ആശേർ

ആശേർ (Asher)

പേരിനർത്ഥം – ഭാഗ്യവാൻ 

യാക്കോബിന്റെ എട്ടാമത്തെ പുത്രൻ. ലേയയുടെ ദാസി സില്പാ പ്രസവിച്ച രണ്ടാമത്തെ പുത്രനാണ് ആശേർ. ആ കുഞ്ഞിനെ തന്റേതായി അംഗീകരിച്ചുകൊണ്ടു ലേയ പറഞ്ഞു “ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതി എന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു.” (ഉല്പ, 30:13). യോസേഫിനെ വില്ക്കുന്നതിൽ ആശേർ മറ്റു സഹോദരന്മാരോടൊപ്പം നിന്നു. (ഉല്പ, 37:27). ക്ഷാമകാലത്തു ധാന്യം വാങ്ങുവാൻ സഹോദരന്മാരോടൊപ്പം മിസ്രയീമിലേക്കു പോയി. (ഉല്പ, 42:3). യാക്കോബിന്റെ കുടുംബം മുഴുവൻ മിസ്രയീമിലേക്കു പോയപ്പോൾ ആശേരിന് നാലു പുത്രന്മാരും ഒരു പുതിയും ഉണ്ടായിരുന്നു. (ഉല്പ, 46:17). യാക്കോബു നല്കിയ അനുഗ്രഹത്തിൽ ആശേരിന്റെ കാർഷികഫലസമൃദ്ധിയെ ഭംഗ്യന്തരേണ ചിത്രീകരിച്ചു. (ഉല്പ, 49:20). 

ആശേർഗോത്രം: ആശേരിൽനിന്നു ആശേർ ഗോത്രം ഉത്ഭവിച്ചു. (ഉല്പ, 46:17; സംഖ്യാ, 26:44-47; 1ദിന, 7:30-40). സംഖ്യാബലത്തിൽ ആശേർ ഒരു വലിയ ഗോത്രമായിരുന്നു. പുറപ്പാടിനുശേഷം ആദ്യം ജനസംഖ്യയെടുത്തപ്പോൾ ആശേരിലെ യോദ്ധാക്കൾ 41,500 ആയിരുന്നു. (സംഖ്യാ, 1:41). രണ്ടാമതു ജനസംഖ്യയെടുത്തപ്പോൾ അത് 53,400 ആയി ഉയർന്നു. (സംഖ്യാ, 26:47). ജനസംഖ്യയിൽ ഗോത്രം ഒമ്പതാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തെത്തി. മരുഭൂമി യാത്രയിൽ സമാഗമനകൂടാരത്തിന്റെ ഉത്തരഭാഗത്ത് ദാനിന്റെയും നഫ്താലിയുടെയും ഇടയ്ക്കായിരുന്നു ആശേരിന്റെ സ്ഥാനം. (സംഖ്യാ, 2:27). കനാൻദേശം വിജിച്ചപ്പോൾ കർമ്മേലിന്റെ അറ്റം മുതൽ സീദോൻ വരെയുള്ള തീരപ്രദേശം ആശേരിന് അവകാശമായി ലഭിച്ചു. (യോശു, 19:24-31). ഏറ്റവും ഫലപുഷ്ടിയുള്ള ഈ പ്രദേശം ഗോതമ്പ്, എണ്ണ, വീഞ്ഞ് എന്നിവയാൽ അനുഗൃഹീതമായിരുന്നു. ഐശ്വര്യവും ഭക്ഷണസമൃദ്ധിയും അനുഭവിക്കുക നിമിത്തം ആശേര്യർ കാലാന്തരത്തിൽ സുഖകാംക്ഷികളായി മാറി. തദ്ദേശ നിവാസികളെ നീക്കിക്കളയുവാൻ അവർക്കു കഴിഞ്ഞില്ല. ദേശനിവാസികളായ കനാന്യരുടെ ഇടയിൽ അവർ പാർത്തു. (ന്യായാ, 1:31-32). സീസെരയ്ക്കെതിരെയുള്ള യുദ്ധോദ്യമത്തിൽ മറ്റു ഗോത്രങ്ങൾ ഒന്നിച്ചപ്പോൾ “ആശേർ സമുദ്രതീരത്തു അനങ്ങാതിരുന്നു, തുറമുഖങ്ങൾക്കകത്തു പാർത്തുകൊണ്ടിരുന്നു” എന്നു ദെബോര കുറ്റപ്പെടുത്തി. (ന്യായാ, 5:17). മിദ്യാന്യരോടുള്ള യുദ്ധത്തിൽ ഗിദെയോന്റെ പിമ്പിൽ അവർ അണിനിരന്നു. (ന്യായാ, 7:23). യിസ്രായേലിന്റെ സിംഹാസനത്തിന്മേൽ ദാവീദിന്റെ അവകാശം ഉറപ്പിക്കുവാനായി ആശേർ ഗോത്രം 40,000 സമർത്ഥരായ യോദ്ധാക്കളെ അയച്ചുകൊടുത്തു. (1ദിന, 12:36). ദാവീദിന്റെ വാഴ്ചക്കാലത്തു ആശർ ഗോത്രത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഗോത്രത്തലവന്മാരുടെ പട്ടികയിൽനിന്നും ആശർഗോത്രം ഒഴിവാക്കപ്പെട്ടു. (1ദിന, 27:16-22). എടുത്തുപറയാവുന്ന ഒരു പരാക്രമിയോ ന്യായാധിപനോ ആശേരിൽ നിന്നുദയം ചെയ്തു കാണുന്നില്ല. ശിശുവായ യേശുവിനെ ദൈവാലയത്തിൽ കൊണ്ടുവന്നപ്പോൾ ദൈവത്തെ സ്തുതിക്കുകയും പ്രവചിക്കുകയും ചെയ്ത ഹന്നാ എന്ന പ്രവാചിക ആശേർ ഗോത്രത്തിൽ ഉള്ളവളായിരുന്നു. (ലൂക്കൊ, 2:36-38). ഭാവിയിൽ രക്ഷയ്ക്കായി മുദ്രയിടപ്പെടുന്നവരിൽ ആ ഗോത്രവും ഉൾപ്പെടുന്നു. (വെളി, 7:36).

Leave a Reply

Your email address will not be published. Required fields are marked *