ട്രിനിറ്റിക്ക് അറിയാത്ത അഞ്ച് കാര്യങ്ങൾ
ബൈബിൾ വെളിപ്പെടുത്തുന്ന പരമപ്രധാനമായ അഞ്ച് കാര്യങ്ങൾ ട്രിനിറ്റിക്ക് അറിയില്ല; അല്ലെങ്കിൽ, അറിഞ്ഞിട്ടും അവർ വിശ്വസിക്കുന്നില്ല. അത്, ഏതൊക്കെയാണെന്ന് നോക്കിയശേഷം വിശദമായി പരിശോധിക്കാം. 1. ദൈവം മോണോസ് തെയോസ് (monos theos) ആണെന്ന് ബൈബിൾ ഖണ്ഡിതമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവം ത്രിത്വമാണെന്ന് ബൈബിൾ വിരുദ്ധമായി അവർ വിശ്വസിക്കുന്നു. 2. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പിതാവാണ് അദൃശ്യനായ ദൈവമെന്ന് അവർ വിശ്വസിക്കുന്നു. 3. ദൈവം മരണമില്ലാത്തവനാണെന്നും ദൂതന്മാരെക്കാൾ താഴ്ചവന്നവനായ മനുഷ്യനാണ് മരിച്ചതെന്നും ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവമാണ് മരിച്ചതെന്ന് ചിലരും, ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവനാണ് മരിച്ചതെന്ന് മറ്റു ചിലരും വിശ്വസിക്കുന്നു. 4. യേശുവെന്ന പുത്രൻ പാപമറിയാത്ത മനുഷ്യനാണെന്നും, അവൻ ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ വെച്ചാണ് പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനുമായത്, എന്ന് ദൈവവചനം അസന്ദിഗ്ധമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്നും, സർവ്വകാലങ്ങൾക്കു മുമ്പെ ദൈവം പുത്രനെ ജനിപ്പിച്ചു എന്ന ബൈബിൾ വിരുദ്ധ ഉപദേശം ട്രിനിറ്റി വിശ്വസിക്കുന്നു. 5. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശുവെന്ന് ബൈബിൾ അക്ഷരംപ്രതി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവത്തോട് സമനായയ നിത്യപുത്രൻ അവതരിച്ചു എന്ന് ബൈബിൾ വിരുദ്ധമായി വിശ്വസിക്കുന്നു. ഇനി, നമുക്ക് ഓരോന്നും വിശദമായി പരിശോധിക്കാം:
1. ദൈവം ഒരുത്തൻ മാത്രമാണ് അഥവാ, monos theos ആണെന്ന് ബൈബിൾ ഖണ്ഡിതമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല,. തന്മൂലം, ദൈവം ത്രിത്വമാണെന്ന് ബൈബിൾ വിരുദ്ധമായി ട്രിനിറ്റി വിശ്വസിക്കുന്നു: ദൈവം ഏകൻ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏക സത്യദൈവം എന്നിങ്ങനെ 130 പ്രാവശ്യം അക്ഷരംപ്രതി വചനത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഉദാ: (ആവ, 6:4, മർക്കൊ, 2:7; 2രാജാ, 19:15; യോഹ, 17:3). കൂടാതെ, അഞ്ച് ഏകവചന സർവ്വനാമങ്ങളിൽ ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും, പത്ത് ഏകവചന സർവ്വനാമങ്ങളിൽ ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും ഏകദേശം, പതിനായിരം പ്രാവശ്യത്തോളമുണ്ട്. അതും ചേർത്താൽ, പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇനിയും പ്രധാനപ്പെട്ട ഒരു തെളിവുണ്ട്: പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ ബാദ്, ബദാദ് എന്ന എബ്രായ പദം 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ആവ, 32:12; 2രാജാ, 19:15,19; സങ്കീ, 4:8). എന്നാൽ, തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ അഥവാ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ 20 പ്രാവശ്യവും monos ആണ് കാണുന്നത്. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഇരുപതു പ്രാവശ്യം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ദൈവം മോണോസ് ആണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പതിമൂന്ന് പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. അഞ്ചുപ്രാവശ്യം ക്രിസ്തുവും എട്ടുപ്രാവശ്യം അപ്പൊസ്തലന്മാരും മോണോസ് പ്രയോഗിച്ചിട്ടുണ്ട്: ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; 1തിമൊ, 1:17; യൂദാ, 1:24). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ച ബൈബിളിൽ ഇരുപതു പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായകൊണ്ട് പതിമൂന്ന് പ്രാവശ്യവും ദൈവം യാഖീദ് അഥവാ, മോണോസ് ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ഈ ബൈബിൾ സത്യങ്ങളൊന്നും ട്രിനിറ്റിക്ക് അറിയായ്കയാൽ, സമനിത്യരും വ്യത്യസ്തരുമായ മൂന്ന് ദൈവവ്യക്തികളിലാണ് ട്രിനിറ്റി വിശ്വസിക്കുന്നത്.
2. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പിതാവാണ് അദൃശ്യനായ ദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ആദ്യം ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തെക്കുറിച്ച് നോക്കാം. അക്ഷയനും അദൃശ്യനും, ആത്മാവും, ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും, ആരും ഒരുനാളും കാണാത്തവനും, കാണ്മാൻ കഴിയാത്തവനും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ, ഏകദൈവം (monos theos) ആണ് നമുക്കുള്ളത്. (1തിമമ, 1ൻ:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18,; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). യിസ്രായേലിൻ്റെ ദൈവം മറഞ്ഞിരിക്കുന്ന ദൈവമാണെന്ന് യെശയ്യാവ് പറയുന്നു. (45:15). ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യവും, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യവും, ദൈവത്തെ കാണ്മാൻ കഴിയില്ലെന്ന് ഒരു പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊഥെ, 1:17; എബ്രാ,11:27; യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). അപ്പൊസ്തലനായ പൗലൊസ് പറയുന്നത്, “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. (പ്രവൃ, 17:28). അവനിലാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത് എന്ന് പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൻ്റെ ഉള്ളിലാണ് വസിക്കുന്നത് എന്നല്ല അർത്ഥം. സകലതും അഥവാ പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചത്തിൻ്റെ ഉള്ളിൽ മുഴുവനും ഉണ്ടെങ്കിലും, ദൈവം പ്രപഞ്ചത്തിന്റെ ഉള്ളിൽ അല്ല വസിക്കുന്നത്. പ്രത്യുത, ദൈവത്തിൻ്റെ ഉള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പ്രപഞ്ചത്തെക്കാൾ വലിയവനും, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ആത്മാവാണ്. (യെശ, 45:15; യിരെ, 23:23-24; സങ്കീ, 139:7-10; 1രാജാ, 8:2).
എന്നാൽ, പുതിയനിയമത്തിൽ ക്രിസ്തു ഇപ്രകാരം പറയുന്നതായി കാണാം: “എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല; അവന്റെ രൂപം കണ്ടിട്ടില്ല.” (യോഹ, 5:37). ഈ വേദഭാഗപ്രകാരം പിതാവാണ് ആരുമൊരുനാളും കാണാത്തതും കാണ്മാൻ കഴിയാത്തതുമായ ദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം. ഒന്നാമത്; പിതാവ് അദൃശ്യനാണെന്നോ, പിതാവിനെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നോ ബൈബിൾ എവിടെയും പറഞ്ഞിട്ടില്ല. പ്രത്യുത, ദൈവം അദൃശ്യനാണെന്നും ദൈവത്തെ “ആരുമൊരുനാളും കണ്ടിട്ടില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമത്; യോഹന്നാൻ പറഞ്ഞപോലെ, “ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല” എന്നല്ല ക്രിസ്തു പറഞ്ഞത്. പ്രത്യുത, “നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല; അവന്റെ രൂപം കണ്ടിട്ടില്ല” എന്നാണ്. അതായത്, യോഹന്നാൻ, എല്ലാക്കാലത്തുമുള്ള മനുഷ്യരെ സംബോധന ചെയ്തുകൊണ്ടും, ക്രിസ്തു, അക്കാലത്തെ യെഹൂദന്മാരെ മാത്രം സംബോധന ചെയ്തുകൊണ്ടുമാണ് പറഞ്ഞത്. മൂന്നാമത്; ക്രിസ്തു ആദ്യഭാഗത്ത് പറഞ്ഞത്, നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല എന്നാണ്. എന്നാൽ, പുതിയനിയമത്തിൽ മൂന്നുപ്രാവശ്യം പിതാവ് സംസാരിച്ചിട്ടുണ്ട്. പിതാവിൻ്റെ ആദ്യശബ്ദം, യോഹന്നാൻ സ്നാപകൻ കേട്ടു. (മത്താ, 3:17). പിതാവിൻ്റെ രണ്ടാമത്തെ ശബ്ദം, പത്രൊസും യാക്കോബും യോഹന്നാനും കേട്ടു. (മത്താ, 17:5-6). പിതാവിൻ്റെ മൂന്നാമത്തെ ശബ്ദം, ദൈവാലയത്തിൽ വെച്ചുണ്ടായതാണ്. (യോഹ, 12:28). എങ്കിലും, അവിടെയുണ്ടായിരുന്ന പുരുഷാരത്തിനു പിതാവാണ് സംസാരിച്ചതെന്ന് മനസ്സിലായില്ല. ഇടി വെട്ടിയതായി ചിലരും ദൈവദൂതൻ സംസാരിച്ചതായി മറ്റുചിലരും മനസ്സിലാക്കി. (യോഹ, 12:29). പുതിയനിയമത്തിൽ പിതാവ് സംസാരിച്ചതായി പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യം പറഞ്ഞിട്ടുമുണ്ട്: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; എന്നുള്ള ശബ്ദം അതിശ്രേഷ്ഠ തേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവനു മാനവും തേജസ്സും ലഭിച്ചു.” (2പത്രൊ, 1:17). മാത്രമല്ല, മോശെയോട് ദൈവം സംസാരിച്ചകാര്യം യെഹൂദന്മാർതന്നെ സാക്ഷ്യം പറയുന്നതായി കാണാം: “മോശെയോടു ദൈവം സംസാരിച്ചു എന്ന് ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്ന് എന്ന് അറിയുന്നില്ല” എന്നു പറഞ്ഞു. (യോഹ, 9:29). തന്മൂലം, നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല എന്ന് ക്രിസ്തു പറഞ്ഞത്, അക്കാലത്തെ യെഹൂദന്മാരെക്കുറിച്ച് മാത്രമാണെന്ന് മനസ്സിലാക്കാമല്ലോ? അടുത്തഭാഗത്ത് ക്രിസ്തു പറഞ്ഞത്: “നിങ്ങൾ അവന്റെ രൂപം കണ്ടിട്ടില്ല” എന്നാണ്. എന്നാൽ, പിതാവിനെ ദൂതന്മാർ എപ്പോഴും കാണുന്നകാര്യം ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ദൂതന്മാർ മാത്രമല്ല; ആദാം തുടങ്ങി, മലാഖി വരെയുമുള്ള പഴയനിയമ ഭക്തന്മാരും പ്രവാചകന്മാരും ദൈവപിതാവിനെ പല നിലകളിൽ കണ്ടിട്ടുണ്ട്. കൂടാതെ, പഴയനിയമ ഭക്തന്മാരായ മീഖായാവ് (2രാജാ, 22:19), യെശയ്യാവ് 6:1-5), യെഹെസ്ക്കേൽ (1:26-28), ദാനിയേൽ (7:9-10) തുടങ്ങിയവർ, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ കണ്ടിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ പുതിയനിയമത്തിൽ യോഹന്നാൻ അപ്പൊസ്തലനും കണ്ടിട്ടുണ്ട്. (വെളി, 4:2). ക്രിസ്തു പറഞ്ഞപ്രകാരം, ദൂതന്മാരിൽനിന്ന് നിത്യം ആരാധന സ്വീകരിക്കുന്ന പിതാവിനെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:3; വെളി, 4:8). തന്മൂലം, നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല; അവന്റെ രൂപം കണ്ടിട്ടില്ല എന്ന് ക്രിസ്തു പറഞ്ഞത് അക്കാലത്ത് തന്നിൽ വിശ്വസിക്കാത്ത യെഹൂദന്മാരെക്കുറിച്ച് മാത്രമാണെന്ന് മനസ്സിലാക്കാം. പഴയപുതിയനിയമ ഭക്തന്മാർ, പിതാവിൻ്റെ ശബ്ദം കേട്ടവരും രൂപം കണ്ടവരുമാണ്. ദൈവപുത്രനെയും അനേകായിരംപേർ കണ്ടിട്ടുണ്ട്. (1യോഹ, 1:1-2). യിസ്രായേലിലും പരിസരപ്രദേശത്തും ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എല്ലാവരുംതന്നെ പുത്രനെ കണ്ടിട്ടുണ്ടാകും. പരിശുദ്ധാത്മാവ് അദൃശ്യനാണെങ്കിലും, രണ്ട് പ്രത്യേക ഘട്ടങ്ങളിൽ ദൃശ്യരൂപത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ഒന്നാമത്; ക്രിസ്തുവിൻ്റെ മേൽ ദേഹരൂപത്തിൽ ഇറങ്ങിവരുന്നത് യോഹന്നാൻ സ്നാപകൻ കണ്ടു. (ലൂക്കൊ, 3:22; മത്താ, 3:16). രണ്ടാമത്, പെന്തെക്കൊസ്തു നാളിൽ പിളർന്നിരിക്കുന്ന നാവുകളായി അപ്പൊസ്തലന്മാർ കണ്ടു. (പ്രവൃ, 2:3). തന്നെയുമല്ല, സർവ്വപ്രപഞ്ചവും നിറഞ്ഞുനിൽക്കുന്ന അദൃശ്യനും ആരുമൊരുനാളും കാണാത്ത ദൈവം പരിശുദ്ധാത്മാവാണെന്ന് പറയാനും കഴിയില്ല. എന്തെന്നാൽ, ആത്മാവ് അവരുടെമേൽ ആവസിച്ചു (സംഖ്യാ, 11:25), അവൻ്റെമേൽ വന്നു (സംഖ്യാ, 24:14), ആത്മാവ് വിട്ടുമാറി (1ശമൂ, 16:14), ആത്മാവ് വന്നിട്ടില്ലായിരുന്നു (യോഹ, 7:39), ആത്മാവിനെ അയക്കും (യോഹ, 16:7), ആത്മാവ് വരുമ്പോൾ (യോഹ, 16:13), ആത്മാവ് വന്നിരുന്നില്ല (പ്രവൃ, 8:16), പരിശുദ്ധാത്മാവ് വന്നു (പ്രവൃ, 10:44) തുടങ്ങിയ പ്രയോഗങ്ങൾ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവത്തെ കുറിക്കുന്നതല്ല. തന്മൂലം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമല്ല. അദൃശ്യനും ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത ഏകദൈവത്തിൻ്റെ അഥവാ, മോണോസ് തിയോസിൻ്റെ, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് (manifestations) പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന് മനസ്സിലാക്കാം. (യെഹെ, 1:26-28; 1തിമൊ, 3:14-16; ലൂക്കൊ, 3:22). ദൈവം ത്രിത്വമാണെന്ന് പറയാൻ, ഏകദൈവത്തിനു മൂന്ന് വെളിപ്പാടുകൾ മാത്രമല്ല ഉള്ളത്. അബ്രാഹാമിനു മമ്രയുടെ തോപ്പിൽ ദൈവത്തിൻ്റെ വെളിപ്പാടായ ഒരു മനുഷ്യൻ പ്രത്യക്ഷനായിടുണ്ട്. (ഉല്പ, 18:1;2,22; 19:1). വെളിപ്പാടിൽ ദൈവത്തിൻ്റെ ഏഴ് ആത്മാവിനെ കാണാം. (1:4; 4:5). സൂര്യതേജസ്സോടെ യോഹന്നാനു വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനായവനെ കാണാം. (വെളി, 1:13). ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതും ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളും ഉള്ളതായ കുഞ്ഞാടിനെയും യോഹന്നാൻ കണ്ടു. (വെളി, 5:6; 13:8). അതിൽ, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലുമുള്ള പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. (യെഹെ, 1:26-28; 8:2; ദാനീ .7:9; മത്താ, 18:11; വെളി, 1:8). അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). ഇനി, ദൈവത്തിനു പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വെളിപ്പാടുകൾ മാത്രമേ ഉള്ളെന്ന് വാദിച്ചാലും ദൈവം ത്രിത്വമാകില്ല. എന്തെന്നാൽ, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് പറയും? ആ ദൈവം നാലാമനായി മാറും. അപ്പോൾ, ത്രിത്വം പോയി ചതുർത്ഥമാകും. ത്രിത്വം ഒരുതരത്തിലും നടപടിയാകുന്ന ഉപദേശമേയല്ല.
3. ദൈവം മരണമില്ലാത്തവനാണെന്നും ദൂതന്മാരെക്കാൾ താഴ്ചവന്നവനായ മനുഷ്യനാണ് മരിച്ചതെന്നും ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവമാണ് മരിച്ചതെന്ന് ചിലരും, ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവനാണ് മരിച്ചതെന്ന് മറ്റു ചിലരും വിശ്വസിക്കുന്നു. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, സ്വാഭാവികമായ മരണമോ ഉള്ളതായിട്ട് ബൈബിൾ പറയുന്നില്ല. എന്നാൽ ക്രിസ്തു; വംശാവലിയോടെ ജനിച്ചുജീവിച്ച് ക്രൂശിൽ മരിച്ച് ഉയിർത്തവനാണ്. ദൂതന്മാർക്കുപോലും മരണമില്ലാതിരിക്കെ, ദൂതന്മാരെ സൃഷ്ടിച്ച ദൈവമാണ് ക്രൂശിൽ മരിച്ചതെന്ന് എങ്ങനെ പറയും? ദൈവം എങ്ങനെ വംശാവലിയോടെ ജനിച്ചുജീവിച്ച് മരിക്കും? ദൈവത്തിന് മരിക്കാൻ കഴിയുമോ? സത്യദൈവത്തിന് മരിക്കാൻ കഴിയില്ലെന്നത് ശിശു സഹജമായ ഒരു അറിവാണ്. എങ്കിലും, ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം: ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം മരണമില്ലാത്തവനാണ്. താൻ മാത്രം അമർത്യതയുള്ളവൻ എന്നാണ് പൗലോസ് പറയുന്നത്. (1തിമൊ, 6:16.. ഇ.ആർ.വി പരിഭാഷയിൽ, ഒരിക്കലും മരിക്കാത്തവൻ ദൈവം മാത്രമാണെന്നും, പി.ഒ.സി പരിഭാഷയിൽ, അവിടുന്ന് മാത്രമാണ് മരണമില്ലാത്തവൻ എന്നും, ഓശാന നൂതന പരിഭാഷയിൽ, അവിടുന്ന് മാത്രമാണ് മരണ രഹിതൻ എന്നും കാണാവുന്നതാണ്. അപ്പോൾ, മരണമില്ലാത്ത ദൈവം എങ്ങനെ മരിച്ചു? ഗൊൽഗോഥായിൽ അരങ്ങേറിയത് ഒരു മരണ നാടകം ആയിരുന്നില്ല. പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കണമെങ്കിൽ, ഒരു മരണം അനിവാര്യമായിരുന്നു. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു എന്നാണ് വചനം പറയുന്നത്.” (1കൊരി, 15:3). “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു” എന്നാണ് പത്രൊസ് പറയുന്നത്. (പ്രവൃ, 5:30). അപ്പോൾ, മരിച്ചു എന്നതും, ദൈവം ഉയിർപ്പിച്ചു എന്നതും വസ്തുതയാണ്. ക്രിസ്തു മരിച്ചു എന്നത് യാഥാർത്ഥ്യമാണെങ്കിൽ, മരിച്ചത് മരണമില്ലാത്ത ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ? രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ലെന്നാണ് വചനം പറയുന്നത്. (എബ്രാ, 9:22). ദൈവത്തിനു മരണമില്ലെന്ന് മാത്രമല്ല. പാപപരിഹാരത്തിനായി ചൊരിയാൻ രക്തവുമില്ല. തന്മൂലം, ദൈവമാണ് മരിച്ചതെന്ന് പറയുന്ന ട്രിനിറ്റിയുടെ വിശ്വാസം പരമാബദ്ധമാണെന്ന് മനസ്സിലാക്കാം. മാത്രമല്ല, മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ളവനാണെന്ന് പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 2:9). മനുഷ്യനാണെന്നും അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). മനുഷ്യനു പുനരുത്ഥാനമുണ്ടാകുന്നത് മനുഷ്യൻ മൂലമാണെന്നും പറഞ്ഞിട്ടുണ്ട്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21).
ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി അഥവാ, സങ്കര പ്രകൃതി ഉള്ളവനായിരുന്നു, അതിലെ മനുഷ്യപ്രകൃതിയാണ് ക്രൂശിൽ മരിച്ചതെന്ന് ചിലർ വിശ്വസിക്കുന്നു. അവർ വിശ്വസിക്കുന്ന മറ്റൊരു കാര്യം; അവൻ മനുഷ്യനായതുകൊണ്ട് മരിച്ചു, ദൈവം ആയതുകൊണ്ട് ഉയിർത്തു എന്നാണ്. ഒന്നാമത്; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയാണ് ക്രിസ്തുവിനു ഉള്ളതെന്ന് ബൈബിൾ എവിടെയും പറഞ്ഞിട്ടില്ല. രണ്ടാമത്; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയിൽ, ഒരു പ്രകൃതിയാണ് മരിച്ചതെന്നൊക്കെ പറഞ്ഞാൽ, അതൊരു നാടകമായിട്ടല്ലാതെ, ഒരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ?മൂന്നാമത്; അവൻ മനുഷ്യനായതുകൊണ്ട് മരിച്ചു ദൈവമായതുകൊണ്ട് ഉയിർത്തു എന്ന് പറയാൻ, അവൻ തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ, തന്നെത്താൻ ഉയിർത്തു എന്ന് വചനം പറയുന്നില്ല. ക്രിസ്തു തന്നെത്തന്നെ മരണത്തിനു ഏല്പിച്ചതായി അനേകം വാക്യങ്ങളുണ്ട്. (ഗലാ, 1:3-4; 2:20; എഫെസ്യർ 5ൻ്റെ2, 5ൻ്റെ27, 1തിമൊഥെയോസ് 2ൻ്റെ6, തീത്തോസ് 2ൻ്റെ14, എബ്രായർ 7:27; 9:14).എന്നാൽ, യേശു തന്നെത്താൻ ഉയിർത്തതല്ല; യേശുവെന്ന മനുഷ്യനെ ദൈവം ഉയിർപ്പിച്ചതാണ്. “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു.” (പ്രവൃ, 5ൻ്റെ30. ദൈവം അവനെ ഉയിർപ്പിച്ചുവെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉദാ: (പ്രവൃ, 2:24; 2:31; 4:10; 10:40; 13:30). ക്രിസ്തു തന്നെത്താൻ ഉയിർത്തതല്ല; പിതാക്കന്മാരുടെ ദൈവമായ യഹോവ അവനെ ഉയിർപ്പിച്ചതാണ്. ഇരുപ്രകൃതിക്കാരുടെ വാദം സത്യമായിരുന്നെങ്കിൽ അഥവാ, ക്രിസ്തു തന്നിൽത്തന്നെ ദൈവവും മനുഷ്യനും ആയിരുന്നെങ്കിൽ, തൻ്റെ മനുഷ്യപ്രകൃതിയെ ദൈവ പ്രകൃതിക്ക് ഉയിർപ്പിക്കാമായിരുന്നില്ലേ?നാലാമത്; ദൈവത്തിന് ഇരുപ്രകൃതിയുള്ളവൻ അഥവാ, ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവൻ ആകാൻ പറ്റില്ല. എന്തെന്നാൽ, ദൈവം മാറാത്തവൻ അഥവാ, മാറ്റമില്ലാത്തവൻ ആണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1:17). ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ എന്നതിനെ, പി.ഒ.സി പരിഭാഷയിൽ, മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ്. അതായത്, സാഹചര്യങ്ങൾക്ക് അനുസരിച്ച് ദൈവത്തിൻ്റെ സ്വരൂപത്തിനോ, സ്വഭാവത്തിനോ മാറ്റം വരുകയില്ല. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ, തൻ്റെ സ്ഥായിയായ പ്രകൃതിക്ക് മാറ്റം വരുത്താൻ കഴിയാത്ത ദൈവം എങ്ങനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാകും? മാറ്റമില്ലാത്തവനായ ദൈവം തൻ്റെ സ്ഥായിയായ പ്രകൃതി ത്യജിച്ചുകൊണ്ട് മറ്റൊരു പ്രകൃതി സ്വീകരിച്ചു എന്ന് പറഞ്ഞാൽ, ചഞ്ചലനായ ആ ദൈവത്തെ പിന്നെ, സത്യദൈവമെന്ന് വിളിക്കാൻ പറ്റുമോ? അപ്പോൾ, ക്രിസ്തുവിൻ്റെ സങ്കരപ്രകൃതി വാദവും പരമാബദ്ധമാണെന്ന് മനസ്സിലാക്കാം.
4. യേശുവെന്ന പുത്രൻ പാപമറിയാത്ത മനുഷ്യനാണെന്നും, അവൻ ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ വെച്ചാണ് പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനുമായത് എന്ന് ദൈവവചനം പറയുന്നത് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്നും സർവ്വകാലങ്ങൾക്കുമുമ്പെ ദൈവം യേശുവിനെ ജനിപ്പിച്ചു എന്ന ബൈബിൾ വിരുദ്ധ ഉപദേശമാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. ഒന്നാമത്; പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവം എന്നൊക്കെ പറയുന്നത് വെറും അബദ്ധ സിദ്ധാന്തമാണ്. ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ അഥവാ, പിതാവ് മാത്രമാണെന്നും പഴയപുതിയ നിയമങ്ങൾ ഒരുപോലെ പറയുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). യഹോവ അഥവാ, പിതാവ് മാത്രമാണ് ദൈവമെന്ന് യഹോവയും പഴയനിയമ ഭക്തന്മാരും ക്രിസ്തുവും അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിരിക്കെ, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?
രണ്ടാമത്; യഹോവയ്ക്കോ, പഴയനിയമ ഭക്തന്മാർക്കോ, അപ്പൊസ്തലന്മാർക്കോ ക്രിസ്തു ദൈവമാണെന്ന് അറിയില്ലായിരുന്നു. എന്തിനേറെ പറയുന്നു, താൻ ദൈവമാണെന്ന് ക്രിസ്തുവിനുപോലും അറിയില്ലായിരുന്നു. തന്മൂലം താൻ ദൈവമല്ല. മനുഷ്യനാണെന്ന് പുത്രനും, പുത്രൻ ദൈവമല്ല. മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നതായി കാണാം: പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറയുന്നത്. (യോഹ, 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറയുന്നു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). പുത്രൻ മനുഷ്യനാണെന്നും, പുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6; 2കൊരി, 1:3; എഫെ, 1:3,17). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ ദൈവവ്യക്തികൾ ആകുന്നത്?
മൂന്നാമത്; ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാത്തതാണ് ട്രിനിറ്റിയുടെ പ്രശ്നം. ഏകമനുഷ്യൻ എന്നാണ് പൗലൊസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല. ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). യേശുക്രിസ്തുവെന്ന ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. (പ്രവൃ, 15:11). കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെ അഥവാ, വിശുദ്ധ പ്രജയെ ആണ്. (ലൂക്കൊ, 2:36; 2കൊരി, 5:21). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40,52). അവന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (ലൂക്കൊ, 3:22; 4:18-21); (പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ഇവൻ “എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്തപ്പോഴാണ്, അവൻ ദൈവപുത്രനായത്. (ലൂക്കൊ, 1:32;35; 3:22). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത്. ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (ദാനീ, 2:28). അനന്തരം, മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ്. (യോഹ, 8:40). ക്രൂശിൽ മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ്. (1തിമൊ, 2:6; എബ്രാ, 2:9). മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചത് മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 10:40; 1കൊരി, 15:21). അതായത്, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണ മനുഷ്യനായിരുന്നു. (1പത്രൊ, 2:24: മത്താ, 26:38; ലൂക്കൊ, 23:46). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാം ദിവസം അവനെ ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത് ദൈവമാണ്. (പ്രവൃ, 2:36; 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. പഴയനിയമത്തിൽ ക്രിസ്തുവിനെക്കുറിച്ച് ഉണ്ടായിരുന്നത് പ്രവചനങ്ങളാണ്. അത് നിവൃത്തിയായത് കാലസമ്പൂർണ്ണതയിലെ ജനനം മുതലാണ്. (ഉല്പ, 3:15; യശയ്യാ, 7:14; 9:6). തന്മൂലം, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് ട്രിനിറ്റിയുടെ വിശ്വാസംപോലെ, സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല. എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. അതായത്, ദൈവപുത്രനെ ട്രിനിറ്റിക്ക് അറിയില്ല,. അതിനാൽ, ദൈവപിതാവിനെയും ട്രിനിറ്റി അറിയുന്നില്ല. (യോഹ, 8:19).
5. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശുവെന്ന് ബൈബിൾ അസന്ദിഗ്ധമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവത്തോട് സമനായ നിത്യപുത്രൻ അവതരിച്ചു എന്ന് ബൈബിൾ വിരുദ്ധമായി ട്രിനിറ്റി വിശ്വസിക്കുന്നു. ട്രിനിറ്റി പഠിപ്പിക്കുന്നതുപോലെ ദൈവത്തിന് ഒരു നിത്യപുത്രനുമില്ല; യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ, ഒരു സൃഷ്ടിപുത്രനുമില്ല. ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ ദൂതന്മാരാണ്. (നെഹെ, 9:6; ഇയ്യോ, 1:6; 2:1; 38:6; കൊലൊ, 1:16). യേശുവെന്ന പാപമറിയാത്ത മനുഷ്യൻ മുമ്പെ ഇല്ലായിരുന്നെന്നും അവൻ ദൈവപുത്രനായത് എ,ഡി. 29-ലാണെന്ന് മുകളിൽ നാം കണ്ടതാണ്. പിന്നെങ്ങനെ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാകും
നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യം മുകളിൽ നാം ചിന്തിച്ചതാണ്.. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).
ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ ‘അവൻ’ എന്ന സർവ്വ നാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ദൈവമാണ്. (യിരെ, 10:10). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര് കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന് ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്റേയും ആത്മാവിനെ പകരും; അവര് കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര് കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).
അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ പ്രത്യക്ഷത എന്ന് പറയുന്നത്.” സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!