☛ ❝വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.❞ (യോഹ, 1:14). ഈ വേദഭാഗത്ത്, ❝വചനം ജഡമായി തീർന്നു❞ എന്ന് യോഹന്നാൻ പറഞ്ഞിരിക്കയാൽ, യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയാണെന്ന് പലരും വിചാരിക്കുന്നു. എന്നാൽ യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തു ദൈവമോ, വചനമോ, യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല. ❝വചനം ജഡമായി തീർന്നു❞ എന്നത് യോഹന്നാൻ ആത്മീയമായി പറയുന്നതാണ്. മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സമവീക്ഷണ സുവിശേഷങ്ങളിൽ (𝐓𝐡𝐞 𝐬𝐲𝐧𝐨𝐩𝐭𝐢𝐜 𝐆𝐨𝐬𝐩𝐞𝐥𝐬) നിന്ന് വ്യത്യസ്തമായി, യോഹന്നാൻ്റെ സുവിശേഷം ഒരു ആത്മീയ സുവിശേഷമാണെന്ന് മിക്ക പഠിതാക്കൾക്കും അറിയാവുന്ന കാര്യമാണ്. ⟦അക്കാര്യത്തിൽ അജ്ഞരും അജ്ഞത നടിക്കുന്നവരുമുണ്ട്⟧. സമവീക്ഷണ സുവിശേഷകന്മാർ എടുക്കാതിരുന്ന അല്ലെങ്കിൽ, അവർക്ക് എടുക്കാൻ നിയോഗമില്ലാതിരുന്ന യേശുവിൻ്റെ ജീവിതത്തിലെ ആത്മീയ പ്രഭാഷണങ്ങളാണ് പിന്നെയും ഏകദേശം 30-40 വർഷത്തിനുശേഷം യോഹന്നാൻ രേഖയാക്കിയത്. സമവീക്ഷണ സുവിശേഷങ്ങളിൽ കാണുന്ന ഭൗമിക ഉപമകളോ, പ്രഭാഷണങ്ങളോ ഒന്നും യോഹന്നാൻ്റെ സുവിശേഷത്തിൽ കാണാൻ കഴിയില്ല. യേശുവിൻ്റെ ശുശ്രൂഷയിലെ ആത്മീയ വിഷയങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരമാണ് യോഹന്നാൻ്റെ സുവിശേഷം. പുതിയജനനം: (3:1-21), ജീവനുള്ള വെള്ളം: (4:10-14), സത്യനമസ്കാരം: (4:20-24), പിതാവും പുത്രനും തമ്മിലുള്ള ബന്ധം: (5:17-47; 8:16-59; 10:29-41; 15:9-27), നശിച്ചുപോകുന്നതും നിലനില്ക്കുന്നതുമായ ആഹാരം: (6:27-31), സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന ജീവൻ്റെ അപ്പം: (6:32-69), ജീവജലത്തിൻ്റെ നദി: (7:37-39), ലോകത്തിൻ്റെ വെളിച്ചം (8:12; 9:5; 12;46), പിതാവും പുത്രനും (8:19-30), നല്ല ഇടയൻ (10:1-28), ആടുകളുടെ വാതിൽ (10:7-9), പുനരുത്ഥാനവും ജീവനും (11:21-26), പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും (14:1-6), കാര്യസ്ഥനായ പരിശുദ്ധാത്മാവിൻ്റെ ആഗമനം: (14:16-17; 14:26; 15:26), സാക്ഷാൽ മുന്തിരിവള്ളി (15:1-8), പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം: (16:7-15), മഹാപുരോഹിതൻ്റെ മാദ്ധ്യസ്ഥം: (17:1-26) മുതലായവ നോക്കുക.
യോഹന്നാൻ്റെ സുവിശേഷത്തിൽ ക്രിസ്തു പറയുന്നതെല്ലാം ആത്മീയ വിഷയങ്ങളായതുകൊണ്ടാണ്, ❝ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും❞ എന്നു പറഞ്ഞുകൊണ്ട് അവൻ്റെ ശിഷ്യന്മാർ പലരും പിൻവാങ്ങിപ്പോയത്: (6:60; 6:66). സുവിശേഷം ആത്മീയമായതുകൊണ്ടാണ് അവനെ ❝ദൈവത്തിൻ്റെ വചനം ജഡമായവനായി❞ യോഹന്നാൻ അവതരിപ്പിക്കുന്നത്. അത് തൻ്റെ സുവിശേഷത്തിൻ്റെ പൂർണ്ണതയ്ക്കുവേണ്ടി ആത്മീയമായി പറയുന്നതാണ്. മത്തായി, ലൂക്കൊസ് സുവിശേഷങ്ങൾപോലെ വംശാവലിയോടെ മറിയയുടെ മകനായി അവനെ അവതരിപ്പിച്ചാൽ, ❝ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്ന ജീവൻ്റെ അപ്പം, പിതാവിൻ്റെ അടുക്കൽനിന്നു വന്നിരിക്കുന്നു, ലോകത്തെ വിട്ടു പിതാവിൻ്റെ അടുക്കൽ പോകുന്നു❞ മുതലായ യേശുവിൻ്റെ വാക്കുകളുമായി ഒത്തുപോകില്ല. അത് പുസ്തകത്തിൻ്റെ വിശ്വാസ്യതയെ (𝐂𝐫𝐞𝐝𝐢𝐛𝐢𝐥𝐢𝐭𝐲) ബാധിക്കും. അതായത്, വംശാവലിയോടെ മറിയയിൽനിന്ന് ജനിച്ചു എന്ന് ആമുഖത്തിൽ പറഞ്ഞശേഷം, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് പിന്നീട് പറയാൻ പറ്റില്ല; പറഞ്ഞാൽ അവൻ്റെ പുസ്തകം പൂര്‍വ്വാപരവൈരുദ്ധ്യമാകും. യേശുവിൻ്റെ ശുശ്രൂഷയിലെ ആത്മീയ പ്രഭാഷണങ്ങളും വിഷയങ്ങളും സമവീക്ഷണ സുവിശേഷകന്മാർ എടുക്കാഞ്ഞതിൻ്റെ കാരണവും അതാണ്. യോഹന്നാൻ്റെ സുവിശേഷം ആത്മീയ പ്രഭാഷണങ്ങളുടെ സമാഹാരം ആയതുകൊണ്ടാണ്, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനത്തിന് മനുഷ്യത്വാരോപണം (𝐏𝐞𝐫𝐬𝐨𝐧𝐢𝐟𝐢𝐜𝐚𝐭𝐢𝐨𝐧) കൊടുത്തുകൊണ്ട്, ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞുകൊണ്ട് സുവിശേഷം സമാരംഭിക്കുന്നത്: (യെശ, 55:11; സങ്കീ, 33:6 – യോഹ, 1:1). ക്രിസ്തു വചനമെന്ന ദൈവം ആണെങ്കിൽ, ഉണ്ടായിരുന്നു, ആയിരുന്നു, ആയിരുന്നു എന്ന് ഭൂതകാലത്തിൽ എങ്ങനെ പറയാൻ കഴിയും? ❝ആദിയിൽ മനുഷ്യൻ ഉണ്ടായിരുന്നു; മനുഷ്യൻ രാജാവിനോട് കൂടെ ആയിരുന്നു; മനുഷ്യൻ രാജാവ് ആയിരുന്നു.❞ എന്നതുപോലെ അക്ഷരാർത്ഥത്തിൽ വചനത്തെക്കുറിച്ച് പറയാൻ, ബൈബിൾ പഴമ്പുരാണമല്ല; ദൈവശ്വാസീയമായ തിരുവെഴുത്തുകളാണ്: (2തിമൊ, 3:13). ❝വചനം ജഡമായിത്തീർന്നു❞ എന്ന് പറയുന്നതും ആത്മീയമായിട്ടാണ്: (യോഹ, 1:14). ബൈബിൾ വെളിപ്പെടുത്തുന്ന ❝വചനം❞ (𝐝𝐚𝐛𝐚𝐫, 𝐥𝐨𝐠𝐨𝐬s) ആരുടെയും അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), പദവിയോ (𝐓𝐢𝐭𝐥𝐞), പേരോ (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) അല്ല; ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതന്മാരുടെയും പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും അപ്പൊസ്തലന്മാരുടെയും വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. [കാണുക: യേശു വചനമല്ല; വെളിച്ചമാണ്]
❶ ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു: ക്രിസ്തു യഥാർത്ഥത്തിൽ വചനവുമല്ല, വചനത്തിൻ്റെ ജഡാവസ്ഥയുമല്ല; പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നാണ് കാണുന്നത്. അവിടുത്തെ, ❝അവൻ❞ എന്ന പ്രഥമപുരുഷ ❝സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത്, ❝നാമം❞ ചേർത്താൽ; ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐓𝐡𝐞 𝐋𝐢𝐯𝐢𝐧𝐠 𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:15-16; 1കൊരി, 2:7 – യിരെ, 10:10). പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും അതാണ്: (കൊലൊ, 2:2). അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]
☛ ക്രിസ്തുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്നു ചോദിച്ചാൽ: അവൻ ദൈവമല്ല; മനുഷ്യനാണ്. ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ (മത്താ, 1:21) യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6 – എബ്രാ, 10:5; യെശ, 7:14 – മത്താ, 1:21; ഉല്പ, 3:15 – എബ്രാ, 2:14-15; ആവ, 18:15; 18:18 – സങ്കീ, 49:7-9 – എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; 2:21; യോഹ, 8:40; 1യോഹ, 3:5). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]. ➟ദൈവപുത്രൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: ❝മനുഷ്യൻ❞ (മത്താ, 26:72), ❝മനുഷ്യനായ നസറായനായ യേശു❞ (പ്രവൃ, 2:23), ❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) മുതലായവ. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ദൈവത്തിൻ്റെ ഇച്ഛ]
❷ പിതാവായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത: ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ്, ഞാൻതന്നേ അവൻ (പിതാവ്) അഥവാ, ❝എഗോ എയ്മി❞ (ἐγώ εἰμι – egō eimi – I am), അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള ❝എഗോ എയ്മി❞ (ἐγώ εἰμι – egō eimi – I am), ❝ഞാനും പിതാവും ഒന്നാകുന്നു❞ (I and my Father are one), ❝എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ (he that hath seen me hath seen the Father) എന്നൊക്കെ പറഞ്ഞത്: (യോഹ, 8:24; യോഹ, 8:28; യോഹ, 8:58; യോഹ, 10:30; യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: ❝കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം❞ എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: ❝ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?❞ എന്നാണ്: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? ❝ഞാനും പിതാവും ഒന്നാകുന്നു.❞ (യോഹ, 10:30). ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. സുവിശേഷചരിത്രകാലത്ത് പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ❝ഞാനും പിതാവും❞ എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ ❝പിതാവും പുത്രനും ഒന്നുതന്നെ❞ ആകയാലാണ് ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, ❝പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി❞ എന്നുപറഞ്ഞ ഫിപ്പോസിനോട്: ❝ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?❞ എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥ ആയിരുന്നെങ്കിൽ, ഞാൻതന്നേ വചനം, ഞാനും വചനവും ഒന്നാകുന്നു, എന്നെ കണ്ടവവൻ വചനത്തെ കണ്ടിരിക്കുന്നു എന്നല്ലാതെ; ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ എങ്ങനെ പറയും?
❸ ഏകദൈവവും ഏകമനനുഷ്യനും: ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ബൈബിൾ വെളിപ്പെടുത്തുന്ന പിതാവു് മനുഷ്യനല്ല ദൈവമാണ്. (ഹോശേ, 11:9 – ഇയ്യോ, 9:32). എന്നാൽ പുത്രൻ ദൈവമല്ല; അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും വംശപരമ്പരയിൽ മറിയയെന്ന കന്യകയിൽ പരിശുദ്ധാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21), ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22 – പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ് യേശു. (1പത്രൊ, 3:18). ഇതിലെവിടെയാണ് വചനം ജഡമാകാൻ അവസരമുള്ളത്? യഥാർത്ഥത്തിൽ അവൻ വചനത്തിൻ്റെ ജഡാവസ്ഥ ആയിരുന്നെങ്കിൽ, പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതമായത് ആരാണ്? വംശാവലിയോടെ യേശുവിൻ്റെ ജീവചരിത്രം എഴുതിവെച്ച മത്തായിയും ലൂക്കൊസും അവൻ വചനം ജഡമായവനാണെന്ന് രേഖപ്പെടുത്താത്തത് എന്താണ്?
❹ മറിയയുടെ മകൻ, മനുഷ്യൻ: സമവീക്ഷണ സുവിശേഷകന്മാർ പറയുന്നപോലെതന്നെ, യോഹന്നാനിലെ ക്രിസ്തുവും മറിയ പ്രസവിച്ച അവളുടെ മകനാണ്. മറിയത്തെ ❝യേശുവിൻ്റെ അമ്മ❞ എന്ന് ഏഴുപ്രാവശ്യം യോഹന്നാൻ പറഞ്ഞിട്ടുണ്ട്: (2:1, 2:3, 2:5, 2:12, 6:42, 19:25, 19:26). യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥ ആയിരുന്നെങ്കിൽ, അവൻ്റെ അമ്മ മറിയയാണെന്ന് ഏഴുപ്രാവശ്യം പറഞ്ഞ യോഹന്നാൻ അവൻ വചനം ജഡമായവനാണെന്ന് ഒരിക്കൽക്കൂടി പറയാഞ്ഞതെന്താണ്? അവൻ വചനത്തിൻ്റെ ജഡാവസ്ഥയല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (Joh, 3:16), യേശു മനുഷ്യനാണെന്ന് യോഹന്നാൻ പതിനേഴ് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 1:14, 1:30, 3:27, 4:29, 5:12, 7:46, 8:40, 9:11, 9:16, 9:24, 10:33, 11:47, 11:50, 18:14, 18:17, 18:29, 19:5).
❺ യഹോവയും ക്രിസ്തുവും: പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]. യഹോവയായ ഏകദൈവമാണ് ക്രിസ്തുവിനെക്കുറിച്ച് ആദ്യം പ്രവചിച്ചിരിക്കുന്നത്. വ്യക്തമായ രണ്ടു പ്രവചനം കാണിക്കാം:
☛ സ്ത്രീയുടെ സന്തതി: ❝ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.❞ (ഉല്പ, 3:15 – കൊലൊ, 2:15; എബ്രാ, 2:1-15). ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്നു. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം ഇതാണ്. അതിനുമുമ്പ് അവനെക്കുറിച്ചുള്ള പരാമർശംപോലുമില്ല. ആദ്യപ്രവചനത്തിൽ ❝സ്ത്രീയുടെ സന്തതി❞ എന്ന് അവനെ പരിചയപ്പെടുത്തുന്നത് പിതാവായ ഏകദൈവമാണ്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ആദിമുതലേ ഉണ്ടായിരുന്നെങ്കിലോ, അവൻ ദൈവമാണെങ്കിലോ യഹോവ അവനെ, സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും കാരണഭൂതൻ (സ്രഷ്ടാവ്) ആണ്: (1കൊരി, 8:6; 11:12; 2കൊരി, 5:18; എബ്രാ, 2:10). ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? ക്രിസ്തു ദൈവമല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) കന്യകയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:1-15). അവൻ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, വചനം ജഡമായവൻ നിൻ്റെ തലതകർക്കും എന്നല്ലാതെ, സ്ത്രീയുടെ സന്തതി നിൻ്റെ തലതകർക്കുമെന്ന് യഹോവ പറയുമായിരുന്നോ?
☛ മോശെയെപ്പോലൊരു പ്രവാചകൻ: ❝നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.❞ (ആവ, 18:18-19). യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. (പ്രവൃ, 3:22-23). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം:
➦ നിന്നെപ്പോലെ ഒരു പ്രവാചകൻ: ❝മോശെയെപ്പോലെ ഒരു പ്രവാചകൻ❞ എന്നാണ് യഹോവ ക്രിസ്തുവിനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിലോ, ദൈവമായിരുന്ന വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിലോ മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമോ, വചനമെന്ന മറ്റൊരു ദൈവമോ ആയിരുന്നെങ്കിൽ ❝ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല,” ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല❞ എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകില്ലേ? (ആവ, 32:39; യെശ, 46:9; യെശ, 40:25; യെശ, 46:5). തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല: ❝ഞാൻ മനുഷ്യനല്ല ദൈവമത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 → ഇയ്യോ, 9:32). ദൈവം മരണമില്ലാത്തവനും മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്തന്നെ ത്യജിപ്പാൻ കഴിയാത്തവനുമാണ്: (1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). ആകയാൽ, ദൈവത്തിനു് മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയെപ്പൊലൊരു മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല.
➦ അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും: പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും? അവൻ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, വചനം നിങ്ങളുടെ ഇടയിൽ ജഡമായിത്തീരും എന്നല്ലാതെ, യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്ന് പറയുമായിരുന്നോ?
➦ എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: ❝എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.❞ ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം ആക്കുന്നത്? ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ക്രിസ്തു ലോഗോസ് (വചനം) അല്ല; അവൻ സംസാരിച്ചതാണ് ലോഗോസ്: (ലൂക്കൊ, 4:32; ലൂക്കൊ, 4:36; യോഹ, 12:48 → കൊലൊ, 3:16). പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 12:50). അല്ലാതെ ക്രിസ്തു ദൈവമോ, വചനമോ അല്ല; അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതാണ് വചനം. അവൻ യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, വചനം ജഡമായിത്തീർന്നിട്ട് വചനം സംസാരിച്ചു എന്നുപറയുമോ? [കാണുക: യേശു വചനമല്ല; വെളിച്ചമാണ്]
➦ ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: ക്രിസ്തു പറയുന്നതു നോക്കുക: ❝എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.❞ (യോഹ, 7:16). ❝ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28). ❝ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49). ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50). ❝ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.❞ (യോഹ, 14:10). ❝നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 14:24). ❝ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.❞ (യോഹ, 14:31). ❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു പറഞ്ഞത്. അവൻ ദൈവമായിരുന്നെങ്കിൽ മറ്റൊരുത്തൻ്റെ ആജ്ഞാനുവർത്തി ആകുമായിരുന്നോ?
➦ അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: ❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.❞ (യോഹ, 3:36). ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. ക്രിസ്തു ദൈവമോ, വചനമോ, വചനത്തിൻ്റെ നേരിട്ടുള്ള ജഡാവസ്ഥയോ ആയിരുന്നെങ്കിൽ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്ന് ദൈവം പറയുമായിരുന്നോ?
❻ ക്രിസ്തുവും മോശെയും: ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പ്രവചിച്ചിരിക്കുന്നത് നോക്കാം: ❝നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.❞ (ആവ, 18:15 → പ്രവൃ, 7:37). ക്രിസ്തുവിനെക്കുറിച്ച് മോശെ പറയുന്നത് ശ്രദ്ധിക്കുക:
➦ എന്നെപ്പോലെ ഒരു പ്രവാചകൻ: ദൈവമായ യഹോവ എന്നെപ്പോലൊരു പ്രവാചകനനെ തരും. ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ? താൻതന്നെ കള്ളനായി മാറില്ലേ? (പുറ, 8:10; ആവ, 3:24; ആവ, 4:35; ആവ, 4:39; ആവ, 6:4; ആവ, 33:26). താൻ പ്രവചിച്ച പ്രവാചകനായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിനു് തുല്യനാകും? തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. അവൻ ദൈവമായിരുന്ന വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, എന്നെപ്പോലൊരു പ്രവാചകനെന്ന് പറയുമായിരുന്നോ?
➦ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും: മോശെയുടെ പ്രവചനംപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). അവൻ പ്രവചിച്ച ക്രിസ്തു ദൈവമായിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽനിന്നുവന്ന് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, എല്ലാ പ്രവാചകന്മാരും എഴുന്നേറ്റപോലെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും എന്ന് പറയുമായിരുന്നോ? ക്രിസ്തു വചനം ജഡമായിത്തീരുന്നവനാണെന്ന് മോശെയ്ക്ക് അറിയില്ലായിരുന്നോ?
➦ മോശെയും ക്രിസ്തുവും: എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). പഴയനിയമത്തിൽ മോശെയെ അഭിഷേകം ചെയ്ത സന്ദർഭം പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17; സംഖ്യാ, 11:25). തന്നെയുമല്ല, പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). തന്മൂലം, അവൻ ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19 – പ്രവൃ, 3:22; പ്രവൃ, 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2).
➦ ക്രിസ്തുവും മോശെയും: ❝നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?❞ (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. ശിഷ്യന്മാരുടെ കാൽകഴുകിയ ക്രിസ്തു മോശെ തന്നെക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. മോശെ പ്രവചിച്ച ക്രിസ്തു ദൈവമല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവം തന്നെ സാക്ഷ്യംപറഞ്ഞവനും ദൈവപുത്രനായ യേശുക്രിസ്തു അംഗീകരിക്കുന്നവനുമാണ് മോശെ. അവൻ്റെ വാക്കുകൾ ഭോഷ്ക്കല്ലെന്ന് മനസ്സിലാക്കുക. ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിനു് യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവായി ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1തിമൊ, 2:5-6; പ്രവൃ, 2:23-24; 2:36; 5:31). അപ്പോഴാണ് അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (എബ്രാ, 7:26). [കാണുക: സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ]. ക്രിസ്തു സ്ത്രീയിൽനിന്ന് ജനിക്കാതെ, സവിശേഷമായ രീതിയിൽ വചനം ജഡമായി തീർന്നവനാണെങ്കിൽ, എന്നെപ്പോലൊരു പ്രവാചകനെന്ന് മോശെ പറയുമായിരുന്നോ?
❼ ❝എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ (𝐥𝐨𝐠𝐨𝐢𝐬) നിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.❞ (ലൂക്കൊ, 4:22). ❝ലോഗോസിൻ്റെ (logos) ബഹുവചനമാണ് ❝ലോഗോയിസ്❞ (lógois). യേശുവിൻ്റെ വായിൽനിന്നാണ് ❝വചനങ്ങൾ❞ (𝐥𝐨𝐠𝐨𝐢𝐬) പുറപ്പെടുന്നത്. യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, വചനം ജഡമായവൻ്റെ വായിൽനിന്ന് വചനങ്ങൾ പുറപ്പെടുന്നു എന്ന് പറയുമോ? ❝അവന്റെ വചനം (𝐥𝐨𝐠𝐨𝐬) അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.❞ (ലൂക്കൊ, 4:32). ❝എല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം (𝐥𝐨𝐠𝐨𝐬) എന്ത്? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.❞ (ലൂക്കൊ, 4:36). ❝അവൻ ഗന്നേസരെത്ത്തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവ വചനം (𝐥𝐨𝐠𝐨𝐬) കേൾക്കേണ്ടതിന് അവനെ തിക്കിക്കൊണ്ടിരിക്കയിൽ❞ (ലൂക്കൊ, 5:1). ❝എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം (𝐥𝐨𝐠𝐨𝐬) കേൾക്കേണ്ടതിനും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിനും കൂടിവന്നു.❞ (ലൂക്കൊ, 5:15). ❝അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്ന് അവന്റെ വചനം (𝐥𝐨𝐠𝐨𝐬) കേട്ടുകൊണ്ടിരുന്നു.❞ (ലൂക്കൊ, 10:39). ❝അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോടു പറഞ്ഞ വാക്ക് (𝐥𝐨𝐠𝐨𝐬) പത്രൊസ് ഓർത്തു.❞ (ലൂക്കൊ, 22:61). ❝ഏറ്റവും അധികംപേർ അവന്റെ വചനം (𝐥𝐨𝐠𝐨𝐬) കേട്ടു വിശ്വസിച്ചു;❞ (യോഹ, 4:41). വചനം ജഡമായിത്തീർന്നവൻ്റെ വായിൽനിന്നാണ് വചനം വന്നതെന്ന് പറയാൻ പറ്റുമോ? [കാണുക: യേശു വചനമല്ല; വെളിച്ചമാണ്, ദൈവപുത്രൻ വചനമെന്ന ദൈവമാണോ?, ലോഗോസ് ക്രിസ്തുവാണോ? 10 തെളിവുകൾ, വചനം ക്രിസ്തുവാണോ?]
കൂടുതൽ അറിയാൻ: