യാക്കോബ്

യാക്കോബ് (യേശുവിന്റെ സഹോദരൻ)

“എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.” (ഗലാ, 1:19; 2:9; യാക്കോ, 1:1).

പേരിനർത്ഥം — ഉപായി

യേശുവിന്റെ അർദ്ധസഹോദരൻ. “യേശു തച്ചനായ യോസേഫിന്റെയും മറിയയുടെയും മകനും, യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നിവർ അവന്റെ സഹോദരന്മാരും ആണെന്നു ദേശവാസികൾ പറഞ്ഞു.” (മത്താ, 13:55, മർക്കൊ, 6:3). പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഈ യാക്കോബ് ഉൾപ്പെട്ടിരുന്നില്ല. യേശുവിന്റെ സഹോദരന്മാർ ആദ്യം യേശുവിൽ വിശ്വസിച്ചിരുന്നില്ല. (യോഹ, 7:5). യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം മാളികമുറിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന സന്ദർഭത്തിലാണ് അപ്പൊസ്തലന്മാരോടും മറിയയോടും കൂടി യേശുവിന്റെ സഹോദരന്മാരെ ആദ്യമായി കാണുന്നതു. (അപ്പൊ, 1:13-14). ഉയിർത്തെഴുന്നേറ്റ ക്രിസ്തു യാക്കോബിനു പ്രത്യക്ഷപ്പെട്ടു. (1കൊരി, 15:5-7). പൗലൊസ്, ബർന്നബാസ് എന്നിവരെപ്പോലെ യാക്കോബും അപ്പൊസ്തലൻ എന്നു വിളിക്കപ്പെട്ടു. (ഗലാ, 1:19). ചുരുങ്ങിയ കാലം കൊണ്ടു യെരൂശലേം സഭയിൽ പ്രമുഖസ്ഥാനം നേടി. യെരുശലേം സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. (അപ്പൊ, 15:13). സഭയിൽ തൂണുകളായി എണ്ണപ്പെട്ടവരിൽ ഒരുവനായിരുന്നു യാക്കോബ്. (ഗലാ, 2:9). മൂന്നാം മിഷണറി യാത്ര കഴിഞ്ഞു മടങ്ങിവന്ന പൗലൊസിനെ യാക്കോബും മൂപ്പന്മാരും ചേർന്നു സ്വീകരിച്ചു. (അപ്പൊ, 21:18). യാക്കോബിന്റെ പേരിലുള്ള ലേഖനം എഴുതിയതു ഇദ്ദേഹമാണ്.

One thought on “യാക്കോബ്”

Leave a Reply

Your email address will not be published. Required fields are marked *