4️⃣ ദൈവപുത്രനായ ക്രിസ്തുവിൻ്റെ സാക്ഷ്യം: ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തു എന്ന പരിശുദ്ധമനുഷ്യൻ പ്രധാനമായും പഠിപ്പിച്ചത് ഒരേയൊരു ദൈവത്തെക്കുറിച്ചാണ്. ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും, അവനെമാത്രം ആരാധിക്കണമെന്നും, അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും, ആത്മാവായ ദൈവത്തെയാണ് ആത്മാവിലും സത്യത്തിലും നമസ്കരിക്കേണ്ടതെന്നും, പിതാവ് എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്നും, ദൈവം ഒരുത്തൻ മാത്രമാണ് നല്ലവനെന്നും, ദൈവം ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും, പിതാവ് തൻ്റെ ദൈവമാണെന്നും, താൻ മനുഷ്യനാണെന്നും ദൈവപുത്രനായ ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് അറിയാതിരുന്ന നിഖ്യാ സുനഹദോസ് അവനെ സത്യദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു സത്യദൈവമാക്കി. ബൈബിൾ മറിച്ചുപോലും നോക്കാതെ വിശ്വാസികൾ അത് വിശ്വസിച്ചു. താൻ ദൈവമല്ലെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്ന വാക്യങ്ങൾ കാണാം:
1. ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Bible Hub]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (יָחִיד – yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (μόνος – Mónos). ആ പദം കൊണ്ടാണ് “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലും ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് “ മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി.
2. പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon – σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും പഴയനിയമത്തിലെ “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് monos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36)
3. പിതാവിനെ മാത്രം ആരാധിക്കണം: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:10. ഒ.നോ: ലൂക്കൊ, 4:8). ഈ വാക്യത്തിൽ, “അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്നത് ഗ്രീക്കിൽ, “afto mono latrefseis” (αὐτῷ μόνῳ λατρεύσεις) ആണ്. [കാണുക: Bible Hub]. ഇംഗ്ലീഷിൽ Serve him only ആണ്. “ലാട്രുവോ” (λατρεύω – latreuō) എന്ന ഗ്രീക്കുപദത്തിനു് “ആരാധന” (Worship) എന്നാണർത്ഥം: (ലൂക്കൊ, 1:74; 2:37; പ്രവൃ, 24:14; ഫിലി, 3:3) തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, “പ്രോസ്കുനിയൊ” (προσκυνέω- proskyneo) എന്ന പദവമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തെ മാത്രം ആരാധിക്കുന്ന “ലാട്രുവോ” (λατρεύω – latreuo) എന്ന പദമാണ് രണ്ടാമത് ഉപയോഗിച്ചിരിക്കുന്നത്. പലർക്കും ആരാധനയും ആചാരപരമായ നമസ്കാരവും വേർതിരിച്ചറിയില്ല എന്നതാണ് വസ്തുത. തന്മൂലം, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് പലരും വിശ്വസിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് കാണിക്കാം:
I. ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം.
II. ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ “മാത്രമേ” ആരാധിക്കാവു എന്നാണ് പറഞ്ഞത്. യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ; അവൻ വലിയ വഞ്ചകനാണെന്നാണ് പറയുന്നത്.
III. ദൈവത്തെ ആരാധിക്കണം എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നാൽ, അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. “അവനെ മാത്രം ആരാധിക്കണം” എന്നാണ് പറഞ്ഞത്. അതായത്, ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” (Mónos) എന്ന പദം കൊണ്ട്, “അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. “യഹോവയെ മാത്രം ആരാധിക്കണം” എന്ന് പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാർക്കും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നാണ് അർത്ഥം. അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. (4:10). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. ദൈവത്തെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവനെ നുണയനും വഞ്ചകനും ആക്കാനാണ് നോക്കുന്നത്. അതാണ്, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ബൈബിൾ വിരുദ്ധ ഉപദേശം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ആരാധനയ്ക്ക് യോഗ്യനാണെങ്കിലോ അവനെ മാത്രം അഥവാ, പിതാവിനെ മാത്രം ആരാധിക്കണം” എന്ന് “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പുത്രൻ പറയുമായിരുന്നില്ല. അതാണ് ഭാഷയുടെ നിയമം. [കാണുക: ദൈവപുത്രൻ ആരാധന സ്വീകരിച്ചോ?]
4. പിതാവ് മാത്രം അറിയുന്നു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ, 24:36). “നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്നു എന്നു ചോദിക്കുമ്പോൾ, ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്ത കഷ്ടം അഥവാ, മഹാപീഢനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ്, ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ പുത്രനും കൂടി അറിയുന്നില്ല എന്ന് പറഞ്ഞത്: (മത്താ, 24:3). പിതാവ് മാത്രം എന്നത്, ഗ്രീക്കിൽ, “ho patir monos” (ὁ πατὴρ μόνος) ആണ്. [Bible Hub]. ഇംഗ്ലീഷിൽ The Father only ആണ്. ഈ വേദഭാഗത്തും, പിതാവ് “മാത്രം” (only) അറിയുന്നു” എന്ന് ഖണ്ഡിതമായ അർത്ഥത്തിൽ “മോണോസ്” (Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവിന് അറിയാം എന്നാണ് പറയുന്നതെങ്കിൽ, ഭാഷാപരമായി പുത്രനും ദൂതന്മാർക്കും കൂടെ അറിയുന്നതിൽ തടസ്സമൊന്നുമില്ല. എന്നാൽ പിതാവിനു് മാത്രമാണ് അറിയുന്നതെന്ന് പറഞ്ഞാൽ; പുത്രനും ദൂതന്മാർക്കും ലോകത്തിൽ മറ്റാർക്കും അറിയില്ലെന്നാണ് അർത്ഥം. തന്നെയുമല്ല, “പുത്രനുംകൂടെ അറിയില്ല” എന്ന് എടുത്തുപറകയും ചെയ്തിട്ടുണ്ട്. പിതാവ് മാത്രമല്ലാതെ പുത്രനുംകൂടെ അറിയുന്നില്ല എന്ന് പറകയുകവഴി, താൻ സർവ്വജ്ഞാനിയല്ലെന്ന് പുത്രൻ തന്നെ ഖണ്ഡിതമായി വ്യക്തമാക്കുന്നു. ട്രിനിറ്റി കരുതുംപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ മഹാപീഢനത്തിൻ്റെ കാലം തനിക്കറിയില്ല; പിതാവിന് മാത്രമാണ് അറിയുന്നതെന്ന് പുത്രൻ പറയുമായിരുന്നില്ല. ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും അവനെ മാത്രം ആരാധിക്കണമെന്നും പിതാവല്ലാതെ പുത്രനും കൂടി അറിയില്ലെന്ന് പുത്രൻ പറയുന്നത്, പഴയനിയമത്തിൽ ഒറ്റയെ (only) കുറിക്കുന്ന “യാഹീദ്” (yahid) എന്ന പദത്തിനു് തുല്യമായ “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായിട്ടാണെന്ന് ഓർക്കണം. ഭാഷയെയും വചനത്തെയും അതിലംഘിച്ചുകൊണ്ട് ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ നോക്കുന്നവർ ആദ്യം നിഷേധിക്കുന്നതും കള്ളനാക്കുന്നതും ദൈവപുത്രനായ ക്രിസ്തുവിനെയാണ്. ദൈവപുത്രനെ വിശ്വസിക്കാത്തവർക്ക് നിത്യജീവൻ ലഭിക്കില്ലെന്ന് മാത്രമല്ല; ദൈവക്രോധം അവൻ്റെമേൽ വസിക്കുകയും ചെയ്യും. (യോഹ, 3:36).
5. ഷ്മാ പ്രഖ്യാപനം: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാരുടെ ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്. പഴയനിയമത്തിൽ അത് ഇപ്രകാരമാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). നമ്മുടെ ദൈവം യഹോവയായ ഏകൻ എന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ അഥവാ, “ഹെയ്സ്” (heis) ആണെന്ന് പറഞ്ഞശേഷം, “അവൻ” അല്ലാതെ, മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് ശാസ്ത്രി പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്; “അവൻ അല്ലാതെ മറ്റൊരുത്തനുമില്ല” എന്ന് ഏകവചനത്തിൽ ഖണ്ഡിതമായിട്ട് പറഞ്ഞത്. യഹോവയായ അവനാണ് ദൈവമെന്ന് ഏകവചനത്തിൽ പറയുക മാത്രമല്ല ശാസ്ത്രി ചെയ്തത്; “അവൻ അഥവാ, യഹോവയല്ലാതെ മറ്റൊരുത്തനും ദൈവമല്ല” എന്ന് എടുത്തുപറയുകയും ചെയ്തു. ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ക്രിസ്തു പഠിപ്പിച്ച മുഖ്യകല്പനയുടെ പഴയനിയമത്തിൽ ഒന്നിനെ” കുറിക്കുന്ന “എഹാദ്” (ehad) എന്ന പദവും പുതിയനിയമത്തിൽ “ഹെയ്സ്” (heis) എന്ന പദവുമാണ്. ട്രിനിറ്റി പഠിപ്പിക്കുംപോലെ, “എഹാദിനും ഹെയ്സിനും” ബഹുത്വം ഉണ്ടായിരുന്നെങ്കിലോ, താൻ ദൈവമായിരുന്നെങ്കിലോ, ദൈവം ഏകനാണെന്ന് പ്രഥമപുരുഷനിൽ പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ശാസ്ത്രി പറഞ്ഞത് അംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും മറ്റൊരുത്തനും ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ മുഖത്തുനോക്കിയാണ് ശാസ്ത്രി പറഞ്ഞതെന്ന് ഓർക്കണം. ഇനി, വചനവിരുദ്ധമായി ഒന്നിനെക്കുറിക്കുന്ന ഹെയ്സിന് ബഹുത്വമുണ്ടെന്ന് വാദിച്ചാൽപ്പോലും, ക്രിസ്തു ദൈവമാകില്ല. “യഹോവ ഏകൻ” എന്ന് ക്രിസ്തു പറയുന്നത് ഉത്തമപുരുഷനിൽ അല്ല; പ്രഥമ പുരുഷനിലാണ്. യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ശാസ്ത്രി പറയുന്നതും പ്രഥമപുരുഷനിലാണ്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഏകനാണെന്ന് പ്രഥമപുരുഷനിൽ പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പ്രഥമപുരുഷനിൽ പറഞ്ഞ ശാസ്ത്രിയെ മധ്യമപുരുഷനായ ക്രിസ്തു പ്രശംസിക്കുകയോ ചെയ്യുമായിരുന്നില്ല. “എഹാദ്” എന്ന എബ്രായ പദത്തിനും “ഹെയ്സ്” എന്ന ഗ്രീക്കു പദത്തിനും ബഹുത്വമുണ്ടെന്നുള്ള ട്രിനിയുടെ വ്യാജവാദവമാണ്, ക്രിസ്തുവും ശാസ്ത്രിയുംകൂടി തകർത്ത് തരിപ്പണമാക്കിയത്.
