ബയെശ

ബയെശ (Baasha)

പേരിനർത്ഥം — ധീരത

വിഭക്തയിസ്രായേലിലെ മൂന്നാമത്തെ രാജാവും (യൊരോബെയാം – നാദാബ് – ബയെശാ) രണ്ടാം രാജവംശസ്ഥാപകനും. യൊരോബെയാമിന്റെ പുത്രനായി നാദാബ് ഗിബ്ബഥാനിൽ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ ബയെശാ ഗൂഢാലോചന നടത്തി അവനെ കൊന്നു രാജാവായി. (1രാജാ, 15:27-29). യൊരോബെയമിൻ്റെ കുടുംബാംഗങ്ങളെ മുഴുവൻ അവൻ നിഗ്രഹിച്ചു. അങ്ങനെ യഹോവ ശീലോന്യനായ അഹീയാ പ്രവാചകൻ മുഖേന അരുളിച്ചെയ്ത വചനം നിറവേറി. യിസ്സാഖാർ ഗോത്രത്തിൽ അഹീയാവിന്റെ മകനായിരുന്നു ബയെശാ. വളരെ താണനിലയിൽ നിന്നുയർന്നവൻ. ‘പൊടിയിൽ നിന്നുയർത്തി’ എന്നു അവനെക്കുറിച്ചു യേഹു പ്രവാചകൻ പറഞ്ഞു. (1രാജാ, 16:2). ബയെശാ യെഹൂദയോടു കഠിന വൈരം പുലർത്തി. യെഹൂദാ രാജാവായ ആസയുടെ അടുക്കൽ പോക്കുവരത്തിനു ആരെയും സമ്മതിക്കാതിരിക്കേണ്ടതിനു ബയെശാ രാമയെ പണിതുറപ്പിച്ചു. (1രാജാ, 15:17; 2ദിന, 16:1,2). യെരുശലേമിൽ നിന്നും 6 കി.മീ. മാത്രം അകലെ സ്ഥിതിചെയ്യുന്ന പട്ടണമാണ് രാമ. ഇതിനെതിരെ ആസാ ദമ്മേശെക്കിലെ രാജാവായ ബെൻ-ഹദദ് ഒന്നാമനുമായി സഖ്യം ചെയ്തു. (2ദിന, 16:1-6). തുടർന്നു ബയെശാ രാമായുടെ പണി നിർത്തിവച്ചു. തിർസ്സാ രാജധാനിയിൽ ഇരുപത്തിനാലു വർഷം ബയെശാ വാണു. (1രാജാ,15:33). ബയെശായും യൊരോബെയാമിന്റെ വഴിയിൽ നടന്നു. ആവൻ്റെ മകൻ ഏലാ അവനു പകരം രാജാവായി. (1രാജാ, 16:6).

Leave a Reply

Your email address will not be published. Required fields are marked *