ബർന്നബാസ്

ബർന്നബാസ് (Barnabas)

“ഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൌലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു:” (പ്രവൃ, 14:14).

പേരിനർത്ഥം — പ്രബോധന പുതൻ

കുപ്ര (സൈപ്രസ്) ദ്വീപുകാരനും ലേവ്യനുമായ യോസേഫിനു അപ്പൊസ്തലന്മാർ നല്കിയ മറുപേരാണ് ബർന്നബാസ്. പ്രബോധനപാടവം കൊണ്ടായിരിക്കണം ബർന്നബാസിനു ഈ പേർ ലഭിച്ചത്. ബർന്നബാസ് തന്റെ നിലം വിറ്റു ലഭിച്ച പണം ക്രിസ്തീയ സമൂഹത്തിന്റെ പ്രയോജനത്തിനു വേണ്ടി അപ്പൊസ്തലന്മാരുടെ കാല്ക്കൽ വച്ചു. (അപ്പൊ, 4:36,37). പെന്തക്കൊസ്തിന്റെ പിറ്റേ ദിവസമാണ് ഇതു നടന്നത്. തന്മൂലം ക്രിസ്തു മതത്തിലേക്കു വന്ന ആദ്യരിൽ ഒരുവനാണ് ബർന്നബാസ്. മാനസാന്തരശേഷം പൗലൊസ് ആദ്യം യെരുശലേമിൽ വന്നപ്പോൾ അവനെ ചേർക്കുവാൻ ശിഷ്യന്മാർ ഭയപ്പെട്ടു. എന്നാൽ ബർന്നബാസ് പൗലൊസിനെ സ്വീകരിക്കുകയും അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുപോയി അവർക്കു പരിചയപ്പെടുത്തുകയും ചെയ്തു. (പ്രവൃ, 9:27). ചിതറിപ്പോയവർ അന്ത്യൊക്ക്യയിൽ സുവിശേഷം അറിയിച്ചു. അവിടെ ധാരാളം പേർ വിശ്വാസികളായി. ഇതറിഞ്ഞപ്പോൾ അപ്പൊസ്തലന്മാർ ബർന്നബാസിനെ അന്ത്യൊക്ക്യയിലേക്കു പറഞ്ഞയച്ചു. നല്ല മനുഷ്യനും, പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനുമായ ബർന്നബാസിന്റെ പ്രവർത്തനം മുഖേന അനേകർ കർത്താവിനോടു ചേർന്നു. അനന്തരം ബർന്നബാസ് തർസൊസിൽ ചെന്നു പൗലൊസിനെ കൂട്ടിക്കൊണ്ടു അന്ത്യൊക്ക്യയിലേക്കു വന്നു. തുടർന്നു ഒരു വർഷം അവർ ഒരുമിച്ചു പ്രവർത്തിച്ചു. (അപ്പൊ, 11:19-26). അഗബൊസ് പ്രവചിച്ച ക്ഷാമത്തിന്റെ മുൻ കരുതലായി അന്ത്യൊക്ക്യയിലെ ക്രിസ്ത്യാനികൾ ഒരു ധർമമശേഖരം എടുത്തു. ഈ ധർമ്മശേഖരം ബർന്നബാസും പൗലൊസും കൂടി യെരുശലേമിലേക്കു കൊണ്ടുവന്നു. (പ്രവൃ, 11:27-30). അവിടെനിന്നും അവർ മർക്കൊസുമായി മടങ്ങിവന്നു. (പ്രവൃ, 12:25).

ദൈവാത്മനിയോഗത്താൽ പൗലൊസും ബർന്നബാസും മിഷണറി പ്രവർത്തനത്തിനായി വേർതിരിക്കപ്പെട്ടു. സഭ അവരുടെമേൽ കൈവച്ചു അവരെ പറഞ്ഞയച്ചു. (പ്രവൃ, 13:1-3). സെലുക്യ, കുപ്രൊസ്, അന്ത്യൊക്ക്യ, ഇക്കോന്യ, ലുസ്ത്ര, ദർബ്ബെ എന്നീ സ്ഥലങ്ങളിൽ സഞ്ചരിച്ചു സുവിശേഷം അറിയിച്ചശേഷം അവർ മടങ്ങിവന്നു. (അപ്പൊ, 13,14 അ). ലുസ്ത്രയിൽ വച്ച് പൗലൊസ് ചെയ്ത അത്ഭുതം നിമിത്തം പൗലൊസിനെയും ബർന്നബാസിനെയും ജനം ദേവന്മാരായി കരുതി. ബർന്നബാസിനെ അവർ ഇന്ദ്രൻ എന്നു വിളിച്ചു. (പ്രവൃ, 14:8-12). അവർ അന്ത്യൊക്ക്യയിലേക്കു മടങ്ങിവന്നപ്പോൾ സഭയിൽ ദുരുപദേശം കടന്നുകൂടിയതായി മനസ്സിലാക്കി. യെഹൂദ്യയിൽ നിന്നുവന്ന ചിലർ യെഹൂദേതരരെ പരിച്ഛേദനം കഴിക്കണം എന്നു നിർബ്ബന്ധിച്ചു. യെരുശലേമിലെ അപ്പൊസ്തലന്മാരോടും മൂപ്പന്മാരോടും ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി പൗലൊസും ബർന്നബാസും മറ്റു ചിലരും യെരൂശലേമിലേക്കു പോയി. യെരുശലേം സമ്മേളനത്തിന്റെ തീരുമാനങ്ങൾ അവർ മടങ്ങിവന്നു സഭയെ അറിയിച്ചു. രണ്ടാം മിഷണറി യാത്രയുടെ തുടക്കത്തിൽ മർക്കൊസിന്റെ കാര്യത്തിൽ പൗലൊസും ബർന്നബാസും തമ്മിൽ തർക്കം ഉണ്ടായി. മർക്കൊസിനെ കൂടെ കൊണ്ടുപോകുന്നതിൽ ബർന്നബാസിനു താൽപര്യമുണ്ടായിരുന്നു എന്നാൽ പൗലൊസ് അത് ഇഷ്ടപ്പെട്ടില്ല. ഒടുവിൽ ബർന്നബാസ് മർക്കൊസുമായി കുപ്രൊസ് ദ്വീപീലേക്ക് പോയി. പൗലൊസും ശീലാസും സുറിയ, കിലിക്യ എന്നീ ദേശങ്ങളിലൂടെ പോയി. (പ്രവൃ, 15:36-41). അതിനുശേഷം ബർന്നബാസിന്റെ ചരിതം അപ്പൊസ്തല പവ്യത്തികളിൽ കാണുന്നില്ല. പൗലൊസിൻ്റെ ലേഖനങ്ങളിൽ ചില സ്ഥാനങ്ങളിൽ ബർന്നബാസിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ബർന്നബാസ് സ്വന്ത കൈകൊണ്ട് അദ്ധ്വാനിച്ചു ജീവിച്ചവനാണ്. (1കൊരി, 9:6).

“ഒരു അനിശ്ചിത സാഹചര്യത്തിൽ ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്‌ രണ്ടാമതൊരിക്കൽ കൂടി മർക്കൊസിൽ വിശ്വാസമർപ്പിക്കാൻ ബർന്നബാസ്‌ ഒരുക്കമായിരുന്നു എന്നത്‌ അവന്‌ എന്നും ഒരു ബഹുമതിതന്നെയാണ്‌” എന്ന്‌ ഒരു പണ്ഡിതൻ പറയുന്നു. ആ എഴുത്തുകാരന്റെ അഭിപ്രായമനുസരിച്ച്‌, “ബർന്നബാസ്‌ അവനിൽ അർപ്പിച്ച വിശ്വാസം, ആത്മവിശ്വാസം പുനരാർജ്ജിക്കാൻ അവനെ സഹായിക്കുകയും വീണ്ടും പ്രതിബദ്ധതയോടെ വർത്തിക്കാൻ അവന്‌ ഒരു പ്രേരണയായി ഉതകുകയും” ചെയ്‌തിരിക്കാം. ആ വിശ്വാസം പൂർണമായും നീതീകരിക്കപ്പെടുന്നതിൽ കാര്യങ്ങൾ കലാശിച്ചു. എന്തെന്നാൽ, ക്രിസ്‌തീയ സേവനത്തിലെ മർക്കൊസിന്റെ ഉപയുക്തത പൗലൊസുപോലും അംഗീകരിച്ച ഒരു സമയം വന്നെത്തി. (2 തിമൊ 4:11, കൊലൊ, 4:10).

One thought on “ബർന്നബാസ്”

Leave a Reply

Your email address will not be published. Required fields are marked *