മീഖാ

മീഖായുടെ പുസ്തകം (Book of Micah)

പഴയനിയമത്തിലെ മുപ്പത്തിമൂന്നാമത്തെ പുസ്തകവും, ചെറിയ പ്രവാചകന്മാരിൽ ആറാമതുമാണ് മീഖാ പ്രവചനം. ഗ്രാമീണ ചുറ്റുപാടുകളിൽ നിന്നും വന്ന പ്രവാചകന് യെഹൂദയിലെയും യിസ്രായേലിലെയും നഗരജീവിതത്തിന്റെ ദോഷങ്ങൾ നല്ലവണ്ണം അറിയാം. ശമര്യയുടെയും (1:5-7) പ്രത്യേകിച്ചു യെഹൂദയുടെയും (1:9-16) പാപം നിമിത്തം അവർക്കു സംഭവിക്കുവാൻ പോകുന്ന ന്യായവിധിയുടെ കാഠിന്യം അറിയിക്കുകയാണു പ്രവാചകൻ. ഒപ്പം തന്റെ ജനത്തിനുള്ള ആത്യന്തികമായ അനുഗ്രഹവും, മശീഹയുടെ വരവും വാഴ്ചയും പ്രവചിച്ചു. യഥാർത്ഥ ദൈവഭക്തിയുടെ മൂന്നു കാര്യങ്ങൾ പ്രവാചകൻ ചൂണ്ടിക്കാണിച്ചു. “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:8).

ഗ്രന്ഥകർത്താവും കാലവും: ഗ്രന്ഥകർത്താവായ മീഖായുടെ പേരിലാണു പുസ്തകം അറിയപ്പെടുന്നത്. മീഖായാവ് എന്ന പേരിന്റെ സങ്കുചിത രൂപമാണു മീഖാ. യിരെമ്യാപവചനത്തിൽ മീഖായെ മീഖായാവു എന്നു പറഞ്ഞിട്ടുണ്ട്. പ്രവചന ശുശ്രൂഷയ്ക്കു യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ടു നിറഞ്ഞു. (3:8). യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്തായിരുന്നു മീഖാ പ്രവചിച്ചത്. യിരെമ്യാപ്രവാചകൻ മീഖാ 3:12 ഉദ്ധരിച്ചുകൊണ്ടു അതു മീഖായാവു പ്രവചിച്ചതാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (യിരെ, 26:18). യിരെമ്യാവിനു തൊട്ടുമുമ്പാണ് മീഖാപ്രവചനത്തിന്റെ കാലം. ശമര്യയുടെ നാശത്തിനു മുമ്പും പിമ്പും മീഖാ പ്രവചിച്ചു.

പ്രവചനത്തിന്റെ ഐക്യം: ചില നിരൂപകന്മാർ മീഖാപ്രവചനത്തിന്റെ ഐക്യം നിഷേധിച്ചിട്ടുണ്ട്. അവരിൽ പ്രമുഖനാണ് റോബർട്ട് ഫൈഫർ. ആദ്യത്തെ മുന്നദ്ധ്യായങ്ങൾ മീഖയുടേതാണെന്നും 4:1-5:15 പ്രക്ഷിപ്തമാണെന്നും 61-7:6 പില്ക്കാലത്തുള്ള അജ്ഞാതനാമാവായ പ്രവാചകന്റേതാണെന്നും 7:7-20 ഒരു പ്രസാധകന്റെ അനുബന്ധമാണെന്നും അദ്ദേഹം വാദിച്ചു. ‘കേൾപ്പിൻ’ എന്ന പ്രയോഗം പ്രവചനത്തിന്റെ ഐക്യത്തിനു നിദർശനമാണ്. പ്രവചനം മുഴുവൻ ഒരെഴുത്തുകാരന്റേതാണെന്ന് ഈ പ്രയോഗം വ്യക്തമാക്കുന്നു. (1:2, 3:1, 6:1). മീഖായുടെ കാലത്തുള്ള എഴുത്തുകൾക്കു സാധർമ്മ്യം വഹിക്കുന്ന ഭാഗങ്ങൾ 4-7 വരെയുള്ള അദ്ധ്യായങ്ങളിലുണ്ട്. പുസ്തകത്തിലെ പ്രമേയം ശ്ലഥം എന്നു വാദിക്കുന്നവരുണ്ട്. നീണ്ട കാലയളവിലും വ്യത്യസ്ത ചുറ്റുപാടുകളിലും ഉള്ള ഭാഷണങ്ങളാകയാൽ സംവിധാനശൈഥില്യം സ്വാഭാവികമെന്നേ പറയേണ്ടു. ലളിതവും ശക്തവുമായ ഭാഷയിലാണ് പ്രവചനത്തിന്റെ രചന. അലങ്കാര പ്രയോഗപാടവം മീഖാ പ്രവചനത്തിൽ കാണാം. (1:4,6, 3:2,3,6, 4:6-8, 6:10,11). പദലീല ഒന്നാമദ്ധ്യായത്തിൽ വേണ്ടുവോളമുണ്ട്. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യയല്ലയോ? എന്നിങ്ങനെ പ്രശ്നഛലവും പ്രയോഗിക്കുന്നുണ്ട്. (1:5, 2:7, 4:9).

ഉദ്ദേശ്യം: യിസായേലിലെയും യെഹൂദയിലെയും നഗരജീവിതത്തിലെ ക്രമക്കേടുകൾക്കെതിരെ പ്രവാചകൻ ശബ്ദം ഉയർത്തി. സമ്പന്നരായ ഭൂവുടമകൾ ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ന്യായപ്രമാണം നടപ്പിലാക്കേണ്ടവർ അതു ചെയ്യുന്നില്ല. (3:10). എട്ടാം നൂറ്റാണ്ടിലെ പ്രവാചകന്മാരായ ആമോസ്, ഹോശേയ, യെശയ്യാവ് എന്നിവരെപ്പോലെ തന്നെ മീഖയും ദൈവികപ്രകൃതിയുടെ സാന്മാർഗ്ഗികതയും നീതിയും ഊന്നിപ്പറഞ്ഞു. മറ്റുള്ളവരുടെ സമ്പത്തു വ്യാജമാർഗ്ഗങ്ങളിലൂടെ കരസ്ഥമാക്കിയവർക്കു ദൈവിക ശിക്ഷയുടെ താക്കീതു നല്കി. കുറ്റം ചെയ്ത സ്വജനത്തെ ശിക്ഷിക്കുവാൻ ദൈവം ജാതീയരാഷ്ട്രങ്ങളെ ഉപയോഗിക്കുമെന്നു ആമോസ്, ഹോശേയ, യെശയ്യാവ് എന്നിവരെപ്പോലെ മീഖയും വ്യക്തമാക്കി. ശമര്യയുടെയും യിസ്രായേലിന്റെയും നാശത്തെക്കുറിച്ചും അദ്ദേഹം പ്രവചിച്ചു. (1:6-9, 3:12).

സഹസാബ വാഴ്ചയെ സംബന്ധിക്കുന്ന പ്രവചനം മീഖയിലുണ്ട്. (4:1-8). ഈ ഭാഗം യെശയ്യാവ് 2:1-4-നു സദൃശമാണ്. മീഖാ യെശയ്യാവിനെ ഉദ്ധരിക്കുകയാണോ, മറിച്ചാണോ അതോ രണ്ടുപേരും മറ്റൊരു അരുളപ്പാടു ഉദ്ധരിക്കുകയാണോ എന്നു സംശയിക്കുന്നവരുണ്ട്. എന്നാൽ യെശയ്യാവ് 2:1-ലെ യെശയ്യാവ് ദർശിച്ച വചനം എന്നത് ഈ പ്രവചനങ്ങൾ സ്വത്രന്തമാണെന്നതു വ്യക്തമാക്കുന്നു. മശീഹയുടെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനം മീഖാ നല്കി. ബേത്ലേഹെം എഫ്രാത്തയിൽ ക്രിസ്തു ജനിക്കുമെന്നു പ്രവചിച്ചു. ക്രിസ്തുവിന്റെ കഷ്ടാനുഭവവും പുനരാഗമനവും അനന്തരസംഭവങ്ങളും മുന്നറിയിച്ചു. (5:1,5-15). യാക്കോബിലെ ശേഷിപ്പു രക്ഷാകരമായ കൃപ അനുഭവിക്കുന്നതിനു മുമ്പു വിഗ്രഹാരാധനയും സർവ്വ സാമൂഹിക ദോഷങ്ങളും ദേശത്തുനിന്നും ഉന്മൂലനം ചെയ്യപ്പെടും. (5:12-15). സാർവ്വജനീനമായ ആരാധന നടപ്പിൽ വരും. ആ സമാധാനപൂർണ്ണമായ സുവർണ്ണയുഗത്തിൽ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും. (4:1:4). 

ആറും ഏഴും അദ്ധ്യായങ്ങളിൽ ഒരു നിയമവ്യവഹാരത്തിന്റെ സാദൃശ്യം കാണാം. യഹോവ വാദിയും, യിസ്രായേൽ പ്രതിയുമാണ്. മിസ്രയീമിൽ നിന്നുള്ള വീണ്ടെടുപ്പും ആരാധനയുടെ അർത്ഥവും മറന്ന യിസായേൽ തങ്ങളുടെ പാപവഴികൾ മാത്രം ഓർക്കുകയാണ്. തന്മൂലം യിസായേലിനോടു ദൈവം കോപിച്ചിരിക്കുന്നു. എന്നാൽ അവർ യഹോവയിങ്കലേക്കു നോക്കുകയും പാപക്ഷമയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും കർത്താവിന്റെ വരവിനായി വാഞ്ഛിക്കുകയും ചെയ്യും. യിമ്ലയുടെ മകൻ മീഖായാവിന്റെ അന്തിമവചനത്തോടെ ആരംഭിച്ച പ്രവചനം (സകല ജാതികളുമായുള്ളാരേ, കേട്ടു കൊൾവിൻ: (1രാജാ, 22:28, മീഖാ, 1:2) സ്വന്തം നാമത്തിന്റെ സാർത്ഥകത ചൂണ്ടിക്കാണിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നിന്നോടു സമനായ ദൈവം ആരുള്ളൂ. (7:18).

