രക്ഷ

രക്ഷ (salvation)

സോഡ്സോ (രക്ഷിക്കുക, വിടുവിക്കുക), സോറ്റീർ (രക്ഷകൻ, രക്ഷിതാവ്), സോറ്റീറിയ (രക്ഷ), സോറ്റീറിയൊസ്, സോറ്റീറിയൊൻ (വിശേഷണ രൂപങ്ങൾ) എന്നിവയാണ് രക്ഷയുമായി ബന്ധപ്പെട്ട പുതിയനിയമ ഗ്രീക്കു പ്രയോഗങ്ങൾ. നാമവിശേഷണത്തിന്റെ നപുംസകരുപമായ സോറ്റീറിയൊൻ നാമമായി രണ്ടു സ്ഥാനങ്ങളിൽ ക്രിസ്തുവിനു പകരം പ്രയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:31; 3:6). വ്യക്തിപരവും (പ്രവൃ, 27:34; ഫിലി, 1:19; എബ്രാ, 11:7), ദേശീയവും (ലൂക്കൊ, 1:69-71; അപ്പൊ, 7:25) ആയ വിമോചനം, രക്ഷാനായകനായ ക്രിസ്തു (ലൂക്കൊ, 2:31; യോഹ, 4:22), രക്ഷയുടെ വ്യത്യസ്ത ഘടകങ്ങൾ (ഫിലി, 2:12; 1പത്രൊ, 1:9; റോമ, 13:11; 1തെസ്സ, 5:8-10), പരിശുദ്ധാത്മാവിലൂടെ ദൈവം നല്കുന്ന സകലവിധ അനുഗ്രഹങ്ങൾ (2കൊരി 6:2; എബ്രാ, 5:9; 1പത്രൊ, 1:9,10; യൂദാ, 3) എന്നീ അർത്ഥങ്ങളിൽ സോറ്റീറിയ (രക്ഷ) പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ‘സോഡ്സോ’യും അനുബന്ധപദങ്ങളും സെപ്റ്റജിന്റിൽ സു. 483 തവണ പ്രയോഗിച്ചിട്ടുണ്ട്. യാഷാ (278 പ്രാവശ്യം), ഷാലോം (68 തവണ), റ്റ്സെലെം (55 പ്രാവശ്യം) എന്നീ എബ്രായ പദങ്ങളെയാണ് പ്രധാനമായും ‘സോഡ്സോ’ കൊണ്ടു സെപ്റ്റജിന്റിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. പഴയനിയമത്തിലെ രക്ഷയുടെ അടിസ്ഥാനപരമായ ആശയങ്ങൾ ‘യാഷാ’യിൽ നിന്നു ലഭ്യമാണ്. ‘വിശാലസ്ഥലത്താക്കുക’ അഥവാ വിശാലത വരുത്തുക എന്നതാണ് പ്രാഥമികാർത്ഥം. (സങ്കീ, 18:36). നിയന്ത്രിക്കുകയും ബന്ധിക്കുകയും ചെയ്യുന്നവയിൽ നിന്നു സ്വതന്ത്രമാക്കുക, മോചിപ്പിക്കുക, രക്ഷിക്കുക, വിടുവിക്കുക എന്നീ അർത്ഥങ്ങളും അതിനുണ്ട്. രോഗം (യെശ, 38:20), കഷ്ടം (യിരെ, 30:7) എന്നിവയിൽ നിന്നുള്ള വിടുതലിനും, ശ്രതുക്കളിൽ നിന്നുള്ള മോചനത്തിനും (സങ്കീ, 44:7) യാഷാ എന്ന എബ്രായധാതു പ്രയോഗിച്ചിട്ടുണ്ട്.

പഴയനിയമത്തിൽ: ഭൗതികവും ആത്മീയവുമായ വിടുതലിനെ കുറിക്കുവാൻ രക്ഷ എന്ന പദം പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ദൈവം തന്റെ ഭക്തരെ ശത്രുക്കളിൽ നിന്നും ദുഷ്ടന്മാരുടെ കെണികളിൽ നിന്നും രക്ഷിക്കുന്നു. (സങ്കീ, 37:40; 59:2; 106:5). യഹോവ തന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കുന്നു. (യെഹ, 34:22); സ്വന്തം ജനത്തെ രക്ഷിക്കുന്നു. (ഹോശേ, 1:7). പിതാക്കന്മാരെ മിസ്രയീമിൽ നിന്നും രക്ഷിച്ചു. (സങ്കീ, 106:7-10). മറ്റാരും സഹായിക്കാനില്ലാത്ത എളിയവരെ അവൻ രക്ഷിക്കുന്നു. (സങ്കീ, 34:6). ആത്മീയമായി പാപം മോചിച്ചും, സന്തോഷവും സമാധാനവും നല്കിയും പ്രാർത്ഥനയ്ക്കുത്തരം അരുളിയും ദൈവം രക്ഷിക്കുന്നു. (സങ്കീ, 79:9; 69:13; 51:12). മനുഷ്യനു രക്ഷയ്ക്കു വേണ്ടി ക്രമീകരണങ്ങൾ ചെയ്തതു ദൈവം തന്നെയാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുള്ളതുമാണ്: (സങ്കീ, 3:8; 62:1; യെശ, 45:22). ‘എന്റെ രക്ഷയുടെ ദൈവം’ എന്നു അവകാശബോധത്തോടെ പ്രവാചകന്മാർ ദൈവത്തെ വെളിപ്പെടുത്തി. (ഹബ, 3:18; മീഖാ, 7:7). “രക്ഷ യഹോവയ്ക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ.” (സങ്കീ, 3:8). “എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽ നിന്നു വരുന്നു.” (സങ്കീ, 62:1). രക്ഷയെക്കുറിച്ചുള്ള പഴയനിയമ വെളിപ്പാടിന്റെ സാരം മോശയുടെ വാക്കുകളിൽ സൂചിതമാണ്. “ഭയപ്പെടേണ്ട; ഉറച്ചു നില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്യാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ.” (പുറ, 14:13).

പുതിയനിയമത്തിൽ: പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ടുദ്ദേശിക്കപ്പെടുന്നതു പാപത്തിന്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും ഉള്ള വിടുതലാണ്. പൂർണ്ണമായ രക്ഷയ്ക്കും, രക്ഷയുടെ വ്യത്യസ്ത അംശങ്ങൾക്കും ‘രക്ഷ’ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. രക്ഷ എന്ന പദത്തിന്റെ അർത്ഥാന്തരങ്ങൾ ഇവയാണ്: 1. ക്രിസ്തു: രക്ഷാനായകനായ ക്രിസ്തുവിനെ രക്ഷ എന്നു വിളിക്കുന്നു. മനുഷ്യന്റെ രക്ഷയ്ക്കാവശ്യമായതെല്ലാം നിവർത്തിക്കുകയാൽ ക്രിസ്തുവിനു രക്ഷ എന്ന നാമം യുക്തം തന്നേ. ശിശുവായ യേശുവിനെ കൈയിൽ വഹിച്ചുകൊണ്ടു ശിമോൻ പറഞ്ഞു; ‘നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.’ (ലൂക്കൊ, 2:31). ക്രിസ്തുവിനെ രക്ഷാനായകൻ എന്നും (എബ്രാ, 2:10) വിളിച്ചിട്ടുണ്ട്. 2. ആത്മരക്ഷ: വീണ്ടും ജനിക്കുന്ന സമയത്ത് ആത്മാവു രക്ഷിക്കപ്പെട്ടു പാപത്തിന്റെ ശിക്ഷയിൽ നിന്നു മുക്തമാകുന്നു. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു. (റോമ, 8:10). എഫെസ്യർ 2:4-ലും, 8-ലും രക്ഷിക്കപ്പെട്ടിരിക്കുന്നു, രക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നിങ്ങനെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നതു ആത്മാവിന്റെ രക്ഷ അഥവാ നീതീകരണത്തെ (Justification) വ്യഞ്ജിപ്പിക്കുന്നു. 3. പ്രാണന്റെ രക്ഷ അഥവാ ദേഹി രക്ഷ: 2പത്രൊസ് 1:9-ൽ പ്രാണന്റെ രക്ഷയ്ക്കും ‘രക്ഷ’ എന്നു പറഞ്ഞിരിക്കുന്നു. മലയാളത്തിൽ ‘ആത്മ’ എന്നു പരിഭാഷ. ഗ്രീക്കിൽ ദേഹിയുടെ രക്ഷ (സോറ്റീറിയാൻ പ്സ്യൂഖോൻ) എന്നാണ്. 4. ശരീരത്തിന്റെ രക്ഷ അഥവാ തേജസ്കരണം: നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു (റോമ, 13:11) എന്നതു ശരീരത്തിന്റെ തേജസ്കരണത്തെയാണ് വിവക്ഷിക്കുന്നത്. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. (റോമ, 8:23). 5. സമ്പൂർണ്ണ രക്ഷ: രക്ഷാപുർത്തി എന്നു എബ്രായർ 11:40-ൽ പറഞ്ഞിരിക്കുന്നത് സമ്പൂർണ്ണ രക്ഷയെയാണ്. ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത യിൽ അനിന്ദ്യമായി വെളിപ്പെടുന്നതിനെ (1തെസ്സ, 5:23) കാണിക്കുന്നു. 6. രക്ഷപ്പെടുന്നതിനു നല്കുന്ന അവസരം: “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.” (2പത്രൊ, 3:14).

