വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

“എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളിപ്പാട് 1:12).

വെളിപ്പാട് പുസ്തകത്തിൽ യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. മനുഷ്യപുത്രനോട് സദൃശൻ സൂര്യതേജസ്സോടെയാണ് യോഹന്നാന് പ്രത്യക്ഷനായത്. തന്നെയുമല്ല, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു എന്ന് അവൻ പറയുന്നതായി കാണാം. തന്മൂലം, അവൻ ദൈവമാണെന്ന് ക്രൈസ്തവ സഭയിലെ ഭൂരിപക്ഷം പേരും കരുതുന്നത്. ആദ്യനും അന്ത്യനും എന്ന് പറഞ്ഞാൽ; ദൈവം ആണെന്ന തെറ്റിദ്ധാരണയിൽ നിന്നാണ്, അങ്ങനെയൊരു വിശ്വാസം ഉടലെടുത്തത്. യഥാർത്ഥത്തിൽ യോഹന്നാൻ കണ്ടത് ദൈവത്തെയല്ല. അതിൻ്റെ ചില തെളിവുകൾ ആദ്യം നോക്കാം: 

1. വെളിപ്പാട് ഒന്നാം അദ്ധ്യായം 13-16 വാക്യങ്ങളിൽ, അഭൗമമായ തേജസ്സോടെ യോഹന്നാന് വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനെക്കുറിച്ചുള്ള വർണ്ണനയാണ്. അടുത്ത വാക്യം: “അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെമേൽവെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.” (വെളി, 1:17). ഈ വേദഭാഗത്ത്, ഞാൻ ആദ്യനും അന്ത്യനും ആകുന്നു എന്ന്, മനുഷ്യപുത്രനോട് സദൃശൻ പറയുന്നു. ദൈവത്തെയാണ് യോഹന്നാൻ കണ്ടതെന്ന ചിന്തയ്ക്ക് ഉപോൽബലകമായ രണ്ട് കാര്യങ്ങളാണ്: മനുഷ്യപുത്രനോടു സദൃശൻ്റെ സൂര്യതേജസ്സോടെയുള്ള വെളിപ്പാടും, ആദ്യനും അന്ത്യനും എന്ന പ്രയോഗവും. എന്നാൽ, അടുത്തവാക്യം ഇങ്ങനെ കാണാം:”ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു” (വെളി, 1:18). ഈ വേദഭാഗത്ത്, ഞാൻ മരിച്ചവനായിരുന്നു (I was dead) എന്നാണ്, മനുഷ്യപുത്രനോട് സദൃശൻ പറയുന്നത്. ദൈവം മരണമില്ലാത്തവനും (1തിമൊ, 6:16), എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:9-10), ഭോഷ്ക്ക് പറവാൻ കഴിയാത്തവനും ആണ്. (എബ്രാ, 6:18). തന്നെയുമല്ല, ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, അവന് മരിക്കാൻ കഴിയുകയുമില്ല. (മലാ, 3:6; യാക്കൊ, 1:17). മരണമില്ലാത്ത, മരിക്കാൻ കഴിയാത്ത ദൈവമെങ്ങനെ “ഞാൻ മരിച്ചവനായിരുന്നു” എന്ന് പറയും? അതായത്, ഏത് കാരണം ചൊല്ലിയും, ദൈവത്തിന് മരിക്കാനും കഴിയില്ല; താൻ മരിച്ചുയിർത്തുവെന്ന് ഭോഷ്ക്ക് പറയാനും കഴിയില്ല. തന്മൂലം, ദൈവത്തെയല്ല യോഹന്നാൻ കണ്ടതെന്ന് വ്യക്തമാണ്. അപ്പോൾ ഒരു ചോദ്യം വരും. ആദ്യനും അന്ത്യനും എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതാണല്ലോ; തന്മുലം, മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലേ? ഏകദൈവമായ യഹോവ ആദ്യനും അന്ത്യനുമാണ്. (യെശ, 41:4; 44:6; 48:12; വെളി, 1:8; 21:5-6; 23:13). എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ ആദ്യനും അന്ത്യനുമായ ദൈവമല്ല. അടുത്ത അദ്ധ്യായത്തിൽ അതിനു തെളിവുണ്ട്. “മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:8). അവൻ സ്മൂർന്നയിലെ സഭയുടെ ദൂതനോട് പറയുന്ന ഈ വേദഭാഗം ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട്, വീണ്ടും ജീവിച്ച ആദ്യനും അന്ത്യനുമാണ് മനുഷ്യപുത്രനോട് സദൃശൻ. എന്നാൽ, ദൈവം മരണ രഹിതനാണെന്ന് നാം മുകളിൽ കണ്ടതാണ്. തന്നെയുമല്ല, ദൈവത്തെക്കുറിച്ച് വെളിപ്പാട് പുസ്തകംതന്നെ പറയുന്നത്: മരിച്ചിട്ട് എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ എന്നല്ല; “എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ” എന്നാണ്. (വെളി, 4:9,10; 10:7; 15:7). രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. മനുഷ്യപുത്രനോട് സദൃശൻ മരണമുള്ളവൻ അല്ലെങ്കിൽ, മരണം ഉണ്ടായിരുന്നവനും, മരണത്തിൽ നിന്ന് ജീവിച്ചിട്ട്, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനാണ്. (വെളി, 1:18; 2:8). എന്നാൽ, ദൈവം മരണം ഇല്ലാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (വെളി, 4:9). അതിനാൽ, അവിടുത്തെ, ആദ്യനും അന്ത്യനും എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2. “ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.” (വെളി, 2:7). ഈ വേദഭാഗം ശ്രദ്ധിക്കുക: എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിലല്ല പറയുന്നത്; ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്ന് പ്രഥമപുരുഷനിൽ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പറയുന്നത്. അടുത്തവാക്യം: “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു.” (വെളി, 3:14). ഭാഷയുടെ വ്യാകരണ നിയമപ്രകാരം, “സൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം അഥവാ, മുഖാന്തരം എന്നാണ് അർത്ഥം വരുന്നത്. സൃഷ്ടിക്ക് കാരണമായവൻ എങ്ങനെയാണ് സ്രഷ്ടാവാകുന്നത്? തന്നെയുമല്ല, യഹോവ അഥവാ, പിതാവ് ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശു, 44:24). ഈ വാക്യത്തിൽ, “ഞാൻ തന്നേ” എന്നിടത്ത്, ഞാൻ തനിച്ച് (alone) അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. അനേകം തെളിവുകളുണ്ട്: (ഉല്പ, 1:27; 2:7; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 64:8; മലാ, 2:10; മത്താ, 19:4; മർക്കൊ, 10:6).

3. “ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.” (വെളി, 3:2). അടുത്തവാക്യം: “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). മേല്പറഞ്ഞ രണ്ട് വാക്യങ്ങളിൽ, മനുഷ്യപുത്രനോട് സദൃശനായവൻ ദൈവത്തെ, “എൻ്റെ ദൈവം” എന്ന് അഞ്ച് പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. അതിൽ നിന്ന് ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം. ഒന്ന്; പിതാവായ ഒരേയൊരു സത്യദൈവമേ നമുക്കുള്ളു. (യോഹ, 17.3. ഒ.നോ: 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവം അല്ലെന്ന് വ്യക്തമാണ്. രണ്ട്; മനുഷ്യപുത്രനോട് സദൃശൻ ദൈവത്തെ, എൻ്റെ ദൈവം, എന്റെ ദൈവത്തിന്റെ നാമം, എന്റെ പുതിയ നാമം എന്നിങ്ങനെ, തന്നെയും ദൈവത്തെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, മനുഷ്യപുത്രനോട് സദൃശൻ ദൈവം അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. മൂന്ന്; എൻ്റെ ദൈവം എന്നാണ് പറയുന്നത്. അതായത്, മനുഷ്യപുത്രനോട് സദൃശനായവന് ഒരു ദൈവമുണ്ട്. ആകാശത്തിലോ, ഭൂമിയിലോ ദൈവങ്ങൾ എന്ന് പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏകദൈവമേ നമുക്കുള്ളു. (1കൊരി, 8:5-6). അതിനാൽ, ദൈവം എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിന് മീതെ, മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല,. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവം അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

4. അനേകർ കരുതുന്നപോലെ, ദൈവം മൂവരല്ല; ഒരുത്തൻ മാത്രമാണ്. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമത്തിലെ മശീഹമാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). അതിനാൽ, യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ, ദൈവമല്ലെന്ന് സ്ഫടികസ്ഫുടം തെളിയുന്നു.

5. “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം “ഒരുത്തൻ മാത്രം” ആണെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായപദൽ ബാദ് (bad – alone) ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് (monos) ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 72:18; 83:18; 86:10; 136:4; യെശ, 37:16,20; 44:24). ഒറ്റയെ അഥവാ, സിംഗിളിനെ (Single) കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിന് (yahid) തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കോ, 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4,24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഹീദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശവും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.

മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലെങ്കിൽ; നമ്മുടെ അടുത്ത ഉത്തരം: ദൈവപുത്രനായ യേശു എന്നാണ്. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു എന്ന്, മനുഷ്യപുത്രനോട് സദൃശനായവൻ അവിടെ പറയുന്നതായി കാണാം. (വെളി, 1:18). യേശു മരണത്തെ ജയിച്ച് ഉയിർത്തവനാകയാൽ, അവിടെ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവാണെന്ന് വിചാരിക്കുന്നത് സ്വാഭാവികം മാത്രം. എന്നാൽ, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ, ദൈവപുത്രനായ യേശുവെന്ന ക്രിസ്തുവാണോ, അതോ, മറ്റാരെങ്കിലും ആണോ എന്നറിയാൻ, വിശദമായ ഒരു ചിന്ത ആവശ്യമാണ്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു: 1. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ക്രിസ്തു ആരാണ്? 2. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണോ പത്മോസിൽ യോഹന്നാൻ കണ്ടത്? 3. മനുഷ്യപുത്രനോട് സദൃശൻ  ആരാണ്? നമുക്ക് ഓരോന്നും വിശദമായി നോക്കാം:

1. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ക്രിസ്തു ആരാണ്?

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ, പുത്രൻ ആത്മാവായ ദൈവമല്ല; അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും വംശപരമ്പരയിൽ മറിയയെന്ന കന്യകയിൽ പരിശുദ്ധാവിനാൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21), ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ മനുഷ്യനാണ്. (യോഹ, 8:40; 1യോഹ, 3:5). അതായത്, കന്യക പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; 1:25; ലൂക്കൊ, 1:35, 2:7; 1യോഹ, 3:5). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിന് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെപ്പറഞ്ഞാൽ എങ്ങനെയിരിക്കും? യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (ഗലാ, 4:4). ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). അവന് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ബി.സി.6-ൽ മറിയയയുടെ ആദ്യജാതനായി ജനിച്ച്, എ.ഡി. 29-ൽ ക്രിസ്തുവും ദൈവപുത്രനും ആയവൻ, ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആണെന്ന് എങ്ങനെ പറയും?

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. താൻ ദൈവമല്ലെന്ന് ക്രിസ്തു കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പറഞ്ഞിട്ടുണ്ട്. യഹോവ അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറ പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവംമെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നു പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6) ദൈവപുത്രന് ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം വസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 40 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. യെഹൂദന്മാർ ക്രൂശിച്ചത് ദൈവത്തെയല്ല; യേശുവെന്ന പാരഹിതനായ മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 1യോഹ, 3:5; 1തിമൊ, 2:6). ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രസ്തുവും ആക്കിവെക്കുകയാണ് ചെയ്തത്. (പ്രവൃ, 2:36; 5:31).

ക്രിസ്തു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, ദൈവം ത്രിത്വമാണെന്നും ദൈവപുത്രൻ ദൈവമാണെന്നും അനേകർ വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് യഥാർത്ഥമായി മനസ്സിലാക്കിയാൽ, അവനെ ദൈവമാക്കാനും ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിക്കാനും ആരും ശ്രമിക്കില്ല. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) ആണ്. അഥവാ, ഏകദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, ‘അവൻ’ എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, ‘നാമം’ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6. ഒ.നോ: ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പ്രവചനംപോലെ, കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; സങ്കീ, 40:6; എബ്രാ, 10:5; മത്താ, 1:20; ലൂക്കൊ, 1:35; 2:21യോഹ, 8:40; 1യോഹ, 3:5). [കാണുക: ദൈവഭക്തിയുടെ മർമ്മം]

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,21,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ. 8:58). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന് ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ മറ്റാർക്കും പറയാൻ കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]

2. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണോ പത്മോസിൽ യോഹന്നാൻ കണ്ടത്?