പ്രധാന വാക്യങ്ങൾ: 1. “സകലജാതികളുമായുള്ളോരേ, കേൾപ്പിൻ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊൾവിൻ; യഹോവയായ കർത്താവു, തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവു തന്നേ, നിങ്ങൾക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.” മീഖാ 1:2.

2. “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.” മീഖാ 5:2.

3. “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” മീഖാ 6:8.

4. “അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.” മീഖാ 7:18.

ഉള്ളടക്കം: I. ന്യായവിധി: 1:1-2:13. 

1. ശമര്യയുടെ മേൽ: 1:1-8. 

2. യെഹൂദയുടെ മേൽ: 1:9-16.

3. പീഡകരുടെ മേൽ: 2:1-11.

4. ശേഷിപ്പിന്മേൽ കരുണാവർഷം: 2:12-13.

II. മശീഹയുടെ രാജ്യത്തെക്കുറിച്ചുള്ള പ്രവചനം: 3:1-5:15.

1. പ്രാരംഭ ന്യായവിധികൾ: 3:1-12. 

2. രാജ്യത്തിന്റെ സ്വഭാവം: 4:1-13. 

3. രാജാവിന്റെ ഒന്നാംവരവും തിരസ്കരണവും: 5:1-3.

4. രാജാവിന്റെ (മശീഹ) പുനരാഗമനം: 5:4-15.

III. ദൈവിക വ്യവഹാരവും അന്തിമ കരുണയും: 6:1-7:20 

1. ജനത്തിന്റെ ദുഷ്ടത: 6:1-7:6.

2. പ്രവാചകന്റെ മാദ്ധ്യസ്ഥ്യം: 7:7-20.

പൂർണ്ണവിഷയം

ദുഷ്പ്രവൃത്തിക്കാരുടെമേൽ ദൈവം ന്യായവിധി നടത്തും 1:2-5
ദൈവം ശമര്യയുടെ മേലും വിഗ്രഹങ്ങളുടെ മേലും നാശം വരുത്തും 1:5-7
അശ്ശൂര്‍ സൈന്യത്തിന്റെ ഭാവി ആക്രമണത്തെക്കുറിച്ചുള്ള ഒരു വിലാപം 1:5-7
യിസ്രായേലിൽ ശേഷിച്ചവരുടെ നല്ലഭാവി 2:12-13
ദുഷ്ടന്മാരായ നേതാക്കൾക്കും, കള്ളപ്രവാചകന്മാര്‍ക്കും നൽകുന്ന മുന്നറിയിപ്പ് 3:1-7
മീഖായും വ്യാജപ്രവാചകന്മാരും തമ്മിലുള്ള വ്യത്യാസം 3:7-8
രാജാക്കന്മാരുടെയും, പുരോഹിതന്മാരുടെയും, പ്രവാചന്മാരുടെയും ദുഷ്ടത നിമിത്തം വരുന്ന യെരൂശലേമിന്റെ സര്‍വ്വനാശം 3:9-12
സര്‍വ്വലോകവും ഭരിക്കുന്ന ദൈവരാജ്യം 4:1-8
കഷ്ടതയും പ്രവാസകാലവും അവസാനിക്കും, സമൃദ്ധി തിരികെ വരും 4:9-13
ഭാവി ഭരണാധികാരി ബെത്‌ലഹേമിൽ ജനിക്കും 5:1-5
വിഗ്രഹാരാധനയിൽ നിന്നും വിമോചിക്കപ്പെടുന്ന യിസ്രായേൽ ശത്രുക്കളെ കീഴടക്കും 5:7-15
തന്റെ ജനത്തിന്റെ മേൽ ദൈവം കുറ്റം ചുമത്തുന്നു 6:1-5
ന്യായത്തോടും കരുണയോടും പ്രവര്‍ത്തിക്കുന്നു 6:6-8
ദൈവത്തിന്റെ കുറ്റംചുമത്തൽ തുടരുന്നു 6:9-16
ജനങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് പ്രവാചകന്റെ വിലാപം 7:7-9
യെരൂശലേമിന്റെ ഭാവി നന്മ 7:10-13
ദൈവം തന്റെ ജനത്തിന്റെ പാപം ക്ഷമിച്ച്, എന്നെന്നേക്കുമായി അവയെ മറന്ന്, ജനത്തോട് സ്നേഹപൂര്‍വ്വം ഇടപെടുന്നു 7:14-20.

Leave a Reply

Your email address will not be published. Required fields are marked *