6. സത്യനസ്കാരികൾ: “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.” (യോഹ, 4:23). ഈ വേദഭാഗത്ത്, ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപോഗിച്ചിരിക്കുന്ന “പ്രൊസ്കുനിയോ” (προσκυνέω – proskyneō) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയും ശ്രദ്ധിക്കുക: “പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു” എന്നാണ് പറഞ്ഞത്. “പിതാവു” എന്ന് പ്രഥമപുരുഷ ഏകവചനത്തിൽ പറയുന്നത് നോക്കുക. ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ “പിതാവിനെ” എന്ന് പറയാതെ, “ഞങ്ങളെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു” എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. അതിനാൽ, ക്രിസ്തുവിൻ്റെ വക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും ക്രിസ്തു ദൈവമല്ലെന്നും സംശയലേശമെന്യേ മനസ്സിലാക്കാം. [കാണുക: ദൈവപുത്രൻ ആരാധന സ്വീകരിച്ചോ?]
7. ദൈവം ആത്മാവാകുന്നു: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഇത് ആരാധനയെക്കുറിച്ച് ക്രിസ്തു ശമര്യക്കാരത്തിയോട് പറയുന്ന വേദഭാഗമാണ്. ഇവിടെപ്പറയുന്ന നമസ്കാരം, ദൈവത്തിനുള്ള ആരാധനയാണ്. ക്രിസ്തു ശമര്യസ്ത്രീയോടു പറയുന്ന ഈ വേദഭാഗത്ത്, ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്. (യോഹ, 8:40). ദൈവം മനുഷ്യനല്ല എന്നതും ഓർക്കുക. (ഇയ്യോ, 9:32; ഹോശേ, 11:9). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” വാക്യം ശ്രദ്ധിക്കണം: “അവരെ” എന്നോ, “ഞങ്ങളെ” എന്നോ ബഹുവചനത്തിൽ അല്ല; “അവനെ” എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് ദൈവത്തെ വിശേഷിപ്പിക്കുന്നത്. അതായത്, ഉത്തമപുരുഷനായ താൻ മധ്യമപുരുഷനായ ശമര്യക്കാരത്തിയോട് പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ദൈവത്തെ സൂചിപ്പിച്ചുകൊണ്ടാണ്, “അവനെ” നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം എന്ന് പറഞ്ഞത്. അല്ലാതെ, ഞങ്ങളെ നമസ്കരിക്കണം എന്നല്ല പറഞ്ഞത്. ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കിയത്:
I. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് ക്രിസ്തുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40).
II. ദൈവം “അവർ” അല്ല; “അവൻ” ആണ്. അഥവാ, ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകൻ അഥവാ, ഒരുത്തൻ മാത്രമാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞകാര്യം മുകളിൽ നാം കണ്ടു: (യോഹ, 5:44; 17:3).
III. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; “അവനെ” അഥവാ, പിതാവായ ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞത് മുകളിൽ നാം കണ്ടതാണ്: (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 4:23). ക്രിസ്തുതന്നെ താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ല, മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കെ, അവൻ്റെ വാക്ക് വിശ്വസിക്കാതെ, അവൻ പഠിപ്പിച്ച ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നവർ എങ്ങനെ ക്രിസ്ത്യാനികൾ ആകും? എങ്ങനെ രക്ഷ പ്രാപിക്കും? ക്രിസ്തുവിനെ വിശ്വസിക്കാത്തവർ, എങ്ങനെ ദൈവമക്കൾ ആകും? [കാണുക: ദൈവപുത്രൻ ആരാധന സ്വീകരിച്ചോ?]
8. പിതാവ് എന്നെക്കാളും എല്ലാവരിലും വലിയവൻ: “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28).
▪️എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. (യോഹ, 10:29)
▪️ പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
▪️ പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു. (യോഹ, 5:26)
▪️ എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
▪️ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
▪️ ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
▪️ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50)
▪️ ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10)
▪️ ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ 24:36)
▪️ എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)
▪️ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹ, 20:17). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ “എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ” എന്നൊക്കെ പുത്രൻ പറയുമായിരുന്നില്ല. പിതാവ് ഉപേശിക്കുന്നതും ചെയ്തു കാണുന്നതും അല്ലാതെ, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, അവനെ പിതാവിനോട് സമനായ ദൈവം ആക്കാൻ നോക്കുന്നവർ ഏത് ആത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക. പിതാവ് എന്നെക്കാൾ വലിയവനാണെന്ന് ക്രിസ്തുതന്നെ ഖണ്ഡിതമായി പറയുമ്പോൾ, അവനെ ദൈവത്തോട് സമനായ ദൈവം ആക്കുന്നവർ ഉപായിയായ സർപ്പത്തിൻ്റെ അനുയായി അല്ലാതെ ആരാണ്?
9. ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല: “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). യേശു നല്ലവനല്ല എന്നല്ല പറഞ്ഞിതനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് ബൈബിൾതന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 23:50; യോഹ, 7:12). എന്നാൽ ആത്യന്തികമായി, “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:11; സങ്കീ, 34:8; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവമല്ലാത്തതുകൊണ്ടും ആരാധനയ്ക്കോ, ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ “നല്ലവൻ” എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. പ്രമാണിയുടെ മനോഗതം അറിഞ്ഞതുകൊണ്ടാണ്, ക്രിസ്തു അത് നിഷേധിച്ചത്. പ്രമാണി യേശുവിനെ “ദൈവമേ” എന്നല്ല; “നല്ലവൻ” എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രൻ ദൈവമാണെന്ന് പറയുന്നവർ, ക്രിസ്തുവിനെ കള്ളനാക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, “ദൈവം ഒരുവനല്ലാതെ നല്ലവനില്ല” എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിലാണ് പറഞ്ഞത്. താൻ ദൈവം ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെ പദവിയായ “നല്ലവൻ” എന്ന് വിളിച്ചപ്പോൾ താൻ നിഷേധിക്കുകയോ, “ദൈവം ഒരുവൻ അല്ലാതെ നല്ലവനില്ല” എന്ന് പ്രഥമപുരുഷനിൽ പറയുകയോ ചെയ്യുമായിരുന്നില്ല. ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട് ഉപദേശം ഉണ്ടാക്കാനാണെങ്കിൽ, മുന്നല്ല; മുപ്പത്തി മുക്കോടി ദൈവങ്ങളെ വേണമെങ്കിലും ഉണ്ടാക്കാം. എന്നാൽ പിതാവ് അഥവാ, യഹോവയല്ലാതെ മറ്റൊരു ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നവൻ ജീവനിൽ കടക്കുമെന്ന് മാത്രം വിചാരിക്കരുത്. ഒന്നാം കല്പന ലംഘിക്കുന്നവനെ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടിക്കില്ല.
10. താൻ സ്രഷ്ടാവായ ദൈവമല്ല: മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ദൈവത്തിനു തന്നിൽത്തന്നെ ബഹുത്വമുണ്ടെന്നും അഥവാ, ക്രിസ്തുവും പരിശുദ്ധാത്മാവും വിഭിന്ന വ്യക്തികളായി ദൈവത്തോടു കൂടെയുണ്ടായിരുന്നു എന്നാണ് ട്രിനിറ്റി പണ്ഡിതന്മാരുടെ വാദം. അവരുടെ വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം:
I. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച “അവൻ” (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു.
II. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് “അവരെ” (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; 2:7; 5:1; യെശ, 44:24; 64:8; മലാ, 2:10).
III. സൃഷ്ടിച്ച “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6. ഒ.നോ: 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച “ഞങ്ങൾ” എന്നോ, ദൈവവും ഞാനുകൂടി സൃഷ്ടിച്ചു എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കി. വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ഒരു ത്രിമൂർത്തി ദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും ആർക്കും കഴിയില്ല. ഉല്പത്തി 1:26-ൽ ദൈവത്തിനു ബഹുത്വമുണ്ടെന്നു പറയുന്നവർ രണ്ടുപാപം ഒരുപോലെ ചെയ്യുന്നു: 1. ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നു. 2. വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവിനെ നുണയനും വഞ്ചകനുമാക്കുന്നു. അതാണ് ഉപായിയായ സർപ്പം നിഖ്യാസുനഹദോസിലൂടെ സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ത്രിത്വോപദേശം. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]
11. എൻ്റെ പിതാവ്: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്.” (മത്താ, 7:21). ദൈവം ക്രിസ്തുവിൻ്റെ പിതാവാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്.. ക്രിസ്തു ദൈവത്തെ “എൻ്റെ പിതാവു” എന്ന് മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ അമ്പതോളം പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. പിതാവ് എന്നെക്കാൾ വലിയവനാണെന്നും എല്ലാവരിലും വലിയവനാണെന്നും ക്രിസ്തു പറഞ്ഞകാര്യം മുകളിൽ നാം കണ്ടതാണ്. (യോഹ, 10:29; 14:28). പിതാവ് (pater – Father) എന്ന പദത്തിന് ഏത് അർത്ഥം കൊടുത്താലും, സത്യദൈവത്തിനു മീതെ അഥവാ, വലിയവനായി ഒരു പിതാവ് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ട്രിനിറ്റിയുടെ ബൈബിൾ വിരുദ്ധ വിശ്വാസംപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ക്രിസ്തുവിന് ഒരു പിതാവ് ഉണ്ടാകുമായിരുന്നില്ല. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം മൂന്നുപേരും ദൈവമാണെങ്കിലും, ഒരു ദൈവമേ ഉള്ളെന്നാണ് അവർ പറയുന്നത്. ഒരു ദൈവം തനിക്കുതന്നെ പിതാവാകുന്നത് എങ്ങനെയാണ്? ബൈബിളെന്താ കോമഡി പുസ്തകമോ? സമനിത്യത്വമുള്ളവർ എന്ന് ട്രിനിറ്റി പറയുന്ന പിതാവ്, പുത്രൻ, പരിശുദ്ധാത്മാവിൽ, പുത്രനു് മാത്രമാണ് പിതാവുള്ളതെന്ന് ഓർക്കണം. അപ്പോൾ അവരുടെ സമത്വം എവിടെപ്പോയി? മൂന്നുപേരും സമത്വമുള്ളവരാണെങ്കിൽ, എല്ലാവർക്കും എല്ലാം ഒരുപോലെ ഉണ്ടാകണ്ടേ? തന്മൂലം, യേശുവെന്ന മനുഷ്യൻ്റെ പിതാവാണ് ദൈവമെന്ന് മനസ്സിലാക്കാം. ദൈവാത്മാവിലാത്തവർക്ക് മാത്രം വിശ്വസിക്കാൻ പറ്റുന്ന ദുരുപദേശമാണ് ത്രിത്വം. ക്രിസ്തുവിന് ഒരു പിതാവുണ്ട് എന്നതുതന്നെ അവൻ ദൈവമല്ല എന്നതിൻ്റെ കൃത്യമായ തെളിവാണ്.
12. എൻ്റെ ദൈവം: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17) യേശുവെന്ന മനുഷ്യൻ ദൈവത്തെ. “എന്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17). ട്രിനിറ്റിയുടെ ബൈബിൾ വിരുദ്ധ വിശ്വാസംപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ക്രിസ്തുവിന് ഒരു ദൈവം ഉണ്ടാകില്ലായിരുന്നു. “ദൈവം” (theos – God) എന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, പരമോന്നതൻ, സ്രഷ്ടാവ് എന്നിങ്ങനെ ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ദൈവം ഒരുത്തൻ മാത്രമാണെന്ന് ബൈബിൾ പറയുമ്പോൾ, ഒരു ദൈവം തനിക്കുതന്നെ ദൈവവുമകുന്നത് എങ്ങനെയാണ്? ബൈബിളെന്താ തെരുവു നാടകത്തിൻ്റെ സ്ക്രിപ്റ്റണോ? ഇനി, ദൈവത്തിനുമീതെ ഒരു പിതാവോ, ദൈവമോ ഉണ്ടാകണമെങ്കിൽ, ഒന്നെങ്കിൽ, അവൻ മോശെയപ്പോലെ ഒരു മനുഷ്യദൈവമോ, അല്ലെങ്കിൽ, വ്യാജദൈവമോ ആയിരിക്കണം. തന്നെയുമല്ല, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. പിന്നെയും അവൻ ദൈവമാണെന്ന് പറയുന്നവർ ദുരുപദേശത്തിൻ്റെ വാക്താക്കളല്ലാതെ ആരാണ്? ദൈവപുത്രനായ ക്രിസ്തുതന്നെ താൻ ദൈവമല്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും, ഒന്നാം കല്പനയെ ലംഘിപ്പിക്കാനും ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കി നരകത്തിൽ പോകാനും ആൾക്കാർ ഇത്ര നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ക്രിസ്തുവിനു് ഒരു ദൈവമുണ്ടെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറയുന്നതുണ്ട്. (അത് താഴെക്കാണാം). ക്രിസ്തു പിതാവിനെ “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തിരിക്കയാൽ അവൻ ദൈവമല്ലെന്നതിൻ്റെ വ്യക്തമായ തെളിവാണ്.
13. മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). അടുത്തവാക്യം: “മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നെ എന്നു പറഞ്ഞു.” (മത്താ 20:28. ഒ.നോ: മത്താ, 8:20; 12:40). ഈ വേദഭാഗങ്ങളിൽ, താൻ മനുഷ്യനും മനുഷ്യപുത്രനും ആണെന്ന് യേശു അസന്ദിഗ്ധമായി വ്യക്തമാക്കി. എന്നാൽ യഹോവയുടെ പ്രവചനത്തിൽ അവൻ സ്ത്രീയുടെ സന്തതിയാണ്: (ഉല്പ, 3:15). സ്ത്രീയുടെ സന്തതി മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? (മത്താ, 1:16; ഗലാ, 4:4; എബ്രാ, 2:14-15). യഹോവയുടെയും മോശെയുടെയും പ്രവചനത്തിൽ ക്രിസ്തു യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേല്ക്കേണ്ടവനാണ്: (ആവ, 18:15; 18:18). യെഹൂദന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേറ്റത് ഒരു ദൈവമല്ല; മനുഷ്യനാണെന്ന് മനസ്സിലാക്കാമല്ലോ? (മീഖാ, 5:3; റോമ, 9:5). യെശയ്യാവിൻ്റെ രണ്ട് പ്രവചനമുണ്ട്: I. “അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മനൂവേൽ എന്നു പേർ വിളിക്കും.” (യെശ, 7:14). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശപരമ്പരയിൽ മറിയയെന്ന കന്യകയിൽ നിന്നാണല്ലോ യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യർ ജനിച്ചത്: (മത്താ, 1:21; 1:22; ലൂക്കൊ, 1:35; 2:5-7; യോഹ, 8:40; 1യോഹ, 3:5). II. “അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,” (യെശ 52:14). പ്രവചനം ശ്രദ്ധിക്കുക: “അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമാക്കപ്പെടും.” അവൻ മനുഷ്യൻ ആയതുകൊണ്ടാണ്, അസഹ്യമായ പീഢകളാൽ അവൻ മനുഷ്യനല്ല എന്ന് തോന്നുമാറു വിരൂപമാക്കപ്പെടും എന്ന് ആത്മാവിനാൽ പ്രവചിച്ചിരിക്കുന്നത്. മേല്പറഞ്ഞ വാക്യങ്ങളെല്ലാം വരുവാനുള്ള “മശീഹ” മനുഷ്യനാണെന്നത്തിൻ്റെ പഴയനിയമത്തിലെ തെളിവുകളാണ്. തന്നെയുമല്ല, ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവ് പുതിയനിയമത്തിൽ നാല്പതു പ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം മനുഷ്യനും മനുഷ്യപുത്രനുമല്ല: “വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?” (സംഖ്യാ 23:19. ഒ.നോ: ഹോശേ 11:9; 1ശമൂ, 15:29; ഇയ്യോ, 9:32). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ആത്മാവാണ്. (യോഹ, 4:24). എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:40). തന്മൂലം, ക്രിസ്തുവിൻ്റെ വാക്കിനാലും പഴയപുതിയനിയമങ്ങളുടെ സാക്ഷ്യത്താലും അവൻ ദൈവമല്ല; മനുഷ്യനാണെന്ന് വ്യക്തമാകുന്നു. വളരെ ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: യഹോവ പറയുന്നു: “ഞാൻ മനുഷ്യനല്ല ദൈവം അത്രേ.” (ഹോശേ 11:9). ക്രിസ്തു പറയുന്നു: ഞാൻ ദൈവമല്ല; മനുഷ്യനത്രേ: (യോഹ, 5:44; 17:3; 8:40). ത്രിമൂർത്തി വിശ്വാസികൾ പറയുന്നു: പിതാവും പുത്രനും സമനിത്യരും വ്യത്യസ്തരുമായ രണ്ടു വ്യക്തികളും രണ്ടുപേരും ദൈവവുമാണ്. ആരാണ് കള്ളം പറയുന്നത്: പിതാവും പുത്രനുമോ? അതോ ത്രിമൂർത്തികളോ?
14. പരിശുദ്ധാത്മാവും ക്രിസ്തുവും: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:31-32). ബെയെത്സെബൂലിനെക്കൊണ്ടാണ് ക്രിസ്തു ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് പരീശന്മാർ ആരോപിച്ചപ്പോൾ അവൻ പറയുന്നത് ശ്രദ്ധിക്കുക: മനുഷ്യപുത്രനെക്കുറിച്ച് അഥവാ, തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനതിരെ ദൂഷണം പറഞ്ഞാൽ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല: (മത്താ, 12:24). മർക്കൊസിൽ “നിത്യശിക്ഷയ്ക്ക് യോഗ്യനാകും” എന്നാണ്: (മർക്കൊ, 3:28-29; ലൂക്കൊ, 12:10). ക്രിസ്തു എന്തുകൊണ്ടാണ് തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിൻ്റെ നേരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് പറഞ്ഞത്? പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. അഥവാ, പിതാവു് ദൈവത്തിൻ്റെ നേരിട്ടുള്ള അഥവാ, ദൃശ്യമായ വെളിപ്പാടും (മത്താ, 18:11) ആത്മാവു് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്: (യോഹ, 3:8). പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു അനേകം തെളിവുകളുണ്ട്: (സങ്കീ, 139:7-10; യെശ, 6:8-10→പ്രവൃ, 28:26-27; യെശ, 44:24→ഇയ്യോ, 33:4; ലൂക്കൊ, 3:22→യോഹ, 16:32; മത്താ, 12:28→പ്രവൃ, 2:22; 1പത്രൊ, 3:18→പ്രവൃ, 2:31; പ്രവൃ, 5:3→5:4). “പരിശുദ്ധൻ” എന്നത് ദൈവത്തിൻ്റെ ഉപനാമം ആകയാലാണ്, ദൈവത്തിൻ്റെ ആത്മാവിനെ “പരിശുദ്ധ ആത്മാവു” വിശേഷിപ്പിക്കുന്നത്: (യെശ, 57:15. ഒ.നോ: വെളി, 15:4). പരിശുദ്ധാത്മാവ് ദൈവവും (പ്രവൃ, 5:3-4) ക്രിസ്തു മനുഷ്യനുമാണ്: (യോഹ, 8:40). അതുകൊണ്ടാണ്, തന്നെക്കുറിച്ച് പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് പറയുന്നത്. ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെങ്കിൽ, പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാലും പുത്രനെതിരെ പറഞ്ഞാലും പറഞ്ഞാലും ഒരുപോലെ ക്ഷമിക്കപ്പെടുകയില്ലെന്ന് ക്രിസ്തു പറയുമായിരുന്നു. തന്മൂലം, ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അവൻ ദൈവമല്ലെന്ന് വ്യക്തമാകുന്നു.
15. ക്രിസ്തുവിൻ്റെ അത്ഭുതങ്ങൾ: “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.” (മത്താ, 12:28). ദൈവപുത്രനായ ക്രിസ്തു സ്വന്തശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നും അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ട് ദൈവമാണെന്ന് ട്രിനിറ്റി കരുതുന്നു. യേശു കാറ്റിനെയും കടലിനെയും ശാന്തമാക്കിയതുകൊണ്ട്, അവൻ ദൈവമാണെന്നാണ് ട്രിനിറ്റി കരുതുന്നത്. എന്നാൽ ഏലീയാവ് കല്പിച്ചിട്ട് മൂവാണ്ടും ആറുമാസവും ദേശത്ത് മഴ പെയ്യാതിരുന്നിട്ടുണ്ട്: (1രാജാ, 17:1; ലൂക്കൊ, 4:25). മോശെ ചെങ്കടലിനെ രണ്ടായിട്ട് വിഭാഗിച്ച് നാല്പതു ലക്ഷത്തോളം വരുന്ന ജനങ്ങളെ രക്ഷപെടുത്തിയ മനുഷ്യനാണ്: (പുറ, 14:21-22). “മോശെ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു” എന്നാണ് വചനം പറയുന്നത്: (പ്രവൃ, 7:36). യേശു മൂന്നര വർഷമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ഏലീയാവ് ചെയ്തതിലും ഇരട്ടി അത്ഭുതങ്ങൾ ചെയ്തവനാണ് എലീശ: (1രാജാ, 19:16). മോശെയും ഏലീയാവും എലീശയും ദൈവങ്ങളാണെന്ന് ട്രിനിറ്റി പറയാത്തതെന്താ? അപ്പോൾ പറയും: അവരൊക്കെ ദൈവത്താലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. യേശു പിന്നെ ആരാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്? “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്ന് ക്രിസ്തു പറഞ്ഞത് നിങ്ങൾക്ക് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ? (മത്താ, 12:28). എന്നാൽ “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു” എനു ലൂക്കൊസ് പറയുന്നു: (ലൂക്കൊ, 5:17). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പത്രൊസും നിക്കോദേമൊസും പറയുന്നു: (യോഹ, 3:2; പ്രവൃ, 10:38). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിൻ്റെ പ്രഥമപ്രസംഗത്തിലെ വാക്കുകൾ നോക്കുക: “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.“ (പ്രവൃ, 2:22-23). ഈ രണ്ട് വാക്യത്തിൽ പ്രധാനപ്പെട്ട മൂന്നുകാര്യങ്ങൾ പറയുന്നുണ്ട്: I. ദൈവമാണ് യേശുവിനെക്കൊണ്ട് യെഹൂദന്മാരുടെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചത്. യേശുതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (മത്താ, 12:28). II. ദൈവം യെഹൂദന്മാർക്ക് കാണിച്ചുകൊടുത്തത് നസറായനായ യേശു പുരുഷനെയാണ്. ഇവിടെപ്പറയുന്ന പുരുഷൻ അഥവാ, മനുഷ്യൻ (ἀνήρ – anēr – Man) ആണ്. താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). III. യേശു എന്ന മനുഷ്യനെ യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്നു. ദൈവത്തിനു് മരണമില്ലെന്നത് ശിശുസഹജമായ അറിവാണ്. പൗലൊസ് അത് അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്: (1തിമൊ, 6:16). എന്നാൽ “ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണ്” എന്നാണ് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നത്: [Systematic Theology]. ത്രിത്വവിശ്വാസത്തിനു് ബൈബിളുമായി ഒരു ബന്ധവുമില്ലെന് മനസ്സിലായില്ലേ?
16. ക്രിസ്തുവും യോഹന്നാൻ സ്നാപകനും; ക്രിസ്തു യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്നത്; ഇപ്രകാരമാണ്. “സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്ന്; ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.” (മത്താ, 11:11; ലൂക്കൊ, 7:28). ഈ വേദഭാഗം, മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ ഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ മലയാള പരിഭാഷകളിലും KJV പോലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും മത്തായിയിൽ “യോഹന്നാനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല” എന്നും ലൂക്കൊസിൽ “യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല” എന്നുമാണ് കാണുന്നത്. യോഹന്നാനെക്കാൾ വലിയവൻ ഇല്ലെന്നു പറഞ്ഞാലും വലിയ പ്രവാചകൻ ഇല്ലെന്നു പറഞ്ഞാലും ശരിയാണ്. ന്യായപ്രമാണത്തിലെ സകല പ്രവാചകന്മാരും സ്തീയിൽനിന്നാണ് ജനിച്ചത്. അതുപോലെ പ്രവാചകണായ യേശുവും മറിയ എന്ന സ്ത്രീയിലൂടെയാണ് ജനിച്ചത്. യേശുവിൻ്റെ അമ്മ, മറിയയുടെ മകൻ എന്നിങ്ങനെ 29 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിൽ, അവളുടെ ആദ്യജാതൻ അഥവാ, prototokon എന്നും രണ്ട് പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). മറിയയെ കർത്താവിൻ്റെ അമ്മയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 1:43). മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. തന്മൂലം, ക്രിസ്തു സ്ത്രീയിൽനിന്ന് ജനിച്ചവനല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. പ്രവാചകനെന്നും (മത്താ, 21:11), വലിയ പ്രവാചകനെന്നും (ലൂക്കൊ, 7:16), വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെന്നും ക്രിസ്തുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 24:19). യേശുവും യോഹന്നാനും അഭിഷിക്തരാണ്. താൻ മറിയയുടെ മൂത്തമകനായി ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷം തൻ്റെ ശുശ്രുഷ തുടങ്ങുന്നതിനു മുമ്പുമാത്രമാണ് യേശു പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചത്: (യെശ, 61:1; ലൂക്കൊ, 3:22; 4:16-21; പ്രവൃ, 10:38). എന്നാൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാനെ പ്രവാചകനായി അഭിഷേകം ചെയ്യാൻ മറ്റൊരഭിഷിക്തൻ ഇല്ലാത്തതിനാൽ, അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ അവൻ അഭിഷേകം പ്രാപിച്ചതാണ്: (ലൂക്കൊ, 1:15; 1:41). “അഭിഷിക്തനായി ഭൂമിയിൽ ജനിച്ചവീണ ഒരേയൊരുത്തനാണ് യോഹന്നാൻ.” അതുകൊണ്ടാണ്, “സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല” എന്ന് യേശു പറഞ്ഞത്. സ്ത്രീകളിൽനിന്നു ജനിച്ച മനുഷ്യനെന്ന നിലയിലും പ്രവാചകനെന്ന നിലയിലും യോഹന്നാൻ എല്ലാവരെക്കാളും വലിയവനാണ്. മറിയയെന്ന സ്ത്രീയിൽനിന്ന് ജനിച്ച പ്രവാചകനായ യേശുവാണ് പറയുന്നത്, സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ അല്ലെങ്കിൽ, അവനെക്കാൾ വലിയ പ്രവാചകൻ എഴുന്നേറ്റിട്ടില്ല. ക്രിസ്തു ദൈവം ആണെങ്കിൽ, അവൻ്റെ വാക്കുകളുടെ അർത്ഥം എന്താണ്? യോഹന്നാൻ സ്നാപകനെക്കാൾ ചെറിയ ദൈവമാണോ താൻ?
ക്രിസ്തുവും മോശെയും: ക്രിസ്തു മോശെയെക്കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). വാക്യം ശ്രദ്ധിക്കുക: “നിങ്ങൾ മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം” എന്നല്ല; “മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു” എന്നാണ്. അടുത്തഭാഗം: “അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം” എന്നല്ല; “അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും” എന്നാണ് ചോദിക്കുന്നത്. അതായത്, ക്രിസ്തു തൻ്റെ ഐഹികജീവകാലത്ത് യോഹന്നാനെക്കാളോ, മോശയെക്കാളോ ശ്രേഷ്ഠൻ ആണെന്ന് അവകാശപ്പെടുന്നില്ല. ശിഷ്യന്മാരുടെ കാലുകൾ കഴുകിയ താഴ്മയുടെ ആൾരൂപമാണ് യേശുവെന്ന പാപരഹിതനായ മനുഷ്യൻ: (യോഹ, 8:40; 1യോഹ, 3:5). അവൻ യോഹന്നാനും മോശെയും തന്നെക്കാൾ വലിയവനാണെന്ന് പറഞ്ഞതിൽ അതിശയോക്തി തെല്ലുമില്ല.
എന്നാൽ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെ, ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ കർത്താവും ക്രിസ്തുവും പ്രഭുമാക്കി ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ, അവൻ സകല മനുഷ്യരിലും ശ്രേഷ്ഠൻ ആയിത്തീർന്നു. (ലൂക്കൊ, 23:46; എബ്രാ, 9:14; പ്രവൃ, 2:23-24; 2:36; 5:31). ദൈവമാണ് അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കിയത്: (ഫിലി, 2:9). അതായത്, പുനരുത്ഥാനത്തിന് ശേഷമാണ് അവൻ സകല മനുഷ്യരെക്കാളും ഉന്നതൻ ആയത്. എബ്രായ ലേഖകൻ പറയുന്നത്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; ഉന്നതൻ ആയിത്തീർന്നു എന്നാണ്,. ഇംഗ്ലീഷിൽ, made higher than the heavens എന്നാണ്. (എബ്രാ, 7:26). അതായത്, മരണത്തിൽനിന്ന് ഉയിർത്തശേഷമാണ് അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നത്. ക്രിസ്തു ആരാണെന്ന് അറിയാത്തവരും അവൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാത്തവരാണ് അവനെ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാക്കാൻ വൃഥാ ശ്രമിക്കുന്നത്.
17. സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ചവൻ: “സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ചു; അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” (യോഹ, 18:37). ക്രിസ്തു പീലാത്തൊസിൻ്റെ മുമ്പിൽ നിന്നപ്പോൾ പറഞ്ഞതാണിത്. സത്യദൈവം എന്ന പ്രയോഗം പിതാവിനെ കുറിക്കാൻ ഏഴുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ആവ, 7:9; 2ദിന, 15:3; യെശ, 65:16; യിരെ, 10:10; യോഹ, 17:3; 1തെസ്സ, 1:9; 1യോഹ, 5:20). KJV-യിൽ ഒരിടത്ത് “വിശ്വസ്തദൈവം” (faithful God) എന്നും (Deut, 7:9), ഒരിടത്ത് “സത്യത്തിൻ്റെ ദൈവം” (God of truth) എന്നുമാണ്: (Isa, 65:16). “സത്യവചനം” എന്ന പ്രയോഗവും ഏഴുപ്രാവശ്യമുണ്ട്: (സങ്കീ, 119:43; 2കൊരി, 6:6; എഫെ, 1:13; കൊലൊ, 1:3; 2തിമൊ, 2:15; യാക്കോ, 1:18; വെളി, 19:9). “ദൈവത്തിൻ്റെ സത്യം” എന്ന് മൂന്നുപ്രാവശ്യമുണ്ട്: (റോമ, 1:25; 3:7; 15:9). ദൈവത്തിൻ്റെ സത്യം വചനമാണ്: (വെളി, 19:9). ദൈവപുത്രനായ ക്രിസ്തുവും സത്യമാണ്: (യോഹ, 14:6). പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, ഏകസത്യദൈവം” എന്നാണ് ക്രിസ്തു സാക്ഷ്യം പറഞ്ഞത്: (യോഹ, 17:3). സത്യദൈവവും നിത്യജീവനുമായ പിതാവിനെ അറിയാൻ വിവേകം തന്നവനാണ് ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു: (1യോഹ, 5:20; 1തിമൊ, 3:15-16). ക്രിസ്തു പഠിപ്പിച്ചതെല്ലാം സത്യമായിട്ടാണ്: (മത്താ, 5:18; 5:26; 6:2; 6:5; 6:16). “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നാണ് അവൻ പറഞ്ഞത്: (യോഹ, 8:32). ദൈവത്തോടു കേട്ടിട്ടുള്ള സത്യമാണ് മനുഷ്യനായ ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 8:40). സുവിശേഷം സത്യവചനമാണ്: എഫെ, 1:13; കൊലൊ, 1:3). സത്യവചനമായ സുവിശേഷത്താലാണ് നാം വീണ്ടുംജനിച്ചത്: (യാക്കോ, 1:18. ഒ.നോ: 1പത്രൊ, 1:23). “നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം” എന്ന് യോഹന്നാൻ പറയുന്നത് ക്രിസ്തുവിലൂടെ ദൈവം ഒരുക്കിയ സുവിശേഷമെന്ന സത്യവചനത്തെക്കുറിച്ചാണ്: (2യോഹ, 1:1). സത്യേകദൈവമായ പിതാവിനും അവൻ്റെ സത്യവചനത്തിനും സാക്ഷിനാൽക്കാനാണ് താൻ ജനിച്ചതെന്നാണ് ക്രിസ്തു പറയുന്നത്: (യോഹ, 18:37. ഒ.നോ: 1യോഹ, 5:20). സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ച മനുഷ്യനെപ്പിടിച്ച് സത്യദൈവം ആക്കിയവരാണ് ത്രിത്വക്കാർ.
18. ക്രിസ്തുവും പ്രാർത്ഥനയും: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.” (ലൂക്കൊ, 22:42). ഇതൊരു ദൈവത്തിൻ്റെ പ്രാർത്ഥനയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെ പ്രാർത്ഥനയോ അല്ല; ദൈവത്താൽ മാനവകുലത്തിൻ്റെ പാപമെല്ലാം പാപമറിയാത്ത തൻ്റെ ശരീരത്തിൽ ചുമത്തപ്പെട്ട് ബലഹീനനായിപ്പോയ യേശുവെന്ന മനുഷ്യൻ്റെ പ്രാർത്ഥനയാണ്: (യോഹ, 8:40; 2കൊരി, 5:21; 1പത്രൊ, 2:24; ലൂക്കൊ, 22:43). ഗെത്ത്ശെമന എന്ന തോട്ടത്തിൽവെച്ച് തനിക്ക് ഭവിക്കാനുള്ള അതികഷ്ഠം നീങ്ങിപ്പോകാൻ പിതാവിൻ്റെ ഹിതത്തിനായി മേല്പറഞ്ഞ ഒരേ വചനംതന്നെ ചൊല്ലി ക്രിസ്തു മൂന്നുപ്രാവശ്യം പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; 26:42; 26:44). നിലത്ത് കവിണ്ണുവിണു കിടന്നുകൊണ്ടാണ് അവൻ പ്രാർത്ഥിച്ചത്: (മത്താ, 26:39; മർക്കൊ, 14:35). പ്രാണവേദനയിൽ അതിശ്രദ്ധയോടെ പ്രാർത്ഥിക്കുകനിമിത്തം, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കോ, 22:44). എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ഒരു ദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചത്. വൺനെസ്സ് വിശ്വാസപ്രകാരം, ഒരു ദൈവം തതന്നോടുതന്നെയാണ് പ്രാർത്ഥിച്ചത്. ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ അല്ല പ്രാർത്ഥിച്ചത്; മനുഷ്യനായ യേശു പിതാവും ദൈവവും ആയവനോടാണ് പ്രാർത്ഥിച്ചത്: (യോഹ, 20:17). പിതാവ് മാത്രമാണ് സത്യദൈവം. (യോഹ, 17:3). ദൈവത്തെ നിത്യം ആരാധിക്കുന്നവരെങ്കിലും, ദൈവത്തിന്റെ സൃഷ്ടികളായ ദൂതന്മാർ പോലും വ്യക്തിപരമായി ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാൻ കഴിയില്ല. എന്നാൽ യേശുവെന്ന മനുഷ്യൻ്റെ ജീവിതം മുഴുവനും പ്രാർത്ഥനാനിർഭരമായിരുന്നു. “അതികാലത്തു ഇരുട്ടോടെ യേശു എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.” (മർക്കൊ, 1:35). ക്രിസ്തു രാവിലെയും (മർക്കൊ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12), പ്രത്യേക ശുശ്രൂഷകൾക്ക് മുമ്പായും, ഉദാ: ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് മുമ്പും (ലൂക്കൊ, 6:12-16), ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പും (യോഹ, 11:41-42) മനുഷ്യനല്ലാതെ ദൈവത്തിനു് പ്രാർത്ഥന വേണ്ട. ദൈവത്തോട് മനുഷ്യൻ കഴിക്കുന്ന അഭയയാചനയാണ് പ്രാർത്ഥന. തന്നെ മരണത്തിൽനിന്ന് രക്ഷിക്കാൻ കഴിയുന്നവനോടാണ് ക്രിസ്തു നിലവിളിച്ച് പ്രാർത്ഥിച്ചതെന്ന് ബൈബിൾ പറയുമ്പോൾ, ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ ആണ് കണ്ണുനീരോടും നിലവിളിയോടുകൂടെ പ്രാർത്ഥിച്ചതെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണം വേറെയില്ല. ക്രിസ്തു ദൈവമല്ല; പ്രാർത്ഥന ആവശ്യമുള്ള മനുഷ്യനായിരുന്നു. (ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക: നമ്മെപ്പോലെ പാപങ്ങൾക്കുവേണ്ടിയോ, അനുഗ്രഹങ്ങൾക്കുവേണ്ടിയോ അല്ല; തൻ്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് അവൻ പ്രാർത്ഥിച്ചത്. മറിച്ചൊരു പ്രാർത്ഥന ക്രിസ്തുവിന് ആവശ്യമില്ല). നമ്മളെ ദൈവം വിളിച്ചിരിക്കുന്നത് ക്രിസ്തുവിൻ്റെ കാൽച്ചുവട് പിൻതുടരാനാണ്: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1പത്രൊ, 2:21).
ക്രിസ്തുവിൻ്റെ കാൽച്ചുവടുകളെ പിൻതുടരുവാൻ വിളിക്കപ്പെട്ടവരും ക്രിസ്ത്യാനികളും എന്ന് അഭിമാനിക്കുന്ന നമ്മൾ ക്രിസ്തുവിനു് ഒരു അപമാനം ആകാതിരിക്കാൻ, കുറഞ്ഞപക്ഷം, അവനെയെങ്കിലും വിശ്വസിക്കണ്ടേ? അവൻ പറയുന്നത് നോക്കുക: ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് പറയുകവഴി ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് പറയുകവഴി, താൻ ദൈവമല്ലെന്നും, പിതാവായ ദൈവത്തെ മാത്രം ആരാധിക്കണം (Worship Him only) എന്ന് പറയുകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിന് മാത്രമല്ലാതെ (my Father only) പുത്രനുംകൂടി അഥവാ, മറ്റൊരുത്തനും അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും ദൈവപുത്രൻ പറയുന്നത്, ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” എന്ന പദം കൊണ്ടാണ്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36). തന്മൂലം, ആകാശവും ഭൂമിയും മാറിപ്പോയാലും ക്രിസ്തുവിൻ്റെ വാക്കുകളെ ഖണ്ഡിക്കാൻ ആർക്കെങ്കിലും കഴിയുമോ? താൻ സ്രാഷ്ടാവായ ദൈവമല്ലെന്നും ആത്മാവായ ദൈവമല്ലെന്നും താൻ മനുഷ്യനാണെന്നും തനിക്കൊരു പിതാവും ദൈവവമുണ്ടെന്നും പിതാവു് തന്നെക്കാൾ വലിയവനാണെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളത് മുകളിൽ നാം കണ്ടതാണ്: (മത്താ, 19:4; യോഹ, 4:24; 8:40; 14:28; 20:17). ക്രിസ്തുവിൻ്റെ വാക്കുകളെപ്പോലും അവിശ്വസിക്കുന്നവർ എങ്ങനെ ക്രിസ്ത്യാനിയാകും? താൻ സത്യദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരു. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തർന്നവനും ആണ്: (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ ദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്.
5️⃣ അപ്പൊസ്തലന്മാരുടെ സാക്ഷ്യം: യേശുക്രിസ്തു തിരഞ്ഞെടുത്തവരും മൂന്നരവർഷം അവനോടുകൂടി വസിച്ചവരും അവൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും ചെയ്തവരും അവൻ്റെ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ അവൻ തിരഞ്ഞെടുത്തവരും അവനുവേണ്ടി പ്രാണാത്യാഗം ചെയ്തവരുമാണ് അപ്പൊസ്തലന്മാർ. അവർ ക്രിസ്തു ദൈവമാണെന്ന് പറയുന്നുണ്ടോ എന്ന് പരിശോധിക്കാം:
1. ദൈവം ഒരുവൻ: “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ “ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ, “മോണോസ് ഹോ തിയൊസ്” (Mónos ho theos) ആണ്. [Bible Hub]. ഇവിടെ, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ, ഒറ്റയെ (alone) കുറിക്കുന്ന “മോണോസ്” കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ലൂക്കൊസിനെ ദൈവാത്മാവ് അനുവദിക്കില്ലായിരുന്നു. അവിടെ, ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ക്രിസ്തുവാണ് പ്രസ്തുത വാക്യത്തിൽപ്പറയുന്ന ഏകദൈവം എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ” എന്നു ഹൃദയത്തിൽ ചിന്തിച്ചത് അവർ തന്നെയാണ്, യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ഒരേയൊരു ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം. അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തിട്ടുണ്ട്. (യോഹ, 20:23). മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളും ചേർത്തുപഠിച്ചാൽ രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: I. ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രം (God alone) ആണ്. അത് ക്രിസ്തുതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:44; 17:3). II. ക്രിസ്തു മനുഷ്യനാണ്. അതും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). അതിനാൽ, ലൂക്കൊസിൻ്റെ വാക്കിനാലും ദൈവം ത്രിത്വമല്ലെന്നും ക്രിസ്തു ദൈവമല്ലെന്നും മനസ്സിലാക്കാം.
2. ഏകജ്ഞാനിയായ ദൈവം: “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, “മോണോ സോഫൊ തിയോ” (μόνῳ Θεῷ – mono sofo theo) ആണ്: ഇവിടെയും ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (only) കുറിക്കുന്ന മോണോസ്” (Mónos) കൊണ്ട്, ദൈവം ഏകജ്ഞാനിയാണെന്ന് പൗലൊസ് ഖണ്ഡിതമായി പറയുമായിരുന്നില്ല. “ഏകജ്ഞാനിയായ ദൈവം” (The only wise God) എന്ന പ്രയോഗത്തിന്, ഒരേയൊരു ജ്ഞാനിയായ ദൈവം അല്ലെങ്കിൽ, ഒരുത്തൻ മാത്രമാണ് ജ്ഞാനിയായ ദൈവം എന്നാണർത്ഥം.” ജ്ഞാനസമ്പൂർണ്ണൻ” യഹോവ ഒരുത്തൻ മാത്രമാണ്; അതുകൊണ്ടാണ് ദൈവത്തെ ഒരേയൊരു ജ്ഞാനിയെന്ന് “മോണോസ്” (only) കൊണ്ട് പൗലൊസ് ഖണ്ഡിതമായി വിശേഷിപ്പിക്കുന്നത്: (ഇയ്യോ, 37:16). തന്മൂലം, ദൈവം ത്രിത്വമല്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അപ്പൊസ്തലനായ പൗലൊസിൻ്റെ വാക്കിനാൽ വ്യക്തമാകുന്നു.
3. അദൃശ്യനായ ഏകദൈവം: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഈ വേദഭാഗത്തെ, “അദൃശ്യനായ ഏകദൈവം” എന്നത് ഗ്രീക്കിൽ, “അറോട്ടോ മോണോ തിയോ” (ἀοράτῳ μόνῳ Θεῷ – aorato mono theo) ആണ്. ഈ വേദഭാഗത്തും, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (only) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (only) കുറിക്കുന്ന മോണോസ് കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നില്ല. ക്രിസ്തു ദൈവമല്ലാത്തതുകൊണ്ടും യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്നതുകൊണ്ടാണ്, “അദൃശ്യനായ ഏകദൈവം” എന്ന് “മോണോസ്” (only) കൊണ്ട് ഖണ്ഡിതമായി പറയുന്നത്: (യെശ, 45:5)
4. ഏകാധിപതി: “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.” (1തിമൊ, 6:15). ഈ വാക്യത്തിൽ പറയുന്ന “ഏകാധിപതി അഥവാ, ഏക പരമാധികാരി” ഗ്രീക്കിൽ, “മോണോസ് ഡൈനാസ്റ്റിസ്” (μόνος Δυνάστης – monos dynastis) ആണ്. ഗ്രീക്കിൽ, “മോണോ സോഫൊ തിയോ” (μόνῳ Θεῷ – mono sofo theo) ആണ്: ഇവിടെയും ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone) കുറിക്കുന്ന മോണോസ്” (Mónos) കൊണ്ട്, “ഏകാധിപതി” എന്ന് ഖണ്ഡിതമായി വിശേഷിപ്പിക്കില്ല; വിശേഷിപ്പിക്കാൻ കഴിയില്ല. യിസ്രായേലിന്റെ ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ് (alone) ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം: (2രാജാ, 19:15; 19:19). അതുകൊണ്ടാണ്, ദൈവത്തെ “ഏകാധിപതി” എന്ന് “മോണോസ്” (only) കൊണ്ട് പൗലൊസ് വിശേഷിപ്പിച്ചത്. ക്രിസ്തുവും ത്രിത്വമാണെങ്കിൽ, ദൈവത്തെ “ഏകാധിപതി” എന്ന് എങ്ങനെ വിശേഷിപ്പിക്കും?
