വിവാഹം

വിവാഹം (Marriage)

പരസ്പരം തുണയായിരിക്കുന്നതിനു വേണ്ടി ദൈവം ഏർപ്പെടുത്തിയ വ്യവസ്ഥയാണ് വിവാഹം. ഉല്പത്തി പുസ്തകത്തിൽ ഒന്നാം ആദാമിന്റെ വിവാഹത്തോടു കൂടി ആരംഭിക്കുന്ന ഈ പ്രക്രിയ വെളിപ്പാടിൽ ഒടുക്കത്തെ ആദാമിന്റെ കല്യാണത്തോടു കൂടിയാണ് സമാപിക്കുന്നത്. വിവാഹം എല്ലാവർക്കും മാന്യമാണ്. (എബ്രാ, 13:4). ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെയും (യിരെ, 3; യെഹെ, 16; ഹോശേ, 1-3), ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെയും (എഫെ, 5:22-23) പ്രതിബിംബമാണ് വിവാഹം. അവിവാഹിതനെ കുറിക്കുന്ന ഒരു പദം പഴയനിയമത്തിലില്ല. വിവാഹം കഴിക്കരുതെന്നു യിരെമ്യാവിനു നല്കിയ ദൈവനിയോഗം പ്രവാചകന്റെ അടയാളമായി പരിഗണിക്കേണ്ടതാണ്. (യിരെ, 16:32). 

ആദാമിന്റെ കാലത്ത് ഏകഭാര്യാത്വം ആണ് നിലവിലിരുന്നതെങ്കിലും ലാമെക്കിന്റെ കാലം മുതൽ ബഹുഭാര്യാത്വം നിലവിൽ വന്നു. (ഉല്പ, 4:19). ഇങ്ങനെ ദൈവിക നിയമം ലംഘിക്കപ്പെട്ടു. ഗോത്രപിതാക്കന്മാർ തന്നെ ഒന്നിലധികം ഭാര്യമാരെ എടുത്തു. സാറായുടെ നിർബന്ധപ്രകാരം അവളുടെ ദാസിയായ ഹാഗാറിനെ അബ്രാഹാം സ്വീകരിച്ചു. ലാബാന്റെ സൂത്രത്തിൽ വീണ് ലേയയെയും റാഹേലിനെയും യാക്കോബ് വിവാഹം കഴിച്ചു. ഒടുവിൽ അവരുടെ മത്സരം മൂലം യാക്കോബ് രണ്ടു പേരുടെയും ദാസിമാരെ പരിഗ്രഹിച്ചു. പിതാക്കന്മാർ അപ്രകാരം ചെയ്തത് ഒരിക്കലും ദൈവത്തിന്റെ അംഗീകാരത്തോടുകൂടെയല്ല. പരീശന്മാരോടുള്ള പ്രതിവാദത്തിൽ ക്രിസ്തു അതു വ്യക്തമാക്കി. (മത്താ, 19:3-8).

ബഹുഭാര്യാത്വം അനർത്ഥവും പാപത്തിൽ പര്യവസാനിക്കുന്നതും ആണ്. അബ്രാഹാം, ഗിദയോൻ, ദാവീദ്, ശലോമോൻ എന്നിവർ ദൃഷ്ടാന്തങ്ങളാണ്. എബ്രായ രാജാക്കന്മാർക്കു ബഹുഭാര്യാത്വത്തിനെതിരെ മുന്നറിയിപ്പു ന്യായപ്രമാണത്തിൽ നല്കിയിരുന്നു. (ആവ, 17:17). എല്ക്കാനയുടെ രണ്ടു ഭാര്യമാരിൽ ഒരാൾ എപ്പോഴും മറ്റവൾക്കു ശത്രുവായിരുന്നു. (1ശമൂ, 1:6). ഭാര്യ ജീവനോടിരിക്കുമ്പോൾ അവളെ ദു:ഖിപ്പിക്കുവാൻ അവളുടെ സഹോദരിയെക്കൂടി പരിഗ്രഹിക്കരുതെന്നു ന്യായപമാണം വ്യക്തമാക്കി. (ലേവ്യ, 18:18). സമ്പന്നരുടെ ഇടയിലാണ് ബഹുഭാര്യാത്വം അധികമായിഉള്ളത്. മുസ്ലീം രാജ്യങ്ങളിൽ താമസിക്കുന്ന യെഹൂദന്മാരുടെ ഇടയിൽ ഇന്നും ബഹുഭാര്യാത്വം കണ്ടുവരുന്നു. ബഹുഭാര്യാത്വത്തിനു മറ്റൊരു ദോഷം കൂടിയുണ്ട്. ഭർത്താവ് ഒരുവളെ സ്നേഹിക്കുകയും മറ്റവളെ വെറുക്കുകയും ചെയ്യും. (ആവ, 21:15-17). യാക്കോബ് ലേയയെക്കാളും റാഹേലിനെ ഇഷ്ടപ്പെട്ടു. (ഉല്പ, 29:30). എല്ക്കാന മക്കളില്ലാതിരുന്നിട്ടും ഹന്നയെ സ്നേഹിച്ചു. (1ശമൂ, 1:1-8). മിശ്രവിവാഹത്തെ സംബന്ധിക്കുന്ന നിയമങ്ങൾ മോശെ നല്കിയ ന്യായപ്രമാണത്തിലുണ്ട്. കനാന്യസ്ത്രീകളെ വിവാഹം ചെയ്യരുതെന്നു പ്രത്യേകം കല്പനയുണ്ട്. അവരുടെ വിഗ്രഹാരാധന യിസ്രായേല്യരുടെയിടയിൽ വ്യാപിക്കും എന്നതാണു കാരണം. (പുറ, 34:15; ആവ, 7:3-4). യിസായേല്യ സ്ത്രീകളും മോവാബ്യ പുരുഷന്മാരും തമ്മിൽ വിവാഹം ചെയ്യാൻ പാടില്ല. അമ്മോന്യനും മോവാബ്യനും യഹോവയുടെ സന്നിധിയിൽ പ്രവേശിക്കരുത്. (ആവ, 23:3). മോവാബ്യ സ്ത്രീകളെ യിസ്രായേല്യ പുരുഷന്മാർക്കു വിവാഹം ചെയ്യുവാൻ അനുവാദമുണ്ട്. (രൂത്ത്, 1:4). ഏദോമ്യർക്കും മിസ്രയീമ്യർക്കും മൂന്നാം തലമുറവരെ മാത്രമേ വിലക്കുള്ളൂ. അതിനു ശേഷം അവരുമായി വിവാഹബന്ധം ആകാം. (ആവ, 23:7-8). കനാന്യ പുരുഷന്മാരുമായോ സ്ത്രീകളുമായോ ഒരിക്കലും വിവാഹബന്ധം പാടില്ല. അമ്മോന്യ മോവാബ്യ പുരുഷന്മാരുമായി ഒരിക്കലും പാടില്ല. ഏദോമ്യ മിസ്രയീമ്യ പുരുഷന്മാരുമായി മൂന്നാം തലമുറ വരെ മാത്രം പാടില്ല. ഭാര്യമാരെ സംബന്ധിച്ചിടത്തോളം മതപരിവർത്തനം ആവശ്യമില്ല. എന്നാൽ ഭർത്താവ് മതപരിവർത്തനം ചെയ്തിരിക്കണം. 

യിസ്രായേല്യർ തമ്മിലുള്ള വിവാഹവും പ്രത്യേക നിയമങ്ങൾക്കു വിധേയമായിരുന്നു. രക്തസംബന്ധമുള്ള ആരെയും വിവാഹം ചെയ്യാൻ പാടില്ല. താഴെപ്പറയുന്നവരെ വിവാഹം ചെയ്യരുതെന്നു വിലക്കിയിട്ടുണ്ട്. 1. അമ്മ, 2. അപ്പന്റെ ഭാര്യ (step mother) 3. സഹോദരി, അർദ്ധ സഹോദരി, 4. ചെറുമകൾ-മകന്റെ മകളോ മകളുടെ മകളോ, 5. ചിറ്റമ്മയുടെ (step mother) മകൾ, 6. അപ്പന്റെ സഹോദരി (aunt), 7. അമ്മയുടെ സഹോദരി, 8. ഇളയമ്മ, 9. മരുമകൾ, 10. സഹോദരന്റെ ഭാര്യ (സഹോദരൻ പുത്രനില്ലാതെ മരിച്ചില്ലെങ്കിൽ), 11. ഒരു സ്ത്രീയും അവളുടെ മകളും അഥവാ അവളുടെ പൗത്രീ, 12. രണ്ടു സഹോദരിമാർ. (ലേവ്യ, 18:6-18). അമ്മ, ചിറ്റമ്മ, സഹോദരി, അർദ്ധ സഹോദരി, മരുമകൾ, അമ്മാവിയമ്മ എന്നിവരെ വിവാഹം ചെയ്യുന്നവൻ മരണശിക്ഷ അനുഭവിക്കണം. 

മഹാപുരോഹിതൻ കന്യകയെ മാത്രമേ വിവാഹം കഴിക്കാവു. വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരി, വേശ്യ എന്നിങ്ങനെയുള്ളവരെ വിവാഹം കഴിക്കരുത്. സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം ചെയ്യാവു. (ലേവ്യ, 21:13-14). അവകാശിനികൾ തങ്ങളുടെ ഗോത്രത്തിനു വെളിയിൽ നിന്നു വിവാഹം ചെയ്യാൻ പാടില്ല. (സംഖ്യാ, 36:5-9). വിവാഹ പ്രായത്തെക്കുറിച്ചു വ്യക്തമായ നിർദ്ദേശം ബൈബിളിൽ ഇല്ല. പൊതുവെ നേരത്തേയുള്ള വിവാഹം അംഗീകരിക്കപ്പെട്ടിരുന്നു. (സദൃ, 2:17; 5;18; യെശ, 62:5). പതിമൂന്നു വയസ്സിനു താഴെയുള്ള പുരുഷനും പന്ത്രണ്ടു വയസ്സിനു താഴെയുള്ള പെൺകുട്ടികളും വിവാഹബന്ധത്തിൽ ഏർപ്പെടാൻ പാടില്ലെന്നു തല്മുദ് കർത്താക്കൾ വിലക്കിയിട്ടുണ്ട്. 

വധുവിനെ കണ്ടെത്തൽ 

പിതാവായ ദൈവമാണ് ആദാമിനു ഭാര്യയെ കണ്ടത്തിയത്. പുത്രന്മാർക്കു ഭാര്യമാരെ കണ്ടെത്തേണ്ട ചുമതല പിതാവിനും മാതാവിനും ആയിരുന്നു. യിശ്മായേലിനു ഭാര്യയെ കണ്ടെത്തിയത് ഹാഗാറും ഏരിനു ഭാര്യയെ എടുത്തത് യെഹൂദയും ആയിരുന്നു. (ഉല്പ, 21:21; 38:6). കന്യകയുടെ പിതാവും ചിലപ്പോൾ വിവാഹാഭ്യർത്ഥന ചെയ്തിരുന്നു. (പുറ, 2:21). പുരുഷൻ തന്റെ സ്ത്രീയെ കണ്ടെത്തിയ ശേഷം മാതാപിതാക്കന്മാരെ അറിയിക്കുകയും തങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അവർ പിന്നീട് വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തിരുന്ന പതിവു അപൂർവ്വമായിരുന്നു. ശെഖേമും (ഉല്പ, 34:4,8), ശിംശോനും (ന്യായാ, 14:2) ഉദാഹരണങ്ങളാണ്. ഏശാവിനെപ്പോലെ അപൂർവ്വം ചിലർ മാത്രമേ മാതാപിതാക്കൾ ഇഷ്ടപ്പെടാത്ത വിവാഹം നടത്തിയിട്ടുള്ളു. (ഉല്പ, 26:34-35). പെൺകുട്ടിയുടെ അനുവാദം ചോദിച്ചതിനു ഒരുദാഹരണമാണ് റിബെക്കായോടു ചോദിച്ചത്. (ഉല്പ, 24:58). 

