1ശമൂവേൽ

ശമൂവേലിന്റെ ഒന്നാം പുസ്തകം (Book of 1 Samuel)

പഴയനിയമത്തിലെ ഒൻപതാമത്തെ പുസ്തകം. എബ്രായകാനോനിൽ മുൻപ്രവാചകന്മാരുടെ ഗണത്തിൽ മൂന്നാമത്തെ പുസ്തകം. എബ്രായയിൽ ശമൂവേൽ ഒന്നും രണ്ടും പുസ്തകങ്ങൾ ഒറ്റപ്പുസ്തകമായിരുന്നു. ഗ്രീക്കു സെപ്റ്റജിന്റാണാ അതിനെ രണ്ടായി പിരിച്ചത്. സെപ്റ്റ്വജിന്റിൽ ശമൂവേലിന്റെ രണ്ടു പുസ്തകങ്ങളും രാജാക്കന്മാരുടെ രണ്ടു പുസ്തകങ്ങളും ചേർന്ന് രാജ്യങ്ങളുടെ പുസ്തകങ്ങൾ I-IV ആണ്. ലത്തീൻ വുൾഗാത്തയിൽ അവ രാജാക്കന്മാരുടെ പുസ്തകങ്ങൾ I-IV. എബ്രായ കൈയെഴുത്തുപ്രതികളിൽ ഉണ്ടായിരുന്ന ശമൂവേൽ എന്ന ശീർഷകമാണ് ഇംഗ്ലീഷ് മലയാളം ഭാഷാന്തരങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്. ഈ പേരിന്റെ സാംഗത്യം ഒന്നു മാത്രമാണാ; ആദ്യഭാഗത്തു പ്രധാന കഥാപാത്രം ശമൂവേലാണ്; അനന്തരഭാഗത്തു വിവരിക്കപ്പെടുന്ന മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളായ ശൗലിനെയും ദാവീദിനെയും അഭിഷേകം ചെയ്തത് ശമൂവേലാണ്.

കർത്താവും കാലവും: ശമൂവേലിന്റെ കർതൃത്വത്തിന് ഉപോദ്ബലകങ്ങളായ ആഭ്യന്തരബാഹ്യതെളിവുകൾ വിരളമാണ്. യെഹൂദ പാരമ്പര്യം അനുസരിച്ചു ശമൂവേൽ പ്രവാചകനാണു് ഗ്രന്ഥകർത്താവ്. ‘സ്വന്തം പേരിലുള്ള പുസ്തകവും ന്യായാധിപന്മാരുടെ പുസ്തകവും രുത്തും ശമുവേൽ എഴുതി.’ (ബാബാബ്രത 14B). ശമുവേലിന്റെ മരണം 1ശമൂവേൽ 25:1-ൽ പറയുന്നു. 1ശമൂവേൽ 25-31 അദ്ധ്യായങ്ങളിലെയും 2ശമൂവേലിലെയും സംഭവങ്ങൾ ശമൂവേലിന്റെ മരണശേഷം സംഭവിച്ചവയാണ്. സിക്ലാഗ് ഇന്നുവരെയും യെഹൂദാ രാജാക്കന്മാർക്ക് ഉള്ളതായിരിക്കുന്നു’ (1ശമൂ 27:6) എന്ന പ്രസ്താവന രാജ്യവിഭജനത്തിനു ശേഷമാണ് ഗ്രന്ഥരചന എന്നതിനു തെളിവായി ചിലർ ചൂണ്ടിക്കാണിക്കുന്നു. ദാവീദിന്റെ മരണത്തെക്കുറിച്ച് ശമുവേലിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല; അതുകൊണ്ട് പ്രസ്തുത സംഭവത്തിനുമുമ്പ് ഗ്രന്ഥരചന നടന്നിരിക്കണം. ശമുവേലും ഒരെഴുത്തുകാരൻ ആയിരുന്നുവെന്ന് ഈ പുസ്തകത്തിൽ കാണാം. (1ശമൂ, 10:25; 1ദിന, 29:29). ശമുവേൽ, നാഥാൻ, ഗാദ് എന്നിവർ എഴുതി എന്നതാണ് പൊതുധാരണ. “എന്നാൽ ദാവീദ് രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമ പ്രവൃത്തികളും അവനും യിസ്രായേലിനും അന്യദേശങ്ങളിലെ സകലരാജ്യങ്ങൾക്കും ഭവിച്ച കാലഗതികളും ദർശകനായ ശമുവേലിന്റെ വൃത്താന്തത്തിലും നാഥാൻ പ്രവാചകന്റെ പുസ്തകത്തിലും ദർശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.” (1ദിന, 29:29,30). ലിബറൽ ചിന്തകരുടെ പക്ഷത്തിൽ കുറഞ്ഞത് രണ്ടു രേഖകളുടെ (Jയും Bയും) സങ്കലനമാണ് ശമുവേലിന്റെ പുസ്തകങ്ങൾ. ശൗലിന്റെയും ദാവീദിന്റെയും വൃത്താന്തങ്ങൾ ശലോമോന്റെ കാലത്തും ശമൂവേലിനെ സംബന്ധിച്ചുള്ളവ എട്ടാം നൂറ്റാണ്ടിലും രൂപപ്പെട്ടു എന്നും അവയുടെ ഏകീകരണം ഒരു നൂറ്റാണ്ടിനു ശേഷം സംഭവിച്ചു എന്നും അവർ സിദ്ധാന്തിക്കുന്നു. ശമുവേലിന്റെ പുസ്തകത്തിന്റെ ഏകത്വത്തിനു താഴെപ്പറയുന്ന തെളിവുകളുണ്ട്. 1. പുസ്തകത്തിന്റെ സംവിധാനം ക്രമീകൃതവും സുഘടിതവുമാണ്. 2. പുസ്തകങ്ങളുടെ ഭാഗങ്ങൾക്ക് പരസ്പരബന്ധമുണ്ട് 3. ഭാഷയുടെ ഐകരൂപ്യം. ശമൂവേലിന്റെ ജനനം മുതൽ ശൗൽ രാജാവിന്റെ മരണം വരെയുള്ള ചരിത്രം 1ശമുവേലിലുണ്ട്. 2ശമുവേലിൽ പ്രധാനമായും ആഖ്യാനം ചെയ്യുന്നത് ദാവീദിന്റെ ഭരണമാണ്. 100 വർഷത്തെ ചരിത്രം രണ്ടു പുസ്തകങ്ങളും ഉൾക്കൊള്ളുന്നു. 

ഉദ്ദേശ്യം: പഴയനിയമ ചരിത്രം വിശ്വാസികൾക്കു ബുദ്ധ്യുപദേശത്തിനും പ്രബോധനത്തിനും പ്രോത്സാഹനത്തിനും വേണ്ടിയാണ് നല്കപ്പെട്ടിരിക്കുന്നത്. (റോമ, 15:4; 1കൊരി, 10:11). യിസ്രായേലിൽ രാജവാഴ്ചയുടെ വ്യവസ്ഥാപനം വ്യക്തമാക്കുകയാണ് ഈ പുസ്തകങ്ങളുടെ പ്രധാന ഉദ്ദേശ്യം. ന്യായാധിപന്മാരിൽ നിന്നും രാജാക്കന്മാരിലേക്കു ഭരണം കൈമാറുന്നതു വിവരിക്കുന്നു. ന്യായാധിപനും പ്രവാചകനുമായിരുന്ന ശമൂവേലാണ് യിസ്രായേലിലെ ആദ്യത്തെ രണ്ടു രാജാക്കന്മാരെ അഭിഷേകം ചെയ്തത്. എന്നാൽ ദാവീദ് രാജാവാകുന്നതിനു മുമ്പു ശമുവേൽ മരിച്ചു. പ്രവാചക ശുശ്രൂഷയുടെയും രാജ വാഴ്ചയുടെയും ആരംഭം ഈ പുസ്തകങ്ങളിലുണ്ട്. 

പ്രധാന വാക്യങ്ങൾ: 1. “യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.” 1ശമൂവേൽ 2:2.

2. “ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു. യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.” 1ശമൂവേൽ 8:6,7.

3. “ശമൂവേൽ ശൌലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു. ഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.” ശമൂവേൽ-1 13:13,14.

4. “ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.” 1ശമൂവേൽ 15:22.

ഉള്ളടക്കം: I. ശമുവേൽ-പ്രവാചകനും ന്യായാധിപനും: 17അ. 

1. ശമുവേലിന്റെ ജനനവും ബാല്യവും: 1:1-2:10.

2. ഏലിയുടെ തിരസ്കരണവും ശമുവേലിന്റെ വിളിയും: 2:11-3:21. 

3. ഫെലിസ്ത്യരുടെ പ്രാബല്യം: 4:1-7-1.

4. ശമുവേലിന്റെ ന്യായപാലനം: 7:2-17.

II. ശൗലിന്റെ വാഴ്ച: 8:1-31:13.

1. യിസ്രായേൽ രാജാവിനെ ആഗ്രഹിക്കുന്നു: 8:1-22.

2. ശൗലിന്റെ തിരഞ്ഞെടുപ്പ്: 9:1-11:15.

3. ശമൂവേലിന്റെ വിടവാങ്ങൽ: 12:1-25.

4. ഫെലിസ്ത്യരുമായുള്ള ശൗലിന്റെ യുദ്ധം: 13:1-14:52.

5. ശൗലിന്റെ അനുസരണക്കേട്: 15:1-35.

6. ദാവീദിന്റെ അഭിഷേകം: അ.16. 

7. ദാവീദും ഗൊല്യാത്തും: അ.17.

8. ശൗലിന്റെ കൊട്ടാരത്തിൽ നിന്ന് ദാവീദ് ഓടിപ്പോകുന്നു: 18:1-20:43. 

9. ദാവീദ് അലഞ്ഞു നടക്കുന്നു: 21:1-30:31.

10. ശൗലിന്റെ മരണം: 31:1-13.

പൂർണ്ണവിഷയം

ശമൂവേലിന്റെ മാതാവായിരുന്നു ഹന്ന- 1:1-20
ശമൂവേലിന്റെ ജനനവും, ബാല്യകാലവും- 1:20-28
ഹന്നയുടെ പാട്ട്- 2:1-10
ഏലിയുടെ ദുഷ്ടരായ മക്കൾ 2:12-17
ദൈവം ഏലിയുടെ ഗൃഹത്തിനെതിരാകുന്നു- 2:27-36
ദൈവം ശമൂവേലിനെ വിളിക്കുന്നു- 3:1-21
ഫെലിസ്ത്യര്‍ ദൈവത്തിന്റെ പെട്ടകം പിടിച്ചു കൊണ്ടുപോകുന്നു- 4:1-11
ഏലിയുടെ മരണം, ഈഖാബോദിന്റെ ജനനം- 4:12-22
പെട്ടകം-ഫെലിസ്ത്യനഗരങ്ങളിൽ അനര്‍ത്ഥം വരുത്തുന്നു 5:1-12
പെട്ടകം യിസ്രായേലിലേക്ക് കൊണ്ടുവരുന്നു- 6:1—7:1
മിസ്പയിൽ ജനത്തിന്റെ സമർപ്പണം; യിസ്രായേൽ ഫെലിസ്ത്യരെ തോല്പിക്കുന്നു- 7:2-13
ഒരു രാജാവിനുവേണ്ടി ജനം ആഗ്രഹം പ്രകടിപ്പിക്കുന്നു- 8:1-22
ശൗലും ശമൂവേലും കണ്ടുമുട്ടുന്നു 9:1-27
ശമൂവേൽ ശൗലിനെ അഭിഷേകം ചെയ്യുന്നു- 10:1-8
ശൗൽ രാജാവാകുന്നു- 10:9-27
ശൗൽ അമ്മോന്യരെ തോല്പിക്കുന്നു 11:1-15
ശമൂവേലിന്റെ അവസാന പ്രഭാഷണം- 12:1-25
ശൗൽ ഹോമയാഗം അര്‍പ്പിക്കുന്നു, ശാസിക്കപ്പെടുന്നു- 13:6-15
വാളും കുന്തവുമില്ലാതെ പടയാളികൾ- 13:16-22
യോനാഥാന്റെ വിജയകരമായ സൈനിക നടപടി14:1-14
ഫെലിസ്ത്യരെ കീഴടക്കുന്നു 14:15-23
ശൗലിന്റെ പ്രതിജ്ഞയിൽ യോനാഥാന്റെ വിഷമം 14:24-45
ശൗൽ ശത്രുക്കളെ തോല്പിക്കുന്നു 14:46-52
അമാലേക്യരുമായുള്ള യുദ്ധം 15:1-33
ശൗലിന്റെ അനുസരണക്കേട് 15:1-9
ദൈവം ശൗലിനെ രാജസ്ഥാനത്തുനിന്നും തള്ളിക്കളയുന്നു 15:10-29
ശമൂവേൽ ദാവീദിനെ അഭിഷേകം ചെയ്യുന്നു 16:1-13
ദാവീദ് ശൗലിന്റെ കൊട്ടാരത്തിൽ 16:14-23
ദാവീദും ഗോല്യാത്തും 17:1-58
ശൗലിന്റെ ഭയവും ദാവീദിനോടുള്ള അസൂയയും 18:1-16
ശൗൽ ദാവീദിന്റെ മരണത്തിനായി ആഗ്രഹിക്കുന്നു 18:17-25
ശൗലിന്റെ മകൾ മീഖളിനെ ദാവീദ് വിവാഹം കഴിക്കുന്നു- 18:27
ശൗൽ ദാവീദിനെ കൊല്ലാൻ ശ്രമിക്കുന്നു 19:1-11
മീഖൾ ദാവീദിനെ രക്ഷപ്പെടുത്തുന്നു- 19:12-17
ശൗലും തന്റെ കൂടെയുള്ളവരും പ്രവചിക്കുന്നു- 19:19-24
ദാവീദും യോനാഥാനും, അതിശയകരമായ ഒരു സൗഹൃദം 20:1-42
ദാവീദ് രക്ഷപെട്ട് നോബിലെ പുരോഹിതന്റെ അടുക്കൽ വരുന്നു, പുരോഹിതൻ ദാവീദിനെ സഹായിക്കുന്നു21:1-9
ഗത്തിൽ വച്ച് ദാവീദ് ഭ്രാന്തനെപ്പോലെ പെരുമാറുന്നു 21:10-15
ദാവീദ് അദുല്ലാമിലേക്കും മിസ്പയിലേക്കും ഓടിപോകുന്നു 22:1-5
ശൗൽ നോബിലെ പുരോഹിതന്മാരെ കൊല്ലുന്നു 22:6-23
ദാവീദ് കെയീല പട്ടണത്തെ രക്ഷിക്കുന്നു 23:1-13
സീഫിലെ ആളുകൾ ദാവീദിനെ ഒറ്റിക്കൊടുക്കുന്നു 23:14-29
ദാവീദ് ശൗലിനെ കൊല്ലാതെ വിടുന്നു 24:1-22
ദാവീദ്, നാബാൽ, അബീഗയിൽ 25:1-44
ദാവീദ് രണ്ടാമതും ശൗലിനെ കൊല്ലാതെ വിടുന്നു- 26:1-25
ദാവീദ് ഫെലിസ്ത്യരുടെ അടുത്തേക്ക് പോകുന്നു 27:1-12
ശൗൽ ഏൻ ദോരിലെ വെളിച്ചപ്പാടത്തിയുടെ അടുക്കൽ 28:1-25
ഫെലിസ്ത്യര്‍ ദാവീദിനെ സിക്ലാഗിലേക്ക് അയയ്ക്കുന്നു 29:1-11
ദാവീദ് കര്‍ത്താവിൽ ധൈര്യപ്പെടുന്നു 30:1-8
ദാവീദ് എല്ലാം വീണ്ടെടുക്കുന്നു 30:9-31
ഗിൽബോവ പര്‍വ്വതത്തിൽ ശൗലും യോനാഥാനും മരിക്കുന്നു 31:1-13.

Leave a Reply

Your email address will not be published. Required fields are marked *