രക്ഷ ദൈവത്തിൽ നിന്ന്: രക്ഷയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഭാഗഭാക്കുകളാണ്. പിതാവ് രക്ഷ വിധിക്കുന്നു; പുത്രൻ ലഭ്യമാക്കുന്നു; പരിശുദ്ധാത്മാവ് വ്യക്തിയിൽ പ്രായോഗികമാക്കുന്നു. രക്ഷയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ ക്രൂശുമരണവും, രക്ഷയുടെ ഉപാധി വിശ്വാസവും, വിശ്വാസത്തിന്റെ വിഷയം ദൈവവും, രക്ഷിക്കപ്പെടുന്നതു കൃപയാലുമാണ്. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്നതാണ് ദൈവത്തിന്റെ നിയമം. പുത്രന്റെ മരണത്തിലൂടെയാണ് ദൈവം തന്റെ രക്ഷാകര പ്രവർത്തനം നിർവ്വഹിക്കുന്നത്. പാപത്തിനു പ്രായശ്ചിത്തം ആകുന്നതിനു വേണ്ടി ദൈവം സ്വപുത്രനെ നല്കി; കാൽവരിക്രൂശിൽ അവനെ തകർത്തു കളഞ്ഞു. (യെശ, 53:10). ‘പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു അവൻ നമുക്കു വേണ്ടി പാപം ആക്കി.’ (2കൊരി, 5:21). ദൈവത്തിന്റെ വിശുദ്ധിക്കു വിരുദ്ധമായ പാപം ക്രിസ്തുവിൽ മാറ്റപ്പെട്ടു. ദൂരസ്ഥനായിരുന്ന മനുഷ്യൻ ക്രിസ്തുവിൽ ക്രിസ്തുവിന്റെ രക്തം മുലം ദൈവത്തിനു സമീപസ്ഥനായി, ദൈവവുമായി നിരപ്പു പ്രാപിച്ചു. അടിമയെ ബന്ധനത്തിൽ നിന്നും വീണ്ടെടുക്കുവാനുള്ള മറുവില ക്രിസ്തു നല്കി; മനുഷ്യൻ ദൈവികകോടതിയിൽ നീതീകരിക്കപ്പെട്ടു. മനുഷ്യവർഗ്ഗത്തെ തന്നിൽ ഏകീഭവിപ്പിച്ചു സ്വന്തയാഗത്താൽ ദൈവത്തിന്റെ മുമ്പിൽ സമർപ്പിച്ചു. പാപിയായ മനുഷ്യനു വേണ്ടി ദൈവം ക്രിസ്തുവിലൂടെ പൂർത്തിയാക്കിയ രക്ഷാപദ്ധതി ഇതത്രേ.

രക്ഷ കൃപയാൽ: രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. (എഫെ, 2:5). പാപം മൂലം തന്നിൽ നിന്നകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നോടു നിരപ്പിക്കുവാൻ വേണ്ടി ദൈവം ചെയ്യുന്ന സൗജന്യവും മനുഷ്യൻ ഒരു വിധത്തിലും അർഹിക്കാത്തതുമായ പ്രവൃത്തിയാണ് കൃപ. പാപത്തിനു പ്രായശ്ചിത്തമായി സ്വന്തപുത്രനെ ആദരിക്കാതെ കാൽവരിക്രൂശിൽ മരിക്കാൻ ഏല്പിച്ചുതന്നതിലൂടെ ദൈവം തന്റെ കൃപ പൂർണ്ണമായി വെളിപ്പെടുത്തി. (റോമ, 8:32). പാപത്തിനു പരിഹാരം ഏർപ്പെടുത്തിയതു തന്നെ ദൈവകൃപയുടെ അത്യന്ത വ്യാപാരമാണ്. തന്മൂലം മനുഷ്യന്റെ പുണ്യപ്രവ്യത്തികളൊന്നും രക്ഷയ്ക്കാവശ്യമില്ല; രക്ഷകനിലുള്ള വിശ്വാസം മാത്രംമതി.

