യഹോവയും യേശുവും ഒന്നാണോ❓

❛യഹോവ തന്നെയാണോ യേശു❜ എന്നുചോദിച്ചാൽ; അല്ല. എന്നാൽ ❛യഹോവയും യേശുവും ഒന്നാണോ❜ എന്ന് ചോദിച്ചാൽ; അതെ. ആത്യന്തികമായ സത്യം (The ultimate truth) അതാണ്. ❛ഞാനും പിതാവും ഒന്നാകുന്നു❜ എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 10:30). എന്നാൽ യഹോവയും യേശുവും എങ്ങനെയാണ് ഒന്നാകുന്നതെന്ന് അനേകർക്കും അറിയില്ല. യഹോവയും യേശുവും (പിതാവും പുത്രനും) ഒന്നാണെന്ന് പറഞ്ഞാൽ, യഹോവയായ ഏകദൈവത്തിൻ്റെ അവതാരമാണ് യേശു എന്നോ, യഹോവ യേശുവെന്ന് പേരുമാറ്റി കന്യകയിൽ ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നോ അല്ല അർത്ഥമാക്കുന്നത്. അതറിയാൻ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ ആദ്യമറിയണം: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:242കൊരി, 3:17-18) ആദ്യനും അന്ത്യനും (യെശ, 44:6) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:❞ (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:151തിമൊ, 1:17എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:181യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന, മാറ്റമോ മരണമോ ഇല്ലാത്ത അദൃശ്യനായ ഏകദൈവത്തിന്, തൻ്റെ സ്ഥായിയായ അസ്തിത്വവും പ്രകൃതിയും ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനോ, മറ്റൊന്നോ ആയിത്തീരാനോ, അവതാരമെടുക്കാനോ, ജനിക്കുവാനോ, മരിക്കുവാനോ കഴിയില്ല. എന്നാൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം ജനിച്ചുജീവിച്ച് മരിച്ചുയിർത്ത യേശു, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്. (റോമ, 5:15). പിതാവായ യഹോവ നമ്മുടെ ഏകദൈവമാണ്: ❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6). എന്നാൽ ദൈവപുത്രനായ യേശു ഏകമനുഷ്യനാണ്: “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഒന്നുകൂടി വ്യക്തമാക്കിയാൽ, പിതാവായ യഹോവ മനുഷ്യനല്ല; ഏകദൈവമാണ്. (ഹോശേ, 11:9 ⁃⁃ 2രാജാ, 19:15). ദൈവപുത്രനായ യേശുക്രിസ്തു ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള ഏകമനുഷ്യനാണ്. (യോഹ, 5:44; 17:3 ⁃⁃ 1പത്രാ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; റോമ, 5:15). തന്മൂലം, സുവിശേഷചരിത്രകാലത്ത്, ഏകദൈവവും മനുഷ്യനുമെന്ന അഥവാ, യഹോവയും യേശുവുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:5-6). ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ഈ വസ്തുത അംഗീകരിക്കാതെ ഏകസത്യദൈവത്തെയോ, യഹോവയും യേശുവും ഒന്നാകുന്നത് എങ്ങനെയാണെന്ന് ആർക്കും മനസ്സിലാക്കാൻ കഴിയില്ല.

പുതിയനിയമത്തിൽ ഉടനീളം ഏകദൈവത്തെയും ദൈവത്തിതാൽ അഭിഷേകം പ്രാപിച്ച (ക്രിസ്തു) യേശു എന്നു പേരുള്ള മനുഷ്യനെ വേർതിരിച്ചു പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 9:11). അതായത്, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ഏകമനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയും ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്: ❝ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ക്രിസ്തുതന്നെ സ്ഫടികസ്ഫുടം അത് വ്യക്തമാക്കിയിട്ടുണ്ട്: പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ❛മറ്റൊരുത്തൻ❜ എന്ന് അവൻ വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32;37). താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് (I am not alone) അവൻ രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 16:32). യോർദ്ദാനിലെ സ്നാനം മുതൽ പിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ലെന്ന് അവൻ പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; പ്രവൃ, 10:38). പിതാവേ, നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്ന് ക്രിസ്തു പ്രാർത്ഥിക്കുമ്പോൾ, ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു എന്ന് പിതാവ് പ്രത്യുത്തരം നല്കിയതായി കാണാം. (യോഹ, 12:28). ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുകയില്ലെന്ന് അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:6). പിതാവിനെയും തന്നെയും ചേർത്ത് ❛ഞങ്ങൾ❜ എന്ന് ബഹുവചനത്തിൽ അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, ❛നമ്മെപ്പോലെ❜ എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:11). ❛നാം, നമ്മിൽ❜ എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:21; 17:23). മരണസമയത്ത് തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിക്കുന്നതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 23:46). ഉയിർത്തെഴുന്നേറ്റ ക്രിസ്തു, എൻ്റെ പിതാവും എൻ്റെ ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 20:17). ഇതുപോലെ, നൂറുകണക്കിന് തെളിവുകൾ ബൈബിളിലുണ്ട്. ഉദാ: (മത്താ, 3:17; 16:16; 17:5; 1കൊരി, 8:6; 2കൊരി, 15:31; 1തിമൊ, 2:5-6; യൂദാ, 1:4). അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം ജനിച്ച് ജീവിച്ച് രക്തം ചിന്തി ക്രൂശിൽ മരിച്ചത്, രക്തവും മരണവുമില്ലാത്ത ദൈവമല്ല; ദൂതന്മാരെക്കാൾ താഴ്ചവന്ന യേശുവെന്ന മനുഷ്യനാണ്. (1തിമൊ, 2:6; 6:16; എബ്രാ, 2:9). തന്മൂലം, സുവിശേഷ ചരിത്രകാലത്ത്, യഹോവയായ ഏകദൈവവും യേശുക്രിസ്തു എന്ന ഏക മനുഷ്യനും യഥാർത്ഥത്തിൽ ഒന്നായിരുന്നില്ല; ഐക്യത്തിൽ ഒന്നായിരുന്നു. അതും ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 17:11, 17:21, 17:23). എന്നാൽ, പൂർവ്വാസ്തിത്വത്തിലും സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും യഥാർത്ഥത്തിൽ ഒന്നുതന്നെ ആണ്. (യോഹ, 10:30). അതാണ്, ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ വസ്തുത. അത് മനസ്സിലാക്കാൻ മൂന്ന് വിഷയമാണ് നാം ചിന്തിക്കുന്നത്: 1.ദൈവം ഒരുത്തൻ മാത്രമാണ്. 2.ദൈവപുത്രനായ യേശു ദൈവമല്ല; മനുഷ്യനാണ്. 3.യഹോവയും യേശുവും ഒന്നാകുന്നു. നമുക്ക് ഓരോന്നും വിശദമായി പരിശോധിക്കാം:

ആദ്യം, ദൈവം ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ തെളിവുകൾ നോക്കാം:

1. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഒരുത്തൻ മാത്രമാണ്. ഈ വസ്തുത, യഹോവയായ ഏക ദൈവവും മോശെ മുതൽ മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14; 1കൊരി, 8:5-6). അതായത്, യഹോവയായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമുള്ള കാര്യം, യഹോവയായ ദൈവത്തിനോ, പഴയനിയമ എഴുത്തുകാർക്കോ, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാർക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ അറിയില്ലായിരുന്നു. തന്മൂലം, ഏകദൈവമായ യഹോവയല്ലാതെ, മറ്റൊരു ദൈവമുണ്ടെന്ന് സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉണ്ടെന്ന് ആർക്കും തെളിയിക്കാൻ സാദ്ധ്യമല്ല.

2. ദൈവം ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ ശക്തമായ ഒരു തെളിവ് തരാം: കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 23 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ബൈബിളിൽ കണ്ടെത്താൻ കഴിയില്ല.

3. സ്രഷ്ടാവായ ദൈവം ഒരുത്തൻ മാത്രമാണ്. ❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ഈ വാക്യത്തിൽ, ഞാൻ തന്നേ അഥവാ, ഞാൻ തനിയെ അല്ലെങ്കിൽ, ഒറ്റയ്ക്ക് ആകാശത്തെവിരിച്ചു എന്നാണ്. ഇയ്യോബ് പറയുന്നത് നോക്കുക: ❝യഹോവ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.❞ (ഇയ്യോ, 9:8). ഇവിടെയും, യഹോവ തനിച്ച് അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതുപോലെ, പല വേദഭാഗങ്ങളുണ്ട്. (2രാജാ, 19:15; നെഹെ, 9:6; യെശ, 37:16). ഈ വേദഭാഗങ്ങളിലെല്ലാം, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന പദം കൊണ്ടാണ്, യഹോവ ഒറ്റയ്ക്കാണ് ആകാശഭൂമികളെ സൃഷ്ടിച്ചതെന്ന് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നത്. ക്രിസ്തുവും അപ്പൊസ്തലന്മായും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മേല്പറഞ്ഞ വേദഭാഗങ്ങൾ പഴയനിയമത്തിലെ yahid-നു തത്തുല്യമായ monos ആണുള്ളത്. യഹോവ മനുഷ്യനെ സൃഷ്ടിച്ചത് ഒറ്റയ്ക്കാണെന്ന്, പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെ പറഞ്ഞിട്ടുണ്ട്: ❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ഈ വാക്യം ശ്രദ്ധിക്കുക: ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. ഇംഗ്ലീഷിൽ, God created man in his own image എന്നാണ്. അവൻ്റെ എന്ന ഏകവചന സർവ്വനാമം ശ്രദ്ധിക്കുക. his own image എന്നാൽ; അവൻ്റെ അഥവാ, ഏകനായ ദൈവത്തിൻ്റെ സ്വന്ത സ്വരുപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്. അല്ലാതെ, സൃഷ്ടിപ്പിൽ മറ്റാർക്കും പങ്കില്ല. വേറെയും പല വാക്യങ്ങളുണ്ട്. (ഉല്പ, 2:7; 5:1, മത്താ, 19:4). പിതാവ് ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്നും വാക്യങ്ങളുണ്ട്: ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;❞ (മലാ, 2:10. ഒ.നോ: യെശ, 64:8). തന്മൂലം, സ്രഷ്ടാവും പിതാവുമായ ഏകദൈവമേ നമുക്കുള്ളെന്ന് ഖണ്ഡിതമായി മനസ്സിലാക്കാം. (യോഹ, 8:41; 17:3; 1കൊരി, 8:5-6; എഫെ, 4:6). [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]

ഇനി, ദൈവപുത്രനായ യേശു ദൈവമല്ല; മനുഷ്യനാണ് എന്നതിൻ്റെ തെളിവുകൾ കാണാം:

1. ദൈവപുത്രനായ യേശു ആരാണെന്ന് അനേകർക്കും അറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. അതുകൊണ്ടാണ്, പുത്രൻ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നത്. ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:16 ⁃⁃ 1പത്രൊ, 1:20). അഥവാ, യഹോവയായ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി യേശുവിനെ കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ചതാണ്: (മത്താ, 1:21; ലൂക്കൊ, 2:21). അവൻ്റെ പ്രകൃതി (Nature) എന്താണെന്ന് ചോദിച്ചാൽ, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രി, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു (റോമ, 5:16). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ പദവികളാണ് (Titles). അതായത്, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 1യോഹ, 3:5). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). എന്തെന്നാൽ, അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (സംഖാ, 18:5). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ, താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അനന്തരം, ❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ❛ഇവൻ എന്റെ പ്രിയപുത്രൻ❜ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവിക്ക് ലഭിച്ചത്. (ലൂക്കൊ, 1:32,35; 3:22). അനന്തരം, അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് യേശു എന്നു പേരുമ്മ മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15; യോഹ, 9:11). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശു എന്നു പേരുള്ള ഒരു വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത് എ.എം. 3755-ൽ (ബി.സി. 6) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18; യെശ, 7:14; 52:13-15; 53:1-12; 61:1-2). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം, അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). ദൈവത്തിന് ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിന് ഇതെല്ലാമുണ്ട്. തന്മൂലം, ദൈവപുത്രനായ യേശുക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് സംശയലേശമന്യേ തെളിയുന്നു.

2. താൻ ദൈവമാണെന്ന് ദൈവപുത്രനായ യേശുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ടവർക്കോ അറിയില്ലായിരുന്നു. ➟യേശു ദൈവമാണെന്ന് പിതാവായ യഹോവയ്ക്കോ, ദൈവവുമായി അഭിമുഖമായും സ്ടഷ്ടമായും സംസാരിച്ച മോശയ്ക്കോ, പഴയനിയമത്തിലെ മറ്റു മശീഹമാർക്കോ, ഭക്തന്മാർക്കോ അറിയില്ലായിരുന്നു. ➟സത്യത്തിന് സാക്ഷിനില്ക്കാൻ ജനിച്ച അതിനായി ലോകത്തിലേക്കുന്ന, സത്യദൈവവും നിത്യജീവനുമായ പിതാവായ ഏകദൈവത്തെ അറിയാൻ വിവേകംതന്ന, പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടുമായ മനുഷ്യനായ യേശുക്രിസ്തുവിനെ സത്യദൈവത്തിൽനിന്നു ജനിച്ച സത്യദൈവമാക്കിയത് എ.ഡി. 325-ൽ നിഖ്യായിൽ കൂടിയ സുനഹദോസാണ്: (യോഹ, 18:371യോഹ, 5:20യോഹ, 14:61തിമൊ, 2:61തിമൊ, 3:15-16). ➟പിതാവായ സത്യേകദൈവത്തെക്കുറിച്ച് (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പഠിപ്പിച്ചവനും പിതാവിനെ വെളിപ്പെടുത്തിയവനുമായ മനുഷ്യനായ ക്രിസ്തുവിനെ ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിച്ച് നാശത്തിലേക്ക് ചരിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും: (യോഹ, 17:3യോഹ, 1:18യോഹ, 8:40). [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യം, അപ്പൊസ്തലന്മാരുടെ സാക്ഷ്യം, ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?]

3. ഏകദൈവവും യേശുക്രിസ്തുവിൻ്റെ ദൈവവും: പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). 
➦ ഒരേയൊരു സത്യദൈവം പിതാവാണെന്നും താൻ മനുഷ്യനാണെന്നുമാണ് യേശുക്രിസ്തു പഠിപ്പിച്ചത്: ➤❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). യേശുക്രിസ്തു മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനം സത്യംചെയ്ത് പറയുന്നു:  ➤❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➤നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), ➤യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➤പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➤ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➤രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➤ഏകപുരുഷൻ (𝐎𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➤മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
☛ ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന പ്രയോഗം 𝟏𝟏 വാക്യങ്ങളിലായി 𝟏𝟑 പ്രാവശ്യം ബൈബിളിലുണ്ട്. ➟അതിൽ അഞ്ചുപ്രാവശ്യം ❛എൻ്റെ ദൈവം❜ എന്ന് യേശു പിതാവിനെ സംബോധന ചെയ്യുന്നതാണ്. ➟(രണ്ടുപ്രാവശ്യം ആവർത്തനമാണ്). ➟യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമാണ് യഹോവയായ ഏകദൈവം. ➤❝എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു❞ എന്ന് യേശു അത്യുച്ചത്തിൽ നിലവിളിച്ച് ചോദിച്ചതും (മത്താ, 27:46; മർക്കൊ, 15:33 ⁃⁃ സങ്കീ, 22:1; മത്താ, 27:43 ⁃⁃ സങ്കീ, 22:8) ➤❝പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു❞ എന്ന് നിലവിളിച്ചു പറഞ്ഞുതും ഏകദൈവമായ യഹോവയോടാണ്: (ലൂക്കൊ, 23:46 ⁃⁃ സങ്കീ, 31:5). ➤❝എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും❞ ഒരുവനാണെന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 20:17 ⁃⁃ യോഹ, 8:54).  
☛ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാരായ പൗലൊസും പത്രൊസും വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യമുണ്ട്; യോഹന്നാനും യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➦❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3 ⁃⁃ വെളി, 1:6). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]

യഹോവയും യേശുവും ഒന്നാണെന്നതിൻ്റെ തെളിവുകളാണ് ഇനി കാണാൻ പോകുന്നത്.

1. ❝ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും❞ എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12; യെഹെ, 11:19,20). മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, ദൈവം തനിക്ക് യഹോവ എന്ന ഒരു നാമം എടുക്കുന്നത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ഒരു സംജ്ഞാനാമത്തിൽ ദൈവം വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). മിസ്രയീമിലെ അടിമത്വത്തിൽ നിന്നും യിസ്രായേലിനെ മോചിപ്പിച്ചുകൊണ്ടുവന്ന് സീനായി മരുഭൂമിയിൽ വെച്ചാണ്, ദൈവം അവർക്ക് ന്യായപ്രമാണം നല്കിയത്. (പുറ, 24:3). അതായത്, ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായിട്ടാണ്, ദൈവം തനിക്ക് യഹോവ എന്ന പേർ എടുത്തത്. അല്ലാതെ, ഏകനായ ദൈവത്തിന് ഒരു പേരിൻ്റെ ആവശ്യമില്ല. അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായി യഹോവ എടുത്ത തൻ്റെ പുതിയ നാമമാണ് യേശു: (യോഹ, 5:43; 17:11; 17:12). ആ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിന് നല്കിയത്. (മത്താ, 1:21). ഈ വസ്തുത, ക്രിസ്തു തന്നെ വ്യക്തമാക്കിയിട്ടുണ്ട്: ❝ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു❞ എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 5:43). മഹാപൗരോഹിത്യ പ്രാർത്ഥനയിൽ, ❝നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ❞ എന്നും (യോഹ, 17:11), ❝ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു”❞ എന്നും പറയുന്നതായി കാണാം. (യോഹ, 17:12). നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമമെന്ന് പറഞ്ഞാൽ; യേശു എന്ന നാമം, പിതാവ് പുത്രനു് കൊടുത്ത തൻ്റെ നാമമാണെന്ന് മനസ്സിലാക്കാം. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്. (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (ലൂക്കൊ, 9:49; 10:17). പുതിയനിയമത്തിൽ, ഒരേയൊരു സംജ്ഞാനാമമാണ് പറഞ്ഞിട്ടുള്ളത്; ആ നാമമാണ് യേശു. നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും പുത്രനെ മഹത്വപ്പെടുത്തേണമേ എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). പഴയനിയമത്തിൽ, സകല ഭൂവാസികൾക്കുമുള്ള ഏക രക്ഷകനും രക്ഷാ നാമവും യഹോവ ആയിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷകനും രക്ഷാനാമവും യേശുക്രിസ്തു ആണ്. (പ്രവൃ, 4:12). തന്മൂലം, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് പുത്രനെന്നും പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും മനസ്സിലാക്കാം. തന്നെയുമല്ല, പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിച്ചപ്പോൾ, ശിഷ്യന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്സ്നാനം ഏല്ക്കാൻ കല്പിച്ചത്. (മത്താ, 28:19; പ്രവൃ, 2:38. ഒ.നോ: 8:16; 10:48; 19:5 ⁃⁃ കൊലൊ, 3:17). യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചിരുന്ന യെഹൂഹൂദന്മാർ ഉൾപ്പെടുന്ന ആദിമസഭ വിളിപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. (സങ്കീ, 116:13,17; പ്രവൃ, 9:14,21; 1കൊരി, 1:2). എല്ലാ മുഴങ്കാലും എൻ്റെ മുമ്പിൽ മടങ്ങുമെന്നാണ് യഹോവ ആണയിട്ട് പറഞ്ഞിരിക്കുന്നത്. (യെശ, 45:23). എന്നാൽ യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങുമെന്നാണ് പുതിയനിയമം പറയുന്നത്. (ഫിലി, 2:10). ഇതുപോലെ, അനേകം തെളിവുകളുണ്ട്. ❝ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും❞ എന്നായിരുന്നു യഹോവയുടെ വാഗ്ദത്തം. യഹോവ പഴയനിയമം ചെയ്തത് മറ്റൊരുത്തനെക്കൊണ്ടല്ല; തൻ്റെ ജഡത്തിലെ ജഡത്തിലെ വെളിപ്പാടിനായി ഉല്പാദിപ്പിച്ച മനുഷ്യനെക്കൊണ്ടാണ്: (1തിമൊ, 3:16; മത്താ, 2:20; ലൂക്കൊ, 2:21). ഞാൻ അഥവാ, യഹോവ പുതിയൊരു നിയമം ചെയ്യും എന്നായിരുന്ന വാഗ്ദത്തം. അത് നിവൃത്തിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ ഒരു മനുക്ഷപ്രത്യക്ഷത എടുത്തത്. (മത്താ, 1:21; 1തിമൊ, 3:16; 1പത്രൊ, 1:20). അക്കാര്യം യേശുവിൻ്റെ ജനനത്തിനു മുമ്പുതന്നെ, സെഖര്യാപ്രവാചകൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു. (ലൂക്കോ, 1:54-55,68 ⁃⁃ ലൂക്കൊ, 7:16). അതുകൊണ്ടാണ്, ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ താൻ വന്നതെന്ന് ക്രിസ്തു പറഞ്ഞത്. (മത്താ, 5:17-18). അതായത്, യിസ്രായേലിൻ്റെ ദൈവമായ യഹോവ അബ്രാഹാമിനോടും അവൻ്റെ സന്തതിയോടും ചെയ്തിരുന്ന വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ്, തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിലൂടെ നിവൃത്തിച്ച പുതിയനിയമം. (ലൂക്കൊ, 1:75; 22:20; പ്രവൃ, 3:25-26; എബ്രാ, 2:14-16; 8:8-12). [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും നാമം, യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?, സ്നാനം ഏല്ക്കേണ്ട നാമം, യേശുക്രിസ്തുവിൻ്റെ നാമത്തിൽ]

2. ഇയ്യോബിൻ്റെ ഒരു പ്രവചനമുണ്ട്: ❝എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.❞ (ഇയ്യോ, 19:25). പഴയനിയമത്തിൽ വീണ്ടെടുപ്പുകാരൻ യഹോവയാണ്: ❝ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്റെ പരിശുദ്ധൻ എന്നാകുന്നു അവന്റെ നാമം.❞ (യെശ, 47:4. ഒ.നോ: സങ്കീ, 19:14; 78:35; യെശ, 41:14; 43:14; 44:6,24; 48:17; 49:7; 49:26; 54:5; 54:8; 59:20; 60:16; 63:16; യിരെ, 50:34). മിസ്രയീമ്യ, ബാബിലോണ്യ അടിമത്വത്തിൽ നിന്നും, ശത്രുക്കളിൽ നിന്നും വീടുവിച്ചതിനെ വീണ്ടെടുപ്പായാണ് പറഞ്ഞിരിക്കുന്നത്. ആദ്യജാതന്മാരോടുള്ള ബന്ധത്തിലും വീണ്ടെടുപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ, പാപത്തിൽ നിന്നുള്ള നിത്യമായ വീണ്ടെടുപ്പിനെക്കുറിച്ച് ഭാവികാലത്തിലാണ് പറഞ്ഞിരിക്കുന്നത്. ❝അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽ നിന്നൊക്കെയും വീണ്ടെടുക്കും.❞ (സങ്കീ, 130:8. ഒ.നോ. ഇയ്യോ, 19:25). യഹോവ വീയ്ണ്ടെടുപ്പുകാരനായി വരുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. (യെശ, 59:20). സകല മനുഷ്യരും അറിയുന്നൊരു വീണ്ടെടുപ്പാണിത്. ❝യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.❞ (യെശ, 49:26). ഈ വീണ്ടെടുപ്പ് മനഷ്യർക്ക് അസാദ്ധ്യമാണ്. (സങ്കീ, 49:7-9). അതുകൊണ്ടാണ്, ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് അവനിലൂടെ വീണ്ടെടുപ്പ് നടത്തിയത്: (1തിമൊ, 3:16; മത്താ, 1:20; 1:21; 1തിമൊ, 2:6 ). ❝ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.❞ (എബ്രാ, 9:11,12. ഒ.നോ: എഫെ, 1:7; കൊലൊ, 1:14; തീത്തൊ, 2:14; 1പത്രൊ, 1:18,19). പാപത്തിൽ നിന്നുള്ള മനുഷ്യൻ്റെ വീണ്ടെടുപ്പ് മനുഷ്യർക്ക് അസാദ്ധ്യവും വിലയേറിയതുമായിരുന്നു. (സങ്കീ, 49:7-9). യഹോവയല്ലാതെ, മനുഷ്യനെ വീണ്ടെടുക്കാൻ സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. (ആവ, 4:39). അതിനാൽ, യഹോവയായ ഏക ദൈവം മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി യേശുവെന്ന സംജ്ഞാനാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുകയായിരുന്നു. അഥവാ, പപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിക്കുകയായിരുന്നു: (1യോഹ, 3:5; മത്താ, 1:20; യോഹ, 8:40). [കാണുക: വീണ്ടെടുപ്പുകാരനായ ക്രിസ്തു]

3. ❝യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.❞ (ലൂക്കോ, 1:68. ഒ.നോ: 7:16). ഇത്, യേശുവിൻ്റെ ജനനത്തിനു മുമ്പെ, സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചതാണ്. ദൈവമായ കർത്താവ് അഥവാ, യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് പ്രവചനം. അതിൻ്റെ നിവൃത്തിയാണ് യേശുവിൻ്റെ ജനനം. യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ പറയുന്നത് നോക്കുക: ❝അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.❞ (മത്താ, 1:21). യഹോവയുടെ ജനമാണ് യിസ്രായേൽ യഹോവയുടെ ജനമാണ്. (സംഖ്യാ, 11:29: ആവ, 32:36; രൂത്ത്, 1:6; 1ശമൂ, 12:22; 2ദിന, 2:11). എന്നാൽ യേശു തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കുമെന്നാണ് ദൂതൻ പ്രവചിക്കുന്നത്. യേശു യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കും എന്ന് പറയുന്നത്. (1തിമൊ, 3:16). നമ്മുടെ ഏകരക്ഷിതാവായ ദൈവം പിതാവായ യഹോവയും, ദൈവം ഏകരക്ഷിതാവാക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ മനുഷ്യർ യേശുക്രിസ്തുവുമാണ്. [കാണുക: രക്ഷിതാവായ ദൈവം യഹോവ മാത്രം]

4. ❝കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.❞ (യെശ, 40:3). അടുത്തവാക്യം: ❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു.❞ (മലാ, 31). യെശയ്യാവും മലാഖിയും ആത്മാവിൽ പ്രവചിച്ചതാണ് മേല്പറഞ്ഞ വാക്യങ്ങൾ. അവർ പറഞ്ഞ വഴിയൊരുക്കുന്നവൻ യോഹന്നാനാണെന്നു നാല് സുവിശേഷകരും സാക്ഷ്യപ്പെടുത്തുന്നു: (മത്താ, 3:3; മർക്കൊ, 1:2,3; ലൂക്കൊ, 3:4,5; യോഹ, 1:23). വഴിയൊരുക്കപ്പെടേണ്ടവൻ യഹോവയാണെന്നു യെശയ്യാവും മലാഖിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരുക്കപ്പെട്ട വഴിയിലൂടെ വന്നത് യേശു എന്നു പേരുള്ള മനുഷ്യനാണ്. (യോഹ, 1:15-17; 9:11). യോഹന്നാനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനത്തിൽ, ആർക്കുവേണ്ടിയാണ് അവൻ വഴി ഒരുക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝അവൻ  യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും.❞ (ലൂക്കോ, 1:16-17). ഇവിടെ പറയുന്ന കർത്താവ് യഹോവയാണ്. അന്ന് യേശു ജനിച്ചിട്ടുകൂടി ഇല്ല. ദൈവമായ കർത്താവ് അഥവാ, യഹോവ ഒരുത്തൻ മാത്രമേ യിസ്രായേൽ ജനത്തിനുള്ളു. ആ കർത്താവിനു് (യഹോവ) യോഹന്നാൻ വഴിയൊരുക്കുമെന്നാണ് ദൂതൻ്റെ പ്രവചനം. യേശുവിൻ്റെ ജനനത്തിനു് മുമ്പുതന്നെ സെഖര്യാ പ്രവാചകനും പരിശുദ്ധാത്മാവ് നിറഞ്ഞവനായി അക്കാര്യം പ്രവചിച്ചിട്ടുണ്ട്: ❝നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.❞ (ലൂക്കോ, 1:76,77). ഈ വാക്യത്തിലും, യഹോവയുടെ മുമ്പേയാണ് യോഹന്നാൻ, വഴിയൊരുക്കേണ്ടതെന്നാണ് പ്രവചനം. എന്നാൽ യോഹന്നാൻ ഒരുക്കിയ വഴിയൂടെ വന്ന് യേശു എന്ന പുരുഷ്യൻ (മനുഷ്യൻ) ആണ്: (യോഹ, 1:30). തന്മൂലം, യഹോവ എടുത്ത മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. മൂന്നു യഹോവയുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ ബൈബിളിലെ യഹോവ ഒരുത്തൻ മാത്രമാണ്. (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). അതായത്, ഏകസത്യദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:16). വഴി ഒരുക്കപ്പെട്ടവനെക്കുറിച്ചും വഴി ഒരുക്കിയവനെക്കുറിച്ചും ഏഴുപേരുടെ സാക്ഷ്യം വചനത്തിലുണ്ട്. [കാണുക: ദൈവഭക്തിയുടെ മർമ്മം, യഹോവ ഒരുത്തൻ മാത്രം, യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്?]

5. ❝ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.❞ (യോഹ, 1:33). താൻ ഒരുക്കിയ വഴിയിൽക്കൂടി വന്ന യേശുവെന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ ആദ്യം പറഞ്ഞത്, മുകളിൽ നാം കണ്ടതാണ്. എൻ്റെ പിന്നാലെ വരുന്ന പുരുഷൻ, എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. (യോഹ, 1:30). അതായത്, യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ ഒരു മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തതായി അവൻ പറയുന്നു: ❝അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു.❞ ഈ വസ്തുതയും നാലു സുവിശേഷകന്മാരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുള്ളതാണ്. (മത്താ, 3:11. മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം എന്താണ്? തൻ്റെ പിന്നാലെ വന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണോ? അല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). അപ്പോൾ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ തൻ്റെ ശുശ്രൂഷ ചെയ്തത്. (ലൂക്കൊ, 4:14). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ ഒരു മനുഷ്യപ്രത്യക്ഷതയ എടുത്തത് അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ യഹോവയായ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 2:1-3; 10:38; 10:44-47; 11:16-17). യഹോവ അഭിഷേകദാതാവും അവൻ്റെ ജഡത്തിലെ വെളിപ്പായ യേശു എന്നു പേരുള്ള മനുഷ്യൻ അഭിഷിക്തനും (ക്രിസ്തു) ആണ്: (പ്രവൃ, 10:38). അഭിഷിക്തനു് പരിശുദ്ധാത്മാവിനെ സ്വീകരിക്കാനല്ലാതെ, പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യാൻ കഴിയില്ല. ആരാണോ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നവൻ, അവൻ്റെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു. അതാണ്, പിതാവും ക്രിസ്തുവെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മം. (Col, 2:2; 1Tim, 3:16). യേശു യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ്: (ലൂക്കൊ, 1:36). ആരാണോ യോഹന്നാനു് മുമ്പേയുള്ളവൻ; അവനാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ.

6. ❝കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.❞ (മത്താ, 11:4-5; ലൂക്കൊ, 7:19-23). യോഹന്നാൻ സ്നാപകനു് ക്രിസ്തുവിൽ സംശയംജനിച്ചിട്ട്, ❝വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ❞ എന്നു യേശുവിനോടു ചോദിപ്പാൻ തൻ്റെ ശിഷ്യന്മാരെ അയച്ചപ്പോൾ, അവൻ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താനാരാണെന്ന് വെളിപ്പെടുത്തുകയാണ് ചെയ്തത്. (യെശ, 35:5-6; 61:1). ❝അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും, ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയില്ല, മുടന്തൻ മാനിനെപ്പോലെ ചാടും; ഊമൻ്റെ നാവും ഉല്ലസിച്ച് ഘോഷിക്കും.❞ (യെശ, 35:5-6). എന്നാണ് അത് സംഭവിക്കുന്നതെന്ന്, മുകളിലത്തെ വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: ❝അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും. തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.❞ (യെശ, 35:2-4). യഹോവ വന്നു നിങ്ങളെ രക്ഷിക്കുന്ന നാളിൽ കുരുടൻ്റെ കണ്ണും ചെകിടൻ്റെ ചെവിയും മുടന്തൻ്റെ കാലും സുഖപ്പെടും. അതായത്, ❝അവൻ തൻ്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും❞ എന്ന് സെഖര്യാവ് പ്രവചിച്ചത്: (ലൂക്കൊ, 1:68). യഹോവ തൻ്റെ ജനത്തെ രക്ഷിക്കാനാണ് യേശുവെന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തുവന്നത്. (മത്താ, 1:21; 1തിമൊ, 3:16; എബ്രാ, 2:14-16).

7. ❝ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ  ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ  അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ  കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതുകൊണ്ടാകുന്നു ഇതു പറഞ്ഞതു.❞ (യോഹ, 12:37-41). യേശു തൻ്റെ പരസ്യ ശുശ്രൂഷ അവസാനിപ്പിച്ച് ദൈവാലയത്തിൽനിന്നു മടങ്ങിപ്പോകുമ്പോൾ, യേശുവിൻ്റെ മഹത്വമാണ് യെശയ്യാവ് കണ്ടതെന്നാണ് യോഹന്നാൻ അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തുന്നത്. 38-ാം വാക്യത്തിൽ ❝കർത്താവിൻ്റെ അഥവാ, യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു❞ എന്നു പറഞ്ഞാൽ; യഹോവയുടെ പ്രവൃത്തി ആര് കണ്ടിരിക്കുന്നു എന്നാണ്. (യേശ, 53:1). അനന്തരം, യെശയ്യാവ് ആറാം അദ്ധ്യായമാണ് ഉദ്ധരിക്കുന്നത്: പഴയനിയമത്തിൽ യഹോവ യിസ്രായേൽ ജനത്തിനുവേണ്ടി ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും കാണുകയോ, അറിയുകയോ, ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ, അവനോടു നന്ദി കാണിക്കുകയോ ചെയ്യാതെ അവരുടെ കണ്ണും ഹൃദയം കുരുടായിപ്പോയതിനെക്കുറിച്ചു പറയുന്നു: (യെശ, 6:9-10). 37-ാം വാക്യത്തിൽ യേശുവിനെക്കുറിച്ചു പറഞ്ഞ അതേകാര്യമാണ് യഹോവയെക്കുറിച്ചും പറയുന്നതെന്നോർക്കണം. അടുത്തവാക്യത്തിൽ യേശുവിൻ്റെ തേജസ്സാണ് യെശയ്യാവ് കണ്ടതെന്നാണ് യോഹന്നാൻ പറയുന്നത്. ആ വാക്യത്തിലുള്ള “അവൻ” എന്ന സർവ്വനാമം മാറ്റിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ; യേശു എന്ന് കിട്ടും. സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: ❝യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.❞ (യോഹ 12:41 ⁃⁃ BCS മലയാളം, AUV, CJB, BEB, BSB, CEV, EHV, FBV, GLW, GNT, GW’20, GWN, GWT, HNC, NCV, NET, NIV, NLT, NLV, NOG, OEB-cw, Phi, RAD’20). യെശയ്യാവും പഴയനിയമത്തിലെ മറ്റു ഭക്തന്മാരും, യഹോവയെ അല്ലാതെ, മറ്റൊരെയും സ്വർഗ്ഗത്തിൽ കണ്ടിട്ടില്ലെന്നും ഓർക്കുക. ക്രിസ്തു മനുഷ്യനാണെന്ന് യോഹന്നാൻ പതിനേഴ് പ്രാവശ്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യോഹ, 1:30; 4:29; 8:40; 9:11; 9:16; 10:33; 11:47; 11:50). എന്നാൽ ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 ⁃⁃ ഇയ്യോ, 9:32). അതായത്, യഹോവയായ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷയാണ് യേശുവെന്നാണ് പഴയനിയമത്തിൽ നിന്ന് ഉദ്ധരണികൾ എടുത്തുകൊണ്ട് പ്രിയശിഷ്യൻ സാക്ഷ്യപ്പെടുത്തുന്നത്.

8. ❝അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.❞ (യെശ, 25:8). ഈ വാക്യത്തിൻ്റെ പുതിയനിയമത്തിലെ നിവൃത്തി കാണുക: ❝മക്കൾ ജഡരക്തങ്ങളോട് കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോട് കൂടിയവനായി; മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി, ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.❞ (എബ്രാ, 2:14-15). ഈ വാക്യത്തിൽ പറയുന്ന മക്കൾ യിസ്രായേലാണ്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 1:10; 11:1). അടുത്തവാക്യം, സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ, സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: ❝അവിടുന്ന് മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ.❞ (എബ്രാ, 2:16). അതായത്, അബ്രാഹാമിനോടും യിസ്രായേൽ ജനത്തോടുമുള്ള ദൈവത്തിൻ്റെ വാഗ്ദത്തം നിവൃത്തിക്കാനാണ്, അവൻ്റെ ദൈവമായ യഹോവ അബ്രാഹാമിൻ്റെ സന്തതികളും തൻ്റെ പുത്രനുമായ യിസ്രായേലിൻ്റെ പ്രകൃതിയായ, ദൂതന്മാരെക്കാൾ താഴ്ചയുള്ള; മനുഷ്യപ്രകൃതിയിൽ ഒരു പ്രത്യക്ഷശരീരം എടുത്തുകൊണ്ട് അഥവാ, കന്യകയിലൂടെ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് അവനിലൂടെ ലോകത്തിൽ വെളിപ്പെട്ടത്. (സങ്കീ, 8:5; എബ്രാ, 2:9,16; 10:5; മത്താ, 1:20-21; ലൂക്കൊ, 1:68; 1തിമൊ, 3:16). പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: ❝ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.❞ (10:5 ⁃⁃ സങ്കീ, 40:6, LXX). ❝എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.❞ അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത മനുഷ്യ പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപരഹിതനായ മനുഷ്യൻ: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5). അതിനെയാണ്, യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടെന്ന് പൗലൊസ് പറയുന്നത്. (1തിമൊ, 3:16)

9. ❝എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.❞ (യോഹ, 19:34). ദൈവപുത്രനായ യേശുവിനെയാണ് പടയാളികൾ കുത്തിത്തുളച്ചത്. എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: ❝ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.❞ (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക: ❝they shall look upon me whom they have pierced❞ എന്ന് കാണാൻ കഴിയുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്: ❝അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.❞ (യോഹ, 19:37). വെളിപ്പാട് പുസ്തകത്തിലും അക്കാര്യം യോഹന്നാൻ പറഞ്ഞിട്ടുണ്ട്. (വെളി, 1:7). അതായത്, യഹോവയുടെ ജഡത്തിലെ വെളിപ്പാട് അഥവാ, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശു. (1തിമൊ, 3:16; 1പത്രൊ, 1:20). അതുകൊണ്ടാണ്, തന്നെയാണ് കുത്തിയതെന്ന് യഹോവ പറയുന്നത്.

10. ❝സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22). പഴയനിയമത്തിൽ സകല ഭൂവാസികൾക്കും ഏകരക്ഷകൻ യഹോവയാണ്; അവനല്ലാതെ മറ്റൊരു രക്ഷിതാവില്ല: ❝ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.❞ (യെശ, 43:11 ⁃⁃ യെശ, 45:21; ഹോശേ, 13:5). എന്നാൽ യേശുക്രിസ്തു അല്ലാതെ മറ്റൊരു രക്ഷകൻ ഇല്ലെന്നാണ് പുതിയനിയമം പറയുന്നത്: മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12. ഒ.നോ: ലൂക്കൊ, 2:11; യോഹ, 4:42; 2തിമൊ, 1:10; തീത്തൊ, 1:4; 3:7). ❝കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു എന്ന പ്രയോഗം❞ പത്രൊസിൻ്റെ  ലേഖനത്തിൽ ആവർത്തിച്ചുകാണാം. (2പത്രൊ, 1:11; 2:1; 2:20; 3:2; 3:18). യെരൂശലേം കൗൺസിലിൽ വെച്ച് പത്രോസ് പറഞ്ഞതും നോക്കുക: ❝കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.❞ (പ്രവൃ, 15:11). ❝കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും❞ എന്നു പൗലൊസും പറഞ്ഞു. (പ്രവൃ, 16:31). യഹോവയല്ലാതെ മറ്റൊരു രക്ഷിതാവില്ലെന്ന് പഴയനിയമം ഖണ്ഡിതമായി പറഞ്ഞിരിക്കെ, പുതിയനിയമത്തിൽ മറ്റൊരു രക്ഷിതാവുണ്ടായാൽ, അത് പരസ്പരവിരുദ്ധമാണ്. തന്മൂലം, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടിഎടുത്ത മനുഷ്യ പ്രത്യക്ഷയാണ് യേശുവെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. അതായത്, യഹോവ ഏകരക്ഷിതാവായ ദൈവവും (യൂദാ, 1:24) ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു ഏകരക്ഷിതാവായ മനുഷ്യനുമാണ്: (പ്രവൃ, 4:12; യോഹ, 8:40; 9:12).

11. ❝ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.❞ (1കൊരി, 15:47). എന്നാൽ 1829 മുതലുള്ള ബെഞ്ചമിൻ ബെയിലി പരിഭാഷകൾ, 1936-ലെ മാണിക്കത്തനാർ പരിഭാഷ, 1868-ലെ ഹെർമ്മൻ ഗുണ്ടർട്ട് പരിഭാഷ, വിശുദ്ധഗ്രന്ഥം തുടങ്ങിയ മലയാളം പരിഭാഷകളിലും കോഡെക്സ് അലക്സാണ്ട്രിനസിൻ്റെ (400-440) ഗ്രീക്കിലും എറാസ്മസിൻ്റെ (Desiderius Erasmus) മൂന്ന് ഗ്രീക്ക് പതിപ്പുകളിലും ( 1522, 1527, 1535), Stephanus (1550), Scrivener’s (1894), Greek Orthodox Church (1904), RP Byzantine Majority Text (2005) മുതലായ ഗ്രീക്ക് പതിപ്പുകളിലും 1526-ലെ William Tyndale Bible തുടങ്ങിയുള്ള ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും മാർട്ടിൻ ലൂഥറിൻ്റെ പരിഭാഷയിലും ❝രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു❞ എന്നാണ് കാണുന്നത്. (the second man is the Lord from heaven). പുതിയനിയമത്തിൻ്റെ ആരാമിക് പെശീത്ത ബൈബിളിൽ: ❝ഒന്നാമത്തെ മനുഷ്യപുത്രൻ മണ്ണിൽ നിന്നുള്ളവൻ; രണ്ടാമത്തെ മനുഷ്യപുത്രൻ സ്വർഗ്ഗത്തിൽ നിന്നുള്ള യഹോവ❞ എന്നാണ് കാണുന്നത്. (The first son of man, is of the dust, which is from the Earth, the second Son of Man, is MarYa {Lord-YHWH}, from the Shmaya {the Heavens}. (The Aramaic Scriptures, Peshitta Holy Bible Translated). വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (1കൊരി, 15:47). ലാറ്റിൻ വൾഗേറ്റിൽനിന്നുള്ള ഇംഗ്ലീഷിലെ ആദ്യത്തെ സമ്പൂർണ ബൈബിളായ ജോൺ വൈക്ലിഫ് പരിഭാഷയിലും (1382), അച്ചടിയെന്ത്രത്തിൽ ആദ്യം അച്ചടിച്ച ഗുട്ടൻബർഗ് ബൈബിളിലും (1454) ഇപ്രകാരമാണ്: ❝the secounde man of heuene is heuenelich.❞ ഇതിൻ്റെ മലയാളം: ❝രണ്ടാമത്തെ മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനും സ്വർഗ്ഗീയനുമാണ്.❞ ബൈബിൾ വെളിപ്പെടുത്തുന്ന സ്വർഗ്ഗീയൻ ക്രിസ്തുവല്ല; പിതാവാണ്: (മത്താ, 5:16; 5:45; 6:9; 6:14; 6:26; 6:32). എന്നാൽ ക്രിസ്തു നസറായനായ അഥവാ, നസറെത്ത് നിവാസിയായ മനുഷ്യനാണ്: ➤❝ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ (𝐉𝐞𝐬𝐮𝐬 𝐨𝐟 𝐍𝐚𝐳𝐚𝐫𝐞𝐭𝐡, 𝐚 𝐦𝐚𝐧) ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;❞ (പ്രവൃ, 2:23 ⁃⁃ യോഹ, 8:40; യോഹ, 9:11; റോമ, 5:15; 1തിമൊ, 2:6). [കാണുക: സ്വർഗ്ഗസ്ഥനും നസറായനും]. യേശുവെന്ന വ്യക്തി പഴയനിയമത്തിൽ ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18⁃⁃പ്രവൃ, 3:22; 7:37; യെശ, 7:14 ⁃⁃ മത്താ, 1:22; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്. (യെശ, 61:1; ലൂക്കോ, 1:32; 1:35; 2:11; 3:22; പ്രവൃ, 10:38). ബി,സി. 6-ന് മുമ്പെ യേശുവെന്ന വ്യക്തിയില്ല. എ.ഡി. 29-ന് മുമ്പെ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനുമില്ല. അതിനാൽ, യേശുവെന്ന മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ല; യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി, കന്യകയിൽ ഉല്പാദിതമായവനാണെന്ന് മനസ്സിലാക്കാം. (മത്താ, 1:20; ലൂക്കൊ, 2:21; 1തിമൊ, 3:15-16). തന്മൂലം, സ്വർഗ്ഗത്തിൽനിന്ന് വന്ന രണ്ടാം മനുഷ്യൻ എന്ന് പൗലൊസ് പറയുന്നത്, സ്വർഗ്ഗത്തിലെ കർത്താവ് അഥവാ, യഹോവ എടുത്ത മനുഷ്യ പ്രത്യക്ഷതയെക്കുറിച്ചാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ❛സ്വർഗ്ഗത്തിൽ നിന്നുള്ളവൻ❜ എന്ന് പറഞ്ഞാലും ❛സ്വർഗ്ഗത്തിൽനിന്നുള്ള സ്വർഗ്ഗീയൻ❜ എന്ന് പറഞ്ഞാലും ❛സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു❜ എന്ന് പറഞ്ഞാലും ഒന്നുതന്നെയാണ്. പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നവൻ ആരോണോ, അവൻ്റെ ജഡത്തിലെ വെളിപ്പെടാണ് തൻ്റെ പിന്നാലെ വന്ന പുരുഷനെന്ന് സ്നാപകൻ്റെ വാക്കിലും വ്യക്തമാണ്. അതാണ്, ❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (God was manifest in the flesh) എന്ന ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:15-16). യഹോവ എന്ന ദൈവനാമത്തെ പുതിയനിയമത്തിൽ ❛കുറിയൊസ്❜ (kyrios) അഥവാ, ❛കർത്താവു❜ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നതെന്നും ഓർക്കുക. ഉദാ: (മത്താ, 4:7, 4:10⁃⁃ആവ, 6:16, 10:20; മത്താ, 22:37⁃⁃ആവ, 6:5; മർക്കൊ, 12:29⁃⁃ആവ, 6:4; പ്രവൃ, 2:21⁃⁃യോവേ, 2:32). യേശു യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, യെഹൂദന്മാർ കുത്തിത്തുളച്ചത് തന്നെയാണെന്ന് പിതാവായ യഹോവ പറഞ്ഞിരിക്കുന്നത്: (സെഖ, 12:10 വി.ഗ്ര; ബെ.ബെ; KJV).

12. ❝എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.❞ (യോവേ, 2:32). പഴയനിയമത്തിൽ രക്ഷാനാമം യഹോവ ആയിരുന്നു. ❝അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.❞ (സങ്കീ, 116:4). പെന്തെക്കൊസ്തുനാളിൽ പത്രൊസ് അപ്പൊസ്തലനും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: ❝എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.❞ (പ്രവൃ, 2:21). എന്നാൽ അതേ പത്രൊസ് ന്യായാധിപസംഘത്തിൻ്റെ മുമ്പിൽ നിന്നുകൊണ്ട് പറഞ്ഞത്: ആകാശത്തിനു കീഴിൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമമല്ലാതെ, മറ്റൊരു നാമം ഇല്ലെന്നാണ്: ❝മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.❞ (പ്രവൃ, 4:12). പഴയനിയമത്തിൽ യഹോവയുടെ നാമത്തിലുണ്ടായിരുന്ന രക്ഷ, പുതിയനിയമത്തിൽ മറ്റൊരാളുടെ നാമത്തിൽ ആയാൽ ശരിയാകുമോ? പിതാവായ ഏകദൈവമാണ് ഉള്ളതെന്ന് പഴയപുതിയ നിയമങ്ങൾ ആവർത്തിച്ചു പറഞ്ഞിരിക്കെ, യഹോവയായ ഏകദൈവത്തിൻ്റെ നാമത്തിലുള്ള രക്ഷ എങ്ങനെ ഇല്ലാതായിപ്പോകും? തന്മൂലം, രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണം ഇവിടെ കാണാം. ഒന്ന്; യഹോവയായ ദൈവം തന്നെയാണ് യേശുവെന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (1തിമൊ, 3:16). രണ്ട്; പുതിയനിയമത്തിൽ ദൈവമായ പിതാവിൻ്റെയും ദൈവത്താൽ അഭിഷേകം മനുഷ്യൻ്റെയും നാമം ഒന്നുതന്നെ ആണ്. അഥവാ, യേശു എന്ന നാമം; പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ്. അല്ലെങ്കിൽ, ആകാശത്തിനു കീഴിൽ മറ്റൊരു നാമമില്ലെന്ന് പറയില്ലല്ലോ? ❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു❞ എന്നും (യോഹ, 5:43), ❝നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം❞ എന്നും പുത്രൻ പറയുന്നത് നോക്കുക. (യോഹ, 17:11-12. ഒ.നോ: യോഹ, 12:28-17:1; ലൂക്കൊ, 9:49–യോഹ, 10:25). ❝എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും❞ എന്നാണ്, യഹോവ തന്നെക്കൊണ്ടുതന്നെ ആണയിട്ട് പറയുന്നത്. (യെശ, 45:23). യേശുവിൻ്റെ നാമത്തിങ്കൽ സകലരുടെയും മുഴങ്കാൽ മടങ്ങുമ്പോഴാണ് പിതാവിന് മഹത്വമുണ്ടാകുന്നതെന്ന് പൗലൊസ് പറയുന്നു. (ഫിലി, 2:10). യേശുവിൻ്റെ മുമ്പിലല്ല; അവൻ്റെ നാമത്തിലാണ് മുഴങ്കാൽ മടങ്ങുന്നത്. തന്മൂലം, യഹോവയായ ഏകദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്നും, യഹോവയുടെ പുതിയനിയമത്തിലെ നാമമാണ് യേശുവെന്നും അസന്ദിഗ്ധമായി മനസ്സിലാക്കാം.

13. ഞാൻ അവൻ ആകുന്നു: ❝ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.❞ (പ്രവൃ, 3:25-26 ⁃⁃ ഉല്പ, 22:18). ദൈവത്തിൻ്റെ ❛പരിശുദ്ധ ദാസനാണു❜ യേശു: (പ്രവൃ, 4:27). ദൈവം അബ്രാഹാമിനോടു ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ യെഹൂദന്മാരോടു പറഞ്ഞശേഷം അടുത്തവാക്യത്തിൽ, വാഗ്ദത്തസന്തതിയെ അവൻ്റെ അകൃത്യങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം തൻ്റെ ദാസനായ യേശുവിനെ അയച്ചകാര്യം പറഞ്ഞിരിക്കുന്നു. ഈ ദാസൻ ആരാണെന്ന് യെശയ്യാവ് 43:10-ൽ പറഞ്ഞിട്ടുണ്ട്. എന്നാൽ മിക്ക പരിഭാഷകളിലും വാക്യം തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതിനാൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം പരിഭാഷ ചേർക്കുന്നു: ❝ഞാൻ അവൻ ആകുന്നു എന്ന് നിങ്ങൾ അറിഞ്ഞു, എന്നെ വിശ്വസിച്ചു, തിരിച്ചറിയേണ്ടതിനു നിങ്ങളും, ഞാൻ തിരഞ്ഞെടുത്തിട്ടുള്ള ഭൃത്യനും എൻ്റെ സാക്ഷികൾ ആകുന്നു. എന്നു യഹോവ പറയുന്നു: എനിക്കു മുമ്പെ ഒരു ദൈവവും രൂപമാക്കപ്പെട്ടിട്ടില്ല, എൻ്റെ ശേഷം ഉണ്ടാകയുമില്ല.❞ (യെശ, 43:10). ഈ വാക്യത്തിൽ മൂന്നുപേരാണ് ഉള്ളത്. ❛ഞാൻ, എന്നെ❜ എന്നിങ്ങനെ ഉത്തമ പുരുഷനിൽ (1st person) സംസാരിക്കുന്നത് യഹോവയാണ്. ❛നിങ്ങൾ❜ എന്ന് മധ്യമപുരുഷനിൽ (2nd person) യഹോവ സംബോധന ചെയ്യുന്നത് യിസ്രായേലിനെയാണ്. ഒന്നാം വാക്യം മുതൽ അത് കാണാൻ കഴിയും. ❛അവൻ❜ എന്ന് പ്രഥമപുരുഷനിൽ (3rd person) ആദ്യഭാഗത്ത് സംബോധന ചെയ്യുന്നതും ❛ഭൃത്യൻ അഥവാ, ദാസൻ❜ എന്ന്  സംബോധന ചെയ്തിരിക്കുന്നതും ക്രിസ്തുവിനെക്കുറിച്ചാണ്. യഹോവ പറയുന്നത്: ❝സാക്ഷിയായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഭൃത്യൻ, അവൻ ഞാൻ തന്നെയാണ്. അതാണ്, യിസ്രായേൽ അറിയേണ്ടതും വിശ്വസിക്കേണ്ടതും മനസ്സിലാക്കേണ്ടതും.❞ പഴയനിയമത്തിൻ്റെ ആദ്യത്തെ ആധികാരികമായ പരിഭാഷയും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും ആദ്യകാല ക്രൈസ്തർ ഉപയോഗിച്ചിരുന്നതുമായ പഴയനിയമം ഗ്രീക്ക് സെപ്റ്റ്വജിൻ്റാണ് (Septuagint). അതിൽനിന്ന് കൃത്യമായി മനസ്സിലാക്കാം. ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (A.D. 300–50), Codex Sinaiticus (330-360), Codex Alexandrinus (400-440). അവ മൂന്നിൻ്റെയും പഴയനിയമം ഗ്രീക്ക് സെപ്റ്റ്വജിൻ്റ് (Septuagint) ആണ്. അതിൽ ഇപ്രകാരമാണ്: ❝γενεϲθε μοι μαρτυρεϲ · και εγω μαρτυϲ λεγει κϲ ο θϲ · και ο παιϲ ον ε ξελεξαμην · ϊνα γνωται και πιϲτευ ϲητε και ϲυνητε · οτι εγω ειμι · εμ προϲθεν μου · ου κ εγενετο αλλοϲ θϲ ·❞ [Codex Sinaiticus]. ❝Be ye my witnesses, and I too am a witness, saith the Lord God, and my servant whom I have chosen: that ye may know, and believe, and understand that I am he: before me there was no other God, and after me there shall be none.❞ (LXXe). ​❝നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കുവിൻ; ഞാനും ഒരു സാക്ഷിയാണ് എന്ന് ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു; ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസനും (സാക്ഷിയാണ്). നിങ്ങൾ എന്നെ അറിയാനും വിശ്വസിക്കാനും ഞാനാണ് അവൻ എന്ന് മനസ്സിലാക്കാനും വേണ്ടിയാണിത്. എനിക്ക് മുമ്പ് മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല; എനിക്ക് ശേഷം മറ്റൊരുവൻ ഉണ്ടാകുകയുമില്ല.❞ ബെഞ്ചമിൻ ബെയ്‌ലി പരിഭാഷയിൽ യിസ്രായേലും ഭൃത്യനുമാണ് സാക്ഷികൾ. സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം, യിസ്രായേലും യഹോവയും യഹോവയുടെ ദാസനും സാക്ഷികളാണ്. തന്നെയുമല്ല, താൻ തിരഞ്ഞെടുത്ത ❛ദാസൻ❜ താൻ തന്നെയാണെന്നും യഹോവ പറയുന്നു. യഹോവ സാക്ഷിയായി വരുമെന്ന് പഴയനിയമത്തിൽ വ്യക്തമായി പ്രവചനമുള്ളതാണ്: ❝അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു.❞ (സെഫ, 3:8). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:8-12; മത്താ, 5:17-18; ലൂക്കൊ, 16:17). ❝സത്യത്തിനു സാക്ഷിനില്ക്കേതിനു ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു❞ എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 18:37). ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു എന്ന് മുകളിൽ നാം കണ്ടതാണ്: (1തിമൊ, 3:16). എന്തെന്നാൽ, മനുഷ്യരെ രക്ഷിക്കാൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല: (ആവ, 4:39; യെശ, 45:22). അടുത്തവാക്യം: ❝ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.❞ (യെശ, 43:11). യേശുവെന്ന ❛ദാസനെ❜ അയച്ചത് എന്തിനാണെന്ന് പത്രൊസ് പറഞ്ഞത്, ഒന്നുകൂടി ശ്രദ്ധിക്കുക: ❝ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാണ്.❞ (പ്രവൃ, 3:26). എന്നാൽ യഹോവയാണ് യിസ്രായേലിനെ അവൻ്റെ അകൃത്യങ്ങളിൽ നിന്ന് വീണ്ടെടുക്കുന്നതെന്നും കൃത്യമായി പ്രവചനമുണ്ട്: ❝യഹോവ യിസ്രായേലിനെ; അവന്റെ അകൃത്യങ്ങളിൽ നിന്നൊക്കെയും വീണ്ടെടുക്കും,❞ (സങ്കീ, 130:8). മനുഷ്യരെ രക്ഷിക്കാൻ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. പ്രവചനംപോലെ, യഹോവ തൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായാണ് പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്: (1യോഹ, 3:5; മത്താ, 1:20; ലൂക്കൊ, 2:21). പുതിയനിയമത്തിൽ ക്രിസ്തു തിരിച്ചും പറയുന്നതായി കാണാം: ❝ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ (ഞാൻ തന്നേ അവൻ – I am he) എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.❞ (യോഹ, 8:24 ⁃⁃ KJV. യോഹ, 8:28; 13:19). പിതാവിനെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ് താനിത് പറയുന്നതെന്ന് ഓർക്കണം: (യോഹ, 8:16-19). ❝താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള എഗോ എയ്മിയാണെന്നും ഞാനും പിതാവും ഒന്നാകുന്നു എന്നും എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ പറഞ്ഞിരിക്കുന്നതും നോക്കുക: (യോഹ, 8:58; യോഹ, 10:30; യോഹ, 14:9). അതാണ്, ❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (God manifest in the flesh) എന്ന് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും ക്രിസ്തുവും എന്ന ദൈവീകരഹസ്യം. (1തിമൊ, 3:16; കൊലൊ, 2:2). 

സുവിശേഷ ചരിത്രകാലത്ത്, യഹോവയായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകമനുഷ്യനും യഥാർത്ഥത്തിൽ ഒന്നായിരുന്നില്ല; ഐക്യത്തിൽ ഒന്നായിരുന്നു. (യോഹ, 17:11, 17:21, 17:23). എന്നാൽ പൂർവ്വാസ്തിത്വത്തിലും സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും യഹോവയും യേശുവും യഥാർത്ഥത്തിൽ ഒന്നുതന്നെ ആണ്. (യോഹ, 10:30). അതാണ് പിതാവും ക്രിസ്തുവെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. അറിയുക, അംഗീകരിക്കുക, വിശ്വസിക്കുക, രക്ഷപ്രാപിക്കുക!