5. താൻ മാത്രം അമർത്യതയുള്ളവൻ: “താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:16). ഈ വാക്യത്തിൽ പറയുന്ന “താൻ മാത്രം അമർത്യതയുള്ളവൻ” ഗ്രീക്കിൽ, “ഹോ മോണോൻ എഖോൻ അത്താനാസിയൻ” (ὁ μόνος ἔχων ἀθανασίαν – monon echon athanasian) ആണ്. ഈ വേദഭാഗത്തും, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ഒരുത്തൻ മാത്രമാണ് അമർത്യതയുള്ളവൻ എന്ന് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നില്ല. ഏകസത്യദൈവമായ പിതാവു് മാത്രമാണ് മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും: (1തിമൊ, 6:16; യോഹ, 17:3; വെളി, 4:10). ക്രിസ്തു മരിക്കുകയും ദൈവത്താൽ ഉയിർപ്പിക്കപ്പെടുകയും ചെയ്തതാണ്. (റോമ, 10:9). നമ്മുടെ പാങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ ദൈവമല്ല; അവൻ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ്; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് നമുടെ ഏകദൈവം: (1തിമൊ, 3:15-16; 1പത്രൊ, 2:24; പ്രവൃ, 2:23-24; 2:36; 5:31). “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്നു” ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു. [Systematic Theology]. ദൈവം അമർത്യനാണെന്ന് ദൈവാത്മാവിനാൽ എഴുവെച്ചിരിക്കുന്നത് വിശ്വസിക്കുന്നില്ല എന്നതുപോട്ടെ; ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ത്രിമൂർത്തികൾ. ക്രൂശിൽ മരിച്ച ക്രിസ്തുവും ദൈവമാണെന്ന് വിശ്വസിക്കുന്നവർ, മരണമില്ലാത്ത ദൈവം മരിച്ചുവെന്ന നാടകത്തിൽ വിശ്വസിക്കുന്നവരാകയാൽ, ഇപ്പോഴും പാപത്തിൽത്തന്നെ ഇരിക്കയാണ്.
6. ഏകകർത്താവായ ദൈവം: ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: “ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” [കാണുക: യൂദാ 1:4: ബെ.ബെ]. മലയാളത്തിലെ വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (യൂദാ 1:4). എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭാഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ഈ വാക്യത്തിൽ പറയുന്ന “ഏകകർത്താവായ ദൈവം” ഗ്രീക്കിൽ, “ടൊൺ മോണോൻ ഡസ്പോറ്റിൻ തിയോൻ” (τὸν μόνον δεσπότην Θεὸν – ton monon despotin theon) എന്നാണ്. ഗ്രീക്കിൽ, “മോണോ സോഫൊ തിയോ” (μόνῳ Θεῷ – Móno sofo theo) ആണ്: ഇവിടെയും ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ഏകകർത്താവായ അഥവാ, ഒരേയൊരു കർത്താവായ ദൈവത്തെ (The only Lord God) “മോണോസ്” (Mónos) കൊണ്ട് ദൈവപുത്രനായ കർത്താവിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. എന്തെന്നാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയുലുമില്ല: (ആവ, 4:39). ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് യൂദാ ഖണ്ഡിതമായി പറയുമായിരുന്നില്ല.
7. ഏകദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന “ഏകദൈവം” ഗ്രീക്കിൽ, “മോണോ തിയോ” (μόνῳ Θεῷ – Móno theo) ആണ്. ഈ വേദഭാഗത്തും, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ഈ വാക്യത്തിൽ ഏകദൈവത്തിനു് (To the only God) ദൈവപുത്രനായ യേശുക്രിസ്തു മുഖാന്തരമാണ് മഹത്വം അർപ്പിക്കുകയാണ്. എന്തെന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (ആവ, 4:35). ഇവിടെയും ഒറ്റയെ കുറിക്കുന്ന മോണോസാണ്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നില്ല.
8. ഏകപരിശുദ്ധൻ: “കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (വെളി, 15:4). ഈ വാക്യത്തിൽ പറയുന്ന “ഏകപരിശുദ്ധൻ” ഗ്രീക്കിൽ, മോണോസ് ഓസിയൊസ് (μόνος ὅσιος – oti Mónos osios) ആണ്. ഇവിടെയും ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ക്രിസ്തു പാപരഹിതനായ മനുഷ്യൻ എന്ന നിലയിൽ പരിശുദ്ധനാണ്: (യോഹ, 6:69; 1യോഹ, 3:5). എന്നാൽ ആത്യന്തികമായി ഒരേയൊരു ദൈവമായ പിതാവ് മാത്രമാണ് പരിശുദ്ധൻ: (യോശു, 24:19; 1ശമൂ, 6:20; യെശ, 5:16; 6:3; യോഹ, 17:11; വെളി, 4:8; 15:4). അതുകൊണ്ടാണ്, ദൈവത്തെ “ഏകപരിശുദ്ധൻ” എന്ന് “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ദൈവം ഏകപരിശുദ്ധനെന്ന് യോഹന്നാൻ ഖണ്ഡിതമായി പറയുമായിരുന്നില്ല.
മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം, ഒന്നിനെ കുറിക്കുന്ന ഹെയ്സ്” (heis) എന്ന പദമല്ല; ഒറ്റയെ (alone/only) കുറിക്കുന്ന “മോണോസ്” (Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone/only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ അപ്പൊസ്തലന്മാരെ ദൈവാത്മാവ് അനുവദിക്കുമായിരുന്നില്ല. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകദൈവം ഗ്രീക്കിൽ, “മോണോസ് തിയോസ്” (μόνος θεός – Mónos Theós – The only God) ആണ്. മോണോസ് തിയോസിലുള്ള വിശ്വാസമാണ്, Monotheism അഥവാ, ഏകദൈവവിശ്വാസം. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച “മോണോതീയിസം” എന്ന വിശ്വാസത്തിനു് വിരുദ്ധമായ വിശ്വാസം ജീവനിലേക്കല്ല; മരണത്തിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. അതായത്, ബൈബിളിൾ വെളിപ്പെടുത്തുന്ന ദൈവം, വൺനെസ്സും ത്രിത്വവുമല്ല; “മോണോസ് തിയോസ്” (Mónos Theós) അഥവാ, “ഏകദൈവം” ആണ്. ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം, വൺനെസ്സ് വിശ്വാസവുമല്ല, ത്രിത്വവിശ്വാസവുമല്ല; “മോണോതീയിസം” (monotheism) അഥവാ, ഏകദൈവവിശ്വാസമാണ്. മറ്റൊരു ദൈവമോ, മറ്റൊരു വിശ്വാസമോ ബൈബിളിൽ കണ്ടെത്താൻ സ്വർഗ്ഗത്തിലും ഭൂമിയിലുള്ള ആർക്കും കഴിയില്ല. ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് ഒരു ബഹുത്വമുണ്ടെന്നോ, ദൈവപുത്രനായ ക്രിസ്തു ദൈവമാണെന്നോ തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലെ ആർക്കും കഴിയില്ല. [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ]
9. പിതാവായ ഏകദൈവം: “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. “ഏകദൈവം” എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറഞ്ഞതും ഓർക്കുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ് ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് പിതാവായ ഏകദൈവം. (പ്രവൃ, 2:23-24; 2:36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല. ഭാഷ അറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാകേണ്ടതാണ്; എന്നാൽ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രത്താൽ പണ്ഡിതന്മാർപോലും ഗ്രിഹിക്കുന്നില്ല.
10. പിതാവ് ഏകസ്രഷ്ടാവ്: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച “അവൻ്റെ” പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് “അവർ” (They) അല്ല; “അവൻ” (Him) അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11. ഒ.നോ: വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, “നീ” (Thou) സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; “നീ” (Thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; “നിൻ്റെ” (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്. ഒ.നോ: (മർക്കൊ, 13:19; പ്രവൃ, 4:24; 14:15; 17:24; 1കൊരി, 8:6; എഫെ, 3:9; എബ്രാ, 1:10; 3:14; 11:3; 2പത്രൊ, 3:5; വെളി, 4:11; 14:7). സൃഷ്ടിക്കുമാത്രമല്ല; പുതുസൃഷ്ടിക്കും കാണഭൂതൻ യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ്. മനുഷ്യരുടെ വീണ്ടുംജനനത്തിനും (2കൊരി, 5:17-18) പുതുവാനഭൂമിക്കും കാരണഭൂതനാണ് പിതാവു്: (യെശ, 65:17-18; 66:22; വെളി, 21:5). ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരായ മൂന്നുപേരും ക്രിസ്തു ദൈവവുമാണെങ്കിൽ, അതിൽ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അപ്പൊസ്തലന്മാർ പറയുമോ? ക്രിസ്തുവിനെ മാത്രമല്ല; അപ്പൊസ്തലന്മാരെയും കള്ളന്മാരാക്കുന്ന ഉപദേശമാണ് ത്രിത്വം.
11. ഏകമനുഷ്യനായ യേശുക്രിസ്തു: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ദൈവം മനുഷ്യനല്ല; ആത്മാവാണ്: (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള ഏകമനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; റോമ, 5:15). താൻ മനുഷ്യനാണെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നതുകൂടാതെ, അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുപ്പത്താറുപ്രാവശ്യം “മനുഷ്യൻ” (anthropos, anēr) എന്നും നാലുപ്രാവശ്യം “ജഡം” (sarki) എന്നും പറഞ്ഞിട്ടുണ്ട്. “ജഡം” എന്നതിനും മനുഷ്യൻ എന്നുതന്നെയാണ് അർത്ഥം. എല്ലാം കാണുക: ▪️പുരുഷാരം: മനുഷ്യൻ. (മത്താ, 9:8), ▪️യേശു: മനുഷ്യൻ. (മത്താ, 11:19), ▪️പത്രൊസ്: മനുഷ്യൻ. (മത്താ, 26:72), ▪️പത്രൊസ്: മനുഷ്യൻ. (മത്താ, 26:74), ▪️പത്രൊസ്: മനുഷ്യൻ (മർക്കൊ, 14:71), ▪️ശതാധിപൻ: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), ▪️യേശു: മനുഷ്യൻ (ലൂക്കൊ, 7:34), ▪️പീലാത്തൊസ്: കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ▪️പീലാത്തൊസ്: ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), ▪️പീലാത്തൊസ്: മനുഷ്യൻ (ലൂക്കൊ, 23:14), ▪️പീലാത്തൊസ്: മനുഷ്യൻ (ലൂക്കൊ, 23:14), ▪️ശതാധിപൻ: നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), ▪️സ്നാപകൻ: മനുഷ്യൻ (യോഹ, 1:30), ▪️സ്നാപകൻ: മനുഷ്യൻ (യോഹ, 3:27), ▪️ശമര്യസ്ത്രീ: മനുഷ്യൻ (യോഹ, 4:29), ▪️യെഹൂദന്മാർ: മനുഷ്യൻ (യോഹ, 5:12), ▪️ചേകവർ: മനുഷ്യൻ (യോഹ, 7:46), ▪️യേശുക്രിസ്തു: മനുഷ്യൻ (യോഹ, 8:40), ▪️പിറവിക്കുരുടൻ: യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ▪️പരീശന്മാർ: മനുഷ്യൻ (യോഹ, 9:16), ▪️പരീശന്മാർ: മനുഷ്യൻ (യോഹ, 9:24), ▪️യെഹൂദന്മാർ: മനുഷ്യൻ (യോഹ, 10:33), ▪️മഹാപുരോഹിതന്മാരും പരീശന്മാരും: മനുഷ്യൻ (യോഹ, 11:47), ▪️കയ്യഫാവ്: മനുഷ്യൻ (യോഹ, 11:50),▪️കയ്യഫാവ്: മനുഷ്യൻ (യോഹ, 18:14), ▪️വാതിൽ കാവൽക്കാരത്തി: മനുഷ്യൻ (യോഹ, 18:17), ▪️പീലാത്തൊസ്: മനുഷ്യൻ (യോഹ, 18:29), ▪️പീലാത്തൊസ്: മനുഷ്യൻ (യോഹ, 19:5), ▪️പത്രൊസ്: മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ▪️ന്യായാധിപസംഘം: മനുഷ്യൻ (പ്രവൃ, 5:28), ▪️പൗലൊസ്: ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ▪️പൗലൊസ്: മനുഷ്യൻ (1കൊരി, 15:21), ▪️പൗലൊസ്: രണ്ടാം മനുഷ്യൻ (1കൊരി, 15:47), ▪️പൗലൊസ്: ഏകപുരുഷൻ (2കൊരി, 11:2), ▪️പൗലൊസ്: മനുഷ്യൻ (ഫിലി, 2:8), ▪️പൗലൊസ്: മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ▪️പൗലൊസ്: ജഡം (1തിമൊ, 3:16), ▪️യോഹന്നാൻ: ജഡം (യോഹ, 1:14), ▪️ജഡം (1യോഹ, 4:2), ▪️ജഡം (2യോഹ, 1:7). ക്രിസ്തു തിരഞ്ഞെടുത്തടുത്ത അപ്പൊസ്തലന്മാരും അവനെ സ്വന്തകണ്ണാൽ കണ്ടവരും അവനിൽനിന്ന് നേരിട്ട് സൗഖ്യം പ്രാപിച്ചവരും അവൻ മനുഷ്യനാണെന്നല്ലാതെ; ദൈവമാണെന്ന് പറഞ്ഞിട്ടില്ല. ദൈവം മനുഷ്യനല്ലെന്ന് ആവർത്തിച്ചു ആലേഖനം ചെയ്തുവെച്ചിരിക്കുന്ന പരിശുദ്ധാത്മാവുതന്നെയാണ് ക്രിസ്തു മനുഷ്യനാണെന്നും നാല്പതുപ്രാവശ്യം പറഞ്ഞിരിക്കുന്നത്. പിന്നെയും വചനവിരുദ്ധമായി ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടും ഏകമനുഷ്യനുമായ യേശുക്രിസ്തുവിനെ ദൈവമാക്കുന്നവർ പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുകയാണ്: (മത്താ, 12:31-32). പരിശുദ്ധാത്മാവ് ആരാണെന്നെങ്കിലും ട്രിനിറ്റി അറിയില്ലെന്നത് പോട്ട; “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നുപറയുന്ന ദൈവത്തെയെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ! (ഹോശേ, 11:9).
12. യേശുവെന്ന ക്രിസ്തു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. “നീ അഭിഷേകം ചെയ്ത യേശു എന്ന പരിശുദ്ധദാസൻ” അഥവാ, ദൈവത്തിൻ്റെ അഭിഷിക്തനായ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ ക്രിസ്തുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). ട്രിനിറ്റി കരുതുന്നപോലെ കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അവളുടെ മൂത്തമകനായ ഒരു വിശുദ്ധപ്രജയെ അല്ലെങ്കിൽ പാപരഹിതനായ ഒരു മനുഷ്യനെയാണ്: (മത്താ, 1:16; 1:25; ലൂക്കൊ, 1:35; 2:6-7; യോഹ, 8:40; 1യോഹ, 3:5). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, അവനു് ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “ക്രിസ്തു” അഥവാ, “അഭിഷിക്തൻ” ആയത്: (പ്രവൃ, 10:38. ഒ.നോ: യെശ, 61:1; ലൂക്കൊ, 2:11; 3:22). താൻ യോർദ്ദാനിൽവെച്ചാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി അവൻ പിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടത്: (ലൂക്കൊ, 1:32; 1:35; 3:22). “ഖ്രിസ്റ്റോസ്” (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. “മശീയാഹ്” (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് “ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു” (Christ), “മശീയാഹ്” (masiah) എന്ന എബ്രായപദത്തിനും “ഖ്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ മോശെ മുതലുള്ള പ്രവാചകന്മാരും അഹരോൻ മുതലുള്ള പുരോഹിതന്മാരും ശൗൽ മുതലുള്ള രാജാക്കന്മാരും അഭിഷിക്തരാണ്. പേർ പറയപ്പെട്ടിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കൻ ബൈബിളിലുണ്ട്; ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, എല്ലാ ക്രിസ്തുക്കളെയും ദൈവമായി അംഗീകരിക്കുമോ? സൃഷ്ടികളെങ്കിലും ദൈവത്തിൻ്റെ ദൂതന്മാരിൽ ഒരാളെപ്പോലും ദൈവം അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്; അതിനാൽ അഭിഷേകം ആവശ്യമില്ല. ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്, അവനു് അഭിഷേകം ആവശ്യമായിവന്നത്: (എബ്രാ, 2:9; 1തിമൊ, 2:6). യോർദ്ദാനിനിൽവെച്ച് ദൈവം കൊടുത്ത അഭിഷേകത്തിൻ്റെ ശക്തിയോടെയാണ്, യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 3:22–പ്രവൃ, 10:38 → ലൂക്കൊ, 4:14}. ദൈവം ത്രിത്വമാണെന്നും ക്രിസ്തു ദൈവമാണെന്നും വിശ്വസിക്കുന്നവർ, ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തെക്കൊണ്ട് ശക്തിപ്പെടുത്തിയെന്നും, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകത്തിൻ്റെ ശക്തി ആവശ്യമുള്ള ബലഹീന ദൈവമാണ് ക്രിസ്തുവെന്നുമാണ് വിശ്വസിക്കുന്നത്. [കാണുക: മശീഹമാർ]
13. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവർ: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). അഭിഷേകത്തെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്: “ക്രിസ്തു” എന്ന ഗ്രീക്കുപദത്തിനും “മശീഹാ” എന്ന എബ്രായ പദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ് അർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. പ്രവചനംപോലെ, യേശുവും ആ വിധത്തിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയവനാണ്: (പ്രവൃ, 10:38. ഒ.നോ: യെശ, 61:1; ലൂക്കൊ, 2:11; 3:22). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ പറഞ്ഞകാര്യവും മുകളിൽ നാം കണ്ടതാണ്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ദൈവം “ക്രിസ്തു അഥവാ, അഭിഷിക്തൻ” അല്ല; അഭിഷേകദാതാവാണ്. ദൈവം ദൈവത്തെയല്ല “ക്രിസ്തു അഥവാ, അഭിക്തൻ” ആക്കുന്നത്; മനുഷ്യനെയാണ്. ദൈവം തൻ്റെ ആത്മാവിനാൽ “അഭിഷേകം” ചെയ്ത അല്ലെങ്കിൽ, “ക്രിസ്തു” ആക്കിയ പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40; 1യോഹ, 3:5). ഇതൊക്കെ, ദൈവാത്മാവിനാൽ പുതിയനിയമത്തിൻ്റെ ആദ്യഭാഗത്തുതന്നെ എഴുതി വെച്ചിരിക്കുന്ന വസ്തുതകളാണ്. ദൈവപുത്രനായ യേശു അഭിഷേകദാതാവായ ദൈവമാണെങ്കിൽ യോർദ്ദാനിൽവെച്ച് പിതാവു് അവനെ അഭിഷേകം ചെയ്തത് എന്തിനാണ്? ഒരു ദൈവം മറ്റൊരു ദൈവത്തെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ അതെങ്ങനെ സദുപദേശമാകും? യോഹന്നാൻ്റെ സുവിശേഷത്തിൽ യേശുവിനെ ദൈവത്തിൻ്റ വചനം ജഡമയിത്തീർന്നവനായി അവൻ അവതരിപ്പിച്ചിരിക്കയാൽ, യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് ട്രിനിറ്റി. യോഹന്നാൻ്റെ പുസ്തകം അവർ പഠിച്ചിട്ടില്ലെന്നതാണ് വസ്തുത. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുന്നത് യോഹന്നാനിലാണ്: [കാണുക: യോഹ, 5:44; യോഹ, 17:3; യോഹ, 8:40]. ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (യോഹ, 1:14; 1:30; 3:27; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). തൻ്റെ ലേഖനങ്ങളിൽ രണ്ടു പ്രാവശ്യവുമുണ്ട്: (1യോഹ, 4:2; 2യോഹ, 1:7). താൻ ദൈവമല്ല; മനുഷ്യനാണെന്ന യേശുവിൻ്റെ വാക്കുകളും അവൻ മനുഷ്യനാണെന്ന് ഏറ്റവും അധികം (19 പ്രാവശ്യം) എഴുതിവെച്ചിരിക്കുന്നവനുമായ യോഹന്നാണ് പറയുന്നത്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു.” അപ്പോൾ എന്താണതിൻ്റെ അർത്ഥം? “യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ അഥവാ, അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്നവൻ കള്ളൻ ആകുന്നു.” ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണ് എന്ന് പറയുന്നവരെല്ലാ അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്ന കള്ളന്നാരാണെന്നാണ് ക്രിസ്തുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യൻ പറയുന്നത്. നമുക്കുവേണ്ടി മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവെന്ന മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ എല്ലാം കള്ളനും എതിർക്രിസ്തുവുമാണ്. അതാണ് യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറയുന്ന വിഷയം. അതാണ്, ഓരോ മനുഷ്യനും രക്ഷയ്ക്കായി ഏറ്റുപറയേണ്ട സത്യം: (റോമ, 10:9). അല്ലാതെ, മരണമില്ലാത്ത ദൈവംമരിച്ചു, വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്.
14. ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ഈ വേഭാഗപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞത് നാം മുകളിൽ കണ്ടതാണ്. [കാണുക: യോഹ, 5:44; യോഹ, 17:3; യോഹ, 8:40). ക്രിസ്തു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച ഏകമനുഷ്യനാണ്: (റോമ, 5:15). യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അതിനുശേഷമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ പിതാവിനാൽ “ദൈവപുത്രൻ” എന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32; 1:35; യോഹ, 8:40). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്. (പ്രവൃ, 10:38; ലൂക്കോ, 3:22. ഒ,നോ: യെശ, 61:1; ലൂക്കൊ, 4:18-21). പഴയപുതിയനിയമകാലത്ത് പരിശുദ്ധാത്മാവ് അനേകുരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് “ദേഹരൂപത്തിൽ” വന്ന് വാസം ചെയ്ട്ടില്ല. പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്: (പ്രവൃ, 5:3-4). അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും “ദേഹരൂപമായി” വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്. ക്രിസ്തു ദൈവമാണെങ്കിൽ, അവൻ സർവ്വസമ്പൂർണ്ണനായ ദൈവം തന്നെ ആയിരിക്കുമല്ലോ? പിന്നെ, “അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതദേഹരൂപമായി വസിക്കുന്നു” എന്നു പറയുന്നത് എന്തിനാണ്? ഒരു ദൈവത്തിൻ്റെമേൽ മറ്റൊരു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചുവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? വചനപരമായി മാത്രമല്ല; ഭാഷാപരമായും ഈ പ്രയോഗംകൊണ്ട് ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ കഴിയില്ല. അവൻ ദൈവത്തിൻ്റെ വെളിപ്പാടായ പുർണ്ണമനുഷ്യനാണ്: (1തിമൊ, 3:15-16; യോഹ, 8:40; 1യോഹ, 3:5). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]
15. ക്രിസ്തുവിൻ്റെ പിതാവ്: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല:” (എബ്രാ, 2:11). “നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവു” എന്ന പ്രയോഗം അനേകം പ്രാവശ്യമുണ്ട്: (റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും രക്ഷിക്കപ്പെട്ടവരുടെയും പിതാവ് ഒരുവനാണ്. “എൻ്റെ പിതാവു” (മത്താ, 11:27), “സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു” (മത്താ, 15:53) എന്നിങ്ങനെയാണ് ക്രിസ്തു ദൈവത്തെ സംബോധന ചെയ്തത്. അഭിഷിക്തനായ മനുഷ്യനെന്ന നിലയിൽ ദൈവം അവൻ്റെ പിതാവാണ്. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിനൊരു പിതാവ് ഉണ്ടാകുമായിരുന്നോ? ദൈവത്തിന് ഒരു പിതാവോ, മാതാവോ ഇല്ല എന്നത് ശിശുസഹജമായ ഒരു അറിവാണ്. നിർഭാഗ്യവശാൽ, അതുപോലും ട്രിനിറ്റിക്കറിയില്ല. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന വലിയൊരു തെറ്റിദ്ധാരണയുടെ പരിണിതഫലമാണ് ത്രിത്വവിശ്വാസം. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]
16. യേശുക്രിസ്തുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവമായ പിതാവിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തു ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണ് എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ദൈവപുത്രനായ യേശുവിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ഒരു ദൈവം തനിക്കുതന്നെ ദൈവം പിതാവും ആണെന്ന് പറയുന്ന കോമഡിപ്പുസ്തകമല്ല ബൈബിൾ. ബൈബിളിലെ സത്യദൈവം പിതാവ് മാത്രമാണ്. അതാണ് സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ക്രിസ്തുവും അവനിൽനിന്ന് കേട്ടുപഠിച്ച അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. ബാക്കിയെല്ലാം ഉപായിയായ സർപ്പത്തിൻ്റെ സഹായത്താൽ നിഖ്യായിൽനിന്ന് ഉണ്ടായ ദുരുപദേശങ്ങളാണ്.
17. സ്വർഗ്ഗത്തെക്കാൾ ഉന്നതനായി തീർന്നവൻ: “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ. (എബ്രാ, 7:26). ക്രിസ്തുവിനെക്കുറിച്ച് എബ്രായലേഖകൻ പറയുന്നത്, സ്വർഗത്തെക്കാൾ ഉന്നതൻ എന്നല്ല; “സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ” എന്നാണ്. ഇംഗ്ലീഷിൽ, “made higher than the heavens” എന്നാണ്. “സ്വർഗ്ഗത്തെക്കാൾ ഉയർത്തപ്പെട്ടവൻ” എന്നാണ് മറ്റൊരു പരിഭാഷ. ക്രിസ്തു ദൈവമാണെങ്കിൽ സ്വർഗ്ഗത്തെക്കാൾ ഉയർന്നവൻതന്നെ ആയിരിക്കുമല്ലോ? പിന്നെ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? അതിൻ്റെ ഉത്തരവും എബ്രായ ലേഖകൻതന്നെ പറഞ്ഞിട്ടുണ്ട്. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8-9). താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായത്. (അതുകൊണ്ട്, ക്രിസ്തു മുമ്പെ കുറവുള്ളവനായിരുന്നു എന്ന് വിചാരിക്കരുത്). ആദാമിൻ്റെ ലംഘനമാണ് മാനവകുലത്തിൻ്റെ പാപത്തിന്നു കാരണം: (റോമ, 5:14). ആദാമിൻ്റെ ലംഘനം അനുസരണക്കേടാണ്: (റോമ, 5:19). ആദാമിൻ്റെ അനുസരണക്കേടിനു പകരമായി പൂർണ്ണ അനുസരണം ദൈവത്തിനു തിരികെക്കൊടുക്കേണ്ടിയിരുന്നു: (റോമ, 5:15; 5:19). അതുകൊണ്ടാണ്, “തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവൻ ആയിത്തീർന്നു” എന്ന് പൗലൊസ് പറയുന്നത്: (ഫിലി, 2:8). ആദാമെന്ന മനുഷ്യൻ്റെ അനുസരണക്കേടിനെ യേശുവെന്ന മനുഷ്യൻ തൻ്റെ അനുസരണത്താൽ വിജയം വരിച്ച് തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതൻ ആയിത്തീർന്ന കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. അല്ലാതെ, അനുസരണം പഠിക്കാൻ പാപരഹിതനായ അവനിൽ കുറവൊന്നും ഇല്ലായിരുന്നു: (യോഹ, 6:69; 8:46; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ദൂതന്മരെക്കാൾ അല്മൊരു താഴ്ചവന്നവനാണ് മരണം ആസ്വദിച്ചതെന്നും, വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരികപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നും എബ്രായലേഖകൻതന്നെ പറയുന്നത് നോക്കുക: (എബ്രാ, 2:9; 2:11. ഒ.നോ: യോഹ, 20:17). ഇതൊന്നും ദൈവത്തെക്കുറിക്കുന്ന പ്രയോഗങ്ങളല്ല; യേശുവെന്ന പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (യോഹ, 8:40; 1യോഹ, 3:5). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). അല്ലാതെ, ഒരു ദൈവത്തെ മറ്റൊരു ദൈവം സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കേണ്ടല്ലോ?
18. അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പ്രത്രൊസിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പേ ഉണ്ടായിരുന്നു എന്നല്ല പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. ദൈവപുത്രനായ യേശു പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. അവൻ്റെ ജനനവും (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1; ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:32; 1:35) കഷ്ടാനുഭവവും (യെശ, 52:14; 53:3-7) മരണവും (യെശ, 53:8; 53:12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അന്ത്യകാലത്താണ് ജീവനുള്ളദൈവം ജഡത്തിൽ വെളിപ്പെട്ടത്: (1തിമൊ, 3:15-16; മത്താ, 1:21; 1പത്രൊ, 1:20). അതായത്, കാലസമ്പൂർണ്ണത വന്നപ്പോഴാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; ഗലാ, 4:4; 1യോഹ, 3:5). അതുകൊണ്ടാണ്, അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് പറയുന്നത്. യേശുവെന്ന വ്യക്തിയോ, ക്രിസ്തുവോ, ദൈവപുത്രനോ തൻ്റെ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. നമ്മുടെ രക്ഷിതാവും കർത്താവുമായവൻ്റെ “യേശു” എന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. പ്രവചനിവൃത്തിയായി ബി.സി. 6-ൽ ജനിച്ചവൻ എങ്ങനെയാണ് ദൈവത്തോട് സമനായ ദൈവമാകുന്നത്? അവൻ ദൈവമല്ല; ദൈവത്തിൻ്റ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്: (യോഹ, 8:40; 1യോഹ, 3:5).
19. ദൈവത്തിൻ്റെ ഇച്ഛ: “അവൻ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു് അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ മൂന്ന് കാര്യങ്ങൾ കാണാൻ കഴിയും: I. ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുന്നതും ദൈവം ഇച്ഛിക്കുന്ന ഒരു വിഷയമാണ് ഈ വേദഭാഗത്തുള്ളത്. II. ദൈവം ഒരുവൻ അഥവാ, പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവും നമുക്കുണ്ട് എന്നതാണ് ജാതികൾ അറിയേണ്ട സത്യം. III. ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്. അതായത്, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത് അഥവാ, നിത്യജീവൻ പ്രാപിക്കുന്നത്. ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. “ഏകസത്യദൈവമായ നിന്നെയും അഥവാ, ഒരേയോരു സത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു” എന്നാണ് യേശുക്രിസ്തു പറഞ്ഞത്. (യോഹ, 17:3). അതുതന്നെയാണ് പൗലൊസും പറഞ്ഞത്. (1കൊരി, 8:6; എഫെ, 4:6). ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് പറഞ്ഞതും പൗലൊസാണ്: (1തിമൊ, 3:15-16). അവൻ ഒന്നുകൂടി പറഞ്ഞിട്ടുണ്ട്: “ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്. “കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു” എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെയാണ്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: ( (പ്രവൃ, 2:23-24; 2:36; 5:31). അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയം ആംശംസിക്കുന്നത്: (2കൊരി, 13:14). നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ ട്രിനിറ്റിയിൽ ഇല്ല. ട്രിനിറ്റിയിൽ ഉള്ള മൂന്നുപേരും ദൈവമാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് Systematic Theology പറയുന്നു. (പേജ്, 228). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു ആണ് മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (1തിമൊ, 2:6; എബ്രാ, 2:9). മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ? (1തിമൊ, 6:16). ത്രിമൂർത്തിവിശ്വാസം നിങ്ങളെ ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: “നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ട്രിനിറ്റി.
ഒരേയൊരു ദൈവമായ പിതാവിനെയും ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, മനുഷ്യരുടെ പാപത്തിനു് മറുവിലയായി ദൈവത്തിനു് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി തന്നെത്തന്നെ അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയുന്നതാണ് നിത്യജീവൻ അല്ലെങ്കിൽ രക്ഷ: (യോഹ, 17:3; 1കൊരി, 8:6; 1തിമൊ, 2:5-6; 1യോഹ, 5:20). ഈ സത്യം അറിഞ്ഞ് സകല മനുഷ്യരും രക്ഷപ്രാപിപ്പാനാണ് ദൈവം പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി നിയമിച്ചത്. അതാണ് ദൈവത്തിൻ്റെ ഇച്ഛ; ഭോഷ്കല്ല, പരമാർഥംതന്നെ എന്ന് പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു: (1തിമൊ, 2:4-7). ദൈവത്തിൻ്റെ ഇച്ഛ അറിയാതെയും സത്യം അംഗീകരിക്കാതെയും സത്യേകദൈവത്തെയും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും വിശ്വസിക്കാതെയും ഇല്ലാത്ത ത്രിത്വത്തിൽ വിശ്വസിക്കുന്നവർ എങ്ങനെ രക്ഷപ്രാപിക്കും❓
മൂന്നാംഭാഗം കാണാൻ താഴെയുള ലിങ്കിൽ ക്ലിക്കുചെയ്യുക: