അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ❓

“നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു” എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.” (യോഹന്നാൻ 8:56-59) 

മേല്പറഞ്ഞ വേദഭാഗത്ത്, അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട് എന്ന് യേശു പറഞ്ഞതിനെ, അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടായിരുന്നു; എന്ന സാധാരണ അർത്ഥമാണ് ഉള്ളതെന്ന് അനേകർ വിചാരിക്കുന്നു. എന്നാൽ ഈ അദ്ധ്യായത്തിലെ ശ്രദ്ധേയമായ ഒരുകാര്യം എന്താണെന്ന് ചോദിച്ചാൽ; ഇത് പറയുന്നതിന് തൊട്ടുമുമ്പെ, താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. ഒരു മുനുഷ്യന് എങ്ങനെയാണ് രണ്ടായിരം വർഷംമുമ്പെ ജീവിച്ചിരുന്ന അബ്രാഹാമിനുമുമ്പെ ഉണ്ടായിരിക്കാൻ കഴിയുന്നത്? ഈ വേദഭാഗം പഠിക്കുമ്പോൾ, അത് പറയാനുണ്ടായ സന്ദർഭവും, അത് കേട്ടവരുടെ പ്രതികരണവും, അനന്തരസംഭവവും വിശദമായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. യേശുവിൻ്റെ വാക്കുകൾ കേട്ടയുടനെ, യെഹൂദന്മാർ അവനെ എറിവാൻ കല്ലെടുത്തതായി അവിടെ കാണുന്നു. പൂർവ്വപിതാവായ അബ്രാഹാമിനു മുമ്പേ ഞാനുണ്ട്, എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, അതങ്ങനെ കല്ലെറിയപ്പെടാനുള്ള കുറ്റമാകും? യേശു മറഞ്ഞ് ദൈവാലയം വിട്ടുപോയത് എന്തിനാണ്? ഏത് കുറ്റം നിമിത്തമാണ് അവർ അവനെ കല്ലെറിയാൻ തുനിഞ്ഞത്? രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യനുമുമ്പേ താൻ ഉണ്ടായിരുന്നു എന്ന് മറ്റൊരു മനുഷ്യൻ പറഞ്ഞാൽ, ന്യായപ്രമാണ പ്രകാരം അത് കല്ലെറിയപ്പെടാനുള്ള കുറ്റമാണോ? ഇതെല്ലാം വിശദമായി അറിഞ്ഞാൽ മാത്രമേ, യേശു പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാകുകയുള്ളു. എല്ലാം വിശദമായി മനസ്സിലാക്കാൻ, നാലു കാര്യങ്ങളാണ് നാം ചിന്തിക്കുന്നത്: 1. ക്രിസ്തുവിൻ്റെ പ്രകൃതി അഥവാ, സ്വരൂപം എന്താണ്? 2. ക്രിസ്തു അത് പറയാനുണ്ടായ സന്ദർഭം എന്താണ്? 3. ക്രിസ്തു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്? 4. ക്രിസ്തു ആരാണ്; അഥവാ, അവൻ്റെ അസ്തിത്വം എന്താണ്? നമുക്ക് അതൊക്കെയൊന്ന് പരിശോധിക്കാം:

1. ക്രിസ്തുവിൻ്റെ പ്രകൃതി അഥവാ, സ്വരൂപം എന്താണ്? കന്യകയുടെ മൂത്തപുത്രനായി ജനിച്ച (ലൂക്കൊ, 2:7), ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:32) അഥവാ, പപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ് യേശു. (യോഹ, 8:40). ഒന്നുകൂടി വ്യക്തമാക്കിയാൽ: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചവനും (ലൂക്കൊ, 1:35; 2:7) ആത്മാവിനാൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മതിർന്നവനും (ലൂക്കൊ, 2:52) ആത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22; പ്രവൃ, 10:38) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ തുടങ്ങിയവനും (ലൂക്കൊ, 4:14) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28) ആത്മാവിനാൽ തന്നെത്തന്നെ മരണത്തിന് ഏല്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടവനുമായ (1പത്രൊ, 3:18) പാപം അറിയാത്ത (2കൊരി, 5:21) മനുഷ്യനാണ് ക്രിസ്തു: (1തിമൊ, 2:6). ക്രിസ്തു എന്നാൽ അഭിഷിക്തൻ അഥവാ, അഭിഷിക്തനായ മനുഷ്യൻ എന്നാണർത്ഥം. ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. യേശു എന്ന പരിശുദ്ധമനുഷ്യൻ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചപ്പോഴാണ്, അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്: (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 10:38). താൻ യോർദ്ദാനിൽ വെച്ചാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യെശ, 61-2; ലൂക്കൊ, 4:16-21). അഭിഷേകത്തിന് ശേഷമാണ്, ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവിനാൽ വിളിക്കപ്പെട്ടത്. (ലൂക്കൊ, 1:32; 1:35; 3:22). അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു ഇല്ല (1പത്രൊ, 1:20); അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). യേശുവെന്ന ദൈവപുത്രൻ ജനിച്ചത്, ട്രിനിറ്റിയുടെ വിശ്വാസംപോലെ സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല. എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. അതായത്, ബി.സി. 6-ൽ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ പ്രവചന നിവൃത്തിക്കുമുമ്പെ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ഇല്ലായിരുന്നു. യേശു എന്ന പേർപോലും മറിയ അവനെ പ്രസവിക്കുന്നതിനും ഒൻപത് മാസത്തിനും ഒൻപത് ദിവസത്തിനും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്.

യോഹന്നാൻ എട്ടാം അദ്ധ്യായത്തിൽത്തന്നെ താൻ മനുഷ്യനാണെന്ന് ക്രിസ്തു സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (8:40). മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22) എന്നാണ് പത്രൊസ് അപ്പൊസ്തലൻ അവനെ വിശേഷിപ്പിക്കുന്നത്. ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ അഥവാ, ഏകമനുഷ്യൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് പൗലൊസ് അപ്പൊസ്തലൻ വിശേഷിപ്പിക്കുന്നത്. യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട: യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, അവനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 40 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 36 പ്രാവശ്യം മനുഷ്യൻ (anthropos) എന്നും, നാലുപ്രാവശ്യം ജഡം (sarx, sarki) എന്നും പറഞ്ഞിട്ടുണ്ട്. “ജഡം” എന്നതുകൊണ്ട് മനുഷ്യൻ എന്നുതന്നെയാണ് അർത്ഥമാക്കുന്നത്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ പുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:40). ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ തനിക്ക് മനുഷ്യനായി വേഷം മാറാനോ, അവതാരമെടുക്കാനോ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17). താൻ ശരീരവും രക്തവും മരണവും ഇല്ലാത്തവനാകയാൽ, പാപികളുടെ പാപം വഹിക്കാനോ, രക്തംചിന്തി മരിക്കാനോ കഴിയില്ല. (1തിമൊ, 6:16). തന്മൂലം, യേശുവെന്ന ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് രക്തംചിന്തി ക്രൂശിൽ മരണം ആസ്വദിച്ചത്. (1തിമൊ, 2:6; എബ്രാ, 2:9; 1പത്രൊ, 1:19; 2:24). ബി.സി. 6-ൽ മാത്രം പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും എ.ഡി. 29-ൽ പ്രവചനങ്ങൾപോലെ ക്രിസ്തുവും ദൈവപുത്രനും ആയ യേശുവെന്ന മനുഷ്യൻ എങ്ങനെയാണ് അബ്രാഹാം ജനിച്ചതിനുമുമ്പെ ഉണ്ടാകുന്നത്❓

താൻ ദൈവമല്ലെന്ന് ക്രിസ്തു കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവം അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറെപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതെല്ലാം ഇവിടെപ്പറയാൻ നിവൃത്തിയില്ല. താൻ ദൈവമല്ലെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്ന രണ്ട് വേദഭാഗം കാണിക്കാം:

1. ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Bible Hub]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (יָחִיד – yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (μόνος – Mónos). ആ പദം കൊണ്ടാണ് “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലും ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് “ മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. 

2. പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon – σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും പഴയനിയമത്തിലെ  “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് monos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36)

താൻ സത്യദൈവമല്ലെന്ന് പുത്രൻതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ സത്യദൈവമാകില്ല; വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം കർത്താവിനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ പിതാവിനെക്കാൾ താഴ്ന്നവനും (യോഹ, 14:28. ഒ.നോ: 10:29) സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനുമാണ്: (എബ്രാ, 7:26). അതായത്, പലരും തങ്ങളുടെ ദുരുപദേശത്താൽ സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. അതാണ്, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ഉപദേശം.

2. ക്രിസ്തു അത് പറയാനുണ്ടായ സന്ദർഭം എന്താണ്? 51-ാം വാക്യത്തിൽ: “ആമേൻ; ആമേൻ ഞാൻ നിങ്ങളോടു പറയുന്നു:എന്റെ വചനം പ്രമാണിക്കുന്നവൻ; ഒരുനാളും മരണം കാൺകയില്ല” എന്ന് ക്രിസ്തു പറയുന്നതായി കാണാം. അപ്പോൾ, യെഹൂദന്മാർ അവനോട്: “നിനക്ക് ഭൂതം ഉണ്ട് എന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി. അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്ന് പറയുന്നു; ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ അവൻ  മരിച്ചു; പ്രവാചകന്മാരും മരിച്ചു നിന്നെത്തന്നെ നീ ആർ ആക്കുന്നു” എന്നു ചോദിച്ചു. (യോഹ, 8:52,53). അതിന് മറുപടിയായി ക്രിസ്തു പറഞ്ഞത്: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:57). അബ്രാഹാം എപ്പോഴാണ് ക്രിസ്തുവിൻ്റെ ദിവസം കണ്ടത്? അബ്രാഹാമിൻ്റെ കാലം കഴിഞ്ഞ്, രണ്ടായിരം വർഷത്തിനു ശേഷം ജനിച്ച ക്രിസ്തുവിൻ്റെ ദിവസം അവൻ കണ്ടോ? കണ്ടെങ്കിൽ, എങ്ങനെയാണ് കണ്ടത്? അബ്രാഹാമിൻ്റെയും അവൻ്റെ സന്തതിയായ യിസ്രായേലിൻ്റെയും അനുഗ്രഹത്തിനായി, ലോകസ്ഥാപനം മുതൽ ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് ക്രിസ്തു. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; ഗലാ, 3:16-19). അതിൻ്റെ നിവൃത്തിയായിട്ടാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി, ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി ക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്. (ഗലാ, 4:4). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ ദൈവത്തിൻ്റെ ജനവും, അവൻ്റെ സ്വന്ത മക്കളുമാണ്. (പുറ, 3:10; 4:22-23; 7:4; ഹോശേ, 1:10; 11:1; പ്രവൃ, 13:12). ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയാൽ അനുഗ്രഹിക്കപ്പെടും എന്ന് ദൈവം യിസ്രായേലിനെക്കുറിച്ച് അബ്രാഹാമിനോട് ചെയ്ത; വാഗ്ദത്തം നിവൃത്തിക്കാനാണ് ദൈവത്തിൻ്റെ ക്രിസ്തു വന്നത്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും എന്ന് ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്ക് ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ; നിങ്ങളെ അനുഗ്രഹിക്കേണ്ടതിനു; അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25-26. ഒ:നോ: ഉല്പ, 22:18; മത്താ, 1:21; ഗലാ, 3:16-19). എന്നാൽ അബ്രാഹാം എങ്ങനെയാണ് ക്രിസ്തുവിൻ്റെ ദിവസം കണ്ടത്? അതിൻ്റെ ഉത്തരം എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്: “അതുകൊണ്ട് ഒരുവനു: മൃതപ്രായനായവനു തന്നേ പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽ പോലെയും; സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു.” {എബ്രാ,11:12-13). ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചു അഥവാ, ഉല്ലസിച്ചു. അപ്പോൾ, അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്; ദൂരത്ത് നിന്നാണ്. അവൻ വിശ്വാസക്കണ്ണാലാണ് രക്ഷകനായ ക്രിസ്തുവിനെ കണ്ടത്. അബ്രാഹാം മാത്രമല്ല; യിസ്ഹാക്കും, യാക്കോബും, പഴയനിയമ ഭക്തന്മാരെല്ലാം ക്രിസ്തുവിനെ കണ്ടത്, ആത്മിക നയനങ്ങളാലാണ്. (എബ്രാ, 11:13). “അബ്രാഹാം എന്റെ ദിവസം കണ്ട് സന്തോഷിച്ചുമിരിക്കുന്നു” എന്ന് ക്രിസ്തു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനോട്: “നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.” (യോഹ, 8:57). അതായത്, ക്രിസ്തു പറഞ്ഞത് എന്താണെന്ന് യെഹൂദന്മാർക്ക് മനസ്സിലായില്ല. അവൻ ആത്മീയമായി പറഞ്ഞകാര്യങ്ങളെ അവർ അക്ഷാരാർത്ഥത്തിൽ മനസ്സിലാക്കി. തൻ്റെ ഈ ദിവസം അബ്രാഹം മുന്നമേ ആത്മാവിൽ കണ്ട കാര്യമാണ് ക്രിസ്തു പറഞ്ഞത്. എന്നാൽ അവൻ്റെ വാക്ക് ഗ്രഹിക്കാഞ്ഞ യെഹൂദന്മാർ ചോദിച്ചത്; അമ്പത് വയസ്സുപോലും ആകാത്ത നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നാണ്. അതിൻ്റെ മറുപടിയായിട്ടാണ് ക്രിസ്തു പറഞ്ഞത്: ആമേൻ, “ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: “അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട്.” അപ്പോൾ അവർ അവനെ എറിവാൻ കല്ലെടുത്തു. യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.” (യോഹ, 8:58-59).

3. ക്രിസ്തു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്? അത് അറിയാൻ ആ വേദഭാഗം വിശദമായി പരിശോധിക്കണം. ആ വേദഭാഗത്ത് ചിന്തനീയമായ പല വിഷയങ്ങളുണ്ട്. യേശുവെന്ന ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് നാം മുകളിൽ കണ്ടതാണ്. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവമാണ് വംശാവലിയോടെ, ജനിച്ചു ജീവിച്ചു ക്രൂശിൽ മരിച്ചതെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷവും. എന്നാൽ ദൈവത്തിന് മരണമില്ലെന്നും, ദൂതന്മാരിൽ താഴ്ചയുള്ള മനുഷ്യനാണ് മരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. (1തിമൊ, 2:6; 6:16; എബ്രാ, 2:9). ക്രിസ്തു മനുഷ്യനാണെന്ന് താൻ തന്നെയും അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട യെഹൂദന്മാർ എല്ലാവരും സാക്ഷ്യപ്പെടുത്തിയ കാര്യവും മുകളിൽ നാം കണ്ടതാണ്. യേശു; നസറെത്ത് നിവാസികളായ യോസേഫിൻ്റെയും മറിയയുടെയും മകനാണെന്നാണ് യെഹൂദന്മാർ വിശ്വസിച്ചിരുന്നത്. (മത്താ, 13:55; മർക്കൊ, 6:3; യോഹ, 1:45; 6:42). ഈ സംഭവത്തിന് തൊട്ടുമുമ്പെ താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞതുമാണ്: (8:40). തന്മൂലം, യേശുവെന്ന മനുഷ്യൻ പൂർവ്വപിതാവായ അബ്രാഹാം ജനിച്ചതിനും മുമ്പേ ഉണ്ടെന്ന് പറഞ്ഞാൽ, യെഹൂദന്മാർ അവനെ എന്തിന് കല്ലെറിയണം? ഒരു മനുഷ്യൻ തന്നെക്കാൾ 2,000 വർഷം മുമ്പെ ജീവിച്ചിരുന്ന, മറ്റൊരു മനുഷ്യനു മുമ്പെ ഉണ്ടെന്ന് പറഞ്ഞാൽ അതെങ്ങനെ കല്ലെറിയപ്പെടാനുള്ള കുറ്റമാകും? തന്മൂലം, ഉത്തരം ലഭിക്കേണ്ടതായ ചില ചോദ്യങ്ങൾ ആ വേദഭാഗത്തുണ്ട്. ഒന്നാമത്, അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട് എന്ന് യഥാർത്ഥത്തിൽ മനുഷ്യനായ യേശുവിനു എങ്ങനെ പറയാൻ കഴിയും? ഒരിക്കലും പറയാൻ കഴിയില്ല. പറഞ്ഞാൽ അത് അബദ്ധമാണ്. എന്തെന്നാൽ, കന്യകയായ മറിയയുടെ ആദ്യജാതനായിട്ട് ജനിച്ച മനുഷ്യനാണ് യേശു. (മത്താ, 1:25; ലൂക്കൊ, 2:11). വിശേഷാൽ അവളുടെ ഉദരത്തിൽ ഉല്പാദിതമായ അഥവാ, ഉരുവായ മനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 1:21). അബ്രാഹാമിനു മുമ്പേ എന്നത് പോയിട്ട്, അവൻ്റെ അമ്മയായ മറിയയുടെ മുമ്പേ പോലും അവൻ ഇല്ലായിരുന്നു. പിന്നെങ്ങനെ അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടാകും? യേശു എന്ന പാപമറിയാത്ത മനുഷ്യൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. മുമ്പേ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). തന്മൂലം, യേശു പറഞ്ഞതിൻ്റെ അർത്ഥം നമ്മൾ വിചാരിക്കുന്നതല്ല. അത് നമ്മുടെ പരിഭാഷകളുടെ വൈകല്യമാണ്.

രണ്ടാമത്, യെഹൂദന്മാർക്ക് തോന്നിയപോലെ ആരെയും കല്ലെറിയാൻ കഴിയില്ല. അതിന് ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. കല്ലെറിയപ്പെടേണ്ടവരുടെ ഒരു ലിസ്റ്റ്; ന്യായപ്രമാണത്തിൽ ഉണ്ട്: 1.കാളയെക്കൊണ്ട് മനഃപൂർവ്വം മറ്റൊരാളെ കുത്തി കൊല്ലിക്കുന്നവൻ. (പുറ, 21:28-32). 2.കുട്ടികളെ ദേവന്മാർക്ക് സമർപ്പിക്കുന്നവർ. (ലേവ്യ, 20:2). 3.വെളിച്ചപ്പാടനായ പുരുഷൻ. (ലേവ്യ, 20:27). 4.മന്ത്രവാദിയായ പുരുഷൻ. (ലേവ്യ, 20:27). 5.യഹോവയുടെ നാമത്തെ ദുഷിക്കുന്നവൻ. (ലേവ്യ, 24:16). 6.അന്യദൈവങ്ങളെ ആരാധിക്കാൻ പ്രേരിപ്പിക്കുന്നവൻ. (ആവ, 13:4-10). 7.അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ. (ആവ, 13:15). 8.അന്യദൈവങ്ങളെ ആരാധിക്കുന്നവൻ. (ആവ, 17:27). 9.ശഠനും മത്സരിയുമായ മകൻ. (ആവ, 21:18-21). 10.വ്യഭിചാരിയായ സ്ത്രീയും പുരുഷനും. (ആവ, 22:20-24). 11.ശബ്ബത്ത് ലംഘിക്കുന്നവൻ. (സംഖ്യാ, 15:32-36). 12.ദൈവദൂഷകൻ. (ലേവ്യ, 24:11-14).

മേല്പറഞ്ഞവയിൽ, ഒന്നുമുതൽ പത്തുവരെയുള്ള കുറ്റം ശത്രുക്കൾക്കുപോലും യേശുവിൻ്റെമേൽ ആരോപിക്കാൻ കഴിയില്ല. അവൻ പരിശുദ്ധനും പാപമറിയാത്തവനും, പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേർവിട്ടവനും, പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനു, പാപം ഇല്ലാത്തവനും ആയിരുന്നു. (യോഹ, 6:69; 2കൊരി, 5:21, എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു” എന്ന് ദൈവാലയത്തിൽ വെച്ച് യെഹൂദന്മാരോട് അവൻ ചോദിക്കുകയുണ്ടായി. (യോഹ, 8:46). “എൻ്റെ കുറ്റം ആർക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും” എന്ന് അതിധൈര്യത്തോടെ ലോകത്തോട് ചോദിക്കാൻ തക്കവണ്ണം ധാർമ്മികവും കാർമ്മികവുമായി പൂർണ്ണശുദ്ധിയുള്ള ഒരു മനുഷ്യൻ ലോകത്തു ജനിച്ചു ജീവിച്ചിട്ടുള്ളത്, നമ്മുടെ കർത്താവായ ക്രിസ്തു മാത്രമാണ്. ഇനി, പതിനൊന്നാമത്തെ കുറ്റമായ ശബ്ബത്ത് ലംഘനം യേശുവിൻ്റെമേൽ ആരോപിക്കാൻ, അവൻ അത് പറഞ്ഞത് ശബ്ബത്തിൽ അല്ല. അന്ന് ശബ്ബത്തായിരുന്നെങ്കിൽ വ്യഭിചാരത്തിൽ പിടിച്ച സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ യേശുവിൻ്റെ അഭിപ്രായം ചോദിച്ചുകൊണ്ട് യെഹൂദന്മാർ വരില്ലായിരുന്നു. (യോഹ, 8:3-5). യേശുവിനെ കല്ലെറിയാൻ അവർ ശ്രമിക്കയുമില്ലായിരുന്നു, അവർതന്നെ ശബ്ബത്ത് ലംഘകർ ആയിത്തീരും. എന്തായാലും, ഒരുകാര്യം നമുക്ക് ഉറപ്പിക്കാം: ഒന്നുമുതൽ പതിനൊന്നു വരെയുള്ള കുറ്റം യേശുവിൻ്റെമേൽ ആരോപിക്കാൻ അവർക്ക് കഴിയില്ല. അതിനാൽ, അവൻ്റെമേൽ ആരോപിച്ച കുറ്റം ദൈവദൂഷണമാണ്. പക്ഷെ, ഏത് കാരണത്താൽ അവൻ പറഞ്ഞത് ദൈവദൂഷണമാകും? 2,000 വർഷംമുമ്പ് ജീവിച്ചിരുന്ന; അബ്രാഹാമെന്ന മനുഷ്യനുമുമ്പെ ഞാനുണ്ട് എന്ന് മറ്റൊരു മനുഷ്യൻ പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അത് ദൈവദൂഷണമാകില്ല. മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം.

ഒരു ഉദാഹരണം പറഞ്ഞാൽ അത് മനസ്സിലാക്കാം: കേരളത്തിലെ ബ്രദ്റെൻ പ്രസ്ഥാനത്തിൻ്റെ പിതാവ് കെ.വി. സൈമൻ സാറും, പെന്തെക്കൊസ്ത് പ്രസ്ഥാനത്തിൻ്റെ പിതാവ്; കെ.ഇ. എബ്രഹാം സാറുമാണ്. ഇന്നൊരു ബ്രദ്റെൻ യൗവ്വനക്കാരൻ എഴുന്നേറ്റിട്ട്, കെ.വി. സൈമൻ ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ അതെങ്ങനെ ദൈവദൂഷണമാകും? അല്ലെങ്കിൽ, ഒരു പെന്തെക്കൊസ്തുകാരൻ എഴുന്നേറ്റിട്ട്, കെ.ഇ. എബ്രഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ, അതെങ്ങനെ ദൈവദൂഷണമാകും? അത് ദൈവദൂഷണം ആകണമെങ്കിൽ, അവർ രണ്ടുപേരും ബ്രദ്റെൻ പെന്തെക്കൊസ്തു പ്രസ്ഥാനങ്ങളുടെ ദൈവങ്ങൾ ആയിരിക്കണം. മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം. അതുപോലെ, അബ്രാഹാം യെഹൂദന്മാരുടെ ദൈവമല്ല; എബ്രായ ജാതിയുടെ പിതാവായ മനുഷ്യൻ മാത്രമാണ്. പിന്നെങ്ങനെ, അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാനുണ്ടെന്ന് പറഞ്ഞാൽ അത് ദൈവദൂഷണമാകും? അനേകർ കരുതുന്നപോലെ അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാനുണ്ട് എന്ന സാധാരണ അർത്ഥം മാത്രമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ അതൊരു ഭ്രാന്തൻ്റെയോ, ഭൂതഗ്രസ്തൻ്റെയോ വാക്കുകളായി തള്ളിക്കളയാവുന്നതേയുള്ളു. ഭ്രാന്തനെയും ഭൂതഗ്രസ്തനെയും കല്ലെറിയാൻ ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. ക്രിസ്തുവിൻ്റെ വാക്കും പ്രവൃത്തിയും ഗ്രഹിക്കാൻ കഴിയാഞ്ഞ സന്ദർഭങ്ങളിലൊക്കെ അവനെ ബെയെത്സെബൂലെന്നും, അവനു് ഭൂതമുണ്ടെന്നും അവർ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. (മത്താ, 10:15; മർക്കൊ, 3:22). ഈ അദ്ധ്യായത്തിൽത്തന്നെ രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 8:48,52). അപ്പോഴൊന്നും അവർ അവനെ കല്ലെറിയാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രത്യേകം ഓർക്കണം.

മൂന്നാമത്, യേശുവിൻ്റെ വാക്കുകേട്ട യെഹൂദന്മാർ കല്ലെറിയാൻ ശ്രമിച്ചതിനാൽ, അവൻ ഒരു അത്ഭുതം പ്രവർത്തിച്ചുകൊണ്ട് അവരുടെ മദ്ധ്യേനിന്ന് ദൈവാലയം വിട്ടുപോയതായി അവിടെ പറഞ്ഞിട്ടുണ്ട്. (യോഹ, 8:59). സാധാരണനിലയിൽ, യെഹൂദന്മാർ ഒരാളെ കല്ലെറിയാൻ തുനിഞ്ഞാൽ രക്ഷപെടുക പ്രയാസമാണ്. രക്ഷപെടാൻ കഴിയാത്തവണ്ണം ചുറ്റുംനിന്നാണ് കല്ലെറിയുന്നത്. ബൈബിളിൽ കല്ലെറിയപ്പെട്ടവരിൽ പൗലൊസ് ഒഴികെ, എല്ലാവരും മരിച്ചതായാണ് കാണുന്നത്. (പ്രവൃ, 14:5-19). പൗലൊസ് മരിച്ചെന്നു കരുതിയാണ് അവർ പട്ടണത്തിനു വെളിയിൽ അവനെ ഉപേക്ഷിച്ചത്. (പ്രവൃ, 14:19). ചുറ്റും കൂടിനിന്നിട്ട് കല്ലെറിയുന്നതുകൊണ്ട് സ്വാഭാവികമായി രക്ഷപെടാൻ പറ്റില്ല. അതുകൊണ്ടാണ്, യേശു സ്വയംമറഞ്ഞു ദൈവാലയം വിട്ടുപോയി എന്ന് എഴുതിയിരിക്കുന്നത്. (യോഹ, 8:59). യേശു തനിക്കുവേണ്ടി അവിടെ ഒരു അത്ഭുതം പ്രവർത്തിച്ചതായിട്ടാണ് കാണുന്നത്. സ്വയരക്ഷയ്ക്കുവേണ്ടി അത്ഭുതം പ്രവർത്തിച്ചതായി മറ്റെവിടെയും വ്യക്തമായി കാണാൻ കഴിയില്ല. നസറെത്തിലെ പള്ളിയിൽ വെച്ചുള്ള തൻ്റെ ആദ്യപ്രഭാഷണത്തോടുള്ള ബന്ധത്തിൽ, യെഹൂദന്മാർ അവനെ മലയുടെ മുകളിൽനിന്നു തള്ളിയിടാൻ ഭാവിക്കുമ്പോൾ അവൻ അവരുടെ നടുവിൽക്കൂടി നടന്നുപോയതായി വായിക്കുന്നുണ്ട്. (ലൂക്കോ, 4:29-30). അതൊരു അത്ഭുതമായി അവിടെ പറഞ്ഞിട്ടില്ല. എന്നാൽ ഇവിടെ അവർ യേശുവിനെ കല്ലെറിയാൻ തുനിഞ്ഞതിനാൽ അവർ ആരോപിച്ച കുറ്റം ദൈവദൂഷണമാണെന്ന് വ്യക്തമാണ്. അങ്ങനെയെങ്കിൽ, യെഹൂദന്മാരുടെ ദൃഷ്ടിയിൽ അവൻ എന്ത് ദൈവദൂഷണം ആയിരിക്കും പറഞ്ഞത്? യെഹൂദന്മാർ ദൈവദൂഷണമായി മനസ്സിലാക്കിയ പ്രത്യേകമായത് എന്തോ, ആ വേദഭാഗത്ത് യേശു പറഞ്ഞിട്ടുണ്ട്. അത് അറിയാൻ, ക്രിസ്തുവിനെക്കുറിച്ച് ഒരു കാര്യംകൂടി അറിയണം. അവൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണെന്നും അവൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു എന്നും നാം കണ്ടതാണ്. എന്നാൽ നമ്മുടെ പാപം പരിഹാരത്തിനായി ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്നറിയണം.

4. ക്രിസ്തു ആരാണ്? അഥവാ, അവൻ്റെ അസ്തിത്വം എന്താണ്? ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ, അവൻ ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) ആണ്. അഥവാ, ഏകദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയാണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, ‘നാമം‘ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3; സെഖ, 12:10). അതായത്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പദിപ്പിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മണുഷ്യനാണ് യേശു: (1തിമൊ, 3:14:16; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 1യോഹ, 3:5). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പ്രവചനംപോലെ, കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു (മത്താ, 1:20; ലൂക്കൊ, 1:35; 2:21യോഹ, 6:69; 8:40). ദൈവം അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മരണമില്ലാത്തവനും ആണ്. (കൊലൊ, 1:15; യോഹ, 4:24; യിരെ, 23:24; 1തിമൊ, 6:16; യാക്കോ, 1:17; 1യോഹ, 4:12). അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ പ്രവചനംപോലെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അഥവാ, മനഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (മത്താ,, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; എബ്രാ, 10:5; സങ്കീ, 40:6). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തൻ്റെ പ്രത്യക്ഷതയ്ക്കായി യേശുവെന്ന പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി യേശുവെന്ന നാമത്തിൽ കന്യകയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് ബി.സി. 6-ൽ മാത്രമാണ്. അതിനുമുമ്പെ യേശുവെന്ന മനുഷ്യവ്യക്തിയില്ല. പിന്നെങ്ങനെയാണ്, അവൻ അബ്രാഹാം ജനിച്ചതിനുമുമ്പെ അക്ഷരാർത്ഥത്തിൽ ഉണ്ടാകുന്നത്? [കാണുക: ദൈവഭക്തിയുടെ മർമ്മം]

ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യസ്തിത്വവും: സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ യേശുക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16യിരെ, 10:10. ഒ.നോ: യെശ, 25:8എബ്രാ, 2:14-15; യെശ, 35:4-6മത്താ, 11:3-5ലൂക്കൊ, 7:21-22; യെശ, 40;3ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37; ലൂക്കൊ, 1:68; യോഹ, 1:30; 1കൊരി, 15:47; ഫിലി, 2:6-8). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16; കൊലൊ, 3:2; NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24; യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നുംപറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19മത്താ, 1:21; യോഹ, 14:26; 17:11; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?].

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:21; 17:23; 20:17; ലൂക്കൊ, 23:46). 

ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന മനുഷ്യൻ, യെഹൂദന്മാരോട് പറഞ്ഞതെന്താണെന്ന് ഇനി മനസ്സിലാകും: സത്യവേദപുസ്തകത്തിൽ വായിച്ചാൽ, ആ വാക്യത്തിന് ഒരു പ്രത്യേകതയും തോന്നില്ല. ബെഞ്ചമിൻ ബെയ്ലിയുടെ പരിഭാഷ നോക്കുക: “യേശു അവരോടു: അബ്രാഹാം ഉണ്ടായതിന് മുമ്പെ ഞാൻ ആകുന്നു എന്ന് സത്യമായിട്ട്, സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞു.” മലയാളം ഓശാന പരിഭാഷ: യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനു മുമ്പേ, ഞാൻ ആകുന്നു. (യോഹ, 8:58). ഈ പരിഭാഷയിൽ അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാനുണ്ട് എന്നല്ല; “ഞാൻ ആകുന്നു” എന്നാണ്. അനേകം ഇംഗ്ലീഷ് പരിഭാഷകളിലും ‘ഞാൻ ആകുന്നു’ എന്നത് ‘I AM‘എന്ന വലിയക്ഷരത്തിലാണ് (capital letter) എഴുതിയിരിക്കുന്നത്: (AFV’11, AFV2000, CJB, DMNT, EMTV, Etheridge, F35, GLW, Haweis, HNC, HNV, ISV, JUB, LITV, LSV, Logos, MKJV, NAB, NHEB, NHEB-JM, NHEB-ME, NHEB-Y, NKJV, NLT’15, PESH, PSNT, Phi, RHB, ULB, WEB, WEBPB, WMB, WMBB). പുറപ്പാടു പുസ്തകത്തിൽ ദൈവം തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തുന്നത്, ‘ഞാനാകുന്നവൻ ഞാനാകുന്നു‘ എന്നാണ്. (പുറ, 3:14). അത് എബ്രായയിൽ “എഹ്യേഹ് ആഷേർ എഹ്യേഹ്” (ehyeh aser ehyeh – I AM THAT I AM) ആണ്. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതുമായ സെപ്റ്റ്വജിൻ്റിൽ അത് എഗോ എയ്മി (εγω ειμι – EGO EIMI) ആണ്. ഇംഗ്ലീഷിൽ അത് I AM ആണ്. അതാണ് ബെഞ്ചമിൻ ബെയ്ലിയിലും മലയാളം ഓശാന പരിഭാഷയിലും ‘ഞാൻ ആകുന്നു‘ എന്നു പരിഭാഷ ചെയ്തിരിക്കുന്നത്.

അബ്രാഹാമിനു മുമ്പേയുള്ള ‘എഗോ എയ്മി അഥവാ, ഞാനാകുന്നവൻ ഞാനാകുന്നു’ എന്നാണ് യേശു യെഹൂദന്മാരോട് പറഞ്ഞത്. യോസേഫിൻ്റെയും മറിയയുടെയും മകനും കേവലം മനുഷ്യനുമായി യെഹൂദാ പ്രമാണിമാർ മനസ്സിലാക്കുന്ന യേശു എന്ന നസറെത്തുകാരൻ, അബ്രാഹാമിനു മുമ്പേയുള്ള യഹോവയാണെന്ന് പറഞ്ഞാൽ കണ്ണുപൊട്ടനായ യെഹൂദൻവരെ കല്ലെടുത്തെറിയും. അതാണ് അവിടെ സംഭവിച്ചത്. യേശു പറഞ്ഞതിൻ്റെ അർത്ഥം: മനുഷ്യനായ ഞാൻ അബ്രാഹാമിനു മുമ്പേ ഉണ്ടെന്നല്ല. താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള യാഹ്വേ അഥവാ, യഹോവ ആണെന്നാണ്. അഥവാ, യാഹ്വേയുടെ മനുഷ്യ പ്രത്യക്ഷതയാണ് താൻ എന്നാണ് ക്രിസ്തു പറഞ്ഞത്. അതുകൊണ്ടാണ്, ക്രിസ്തുവിനെ തിരിച്ചറിയാഞ്ഞ യെഹൂദന്മാർ; അവനെ കല്ലെറിയാൻ ശ്രമിച്ചതും അവൻ അവിടെനിന്നും മറഞ്ഞ് അപ്രത്യക്ഷനായതും. അതുകൊണ്ടാണ്, “ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.” എന്നു പൗലൊസ് പറയുന്നത്: (1കൊരി, 7:8).

താൻ “എഗോ എയ്മി” അഥവാ, യാഹ്വെ ആണെന്ന്, യേശു അവിടെ മാത്രമല്ല പറഞ്ഞിട്ടുള്ളത്. ഇതേ അദ്ധ്യായത്തിൻ്റെ മുകളിൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്ന് ഞാന്‍ പറഞ്ഞുവല്ലോ; ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24. ഒ.നോ: 8:28. ഒ.നോ: പുറ, 3:14). സത്യവേദപുസ്തകം ഉൾപ്പെടയുള്ള മിക്ക പരിഭാഷകളിലും, ഞാൻതന്നേ അവൻ എന്നാണ് കാണുന്നത്. ആശയം ഏതാണ്ട് ഒരുപോലെയാണ്. പിതാവിനെക്കുറിച്ചു പറഞ്ഞുവന്നിട്ടാണ്, ഞാൻതന്നേ അവൻ അഥവാ, പിതാവെന്ന് പറയുന്നത്,. ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നതും. എന്നാൽ പലരും ശ്രദ്ധിക്കാതെ പോയതുമായ ഒരു വേദഭാഗമുണ്ട്: യേശുവിനെ അറസ്റ്റുചെയ്യാൻ വന്ന യെഹൂദാ പടയാളികൾളോട്: “ഞാൻ ആകുന്നു അഥവാ, എഗോ അയ്മി” എന്നാണ് യേശു പറഞ്ഞത്. (യോഹ, 18:5). ആ വാക്യവും സത്യവേദപുസ്തകത്തിൽ വായിച്ചാൽ മനസ്സിലാകില്ല. ഓശാന പരിഭാഷ വായിക്കുക. അതു കേട്ടയുടനെ, യെഹൂദന്മാരായ പടയാളികൾ; പിന്നോട്ടു മറിഞ്ഞു വീണതായാണ് കാണുന്നത്. (യോഹ, 18:6). നിങ്ങൾ അന്വേഷിക്കുന്നയാൾ ഞാനാകുന്നു എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, പടയാളികൾ, പേടിച്ച് പുറകോട്ട് മറിഞ്ഞുവീണത് എന്തിനാണ്?പീലാത്തൊസിൻ്റെ ജാതീയ പടയാളികളല്ല യേശുവിനെ അറസ്റ്റുചെയ്യുവാൻ വന്നത്; ന്യായാധിപസംഘത്തിൻ്റെ യെഹൂദാ പടയാളികളാണ് വന്നതെന്നോർക്കണം. യെഹൂദന്മാർ നാവിലെടുക്കാൻ ഭയപ്പെടുന്ന യിസ്രായേലിന്റെ പരിശുദ്ധനാമം ആണ് “എഗോ എയ്മി.” (പുറ, 3:14-15). ആണ്ടിലൊരിക്കൽ പാപപരിഹാരദിവസം മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തുവെച്ച് മാത്രം എടുക്കുന്ന, യിസ്രായേലിന്റെ പരിശുദ്ധനാമം കേട്ടതുകൊണ്ടാണ്, അവർ പുറകോട്ട് മറിഞ്ഞു വീണത്. ഓശാന പരിഭാഷ ഒഴികെ, സത്യവേദപുസ്തകം ഉൾപ്പെടെ മലയാളത്തിലേ എല്ലാ പരിഭാഷകളിലും യേശുവിൻ്റെ വാക്കുകളെ, “അതു ഞാൻ തന്നേ” എന്ന സാധാരണ അർത്ഥം വരുന്ന വിധത്തിലാണ്; തർജ്ജമ ചെയ്തിരിക്കുന്നത്. അടുത്തത്, മഹാപുരോഹിതനായ കയ്യഫാവിനോട് “ഞാൻ ആകുന്നു” എന്ന് യേശു പറഞ്ഞപ്പോഴാണ്, മഹാപുരോഹിതൻ വസ്ത്രം കീറിയത്. (മത്താ, 26:63-65). അവിടെയും യിസ്രായേലിന്റെ അതിപരിശുദ്ധനാമം ആയ “എഗോ എയ്മി” ആണെന്ന് പറഞ്ഞതിനാലാണ്, മഹാപുരോഹിതൻ വസ്ത്രം കീറിയത്. യഥാർത്ഥത്തിൽ, യേശുവിനെ ക്രൂശിക്കാനുള്ള കുറ്റംതന്നെ അതാണ്. അല്ലാതെ, ദൈവപുത്രൻ എന്ന് പറഞ്ഞതു കൊണ്ടല്ല. എന്തെന്നാൽ, യിസ്രായേൽ ഉൾപ്പെടെ, ദൂതന്മാരും മനുഷ്യരുമായി ദൈവത്തിനു അനേകം പുത്രന്മാരുണ്ട്. എന്നാൽ ബൈബിളിലെ ഒരു പുത്രനും ദൈവമല്ല. പിതാവ് മാത്രമാണ് സത്യദൈവം. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). യിസ്രായേൽതന്നെ ദൈവത്തിൻ്റെ പുത്രനായിരിക്കെ, യെഹൂദാഗോത്രത്തിൽ ദാവീദിൻ്റെ സന്തതിയായി ജനിച്ച യേശു, താൻ ദൈവപുത്രനാണെന്ന് പറയുന്നത് ക്രൂശിക്കാനുള്ള കാരണമാകുന്നത് എങ്ങനെയാണ്?

NB: “ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം”എന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിലും പറഞ്ഞിട്ടുണ്ട്. (Systematic theology, പേജ്, 147). വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവ് ജീ. സുശീലൻ ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; ‘ഞാനും പിതാവും ഒന്നാകുന്നു‘ എന്ന പ്രയോഗം, ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: സ്നാനം യേശുവിൻ്റെ നാമത്തിലാണെന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. അതും ത്രിത്വവിശ്വാസത്തിന് എതിരാണ്. (പേജ്, 630). “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന വാക്യാംശം ഒരു സംജ്ഞാനാമത്തെ (proper noun) കുറിക്കുന്നതാണെന്ന് ഭാഷയുടെ വ്യാകരണം അറിയാവുന്നവർക്ക് മനസ്സിലാകും.

കൂടുതൽ അറിവുകൾക്കായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:

ദൈവഭക്തിയുടെ മർമ്മം