ഷണ്ഡൻ

ഷണ്ഡൻ

യൂനുഖൊസ് എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർത്ഥം ശയ്യ സൂക്ഷിപ്പുകാരൻ അഥവാ ശയ്യകളുടെയും ശയ്യാഗാരങ്ങളുടെയും മേൽനോട്ടം വഹിക്കുന്നവൻ എന്നാണ്. യെഹൂദൻമാർ മനുഷ്യരെയോ മൃഗങ്ങളെയോ വന്ധ്യംകരിച്ചിരുന്നില്ല. ന്യായപ്രമാണം അതിനെതിരായിരുന്നു. ഷണ്ഡനും ഛിന്നലിംഗനും ദൈവസന്നിധിയിൽ വരാൻ അനുവാദമില്ല. (ലേവ്യ, 22:24; ആവ, 23:1). രാജകൊട്ടാരങ്ങളിൽ അന്തഃപുരങ്ങളുടെ മേൽവിചാരകനായ ഉദ്യോഗസ്ഥനാണ് ഷണ്ഡൻ. വരിയുടച്ചു പുരുഷത്വം നശിപ്പിക്കപ്പെട്ട വ്യക്തികളാണ് അധികവും. വിവാഹം കഴിഞ്ഞ ഷണ്ഡൻമാരും ഉണ്ട്. (ഉല്പ, 39:1). പോത്തിഫേറ അക്ഷരാർത്ഥത്തിൽ ഷണ്ഡൻ ആയിരിക്കണമെന്നില്ല. ഔദ്യോഗിക പദവിയെക്കുറിക്കുന്നതിനും സാറിസ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. ഉന്നതപദവിയിലുള്ള ഉദ്യോഗസ്ഥൻമാരായിരുന്നു ഷണ്ഡൻമാർ. (ഉല്പ, 39:1; അപ്പൊ, 8:27). യിസ്രായേൽ ഏകാധിപത്യ സംവിധാനത്തിൽ അമർന്നപ്പോൾ ഷണ്ഡൻമാരുടെ പദവിയും പ്രാധാന്യവും വർദ്ധിച്ചു. (2രാജാ, 8:6; 9:32; 23:11; 25:19; യെശ, 56:3,4; യിരെ, 29:2; 34:19; 38:7; 41:16; 52:25). അശ്ശൂരിലെ റാബ്-സാരിസ് അഥവാ ഷണ്ഡപ്രധാനി മറ്റു ഉന്നത ഉദ്യോഗസ്ഥൻമാരോടൊപ്പം രാജദൂതനായി പോയി. (2രാജാ, 18:17). 

യിസ്രായേലിലും പേർഷ്യയിലും എത്യോപ്യയിലും പ്രത്യുൽപാദനശേഷി ഇല്ലായ്മയെ കുറിക്കുന്നതായിരുന്നു ഈ പദം. ഷണ്ഡത്വം പ്രവാസത്തെ കഷ്ടതരമാക്കി. (യെശ, 39:7). ദാനീയേലിനെ ഷണ്ഡനാക്കിയോ എന്നതു വ്യക്തമല്ല. ബദ്ധന്മാരെ ഷണ്ഡൻമാരാക്കിയിരുന്നു എന്നു ഹെരോഡോട്ടസ് എന്ന ചരിത്രകാരൻ പറയുന്നുണ്ട്. മഹാനായ ഹെരോദാവ് പാനപാതവാഹകനായി ഒരു ഷണ്ഡനെ നിയമിച്ചിരുന്നുവെന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മൂന്നുവിധം ഷണ്ഡൻമാരെ വേർതിരിച്ചു പറഞ്ഞു. (മത്താ, 19:12). ഒന്ന്; ഷണ്ഡന്മാരായി ജനിച്ചവർ, രണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയാവർ, മൂന്ന്; സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡൻന്മാരാക്കിയ ഷണ്ഡന്മാർ. സ്വർഗ്ഗരാജ്യത്തിനുവേണ്ടി തന്റെ സ്വന്തം പ്രത്യുൽപാദനശക്തിയെ സ്വമേധയാ ഉപേക്ഷിച്ചവരായിരിക്കണം മൂന്നാമത്തെ കൂട്ടർ. യേശു ഇവിടെ യോഹന്നാൻ സ്നാപകനെയോ തന്നെത്തന്നെയോ ആയിരുന്നു സൂചിപ്പിച്ചതെന്നു കരുതുന്നവരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *