കയീന് ഭാര്യയെ എവിടെനിന്ന് കിട്ടി?

☛ ബൈബിൾ വിശ്വാസയോഗ്യമല്ലെന്ന് കരുതുന്നവർ ചൂണ്ടിക്കാണിക്കുന്നതാണ് കയീൻ്റെ ഭാര്യയുടെ വിഷയം. ➨ആദ്യമനുഷ്യരാണ് ആദാമും ഹവ്വായും. അവരുടെ ആദ്യത്തെ രണ്ട് പുത്രന്മാരാണ് കയീനും ഹാബെലും. ➨അതിൽ മൂത്തവനായ കയീൻ ഇളയവനായ ഹാബെലിനെ കൊന്നു. ➨അനന്തരം കയീൻ ദൈവസന്നിധിയിൽനിന്ന് മറ്റൊരു ദേശത്തേക്ക് ഓടിപ്പോയി ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവർക്ക് സന്തതി പരമ്പര ഉണ്ടായതായും പറഞ്ഞിട്ടുണ്ട്: (ഉല്പ, 4:16-26). ➨ഇതിൻ്റെ പരിഹാരം വളരെ ലളിതമാണ്. ആദാമെന്ന ഒരുത്തനിൽ നിന്നാണ് മനുഷ്യജാതിയെ മുഴുവൻ ഉളവാക്കിയതെന്ന് ബൈബിൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.❞ (പ്രവൃ, 17:26). ➨❝ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി❞ എന്ന് പറഞ്ഞാൽ, ആദാമിൽനിന്നല്ലാത്ത മറ്റൊരു മനുഷ്യൻ ഭൂമിയിൽ ഉണ്ടായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

➦ ❝കയീനും ഹാബെലും ജനിച്ച് അവർ ആട്ടിടയനും കൃഷിക്കാരനും ആയിത്തീർന്നു❞ എന്ന് പറഞ്ഞശേഷം (ഉല്പ, 4:1-2), ➤❝കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു❞ എന്നാണ് പറയുന്നത്: (ഉല്പ, 4:3). ➨❛കുറെക്കാലം കഴിഞ്ഞിട്ടു❜ എന്നതിനു് എബ്രായയിലെ Mi-ketz yamim എന്നാണ്. ➨അതിന് ❛കാലക്രമേണ❜ (In process of time) അല്ലെങ്കിൽ ❛കുറെക്കാലം കഴിഞ്ഞപ്പോൾ❜ എന്ന അർത്ഥമാണുള്ളത്. ➨ഒരു വലിയ കാലഘട്ടത്തെയാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. ➨ഇന്നത്തെ ശരാശരി പ്രായം 70—73 വയസ്സാണ്. ➨എന്നാൽ അന്നത്തെ ശരാശരി പ്രായം ഏകദേശം 900 വർഷമാണ്. ➨ആദാമിൻ്റെ ആയുഷ്കാലം 930 വർഷമാണ്: (ഉല്പ, 5:5). ➨കയീൻ ഹാബേലിനെ കൊന്നശേഷമാണ് ആദമിനു് ശേത്ത് എന്ന മകൻ ജനിക്കുന്നത്. ➨ശേത്തിനെക്കുറിച്ച് ➤❝കയീൻ കൊന്ന ഹാബെലിനു് പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു❞ എന്നാണ് ആദാം പറയുന്നത്: (ഉല്പ, 4:25). ➨ശേത്ത് ജനിക്കുമ്പോൾ ആദാമിൻ്റെ പ്രായം 130 വയസ്സാണ്: (ഉല്പ, 5:3). ➤❝ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു❞ എന്നും പറഞ്ഞിട്ടുണ്ട്: (ഉല്പ, 5:4). ➨അതിനാൽ ഹാബെൽ മരിക്കുന്നതിൻ്റെ അടുത്ത വർഷങ്ങളിൽത്തന്നെ ജനിച്ച മകനാണ് ശേത്ത് എന്ന് മനസ്സിലാക്കാം. ➨അതുകൊണ്ടാണ്, ❝ഹാബെലിന് പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു❞ എന്ന് പറയുന്നത്. ➨അങ്ങനെവരുമ്പോൾ, കയീൻ ഹാബെലിനെ കൊല്ലുമ്പോൾ അവർക്ക് ഏകദേശം 100 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. ➨ഈ നൂറു വർഷത്തിലേറെക്കാലവും ❝നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ❞ എന്ന ദൈവകല്പനപ്രകാരം ആദാമും ഹവ്വായും മക്കളെ ജനിപ്പിച്ചിരുന്നു എന്ന് ന്യായമായും മനസ്സിലാക്കാം.

