പിതാവായ ഏകദൈവവും ഏകമനുഷ്യനായ യേശുക്രിസ്തുവും

“പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരിന്ത്യർ 8:6)

“എന്നാൽ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമർ 5:15)

“പിതാവായ ഏക ദൈവമേ നമുക്കുള്ളു, അവൻ  സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന; ഏക കർത്താവും നമുക്കുണ്ട്, അവൻ മുഖാന്തരം സകലവും; അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). പിതാവ് അഥവാ, ദൈവം ഒരുത്തൻ മാത്രം എന്നതാണ്, ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). അത്, യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). സ്രഷ്ടാവും പിതാവുമായ യഹോവ മാത്രമാണ് ദൈവമെന്ന് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. അപ്പോൾ, നമ്മുടെ പാപങ്ങളെപ്രതി ക്രൂശിൽ മരിച്ച് രക്ഷ ഒരുക്കിയ ഏക കർത്താവായ യേശുക്രിസ്തു ആരാണ്? പൗലൊസ് അവനെ ഏകമനുഷ്യൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. “എന്നാൽ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏക മനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ക്രിസ്തു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). ഏകമനുഷ്യനായ ക്രിസ്തുവിനെ വേണ്ടുംവണ്ണം അറിയാത്തതുകൊണ്ട്, ഏകദൈവത്തെയും അനേകരും അറിയുന്നില്ല എന്നതാണ് യഥാർത്ഥമായ വസ്തുത. തന്മൂലം, ഏക മനുഷ്യനായ യേശുക്രിസ്തുവിനെക്കുറിച്ച്, ദൈവാത്മാവ് രേഖപ്പെടുത്തി വെച്ചിരിക്കുന്ന ആത്മികചരിത്ര വസ്തുതകളാണ് ഇനി നാം പരിശോധിക്കാൻ പോകുന്നത്:

1. പുതിയനിയമത്തിൻ്റെ ആമുഖം: അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി.” (മത്താ, 1:1). പുതിയനിയമത്തിൻ്റെ ആമുഖവാക്യമാണിത്. ഏതൊരു പുസ്തകത്തിൻ്റെയും ആമുഖത്തിൽ കേന്ദ്രകഥാപാത്രത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ടാകും. ഒന്നാംവാക്യം ശ്രദ്ധയോടെ വായിച്ചാൽത്തന്നെ, ക്രിസ്തു അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ ഒരു മനുഷ്യനാണെന്നു മനസ്സിലാകും. ക്രിസ്തു സർവ്വകാലങ്ങൾക്കുമുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രനായ ഒരു ദൂതനാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നു. അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും പുത്രനായി ഒരു ദൈവം ജനിച്ചുവെന്നോ, ദൂതൻ ജനിച്ചുവെന്നോ പറഞ്ഞാൽ എങ്ങനെയിരിക്കും?

2. വംശാവലി: “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:” (മത്താ, 1:1). ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, സ്വാഭാവികമായ മരണമോ ഇല്ല. എന്നാൽ, ആദ്യമനുഷ്യനായ ആദാം മുതലുള്ള ഒരു മാനുഷിക വംശാവലിയും പൂർവ്വപിതാവായ അബ്രാഹാമിൽ തുടങ്ങി ദാവീദ് രാജാവു വഴിയുള്ള ഒരു രാജകീയ വംശാവലിയും ക്രിസ്തുവിനുണ്ട്: (ലൂക്കൊ, 3:23-38; മത്താ, 1:1-16). ഇതൊരു മനുഷ്യൻ്റെ വംശാവലിയാണ്. അല്ലാതെ, ദൈവത്തിൻ്റെയോ, ദൂതൻ്റെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെയോ വംശാവലിയല്ല.

3. പരിശുദ്ധാത്മാവിൽ ഉല്പാദിതമായവൻ: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ; മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. തൻ്റെ സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1:17). അതിനാൽ, ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യൻ മറിയയുടെ ഉദരത്തിൽ ഉരുവായൻ അഥവാ, രൂപപ്പെട്ടവനാണ്. അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് അവളിൽ രൂപാന്തരപ്പെട്ടതല്ല; അഥവാ, അവതാരമെടുത്തതല്ല. അവതാരമെന്നത് ബൈബിൾ വിരുദ്ധമായ ഒരു പൊട്ടക്കഥ മാത്രമാണ്.

4. ജനനം അഥവാ, ഉത്ഭവം: “അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). യിസ്ഹാക്ക് മുതൽ യോഹന്നാൻ സ്നാപകൻ വരെയുള്ളവരുടെ ജനനത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന അതേ പദം തന്നെയാണ്, യേശുവിൻ്റെ ജനനത്തെ കുറിക്കാനും ഉപയോഗിച്ചിരിക്കുന്നത്. വ്യത്യാസം ഒന്നുമാത്രം: അവർ അവരുടെ അപ്പന്മാരാലും, യേശു പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ ഉരുവായി. തന്മൂലം, എല്ലാ മനുഷ്യരെയുംപോലെ, യേശുവെന്ന മനുഷ്യനും ഒരു ആരംഭമുണ്ട്. (മീഖാ, 5:2,3; പ്രവൃ, 3:22; റോമ, 9:5)

5. മറിയയുടെ ആദ്യജാതൻ: “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.” (ലൂക്കോ, 2:7; മത്താ, 1:25). കന്യകയായ മറിയ പരിശുദ്ധാത്മാവിനാൽ പ്രസവിച്ചത്, അവളുടെ ആദ്യജാതനെ അഥവാ, മൂത്തപുത്രനെയാണ്. (മത്താ, 1:20,25). അതിനുശേഷം, അവൾ യോസേഫിനാൽ വേറെയും മക്കളെ പ്രസവിച്ചു. (മർക്കൊ, 6:3). അവളുടെ ആദ്യജാതൻ ദൈവവും, അനന്തരജാതന്മാർ മനുഷ്യരുമാകുന്നത് എങ്ങനെയാണ്? “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു” എന്ന പ്രയോഗംതന്നെ ജനിച്ചവൻ ഒരു പൂർണ്ണ മനുഷ്യനാണ് എന്നതിൻ്റെ തെളിവാണ്.

6.പരിച്ഛേദന: “പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ  ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.(ലൂക്കോ, 2:21). എല്ലാ യെഹൂദാ പുരുഷപ്രജയും ചെയ്യുന്നതുപോലെ യേശുവും പരിച്ഛേദന ഏറ്റു. അവൻ മനുഷ്യനായതുകൊണ്ടാണ് പരിച്ഛേദന ഏറ്റത്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം ജെൻ്റർ ഇല്ലാത്ത ദൈവമാണ് പരിച്ഛേദന ഏറ്റത്.

7. ആദ്യജാതൻ്റെ വീണ്ടെടുപ്പ്: “മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.” (ലൂക്കോ, 2:22-24). യേശുവെന്ന മനുഷ്യക്കുഞ്ഞ് മറിയയുടെ ആദ്യജാതനാകകൊണ്ടാണ് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ, എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുചെന്ന് ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തത്: (ലേവ്യ, 12:2-6; മത്താ, 1:25; ലൂക്കൊ, 2:7).

8. വളർച്ചയും വികാസവും: “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കോ, 2:40). “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.” (ലൂക്കോ, 2:52). എല്ലാ മനുഷ്യരെപ്പോലെ ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ അവസ്ഥകളിലൂടെ, ക്രിസ്തുവിൻ്റെ വളർച്ചയും വികാസവും സ്വാഭാവികമായിരുന്നു. ആത്മാവിൽ ബലപ്പെട്ടുവന്നതും, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നുവന്നതും ദൈവമോ, ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവനോ, ദൂതനോ ഒന്നുമല്ല; ഒരു പൂർണ്ണമനുഷ്യനാണ്.

9. ക്രിസ്തുവിൻ്റെ വയസ്സ്: “അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.” (ലൂക്കോ, 2:42). “യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു.” (ലൂക്കോ, 3:23). സൃഷ്ടികളെങ്കിലും, ഭൗമികരല്ലാത്തവരും സ്വാഭാവികമായ മരണമില്ലാത്തവരും ആകയാൽ, ദൂതന്മാർക്കുപോലും വയസ്സ് കണക്കിടാറില്ല. തന്മൂലം,, ബൈബിളിൽ പറഞ്ഞിരിക്കുന്നത്, ദൈവത്തിൻ്റെ വയസ്സല്ല; യേശുവെന്ന മനുഷ്യൻ്റെ വയസ്സാണ്.

10. വളർത്തച്ഛനും സഹോദരങ്ങളും: “ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ  യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.” (യോഹ, 1:45). “ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെനിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.” (മത്താ, 13:55, മർക്കൊ, 6:3). ഇത് യേശുവെന്ന മനുഷ്യന്റെ അപ്പനും അമ്മയും സഹോദരങ്ങുളുമാണ്.

11. ക്രിസ്തു: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കോ, 3:21,22). “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: 4:27; ലൂക്കൊ, 4:18,19). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന മനുഷ്യന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, യോർദ്ദാനിലെ സ്നാനാനന്തരം, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (യെശ, 61:1-2; ലൂകൊ, 2:11). അതായത്, യോർദ്ദാനിൽ വെച്ചാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. ഈ ചരിത്രപരമായ വസ്തുത, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:18-21).

12. ദൈവപുത്രൻ: “അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” (ലൂക്കൊ, 1:32),
“ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ മറിയയോടുള്ള ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളാണ് മേല്പറഞ്ഞത്. നിന്നിൽനിന്ന് ദൈവത്തിൻ്റെ പുത്രൻ ജനിക്കുമെന്ന് പ്രസ്താവിക്കുകയല്ല ചെയ്തത്. നിന്നിൽ നിന്ന് ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് പ്രവചിക്കുകയാണ് ചെയ്തത്. ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (സംഖ്യാ, 24:14; ദാനീ, 2:45). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ്, അത് ചരിത്രമാകുന്നത്. മറിയയോടുള്ള ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽനിന്നുകേട്ട പിതാവിൻ്റെ ശബ്ദം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). അതായത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വിശേഷാൽ, മറിയയുടെയും മകനായ യേശുവെന്ന മനുഷ്യൻ ജനിച്ച്, ഏകദേശം മുപ്പത് വയസ്സ് കഴിഞ്ഞപ്പോഴാണ്, പ്രവചനംപോലെ ദൈവത്തിൻ്റെ പുത്രനായത്. ചരിത്രപരമായി പറഞ്ഞാൽ, യേശുവെന്ന മനുഷ്യൻ ജനിക്കുന്നത് ബി.സി. 6-ലും, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് എ.ഡി. 29-ലുമാണ്. അപ്പോൾ, യഹോവസാക്ഷികൾ പഠിപ്പിക്കുന്ന ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രൻ ആരാണ്? ട്രിനിറ്റി പഠിപ്പിക്കുന്ന സർവ്വലോകങ്ങൾക്കുമുമ്പെ പിതാവ് ജനിപ്പിച്ച പുത്രൻ ആരാണ്? അങ്ങനെയൊരു പുത്രൻ ബൈബിളിലില്ല. അത് വേറൊരു സുവിശേഷവും, വേറൊരു ക്രിസ്തുവുമാണ്.

13. ക്രിസ്തുവിൻ്റെ പരീക്ഷ: “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1; മത്താ, 4:1-3). പഴയനിയമത്തിൽ ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദം ചോദിക്കുന്ന സാത്താനെ കാണാം: (ഇയ്യോ, 1:6-12; 2:1-7). ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും തൊടണമെങ്കിൽ ദൈവത്തിൻ്റെ അനുവാദം വേണമെന്നുള്ളത് അതിനാൽ വ്യക്തമാണല്ലോ? അപ്പോൾ, ക്രിസ്തു തന്നിൽത്തന്നെ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയള്ളവനോ ആയിരുന്നെങ്കിൽ സാത്താനെങ്ങനെ അവനെ പരീക്ഷിക്കാൻ പറ്റും? ദൈവത്തെക്കാൾ വലിയവനാണോ സാത്താൻ? ദൈവത്തിൻ്റെ ആത്മാവ് അഥവാ, ദൈവമാണ് ക്രിസ്തുവിനെ പരീക്ഷയിലേക്ക് നടത്തുന്നത്. (മത്താ, 4:1). ഒരു ദൈവം മറ്റൊരു ദൈവത്തെ സാത്താനെക്കൊണ്ട് പരീക്ഷിപ്പിച്ചു എന്ന് പറഞ്ഞാൽ, എങ്ങനെയിരിക്കും? തന്നെയുമല്ല, ബൈബിളിലെ ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആണ്. (യാക്കോ, 1:13). തന്മുലം, ക്രിസ്തു ദൈവമല്ല, പാപമറിയാത്ത മനുഷ്യനായിരുന്നു എന്ന് വ്യക്തമാണല്ലോ? അതുകൊണ്ടാണ്, അവനു പരീക്ഷ നേരിടേണ്ടി വന്നത്;,.

14. ആരാധന ദൈവത്തിനു മാത്രം: “പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:8-10). ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു. ക്രിസ്തുവിൻ്റെ മറുപടി എന്താണ്? “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ.” തന്നെ ആരാധിക്കണമെന്നല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിൽ അവനെ ആരാധിക്കണമെന്നാണ്. ആരാണ് ആരാധനയ്ക്ക് യോഗ്യനായ ഏകദൈവം? ആവർത്തനപുസ്തകമാണ് ക്രിസ്തു ഉദ്ധരിച്ചത്. “നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം.” (ആവ, 6:13; 10:20). അതായത്, യഹോവയായ ഏകദൈവത്തെ ആരാധിക്കാനാണ് ക്രിസ്തു പറഞ്ഞത്.

15. ആത്മീയത: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.” (ലൂക്കോ, 4:16). യേശു പതിവായി പള്ളിൽ പോകയും, ദൈവാലയം സന്ദർശിക്കുകയും, തിരുവെഴുത്തുകൾ പഠിക്കുകയും ചെയ്തിരുന്നു. അവൻ പന്ത്രണ്ടാമതെ വയസ്സുമുതൽ ദൈവാലയതിൽ പോയതായും കാണാം. {ലൂക്കോ, 2:41-42). ദൈവപുത്രൻ പൂർണ്ണമനുഷ്യനാണെന്നതിൻ്റെ ഏറ്റവും നല്ല തെളിവാണിത്. ദൈവമാണ്, ദൈവത്തെ കാണാനും ദൈവവചനം പഠിക്കാനും ദൈവാലയത്തിലും പള്ളിയിലും പോയതെന്ന് പറഞ്ഞാൽ, എങ്ങനെയിരിക്കും?

16. പ്രാർത്ഥന: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). രാവിലെയും (മർക്കൊ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12) മനുഷ്യനായ യേശു പിതാവായ ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാം. ദൈവത്തെ സ്തുതിക്കുന്നവരെങ്കിലും, ദൂതന്മാർ പോലും വ്യക്തിപരമായി പ്രാർത്ഥിചതായി കാണാൻ കഴിയില്ല. മനുഷ്യനല്ലാതെ, ദൈവത്തിന് പ്രാർത്ഥന വേണമോ? അപോൾ, ഒരുദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചതെന്നു പറഞ്ഞാൽ എങ്ങനെയിരിക്കും?

17. ദൈവപുത്രൻ്റെ പൂർണ്ണമായ മനുഷ്യപ്രകൃതി: ദൈവപുത്രൻ, ദേഹവും ദേഹിയും ആത്ഥാവുമുള്ള പൂർണ്ണമനുഷ്യനായിരുന്നു:

I. ശരീരം: ദൈവപുത്രനൊരു ഭൗതിക ശരീരം ഉണ്ടായിരുന്നു. “അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി;” (1പത്രൊ, 2:24. ഒ.നോ: മത്താ, 26:12; 27:26,35; യോഹ, 12:3; 19:32; കൊലൊ, 1:22; എബ്രാ, 2:14; 10:5,29)

II. രക്തം: എല്ലാ മനുഷ്യരിലും ഉള്ളതുപോലെ ജീവദായകമായ രക്തം അവനുണ്ടായിരുന്നു: “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34; ലേവ്യ, 17:11,14). പക്ഷെ അവൻ്റെ രക്തം, നിർദ്ദോഷവും നിഷ്കളങ്കവും വിലയേറിയതും ആയിരുന്നു. (1പത്രൊ, 1:19)

III. ഉള്ളം അഥവാ, ദേഹി: സംവേദനക്ഷമമായ (Sensitive) ഒരു ദേഹി അവനുണ്ടായിരുന്നു: “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ” എന്നു അവരോടു പറഞ്ഞു.” (മത്താ, 26:38; യെശ, 53:12)

IV. ആത്മാവ്: ക്രിസ്തുവിന് ഒരു മനുഷ്യാത്മാവ് ഉണ്ടായിരുന്നു: യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു;” (ലൂക്കോ, 23:46)

18. പാപമറിയാത്തവൻ: “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ  നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ.” (എബ്രാ, 7:26). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (1പത്രൊ, 2:22). “അവനിൽ പാപം ഇല്ല.” (1യോഹ, 3:5). എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത പരിശുദ്ധ ദൈവത്തെക്കുറിക്കുന്നതല്ല. മുപ്പത്തിമൂന്നര വർഷം പാപലോകത്തിൽ ജീവിച്ചവനും പാപികളോടുകൂടെ സഹവസിച്ചിട്ടും പാപം ചെയ്യാതെ, പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനുമായി ജീവിച്ച പൂർണ്ണമുനുഷ്യനെ കുറിക്കുന്ന പ്രയോഗങ്ങളാണ്.

19. പാപരഹിതമായ പരിമിതികൾ: മനുഷ്യനെന്ന നിലയിൽ പാപരഹിതമായ പരിമിതികൾ ക്രിസ്തുവിനുണ്ടായിരുന്നു: “പിന്നെ അവൻ  അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.” (മത്താ, 26:39).

I. പരീക്ഷിക്കപ്പെട്ടു: “പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1; മത്താ, 4:1). “താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.” (എബ്രാ, 2:18. അവൻ, പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനാണ്, (എബ്രാ, 4:15)

II. വിശപ്പ്: “അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.” (മത്താ, 4:2; ലൂക്കൊ, 4:2). “പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;” (മർക്കൊ, 11:12)

III. ദാഹം: “അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 19:28)

IV. ക്ഷീണം: “യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു;” (യോഹ, 4:6)

V. ഉറക്കം: “അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി:” (മർക്കൊ, 4:38; മത്താ,8:24)

VI. കരച്ചിൽ: “യേശു കണ്ണുനീർ വാർത്തു.” (യോഹ, 11:35)

VII. ദുഃഖം: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.” (മർക്കൊ, 14:34)

VIII.. പ്രാണവേദന: “പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു;” (ലൂക്കോ, 22:44)

IX. വിയർപ്പ്: “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കോ, 22:44). പാപ രഹിതനായ മനുഷ്യനാണെങ്കിലും, ഒരു സാധാരണ മനുഷ്യൻ വിയർക്കുന്നതുപോലെ ക്രിസ്തു കഠിനമായി വിയർത്തു.

X. അവൻ ഗത്ത്ശെമനയിൽവെച്ച് ബലഹീനനായി: “അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.” (ലൂക്കൊ, 22:43)

20. ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച മനുഷ്യൻ: “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:22-23). യേശുവെന്ന മനുഷ്യനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചത് ദൈവമാണെന്ന് വ്യക്തമായി പത്രൊസ് പറഞ്ഞിരിക്കുന്നു. ദൈവം യേശുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതം പ്രവർത്തിച്ചതെന്ന് വേറെയും വാക്യങ്ങളുണ്ട്. (യോഹ, 3:2; പ്രവൃ, 10:38). ക്രിസ്തു അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ട്, അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ക്രിസ്തു മൂന്നര വർഷമാണ് അത്ഭുതൾ പ്രവർത്തിച്ചത്. എന്നാൽ, ദൈവപുരുഷനായ മോശെ മരുഭൂമിയിൽ നാല്പതുവർഷം അതിശയങ്ങളും അടയാളങ്ങളും ചെയ്തതായി ബൈബിൾ പറയുന്നു. (പ്രവൃ, 7:36). അത്ഭുതങ്ങളാണ് ദൈവത്വത്തിൻ്റെ അളവുകോലെങ്കിൽ, ക്രിസ്തുവിനെക്കാൾ വലിയ ദൈവമാണ് മോശെയെന്ന് പറയേണ്ടിവരും. ഏലീയാവ്, എലീശ, പത്രൊസ്, പൗലൊസ് തുടങ്ങിയ ദൈവങ്ങൾ വേറെയുമുണ്ട്.

21. ഏകനല്ലാത്ത ക്രിസ്തു: പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല,. (യോഹ, 16:32. ഒ.നോ:  8:16,29). ഈ വാക്യം ദൈവത്തിൻ്റെ ബഹുത്വത്തെ കുറിക്കുന്നതായി പലരും തെറ്റിദ്ധരിക്കുന്നു. ഞാൻ ഏകനല്ല എന്നത്, ഇംഗ്ലീഷിൽ I am not alone ആണ്. ഏകനല്ല എന്നത്, പരിഭാഷാ പ്രശ്നമാണ്. ഞാൻ തനിച്ചല്ല അഥവാ, ഒറ്റയ്ക്കല്ല എന്നാണ് ശരിയായ പ്രയോഗം. അതായത്, യോർദ്ധാനിലെ സ്നാനത്തിൽ വെച്ച്, ദൈവം മനുഷ്യനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട്, അവനോടുകൂടെ ഇരുന്ന് പ്രവർത്തിക്കുകയായിരുന്നു. (പ്രവൃ, 10:38; ലൂക്കൊ, 3:22; യോഹ, 3:2). അതുകൊണ്ടാണ്, താൻ ഒറ്റയ്ക്കല്ല എന്ന് ക്രിസ്തു പറഞ്ഞത്. ഞങ്ങൾ, നാം, നമ്മെപ്പോലെ എന്നൊക്ക ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 14:23; 17:11; 17:23). യേശുവെന്ന മനുഷ്യൻ താൻ ഒറ്റയ്ക്കല്ല എന്ന് പറഞ്ഞാൽ; ദൈവം തൻ്റെകൂടെയുണ്ട് എന്നാണർത്ഥം. ഒരു മനുഷ്യൻ ദൈവം തൻ്റെകൂടെ ഉള്ളതുകൊണ്ട് താൻ ഒറ്റയ്ക്കല്ല എന്ന് പറഞ്ഞാൽ, ദൈവത്തിന് എങ്ങനെ ബഹുത്വമുണ്ടാകും?

22. പാപം മോചിച്ച മനുഷ്യൻ: ഒരു പക്ഷവാതക്കാരനെ സുഖപ്പെടുത്തുന്നതിനോടുള്ള ബന്ധത്തിൽ ക്രിസ്തു അവൻ്റെ പാപം മോചിച്ചതായി കാണാം: (മർക്കൊ, 2:5). അപ്പോൾ അവിടെ കൂടിയവരിൽ ചിലർ: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.” (മർക്കൊ, 2:7). അവരുടെ നിരൂപണം അറിഞ്ഞിട്ട്, ഭൂമിയിൽ മനുഷ്യപുത്രനു പാപങ്ങളെ മോചിപ്പാൻ അധികാരമുണ്ടെന്ന് പറയുകയും പക്ഷവാതക്കാരനോടു കിടക്കയെടുത്ത് വീട്ടിൽ പോകാൻ കല്പിക്കുകയും ചെയ്തതായി കാണാം: (മർക്കൊ, 2:10,11). എന്നാൽ, മത്തായി സുവിശേഷത്തിൻ്റെ സമാന്തര വേദഭാഗത്ത് ക്രിസ്തുവിൻ്റെ ഈ പ്രവൃത്തി കണ്ടപ്പോൾ പുരുഷാരത്തിൻ്റെ പ്രതികരണവും പറഞ്ഞിട്ടുണ്ട്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് ഹൃയത്തിൽ ചിന്തിച്ചത് അവർതന്നെ, ക്രിസ്തുവെന്ന മനുഷ്യനു ദൈവം കൊടുത്ത അധികാരമാണെന്ന് സമ്മതിച്ചുകൊണ്ടാണ് മടങ്ങിപ്പോയത്. പാപമോചനത്തിനുള്ള അധികാരം ശിഷ്യന്മാർക്കും നല്കിയതായി പറഞ്ഞിട്ടുണ്ട്: (യോഹ, 20:23).

23. ക്രിസ്തുവിൻ്റെ പിതാവ്: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല:” (എബ്രാ, 2:11). ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും രക്ഷിക്കപ്പെട്ടവരുടെയും പിതാവ് ഒരാളാണ്. എൻ്റെ പിതാവ് (മത്താ, 11:27), സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ് (മത്താ, 15:53) എന്നിങ്ങനെയാണ് ക്രിസ്തു ദൈവത്തെ സംബോധന ചെയ്തത്. അഭിഷിക്തനായ മനുഷ്യനെന്ന നിലയിൽ ദൈവം അവൻ്റെ പിതാവാണ്. ക്രിസ്തു തന്നിൽത്തന്നെ ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിനൊരു പിതാവ് ഉണ്ടാകുമായിരുന്നോ? ദൈവത്തിന് ഒരു പിതാവോ, മാതാവോ ഇല്ല എന്നത് ശിശുസഹജമായ ഒരു അറിവാണ്. നിർഭാഗ്യവശാൽ, അതുപോലും പലർക്കുമില്ല.

24. പിതാവ് എന്നെക്കാളും എല്ലാവരിലും വലിയവൻ: “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28). “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30),. “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (8:28), “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49). ക്രിസ്തുവിൻ്റെ വാക്കുകളാണിത്. ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ ദൈവമാണെന്നു വിശ്വസിക്കുന്നവർ ഒരു ചെറിയ ദൈവവം വലിയ ദൈവവും ഉണ്ടെന്ന് വിശ്വസിക്കുന്ന ബഹുദൈവവിശ്വാസികളാണ്. തന്നെയുമല്ല, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെ പറയുന്ന യഹോവയെ ഭോഷ്ക്കു പറയുന്നവൻ ആക്കുന്നു. (പുറ, 20:2-3; യെശ, 43:10; 44:8; 45:5)

25. പിതാവു മാത്രമല്ലാതെ പുത്രനും കൂടെ അറിയുന്നില്ല: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ, 24:36). ലോകാവസാനത്തിൻ്റെ നാളും നാഴികയും സംബന്ധിച്ച്, പിതാവ് മാത്രമല്ലാതെ, ദൂതന്മാർക്കും പുത്രനുംകൂടി അറിയില്ലെന്നാണ് ക്രിസ്തു പറയുന്നത്. എന്തെന്നാൽ, ബൈബിളിലെ ദൈവം മൂന്നുപേരല്ല; പിതാവ് മാത്രമാണ്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6)

26. പിതാവാണ് ഏകസത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വേദഭാഗത്തെ ഏകസത്യദൈവമായ നിന്നെയും എന്നത്, ഇംഗ്ലീഷിൽ thee, the only true God എന്നും, ഗ്രീക്കിൽ se ton monon alithinon theon എന്നുമാണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് പുത്രൻ പറയുന്നത്. പിതാവ് മാത്രമാണ് സത്യദൈവം എന്ന് പുത്രൻ പറഞ്ഞാൽ; പുത്രനും ദൈവമാണെന്നാണോ അർത്ഥം? പിതാവ് മാത്രമാണ് സത്യദൈവം എന്ന് പറകവഴി, താൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി ക്രിസ്തു വ്യക്തമാക്കി.

27. ആത്മാവായ ദൈവം: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ക്രിസ്തു ശമര്യക്കാരിയോടു പറയുന്ന വേദഭാഗമാണിത്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനായിരുന്നു: (യോഹ, 8:40). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് പറഞ്ഞിരിക്കുന്നത്.. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കുന്നത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞിട്ടും, ഏകദൈവത്തെ ബഹുദൈവമാക്കാൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യനെപ്പിടിച്ച് ദൈവമാക്കുകയാണ് ക്രിസ്ത്യാനികൾ ചെയ്തത്.

28. ക്രിസ്തുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്ക് ഒരു ദൈവമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ഇത് ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന മനുഷ്യൻ്റെ ദൈവമാണ്. ക്രിസ്തു ദൈവമായിരുന്നു, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്.

29. ക്രിസ്തുവിന്റെ തല ദൈവം: “എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1കൊരി, 11:3). എപ്രകാരം പുരുഷൻ്റെ തല ക്രിസ്തുവാണെന്ന് പറഞ്ഞിരിക്കുന്നുവോ, അപ്രകാരം തന്നെയാണ് ക്രിസ്തുവിൻ്റെ തല ദൈവമാണെന്നും പറഞ്ഞിരിക്കുന്നത്. “തല” അധികാരത്തെയാണ് കാണിക്കുന്നത്. സത്യവേദപുസ്തകം സമകാലിക പരിഭാഷ: “ഏതു പുരുഷന്‍റെയുംമേലുള്ള പരമാധികാരം ക്രിസ്തുവിനും, ഭാര്യയുടെമേലുള്ള അധികാരം ഭര്‍ത്താവിനും, ക്രിസ്തുവിന്‍റെമേലുള്ള അധികാരം ദൈവത്തിനുമാകുന്നു. ഇതു നിങ്ങള്‍ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.”

30. ദൈവം ഒരുത്തൻ മാത്രം, ക്രിസ്തുവിൻ്റെ സാക്ഷ്യം: ഏകദൈവം (monos theos – The only God) അഥവാ, ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3), അവനെമാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ,24:36) പിതാവ് എന്നെക്കാളും (യോഹ, 14:28) എല്ലാവരെക്കാളും വലിയവനാണെന്നും (യോഹ, 10:29), പറഞ്ഞുകൊണ്ട, താൻ ദൈവമല്ലെന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നു. തനിക്കൊരു ദൈവമുണ്ടെന്നും പുത്രൻ പറഞ്ഞു. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). താൻ മനുഷ്യനാണെന്നും ദൈവപുത്രൻ സാക്ഷ്യപ്പെടുത്തുന്നു. (യോഹ, 8:40).

31. ദൈവം ഒരുത്തൻ മാത്രം, അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4,24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6), ദൈവപുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 11:31; എഫെ, 1:3,17), ദൈവപുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തു മനുഷ്യനെന്നു 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 2:6; 3:16).

32. എന്നെ നല്ലവനെന്നു പറയുന്നതെന്ത്?: “ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുവൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവം അല്ലാഞ്ഞതുകൊണ്ടാണ് ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ നിഷേധിച്ചത്. പ്രമാണി യേശുവിനെ വിളിച്ചത് ദൈവം എന്നല്ല; നല്ലവൻ എന്നാണ്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രനെ, ദൈവമെന്ന് വിളിച്ചാൽ അവൻ എത്രയധികമായി നിഷേധിക്കും?

33. മോശെയെപ്പോലൊരു പ്രവാചകൻ: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15,19; പ്രവൃ, 3:22; 7:37). എല്ലാ പ്രവാചകന്മാരും യിസ്രായേൽ ജനത്തിൻ്റെ ഇടയിൽ നിന്നാണ് എഴുന്നേറ്റത്. മോശെ പറഞ്ഞപോലെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്നാണ് പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായ യേശു എഴുന്നേറ്റത്. (മീഖാ, 5:2,3; മത്താ, 1:21; റോമ, 9:5; ലൂക്കൊ, 24:19). ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവർക്ക് മോശെയെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ട്. ആ വാക്യം ഇതാണ്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25-26). ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. എന്നാൽ, ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിച്ചു. അതായത്, മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്.

34. ക്രൂശിൽ മരിച്ച മനുഷ്യൻ: യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.” (ലൂക്കോ, 23:46). യേശുവെന്ന പാപമറിയാത്ത മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ ദൈവപിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ടാണ് തന്നെത്തന്നെ ദൈവത്തിന് യാഗമായി അർപ്പിച്ചത്. (എഫെ, 5:2). ഇതൊരു മനുഷ്യൻ്റെ മരണമാണ്; അല്ലാതെ, ദൈവത്തിൻ്റെ മരണമല്ല. (1തിമൊ, 2:6)

35. ആത്മാവിനാൽ മരണം വരിച്ച മനുഷ്യൻ: “നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ  നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14; 1തിമൊ, 2:6). പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉരുവായവനാണ് ക്രിസ്തു. (മത്താ, 1:20; ലൂക്കൊ, 2:21). അതുപോലെ, പരിശുദ്ധാത്മാവിനാണ് അവൻ തന്നെത്തന്നെ ദൈവത്തിന് അർപ്പിച്ചത്. (എഫെ, 5:2).

36. ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ട മനുഷ്യൻ: “ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18). ദൈവം ഉയിർപ്പിച്ചുവെന്നും അനേകം വാക്യങ്ങളിൽ പറഞ്ഞിടുണ്ട്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:2-24. ഒ.നോ:  2:31; 4:10; 5:30; 10:40; 13:30; 13:32; 13:37; 17:31; റോമ, 4:25; 1കൊരി, 6:14; 2കൊരി, 1:9; 4:14; ഗലാ, 1:1; 1തെസ്സ, 1:19). ക്രിസ്തുവെന്ന മനുഷ്യൻ തന്നെത്താൻ ഉയിർക്കുകയായിരുന്നില്ല; ദൈവം അഥവാ, ദൈവത്തിൻ്റെ ആത്മാവ് അവനെ ഉയിർപ്പിച്ചതാണ്. യേശു തന്നെത്താൻ മരണത്തിന് ഏല്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്; ഒരിക്കൽപ്പോലും തന്നെത്താൻ ഉയിർത്തെന്ന് പറഞ്ഞിട്ടില്ല: (ഗലാ, 1:3; എഫെ, 5:2; 5:27; 1തിമൊ, 2:6; എബ്രാ, 7:27; 9:14). എന്തെന്നാൽ, ജനിച്ചതും ജീവിച്ചതും മരിച്ചതും പാപമറിയാത്ത മനുഷ്യനാണ്; ഉയിർപ്പിച്ചതാകട്ടെ ദൈവവും. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തത് ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. ദൈവത്തിനു ജനിക്കാനോ, മരിക്കാനോ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും പലർക്കുമില്ല. ഒരു ദൈവം മരിച്ചിട്ട്, മറ്റൊരു ദൈവം ഉയിർപ്പിച്ചുവെന്ന് വിശ്വസിക്കുന്നത്, അതിനെക്കാൾ ഭീകരമായ വിശ്വാസമാണ്.

37. അമർത്യനായ ദൈവം: “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:15-16). താൻ മാത്രം അമർത്യതയുള്ളവൻ എന്നാൽ, ദൈവം മാത്രമാണ് മരണമില്ലാത്തവൻ എന്നാണ്. ഇ.ആർ.വി. പരിഭാഷയിൽ: ഒരിക്കലും മരിക്കാത്തവൻ ദൈവം മാത്രമാണെന്നും, പി.ഒ.സി. പരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണമില്ലാത്തവൻ എന്നും, ഓശാന നൂതന പരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണരഹിതൻ എന്നും കാണാവുന്നതാണ്. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത മനുഷ്യനായ യേശുവാണ് മരിച്ചതെന്നും, ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുമ്പോൾ, ദൈവമാണ് മരിച്ചുയിർത്തതെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ തിരുത്താൻ കഴിയും?

38. ദൂതന്മാരിലും താഴ്ചയുള്ള ക്രിസ്തു: “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). എല്ലാവർക്കുംവേണ്ടി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായിരുന്നെന്ന് ദൈവത്തിൻ്റെ ആത്മാവ് അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. എന്തെന്നാൽ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും മരണമില്ല. മരിച്ചത് മനുഷ്യനാണെന്നും എഴുതിവെച്ചിട്ടുണ്ട്: (1തിമൊ, 2:6). എന്നിട്ടും, ക്രൂശിൽ മരിച്ചവൻ പൂർണ്ണമനുഷ്യനാണെന്നു വിശ്വസിക്കാതെ, ദൈവമാണ് മരിച്ചതെന്നാണ് പലരും വിശ്വസിക്കുന്നത്. ത്രിത്വത്തിൽ രണ്ടാമനെന്ന് നിങ്ങൾ വിശ്വസിക്കുന്ന യേശു, ദൂതന്മാരെക്കാൾ താഴ്ചയുള്ള ദൈവമാണോ?

39. മനുഷ്യൻ്റെ ശുശ്രുഷയുടെ പരിസമാപനം: യേശു അവളോടു: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11-12. ഒ.നോ: 7:27; 10:10). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി സ്വർഗ്ഗത്തിലെ തിരുനിവാസത്തിലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി.

40. മനുഷ്യനായ മദ്ധ്യസ്ഥൻ: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). “ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.” (എബ്രാ, 9:15. ഒ.നോ: 8:6; 12:24). ദൈവത്തിനും മനുഷ്യർക്കുമിടയിൽ പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനായി ക്രൂശിൽ മരിച്ചത് മനുഷ്യനായ ക്രിസ്തുയേശുവാണെന്ന് അക്ഷരംപ്രതി എഴുതിവെച്ചിട്ടും, അവൻ ദൈവവുമാണെന്ന് വിശ്വസിക്കുന്നവർ എന്തു വിചാരിക്കുന്നു; അവൻ അമൃതാനന്ദമയിയെയും സായിബാബയെയും പോലുള്ള മനുഷ്യദൈവമാണെന്നോ?

41. മനുഷ്യൻ മൂലം മരണം മനുഷ്യൻ മൂലം ജീവൻ: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). ഏകമനുഷ്യനായ ആദാമിൻ്റെ അനുസരണക്കേടിനാൽ ലോകത്തിൽ കടന്ന പാപത്തെ (റോമ, 5:12,14,19), ഏകമനുഷ്യനായ യേശുവിൻ്റെ അനുസരണത്താലും മരണത്താലുമാണ് നീക്കിക്കളഞ്ഞതെന്ന് കൃത്യമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). എന്നിട്ടും, ദൈവമാണ് മരിച്ചതെന്നും, ദൈവവും മനുഷ്യനും ചേർന്ന ഇരുപ്രകൃതിയുള്ളവനാണ് മരിച്ചതെന്നുമുള്ള ബൈബിൾവിരുദ്ധ ഉപദേശമാണ് പലരും വിശ്വസിക്കുന്നത്.

42. പ്രഥമസുവിശേഷം: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). പ്രഥമസുവിശേഷം (protevangelium), പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നൊക്കെ അറിയപ്പെടുന്ന വാക്യമാണിത്. ബൈബിളിൻ്റെ ആകത്തുക അഥവാ സത്ത്/സാരാശം എന്താണെന്നു ചോദിച്ചാൽ; അത് സുവിശേഷമാണ്. ദൈവം മാനവരക്ഷയ്ക്കായി തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കാനിരുന്ന സുവിശേഷം എപ്രകാരമാണെന്ന് ലോകസ്ഥാപനത്തിൽത്തന്നെ വെളിപ്പെടുത്തിയിരുന്നു. കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായി ക്രിസ്തു വെളിപ്പെടുകയും പിശാചും സാത്താനുമായ പാമ്പിൻ്റെ തല തൻ്റെ മരണത്താൽ തകർത്തുകൊണ്ട് അവൻ സുവിശേഷം സ്ഥാപിച്ചു: (എബ്രാ, 2:14,15. ഒ.നോ: വെളി, 20:2). പ്രഥമസുവിശേഷത്തിലെ സന്തതി ദൈവത്തിൻ്റെ സന്തതിയല്ല; സ്ത്രീയുടെ സന്തതിയാണ്; ആ സ്ത്രീ യഥാർത്ഥത്തിൽ മറിയയല്ല; യിസ്രായേലാണ്: (മീഖാ, 5:2,3; ലൂക്കൊ, 7:28; റോമ, 9:5; ഗലാ, 4:4). യിസ്രായേലെന്ന സ്ത്രീയുടെ സന്തതിയായി ജനിച്ച മനുഷ്യനാണ് തൻ്റെ മരണത്താൽ സർപ്പത്തിൻ്റെ തല തകർത്തത്.

43. സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമോ, 2:8.. ഒ.നോ: മത്താ, 1:1; ലൂക്കൊ, 1:32; 1കൊരി, 15:3,4). ദൈവത്തിൻ്റെ സന്തതിയായ യേശുക്രിസ്തുവല്ല സുവിശേഷം; ദാവീദിൻ്റെ സന്തതിയായ യേശുക്രിസ്തുവാണ്. ക്രിസ്തുവിനെ ദാവീദിൻ്റെ സന്തതിയെന്ന് പതിനെട്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവൻ ജനിച്ചതും മരിച്ചതും ഉയിർത്തതും ദാവീദിൻ്റെ സന്തതിയായിട്ടാണ്. ദാവീദ് മനുഷ്യനും അവൻ്റെ സന്തതി ദൈവവും ആകുന്നത് എങ്ങനെയാണ്. അതായത്, പ്രഥമസുവിശേഷത്തിലെയും സുവിശേഷത്തിലെയും സന്തതിയെ ദൈവപുത്രനെന്നുപോലും പറഞ്ഞിട്ടില്ല. (ഉല്പ, 3:15; 2തിമൊ, 2:8). മനുഷ്യരെ വിലയ്ക്കുവാങ്ങിയത് രക്തമില്ലാത്ത ദൈവത്തിൻ്റെ രക്തംകൊണ്ടല്ല; ക്രിസ്തുയേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ നിർമ്മലരക്തംകൊണ്ടാണ്: (1പത്രൊ, 1:18,19).

44. പിതാവിൻ്റെയും പുത്രൻ്റെയും ഐഡൻ്റിറ്റി: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ, 5:16). സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11:13-വരെ 25 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പുത്രൻ എന്ന് ഒരിക്കലും കാണാൻ കഴിയില്ല. യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.” (മത്താ, 26:69). ദൈവപുത്രനെ, ഗലീലക്കാരൻ, നസറായൻ, നസറെത്തുകാരൻ എന്നൊക്കയാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 26:69,71; മർക്കൊ, 1:24; 10:47; 14:67; 16:6; ലൂക്കോ, 4:34; 18:37; 23:6; 24:19; യോഹ, 1:45; 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 10:38; 22:8; 26:9). അതായത്, യിസ്രായേൽ രാജ്യത്തെ ഗലീലാ ജില്ലയിലെ നസറെത്ത് എന്ന പട്ടണത്തിൽ പാർത്തിരുന്ന മനുഷ്യൻ എന്നാണ് അതിൻ്റെ അർത്ഥം. അല്ലാതെ, നസറെത്ത് പട്ടണത്തിൽ പാർത്തിരുന്ന ദൈവമെന്നല്ല അർത്ഥം. ദൈവം സ്വർഗ്ഗത്തിൽ എന്നേക്കും വസിക്കുന്നവനാണ്. (സങ്കീ, 2:4; 123:1) മനുഷ്യനായ യേശു ഭൂമിയിലാണ് വസിച്ചിരുന്നത്.

