ക്രിസ്തുവിന്റെ ജനനവർഷം

☛ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ഒരു ചരിത്രപുരുഷൻ ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുള്ളതായി അറിവില്ല. ➟എന്നാൽ യേശുവിന്റെ ജനനവർഷത്തെപ്പറ്റി പണ്ഡിതന്മാർക്കിടയിൽ ഇന്നും അഭിപ്രായ ഐക്യമില്ല. ➟ബി.സി. 𝟴 മുതൽ എ.ഡി. 𝟭 വരെയുള്ള കണക്കുകൾ ഓരോരുത്തരും പറയുന്നുണ്ട്. ➟എന്നാൽ ചരിത്രത്തിലെ ചില നിർണ്ണായക തെളിവുകളും, വിശേഷാൽ ബൈബിളിലെ വിവരങ്ങളും ചേർത്തുകൊണ്ട്, യേശുവിൻ്റെ ❛ജനനവർഷവും മാസവും❜ കൃത്യമായി കണക്കാക്കാൻ സാധിച്ചിട്ടുണ്ട്. ➟ഹെരോദാവിന്റെ മരണവും, അർക്കെലെയൊസിനെ റോമൻ ചക്രവർത്തി സിംഹാസന ഭ്രഷ്ടനാക്കുന്നതും, തിബെര്യാസ് കൈസറുടെ സിംഹാസനാരോഹണവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ➟അതിലുപരി മത്തായിയുടെയും, ലൂക്കോസിന്റെയും വിവരണവും ചേർത്ത് പരിശോധിച്ചപ്പോഴാണ് ഇത് സാദ്ധ്യമായത്. ➟ജനനദിവസം കണ്ടെത്താൻ ശ്രമിക്കുന്നില്ല. ➟യേശുവിന്റെ ജനനോത്സവം കൊണ്ടാടുകയെന്നത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഉൾപ്പെട്ടതല്ല. ➟ആയിരുന്നെങ്കിൽ സുവിശേഷകന്മാർ അത് രേഖപ്പെടുത്തുമായിരുന്നു. ➟ബൈബിളിൽ ഭക്തന്മാരുടെ ആരുടെയെങ്കിലും ജനനദിവസം ആഘോഷിച്ചതായി കാണുന്നില്ല. ➤❝നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തേക്കാളും ഉത്തമം❞ എന്നാണ് ശലോമോൻ പറയുന്നത്: (സഭാ, 7:1).
☛ പണ്ഡിതന്മാരുടെ കണ്ടെത്തൽ:
➦ യേശുവിന്റെ ജനനം: ❛വില്യം റാംസെ❜ (William Ramsay), ❛മക്കിൻലെ❜ (Mackinlay) മുതലായ പണ്ഡിതന്മാർ ബി.സി. 6/7, അല്ലെങ്കിൽ 8 എന്ന് കണക്കാക്കുന്നു. ➤❛ഡാൺഡെ, ഫ്ളിൻഡേഴ്സ് പെട്രി, നിക്കോൽ❜ എന്നീ പ്രൊഫസറന്മാരും ചാൻസലർമാരും ബി.സി. 8-നോട് യോജിക്കുന്നവരാണ്. ➤❛ബിൽ ഹീരൊമാൻ❜ പറയുന്നത്; ബി.സി. 7, ഏപ്രിൽ അല്ലെങ്കിൽ ബി.സി. 6, മാർച്ചിലാണ് യേശുവിന്റെ ജനനം. (Bill Heroman, A Timeline of Major Events in the New Testament Era, From 9 BC to AD 72). ➤❛യുറാന്റിയ ബുക്കിൽ❜ ബി.സി. 7, ആഗസ്റ്റ് 21-നാണ് യേശുവിന്റെ ജനനം. ➤❛പവ്വൽ റോബർട്ട്❜ (Powell Robert A) ❛ക്രിസ്തുവിന്റെ ദിനവൃനത്താന്തം❜ എന്ന പുസ്തകത്തിൽ; ബി.സി. 7, നവംബർ 12-നാണ് യേശുവിന്റെ ജനനം. (Chronicle of the living Christ: the life and ministry of Jesus Christ: 1996, p 68). ➤❛സ്റ്റാർ ഓഫ് വണ്ടർ❜ എന്ന പുസ്തകത്തിൽ, ബി.സി. 6, ഏപ്രിൽ 17-നാണ് യേശുവിന്റെ ജനനം. (Star of Wonder, Tom, Ottawa Citizen. p. A7). ➤ന്യൂ ലൈഫ് കമ്മ്യൂണിറ്റി ചർച്ചിന്റെ ❛When was Jesus born❜ എന്ന പുസ്തകത്തിൽ; ബി.സി. 5, സെപ്റ്റംബർ 25-നാണ് യേശുവിന്റെ ജനനം. ➤❛ഇന്റർനാഷണൽ സ്റ്റാന്റേർഡ് ബൈബിൾ എൻസൈക്ലോപീഡിയ❜ യേശുവിന്റെ ജനനം ബി.സി. 5-ൽ ആയിരിക്കാം എന്നു കണക്കാക്കുന്നു. ➤❛വേൾഡ് വൈഡ് ചർച്ച് ഓഫ് ഗോഡിന്റെ❜ ഒരു പ്രസിദ്ധീകരണം യേശുവിന്റെ ജനനം ബി.സി. 4-ൽ ആണെന്ന് ഗണിച്ചു പറഞ്ഞിരിക്കുന്നു. ➤❛കൈസര്യയിലെ യൂസേബിയസും, യഹോവസാക്ഷികളും❜ യേശുവിന്റെ ജനനം ബി.സി. 2, തിഷ്റി (സെപ്റ്റംബർ/ഒക്ടോബർ) മാസത്തിലാണെന്ന് വിശ്വസിക്കുന്നു. ➤ബി.സി. 2 അല്ലെങ്കിൽ 3 എന്നാണ് ❛തെർത്തുല്യൻ❜ (Terttullian) പറഞ്ഞിരിക്കുന്നത്.
☛ കുറേന്യൊസിന്റെ കാലത്തെ ഒന്നാമത്തെ പേരു ചാർത്തലിലാണ് (സെൻസസ്) യേശു ജനിച്ചതെന്ന് ലൂക്കൊസ് വ്യക്തമാക്കുന്നു. ➤❝ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഓഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.❞ (ലൂക്കൊ, 2:1-2). ➟കുറേന്യൊസിന്റെ ഭരണകാലത്ത് നടന്ന രണ്ടാമത്തെ പേരു ചാർത്തലിനെക്കുറിച്ചും ലൂക്കൊസ് പറഞ്ഞിട്ടുണ്ട്: (പ്രവൃ, 5:37). ➟ഔഗുസ്തൊസ് കൈസർ (ഒക്ടേവിയൻ, ബി.സി. 31 എ.ഡി. 14) തന്റെ ജാമാതാവും സേനാപതിയുമായിരുന്ന അഗ്രിപ്പയുമായി ചേർന്ന് മാർക്ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും സേനകളെ തോല്പിച്ച ❛ആക്ടിയം യുദ്ധം❜ (Battle of Actium) മുതൽ 37-മാണ്ടിലാണ് കുറേന്യൊസിന്റെ രണ്ടാമത്തെ സെൻസെസ്. ➟ആക്ടിയം വർഷം (Actium Era) ആരംഭിക്കുന്നത് ബി.സി. 31 മുതലാണ്. ➟ബി.സി. 31 മുതൽ 37-മാണ്ട് എന്നു പറയുന്നത് എ.ഡി. 6-ൽ ആണ്. ➟ഇതിനെക്കുറിച്ച് ജോസീഫസ് പറഞ്ഞിട്ടുണ്ട്. (Antiquities of the Jews, XVIII, 2.1). ➟എന്നാൽ യേശുവിൻ്റെ ജനനത്തോട് ബന്ധപ്പെട്ട ഒന്നാമത്തെ സെൻസസ് എന്നാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ➟അതാണ് യേശുവിൻ്റെ ജനനവർഷം കൃത്യമായി കണ്ടെത്താൻ ചരിത്രകാരന്മാർക്ക് തടസ്സമായി നില്ക്കുന്ന പ്രധാന വസ്തുത. ➟ദൈവത്തിൻ്റെ ക്രിസ്തു ഭൂമിയിലെ ഒരു ഉന്നതകുടുംബത്തിലും ജന്മം എടുത്തില്ല എന്നതും ലോകത്തിലെ ഒരു സ്ഥാനമാനങ്ങളും താൻ വഹിച്ചിരുന്നില്ല എന്നതും മറ്റൊരു കാരണമാണ്.
☛ ബൈബിളും ലഭ്യമായിരിക്കുന്ന ചരിത്രത്തെളിവുകളുമാണ് നമുക്ക് ആശ്രയമിയിട്ടുള്ളത്. ➟ആദ്യം നമുക്ക് ബൈബിളിലെ വിവരങ്ങൾ പരിശോധിക്കാം: ➟മറിയയും യോസേഫും ഗലീലയിലെ നസറത്ത് പട്ടണക്കാരായിരുന്നു: (ലൂക്കൊ, 1:26-27; 2:4). ➟അവർ ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവരായതുകൊണ്ട് പേര് ചാർത്തുവാനാണ് യെഹൂദ്യയിലെ ബേത്ത്ളേഹെം പട്ടണത്തിൽ എത്തിയത്: (ലൂക്കൊ, 2:4-5). ➟അവിടെവെച്ചാണ് മറിയ പ്രസവിക്കുന്നത്: (ലൂക്കൊ, 2:5-7). ➟അന്നു രാത്രിയിൽത്തന്നെ ഇടയന്മാർ പശുത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന പൈതലിനെ ചെന്നു കണ്ടു: (ലൂക്കൊ, 2:11-12; 1:16-17). ➟എട്ടുദിവസം കഴിഞ്ഞപ്പോൾ ന്യായപ്രമാണ കല്പനപ്രകാരം പൈതലിനെ പരിച്ഛേദന കഴിച്ചു; ദൂതൻ കല്പിച്ചപോലെ പൈതലിന് യേശു എന്ന പേർ വിളിച്ചു: (ഉല്പ, 17:10-14; ലേവ്യ, 12:2-3; ലൂക്കൊ, 2:21). ➟പിന്നെയും മുപ്പത്തിമൂന്നു ദിവസം കഴിഞ്ഞാണ് മറിയയുടെ ശുദ്ധീകരണകാലം തികയുന്നത്: (ലേവ്യ, 12:4). ➟നാല്പത്തൊന്ന് ദിവസം കഴിഞ്ഞപ്പോൾ കല്പനപോലെ ആദ്യജാതനെ യഹോവയ്ക്ക് അർപ്പിക്കുവാനും കുറുപ്രാവിനെ യാഗമർപ്പിക്കാനും അവർ യേശുവിനെ യെരൂശലേം ദൈവാലയത്തിൽ കൊണ്ടുപോയി. (പുറ, 13:13; 22:29; ലേവ്യ, 12:6; ലൂക്കൊ, 2:22-24). ➟പിന്നെ ലൂക്കൊസ് എഴുതിയിരിക്കുന്നത്; ➤❝കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി❞ എന്നാണ്. (2:39). ➟ഈ വിഷയം അല്പം ചിന്തനീയമാണ്.
☛ നമ്മുടെ കർത്താവിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത് നാല് എഴുത്തുകാർ അവരുടെ വ്യത്യസ്ത വീക്ഷണ കോണുകളിൽ കൂടിയാണെന്ന് നമുക്കറിയാം. ➟നാലു സുവിശേഷങ്ങളും കൂടിച്ചേരുമ്പോഴാണ് യേശുവിനെക്കുറിച്ചുള്ള പൂർണ്ണചരിത്രം കിട്ടുന്നത്. ➟അഥവാ, ദൈവം തൻ്റെ ക്രിസ്തുവിനെക്കുറിച്ച് മനുഷ്യർ അറിയണമെന്ന് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നത്: (യോഹ, 21:25). ➟ഓരോ സുവിശേഷങ്ങളും യേശുവിനെക്കുറിച്ച് പൂർണ്ണമായ ചരിത്രം നൽകുന്നില്ലെങ്കിലും, ➟ഓരോ പുസ്തകവും അതിൽത്തന്നെ പൂർണ്ണമാണ്. ➟യേശുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ ലൂക്കൊസ് രേഖപ്പെടുത്താതിരുന്ന ചില വിഷയങ്ങൾ മത്തായിയുടെ സുവിശേഷത്തിലുണ്ട്. ➟യോസേഫിന് ദൂതൻ പ്രത്യക്ഷമാകുന്നത് (1:18-25), ➟നക്ഷത്രം വെളിപ്പെടുന്നതും വിദ്വാന്മാരുടെ സന്ദർശനവും (2:1-2), ➟യോസേഫും കുടുംബവും ഈജിപ്റ്റിലേക്ക് ഓടിപ്പോകുന്നത് (2:13-14), ശിശുക്കളുടെ കൊലപാതകം (2:16), ➟ഹെരോദാവിന്റെ മരണം (2:15; 2:19), ➟ഈജിപ്റ്റിൽ നിന്നുള്ള മടങ്ങിവരവ് (2:19-20), ➟യെഹൂദ്യയിൽ അർക്കെലയൊസിന്റെ ഭരണം (2:21), ➟നസറത്തിലേക്കുള്ള മടങ്ങിപ്പോക്ക്: (2:22). ➟ഇവിടെ യോസേഫിനു് ദൂതൻ പ്രത്യക്ഷമാകുന്ന ഒന്നാം അദ്ധ്യായത്തിലെ വിവരങ്ങൾ ഒഴികെയുള്ളവ (രണ്ടാമദ്ധ്യായം മുഴുവനും) ലൂക്കൊസ് 2:39-ൽ നിന്ന് തുടങ്ങണം. ➟അങ്ങനെ വരുമ്പോൾ ലൂക്കാസ് 2:39-ലെ ➤❝അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി❞ എന്നുള്ളത് ➤❝യെഹൂദ്യയിൽ തങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്ക് മടങ്ങിപ്പോയി❞ എന്നു മനസ്സിലാക്കണം. ➟എന്തെന്നാൽ, മത്തായി രണ്ടാമദ്ധ്യായം നടക്കുന്നത് ഗലീലയിലല്ല യെഹൂദ്യയിലാണ്; ➟വിശേഷാൽ ബേത്ത്ളേഹെമിലാണ്.
☛ ലൂക്കൊസ് പറയുന്നത് പൈതലിനെ പ്രസവിച്ച് പശുത്തൊട്ടിയിൽ കിടത്തിയെന്നാണ്: (2:7). ➟പിന്നെയും ന്യായപ്രമാണ സംബന്ധമായി നാല്പത്തൊന്നിലേറെ ദിവസം യെഹൂദ്യയിൽ ഉണ്ടായിരുന്നതായി ലൂക്കൊസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ➟ഇത്രയും കാലം പശുത്തൊഴുത്തിൽ ആയിരിക്കില്ല അവർ താമസിച്ചത്. വഴിയമ്പലത്തിൽ സ്ഥലമില്ലായ്കയാലാണ് അവർ ശിശുവിനെ പശുത്തൊട്ടിയിൽ കിടത്തിയത്. (ലൂക്കൊ, 2:7). ➟പേർവഴി ചാർത്തലിനോടുള്ള ബന്ധത്തിൽ ബേത്ത്ളേഹെമിൽ ഉണ്ടായിരുന്ന തിരക്കായിരുന്നു അതിനു കാരണം. ➟തന്നെയുമല്ല, മറിയയുടെ പ്രസവം പെട്ടെന്നുള്ള ഒരാവശ്യമായിരുന്നു. ➟സെൻസസിൻ്റെ തിരക്ക് ഒഴിഞ്ഞശേഷം സത്രത്തിലോ, വാടകയ്ക്കെടുത്താരു വീട്ടിലോ താമസ്സിച്ചിരിക്കാം. ➟അവിടെ ❛വഴിയമ്പലം❜ എന്നു തർജ്ജമ ചെയ്തിരിക്കുന്ന ❛ടോപ്പോസ്❜ (topos) എന്ന ഗ്രീക്കു പദത്തിന് സ്ഥലം, ഗൃഹം, വസതി, മുറി എന്നൊക്കെയാണ് അർത്ഥം. ➟അല്ലെങ്കിൽ, മറിയയുടെ ചാർച്ചക്കാരിയായ എലീശബെത്തിന്റെ വീട്ടിലായിരിക്കും താമസിച്ചിരിക്കുക. ➟അവിടെ ആറു മാസങ്ങൾക്ക് മുമ്പ് മൂന്നു മാസം മറിയ താമസ്സിച്ചിരുന്നതാണ്. (ലൂക്കൊ, 1:39-56). ➟എന്തായാലും അവർ താമസിച്ചിരുന്ന ഭവനത്തിലേക്ക് തന്നെയാണ് ദൈവാലയത്തിൽനിന്നും തിരിച്ചു പോയിരിക്കുക. ➟നക്ഷത്രം കണ്ടിട്ട് യെഹൂദന്മാരുടെ രാജാവിനെ തിരക്കിവന്ന വിദ്വാന്മാർ (ജ്ഞാനികൾ) ഒരു വീട്ടിൽ വെച്ചാണ് പൈതലിനെ ദർശിച്ചത്. (മത്താ, 2:11). ➟ജ്ഞാനികൾ എന്നുവെച്ചാൽ മശീഹയുടെ ആഗമനത്തെക്കുറിച്ച് ന്യായപ്രമാണത്തിൽ നിന്ന് ജ്ഞാനം സമ്പാദിച്ചവർ എന്നാണ്: (സംഖ്യാ, 24:17; ദാനി, 12:4).
☛ ബി.സി. 8/7-ലാണ് യേശുവിന്റെ ജനനമെന്ന് വിചാരിക്കുന്നവർ കരുതുന്നത്; ➟യേശു ജനിച്ച് ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞാണ്, നക്ഷത്രം വെളിപ്പെട്ടതെന്നാണ്. ➟അതിലെ യുക്തിയെന്താണെന്ന് മാത്രം പിടികിട്ടുന്നില്ല. ➟യോസേഫ് ഒരു സമ്പന്നനായ മനുഷ്യനായിരുന്നില്ല. ➟ഒരു സാധാരണ തച്ചൻ മാത്രമായിരുന്നു. (മത്താ, 13:55). ➟പൈതലിനുവേണ്ടി ദൈവാലയത്തിൽ ഒരാട്ടിൻകുട്ടിയെ യാഗമർപ്പിക്കാൻ കഴിയാതിരുന്നത്, യോസേഫിന്റെ ദാരിദ്ര്യത്തിന് തെളിവാണ്. (ലേവ്യ, 12:6; ലൂക്കൊ, 2:24). ➟അങ്ങനെയുള്ള യോസേഫ് വളരെക്കാലം യെഹൂദ്യയിൽ തങ്ങിയശേഷം പിന്നെ കുറേക്കാലം മറ്റൊരു രാജ്യത്ത് താമസിച്ചുവെന്ന് കരുതുന്നത് യുക്തിയല്ല. ➟അവരുടെ കയ്യിൽ ആകെയുള്ള സമ്പാദ്യമെന്നു പറയുന്നത് വിദ്വാന്മാർ കാഴ്ചവെച്ച പൊന്നും കുന്തുരുക്കവും മൂരുമാണ്. (മത്താ , 2:11). ➟അത് വിറ്റുകിട്ടിയ പണം കൊണ്ടായിരിക്കണം; അവർ ഈജിപ്തിലേക്ക് യാത്ര ചെയ്തതും; കുറച്ചുകാലം അവിടെ താമസിച്ചതും. ➟പല നാളുകൾ സത്രങ്ങളിൽ മാറിമാറി താമസിച്ചായിരിക്കും; അവർ ഈജിപ്തിലേക്ക് യാത്ര ചെയ്തത്. അതവരുടെ യാത്രയുടെ ചിലവ് വർദ്ധിപ്പിക്കുന്നതാണ്. ➟മിസ്രയീമിൽ യോസേഫ് ജോലി ചെയ്തായിരിക്കും കുടുംബത്തെ പോറ്റിയത്. ➟എന്തായാലും, ഈജിപ്തിൽ അവർ കുറച്ചുകാലം പാർത്തിരുന്നു. ➟അതുകൊണ്ടാണല്ലോ, ➤❝ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു❞ എന്ന് വചനം പറയുന്നത്. (മത്താ, 2:15).
☛ ❝എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.❞ (മത്താ, 2:7). ➟ഇവിടെ ❛നക്ഷത്രം വെളിവായ സമയം❜ എന്നിടത്ത് യേശു ജനിച്ച സമയം എന്നാണ് മനസ്സിലാക്കേണ്ടത്. ➟യേശു ജനിച്ചതിൻ്റെ തെളിവാണ് നക്ഷത്രം. ➟അത് വെളിപ്പെടേണ്ടത് വളരെനാൾ കഴിഞ്ഞിട്ടല്ല, ➟സൂക്ഷ്മം ക്രിസ്തുവിന്റെ ജനനസമയത്ത് തന്നെയാണ്. ➟മാത്രമല്ല, നക്ഷത്രം യാദൃശ്ചികമായി വെളിപ്പെട്ടതല്ല; ➟ദൈവീക പദ്ധതിയിൽ പെട്ടതാണ്. ➟അല്ലെങ്കിൽ ബൈബിളിൽ അത് രേഖപ്പെടുത്തുമായിരുന്നില്ല. ➟അത് വെളിപ്പെടേണ്ടവർക്ക് യേശു ജനിച്ച ദിവസംതന്നെ വെളിപ്പെട്ടിരിക്കും. ➟എന്നാൽ അവർ എത്തിപ്പെടാൻ ചില ആഴ്കൾ കഴിഞ്ഞു എന്ന് മാത്രമേയുള്ളൂ. ➟അത് ദൈവാലയത്തിൽ നിന്ന് യോസേഫും കുടുംബവും തങ്ങൾ താമസിച്ചിരുന്ന ബേത്ത്ളേഹെമിലെ വീട്ടിൽ മടങ്ങിയെത്തി, സ്വന്തപട്ടണമായ നസറത്തിലേക്ക് മടങ്ങിപ്പോകുവാനുള്ള വട്ടംകൂട്ടുന്ന ആ ദിവസങ്ങളിൽ തന്നെയായിരിക്കും വിദ്വാന്മാർ എത്തിയിരിക്കുക. ➟മറിയയുടെ ശുദ്ധീകരണകാലവും ശിശുവിൻ്റെ പരിച്ഛേദനയും വീണ്ടെടുപ്പും കഴിഞ്ഞാൽ ന്യായപ്രമാണ സംബന്ധമായി യോസേഫിനും കുടുംബത്തിനും യെഹൂദ്യയിൽ തങ്ങാൻ യാതൊരാവശ്യവും ഇല്ല. ➟കൂടാതെ പേരു ചാർത്തലും ഇതിനോടകം കഴിഞ്ഞിരിക്കും. ➟യോസേഫിന്റെ സ്വന്തപട്ടണവും വീടും തൊഴിലും ഗലീലയിലായിരിക്കെ ഹെരോദാവിന്റെ കണ്ണിലെ കരടാവാൻ ദീർഘകാലം യെഹൂദ്യയിൽ തങ്ങിയെന്ന് വിചാരിക്കുന്നതും യുക്തിസഹമല്ല. ➟എന്നാൽ മിസ്രയീമിലേക്കുള്ള ഓടിപ്പോക്കിനും ഹെരോദാവിന്റെ മരണത്തിനുമിടയിൽ നിയതമായ ഒരു കാലയളവുണ്ട്.
☛ പണ്ഡിതന്മാരുടെ കണ്ടെത്തലുകൾ:
➦ യേശുവിന്റെ ജനനമരണവർഷങ്ങൾ കണക്കുകൂട്ടാൻ മൂന്നു സുപ്രധാന തെളിവുകൾ ചരിത്രത്തിലുണ്ട്: ➟ഹെരോദാവിന്റെ മരണം 𝗕𝗖 𝟰, 𝗠𝗮𝗿𝗰𝗵/𝗔𝗽𝗿𝗶𝗹-ലും, ➟അർക്കെലയൊസിനെ റോമൻ കൈസർ തിരിച്ചുവിളിക്കുന്നത് 𝗔𝗗 𝟲, 𝗝𝘂𝗻𝗲/𝗝𝘂𝗹𝘆-ലും, ➟തിബെര്യൊസ് കൈസറുടെ സിംഹാസനാരോഹണം 𝗔𝗗 𝟭𝟰, 𝗦𝗲𝗽𝘁𝗲𝗺𝗯𝗲𝗿 𝟭𝟳/𝟭𝟴-ലുമാണ്.
