ശലോമ, ശലോമി

ശലോമ, ശലോമി (Salome)

ശലോമോൻ എന്ന പേരിന്റെ സ്ത്രീലിംഗരൂപമാണിത്. സെബെദിയുടെ ഭാര്യയും, യാക്കോബ് യോഹന്നാൻ എന്നിവരുടെ മാതാവും. (മത്താ, 27:56, മർക്കൊ, 15:40). ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ കല്ലറയ്ക്കൽ എത്തിയവരുടെ കൂട്ടത്തിൽ ശലോമ ഉണ്ടായിരുന്നു. (മർക്കൊ, 16:1). “സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി യേശുവിന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു; “നിനക്കു എന്തു വേണം” എന്നു യേശു അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.” (മത്താ, 20:20-21). “യേശു അവരോടു: “എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും” എന്നു പറഞ്ഞു. (മത്താ, 20:23). ശലോമയുടെ ഭർത്താവായ സെബെദി സമ്പന്നനായിരുന്നു. ക്രിസ്തുവിൻ്റെയും ശിഷ്യന്മാരുടെയും ഭൗതിക ആവശ്യങ്ങളിൽ ഇവർ സഹായിച്ചിരുന്നു. 

യേശുവിന്റെ അമ്മയായ മറിയയുടെ സഹോദരിയാണ് ശലോമ എന്ന പ്രബലമായ ഒരഭിപ്രായമുണ്ട്. യോഹന്നാൻ 19:25-ആണ് അതിനാധാരം; “യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.” എന്നാൽ മറ്റൊരു കൂട്ടരാകട്ടെ; അമ്മയുടെ സഹോദരി എന്നത് ക്ലെയോപ്പാവിൻ്റെ ഭാര്യ മറിയയെ കുറിക്കുന്നു എന്നും അവകാശപ്പെടുന്നു. 

ആകെ സൂചനകൾ (4) — മത്താ, 20:20, 27:56, മർക്കൊ, 15:40, 16:1.

Leave a Reply

Your email address will not be published. Required fields are marked *