45. ക്രിസ്തുനിഷേധികൾ: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.” (യോഹ, 2:22,23). ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും മശീഹ എന്ന എബ്രായപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. ദൈവം മനുഷ്യരെ തൻ്റെ ശുശ്രൂഷകൾക്കായി പരിശുദ്ധാത്മാവിനാലും ശക്തിയാലും ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ; ദൈവം തൻ്റെ ശുശ്രൂഷകൾക്കായി നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. ദൈവം ദൈവത്തെയല്ല അഭിഷേകം ചെയ്യുന്നത്; മനുഷ്യനെയാണ്. അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. പേർപറയപ്പെട്ട ഇരുപതോളം അഭിഷിക്തന്മാർ ബൈബിളിലുണ്ട്; അതിനകത്ത് ഒരു ദൂതൻപോലുമില്ല. അതായത്, ദൈവത്തിൻ്റെ ദൂതനുപോലും അഭിഷേകം ആവശ്യമില്ല. ദൂതന്മാർ ദൈവത്തിൻ്റെ ആജ്ഞാനുവർത്തികൾ ആയതുകൊണ്ട് അവരെ സൃഷ്ടിച്ചിരിക്കുന്നതുതന്ന ശക്തന്മാരായിട്ടാണ്. ഉദാ: യഹോവയുടെ ഒരു ദൂതൻ ഒരുരാത്രി അശ്ശൂർ പാളയത്തിലിറിങ്ങി 185,000 പേരെ കൊന്നതായി കാണാൽ: (2രാജാ, 19:35). എന്നാൽ, പാപരഹിതമായ ബലഹീനതകൾ യേശുവിനു ഉണ്ടായിരുന്നു.: (മർക്കൊ, 14:34,35; ലൂക്കൊ, 22:42,43; എബ്രാ, 5:7-9). ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ, അഭിഷിക്തനായതും ദൈവത്തിൻ്റെ ശുശ്രൂഷകൾ ചെയ്യാൻ പ്രാപ്തനായതും. (പ്രവൃ, 10:38; ലൂക്കൊ, 3:22; 4:18,19). പിന്നെ വായിക്കുന്നത്; “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു എന്നാണ്” (ലൂക്കോ, 4:14). യോർദ്ദാനിൽ വെച്ചാണ് താൻ ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). ദൈവപുത്രൻ ദൈവമാണെന്നു കരുതുന്നവർ, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം ദൈവപുത്രന് എന്തുകൊണ്ടാണ് ആവശ്യമായി വന്നതെന്ന് വല്ലപ്പോഴും ചിന്തിക്കുന്നത് നന്നായിരിക്കും? ക്രിസ്തു എന്നാൽ, അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനെന്നാണ് മനസ്സിലാക്കേണ്ടത്.. “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു?” എന്നാൽ; അവൻ, അഭിഷിക്തനായ മനുഷ്യനാണെന്ന് നിഷേധിക്കുന്നവരാണ് ആ കള്ളന്മാർ. അതായത്, ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന മനുഷ്യനെ ദൈവം ആക്കുന്നവരാണ്, അവനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്ന കള്ളനും എതിർ ക്രിസ്തുവും.

46. ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി: യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു എന്ന് കരുതുന്നവരുണ്ട്. പാപമറിയാത്ത പൂർണ്ണമനുഷ്യനായി വെളിപ്പെട്ട യേശുവിനു, ‘ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു’ എന്നു പഠിപ്പിച്ചത് ബൈബിളല്ല; കത്തോലിക്കാ സഭയാണ്. അമ്മ മറിയയെ ദൈവമാതാവാക്കുക എന്നൊരു വ്യക്തമായ അജണ്ട അവർക്കുണ്ടായിരുന്നു. “എ.ഡി. 431-ൽ എഫെസൊസിൽ നടന്ന സൂന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തുചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം ‘ദൈവജനനി’ അഥവാ, ‘ദൈവസംവാഹക’ (Theotokos) ആണെന്നു തീർപ്പുകല്പിച്ചത്. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്റ്റോറിയസ് അവതരിപ്പിച്ച ക്രിസ്തുശാസ്ത്ര നിലപാടായ നെസ്തോറിയൻ സിദ്ധാന്തപ്രകാരം, മറിയം ക്രിസ്തുമാതാവ് (Christotokos) മാത്രമായിരുന്നു. അലക്സാണ്ഡ്രിയയിലെ മെത്രാനായ സിറിളും മറ്റു സഭാനേതാക്കളും ഇതിനെ നിശിതമായി എതിർക്കുകയും പാഷാണ്ഡതയായി മുദ്രകുത്തുകയും ചെയ്തുകൊണ്ടാണ്, മറിയത്തെ ദൈവമാതാവ് എന്ന പദവിലേക്ക് ഉയർത്തിയത്.” യഥാർത്ഥത്തിൽ ക്രിസ്തുമാതാവ് (Christotokos) എന്നോ, യേശുമാതാവ് (Iesoutokos) എന്നോ വിളിക്കാമെന്നല്ലാതെ, ദൈവമാതാവെന്ന് വിളിക്കാൻ ദൈവപുത്രനായ യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവനോ ആയിരുന്നില്ല. അവൻ പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. ത്രിത്വം, ത്രിയേകൻ, ത്രിത്വത്തിൽ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ, അവതാരം, നിത്യപുത്രൻ, ഇരുപ്രകൃതി, സാരാംശത്തലൊന്നു തുടങ്ങി ട്രിനിറ്റി പഠിപ്പിക്കുന്ന യതൊന്നുംബൈബിളിൽ ഉള്ളതല്ല. കത്തോലിക്കാസഭയും ദൈവശാസ്ത്രവുമാണ് അതെക്കെ പഠിപ്പിച്ചത്. പ്രൊട്ടസ്റ്റന്റ് നവീകരണമുണ്ടായപ്പോൾ എല്ലാക്കാര്യങ്ങളിലും നവീകരണം ഉണ്ടായില്ല. വിശ്വാസത്താൽ നീതീകരണമെന്ന ഒരു വിഷയത്തിൽ മാത്രമാണ് നവീകരണം ഉണ്ടായത്. അതിനാൽ, ദൈവപുത്രനായ ക്രിസ്തുവിനെയോ, ഏകദൈവത്തെയോ ഇന്നും അനേകരും അറിയേണ്ടതുപോലെ അറിയുന്നില്ല.(യോഹ, 8:19). ഏകസത്യദൈവമായ പിതാവിനെയും പിതാവിനാൽ അയക്കപ്പെട്ട ക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3)

47. യേശുവെന്ന ചരിത്രപുരുഷൻ: യേശുവെന്ന അഭിഷിക്തമനുഷ്യൻ അഥവാ ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ചരിത്രത്തെക്കുറിച്ച് അല്പമെങ്കിലും അവബോധമുള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്താണ് ചരിത്രം (history) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? മനുഷ്യൻ, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പത്തി, വികാസം എന്നിവയുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം ഉൾക്കൊള്ളുന്നതാണ് ചരിത്രം. അത്തരം കാര്യങ്ങള്‍ പ്രദിപാദിക്കുന്ന ഗ്രന്ഥത്തെ ചരിത്രഗ്രന്ഥമെന്ന് പറയുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യൻ്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം. ചരിത്രത്തിൻ്റെ പരിധിയിൽ ദൈവം ഉൾപ്പെടുമോ? ഒരിക്കലുമില്ല. ദൈവം ചരിത്രത്തിനതീതനാണ്. ബൈബിളിൽ തെളിവുണ്ടോ? ഉണ്ട്. ‘പണ്ടുപണ്ട് ഒരു ദൈവമുണ്ടായിരുന്നു’ എന്നു പറഞ്ഞുകൊണ്ടല്ല; ചരിത്രത്തിനും കാരണഭൂതനായി എന്നേക്കും ജീവിക്കുന്ന ഒരു ദൈവമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബൈബിൾ ആരംഭിക്കുന്നത്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2). എന്നാൽ, ആരാണ് ചരിത്രപുരുഷന്മാർ: ലോകത്തിൽ ജനിച്ച് ജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അഥവാ, ചരിത്രനായകന്മാർ എന്ന് പറയുന്നത്. അങ്ങനെയാണെങ്കിൽ, ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എത്രയധികമായി ചരിത്രപുരുഷനാണ്. ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ദൈവമക്കൾ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? ഉണ്ട്: “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.” (1യോഹ, 4:2,3). അപ്പോൾ, ദൈവപുത്രനായ യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്നും, അവൻ എൻ്റെ പാപങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ദൈവാത്മാവുള്ളവർ അഥവാ, വീണ്ടുംജനിച്ചവർ. ദൈവപുത്രനും ദൈവമാണെന്നു വിശ്വസിക്കുന്നൊരാൾ, ദൈവപുത്രൻ്റെ ക്രിസ്തുത്വം അഥവാ, മനുഷ്യത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്ന കള്ളനും എതിർക്രിസ്തുവും ആണെന്ന് യോഹന്നാൻ പറയുന്നു. (1യോഹ, 2:22; 4:2; 5:1). ട്രിനിറ്റി വിശ്വസിക്കുന്നപോലെ, ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ; യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ, ആദ്യസൃഷ്ടിയ ദൂതൻ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ പറഞ്ഞാൽ, അതൊരു അന്ധവിശ്വാസമോ, കടങ്കഥയോ മാത്രമാണ്. അല്ലാതെ, ചരിത്രമാകില്ല; ക്രിസ്തു ചരിത്രപുരുഷനും ആകില്ല. ദൈവാത്മാവുള്ളവർക്ക് മാത്രമേ ദൈവികസത്യങ്ങൾ യഥാർത്ഥമായി അംഗീകരിക്കാൻ കഴിയുകയുള്ളു.

48. ഏകമനുഷ്യൻ: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ക്രിസ്തു മനുഷ്യനാണെന്ന് പറഞ്ഞാൽ അതിൻ്റെ അർത്ഥം, എല്ലാ മനുഷ്യരെപ്പോലെയും അവൻ കേവലം മനുഷ്യനാണെന്നല്ല; അവൻ ഏകമനുഷ്യനാണ്. ദൈവം തൻ്റെ ആദ്യസൃഷ്ടിയായ ആദാമിനെ നിലത്തെ പൊടികൊണ്ട് സൃഷ്ടിച്ചിട്ട് മൂക്കിൽ ജീവശ്വാസമൂതി ജീവനുള്ള മനുഷ്യനാക്കുകയായിരുന്നു: (ഉല്പ, 2:7). ആദാമിനു ശേഷം, ഏതൊരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നതും മാതാപിതാക്കളാലാണ്; അപ്പൻ്റെ ബീജവും അമ്മയുടെ അണ്ഡവും വളർച്ചയ്ക്കാവശ്യമായ മറ്റു പോഷകങ്ങളും ആദേയം ചെയ്തുകൊണ്ടാണ്. എന്നാൽ, ക്രിസ്തു ഭൂമിയിൽനിന്നും ഒന്നും ആദേയം ചെയ്യാതെ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയായിരുന്നു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” എന്ന പ്രവചനം പോലെ (യെശ, 7:14; മത്താ, 1:22) കന്യകയായ മറിയയിലൂടെയാണ് യേശു ജനിച്ചത്: (മത്താ, 1:25). ‘കന്യക ഗർഭിണിയായി‘ എന്ന പ്രയോഗത്തിൽ, ആ സന്തതിയുടെ ജനനത്തിൽ പുരുഷന് യാതൊരു ബന്ധവുമില്ല എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീയുടെ അണ്ഡവും പുരുഷൻ്റെ ബീജവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞിൻ്റെ ഭ്രൂണം രൂപപ്പെടുന്നത്. പുരുഷസംസർഗ്ഗം കൂടാതെയാണ് ഒരു സ്ത്രീ പ്രസവിക്കുന്നതെങ്കിൽ, ആ സ്ത്രീയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കും. പഴയനിയമത്തിൽ ഇങ്ങനെ കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14; 25:4). സകല മനുഷ്യരും പാപികളായിരിക്കെ (റോമ, 3:23; 5:12), മറിയയിൽനിന്ന് ക്രിസ്തു എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവനും പാപിയാണെന്നേ വരൂ. എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്; “പാപമറിയാത്തവൻ (2കൊരി, 5:21), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), അവനിൽ പാപമില്ല (1യോഹ, 3:5) പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26) എന്നെക്കെയാണ്.”സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ക്രിസ്തു പറയുകയുണ്ടായി.” (ലൂക്കോ, 7:28). ക്രിസ്തു യഥാർത്ഥത്തിൽ മറിയയുടെ സന്തതിയാണെങ്കിൽ അവൻ്റെ സ്ഥാനം യോഹന്നാൻ സ്നാപകനെക്കാൾ താഴെയാണെന്ന് വരും. എന്നാൽ യോഹന്നാൻ പറയുന്നു; അവൻ്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല: (മത്താ, 3:11). പൗലൊസ് സാമാന്യ മനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും” (ഗലാ, 1:1). ആദ്യമനുഷ്യനെ ദൈവം പാപമില്ലാത്തവനായി സൃഷ്ടിച്ചുവെങ്കിലും അവൻ പാപിയായിട്ടാണ് മരിച്ചത്. ലോകത്തിൽ, പാപമറിയാത്തവനായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ നമ്മുടെ കർത്താവായ ക്രിസ്തു മാത്രമാണ്. അതിനാൽ അവനെ, മനുഷ്യരുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഏകമനുഷ്യനെന്ന് അതിധൈര്യത്തോടെ പറയാം.

49. ദൈവസമ്പൂർണ്ണത ദേഹരൂപമായി വസിച്ച മനുഷ്യൻ: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ക്രിസ്തു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച മനുഷ്യനാണ്. യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അനന്തരമാണ് അവൻ പ്രവചനംപോലെ ദൈവപുത്രനെന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32,35). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്. (പ്രവൃ, 10:38; ലൂക്കൊ, 3:22 4:18,19). അതായത്, പഴയപുതിയ നിയമകാലത്ത് പരിശുദ്ധാത്മാവ് അനേകുരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ, ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് ശരീരരൂപത്തിൽ വന്ന് വാസം ചെയ്ട്ടില്ല. അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്.

50. മനുഷ്യനായ ക്രിസ്തുയേശു: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ദൈവപുത്രൻ മനുഷ്യനാണെന്നു മുപ്പത്താറു വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: (മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 2:6; 3:16). മനുഷ്യനെന്നു പറഞ്ഞിരിക്കുന്ന പ്രധാനവാക്യങ്ങൾ താഴെച്ചേർക്കുന്നു:

I. യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. (യോഹ, 1:14)

II. സ്നാപകൻ്റെ സാക്ഷ്യം: ” എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30)

III. പുരുഷാരത്തിൻ്റെ സാക്ഷ്യം: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8).

IV. ശമര്യസ്ത്രിയുടെ സാക്ഷ്യം: “ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.” (യോഹ, 4:29)

V. ദൈവപുത്രൻ്റെ സാക്ഷ്യം: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40).

VI. പിറവിക്കുരുടൻ്റെ സാക്ഷ്യം: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:11)

VII. പരീശന്മാരുടെ സാക്ഷ്യം: “പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‍വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.” (യോഹ, 9:16)

VIII. യെഹൂദന്മാരുടെ സാക്ഷ്യം: “യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 10:33)

IX. മഹാപുരോഹിതന്മാരുടെ സാക്ഷ്യം: “മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.” (യോഹ, 11:47)

X. കയ്യഫാവിൻ്റെ പ്രവചനം: “ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.” (യോഹ, 11:50,51).

XI. പത്രൊസിൻ്റെ സാക്ഷ്യം; “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ  രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.” (മത്താ, 26:72)

XII. പീലാത്തൊസിൻ്റെ സാക്ഷ്യം: “പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.” (ലൂക്കോ, 23:4)

XIII. ശതാധിപൻ്റെ സാക്ഷ്യം: “അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39)

XIV. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായ മനുഷ്യൻ “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6)

XV. ദൈവം ഉയിർപ്പിച്ച മനുഷ്യൻ: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു അസാദ്ധ്യമായിരുന്നു. (പ്രവൃ, 2:23-24)

XVI. മനുഷ്യർക്ക് പുനരുത്ഥാനജീവൻ നല്കിയ മനുഷ്യൻ: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21)

XVII. ന്യായാധിപസംഘത്തിൻ്റെ സാക്ഷ്യം: “ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.” (പ്രവൃ, 5:28)

XVIII. പൗലൊസിൻ്റെ സാക്ഷ്യം: “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31)

XIX. ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനം: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15)

XX. സ്വർഗ്ഗീയ മനുഷ്യൻ: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47)

51. പിതാവായ ഏകദൈവവും യേശുക്രിസ്തുവെന്ന ഏകകർത്താവും: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44;:17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; റോമ, 16:26; യോഹ, 8;41; 1കൊരി, 8:6; എഫെ, 4:6). പിതാവ് മാത്രമാണ് ദൈവമെങ്കിൽ, ഏകകർത്താവായ ദൈവപുത്രൻ ആരാണ്? അവൻ ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായ പാപമറിയാത്ത മനുഷ്യനാണ്: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). യെശയ്യാവിൻ്റെ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് ദൈവം അവനെ അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 4:18-21; പ്രവൃ, 10:38). എന്നാൽ, ദൂതൻ്റെ പ്രവചനംപോലെ, ദൈവം അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത് മരണത്തിൽനിന്ന് ഉയിർപ്പിച്ച ശേഷമാണ്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: ലൂകൊ, 2:11). അതായത്, പിതാവായ ഏകദൈവം, മനുഷ്യരുടെ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശുവിനെ, മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവ് ആക്കിയതാണ്. അല്ലാതെ, അവൻ തന്നെത്താൻ കർത്താവ് ആയതല്ല. ക്രിസ്തുവിനെ കർത്താവ് എന്ന് പറഞ്ഞിരിക്കുന്നത്, ദൈവം എന്ന അർത്ഥത്തിലാണ് അനേകരും മനസ്സിലാക്കുന്നത്. അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും എന്ന വാക്യത്തിലെ, പിതാവും പുത്രനും ദൈവമാണെന്ന് വിചാരിക്കുന്നത്. എന്നാൽ, ക്രിസ്തുവിനെ കർത്താവ് എന്ന് പറയുന്നത്; രക്ഷകൻ, രക്ഷിതാവ് എന്ന അർത്ഥത്തിലാണ്. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). അല്ലാതെ, ദൈവമെന്ന അർത്ഥമല്ല ഉള്ളത്. ദൈവത്തിനെ, ആരും ദൈവം ആക്കേണ്ടതില്ലല്ലോ? എന്നാൽ, ക്രിസ്തുവിനെ ദൈവം കർത്താവ് ആക്കിയതാണ്. (പ്രവൃ, 2:36). പൗലൊസ് പറയുന്നത് നോക്കുക: “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). അല്ലാതെ, ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ രക്ഷിക്കപ്പെടുമെന്നല്ല. അതായത്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച മനുഷ്യനാണ് നമ്മുടെ കർത്താവ്. അടുത്തവാക്യം നോക്കുക: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ് തൻ്റെ മരണത്താൽ നമുക്ക് രക്ഷ ഒരുക്കിയത്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). വീണ്ടും, പത്രൊസ് പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11). യേശു മനുഷ്യനാണെന്ന് പത്രൊസ് ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്. (മത്താ, 26:72; 26:74; പ്രവൃ, 2:23). തന്മൂലം, നമ്മുടെ കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? അതായത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ പുത്രൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ഈ ആത്മിക ചരിത്രവസ്തുതകൾ പലർക്കും ഇന്നയോളം വെളിപ്പെട്ടിട്ടില്ല. അതുകൊണ്ടാണ്, അവൻ ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്നും ദൂതനാണെന്നുമൊക്കെ പലരും വിശ്വസിക്കുന്നത്.

52. ജനിച്ച ശിശുവും വീരനാം ദൈവവും: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). ഈ പ്രവചനം പൂർണ്ണമായി ക്രിസ്തുവിൽ നിറവേറുന്നതായായി പലരും മനസ്സിലാക്കുന്നു. എന്നാൽ, ഈ പ്രവചനം രണ്ടു ഭാഗങ്ങളായി നിറവേറുന്നതാണ്, ആദ്യഭാഗം, ദൈവപുത്രനിലൂടെ നിറവേറി. അടുത്തഭാഗം, പിതാവായ ഏകദൈവത്തിലൂടെ നിറവേറേണ്ടത്. തെളിവുകൾ ആ വാക്യത്തിൽത്തന്നെ ഉണ്ട്: 1. രണ്ട് ഭാഗങ്ങളായി നിറവേറുന്ന അനേകം പ്രവചനങ്ങളുണ്ട്. (യെശ, 61:2; ലൂക്കൊ, 3:16; 1കൊരി, 15:23). അതുപോലെ, രണ്ടു ഭാഗങ്ങളായാണ് ആ പ്രവചനം നിറവേറേണ്ടതെന്ന് ആ വാക്യത്തിൽത്തന്നെ മനസ്സിലാക്കാം. രണ്ട് ഭാഗങ്ങളും പ്രവചനങ്ങളാണെങ്കിലും, ആദ്യഭാഗം ഭൂതകാലത്തിലും അടുത്തഭാഗം ഭാവികാലത്തിലും പറഞ്ഞുകൊണ്ട്, അതിനെ രണ്ടായി തിരിച്ചിട്ടുണ്ട്. 2. ആ പ്രവചനത്തിൻ്റെ ആദ്യഭാഗത് പറഞ്ഞിരിക്കുന്നത്, ജനിച്ച അഥവാ, ജനിക്കാനുള്ള ഒരു ശിശുവിനെക്കുറിച്ചാണ്. ദൈവത്തിന് ജനനവും ശൈശവും ഒന്നുമില്ലാതിരിക്കെ, കന്യകയിൽ ഉല്പാദിതമായ ഒരു ശിശുവിനെ എങ്ങനെ വീരനാം ദൈവമെന്ന് വിളിക്കും? 3. ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44) പിതാവ് മാത്രമാണ് സത്യദൈവമെന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 17:3). പിന്നെ, ദൈവപുത്രൻ ഏത് വകയിലാണ് വീരനാം ദൈവം ആകുന്നത്? 4. വീരനാം ദൈവം യഹോവയാണെന്ന് പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്, (യെശ, 10:21; യിരെ, 32:18). വചനത്തെ വചനംകൊണ്ടല്ലേ വ്യാഖ്യാനിക്കേണ്ടത്? 5. ദൈവപുത്രനെ നിത്യപിതാവെന്ന് എങ്ങനെ വിളിക്കും? ചിലർ അതിനെ വചവിരുദ്ധമായി, പുത്രൻ നിത്യതയിലെ പിതാവാണെന്ന് വ്യാഖ്യാനിച്ചു കേൾക്കാറുണ്ട്. പാപമറിയാത്ത മനുഷ്യൻ നിത്യതയിൽ പിതാവാകുമെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ഇനി, പുത്രൻ നിത്യതയിൽ ആണെങ്കിലും പിതാവായാൽ, അന്ന് സാക്ഷാൽ ദൈവപിതാവ് എന്തുചെയ്യും? നിത്യതയിൽ ദൈവമക്കൾക്ക് രണ്ട് പിതാവുണ്ടാകുമോ?  കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ രൂപപ്പെട്ട മനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 2:21). അവൻ വളർന്ന് വലുതായിട്ട്, വീരനാം ദൈവവും നിത്യപിതാവുമൊക്കെ ആകുമെന്ന് പറഞ്ഞാൽ, വചനത്തെളിവ് പോട്ടെ, പറയുന്ന കാര്യങ്ങൾ യുക്തിക്കും ബുദ്ധിക്കും നിരക്കണ്ടേ? തന്മൂലം, യെശയ്യാവ് പ്രവചിച്ച വീരനാം ദൈവവും നിത്യപിതാവും ദൈവപുത്രനല്ല; ദൈവപിതാവാണെന്ന് മനസ്സിലാക്കാം.

53. അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). മുന്നറിയപ്പെടുക എന്നാൽ; മുമ്പേകൂട്ടി അറിയുക അഥവാ, നേരത്തെ അറിയുക എന്നാണ്. ക്രിസ്തു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; അവൻ മുമ്പുകൂട്ടി അറിയപ്പെട്ടവനാണ്. അതായത്, പഴയനിയമത്തിൽ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; യെശ, 7:14; 9:6). അഥവാ, അവൻ പ്രവചനങ്ങളിലൂടെ മുന്നറിയപ്പെട്ടവനാണ്. ദൈവപുത്രനായ ക്രിസ്തു വെളിപ്പെട്ടതും (1പത്രൊ, 1:20) പുത്രൻ മുഖാന്തരം ദൈവം സംസാരിച്ചതും അന്ത്യകാലത്താണ്: (എബ്രാ, 1:2). അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, അവരുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന ക്രിസ്തു വരുമുമ്പെ ഒരു ന്യായപ്രമാണം ഇടയിൽ കടന്നുകൂടി. വാഗ്ദത്തങ്ങൾനല്കി നാന്നൂറ്റിമുപ്പത് വർഷങ്ങൾക്കു ശേഷമാണ് ന്യായപ്രമാണം നല്കിയത്; ന്യായപ്രമാണകാലം ആയിരത്തി അഞ്ചൂറ് വർഷമാണ്. അതായത്, വാഗ്ദത്തങ്ങൾ ലഭിച്ചശേഷം ഏകദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ് അവരുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശു ജനിക്കുന്നത്: (ഗലാ, 3:16-19; മത്താ, 1:21). എന്തെന്നാൽ, ന്യായപ്രമാണത്തിൻ്റെ അവസാനമാണ് ക്രിസ്തു: (മത്താ, 1:21; റോമ, 10:4). അതായത്, കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്ന് പേരുള്ള പാപമറിയാത്ത ഒരു മനുഷ്യനില്ല: (മത്താ, 1:20; ലൂക്കൊ, 2:21; 2കൊരി, 5:21). യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ക്രിസ്തു ദൈവത്തിനില്ല: (മത്താ, 3:16; പ്രവൃ, 10:38). സ്നാനാന്തരം “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനുമില്ല: (മത്താ, 3:17). എന്തെന്നാൽ, ദൂതന്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽ നിന്നുകേട്ട പിതാവിൻ്റെ ശബ്ദം: (ലൂക്കൊ, 1:32,35; 3:22). കന്യകയായ മറിയയിലൂടെ അന്ത്യകാലത്ത് മാത്രം ലോകത്തിൽ വെളിപ്പെട്ടവനും, ജനിച്ച് ഏകദേശം മുപ്പത് വർഷമായപ്പോൾ ക്രിസ്തുവും ദൈവപുത്രനും ആയവൻ, എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആകുന്നത്? അവൻ മനുഷ്യരുടെ രക്ഷയ്ക്കായി അന്ത്യകാലത്തുമാത്രം manifest ചെയ്തവനാണ്.

54. ക്രിസ്തുവും ദൈവവും താരതമ്യം:

I. ക്രിസ്തുവിന് ഉത്ഭവമുണ്ട് (മത്താ, 1:20; ലൂക്കൊ, 1:35), ദൈവം എന്നേക്കുമുള്ളവൻ അഥവാ, ശാശ്വതവാസിയാണ്: (സങ്കീ, 102:12–യെശ, 57:15)

II. ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനായിരുന്നു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46–യോഹ, 8:40); ദൈവം മനുഷ്യനല്ല (1ശമൂ, 15:29), ആത്മാവാകുന്നു: (യോഹ, 4:24)

III. ക്രിസ്തുവിന് ക്ഷീണം അനുഭവപ്പെട്ടു (യോഹ, 4:5); ദൈവം ക്ഷീണിക്കുന്നില്ല: (യെശ, 40:28)

IV. ക്രിസ്തു ഉറങ്ങി (മത്താ, 8:24); ദൈവം ഉറങ്ങുന്നുമില്ല മയങ്ങുന്നുമില്ല: (സങ്കീ, 121:4)

V. ക്രിസ്തുവിന് വിശപ്പും ദാഹവുമുണ്ടായി (മർക്കൊ, 11:12; യോഹ, 19:28); ദൈവത്തിന് വിശപ്പും ദാഹവുമില്ല: (സങ്കീ, 50:12,13)

VI. ക്രിസ്തു പരീക്ഷിക്കപ്പെട്ടു (മർക്കൊ, 1:13); ദൈവം പരീക്ഷിക്കപ്പെടാത്തവനാണ്. (യാക്കോ, 1:13)

VII. ക്രിസ്തുയേശു മരിച്ചു ഉയിർത്തു: (2തിമൊ, 2:8); സ്രഷ്ടാവായ ദൈവത്തിന് മരണമില്ല; തന്മൂലം, ഉയിർക്കേണ്ട ആവശ്യമില്ല. (1തിമൊ, 6:16)

പിതാവ് മാത്രമാണ് സത്യദൈവമെന്ന് ക്രിസ്തുവും (യോഹ, 17:3) പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും സ്ഫടികസ്ഫുടമായാണ് വ്യക്തമാക്കിയിരിക്കുന്നത്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). കന്യകയിൽ ഉല്പാദിതമായതും (മത്താ, 1:20) ജനിച്ചതും (മത്താ, 1:16) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നതും (ലൂക്കൊ, 2:52) ശുശ്രൂഷിച്ചതും (യോഹ, 8:40) ദൈവാത്മാവിനാൽ മരണം വരിച്ചതും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെട്ടതും (1പത്രൊ, 3:18) അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറി അപ്രത്യക്ഷമായതും (യോഹ, 20:17) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) യേശുവെന്ന (മതാ, 1:21) പാപമറിയാത്ത മനുഷ്യനാണ്. (2കൊരി, 5:21). തന്നെയുമല്ല, താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട, അവനുമായി ഇടപഴകിയ എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും, രണ്ടായിരം വർഷങ്ങൾക്ക് ഇപ്പുറം ഇരുന്നുകൊണ്ട്, ദൈവപത്രൻ ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവൻ ആണെന്നും ദൂതനാണെന്നുമൊക്കെ സ്ഥാപിക്കാൻ ശ്രമിക്കുന്നവരിൽ വ്യാപരിക്കുന്നത് ഏതത്മാവാണെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ ക്രിസ്തുയേശുവിൻ്റെമേൽ, ഇല്ലാത്ത കെട്ടുമാറാപ്പൊക്കെ ചാർത്തിക്കൊടുത്ത് അവനെ ദൈവമാക്കിയാൽ, അവൻ സത്യദൈവം ആകില്ല; വ്യാജദൈവമേ ആകുകയുള്ളു. അതവന് അഭിമാനമല്ല; അപമാനമാണെന്ന് ദൈവവചനപ്രകാരം ദയവായി വിശ്വസിക്കുക. മേല്പറഞ്ഞതെല്ലാം, ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ആത്മികചരിത്ര വസ്തുതകളാണ്. പുതിയനിയമം നിക്ഷ്പക്ഷ ബുദ്ധിയോടെ വായിക്കുന്ന ആർക്കും മനസ്സിലാകുന്ന സത്യങ്ങൾ. എന്നാൽ, ഇനിയും വെളിപ്പെടുത്തുന്ന കാര്യങ്ങൾ, ഇതുവരെയും അനേകർക്കും ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ദൈവിക മർമ്മങ്ങളാണ്. ദയവായി വളരെ ശ്രദ്ധയോടെ വായിക്കുക.

55. ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വം: സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ടതോ, അവതാരമെടുത്തതോ അല്ല. അവളിൽ പരിശുദ്ധാത്മാവിനാൽ രൂപപ്പെട്ടവനാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ. തുടക്കം മുതൽ നാമത് കണ്ടതാണ്. എന്നാൽ, യേശുവെന്ന മനുഷ്യനു ഒരു പൂർവ്വാസ്തിത്വം ഉണ്ടെന്ന് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. സ്നാപകൻ്റെ സാക്ഷ്യം: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. എന്നാൽ, ഒരു മനുഷ്യൻ സ്വർഗ്ഗത്തിലോ, മറ്റെവിടെയോ തൻ്റെ ജനനത്തിനു മുമ്പെ ഉണ്ടാകുക സാദ്ധ്യമല്ലെന്ന് നമുക്കറിയാം. അതായത്, യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് സ്നാപകൻ്റെ സാക്ഷ്യം. (യോഹ, 1:15,31). യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹ, 4:2). യേശുക്രിസ്തു ജഡത്തിൽ അഥവാ, മനുഷ്യനായി വന്നു (Christ is come in the flesh) എന്നാണ് യോഹന്നാൻ പറയുന്നത്. അവൻ ജഡത്തിൽ വന്നു എന്ന് പറയണമെങ്കിൽ, അവൻ മറ്റൊരു അസ്തിത്വത്തിൽ മുമ്പേ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. ക്രിസ്തു മേലിൽ നിന്നു വന്നവൻ, എല്ലാവർക്കും മീതെയുള്ളവൻ, സ്വർഗ്ഗത്തിൽനിന്നു വന്നവൻ എന്നെക്കെയും അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 3:31). അതായത്, മനുഷ്യനായി ലോകത്തിൽ വെളിപ്പെടും മുമ്പെ അവൻ ഉണ്ടായിരുന്നു അഥവാ, അവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ് പ്രിയശിഷ്യൻ സാക്ഷ്യപ്പെടുത്തുന്നത്. ദൈവപുത്രൻ്റെ സാക്ഷ്യം: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.” (യോഹ, 8:23). അതായത്, മനുഷ്യനായി ഈ ലോകത്തിൽ വെളിപ്പെട്ടിരിക്കുന്ന താൻ മേലിൽ നിന്നുള്ളവൻ അഥാവാ, സ്വർഗ്ഗത്തിൽ നിന്നുള്ളവനാണെന്നു ക്രിസ്തുതന്നെ സാക്ഷ്യം പറയുന്നു. പൗലൊസിൻ്റെ സാക്ഷ്യം: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). അതായത്, ‘രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ’ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്കു വന്നുവെന്നല്ല. എന്തെന്നാൽ, ഒരു മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടാകുക സാദ്ധ്യമല്ല. മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ് പൗലൊസ് പറയുന്നത്. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). ഇവിടെയിതാ, നാലു മനുഷ്യരുടെ സാക്ഷ്യത്താൽ ക്രിസ്തു പൂർവ്വാസ്തിത്വമുള്ളവനാണെന്ന് തെളിയുന്നു. വേറെയും പല വാക്യങ്ങളുണ്ട്. എന്നാൽ, വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട്: കന്യകയായ മറിയയിൽ ഉല്പാദിതനായ യേശുവെന്ന മനുഷ്യന് എങ്ങനെ ഒരു പൂർവ്വാസ്തിത്വം ഉണ്ടാകും? അതിൻ്റെ ഉത്തരമാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 3:2; 1തിമൊ, 3:14-16). അതായത്, അവതാരമല്ല നടന്നിരിക്കുന്നത്; വെളിപ്പാട് (manifestation) അഥവാ, പ്രത്യക്ഷതയാണ് നടന്നിരിക്കുന്നത്.

56. ദൈവഭക്തിയുടെ മർമ്മം: ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, അവൻ എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ ആ വേദഭാഗത്തുതന്നെ ഉണ്ട്. അത് പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15).

57. ദൈവത്തിൻ്റെ പ്രകൃതി: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ദൈവത്തിൻ്റെ പ്രത്യക്ഷത എന്താണെന്ന് മനസ്സിലാക്കുവാൻ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യം അറിയേണ്ടത്.“അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണെന്ന് യഹോവ പറയുന്നു. (യിരെ, 23:23,24). ദൈവത്തെ ഒളിക്കാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു. (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്ന് ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പറയുന്നു. (1രാജാ, 8:27). എന്നാൽ, പൗലൊസ് കുറചുകൂടി വ്യക്തമായി പറഞ്ഞിട്ടുണ്ട്: “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 17:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിനുള്ളിലാണ് വസിക്കുന്നത് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവനുണ്ടെങ്കിലും ദൈവം പ്രപഞ്ചത്തിനുള്ളിലല്ല വസിക്കുന്നത്; ദൈവത്തിനുള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. ദൈവം പ്രപഞ്ചത്തിനുള്ളിലാണ് വസിക്കുന്നതെങ്കിൽ, സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. അതായത്, സകലത്തിനും കാരണഭൂതനായ ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ അവനെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. അവരിൽ അല്ലോ, എന്ന് ബഹുവചനതത്തിൽ അല്ല. അവനിൽ അല്ലോ, നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത് എന്നിങ്ങനെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, ട്രിനിറ്റിയുടെ വിശ്വാസംപോലെ, ദൈവം മൂന്നുപേരല്ല; ഒരുത്തൻ മാത്രമാണ്. മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. അതിൽ, ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ ത്രിത്വവിശ്വാസം അതോടുകൂടി കഴിഞ്ഞു. ഭാഷയ്ക്കൊരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട്; അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശം ജനിക്കുന്നത്. അദൃശ്യനായ മോണോസ് തെയൊസ് മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. പ്രപഞ്ചത്തെക്കാൾ വലിയവനായ മാറ്റമില്ലാത്ത ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വം ത്യജിച്ചുകൊണ്ട് അവതാരമെടുത്തു എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദൈവം അവതാരമെടുത്തിട്ടില്ല; അവതാരമെക്കാൻ സാദ്ധ്യവുമല്ല,. എന്തെന്നാൽ, അവൻ മാറ്റമില്ലാത്തവനാണ്. (മലാ, 3:6; യാക്കോ, 1:17). ദൈവത്തിനു വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണുള്ളത്.

.58. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ: പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനും ആത്മാവുമായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ടല്ല പ്രത്യക്ഷനാകുന്നത്. അദൃശ്യനായ ഏകദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാകയാൽ തൻ്റെ അസ്തിത്വം തനിക്ക് ത്യജിക്കാനോ, മാറ്റംവരുത്താനോ കഴിയില്ല. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ പ്രത്യക്ഷതയെന്നു പറയുന്നത്.” (എബ്രാ, 10:5). ചരിത്രപരമായി ബൈബിളിൻ്റെ അവസാനത്തെ അഞ്ച് പുസ്തകങ്ങൾ എഴുതിയ യോഹന്നാൻ പറയുന്നു: ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല. (യോഹ, 1:18; 1യോഹ, 4:12). പൗലൊസ് പറയുന്നു: കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). അപ്പോൾ, പഴയപുതിയനിയമങ്ങളിൽ കണ്ടത് ആരെയാണ്? അതാണ് ദൈവത്തിൻ്റെ പ്രത്യക്ഷതകൾ എന്ന് പറയുന്നത്. പഴയപുതിയനിയമങ്ങളിലായി മുപ്പതിലേറെ പ്രാവശ്യം ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷനായി എന്നു പറയാതെ ദൈവത്തെ കണ്ടതായി അത്രത്തോളംതന്നെ പറഞ്ഞിട്ടുണ്ട്. ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ലെന്ന് പറയുന്ന ബൈബിൾതന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്. മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് 9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ ദൈവത്തെ കണ്ടിട്ടുണ്ട്. യെശയ്യാവും യോഹന്നാനും കണ്ടത് പിതാവായ യഹോവയെത്തന്നെയാണെന്ന് വ്യക്തമായി മനസ്സിലാക്കാം. (യെശ, 6:1-3; വെളി, 4:8). തന്നെയുമല്ല, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും കണ്ടിട്ടുണ്ട്. സ്വർഗ്ഗത്തിലെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 18:11). സ്വർഗ്ഗത്തിലെ ദൂതന്മാർ എപ്പോഴും കാണുന്നുവെന്ന് ക്രിസ്തു പറഞ്ഞ പിതാവിനെയാണ്; മീഖായാവും (1രാജാ, 22:19), യെശയ്യാവും (6:1), യെഹെസ്ക്കേലും 1:26-28), ദാനീയേലും (7:9), യോഹന്നാൻ അപ്പൊസ്തലനും (വെളി, 4:8) സ്വർഗ്ഗസിംഹാസനത്തിൽ കണ്ടത്. ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളു എന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). അതുകൊണ്ടാണ്, പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്ന് ക്രിസ്തു പറഞ്ഞതും, ദൂതന്മാർ അവനെ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നു എന്ന് യോഹന്നാൻ പറഞ്ഞതും. (മതാ, 18:11; വെളി, 4:8). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (2പത്രൊ, 1:17). സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (1:26; 8:2. ഒ.നോ: ദാനീ, 7:9). അതായത്, സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമാണ് അദൃശ്യനായ ഏകദൈവം പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ നിത്യം പ്രത്യക്ഷനായിരിക്കുന്നത്. മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവ് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുളാണ് മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27; 5:1. ഒ.നോ: യെശ, 64:8; മലാ, 2:10). അതേ മനുഷ്യസാദൃശ്യത്തിലാണ് ക്രിസ്തു ലോകത്തിൽ വന്നത്. അതുകൊണ്ടാണ്, ആദാമിനെ വരുവാനുള്ളവൻ്റെ പ്രതിരൂപമെന്നും, ക്രിസ്തുവിനെ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (റോമ, 5:14; കൊലൊ, 1:15). പുത്രനെയും അനേകായിരങ്ങൾ കണ്ടിട്ടുണ്ട്. (1യോഹ, 1:1-2). പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; യോഹ, 1:32. ഒ.നോ: പ്രവൃ, 2:3). പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചിട്ടുമുണ്ട്. (പ്രവൃ, 8:29; 10;19-20; 13:2). അതായത്, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും മനുഷ്യസാദൃശ്യത്തിൽ കണ്ടിട്ടുമുണ്ട്; പിതാവും പുത്രനും പരിശുദ്ധാത്മാവും സംസാരിച്ചിട്ടുമുണ്ട്. എന്നാൽ, അദൃശ്യനായ ഏകദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. ദൈത്തിൻ്റെ പ്രത്യക്ഷതകളെയാണ് കണ്ടതും സംസാരിച്ചതും. തന്മൂലം അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന് മനസ്സിലാക്കാം. ദൈവത്തിന് വേറെയും പ്രത്യക്ഷതകളുണ്ട്: അബ്രാഹാമിനു പ്രത്യക്ഷനായ മനുഷ്യനും (ഉല്പ, 18:1-2). ഏഴ് ആത്മാവും (വെളി, 1:4; 4:5), മനുഷ്യപുത്രനോട് സദൃശനും (വെളി, 1:13), ഏഴ് കൊമ്പും ഏഴ് കണ്ണുകളുമുള്ള അറുക്കപ്പെട്ട കുഞ്ഞാട് തുടങ്ങിയവ ദൈവത്തിൻ്റെ വെളിപ്പാടുകളാണ്. (വെളി, 5:6)

59. പഴയനിയമത്തിലെ മനുഷ്യപ്രത്യക്ഷത: യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ തെളിവ് പഴയയനിയമത്തിലുമുണ്ട്: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ  കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ  തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ  കൂടാരവാതിൽക്കൽനിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു.” (ഉല്പ, 18:1-2). യഹോവ പൂർണ്ണ മനുഷ്യനായിട്ടാണ് അബ്രാഹാമിന് പ്രത്യക്ഷനായത് എന്നതിന് കൃത്യമായ തെളിവുകൾ ഈ വേദഭാഗത്തുണ്ട്: 1. യഹോവ പ്രത്യക്ഷനായി എന്നാണ് ഒന്നാം വാക്യത്തിൽ പറയുന്നത്. എന്നാൽ, അബ്രാഹാം കാണുന്നത് മൂന്ന് മനുഷ്യരെയാണ്. അവൻ്റെ അടുക്കൽ പ്രത്യക്ഷരായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് അവിടെ പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,20,22,26,33). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:22; 19:1). 2. അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതായും, ലോത്ത് ദൂതന്മാരായ രണ്ടു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതായും കാണാം. (19:1). അത് ആതിഥികൾക്കുള്ള ആചാരപരമായ നമസ്കാരം ആയിരുന്നു. ആരാധനാപരം ആയിരുന്നുവെങ്കിൽ; അഥവാ, യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു ബഹുവചനത്തിൽ പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു ഏകവചനത്തിൽ പറയുമായിരുന്നു. 3. തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. (18:3-5). കുറേസമയം അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:6-14). ആബ്രാഹാമിൻ്റെ മുമ്പിൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു:”ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീർത്തനം 40:6, LXX). എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു. അതായത്, പുതിയനിയമത്തിൽ മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ് യേശുവെന്ന ക്രിസ്തു.

60. പുതിയനിയമം: “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31. ഒ.നോ: യിരെ, 31:31-34; എബ്രാ, 8:8-13; യെഹെ, 11:19,20). മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, ദൈവം തൻ്റെ യാഹ്വെ അഥവാ, യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ഒരു സംജ്ഞാനാമത്തിൽ ദൈവം വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). മിസ്രയീമിലെ അടിമത്വത്തിൽ നിന്നും യിസ്രായേലിനെ മോചിപ്പിച്ചുകൊണ്ടുവന്ന് സീനായി മരുഭൂളിയിൽ വെച്ചാണ് ദൈവം അവർക്ക് ന്യായപ്രമാണം നല്കുന്നത്. (പുറ, 24:3). അതായത്, ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായിട്ടാണ് ദൈവം തനിക്ക് യാഹ്വെ അഥവാ, യഹോവ എന്ന പേർ എടുത്തത്. അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായി യഹോവ എടുത്ത തൻ്റെ പുതിയ നാമമാണ് യേഹ്ശുവാ അഥവാ, യേശു. ആ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിന് നല്കിയത്. (മത്താ, 1:21). ഈ വസ്തുത, മഹാപൗരോഹിത്യ പ്രാർത്ഥനയിൽ ക്രിസ്തു രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ” എന്നും (യോഹ, 17:11), “ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു” എന്നും പറയുന്നതായി കാണാം. (യോഹ, 17:12). നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമമെന്ന് പറഞ്ഞാൽ; യേശു എന്ന നാമം, പിതാവ് പുത്രന് കൊടുത്ത തൻ്റെ നാമം എന്നാണ്. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നായിരുന്നു യഹോവയുടെ വാഗ്ദത്തം. ഞാൻ അഥവാ, യഹോവയായ ഞാൻ പുതിയൊരു നിയമം ചെയ്യും. ആ വാഗ്ദത്തം നിവൃത്തിപ്പാനാണ്, യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ ജഡത്തിൽ പ്രത്യക്ഷനായത്. (ലൂകൊ, 1:68; 1തിമൊ, 3:14-16; 1പത്രൊ, 1:20). ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ താൻ വന്നതെന്ന് ക്രിസ്തു പറയുന്നതും നോക്കുക. (മത്താ, 5:17-18). പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവിണതല്ല. പഴയനിയമത്തെ നീക്കിയശേഷം പുതിയൊരു നിയമം സ്ഥാപിക്കാനല്ല അവൻ വന്നത്. പഴയനിയമത്തിൻ്റെ ബാക്കിയുമല്ല പുതിയനിയമം. തന്മൂലം, പഴയനിയമത്തോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ, പഴയനിയമത്തിൻ്റെ കുറവ് തീർക്കാനോ അല്ല അവൻ വന്നത്. പഴയനിയമത്തിൽ തൻ്റെ സ്വന്തജനമായ യിസ്രായേലിനോട് ചെയ്തിരുന്ന വാഗ്ദത്തങളുടെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമം ഇല്ലെങ്കിൽ പുതിയനിയമം ഇല്ല; അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ല. എന്തെന്നാൽ, പഴയനിയമ പ്രവചനങ്ങളുടെ നിവൃത്തിയാണ് പുതിയനിയമം. രക്ഷകൻ്റെ പേർ വെളിപ്പെടുത്തുന്ന പുതിയ നിയമത്തിൻ്റെ തുടക്കത്തിൽത്തന്നെ ഈ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും. യഹോവയുടെ ജനമാണ് യിസ്രായേൽ. (2ശമൂ, 6:21; 2രാജാ, 9:6; 1ദിന, 14:2). യേശുവിൻ്റെ ജനനത്തിനു മുമ്പുതന്നെ, സെഖര്യാപ്രവാചകൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി അക്കാര്യം വ്യക്തമായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ  തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68. ഒ.നോ: ലൂക്കൊ, 7:16). യിസ്രായേലിൻ്റെ ദൈവമായ യഹോവ അവരോട് ചെയ്തിരുന്ന വാഗ്ദത്തം പോലെ, തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം, ഒരു പുതിയനിയമം സ്ഥാപിക്കുകയും ചെയ്തു. (ലൂക്കൊ, 22:20).

61. വീണ്ടെടുപ്പുകാരൻ: “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12). ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കിയവർ വീണ്ടെടുപ്പുകാരനായി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൈവമാണെന്ന് ഒരിക്കലും പറയില്ല. ബൈബിളിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്. 1. വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: (രൂത്ത്, 2:20). “അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.” (എബ്രാ, 2:17). പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യരും തമ്മിൽ ശത്രുതയിലായിരുന്നു: (റോമ, 8:7; എഫെ, 2:16; യാക്കോ, 4:4). അതിനാൽ, ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും പാപിയായ മനുഷ്യൻ്റെ ബന്ധുവാകാൻ കഴിയില്ല. ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെങ്കിലും പാപികളുടെ ബന്ധുവാകാനോ, പാപികളോടുകൂടി സഹവസിച്ചുകൊണ്ട് അവരെ വീണ്ടെടുക്കുവാനോ കഴിയില്ല. അതിനാണവൻ ദൂതന്മാരെക്കാൾ താഴ്ചയുള്ള പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6: 3:14-16; എബ്രാ, 2:9). അതിനാണവൻ പൂർണ്ണമനുഷ്യനായി ലോകത്തിൽ പ്രത്യക്ഷനായത്: (ഫിലി, 2:8; 1തിമൊ, 3:16). 2. വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനുണ്ടാകണം: (രൂത്ത്, 2:1). “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.” (2കൊരി, 8:9). മനുഷ്യരെല്ലാം പാപികളും ദൈവതേജസ്സ് നഷ്ടപ്പെട്ടവരും ആയിരുന്നു. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:23). പാപം ചെയ്ത ദേഹി മരിക്കേണ്ടിയിരുന്നു: (യെഹെ, 18:4). അതിനാൽ, മരണത്തിൻ്റെ അധികാരിയായ പിശാച് മനുഷ്യവർഗ്ഗത്തെ അടിമകളാക്കി വെച്ചിരിക്കയായിരുന്നു: (എബ്രാ, 2:14,15). പിശാചിൻ്റെ അടിമത്വത്തിൽനിന്ന് മനുഷ്യരെ വീണ്ടെടുക്കാൻ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കേണ്ടിയിരുന്നു. ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ അതായിരുന്നു ദൈവവ്യവസ്ഥ: (എബ്രാ, 9:22) എന്നാൽ മനുഷ്യൻ്റെ വീണ്ടെടുപ്പ് പാപികളായ മനുഷ്യർക്ക് അസാദ്ധ്യമായിരുന്നു: (സങ്കീ, 49:7-10). അതിനാൽ, ദൈവംതന്നെ പൂർണ്ണമനുഷ്യനായി പ്രത്യക്ഷനായി ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ രക്തം മറുവില അഥവാ, വീണ്ടെടുപ്പുവിലയായി നല്കി നമ്മെ അടിമത്വത്തിത്തിൽനിന്നു വീണ്ടെടുക്കുകയായിരുന്നു: (1തിമൊ,2:5,6; 3:16; 1പത്രൊ, 1:18,19). ക്രൂശിതനായക്രിസ്തു ദൈവമാണെന്നു വിശ്വസിക്കുന്നവർ ഒന്നറിയുക: ദൈവം ദൈവത്തിനല്ല; മനുഷ്യൻ ദൈവത്തിനാണ് വീണ്ടെടുപ്പുവില കൊടുക്കേണ്ടത്: (1കൊരി, 15:21; 1തിമൊ, 2:6). ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില കൊടുത്തെന്നു പറഞ്ഞാൽ, അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ഒരു പ്രഹേളികയാണെന്നു പറയേണ്ടിവരും. സകലത്തിലും സമ്പന്നനായ ദൈവം തന്നെയാണ് പൂർണ്ണമനുഷ്യനായി കന്യകയിലൂടെ ലോകത്തിൽ വെളിപ്പെട്ടത്. (2കൊരി, 8:9; 1തിമൊ, 3:14-16). അതുകൊണ്ടാണ് ദൈവത്തിന് വീണ്ടെടുപ്പുവിലകൊടുത്ത് മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ കഴിഞ്ഞത്. (1തിമൊ, 2:5-6). 3. വീണ്ടെടുപ്പുകാരന് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: (രൂത്ത്, 3:13). “അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.” (തീത്തൊ, 2:14). “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെ, 5:2. ഒ.നോ: ഗലാ, 1:3; 2:20; എഫെ, 5:27; ഫിലി, 2:8; 1തിമൊ,2:6; എബ്രാ, 7:27; 9:14). 4. വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം മനുഷ്യനായി പ്രത്യക്ഷനായത്: (1തിമൊ, 3:14-16). “പാപം അറിയാത്തവൻ” (2കൊരി, 5:21), “അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), അവനിൽ പാപമില്ല” (1യോഹ, 3:5), “പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ” (എബ്രാ, 7:26). എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; പാപികളോടുകൂടെ സഹവസിച്ചിട്ടും പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, പാപമൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ട മനുഷ്യനെക്കുറിച്ചുള്ളതാണ്: (എബ്രാ, 4:15). ജഡത്തിൽ വെളിപ്പെട്ടവൻ പൂർണ്ണദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകമെന്നു പറയേണ്ടിവരും.

62. യഹോവയും യേശുവും: യഹോവയും യേശുവും ഒന്നാണ് അഥവാ, യഹോവ തന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷമായത് എന്നതിന് അനവധി തെളിവുകളുണ്ട്. യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). യിസ്രായേലിനു അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ യേശുവെന്ന മനുഷ്യനല്ല ഇനി വരുന്നത്; യഹോവ അഥവാ, യേശുക്രിസ്തു എന്ന ഏകദൈവമാണ് ഇനി വരുന്നത്. അന്നാണ് ഒലിവുമല നടുവെ പിളർന്നുപോകുന്നത്. (സെഖ, 14:3-5; പ്രവൃ, 1:6,11). അന്നാണ് അവർ തങ്ങൾ കുത്തിത്തുളച്ചവനായ യഹോവയിലേക്ക് നോക്കി വിലപിക്കുന്നതും, വീരാനാം ദൈവത്തിങ്കലേക്ക് മാനസാന്തരപ്പെട്ട് മടങ്ങിവരുന്നതും. (വെളി, 1:7; യെശ, 10:21).

63. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ യഹോവയായ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

64. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യേശുവെന്ന നാമം പുത്രൻ്റെ നാമം മാത്രമാണെന്നാണ് അനേകർ കരുതുന്നത്. പേര് അഥവാ, സംജ്ഞാനാമം എന്നത്; പ്രധാനമായും വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയാണ്. സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ഒരു പേരില്ലാതിരുന്ന ദൈവം, എപ്പോഴാണ് തനിക്കൊരു പേർ എടുത്തത്? ഏകദൈവത്തിന് എന്തിനാണ് പേര്? അതൊക്ക ചിന്തിച്ചാൽത്തന്നെ, പുതിയനിയമത്തിൽ പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു ആണെന്ന് മനസ്സിലാകും. അനേകം തെളിവുകളുണ്ട്: 1. “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല.”(യോഹ, 5:43). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രൻ, ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ; പിതാവിൻ്റെയും പിതാവിൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ? 2. “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് പുത്രൻ പിതാവിനോട് രണ്ടുപ്രാവശ്യം പറയുന്നതായി കാണാം. (യോഹ, 17:11–12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്നത് തൻ്റെ നാമമാണെന്ന് വ്യക്തമാണല്ലോ? 3. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്. (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (പ്രവൃ, 4:12). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ? 4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് മനസ്സിലാക്കാമല്ലോ? 5. പഴയനിയമത്തിൽ സകല ഭൂവാസികൾക്കുമുള്ള ഏകരക്ഷകനും രക്ഷാനാമവും യഹോവയായിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിലെ ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവും പുത്രനും ഒന്നാണെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഈ വേദഭാഗളിൽനിന്ന് ഉറപ്പിക്കാം. പരിശുദ്ധാത്മാവ് വന്നതും പുത്രൻ്റെ നാമത്തിലാണ്. (യോഹ, 14:23). 6. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് ശിഷ്യന്മാരോടുള്ള കല്പന. (മത്താ, 28:19). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5, 22:16). അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. 7. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശം, ഒരു പ്രത്യേക പേരിനെ അഥവാ, ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. എന്തെന്താൽ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. തന്നെയുമല്ല, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ ആണ്. അല്ലാതെ, വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അതായത്, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു,. 8. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ  മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ” എന്നാണ് പൗലൊസ് പറയുന്നത്. (കൊലൊ, 3:17). വാക്ക് അഥവാ, ഭാഷണവും ക്രിയയും ഒരുപോലെ ചേരുന്ന പ്രധാന ശുശ്രൂഷയാണ് സ്നാനം. സ്നാപകൻ സ്നാനാർത്ഥിയുടെ മേൽ നാമം പ്രസ്താവിക്കുകയും ക്രിയ ചെയ്യുകയും വേണം. വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും എന്ന് പറഞ്ഞാൽ, അതിൻ്റെ പരിധിയിൽനിന്ന് സ്നാനം എങ്ങനെ ഒഴിവാക്കപ്പെടും? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് യേശു എന്ന് മനസ്സിലാക്കാം. 9. പുതിയനിയമത്തിൽ സുവിശേഷം (പ്രവൃ, 8:12; 2തിമൊ, 2:8), മാനസാന്തരം (ലൂക്കൊ, 24:47), പാപമോചനം (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), അത്ഭുതങ്ങൾ, അടയാളങ്ങൾ (പ്രവൃ, 4:30) തുടങ്ങി സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. തന്നെയുമല്ല, പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട യേശു എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനോ, പരിശുദ്ധാത്മാവിനോ പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുവെന്ന് മനസ്സിലാക്കാം. 10. പഴയനിയമത്തിൽ യഹോവയുടെ നാമമാണ് ഭക്തന്മാർ വിളിച്ചപേക്ഷിച്ചിരുന്നത്. “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). അടുത്തവാക്യം: “ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:17). എന്നാൽ, യേശുക്രിസ്തുവിൻ്റെ നാമമാണ് ആദിമസഭ വിളിച്ചപേക്ഷിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നത്. (1കൊരി, 1:2). ഏകദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചിരുന്ന യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു എങ്കിൽ, ആ വസ്തുത രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണമാണ് നമുക്ക് നല്കുന്നത്. 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു. 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശു. അതായത്, താൻ മനുഷ്യനാണെന്നും പിതാവ് മാത്രമാണ് ദൈവമെന്നും ക്രിസ്തു പറഞ്ഞിരിക്കുന്നു. (യോഹ, 8:40; 17:3), പുത്രൻ മനുഷ്യനാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:23; റോമ, 5:15; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ, പുത്രൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. (1തിമൊ, 2:5-6; 3:14-16). അപ്പോൾ, യേശുവെന്ന നാമം പുത്രൻ്റെ മാത്രം നാമമാണെങ്കിൽ, ആദിമസഭ ആ നാമം വിളിച്ച് അപേക്ഷിക്കുമായിരുന്നോ? ഏകദൈവമായ യഹോവയോടുള്ള തീക്ഷ്ണത നിമിത്തം ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട പരീശനായ പൗലൊസും, യെഹൂദന്മാരായ മറ്റ് അപ്പൊസ്തലന്മാരും, ആദിമസഭ മുഴുവനും യേശുവിൻ്റെ നാമം നേരിട്ട് വിളിച്ചപേക്ഷിച്ചുവെങ്കിൽ, ഇനിപ്പറയുന്ന രണ്ട് കാര്യങ്ങൾ വജ്രമുനകൊണ്ട് ഹൃദയത്തിൽ കുറിച്ചുവെച്ചുകൊൾക: 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു. അതായത്, യഹോവയായ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തിയത്. മനുഷ്യർക്ക് രക്ഷ നല്കുവാൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല. (ആവ, 4:39; 1രാജാ, 8:23; യെശ, 45:22). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമം ഇല്ലേയില്ല. (പ്രവൃ, 4:12). [മുഴുവൻ തെളിവുകളും കാണാൻ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന ലേഖനം കാണുക]

65. ദൈവവും മനുഷ്യനും: സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:5-6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, മത്തായി 1:1-മുതൽ യോഹന്നാൻ 20:17-വരെ അഥവാ, സുവിശേഷചരിത്രകാലത്ത് കാണുന്നത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദേഹവും ദേഹിയും ആത്മാവുമുള്ള യേശുക്രിസ്തുവെന്ന ഏകമനുഷ്യനെയാണ്. (റോമ, 5:15; 1തിമൊ, 3:14-16). ഉയിർത്തെഴുന്നേറ്റ് അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയതോടുകൂടി, യേശുവെന്ന ഏകമനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12). അനന്തരം, യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് നാല്പത് നാളോളം പ്രത്യക്ഷനായത്, ഏകദൈവം തന്നെയാണ്. മർക്കൊ, 16:14; യോഹ, 20:19; പ്രവൃ, 1:2). ആ ദൈവമാണ്, ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ഊതി നല്കിയത്. (യോഹ, 20:22). തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും” എന്ന് ഏറ്റുപറഞ്ഞത്. (യോഹ, 20:28). “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്ന് അരുളിച്ചെയ്തത്. (മത്താ, 28:20). ഇതൊന്നും, ഒരു മനുഷ്യന് ചെയ്യാനും പറയാനും പറ്റുന്ന കാര്യങ്ങളല്ല. തന്നെയുമല്ല, യേശുവെന്ന മനുഷ്യൻ ഭൂമിയിൽ വസിച്ച്, ശിഷ്യന്മാരോട് കൂടെ നടക്കുകയായിരുന്നു. എന്നാൽ, ദൈവം അവർക്ക് നാല്പത് നാളോളം, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷൻ ആകുകയായിരുന്നു.

66. ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ: “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രാ, 13:8). ഈ വാക്യം വിശുദ്ധ ഗ്രന്ഥത്തിൽ: “യേശുമ്ശീഹാ ഇന്നലെയും ഇന്നും എന്നേക്കുമുള്ളവൻ എന്നാണ്.” പി.ഒ.സിയിൽ:  “യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്‌ എന്നാണ്.” സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ: “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനത്രേ എന്നാണ്.” ഓശാന നൂതന പരിഭാഷയിൽ: “യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽ മാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ എന്നുമാണ്.” എന്നാൽ, ഈ വാക്യം യേശുവെന്ന ദൈവപുത്രനെ കുറിക്കുന്നതല്ല. അവൻ കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യനായിരുന്നു. (മത്താ, 1:20; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). അവൻ തൻ്റെ മനുഷ്യത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ മരിക്കുകയും, ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (ലൂക്കൊ, 23:46; എബ്രാ, 9:14; 1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ് അന്നുതന്നെ തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12). ഏകമനുഷ്യൻ്റെ കൃപയാലാണ് രക്ഷയെന്നും, മനുഷ്യന്‍ മൂലം മരണം ഉണ്ടായതുപോലെ മനുഷ്യന്‍ മൂലം മരിച്ചവര്‍ക്ക് പുനരുത്ഥാനവും ഉണ്ടാകുന്നു എന്നൊക്കെ പറയുന്നത് നോക്കുക. (പ്രവൃ, 15:11; റോമ, 5:15; 1കൊരി, 15:21). അതായത്, ദൈവവുമല്ല, ദൂതനുമല്ല; യേശുവെന്ന മനുഷ്യനാണ് ജനിക്കുകയും മരിക്കുകയും ദൈവത്താൽ ഉയിർപ്പിക്കപ്പെടുകയും സ്വർഗ്ഗേകരേറി അപ്രത്യക്ഷനാകുകയും ചെയ്തത്. അവൻ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ, കന്യകയിൽ രൂപപ്പെടുന്നതിന് മുമ്പേ അവനില്ല; ഉയിർത്തെഴുന്നേറ്റ് പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയശേഷവും അവൻ ഉണ്ടാകുകയില്ല. അതായത്, ദൈവപുത്രനായ യേശുവിൻ്റെ ശുശ്രൂഷ സുവിശേഷചരിത്രകാലത്ത് മാത്രമുള്ളതാണ്. അതിന് മുമ്പും പിമ്പും മനുഷ്യനായ ദൈവപുത്രൻ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല; ഉണ്ടാകാൻ സാധിക്കില്ല. അപ്പോൾ, ദൈവപുത്രനായ യേശുവാണ്, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ എന്ന് എങ്ങനെ പറയും? വേദപഠിതാക്കളായ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുതയുണ്ട്: നാം സുവിശേഷചരിത്രകാലത്ത് നിന്നുകൊണ്ടാണ് ബൈബിൾ പഠിക്കുന്നതും പ്രസ്താവിക്കുന്നതും. സുവിശേഷ ചരിത്രകാലത്ത് മാത്രമാണ് ദൈവവും മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നത്. നമ്മുടെ കർത്താവായ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷ ചരിത്രകാലമൊഴികെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണ്. അതായത്, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്ന് പറഞ്ഞാൽ; നിത്യമായ അസ്തിത്വത്തിൽ പുത്രനില്ല; പിതാവ് മാത്രമേയുള്ളു. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും നാം കണ്ടതാണ്. തന്മൂലം, എബ്രായലേഖകൻ പറയുന്ന, യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ  എന്ന പ്രയോഗം, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൈവപുത്രനെ കുറിക്കുന്നതല്ല; എന്നുമെന്നേക്കും ഇരിക്കുന്ന ഏകദൈവത്തെ കുറിക്കുന്നതാണെന്ന് മനസ്സിലാക്കാം. അതായത്, പിതാവും പുത്രനും നിത്യമായ അസ്തിത്വത്തിൽ ഒരാളാകയാൽ; ഒരു രണ്ടാം ദൈവമോ, മൂന്നാം ദൈവമോ നമുക്കില്ല. ഏകസത്യദൈവമാണ് (The only true God) നമുക്കുള്ളത്; ആ ദൈവത്തിൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു.

ഉപസംഹാരം: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു പറഞ്ഞത് ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ യേശുക്രിസ്തു എന്ന ഏകമനുഷ്യനാണ്: (യോഹ, 8:19; റോമ, 5:15). രണ്ടായിരത്തി ഇരുപത്തെട്ട് വർഷംമുമ്പ് മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ ലോകത്തിൽ വെളിപ്പെട്ട് ക്രൂശിൽ മരിക്കുകയും ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചു മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമാക്കിവെക്കുകയും ചെയ്ത യേശുക്രിസ്തു എന്ന പൂർണ്ണമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ ആരെങ്കിലും അറിയുകയോ, നിത്യജീവൻ പ്രാപിക്കുകയോ ചെയ്യുമെന്ന് വിചാരിക്കരുത്. എന്തെന്നാൽ, “ഏകസത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). 1യോഹന്നാൻ 5:20 പ്രകാരം, ദൈവപുത്രനായ യേശുവും സത്യദൈവമാണെന്ന് അനേകർ കരുതുന്നു. “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ  സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ഈ പരിഭാഷപ്രകാരം, ദൈവപുത്രനും സത്യദൈവമാണ്. എന്നാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3), താൻ മനുഷ്യനാണെന്നും ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലുക്കോ, 5:21; റോമ, 16:26; 1തിമൊ, 17), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:24; റോമ, 5:15; 1കൊരി, 15:21; 47; 1തിമൊ, 2:6). പിന്നെ, ഏത് വകയിലാണ് ദൈവപുത്രൻ സത്യദൈവം ആകുന്നത്? അത് സത്യവേദപുസ്തകത്തിൻ്റെ തെറ്റായ പരിഭാഷയാണ്. ഗ്രീക്കിലും ഇംഗ്ലീഷിലും ഒരിക്കൽ മാത്രമാണ് സത്യദൈവം എന്നുള്ളത്; സത്യവേദപുസ്തകത്തിൽ മൂന്നു പ്രാവശ്യമുണ്ട്. മലയാളം പരിഭാഷപ്രകാരം രണ്ട് സത്യദൈവമുണ്ട്. അതുകൊണ്ടാണ്, സത്യദൈവത്തിൽനിന്നു ജനിച്ച സത്യദൈവമാണ് ദൈവപുത്രനെന്ന് ട്രിനിറ്റി വിശ്വസിക്കുന്നത്. ശരിയായ പരിഭാഷ ഇപ്രകാരമാണ്: And we know that the Son of God is come, and hath given us an understanding, that we may know him that is true, and we are in him that is true, even in his Son Jesus Christ. This is the true God, and eternal life. (KJV). “ദൈവപുത്രൻ വന്നിരിക്കുന്നു എന്നും നമുക്കു വിവേകം തന്നിരിക്കുന്നു എന്നും നാം അറിയുന്നു; സത്യമായവനെ നാം അറിയേണ്ടതിന്നും നാം സത്യവാനിൽ, അവന്റെ പുത്രനായ യേശുക്രിസ്തുവിലും ആകുന്നു. ഇതാണ് സത്യദൈവവും നിത്യജീവനും.” അതായത്, സത്യമായവനെയും അഥവാ, ഏകസത്യദൈവത്തെയും, അവനെ അറിയാൻ വിവേകം തന്ന വഴിയും സത്യവും ജീവനുമായ ദൈവപുത്രനെയും യോഹന്നാൻ തൻ്റെ ലേഖനത്തിൻ്റെ ഒടുവിൽ വേർതിരിച്ചു കാണിക്കുകയാണ്. എന്നിട്ടാണ് പറയുന്നത്, ഇതാണ് സത്യദൈവവും നിത്യജീവനും. അല്ലാതെ, അവൻ  സത്യദൈവം, എന്നൊന്നും അവിടെയില്ല. യോഹന്നാൻ 17:3-ഉം 1യോഹന്നാൻ 5:20 ഒരേ എഴുത്തുകാരൻ ഒരേ ആശയത്തിൽ എഴുതിയതാണ്. ഒരിടത്ത് പിതാവ് മാത്രമാണ് സത്യദൈവമെന്നും; മറ്റൊരിടത്ത്, പിതാവും പുത്രനും സത്യദൈവമാണെന്നും എഴുതിയാൽ എങ്ങനെയിരിക്കും? ആ വാക്യങ്ങൾ മാത്രമല്ല, ബൈബിൾതന്നെ പരസ്പരവിരുദ്ധമാകും.. നമുക്ക് ഒരേയൊരു സത്യദൈവമേയുള്ളു; രണ്ട് സത്യദൈവമെന്നത് ഒന്നാം കല്പനയ്ക്ക് വിരുദ്ധമായ ബഹുദൈവ ദുരുപദേശമാണ്. ഒന്നാം കല്പന ലംഘിക്കുന്നവർ ആരും ദൈവരാജ്യം അവകാശമാക്കുമെന്ന് വിചാരിക്കാൻപോലും ബൈബിളിൽ ഒരു ന്യായവും കാണുന്നില്ല. എന്തെന്നാൽ, ദൈവം അത്രയേറെ വെറുക്കുന്ന പാപമാണ് ബഹുദൈവ ഉപദേശം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

തീത്തൊസിലെ മഹാദൈവം ആരാണ്❓

“നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു” (തീത്തൊ, 2:12)

തീത്തൊസിലെ മഹാദൈവം ആരാണെന്നാണ് നാം പരിശോധിക്കുന്നത്. മഹാദൈവവും രക്ഷിതാവായ യേശുക്രിസ്തുവും രണ്ടുപേരാണെന്ന് വിശ്വസിക്കുന്നവരും ഒന്നാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. മഹാദൈവവും യേശക്രിസ്തുവും അഭിന്നരാണെന്നും വിഭിന്നരാണെന്നും തോന്നത്തക്ക വിധത്തിലാണ് ഇംഗ്ലീഷിലെ പരിഭാഷകൾ: “Looking for that blessed hope, and the glorious appearing of the great God and our Saviour Jesus Christ;” (KJV, NIV, ESV, NASB, NLT). “lokinge for that blessed hope and glorious apperenge of ye myghty god and of oure savioure Iesu Christ;” (Tyndale Bible, Coverdale Bible, Matthew’s Bible, The Great Bible, Geneva Bible). ഇംഗ്ലീഷിലെ മിക്ക പരിഭാഷകളിലും മഹാദൈവവും യേശുക്രിസ്തുവും ഒന്നാണെന്ന നിലയിലാണ് പരിഭാഷ ചെയ്തിരിക്കുന്നത്. KJV-യുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്ലിയിൽ ഇപ്രകാരമാണ്: “ഭാഗ്യമുള്ള ആശെക്കും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ മഹത്വമുള്ള പ്രത്യക്ഷതെക്കുംവേണ്ടി കാക്കുന്നവരാകുവാനായിട്ട്.” ബെഞ്ചമിൻ ബെയ്ലിയുടെ മൂന്ന് പരിഭാഷകളിലും (1829, 1843, 1876) മഹാദൈവവും യേശുക്രിസ്തുവും ഒന്നാണ്. മലയാളത്തിലെ രണ്ടു പരിഭാഷ ഒഴികെ (പി.ഒ.സി; പു.ലോ.ഭാ), ബാക്കിയെല്ലാ പരിഭാഷകളിലും മഹാദൈവവും യേശുക്രിസ്തും ഒന്നാണെന്ന് കാണാൻ കഴിയും: ഇ.ആർ.വി, ബെഞ്ചമിൻ ബെയ്ലി, മലയാളം ബൈബിൾ (mlBCS), മലയാളം ബൈബിൾ (1956), മലയാളം ബൈബിൾ നൂതനപരിഭാഷ (MSV 17), മാണിക്കത്തനാർ (1935), വിശുദ്ധഗ്രന്ഥം, വിശുദ്ധ സത്യവേദപുസ്തകം. സത്യം പരിഭാഷ, സത്യവേദപുസ്തകം, സത്യവേപുസ്തകം സമകാലിക പരിഭാഷ, ഹെർമൻ ഗുണ്ടർട്ട് (1868) തുടങ്ങിയവ. വചനപരമായ ഒരു തെളിവ് പറഞ്ഞാൽ; യേശുക്രിസ്തുവിൻ്റെ തേജസ്സിലുള്ള പ്രത്യക്ഷതയാണ് ഈ വേദഭാഗത്തെ വിഷയം. മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന വിധത്തിൽ തർജ്ജമ ചെയ്തിരിക്കുന്ന ഒരു പരിഭാഷയാണ് യഹോവസാക്ഷികളുടെ പുതിയലോകം ഭാഷാന്തരം. അതിൽ ഇപ്രകാരമാണ്: “സന്തോഷമേകുന്ന പ്രത്യാശയുടെ സാക്ഷാത്കാരത്തിനും മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിൻ്റെയും തേജോമയമായ വെളിപ്പെടലിനും വേണ്ടി കാത്തിരിക്കുന്ന നമ്മൾ അങ്ങനെയാണല്ലോ ജീവിക്കേണ്ടത്.” അതായത്, മഹാദൈവും യേശുക്രിസ്തുവും വിഭിന്നരാണെങ്കിൽ, ഭാവിയിൽ രണ്ടുപേരും ഒരുമിച്ചു പ്രത്യക്ഷരാകണം. രണ്ടുപേർ ഒരുമിച്ചു പ്രത്യക്ഷനാകുന്നതിനെക്കുറിച്ച് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല; അതിൻ്റെ ആവശ്യവുമില്ല. അതിനാൽ, അവിടെപ്പറയുന്ന മഹാദൈവവും യേശുക്രിസ്തുവും ഒന്നാണെന്ന് വ്യക്തമാണ്. എന്നാൽ, ഇവിടെപ്പറയുന്ന മഹാദൈവം പിതാവാണോ പുത്രനാണോ എന്നതാണ് ചിന്തനീയമായ വിഷയം:

1️⃣ മഹാദൈവമായ യേശുക്രിസ്തു: “മഹാദൈവമായ യേശുക്രിസ്തു” എന്ന് പറഞ്ഞിരിക്കയാൽ, ദൈവപുത്രനാണ് ഇവിടെപ്പറയുന്ന മഹാദൈവം എന്ന് തോന്നുന്നത് സ്വാഭാവികമാണ്. പുതിയനിയമത്തിൽ പുത്രനോട് ചേർത്ത് മാത്രമാണ്, ‘യേശു’ എന്ന ഒരു സംജ്ഞാനം അഥവാ, പ്രത്യേകനാമം പറിഞ്ഞിരിക്കുന്നത്. (മത്താ, 1:21). അതിനാൽ, പുത്രൻ്റെ നാമം മാത്രമാണ് “യേശു അഥവാ, യേശുക്രിസ്തു” എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം യേശു അഥവാ, യേശുക്രിസ്തു എന്നാണ്: തെളിവുകൾ നോക്കാം: 1. “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല” എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 5:43). ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കും. 2. “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് പുത്രൻ പിതാവിനോട് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 17:11; 17:12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്ന തൻ്റെ നാമമാണ് യേശു എന്ന് മനസ്സിലാക്കാം. അവിടെ പറഞ്ഞിരിക്കുന്ന ‘നാമം’ അഥവാ, ഒനോമ (onoma) എന്ന ഗ്രീക്കു പദത്തിന് പേര് എന്നല്ലാതെ; മറ്റൊർത്ഥവും കല്പിക്കാൻ കഴിയില്ല. 3. താൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് പുത്രൻ പറഞ്ഞിരിക്കുന്നത്. (യോഹ, 10:25). എന്നാൽ, ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകും (പ്രവൃ, 4:12). തന്നെയുമല്ല, പുതിയനിയമത്തിൽ മറ്റൊരു നാമത്തെക്കുറിച്ച് ഒരു സൂചനപോലുമില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു. 4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. 5. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് ശിഷ്യന്മാരോടുള്ള കല്പന. (മത്താ, 28:19). എന്നാൽ, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5). തന്മൂലം, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. [മുഴുവൻ തെളിവുകളും കാണാൻ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം എന്താണ്? എന്ന ലേഖനം കാണുക]. അതിനാൽ, തീത്തൊസിൽ പറയുന്ന മഹാദൈവം പുത്രനാണെന്ന് ഖണ്ഡിതമായി പറയാൻ നിവൃത്തിയില്ല. അതിനാൽ, പിതാവാണോ, പുത്രനാണോ എന്നറിയാൻ മറ്റ് വേദഭാഗങ്ങൾ പരിശോധിക്കാം:

2️⃣ മഹാദൈവം: ഈ വേദഭാഗം ഒഴികെ, മഹാദൈവം എന്ന പ്രയോഗം മറ്റ്  ആറ് സ്ഥാനങ്ങളിൽക്കൂടി കാണാം: “നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.” (ആവ, 10:17. ഒ.നോ: എസ്ര, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:45; വെളി, 19:18). മേല്പറഞ്ഞ സഹായ വാക്യങ്ങളിലെല്ലാം യഹോവയായ പിതാവാണ് മഹാദൈവം എന്ന് കാണാൻ കഴിയും. രണ്ട് മഹാദൈവം എന്നത്, വചനവിരുദ്ധവും യുക്തിവിരുദ്ധവുമാണ്. തന്മൂലം, തീത്തൊസിലെ മഹാദൈവം പുത്രനല്ല പിതാവാണെന്ന് മനസ്സിലാക്കാം. 

3️⃣ ദൈവം ഒരുത്തൻ മാത്രം: ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവൂം പ്രാർത്ഥനയുമാണ്. (ആവ, 6:4:9). ഏകൻ, ഏകസത്യദൈവം, ഒരുവൻ, ഒരുത്തൻ മാത്രം, ദൈവവും പിതാവുമായവൻ ഒരുവൻ, പിതാവായ ഏകദൈവം എന്നിങ്ങനെയാണ് ബൈബിൾ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്: യഹോവ: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 43:10; 44:8; 45:5; 46:9). ക്രിസ്തു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou – the only God), പിതാവ് മാത്രമാണ് സത്യദൈവം (pater ton monon alethinon theon – Father, the only true God) എന്നും (യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only) എന്നും (മത്താ, 4:10; ലൂക്കൊ, 4:8), ആ നാളും നാഴികയും എൻ്റെ പിതാവ് മാത്രം (My Father only) അല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ ക്രിസ്തു പറഞ്ഞത്, പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ്. പഴയനിയമ മശിഹമാർ: “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ അഭിഷിക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). അപ്പൊസ്തലന്മാർ: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24. ഒ.നോ: റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ”ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14). ദൈവം, യഹോവ അഥവാ, പിതാവ് ഒരുത്തൻ മാത്രമാണെങ്കിൽ, തീത്തൊസിലെ മഹാദൈവം പുത്രനല്ല; പിതാവാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

4️⃣ താൻ ദൈവമല്ലെന്ന് ദൈവപുത്രൻ കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പറഞ്ഞിട്ടുണ്ട്. യഹോവ അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറ പറഞ്ഞിട്ടുണ്ട്. താൻ ദൈവമല്ലെന്ന് ദൈവപുത്രൻ പറഞ്ഞിരിക്കുന്ന രണ്ട് തെളിവുകൾ തരാം:

1. ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (monou theou) ആണ്. ഇംഗ്ലീഷിൽ God alone ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ് (monos). ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പ്രഥമപുരുഷ സർവ്വനാമത്തിൽ ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ, ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു നുണയനും വഞ്ചകനും ആണെന്ന് സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല.

2. പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അലതിനോൻ തിയോൻ (Pater ton monon alethinon theon) ആണ്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെയും സിംഗിളിനെ കുറിക്കുന്ന യാഹീദ് തുല്യമായ മോണോസ് കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ലെന്നാണ് വചനം പറയുന്നത്. (യോഹ, 3:36). താൻ മനുഷ്യനാണെന്ന് മൂന്നുപ്രാവശ്യം ക്രിസ്തു പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, തീത്തൊസ് പറയുന്ന മഹാദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

5️⃣ ദൈവവും ദൈവപുത്രനും: ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം മനുഷ്യനല്ല; ആത്മാവാണ്: (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ, ദൈവപുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പരിശുദ്ധമനുഷ്യനാണ്: (യോഹ, 6:69; 8:40). ദൈവം ആദ്യനും അന്ത്യനും അഥവാ, ആരംഭവും അവസാനവും ഇല്ലാത്തവനും അനാദിയായും ശാശ്വതമായും ദൈവമാണ്: (സങ്കീ, 90:2; യെശ, 44:6). എന്നാൽ, ദൈവപുത്രനായ യേശുവിന് ജനനം എന്ന ഒരു ആരംഭമുണ്ട്. (ആവ, 18:15,18; യെശ, 7:14; മീഖാ, 5:2; മത്താ, 1:21; 2:1; ലൂക്കൊ, 1:35; 2:7; റോമ, 9:5; ഗലാ, 4:4). അനേകർ വിചാരിക്കുന്നതുപോലെ, (ഇല്ലാത്ത) ഒരു പുത്രദൈവത്തിൻ്റെ അവതാരമല്ല ക്രിസ്തു; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” (He was manifest in the flesh) എന്നാണ് കാണുന്നത്. അവിടുത്തെ, ‘അവൻ’ (He) എന്ന ‘സർവ്വനാമം’ മാറ്റിയിട്ട്, തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God was manifest in the flesh) എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). യേശുവിൻ്റെ ജനനത്തിനു മുമ്പുതന്നെ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത് ഇപ്രകാരമാണ്: “യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കപ്പെട്ടവന്‍. അവന്‍ തന്‍റെ ജനത്തെ സന്ദര്‍ശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ 1:68. ഒ.നോ: യെശ, 25:8-9; 35:4-6; 40:3). യിസ്രായേലിൻ്റെ ദൈവമായ കർത്താവ് എന്നാൽ, യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല: (പുറ, 5:1; 32:27; 34:23). അതായത്, യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രവചനംപോലെ, കന്യകയിൽ ഉല്പാദിപ്പിച്ച പരിശുദ്ധമനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18: 15,18; സങ്കീ, 40:6–എബ്രാ, 10:5; മത്താ, 1:20; ലൂക്കൊ, 21; യോഹ, 6:69; 8:40). താൻ മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുവും (മത്താ, 11:19; ലൂക്കൊ, 7:34) അപ്പൊസ്തലന്മാരും (മത്താ, 26:72,74; മർക്കൊ, 14:71; പ്രവൃ, 2:22, റോമ, 5:15; 1കൊരി, 15:21,47; 1തിമൊ, 2:6) ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ ജഡത്തിലെ അഥവാ, മനുഷ്യനായിട്ടുള്ള വെളിപ്പാടും ആരംഭമുള്ളവനുമായ ദൈവപുത്രൻ മഹാദൈവമാണെന്ന് പറയാൻ പറ്റില്ല. തന്മൂലം, തീത്തൊസിൽ പറയുന്ന മഹാദൈവം പുത്രനല്ല; പിതാവാണെന്ന് മനസ്സിലാക്കാം. [മുഴുവൻ തെളിവുകളും കാണാൻ, ദൈവഭക്തിയുടെ മർമ്മം, യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ? എന്നീ ലേഖനങ്ങൾ കാണുക]

6️⃣ രക്ഷിതാവായ യേശുക്രിസ്തു: “മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു” എന്നാണ് പ്രസ്തുത വാക്യത്തിൽ പറയുന്നത്. ഈ വേദഭാഗം കൂടാതെ തീത്തൊസിൻ്റെ ലേഖനത്തിൽ അഞ്ചുപ്രാവശ്യം രക്ഷിതാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിൽ മൂന്നുപ്രാവശ്യം ദൈവത്തെയാണ് കുറിക്കുന്നത്: “നമ്മുടെ രക്ഷിതാവായ ദൈവത്തിൻ്റെ കല്പനപ്രകാരം.” (1:1. ഒ.നോ: 2:9; 3:4). രണ്ടുപ്രാവശ്യം ദൈവപുത്രനെയാണ് കുറിക്കുന്നത്: “പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽ നിന്നും, നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (1:4. 3:7). തീത്തൊസ് 3:7-ൽ പറയുന്ന രക്ഷിതാവായ യേശുക്രിസ്തുവും പുത്രനാണെന്ന് മനസ്സിലാക്കാം: നാലാം വാക്യത്തിൽ രക്ഷിതാവായ ദൈവത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയിട്ട്, ദൈവത്തിൻ്റെ കരുണയാലാണ് രക്ഷിച്ചതെന്ന് അഞ്ചാം വാക്യത്തിലും, ദൈവത്തിൻ്റെ കൃപയാലും പുനർജ്ജനനസ്നാനം കൊണ്ടുമാണ് നിത്യജീവന് അവകാശികളായതെന്ന് ആറാം വാക്യത്തിലും പറഞ്ഞശേഷമാണ്, രക്ഷിതാവായ യേശുക്രിസ്തുമൂലം അഥവാ, മൂഖാന്തരം പരിശുദ്ധാത്മാവിനെ പകർന്നകാര്യം പറയുന്നത്. ദൈവപുത്രൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ് ദൈവം പരിശുദ്ധാത്മാവെന്ന വാഗ്ദത്ത സഭയ്ക്ക് നല്കിയത്. (യോഹ, 7:37-39; പ്രവൃ, 2:33). പഴയപുതിയനിയമ രക്ഷകൻ: പഴയനിയമത്തിൽ രക്ഷയും (സങ്കീ, 106:5; 149:4) രക്ഷകനും (2ശമൂ, 22:2; സങ്കീ,18:2; 30:10; 144:2; യെശ, 43:3; 60:16) രക്ഷിതാവും (2ശമൂ, 22:3; സങ്കീ, 106:22; യെശ, 43:11; 45:15; 45:21; 49:26; 63:8; യിരെ, 14:8; ഹോശേ, 13:5) വീണ്ടെടുപ്പുകാരനും (സങ്കീ, 19:14; 78:35; യെശ, 41:14; 43:14; 44:6; 44:24; 47:4; 48:17; 49:7; 49:26; 54:5; 54:8; 54:20; 60:16; 63:16; യിരെ, 50:34) യഹോവയായ ഏകദൈവമാണ്. സകല ഭൂവാസികളുടെയും രക്ഷകൻ യഹോവയായ ദൈവം മാത്രമാണെന്ന് പറഞ്ഞിരിക്കുന്നു: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). രക്ഷയ്ക്കുള്ള ഏകനാമം യഹോവയാണ്: “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). എന്നാൽ, പഴയനിയമം ഉദ്ധരിച്ചുകൊണ്ട്, “കർത്താവിൻ്റെ അഥവാ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ രക്ഷിക്കപ്പെടും” എന്നു പുതിയനിയമവും പറയുന്നു: (പ്രവൃ, 2:22; റോമ, 10:13). എന്നാൽ, മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തു എന്ന ഏകനും ആ നാമവുമല്ലാതെ, വേറൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറയുന്നു: (പ്രവൃ, 4:10-12). പുതിയനിയമത്തിൽ രക്ഷയും (ലൂക്കൊ, 2:31; 3:5) രക്ഷിതാവും (ലൂക്കൊ, 2:11; പ്രവൃ, 5:31; 13:23;എഫെ, 5:23; ഫിലി, 3:20; 2തിമൊ, 1:10; തീത്തൊ, 1:4) 2:12; 3:7; 2പത്രൊ, 1:11; 2:20; 3:2; 3:18) രക്ഷാനായകനും (എബ്രാ, 2:10) ലോകരക്ഷിതാവും (യോഹ, 4:42; പ്രവൃ, 4:12; 1യോഹ, 4:14) വീണ്ടെടുപ്പുകാരനും (ലൂക്കൊ, 24:21; റോമ, 3:24; 1കൊരി, 1:30; എഫെ, 1:7; കൊലൊ, 1:14; എബ്രാ, 9:14; 9:15; 1പത്രൊ, 1:18) ദൈവപുത്രനായ യേശുക്രിസ്തുവാണ്. പുതിയനിയമത്തിൽ ദൈവത്തെയും രക്ഷിതാവെന്ന് വിളിച്ചിട്ടുണ്ട്: (ലൂക്കൊ, 1:47; 1തിമൊ, 1:1; 2:3; 4:10; തീത്തൊ, 1:1; 2:9; 3:4; യൂദാ, 1:24). പഴയനിയമത്തിൽ യഹോവ മാത്രമാണ് രക്ഷിതാവെങ്കിൽ. പുതിയനിയമത്തിൽ പിതാവും പുത്രനും രക്ഷിതാവാണെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്. അതിൻ്റെ കാരണം രണ്ടാണ്: 1. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് ദൈവപുത്രൻ. (1തിമോ, 3:14-16; ലൂക്കൊ, 1:68).അഥവാ,, യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായ കന്യകയിൽ ഉല്പാദിപ്പിച്ച ദേഹവും 1പത്രൊ 2;24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (യോഹ, 6:69; 8:40). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ യേശുവെന്ന പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). 2. പ്രവചനംപോലെ, മനുഷ്യനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:22-24,36). അതുകൊണ്ടാണ്, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലാണ് രക്ഷയെന്ന് പൗലൊസും പത്രൊസും പറയുന്നത്. (റോമ, 5:15; പ്രവൃ, 15:11). ക്രിസ്തു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ദൈവത്തെയും ക്രിസ്തുവിനെയും രക്ഷിതാവെന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത്. തന്മൂലം, തീത്തൊസ് 2:12-ലെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തു പുത്രനല്ല; പിതാവാണെന്ന് മനസ്സിലാക്കാം. 

7️⃣ തേജസ്സിൻ്റെ പ്രത്യക്ഷത: മഹാദൈവത്തിൻ്റെ തേജസ്സിലുള്ള അഥവാ, മഹത്വത്തോടെയുള്ള പ്രത്യക്ഷതയാണ് തീത്തൊസിലെ വിഷയം. മഹത്വത്തിൽ വരുന്നത് യഹോവയാണ് എന്ന് തെളിയിക്കുന്ന ഏഴ് പ്രവചനങ്ങൾ പഴയനിയമത്തിലുണ്ട്: 1.യഹോവ മേഘാരൂഢനായി വരുന്നതായി പറഞ്ഞിട്ടുണ്ട്. (ആവ, 33:26). 2.മഹത്വത്തിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്. (102:15-17). 3.പ്രതിഫലം നല്കാൻ വരുന്നതായി പറഞ്ഞിട്ടുണ്ട്. (യെശ, 40:10). 4.അഗ്നിയിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്. (യെശ,  66:15,16). 5.കാഹള നാദത്തോടെ വരുന്നതായി പറഞ്ഞിട്ടുണ്ട്. (സെഖ, 9:14). 6.ഒലിവുമലയിൽ വരുന്നതായി പറഞ്ഞിട്ടുണ്ട്. (സെഖ, 14:3-4). 7.സകല വിശുദ്ധന്മാരുമായി വരുമെന്ന് പറഞ്ഞിട്ടുണ്ട്. (സെഖ, 14:5). ആ ഏഴ് പ്രയോഗങ്ങളും പുതിയനിയമത്തിലും കാണാം: (വെളി, 1:7; തീത്തൊ, 2:12; വെളി, 22:12; 2തെസ്സ, 1:6,7; 1തെസ്സ, 4:16; പ്രവൃ, 1:11; 1തെസ്സ, 3:13). വേറെയും പ്രവചനങ്ങളുണ്ട്: (1കൊരി, 1:7; 1തെസ്സ,, 2:19;റ5:23; 2തെസ്സ, 2:6,8; 2:1; 1തിമൊ, 6:13; 2തിമൊ, 4:1,8; എബ്രാ, 9:28; യാക്കോ, 5:7-8; 1പത്രൊ, 1:7; 1:13; 5:4; 2പത്രൊ, 1:16). എന്നാൽ, പിതാവാണ് പ്രത്യക്ഷനാകുന്നതെന്നും അവനോടാണ് നാം സദൃശന്മാരാകുന്നതെന്നും യോഹന്നാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.” (1 യോഹ. 3:1-2. ഒ.നോ: 2:28). ഈ വേദഭാഗത്ത്, “അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും” എന്നാണ് രണ്ടാം വാക്യത്തിൽ പറയുന്നത്. ‘അവൻ’ എന്നത് പ്രഥമപുരുഷ സർവ്വനാമമാണ്. ഒന്നാം വാക്യത്തിൽ, എഴുത്തുകാരനായ യോഹന്നാൻ സഭയുടെ പ്രതിനിധിയായി നിന്നുകൊണ്ടാണ്, ‘നാം’ എന്ന ഉത്തമപുരുഷനിൽ സംസാരിക്കുന്നത്, പ്രഥമപുരുഷനായ പിതാവിനെക്കുറിച്ചാണ്. എന്താണ് പറയുന്നത്: “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു.” ഒന്നാം വാക്യത്തിലെ പ്രഥമപുരുഷൻ പിതാവാണ്. പ്രഥപുരുഷൻ്റെ സർവ്വനാമമാണ്; അവൻ, അവൾ, അവർ, ഇവൻ, ഇവൾ, അത്, ഇത് തുടങ്ങിയവ. എന്നിട്ടാണ് പറയുന്നത്; “അവൻ അഥവാ, പിതാവ് പ്രത്യക്ഷനാകുമ്പോൾ നാം അവനോട് സദൃശന്മാരാകും. തന്മൂലം, പുത്രനല്ല; പിതാവാണ് ഇനി തേജസ്സിൽ പ്രത്യക്ഷനാകുന്നത് എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഒ.നോ: (1യോഹ, 2:28; വെളി, 22:12). 

8️⃣ തീത്തോസിൻ്റെ അടുത്തവാക്യത്തിൽ അഥവാ, 2:14-ൽ ഇപ്രകാരം കാണാം: “അവന്‍ നമ്മെ സകല അധര്‍മത്തില്‍നിന്നും വീണ്ടെടുത്തു സല്‍പ്രവൃത്തികളില്‍ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിനു തന്നെത്താന്‍ നമുക്കുവേണ്ടി കൊടുത്തു.” മഹാദൈവമായ യേശുക്രിസ്തുവിനെക്കുറിച്ച് പറഞ്ഞശേഷമാണ്, അവൻ ‘തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു’ എന്നു പറഞ്ഞിരിക്കുന്നത്. അതിനാൽ, അവിടെപ്പറുന്ന മഹാദൈവം ദൈവപുത്രനാണെന്ന് കരുതുന്നവരുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്നും താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞതും നാം മുകളിൽ കണ്ടതാണ്. അതിനാൽ, അവിടെപ്പറയുന്നത് ദൈവപുത്രനല്ല; പിതാവാണ്. ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ, ദൈവത്തിന് മനുഷ്യനായി വേഷം മാറാനോ, അവതാരം എടുക്കാനോ, മരിക്കാനോ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17; 1തിമൊ, 6:16). അതുകൊണ്ടാണ്, ഏകദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു പരിശുദ്ധമനുഷ്യനെ ഉല്പാദിപ്പിച്ചത്. (മത്താ, 1:21; ലൂക്കൊ, 1:35; ലൂക്കൊ, 2:21; യോഹ, 6:69; 8:40). എന്നിട്ട്, ആ മനുഷ്യനിലൂടെയാണ് ദൈവം പാപത്തിന് പാപപരിഹാരം വരുത്തിയത്. (പ്രവൃ, 2:22-24; 1തീമൊ, 2:6; എബ്രാ, 2:9). നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാലാണ്, “തന്നെത്താന്‍ നമുക്കുവേണ്ടി കൊടുത്തു” എന്ന് പറഞ്ഞിരിക്കുന്നത്. അതിന് പല തെളിവുകളുമുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് തന്നെയാണെന്ന് പിതാവായ യഹോവ പറഞ്ഞിരിക്കുന്നത് കാണാം. (സെഖ, 12:10. ഒ.നോ: യോഹ, 19:37). സെഖര്യാവ് 12:10-ൻ്റെ സത്യവേദപുസ്തകം പരിഭാഷ തെറ്റാണ്; മലയാളത്തിലെ, ബെഞ്ചമിൻബെയ്ലി, വിശുദ്ധഗ്രന്ഥം തുടങ്ങിയ പരിഭാഷകളോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. ദൈവപുത്രനായ മനുഷ്യനെയാണ് കുത്തിത്തുളച്ചത്. (യോഹ 19:32). അവൻ തൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായതുകൊണ്ടാണ്, തന്നെയാണ് കുത്തിയതെന്ന് യഹോവ പറയുന്നത്. 1കൈരിന്മർ 2:7-8-ൽ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം അറിയായ്കയാലാണ്, അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിച്ചതെന്ന് പൗലൊസ് പറയുന്നത് നോക്കുക. മഹത്വത്തിൻ്റെ രാജാവ് യഹോവയാണെന്ന് പഴയനിയമത്തിൽ കാണാം. (സങ്കീ, 24:10). യഹോവയും യേശുവും ഒന്നായതുകൊണ്ട് അഥവാ, ക്രിസ്തു യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് അതൊക്കെ പറയാൻ കഴിയുന്നത്. [മുഴുവൻ തെളിവുകളും അറിയാൻ ആഗ്രഹിക്കുന്നവർ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ ദയവായി കാണുക]

9️⃣ മൂന്ന് വെളിപ്പാടുകൾ: അദൃശ്യനായ ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളിലൂടെയാണ് സുവിശേഷചരിത്രം പൂർത്തിയാക്കിയത്. യോർദ്ദാനിലെ അഭിഷേകത്താലുള്ള ആത്മാവിൻ്റെ ശക്തിയോടെയാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് യേശുവെന്ന മനുഷ്യനാണ്. (യോഹ, 8:40). അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചത്, യോർദ്ദാനിലെ അഭിഷേകം മുതൽ തന്നോടുകൂടെയിരുന്ന ദൈവത്താലാണ്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2). അവൻ പാപമോചനം നല്കിയത്, ദൈവം കൊടുത്ത അധികാരത്താലാണ്. (മത്താ, 9:8). യേശുവെന്ന മനുഷ്യൻ തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; റോമ, 10:9; എബ്രാ, 7:27; 9:11-12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്നു് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, ജീവനുള്ള ദൈവമായ യഹോവ മനുഷ്യനായും ദൈവമായും അദൃശനായ ആത്മാവായും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. ഇനി ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷനാകുന്നത് മഹാദൈവമായ യഹോവയാണ്. (സെഖ, 14:1-4. ഒ.നോ: ആവ, 10:17; എസ്രാ, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:46). പുതിയനിയമത്തിൽ പിതാവിൻ്റെ നാമവും പുത്രൻ്റെ നാമം ഒന്നുതന്നെയാണ്. (യോഹ, 5:43; 17:11-12. ഒ.നോ: മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5). [മുഴുവൻ തെളിവുകളും കാണാൻ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്? എന്ന വീഡിയോ കാണുക]. അതുകൊണ്ടാണ്, മഹാദൈവമായ യേശുക്രിസ്തു തേജസ്സിൽ പ്രത്യക്ഷനാകുമെന്ന് പൗലൊസ് പറഞ്ഞതും അവൻ പോയപോലെ മടങ്ങിവരുമെന്ന് ദൂതന്മാർ പ്രവചിച്ചതും: (തീത്തൊ, 2:11-12; പ്രവൃ, 1:11. വെളി, 19:18). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). 

🔟 ഞാനും പിതാവും ഒന്നാകുന്നു: ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. അങ്ങനെയൊരു പ്രയോഗം ലോകത്തിൽ ആരും പറഞ്ഞതായിട്ടും കാണാൻ കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നരായിരുന്നതുകൊണ്ടാണ് (1തിമൊ, 2:5-6), ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ഒന്നൂകൂടി വ്യക്തമാക്കിയാൽ, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വവും സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവെന്ന നിലയിലാണ്. പ്രത്യുത, നിത്യമായ അസ്തിത്വം വചനമെന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമാബദ്ധമായി മാറും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! 

[കൂടുതൽ അറിവുകൾക്കായി, ദൈവഭക്തിയുടെ മർമ്മം, ഞാനും പിതാവും ഒന്നാകുന്നു, യഹോവയും യേശുവും ഒന്നാണോ? തുടങ്ങിയ ലേഖനങ്ങൾ കാണുക]

യേശു, ക്രിസ്തു ആയത് എപ്പോഴാണ്❓

മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണ് അർത്ഥം. അതായത്, ക്രിസ്തു അഥവാ, അഭിഷിക്തൻ എന്നാൽ; ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ്. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ, പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, പുതിയനിയമത്തിൽ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശു മാത്രമാണ്. എന്നാൽ, ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട്, അവൻ ജനനത്തിൽത്തന്നെ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. വാക്യം ഇപ്രകാരമാണ്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊ, 2:11). ഇതാണ്, യേശു ജനനത്തിൽത്തന്നെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയിരുന്നു എന്ന് കരുതാൻ കാരണമായ വാക്യം.

ഒന്നാമത് മനസ്സിലാക്കേണ്ടത്, സെഖര്യാ പുരോഹിതനോടും കന്യകയായ മറിയയോടും അവളുടെ ഭർത്താവായ യോസേഫിനോടുമുള്ള ഗബ്രീയേൽ ദൂതൻ്റെ വന്ദനവും ആമുഖവും ഒഴികെ മറ്റെല്ലാം, യേശുവിൻ്റെ ജനനത്തെക്കുറിച്ചും അനന്തര സംഭവങ്ങളെക്കുറിച്ചുമുള്ള പ്രവചനങ്ങൾ ആയിരുന്നു. രണ്ടാമത്, യേശു ജനനത്തിൽത്തന്ന രക്ഷിതാവായ കർത്താവോ ക്രിസ്തുവോ ആയിരുന്നില്ല. മരണത്തിൻ്റെ അധികാരിയായ പിശാചിനെ യേശു തൻ്റെ മരണത്താൽ നീക്കിയ ശേഷമാണ്, ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത്. (എബ്രാ, 2:14-15). പെക്കൊസ്തുനാളിൽ പത്രൊസ് അപ്പൊസ്തലൻ ഈ വസ്തുത ജനത്തോട് വിളിച്ചുപറയുകയുണ്ടായി. (പ്രവൃ, 2:22-24,36). മൂന്നാമത്, ദൂതൻ്റേത് ഒരു പ്രവചനമാണ് എന്നതിൻ്റെ തെളിവ് ആ വേദഭാഗത്തുതന്നെ ഉണ്ട്. അതിൻ്റെ 10-ാം വാക്യം: “ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.” (ലൂക്കൊ, 2:10). ബേത്ലഹേമിൽ, യേശു ജനിച്ചശേഷം അഥവാ, അവൻ്റെ ജനനം ചരിത്രം ആയശേഷമാണ് ദൂതൻ ഇടയന്മാരോട് ഇത് പറയുന്നതെന്ന് ഓർക്കണം. ദൂതൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: സർവജനത്തിനും ഉണ്ടായ മഹാസന്തോഷം എന്നല്ല; ഉണ്ടാകുവാനിരിക്കുന്ന മഹാസന്തോഷം നിങ്ങളോട് സുവിശേഷിക്കുന്നു എന്നാണ് പറഞ്ഞത്. അവൻ്റെ ജനനത്തിൽത്തന്നെ അവൻ ക്രിസ്തുവും കർത്താവും ആയിരുന്നെങ്കിൽ, സർവ്വജനത്തിനും ഉണ്ടായ സന്തോഷം എന്ന് ഭൂതകാലത്തിൽ പറയുമായിരുന്നു. എന്നാൽ, ഭൂതകാലത്തിലല്ല; ഉണ്ടാകുവാനുള്ള സന്തോഷം എന്ന് ഭാവികാലത്തിലാണ് പറയുന്നത്. അടുത്ത വാക്യം: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” ഈ വേദഭാഗത്ത്, ജനിച്ചിരിക്കുന്നു എന്ന് ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, കന്യകയിൽ; ഒരു പാപമറിയാത്ത മനുഷ്യ ശിശു ജനിച്ചു കഴിഞ്ഞു. അതുകൊണ്ടാണ്, ജനിച്ചിരിക്കുന്നു എന്ന് പറഞ്ഞത്. എന്നാൽ, അവൻ ക്രിസ്തുവും മനുഷ്യരുടെ രക്ഷിതാവായ കർത്താവും ആകുവാൻ ഇരിക്കുന്നതേയുള്ളു; അതാണ്, സർവ്വജനത്തിനും ഉണ്ടാകുവാനിക്കുന്ന മഹാസന്തോഷം. തന്മൂലം, യഥാർത്ഥത്തിൽ അതൊരു പ്രവചനവും ഇടയന്മാരോട് അറിയിച്ച ഒരു സദ്വാർത്ത അഥവാ, സുവിശേഷവും ആണെന്ന് മനസ്സിലാക്കാം. നാലാമത്, ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, അത് മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനത്തെക്കുറിച്ച് മൂന്ന് കാലങ്ങളിലും പറഞ്ഞിട്ടുണ്ട്. (യൂദാ, 1:15; വെളി, 1:7; എബ്രാ, 10:37). തന്മൂലം, അതൊരു പ്രവചനം ആണെന്നും അതിൻ്റെ നിവൃത്തി ഭാവികമാണെന്നു വ്യക്തമായി മനസ്സിലാക്കാം. അഞ്ചാമത്, ദൂതൻ മാത്രമല്ല യേശുവിൻ്റെ അഭിഷേകത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്, യെശയ്യാവും പ്രവചിച്ചിട്ടുണ്ട്. (യെശ, 61:1-2). ഈ രണ്ടു പ്രവചനങ്ങളും എപ്പോഴാണ് നിവൃത്തിയായത് എന്നാണ് ഇനി അറിയാനുള്ളത്:

ആദ്യം, യേശു ആരാണെന്നറിയണം; എന്നാൽ മാത്രമേ, അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത് എപ്പോഴാണെന്നും എന്തിനാണെന്നും അറിയാൻ കഴിയുകയുള്ളു. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട യേശു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; യിരെ, 10:10; 1പത്രൊ, 1:20). അവൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ, പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (റോമ, 5:15; 2കൊരി, 5:21). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് പൗലൊസ് വ്യക്തമാക്കുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ഈ വസ്തുത യേശുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46. ഒ.നോ: 2കൊരി, 5:21). അതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്. (യോഹ, 6:69). യേശു മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23;46) പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46). “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യൻ. (എബ്രാ, 10:5; സങ്കീ, 40:6). ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം, അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്.

ഇനി നമുക്ക് യേശുവെന്ന മനുഷ്യൻ ക്രിസ്തു ആയത് എപ്പോഴാണെന്ന് നോക്കാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). എന്തെന്നാൽ, അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? എന്തെന്നാൽ, ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നാണ് ക്രിസ്തു പറഞ്ഞത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11). കൊർന്നേല്യൊസിൻ്റെ ഭവനത്തിൽവെച്ച് പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.”‘ (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; 4:18,19; പ്രവൃ, 4:27). അതായത്, യോർദ്ദാനിൽ വെച്ചാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചന നിവൃത്തിപോലെ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കൊ, 9:20).

താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ്, സ്വന്തപട്ടണമായ നസറെത്തിലെ പള്ളിയിൽ നിന്ന് യേശുവെന്ന ക്രിസ്തു തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14-15). പിന്നെ വായിക്കുന്നത് ഇപ്രകാരമാണ്: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും” “കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട്: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു” എന്നു പറഞ്ഞുതുടങ്ങി. (ലൂക്കൊ, 4:16-21). 16-ാം വാക്യം ശ്രദ്ധിക്കുക; ”യേശു പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റു നിന്നു. യേശു നസറെത്തിലെ ആ പള്ളിയിൽ (synagoge) ആയിരുന്നു പതിവായി പോയിരുന്നത്. എന്നാൽ, അന്നൊന്നും അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയിരുന്നില്ല. എന്നാൽ, യോർദ്ദാനിലെ അഭിഷേകാനന്തരം, പള്ളിയിൽവെച്ച് യെശയ്യാപ്രവചനം 61:1-2 വാക്യങ്ങൾ വായിച്ചശേഷം പറയുന്നത് നോക്കുക: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” (ലൂക്കൊ, 4:21). അതായത്, പതിവായി പള്ളിയിൽ പോയിരുന്നവൻ, പതിവായി ന്യായപ്രമാണം വായിച്ചിരുന്നവൻ യെഹൂദ്യയിൽപ്പോയി യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചശേഷം, നസറെത്തിലെ പള്ളിയിൽ മടങ്ങിവന്നിട്ടു പറയുന്നു: “ഇന്നു ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” തന്മൂലം, യേശു ജനിച്ച് 30 വർഷം കഴിഞ്ഞാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യേശു ക്രിസ്തു ആയതെന്ന് അവൻ്റെ വാക്കിനാൽതന്നെ സ്ഫടികസ്ഫുടം വ്യക്തമാകുന്നു. പ്രവചനം എന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തു ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). ഒരുകാര്യംകൂടി പ്രത്യേകം ഓർക്കുക: ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. അതായത്, ദൈവം ദൈവത്തെയല്ല അഭിഷേകം ചെയ്തത്; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന മനുഷ്യനെയാണ്. ബൈബിളിൽ യേശു ഉൾപ്പെടെ ഇരുപതോളം അഭിഷിക്തന്മാരുടെ അഥവാ, മശീഹമാരുടെ പേർ പറഞ്ഞിട്ടുണ്ട്. അതിൽ, ഒറ്റ ദൂതൻപോലും ഇല്ല. എന്തെന്നാൽ, ദൂതന്മാർക്ക് അഭിഷേകം ആവശ്യമില്ല; അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്. ദൂന്മാർക്കുപോലും ആവശ്യമില്ലാത്തെ അഭിഷേകം യേശുവിനു ആവശ്യമായി വന്നത്, അവൻ ദൂദന്മാരെക്കാൻ താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്. (എബ്രാ, 2:9). ഇതൊക്കെ, ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളാണ്. തന്നെയുമല്ല, ദൂതന്മാർക്കുപോലും, വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല; യേശുവെന്ന ക്രിസ്തുവിന് ഇതെല്ലാമുണ്ട്. എന്തെന്നാൽ, ഏകദൈവമായ യഹോവ മനുഷ്യരുടെ പാപപരിഹാരാർത്ഥം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23;46; യോഹ, 8:40,46; 2കൊരി, 5:21). ഇതാണ് ക്രിസ്തുവിനെക്കുറിച്ച്, ബൈബിൾ വെളിപ്പെടുത്തുന്ന ആത്മിക ചരിത്ര വസ്തുകൾ. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചുവോ?

“അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പത്തി 18:1,2).

അബ്രാഹാമിൻ്റെ അടുക്കൽവന്ന മൂന്നു പുരുഷന്മാർ ട്രിനിറ്റി ആയിരുന്നെന്നും അവനവരെ ആരാധിച്ചു എന്നുമാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. അത് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിനെതിരെയുള്ള ട്രിനിറ്റിയുടെ ദൂഷണമാണെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഇല്ലാത്ത ട്രിനിറ്റിയെ അബ്രാഹാം എങ്ങനെ ആരാധിക്കും? അതിനോടുള്ള ബന്ധത്തിൽ ചിലകാര്യങ്ങൾ പറയാം:

1. അബ്രാഹാമിനു പ്രത്യക്ഷനായത് ട്രിനിറ്റി അഥവാ ദൈവത്തിലില്ലാത്ത മൂന്നാളുകൾ ആയിരുന്നില്ല; യഹോവയായ ഏദൈവവും രണ്ടു ദൂതന്മാരും ആയിരുന്നു. അതിൻ്റെ തെളിവ് ഒന്നാം വാക്യത്തിൽത്തന്നെയുണ്ട്. ട്രിനിറ്റി ആയിരുന്നെങ്കിൽ, “യഹോവ അവന്നു പ്രത്യക്ഷനായി” എന്നു പറയാതെ, ട്രിനിറ്റി പ്രത്യക്ഷനായെന്നോ, പിതാവും പുത്രനും പരിശുദ്ധാത്മാവും പ്രത്യക്ഷനായെന്നോ, യഹോവയും യേശുവും ആത്മാവും പ്രത്യക്ഷനായെന്നോ, അല്ലെങ്കിൽ മൂന്നുപേർ പ്രത്യക്ഷനായി എന്നോ പറയുമായിരുന്നു. എന്തെന്നാൽ, ട്രിനിറ്റിയുടെ വ്യാജവാദമനുസരിച്ച് ദൈവം തുല്യരായ മൂന്നുപേരാണ്. തുല്യരായ മൂന്നുപേർ ഒരുമിച്ചു പ്രത്യക്ഷനാകുമ്പോൾ, അതിൽ ഒരാളുടെ പേർമാത്രം എടുത്തുപറയില്ലല്ലോ? എന്നാൽ വസ്തുതയെന്താണ്; യഹോവയും രണ്ടു ദൂതന്മാരുമാണ് അവിടെ പ്രത്യക്ഷനായത്. സ്രഷ്ടാവായ ദൈവവും തൻ്റെ സൃഷ്ടികളായ രണ്ടു ദൂതന്മാരും ആയതുകൊണ്ടാണ് യഹോവയുടെ പേർമാത്രം പറഞ്ഞിരിക്കുന്നത്.

2. അബ്രാഹാം കണ്ടത് മൂന്നു പുഷന്മാരെ (men) അഥവാ മനുഷ്യരെയാണ്. അതായത്, യഹോവയും രണ്ടു ദൂതന്മാരും മൂന്നു മനുഷ്യരായിട്ടാണ് അവന് പ്രത്യക്ഷനായത്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (18:2). ആ മൂന്നു മനുഷ്യരെ കണ്ടപ്പോൾ, അവനവരെ ആരാധിക്കുകയല്ല ചെയ്തത്, “നിലംവരെ കുനിഞ്ഞു” (bowed himself toward the ground). ഇതിലെവിടെയാണ് ആരാധനയുള്ളത്? ആചാരപമായി അവരെ സ്വികരിക്കുകയായിരുന്നു. അതിന് ട്രിനിറ്റി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്, “Abraham bowed down wordhiped the Trinity” എന്നാണ്. ആരാധനയുംആചാരപരമായ നമസ്കാരവുംവേർതിരിച്ച് അറിയാത്തതിൻ്റെയും പഠിക്കാത്തതിൻ്റെയും കുഴപ്പമാണ്.

എന്താണ് അവിടെ സംഭവിച്ചതെന്നു ചോദിച്ചാൽ: പഴയപുതിയനിയമങ്ങളിൽ നമസ്കാരത്തിന് ഉപയോഗിച്ചിരിക്കുന്ന പദം ദൈവത്തെ ആരാധിക്കുന്നതിനും രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ലോത്ത് ദൂതന്മാരെയും (ഉല്പ, 19:1) അബ്രാഹാം ഹിത്യരെയും (ഉല്പ,23:7) ദേശത്തിലെ ജനത്തെയും (ഉല്പ, 23:12) യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3,6,7) സഹോദരന്മാർ യോസേഫിനെയും (ഉല്പ, 37:10,26,28) നമസ്കരിച്ചതിനും; എല്യേസറും (ഉല്പ,24:26,48,52) മോശെയും (പുറ, 34:8) ശൗലും (1ശമൂ, 1531) ദാവീദും (2ശമൂ, 12:20) യഹോവയെ ആരാധിച്ചതിനും ഷാഖാഹ് (shachah) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതേ പദംതന്നെയാണ് അതിഥികളെ ആചാരപരമായി കുമ്പിടുക, കുനിയുക എന്നതിനും ഉപയോഗിക്കുന്നത്. ഇവിടെ അബ്രാഹാം നിലംവരെ കുനിഞ്ഞതിനും, അടുത്ത അദ്ധ്യായതിൽ ലോത്ത് രണ്ടു ദൂതന്മാരെ കുനിഞ്ഞു നമസ്കരിച്ചതിനും അതേ പദമായ shachah ആണ് ഉപയോഗിച്ചിരിക്കുന്നത്.

3. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരുമാണെന്ന് അവിടെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. അബ്രാഹാം കണ്ടത് മൂന്നു പുരുഷന്മാരെയാണ്: (18:2). അതിൽ ഒരാളെ പത്തുപ്രാവശ്യം ആ അദ്ധ്യായത്തിൽ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,19,20,22,26,33). മറ്റുരണ്ടുപേരെക്കുറിച്ചു ഇങ്ങനെ കാണാം: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, യഹോവയോടു കൂടെവന്ന രണ്ട് പുരുഷന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. അടുത്ത അദ്ധ്യായം ആരംഭം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). “ആ രണ്ടു ദൂതന്മാർ (Angels – Malak) വൈകുന്നേരത്തു സൊദോമിൽ എത്തി.” യഹോവയോടൊപ്പം ഉണ്ടായിരുന്നത്, രണ്ടു ദൂതന്മാരാണെന്ന് വ്യക്തമാണല്ലോ. ഈ രണ്ടു ദൂതന്മാരെ അഥവാ, മലക്കുകളെയാണോ ട്രിനിറ്റി പുത്രനും പരിശുദ്ധാത്മാവുമെന്ന് പറയുന്നത്? വല്ലാത്ത ദുരുപദേശംതന്നെ!

4. അബ്രാഹാമിൻ്റെ അടുക്കൽ വന്ന മൂന്നു പുരുഷന്മാരെ അവൻ ആരാധിക്കുകയായിരുന്നില്ല; ഉപചാരപൂർവ്വം സ്വീകരിക്കുകയായിരുന്നു (greet) എന്നതിനും കൃത്യമായി തെളിവുണ്ട്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (18:1). ഇതാരാധന ആണെങ്കിൽ, സോദോമിൽച്ചെന്ന രണ്ടു ദൂതന്മാരെ ലോത്തും കുനിഞ്ഞു നമസ്കരിച്ചതായി കാണാം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (19:1). ദൂതന്മാരെ ലോത്ത് ആരാധിച്ചു എന്ന് ആരും പറയില്ലല്ലോ? ബൈബിളിൽ “നമസ്കരിക്കുക” എന്നു പറഞ്ഞാൽ എല്ലാം ആരാധനയല്ല എന്നു പ്രത്യേകം ഓർക്കുക. അബ്രാഹാം ആരെയും ആരാധിച്ചുമില്ല; അവിടെ ട്രിനിറ്റിയുമില്ല. അപ്പോൾ, “അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചു” എന്ന് ട്രിനിറ്റി പറയുന്നത് സാത്താന്യവഞ്ചനയാണെന്ന് മനസ്സിലാക്കാമല്ലോ?

ഇനിയൊരു പ്രത്യേകകാര്യം: അബ്രാഹാമിൻ്റെ മുമ്പിൽ ദൈവം ജഡത്തിൽ അഥവാ മനുഷ്യനായിട്ടാണ് വെളിപ്പെട്ടത്. ദൈവം ജഡത്തിൽ വെളിപ്പെട്ടത് പുതിയനിയമത്തിൽ മാത്രമല്ല; പഴയനിയമത്തിലെ കൃത്യമായ തെളിവാണ് ഈ സംഭവം:

1. യഹോവയും രണ്ടു ദൂതന്മാരുമാണല്ലോ അവിടെ പ്രത്യക്ഷനായത്. യഹോവ ഉൾപ്പെടെ മൂന്നുപേരും പൂർണ്ണ മനുഷ്യരായിട്ടാണ് അവടെ പ്രത്യക്ഷനായത്. യഹോവ ദൈവമായിട്ടാണ് അവിടെ പ്രത്യക്ഷമായിരുന്നതെങ്കിൽ, “അവനെ നമസ്കരിച്ചു എന്നോ അവനെ ആരാധിച്ചു” എന്നോ യഹോവയെമാത്രം പ്രത്യേകം പറയുമായിരുന്നു. പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചത്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, “അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു” (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി “അവനെ കുനിഞ്ഞു നമസ്കരിച്ചു” എന്നു പറയുമായിരുന്നു. അതായത്, അബ്രാഹാം മൂന്നു മനുഷ്യരെയും ഒരുപോലെ ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്തത്.  അതിനർത്ഥം മൂന്നുപേരും ഒരുപോലെ മനുഷ്യരായിട്ടാണ് അവന് വെളിപ്പെട്ടത്.

2. അബ്രാഹാം അവരോട് പറയുന്നത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പ, 18:3). യജമാനനെ കുറിച്ചിരിക്കുന്ന “അഡോണായി” (Adonay) എന്ന പദം പ്രധാനമായും ദൈവത്തെ കുറിക്കുന്നതാണെങ്കിലും അപൂർവ്വമായി മനുഷ്യരെയും സൂചിപ്പിച്ചിട്ടുണ്ട്.

ഇംഗ്ലീഷിലെ അനേകം പരിഭാഷകളിൽ യജമാനൻ അഥവാ lord എന്നത് “l” ചെറിയക്ഷരം (small letter) ആണ്. അത് മനുഷ്യരെയാണ് സൂചിപ്പിക്കുന്നത്. ഉദാ: (AB, ACV, ASV, BSB, CGV, CHB, CPDV, CSB, ERV, HCSB, ISV, JPIT, JPS, LEB, MSB, NASB 1977, NET, NHEB, NHEB-JM, NHEB-ME, NHEB-Y NIV,, NLT’15, NLV, NRSV-CI, Noibe, RSV, RSV-CE, RSV-CI, RV, WEB). ചില പരിഭാഷകളിൽ Sir ആണ്: (FBV, GW20, GWN, NAB, NCV, GNT, NHB’70, NOG, Rem, TLB, t4t).

സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിൽ “യജമാനന്മാരേ” എന്ന ബഹുവചനമാണ്: “യജമാനന്മാരേ, നിങ്ങള്‍ എന്നില്‍ പ്രസാദിക്കുന്നെങ്കില്‍ ഈ ദാസനെ കടന്നുപോകരുതേ. ഞാന്‍ കുറച്ച് വെള്ളം കൊണ്ടുവരട്ടെ.” International Standard Version-ലും ബഹുവചനമാണ്: “My lords,” he told them, “if I have found favor with you, please don’t leave your servant.” യെഹൂദന്മാരുടെ ഔദ്യോഗിക പരിഭാഷയായ തനക്കിലും (Tanakh) യജമാനന്മാർ എന്നാണ്: “And he said, “My lords, if only I have found favor in your eyes, please do not pass on from beside your servant.” തന്മൂലം, പൂർണ്ണമനുഷ്യനായിട്ടാണ് യഹോവ അബ്രാഹാമിനു പ്രത്യക്ഷനായതെന്ന് വ്യക്തമാണ്.

3. അബ്രാഹാം അവരോടു പറയുന്നത്: “അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു”

അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായിട്ടാണ് അവൻ അവരെ മനസ്സിലാക്കിയത്. അവർക്കായി ഭക്ഷണം ഒരുക്കാമെന്ന് പറഞ്ഞശേഷം, “ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു” എന്നാണ് പറയുന്നത്. അതായത്, അക്കാലത്ത് ദൂരയാത്ര ചെയ്യുന്ന വഴിയാത്രക്കാർ ദേശത്തിലെ സമ്പന്നരും കുലീനരും അതിഥിസൽക്കാരപ്രിയരും ആയവരുടെ അടുക്കലാണ് ഭക്ഷണംകഴിച്ച് വിശ്രമിക്കുകയും രാപാർക്കുകയും ചെയ്തിരുന്നത്. അബ്രാഹാം പറയുന്നത് നോക്കണം: “വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു.” അതായത്, ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായ മനുഷ്യരായിട്ടാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്.

4. “അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.” (ഉല്പ, 18:6-8). തുടർന്ന്, അബ്രാഹാം അപ്പവും കാളയിറച്ചിയും വെണ്ണയും പാലുമൊക്കെയായി വിഭവസമൃദ്ധമായ സദ്യ അവർക്ക് നല്കിയതായി കാണാം. ശേഷം, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും (18:9,10). സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ഏഴെട്ടുനാഴികയെങ്കിലും യഹോവ പൂർണ്ണമനുഷ്യനായി അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം.

അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി വന്നവൻ ആരായിരുന്നോ, അവൻ തന്നെയാണ് കാലസമ്പൂർണ്ണത വന്നപ്പോൾ ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ടത്. അതാണ് ദൈവഭക്തിയുടെ മോമ്മം: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:4-6; 40:3). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുതകൾ. [ക്രിസ്തുവിനെക്കുറിച്ച് കൂടുതൽ അറിയാൻ, ദൈവഭക്തിയുടെ മർമ്മം എന്ന ലേഖനം കാണുക]

ട്രിനിറ്റിക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയെക്കുറിച്ചോ, പ്രത്യക്ഷതകളെക്കുറിച്ചോ യാതൊരു ധാരണയും ഉള്ളവരല്ല. ബൈബിൾ വിരുദ്ധമായി ദൈവം മൂന്നുപേരാണെന്ന് വിശ്വസിക്കുകയും അതിലൊരാൾ അവതരിച്ചുവെന്നു വിശ്വസിക്കുകയും ചെയ്യുന്നവരാണ് ത്രിത്വക്കാർ. ദൈവം ഒരുത്തൻ മാത്രമാണ്. ദൈവത്തിൽ വ്യക്തികളില്ല, അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്. അവതാരം (incarnation) ബൈബിളിൻ്റെ വിഷയമേയല്ല. അത് ജാതീയസങ്കല്പമാണ്; അവർപോലും അതൊരു സങ്കല്പമായല്ലാതെ, വസ്തുതയായി കണക്കാക്കുന്നില്ല. അതിനെയാണ് ട്രിനിറ്റി സത്യദൈവത്തോട് ഏച്ചുകെട്ടാൻ നോക്കുന്നത്. ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ത്രിത്വവിശ്വാസം നരകത്തിലേക്കുള്ള എളുപ്പവഴിയാണ്. ത്രിത്വമെന്ന പാഗൻ സങ്കല്പം ത്യജിച്ചിട്ട് ഇപ്പോഴും മാനസാന്തരപ്പെട്ട് ഏകസത്യദൈവത്തിൽ വിശ്വസിക്കാൻ ട്രിനിറ്റിക്ക് ഇട ശേഷിച്ചിട്ടുണ്ട്. ആരും നശിച്ചുപോകാതെ എല്ലാവരും നിത്യജീവൻ പ്രാപിക്കണമെന്നാണ് ദൈവത്തിൻ്റെ ആഗ്രഹം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!