യഹോവ അഥവാ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അന്ത്യകാലത്ത് മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ, യഹോവയായ ഏകദൈവം എടുത്ത ജഡത്തിലെ വെളിപ്പാടാണ് യേശുവെന്ന ദൈവപുത്രനായ മനുഷ്യനെന്നും മുകളിൽ നാം കണ്ടതാണ്. അതായത്, സുവിശേഷ ചരിത്രകാലത്ത് മാത്രമാണ് യേശുവെന്ന പാപമില്ലാത്ത മനുഷ്യൻ ഉണ്ടായിരുന്നത്. അതിനാൽ, വെളിപ്പാടിൽ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ ക്രിസ്തു അല്ലെന്ന് വ്യക്തമാണ്. ഒരു മനുഷ്യൻ സ്വർഗ്ഗത്തിൽ നിത്യമായിട്ട് ഉണ്ടാകുകയോ, വീണ്ടും ആർക്കെങ്കിലും വെളിപ്പെടാനോ സാദ്ധ്യമല്ല. ഇനി, മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശു അല്ലെന്നതിൻ്റെ കൂടുതൽ തെളിവുകൾ നമുക്ക് നോക്കാം:

1. യോഹന്നാന് പ്രത്യക്ഷനായി സഭകൾക്ക് ദൂത് നല്കുന്ന മനുഷ്യപുത്രനോട് സദൃശനായവനെ യേശുവെന്നോ, ക്രിസ്തുവെന്നോ ആ വേദഭാഗങ്ങളിൽ പറഞ്ഞിട്ടില്ല. തന്നെയുമല്ല, സുവിശേഷങ്ങളിലും ലേഖനങ്ങളിലുമായി മനുഷ്യപുത്രനെന്ന് യേശുവിനെ അനേകം പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും മനുഷ്യപുത്രനോട് സദൃശനെന്ന് അവനെ വിശേഷിപ്പിച്ചിട്ടില്ല. യോഹന്നാൻ പറയുന്നത് മനുഷ്യപുത്രനെന്നല്ല; മനുഷ്യപുത്രനോട് സദൃശ്യൻ എന്നാണ്. മനുഷ്യപുത്രനായ യേശുവാണ് തനിക്ക് പ്രത്യക്ഷനായതെങ്കിൽ, മനുഷ്യപത്രനെന്നല്ലാതെ, മനുഷ്യപുത്രനോട് സദൃശ്യനെന്ന് എങ്ങനെ പറയും? തന്മൂലം, അവൻ കണ്ടത് ദൈവപുത്രനായ യേശുവിനെയല്ലെന്ന് മനസ്സിലാക്കാം.

2. മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു” എന്നാണ് യോഹന്നാൻ പറയുന്നത്. (വെളി, 1:13). യഥാർത്ഥത്തിൽ, മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു എന്ന് യോഹന്നാൻ പറഞ്ഞാൽ, അതിൻ്റെ അർത്ഥം; താൻ യേശുവിനെ കണ്ടു എന്നല്ല. പ്രത്യുത, യേശുവെന്ന മനുഷ്യപുത്രനോട് സദൃശനായ മറ്റൊരുവനെ കണ്ടു എന്നാണർത്ഥം. യോഹന്നാന് ഏറ്റം സുപരിചിതനായ, താൻ മാറിൽ ചാരിക്കിടന്നിട്ടുള്ളവനാണ് മനുഷ്യപുത്രനായ യേശു. (യോഹ, 13:23). തനിക്കുവേണ്ടി ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണ് യോഹന്നാൻ കണ്ടിരുന്നതെങ്കിൽ, ‘എൻ്റെ കർത്താവേ’ എന്നായിരിക്കും യോഹന്നാൻ സംബോധന ചെയ്യുക. ഒരിക്കലും മനുഷ്യപുത്രനോട് സദൃശനായവൻ എന്ന് പറയുമായിരുന്നില്ല. അതിനാൽ, യോഹന്നാൻ കണ്ടത് ക്രിസ്തുവിന അല്ലെന്ന് വ്യക്തമാണ്.

3. പത്മോസിൽ യോഹന്നാൻ കണ്ട, മനുഷ്യപുത്രനോട് സദൃശൻ “ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” എന്ന് അവടെ പറഞ്ഞിട്ടുണ്ട്. (വെളി, 1:7). അവിടുത്തെ ആദ്യനും അന്ത്യനും എന്ന പ്രയോഗത്തിന് ദൈവം എന്ന് അർത്ഥമില്ല. അടുത്ത അദ്ധ്യായത്തിൽ അതിന് തെളിവുണ്ട്: “സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:” (വെളി, 2:8). മനുഷ്യപുത്രനോട് സദൃശൻ മരിച്ചവനായിരുന്നിട്ട് വീണ്ടും ജീവിച്ച ആദ്യനു. അന്ത്യനുമാണ്. എന്നാൽ, ദൈവം ആരംഭവും അവസാനവും ഇല്ലാത്തവനും മരണമില്ലാത്തവണും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (സങ്കീ, 90:2; 1തിമൊ, 6:16; വെളി, 4:10). ആ പ്രയോഗം ദൈവത്തെ കുറിക്കുന്നതായിരുന്നെങ്കിൽ, അടുത്ത അദ്ധ്യായത്തിൽ “എൻ്റെ ദൈവം” എന്ന് ഈ ദൈവം മറ്റാരെയും സംബോധന ചെയ്യില്ലായിരുന്നു. (വെളി, 3:2; 3:12). ദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. യേശുവെന്ന ക്രിസ്തു, യഹോവയായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതയും മനുഷ്യനും ആകയാൽ, ക്രിസ്തു മറിയയുടെ ഉദരത്തിൽ ഉരുവായവനും ജനിച്ചവനുമെന്ന നിലയിൽ അവനൊരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 2:7,21). ശുശ്രൂഷ തികച്ച് അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറി അപ്രത്യക്ഷനായവൻ എന്ന നിലയിൽ, അവനൊരു അവസാനവുമുണ്ട്. (യോഹ, 20:17; എബ്രാ, 9:11-12). അതായത്, സുവിശേഷങ്ങൾ വെളിപ്പെടുത്തുന്ന യേശുവെന്ന ക്രിസ്തു പാപമറിയാത്ത മനുഷ്യനാകയാൽ, അവനൊരു ദൈവമുണ്ട്. (യോഹ, 20:28). എന്നാൽ, അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാകയാൽ, എന്നേക്കും ഉള്ളവനല്ല; വീണ്ടും പ്രത്യക്ഷനാകാനും ആ മനുഷ്യന് കഴിയില്ല. തന്നെയുമല്ല, യേശുവിൻ്റെ ഭൗമിക ശുശ്രൂഷയോടുള്ള ബന്ധത്തിൽ “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന് പറഞ്ഞിരിക്കുന്നപോലെ (1തിമൊ, 3:16), ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് വെളിപ്പാടിൽ പറഞ്ഞിട്ടുമില്ല. തന്മൂലം, വെളിപ്പാടിൽ പറയുന്ന ആദ്യനും അന്ത്യനും ക്രിസ്തു അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

4. “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശനായവൻ പറഞ്ഞിട്ടുണ്ട്. (വെളി, 1:18). ഈ പ്രയോഗം ക്രിസ്തുവിനോട് ബന്ധിപ്പിക്കുവാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ, ആ പ്രയോഗം യേശുവെന്ന ക്രിസ്തുവുമായി യാതൊരു ബന്ധവും ഉള്ളതല്ല. യേശു, “മരിച്ചവനായിരുന്നു” (was dead)  എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പ്രത്യുത, മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ എന്നാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. സുവിശേഷത്തിൻ്റെ നിർവ്വചനംപോലും അതാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു എൻ്റെ സുവിശേഷം.” (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12). മരിച്ചവൻ ആയിരുന്നു എന്നതും, മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ എന്നതും അജഗജാന്തരമുള്ള പ്രയോഗങ്ങളാണ്. മരിച്ചിട്ട് ഉടനെതന്നെ ഉയിർത്തെഴുന്നേറ്റ യേശുവിനെ, മരിച്ചൻ ആയിരുന്നു എന്ന് പറയാൻ കഴിയില്ല. കേവലം 36-38 മണിക്കൂർ മാത്രമാണ് അവൻ കല്ലറയിൽ ആയിരുന്നത്. അതിലാണ്, മരിച്ചിട്ട് ഉയിർത്തവൻ എന്ന് പറയുന്നത്. എന്നാൽ “ഞാൻ മരിച്ചവനായിരുന്നു” എന്ന പ്രയോഗം സൂചിപ്പിക്കുന്നത്; ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെയാണ്. തന്നെയുമല്ല, “മരിച്ചവനായിരുന്നു” എന്ന പ്രയോഗം ജഡത്തിൻ്റെ സ്വാഭാവിക മരണത്തെയല്ല; പാപത്തിലുള്ള മരണത്തെയാണ് കുറിക്കുന്നത്. യേശുവെന്ന ക്രിസ്തു ഒരു മറുവിലയും പാപരഹിതനുമാണ്. പരിശുദ്ധൻ (യോഹ, 6:69), പാപമറിയാത്തവൻ (2കൊരി. 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേറുവിട്ടവൻ {എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല, (1പത്രൊ, 2:22), അവനിൽ പാപമില്ല. (1യോഹ, 3:5) എന്നൊക്കെയാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അതായത്, പാപമറിയാത്ത ക്രിസ്തു മനുഷ്യരുടെ പാപം മുഖാന്തരം പാപം ആക്കപ്പെട്ടിട്ടാണ് ക്രൂശിക്കപ്പെട്ടത്. (2കൊരി, 5:21). അല്ലാതെ, അവനിൽ സ്വാഭാവികമായി പാപമില്ല, യേശുക്രിസ്തു പാപപരിഹാരത്തിനുവേണ്ടി മരിച്ചുയിർത്തവനാണ്. അതിനാൽ, ഞാൻ മരിച്ചവനായിരുന്നു; എന്നെന്നേക്കും ജീവിച്ചിരിക്കുന്നു എന്ന് പറവാൻ ആവശ്യമില്ല. എന്നാൽ അവിടപ്പറയുന്ന, മനുഷ്യപുത്രനോട് സദൃശൻ പാപത്തിൽ മരിച്ചവനായി, ഉത്ഥാനം കാത്തുകിടന്നവനാണ്. അതിനാൽ, ക്രിസ്തുവിൻ്റെ മരണം മൂലം, ആർക്കാണോ ജീവൻ ലഭിച്ചത് അവനാണ് അവിടെ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ എന്ന് മനസ്സിലാക്കാം. അവൻ ആരായാലും യേശുവല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. എന്തെന്നാൽ, ദൈവം മനുഷ്യനായി മരിച്ചുയിർക്കാൻ ലോകത്തിൽ വെളിപ്പെട്ടത് തനിക്കുവേണ്ടിയല്ല; മറ്റൊരുത്തനുവേണ്ടിയാണ്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുവല്ല; മറ്റൊരുത്തനാണെണെന്ന് മനസ്സിലാക്കാം.

5. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്.” (വെളി, 1:18). യേശുവിൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉള്ളതായി സുവിശേഷങ്ങളിലോ, ലേഖനങ്ങളിലോ പറഞ്ഞിട്ടില്ല. ദൈവം ക്രിസ്തുവിനെ ലോകത്തിലേക്ക് അയച്ചത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). ആരെയും മരണത്തിലേക്കോ, പാതാളത്തിലേക്കോ അയക്കാനല്ല ക്രിസ്തു വന്നത്. മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് അവൻ വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). നമ്മുടെ അതിക്രമങ്ങൾ നിമിത്തം ദൈവം അവനെ മരണത്തിന്നു ഏല്പിക്കുകയാണ് ചെയ്തത്. നമ്മുടെ നീതീകരണത്തിനായി ദൈവം അവനെ ഉയിർപ്പിക്കുകയും ചെയ്തു. (റോമ, 4:24; പ്രവൃ, 2:24). അവൻ ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായത് നമ്മുടെ പാപങ്ങളെപ്രതിയാണ്. (ഫിലി, 2:8). അവൻ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താലാണ് നമ്മെ ദൈവത്തോട് നിരപ്പിച്ചത്. (കൊലൊ, 1:22). മരണത്തിൻ്റെ അധികാരിയായ പിശാചിനെ അവൻ തൻ്റെ മരണത്താലാണ് നീക്കിയത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). ക്രിസ്തുവിൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). യേശു തൻ്റെ മരണത്താൽ മരണം കാത്തുകിടന്നവർക്ക് നിത്യജീവൻ നല്കുകയും, മരണത്തിൻ്റെ അധികാരിയെ തൻ്റെ മരണത്താൽ നീക്കുകയുമാണ് ചെയ്തത്. അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. “ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.” (യോഹ, 5:45). ഇവിടെ താൻ, ആരെയും കുറ്റം വിധിക്കുമെന്നല്ല; മോശെ അവരെ കുറ്റം വിധിക്കുമെന്നാണ് പറയുന്നത്.  രണ്ട് കാര്യങ്ങൾ ഈ വാക്യത്തിൽ മനസ്സിലാക്കാം. 1. തൻ്റെ പണി ആരെയും കുറ്റം ചുമത്തലോ, ആരെയെങ്കിലും മരണത്തിന് ഏല്പിക്കലോ അല്ല; എല്ലാവർക്കും വേണ്ടി മറുവിലയാകാനും സത്യത്തിനു സാക്ഷി നില്ക്കാനുമാണ് താൻ ജനിച്ചത്. (യോഹ, 18:37; 1തിമൊ, 2:6). 2. ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ താൻ, എല്ലാവരെയും കുറ്റം വിധിക്കാനായി ന്യായവിധി ദിവസംവരെ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല. എന്നാൽ, ന്യായാധിപനെക്കുറിച്ചു പറയുന്ന മറ്റൊരു വാക്യമുണ്ട്: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വാക്യപ്രകാരം ക്രിസ്തു എല്ലാവരെയും ന്യായം വിധിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ക്രിസ്തു പറയുന്നു: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). വിധിയാളൻ ക്രിസ്തു അല്ലെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. അടുത്തൊരു വാക്യം: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). ഈ വാക്യപ്രകാരവും ന്യായാധിപതി താനല്ല; താൻ സംസാരിച്ച വചനമാണ്. മേല്പറഞ്ഞ വാക്യത്തിൽ പറയുന്ന ന്യായാധിപൻ അഥവാ, ന്യായവിധിക്ക് അധികാരമുള്ള പുത്രൻ യേശുക്രിസ്തുവല്ല മറ്റൊരു പുത്രനാണ്. ആരാണോ ന്യായാധിപനായ പുത്രൻ, അവനാണ് മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവൻ. അതാരാണെന്ന് താഴെ വരുമ്പോൾ നമുക്ക് മനസ്സിലാകും. അതിനാൽ, ദൈവപുത്രനായ യേശുവല്ല മനുഷ്യപുത്രനോട് സദൃശനെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

6. “തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:18). ഈ വേദഭാഗത്ത്, മനുഷ്യപുത്രനോട് സദൃശൻ തന്നെത്തന്നെ, ദൈവപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അതിനാൽ, യോഹന്നാൻ കണ്ടത് ദൈവപുത്രനായ യേശുവിനെയാണെന്ന് കരുതുന്നവരുണ്ട്. ഒന്നാമത്, പിതാവായ ഏകദൈവമാണ് നമുക്കുള്ളത്. ഈ വസ്തുത ദൈവപുത്രനായ യേശുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിടുള്ള കാര്യമാണ്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). രണ്ടാമത്, ദൈവം ആത്മാവും (യോഹ, 4:24), ദൈവപുത്രൻ ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46). മൂന്നാമത്, ദൈവം ഒരുത്തൻ മാത്രമാണെന്നും താൻ മനുഷ്യനാണെന്നും യേശുതന്നെയും അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:21; യോഹ, 5:44; റോമ, 16:24; 1താമൊ, 1:17; യോഹ, 8:40; പ്രവൃ, 2:23; 1കൊരി, 5:21; 5:47; 1തിമൊ, 2:6). നാലാമത്, ബൈബിളിൽ ദൈവപുത്രനെന്ന് പറഞ്ഞാൽ, യേശു മാത്രമല്ല ഉള്ളത്. ദൈവത്തിന് അനേകം ദൈവപുത്രന്മാരും പുത്രിമാരുമുണ്ട്. ദൂതന്മാർ (ഇയ്യോ, 1:6; 2:6; 37:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (മത്താ, 3:17), ക്രിസ്തു വിശ്വാസികൾ (1യോഹ, 3:2). എ.ഡി. 29-ലാണ് യേശുവെന പാപമറിയാത്ത മനുഷ്യൻ പ്രവചനംപോലെ ദൈവപുത്രനായത്. (ലൂക്കൊ, 1:32,35; 3:22). തന്നെയുമല്ല, ബൈബിളിലെ പിതാവ് മാത്രമാണ് ദൈവം. (യോഹ, 17:3). പുത്രന്മാർ ആരും ദൈവമല്ല. അഞ്ചാമത്, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ പിതാവിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ്, തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കൽ കരേറി അപ്രത്യക്ഷമായാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. (യോഹ, 10:30; 20:17; എബ്രാ, 9:11-12). അതായത്, ഏകദൈവമല്ലാതെ, യേശുവെന്ന മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നനായി ഉണ്ടാകയില്ല. തന്മൂലം, യോഹന്നാന് വെളിപ്പെട്ടത് ദൈവപുത്രനായ യേശുവല്ലെന്ന് സ്പഷ്ടമായി മനസ്സിലാക്കാം.

7. ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു. (വെളി, 3:7). ഇത് മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്നതാണ്. ഇങ്ങനെയൊരു പദവി ദൈവപുത്രനായ യേശുവിന് ഉള്ളതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ദാവീദിൻ്റെ പുത്രനെന്നുനും, ദാവീദിൻ്റെ വേരെന്നും യേശുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 8:29; വെളി, 22:16). എന്നാൽ, ദാവീദിൻ്റെ താക്കോൽ കൈവശമുണ്ടെന്നോ, ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവാനുള്ള അധികാരം ക്രിസ്തുവിനുണ്ടെന്നോ, ഒരിടത്തും പറഞ്ഞിട്ടില്ല. അതിനാൽ, മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവല്ലെന്ന് അസന്ദിഗ്ധമായി പറയാൻ കഴിയും.

8. “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). ഈ വേദഭാഗത്ത്, ജയിക്കുന്നവന് ദൈവത്തിൻ്റെ നാമവും, ദൈവനഗരത്തിൻ്റെ നാമവും, മനുഷ്യപുത്രനോട് സദൃശനായവൻ്റെ പുതിയ നാമവും കൊടുക്കുന്നതായി പറഞ്ഞിട്ടുണ്ട്. എന്നാൽ, ദൈവപുത്രനായ യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച്, ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, ആകാശത്തിനു കീഴിൽ യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ, മറ്റൊരു നാമം ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:12). തന്നെയുമല്ല, വെളിപ്പാട് 2,3 അദ്ധ്യായങ്ങളിൽ, സ്വർഗ്ഗത്തിലെ കാര്യങ്ങളല്ല; ഭൂമിയിലെ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. അതായത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ നടക്കേണ്ട കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. (വെളി, 2:26-27; 3:12). അതിനാൽ, ദൈവപുത്രനായ യേശുവിന് ആകാശത്തിനു കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമം ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, അവിടെപ്പറയുന്ന, മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

9. “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). വെളിപ്പാടിലെ മനുഷ്യപുത്രൻ ദൈവപുത്രനായ യേശുവാണെന്നും, ഈ വേദഭാഗ പ്രകാരം, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്നും യഹോവ സാക്ഷികളെപ്പോലുള്ളവർ കരുതുന്നു. ഭാഷയുടെ വ്യാകരണ നിയമപ്രകാരം, “സൃഷ്ടിയുടെ ആരംഭം” എന്ന് ഏകവചനം പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം അഥവാ, മുഖാന്തരം എന്നാണ് അർത്ഥം വരുന്നത്. അടയാളങ്ങളുടെ ആരംഭം എന്ന പ്രയോഗം നോക്കുക. (യോഹ, 2:11). ആടയാളങ്ങൾ എന്ന ക്രിയ ബഹുവചനം ആയതുകൊണ്ടാണ്, അതിന് ആദ്യത്തെ അടയാളം എന്നർത്ഥം വരുന്നത്. തന്നെയുമല്ല, യേശുവെന്ന മനുഷ്യൻ ജനിച്ചത് ബി.സി. 6-ൽ ആണെന്നും, അവൻ പ്രവചനം പോലെ, ദൈവപുത്രൻ ആയത്, എ.ഡി. 29-ൽ ആണെന്നും നാം കണ്ടതാണ്. (ലൂക്കൊ, 1:32,35; 3:22). അവനെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പറഞ്ഞാൽ; വേദവിപരീതമായ ഉപദേശമാണ്. ട്രിനിറ്റി വിചാരിക്കുന്നപോലെ, അവൻ സ്വഷ്ടാവായ ദൈവവുമല്ല. സൃഷ്ടിക്ക് മുഖാന്തരമായവൻ സ്രഷ്ടാവായ ദൈവം ആകില്ല. സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ദൈവപുത്രൻതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (മത്താ, 19:4; മർക്കൊ, 10:6). തന്നെയുമല്ല. യഹോവ അഥവാ, പിതാവ് ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശു, 44:24). ഈ വാക്യത്തിൽ, “ഞാൻ തന്നേ” എന്നിടത്ത്, ഞാൻ തനിച്ച് (alone) അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. അനേകം തെളിവുകളുണ്ട്: (ഉല്പ, 1:27; 2:7; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 64:8; മലാ, 2:10; മത്താ, 19:4; മർക്കൊ, 10:6). എന്തായാലും, ഇവിടെപ്പറയുന്ന ദൈവസൃഷ്ടിയുടെ ആരംഭം ദൈവപുത്രനായ യേശുവല്ല; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിന്, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥവുമില്ല. അതിനാൽ, വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

10. യേശുവാണ് അവിടെ യോഹന്നാന് വെളിപ്പെട്ടതെങ്കിൽ, സഭകൾക്ക് ദൂത് നല്കുമ്പോൾ താൻതന്നെ സംസാരിക്കുമായിരുന്നു. എന്നാൽ, ഏഴ് സഭകളോടും സംസാരിക്കുന്നത് ദൈവത്തിൻ്റെ ആത്മാവാണ്. (2:7,11,17,29; 3:6,13,22). തന്മൂലം, വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

3. മനുഷ്യപുത്രനോട് സദൃശൻ  ആരാണ്?

മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലെന്നും, ദൈവപുത്രനായ യേശു അല്ലെന്നും നാം കണ്ടു. ഇനി, മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് നോക്കാം. അവൻ ആരാണെന്ന് അറിയാൻ, യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ, ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കാൻ കാരണമായതും അല്ലാത്തതുമായ ചില വേദഭാഗങ്ങൾ പരിശോധിച്ചാൽ മതിയാകും. അത് ഏതൊക്കെയാണെന്നും, യഥാർത്ഥത്തിൽ ആരെക്കുറിച്ചാണെന്നും പരിശോധിച്ചാൽ, അവിടെ പറഞ്ഞിരിക്കുന്ന മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് വ്യക്തമാകും. നമുക്ക് ഓരോന്നായി നോക്കാം:

1. “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:12-13). യോഹന്നാൻ കണ്ടത്, മനുഷ്യപുത്രനോട് സദൃശനായ ഒരുവനെയാണ്. അങ്ങനെയൊരുത്തനെക്കുറിച്ച് ദാനീയേൽ പറഞ്ഞിട്ടുണ്ട്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ  വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). ക്രിസ്തു മഹാപുരോഹിതനായ കയ്യഫാവിൻ്റെ മുമ്പിൽവെച്ച് ഇപ്രകാരം പറഞ്ഞു: “ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും.” (മത്താ, 26:64; മർക്കൊ, 14:62). തന്മൂലം, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ക്രിസ്തു ആണെന്ന് അനേകരും കരുതുന്നു. എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അവൻ കന്യകയായ മറിയയിൽ ഉരുവായ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യനായിരുന്നു.  (മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). അതായത്, മനുഷ്യൻ്റെ പാപപരിഹാരത്തിനായി മറിയയിലൂടെ യഹോവയായ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ. തൻ്റെ ജഡത്തിലെ ശുശ്രൂഷ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ, മറ്റൊരു വ്യക്തിയായി യേശുവെന്ന ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ ഉണ്ടാകുകയില്ല. എന്നേക്കും ഉണ്ടാകുന്നത്, എന്നെന്നേക്കും ജീവിക്കുന്നവനായ ഏകദൈവം മാത്രമാണ്. (വെളി, 4:9-10; 10:7; 15:7). അതിനാൽ, ദാനീയേൽ കണ്ട ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോട് സദൃശനായവൻ യഥാർത്ഥത്തിൽ ക്രിസ്തു അല്ലെന്ന് വ്യക്തമാണ്.

ആരാണ് ആകാശമേഘങ്ങളോടെ വന്ന മനുഷ്യപുത്രനോട് സദൃശനെന്ന് ദാനീയേലിൻ്റെ പുസ്തകത്തിൽത്തന്നെയുണ്ട്. ദൈവത്തിൻ്റെ അടുക്കൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവനെ ദാനീയേൽ കാണുന്നത്, 13-14 വാക്യങ്ങളിലാണ്. ഏഴാം ആദ്യായത്തിൻ്റെ തുടക്കം മുതൽ 14-ാം വാക്യംവരെ ഭാവിയെക്കുറിച്ചുള്ള ദർശനമാണ് അവൻ കണ്ടത്. അത് കണ്ടിട്ട് അവനൊന്നും മനസ്സിലാകാതെ ആകെ വിഷമിച്ചിട്ട്, അടുത്ത കണ്ട ഒരു ദൂതനോട് ദർശനത്തിൻ്റെ സാരം ചോദിച്ചു. (ദാനീ, 7:15-16). ആ അദ്ധ്യായത്തിൻ്റെ ബാക്കിഭാഗം മുഴുവൻ ദൂതൻ്റെ ദർശന വ്യാഖ്യാനമാണ്. ദർശനം മുഴുവൻ കണ്ട ദാനീയേലിന് അവിടെപ്പറയുന്ന സംഭവങ്ങൾ എന്താണെന്നോ, മനുഷ്യപുത്രനോട് സദൃശൻ ആരാണെന്നോ മനസ്സിലായില്ല. അതുകൊണ്ടാണ് അവൻ ദൂതനോട് ചോദിച്ചത്. അതായത്, പ്രവാചകനായ ദാനീയേലിനുപോലും മനസ്സിലാക്കാത്ത വേദഭാഗഭാണ്, അഭിനവ പണ്ഡിതന്മാർ യേശുക്രിസ്തുവിൽ ആരോപിക്കുന്നത്. ദൂതൻ്റെ വ്യാഖ്യാനത്തിൽ; മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിൻ്റെ പതിനെട്ടാം വാക്യം: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). മനുഷ്യപുത്രനോട് സദൃശനായവൻ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽ നിന്ന് രാജത്വം പ്രാപിക്കുന്നതാണ് ദാനീയേൽ കണ്ടത്. (7:13-14). ദൂതൻ അത് വ്യാഖ്യാനിച്ചു വ്യക്തമാക്കുന്നത് എന്താണ്? അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും. ആരാണ് അത്യുന്നതൻ്റെ വിശുദ്ധന്മാർ? അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറയുന്നതിനാൽ, അത് യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണല്ലോ? പിന്നെ ആരാണ് അത്യുന്നതൻ്റെ വിശുദ്ധന്മാർ? “നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.” (പുറ, 19:6). “നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.” (ആവ, 7:6). “യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.” (സങ്കീ, 50:5. ഒ.നോ: ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). യഹോവയായ ദൈവം ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു തൻ്റെ സ്വന്തജനമായി തിരഞ്ഞെടുത്ത യിസ്രായേലാണ് അവിടെപ്പറയുന്ന അത്യുന്നതൻ്റെ വിശുദ്ധന്മാർ.

അടുത്തവാക്യം: “വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യും. (ദാനീ, 7:21). ഇവിടെപ്പറയുന്ന വയോധികനും അത്യുന്നതനും ഒരാളാണ്. (ആവ, 33:27; ഉല്പ, 14:18). അത്യുന്നതനായവന്റെ വിശുദ്ധന്മാർ എന്നത്, യിസ്രായേലിനെ കുറിക്കുന്ന ഒരു പ്രയോഗമാണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ ഇപ്രകാരമാണ്. “പുരാതനനായവന്‍ വന്ന് അവിടുത്തെ വിശുദ്ധന്മാര്‍ക്ക് ന്യായമായ വിധി നടത്തുകയും വിശുദ്ധന്മാര്‍ രാജത്വം പ്രാപിക്കുകയും ചെയ്യുന്നതുവരെ.” (ദാനി, 7:21). അതായത്, ഭാവിയിൽ യഹോവ അഥവാ, യേശുക്രിസ്തു തൻ്റെ വിശുദ്ധന്മാരായ യിസ്രായേലിൻ്റെ സകല ശത്രുകളെയും, അവൻ്റെ കാല്ക്കീഴാക്കിയിട്ട് അവന് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നതാണ് വിഷയം. (സങ്കീ, 110:1; സെഖ, 12:10; 14:3-5; പ്രവൃ, 1:6,11; 1തെസ്സ, 3:13; യൂദാ, 1:14-15; വെളി, 1:7).

അടുത്തവാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, “രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും” എന്ന് പറയുന്നു. അത്യന്നതൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് നാം കണ്ടതാണ്. അടുത്തഭാഗം ശ്രദ്ധിക്കുക: “അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു. ” അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ഒന്നാംഭാഗത്ത് ബഹുവചനത്തിൽ പറഞ്ഞശേഷം, അടുത്തഭാഗത്ത് ‘അവൻ്റെ’ രാജത്വം എന്ന് ഏകവചനത്തിൽ പറയുന്നു. മൂന്നാം ഭാഗവും നോക്കുക: “സകല ആധിപത്യങ്ങളും ‘അവനെ’ സേവിച്ചനുസരിക്കും.” “അവനെ സേവിച്ചനുസരിക്കും” എന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. യിസ്രായേൽ ജനം ഒരു സമൂഹമാണെങ്കിലും, അവരെ മുഴുവനായും ഏകപുത്രനായിട്ടാണ് ദൈവം കാണുന്നത്. ക്രിസ്തുവിനെക്കൂടാതെ, “എൻ്റെ പുത്രൻ” എന്ന് ദൈവം വിശേഷിപ്പിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). ഭാവിയിൽ നടക്കാനുള്ള സംഭവമാണ് ദൈവം ദാനീയേലിനെ കാണിച്ചത്. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. താൻ ഈ ഭൂമിയെ ഭരിക്കുന്ന രാജാവല്ലെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 18:36). യിസ്രായേലാണ് ഈ ഭൂമിയെ ഭരിക്കുന്ന രാജാവെന്ന് അനേകം തെളിവുകൾ ബൈബിളിലുണ്ട്. തന്മൂലം, ദാനീയേൽ കണ്ടതും യോഹന്നാൻ കണ്ടതും ഒരാളെയാണെന്ന് മനസ്സിലാക്കാം. അതായത്, ഭാവി രാജാവായ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് ദാനീയേലും യോഹന്നാനും കണ്ടത്.

2. യോഹന്നാൻ മനുഷ്യപുത്രനോട് സദൃശനായവനെ കണ്ടത് സൂര്യതേജസ്സോടെയാണ്. “അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽനിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.” (വെളി, 1:14-16). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: “നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.” (സങ്കീ, 8:5). ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി എന്നാണ് ശരിയായ പ്രയോഗം. (എബ്രാ, 2:7). ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ടതും, ദൈവംതന്നെ തടമെടുത്തിട്ട് വരൂന്നി ദേശത്തു പടർന്നതുമായ മുന്തിരിവള്ളിയാണ് യിസ്രായേൽ. (80:8,9). ദൈവത്തിൻ്റെ വലങ്കൈ നട്ട തയ്യും, ദൈവം തനിക്കായി വളർത്തിയ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണ് യിസ്രായേൽ. (80:15,17). ദൈവത്തിൻ്റെ തേജസ്സും ബഹുമാനവും അണിഞ്ഞ പുത്രൻ യിസ്രായേലാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). പാപംമൂലം ദൈവതേജസ്സ് നഷ്ടപ്പെടുത്തി അകന്നുപോയ മനുഷ്യവർഗ്ഗത്തിൽനിന്ന് (ഉല്പ, 1:26,27; റോമ, 3:23; 5:12) ദൈവം തൻ്റെ കൃപയാൽ ഒരു ജാതിയെ തനിക്കായി തിരഞ്ഞെടുത്ത്, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അണിയിച്ചുകൊണ്ട്, സകല ജാതികളെക്കാളും അവനെ ശ്രേഷ്ഠനാക്കി. “നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.” (സങ്കീ, 21:5).

പൂർവ്വപിതാക്കന്മാരുടെയും ദാവീദിന്റെയും വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തൊളം ഈ ഭൂമിയെ ഇരുമ്പുകോൽകൊണ്ട് ഭരിക്കേണ്ടവനുമായ നിത്യരാജാവാണ് യിസ്രായേൽ. (ഉല്പ, 22:17-18; 26:5; 28:13-14; യെശ, 55:3-4; പുറ, 4:22-23; ദാനീ, 7:27). ദൈവസന്തതിയായ യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു. സങ്കീർത്തനം 8:5-ലെ, “ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു” എന്നതും പ്രവചനമാണ്. യിസ്രായേലിൻ്റെ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിലാണ് അത് നിവൃത്തിയാകുന്നത്. ദൈവസന്തതിയായ യിസ്രായേലിൻ്റെ പ്രവചനങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1:68: 1തിമൊ, 3:14-16). യിസ്രായേലിനോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:812). താൻ ന്യായപ്രമാണത്തെ നിവൃത്തിപ്പാനാണ് വന്നതെന്ന് ക്രിസ്തു പറയുന്നത് നോക്കുക. (മത്താ, 5:17-18). അതുകൊണ്ടാണ്, പഴയനിയമത്തിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങളെല്ലാം ആത്മികമായി ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. എന്തെന്നാൽ, ക്രിസ്തുവിലൂടെയാണ് യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങൾ എല്ലാം നിവൃത്തിയാകുന്നത്. പത്രൊസും പൗലൊസും അത് വ്യക്തമാക്കിയിട്ടുണ്ട്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). ദൈവം യേശുവിനെ ഉയിർപ്പിച്ചതിനാൽ, വാഗ്ദത്തം നിവൃത്തിച്ചത് യേശുവിനല്ല; പിതാക്കന്മാരുടെ മക്കളായ യിസ്രായേലിനാണ് നിവൃത്തിച്ചത്. പത്രൊസും അത് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 3:25-26). ദൈവത്തിൻ്റെ വാഗ്ദത്തസന്തതി അഥവാ, ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി യേശുവല്ല; യിസ്രായേലാണ്. യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അന്ത്യകാലത്ത് മണുഷ്യനായി വെളിപ്പെട്ടതാണ് ക്രിസ്തു. (1തിമൊ, 3:14-16). എന്നേക്കും ഇരിക്കുന്ന ക്രിസ്തു യേശുവല്ല; യിസ്രായേലാണ്. (യോഹ, 12:34). രണ്ട് ക്രിസ്തുക്കളെയും അഥവാ, വാഗ്ദത്തം ലഭിച്ച ഭൗമികസന്തതിയെയും വാഗ്ദത്തം ചെയ്യപ്പെട്ട ആത്മിക സന്തതിയെയും പൗലൊസ് വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (ഗലാ, 3:16-19). [സത്യവേദപുസ്തകം നോക്കിയാൽ മനസ്സിലാകില്ല; ഇംഗ്ലീഷോ മറ്റു പരിഭാഷകളോ നോക്കുക]. ഇവിടെ നാം ചിന്തിച്ച, തേജസ്സും ബഹുമാനവും അണിഞ്ഞ മനുഷ്യനും, മനുഷ്യപുത്രനും യിസ്രായേലാണെന്ന് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:5-16). അതായത്, യേശു മരണം അനുഭവിച്ചതുകൊണ്ട്, മഹത്വവും ബഹുമാനവും അണിഞ്ഞത്, അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേലാണ്. തന്മൂലം, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനും, യോഹന്നാൻ തേജസ്സോടെ കണ്ട മനുഷ്യപുത്രനോട് സദൃശനും യിസ്രായേലാണെന്ന് മനസ്സിലാക്കാം.

ഇതിനൊപ്പം, ഒരു കാര്യംകൂടി അറിയണം. പഴയനിയമത്തിൽ യിസ്രായേലിനെക്കുറിച്ചുള്ള വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളാണെന്ന് നാം കണ്ടതാണ്. അതിൻ്റെ നിവൃത്തി ക്രിസ്തുവിലൂടെ ഭാവിയാലാണ് നിവൃത്തിയാകുന്നതെന്നും നാം കണ്ടു. എന്നാൽ, ദാനീയേൽ കാണുന്നത് ദർശനവും യോഹന്നാൻ കണ്ടത് വെളിപ്പാടുമാണ്. “ഉണർവോടിരിക്കുന്ന മനുഷ്യൻ്റെ മുമ്പിൽ പ്രകൃത്യാതീതമായ രീതിയിൽ ഏതെങ്കിലും രംഗമോ, ചുറ്റുപാടുകളോ ആവിഷ്ക്കരിക്കപ്പെടുന്നതാണ് ദർശനം (Vision).” (സംഖ്യാ, 24:4,16; ദാനീ, 7:2; 10:7; പ്രവൃ, 9:7; 10:10-11). ചിലപ്പോൾ, ദർശകൻ ദൈവസാന്നിദ്ധ്യത്തിൻ്റെ അതിശക്തമായ പ്രഭാവത്താൽ, ഉണർവിൻ്റെയും ഉറക്കത്തിൻ്റെയും ഇടയ്ക്കുള്ള ഒരു വിവശതയിൽ ആയിരിക്കും. (സെഖ, 4:1-2; ലൂക്കൊ, 9:32). മേലാൽ അഥവാ, ഭാവിയാൽ സംഭവിപ്പാനുള്ളതാണ് പ്രവചനം (prophecy) എന്നു പറയുന്നത്; പ്രവചനത്തിൻ്റെ പൂർവ്വദർശനം അഥവാ മുൻകൂട്ടിയുള്ള ദർശനത്തെയാണ് വെളിപ്പാട് (revelation) എന്നു പറയുന്നത്. ഒരർത്ഥത്തിൽ ദർശനവും വെളിപ്പാടും ഒന്നുതന്നെയാണ്. അതായത്, ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെപ്പറ്റി മുൻകൂട്ടി അറിയിക്കുന്നതാണ് പ്രവചനം: “വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം.” (സംഖ്യാ, 24:14). അത് മുൻകൂട്ടി കാണിക്കുന്നതാണ് വെളിപ്പാട്. അഥവാ, ഭാവിയിൽ നടക്കാനുള്ള കാര്യങ്ങളെ മറനീക്കി കാണിക്കുന്നതാണ് വെളിപ്പാട്: “മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം.” (വെളി, 4:1). തന്മൂലം, പ്രവചനത്തിൻ്റെയും ദർശനത്തിൻ്റെയും വെളിപ്പെടിൻ്റെയും നിവൃത്തി ഭാവികമാണ്. ദാനീയേൽ കണ്ടപോലെതന്നെ ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളാണ് യോഹന്നാൻ കണ്ടതും. അതായത്, യിസ്രായേൽ കുത്തിത്തുളച്ചവനായ യഹോവ അഥവാ, യേശുക്രിസ്തുവിലേക്ക് നോക്കി വിലപിക്കുമ്പോഴാണ്, അവൻ്റെ രക്ഷയ്ക്കായി യഹോവ അഥവാ, യേശുക്രിസ്തു ഇറങ്ങിവന്ന്, അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കിയിട്ട് അവന് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്. (സങ്കീ, 110:1; സെഖ, 12:10; 14:3-5; പ്രവൃ, 1:6,11; 1തെസ്സ, 3:13; യൂദാ, 1:14-15; വെളി, 1:7). അതിൻ്റെ ആത്മിക ചിത്രണമാണ് കൊരിന്ത്യരിലുള്ളത്. സകല ശത്രുകളും കാല്ക്കീഴായി കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കുന്ന യാജാവാണ് യിസ്രായേൽ. (1കൊരി, 15:21). തന്മൂലം, യിസ്രായേൽ മഹത്വം പ്രാപിക്കുന്നതിൻ്റെയും രാജത്വം പ്രാപിക്കുന്നതിൻ്റെയും പൂർവ്വദർശനമാണ് ദാനീയേലിനും യോഹന്നാനും ഉണ്ടായതെന്ന് മനസ്സിലാക്കാം.

3. “അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെമേൽവെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.” (വെളി, 1:17). യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വീണത്, അവൻ്റെ തേജസ്സിൻ്റെ ആധിക്യം നിമിത്തമാണ്. പെരുവെള്ളത്തിൻ്റെ ഇരച്ചിൽപോലുള്ള ശബ്ദവും, സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലുള്ള മുഖവും ഒക്കെ കണ്ടിട്ടാണ്. അല്ലാതെ, ദൈവം ആയതുകൊണ്ടല്ല. അടുത്തഭാഗം: “ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” എന്ന് അവൻ പറയുന്നുണ്ട്. യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ. 4:22). ദൈവം ജനിപ്പിച്ചു എന്ന് ബൈബിൾ പറയുന്ന ഏകപുത്രനും യിസ്രായേലാണ്. (സങ്കീ, 2:7. ഒ.നോ: 2:12; പുറ, 4:22; ഹോശേ, 11:1). ക്രിസ്തുവിലൂടെ അത് യിസ്രായേലിന് ണിവൃത്തിയായതായി പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 13:32-33). ആദ്യജാതനെന്നാൽ; ആദ്യത്തെ പുത്രൻ അഥവാ, മൂത്തപുത്രനെന്നാണ്. യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ആദ്യത്തെ പുത്രനല്ല യിസ്രായേൽ; ദൂതന്മാരാണ് ആദ്യത്തെ പുത്രൻ. (ഇയ്യോ, 1:6; 2:1). ദൈവം വാഗ്ദത്ത സന്തതിയായ യിസ്രായേലിന് കൊടുത്ത പദവിയാണ് ആദ്യജാതൻ അഥവാ, ആദ്യത്തെ പുത്രൻ എന്നത്. യിസ്രായേൽ എന്ന അഭിഷിക്തനായ രാജാവ് എന്നേക്കും ഇരിക്കുന്നവനാണ് (യോഹ, 12:34). അതായത്, അവൻ്റെ രാജത്വവും എന്നേക്കും ഉള്ളതാണ്. (2ശമൂ, 7:13-14; സങ്കീ, 45:1,6-7; 72:5; 89:29,36-37; ദാനീ, 7:27). ആകാശമുള്ള കാലത്തോളം സിംഹാസനമുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 89:29). അവൻ ദൈവത്തിൻ്റെ ആദ്യജാതനും എന്നേക്കുമുള്ള ദൈവസന്തതിയും എന്ന നിലയിൽ, അവൻ ആദ്യനും അന്ത്യനുമാണ്. ആദ്യനും അന്ത്യനും എന്നതിന് മറ്റൊരു അർത്ഥം കൂടിയുണ്ട്: “സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:8). ഈ വാക്യം ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട് വീണ്ടും ജീവിച്ച ആദ്യനും അന്ത്യനും. ഒന്നാമത്, ദൈവത്തിൻ്റെ ആദ്യജാതനാണ് യിസ്രായേൽ. (പുറ, 4:22). രണ്ടാമത്, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ നിത്രജീവൻ പ്രാപിച്ച വാഗ്ദത്ത സന്തതിയാണ് യിസ്രായേൽ. (സങ്കീ, 2:7; പ്രവൃ, 3:25-26; 13:32). അതായത്, ദൈവത്തിൻ്റെ ആദ്യജാതനായ യിസ്രായേൽ പാപത്തിൽ മരിച്ചവനായിരുന്നിട്ട്, യേശുക്രിസ്തു മൂലം വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമാണ്. കൂടുതൽ തെളിവുകൾ താഴെക്കാണാം.

4. “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” (വെളി, 1:18). ഈ വാക്യത്തിൻ്റെ ആദ്യഭാഗം: “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.” ഇതേക്കുറിച്ചു നാം മുകളിൽ ചിന്തിച്ചതാണ്. “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം, ഒന്നാമത്; വളരെക്കാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുകയാണ്. രണ്ടാമത്; അവിടുത്തെ മരണം, ജഡത്തിൻ്റെ സ്വാഭാവിക മരണത്തെയല്ല; പാപത്തിലുള്ള മരണത്തെയാണ് കുറിക്കുന്നത്. പാപത്തിൽ മരിച്ചവനായിരുന്ന ഒരു സന്തതിയുടെ നിലവിളി പഴയനിയമത്തിൽ കേൾക്കാം. “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19, ഒ.നോ: സങ്കീ, 30:3; 49:15; 71:20; 86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് പാപത്തിൽ മരിച്ചവനായ വാഗ്ദത്ത സന്തതിക്ക് എന്നേക്കും ജീവൻ നല്കിയത്, അല്ലെങ്കിൽ നല്കുന്നത്: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15). ഇവിടെപ്പറയുന്ന മക്കൾ യിസ്രായേലാണ്. അടുത്തവാക്യം നോക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല; അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നതു.” (എബ്രാ, 2:16). ഈ വാക്യത്തിൻ്റെ പരിഭാഷ കൃത്യമല്ല. ശരിയായ പരിഭാഷ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് ചേർക്കുന്നു: “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ.” (എബ്രാ 2:16). ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനും അബ്രാഹാമിൻ്റെ സന്തതിയുമായ യിസ്രായേലിനെ മരണത്തിൽ നിന്ന് വിടുവിച്ച് നിത്യജീവൻ നല്കാനാണ്, അവൻ്റെ ദൈവം അവൻ്റെ പ്രകൃതിയായ മനുഷ്യപ്രകൃതി സ്വീകരിച്ചത്. (മത്താ, 1:21; 1തിമൊ, 3:14-16). യിസ്രായേൽ ദൂതന്മാരെക്കാൾ തിഴ്ചയുള്ളവൻ ആകകൊണ്ടാണ്, അവനും ദൂതന്മാരെക്കാൾ താഴ്ചവന്നവനായി മരണം ആസ്വദിച്ചത്. (സങ്കീ, 8:5; എബ്രാ, 2:9). പതൊസും പൗലൊസും അത് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:25-26;  13:32-39). അതായത്, യേശുക്രിസ്തു മുഖാന്തരമാണ് പാപത്തിൽ മരിച്ചവനായിരുന്ന ദൈവസന്തതി ജീവൻപ്രാപിച്ച് എന്നേക്കും ജീവിക്കുന്നത്. അതിനാൽ, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായ യിസ്രായേലിനെത്തന്നെയാണ് വെളിപ്പാടിൽ യോഹന്നാനും കണ്ടതെന്ന് മനസ്സിലാക്കാം.

5. വെളിപ്പാട് 1:18-ൻ്റെ അടുത്തഭാഗം: മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടാകണമെങ്കിൽ, അവൻ ന്യായവിധിക്ക് അധികാരമുള്ളവൻ ആയിരിക്കണം. യോഹന്നാൻ്റെ സുവിശേഷത്തിൽ ഇപ്രകാരം കാണാം: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വാക്യത്തിൽ, പിതാവ് ന്യായവിധി ഏല്പിച്ചിരിക്കുന്ന പുത്രൻ യേശുക്രിസ്തു ആണെന്ന് ന്യായമായിട്ടും തോന്നാം. എന്നാൽ, യഥാർത്ഥത്തിൽ ആ പുത്രൻ യേശുക്രിസ്തുവല്ല; ദൈവത്തിൻ്റെ ഭൗമികസന്തതിയായ യിസ്രായേലാണ്. പല തെളിവുകൾ അതിനുണ്ട്: 1. യേശുവെന്ന ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40; 2കൊരി, 5:21; 1തിമൊ, 2:6; 3:14-16). അതിനാൽ, അവന് ഒരു ആരംഭം ഉണ്ട്. (ആവ, 18:15,18; മീഖാ, 5:2,3; മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ പിതാവിൻ്റെ സന്നിധിയിലേക്ക് കരേറിപ്പോയതോടുകൂടി യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12. ഒ.നോ: 7:26-27; 10:25). യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷമായൽ മറ്റൊരു വ്യക്തിയായി പിന്നെ ഉണ്ടാകില്ല. എന്നേക്കും ഉണ്ടാകുന്നത്, എന്നെന്നേക്കും ജീവിക്കുന്നവനായ ഏകദൈവം മാത്രമാണ്. (വെളി, 4:9-10; 10:7; 15:7). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്. ( യോഹ, 8:24,28; 10:30; 14:9). വീണ്ടും ദൈവം മനുഷ്യനായി പ്രത്യക്ഷനാകുമെന്ന് എവിടെയും പറഞ്ഞിട്ടുമില്ല. തന്മൂലം, യേശുവെന്ന ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ വിധികർത്താവായി ഇനി ഉണ്ടാകില്ല. എന്നാൽ, യേശുവെന്ന ക്രിസ്തു; തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ: “ക്രിസ്തു എന്നേക്കും ഇരിക്കും; എന്ന് ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു,” എന്ന് യെഹൂദന്മാർ പറഞ്ഞ ക്രിസ്തു; ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന ഭൗമിക രാജാവിനെക്കുറിച്ചാണ്. (യോഹ, 12:32, 34; 2ശമൂ, 7:13; സങ്കീ, 89:29). അതായത്, യിസ്രായേലെന്ന ദൈവപുത്രനാണ് എന്നേക്കും ഉണ്ടാകുന്നത്. (പുറ, 4:22-23). തന്മൂലം, യിസ്രായേലാണ് ന്യായവിധിക്ക് അധികാരമുള്ള പുത്രനെന്ന് മനസ്സിലാക്കാം. 2. ദൈവം സകലവും കാൽക്കീഴാക്കിക്കൊടുത്ത മനുഷ്യപുത്രനും, ന്യായവിധിക്ക് അധികാരം ഉള്ളവനുമാണ് യിസ്രായേൽ: “നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു.” (സങ്കീ, 8:6). യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങളെല്ലാം യേശുക്രിസ്തുവിലൂടെയാണ് യിസ്രായേലിന് നിറവേറുന്നത്. അതുകൊണ്ടാണ്, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്ന് അവൻ പറഞ്ഞത്. (മത്താ, 28:18). എബ്രായലേഖകൻ അതിനെ സ്ഥിരീകരിക്കുന്നുണ്ട്: 2:8-ൽ: “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.” ഇവിടെ പറയുന്നതും യേശുക്രിസ്തുവിനെക്കുറിച്ചല്ല; യിസ്രായേലിനെക്കുറിച്ചാണ്. “സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല” എന്നു പറഞ്ഞശേഷം, “എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറയുന്നു. മത്തായി 28:18-ഉം എബ്രായർ 2:8-ഉം യഥാർത്ഥത്തിൽ യേശുക്രിസ്തുവിനെ കുറിച്ചാണെങ്കിൽ, രണ്ടു പ്രയോഗങ്ങളും പരസ്പരവിരുദ്ധമാകും. “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു യേശു പറയുമ്പോൾ, “എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറഞ്ഞാൽ ശരിയാകുമോ? എന്നാൽ യിസ്രായേലിനെ സംബന്ധിച്ച് രണ്ട് പ്രയോഗങ്ങളും ശരിയാണ്. യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്നു മോചിച്ച് അവൻ്റെ രാജ്യം അവന് സ്ഥാപിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവം മനുഷ്യനായി വന്നത്: (മത്താ, 1:23; ലൂക്കൊ, 1:68; പ്രവൃ, 1:6; 1തിമൊ, 2:6; 3:14-16). രക്ഷാകരപ്രവൃത്തി പൂർത്തിയാക്കിയപ്പോൾ, ആത്മികമായി എട്ടാം സങ്കീർത്തനം യേശുക്രിസ്തുവിലൂടെ നിവൃത്തിയായി. (മത്താ, 28:18). എന്നാൽ, യഥാർത്ഥമായി യിസ്രായേലിന് സകലവും കാൽക്കീഴാക്കി കിട്ടിയിട്ടില്ല; അതിനിയും ഭാവികമാണ്. അതാണ് എബ്രായ ലേഖകൻ പറയുന്നത്. (എബ്രാ, 2:8). അതായത് യേശുവിനെ സംബന്ധിച്ചാണെങ്കിൽ, രണ്ട് പ്രയോഗങ്ങളും പരസ്പരവിരുദ്ധമാണ്; യിസ്രായേലിനെ സംബന്ധിച്ച് രണ്ടും ശരിയാണ്. യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളെല്ലാം ക്രിസ്തുവിലൂടെയാണ് നിവൃത്തിയാകുന്നതെന്ന് പത്രൊസും പൗലൊസും പറഞ്ഞിട്ടുള്ളതും ഓർക്കുക. (പ്രവൃ, 2:25-26; 13:32). 3. പിതാവ് പുത്രന് ന്യായവിധിക്കുള്ള അധികാരം കൊടുത്തിരികുന്നു എന്ന് ക്രിസ്തു പറഞ്ഞത് യോഹന്നാൻ 5:22-ലാണ്. അതിൻ്റെ താഴെത്തന്നെ ന്യായാധിപനെക്കുറിച്ച് ക്രിസ്തുവിൻ്റെ മറ്റൊരു പ്രസ്താവനയുണ്ട്. “അവൻ  മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). അവൻ മനുഷ്യപുത്രനാകയാൽ, പിതാവ് ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു. ഇവിടെ ഒരുകാര്യം നാം മനസ്സിലാക്കണം. പുതിയനിയമത്തിൽ ക്രിസ്തു ഏഴുപേരുടെ പുത്രനാണ്: ദൈവപുത്രൻ (മത്താ, 8:29), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ മകൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്: (മീഖാ, 5:2-3; റോമ, 9:5). ഒരാളെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് അവൻ്റെ അസ്തിത്വമല്ല; അഭിധാനങ്ങൾ ആണെന്ന് മനസ്സിലാക്കാം. യഥാർത്ഥത്തിൽ ക്രിസ്തു ആരുടെയും പ്രത്രനല്ല; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാണ്. (1തിമൊ, 2:6; 3:14-16). എന്നാൽ, യിസ്രായേൽ യഥാർത്ഥത്തിൽ മനുഷ്യനും മനുഷ്യപുത്രനുമാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന്; തൻ്റെ വലത്തുഭാഗത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ, മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. (സങ്കീ, 80:8,17; 8:5-6). ഇതാണ് ക്രിസ്തു പറഞ്ഞ ന്യായവിധിക്ക് അധികാരമുള്ള മനുഷ്യപുത്രൻ. ക്രിസ്തുവിൻ്റെ മറ്റൊരു പ്രസ്താവന കൂടിയുണ്ട്: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). രണ്ട് കാര്യങ്ങൾ ഈ വാക്യത്തിൽനിന്ന് മനസ്സിലാക്കാം. ഒന്ന്; യോഹന്നാൻ 5:22,27 വാക്യങ്ങളിൽ ന്യായം വിധിക്കുന്നവനെക്കുറിച്ച് പറഞ്ഞപ്പോൾ, “മനുഷ്യപുത്രൻ” എന്ന് പ്രഥമപുരുഷനിലാണ് പറയുന്നത്. തന്മൂലം, അത് മറ്റൊരാളെ സൂചിപ്പിക്കുന്നതാണെന്ന് മനസ്സിലാക്കാം. എന്നാൽ, ഇവിടെ, “എൻ്റെ” എന്ന് ഉത്തമ പുരുഷനിൽ സൂചിപ്പിക്കുന്നത് തന്നെത്തന്നെയാണ്. രണ്ട്; ഈ വാക്യത്തിൽ താൻ ന്യായം വിധിക്കും എന്നല്ല; താൻ സംസാരിച്ച വചനം ന്യായം വിധിക്കുമെന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ, താൻതന്നെയാണ് ന്യായം വിധിക്കുന്നതെങ്കിൽ, തൻ്റെ വചനം ന്യായംവിധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). തന്മൂലം, ന്യായംവിധിക്കുന്ന മനുഷ്യപുത്രൻ യിസ്രായേലാണെന്ന് മനസ്സിലാക്കാം. 4. ന്യായംവിധിക്കുന്ന ആളെക്കുറിച്ച് പൗലൊസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31). ഈ വാക്യപ്രകാരം യഥാർത്ഥത്തിൽ പുരുഷനല്ല ന്യായം വിധിക്കുന്നത്; താൻ നിയമിച്ച പുരുഷൻ അഥവാ, മനുഷ്യൻ മുഖാന്തരം ദൈവമാണ് ന്യായം വിധിക്കുന്നത്. കന്യകയായ മറിയയിലൂടെ ലോകത്തിൽ മനുഷ്യനായി വെളിപ്പെട്ട യേശുവിൻ്റെ ശുശ്രൂഷ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേകരേറിപ്പോയതോടെ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12). ഇനിയവൻ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയില്ല. യഹോവ അഥവാ, യേശുക്രിസ്തു എന്ന ദൈവം മുഖാന്തരം മറ്റൊരു ദൈവം ന്യായംവിധിക്കുമെന്ന് പറയാനും കഴിയില്ല; ഒരു ദൈവമല്ലേയുള്ളു. അതിനാൽ, യേശുക്രിസ്തുവെന്ന പുരുഷൻ അഥവാ, മനുഷ്യൻ മുഖാന്തരമോ, ദൈവം മുഖാന്തരമോ അല്ല ലോകത്തെ ന്യായംവിധിക്കുന്നതെന്ന് മനസ്സിലാക്കാം. ദൈവം നിയമിച്ച പുരുഷൻ യഥാർത്ഥത്തിൽ യിസ്രായേലാണ്. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17. ഒ.നോ: സങ്കീ, 8:4; 144:3). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തിയ പുരുഷനാണ് യിസ്രായേൽ: (സങ്കീ, 80:8-17). 110:1-ൽ ദൈവത്തിൻ്റെ വലതുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും യിസ്രായേലാണ്. പാപമറിയാത്തവനായ ക്രിസ്തുവിൻ്റെ മരണവും ഉയിർത്തെഴുന്നേല്പും മൂലം യഥാർത്ഥത്തിൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന പുരുഷനെയാണ് ദൈവം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). അതായത്, ദൈവം യിസ്രായേൽ എന്ന മനുഷ്യൻ മുഖാന്തരമാണ് ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്. 5. യിസ്രായേലാണ് വിധികർത്താവെന്ന് പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും.” (യെശ, 2:4). അടുത്തവാക്യം: “ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു; അവൻ  ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ  നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ  ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ  സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു. (യെശ, 42:1). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്. അവൻ്റെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിലൂടെയാണ് അവന് ഇത് നിവൃത്തിയാകുന്നത്. (മത്താ, 12:17-20). അടുത്തവാക്യം: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). അടുത്ത വേദഭാഗം: “ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതിയും നല്കേണമേ. അവൻ  നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്കു അവൻ  ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ  രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ.” (സങ്കീ, 72:1-4. ഒ.നോ: യെശ, 11:4; 28:6; യിരെ, 23:5; 33:15). 72-ാം സങ്കീർത്തനത്തിലെ, സൂര്യചന്ദ്രന്മാരുള്ള കാലത്തോളം സിംഹാസനമുള്ള ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് യിസ്രായേലാണ്. (2ശമൂ, 7:13-14; 1ദിന, 17:12-13; സങ്കീ, 45:6-7; 72:15; 89:29-37; ദാനീ, 7:13-14,18,21,27). യഥാർത്ഥത്തിൽ ന്യായാധിപൻ ദൈവം തന്നെയാണ്. “ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ.” (യാക്കോ, 4:12). അടുത്തവാക്യം: “യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ.” (സങ്കീ, 7:8. ഒ.നോ: 58:11; 110:5-6). എന്നാൽ, ദൈവം ജാതികളെ ന്യായം വിധിക്കുന്നത് തൻ്റെ വാഗ്ദത്ത രാജാവായ യിസ്രായേൽ മുഖാന്തരമാണ്. 6. “മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു” എന്നാണ് മനുഷ്യപുത്രൻ പറയുന്നത്. അല്ലാതെ, ജീവൻ്റെ താക്കോൽ കൈവശമുണ്ടെന്നോ, സ്വർഗ്ഗത്തിൻ്റെ താക്കോൽ കൈവശമുണ്ടെന്നോ അല്ല പറയുന്നത്. അതായത്, ജാതികളുടെ മേലാണ് യിസ്രായേലിന് അധികാരമുള്ളത്. സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേൽ. 2-ാം സങ്കീർത്തനത്തിൽ, ജാതീയ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ദൈവത്തിൻ്റെ അഭിഷിക്തനും (2:2), ദൈവം സീയോനിൽ വാഴിച്ച രാജാവും (2:6), ദൈവം ജനിപ്പിച്ച പുത്രനും (2:7), ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:8-9), ജാതീയ രാജാക്കന്മാർ ചുംബിച്ച് കീഴ്പെടുന്ന പുത്രനും യിസ്രായേലാണ്. (2:12). 45-ാം സങ്കീർത്തനത്തിലെ അഭിഷിക്തനായ രാജാവും. (45:1,6-7). 72,89 സങ്കീർത്തനങ്ങളിലെ നിത്യരാജാവും. 110-ാം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവായ രാജാവും യിസ്രായേലാണ്. (110:1). ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയൽ കണ്ട ദർശനത്തിലെ മനുഷ്യപുത്രനോട് സദൃശനും യിസ്രായേലാണ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: 7:13-14,18,21). അവനാണ് എന്നന്നേക്കും രാജാക്കന്മാരായിരിക്കുന്ന വാഗ്ദത്തസന്തതി. (വെളി, 22:5). രാജാവാണെങ്കിൽ, ന്യായവിധിക്കുള്ള അധികാരം; അവൻ്റെ കയ്യിൽ ഉണ്ടെന്ന് മനസ്സിലാക്കാമല്ലോ. തന്മൂലം, ലോകത്തെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട യിസ്രായേലിൻ്റെ കയ്യിലാണ്, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോലുള്ളതെന്ന് വ്യക്തമാണ്.

6. “തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:18). ഇവിടെ പറയുന്ന ദൈവപുത്രൻ യേശുക്രിസ്തു അല്ല; യിസ്രായേൽ ആണ്. യേശു എന്ന ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി കഴിഞ്ഞതാണ്. (യോഹ, 20:17; എബ്രാ, 9:11-12). പിതാവായ ഏകദൈവമല്ലാതെ, ദൈവത്തിൻ്റെ വെളിപ്പാടായ യേശുവെന്ന മനുഷ്യൻ മറ്റൊരു വ്യക്തിയായിട്ട് ഉണ്ടാകില്ലെന്നും, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നാണെന്നും നാം കണ്ടതാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്നും (യോഹ, 8:24, 28), അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി എയ്മിയാണെന്നും (യോഹ, 8:58), ഞാനും പിതാവും ഒന്നാകുന്നു എന്നും (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പുത്രൻ പറഞ്ഞത്. (യോഹ, 14:9). ദൈവം, എൻ്റെ പുത്രൻ എന്ന് വിളിച്ചിരിക്കുന്നത് രണ്ടുപേരെ മാത്രമാണ്. യേശുവിനെ രണ്ട് പ്രാവശ്യവും (മത്താ, 3:17; 17:5), യിസ്രായേലിനെ നാല് പ്രാവശ്യവും എൻ്റെ പുത്രനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). യിസ്രായേലിനെ പുത്രനെന്ന് ഏകവചനത്തിൽ മാത്രമല്ല; പുത്രന്മാന്മാരെന്ന് ബഹുവചനത്തിലും വിശേഷിപ്പിച്ചിട്ടുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). ദൈവം യിസ്രായേലിൻ്റെ പിതാവാണെന്നും പറഞ്ഞിട്ടുണ്ട്. (ആവ, 32:6; യെശ, 63:16; 64:8; യിരെ, 31:9; മലാ, 2:10; യോഹ, 8:41). തന്നെയുമല്ല, പഴയപുതിയ നിയമങ്ങളിൽ ഉള്ള ഏക ക്രിസ്തുവും ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. (1ശമൂ, 2:10; 2:35; സങ്കീ, 2:2; 89:38; യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16). വെളിപ്പാട് പുസ്തകത്തിൽ ക്രിസ്തു എന്ന് മാത്രം പറഞ്ഞിരിക്കുന്നത് യിസ്രായേലിനെണ്. (വെളി, 11:115; 12:10; 20:4; 20:6). അതായത്, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി കഴിഞ്ഞതാണ്. അതിനാൽ, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ യിസ്രായേലെന്ന ദൈവപുത്രനെക്കുറിച്ചാണ് വെളിപ്പാടിൽ പറയുന്നതെന്ന് മനസ്സിലാക്കാം. തൻ്റെ രാജ്യം ഐഹികമല്ലെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്.

7. മനുഷ്യപുത്രനോട് സദൃശൻ ദൈവത്തെ എൻ്റെ ദൈവം എന്ന് വിശേഷിപ്പിക്കുന്നതായി കാണാം: “ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.” (വെളി, 3:2). അടുത്തവാക്യം: “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലായി ദൈവത്തെ, “എൻ്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. പഴയനിയമ ഭക്തന്മാരും യിസ്രായേലും ദൈവത്തെ എൻ്റെ ദൈവം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. (പുറ, 15:2; ആവ, 4:5; 18:16; 26:24). ദൈവം യിസ്രായേലിൻ്റെ സ്രഷ്ടാവും പിതാവുമാണ്: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; യെശ,63:16; 64:8). യിസ്രായേൽ ദൈവത്തിൻ്റെ പുത്രനുമാണ്: “യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22. ഒ.നോ: 4:23; സങ്കീ, 2:7; ഹോശേ, 11:1). തന്മൂലം, വെളിപ്പാടിൽ ദൈവത്തെ, “എൻ്റെ ദൈവം” എന്ന് വിശേഷിക്കുന്നത് യിസ്രായേലാണെന്ന് മനസ്സിലാക്കാം.

8. ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു. (വെളി, 3:7). ഇത് മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്നതാണ്. ഇങ്ങനെയൊരു പദവി ദൈവപുത്രനായ യേശുവിന് ഉള്ളതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ലെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ മറ്റൊരാൾക്ക് ഈ പദവി പറഞ്ഞിട്ടുണ്ട്: “അന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.” (യെശ, 22:20-22). ഈ പദവി പഴയനിയമത്തിൽ എല്യാക്കീമിനാണ് ദൈവം നല്കിയിരുന്നത്. യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ രാജധാനി വിചാരകനായിരുന്നു എല്യാക്കീം. (2രാജാ, 18:18; 19:2). അഹങ്കാരത്തിന്റെ ശിക്ഷയായി ശെബ്നയെ നീക്കിയശേഷമാണ്, ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമിനെ പ്രസ്തുത സ്ഥാനത്തു നിയമിച്ചത്. (യെശ, 22:15-19). ഈ പദവി എല്യാക്കീമിന് കൊടുക്കുന്നതോടൊപ്പം ദൈവം പറയുന്നത് ശ്രദ്ധിക്കുക: “അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.” (യെശ, 22:21). ദൈവം അവനെ യിസ്രായേലിൻ്റെ പിതാവ് ആക്കിയിരിക്കുകയാണ്. പിതാവിൻ്റെ അവകാശം യിസ്രായേലിന് ഉള്ളതാണ്. അതാണ്, വെളിപ്പാടിൽ യിസ്രായേലെന്ന മനുഷ്യപുത്രനോട് സദൃശനായവനിൽ കാണുന്നത്. തന്നെയുമല്ല, യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവാണ്. (2ശമൂ, 7:5-17; 1ദിന, 17:3-15). ആ നിലയിലും, യിസ്രായേൽ ദാവീദിൻ്റെ താക്കോലിനും അധികാരത്തിനും അവകാശിയാണ്. തന്മൂലം, ദാവീദിൻ്റെ താക്കോലുള്ളവനും, ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും യിസ്രായേലാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

9. വെളിപ്പാടിൽ മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്ന ഒരു ശ്രദ്ധേയമായ കാര്യമുണ്ട്: ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). ഇത് ഫിലദെൽഫ്യയിലെ സഭയ്ക്കുള്ള ദൂതാണ്. അതിൽ ജയിക്കുന്നവരുടെമേൽ എഴുതുന്ന നാമങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഈ വേദഭാഗത്ത് മൂന്ന് നാമത്തെക്കുറിച്ചുള്ള പരാമർശമുണ്ട്: ദൈവത്തിൻ്റെ നാമം, പുതിയ യെരൂശലേം എന്ന ദൈവനഗരത്തിൻ്റെ നാമം, എൻ്റെ പുതിയനാമം അഥവാ, മനുഷ്യപുത്രനോട് സദൃശനായ യിസ്രായേലിൻ്റെ പുതിയ നാമം. ഈ വേദഭാഗത്ത്, എൻ്റെ പുതിയനാമം എന്ന് പറഞ്ഞിരിക്കയാൽ; ദൈവപുത്രനായ യേശുക്രിസ്തുവിന് ഇനിയും പുതിയ നാമം ഉണ്ടാകുമെന്നാണ് പണ്ഡിതന്മാരുടെ വ്യാഖ്യാനം. അതിനെക്കുറിച്ച് ഒരു സൂചനപോലും ബൈബിളിൽ ഇല്ലെന്ന് മാത്രമല്ല, ക്രിസ്തു ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായ അവൻ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. പിന്നെ, അവനെന്തിനാണ് ഒരു പുതിയ പേർ? തന്നെയുമല്ല, അവൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആയിരുന്നതിനാൽ, സുവിശേഷ ചരിത്രകാലമൊഴികെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്നും നാം കണ്ടതാണ്. (യോഹ, 8:24,28; 8:58; 10:30; 14:9). ദൈവത്തിൻ്റെ നാമം ഇവിടെ പറഞ്ഞിരിക്കയാൽ, ദൈവപുത്രനായ യേശുവിൻ്റെ മറ്റൊരു നാമത്തിന്, ഒരു സാദ്ധ്യതയുമില്ല. അവിടെയുള്ള മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവാണെന്ന് കരുതുന്ന, ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ദൈവം സമനിത്യരും; വ്യത്യസ്തരുമായ മൂന്നുപേരാണ്. അത് ശരിയായിരുന്നെങ്കിൽ, ദൈവനഗരത്തിൻ്റെ പേരുൾപ്പെടെ, നാല് നാമങ്ങൾ അവിടെ പറയണമായിരുന്നു. പരിശുദ്ധാത്മാവിനെ എങ്ങനെ തള്ളിക്കളയും? തന്മൂലം, ദൈവം ത്രിത്വവുമല്ല, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവുല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

നമുക്ക് അവിടെ പറഞ്ഞിരിക്കുന്ന ഒന്നാമത്തെ നാമം അഥവാ, ദൈവത്തിൻ്റെ നാമം നോക്കാം: പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം അഥാവാ, പേരാണ് യേശുക്രിസ്തു. അതായത്. പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശുക്രിസ്തു. (മത്താ, 1:21; യോഹ, 5:43; 17:11-12; 10:25–ലൂക്കൊ, 9:49; 10:17. 12:28–17:1; 14:26). പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ പറഞ്ഞപ്പോൾ, അപ്പൊസ്തലന്മാർ യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത് നോക്കുക. (പ്രവൃ, 2:28; 8:16; 10:48; 19:5; 22:16). പെന്തെക്കൊസ്തുനാളിൽ, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” എന്ന യോവേൽ പ്രവചനം പത്രൊസ് അപ്പൊസ്തലൻ ഉദ്ധരിക്കുകയുണ്ടായി. (പ്രവൃ, 2:21; യോവേ, 2:38). അതേ അപ്പൊസ്തലൻ, ന്യായാധിപസംഘത്തിൻ്റെ മുമ്പിൽനിന്നുകൊണ്ട് വിളിച്ചുപറഞ്ഞത്: മറ്റൊരുത്തനിലും രക്ഷയില്ല; യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ, ആകാശത്തിനു കീഴിൽ മനുഷ്യൻ്റെ രക്ഷയ്ക്കായി നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നാണ്. (പ്രവൃ, 4:12). അപ്പോൾ, സകല ഭൂവാസികളുടെയും ഏകരക്ഷകനായ യഹോവയ്ക്ക് എന്തുസംഭവിച്ചു? യഹോവയെന്ന രക്ഷാനാമത്തിന് എന്തു സംഭവിച്ചു? പുതിയനിയമത്തിൽ ആ നാമമാണ് യേശുക്രിസ്തു. ദൈവത്തിന് എന്തിനാണ് പേര്? സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ഒരു പേരില്ലാതിരുന്ന ദൈവം, എപ്പോഴാണ് തനിക്കൊരു പേർ എടുത്തത്? അതൊക്ക ചിന്തിച്ചാൽത്തന്നെ, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു ആണെന്ന് മനസ്സിലാകും. മിസ്രയീമ്യദാസ്യത്തിൽനിന്ന് യിസ്രായേലിനെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ് ദൈവം തനിക്കൊരു പേരെടുക്കുന്നത്. അതേ ദൈവത്തിന് സാത്താൻ്റെ അടിമത്തത്തിൽ നിന്ന് സകല ഭൂവാസികളെയും വിടുവിക്കുന്നതിന് മറ്റൊരു പേർ എടുത്തുകൂടായോ? അതായത്, ന്യായപ്രമാണം നൽകുന്നതിനു മുന്നോടിയായാണ് ദൈവം തനിക്ക് യഹോവ എന്ന നാമം എടുത്തത്. (പുറ, 3:13-15). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായി ദൈവം എടുത്ത തൻ്റെ പുതിയ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനു കൊടുത്തത്. (മത്താ, 1:21; യോഹ, 17:11-12; 1തിമൊ, 3:14-16). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന് യഹോവ യിസ്രായേലിനോട് ചെയ്തിരുന്ന വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-12). തൻ്റെ സന്തതിയായ യിസ്രായേലിനോടുള്ള വാഗ്ദത്തം നിവൃത്തിക്കാനാണ് ഏകസത്യദൈവമായ യഹോവ യേശുവെന്ന പുതിയ നാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്. (മത്താ, 1:21; 1തിമൊ, 3:14-16; 1പത്രൊ, 1:20). പരിശുദ്ധാത്മാവ് വന്നതും ആ നാമത്തിലാണ്. (യോഹ, 14:16). ക്രിസ്തു ഏകസത്യദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണെന്ന് അറിയാത്തതുകൊണ്ടാണ്, പലർക്കും പലതും മനസ്സിലാകാത്തത്. [കൂടുതൽ അറിയാൻ കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം].

അതിനാൽ, വെളിപ്പാടിൽ പറയുന്ന ഒന്നാമത്തെ നാമം അഥവാ, ദൈവത്തിൻ്റെ നാമം യേശുക്രിസ്തു ആണെന്ന് മനസ്സിലാക്കാം. എന്തെന്നാൽ, ആകാശത്തിനു കീഴിൽ മറ്റൊരു നാമമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:12). വെളിപ്പാടിലെ, ആ വേദഭാഗത്ത് പറയുന്നതെല്ലാം ഭൂമിയിലെ കാര്യമാണ്. തന്നെയുമല്ല, മനുഷ്യപുത്രനോട് സദൃശൻ ഭൂമിയിലെ നിത്യരാജാവാണ്. (ദാനീ, 7:27). അതിനാൽ, ദൈവത്തിൻ്റെ നാമമെന്ന് അവിടെ പറയുന്നത്, യേശുക്രിസ്തു ആണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടാമത്തെ നാമം അഥവാ, പുതിയ യെരൂശലേം എന്ന ദൈവനഗരത്തിൻ്റെ നാമമാണ്. ഈ വേദഭാഗത്ത് പുതിയ യെരൂശലേം എന്നത്, ദൈവനഗരത്തിൻ്റെ നാമമായിട്ടാണ് മനസ്സിലാകുന്നത്. എന്നാൽ, ചില പരിഭാഷകളിൽ പുതിയ യെരൂശലേമെന്ന ദൈവനഗരത്തിനു മറ്റൊരു പേരുള്ളതായിട്ടാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഉദാ: സത്യവേപുസ്തകം സമകാലിക പരിഭാഷ നോക്കുക: “എന്‍റെ ദൈവത്തിന്‍റെ നഗരമായ നവയെരൂശലേമിന്‍റെ നാമം” എന്നാണ് അതിൽ കാണുന്നത്. എന്തായാലും, ദൈവനഗരത്തിൻ്റെ ഒരു പേര്, യെഹെസ്ക്കേലിൻ്റെ പുസ്തകം അവസാനവാക്യത്തിൽ പറഞ്ഞിട്ടുണ്ട്. “അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.” (യെഹെ, 48:35). സഹസ്രാബ്ദ ദൈവാലയത്തെക്കുറിച്ചും അനന്തരം, യിസ്രായേലിലെ പതിമൂന്ന് ഗോത്രങ്ങൾക്കും ദേശം വിഭജിച്ചു കൊടുത്തതിനും ശേഷമാണ്, നഗരത്തിൻ്റെ പേർ പറയുന്നത്. തന്മൂലം, ദൈവം യഥാസ്ഥാനത്താക്കി കൊടുക്കുവാനുള്ള ആ നഗരത്തിൻ്റെ പേര് പുതിയ യെരൂശലേം എന്ന് അല്ലെങ്കിൽ, യഹോവ ശമ്മാ എന്നാണെന്ന് മനസ്സിലാക്കാം. ഇനി, മൂന്നാമത്തെ നാമം നോക്കാം. അവിടെ, എൻ്റെ പുതിയനാമം അഥവാ, മനുഷ്യപുത്രനോട് സദൃശനായവൻ്റെ പുതിയ നാമത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യപുത്രൻ യിസ്രായേലാണെന്ന് നാം കണ്ടതാണ്. യിസ്രായേലിന് പുതിയ പേർ നല്കപ്പെടുമെന്ന് ബൈബിളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ. ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.” (യെശ, 62:1-2). അടുത്തവാക്യം: നിങ്ങളുടെ പേർ നിങ്ങൾ എന്റെ വൃതന്മാർക്കു ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്കു അവൻ  വേറൊരു പേർ വിളിക്കും.” (യെശ, 65:15). ദൈവത്തിനോ, ദൈവപുത്രനായ ക്രിസ്തുവിനോ; പുതിയൊരു പേർ വിളിക്കപ്പെടുമെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. തന്മൂലം, യിസ്രായേലാണ് വെളിപ്പാടിൽ പറയുന്ന മനുഷ്യപുത്രനോട് സദൃശനെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

10. “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു.” (വെളി, 3:14). യിസ്രായേൽ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണോ? അല്ല. ഭാഷാപരമായി, “സൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം എന്നാണ് അർത്ഥം വരുന്നത്. അതായത്, അവിടെ “ദൈവസൃഷ്ടികളുടെ ആരംഭം” എന്ന ബഹുവചനം ആയിരുന്നെങ്കിൽ, സൃഷ്ടികളിൽ ഒന്നാമത്തെ അഥവാ, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥം വരുമായിരുന്നു. ദൈവസൃഷ്ടിയിൽ ആദ്യത്തവൻ അല്ലെങ്കിൽ, ഒന്നാമത്തവൻ എന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ആ പ്രയോഗംതന്നെ പരമ അബദ്ധമാണ്. തന്മൂലം, പ്രസ്തുത വേദഭാഗത്ത് “ആരംഭം” എന്ന പദത്തിന്, ഒന്നാമത്തേത് എന്നല്ല അർത്ഥം; കാരണം എന്നാണ് അർത്ഥമെന്ന് മനസ്സിലാക്കാം. തെളിവ് വചനത്തിൽത്തന്നെ ഉണ്ട്. “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ച് ചെയ്ത് തന്റെ മഹത്വം വെളിപ്പെടുത്തി.” (യോഹ, 2:11). ഈ വേദഭാഗത്ത് അടയാളങ്ങളുടെ ആരംഭം എന്ന പ്രയോഗം നോക്കുക. ഇവിടെ, അടയാളങ്ങൾ എന്ന ക്രിയ ബഹുവചനം ആയതുകൊണ്ടാണ് ആരംഭം എന്ന പ്രയോഗത്തിന് ആദ്യത്തെ അഥവാ, ഒന്നാമത്തെ എന്ന് അർത്ഥം വരുന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണല്ലോ കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം. ഒരു അടയാളം മാത്രമേ യേശു ചെയ്തുള്ളു എങ്കിൽ, ആ പ്രയോഗം എപ്രകാരം അബദ്ധമാകുമോ അപ്രകാരം തന്നെ; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തെ, ആദ്യത്തെ സൃഷ്ടിയെന്ന് പറഞ്ഞാൽ; ആ പ്രയോഗവും അബദ്ധമാകും. അതായത്, ദൈവത്തിൻ്റെ സൃഷ്ടിക്ക് കാരണമായവൻ സ്രഷ്ടാവുമല്ല; ആദ്യത്തെ സൃഷ്ടിയുമല്ല. തന്മൂലം, ദൈവസൃഷ്ടിയുടെ കാരണം എന്നാണ് ആ പ്രയോഗത്തിന് അർത്ഥമെന്ന് മനസ്സിലാക്കാം. അപ്പോഴും, ഒരു ചോദ്യം വരും. യിസ്രായേൽ എങ്ങനെയാണ് ദൈവസൃഷ്ടിക്ക് കാരണമാകുന്നത്? ഒന്നാമത്: ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ. (പുറ, 4:22-23).
രണ്ടാമത്, ദൈവം ജനിപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്ന ഏകപുത്രൻ യിസ്രായേലാണ്. (സങ്കീ, 2:7. ഒ.നോ: പ്രവൃ, 13:32-33). മൂന്നാമത്: ദൈവത്തിൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ സന്തതിയാണ് യിസ്രായേൽ. (2ദിന, 20:7; യെശ, 41:8; യാക്കോ, 2:23). നാലാമത്: പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമാണ് യിസ്രായേൽ  (ഉല്പ, 22:17-18; 26:5; 28:13-14; 2ശമൂ, 7:8-17; സങ്കീ, 89:29-32; യെശ, 55:3).. അഞ്ചാമത്: ഭൂമിയിലെ സകല രാജാക്കന്മാരെയും ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേൽ. (സങ്കീ, 2:8-10; ദാനീ, 7:9-10, 18,21,27). ക്രൈസ്തവർ എല്ലാവരുംതന്നെ, യേശുക്രിസ്തു ഈ ഭൂമിയിൽ രാജാവായി ഭരിക്കുമെന്ന് കരുതുന്നവരാണ്. എന്നാൽ, തൻ്റെ രാജ്യം ഐഹികമല്ലെ അഥവാ, ഈ ഭൂമിയിലല്ലെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 18:37). ആറാമത്: ദൈവം, ഭൂമിയിലുള്ള സകലജാതികളും പക്ഷിമൃഗാദികൾ ഉൾപ്പെടെ സകലവും കാൽക്കീഴാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 8:4-8; 80:17; എബ്രാ, 2:6-8; വെളി, 2:26). ദൈവം അവന് സകലവും കാൽക്കീഴാക്കിക്കൊടുത്തു കഴിയുമ്പോൾ, ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവാണ് യിസ്രായേൽ. (ദാനീ, 7:27; 1കൊരി, 15:28). ഏഴാമത്: ഭൂമിയിലെ സകലജതികളും അനുഗ്രഹിക്കപ്പെടേണ്ട സന്തതിയാണ് യിസ്രായേൽ. (ഉല്പ, 22:18; 26:5; 28:14; പ്രവൃ, 3:25). എട്ടാമത്: ലോകാവകാശിയാകും എന്ന് വാഗ്ദത്തം ലഭിച്ച സന്തതിയാണ് യിസ്രായേൽ. (റോമ, 4:13). ഭാവിലോകത്തെ ദൂതന്മാർക്കല്ല കീഴ്പ്പെടുത്തിയിരിക്കുന്നത്; അബ്രാഹാമിൻ്റെ സന്തതിക്കാണെന്ന് എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:5-16). ഈ ലോകത്തിൻ്റെ ശാശ്വത അവകാശി യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനാണെങ്കിൽ, അക്കാര്യം സർവ്വജ്ഞാനിയായ ദൈവത്തിന് മുമ്പേ അറിയാതിരിക്കുമോ? സൃഷ്ടി മുതൽ, ബൈബിളിൽ കാണുന്നതൊന്നും ആകസ്മിക സംഭവങ്ങളല്ല. ദൈവം തൻ്റെ സർവ്വജ്ഞാനത്താലാണ് സൃഷ്ടി നടത്തിയത്. കാരണം കൂടാതെ കാര്യം ഉണ്ടാകില്ല എന്നതാണ് ആപ്തവാക്യം. ദൈവസൃഷ്ടിയെന്ന പ്രവൃത്തിക്ക് കാരണമായത് യിസ്രായേലെന്ന ലോകാവകാശിയാണ്. അതായത്, ആരംഭത്തിങ്കൽത്തന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിപ്പാനുള്ളതും കാണുന്ന ദൈവം, തൻ്റെയും തൻ്റെ സ്നേഹിതനായ അബ്രാഹാമിന്റെയും സന്തതിയായ യിസ്രായേലെന്ന ലോകാവകാശിയെ അഥവാ, സകലതും കാൽക്കീഴാക്കുന്ന ദൈവസന്തതിയെ കാരണമായി കണ്ടുകൊണ്ടാണ് ലോകവും അതിലുള്ള സതസ്തവും സൃഷ്ടിച്ചത്. (സങ്കീ, 8:4-8).യെശ, 46:10). അതാണ്, ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിൻ്റെ അർത്ഥം.

ഇനി, ന്യായമായിട്ടും ഉണ്ടാകാനിടയുള്ള ചില സംശയങ്ങളുണ്ട്. ഏഴ് സഭകൾക്കും ദൂത് കൊടുക്കുന്നത് മനുഷ്യപുത്രനോട് സദൃശനാണല്ലോ. യിസ്രായേലാണ് മനുഷ്യപുത്രനോട് സദൃശനെങ്കിൽ, അവിടെപ്പറയുന്ന കാര്യങ്ങളെല്ലാം അവന് എങ്ങനെ യോജിക്കും? ഒന്നാമത് മനസ്സിലാക്കേണ്ടത്; വെളിപ്പാട് പുസ്തകത്തിലെ എല്ലാക്കാര്യങ്ങളും അക്ഷരാർഥത്തിൽ (literal) അല്ല എഴുതിയിരിക്കുന്നത്. ആലങ്കാരികവും (figurative) ആത്മികവും (spiritual) പ്രതിരൂപാത്മകവും (typological) പ്രബോധനാത്മകവും (pedagogical) ദൃഷ്ടാന്തരൂപത്തിലും (allegorical) ഒക്കെയാണ് എഴുതിയിരിക്കുന്നത്. ചിലതൊക്കെ, പ്രബോധനാത്മകമായ വചനങ്ങളാണ്. ഉദാ: “ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.” (വെളി, 3:21). മനുഷ്യപുത്രൻ്റെ രാജ്യവും സിഹാസനവും ഭൂമിയിലാണ്. തന്മൂലം, താൻ ജയിച്ച് സ്വർഗ്ഗത്തിൽ പിതാവിനോടുകൂടെ അവൻ്റെ സിഹാസനത്തിൽ ഇരിക്കുന്നു എന്നതും, ജയിക്കുന്ന എല്ലാവരെയും എന്നെപ്പോലെ എൻ്റെ സിംഹാസനത്തിൽ ഇരിക്കാനുള്ള വരം നല്കും എന്നതൊക്കെ, അക്ഷരാർഥത്തിലല്ല; പ്രബോധനാത്മകമായ വചനങ്ങളാണ്. മറ്റു ചിലത് ആത്മിക അർത്ഥത്തിലാണ് (spiritual) പറഞ്ഞിരിക്കുന്നത്. ഉദാ: “ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ  എന്നോടും കൂടെ അത്താഴം കഴിക്കും.” (വെളി, 3:20). യഥാർത്ഥത്തിൽ അവിടെ സംസാരിക്കുന്നത് മനുഷ്യപുത്രനോട് സദൃശനല്ല; ദൈവത്തിൻ്റെ ആത്മാവാണ്. തന്മൂലം, ചിലയിടത്ത് ആത്മാവ് നേരിട്ടും, ചിലയിടത്ത് മനുഷ്യപുത്രനോട് സദൃശനായവനെ പ്രതിനിധീകരിച്ചുകൊണ്ടുമാണ് സംസാരിക്കുന്നത്. ഏഴ് സഭകളോടും സംസാരിക്കുന്നത് ആത്മാവാണെന്ന് അവിടെ വ്യക്തമായി കാണാൻ കഴിയും. എഫെസൊസ് (2:7), സ്മൂർന്ന (2:11), പെർഗ്ഗമൊസ് (2:17), തുയഥൈര (2:29), സർദ്ദിസ് (3:6), ഫിലദെൽഫ്യ (3:13), ലവൊദിക്ക്യ (3:22). തന്മൂലം, മനുഷ്യപുത്രനോട് സദൃശനായ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടാണ് 1-മുതൽ 3-വരെയുള്ള അദ്ധ്യായങ്ങളിൽ കാണുന്നതെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. (വെളി, 22:6).

പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും യിസ്രായേലാണ്. (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; 2ശമൂ, 8:17; 1ദിന, 17:7-15; സങ്കീ, 89:3-4;29,36-37; ദാനീ, 7:18,21,27). ദൈവം തൻ്റെ പുത്രനായ യിസ്രായേലിനോട് ചെയ്ത വാഗ്ദത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-12). തൻ്റെ പുത്രനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ ഏകദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു: (മത്താ, 1:21; 1തിമൊ, 3:14-16). ക്രിസ്തുവിൻ്റെ ജനനത്തിനുമുമ്പെ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത് ഇപ്രകാരമാണ് “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ  തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68. ഒ.നോ: യെശ, 25:8-9; 35:3-6; 40:3). ദൈവം തൻ്റെ പുത്രനായ യിസ്രായേലിനോടുള്ള വാഗ്ദത്തം നിവൃത്തിക്കാനാണ് മനുഷ്യപ്രത്യക്ഷത എടുത്തത്. പഴയപുതിയ നിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, ഏകസത്യദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവൻ പരിഗ്രഹിക്കുക!

One thought on “വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?”

Leave a Reply

Your email address will not be published. Required fields are marked *