☛ ഹെരോദാവിൻ്റെ മരണം: (മത്താ, 2:15)
➦ എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയിൽ മഹാനായ ഹെരോദാവിൻ്റെ മരണം BCE 4 March/April ആണെന്ന് പറഞ്ഞിട്ടുണ്ട്. [കാണുക: Britannica]. ➟ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (Flavius Josephus) ഹെരോദാ രാജാവിൻ്റെ മരണത്തിന് തൊട്ടുമുമ്പ് ഒരു ചന്ദ്രഗ്രഹണം നടന്നതായി തൻ്റെ പുസ്തകമായ ❛Antiquities of the Jews❜ൽ രേഖപ്പെടുത്തിയിട്ടുണ്ട്. [Book 17.6.4]. ➟ഇത് BC 4 March 13-ലെ ചന്ദ്രഗ്രഹണം (Lunar eclipse) ആണെന്നാണ് മിക്ക ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. [കാണുക: Antiquities of the Jews-ൻ്റെ Footnote]. ➟BC 4-ലെ പെസഹ ഏപ്രിൽ 11-നാണ്. ജോസീഫസിൻ്റെ വിവരണം അനുസരിച്ച്, മാർച്ച് 13-ലെ ചന്ദ്രഗ്രഹണത്തിനും ഏപ്രിൽ 11-ലെ പെസഹയ്ക്കും ഇടയിലുള്ള കാലയളവിലാണ് ഹെരോദാ മരിച്ചത്. ➟അതായത്, BC 4 മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ആണ് ഹെരോദാവിൻ്റെ മരണം സംഭവിച്ചത് എന്ന് കൃത്യമായി കണക്കാക്കാം.
☛ അർക്കെലയൊസിനെ തിരിച്ചുവിളിക്കുന്നത്: (ലൂക്കൊ, 2:21)
➦ ഹെരോദാവിൻ്റെ മരണശേഷം യെഹൂദ്യ ഭരിച്ചിരുന്ന അവൻ്റെ മകനായ അർക്കെലയൊസിനെ റോം തിരികെ വിളിക്കുന്നത് AD 6-ലാണ്. [കാണുക: Britannica]. ➟അക്കാദമിക് ചരിത്രകാരനായ ❛ബിൽ ഹീരോമാൻ്റെ❜ (Bill Heroman) കണ്ടെത്തൽ പ്രകാരം, AD 6 ജൂൺ ആദ്യമാണ് യെഹൂദന്മാരുടെയും ശമര്യരുടെയും പ്രതിനിധി സംഘം റോമിലെത്തി ആഗസ്റ്റസ് ചക്രവർത്തിയെ കണ്ട് അർക്കെലയൊസിനെതിരെ പരാതിപ്പെടുന്നത്. ➟പരാതി ബോധ്യപ്പെട്ട ചക്രവർത്തി അർക്കെലയൊസിനെ കൊണ്ടുവരാൻ ഏർപ്പാടാക്കുകയും, ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ അവനെ വിചാരണ നടത്തി, ❛ഗാളിലെ❜ (Gaul) (ഇന്നത്തെ ഫ്രാൻസ്) ❛വിന്നേ❜ (Vienne) എന്ന സ്ഥലത്തേക്ക് നാടുകടത്തി. [കാണുക: Bill Heroman]. ➟അതായത്, യെഹൂദ്യയിൽനിന്ന് അർക്കെലയൊസ് വിടപറയുന്നത് ജൂൺ അവസാനമോ, ജൂലെ ആദ്യമോ ആണ്.
☛ തിബെര്യൊസ് കൈസറുടെ സിംഹാസനാരോഹണം: (ലൂക്കൊ, 3:1)
➦ തിബെര്യൊസ് കൈസറുടെ ഭരണകാലം AD 14-മുതൽ 37-വരെയാണ്. [കാണുക: Britannica]. ➟അഗസ്റ്റസ് കൈസറുടെ പിൻഗമിയായി അവൻ്റെ ദത്തുപുത്രനായ തിബെര്യൊസ് കൈസർ റോമാ സാമ്രാജ്യത്തിൻ്റെ രണ്ടാമത്തെ ചക്രവർത്തിയായി സ്ഥാനം ഏല്ക്കുന്നത് AD 14 സെപ്റ്റംബർ 17-നാണ്. [കാണുക: World History Encyclopedia, Wikipedia].
☛ ബി.സി. 4-ൽ ആയിരിക്കാം യേശുവിൻ്റെ ജനനമെന്നാണ് അനേകരും കരുതുന്നത്. ➤❝ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: ❛മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി❜ എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.❞ (മത്താ, 2:15). ➟ഈ വേദഭാഗത്ത് രണ്ട് പ്രയോഗങ്ങൾ ശ്രദ്ധേയമാണ്:
❶ ❛ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു.❜ ➟ഇത് മിസ്രയീമ്യ വാസത്തിനും ഹെരോദാവിന്റെ മരണത്തിനുമിടയിൽ നിയതമായ ഇടവേളയുണ്ടായിരുന്നു എന്ന സൂചനയാണ് നല്കുന്നത്. ➟ബി.സി. 4 മാർച്ച് അവസാനമോ, ഏപ്രിൽ ആദ്യമോ ആണ് മഹാനായ ഹെരോദാവ് മരിക്കുന്നത്. ➟ഹെരോദാവിൻ്റെ മരണത്തിനു് മുമ്പ് ബി.സി. 4-ൽ ശേഷിക്കുന്നത് 𝟵𝟬 ദിവസമാണ്. ➟അതിൽ കുറഞ്ഞത് 𝟰𝟭 ദിവസം ശിശുവിൻ്റെ പരിച്ഛേദനയ്ക്കും മറിയത്തിൻ്റെ ശുദ്ധീകരണകാലത്തിനും ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾക്കായും വേണം. ➟വിദ്വാന്മാർ (ജ്ഞാനികൾ) എപ്പോഴാണ് ശിശുവിനെ സന്ദർശിച്ചതെന്ന് അറിയില്ല; അതിനും സമയം വേണം. ➟ഹെരോദാവിനെ പേടിച്ച് ശിശുവിനെയും ഭാര്യയെയും കൂട്ടി യോസേഫ് പോയത് ഈജിപ്തിന്റെ അതിർത്തിപ്രദേശമായ ❛വാഡി എൽ-അരീഷ്❜ (Wadi el-Arish) എന്നിടത്തേക്ക് ആയിരിക്കില്ല. ➟അവിടേക്കുതന്നെ ഏകദേശം 𝟭𝟬𝟬-𝟭𝟱𝟬 കിലോമീറ്റർ ദൂരമുണ്ട്.
❷ ❛മിസ്രയീമിൽ (ഈജിപ്ത്) നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി❜ എന്ന യിസ്രായേലിനെക്കുറിച്ചുള്ള ഈ പ്രവചനം മത്തായി യേശുവിൽ ആരോപിച്ചിരിക്കയാൽ, ➟തൻ്റെ പൂർവ്വപിതാവായ യിസ്രായേൽ എന്ന യാക്കോബും പന്ത്രണ്ട് ഗോത്രങ്ങളും പാർത്ത നൈൽ നദീതടത്തിലേക്കാണ് യോസേഫ് കുടുബത്തെ കൊണ്ടുപോയതെന്ന് മനസ്സിലാക്കാം: (ഹോശേ, 11:1 ⁃⁃ മത്താ, 2:15). ➟ശിശുവിൻ്റെ സുരക്ഷയെക്കരുതി നൈൽ നദിയുടെ തീരത്തേക്കായിരിക്കാം പോയിരിക്കുക. ➟അങ്ങനെയാണെങ്കിൽ, 𝟰𝟬𝟬 കിലോമീറ്ററിനടുത്ത് അവർ സഞ്ചരിച്ചിട്ടുണ്ടാകും. ➟വാഹന സൗകര്യം ഇല്ലാത്ത അന്നത്തെക്കാലത്ത് ദിവസങ്ങളോളം യാത്ര ചെയ്താൽ മാത്രമേ അവിടെ എത്തുകയുള്ളു. ➟❛ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു❜ എന്ന പ്രയോഗവും ചേർത്ത് ചിന്തിച്ചാൽ, ബി.സി. 4-ൽ യേശുവിൻ്റെ ജനനം സാദ്ധ്യമല്ലെന്ന് മനസ്സിലാക്കാം.
☛ യോസേഫും കുടുംബവും ഈജിപ്തിൽ പാർത്തിരിക്കുമ്പോഴാണ് ഹെരോദാവ് മരിക്കുന്നത്. ➟അപ്പോൾ കർത്താവിന്റെ ദൂതൻ യോസേഫിനു് സ്വപ്നത്തിൽ പ്രത്യക്ഷനായി അരുളിച്ചെയ്തത് പ്രകാരം അവൻ ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു. ➟എന്നാൽ യെഹൂദ്യയിൽ ഹെരോദാവിൻ്റെ മകൻ അർക്കെലയൊസ് അപ്പനു് പകരം രാജാവായി വാഴുന്ന എന്നറിഞ്ഞ യോസേഫ് യെഹൂദ്യയിൽ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി എന്നാണ് മത്തായി പറയുന്നത്: (മത്താ, 2:18-21). ➟ഹെരോദാവിനെക്കാൾ ദുഷ്ടനായിരുന്നു അർക്കെലയൊസ്. ➟ഹെരോദാവ് മരിച്ചതിന് ശേഷമുള്ള ആദ്യത്തെ പെസഹ ബി.സി. 4, ഏപ്രിൽ 11-ന് ആയിരുന്നു. ➟ഈ പെസഹ സമയത്താണ് ഹെരോദാവ് കൊന്നവർക്കായി നീതി ചോദിച്ചുകൊണ്ട് യെരൂശലേം ദൈവാലയമുറ്റത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയത്. ➟ഈ പ്രതിഷേധം അടിച്ചമർത്താൻ അർക്കെലയൊസ് സൈന്യത്തെ അയച്ച് 3,000 യെഹൂദന്മാരെ കൊല്ലിച്ചു. ➟അവനെ പേടിച്ചാണ് ശിശുമായി ദൈവാലയം സന്ദർശിക്കാതെ യോസേഫ് ഗലീലയിലേക്ക് വേഗത്തിൽ പോയത്.
☛അവനു് പന്ത്രണ്ടു വയസ്സായപ്പോൾ:
➦ യേശുവിന്റെ ജനനവർഷം കൃത്യമായി കണക്കാക്കാൻ കഴിയുന്ന ഒരു സുപ്രധാന തെളിവ് ബൈബിളിലുണ്ട്. ➟മത്തായി 2:22-ന്റെ ബാക്കി തുടങ്ങുന്നത് ലൂക്കൊസ് 2:40 മുതലാണ്. ➤❝പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.❞ (ലൂക്കൊ, 2:40). ➟അടുത്തഭാഗം: ➤❝അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.❞ (ലൂക്കൊ, 1:41-42). ➟ഇതിൻ്റെ ആദ്യഭാഗം ശ്രദ്ധിക്കുക: ➤❝അവന്നും അമ്മയപ്പന്മാരും ആണ്ടുതോറും പെസഹപെരുനാളിന്നു പോകും❞ എന്നല്ല; ❝അവന്റെ അമ്മയപ്പന്മാർ പോകും❞ എന്നാണ്. ➟❛അവന്റെ അമ്മയപ്പന്മാർ❜ (𝐡𝐢𝐬 𝐩𝐚𝐫𝐞𝐧𝐭𝐬) എന്ന് പ്രത്യേകം പരാമർശിക്കുന്നത് നോക്കുക. ➟ഗ്രീക്കിൽ ഇത് ❛𝗵𝗼𝗶 𝗴𝗼𝗻𝗲𝗶𝘀 𝗮𝘂𝘁𝗼𝘂❜ എന്നാണ്. ➟യേശുവിനെ മാറ്റിനിർത്തിക്കൊണ്ട് മാതാപിതാക്കളുടെ പതിവിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ➟അതായത്, ആണ്ടുതോറും യേശുവിന്റെ അമ്മയപ്പന്മാർ മാത്രം പെരുനാളിനു് പോയി. ➟എന്താണ് കാരണം❓ ➟സ്വപ്നത്തിൽ അരുളപ്പാടുണ്ടായ ദുഷ്ടനായ അർക്കെലയൊസിനെ ഭയന്ന് പൈതലിനെ അവർ യെരൂശലേമിൽ കൊണ്ടുപോയിരുന്നില്ല. ➟അടുത്തവാക്യം: ➤❝യേശുവിന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിനു് കൊണ്ടുപോയി.❞ ➟എന്താണ് കാര്യം❓ ➟അർക്കെലയൊസിനെ ചക്രവർത്തി നാടുകടത്തിയതിനു് ശേഷം വരുന്ന പെസഹയ്ക്കാണ് അവർ അവനെ കൊണ്ടുപോയത്; ➟അപ്പോൾ യേശുവിനു് പന്ത്രണ്ട് വയസ്സായിരുന്നു. ➟യേശു തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിപ്പാനുള്ളവൻ ആണെന്ന് യോസേഫിനോടും, ➟ദൈവപുത്രൻ എന്ന് വിളിക്കപ്പെടേണ്ടവൻ ആണെന്ന് മറിയത്തോടും ദൈവത്തിൻ്റെ ദൂതൻ പറഞ്ഞിട്ടുള്ളതാണ്: (മത്താ, 1:21 ⁃⁃ ലൂക്കൊ, 1:32; 1:35). ➟അവൻ തങ്ങളുടെ രക്ഷിതാവായ ക്രിസ്തു ആകേണ്ടവനാണെന്ന് യോസേഫിനും മറിയയ്ക്കും നല്ല നിശ്ചയമുണ്ട്: (ലൂക്കൊ, 3:22; പ്രവൃ, 10:38; പ്രവൃ, 2:36; 5:31). ➟പിന്നെയും എന്തുകൊണ്ടാണ് അവനെ ദൈവാലയത്തിൽ കൊണ്ടുപോകാൻ പന്ത്രണ്ടു വയസ്സുവരെ താമസിച്ചു❓ ➟അതിന്റെ ഉത്തരമാണ്, അർക്കെലയൊസെന്ന ദുഷ്ടനായ ഭരണാധികാരി. ➤❝സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീല പ്രദേശങ്ങളിലേക്കു മാറിപ്പോയി❞ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണ്. (മത്താ, 2:21), ➟അതല്ലാതെ പന്ത്രണ്ടാം വയസ്സിന് മറ്റൊരു പ്രത്യേകതയും ദൈവവചനം കല്പിക്കുന്നില്ല.
☛ യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുനാളിനു് പോകുമായിരുന്നു. (ലൂക്കൊ, 2:41). ➟എ.ഡി. 𝟲-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. ➟അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. ➟അർക്കെലയൊസിനെ റോം തിരികെ വിളിക്കുന്നത് അതേ വർഷം ജൂൺ അവസാനമോ, ജൂലൈ ആദ്യമോ ആണ്. ➟അതിനടുത്തവർഷത്തെ പെസഹ മാർച്ച് 𝟮𝟬-നാണ്. ➟അന്ന് യോസേഫും മറിയയും പെസഹാപെരുനാളിനു് പോയപ്പോൾ ബാലനായ യേശുവിനെയും കൊണ്ടുപോയി. ➟അന്ന് അവനു് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42).
➦ നീസാൻ (മാർച്ച്/ഏപ്രിൽ) മാസമാണ് പെസഹ. ➟എ.ഡി. 𝟳-ലെ പെസഹ മാർച്ച് 𝟮𝟬-നാണ്. ➟അന്ന് അവനു് പന്ത്രണ്ട് വയസ്സായിരുന്നു. ➟എ.ഡി. 𝟳-ൽ നിന്ന് 𝟭𝟮 വർഷം പുറകോട്ട് പോയാൽ, ➟ബി.സി. 𝟲-ലാണ് യേശു ജനിച്ചതെന്ന് മനസ്സിലാക്കാം. ➟ബി.സി. 𝟲-ലെ പെസഹ പെരുന്നാൾ ഏപ്രിൽ 𝟭-നു് ആയിരുന്നു. ➟മാർച്ച് 𝟮𝟬-നോടടുത്ത് യേശുവിനു് 𝟭𝟮 വയസ്സ് ഉണ്ടായിരുന്നതിനാൽ, ➟ബി.സി. 𝟲-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ അവൻ ജനിച്ചു എന്ന് മനസ്സിലാക്കാം. ➟കൃത്യമായിപ്പറഞ്ഞാൽ ബി.സി. 𝟲 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനം. ➟യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിളും ചരിത്രവും തരുന്ന ഇതിലും കൃത്യമായൊരു കണക്ക് വേറൊരിടത്തുനിന്നും ലഭിക്കുവാൻ പ്രയാസമായിരിക്കും.
