മറിയ (യേശുവിൻ്റെ അമ്മ)

മറിയ (Mary)

പേരിർത്ഥം — നിർബന്ധബുദ്ധി, മത്സരം, പ്രിയപ്പെട്ടവൾ

നമ്മുടെ കർത്താവായ യേശുവിന്റെ അമ്മ. യെഹൂദാഗോത്രത്തിൽ ദാവീദിന്റെ വംശജനായ ഹേലിയുടെ പുത്രിയാണ് മറിയ. നസറെത്തിൽ വസിച്ചിരുന്ന മറിയയെ യോസേഫിനു വിവാഹനിശ്ചയം ചെയ്തിരുന്നു. ഗ്രബീയേൽ ദൂതൻ മറിയയുടെ അടുക്കൽ വന്നു; അവൾ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു ചിരകാലമായി പ്രതീക്ഷിക്കുന്ന മശീഹയെ പ്രസവിക്കുമെന്നും അവനു യേശു എന്നു പേർ വിളിക്കേണം എന്നും മുന്നറിയിച്ചു. (ലൂക്കൊ. 1:26-35). അതിനുശേഷം മറിയ സെഖര്യാവിന്റെ വീട്ടിൽ ചെന്നു എലീശബെത്തിനെ വന്ദിച്ചു. അവൾ മറിയയെ ‘എന്റെ കർത്താവിന്റെ മാതാവു’ എന്നാണ് അഭിസംബോധന ചെയ്തത്. (ലൂക്കൊ, 1:43). മറിയ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവളെ രഹസ്യമായി ഉപേക്ഷിക്കുവാൻ അവളുമായി വിവാഹനിശ്ചയം ചെയ്തിരുന്ന യോസേഫ് ആഗ്രഹിച്ചു. എന്നാൽ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി “നിന്റെ ഭാര്യയായ മറിയയെ  ചേർത്തുകൊൾവാൻ ശങ്കിക്കണ്ട; അവളിൽ ഉല്പാതിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു” (മത്താ, 1:20) എന്നു വെളിപ്പെടുത്തിക്കൊടുത്തതിനാൽ യോസേഫ് മറിയയെ ചേർത്തുകൊണ്ടു. (മത്താ, 1:24). ഔഗുസ്തൊസ് കൈസറുടെ കല്പനയനുസരിച്ചു പേർവഴി ചാർത്തുവാനായി യോസേഫും മറിയയും ബേത്ത്ലേഹെമിലേക്കു പോയി. അവിടെവെച്ചു യേശു ജനിച്ചു: (ലൂക്കൊ, 2:7). എട്ടാം നാളിൽ യേശുവിനെ പരിച്ഛേദനം കഴിപ്പിച്ചു. നാല്പതാം നാൾ മറിയയുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ യേശുക്രിതുമായി ദൈവാലയത്തിൽ ചെന്നു അവനെ കർത്താവിനു സമർപ്പിച്ചു. ഒരു ഇണ കുറുപാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ യാഗം കഴിച്ചതു (ലൂക്കൊ, 2:24) യോസേഫിന്റെയും മറിയയുടെയും ദാരിദ്ര്യത്തെ വ്യക്തമാക്കുന്നു. ദൈവാലയത്തിൽ ശിമ്യോനും ഹന്നായും യേശുവിനെ കണ്ടു കർത്താവിനെ മഹത്വപ്പെടുത്തി. തുടർന്നു ഹെരോദാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ചറിഞ്ഞ് അവർ മിസയീമിലേക്കു പോയി. കുറച്ചു കാലങ്ങൾക്കു ശേഷം അവർ നസറേത്തിലേക്കു മടങ്ങിവന്നു. (മത്താ, 2:11-13). പന്ത്രണ്ടാം വയസ്സിൽ മാതാപിതാക്കന്മാരോടൊപ്പം യേശു യെരൂശലേമിൽ പെസഹാ പെരുനാളിനു പോയി; മടങ്ങിവന്നു അവർ നസറേത്തിൽ പാർത്തു. (ലൂക്കൊ, 2:41).

ക്രിസ്തുവിന്റെ പരസ്യശുശ്രൂഷ ആരംഭിച്ചതിനു ശേഷം നാലു പ്രാവശ്യം മാത്രമാണ് നാം മറിയയെ കാണുന്നത്. ഒന്ന്; കാനായിലെ കല്യാണവീട്ടിൽ: കല്യാണവീട്ടിലെ വീഞ്ഞിന്റെ അഭാവം മറിയ യേശുവിനെ ബോദ്ധ്യപ്പെടുത്തി. യേശു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്യുവാൻ ശുശൂഷകർക്കു മറിയ നിർദ്ദേശം നല്കി. യേശു വെള്ളം വീഞ്ഞാക്കി, വീഞ്ഞിന്റെ ദൗർല്ലഭ്യം പരിഹരിച്ചു. അനന്തരം യേശുവും അമ്മയും കഫർന്നഹൂമിലേക്കു പോയി. (യോഹ, 2:1-12). രണ്ട്; കഫർന്നഹൂമിൽ യേശു  പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയും സഹോദരന്മാരും യേശുവിനോടു സംസാരിക്കാനാഗ്രഹിച്ചു. യേശു അതിനു വഴങ്ങിയില്ലെന്നു മാത്രമല്ല; സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് തന്റെ അമ്മയും സഹോദരന്മാരും എന്ന് വിശദമാക്കുകയും ചെയ്തു. (മത്താ. 12:46-50, മർക്കൊ, 3:31-35, ലൂക്കൊ, 8:19:21). മൂന്ന്; കൂശീകരണ സമയത്ത്: ക്രൂശിൽ കിടന്ന യേശു മാതാവിന്റെ സംരക്ഷണം താൻ സ്നേഹിച്ച ശിഷ്യനെ ഏല്പിച്ചു. ആ നാഴികമുതൽ ശിഷ്യനായ യോഹന്നാൻ മറിയയെ തന്റെ വീട്ടിൽ കൈക്കൊണ്ടു. (യോഹ, 19:25-27). നാല്; യേശുവിന്റെ സ്വർഗ്ഗാരോഹണശേഷം: കർത്താവായ യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോണശേഷം യെരുശലേമിലെ മാളികമുറിയിൽ വച്ചു മറ്റു വിശ്വാസികളോടൊപ്പം മറിയ പ്രാർത്ഥിച്ചു കൊണ്ടിരിന്നതായി പറഞ്ഞു തിരുവെഴുത്തുകൾ മറിയയുടെ ചരിത്രം അവസാനിപ്പിക്കുന്നു. (പ്രവൃ, 1:14).

മറിയയുടെ വിശ്വാസവും വിനയവും മാതൃകാപരമാണ്. ഗബ്രിയേൽ ദൂതന്റെ വാക്കുകൾ കേട്ടപ്പോൾ അതെങ്ങനെ നിറവേറുമെന്നറിയാതെ തന്നെ അവൾ ദൈവഹിതത്തിന് സ്വയം സമർപ്പിച്ചു. “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു.” (ലൂക്കോ, 1:38). സ്തീകളിൽ അനുഗ്രഹിക്കപ്പെട്ടവളാണ് മറിയ. അവളുടെ ആത്മാവ് ഉല്ലസിക്കുന്നത് ദൈവത്തിനു വേണ്ടിയാണ്. ബേത്ത്ലേഹേമിൽ എലീശബെത്തനെ സന്ദർശിച്ച മറിയം അവിടെവെച്ച് ഹൃദയപൂർവ്വം ദൈവത്തിന് സാതോത്രഗാനം ആലപിച്ചു. (ലൂക്കോ, 1:46-55). ഇടയന്മാർ പറഞ്ഞതും (ലൂക്കോ, 2:19), ശിമ്യോൻ്റെ പ്രവചനവും (ലൂക്കോ, 2:15), സ്വപുത്രൻ്റെ വാക്കുകളും (ലൂക്കോ, 2:49) അവയുടെ ആഴം അറിഞ്ഞോ അറിയാതെയോ ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. മറിയ ഭാഗ്യവതിയും കൃപ ലഭിച്ചവളുമാണെന്ന് ബൈബിൾ പറയുന്നു. പക്ഷേ ആരാധ്യയായി പറയപ്പെട്ടിട്ടില്ല. “അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്വിൻ” (യോഹ, 2:5) എന്നാണ് ഭക്തയായ ഈ അമ്മയ്ക്ക് പറയുവാനുള്ളത്. യേശുവിനെ പ്രസവിക്കുന്നതുവരെ മറിയ കന്യകയായിരുന്നു. എന്നാൽ മറിയ നിത്യകന്യകയായിരുന്നു എന്നതിന് തെളിവില്ല. ‘മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല’ എന്നു മാത്രമേ ബൈബിളിൽ കാണുന്നുള്ളു. (മത്താ, 1:25). മറിയയ്ക്ക് നാലാൺമക്കളും കുറഞ്ഞത് രണ്ട് പെൺമക്കളും ഉണ്ടായിരുന്നതായി ബൈബിളിൽ നിന്ന്  മനസ്സിലാക്കാം. (മർക്കൊ, 6:3). 

ആകെ സൂചനകൾ (28) — മത്താ, 1:16, 1:18, 1:20, 2:11, 12:46, 13:55, 27:56, മർക്കൊ, 3:31, 6:3, ലൂക്കോ, 1:27, 1:30, 1:34, 1:38, 1:39, 1:41, 1:46, 1:56, 2:4, 2:16, 2:19, 2:34, 2:41, 2:51, 8:19, യോഹ, 2:5, 2:12, 19:25, പ്രവൃ, 19:25.

Leave a Reply

Your email address will not be published. Required fields are marked *