രക്ഷയുടെ പ്രതികാല സ്വഭാവം: മനുഷ്യന്റെ രക്ഷാനുഭവത്തിനു ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ ത്രികാല സൂചനയുണ്ട്. അതായത് രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, രക്ഷിക്കപ്പെടും. (എഫെ, 2:8; 1കൊരി, 1:18; മത്താ, 10:22; റോമ, 5:9,10; 8:24). ക്രിസ്തുവിനായി പാപി നീതീകരിക്കപ്പെട്ടു, ശിക്ഷാമുക്തനായി. നീതീകരിക്കപ്പെടുന്നതിനു മുമ്പുള്ള അവസ്ഥയിൽ അവനു സ്വയം രക്ഷിക്കപ്പെടുവാൻ കഴിയാതിരുന്നതു പോലെ, നീതീകരിക്കപ്പെട്ട ശേഷം രക്ഷയെ നഷ്ടപ്പെടുത്തുവാൻ അവനു കഴിയുകയില്ല. രക്ഷ ഭദ്രമാണ്. ദൈവം ചെയ്തതിനെ ഇല്ലാതാക്കുവാൻ ആർക്കും കഴിയുകയില്ല. അഭക്തിയും ലോകമോഹങ്ങളും ഉപേക്ഷിച്ചു ഭക്തിയോടും നീതിയോടും കൂടെ വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിയെ പരിശുദ്ധാത്മാവു സഹായിക്കുന്നു. ഇതിനെ രക്ഷയുടെ വർത്തമാനകാലാനുഭവം അഥവാ വിശുദ്ധീകരണം എന്നു പറയുന്നു. രക്ഷയുടെ വർത്തമാന കാലാനുഭവത്തിൽ നിറഞ്ഞു നില്ക്കന്നതു സ്നേഹമാണ്. പരിശുദ്ധാത്മാവ് ഉള്ളിൽ നട്ട സ്നേഹത്തിൽ ജീവിതം ആത്മീയാഭിവൃദ്ധി പ്രാപിക്കുകയും വിശ്വാസി ദിവ്യസ്വഭാവത്തിനു കൂട്ടാളിയാകയും ചെയ്യുന്നു. രക്ഷയുടെ പൂർത്തീകരണം ഭാവികമാണ്. പ്രത്യാശയാൽ രക്ഷിക്കപ്പെട്ടു; രക്ഷ നേടാനായി വിശ്വാസി നിയമിക്കപ്പെട്ടു. (1തെസ്സ, 5:9; 2തെസ്സ, 2:13; 2തിമൊ, 2:10; എബ്രാ, 1:14). ഈ രക്ഷ അന്ത്യകാലത്തു വെളിപ്പെടുന്നതാണ്. (1പത്രൊ, 1:4). “നാം വിശ്വസിച്ച സമയത്തക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.’ (റോമ, 13:11).

