരിനർത്ഥം – യഹോവ ബലവാൻ

മോരിയാമലയിൽ ഒരു മെതിക്കളം സ്വന്തമായുണ്ടായിരുന്ന യെബൂസ്യൻ: (2ശമൂ, 24:16). യഹോവയ്ക്ക് യാഗപീഠം നിർമ്മിക്കാനായി ദാവീദ് അതിനെ വിലയ്ക്കുവാങ്ങി. ജനസംഖ്യ എടുത്തതിനു ദാവീദിനെ ശിക്ഷിക്കാനായി ദൈവം അയച്ച ദൂതൻ അരവ്നായുടെ കളത്തിനടുത്തെത്തിയപ്പോഴാണ് സംഹാരം മതിയാക്കിയത്. ദാവീദ് ഈ കളം വാങ്ങാനാഗ്രഹിച്ചപ്പോൾ സൗജന്യമായി നല്കാമെന്ന് അരവ്നാ പറഞ്ഞു. എന്നാൽ യാഗപീഠം നിർമ്മിക്കുന്നതിന് കളം വിലയ്ക്കേ വാങ്ങു എന്നു ദാവീദ് ശഠിച്ചപ്പോൾ വിലവാങ്ങി കളം നല്കി. 2ശമൂവേൽ 24:24-ൽ അമ്പതുശേക്കെൽ വെള്ളി കൊടുത്തു എന്നും, 1ദിനവൃത്താന്തം 21:25-ൽ 600 ശേക്കെൽ പൊന്നു കൊടുത്തു എന്നും കാണുന്നു. ഈ വിലയിൽ കാണുന്ന വൈരുദ്ധ്യം ഒഴിവാക്കാൻ ചില വ്യാഖ്യാതാക്കൾ ശ്രമിച്ചിട്ടുണ്ട്. കാളകൾക്കു അമ്പതു ശേക്കെൽ വെള്ളിയും കളത്തിനു 600 ശേക്കെൽ പൊന്നും നല്കിയെന്നതാണൊരു വ്യാഖ്യാനം. കാളകൾക്കും കളത്തിനുമായി 50 ശേക്കെൽ വെള്ളിയും അധികസ്ഥലത്തിനു 600 ശേക്കെൽ സ്വർണ്ണവും നല്കിയെന്നു മറ്റൊരു വ്യാഖ്യാനവും ഉണ്ട്. ഈ പ്രദേശമാണ് പിൽക്കാലത്ത് യെരൂശലേം ദൈവാലയത്തിൻ്റെ സ്ഥാനമായത്: (2ദിന,3:1). 1ദിനവൃത്താന്തം 21:18-ൽ അരവ്നായെ ഒർന്നാൻ എന്നും വിളിക്കുന്നു.

അമ്രാം

അമ്രാം (Amram)

പേരിനർത്ഥം – ഉന്നതജനം

മോശെയുടെ അപ്പൻ: (പുറ, 6:20; സംഖ്യാ, 26:59; 1ദിന, 6:3; 23:13). ലേവിയുടെ പുത്രനായി കെഹാത്തിന്റെ പുത്രൻ: (പുറ, 6:18). അമ്രാം പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു. മിര്യാം, അഹരോൻ, മോശെ എന്നിവരാണ് മക്കൾ: (സംഖ്യാ, 3:19; 1ദിന, 6:2). അമ്രാം 137 സംവത്സരം ജീവിച്ചിരുന്നു.

അമ്മീനാദാബ്

അമ്മീനാദാബ് (Amminadab)

പേരിനർത്ഥം – ഉദാരശീലരായ ജനം

ആരാമിന്റെ പുത്രനും നഹശോന്റെ പിതാവും: (മത്താ, 1:4; ലൂക്കൊ, 3:32). ആദ്യം യിസ്രായേൽ;ജനത്തിന്റെ എണ്ണമെടുക്കുമ്പോൾ നഹശോൻ (അമ്മീനാദാബിന്റെ മകൻ) യെഹൂദാ ഗോത്രത്തിലെ പ്രഭു ആയിരുന്നു: (സംഖ്യാ, 1:7; 2:3). ദാവീദിൽ നിന്ന് മേലോട്ടു ആറു തലമുറയും, യെഹൂദയിൽനിന്നു താഴോട്ട് നാലുതലമുറയും അമ്മീനാദാബിന് ഉണ്ട്. അങ്ങനെ യേശുക്രിസ്തുവിന്റെ പൂർവ്വികനാണ് അമ്മീനാദാബ്: (രൂത്ത്, 4:19,20; 1ദിന, 2:10; മത്താ, 1:4; ലൂക്കൊ, 3:33(. അഹരോന്റെ ഭാര്യയായ എലീശേബയുടെ പിതാവായ അമ്മീനാദാബും ഈ അമ്മീനാദാബും ഒരാളായിരിക്കണം: (പുറ, 6:23).