ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും

ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും 

ഭൂമിയിൽ മനുഷ്യർ പെരുകി. ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ വിവാഹം കഴിച്ചു. (ഉല്പ, 6:1-4). ഈ ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും ആരെന്നതിനെക്കുറിച്ചു പ്രധാനമായി മുന്നഭിപ്രായങ്ങളുണ്ട്: l. ദൈവപുത്രന്മാർ പ്രഭുകുമാരന്മാരും മനുഷ്യപുത്രന്മാർ നീചകുലജാതകളും. ll. ദൈവപുത്രന്മാർ ദൂതന്മാരും മനുഷ്യപുത്രിമാർ സാധാരണ മനുഷ്യപുത്രിമാരും. lll. ദൈവപുത്രന്മാർ ശേത്തിന്റെ സന്തതി അഥവാ, ഭക്തിയുള്ള പുരുഷന്മാരും മനുഷ്യപുത്രിമാർ കയീന്റെ സന്തതി അഥവാ, അഭക്തകളും ആണ്. 

l. യാഥാസ്ഥിതിക റബ്ബിമാരാണ് ഒന്നാമത്തെ അഭിപ്രായത്തിന്റെ വക്താക്കൾ. ഉന്നത കുലജാതന്മാരാണ് ദൈവപുത്രന്മാർ. നീചകുല സ്ത്രീകളാണ് മനുഷ്യപുത്രിമാർ. ഭാഷാപ്രയോഗം അനുകൂലിക്കാത്തതു കൊണ്ടും തിരുവെഴുത്തുകളുടെ പിൻബലം ഇല്ലാത്തതുകൊണ്ടും ഈ വാദം അപ്രസക്തമായിത്തീർന്നു. 

ll. ദൈവപുത്രന്മാർ ദൂതന്മാരാണ്. വീഴ്ച സംഭവിച്ച ദൂതന്മാരാണ് ദൈവപുത്രന്മാർ. ഇവർ താത്ക്കാലികമായി മനുഷ്യരൂപം സ്വീകരിച്ചു മനുഷ്യസ്ത്രീകളോടു സഹവസിച്ചു. ഈ മിശ്രവിവാഹത്തിൽ നിന്നുണ്ടായവരാണ് മല്ലന്മാർ. ഈ ചിന്താഗതിക്ക് അനുകൂലമായ പറയുന്ന വാദമുഖങ്ങൾ: 

1. ഉല്പത്തി 6-നു വെളിയിൽ ദൈവപുത്രന്മാർ എന്ന പ്രയോഗം (ബൈനേ എലോഹീം) ദൈവദൂതന്മാരെ കുറിക്കുവാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. (ഇയ്യോ, 1:6; 2:1; 38:6). ആവർത്തനം 14:1; യെശയ്യാവാ 43:6; ഹോശേയ 1:10; 11:1 എന്നിവിടങ്ങളിൽ ‘ബൈനേ എലോഹീം’ എന്നല്ല പ്രയോഗം. 

2. സന്ദർഭത്തിൽ നിന്നും ദൈവപുത്രന്മാരുടെയും മനുഷ്യപുത്രിമാരുടെയും സഹവാസം അസ്വാഭാവികവും അസാധാരണവും എന്നു വ്യക്തമാകുന്നു. ജല പ്രളയത്തിന്റെ കാരണങ്ങളിലൊന്ന് അതായിരിക്കണം.

3. മനുഷ്യപുത്രിമാരെ അഭക്തകൾ എന്നു വ്യാഖ്യാനിക്കുന്നതിനു ഒരു ന്യായീകരണവുമില്ല. സ്ത്രീവർഗ്ഗത്തെ മുഴുവൻ കുറിക്കുന്ന ഒരു പ്രയോഗം മാത്രമാണിത്; ദൈവപുത്രന്മാർ ദൈവദൂതന്മാരെ കുറിക്കുന്നതു പോലെ. 

4. ഈ സംയോഗത്തിലുണ്ടായവരെ നെഫിലീം (മല്ലന്മാർ) എന്നാണ് വിളിച്ചിരിക്കുന്നത്. ഗിഗാൻ്റെസ് എന്ന പദമാണ് സെപ്റ്റ്വജിന്റിൽ. ഭീമാകാരത്തെ കുറിക്കുന്ന വാക്കല്ലത്. ഭൂജാതർ (ഗെഗെനെസ്) എന്ന അർത്ഥമാണുളളത്. അർദ്ധഭൗമവും അർദ്ധ സ്വർഗ്ഗീയവുമായ ടൈറ്റന്മാരെ കുറിക്കുവാൻ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. നെഫിലീം എന്ന എബ്രായ പദത്തിനു വീണുപോയവർ എന്നർത്ഥം. അവിശുദ്ധ സംയോഗത്തിലുണ്ടായ അസാധാരണ സന്തതിയെ കുറിക്കുകയാണത്. കനാനിലെ അനാക്കിന്റെ പുത്രന്മാരെ കുറിക്കുവാൻ ഈ പദം തന്നെ സംഖ്യാപുസ്തകം 13:33-ൽ പ്രയോഗിച്ചിട്ടുണ്ട്. അവർ ഭീമാകാരന്മാരായിരുന്നു. എന്നാൽ മിശ്രപ്രകൃതിയോടു കൂടിയ രാക്ഷസന്മാരാകണം ഉല്പത്തി 6-ലെ വിവക്ഷ. 

5. വിചിത്രമായ പാപം ചെയത് ബന്ധിക്കപ്പെട്ട ഒരു വിഭാഗം ദൂതന്മാരെക്കുറിച്ചു 2പത്രൊസ് 2:4-5; യൂദാ 6-7 എന്നിവിടങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. അവരുടെ ശിക്ഷാവിധിയുടെ കാരണത്തെക്കുറിച്ചു നമുക്കു ഊഹിക്കാവുന്ന തെളിവ് ഇതു മാത്രമാണ്. ഇവരുടെ പാപത്തെ സൊദോമിലും ഗൊമോറയിലും സംഭവിച്ച ലൈംഗിക ഭ്രംശത്തോടാണ് പത്രൊസും യൂദയും താരതമ്യം ചെയ്തിരിക്കുന്നത്. 

6. അന്യജഡം മോഹിച്ചു എന്നാണ് കാണുന്നത്. ഇതു ദൂതന്മാർക്കില്ലാത്ത ജഡത്തെ കാണിക്കുന്നു. ഈ ദൂതന്മാർ തങ്ങളുടെ വാഴ്ച കാത്തുകൊണ്ടില്ല. മാത്രവുമല്ല, അവർ തങ്ങളുടെ വാസസ്ഥലം വിട്ടുപോകുകയും ചെയ്തു. ഈ അസാധാരണ പാപത്തിനു വിധേയരായ ദൂതന്മാരെ സ്ഥിരമായി അന്ധകൂപത്തിൽ അടച്ചിരിക്കുകയാണ്. അവിടെ അവർ അഗ്നിപൊയ്കയിലേക്കുളള വിധികാത്തു കഴിയുന്നു. (മത്താ, 25:41; 2പത്രൊ, 2:4; യൂദാ, 6; വെളി, 20:10).

lll. ദൈവപുത്രന്മാർ ശേത്തിന്റെ സന്തതികളാണ്. ഉല്പത്തി 6:1-4 സൂക്ഷ്മമായി പഠിക്കുന്നവർക്കു അവർ ശേത്തിന്റെ സന്തതിയാണെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. തെളിവുകൾ: 

1. ഉല്പത്തി 6-നു വെളിയിൽ ‘ബൈനേ എലോഹീം’ ദൂതന്മാരെ കുറിക്കുവാൻ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. അതിനാൽ ഉല്പത്തി 6-ലും ദൈവപുത്രന്മാർ ദൂതന്മാരാണു എന്ന വാദം കഴമ്പില്ലാത്തതാണ്. ഇയ്യോ, 1:6; 2:1; 38:6 എന്നിവിടങ്ങളിലാണ് പ്രസ്തുത പ്രയോഗം വരുന്നത്. അവിടെ ദൂതന്മാരെന്ന് മനസ്സിലാക്കുന്നത് ഏകപക്ഷീയമാണ്. തിരുവെഴുത്തുകളിലൊരേടത്തും ദൈവപുത്രന്മാർ ദൈവ ദൂതന്മാരാണെന്ന ധ്വനി ലഭിക്കുന്നില്ല. ദൈവവുമായി ബന്ധമുള്ള ദൂതന്മാരെയും മനുഷ്യരെയും ദൈവപുത്രന്മാരെന്നു വിവക്ഷിക്കുന്നതു യുക്തമാണ്. ആവർത്തനം 14:1; യെശയ്യാവ് 43:6; ഹോശേയ 1:10; 11:1 എന്നിവിടങ്ങളിൽ ‘ദൈവപുത്രന്മാർ’ ദൈവഭക്തന്മാരെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവിടെ ‘ബൈനേ എലോഹീം’ അല്ല പ്രയോഗം എന്നാണു പ്രതിവാദം. ആവർത്തനം 14:1 ബാനീം അത്തം ല യഹോവ എലോഹേക്കേം ‘നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.’ (അടിവരയിട്ട പദങ്ങൾ ബൈനേ എലോഹീമിന്റെ രൂപങ്ങൾ തന്നെയാണ്) യെശയ്യാവ് 43:6-ൽ ‘എന്റെ പുത്രന്മാർ’ എന്നു ദൈവം പറയുമ്പോൾ വിവക്ഷ ദൈവപുത്രന്മാർ എന്നല്ലേ? ഹോശയ 11:1-ലും ‘എന്റെ മകൻ’ എന്നാണ് പ്രയോഗം. ഹോശേയ 1:10-ൽ ‘ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്നു കാണാം. സങ്കീർതനം 73:15-ൽ ‘നിന്റെ മക്കളുടെ തലമുറ’ എന്നു ഭക്തന്മാരെയും ആവർത്തനം 32:5-ൽ ‘ദൈവത്തിന്റെ മക്കളെന്നു’ യിസ്രായേല്യരെയും പറയുന്നു. ദൈവപുത്രന്മാർ എന്ന പ്രയോഗം ഭൗതിക ജനനത്തെ വിവക്ഷിക്കായ്കയാൽ ദൈവസാദൃശ്യം വഹിക്കുന്ന എല്ലാ ജീവികൾക്കും ചേരും. ന്യായാധിപന്മാരെ എലോഹീം (ദേവന്മാർ) എന്നും, ബെനേ എല്യോൻ (അത്യുന്നതന്റെ പുത്രന്മാർ) എന്നും സങ്കീർത്തനം 82:6-ൽ വിളിച്ചിട്ടുണ്ട്. ദൈവപുത്രന്മാർ ദൂതന്മാരല്ലെന്നു തെളിയിക്കാൻ ഒരു സാമാന്യയുക്തി മതിയാകും. 

2. ദൈവപുത്രന്മാർ ദൂതന്മാരാണെങ്കിൽ വിശുദ്ധ ദൂതന്മാരോ വീണുപോയ ദൂതന്മാരോ ആയിരിക്കണം. ദൈവദൂതന്മാർ അനുസരണമുള്ളവരും ദൈവഹിതം നിറവേറ്റുന്നതിനും തിരുനാമം മഹത്വപ്പെടുത്തുന്നതിനും സദാ ജാഗരൂകരുമാണ്. യുവതികളുമായി ദുർന്നടപ്പു ആചരിക്കുകയോ വഷളത്തം പ്രവർത്തിക്കുയോ ചെയ്യുക എന്നതു അവരുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നതല്ല. (മത്താ, 22:30). മാത്രമല്ല, വീണുപോയ ദൂതന്മാരെ ഒരിക്കലും ദൈവപുത്രന്മാർ എന്നു വിളിക്കുകയില്ല. 