മനുഷ്യചരിത്രത്തിൽ ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാൽ പൂർത്തിയാക്കപ്പെട്ട ഒന്നാണ് രക്ഷ. രക്ഷയുടെ ചരിത്രപരസ്വഭാവം പഴയനിയമത്തിലും പുതിയനിയമത്തിലും പ്രകടമാണ്. ജ്ഞാനമതം (Gnosticism) പഠിപ്പിക്കുന്നതു പോലെ മനുഷ്യൻ ജ്ഞാനത്താൽ രക്ഷ പ്രാപിക്കുന്നില്ല. നൈതികവും മതപരവുമായ പ്രവൃത്തികളാൽ മനുഷ്യൻ രക്ഷിക്കപ്പെടുന്നില്ല (യെഹുമതം). ദേവനുമായുള്ള സായൂജ്യത്തിലും മനുഷ്യനു രക്ഷ ലഭിക്കുന്നില്ല (യവന ഗുഢമതം). യേശുക്രിസ്തുവിന്റെ ജനനമരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളിൽ ദൈവം പൂർത്തിയാക്കിയ പ്രവൃത്തിയിലൂടെയാണ് രക്ഷ ലഭിക്കുന്നത്. തന്മൂലം ക്രൈസ്തവ സന്ദേശം തത്വജ്ഞാനമോ (സോഫിയ) നീതി സംഹിതയോ യോഗാഭ്യാസത്തിനുള്ള സാങ്കേതിക വിദ്യയോ അല്ല. അതു വിടുതലിന്റെ വിളംബരമാണ്. സദ്വർത്തമാന ഘോഷണമാണ്. രക്ഷിതാവ് (സോറ്റീർ) എന്ന ബഹുമതിനാമം പഴയനിയമത്തിൽ ദൈവത്തിന്റെയും പുതിയനിയമത്തിൽ ക്രിസ്തുവിന്റെയും പേരാണ്. (ലൂക്കൊ, 2:11; യോഹ, 4:42; പ്രവൃ, 5:31; 18:23; എഫെ, 5:23; ഫിലി, 3:20; 2തിമൊ, 1:10; തീത്തോ, 1:4; 2:12; 3:6; 2പത്രൊ, 1:1, 11; 2:20; 3:2, 18; 1യോഹ, 4:14). രക്ഷയുടെ ഊന്നൽ ക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങളിലാണ്. (1കൊരി, 15:5). ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ കൈത്താലാണ് നാം രക്ഷിക്കപ്പെട്ടത്. (പ്രവൃ, 20:28; റോമ, 3:25; 5:9; എഫെ, 1:7; കൊലൊ, 1:20; എബ്രാ, 9:12; 12:24; 13:12; 1യോഹ, 1:7; വെളി, 1:5; 5:9). ഈ സന്ദേശം പ്രസംഗിക്കപ്പെടുമ്പോൾ മനുഷ്യർ അതു കേട്ട് വിശ്വാസത്തിൽ ക്രിസ്തുവിനെ സ്വീകരിക്കും. അങ്ങനെ ദൈവത്തിന്റെ രക്ഷ അവരുടെ അടുക്കൽ എത്തുന്നു. “ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി. യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു; ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.” (1കൊരി, 1:21-23, റോമ, 10:8, 14; 1തെസ്സ, 1:4).

രക്ഷ നൈതികവും ആത്മികവുമാണ്. കുറ്റബോധത്തിൽ നിന്നും (റോമ, 5:1; എബ്രാ, 10:22), ന്യായപ്രമാണത്തിൽ നിന്നും അതിന്റെ ശാപത്തിൽ നിന്നും (ഗലാ, 3:13; കൊലൊ, 2:14), മരണത്തിൽ നിന്നും (1പത്രൊ, 1:3-5; 1കൊരി, 15:51-56), ന്യായവിധിയിൽ നിന്നും (എബ്രാ, 9:27) മരണഭയത്തിൽ നിന്നും (എബ്രാ, 2:15) അടിമത്തത്തിൽ നിന്നും (ഗലാ, 5:1) ഉള്ള വിടുതലാണ് രക്ഷ. ഭൗതികമായ ഐശ്വര്യമോ ലൗകികവിജയമോ രക്ഷ ഉൾക്കൊള്ളുന്നില്ല. (പ്രവൃ, 3:6; 2കൊരി, 6:10). ആരോഗ്യവും ക്ഷേമവും അത് വാഗ്ദാനം ചെയ്യുന്നില്ല. രോഗസൗഖ്യം ലഭിക്കുന്നു എങ്കിൽ തന്നെയും രക്ഷയുടെ ഫലവുമായി അതിനെ ബന്ധിപ്പിക്കുവാൻ പാടില്ല. സാമൂഹികമായ അനീതിയിൽ നിന്നും രക്ഷ മോചനം തരുമെന്നു കരുതാനും പാടില്ല. (1കൊരി, 7:20-24). രക്ഷയ്ക്ക് യുഗാന്ത്യസ്വഭാവമുണ്ട്. പാപത്തിൽ നിന്നും അതിന്റെ അനന്തരഫലങ്ങളിൽ നിന്നുമുള്ള പൂർണ്ണമായ വിമോചനമാണ് രക്ഷ. വിധായകമായി ക്രിസ്തുവിൽ സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും (എഫെ, 1:3) പരിശുദ്ധാത്മാവിന്റെ ദാനവും വരുംകാലങ്ങളിൽ അഥവാ ഭാവിയിൽ തേജസ്കരിക്കപ്പെട്ട ശരീരത്തിൽ സൗഭാഗ്യജീവിതവും രക്ഷ പ്രദാനം ചെയ്യുന്നു. കർത്താവിന്റെ പ്രത്യക്ഷതയിൽ ശരീരത്തിന്റെ തേജസ്കരണത്തോടൊപ്പം അനുഭവവേദ്യമാകുന്ന രക്ഷാപൂർത്തിയുടെ മുൻരുചി മാത്രമാണ് വർത്തമാനകാലത്തു നാം രക്ഷയിലൂടെ അനുഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *