വെളിപ്പാട്

വെളിപ്പാട്

“ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.” (1കൊരി, 14:26). വെളിപ്പാടുകൾ രണ്ടുവിധമുണ്ട്: സാമാന്യ വെളിപ്പാടും, സവിശേഷ വെളിപ്പാടും. എല്ലാ മനുഷ്യരെയും സംബന്ധിച്ച് ദൈവം നല്കുന്നതാണ് സാമാന്യ വെളിപ്പാട്. (റോമ, 1:19,20). സവിശേഷ വെളിപ്പാട് അഥവാ, പ്രകൃത്യാതീതമായ വെളിപ്പാടാണ് ദൈവജനത്തിനു നല്കുന്നത്. മനുഷ്യൻ്റെ സ്വാഭാവിക കഴിവുകൾകൊണ്ട് ദൈവത്തിൻ്റെ അഗാധതത്വം (ഇയ്യോ, 11:7; 36:26) ഗ്രഹിക്കാൻ കഴിയാത്തതുകൊണ്ട്, അഗോചര കാര്യങ്ങളെ ദൈവം തന്നെയാണ് വെളിപ്പെടുത്തുന്നത്. (യിരെ, 33:3). നോഹ, അബ്രാഹാം, മോശെ എന്നിവർക്ക് ദൈവം തൻ്റെ നിർണ്ണയങ്ങൾ വെളിപ്പെടുത്തിക്കൊടുത്തു. (ഉല്പ, 6:13-21; 15:13-21, 17:15-21; പുറ, 3:2-22). യിസ്രായേലിനു തൻ്റെ ഉടമ്പടിയും ന്യായപ്രമാണവും വെളിപ്പെടുത്തിക്കൊടുത്തു. (പുറ, 20-23). പ്രവാചകന്മാർക്ക് തൻ്റെ നിർണ്ണയങ്ങൾ അനാവരണം ചെയ്തു. (ആമോ, 3:7). പിതാവിൽനിന്ന് കേട്ടതെല്ലാം യേശു ശിഷ്യന്മാർക്ക് വെളിപ്പെടുത്തി. (യോഹ, 15:15). യോഹന്നാനു ക്രിസ്തു ഭാവി സംഭവങ്ങളും (വെളി, 1:1), തന്നെത്തന്നെയും വെളിപ്പെടുത്തി. (വെളി, 1:12-17). ദൈവം പൗലൊസിനു തൻ്റെ ഹിതത്തിൻ്റെ മർമ്മം വെളിപ്പെടുത്തുകയും (എഫെ, 1:9, 3:3-11), വെളിപ്പാടുകളുടെ ആധിക്യത്താൻ നിഗളിക്കാതിരിക്കാൻ ഒരു ശൂലവും നല്കി: “വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചു പോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.” (2കൊരി,12:7).

Leave a Reply

Your email address will not be published. Required fields are marked *