➦ ദൈവം ആദാമിയും ഹവ്വായെയും സൃഷ്ടിച്ചശേഷം, ➤❝നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ❞ എന്നാണ് കല്പിച്ചിരുന്നത്: (ഉല്പ, 1:28). ➨ആദാമിനും ഹവ്വയ്ക്കും കയീൻ, ഹാബെൽ എന്നിവരെക്കൂടാതെ മറ്റ് മക്കളും ഉണ്ടായിരുന്നു എന്ന് യഹോവയുടെയും കയീൻ്റെയും വാക്കിൽനിന്ന് വ്യക്തമാണ്: ➤❝ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു. യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.❞ (ഉല്പ, 4:14-15). ➨ഈ വേദഭാഗം നോക്കുക, ❝ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും❞ എന്ന് കയീൻ യഹോവയോടും ➨❝ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും❞ എന്ന് യഹോവയും പറയുന്നതായി കാണാം. ➨ഹാബേലിനെ കൊന്നശേഷമാണ് ഇത് പറയുന്നത്. ➨അപ്പോൾ ആദാമിന് രണ്ടു മക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ, അതിലൊരുത്തൻ മറ്റൊരുത്തനെ കൊന്നശേഷം, ❝ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും❞ എന്ന് പറയുമോ❓ ➨❝ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും❞ എന്ന് ദൈവം പറയുമോ❓

☛ ⟦ബൈബിൾ വിവരണങ്ങൾക്ക് പുറമെ, പുരാതന ചരിത്രരേഖകളും ഈ വസ്തുതയെ ശരിവെക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിലെ പ്രശസ്ത യഹൂദ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് തന്റെ ❛Antiquities of the Jews❜ എന്ന ഗ്രന്ഥത്തിൽ പറയുന്നത്, പുരാതന പാരമ്പര്യമനുസരിച്ച് ആദാമിന് 33 പുത്രന്മാരും 23 പുത്രിമാരും ഉണ്ടായിരുന്നു എന്നാണ്. [The Antiquities of the Jews – Book I, Chapter 2:3 (11)]. ➨ഇത് ശരിയാണെങ്കിൽ, കയീൻ ഹാബെലിനെ കൊല്ലുന്ന കാലഘട്ടമായപ്പോഴേക്കും ഭൂമിയിൽ അത്യാവശ്യം വലിയൊരു ജനസംഖ്യ തന്നെ രൂപപ്പെട്ടിരുന്നു എന്ന് നമുക്ക് ഉറപ്പിക്കാം. ➨കയീന്റെ വിവാഹത്തെക്കുറിച്ച് ജോസീഫസ് നേരിട്ട് പറയുന്നില്ലെങ്കിലും, ഇത്രയധികം സഹോദരങ്ങൾ ഉണ്ടായിരുന്നു എന്നത് കയീന് ഭാര്യയെ എവിടെ നിന്ന് കിട്ടി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.⟧

➦ കയീനും ഹാബെലും ആദാമിൻ്റെ ആദ്യത്തെ രണ്ട് മക്കളാണ്. അവർ ജനിച്ച് ഏകദേശം 130 വർഷമായപ്പോഴാണ് ശേത്ത് ജനിക്കുന്നത്. ➨ശേത്ത് ഹാബെലിന് പകരമായി ലഭിച്ച മകനാണ്. അതിനാൽ ഹാബെലിൻ്റെ മരണവും ശേത്തിൻ്റെ ജനനവും അടുത്തടുത്താണെന്ന് മനസ്സിലാക്കാം. ➨അതിനാൽ ഹാബെലിൻ്റെ ജനനത്തിനും ശേത്തിൻ്റെ ജനനത്തിനും ഇടയിൽ ഏകദേശം 130 വർഷത്തെ അന്തരമുണ്ട്. ➨ഈ വർഷങ്ങളിൽ ആദാമിനും ഹവ്വായ്ക്കും എന്തായിരുന്നു പണി❓ ➨അവർ ദൈവകല്പനപ്രകാരം ഭൂമിമുഴുവൻ നിറയാൻ മക്കളെ ജനിപ്പിക്കുകയായിരുന്നു: (ഉല്പ, 1:28). ➨അവർ തമ്മിൽത്തമ്മിൽ വിവാഹംകഴിച്ച് അടുത്തടുത്ത ദേശങ്ങളിൽ താമസിക്കുകയായിരുന്നു. ➨❝ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും❞ എന്ന് കയീൻ ഭയപ്പെട്ടത് ആദാമിന്റെ തന്നെ മറ്റ് സന്തതികളായിരുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം.

➦ നൂറ് വയസ്സിനുശേഷം കയീൻ വിവാഹം കഴിച്ച് സന്തതി പരമ്പര ഉണ്ടാക്കി എന്നതിൽ അത്ഭുതപ്പെടാനില്ല: (ഉല്പ, 4:16-18). ➨ആദാം 930 വയസ്സുവരെ ജീവിച്ചിരുന്ന് മക്കളെ ജനിപ്പിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. ➨നോഹയുടെ 500 വയസ്സായശേഷമാണ് മക്കൾ ജനിക്കുന്നത്: (ഉല്പ, 5:32). ➨ആദാമിൻ്റെ പത്താം തലമുറയാണ് നോഹ എന്നതും ഓർക്കണം. ➨ആദാമിൻ്റെ കാലത്തെ ആയുർദൈർഘ്യം മനസ്സിലാക്കാക്കിയാൽ കാര്യങ്ങൾ എളുപ്പമാണ്.

➦ അന്ന് ഭൂമിയിൽ ഒരു കുടുംബം മാത്രം ഉണ്ടായിരുന്ന സ്ഥിതിക്ക് സഹോദരന്മാരും സഹോദരിമാരും തമ്മിൽ വിവാഹം ചെയ്യാതെ നിവൃത്തിയില്ല. ➨തന്മൂലം, കയീൻ്റെ ഭാര്യ സ്വന്തം സഹോദരിയോ, സഹോദരങ്ങളുടെ മകളോ ആയിരുന്നു എന്നതിൽ സംശയിക്കേണ്ടതില്ല. ➨ആരംഭകാലത്ത് അമ്മാതിരി വിവാഹങ്ങൾ ദോഷകരമായി കണക്കാക്കിയിരുന്നില്ല. ➨ആരംഭകാലത്ത് മനുഷ്യരുടെ ജനിതകഘടന (Genetic structure) വളരെ ശുദ്ധമായിരുന്നതിനാൽ, അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം ഇന്നത്തെപ്പോലെ ശാരീരികമോ ജനിതകമോ ആയ വൈകല്യങ്ങൾക്ക് അന്ന് കാരണമായിരുന്നില്ല. ➨മോശെയുടെ കാലത്ത് ദൈവം യിസ്രായേൽ ജനത്തിന് ന്യായപ്രമാണം കൊടുത്തതുമുതലാണ് രക്തബന്ധങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധം നിരോധിച്ചത്: (ലേവ്യ, 18:6-20).

➦ ഇന്ന് രക്തബന്ധത്തിൽ പെടാത്ത കോടിക്കണക്കിന് സ്ത്രീപുരുഷന്മാർ ഉണ്ടായിട്ടും സഹോദരിസഹോദരന്മാരുടെ മക്കൾ (മുറച്ചെക്കനും മുറപ്പെണ്ണും) തമ്മിൽ വിവാഹം കഴിക്കുന്ന പ്രവണത നമ്മുടെ കേരളത്തിലുണ്ട്. ➨തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ സഹോദരൻ സഹോദരിയുടെ മകളെ (അമ്മാവനും മരുമോളും) വിവാഹം കഴിക്കാറുണ്ട്. ➨അതിനാൽ അന്നത്തെ കാലത്ത് അന്യഗോത്രങ്ങളോ, മറ്റ് കുടുംബങ്ങളോ ഇല്ലാതിരുന്ന സാഹചര്യത്തിൽ സഹോദരങ്ങൾ തമ്മിലുള്ള വിവാഹം പ്രകൃതിവിരുദ്ധമായിരുന്നില്ല. ➨മനുഷ്യവംശത്തിന്റെ തുടർച്ചയ്ക്കായി ദൈവം അനുവദിച്ച ഒരു രീതിയായിരുന്നു അത്. ➨പിന്നീട് ജനസംഖ്യ വർദ്ധിക്കുകയും ജനിതക വൈകല്യങ്ങൾക്കുള്ള സാധ്യത കൂടുകയും ചെയ്തപ്പോഴാണ് മോശെയുടെ കാലത്ത് ന്യായപ്രമാണം വഴി ഇത്തരം ബന്ധങ്ങൾ നിരോധിക്കപ്പെട്ടത്. ➨തന്മൂലം, അന്ന് രക്തബന്ധത്തിൽ പെടാത്തവർ ഇല്ലാതിരുന്ന കാലത്ത് സഹോദരനും സഹോദരിയും തമ്മിലുള്ള വിവാഹത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *