❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. യേശു അവരോടു: ❛ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു❜ എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.❞
(യോഹന്നാൻ 8:56-59)
☛ ❛അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടു❜ എന്ന് യേശു പറഞ്ഞതിനെ, അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടായിരുന്നു; എന്ന സാധാരണ അർത്ഥമാണ് ഉള്ളതെന്ന് അനേകർ വിചാരിക്കുന്നു. ➟എന്നാൽ ഈ അദ്ധ്യായത്തിലെ ശ്രദ്ധേയമായ ഒരുകാര്യം എന്താണെന്ന് ചോദിച്ചാൽ; ഇത് പറയുന്നതിന് തൊട്ടുമുമ്പെ, താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട് (യോഹ, 8:40). ➟ഒരു മനുഷ്യന് എങ്ങനെയാണ് രണ്ടായിരം വർഷംമുമ്പെ ജീവിച്ചിരുന്ന അബ്രാഹാമിനുമുമ്പെ ഉണ്ടായിരിക്കാൻ കഴിയുന്നത്❓ ➟ഈ വേദഭാഗം പഠിക്കുമ്പോൾ, അത് പറയാനുണ്ടായ സന്ദർഭവും അത് കേട്ടവരുടെ പ്രതികരണവും അനന്തരസംഭവവും വിശദമായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ➟യേശുവിൻ്റെ വാക്കുകൾ കേട്ടയുടനെ യെഹൂദന്മാർ അവനെ എറിവാൻ കല്ലെടുത്തതായി അവിടെ കാണുന്നു. ➟പൂർവ്വപിതാവായ അബ്രാഹാമിനു മുമ്പേ ❛ഞാനുണ്ടു❜ എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, അതെങ്ങനെ കല്ലെറിയപ്പെടാനുള്ള കുറ്റമാകും❓ ➟യേശു മറഞ്ഞ് ദൈവാലയം വിട്ടുപോയത് എന്തിനാണ്❓ ➟ഏത് കുറ്റം നിമിത്തമാണ് അവർ അവനെ കല്ലെറിയാൻ തുനിഞ്ഞത്❓ ➟രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യനുമുമ്പേ താൻ ഉണ്ടായിരുന്നു എന്ന് മറ്റൊരു മനുഷ്യൻ പറഞ്ഞാൽ, ന്യായപ്രമാണ പ്രകാരം അത് കല്ലെറിയപ്പെടാനുള്ള കുറ്റമാണോ❓ ➟ഇതെല്ലാം വിശദമായി അറിഞ്ഞാൽ മാത്രമേ, യേശു പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാകുകയുള്ളു. ➟എല്ലാം വിശദമായി മനസ്സിലാക്കാൻ നാലു കാര്യങ്ങളാണ് നാം ചിന്തിക്കുന്നത്:
𝟭. ദൈവപുത്രനായ ക്രിസ്തുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണ്❓
𝟮. ക്രിസ്തു അത് പറയാനുണ്ടായ സന്ദർഭം എന്താണ്❓
𝟯. ക്രിസ്തു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്❓
𝟰. ക്രിസ്തു ആരാണ് അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്❓ ➟നമുക്ക് അതൊക്കെയൊന്ന് പരിശോധിക്കാം:
❶ ദൈവപുത്രനായ ക്രിസ്തുവിൻ്റെ പ്രകൃതി എന്താണ്❓
➦ ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➤❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്: (റോമ, 5:15). ➤❛മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❜ (യോഹ, 8:40), ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟കന്യകയുടെ മൂത്തപുത്രനായി ജനിച്ച (ലൂക്കൊ, 2:7) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു. (റോമ, 5:15).
➦ ഒന്നുകൂടി വ്യക്തമാക്കിയാൽ: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20;ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22 ⁃⁃പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1;ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18) മനുഷ്യനാണ് യേശു: (യോഹ, 8:40). ➤[കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം, യേശു എന്നു പേരുള്ള മനുഷ്യൻ]
➦ ക്രിസ്തു എന്നാൽ അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷിക്തനായ മനുഷ്യൻ എന്നാണർത്ഥം. ➟ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ➟യേശു എന്ന പാപരഹിതനായ മനുഷ്യൻ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചപ്പോഴാണ്, അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38). ➟നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ താൻ അപ്പോഴാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ➤❛ഇവൻ എൻ്റെ പ്രിയപുത്രൻ❜ എന്ന് പിതാവിനാൽ വിളിക്കപ്പെട്ടപ്പോഴാണ് അവനു് ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവി (𝐓𝐢𝐭𝐥𝐞) ലഭിച്ചത്: (ലൂക്കൊ, 1:32; ലൂക്കൊ,1:35; ലൂക്കൊ, 3:22). ➟പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു ഇല്ല (1പത്രൊ, 1:20); അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15;ആവ, 18:15;ആവ, 18:18-19;സങ്കീ, 40:6;യെശ, 7:14;യെശ, 52:13-15;യെശ, 53:1-12;യെശ, 61:1-2). ➟യേശുവെന്ന ദൈവപുത്രൻ ജനിച്ചത്, ട്രിനിറ്റിയുടെ വിശ്വാസംപോലെ സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല; എ.എം. 𝟑𝟕𝟖𝟗-ൽ (എ.ഡി. 𝟐𝟗) യോർദ്ദാനിൽ വെച്ചാണ്. ➟അതായത്, ബി.സി. 𝟔-ൽ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. ➟യോർദ്ദാനിലെ പ്രവചന നിവൃത്തിക്കുമുമ്പെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ഇല്ലായിരുന്നു. ➟യേശു എന്ന പേർപോലും മറിയ അവനെ പ്രസവിക്കുന്നതിനും ഒൻപത് മാസത്തിനും ഒൻപത് ദിവസത്തിനും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. ➤[കാണുക: അഭിഷേകദാതാവും അഭിഷിക്തനും,ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]
☛ പിതാവ് ഒരുത്തൻ മാത്രം ദൈവം:
➦ ❝ഏകദൈവം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (Joh, 5:44), ഏകസത്യദൈവമായ പിതാവ് – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 (Joh, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത്.❞ (മത്താ, 24:36). ➟മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❛അനന്യമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, കേവലമായ, തനിയെ, മാത്രം❜ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള 𝐦ó𝐧𝐨𝐬 എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➤𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ക്രിസ്തു പറഞ്ഞത് പിതാവിനെക്കുറിച്ചാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ➤❛𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❜ എന്നാണ്: [കാണുക: NMV]. ➟അതിൻ്റെയർത്ഥം: ➤❛പിതാവ് ദൈവം❜ ആണന്നല്ല; ➤❛പിതാവ് മാത്രം ദൈവം❜ എന്നാണ്. ➤❛പിതാവ് മാത്രം (𝐦ó𝐧𝐨𝐬) ദൈവം❜ എന്ന് പുത്രൻ പറഞ്ഞാൽ, പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➤𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ➤❛പിതാവാണ് സത്യദൈവം❜ എന്നല്ല; ➤❛പിതാവ് മാത്രം (𝐦ó𝐧𝐨𝐬) സത്യദൈവം❜ എന്നാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ➤❛𝐲𝐨𝐮, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫❜ എന്ന് കാണാം: [കാണുക: NMV]. ➤❛പിതാവ് മാത്രമാണ് സത്യദൈവം❜ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 –ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❛പിതാവിനെ മാത്രം (𝐦ó𝐧𝐨𝐬) ആരാധിക്കണം❜ എന്ന് പുത്രൻ പറഞ്ഞാൽ, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. ➤എൻ്റെ പിതാവു് മാത്രമാണ് (𝐦ó𝐧𝐨𝐬) സകലവും അറിയുന്നതു❜ എന്ന് പുത്രൻ പറഞ്ഞാൽ, താൻ സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ➤[കാണുക: ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യം, ആരെയാണ് ആരാധിക്കേണ്ടത്?, ആരോടാണ് പ്രാർത്ഥിക്കേണ്ടത്?]
➦ പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), ഞാൻ മനുഷ്യനാണ് (യോഹ, 8:40), ➤എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ➤പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17) എന്നൊക്കെ ദൈവപുത്രൻതന്നെ പറയുമ്പോൾ; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അവനെ വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. ➟മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ➟❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❞ എന്നാണ് ദൈവപുത്രനായ ക്രിസ്തു പറഞ്ഞത്: (യോഹ, 20:27). ➟അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും ദൈവപുത്രനായ യേശുവിൻ്റെ പിതാവും ദൈവവും യഹോവ തന്നെയാണ്: (മത്താ, 27:47; മർക്കൊ, 15:33). ➟താനും ദൈവമായിരുന്നെങ്കിൽ, പിതാവ് മാത്രം ദൈവം, അവൻ മാത്രം സത്യദൈവം, അവനെ മാത്രം ആരാധിക്കണം, അവൻ മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ യേശു പറയുമായിരുന്നോ❓ ➟എ.എം 𝟑𝟕𝟓𝟓-ൽ (ബി.സി. 𝟔) മാത്രം പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും എ.എം. 𝟑𝟕𝟖𝟗-ൽ (എ.ഡി. 𝟐𝟗) പ്രവചനങ്ങൾപോലെ ക്രിസ്തുവും ദൈവപുത്രനും ആയ യേശുവെന്ന മനുഷ്യൻ എങ്ങനെയാണ് യഥാർത്ഥത്തിൽ അബ്രാഹാം ജനിച്ചതിനുമുമ്പെ ഉണ്ടാകുന്നത്❓ ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവം]
❷ ക്രിസ്തു അത് പറയാനുണ്ടായ സന്ദർഭം എന്താണ്❓
➦ 𝟓𝟏-ാം വാക്യത്തിൽ: ➤❝ആമേൻ; ആമേൻ ഞാൻ നിങ്ങളോടു പറയുന്നു:എന്റെ വചനം പ്രമാണിക്കുന്നവൻ; ഒരുനാളും മരണം കാൺകയില്ല❞ എന്ന് ക്രിസ്തു പറയുന്നതായി കാണാം. അപ്പോൾ, യെഹൂദന്മാർ അവനോട്: ➤❝നിനക്ക് ഭൂതം ഉണ്ടു എന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി. അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്ന് പറയുന്നു; ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ അവൻ മരിച്ചു; പ്രവാചകന്മാരും മരിച്ചു നിന്നെത്തന്നെ നീ ആർ ആക്കുന്നു” എന്നു ചോദിച്ചു.❞ (യോഹ, 8:51-53). ➟അതിന് മറുപടിയായി ക്രിസ്തു പറഞ്ഞത്: ❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.❞ (യോഹ, 8:56).
☛ അബ്രാഹാം എപ്പോഴാണ് ക്രിസ്തുവിൻ്റെ ദിവസം കണ്ടത്❓
➦ അബ്രാഹാമിൻ്റെ കാലം കഴിഞ്ഞ്, രണ്ടായിരം വർഷത്തിനു ശേഷം ജനിച്ച ക്രിസ്തുവിൻ്റെ ദിവസം അവൻ കണ്ടോ❓➟കണ്ടെങ്കിൽ, എങ്ങനെയാണ് കണ്ടത്❓ അബ്രാഹാമിൻ്റെയും അവൻ്റെ സന്തതിയായ യിസ്രായേലിൻ്റെയും അനുഗ്രഹത്തിനായി, ലോകസ്ഥാപനം മുതൽ ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് ക്രിസ്തു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14; ഗലാ, 3:16-19). ➟അതിൻ്റെ നിവൃത്തിയായിട്ടാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി ക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്. (ഗലാ, 4:4). ➟പത്രൊസ് പറയുന്നത് നോക്കുക: ➤❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല അവൻ പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. ➤[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:16 ⁃⁃ മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟പിന്നെങ്ങനെയാണ് അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്❓
☛ അതിൻ്റെ ഉത്തരം എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്:
➦ ❝അതുകൊണ്ട് ഒരുവനു: മൃതപ്രായനായവനു തന്നേ പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽ പോലെയും; സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു.❞ {എബ്രാ,11:12-13). ➤❛ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചു (ഉല്ലസിച്ചു)❜. അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്; ദൂരത്ത് നിന്നാണ്. ➟അതായത്, അവൻ വിശ്വാസക്കണ്ണാലാണ് രക്ഷകനായ ക്രിസ്തുവിനെ കണ്ടത്. ➟അബ്രാഹാം മാത്രമല്ല; യിസ്ഹാക്കും, യാക്കോബും, പഴയനിയമ ഭക്തന്മാരെല്ലാം ക്രിസ്തുവിനെ കണ്ടത്, ആത്മിക നയനങ്ങളാലാണ്. (എബ്രാ, 11:13). ➤❛അബ്രാഹാം എന്റെ ദിവസം കണ്ട് സന്തോഷിച്ചുമിരിക്കുന്നു❜ എന്ന് ക്രിസ്തു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനോട്: ➤❝നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.❞ (യോഹ, 8:57). ➟അതായത്, ക്രിസ്തു പറഞ്ഞത് എന്താണെന്ന് യെഹൂദന്മാർക്ക് മനസ്സിലായില്ല. ➟അവൻ ആത്മീയമായി പറഞ്ഞകാര്യങ്ങളെ അവർ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കി. ➟തൻ്റെ ഈ ദിവസം അബ്രാഹം കണ്ടത് ഭൗതിക നയനങ്ങളാലല്ല; ദീർഘദൃഷ്ടിയാൽ അഥവാ, ആത്മാവിനാൽ കണ്ട കാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟എന്നാൽ അവൻ്റെ വാക്ക് ഗ്രഹിക്കാഞ്ഞ യെഹൂദന്മാർ ചോദിച്ചത്; അമ്പത് വയസ്സുപോലും ആകാത്ത നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നാണ്. ➟അതിൻ്റെ മറുപടിയായിട്ടാണ് ക്രിസ്തു പറഞ്ഞത്: ➤❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ➤❛അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട്.❜ അപ്പോൾ അവർ അവനെ എറിവാൻ കല്ലെടുത്തു. യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.❞ (യോഹ, 8:58-59).
❸ ക്രിസ്തു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്❓
➦ അതറിയാൻ ആ വേദഭാഗം വിശദമായി പരിശോധിക്കണം. ➟ആ വേദഭാഗത്ത് ചിന്തനീയമായ പല വിഷയങ്ങളുണ്ട്. ➟യേശുവെന്ന ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് നാം മുകളിൽ കണ്ടതാണ്. ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവമാണ് വംശാവലിയോടെ, ജനിച്ചു ജീവിച്ചു ക്രൂശിൽ മരിച്ചതെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷവും. ➟എന്നാൽ ദൈവത്തിന് മരണമില്ലെന്നും ദൂതന്മാരിൽ താഴ്ചയുള്ള മനുഷ്യനാണ് മരിച്ചതെന്നും വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (1തിമൊ, 2:6; 6:16; എബ്രാ, 2:9). ➟ക്രിസ്തു മനുഷ്യനാണെന്ന് താൻ തന്നെയും അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട യെഹൂദന്മാർ എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟യേശു; നസറെത്ത് നിവാസികളായ യോസേഫിൻ്റെയും മറിയയുടെയും മകനാണെന്നാണ് യെഹൂദന്മാർ വിശ്വസിച്ചിരുന്നത്. (മത്താ, 13:55; മർക്കൊ, 6:3; യോഹ, 1:45; 6:42). ➟ഈ സംഭവത്തിന് തൊട്ടുമുമ്പെ താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ➤യോഹന്നാൻ സ്നാപകനും (യോഹ, 1:30), ➤പുരുഷാരവും (മത്താ, 9:8), ➤ശമര്യാസ്ത്രീയും (യോഹ, 4:29), ➤ചേകവരും (യോഹ, 7:46), ➤പിറവിക്കുരുടനും (യോഹ, 9:11), ➤പരീശന്മാരും (യോഹ, 9:16), ➤യെഹൂദന്മാരും (യോഹ, 10:33), ➤മഹാപുരോഹിതന്മാരും (യോഹ, 11:47), ➤കയ്യാഫാവും (യോഹ, 11:50), ➤വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), ➤പീലാത്തോസും (ലൂക്കൊ, 23:4), ➤ശതാധിപനും (മർക്കൊ, 15:39), ➤ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ അവനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. തന്മൂലം, യേശുവെന്ന മനുഷ്യൻ പൂർവ്വപിതാവായ അബ്രാഹാം ജനിച്ചതിനും മുമ്പേ ഉണ്ടെന്ന് പറഞ്ഞാൽ, യെഹൂദന്മാർ അവനെ എന്തിന് കല്ലെറിയണം❓ ➟ഒരു മനുഷ്യൻ തന്നെക്കാൾ 𝟐,𝟎𝟎𝟎 വർഷം മുമ്പെ ജീവിച്ചിരുന്ന, മറ്റൊരു മനുഷ്യനു മുമ്പെ ഉണ്ടെന്ന് പറഞ്ഞാൽ അതെങ്ങനെ കല്ലെറിയപ്പെടാനുള്ള കുറ്റമാകും❓ ➟അതിനാൽ, ഉത്തരം ലഭിക്കേണ്ടതായ ചില ചോദ്യങ്ങൾ ആ വേദഭാഗത്തുണ്ട്.
☛ ഒന്നാമത്, ➤❛അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടു❜ എന്ന് യഥാർത്ഥത്തിൽ മനുഷ്യനായ യേശുവിനു എങ്ങനെ പറയാൻ കഴിയും❓ ➟ഒരിക്കലും പറയാൻ കഴിയില്ല; പറഞ്ഞാൽ അത് അബദ്ധമാണ്. ➟എന്തെന്നാൽ, കന്യകയായ മറിയയുടെ ആദ്യജാതനായിട്ട് ജനിച്ച മനുഷ്യനാണ് യേശു. (മത്താ, 1:25; ലൂക്കൊ, 2:7). ➟വിശേഷാൽ അവളുടെ ഉദരത്തിൽ ഉല്പാദിതമായ (ഉരുവായ) മനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 2:21; യോഹ, 8:40). ➟അബ്രാഹാമിനു മുമ്പേ എന്നത് പോയിട്ട്, അവൻ്റെ അമ്മയായ മറിയയുടെ മുമ്പേ പോലും യേശു എന്ന് പേരുള്ള മനുഷ്യൻ (വ്യക്തി) ഇല്ലായിരുന്നു: (യോഹ, 9:11). ➟പിന്നെങ്ങനെ അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടാകും❓ ➟യേശു എന്ന പാപമറിയാത്ത മനുഷ്യൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. മുമ്പേ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. (ഉല്പ, 3:15;ആവ, 18:15;ആവ, 18:18-19;സങ്കീ, 40:6;യെശ, 7:14;യെശ, 52:13-15;യെശ, 53:1-12;യെശ, 61:1-2). ➟തന്മൂലം, യേശു പറഞ്ഞതിൻ്റെ അർത്ഥം നമ്മൾ വിചാരിക്കുന്നതല്ല. ➟അത് നമ്മുടെ പരിഭാഷകളുടെ വൈകല്യമാണ്.
☛ രണ്ടാമത്, യെഹൂദന്മാർക്ക് തോന്നിയപോലെ ആരെയും കല്ലെറിയാൻ കഴിയില്ല. ➟അതിന് ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. ➟ഇക്കാര്യങ്ങൾ സംഭവിക്കുന്നത് ദൈവാലയത്തിൽ വെച്ചാണ്. ➟ന്യായപ്രമാണ വിരുദ്ധമായി ഒരുത്തനെ കല്ലെറിയാൻ ജനങ്ങൾ സമ്മതിക്കില്ല. ➟കല്ലെറിയപ്പെടേണ്ടവരുടെ ഒരു ലിസ്റ്റ് ന്യായപ്രമാണത്തിൽ ഉണ്ട്:
𝟭. കാളയെക്കൊണ്ട് മനഃപൂർവ്വം മറ്റൊരാളെ കുത്തി കൊല്ലിക്കുന്നവൻ. (പുറ, 21:28-29),
𝟮. കുട്ടികളെ ദേവന്മാർക്ക് സമർപ്പിക്കുന്നവർ. (ലേവ്യ, 20:2),
𝟯. വെളിച്ചപ്പാടനായ പുരുഷൻ. (ലേവ്യ, 20:27),
𝟰. മന്ത്രവാദിയായ പുരുഷൻ. (ലേവ്യ, 20:27),
𝟱. യഹോവയുടെ നാമത്തെ ദുഷിക്കുന്നവൻ. (ലേവ്യ, 24:16),
𝟲. അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ. (ആവ, 13:6),
𝟳.ഴഅന്യദൈവങ്ങളെ ആരാധിക്കാൻ പ്രേരിപ്പിക്കുന്നവൻ. (ആവ, 13:8-9),
𝟴. അന്യദൈവങ്ങളെ ആരാധിക്കുന്നവൻ. (ആവ, 17:3-5),
𝟵. ശഠനും മത്സരിയുമായ മകൻ. (ആവ, 21:18-21),
𝟭𝟬. വ്യഭിചാരിയായ സ്ത്രീയും പുരുഷനും. (ആവ, 22:20-24),
𝟭𝟭. ശബ്ബത്ത് ലംഘിക്കുന്നവൻ. (സംഖ്യാ, 15:32-36),
𝟭𝟮. ദൈവദൂഷകൻ. (ലേവ്യ, 24:11-14).
➦ മേല്പറഞ്ഞവയിൽ, ഒന്നുമുതൽ പത്തുവരെയുള്ള കുറ്റം ശത്രുക്കൾക്കുപോലും യേശുവിൻ്റെമേൽ ആരോപിക്കാൻ കഴിയില്ല. ➟അവൻ പാപമറിയാത്തവനും, പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേർവിട്ടവനും, പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും പാപം ഇല്ലാത്തവനും ആയിരുന്നു. (2കൊരി, 5:21, എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ➤❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു❞ എന്ന് ദൈവാലയത്തിൽ വെച്ച് ഇതേ സന്ദർഭത്തിൽത്തന്നെ യെഹൂദന്മാരോട് അവൻ ചോദിക്കുകയുണ്ടായി. (യോഹ, 8:46). ➤❛എൻ്റെ കുറ്റം ആർക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും❜ എന്ന് അതിധൈര്യത്തോടെ ലോകത്തോട് ചോദിക്കാൻ തക്കവണ്ണം ധാർമ്മികവും കാർമ്മികവുമായി പൂർണ്ണശുദ്ധിയുള്ള ഒരു മനുഷ്യൻ ലോകത്തു ജനിച്ചു ജീവിച്ചിട്ടുള്ളത്, നമ്മുടെ കർത്താവായ ക്രിസ്തു മാത്രമാണ്. ➟പതിനൊന്നാമത്തെ കുറ്റമായ ശബ്ബത്ത് ലംഘനം യേശുവിൻ്റെമേൽ ആരോപിക്കാൻ, ഈ സംഭവം നടക്കുന്നത് ശബ്ബത്തിലല്ല. ➟അന്ന് ശബ്ബത്തായിരുന്നെങ്കിൽ വ്യഭിചാരത്തിൽ പിടിച്ച സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ യേശുവിൻ്റെ അഭിപ്രായം ചോദിച്ചുകൊണ്ട് യെഹൂദന്മാർ വരില്ലായിരുന്നു. (യോഹ, 8:3-5). ➟യേശുവിനെ കല്ലെറിയാൻ അവർ ശ്രമിക്കയുമില്ലായിരുന്നു, ➟അവർതന്നെ ശബ്ബത്ത് ലംഘകർ ആയിത്തീരും. ➟എന്തായാലും, ഒരുകാര്യം നമുക്ക് ഉറപ്പിക്കാം: ഒന്നുമുതൽ പതിനൊന്നു വരെയുള്ള കുറ്റം യേശുവിൻ്റെമേൽ ആരോപിക്കാൻ അവർക്ക് കഴിയില്ല. ➟അതിനാൽ, അവൻ്റെമേൽ ആരോപിച്ച കുറ്റം ദൈവദൂഷണമാണ്. ➟പക്ഷെ, ഏത് കാരണത്താൽ അവൻ പറഞ്ഞത് ദൈവദൂഷണമാകും❓ ➟𝟐,𝟎𝟎𝟎 വർഷംമുമ്പ് ജീവിച്ചിരുന്ന; അബ്രാഹാമെന്ന മനുഷ്യനുമുമ്പെ ഞാനുണ്ട് എന്ന് മറ്റൊരു മനുഷ്യൻ പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അത് ദൈവദൂഷണമാകില്ല. ➟മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം.
➦ ഒരു ഉദാഹരണം പറഞ്ഞാൽ അത് മനസ്സിലാക്കാം: കേരളത്തിലെ ബ്രദ്റെൻ പ്രസ്ഥാനത്തിൻ്റെ പിതാവ് കെ.വി. സൈമനും, പെന്തെക്കൊസ്ത് പ്രസ്ഥാനത്തിൻ്റെ പിതാവ്; കെ.ഇ. എബ്രഹാമും ആണ്. ➟ഇന്നൊരു ബ്രദ്റെൻ യൗവ്വനക്കാരൻ എഴുന്നേറ്റിട്ട്, കെ.വി. സൈമൻ ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ അതെങ്ങനെ ദൈവദൂഷണമാകും❓ ➟അല്ലെങ്കിൽ, ഒരു പെന്തെക്കൊസ്തുകാരൻ എഴുന്നേറ്റിട്ട്, കെ.ഇ. എബ്രഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ, അതെങ്ങനെ ദൈവദൂഷണമാകും❓ ➟അത് ദൈവദൂഷണം ആകണമെങ്കിൽ, അവർ രണ്ടുപേരും ബ്രദ്റെൻ പെന്തെക്കൊസ്തു പ്രസ്ഥാനങ്ങളുടെ ദൈവങ്ങൾ ആയിരിക്കണം. ➟മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം. അതുപോലെ, അബ്രാഹാം യെഹൂദന്മാരുടെ ദൈവമല്ല; എബ്രായ ജാതിയുടെ പിതാവായ മനുഷ്യൻ മാത്രമാണ്. പിന്നെങ്ങനെ, അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാനുണ്ടെന്ന് പറഞ്ഞാൽ അത് ദൈവദൂഷണമാകും❓ ➟അനേകർ കരുതുന്നപോലെ അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാനുണ്ട് എന്ന സാധാരണ അർത്ഥം മാത്രമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ അതൊരു ഭ്രാന്തൻ്റെയോ, ഭൂതഗ്രസ്തൻ്റെയോ വാക്കുകളായി തള്ളിക്കളയാവുന്നതേയുള്ളു. ➟ഭ്രാന്തനെയും ഭൂതഗ്രസ്തനെയും കല്ലെറിയാൻ ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. ➟ക്രിസ്തുവിൻ്റെ വാക്കും പ്രവൃത്തിയും ഗ്രഹിക്കാൻ കഴിയാഞ്ഞ സന്ദർഭങ്ങളിലൊക്കെ അവനെ ബെയെത്സെബൂലെന്നും, അവനു് ഭൂതമുണ്ടെന്നും അവർ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. (മത്താ, 10:25; മർക്കൊ, 3:22). ➟ഈ അദ്ധ്യായത്തിൽത്തന്നെ ➤❛നിനക്കു ഭൂതമുണ്ടു❜ എന്ന് രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 8:48, 8:52). ➟അപ്പോഴൊന്നും അവർ അവനെ കല്ലെറിയാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രത്യേകം ഓർക്കണം.
☛ മൂന്നാമത്, യേശുവിൻ്റെ വാക്കുകേട്ട യെഹൂദന്മാർ കല്ലെറിയാൻ ശ്രമിച്ചതിനാൽ, അവൻ ഒരു അത്ഭുതം പ്രവർത്തിച്ചുകൊണ്ട് അവരുടെ മദ്ധ്യേനിന്ന് ദൈവാലയം വിട്ടുപോയതായി അവിടെ പറഞ്ഞിട്ടുണ്ട്. (യോഹ, 8:59). ➟സാധാരണനിലയിൽ, യെഹൂദന്മാർ ഒരാളെ കല്ലെറിയാൻ തുനിഞ്ഞാൽ രക്ഷപെടുക പ്രയാസമാണ്. ➟രക്ഷപെടാൻ കഴിയാത്തവണ്ണം ചുറ്റുംനിന്നാണ് കല്ലെറിയുന്നത്. ➟ബൈബിളിൽ കല്ലെറിയപ്പെട്ടവരിൽ പൗലൊസ് ഒഴികെ, എല്ലാവരും മരിച്ചതായാണ് കാണുന്നത്. (പ്രവൃ, 14:19). ➟പൗലൊസ് മരിച്ചെന്ന് കരുതിയാണ് അവർ പട്ടണത്തിനു വെളിയിൽ അവനെ ഉപേക്ഷിച്ചത്. ➟ചുറ്റും കൂടിനിന്നിട്ട് കല്ലെറിയുന്നതുകൊണ്ട് സ്വാഭാവികമായി രക്ഷപെടാൻ പറ്റില്ല. ➟അതുകൊണ്ടാണ്, യേശു സ്വയംമറഞ്ഞു ദൈവാലയം വിട്ടുപോയി എന്ന് എഴുതിയിരിക്കുന്നത്. (യോഹ, 8:59). ➟യേശു തനിക്കുവേണ്ടി അവിടെ ഒരു അത്ഭുതം പ്രവർത്തിച്ചതായിട്ടാണ് കാണുന്നത്. ➟സ്വയരക്ഷയ്ക്കുവേണ്ടി അവൻ അത്ഭുതം പ്രവർത്തിച്ചതായി മറ്റെവിടെയും വ്യക്തമായി കാണാൻ കഴിയില്ല. ➟നസറെത്തിലെ പള്ളിയിൽ വെച്ചുള്ള തൻ്റെ ആദ്യപ്രഭാഷണത്തോടുള്ള ബന്ധത്തിൽ, യെഹൂദന്മാർ അവനെ മലയുടെ മുകളിൽനിന്നു തള്ളിയിടാൻ ഭാവിക്കുമ്പോൾ അവൻ അവരുടെ നടുവിൽക്കൂടി നടന്നുപോയതായി വായിക്കുന്നുണ്ട്. (ലൂക്കോ, 4:29-30). ➟എന്നാൽ അതൊരു അത്ഭുതമായി അവിടെ പറഞ്ഞിട്ടില്ല. ➟എന്നാൽ ഇവിടെ അവർ യേശുവിനെ കല്ലെറിയാൻ തുനിഞ്ഞതിനാൽ അവർ ആരോപിച്ച കുറ്റം ദൈവദൂഷണമാണെന്ന് വ്യക്തമാണ്. ➟അങ്ങനെയെങ്കിൽ, യെഹൂദന്മാരുടെ ദൃഷ്ടിയിൽ അവൻ എന്ത് ദൈവദൂഷണം ആയിരിക്കും പറഞ്ഞത്❓
☛ യെഹൂദന്മാർ ദൈവദൂഷണമായി മനസ്സിലാക്കിയ പ്രത്യേകമായത് എന്തോ, ആ വേദഭാഗത്ത് യേശു പറഞ്ഞിട്ടുണ്ട്. ➟അത് അറിയാൻ, ക്രിസ്തുവിനെക്കുറിച്ച് ഒരു കാര്യംകൂടി അറിയണം. അവൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണെന്നും അവൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു എന്നും നാം കണ്ടതാണ്. ➟എന്നാൽ നമ്മുടെ പാപം പരിഹാരത്തിനായി ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്നറിയണം.
❹ ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓
➦ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ➤❛𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❜ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18).
➦ ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
➦ സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ➤❝ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.❞ (1തിമൊ, 2:5-6). ➟സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. ➟മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:21; 17:23; 20:17; ലൂക്കൊ, 23:46).
☛ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ യേശു എന്നു പേരുള്ള മനുഷ്യൻ, യെഹൂദന്മാരോട് പറഞ്ഞതെന്താണെന്ന് ഇനി മനസ്സിലാകും: (യോഹ, 9:11):
➦ യോഹന്നാൻ 𝟖:𝟓𝟖 സത്യവേദപുസ്തകത്തിൽ വായിച്ചാൽ, ആ വാക്യത്തിന് ഒരു പ്രത്യേകതയും തോന്നില്ല. ➟ബെഞ്ചമിൻ ബെയ്ലിയുടെ പരിഭാഷ നോക്കുക: യേശു അവരോട്: ➤❝അബ്രാഹാം ഉണ്ടായതിന് മുമ്പെ ❛ഞാൻ ആകുന്നു❜ എന്ന് സത്യമായിട്ട്, സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞു.❞ (ബെ.ബെ). ➟𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐒𝐭𝐚𝐧𝐝𝐚𝐫𝐝 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ: യേശു പറഞ്ഞു: ➤❝ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനു മുമ്പേ, ഞാൻ ആകുന്നു.❞ (MSV’17). ➟ഈ പരിഭാഷകളിൽ അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാനുണ്ട് എന്നല്ല; ➤❛ഞാൻ ആകുന്നു❜ എന്നാണ്. ഗീക്കിലെ എല്ലാ വേർഷനിലും ➤❛𝐞𝐠ō 𝐞𝐢𝐦𝐢❜ എന്നാണ്. [കാണുക: BibleHub]. ➟അതിൻ്റെ അർത്ഥം: ❛ഞാൻ ഉണ്ടായിരുന്നു❜ എന്നല്ല; ❛ഞാൻ ആകുന്നു❜ എന്നാണ്. ➟ഇംഗ്ലീഷിൽ: ➤❛𝐈 𝐰𝐚𝐬❜ (ഞാൻ ഉണ്ടായിരുന്നു) എന്നല്ല; ➤❛𝐈 𝐚𝐦❜ (ഞാൻ ആകുന്നു) എന്നാണ്. ➟ഇംഗ്ലീഷിലെ പല പരിഭാഷകളിലും ➤❛𝐈 𝐀𝐌❜ എന്ന് വലിയക്ഷരത്തിലാണ് (capital letter) കാണുന്നത്: (AFV, AMPC, CJB, ERV, ISV, JUB, LSV, MEV, MNT, NABRE, NCB, NHEB, NKJV, NLT, PHILLIPS, WEB]. ➟പുറപ്പാടു പുസ്തകത്തിൽ ദൈവം തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തുന്നത്, ❛ഞാനാകുന്നവൻ ഞാനാകുന്നു❜ എന്നാണ്. (പുറ, 3:14). ➟അത് എബ്രായയിൽ “എഹ്യേഹ് ആഷേർ എഹ്യേഹ്” (𝐞𝐡𝐲𝐞𝐡 𝐚𝐬𝐞𝐫 𝐞𝐡𝐲𝐞𝐡 – 𝐈 𝐀𝐌 𝐓𝐇𝐀𝐓 𝐈 𝐀𝐌) ആണ്. ➟പഴയനിയമത്തിൻ്റെ ആദ്യത്തെ ആധികാരിക ഗ്രീക്കു പരിഭാഷയും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതുമായ സെപ്റ്റ്വജിൻ്റിൽ അത് ➤❛ΕΓΩ ΕΙΜΙ❜ (𝐞𝐠ō 𝐞𝐢𝐦𝐢) എന്നാണ്. അതാണ് പുതിയനിയമ ഗ്രീക്കിലും കാണുന്നത്. [കാണുക: Codex Vaticanus]. ➟അതിനെയാണ്, ഇംഗ്ലീഷിൽ ➤❛𝐈 𝐀𝐌❜ എന്നും ബെഞ്ചമിൻ ബെയ്ലിയിലും മലയാളം സ്റ്റാൻ്റേർഡ് വേർഷനിലും ❛ഞാൻ ആകുന്നു❜ എന്നും പരിഭാഷ ചെയ്തിരിക്കുന്നത്.
➦ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള ➤❛𝐞𝐠ō 𝐞𝐢𝐦𝐢❜ (എഗോ എയ്മി) ആണന്നാണ് യേശു യെഹൂദന്മാരോട് പറഞ്ഞത്. ➤യോസേഫിൻ്റെയും മറിയയുടെയും മകനും കേവലം മനുഷ്യനുമായി യെഹൂദാ പ്രമാണിമാർ മനസ്സിലാക്കുന്ന പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള ➤❛ΕΓΩ ΕΙΜΙ❜ (യഹോവ) ആണെന്ന് പറഞ്ഞാൽ കണ്ണുപൊട്ടനായ യെഹൂദൻവരെ കല്ലെടുത്തെറിയും; അതാണ് അവിടെ സംഭവിച്ചത്. ➟യേശു പറഞ്ഞതിൻ്റെ അർത്ഥം: മനുഷ്യനായ ഞാൻ അബ്രാഹാമിനു മുമ്പേ ഉണ്ടെന്നല്ല. താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള യഹോവ ആണെന്നാണ് പറഞ്ഞത്. ➟അതായത്, താൻ പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണെന്നാണ്: (1തിമൊ, 3:16 ⁃⁃ യോഹ, 1:18). ഒന്നുകൂടി വ്യക്തമാക്കിയാൽ: താൻ പൂർവ്വാസ്തിത്വത്തിൽ (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) യഹോവ ആണെന്നാണ് ക്രിസ്തു പറഞ്ഞത്. ➟അതുകൊണ്ടാണ്, ക്രിസ്തുവിനെ തിരിച്ചറിയാഞ്ഞ യെഹൂദന്മാർ; അവനെ കല്ലെറിയാൻ ശ്രമിച്ചതും അവൻ അവിടെനിന്നും മറഞ്ഞ് അപ്രത്യക്ഷനായതും. ➟പൗലൊസ് പറയുന്നത് നോക്കുക: ➤❝ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ (യെഹൂദന്മാർ) ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.❞ (1കൊരി, 2:7-8). [കാണുക: ദൈവഭക്തിയുടെ മർമ്മം]
➦ താൻ ➤❛𝐞𝐠ō 𝐞𝐢𝐦𝐢❜ (എഗോ എയ്മി) ആണെന്ന് യേശു അവിടെ മാത്രമല്ല പറഞ്ഞിട്ടുള്ളത്. ഇതേ അദ്ധ്യായത്തിൻ്റെ മുകളിൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: ➤❝നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്ന് ഞാന്‍ പറഞ്ഞുവല്ലോ; ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.❞ (യോഹ, 8:24; യോഹ, 8:28 ⁃⁃ പുറ, 3:14). ➟പിഒസിയും നോക്കുക: (യോഹ, 8:24; യോഹ, 8:28 ⁃⁃ പുറ, 3:14). ➟സത്യവേദപുസ്തകം ഉൾപ്പെടയുള്ള മിക്ക പരിഭാഷകളിലും, ➤❛ഞാൻതന്നേ അവൻ❜ എന്നാണ് കാണുന്നത്. ആശയം ഏതാണ്ട് ഒരുപോലെയാണ്. ➟പിതാവിനെക്കുറിച്ചു പറഞ്ഞുവന്നിട്ടാണ്, ❛ഞാൻതന്നേ അവൻ❜ എന്ന് പറയുന്നത്. (യോഹ, 10:30; 14:9). ➟താൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് ഇതൊക്കെ പറയാൻ കഴിയുന്നത്. ➟അവൻ്റെ വാക്കുകേട്ടവരുടെ പ്രതികരണം അവിടെ കാണാം: ➤❝അവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.❞ (യോഹ, 8:30).
☛ ഏറെ ശ്രദ്ധേയമായതും എന്നാൽ പലരും ശ്രദ്ധിക്കാതെ പോയതുമായ ഒരു വേദഭാഗമുണ്ട്: ➟യേശുവിനെ അറസ്റ്റുചെയ്യാൻ വന്ന യെഹൂദാ പടയാളികൾളോട്: ➤❛ΕΓΩ ΕΙΜΙ❜ (𝐞𝐠ō 𝐞𝐢𝐦𝐢) എന്നാണ് യേശു പറഞ്ഞത്. ➟ആ വാക്യവും സത്യവേദപുസ്തകത്തിൽ വായിച്ചാൽ മനസ്സിലാകില്ല. ➟മലയാളം 𝐁𝐂𝐒 പരിഭാഷയിൽ ഇപ്രകാരമാണ്: ➤❝നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോടു: ➤❛ഞാൻ ആകുന്നു❜ എന്നു പറഞ്ഞു.❞ (mlBCS). ➟ഈ വേദഭാഗത്ത്, സത്യവേദപുസ്തകത്തിൽ കാണുന്നപോലെ ➤❛അതു ഞാൻ തന്നേ❜ എന്ന സ്വാഭാവിക അർത്ഥമാണ് ഉള്ളതെന്ന് ആർക്കും തോന്നാം. ➟എന്നാൽ ആരുടെ ഭാഷയിൽ ആരോടാണോ യേശു അത് പറഞ്ഞത്, അവരുടെ പ്രതികരണം കൂടി ശ്രദ്ധിക്കണം. ➟അതു കേട്ടയുടനെ യെഹൂദന്മാരായ പടയാളികൾ; പിന്നോട്ടു മറിഞ്ഞു വീണതായാണ് കാണുന്നത്: ➤❝ഞാൻ ആകുന്നു എന്ന് അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു❞ (mlBCS). ➟നിങ്ങൾ അന്വേഷിക്കുന്നയാൾ ഞാനാകുന്നു എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, പടയാളികൾ പേടിച്ച് പുറകോട്ട് മറിഞ്ഞുവീണത് എന്തിനാണ്❓ ➟പീലാത്തൊസിൻ്റെ ജാതീയ പടയാളികളല്ല യേശുവിനെ അറസ്റ്റുചെയ്യുവാൻ വന്നത്; ന്യായാധിപസംഘത്തിൻ്റെ യെഹൂദാ പടയാളികളാണ്. ➟യെഹൂദന്മാർ നാവിലെടുക്കാൻ ഭയപ്പെടുന്ന യിസ്രായേലിന്റെ പരിശുദ്ധനാമമാണ് ➤❛egō eimi❜ (ഞാൻ ആകുന്നു): (പുറ, 3:14-15). ➟ആണ്ടിലൊരിക്കൽ പാപപരിഹാരദിവസം മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തുവെച്ച് മാത്രം എടുക്കുന്ന, യിസ്രായേലിന്റെ പരിശുദ്ധനാമം കേട്ടതുകൊണ്ടാണ്, അവർ പുറകോട്ട് മറിഞ്ഞു വീണത്. ➟മലയാളം 𝐁𝐂𝐒 പരിഭാഷ ഒഴികെ, സത്യവേദപുസ്തകം ഉൾപ്പെടെ മലയാളത്തിലേ എല്ലാ പരിഭാഷകളിലും യേശുവിൻ്റെ വാക്കുകളെ, ➤❛അതു ഞാൻ തന്നേ❜ എന്ന സാധാരണ അർത്ഥം വരുന്ന വിധത്തിലാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ➟എന്നാൽ ഗ്രീക്ക് വേർഷനുകൾ നോക്കുക: ➤[Greek Versions]. ➟ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് 𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬 (𝐀.𝐃. 𝟑𝟎𝟎-𝟓𝟎) 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬 (𝟑𝟑𝟎-𝟑𝟔𝟎), 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬 (𝟒𝟎𝟎-𝟒𝟒𝟎). ➟അവ മൂന്നിലും ആ പ്രയോഗമാണ് ഉള്ളത്. [കാണുക: Manuscripts]. ➟യിസ്രായേലിൻ്റെ പരിശുദ്ധനായ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനായതുകൊണ്ടാണ് താൻ ➤എഗോ എയ്മി❜ എന്ന് പറഞ്ഞത്. ➟എന്നാൽ ക്രിസ്തു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ (1തിമൊ, 3:16), പൂർവ്വാസ്തിത്വത്തിലും സുവിശേഷ ചരിത്രകാലമൊഴികെയുള്ള നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും (യഹോവയും യേശുവും) ഒന്നാണ്: (യോഹ, 8:24; യോഹ, 8:28; 8:58; 18:5). ➤❛ഞാനും പിതാവും ഒന്നാകുന്നു, ➤എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❜ എന്നൊക്കെ പറഞ്ഞത് അതുകൊണ്ടാണ്: (യോഹ, 10:30; യോഹ, 14:9). ➤[കാണുക: പിതാവും പുത്രനും, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു, ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
Dear Brother
Good explanation and very resourceful information..blessed message .but I would like to ask you when the believers ask about the humanity related Bible verses for example Hebrew 5- 7,mathew 26-39,40,41,42 ..
Etc ..how we can explain to Whom Jesus Christ Man prayed from whee h got reply..who answered His prayers?
This would also be explained
സാറെ, നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചുമരിച്ചു എന്നു വിശ്വസിക്കുന്നിടത്തുനിന്നാണ് ദുരുപദേശങ്ങൾ ആരംഭിക്കുന്നത്. ദൈവത്തിനു ജനിക്കാനും മരിക്കാനുമൊന്നും കഴിയില്ല. എന്തെന്നാൽ അവൻ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണ്: (യാക്കോ, 1:17; മലാ, 3:6). ദൈവം ജഡത്തിൽ വെളിപ്പെടുകയായിരുന്നു: (1തിമൊ, 3:15,16; 1പത്രൊ, 1:20). നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത് ‘ആരാകുന്നു’ എന്നു ചോദിച്ചാൽ; അതൊരു പാപമറിയാത്ത മനുഷ്യനാകുന്നു. എന്നാൽ, ആ മനുഷ്യൻ ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ; അവൻ യഹോവയായ ദൈവം ആയിരുന്നു: (1തിമൊ, 3:15,16).
മനുഷ്യനെന്ന നിലയിൽ അവനൊരു അമ്മയും വളർത്തച്ഛനും സ്വർഗ്ഗീയപിതാവും ദൈവവും ഉണ്ടായിരുന്നു. ആ മനുഷ്യനാണ് ദൈവത്തോടു പ്രാർത്ഥിച്ചത്: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). കൂടുതൽ അറിയാൻ ഞാനൊരു ലിങ്ക് താഴെയിടുന്നുണ്ട്. ആ നോട്ട് വായിച്ചാൽ ഏകദേശം മനസ്സിലാകും; പിന്നെയും ദൈവത്തെക്കുറിച്ച് മുഴുവനായി അറിയണമെങ്കിൽ, അതിൻ്റടിയിൽ വേറൊരു ലിങ്കുണ്ട്, അതിൽ പോയാൽ എല്ലാ വിവരങ്ങളും അറിയാൻ കഴിയും. ദൈവം അനുഗ്രഹിക്കട്ടെ!
https://m.facebook.com/story.php?story_fbid=pfbid02p1pmps8B5WweDYmif9VyETVsAKWQEaG5AjgaFdFW9NVK56mzCEpEhAXyEsLf7Wfwl&id=100013434787850&mibextid=Nif5oz