3. ദൈവപുത്രന്മാർക്കു വിപര്യായമായ പ്രയോഗമാണ് മനുഷ്യപുത്രിമാർ. ഈ പ്രയോഗം ഒരിക്കലും ദൈവപുത്രന്മാരെ ദൂതന്മാരാക്കുകയില്ല. ഒന്നാം വാക്യത്തിലെ മനുഷ്യന്റെ (ഹാ ആദാം) രണ്ടു ഉപവിഭാഗങ്ങളാണ് ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും. ശേത്തിൻ്റെയും കയീൻ്റെയും സന്തതികളെ മുൻ അദ്ധ്യായങ്ങളിൽ വ്യാവർത്തിപ്പിച്ചിട്ടുണ്ട്. (ഉല്പ, 4:16-24; 4:25-5:32). വിശ്വാസികളും അവിശ്വാസികളും തമ്മിലുളള മിശ്രവിവാഹത്തിന്റെ ആദ്യരേഖയാണ് ഉല്പത്തി 6:1-4. ശേത്തിന്റെ സന്തതികളും കയീന്റെ സന്തതികളും തമ്മിലുള്ള മിശ്രവിവാഹം ജലപ്രളയകാലത്തു നടന്നിരുന്നു. (ഉല്പ, 27:46; 28:1). 

4. ഉല്പത്തി 6:2-ൽ ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ട് തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു എന്നു കാണാം. സൃഷ്ടിയുടെ കാലത്തു ദൈവം ഏർപ്പെടുത്തിയ വിവാഹത്തെ കുറിക്കുന്ന പദമാണ് ഭാര്യമാരായി എടുത്തു എന്നതിനു എബ്രായയിൽ (ലാക്കഹ് ഇഷ്ഷാഹ്). ഒരിക്കലും വെറും ശാരീരിക ബന്ധത്തെക്കുറിക്കുന്ന പദം അല്ല. താൽക്കാലിക ഭോഗസിദ്ധിക്കു വേണ്ടി സുന്ദരികളെ വശീകരിച്ചു ആവശ്യാനന്തരം ഉപേക്ഷിക്കു കയായിരുന്നില്ല; മറിച്ച്, സ്ഥിരമായ വിവാഹ ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു അവർ. വിശുദ്ധവേദപുസ്തകം കൃത്യമായിത്തന്നെ പരിഭാഷപ്പെടുത്തുന്നു. “ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നു കണ്ടു തങ്ങൾക്കു ഇഷ്ടമുളളവരെ വിവാഹം ചെയ്തു.” പി.ഒ.സി.യിൽ: “ഇഷ്ടപ്പെടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു.” ദൈവദൂതന്മാർക്കു വിവാഹം ചെയ്യുവാൻ കഴിയുകയില്ലെന്നു ക്രിസ്തു തന്നെ വെളിപ്പെടുത്തി. (മത്താ, 22:30).

5. മാനുഷിക വിവാഹത്തിൽ ഏർപ്പെടുവാൻ കഴിയുന്ന ദേഹസാന്നിദ്ധ്യം ദൂതന്മാർക്കില്ല. ദൈവത്തിനെതിരെ മത്സരിച്ചു മുമ്പില്ലാത്ത ഒരു ശക്തിയോ അവയവമോ ദൂതന്മാർക്കു നേടാൻ കഴിയുകയുമില്ല. മനുഷ്യരൂപം സ്വീകരിച്ചു ദൂതന്മാർ മനുഷ്യരുടെ മറ്റുള്ള പ്രവൃത്തികൾ (നടക്കുക, ഇരിക്കുക, ഭക്ഷിക്കുക, സംസാരിക്കുക തുടങ്ങിയവ) ചെയ്തിട്ടുണ്ട്. അതുപോലെ മാത്രമേ ലൈംഗിക പ്രക്രിയയിൽ ഏർപ്പെടുന്നതും എന്ന വാദം വിചിത്രമാണ്. അബ്രാഹാമിനെ സന്ദർശിച്ച ദൂതന്മാർ ഭക്ഷിച്ചു. ദൈവം അനുവദിച്ചതു കൊണ്ടാണു അവർ ഭക്ഷിച്ചത്. രണ്ടാമതായി, ദൈവദൂതന്മാർ ഭക്ഷണം കഴിക്കുന്നതും പാപം ചെയ്ത ദൂതന്മാർ ഭാര്യമാരെ സ്വീകരിച്ചു കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനും തമ്മിൽ വലിയ അന്തരമുണ്ട്. 

6. 2പത്രൊസ് 2:4ഉം യൂദാ 6-ഉം ദൂതവിവാഹത്തിനു തെളിവു നല്കുന്നില്ല. പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിച്ചില്ലെന്നേ പറയുന്നുള്ളൂ. തങ്ങളുടെ വാഴ്ച കാത്തുകൊളളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെന്നേ യൂദായും പറയുന്നുള്ളൂ. മനുഷ്യപുത്രിമാരെ വിവാഹം ചെയ്തുവെന്നോ സന്തത്യുത്പാദനം നടത്തിയെന്നോ ഒന്നും രേഖപ്പെടുത്തുന്നില്ല. അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു (വാ, 7) എന്നതു ദൂതന്മാരെ കുറിക്കുന്നതായി മനസ്സിലാക്കിയാൽ പോലും ദുർന്നടപ്പു വിവാഹമല്ല. വ്യാകരണപരമായി അവർക്കു (ടൂടൊയ്സ്) എന്നതു സൊദോം ഗൊമോറ അഥവാ പ്രസ്തുത പട്ടണങ്ങളിലെ നിവാസികളെ കുറിക്കുന്നു. ടൂടൊയ്സ് എന്നതു 4-ാം വാക്യത്തിലെ ‘ദൈവത്തിന്റെ കൃപയെ ദുഷ്ക്കാമവൃത്തിക്കു ഹേതുവാക്കിയ അഭക്തരായ ചിലരോടും’ എന്നതിനോടും അന്വയിച്ചു കൂടായ്കയില്ല. 

7. ദൈവപുത്രന്മാരുടെ മേൽ ദൈവം ഉച്ചരിച്ച വിധിയും മനുഷ്യർക്കു മാത്രം ചേരുന്നതാണ്. “മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.” (ഉല്പ, 6:3).

8. ഈ അസ്വാഭാവികമായ വിവാഹം മനുഷ്യവർഗ്ഗത്തെ മുഴുവൻ ദുഷിപ്പിച്ചതിനു കാരണക്കാർ ദൂതന്മാർ ആയിരുന്നുവെങ്കിൽ മനുഷ്യരെയാണോ ശിക്ഷിക്കേണ്ടത്? മനുഷ്യർ വഞ്ചിക്കപ്പെടുക മാത്രമായിരുന്നല്ലോ. ദൈവിക ശിക്ഷാവിധിയിൽ ഇമ്മാതിരി പക്ഷപാതം ദൃശ്യമല്ല. ഇവിടെ വർണ്ണിക്കപ്പെടുന്ന ചരിത്രം മനുഷ്യന്റേതാണെന്നു വ്യക്തമാണ്. ദൈവപുത്രന്മാർ ദൂതന്മാരാണങ്കിൽ ഈ ആഖ്യാനം മനുഷ്യരെക്കുറിച്ചു മാത്രമുള്ളതല്ല, ദൈവദൂതന്മാരുടേതും ആയിരിക്കുമായിരുന്നു. പരീക്ഷിതനും പരീക്ഷകനും ഒരുപോലെ ശിക്ഷിക്കപ്പെടുകയാണു തിരുവെഴുത്തുകളിൽ. 

9. ദൂതന്മാരും മനുഷ്യസ്ത്രീകളും തമ്മിലുള്ള അവിശുദ്ധ സംയോഗത്തിലുണ്ടായ അസാധാരണ സന്തതിയെ കുറിക്കുകയാണ് നെഫിലീം. ഗിഗാൻ്റെസ് എന്ന പദമാണ് സെപ്റ്റ്വജിന്റിൽ. ദൈവപുത്രന്മാരും (മനുഷ്യരോ ദൂതന്മാരോ ആയിക്കൊള്ളട്ടെ) മനുഷ്യപുത്രിമാരും തമ്മിലുള്ള വേഴ്ചയിൽ നിന്നു നെഫിലീം (മല്ലന്മാർ) ജനിച്ചു എന്നു പറഞ്ഞിട്ടില്ല. രണ്ടാം വാക്യത്തിൽ വിവാഹം കഴിച്ചു എന്നേ പറഞ്ഞിട്ടുള്ളു. നാലാം വാക്യത്തിൽ അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. അതിൻ ശേഷവും (ദൈവം താക്കീതു നല്കിയതിനു ശേഷവും) ദൈവത്തിന്റെ പുത്രന്മാർ മനുഷ്യപുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു, ഇവരാകുന്നു പുരാതന കാലത്തെ വീരന്മാർ (ഹഗ്ഗി ബോറീം). ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ വിവാഹം കഴിക്കുന്നതിനു മുമ്പുതന്നെ മല്ലന്മാർ ഉണ്ടായിരുന്നു. ‘നാഫൽ’ എന്ന ധാതുവിനു വീഴുക, ചാടിവീഴുക എന്നർത്ഥം. നെഫിലീമിനു ആക്രമണകാരികൾ എന്ന അർത്ഥമാണ് യുക്തം. ജനത്തിന്റെ മേൽ ചാടിവീണു അവരെ പീഡിപ്പിച്ചതിനാലാണു നെഫിലീം എന്നു അവരെ വിളിക്കുന്നത്. ‘സ്വർഗ്ഗത്തിൽ നിന്നു വീണ’ എന്ന ധാരണ തെറ്റാണ്; പുരാണത്തിൽ നിന്നു കടമെടുത്ത പദം കൊണ്ടാണ് സെപ്റ്റ്വജിന്റിൽ നെഫിലീമിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ദേവന്മാർ ഭൂമിയിൽ വന്നു മനുഷ്യസ്ത്രീകളുമായി വേഴ്ച നടത്തിയതായി പുരാണകഥകളുമായി ഈ സംഭവത്തെ ബന്ധിപ്പിക്കുക മാത്രമേ ഗിഗാൻ്റെസ് എന്ന പദം ചെയ്യുന്നുള്ളൂ. ഭൂമിയുടെ ദേവിയായ ‘ഗയെ’യുടെയും (Gaea), ദ്യോവിന്റെ ദേവനായ ‘ഉരാണസി’ൻ്റെയും (Uranus) മക്കളാണ് ഗിഗാൻ്റെസ്. ഇവർ ദേവന്മാരോടു പോരാടി സൂയസിനോടൊപ്പം വീണു ഒളിമ്പസിൽ സ്ഥിരവാസമാക്കി. യവന പുരാണകഥയിൽ നിന്നു കടംകൊണ്ട ഈ പദം ബൈബിൾ വൃത്താന്തത്തെ ആ നിലയിലാക്കുകയാണ്. പരിഭാഷാപദം അവലംബമാക്കി സിദ്ധാന്തസ്ഥാപനം നടത്തുന്നതു ഒരിക്കലും ശരിയല്ല. 

10. മനുഷ്യവർഗ്ഗത്തെ (നോഹയും കുടുംബവും ഒഴികെ) പൂർണ്ണമായി നശിപ്പിച്ച ജലപ്രളയത്തിനു ഉപപത്തി കണ്ടെത്താൻ കഴിയുന്നതു ദൂതവിവാഹത്തെ അംഗീകരിക്കുന്നതിലൂടെ ആണെന്ന വാദവും തെറ്റാണ്. അതിനെ തിരുവെഴുത്തുകൾ അനുകൂലിക്കുന്നില്ല. ദൂതമനുഷ്യ സംയോഗത്തിലുണ്ടായ വർഗ്ഗം മാത്രമല്ല, മനുഷ്യവർഗ്ഗം മുഴുവൻ വഷളായതായി തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. ദൂതന്മാരായ പിതാക്കന്മാരുടെ സന്തതി മുഴുവൻ പ്രളയത്തിൽ നശിച്ചു. തന്മൂലം പ്രളയശേഷം ദുഷ്ടത ഉണ്ടാകാൻ പാടില്ലായിരുന്നു. എന്നാൽ മനുഷ്യന്റെ വഷളത്തം പ്രളയത്തിനു മുമ്പുണ്ടായിരുന്നതു പോലെ തന്നെ തുടരുകയാണ് പ്രളയശേഷവും. ഉല്പത്തി 6:5-ഉം 8:21-ഉം ഒത്തുനോക്കുക. ദൈവം ഭൂമിയെ നശിപ്പിക്കാത്തതിനു കാരണം “ഞാൻ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല” എന്ന ദൈവത്തിന്റെ വാഗ്ദാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *