☛ പഴയനിയമത്തിൽ വരുവാനുള്ളവനായ ക്രിസ്തുവിനെക്കുറിച്ചുള്ള വാഗ്ദത്തങ്ങളും പ്രവചനങ്ങളുമല്ലാതെ, ക്രിസ്തുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. ക്രിസ്തുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), കന്യകാജനനം (യെശ, 7:14), അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ലൂക്കൊ, 3:22), പ്രവാചകത്വം (ആവ, 18:15; 18:18-19), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11 – പ്രവൃ, 2:36), പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. പ്രവചനനിവൃത്തിയായി AM 3755-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായി (മത്താ, 1:20; ലൂക്കൊ, 2:21) മറിയത്തിൻ്റെ മൂത്തമകനായി ജനിച്ചത്: (ലൂക്കൊ, 2:7). അപ്പോൾ മുതലാണ് ക്രിസ്തുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. യേശു/യേസൂസ് (Iesous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). AM 3789-ൽ (AD 29) അവന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ (ലൂക്കൊ, 3:23) യെശയ്യാവിൻ്റെയും ദുതൻ്റെയും പ്രവചനങ്ങളുടെ നിവർത്തിയായിട്ടാണ് അവൻ ക്രിസ്തുവും ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38 ⁃ ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് തൻ്റെ പ്രഥമശുശ്രൂഷയിൽ യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21).
☛ മോശെയെപ്പോലൊരു പ്രവാചകൻ:
➟ ക്രിസ്തുവിനെക്കുറിച്ച് ദൈവത്തിൻ്റെ നേരിട്ടുള്ള ഒരു വാഗ്ദത്തമുണ്ട്: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് ദൈവത്തിൻ്റെ ഈ വാക്കുകൾ തൻ്റെ രണ്ടാമത്തെ പ്രസംഗത്തിൽ ഉദ്ധരിച്ചിട്ടുണ്ട്: (പ്രവൃ, 3:22-23). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം: 𝟭.മോശെയെപ്പോലെ ഒരു പ്രവാചകൻ, 𝟮.അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും, 𝟯.എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും, 𝟰.ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും, 𝟱.അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും. നമുക്ക് വിശദമായി നോക്കാം:
𝟭. നിന്നെപ്പോലെ ഒരു പ്രവാചകൻ:
➟ “മോശെയെപ്പോലെ ഒരു പ്രവാചകൻ” എന്നാണ് യഹോവ ക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. യഹോവ തന്നെയാണ് യേശു അല്ലെങ്കിൽ, യേശുക്രിസ്തു ഏകദൈവമാണെന്ന് വൺനെസ്സ് വിചാരിക്കുന്നു. അങ്ങനെയെങ്കിൽ, ഏകദൈവമായ യഹോവ അല്ലെങ്കിൽ യേശുക്രിസ്തു മോശെയെപ്പോലെ ഒരു പ്രവാചകനെന്ന് പറയുന്നത് തന്നെക്കുറിച്ച് തന്നെയായിരിക്കണം. യേശുക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെന്ന് ട്രിനിറ്റി കരുതുന്നു. ഇങ്ങനെ വല്ലതും ആയിരുന്നെങ്കിൽ, സ്രഷ്ടാവായ ദൈവം തന്നെത്തന്നെ സൃഷ്ടിയായ മോശെയോട് താരതമ്യം ചെയ്തു എന്ന് മനസ്സിലാക്കണം. ഇവിടെ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: മോശെ ക്രിസ്തുവിനെപ്പോലെ ഒരു പ്രവാചകനാണെന്നല്ല; ക്രിസ്തു മോശെയെപ്പോലെ ഒരു പ്രവാചകൻ ആണെന്നാണ് ദൈവം പറയുന്നത്. എന്നാൽ ദൈവം പറയുന്നു: “എൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കയില്ല.” (യെശ, 48:11). അപ്പോൾ, യഹോവയായ ദൈവംതന്നെയാണ് യേശുക്രിസ്തു എങ്കിലോ, ദൈവത്തോട് സമനാണ് ക്രിസ്തു എങ്കിലോ, അവൻ മോശെയെപ്പോലെ ഒരു പ്രവാചകൻ ആണെന്നുപറഞ്ഞാൽ, ആ വിശ്വാസം എത്ര വികൃതമായിരിക്കും?
❶ തനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവതന്നെ ആവർത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്: “ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.” (യെശ, 40:25 ⁃ പുറ, 9:14; യെശ, 46:5; യിരെ, 49:19). എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് ആവർത്തിച്ച് പഠിപ്പിച്ച ദൈവം തന്നെത്തന്നെ, അല്ലെങ്കിൽ തനിക്ക് സമനായ ദൈവത്തെ മോശെയെപ്പോലൊരു പ്രവാചകൻ എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ചിലർ കരുതുന്നപോലെ, ദൈവം തന്നെത്തന്നെയോ, തനിക്ക് തുല്യനായ ഒരു ദൈവത്തെയോ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി വചനവിരുദ്ധമായി അങ്ങനെ വിശ്വസിച്ചാൽത്തന്നെ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നില്ല. ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സത്യമാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ സൃഷ്ടിയും ദാസനുമായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും സൃഷ്ടിയായ മനുഷ്യൻ സ്രഷ്ടാവായ ദൈവത്തിന് തുല്യനാകില്ല. ക്രിസ്തു യഹോവതന്നെ ആയിരുന്നെങ്കിലോ, യഹോവയ്ക്ക് തുല്യനായ ദൈവമായിരുന്നെങ്കിലോ, മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറും.
❷ താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവതന്നെ ആവർത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്: “ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39 ⁃ യെശ, 43:10; 44:6; 44:8; 45:5; 45:18; 45:21; 45:22). തനിക്ക് തുല്യനായി മറ്റൊരുത്തൻ ഉണ്ടായിരുന്നെങ്കിൽ, ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് യഹോവ ഒരിക്കലും പറയില്ലായിരുന്നു. തങ്ങളുടെ ദുരുപദേശത്താൽ അനേകരും, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്.
❸ യഹോവ പഠിപ്പിച്ച അതേകാര്യം ക്രിസ്തുവും പഠിപ്പിച്ചിട്ടുണ്ട്: പിതാവാണ്, “ഏകദൈവം” (Monos Theos), “പിതാവാണ് ഏകസത്യദൈവം” (Pater ho monos alethinos Theos) എന്നൊക്കെയാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3). ഗ്രീക്കിലെ Monos Theos-ൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; ഒരേയൊരു ദൈവം (The only God) എന്നാണ്. പിതാവാണ്, “ഒരേയൊരു ദൈവം” എന്ന് യേശു പഠിപ്പിച്ചാൽ, പിന്നെ താനും മറ്റൊരുത്തനും ദൈവം അല്ലെന്നാണർത്ഥം. Pater ho monos alethinos Theos-ൻ്റെ അർത്ഥം: പിതാവ് ഒരു സത്യദൈവമാണ് എന്നല്ല; പിതാവാണ് ഒരേയോരു സത്യദൈവം (Father, the only true God) എന്നാണ്. പിതാവാണ് ഒരേയൊരു സത്യദൈവം എന്ന് ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റൊരുത്തനും സത്യദൈവം അല്ലെന്നാണർത്ഥം. അതായത്, “ദൈവം” (സത്യദൈവം) എന്ന പ്രകൃതി (Nature) പിതാവിനല്ലാതെ, മറ്റാർക്കുമില്ലെന്നാണ് യേശുക്രിസ്തു അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്. എന്തെന്നാൽ ഗ്രീക്കിലെ Monos, ഇംഗ്ലീഷിലെ Alone, Only, മലയാളത്തിലെ “ഒരേയൊരു, മാത്രം, തനിയെ” എന്നിവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതിനാൽ യേശുക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറയണമെങ്കിൽ, ആദ്യം അവൻ പഠിപ്പിച്ചതെല്ലാം ഭോഷ്ക്കാണെന്ന് സമ്മതിക്കണം. അതായത്, പിതാവ് മാത്രമാണ് ദൈവം, സത്യദൈവം എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനോട് എതിർത്തുകൊണ്ടല്ലാതെ അല്ലെങ്കിൽ, എതിർക്രിസ്തു ആകാതെ പിതാവല്ലാതെ മറ്റൊരും ദൈവമാണെന്ന് പറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല.
❹ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവായ ഏകദൈവം പറഞ്ഞത്: (ഹോശേ, 11:9). യഹോവ “മനുഷ്യനും മനുഷ്യപുത്രനും അല്ലെന്നു” പഴയനിയമ ഭക്തന്മാരും പഠിപ്പിച്ചു: (സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). എന്നാൽ താൻ മനുഷ്യനും (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34), മനുഷ്യപുത്രനും (മത്താ, 8:29) ആണെന്നാണ് യേശു പഠിപ്പിച്ചത്. യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 5:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ❜ (one Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നത്. യേശു മനുഷ്യനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ മുപ്പത്താറുപ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: [കാണുക: ഏകമനുഷ്യനായ യേശുക്രിസ്തു]
❺ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം അനാദ്യന്ത്യനും (യെശ, 40:28) മരണമില്ലാത്തവനും (1തിമൊ, 6:16) മാറാത്തവനും (മലാ, 3:6) മാറ്റമോ, ഗതിഭേദത്താൽ ആഛാദനമോ ഇല്ലാത്തവനാണ്: (യാക്കോ, 1:17). ആകയാൽ, ദൈവത്തിന് മനുഷ്യനായി അവസ്ഥാഭേദം വരാനോ, വേഷം മാറി മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനൊരിക്കലും മോശെയെപ്പൊലൊരു മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല.
𝟮. അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും:
➟ പിന്നെ ദൈവം പറയുന്നത്, ക്രിസ്തുവിനെ “യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും” എന്നാണ്. യഹോവയുടെ വാഗ്ദത്തംപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽ നിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). അതായത്, പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായി (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ബേത്ത്ലഹേമിൽ ജനിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ മനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). യഹോവ തന്നെയാണ് യേശു എങ്കിൽ, യിസ്രായേലിൽ നിന്ന് അവനെ എഴുന്നേല്പിക്കും എന്നല്ല; ഞാൻ വരുമെന്ന് പറയുമായിരുന്നു. ദൈവം ത്രിത്വമായിരുന്നെങ്കിലോ, ക്രിസ്തു ദൈവമായിരുന്നെങ്കിലോ യിസ്രായേലിൽ നിന്ന് അവനെ എഴുന്നേല്പിക്കും എന്നല്ല; അവനെ അയക്കും എന്ന് പറയുമായിരുന്നു. അല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്ന് ദൈവം പറയുമായിരുന്നില്ല. ക്രിസ്തു യഹോവതന്നെ ആണെങ്കിലോ, ത്രിത്വമാണെങ്കിലോ തന്നെത്തന്നെ അല്ലെങ്കിൽ, തന്നോട് തുല്യനായ ദൈവത്തെ മനുഷ്യനോട് സമനാക്കി തരംതാഴ്ത്തില്ലായിരുന്നു.
𝟯. എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും:
➟ ദൈവം തൻ്റെ വചനങ്ങളെയാണ് ക്രിസ്തുവിൻ്റെ നാവിൽ കൊടുത്തത്. ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് വൺനെസ്സും ട്രിനിറ്റിയും വിച്ചാരിക്കുന്നു. എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: “എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.” ക്രിസ്തു വചനമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം ആക്കുന്നത്? ദൈവം ക്രിസ്തുവിൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ക്രിസ്തു ലോഗോസ് (വചനം) അല്ല; അവൻ സംസാരിച്ചതാണ് ലോഗോസ്: (ലൂക്കൊ, 4:32; ലൂക്കൊ, 4:36; യോഹ, 12:48 – കൊലൊ, 3:16). പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” എന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 12:50). അല്ലാതെ ക്രിസ്തു ദൈവമോ, വചനമോ അല്ല; അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതാണ് വചനം. [കാണുക: യേശു വചനമെന്ന ദൈവമാണോ?]
𝟰. ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും:
➟ ഞാൻ കല്പിക്കുന്നത് ക്രിസ്തു പറയുമെന്നാണ് ദൈവം പറഞ്ഞത്. ഇനി ക്രിസ്തു പറയുന്നതു നോക്കുക: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹ, 7:16). “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28). “ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49). “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.” (യോഹ, 12:50). “ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.” (യോഹ, 14:10). “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). “ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.” (യോഹ, 14:31). “ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു എന്നു പേരുള്ള മനുഷ്യൻ പറഞ്ഞതും പഠിപ്പിച്ചതും: (യോഹ, 9:11). അവൻ ഏകദൈവമോ, ദൈവത്തോട് സമനായ ദൈഒമോ ആയിരുന്നെങ്കിൽ, സൃഷ്ടികളായ ദൂതന്മാരെപ്പോലെ മറ്റൊരുത്തൻ്റെ ആജ്ഞാനുവർത്തി ആകുമായിരുന്നില്ല.
𝟱. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും:
➟ ക്രിസ്തു പറയുന്നത് കേൾക്കാതിരുന്നാൽ ദൈവം അവനോട് ചോദിക്കും എന്നാണ് അവസാനമായി പറയുന്നത്. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). “മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. “പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം.” (എബ്രാ, 10:28-31 ⁃ യോഹ, 12:48). ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. യേശു പറയുന്ന ഒരു വാക്യംകൂടി ശ്രദ്ധിക്കുക: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40). ഇവിടെ രണ്ട് കാര്യങ്ങൾ കാണാം: 𝟭.ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറകവഴി, താൻ ദൈവമല്ലെന്ന് യേശുവിൻ്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നു. 𝟮.താൻ മനുഷ്യനാണെന്ന് യേശുതന്നെ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു: (മത്താ, 11:19; ലൂക്കൊ, 7:34). താൻ ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുകയോ, താൻ മനുഷ്യനാണെന്ന് പറയുകയോ ചെയ്യുമായിരുന്നില്ല അതിനാൽ, ക്രിസ്തു ദൈവമല്ല; മനുഷ്യഷ്യണെന്ന് യഹോവയായ ഏകദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും വാക്കിനാൽ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: ക്രിസ്തുവിനെ അറിയുക]