☛ യേശുവിൻ്റെ ജനവർഷം:
➦ 𝗔𝗠 𝟯𝟳𝟱𝟱 (𝗔𝗨𝗖 𝟳𝟰𝟴 ⁃⁃ 𝗕𝗖 𝟲)
➤ ❝യെഹൂദ്യയിൽ ബേത്ളേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.❞ (ലൂക്കൊ, 2:5-7)
☛ യേശുവിൻ്റെ ക്രിസ്തുത്വം:
➦ 𝗔𝗠 𝟯𝟳𝟴𝟵 (𝗔𝗨𝗖 𝟳𝟴𝟮 ⁃⁃ 𝗔𝗗 𝟮𝟵)
➤ യോർദ്ദാനിൽവെച്ച് യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1-2 ⁃⁃ ലൂക്കൊ, 3:22; 4:16-21; പ്രവൃ, 10:38)
☛ യേശുവിൻ്റെ പുത്രത്വം:
➦ 𝗔𝗠 𝟯𝟳𝟴𝟵 (𝗔𝗨𝗖 𝟳𝟴𝟮 ⁃⁃ 𝗔𝗗 𝟮𝟵)
➤ അഭിഷേകാനന്തരം, ➟❝അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും❞, ➟❝ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നിങ്ങനെ ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി പിതാവിനാൽ, ❛നീ എൻ്റെ പ്രിയപുത്രൻ❜ എന്നു വിക്കപ്പെട്ടപ്പോഴാണ് ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15) ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവിക്ക് അർഹനായത്. (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22).
☛ യേശുവിൻ്റെ മരണം:
➦ 𝗔𝗠 𝟯𝟳𝟵𝟯 (𝗔𝗨𝗖 𝟳𝟴𝟲 ⁃⁃ 𝗔𝗗 𝟯𝟯) 𝗙𝗿𝗶𝗱𝗮𝘆 𝟯 𝗣𝗠
➤ ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39)
☛ യേശുവിൻ്റെ ഉയിർപ്പ്:
➦ 𝗔𝗠 𝟯𝟳𝟵𝟯 (𝗔𝗨𝗖 𝟳𝟴𝟲 ⁃⁃ 𝗔𝗗 𝟯𝟯) 𝗦𝘂𝗻𝗱𝗮𝘆 𝟲 𝗔𝗠
➤ ❝ദൈവം യേശുവിനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,❞ (പ്രവൃ, 10:40)
☛ ചുരുക്കെഴുത്തിൻ്റെ പൂർണ്ണരൂപം:
➟ 𝗔𝗠 ⁃⁃ 𝗔𝗻𝗻𝗼 𝗠𝘂𝗻𝗱𝗶 (𝐇𝐞𝐛𝐫𝐞𝐰 𝐲𝐞𝐚𝐫)
➟ 𝗔𝗨𝗖 ⁃⁃ 𝗔𝗯 𝗨𝗿𝗯𝗲 𝗖𝗼𝗻𝗱𝗶𝘁𝗮 (𝐑𝐨𝐦𝐚𝐧 𝐲𝐞𝐚𝐫)
➟ 𝗕𝗖 ⁃⁃ 𝗕𝗲𝗳𝗼𝗿𝗲 𝗖𝗵𝗿𝗶𝘀𝘁 (𝐆𝐫𝐞𝐠𝐨𝐫𝐢𝐚𝐧 𝐲𝐞𝐚𝐫)
☛ ഡിസംബറിലല്ല ജനനം:
➦ യേശു ജനിച്ചത് ഡിസംബർ മാസത്തിലാണെന്ന് കരുതുന്നവരുണ്ട്. അതിന് ബൈബിളിലോ ചരിത്രത്തിലോ യാതൊരു തെളിവുമില്ല. ➟തന്നെയുമല്ല, നവംബർ ഡിസംബർ ജനുവരി മാസങ്ങളിലല്ല യേശുവിന്റെ ജനനമെന്ന് സമർത്ഥിക്കാൻ കഴിയുന്ന രണ്ടു തെളിവുകൾ ബൈബിളിൽ തന്നെയുണ്ട്:
❶ ജനസംഖ്യയെടുപ്പ് (പേർവഴി ചാർത്തൽ) പോലൊരു സാർവ്വത്രിക വിഷയം റോമാ സാമ്രാജ്യത്തിൽ ഡിസംബർ മാസത്തിൽ സാധ്യമല്ല. ➟പലസ്തീൻ നാടുകളിൽ ഇന്നും അത് പ്രായോഗികമല്ല. ➟പലയിടത്തും മൈനസ് ഡിഗ്രിവരെ തണുപ്പും മഞ്ഞുവിഴ്ചയുമുണ്ട്. ➟തന്മൂലം, യാത്രാസൗകര്യം പോലുമില്ലാതിരുന്ന രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് അതൊട്ടും പ്രായോഗികമല്ല. ➟പേര് ചാർത്താനാണല്ലോ യോസേഫും കുടുംബവും സ്വന്തപട്ടണമായ നസറെത്ത് വിട്ട് ബേത്ത്ളേഹെമിൽ വന്നത്. (ലൂക്കൊ, 2:1).
❷ യേശുവിന്റെ ജനനസമയത്ത് ഇടയന്മാർ ആട്ടിൻക്കൂട്ടത്തെ കാവൽകാത്തുകൊണ്ട് വെളിമ്പ്രദേശത്തായിരുന്നു. (ലൂക്കൊ, 2:8). ➟യിസ്രായേലിലെ കാലാവസ്ഥ പ്രകാരം കിസ്ലേവ്, തേബത്ത്, ശേബാത്ത് മാസങ്ങളിൽ (നവംബർ പകുതി മുതൽ ഫെബ്രുവരി പകുതിവരെ) ഭയങ്കര തണുപ്പായിരിക്കും. ➟ഈ മൂന്നു മാസങ്ങളിൽ ആടുകൾ ആലയിലായിരിക്കും. ➟യേശുവിന്റെ ജനനം ഡിസംബർ മാസത്തില്ല എന്നതിന് ഇതിൽക്കൂടുതൽ തെളിവെന്തിനാണ്? ➟ചരിത്രത്തിലെയും ബൈബിളിലെയും എല്ലാ തെളിവുകളും ചേർത്ത് പരിശോധിക്കുമ്പോൾ നാം എത്തിച്ചേരുന്നത് യേശുവിന്റെ ജനനം ഒരു വസന്തകാലത്താണ് (മാർച്ച്-മെയ്). ➟അതായത്, ബി.സി. 6-മാണ്ട് മാർച്ചുമാസം അഥവാ, വസന്തകാലത്തിന്റെ ആരംഭത്തിലാണ് യേശു ജനിച്ചത്. ➟സകലതും പുഷ്പിക്കുന്നതും പൂവിടുന്നതും വസന്തകാലത്താണ്. ➟ലോകത്തിന്റെ പാപപരിഹാരാർത്ഥം ദൈവത്തിന്റെ ക്രിസ്തു ഭൂജാതനായതും സർവ്വജനത്തിനും ഉണ്ടാവാനുള്ളാരു മഹാസന്തോഷം ദൂതൻ ഇടയന്മാരോട് അറിയിച്ചതും ബി.സി. 6-ലെ വസന്തകാലത്താണ്.
☛ ഏകദേശം മുപ്പതുവയസ്സ്
➦ ഇനിയുള്ളത്, ഏകദേശം മുപ്പത് വയസ്സ് എന്ന ലൂക്കൊസിൻ്റെ പ്രസ്താവനയാണ്: ➤❝യേശുവിനു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ; ഏകദേശം മുപ്പതു വയസ്സായിരുന്നു.❞ (ലൂക്കൊ, 3:23). ➟യഥാർത്ഥത്തിൽ, യേശു ശുശ്രൂഷ ആരംഭിക്കുമ്പോൾ, അവനു 34 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നു. ➟അതുകൊണ്ട്, ലൂക്കൊസിൻ്റെ പ്രയോഗം വിരുദ്ധമാകുന്നില്ല. ➟ഒന്നാമത്, യേശുവിന് മുപ്പത് വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത് എന്ന ഖണ്ഡിതമായ ഒരർത്ഥം ആ പ്രയോഗത്തിനില്ല. ➟അവനു് കൃത്യമായ മുപ്പത് വയസ്സ് ആയിരുന്നെങ്കിൽ, ❛ഏകദേശം❜ എന്ന് ചേർക്കേണ്ട ആവശ്യമില്ലായിരുന്നു,. ➟തന്മൂലം, 34-35 വയസ്സുണ്ടെങ്കിലും ❛ഏകദേശം മുപ്പത് വയസ്സ്❜ എന്ന പ്രയോഗത്തിൻ്റെ പരിധിൽത്തന്നെയാണ് അത് വരുന്നത്. ➟രണ്ടാമത്, യെഹൂദന്മാർ ശുശ്രൂഷയ്ക്ക് ഇറങ്ങിയിരുന്നത്; മുപ്പത് വയസ്സിന് ശേഷമാണ്. ➟സമാഗമന കൂടാരത്തിലും, ദൈവാലയത്തിലും ശുശ്രൂഷയിൽ പ്രവേശിപ്പിച്ചിരുന്നത് മുപ്പതു വയസ്സുമുതൽ അമ്പത് വയസ്സുവരെയുള്ള ലേവ്യരാണ്. (സംഖ്യാ, 4:2-3; 1ദിന, 23:2-5). ➟തന്മൂലം, യേശുവിനു് മുപ്പത് വയസ്സിൽ കുറയാത്ത പ്രായം ഉണ്ടെന്ന് കാണിക്കാനാണ് ❛ഏകദേശം മുപ്പത് വയസ്സായിരുന്നു❜ എന്ന് പറഞ്ഞതെന്ന് മനസ്സിലാക്കാം. ➟അതായത്, ന്യായപ്രമാണത്തിന് കീഴെ ജനിച്ച യേശു, ന്യായപ്രമാണം അനുശാസിക്കുന്ന പ്രായത്തിൽ തന്നെയാണ് ശുശ്രൂഷ ആരംഭിച്ചതെന്നാണ് ആ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. ➟അല്ലാതെ, മുപ്പത് വയസ്സ് എന്ന ഖണ്ഡിതമായ അർത്ഥം അതിനില്ല. ➟യോഹന്നാൻ സ്നാപകനേക്കാൾ ആറുമാസത്തിന്; ഇളയതാണ് യേശു. (ലൂക്കോ, 1:26). ➟സ്നാപകൻ ശുശ്രൂഷ ആരംഭിച്ച് അധികം താമസിയാതെ യേശുവും ശുശ്രൂഷ ആരംഭിച്ചു. ➟ലേവ്യനായതുകൊണ്ട് യോഹന്നാൻ മുപ്പത് വയസ്സ് കഴിഞ്ഞപ്പോൾത്തന്നെ ശുശ്രൂഷയ്ക്ക് ഇറങ്ങി എന്നു വിചാരിക്കുന്നതിൽ അർത്ഥമില്ല. ➟സാധാരണ ലേവ്യരെപ്പോലെ മുപ്പത് വയസ്സ് ആകുമ്പോൾത്തന്നെ ശുശ്രൂഷ ആരംഭിക്കുവാനും, ശിഷ്ടകാലം ദൈവാലയംകൊണ്ടും ദശാംശം കൊണ്ടും സുഖജീവിതം നയിക്കുവാനുമല്ല യോഹന്നാനെ ദൈവം അയച്ചിരിക്കുന്നത്. ➟ദൈവശബ്ദത്തിനായി കാതോർത്തുകൊണ്ട് യോഹന്നാന്റെ വാസംതന്നെ മരുഭൂമിയിലായിരുന്നു. (ലൂക്കോ, 1:80). ➟വഴി ഒരുക്കപ്പെടേണ്ടവനായ യേശു എപ്പോൾ ശുശ്രൂഷ ആരംഭിക്കുന്നുവോ അതിനു തൊട്ടുമുൻപ് മാത്രമാണ് വഴി ഒരുക്കുന്നവന്റെ ശുശ്രൂഷ. ➟ഔഗുസ്തൊസ് കൈസർ മരിക്കുന്നത് എ.ഡി. 14, ഓഗസ്റ്റ് 19-നാണ്. ➟പിറ്റേമാസം സെപ്റ്റംബർ 18-നാണ് തിബെര്യാസ് കൈസറുടെ സ്ഥാനാരോഹണം. ➟അതിന്റെ പതിനഞ്ചാം വർഷം അഥവാ, എ.ഡി. 29-ലാണ് യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1-2). ➟യോഹന്നാൻ്റെ പുറകേ യേശുവും ശുശ്രൂഷ ആരംഭിച്ചു.
☛ ശിശുക്കളുടെ കൊലപാതകം:
➤❝വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു❞ എന്നെഴുതിയിക്കകൊണ്ട് ആ സമയത്ത് പൈതലിന് ഏകദേശം രണ്ടുവയസ്സ് പ്രായമുണ്ടായിരുന്നു എന്നു കരുതുന്നവരുണ്ട്: (മത്താ 2:16). ➟അതിന് ബൈബിളിൽ തെളിവൊന്നുമില്ല. ദൈവവചനത്തോട് ഒട്ടും നീതിപുലർത്തുന്ന വ്യാഖ്യാനവുമല്ലത്. ➟ആ വാക്യത്തിൽ, ❝വിദ്വാന്മാർ തന്നെ കളിയാക്കി എന്നു കണ്ടു അവൻ വളരെ കോപിച്ചു❞ എന്നാണ് എഴുതിയിരിക്കുന്നത്. ➟വിദ്വാന്മാർ തിരിച്ചു വരാത്തത് മാത്രമല്ല കളിയാക്കലിൽ പെടുന്നത്. ➟അവർക്ക് സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടാണ് വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയതെന്ന് ഹെരോദാവിന് അറിയില്ല. ➟തന്മൂലം, താൻ ചിന്തിക്കുന്നത് അവർ മൊത്തത്തിൽ തന്നെ കബളിപ്പിച്ചു എന്നായിരിക്കും. ➟അങ്ങനെ വരുമ്പോൾ നക്ഷത്രം വെളിവായ സമയവും അവർ കൂട്ടിപ്പറഞ്ഞുവെന്ന് ചിന്തിക്കാനിടയുണ്ട്. ➟അതിനാൽ, പൈതൽ രക്ഷപെടുവാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ട്, പരമാവധി പ്രായം കണക്കുകൂട്ടിയായിരിക്കും രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെ കൊല്ലിച്ചത്. ➟ഹെരോദാവിന്റെ ദുഷ്ടതയും കൂർമ്മ ബുദ്ധിയും ഭരണപാടവവും ചരിത്രത്തിൽനിന്ന് പഠിച്ചിട്ടുള്ളവർക്ക് ഇത് മനസ്സിലാക്കുവാൻ പ്രയാസമുണ്ടാവില്ല. ❝വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.❝ (ലൂക്കോ, 16:8). മറ്റൊരു കാരണവും അതിനുണ്ട്:
☛ ഹെരോദാവിൻ്റെ വിഭ്രാന്തി:
➦ ❛ബി.സി. 8 മുതൽ ബി.സി. 4 വരെ❜ ഹെരോദാവ് രാജാവ് കടുത്ത മാനസിക വിഭ്രാന്തിക്കും (Paranoia) സംശയരോഗത്തിനും അടിമയായിരുന്നു എന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
➟പ്രമുഖ യഹൂദ ചരിത്രകാരനായ ❛ഫ്ലാവിയസ് ജോസീഫസ്❜ (Flavius Josephus) ഹെരോദാവിന്റെ ഈ കാലഘട്ടത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ➟ഇതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
❶ അധികാരത്തോടുള്ള അമിതമോഹം:
➦ തന്റെ സിംഹാസനം ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയം ഹെരോദാവിനെ വേട്ടയാടിയിരുന്നു. ➟ഈ സംശയം കാരണം സ്വന്തം കുടുംബാംഗങ്ങളെപ്പോലും അദ്ദേഹം വെറുതെവിട്ടില്ല. ➟തന്റെ അധികാരം സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ക്രൂരതകൾ സമാനതകളില്ലാത്തതാണ്.
❷ സ്വന്തം കുടുംബത്തെ കൊന്നൊടുക്കൽ:
➦ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ ഹെരോദാവിന്റെ വിഭ്രമം മൂർദ്ധന്യത്തിലെത്തി. ➟ബി.സി. 7-ൽ തന്റെ സ്വന്തം പുത്രന്മാരായ അലക്സാണ്ടറെയും അരിസ്റ്റോബുലസിനെയും രാജദ്രോഹക്കുറ്റം ആരോപിച്ച് അദ്ദേഹം വധിച്ചു. ➟ബി.സി. 4-ൽ തന്റെ മരണം സംഭവിക്കുന്നതിന് തൊട്ടുമുമ്പ്, മറ്റൊരു മകനായ ആന്റിപ്പറ്ററെയും അദ്ദേഹം കൊലപ്പെടുത്തി. ➟തന്റെ പ്രിയതമയായ ഭാര്യ മറിയമ്നെയെയും (Mariamne) വർഷങ്ങൾക്ക് മുമ്പ് ഇതേ സംശയത്തിന്റെ പേരിൽ അദ്ദേഹം വധിച്ചിരുന്നു. ➟അതുകൊണ്ടാണ് റോമൻ ചക്രവർത്തിയായ അഗസ്റ്റസ് ഒരിക്കൽ പരിഹാസപൂർവ്വം പറഞ്ഞത്: ➤❝ഹെരോദാവിന്റെ മകനായിരിക്കുന്നതിനേക്കാൾ സുരക്ഷിതം അവന്റെ പന്നിയായിരിക്കുന്നതാണ്.❞ ➟(അർദ്ധ യെഹൂദനായ ഹെരോദാവ് മതാചാരപ്രകാരം പന്നിയെ കൊല്ലില്ല, എന്നാൽ സ്വന്തം മക്കളെ കൊല്ലും).
❸ മാരകമായ രോഗാവസ്ഥ:
➦ ജീവിതത്തിന്റെ അവസാന നാളുകളിൽ ഹെരോദാവ് അതിവേദനയുണ്ടാക്കുന്ന പല രോഗങ്ങൾക്കും ഇരയായിരുന്നു. ➟വൃക്കരോഗം, ശ്വാസതടസ്സം, ശരീരം ചീഞ്ഞഴുകുന്ന തരം അണുബാധകൾ എന്നിവ അദ്ദേഹത്തെ കൂടുതൽ ക്രൂരനും അസ്വസ്ഥനുമാക്കി. ➟ശാരീരികമായ ഈ വേദന അദ്ദേഹത്തിന്റെ മാനസിക നിലയെ കൂടുതൽ തകിടം മറിച്ചു.
❹ മത്തായി 2-ലെ ശിശുക്കളുടെ വധം:
➦ ഈ പശ്ചാത്തലത്തിൽ വേണം ബേത്ത്‌ളേഹെമിലെ ശിശുക്കളുടെ വധത്തെ (Massacre of the Innocents) കാണാൻ. ➟ബി.സി. 6-നോടടുത്ത് വിദ്വാന്മാർ ❛യെഹൂദന്മാരുടെ രാജാവായി പിറന്നവൻ❜ എവിടെ എന്ന് അന്വേഷിച്ചു വന്നപ്പോൾ, വിഭ്രമം പിടിച്ചിരുന്ന ഹെരോദാവ് അത് തന്റെ സിംഹാസനത്തിന് നേരിട്ടുള്ള ഭീഷണിയായി കണ്ടു. ➟സ്വന്തം മക്കളെപ്പോലും കൊല്ലാൻ മടിക്കാത്ത ഒരാൾക്ക്, മറ്റുള്ളവരുടെ ശിശുക്കളെ കൊല്ലുക എന്നത് നിസ്സാരമായ ഒരു കാര്യമായിരുന്നു. ➟ബി.സി. 8 മുതൽ ബി.സി. 4 വരെയുള്ള ഹെരോദാവിന്റെ ഭരണം രക്തരൂഷിതവും വിഭ്രമം നിറഞ്ഞതുമായിരുന്നു. ➟ചരിത്രരേഖകളും ബൈബിളിലെ വിവരണങ്ങളും ഈ ഭ്രാന്തമായ മാനസികാവസ്ഥയെ ഒരേപോലെ ശരിവെക്കുന്നു. ➟ഈ വിഭ്രമത്തിന്റെ ഭാഗമായി തന്നെയാണ് അദ്ദേഹം ജനങ്ങളെ നിയന്ത്രിക്കാൻ പേർവഴി ചാർത്തൽ (Census) പോലുള്ള കടുത്ത നടപടികൾ നടപ്പിലാക്കാൻ ശ്രമിച്ചതും. [Antiquities of the Jews, Book 15, 16, 17. The Jewish War, Book 1]
☛ ഹെരോദാവ് അർക്കെലയൊസും, യെഹൂദ്യയിലെ നാടുവാഴികളും:
➦ ബി.സി. 4 മുതൽ എ.ഡി. 6 വരെയാണ് അർക്കെലയൊസിന്റെ ഭരണകാലം. ➟ഹെരോദാവിന്റെ ശമര്യക്കാരിയായ ഭാര്യ മാല്തയക്കെയിൽ ജനിച്ച പുത്രനാണിയാൾ. ➟ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച പുത്രന്മാരിൽ ഏറ്റവും മുത്തവനാണ് അർക്കെലയൊസ്. ➟പിതാവിന്റെ മരണപത്രപ്രകാരം അർക്കെലയൊസ് രാജാവ് ആകേണ്ടതായിരുന്നു. ➟അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിക്ക് പരാതി നല്കി. ➟റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. ➟പരാതി കണക്കിലെടുത്ത് കൈസർ അർക്കെലയൊസിന് രാജസ്ഥാനം നല്കിയില്ല. ➟പകരം പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. ➟അതിൽ ശമര്യ, യെഹൂദ്യ, ഇദുമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. ➟രാജപദവി ഇല്ലായിരുന്നെങ്കിലും രാജാവിനെപ്പോലെയാണ് അർക്കെലയൊസ് ഭരിച്ചിരുന്നത്. ➟ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനുമായിരുന്നു ഇയാൾ. ➟ബി.സി. 4-ലെ പെസഹ പെരുന്നാളിന്റെ സമയത്ത് മൂവായിരം യെഹൂദന്മാരെ ഇയാൾ നിഷ്കരുണം കൊന്നു എന്നു ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ➟പീഡനം ദുസ്സഹമായപ്പോൾ യെഹൂദന്മാരുടേയും ശമര്യരുടേയും പ്രതിനിധികൾ റോമിൽച്ചെന്ന് ചക്രവർത്തിയോട് പരാതിപ്പെട്ടു. ➟ചക്രവർത്തി അയാളെ സിംഹാനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. ➟എ.ഡി. 6-ൽ ഗാളിലേക്ക് നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെവെച്ച് മരിച്ചു. ➟ഇയാളെ ഭയന്നാണ് യോസേഫ് യെഹൂദ്യയിൽ തങ്ങാതെ നസറത്തിലേക്ക് പോയത്. ➟എ.ഡി. 6-നു ശേഷം യെഹൂദ്യയിൽ നാടുവാഴികൾ മുഖേന റോമിന്റെ നേരിട്ടുള്ള ഭരണമായിരുന്നു. ➟അർക്കെലയൊസിനു ശേഷം എ.ഡി. 6-9-വരെ ❛കൊപൊണിയസും❜ (Coponius), 9-12-വരെ ❛മാർക്കസ് ആംബിവ്യൂലസും❜ (Marcus Ambivulus), 12-15-വരെ ❛ആനിയസ് റൂഫസും❜ (Annius Rufus), 15-26-വരെ ❛വെലേറിയസ് ഗ്രാറ്റസും❜ (Velerius Gratus), 26-36-വരെ ❛പൊന്തിയൊസ് പീലാത്തോസും❜ (Pontius Pilate) ആയിരുന്നു യെഹൂദ്യയിലെ നാടുവാഴികൾ (Governor).
It was such a valuable information. I want to know more about this .
Thank God 🙏