വിവാഹനിശ്ചയം: വധുവിനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്തതായി വിവാഹനിശ്ചയമാണ്. മൂന്നുതരത്തിലുള്ള പാരിതോഷികങ്ങൾ വിവാഹനിശ്ചയത്തിനു നല്കുന്നതായി കാണാം. വധുവിനു കൊടുക്കുന്നതിനെ സ്ത്രീധനം (മോഹർ) എന്നും, ബന്ധുക്കൾക്കു കൊടുക്കുന്നതിനെ ദാനം-സമ്മാനം (മത്താൻ) എന്നും പറയും. ശെഖേം ദീനയ്ക്കുവേണ്ടി സ്ത്രീധനവും ദാനവും കൊടുത്തു. (ഉല, 34:12). മീഖളിനു വേണ്ടി ദാവീദ് ഇരുന്നൂറു ഫെലിസ്ത്യരുടെ അഗ്ര ചർമ്മമാണു നല്കിയത്. (1ശമൂ, 18:25). റാഹേലിനു വേണ്ടി യാക്കോബ് ഏഴുവർഷം സേവനം ചെയ്തു. മോശെ യിത്രോവിന്റെ ആടുകളെ മേയ്ച്ചു. ഈ പാരിതോഷികങ്ങളെ മോഹർ എന്നു പറഞ്ഞിട്ടില്ല. വരന്റെ ആൾക്കാർ വധുവിന്റെ പിതാവിനു കൊടുക്കുന്ന നഷ്ടപരിഹാരമായി അഥവാ വധുവിന്റെ വിലയായി കണക്കാക്കുന്നു. വധുവിനു വരൻ നല്കുന്ന സമ്മാനങ്ങളുടെയും ദൃഷ്ടാന്തങ്ങളുണ്ട്. റിബെക്കായ്ക്ക് എല്യേസർ ആഭരണങ്ങളും വസ്ത്രങ്ങളും കൊണ്ടുവന്നു. 

മോശയുടെ കാലത്തിനു മുമ്പ് വിവാഹാഭ്യർത്ഥന അംഗീകരിക്കുകയും സ്ത്രീധനം നല്കുകയും ദാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ വരനു വധുവിനെ ഏതു സമയവും സ്വന്തവീട്ടിൽ കുട്ടിക്കൊണ്ടു പോകാവുന്നതാണ്. (ഉല്പ, 24:63-67). ഇതു ഒരു അപൂർവ്വ സംഭവമാണ്. വധു വളരെ അകലെയും വരൻ സ്വന്തഗൃഹത്തിലും ആയിരിക്കുമ്പോൾ ദാസനാണ് വധുവിനെ കുട്ടിക്കൊണ്ടുപോയത്. സാധാരണ വധുവിന്റെ കുടുംബവീട്ടിൽ വച്ച് സുഹൃത്തുക്കളെയും അയൽക്കാരെയും ക്ഷണിച്ച് ഏഴുദിവസത്തെ വിവാഹവിരുന്നു നടത്തും. (ഉല്പ, 29:22-27). വധുവിനെ കൊണ്ടുപോകുമ്പോൾ അനുഗ്രഹം നല്കുകയും ചെയ്യും. (ഉല്പ, 24:60; രുത്ത്, 4:11-12). 

വിവാഹാഘോഷങ്ങൾ: വിവാഹത്തിലെ പ്രധാന ചടങ്ങ് വധുവിനെ കൊണ്ടുപോവുകയാണ്. ഭാര്യയെ എടുക്കുക എന്നുള്ള പ്രയോഗത്തിന്റെ ധ്വനിയും അതുതന്നെ. വരനും വധുവും വിശേഷ വസ്ത്രങ്ങൾ ധരിക്കും. വധു ചിത്രത്തയ്യലും പൊൻകസവും ഉള്ള വസ്ത്രങ്ങൾ അണിയാറുണ്ട്. (സങ്കീ, 45:13-14). പലതരത്തിലുള്ള ആഭരണങ്ങളും (യെശ, 61:10), അരക്കച്ചയും (യിരെ, 2:32), മൂടുപടവും (ഉല്പ, 24:65) വധു അണിയുന്നു. ഉത്സവവസ്ത്രം മനോഹരമായ തലപ്പാവു (യെശ, 61:10), വിവാഹ കിരീടം (ഉത്ത, 3:11) എന്നിവ ധരിച്ചുകൊണ്ടു് വരൻ തോഴന്മാരോടൊപ്പം (ന്യായാ, 14:11; മത്താ, 9:15) തന്റെ വീട്ടിൽ നിന്നു പുറപ്പെടും. പാട്ടുകാർ അവരെ അനുഗമിക്കും. (ഉല്പ, 31:27, യിരെ, 7:34; 16:9). വരനും സഖികളും വധുവിന്റെ വീട്ടിലെത്തിക്കഴിഞ്ഞ് വിവാഹ അത്താഴം അവിടെ കഴിക്കും. (ഉല്പ, 29:2; ന്യായാ, 14). പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമയിൽ (മത്താ, 25:1-13) മണവാളൻ അത്താഴത്തിന്നായി മണവാട്ടിയുടെ വീട്ടിലേക്കു പോകുന്നതായി കാണാം. മണവാട്ടി കന്യകമാരോടൊപ്പം മണവാളന്റെ വരവ് ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയായിരുന്നു. (മത്താ, 25;6). അനന്തരം വരൻ ആ സംഘത്തെ മുഴുവൻ സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ (സങ്കീ, 45:15) പിതൃഭവനത്തിലേക്കു കൊണ്ടുവരും. അവർ മടങ്ങിവരുമ്പോൾ കാത്തുനില്ക്കുന്ന കന്യകമാരും വധുവിന്റെയും വരന്റെയും തോഴ്മക്കാരും അവരോടൊപ്പം ചേരും. സ്ഥലവാസികൾ ഈ ഘോഷയാത്ര കാണാൻ തെരുവുകളിൽ കൂട്ടം കൂടും. (ഉത്ത, 3:11). 

കല്യാണസദ്യ 

കല്യാണസദ്യ വരന്റെ വീട്ടിൽ വച്ച് മിക്കവാറും രാത്രിയിലായിരിക്കും നടത്തുക. എല്ലാ ബന്ധുക്കളെയും അയൽവാസികളെയും ക്ഷണിച്ചിട്ടുണ്ടായിരിക്കും. (ഉല്പ, 21:22; മത്താ . 22:1-10,13; ലൂക്കൊ, 14:8; യോഹ, 2:2). വിവാഹാഘോഷം ഒരാഴ്ചയോ ചിലപ്പോൾ രണ്ടാഴ്ചയോ നീണ്ടു നില്ക്കും. (ന്യായാ, 14:12). ആഴ്ചവട്ടം നിവർത്തിക്കുക എന്ന പ്രയോഗത്തിന് അടിസ്ഥാനമതാണ്. കല്യാണസദ്യയ്ക്ക് ധാരാളം ബന്ധുക്കളും കൂട്ടുകാരും വന്നുചേരുന്നതുകൊണ്ട് വീഞ്ഞു തീർന്നുപോകാറുണ്ട്. (യോഹ, 2:3). കല്യാണസദ്യയ്ക്ക് മേൽനോട്ടം വഹിക്കാൻ ഒരാൾ ഉണ്ടായിരിക്കും. (യോഹ, 2:9-10). വിവാഹക്ഷണം നിരാകരിക്കുന്നത് അപമാനമാണ്. (മത്താ, 22:7). ആതിഥേയൻ അതിഥികൾക്കെല്ലാം കല്യാണവസ്ത്രം നല്കും. എല്ലാവരും കല്യാണവസ്ത്രം ധരിച്ചിരിക്കണമെന്നത് നിർബന്ധമാണ്. (മത്താ, 22:11-12). കടങ്കഥകളും മറ്റു വിനോദങ്ങളും കൊണ്ടു വിരുന്ന് ചൈതന്യ പൂർണ്ണമായിരിക്കും. (ന്യായാ, 14:12). അപ്പോൾ മണവാളൻ മണവാട്ടിയുമായി സംഭാഷണത്തിലേർപ്പെടും. മണവാളന്റെ ഈ സ്വരം കേൾക്കുമ്പോൾ മണവാളന്റെ സ്നേഹിതന്റെ സന്തോഷം പുർണ്ണമാകും. (യോഹ, 3:29). സ്നേഹിതന്റെ പ്രവൃത്തി വിജയകരമായി തീർന്നു എന്നതിനു സാക്ഷ്യമാണ് മണവാളന്റെ സ്വരം. ഒടുവിലായി വധുവിനെ മണവറയിലേക്കു നയിക്കും. മണവറയ്ക്ക് എബ്രായയിൽ പറയുന്ന വാക്കു ‘ഹെദെർ’ എന്നാണ്. (ന്യായാ, 15:1; യോവേ, 2:16). അവിടെ ‘ഹുപ്പാ’ എന്നു പേരോടു കൂടിയ വിതാനം സജ്ജമായിരിക്കും. (സങ്കീ, 19:5; യോവേ, 2:16). ഈ സന്ദർഭത്തിലും വധു മൂടുപടം ധരിച്ചിരിക്കും. യാക്കോബ് വഞ്ചിക്കപ്പെട്ടത് അതിനാലാണ്. (ഉല്പ, 29:23). ചില പ്രത്യേക സന്ദർഭങ്ങളിൽ വിവാഹസദ്യ വധുവിന്റെ വീട്ടിൽ വച്ചു നടത്താറുണ്ട്. (ഉല്പ, 29:22). ക്രിസ്തുവിന്റെയും വിശുദ്ധന്മാരുടെയും മഹാസമ്മേളനത്തെ കുഞ്ഞാടിന്റെ കല്യാണസദ്യ എന്നാണു പറഞ്ഞിരിക്കുന്നത്. (വെളി, 19:9). വധുവരന്മാരെ മണവറയിലേക്കു നയിക്കുന്നതു മിക്കവാറും മാതാപിതാക്കളായിരിക്കും. വധുവരന്മാർ ഒന്നിച്ചു വരുന്നതിനു (ഇതിനു എബ്രായയിൽ ‘യാദ’) അറിയുക എന്നു പറയും. പ്രാർത്ഥിക്കുന്ന പതിവുണ്ട്. (തോബിത്ത് 8:4). വധുവിന്റെ കന്യകാത്വത്തിന്റെ തെളിവ് രക്തം പുരണ്ട വസ്ത്രമാണ്. (ആവ, 22:13-21). ഇമ്മാതിരി തെളിവു ആവശ്യപ്പെടുന്ന കീഴ്വഴക്കം ഇപ്പോഴും ചില സമൂഹങ്ങളിൽ കാണപ്പെടുന്നു. 

ദേവരവിവാഹം: ഭർത്താവിന്റെ സഹോദരനാണ് ദേവരൻ. വിവാഹിതനായ ഒരു പുരുഷൻ സന്തതിയില്ലാതെ മരിച്ചാൽ അവന്റെ ഭാര്യയെ തന്റെ സഹോദരനു വിവാഹം കഴിക്കാം. ഈ വിവാഹത്തിലുണ്ടാകുന്ന ആദ്യപുത്രൻ ആദ്യഭർത്താവിന്റെ പേർ നിലനിർത്തും. ദേവരവിവാഹത്തെക്കുറിച്ചുള്ള ആദ്യ വിവരണം പിതാക്കന്മാരുടെ കാലത്തുള്ളതാണ്. തന്റെ സഹോദരനായ ഏരിന്റെ വിധവയെ വിവാഹം കഴിക്കാൻ യെഹൂദ ഓനാനോടു പറഞ്ഞു. ഓനാൻ തന്റെ സഹോദരന്റെ ഭാര്യയെ സ്വീകരിച്ചു. എന്നാൽ സന്തതി തന്റേതായിരിക്കയില്ല എന്നറിയാമായിരുന്നതു കൊണ്ട് അവളിലൊരു കുഞ്ഞുണ്ടാകുവാൻ ഓനാൻ ഇഷ്ടപ്പെട്ടില്ല. (ഉല്പ, 38:8-10). യെഹൂദന്മാരുടെ ഇടയിൽ മാത്രമല്ല മറ്റു പല ജനവർഗ്ഗങ്ങളുടെ ഇടയിലും ഈ കീഴ്വഴക്കം നിലവിലിരുന്നു. ആവർത്തന പുസ്തകത്തിൽ ദേവര വിവാഹത്തെക്കുറിച്ചുള്ള വിശദമായ കല്പന നല്കിയിട്ടുണ്ട്. ദേവരനു വിവാഹാഭ്യർത്ഥന തിരസ്കരിക്കാനുള്ള സ്വാതന്ത്യമുണ്ട്. തിരസ്കരിക്കുകയാണെങ്കിൽ അവൾ ഈ വിഷയം നിയമപരമായി മൂപ്പന്മാരുടെ മുമ്പിൽ അവതരിപ്പിക്കണം. അവർ ദേവരനെ വിളിച്ചു കാര്യം സംസാരിക്കും. വീണ്ടും നിഷേധിക്കുകയാണെങ്കിൽ വിധവയെ വിവാഹം ചെയ്യുവാൻ അയാളെ നിർബന്ധിക്കുകയില്ല. വിധവ അയാളുടെ അടുക്കൽ ചെന്ന് അവന്റെ കാലിൽ നിന്ന് ചെരിപ്പഴിച്ച് അവന്റെ മുഖത്തു തുപ്പി സഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയും. ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസായേലിൽ അവന്റെ കുടുംബത്തിനു പേർ പറയും. (ആവ, 25:8-10). രൂത്ത് ബോവസിനെ വിവാഹം കഴിച്ചു. അവർക്കുണ്ടായ കുഞ്ഞിനെ നൊവൊമിയുടെ മകൻ എന്നാണു വിളിച്ചത്. (രൂത്ത്, 4:17). പെൺമക്കളുണ്ടെങ്കിൽ ദേവരനിയമം ബാധകമാകുകയില്ല. സഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കരുതെന്ന നിയമത്തെ ദേവരനിയമം റദ്ദാക്കുന്നില്ല. ആദ്യത്തെ വിലക്കു സഹോദരകുടുംബത്തിന്റെ ദൃഢതയെ ഉറപ്പിക്കുന്നു. രണ്ടാമത്തെ നിയമം സഹോദരന്റെ കുടുംബത്തിന്റെ ശാശ്വതികത്വത്തെ ഉറപ്പാക്കുന്നു. കുടുംബത്തിന്റെ ധാർമ്മികമായ അടിസ്ഥാനത്തെ ഭദ്രമാക്കുകയാണിത്. സദൂക്യർ കർത്താവിനോട് ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുടുക്കു ചോദ്യം ചോദിച്ചത്. പരലോകത്തിൽ ദേവരൻ സ്വീകരിച്ച വിധവ പൂർവ്വ ഭർത്താവിന്റേതായിത്തീരുമെന്നു റബ്ബിമാർ പഠിപ്പിച്ചു. ക്രിസ്തു അതിനു നല്കിയ മറുപടി ശ്രദ്ധാർഹമാണ്. പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കപ്പെടുന്നതുമില്ല. (മത്താ, 22:30). വിവാഹമോചനം നേടിയ സഹോദരഭാര്യയെയോ മക്കളില്ലാത്തതോ ഉള്ളതോ ആയ സഹോദരന്റെ ഭാര്യയെയോ വിവാഹം കഴിക്കരുതെന്നു ലേവ്യർ 18:16; 20:21-ൽ പറഞ്ഞിട്ടുണ്ട്. ഹെരോദാ അന്തിപ്പാസ് തന്റെ സഹോദരനായ ഹെരോദാ ഫിലിപ്പിന്റെ ഭാര്യയെ സ്വീകരിച്ചത് യോഹന്നാൻ സ്നാപകൻ കുറ്റപ്പെടുത്തി. (മത്താ, 13:3-4).

Leave a Reply

Your email address will not be published. Required fields are marked *