മിലേത്തൊസ്

മിലേത്തൊസ് (Miletus)

ഏഷ്യാമൈനറിന്റെ പടിഞ്ഞാറെ തീരത്തുള്ള പട്ടണം. എഫെസൊസിന് 58 കി.മീറ്റർ തെക്കു കിടക്കുന്നു. ‘അയോനിയ’യുടെ (lonia) തലസ്ഥാനമായിരുന്നു. ട്രോജൻ യുദ്ധത്തിനുശേഷം (ബി.സി. 12-ാം നൂറ്റാണ്ട്) അയോനിയർ ഈ പട്ടണം പിടിച്ചെടുത്തു. മിലേത്തൊസ് ഒരു വലിയ നാവിക ശക്തിയായിരുന്നു. ലുദിയൻ രാജാക്കന്മാരെ മിലേത്തൊസ് ശക്തമായി എതിർത്തിരുന്നു. മഹാനായ ക്രീസസ് പോലും മിലേത്തൊസിനു വിശിഷ്ടാനുകൂല്യങ്ങൾ നൽകി. ബി.സി. 546-ൽ ക്രീസസിന്റെ രാജ്യം പാർസ്യയുടെ മുന്നിൽ തകർന്നു വീണു. എന്നാൽ അതു മിലേത്തൊസിന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചില്ല. ബി.സി. 499-ൽ ഉണ്ടായ അയോനിയൻ വിപ്ലവത്തിന്റെ നേതൃത്വം മിലേത്തൊസിനായിരുന്നു. ‘ലദെ’യിൽ (Lade) വെച്ചുണ്ടായ നാവികയുദ്ധത്തിൽ മിലേത്തൊസ് പരാജയപ്പെട്ടു. ബി.സി. 494-ൽ പട്ടണം പാർസികളുടെ കൈയിലമർന്നു. അതോടുകൂടി മിലേത്തൊസിന്റെ പ്രതാപവും ഐശ്വര്യവും അസ്തമിച്ചു. ബി.സി. 479-ൽ മൈക്കലെയിൽ (Mycale) വച്ചു പാർസ്യ പരാജയപ്പെട്ടപ്പോൾ മിലേത്തൊസ് സ്വതന്ത്രമായി. ബി.സി. നാലാം നൂറ്റാണ്ടിൽ പട്ടണം കാറിയയ്ക്ക് (Caria) വിധേയമായി. മിലേത്തൊസിന്റെ തുടർന്നുള്ള ചരിതം സങ്കീർണ്ണമാണ്. പൗലൊസ് സന്ദർശിക്കുന്ന കാലത്ത് (പ്രവൃ, 20:15, 17) റോമൻ പ്രവിശ്യയായ ആസ്യയിലെ (Asia) അപ്രധാന പട്ടണമായിരുന്നു മിലേത്തൊസ്. തെയ്ൽസ് (Thales), തിമൊഥെയൂസ് (Timotheus), അനാക്സിമാൻഡർ (Anaxi mander), അനാക്സിമെനസ് (Anaximenes), ഡെമോക്രീറ്റസ് (Democritus), എന്നിവരുടെ ജന്മദേശം മിലേത്തൊസാണ്.

Leave a Reply

Your email address will not be published. Required fields are marked *