ലാസറും ധനവാനും

ലാസറും ധനവാനും

ലാസറിൻ്റെയും ധനവാൻ്റെയും ഈ സംഭവം ഒരുപമയാണെന്ന് കരുതുന്ന അനേകരുണ്ട്. എന്നാൽ, ബൈബിൾ വസ്തുനിഷ്ഠമായി പഠിക്കുമ്പോൾ ഇതൊരുപമയല്ല; യേശുവിൻ്റെ കാലത്തിന് മുമ്പെപ്പോഴോ നടന്ന ചരിത്രമാണെന്ന് മനസ്സിലാക്കാം. ഇതൊരുപമയല്ല എന്നതിന് തെളിവായി മൂന്ന് കാര്യങ്ങൾ ചൂണ്ടിക്കാണിക്കാം:

ഒന്ന്; ഒരുപമയുടേയും ശൈലിയിലല്ല ഇതാരംഭിക്കുന്നത്. ‘ധനവാനായൊരു മനുഷ്യന്‍ ഉണ്ടായിരുന്നു’ (There was a rich man); പറയുന്നത് മറ്റാരുമല്ല, കർത്താവായ യേശുക്രിസ്തുവാണ്. ‘ധനവാനായൊരു മനുഷ്യൻ ഉണ്ടായിരുന്നു’ എന്നു പറഞ്ഞാൽ, അങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് തന്നെയാണർത്ഥം. 

രണ്ട്; ഇതൊരുപമയാണെന്ന് എടുത്തു പറഞ്ഞിട്ടില്ല; മറ്റുള്ളവയെല്ലാം അങ്ങനെ പറഞ്ഞിട്ടുണ്ട്: ഉദാ; ‘ഉപമകള്‍വഴി അവരോടു പറഞ്ഞു: വിതക്കാരന്‍ വിതയ്‌ക്കാന്‍ പുറപ്പെട്ടു.’ (മത്താ, 13:3). ”ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്‌ക്കുന്നതിനോട്‌ സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം.” (13:24). “വേറൊരുപമ അവന്‍ അവരോടു പറഞ്ഞു: സ്വര്‍ഗ്ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കു സദൃശം.” (13:31). മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴി മാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം.” (13:33). 

മൂന്ന്; വിതക്കാരൻ്റെ ഉപമയിൽ; വിതയ്ക്കുന്നവൻ്റെ പേരോ (മത്താ, 13:3), കടുകുമണിയുടെ ഉപമയിൽ; കർഷകൻ്റെ പേരോ (13:31), പുളിമാവിൻ്റെ ഉപമയിൽ; സ്ത്രീയുടെ പേരോ (13:33), ഒളിച്ചുവെച്ച നിധിയുടെ ഉപമയിൽ; നിധി കണ്ടെത്തുന്നവൻ്റെ പേരോ (13:44), വിലയേറിയ രത്നത്തിൻ്റെ ഉപമയിൽ; രത്നം കണ്ടെത്തുന്നവൻ പേരോ (13:46), വല വീശുന്നവൻ്റെ ഉപയിൽ; വീശുന്നവൻ്റെ പേരോ (13:48), വഴിതെറ്റിയ ആടിൻ്റെ ഉപമയിൽ; ഇടയൻ്റെ പേരോ (18:12), നിർദയനായ ഭൃത്യൻ്റെ ഉപമയിൽ; രാജാവിൻ്റെയോ ഭൃത്യൻ്റെയോ പേരോ (18:23), മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയിൽ; വീട്ടുടമസ്ഥൻ്റെ പേരോ (20:1), രണ്ടു പത്രന്മാരുടെ ഉപമയിൽ; ആ മനുഷ്യൻ്റേയോ പുത്രന്മാരുടേയോ പേരോ (21:28), വിവാഹവിരുന്നിൻ്റെ ഉപമയിൽ; രാജാവിൻ്റെ പേരോ (22:1), പത്തു കന്യകമാരുടെ ഉപമയിൽ; കന്യകമാരുടെ പേരോ (25:1), താലന്തിൻ്റെ ഉപമയിൽ; യാത്രപോകുന്ന മനുഷ്യൻ്റേയോ ഭൃത്യന്മാരുടേയോ പേരോ (25:14) തുടങ്ങി ഒരുപമയിലും ആരുടേയും പേർ പറഞ്ഞിട്ടില്ല. എന്നാൽ, ഈ സംഭവത്തിൽ, “ലാസര്‍ എന്നുപേരുള്ള ഒരു ദരിദ്രന്‍ ഉണ്ടായിരുന്നു” (ലൂക്കാ, 16:20) എന്നെടുത്തു പറഞ്ഞിട്ടുണ്ട്. ധനവാൻ്റെ പേർ പറയാത്തതിൻ്റെ കാരണം 30-ാം വാക്യത്തിലുണ്ട്; അവന് അനുതാപം അഥവാ, മാനസാന്തരം ഇല്ലാത്തവനാണ്. തന്മൂലം, ജീവൻ്റെ ഗ്രന്ഥത്തില്‍ അവൻ്റെ പേരില്ല. (വെളി, 20:15). അതുകൊണ്ടാണ് അവൻ്റെ പേർ കർത്താവ് പറയാത്തത്. 

വേദഭാഗം: ലൂക്കാ 16:19-31: ¹⁹ ഒരു ധനവാന്‍ ഉണ്ടായിരുന്നു. അവൻ ചെമന്ന പട്ടും മൃദുലവസ്‌ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്‌ഷമായി ഭക്‌ഷിച്ച്‌ ആനന്‌ദിക്കുകയും ചെയ്‌തിരുന്നു.

²⁰ അവൻ്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രൻ കിടന്നിരുന്നു. അവൻ്റെ ശരീരം വ്രണങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു.

²¹ ധനവാൻ്റെ മേശയില്‍നിന്നു വീണിരുന്നവകൊണ്ടു വിശപ്പടക്കാൻ അവൻ ആഗ്രഹിച്ചു. നായ്‌ക്കള്‍വന്ന്‌ അവൻ്റെ വ്രണങ്ങള്‍ നക്കിയിരുന്നു.

²² ആ ദരിദ്രൾ മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിൻ്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച്‌ അടക്കപ്പെട്ടു.

²³ അവൻ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവൻ്റെ മടിയില്‍ ലാസറിനെയും കണ്ടു.

²⁴ അവൻ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്‍െറ വിരല്‍ത്തുമ്പു വെള്ളത്തില്‍ മുക്കി എൻ്റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്‌ക്കണമേ! ഞാൻ ഈ അഗ്‌നിജ്വാലയില്‍ക്കിടന്ന്‌ യാതനയനുഭവിക്കുന്നു.

²⁵ അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത്‌ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്‌ടതകളും. ഇപ്പോൾ അവൻ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.

²⁶ കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്‌ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കുകയില്ല.

²⁷ അപ്പോള്‍ അവൻ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കില്‍, ലാസറിനെ എൻ്റെ പിതൃഭവനത്തിലേക്ക്‌ അയയ്‌ക്കണമേ എന്നു ഞാന്‍ അപേക്‌ഷിക്കുന്നു.

²⁸ എനിക്ക്‌ അഞ്ചു സഹോദരന്‍മാരുണ്ട്‌. അവരും പീഡകളുടെ ഈ സ്‌ഥലത്തു വരാതിരിക്കേണ്ടതിന്‌ അവൻ അവര്‍ക്കു സാക്‌ഷ്യം നല്‍കട്ടെ.

²⁹ അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ.

³⁰ ധനവാൻ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവൻ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും.

³¹ അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്‍മാരും പറയുന്നത്‌ അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന്‌ ഒരുവൻ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല. (ലൂക്കാ, 16:19-31).

ലാസറിൻ്റെയും ധനവാൻ്റെയും ചരിത്രത്തോടുള്ള ബന്ധത്തിൽ ഒരുപാട് ചിന്തകൾ കേട്ടിട്ടുഉള്ളവരാണ് എല്ലാവരും. അതുകൊണ്ട് ഉപരിപ്ലവമായ ഒരു ചിന്തയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. യേശുകർത്താവ് ഇതിലൂടെ പറഞ്ഞുവെച്ചിരിക്കുന്ന കാതലായ ചില കാര്യങ്ങളാണ് ചിന്തിക്കാൻ ആഗ്രഹിക്കുന്നത്:

1. മരണം

2. മരണം അന്ത്യമല്ല; ആരംഭമാണ്

3. മരണാനന്തര ജീവിതത്തിൻ്റെ മാറ്റമില്ലായ്മ

4. മാനസാന്തരം

I. മരണം: ലോകത്തെ സംബന്ധിച്ച് മരണം ഒരു സമസ്യയാണ്. ഒരു മനുഷ്യനും അതിനുത്തരം കണ്ടെത്തിയിട്ടില്ല. ലോകമതങ്ങൾ, തത്വചിന്തകൾ, വിശ്വാസങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങി എന്തെല്ലാം മരണവുമായി ബന്ധപ്പെട്ടും ഇടകലർന്നും നിലനിന്നുവരുന്നു! മരണം എന്നൊന്നില്ലായിരുന്നെങ്കിൽ മതവും തത്ത്വചിന്തയും മറ്റും ഉത്ഭവിക്കയില്ലായിരുന്നു. ധനവാനും ദരിദ്രനും, പണ്ഡിതനും പാമരനും, രാജാവും പ്രജയും, ഉടമയും അടിമയും, സ്ത്രീയും പുരുഷനും എല്ലാ മനുഷ്യരും മരിക്കും; മൺമറയും. എല്ലാ ജീവിയും മരിക്കും. മരണത്തിനു മുഖപക്ഷമില്ല. മരണത്തോടെ എല്ലാം അവസാനിക്കുന്നുവോ? ഒരു മരണാനന്തര ജീവിതമുണ്ടോ? ഇരുളിൽനിന്നും വെളിച്ചത്തിലേക്കും മരണത്തിൽനിന്നും അമർത്യതയിലേക്കും അസത്യത്തിൽനിന്നും സത്യത്തിലേക്കും വഴിതേടുന്ന ലോകമതങ്ങൾ! മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നു വാദിക്കുന്ന നാസ്തികർ. ജനനമരണ ചക്രത്തിൽ കിടന്നു വലയുന്ന ജീവാത്മാവിന്റെ മോചനത്തിനു മാർഗ്ഗമുപദേശിക്കുന്ന ഭാരതീയ തത്ത്വചിന്ത, ദ്വൈതാദ്വൈത വാദങ്ങൾ, തർക്കങ്ങൾ, അന്തമില്ലാത്ത ജനിമൃതിവലയം.

മരണം ബൈബിളിൻ്റെ വെളിച്ചത്തിൽ: “ആദരിദ്രൾ മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിൻ്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച്‌ അടക്കപ്പെട്ടു.” (16:22). മരണം പല്ലിയെപ്പോലെയാണ്: “പല്ലി കൈയിലൊതുങ്ങാനേയുള്ളു; എങ്കിലും അതു രാജകൊട്ടാരങ്ങളില്‍പ്പോലും കയറിപ്പറ്റുന്നു.” (സുഭാ, 30:28). കൊട്ടാരമായാലും കുടിലായാലും പണിതു തീരുന്നതിനുമുമ്പേ പല്ലി അതിൽ കയറിക്കൂടുന്നു. അതുപോലെ, മരണവും മനുഷ്യൻ്റെ മുമ്പേ സഞ്ചരിക്കുന്ന അതിഥിയാണ്. ധനികനെന്നോ ദരിദ്രനെന്നോ വിവേചനമില്ല; എല്ലാവരേയും മരണം കീഴ്പ്പെടുത്തും. തനറ്റൊസ് (thanatos) എന്ന ഗ്രീക്കുപദത്തിന് രണ്ടാശയങ്ങളുണ്ട്: 1. ശാരീരിക മരണം. 2. ആത്മികമരണം. (റോമാ, 5:12,14,17,21). മരണം ജീവൻ്റെ വിപര്യായമാണ്; അഭാവമല്ല. മണ്ണിൽ നിന്നെടുക്കപ്പെട്ട മനുഷ്യൻ മണ്ണിലേക്കു മടങ്ങുന്നു. “നീ പൊടിയാണ്‌, പൊടിയിലേക്കുതന്നെ നീ മടങ്ങും. പാപത്തിൽ വീണ മനുഷ്യനോടുളള ദൈവകല്പനയാണിത്. (ഉല്പ, 3:19). മനുഷ്യന്റെ പേരുകളിലധികവും മണ്ണിനെയും മരണത്തെയും വ്യഞ്ജിപ്പിക്കുന്നു. മനുഷ്യന്റെ കൂടെപ്പിറപ്പാണു മരണം. ജനിക്കുന്ന നിമിഷം മുതൽ മരണ വക്രത്തിലേക്കു ചുവടുവച്ചു അവൻ പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്നു. മരണനിമിഷംവരെയും മനുഷ്യൻ മരിച്ചുകൊണ്ടിരിക്കുകയാണ്. “ചെറുപ്പം മുതൽ ഇന്നോളം ഞാൻ പീഡിതനും മരണാസന്നനുമായി, അങ്ങയുടെ ഭീകര ശിക്ഷകള്‍ സഹിക്കുന്നു; ഞാൻ നിസ്സഹായനാണ്‌.” (സങ്കീ, 88:15). ഞാൻ ജീവിക്കുന്നു എന്ന ബോധം ഉണ്ടോകുന്നതിനു മുമ്പുതന്നെ എത്രയോ ഭ്രൂണങ്ങൾ അകാലത്തിൽ വിസ്മൃതിയിൽ വിലയം പ്രാപിക്കുന്നു. മനുഷ്യാനുഭവത്തിൽ എല്ലാവരാലും വിലപിക്കപ്പെടുന്ന ഒരു സംഭവമാണു മരണം. വെറും ഒരു പ്രാകൃതിക പ്രതിഭാസമായി പരിഗണിക്കപ്പെടാവുന്ന ഒന്നല്ല അത്. മരണം ഒരു നിഗൂഢതയാണ്. ദൈവസൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. പക്ഷേ താഴെക്കിടയിലുള്ള പലയിനം സസ്യങ്ങൾക്കും ചില ജന്തുക്കൾക്കും ഉള്ളത്രപോലും ആയുസ്സു മനുഷ്യനില്ല. ദൈവസാദൃശ്യത്തിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതെങ്കിൽ എന്തുകൊണ്ടു അവൻ മരിക്കുന്നു എന്നതും ഒരു പ്രശ്നമാണ്. ദൈവഹിതത്തിനു വിരുദ്ധമായി മനുഷ്യൻ പാപത്തിൽ വീണതാണ് അതിനു കാരണമെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (ഉല്പ, 2:17). പാപം സാർവ്വത്രികമായതുകൊണ്ട് പാപത്തിന്റെ ശമ്പളമായ മരണവും സാർവ്വത്രികമാണ്. “ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്‌തതുകൊണ്ട്‌ മരണം എല്ലാവരിലും വ്യാപിച്ചു.” (റോമാ, 5:12). 

പ്രാകൃതിക ജീവന്റെ വിച്ഛേദനമാണ് മരണം. ഏതവസ്ഥയിലും വർഗ്ഗത്തിലും പ്രായത്തിലുമുള്ളവർ മരണത്തിനു വിധേയരാണ്. ഉദാ: അബ്രാഹം (ഉല്പ, 25:11), അഹറോന്റെ പുത്രന്മാർ (ലേവ്യ, 16:1),  മോശ (നിയ, 34:5), പ്രസവവേദനയിലായിരുന്ന സ്ത്രീ (1സാമു, 4:20), ദാവീദിന്റെ കുഞ്ഞ് ( 2സാമു, 12:23), മനുഷ്യപുത്രൻ (മർക്കോ, 15:37). ശരീരത്തിൽ നിന്നും ആത്മാവു വേർപെടുന്നതാണ് മരണം: “പിതാവേ, അങ്ങയുടെ കരങ്ങളില്‍ എൻ്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു.” (ലൂക്കാ, 23:46). “ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേര്‍പാടിന്റെ സമയം സമാഗതമായി.” (2തിമോ, 4:6). അത് സകല ഭൂവാസികളുടെയും വഴിയാണ്: “ഇതാ, സകല മര്‍ത്യരും പോകേണ്ട വഴിയേ എനിക്കും പോകാറായിരിക്കുന്നു.” (ജോഷ്വ, 23:14). പൂർവ്വാവസ്ഥയിലേക്കുള്ള മടക്കമാണ് മരണം: “എല്ലാം മിഥ്യയാണ്‌. എല്ലാം ഒരിടത്തേക്കു പോകുന്നു. എല്ലാം പൊടിയില്‍നിന്നുണ്ടായി, എല്ലാം പൊടിയിലേക്കു മടങ്ങുന്നു.” (സഭാ, 3:20). മരണത്തെക്കുറിക്കുന്ന ഒരു ശുഭപദമാണ് നിദ്ര: കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു: ഇതാ, നീ നിന്‍െറ പിതാക്കന്‍മാരോടുകൂടെ നിദ്ര പ്രാപിക്കാറായിരിക്കുന്നു.” (നിയ, 31:16). “നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്‌. അവനെ ഉണര്‍ത്താന്‍ ഞാൻ പോകുന്നു. ശിഷ്യന്‍മാര്‍ പറഞ്ഞു: കര്‍ത്താവേ, ഉറങ്ങുകയാണെങ്കില്‍ അവൻ സുഖം പ്രാപിക്കും. യേശു അവൻ്റെ മരണത്തെക്കുറിച്ചാണു സംസാരിച്ചത്‌. എന്നാൽ, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ്‌ അവൻ പറഞ്ഞതെന്ന്‌ അവര്‍ വിചാരിച്ചു. അപ്പോൾ യേശു വ്യക്‌തമായി അവരോടു പറഞ്ഞു: ലാസര്‍ മരിച്ചുപോയി.” (യോഹ, 11:11-14). മരണത്തിനും നിദ്രയ്ക്കും തമ്മിൽ ഉപരിപ്ലവമായ സാമ്യം മാത്രമേയുള്ളൂ. നിദ്രയിൽ വ്യക്തി അവിടെ കിടക്കുകയാണ്; ഏതു സമയത്തും അവനെ ഉണർത്താം. മരണത്തിൽ വ്യക്തി അവിടെയില്ല. ഭൗതിക ശരീരം മാത്രമാണ് അവിടെ കിടക്കുന്നത്; ഏറെത്താമസിയാതെ ശരീരം ചീഞ്ഞഴുകും. മരണാവസ്ഥയെക്കുറിച്ചുളള ചില വിവരണങ്ങളുണ്ട്: മൃതനു ദൈവത്ത കാണാൻ കഴിയുകയില്ല. (ഏശ, 38:11). ദൈവത്തെ സ്തുതിക്കുവാൻ കഴിയുകയില്ല. (സങ്കീ, 6:5; ഏശ, 38:18). 

ആത്മീയാർത്ഥത്തിൽ ദൈവത്തിൽ നിന്നുളള വേർപാടാണ് മരണം. ഇതിനെ ഇരുളായും മരണനിഴലായും പറഞ്ഞിട്ടുണ്ട്: (ലൂക്കാ, 1:78; 1യോഹ, 3:14; റോമാ, 5:12; 6:23; യോഹ, 3:36; എഫേ, 2;1,5; വെളി, 2:11). ദൈവകല്പന ലംഘിച്ചപ്പോൾ ആദാം മരിച്ചു. (ഉല്പ, 2:17). തന്മൂലം എല്ലാ മനുഷ്യരും ഇതേ അവസ്ഥയിലാണ് ജനിക്കുന്നത്. “അപരാധങ്ങളും പാപങ്ങളുംമൂലം ഒരിക്കല്‍ നിങ്ങള്‍ മൃതരായിരുന്നു” എന്നാണ് അപ്പസ്തോലൻ അവരെക്കുറിച്ചു പറയുന്നത്: (എഫേ, 2:1; റോമാ, 5:12,14,17,21). ദൈവത്തോടുളള കൂട്ടായ്മയിൽ ബോധപൂർവ്വമായ അസ്തിത്വമാണ് ആത്മീയജീവിതം. ദൈവത്തിൽ നിന്നും വേർപെട്ടുളള ബോധപൂർവ്വമായ അസ്തിത്വമാണു ആത്മീയ മരണം. സ്നേഹവാനായ ദൈവം പാപത്തിനു ഇത്രയും വലിയ ശിക്ഷ നല്കുമോ എന്ന സംശയം ഉദിക്കാം. മരണം ജീവിതം പോലെ ഒരവസ്ഥയാണ്. ‘ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു’ (റോമാ, 8:6) എന്നു അപ്പസ്തോലനായ പൗലോസ് എഴുതുന്നു. ജഡത്തിനാണ് മരണം. അതായതു ജഡത്തിന്റെ അന്ത്യമാണ് മരണം. “ജഡികതാൽപര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സ്‌ ദൈവത്തിൻ്റെ ശത്രുവാണ്‌. അതു ദൈവത്തിൻ്റെ നിയമത്തിനു കീഴ്‌പ്പെടുന്നില്ല; കീഴ്‌പ്പെടാൻ അതിനു സാധിക്കുകയുമില്ല.” (റോമാ, 8:7). ‘സ്‌നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു’ എന്നു എന്നു യോഹന്നാൻ അപ്പസ്തോലൻ വ്യക്തമാക്കുന്നു. (1യോഹ, 3:14). തന്മൂലം, മരണശേഷം രക്ഷ പ്രാപിക്കുവാനുള്ള സാധ്യത ആർക്കുമില്ല. അപ്രകാരം ഒരു സാധ്യതയുണ്ടെങ്കിൽ രക്ഷ എന്ന പ്രയോഗത്തിന്റെ വിവക്ഷ തന്നെ തെറ്റാകും. മരണത്തിൽ നിന്നു ജീവങ്കലേക്കു കടക്കുന്നതാണല്ലോ രക്ഷ: (യോഹ, 5:24). 

മരണത്തെ ഇങ്ങനെ മനസ്സിലാക്കാം: ദൈവം തൻ്റെ ഛായയാലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത്; തന്മൂലം, മനുഷ്യനും അമർത്യനാണ്. എന്നാൽ, ആദിമനുഷ്യനായ ആദാമിൻ്റെ പാപം മരണത്തെ ക്ഷണിച്ചുവരുത്തി. മരണത്തിന് രണ്ടാശയങ്ങളുണ്ട്: ആത്മികമരണം ശാരീരികമരണം. ആത്മാവ് ദൈവത്തിൽനിന്ന് വേർപെടുന്നത് ആത്മികമരണവും; ശരീരത്തിൽനിന്ന് വേർപെടുന്നത് ശാരീരികമരണവും. പാപംമൂലം ഭൂമിയിൽ ജനിക്കുന്ന സകല മനുഷ്യരുടേയും ആത്മാവ് ദൈവത്തോട് ബന്ധമില്ലാത്തവരായി അഥവാ, ആത്മികമായി മരിച്ച അവസ്ഥയിലാണ് ജനിക്കുന്നത്. ഈ പാപത്തിൻ്റെ പരിണിതഫലമാണ് രണ്ടാം മരണം അഥവാ, നരകശിക്ഷ. എന്നാൽ, ആദാമ്യപാപത്തിന് പരിഹാരം വരുത്താനാണ് ക്രിസ്തു ക്രൂശിൽ മരിച്ചത്. രക്ഷകനായ ക്രിസ്തുവിലും അവൻ്റെ പാപപരിഹാരബലിയിലും വിശ്വസിക്കുന്നവർക്ക് രണ്ടാം മരണം അഥവാ, നിത്യമായ നരകശിക്ഷയിൽ നിന്ന് രക്ഷപ്രാപിക്കാം. എങ്കിലും, ശാരീരിക മരണത്തിന് എല്ലാവരും വിധേയരാണ്. ക്രിസ്തുവിൽ മരിച്ചവർക്ക് നിത്യജീവനും, ക്രിസ്തുവിനെ കൂടാതെ മരിച്ചവർക്ക് നിത്യശിക്ഷയും പ്രതിഫലമായി ലഭിക്കും: “ഇവര്‍ നിത്യശിക്‌ഷയിലേക്കും നീതിമാന്മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും.” (മത്താ, 25:46). ക്രിസ്തുവിനെ കൂടാതുള്ളവർക്ക് മരണം ഭയപ്പെടുത്തുന്ന ഓർമ്മയാണെങ്കിൽ; ക്രിസ്തുവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ചവർക്ക് മരണം നേട്ടവും ശേഷ്ഠവുമാണ്; “എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്‌. ഇവ രണ്ടിനുമിടയിൽ ഞാൻ ഞെരുങ്ങുന്നു. എങ്കിലും, എൻ്റെ ആഗ്രഹം, മരിച്ച്‌ ക്രിസ്‌തുവിനോടുകൂടെ ആയിരിക്കാനാണ്‌. കാരണം, അതാണ് കൂടുതല്‍ ശ്രഷ്‌ഠം.” (ഫിലി, 1:21,23). ഇന്നുവരേയും ഭൂമിയിൽ ജനിച്ചുജീവിച്ച, മൂക്കിൽ ശ്വാസമുണ്ടായിരുന്ന എല്ലാമനുഷ്യരും മരിച്ചുമണ്ണടിഞ്ഞു. എന്നാൽ, ഒരുത്തൻ, ഒരുത്തൻമാത്രം മരിച്ചിട്ടും മഹിമയോടെ ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു. ആകയാൽ ക്രിസ്തുവിൽ ജീവിക്കുന്നവർക്ക് ധൈര്യത്തോടെ പറയാം:  “മരണമേ, നിൻ്റെ വിജയം എവിടെ? മരണമേ, നിൻ്റെ ദംശനം എവിടെ? നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നമുക്കു വിജയം നല്‍കുന്ന ദൈവത്തിനു നന്ദി.” (1കോറി, 15:55-57). 

II. മരണം അന്ത്യമല്ല; ആരംഭമാണ്: മരണത്തോടെ സകലവും അവസാനിക്കുന്നു എന്ന് വിശ്വസിക്കുന്നവരും, മരണാനന്തരം ഒരു ജീവിതവും പുനർജന്മവും ഉണ്ടെന്ന് വിശ്വസിക്കുന്നവരും ലോകത്തിലുണ്ട്. വിശ്വാസങ്ങൾ വൈവിധ്യമാണെങ്കിലും, പരലോക ജീവിതത്തിൽ വീശ്വസിക്കുന്നവരാണ് ഏറെയും. ബുദ്ധമതം: മരണശേഷം ആറു വിധികളാണ് കാത്തിരിക്കുന്നത്. ദൈവമായും, അര്‍ദ്ധദൈവമായും, മനുഷ്യനായും, മൃഗങ്ങളായുമുള്ള പുനര്‍ജന്മം. പിന്നെ ഗതികിട്ടാതെ അലയുന്ന പ്രേതം, നരകജീവിതം. ജീവിതത്തില്‍ നല്ല വ്യക്തിയായിരുന്നവര്‍ ദൈവമായോ അര്‍ദ്ധദൈവമായോ മനുഷ്യനായോ പുനര്‍ജനിക്കുമെന്നാണ് ബുദ്ധമത വിശ്വാസം. ഹിന്ദുമതം: ഹിന്ദുമത വിശ്വാസപ്രകാരം ഏതൊരു മനുഷ്യനും പുനര്‍ജന്മമുണ്ട്. സുകൃത ജന്മങ്ങളായും, നികൃഷ്ട ജന്മങ്ങളായും കോടാനുകോടി തവണ പുനര്‍ജനിച്ചും ജീവിച്ചും ഒടുവിൽ ബ്രഹ്മത്തിൽ ലയിക്കും. മനുഷ്യജന്മം പുണ്യജന്മമാണ്. വീണ്ടുമൊരു മനുഷ്യജന്മത്തിന് മുമ്പായി മൃഗമായും സസ്യമായുമൊക്കെ പുനര്‍ജന്മം ആവശ്യമാണ്. ഇസ്ലാംമതം: എല്ലാ മനുഷ്യര്‍ക്കും ഒരു രണ്ടാം ജന്മമുണ്ട്. ഈ ജന്മത്തിലെ എല്ലാ പ്രവര്‍ത്തികളും അവിടെവെച്ച് വിചാരണയ്‌ക്ക് വിധേയമാകും. അതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ഗവും നരകവും സമ്മാനിക്കപ്പെടും. കാസറ്റ് റീവൈന്‍ഡിങ് സിദ്ധാന്തം: ഫ്രാന്‍സില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസമാണിത്. അതനുസരിച്ച് മരണം സംഭവിച്ചു തൊട്ടടുത്ത നിമിഷം മുതല്‍ ഒരു കാസറ്റ് റീവൈന്‍ഡ് ചെയ്യുന്നതുപോലെ ജീവിതം ആരംഭിക്കുന്നു. ജീവിതത്തില്‍ സംഭവിച്ചതെല്ലാം വീണ്ടും ഒരിക്കല്‍ക്കൂടി അനുഭവവേദ്യമാകും. ആന്‍റിക്വിറ്റി സിദ്ധാന്തം: മഹാനായ സൈദ്ധാന്തികന്‍ ആന്റിക്വിറ്റിയുടെ മരണാനന്തര സിദ്ധാന്തം അനുസരിച്ച് നല്ല ആത്മാക്കള്‍ സ്വര്‍ഗ്ഗതുല്യമായ ഒരു ദ്വീപിലേക്കും മോശം ആത്മാക്കള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഈജിപ്ഷ്യന്‍ വിശ്വാസം: പുരാതന ഈജിപ്ഷ്യന്‍ വിശ്വാസപ്രകാരം മരണം എന്നത് താല്‍ക്കാലികമായ ഒരു പ്രതിഭാസമാണ്. അവർ ഫറവോമാരുടെ മൃതശരീരം മമ്മിയായി സൂക്ഷിച്ചുവെക്കുന്നത് അതിവേഗം സംഭവിക്കുന്ന പുനര്‍ജന്മത്തിനു വേണ്ടിയാണ്. 

മരണാനന്തര ജീവിതം ബൈബിളിൻ്റെ വെളിച്ചത്തിൽ: “ആ ദരിദ്രൾ മരിച്ചു. ദൈവദൂതന്മാര്‍ അവനെ അബ്രാഹത്തിൻ്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച്‌ അടക്കപ്പെട്ടു. അവൻ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവൻ്റെ മടിയില്‍ ലാസറിനെയും കണ്ടു.” (16:22-23). ദൈവത്തോടൊപ്പം സൗഭാഗ്യകരമായ നിത്യവാസത്തിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. മനുഷ്യൻ പാപം ചെയ്തപ്പോഴും അമർത്യതയ്ക്ക് കോട്ടമൊന്നും സംഭവിച്ചില്ല. എന്നാൽ, ദൈവവുമായി കൂട്ടായ്മ നഷ്ടപ്പെട്ട മനുഷ്യൻ മരണത്തിന് വിധേയനായി. ശരീരം മണ്ണിൽനിന്നും ആത്മാവ് അവിനാശിയായ ദൈവത്തിൽ നിന്നും ലഭിച്ചതാകയാൽ, ശരീരമല്ലാതെ, ആത്മാവ് നാശയോഗ്യമല്ല. തന്മൂലം, ശാരീരിക മരണത്തിനു ശേഷവും ആത്മാവിൻ്റെ ശിക്ഷ തുടർന്നുകൊണ്ടിരിക്കും. ഇതിനെയാണ് നരകശിക്ഷ, നിത്യശിക്ഷ, രണ്ടാമത്തെ മരണം എന്നൊക്കെ വ്യവഹരിക്കുന്നത്. എന്നാൽ, ദൈവത്തിൻ്റെ കരുണാർദ്രമായ സ്നേഹത്താൽ ഈ ശിക്ഷയിൽനിന്ന് മനുഷ്യവർഗ്ഗത്തെ രക്ഷിക്കാനാണ് ക്രിസ്തു മരിച്ചത്. ക്രിസ്തുവിൻ്റെ പ്രായശ്ചിത്ത ബലിയിൽ വിശ്വസിക്കുന്നവർക്ക് ദൈവത്തോടൊപ്പം സൗഭാഗ്യകരമായ നിത്യജീവനും അല്ലാത്തവർക്ക് നിത്യശിക്ഷയും ലഭിക്കും. “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കയച്ചത്‌ ലോകത്തെ ശിക്ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ്‌. അവനിൽ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്‌ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിൻ്റെ ഏകജാതൻ്റെ നാമത്തിൽ വിശ്വസിക്കായ്‌കമൂലം, നേരത്തേതന്നെ ശിക്ഷയ്‌ക്കു വിധിക്കപ്പെട്ടിരിക്കുന്നു.” (യോഹ, 3:17-18). “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ലഭിക്കുന്നു. എന്നാൽ, പുത്രനെ അനുസരിക്കാത്തവൻ ജീവൻ ദര്‍ശിക്കുകയില്ല. ദൈവകോപം അവൻ്റെ മേല്‍ ഉണ്ട്‌.” (യോഹ, 3:36). 

മരണത്തിന്മേലുളള വിജയം അഥവാ, മരണാനന്തരജീവിതം പുതിയനിയമ ഉപദേശങ്ങളിൽ പ്രധാനമാണ്. പാപവും മരണവും തമ്മിലുളള ബന്ധം ക്രിസ്തു നേടിയ വീണ്ടെടുപ്പിൽ സ്വന്തം മരണം അനിവാര്യമാക്കിത്തീർത്തു. (1കോറി, 15:3; റോമാ, 4:24-25; 1പത്രോ 3:18). മരണത്തിനു വിധേയനായിക്കൊണ്ടു ക്രിസ്തു മരണത്തെ ജയിക്കുകയും ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തു. (2തിമോ, 1:10). മരണത്തിന്റെ അധികാരിയായ പിശാചിനെ സ്വന്തം മരണത്താൽ നീക്കി മരണഭീതിയിൽ നിന്നും മനുഷ്യനെ വിടുവിച്ചു. (ഹെബ്രാ, 2:14). മരണത്തിലുടെ ക്രിസ്തു പാപത്തിന് അന്ത്യം കുറിച്ചു. “അവൻ മരിച്ചു; പാപത്തെ സംബന്ധിച്ചിടത്തോളം എന്നേക്കുമായി അവൻ മരിച്ചു. അവന്‍ ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവന്‍ ജീവിക്കുന്നു.” (റോമാ, 6:10). ക്രിസ്തുവിനെക്കൂടാതെ മരണം നമ്മുടെ അത്യന്തിക ശത്രുവാണ്. മരണത്തിന്മേലുള്ള വിജയത്തെ കർത്താവ് തന്റെ ഉയിർത്തെഴുന്നേല്പിലൂടെ സ്ഥിരീകരിച്ചു. “മരിച്ചവരില്‍നിന്ന്‌ ഉത്ഥാനം ചെയ്‌ത ക്രിസ്‌തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന്‌ അവൻ്റെ മേല്‍ ഇനി അധികാരമില്ല.” (റോമാ, 6:9). പുതിയനിയമ വെളിച്ചത്തിൽ നിത്യജീവൻ എന്നത് ആത്മാവിനെ സംബന്ധിക്കുന്നതു മാത്രമല്ല, ശരീരപുനരുത്ഥാനവും കൂടിച്ചേർന്നതാണ്. ആത്മീയ ജീവൻ പ്രാപിച്ചുവെങ്കിലും വിശ്വാസി ശാരീരികമരണത്തിനു വിധേയനാണ്. ജയിക്കപ്പെടേണ്ട അവസാന ശത്രുവാണ് മരണം. (1കോറി, 15:26). ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ക്രിസ്തുവിൽ മരിച്ചവർ അക്ഷയരായി ഉയിർപ്പിക്കപ്പെടുമ്പോൾ മരണം എന്നേക്കുമായി നീങ്ങിപ്പോകും. (1കോറി, 15:52; ഫിലി, 3:20,21). ക്രിസ്തുവിനെ കൂടാതുള്ള അഥവാ, രക്ഷിക്കപ്പെടാത്ത വ്യക്തിക്ക് മരണം നഷ്ടവും രക്ഷിക്കപ്പെട്ടവർക്കു മരണം നേട്ടവുമത്രേ. (ഫിലി, 1:21). ശരീരത്തിന്റെ ഭാവിക പുനരുത്ഥാനത്തിന്റെ വെളിച്ചത്തിൽ വിശ്വാസിക്കു മരണം നിദ്ര മാത്രമാണ്. മരണഭയം എന്നേക്കുമായി ഒഴിഞ്ഞുപോയി. ദൈവസന്നിധിയിൽ നില്ക്കുമ്പോൾ അവനു പാപം പ്രശ്നമല്ല. ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തിലൂടെ മരണത്തിന്റെ വിഷമുള്ളായ പാപം മാറ്റപ്പെട്ടു. (1കൊരി, 15:56). മരണം നേട്ടമാണ്. കാരണം, മരണത്തോടുകൂടി ദൈവപുത്രന്റെ സാന്നിദ്ധ്യത്തിലായിരിക്കുവാൻ വിശ്വാസിക്കു കഴിയും. (ഫിലി, 1;21,23; 2കൊരി, 5:8). മരണത്തിന് ക്രിസ്തുവിൽ നിന്നും ഒരു വ്യക്തിയെ വേർപെടുത്തുവാൻ കഴിയുകയില്ല. (റോമ, 8:35). അവിശ്വാസി പാപം നിമിത്തം മരിച്ചവനാണ്. (എഫേ, 2:1; കൊളോ, 2:11). ദുരുപദേഷ്ടാക്കന്മാർ രണ്ടുവട്ടം മരിച്ചവർ (twice dead) ആണ്. (യൂദാ, 12). അന്ത്യശിക്ഷാവിധിയിൽ ദുഷ്ടന്മാർ ദൈവത്തിൽ നിന്നും എന്നേക്കുമായി വേർപെടും. ഈ വേർപാടാണ് രണ്ടാം മരണം അഥവാ, നരകശിക്ഷ. (വെളി, 2:11; 20:15; 21:8).

മരണാന്തരജീവിതത്തെ ഇങ്ങനെ മനസ്സിലാക്കാം: മനുഷ്യൻ്റെ യഥാർത്ഥജീവിതം ഭൂമിയിലല്ല; മരണാനന്തരമാണ്. ഭൂമിയിലെ മനുഷ്യൻ്റെ ജീവിതം നശ്വരമാണ്. ഗർഭാവസ്ഥയിലും, ശൈശവത്തിലും, ബാല്യത്തിലും, കൗമാരത്തിലും, യൗവനത്തിലും, പുരുഷപ്രായത്തിലും മനുഷ്യൻ മരിക്കുന്നത് അതിനുദാഹരണം. ഭൂമിയിൽ മനുഷ്യൻ്റെ ആയുസ്സുപോലും ചുരുക്കമാണ്: “ഞങ്ങളുടെ ആയുഷ്‌കാലം എഴുപതുവര്‍ഷമാണ്‌; ഏറിയാൽ എണ്‍പത്‌; എന്നിട്ടും അക്കാലമത്രയും അധ്വാനവും ദുരിതവുമാണ്‌; അവ പെട്ടെന്നു തീര്‍ന്നു ഞങ്ങള്‍ കടന്നുപോകും.” (സങ്കീ, 90:10). ദൈവത്തെപ്പോലെതന്നെ സ്വതന്ത്രമായി ചിന്തിക്കുവാനും തീരുമാനമെടുക്കുവാനും കഴിവുള്ളവനായും, സൃഷ്ടിയുടെ മകുടവുമായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അതിനാലാണ്, സ്വന്തയിഷ്ടത്താൽ ആദിമനുഷ്യൻ നന്മ ത്യജിക്കയും തിന്മ സ്വീകരിക്കുകയും ചെയ്തത്. അതുകൊണ്ടാണ്, ദൈവത്തിൻ്റെ കാരുണ്യാതിരേകത്താൽ ക്രിസ്തുവിലൂടെയുള്ള രക്ഷ ഒരുക്കിയപ്പോഴും, നിർബന്ധത്താലല്ല; സ്വന്തയിഷ്ടത്താൽ തീരുമാനമെടുക്കേണ്ട ആവശ്യകത വന്നത്. എന്നാൽ, സ്വന്തമായി തീരുമാനമെടുക്കാൻ പ്രായമാകാത്ത കുഞ്ഞുങ്ങളെ സംബന്ധിച്ച് അവർ രക്ഷപ്രാപിച്ചവർ തന്നെയാണ്. “ശിശുക്കള്‍ എൻ്റെയടുത്തു വരാന്‍ അനുവദിക്കുവിൻ. അവരെ തടയരുത്‌. എന്തെന്നാൽ, ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്‌. (മര്‍ക്കോ, 10:14). അർത്ഥാൽ, മനുഷ്യർക്ക് ഒരു ഐഹിക ജീവിതം അനുവദിച്ചിരിക്കുന്നതു തന്നെ സ്വതന്ത്രമായൊരു തിരഞ്ഞെടുപ്പിനു വേണ്ടിയാണ്. ദൈവത്തോടൊപ്പം ഒരു നിത്യജീവനോ, സാത്താനോടൊപ്പം ഒരു നിത്യദണ്ഡനമോ മനുഷ്യർക്ക് തിരഞ്ഞെടുക്കുവാൻ സ്വാതന്ത്ര്യമുണ്ട്; “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും” (സുഭാ, 18:21) എന്ന് പഴയനിയമവും, “വചനം നിനക്കു സമീപസ്ഥമാണ്‌. നിൻ്റെ അധരത്തിലും നിൻ്റെ ഹൃദയത്തിലും അതുണ്ട്‌ – ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസത്തിൻ്റെ വചനം തന്നെ. ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്‌ഷപ്രാപിക്കും” (റോമാ, 10:8-9) എന്ന് പുതിയനിയമവും പറയുന്നു. “കര്‍ത്താവു സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന്‌ അവിടുന്ന്‌ ആരായുന്നു.” (സങ്കീ, 14:2; 53:2). ആകയാൽ, മരണം ഒടുക്കമല്ല; ആരംഭമാണ്. ദൈവത്തിനുള്ളവർക്ക് നിത്യജീവൻ്റെയും; പിശാചിനുള്ളവർക്ക് തിത്യശിക്ഷയുടേയും. മരണം വിശ്വാസികളെ ദൈവത്തിൻ്റെ അടുക്കലേക്കും, അവിശ്വാസികളെ മരണത്തിൻ്റെ അധികാരിയായ പിശാചിൻ്റെ അടുക്കലേക്കും എത്തിക്കുന്ന വാഹനമാണ്. എങ്ങനെ മരിക്കുന്നു എന്നതല്ല; എവിടെ എത്തിച്ചേരുന്നു എന്നതാണ് പ്രധാനം. നല്ലൊരു അടക്കമല്ല; നല്ലൊരു തുടക്കമാണ് വേണ്ടത്. അതിന്, ആദിയും അന്തവുമായ ക്രിസ്തുവിൽ ആശ്രയികണം. അതിനാൽ, മനുഷ്യൻ്റെ ഐഹികജീവിതം മരണാനന്തര ജീവിതത്തിലേക്കുള്ള ഒരു തിരഞ്ഞെടുപ്പിനുള്ള കാലമെന്നോ, പരിശീലന കാലമെന്നോ, പരിശോധനാ കാലമെന്നോ ബൈബിൾ ഭാഷയിൽ പറയാവുന്നതാണ്. ‘മരണാനന്തരം ഒരു ജീവിതം ഉണ്ടോ?’ എന്ന് ലോകം ആരായുമ്പോൾ, ബൈബിൾ പ്രഖ്യാപിക്കുന്നു; മരണാനന്തരമാണ് യഥാർത്ഥജീവിതം ആരംഭിക്കുന്നത്!

III. മരണാനന്തര ജീവിതത്തിൻ്റെ മാറ്റമില്ലായ്മ: “ആ ദരിദ്രൾ മരിച്ചു. ദൈവദൂതന്മാര്‍ അവനെ അബ്രാഹത്തിൻ്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച്‌ അടക്കപ്പെട്ടു. അവൻ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവൻ്റെ മടിയില്‍ ലാസറിനെയും കണ്ടു.” (16:22-23). ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം നിത്യദൈവവും നിത്യരാജാവാവുമാണ്. അതിനാൽ, ദൈവത്തോടുള്ള കൂട്ടായ്മയ്ക്കായി തൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യരും നിത്യരാണ്. അതായത്, ദൈവം ആരംഭവും അവസാനവും ഇല്ലാത്തവനാണ്; മനുഷ്യർക്ക് ആരംഭമുണ്ട്; അവസാനമില്ല. അതുപോലെ, ദൈവം മനുഷ്യർക്ക് ഒരുക്കിയിരിക്കുന്ന സ്ഥലവും നിത്യമാണ്. ദൈവത്തിൽ വിശ്വസിക്കുന്നവർക്കായി നിത്യജീവൻ, നിത്യഭവനം, നിത്യമഹത്വം, നിത്യരക്ഷ, നിത്യരാജ്യം, നിത്യസുവിശേഷം, നിത്യാവകാശം, നിത്യാശ്വാസം എന്നിങ്ങനെയും; വിശ്വസിക്കാത്തവർക്കായി നിത്യകൂടാരം, നിത്യനാശം, നിത്യവിധി, നിത്യശിക്ഷ, നിത്യാഗ്നി എന്നിങ്ങനെ നിത്യമായ കാര്യങ്ങളെക്കുറിക്കുറിച്ചാണ് ബൈബിൾ പഠിപ്പിക്കുന്നത്. “യേശുവിൻ്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്‌ദാനം എവിടെ?” എന്ന് പരിഹസിച്ചു ചോദിക്കുന്ന നിന്ദകർക്കുള്ള മറുപടിയായി, പത്രോസ് ഈ ഭൂമിയുടെ അവസ്ഥ എന്താകുമെന്ന് പറയുന്നുണ്ട്: “ദൈവത്തിൻ്റെ വചനത്താല്‍ ആകാശം പണ്ടുതന്നെ ഉണ്ടായെന്നും ഭൂമി വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അന്നത്തെ ആ ലോകം വെള്ളത്താൽ നശിച്ചുവെന്നും ഉള്ള വസ്‌തുതകള്‍ അവര്‍ വിസ്‌മരിക്കുന്നു. വിധിയുടെയും ദുഷ്‌ടമനുഷ്യരുടെ നാശത്തിൻ്റെയും ദിനത്തില്‍, അഗ്നിക്ക്‌ ഇരയാകേണ്ടതിന്‌ ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്‌ഷിക്കപ്പെടുന്നു.” (2പത്രോ, 3:5-7). ഭൂമി നശ്വരമാണെങ്കിൽ, അനശ്വരമായതൊന്ന് തങ്ങൾക്കുണ്ട് പൗലോസും വ്യക്തമാക്കുന്നു: “ഞങ്ങൾ ഭഗ്നാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യൻ ക്ഷയിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ആന്തരിക മനുഷ്യൻ അനുദിനം നവീകരിക്കപ്പെടുന്നു. ഞങ്ങളുടെ ക്ലേശങ്ങൾ നിസ്സാരവും ക്ഷണികവുമാണ്‌; അവയുടെ ഫലമോ അനുപമമായ മഹത്വവും. ദൃശ്യമായവയല്ല, അദൃശ്യമായവയാണ്‌ ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങൾ നശ്വരങ്ങളാണ്‌, അദൃശ്യങ്ങൾ അനശ്വരങ്ങളും.” (2കോറി, 4:16-18). “ഞങ്ങൾ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാൽ നിര്‍മിതമല്ലാത്തതും ശാശ്വതവും ദൈവത്തില്‍ നിന്നുള്ളതുമായ സ്വര്‍ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങൾ അറിയുന്നു.” (2കോറി, 5:1). സകല ദുഷ്ടന്മാർക്ക് വേണ്ടിയും നിത്യമായൊരു സ്ഥലം പണ്ടുതന്നെ ഒരുക്കപ്പെട്ടിട്ടുണ്ട്: “പണ്ടു തന്നേ ഒരു ദഹന സ്ഥലം ഒരുക്കിയിട്ടുണ്ട്. അത് രാജാവിന്നായും ഒരുക്കിയിരിക്കുന്നു. അവന്‍ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു. അതിന്‍റെ ചിതയില്‍ വളരെ അഗ്നിയും വിറകുമുണ്ട്. കര്‍ത്താവിന്‍റെ ശ്വാസം ഒരു ഗന്ധക നദി പോലെ അതിനെ കത്തിക്കും.” (ഏശ, 30:33). “മനുഷ്യപുത്രൻ തൻ്റെ ദൂതന്‍മാരെ അയയ്‌ക്കുകയും അവര്‍ അവൻ്റെ രാജ്യത്തുനിന്ന്‌ എല്ലാ പാപഹേതുക്കളെയും തിന്മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്ഡത്തിലേക്ക് എറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.” (മത്താ, 13:41-42). “ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്‍മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും.” (മത്താ, 25:46).

ബൈബിൾ, വിശ്വാസികൾക്ക് സ്വർഗ്ഗത്തിൽ നിത്യജീവനും, അവിശ്വാസികൾക്ക് നരകത്തിൽ നിത്യശിക്ഷയുമാണ് പറഞ്ഞിരിക്കുന്നതെങ്കിൽ, കത്തോലിക്കാ സഭ ഇതിനിടയ്ക്ക് ഒരു ശുദ്ധീകരണസ്ഥലം (Purgatory) കൂടി പണിതിട്ടുണ്ട്. “മരിക്കുന്നവരുടെ അവസാന ശുദ്ധീകരണം നടക്കുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം.” ഈ ശുദ്ധീകരണസ്ഥലത്ത് എത്തപ്പെടഉന്ന ആത്മാക്കൾക്ക് ദണ്ഡവിമോചനം (indulgences) കൊടുക്കാനുള്ള അധികാരം സഭയ്ക്കുണ്ടെന്നാണ് മറ്റൊരു പഠിപ്പിക്കൽ. “ഒരു വ്യക്തി മരിച്ചുകഴിയുമ്പോൾ അയാൾക്ക് ശുദ്ധീകരണസ്ഥലത്ത് ലഭിക്കാവുന്ന ശിക്ഷയിൽ ഇളവുകൾ അനുവദിക്കുവാൻ മാർപാപ്പയ്ക്ക് അധികാരമുണ്ടെന്ന വിശ്വാസമാണ് ദണ്ഡവിമോചനം.” പാപസങ്കീർത്തനം അഥവാ കുമ്പസാരം എന്ന കർമ്മത്തിലൂടെ പാപം മോചിക്കപ്പെടുന്നവർ, എങ്ങനെ ഇല്ലാത്ത ശുദ്ധികരണസ്ഥലത്ത് എത്തിപ്പെടുന്നു? എന്ന ചോദ്യവും അവശേഷിക്കുന്നു. “അധികാരമുള്ള പുരോഹിതനോടോ ആത്മീയഗുരുവിനോടോ പശ്ചാത്താപത്തോടെ പാപങ്ങൾ ഏറ്റുപറയുന്നതാണ് കുമ്പസാരം.” വിശ്വാസികൾ പാപമോചനമാർഗ്ഗമായി കരുതി നിരന്തരം അനുഷ്ഠിക്കുന്ന ഒരു കർമ്മമാണിത്. ബൈബിളിൽ ഇതിനൊന്നും തെളിവില്ലെങ്കിലും പല ക്രിസ്തീയ വിഭാഗങ്ങളും ഇവയൊക്കെ വിശ്വസിക്കുകയും അനുഷ്ഠിച്ചുവരുകയും ചെയ്യുന്നു, പാപമോചനത്തിൻ്റെ ഫലമാണ് രക്ഷ അഥവാ, ശിക്ഷയിൽ നിന്നുള്ള വിടുതൽ. “ക്രൂശിതനായ യേശുവിലൂടെ മാത്രമേ രക്ഷ സാധ്യമാകുകയുള്ളൂ” എന്ന് 04/04/2017-ൽ ഫ്രാൻസീസ് മാർപാപ്പ പറഞ്ഞുകഴിഞ്ഞു. അതായത്, ദണ്ഡവിമോചനത്തിനുള്ള അധികാരം തനിക്കില്ലെന്ന് പറഞ്ഞുകൊണ്ട്, പീലാത്തോസിനെപ്പോലെ നൈസായിട്ട് കൈകഴുകി. മാർപ്പാപ്പയ്ക്ക് പാപമോചനത്തിനുള്ള അധികാരമില്ലെങ്കിൽ, അതിനുകീഴെയുള്ള അച്ചന്മാർക്കെങ്ങനെ കുമ്പസാരത്തിലൂടെ പാപമോചനം നല്കാൻ കഴിയും???… ഈ ഉപദേശങ്ങളുടെ പിന്നിൽ, ലോകമതങ്ങളെപ്പോലെ ദ്രവ്യാഗ്രഹമാണെന്ന് വിശ്വാസികൾ മനസ്സിലാക്കാത്തിടത്തോളം നിങ്ങളുടെ രക്ഷയുടെ കാര്യം കഷ്ടമാണ്. ജ്ഞാനസ്നാനം മുതൽ അന്ത്യകൂദാശവരെ വിശ്വാസികളെ പിഴിയുന്നത് പോരാഞ്ഞിട്ടാണ്, ശുദ്ധീകരണസ്ഥലം, ദണ്ഡവിമോചനം എന്നൊക്കെ പറഞ്ഞു മരണാനന്തരവും പണം പിടുങ്ങുന്നത്. ബൈബിൾപ്രകാരം ക്രൈസ്തവ വിശ്വാസികൾക്ക് അനുഷ്ഠിക്കാനുള്ളത് ആകെ രണ്ടുകാര്യങ്ങളാണ്. സ്നാനവും, കർത്താവിൻ്റെ അത്താഴം അഥവാ, അപ്പം മുറിക്കൽ (കർത്താവിൻ്റെ ക്രൂശുമരണത്തിൻ്റെ സ്മാരകമായ അപ്പവീഞ്ഞുകളുടെ ശുശ്രൂഷ). ഒന്നാമത്തേത് ഒരിക്കലായും, രണ്ടാമത്തത് നിരന്തരമായും അനുഷ്ഠിക്കാൻ കല്പിച്ചു നല്കിയിരിക്കുന്നു. ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിലൂടെയുള്ള രക്ഷയിൽ വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്താനാണ് ബൈബിൾ പറയുന്നത്: “വിശ്വസിച്ച്‌ സ്‌നാനം സ്വീകരിക്കുന്നവൻ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും.” (മര്‍ക്കോ, 16:16). കത്തോലിക്കാ സഭയാകട്ടെ, ശൈശവത്തിൽ മറ്റൊരാളുടെ വിശ്വാസത്തിൽ സ്നാനം നല്കുകയും, മുതിർന്നശേഷം ‘കുർബ്ബാന കൈക്കൊള്ളൽ’ എന്ന ബൈബിളിലില്ലാത്ത മറ്റൊരു കർമ്മത്തിലൂടെ, അപ്പവീഞ്ഞുകളുടെ ശുശ്രൂഷയിൽ അവരെ ഭാഗഭാക്കാക്കുന്നു. ഫലത്തിൽ, അനുഷ്ഠിക്കാൻ നല്കിയതൊന്നും അനുഷ്ഠിക്കാതെയും, ധനസമ്പാദനത്തിനായി വേണ്ടാത്തതൊക്കെയും കൂട്ടിച്ചേർക്കവഴി, ദൈവകല്പന മനപ്പൂർവ്വം ലംഘിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. കത്തോലിക്കാ വിശ്വാസികളേ, ബൈബിളിൽ നിന്നും സത്യം ഗ്രഹിക്കാത്തിടത്തോളം നിങ്ങളെ രക്ഷിക്കാൻ ആർക്കും കഴിയില്ല. “നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ, 8:32). 

“ദൈവദൂതന്മാര്‍ ലാസറിനെ അബ്രാഹത്തിൻ്റെ മടിയിലേക്കു സംവഹിച്ചു” (ലൂക്കാ, 16:22). മരണാനന്തരമുള്ള സൗഭാഗ്യാവസ്ഥയെ കുറിക്കുവാൻ തല്മൂദിൽ ഉപയോഗിച്ചിട്ടുള്ള പ്രയോഗമാണ് അബ്രാഹാമിന്റെ മടി. ഭക്ഷണത്തിനു ഇടത്തുവശത്തു ചാരിയിരിക്കുന്ന ആചാരമായിരിക്കണം ഈ ആലങ്കാരിക പ്രയോഗത്തിനടിസ്ഥാനം. (യോഹ, 1:18; 13:23). ഹെബ്രായജാതിയുടെ സ്ഥാപകനെന്ന നിലയിൽ അബ്രാഹാമിനോടുള്ള കൂട്ടായ്മ ഏറ്റവും വലിയ ഭാഗ്യമായാണ് കരുതപ്പെടുന്നത്. തന്മൂലം, അബാഹാമിന്റെ മടി പറുദീസയുടെ പര്യായമാണ്. അബ്രാഹാമിന്റെ മടിയിലിരിക്കുക എന്നത് പറുദീസാ പ്രവേശനമാണെന്നു തല്മൂദ് വ്യക്തമാക്കുന്നുണ്ട്. അനുതപിച്ച ക്രൂശിലെ കള്ളനോട് “സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന്‌ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും” (ലൂക്കാ, 23:43) എന്ന് യേശു പറഞ്ഞതും ഈ പറുദീസയെക്കുറിച്ചാണ്. ഇത് പൗലോസ് പറയുന്ന സ്വർഗ്ഗീയ പറുദീസയല്ല; (2കോറി, 12:2-3) പാതാള പറുദീസയാണ്. “യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിൻ്റെ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും.” (മത്താ, 12:40; 1കോറി, 15:4). ഉയിർത്തെഴുന്നേറ്റ യേശു, ‘ഞാന്‍ പിതാവിൻ്റെ അടുത്തേക്ക്‌ ഇതുവരെയും കയറിയിട്ടില്ല’ എന്ന് മഗ്ദലേന മറിയത്തോട് പറഞ്ഞതും ഇതിനോട് ചേർത്ത് ചിന്തിക്കുക. (യോഹ, 20:17). ആദാമിനു ശേഷമുള്ള സകല വിശുദ്ധന്മാരുടേയും വിശ്രമസ്ഥാനമാണ് ‘അബ്രാഹത്തിൻ്റെ മടി’ അഥവാ പാതള പറുദീസ. പഴയനിയമത്തിൽ നീതിമാൻ ദുഷ്ടൻ വ്യത്യാസമില്ലാതെ എല്ലാവരും പാതാളത്തിലേക്ക് പോകുന്നു എന്നാണ് വായിക്കുന്നത്: യാക്കോബ് തൻ്റെ മകൻ ജോസഫിനെക്കുറിച്ച് വിലപിച്ചു പറഞ്ഞത്; “കരഞ്ഞുകൊണ്ടുതന്നെ പാതാളത്തില്‍ എൻ്റെ മകൻ്റെയടുത്തേക്കു ഞാന്‍ പോകും” എന്നാണ്. (ഉല്പ, 37:35). “ദുഷ്‌ടര്‍ പാതാളത്തില്‍ പതിക്കട്ടെ! ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ.” (സങ്കീ, 9:17). പാതാളത്തിൽ നിന്നുള്ള വിടുതലായിരുന്നു പഴയനിയമ ഭക്തന്മാരുടെ പ്രത്യാശ: “എന്നാല്‍, ദൈവം എൻ്റെ പ്രാണനെ പാതാളത്തിൻ്റെ പിടിയില്‍നിന്നു വീണ്ടെടുക്കും; അവിടുന്ന്‌ എന്നെ സ്വീകരിക്കും.” (സങ്കീ, 49:15). എന്നാൽ, യേശുവാണ് പാതാളത്തിന് രണ്ട് തട്ടുകളുണ്ടെന്നും, അതിനെ ‘വിശ്രമസ്ഥലം, പീഡനസ്ഥലം’ എന്നിങ്ങനെ നീതിമാന്മാർക്കും, ദുഷ്ടന്മാർക്കുമായി വേർതിരിച്ചിട്ടുണ്ടെന്നും, ലാസറിൻ്റെയും ധനവാൻ്റെയും സംഭവത്തിലൂടെ വ്യക്തമാക്കിയത്. മരണമടഞ്ഞ സാമുവലിനെ മന്ത്രവാദിനിയെക്കൊണ്ട് സാവൂൾ വിളിച്ചുവരുത്തുമ്പോൾ, “എന്നെ വിളിച്ചതിനാല്‍ എന്‍റെ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയതു എന്തു” എന്നാണ് ചോദിക്കുന്നത്. (1സമു, 28:15). പി.ഒ.സി.യിൽ ‘ശല്യപ്പെടുത്തിയതെന്തിനു’ എന്നാണ്. ദാനിയേലിനോട് ദൈവം പറയുന്നത്: “എന്നാല്‍, നീ പോയി വിശ്രമിക്കുക. അവസാനദിവസം നീ നിൻ്റെ അവകാശം സ്വീകരിക്കാന്‍ എഴുന്നേല്‍ക്കും.” (ദാനി, 12:13). ലാസറിൻ്റെ പറുദീസയിലെ അവസ്ഥയെക്കുറിച്ച് അബ്രാഹം പറയുന്നത്; ‘അവൻ ഇവിടെ ആശ്വസിക്കുന്നു’ എന്നാണ്. (ലൂക്കാ, 16:25). ഇംഗ്ലീഷിൽ comforted (ആശ്വസിപ്പിക്കപ്പെടുക) എന്നാണ്. പി.ഒ.സി.യിൽ ‘ആനന്ദിക്കുക’ എന്നാണ്. എന്തായാലും, അനന്ദിക്കാനാണെങ്കിലും, ആശ്വസിക്കാനാണെങ്കിലും മനുഷ്യൻ ബോധത്തോടുകൂടി അഥവാ, ജീവനോടുകൂടി ഉണ്ടായിരിക്കണം എന്നതാണ് വാസ്ഥവം. ചിലർ വിചാരിക്കുന്നത്, മരിച്ചവർ എന്നേക്കും നിദ്രയിലായിരിക്കുമെന്നും, മറ്റുചിലരാകട്ടെ, കർത്താവിൻ്റെ പ്രത്യാഗമനംവരെ നിദ്രയിലായിരിക്കും എന്നുമാണ്. രണ്ടുകൂട്ടർക്കുമുള്ള മറുപടിയാണ് ധനവാൻ്റെയും ലാസറിൻ്റെയും ചരിത്രം. ഇതിനോടൊപ്പം പൗലോസിൻ്റെ വാക്കുകളും ചേർത്ത് ചിന്തിക്കണം: “എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്‌. ശാരീരികമായി ഇനിയും ഞാൻ ജീവിക്കുകയാണെങ്കിൽ, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും, ഏതാണു തെരഞ്ഞെടുക്കേണ്ടതെന്ന്‌ എനിക്ക്‌ അറിഞ്ഞുകൂടാ. ഇവ രണ്ടിനുമിടയിൽ ഞാൻ ഞെരുങ്ങുന്നു. എങ്കിലും, എൻ്റെ ആഗ്രഹം, മരിച്ച്‌ ക്രിസ്‌തുവിനോടുകൂടെ ആയിരിക്കാനാണ്‌. കാരണം, അതാണു കൂടുതല്‍ ശ്രഷ്‌ഠം.” (ഫിലി, 1:21-23). മരണം കേവലം നിദ്രയാണെങ്കിൽ, ഭൂമിയിലെ ‘സുവിശേഷഘോഷണം’ എന്ന ശ്രേഷ്ഠമായ ജോലി ഉപേക്ഷിച്ച് നിദ്രയിലായിരിക്കാൻ പൗലോസ് ആഗ്രഹിക്കുമോ? മാത്രമല്ല, താൻ ആഗ്രഹിക്കുന്നത്, ശരീരം വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകുടെ ആയിരിക്കുന്ന ശ്രേഷ്ഠകരമായ അവസ്ഥയെക്കുറിച്ചാണ്. അർത്ഥാൽ, മരണാനന്തരം ഒരു ഭക്തൻ ക്രിസ്തുവിൻ്റെ ദൃശ്യമോ, അദൃശ്യമോ ആയ സാന്നിധ്യത്തിൽ ബോധത്തോടെയായിരിക്കും പറുദീസയിൽ വിശ്രമിക്കുന്നത്. യേശുവിൻ്റെ പ്രത്യാഗമനത്തിൽ ഉയിർത്തെഴുന്നേറ്റ് നിത്യസൗഭാഗ്യത്തിൽ ചേർക്കപ്പെടുകയും ചെയ്യും. “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ. എൻ്റെ പിതാവിൻ്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്‌. ഇല്ലായിരുന്നെങ്കിൽ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാൻ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാൻ പോയി നിങ്ങള്‍ക്കു സ്‌ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാൻ വീണ്ടും വന്ന്‌ നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.” (യോഹ, 14:1-3). ദൈവത്തിൻ്റെ കണക്കുപുസ്തകത്തിലുള്ള വിജാതീയര്‍ പൂര്‍ണമായി ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ (റോമാ, 11:25) യേശുവിൻ്റെ പ്രത്യാഗമനം സംഭവിക്കും. അന്നാളിൽ ക്രിസ്തുവിൽ മരിച്ചവർ അഥവാ, പറുദീസയിൽ വിശ്രമിക്കുന്നവർ ദേഹം, ദേഹി, ആത്മാവോടുകൂടി ഉയിർത്തെഴുന്നേല്ക്കുകയും, ജീവിച്ചിരിക്കുന്ന വിശുദ്ധന്മാർ രൂപാന്തരപ്പെട്ട ശരീരത്തോടെയും കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടും. (1തെസ, 4:15-17; 5:23; 1കോറി, 15:52). 

“ആ ധനികനും മരിച്ച്‌ അടക്കപ്പെട്ടു. അവൻ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോൾ;” (ലൂക്കാ, 16:23). പഴയനിയമത്തിൽ ഷിയോൾ (sheol) 65 സ്ഥാനങ്ങളിലുണ്ട്. അതിനെ കുഴി, ശവക്കുഴി, പാതാളം, നരകം എന്നൊക്കെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ഇത് മരണാനന്തരം നീതിമാൻ വസിക്കുന്ന ‘അബ്രാഹമിൻ്റെ മടി അഥവാ, ആശ്വാസസ്ഥലത്തെയും’ ദുഷ്ടൻ വസിക്കുന്ന ‘പീഡനസ്ഥലത്തെയും’ അഭിന്നമായി സൂചിപ്പിക്കുന്ന പദമാണ്. ധനവാൻ ചെന്നെത്തിയ സ്ഥലത്തിന് പി.ഒ.സി.യിൽ ‘നരകം’ എന്നും, ഓശാന, വിശുദ്ധഗ്രന്ഥം, സത്യവേദപുസ്തകം തുടങ്ങിയവയിൽ ‘പാതാളം’ എന്നുമാണ് തർജ്ജമ. പഴയനിയമത്തിൽ ‘അബദ്ദോൻ’ (abaddon) എന്ന പദം ആറു സ്ഥാനങ്ങളിലുണ്ട്. (ജോബ്, 26:6; 28:22; 31:12; സങ്കീ, 88:11; സുഭാ, 15:11; 27:20). ഇതിനെ ‘നരകം, വിനാശം’ (Destruction) എന്നൊക്കെയാണ് തർജ്ജമ. ഇതും, ദാനിയേൽ 12:2-ലെ ‘നിത്യനിന്ദയും,’ ഏശയ്യാ 66:24-ല പുഴുക്കൾ ചാവുകയോ അഗ്നി ശമിക്കുകയോ ചെയ്യാത്ത സ്ഥലവുമാണ് യഥാർത്ഥ നരകം. പുതിയനിയമത്തിൽ ഹേഡിസ് (hades) 11 പ്രാവശ്യമണ്ട്. പാതാളമെന്നാണ് പരിഭാഷ. ഗീഹെന്ന (Gehenna)12 പ്രാവശ്യമുണ്ട്. ഇതിനെ ‘നരകം’ എന്നു പരിഭാഷ ചെയ്തിരിക്കുന്നു. നരകാവസ്ഥയുടെ ഭയാനകത വെളിപ്പെടുത്തുവാനും ദുഷ്ടന്മാരുടെ അന്തിമ വാസസ്ഥലത്തെ കുറിക്കുവാനും യേശുക്രിസ്തു പ്രതീകാത്മകമായിട്ടാണ് ഗീഹെന്ന ഉപയോഗിച്ചത്. യഥാർത്ഥനരകം ‘ഗന്ധകം എരിയുന്ന അഗ്നിത്തടാകം’ (വെളി, 19:20; 20:10; 21:8), അഥവാ, ‘അഗ്നിത്തടാകം’ (വെളി, 20:14; 20:15) ആണ്. ഇതിനെ ‘രണ്ടാമത്തെ മരണം’ (വെളി, 2:11; 20:6) അഥവാ, ‘നിത്യനാശം’ (2തെസ, 1:9) എന്നും വിളിക്കുന്നു. ലാസറും ധനവാനും ഇപ്പോൾ ആയിരിക്കുന്ന ഈ സ്ഥലങ്ങൾ അഥവാ, ‘പറുദീസയും പീഡനാസ്ഥലവും’ പാതാളത്തിലെ രണ്ടു ഭാഗങ്ങളാണ്. ഇത് സ്വർഗ്ഗനരകങ്ങളുടെ പൂർവ്വാവസ്ഥയാണ്. ഇതിൻ്റെ അപ്ഡേറ്റ് ചെയ്ത വേർഷനാണ് യഥാർത്ഥ സ്വർഗ്ഗവും നരകവും. “സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല” (യോഹ, 3:13) എന്ന് എ.ഡി. 95-ൽ യോഹന്നാൻ എഴുതിയിരിക്കുന്നു. എന്നുവെച്ചാൽ, അതിനുമുമ്പു മരിച്ച അപ്പസ്തോലന്മാരോ, പഴയനിയമ വിശുദ്ധന്മാരോ ആരും സ്വർഗ്ഗത്തിൽ പ്രവേശിച്ചിട്ടില്ല, തന്മൂലം, നരകത്തിലും ആരും ഇതുവരെ പ്രവേശിച്ചിട്ടില്ല. “മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന്‌ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.” (ഹെബ്രാ, 9:27). യേശുവിൻ്റെ പ്രത്യാഗമനത്തോടെ ദൈവമക്കൾ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടശേഷം, 1007 വർഷമാകുമ്പോൾ യേശുക്രിസ്തു വെണ്മയേറിയ സിംഹാസനത്തിലിരുന്ന് അവസാനവിധി പ്രഖ്യാപിക്കും. അന്നാളിൽ അവിശ്വാസികളയെല്ലാം തൻ്റെ മുമ്പിൽ കൂട്ടിവരുത്തി, ഓരോരുത്തരുടേയും കുറ്റം അവരെ ബോധ്യപ്പെടുത്തിയശേഷം സകലരേയും അഗ്നിത്തടാകത്തിലേക്ക് എറിയും: “ഞാന്‍ വെണ്മയേറിയ ഒരു വലിയ സിംഹാസനവും അതിൽ ഇരിക്കുന്നവനെയും കണ്ടു…………. മൃത്യുവും പാതാളവും അഗ്‌നിത്തടാകത്തിലേക്ക്‌ എറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം – അഗ്‌നിത്തടാകം. ജീവൻ്റെ ഗ്രന്‌ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്നിത്തടാകത്തിലേക്ക്‌ എറിയപ്പെട്ടു.” (വെളി, 20:11-15). 

ശുദ്ധീകരണസ്ഥലവാദികൾ പഠിപ്പിക്കുന്നത് മരണാനന്തരം എല്ലാവരും ശുദ്ധീകരണ അഗ്നിയിലൂടെ കടന്നുപോകാതെ, കർത്താവിൻ്റെ മുഖം കാണാൻ കഴിയില്ലെന്നാണ്. “ദൈവത്തിന്റെ കൃപയിലും സൗഹൃദത്തിലും ജീവിച്ച് മരിക്കുന്നവർ സമ്പൂർണ്ണമായി ശുദ്ധീകരിക്കപ്പെടാത്ത പക്ഷം, അവർക്ക് അത്യന്തിക മോക്ഷം ഉറപ്പാണെങ്കിലും, മരണശേഷം സ്വർഗത്തിന്റെ ആനന്ദത്തിന് അനുയോജ്യമായ വിശുദ്ധി കൈവരിക്കുന്നതിന് അവർ ശുദ്ധീകരണത്തിലൂടെ കടന്നുപോകുന്നു.” “ശുദ്ധീകരണസ്ഥലത്തിൽ അഗ്നിയാലുള്ള ശുദ്ധീകരണം നമ്മുടെ ഇപ്പോഴത്തെ ജീവിതത്തിലുള്ള സഹനങ്ങളെക്കാൾ വേദനാജനകമാണ്.” എന്നു വിശുദ്ധ ആഗസ്തിനോസ് പഠിപ്പിക്കുന്നു. ഇതിനാധാരമായിട്ട് പലരും ഹെബ്രായ ലേഖനത്തിലെ വാക്യമാണ് ഉദ്ധരിക്കുന്നത്: “വിശുദ്ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാൻ സാധിക്കുകയില്ല.” (ഹെബ്രാ, 12:14). ഈ വാക്യത്തിൻ്റെ ആദ്യഭാഗം വിഴുങ്ങിയിട്ടാണ് ശുദ്ധീകരണരണക്കാർ ഇതവതരിപ്പിക്കുന്നത്. ആദ്യഭാഗം ഇങ്ങനെയാണ്: “എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച്‌ വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍.” ഇതേതാണ്ട് മരണാനന്തരമുള്ള കാര്യമാണോ? ജീവിച്ചിരിക്കുമ്പോൾ സഹജീവികളുമായി സമാധാനമാചരിച്ച് വിശുദ്ധരാകുവാൻ ശ്രമിക്കുവിൻ എന്നാണ്. അല്ലാതെ മരണാനന്തരമുള്ള വിശുദ്ധിയല്ല. മരണാനന്തരമാണ് വിശുദ്ധിയെങ്കിൽ ക്രിസ്തു മരിച്ചതെന്തിനാണ്???… ക്രിസ്തുവിൻ്റെ പാപപരിഹാരബലി പോരാഞ്ഞിട്ടാണോ, ഫ്ലോറന്‍സിലെയും ത്രെന്തിലെയും സൂനഹദോസുകളില്‍വെച്ച് നിങ്ങളൊരു ശുദ്ധീകരണസ്ഥലം നിർമ്മിച്ചത്???… “യേശുക്രിസ്‌തുവിൻ്റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.” (ഹെബ്രാ, 10:10). എന്ന് ബൈബിൾ പറയുമ്പോൾ, അല്ല; ഇനിയുമൊരു വിശുദ്ധീകരണം വേണമെന്ന് പറയാൻ നിങ്ങൾ ക്രിസ്തുവിനുള്ളവരോ അതോ, പിശാചിനുള്ളവരോ???… “സ്വന്തം രക്തത്തിലൂടെ ജനത്തെ വിശുദ്ധീകരിക്കാന്‍ ക്രിസ്‌തുവും കവാടത്തിനു പുറത്തുവച്ചു പീഡനമേറ്റു;” (ഹെബ്രാ, 13:12). എന്നു ദൈവാത്മാവ് പറഞ്ഞിരിക്കേ, ഇനിയുമൊരു അഗ്നിശുദ്ധീകരണം വേണമെന്നു പറഞ്ഞുകൊണ്ട്, യേശുവിൻ്റെ ക്രൂശുമരണത്തിൽ വിശ്വസിക്കാത്ത നിങ്ങൾ ക്രിസ്തുവിൻ്റെ അനുയായികളെന്ന് വിളിക്കപ്പെടാൻ യോഗ്യരോ???… “യേശുവിൻ്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു” (1യോഹ, 1:7) എന്ന് ദൈവത്തിൻ്റെ വചനം പറയുമ്പോൾ, യേശു ക്രൂശിൽ ചൊരിഞ്ഞ തൻ്റെ നിർമ്മല രക്തത്താലുള്ള ശുദ്ധീകരണം പോരാഞ്ഞിട്ടാണോ ശുദ്ധീകരണാഗ്നിയിൽ ആശ്രയിക്കുന്നത്???… “ആകയാല്‍, ഇപ്പോൾ യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല.” (റോമാ, 8:1). എന്ന് ബൈബിൾ അടിവരയിട്ടു പറയുമ്പോൾ, എല്ലാവർക്കും ശുദ്ധീകരണസ്ഥലത്ത് ശിക്ഷയുണ്ടെന്ന് പഠിപ്പിക്കുന്നത്, ഒരു വ്യക്തി മരിച്ചാലും ദണ്ഡവിമോചനം എന്നപേരിൽ അവൻ്റെ കുടുംബത്തെ പിഴിയാനുള്ള സാത്താന്യതന്ത്രമല്ലേ???… നിങ്ങളെക്കുറിച്ച് ഹെബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്: “ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണ്‌ നിങ്ങള്‍ വിചാരിക്കുന്നത്‌? പ്രതികാരം എന്‍േറതാണ്‌.” (ഹെബ്രാ, 10:29). പത്രോസ് ശ്ലീഹാ നിങ്ങളെക്കുറിച്ചു പറയുന്നത്; പഴയ പാപങ്ങളില്‍ നിന്നു ശുദ്ധീകരിക്കപ്പെട്ടു എന്ന കാര്യം വിസ്‌മരിക്കുന്ന ഹ്രസ്വദൃഷ്‌ടിയും അന്ധനുമെന്നാണ്. (2പത്രോ, 1:9). ഇല്ലാത്തൊരു ശുദ്ധീകരണസ്ഥലത്തിൻ്റെ പേരുപറഞ്ഞ് വിശ്വാസികളെ വഞ്ചിക്കുന്ന നിങ്ങൾ, അവരുടെ പണം മാത്രമല്ല വഞ്ചിച്ചെടുക്കുന്നത്; ആത്മാവ് കൂടിയാണ്. ശുദ്ധീകരണസ്ഥലത്തിൽ പാപം മോചിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്ന സാധുക്കൾ ജീവിച്ചിരിക്കുമ്പോൾ ക്രിസ്തുവിലൂടെയുള്ള യഥാർത്ഥ രക്ഷയും ശുദ്ധീകരണവും പ്രാപിക്കാതെ മരിക്കുകവഴി, നിത്യനരകത്തിന് യോഗ്യരാകുകയാണ് ചെയ്യുന്നത്.

കത്തോലിക്കാ നേതാക്കന്മാർ പറയുന്നതുപോലെ ഒരു ശുദ്ധീകരണസ്ഥലം ബൈബിളിലില്ല. ഇല്ലാത്തൊരു ശുദ്ധീകരണസ്ഥലം ഉണ്ടെന്ന് പറയുന്നതും, അതുവഴി തങ്ങൾക്ക് പാപം മോചിച്ചുകൊടുക്കാൻ അധികാരമുണ്ടെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിലും വലിയ പാപമെന്താണ്???… നമുക്കുവേണ്ടി മരിച്ച കർത്താവ്, മരിച്ചു മണ്ണടിഞ്ഞവനല്ല; എന്നേക്കും ജീവിക്കുന്നവനും, തൻ്റെ മക്കൾക്കുവേണ്ടി മദ്ധ്യസ്ഥം വഹിച്ചുകൊണ്ട്, അവരെ പൂർണ്ണമായി രക്ഷിപ്പാൻ കഴിവുള്ളവനാണെന്നും ബൈബിളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടും, ഒരു ശുദ്ധീകരണസ്ഥലം ഉണ്ടെന്ന് പഠിപ്പിക്കുന്ന നിങ്ങൾ ക്രിസ്തുവിൻ്റെ എതിരാളികളല്ലേ???… “തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.” (ഹെബ്രാ, 7:25). വിശ്വാസികളെ വീഴാതെവണ്ണം സൂക്ഷിപ്പാൻ യേശുക്രിസ്‌തുവിന് കഴിവില്ലെങ്കിലല്ലേ, അവരെ ശുദ്ധീകരണ സ്ഥലത്തെത്തിച്ച് ദണ്ഡവിമോചനം നൽകേണ്ടതുള്ളൂ???… “വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്‍െറ മഹത്വത്തിൻ്റെ സന്നിധിയിൽ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നമ്മുടെ രക്ഷകനായ ഏകദൈവത്തിനു സ്‌തുതിയും മഹത്വവും ശക്‌തിയും ആധിപത്യവും സര്‍വകാലത്തിനുമുന്‍പും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേന്‍.” (യുദാ, 1:24-25).

മരിച്ചയുടനെ വിശ്വാസികൾ പോകുന്നത് ‘അബ്രാഹാമിൻ്റെ മടി’യെന്ന പറുദീസയിലേക്കാണ്. (ലൂക്കാ, 16:22). അവിശ്വാസികൾ പോകുന്നത് പാതാളത്തിലെ പീഡനാ സ്ഥലത്തേക്കുമാണ്. (ലൂക്കാ, 16:23). ഇതിനിടയിൽ ഒരു ശുദ്ധീകരണസ്ഥലം ഇല്ല; ഉള്ളതാകട്ടെ ഒരു ഗർത്തമാണ്. ഇനി, ധനവാൻ പോയ പീഡനാസ്ഥലമാണ് ശുദ്ധീകരണസ്ഥലം എന്നു വാദിച്ചാലും രക്ഷയില്ല. അബ്രാഹം തീർത്തു പറഞ്ഞുകഴിഞ്ഞു; ഈ ഗർത്തം മറികടക്കാൻ ആർക്കും കഴിയില്ല: “കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്‌ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കുകയില്ല.” എന്നുവെച്ചാൽ, അബ്രാഹമിൻ്റെ മടിയിൽ പോയി ആനന്ദിക്കുന്നതും, പാതാളത്തിൽ പീഡനമനുഭവിക്കുന്നതും മരണാനാന്തരം ആരും സ്വന്തയിഷ്ടത്താൽ തീരുമാനിക്കുന്നതല്ല. പ്രത്യുത, ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ക്രിസ്തു തൻ്റെ ക്രൂശുമരണം മുഖാന്തരം ഒരുക്കിയ രക്ഷ ഒരുവൻ സ്വീകരിച്ചോ, ഇല്ലയോ എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. നിങ്ങളുടെ ശുദ്ധീകരണസ്ഥലം എന്ന ആശയത്തിൻ്റെ ഏറ്റവും വലിയ അല്പത്തമെന്ന് പറയുന്നത്, ഒരുവൻ ജീവിച്ചിരിക്കുമ്പോൾ പോലും അവനോട് സുവിശേഷം അറിയിക്കാമെന്നല്ലാതെ, അവൻ്റെ ആത്മാവിനു രക്ഷ നേടിക്കൊടുക്കാൻ പാതിരിക്കോ, പാസ്റ്റർക്കോ, മാർപ്പാപ്പയ്ക്കോപോലും കഴിയില്ല. ഒരു വ്യക്തിക്ക് പാപബോധമുണ്ടായാലേ പശ്ചാത്താപം അഥവാ, മാനസാന്തരമുണ്ടാകൂ. (2കോറി, 7:10). പശ്ചാത്താപം ജനിക്കണമെങ്കിൽ, പാപം, നീതി, ന്യായവിധി എന്നിവയെക്കുറിച്ച് ബോധ്യം വരണം. (യോഹ, 16:8). പാപമെന്നാൽ: ആദാമ്യലംഘനത്തിൻ്റെ ഫലമായി സകലമനഷ്യരും പാപികളാണെന്ന തിരിച്ചറിവും. നീതിയെന്നാൽ: മനുഷ്യർക്ക് മനുഷ്യൻ്റെ പാപംപോക്കാൻ കഴിയാത്തതുകൊണ്ട്, ദൈവംതാൻ മനുഷ്യപുത്രനായി വെളിപ്പെട്ട്, മനുഷ്യരുടെ പാപവും വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച്, ദൈവം ഇച്ഛിച്ച നീതിയാഗം നിർവ്വഹിച്ചുവെന്ന തിരിച്ചറിവും. ന്യായവിധിയെന്നാൽ: ക്രിസ്തു കഴിച്ച നീതിയാഗത്തിൽ ഹൃദയപൂർവ്വം വിശ്വസിക്കാതിരുന്നാൽ, വരുവാനുള്ളൊരു ന്യായവിധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നും, അതിൻ്റെ പരിണിതഫലം നിത്യശിക്ഷയായ നരകമാണെന്നുമുള്ള തിരിച്ചറിവുമാണ്. ഇത് പരിശുദ്ധാത്മാവ് വ്യക്തിയുടെ ഉള്ളിൽ വരാതെ സാദ്ധ്യമാകയില്ല: “അവന്‍ (സഹായകൻ) വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും.” (യോഹ, 16:8). വ്യക്തി പാപിയാണെന്ന് ബോധ്യപ്പെട്ടാലെ, ഒരു രക്ഷകൻ്റെ ആവശ്യമുള്ളൂ. ആ രക്ഷകൻ തന്നെയാണ് തന്നെയാണ് തൻ്റെ സൃഷ്ടിതാവായ കർത്താവെന്നും വിശ്വസിച്ച് ഏറ്റുപറഞ്ഞാലെ രക്ഷ ലഭിക്കുകയുള്ളൂ. ഇതും പരിശുദ്ധാത്മാവിനാൽ മാത്രമേ സാദ്ധ്യമാകുകയുള്ളൂ: “യേശു കര്‍ത്താവാണ്‌ എന്നു പറയാന്‍ പരിശുദ്ധാത്‌മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.” (1കോറി, 12:3). “ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും.” (റോമാ, 10:9). ഒരുവ്യക്തി രക്ഷപ്രാപിക്കാനുള്ള മഴുവൻ ഘടകങ്ങളും ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്: “വിശ്വാസംവഴി കൃപയാലാണു നിങ്ങൾ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിൻ്റെ ദാനമാണ്‌.” (എഫേ, 2:8). ഇതൊക്കെയും ദൈവത്താൽ മാത്രമേ സാദ്ധ്യമാകൂയെങ്കിൽ, മനുഷ്യരുടെ റോളെന്താണ്: “ആകയാൽ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽ നിന്നുമാണ്‌.” (റോമാ, 10:17). ക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവരോട് ‘പറയുക അഥവാ, പ്രസംഗിക്കുക’ എന്നല്ലാതെ, മറ്റൊന്നും രക്ഷയുടെ കാര്യത്തിൽ മനുഷ്യർക്ക് ചെയ്യാൻ കഴിയില്ല. യേശു ശിഷ്യന്മാരെ സുവിശേഷ ഘോഷണത്തിനായി ലോകംമുഴുവൻ അയക്കുമ്പോൾ, നിങ്ങൾ പ്രസംഗിക്കുവിൻ; വിശ്വസിക്കുന്നവൻ രക്ഷപ്രാപിക്കും, അല്ലാത്തവർ ശിക്ഷിക്കപ്പെടും എന്നാണ് പറഞ്ഞത്: “നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ച്‌ സ്‌നാനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും.” (മര്‍ക്കോ, 16:15-16). വചനം പ്രസംഗിക്കാനല്ലാതെ, വിശ്വസിപ്പിക്കാൻ പ്രസംഗിക്കുന്നവന് സാദ്ധ്യമല്ല. കേൾക്കുന്നവൻ്റെ ഉള്ളിൽ ദൈവത്തിൻ്റെ ആത്മാവ് പ്രവർത്തിക്കുകയോ, പ്രവർത്തിക്കാതിരിക്കയോ ചെയ്യുന്നതിൻ്റെ അടിസ്ഥാനത്തിലാണ് വ്യക്തി രക്ഷ പ്രാപിക്കുകയോ, പ്രാപിക്കാതിരിക്കയോ ചെയ്യുന്നത്. അത് വചനം കേൾക്കുന്നവനും ദൈവവും തമ്മിലുള്ള കാര്യമാണ്. പ്രസംഗിക്കുന്നവന് ഇതിൽ ഒരു കാര്യവുമില്ല. അവൻ വെറും കൂലിക്കാരൻ മാത്രമാണ്. അവൻ്റെ പ്രതിഫലം സ്വർഗ്ഗത്തിൽ ലഭിക്കും. (2തിമോ, 4:7-8). അതുകൊണ്ടാണ്, ക്രൈസ്തവീകതയിൽ മതപരിവർത്തനം എന്ന ചിന്തപോലും അപ്രസക്തമാകുന്നത്. അർത്ഥാൽ, ജീവിച്ചിരിക്കുമ്പോൾപ്പോലും മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ഒരു മനുഷ്യനും മതമേലാളനും ഒന്നും ചെയ്യാൻ കഴിയാതിരിക്കേ, ഇല്ലാത്ത ശുദ്ധീകരണ സ്ഥലത്തു കൊണ്ടുപോയി എന്തുണ്ടയാണ് ചെയ്യാൻ കഴിയുക???… ദണ്ഡവിമോചനം അഥവാ, ശിക്ഷയിൽനിന്ന് മോചനം ലഭിക്കണമെങ്കിൽ വ്യക്തിക്ക് പാപമോചനം ഉണ്ടാകണം. ദൈവത്തിൻ്റെ ജീവനുള്ള വചനമായ ബൈബിൾ ചോദിക്കുന്നു, “ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ്‌ പാപം ക്ഷമിക്കാന്‍ സാധിക്കുക?” (മർക്കോ, 2:7; ലൂക്കാ, 2:7). ബൈബിളിൽ പിശാചിനെക്കുറിച്ചും ഒരു പ്രസ്താവനയുണ്ട്: “അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌.” (യോഹ, 8:44). കത്തോലിക്കാ വിശ്വാസികളേ, ഇനി നിങ്ങൾ ചിന്തിക്കൂ; നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ ക്രിസ്തുവിലൂടെയുള്ള യഥാർത്ഥ രക്ഷയെക്കുറിച്ച് പ്രസംഗിക്കാതെ, വിഗ്രഹങ്ങളെ സേവിക്കാൻ പഠിപ്പിക്കുകയും, നിങ്ങൾ മരിച്ചുകഴിയുമ്പോൾ ദണ്ഡവിമോചനം നൽകി സ്വർഗ്ഗത്തിൽ എത്തിക്കാമെന്ന് വ്യജമായി പറയുകയും ചെയ്യുന്ന ഇവർ, ക്രിസ്തുവിൻ്റെ അനുയായികളോ, അതോ, പിശാചിൻ്റെ സേവകരോ???…

“അപ്പോള്‍ ധനവാൻ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കില്‍, ലാസറിനെ എൻ്റെ പിതൃഭവനത്തിലേക്ക്‌ അയയ്‌ക്കണമേ എന്നു ഞാന്‍ അപേക്‌ഷിക്കുന്നു. എനിക്ക്‌ അഞ്ചു സഹോദരന്‍മാരുണ്ട്‌. അവരും പീഡകളുടെ ഈ സ്‌ഥലത്തു വരാതിരിക്കേണ്ടതിന്‌ അവൻ അവര്‍ക്കു സാക്‌ഷ്യം നല്‍കട്ടെ. അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ. ധനവാൻ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവൻ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്‍മാരും പറയുന്നത്‌ അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന്‌ ഒരുവൻ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല. (ലൂക്കാ, 16:27-31). ഈ വേദഭാഗം കത്തോലിക്കാ പുരോഹിതനായ ഫാദര്‍ പോള്‍ ഒ’സുള്ളിവന്‍, O.P-യുടെ വ്യാഖ്യാനത്തിൽ പറയുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന്; മരണാന്തര ജീവിതത്തെക്കുറിച്ച് ഭൂമിയിൽ ജീവിച്ചിരിരിക്കുന്ന മനുഷ്യർക്ക് വ്യക്തതയില്ല. ഉത്തരം: ബൈബിളിലെ പഴയനിയമം പഠിപ്പിക്കുന്നത് ദൈവത്തെ അനുസരിച്ചാൽ, ഐഹിക ജീവിതത്തിലെ നന്മകളെക്കുറിച്ചും, പുതിയനിയമം മരണാനന്തരജീവിതം അഥവാ, നിത്യജീവനെക്കുറിച്ചുമാണ്. എന്നിട്ടും, മരണാനന്തര ജീവിതത്തെക്കുറിച്ച് വ്യക്തമാകാത്തത് ബൈബിൾ വായിക്കാഞ്ഞിട്ടാണ്. രണ്ട്; “അബ്രഹാം മരണാനന്തര ജീവിതത്തെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങള്‍ വായിക്കട്ടെ എന്നല്ല പറയുന്നത്. പിന്നെയോ മോശയുടെയും പ്രവാചകന്‍മാരുടെയും വാക്ക് കേള്‍ക്കുവാനാണ്. മോശയും പ്രവാചകന്മാരും ഇന്നില്ലാത്തതുകൊണ്ട് ആ പണി സഭയ്ക്ക് കൊടുത്തിരിക്കയാണ്. അതാണ് ‘പ്രബോധനാധികാരം.” ഉത്തരം: മോശയും പ്രവാചകന്മാരും പിന്നെ പുതിയനിയമം എഴുതിയ അപ്പസ്തോലന്മാരും എന്നേക്കും ജീവിച്ചിരുന്ന് വചനം പ്രസംഗിക്കാൻ, അവർ ക്രിസ്തുവിനെപ്പോലെ ദൈവമല്ല; മനുഷ്യരാണ്. എന്നാൽ, അവർക്ക് ദൈവാത്മാവ് നല്കിയ വചനങ്ങൾ ജീവനുള്ള വചനങ്ങളാണ്. അതിനെയാണ് അവർ രേഖയാക്കിവേച്ചിരിക്കുന്നത്: “ദൈവത്തിൻ്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതല വാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിൻ്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌.” (ഹെബ്രാ, 4:12). മോശയും പ്രവാചകന്മാരം എന്ന മനുഷ്യരേക്കാൾ നൂറായിരം മടങ്ങ് ശ്രേഷ്ഠമാണ് ജീവനുള്ള ദൈവത്തിൻ്റെ ജീവിക്കുന്ന ഈ വചനം. ‘അവര്‍ക്കു മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ’ എന്ന് അബ്രാഹം ധനവാനോട് പറഞ്ഞത്, അവരിലൂടെ ദൈവാത്മാവ് എഴുതിച്ച ഈ ജീവനുള്ള വിശുദ്ധലിഖിതങ്ങളെ കുറിച്ചാണ്. അല്ലാതെ, കത്തോലിക്കാ സഭ സുന്നഹദോസുകൾ കൂടി വിശ്വാസികളുടെ പണമടിച്ചുമാറ്റാൻ ഉണ്ടാക്കിയ പ്രബോധനങ്ങളെക്കുറിച്ചല്ല. (സുള്ളിവനച്ചോ; ഈ കഥ ബാലരമയിലെ ലുട്ടാപ്പി കഥകളുടെ കൂട്ടത്തിൽ പ്രസിദ്ധീകരിച്ചു നോക്കുന്നതാണ് നല്ലത്). 

“അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്‍മാരും പറയുന്നത്‌ അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന്‌ ഒരുവൻ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല.” (ലൂക്കാ, 16:31). ശുദ്ധീകരണസ്ഥലം ഇല്ലെന്ന് വിശ്വാസികളാരെങ്കിലും കത്തോലിക്കാ മതമേലാളന്മാരോട് പറഞ്ഞാൽ, അവരുടെ മറുപടി ഇതായിരിക്കും; “മരിച്ചവരാരും വന്ന് നിങ്ങളോട് പറഞ്ഞിട്ടില്ലല്ലോ. അപ്പോൾ, ഞങ്ങൾ പറയുന്നത് വിശ്വസിക്കൂ; ശുദ്ധീകരണസ്ഥലം ഉണ്ട്.” അബ്രാഹം ധനവാനോടു പറഞ്ഞ മറുപടി എല്ലാ മതനേതാക്കന്മാർക്കും വിശ്വാസികൾക്കും ബാധകമാണ്: “അവര്‍ക്കു മോശയും പ്രവാചകന്മാരും (ദൈവവചനം) ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ. മോശയും പ്രവാചകന്മാരും പറയുന്നത്‌ അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന്‌ ഒരുവൻ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല.” കത്തോലിക്കാ വിശ്വാസികളേ, ഒന്നു ചിന്തിക്കൂ; നമ്മെ സൃഷ്ടിക്കുകയും, നമുക്കായി ക്രൂശിൽ മരിക്കുകയും ചെയ്ത യേശുക്രിസ്തു പറയുന്നതാണോ സത്യം; അതോ, നമ്മുടെ പോക്കറ്റിലെ കാശുകൊണ്ട് തടിച്ചുകൊഴുത്ത മതനേതാക്കൾ പറയുന്നതാണോ സത്യം. അവർ നിങ്ങളെ യഥാർത്ഥത്തിൽ നരകത്തിലേക്കാണ് അയക്കുന്നത്. കാരണം, അവർ പഠിപ്പിക്കുന്ന ശുദ്ധീകരണസ്ഥലത്തും ശിക്ഷയുണ്ട്. അതുതന്നെയാണ് ബൈബിൾ പഠിപ്പിക്കുന്ന പാതാളത്തിലെ ‘പീഡനസ്ഥലം.’ അവസാന വിധിക്കുശേഷം, അവിടെനിന്ന് സ്വർഗ്ഗത്തിലേക്കല്ല; നിത്യശിക്ഷയായ നരകത്തിലേക്കാണ് സ്ഥാനക്കയറ്റം കിട്ടുന്നത്. പീഡനസ്ഥലത്തുനിന്ന് ഒരുത്തനും സ്വയമായിട്ടോ അല്ലാതെയോ രക്ഷപ്രാപിക്കാൻ കഴിയില്ലെന്ന് ബൈബിൾ അടിവരയിട്ട് പഠിപ്പിക്കുന്നു.

മരണാനന്തര ജീവിതത്തിൻ്റെ മാറ്റമില്ലായ്മയെക്കുറിച്ച് ഇങ്ങനെ മനസ്സിലാക്കാം: പഴയനിയമം ഭൗമിക നന്മകളെക്കുറിച്ചും പുതിയനിയമം ആത്മിക നന്മകളെക്കുറിച്ചുമാണ് പഠിപ്പിക്കുന്നത്. ഭൗതികം നശ്വരവും ആത്മികം നിത്യവുമാണ്. (2കോറി, 4:18). ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി മരിച്ചത്, അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ നൽകാനാണ്. (യോൽ, 3:16). നിത്യജീവൻ ഈ ലോകത്തിലല്ല, മരണാനന്തരമാണ്: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എൻ്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവൻ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). ജീവിച്ചിരുന്ന് ക്രിസ്തുവിൽ വിശ്വസിച്ച ഒരുവൻ മരിച്ചാൽ, ദൈവത്തിൻ്റെ ദുതന്മാർ അവനെ തൽക്ഷണം ‘അബ്രാഹമിൻ്റെ മടി’യെന്ന പറുദീസയിലേക്കു കൊണ്ടുപോകും. (ലൂക്കാ, 16:22). അവിടെ ക്രിസ്തുവിൻ്റെ ദൃശമോ, അദൃശ്യമോ ആയ സാന്നിദ്ധ്യത്തിൽ അവൻ ആശ്വസിക്കുകയും, ഒടുക്കത്തെ നാളിൽ അഥവാ, യേശുവിൻ്റെ പ്രത്യാഗമനത്തിൽ ദേഹം ദേഹി ആത്മാവോടുകൂടി അവൻ ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലെ നിത്യസൗഭാഗ്യത്തിൽ ചേർക്കപ്പെടുകയും ചെയ്യും: “പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ്‌ എൻ്റെ പിതാവിന്‍െറ ഇഷ്‌ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.” (യോഹ, 6:40). ഇതാണ് ബൈബിൾ പഠിപ്പിക്കുന്ന നിത്യജീവൻ. നിത്യശിക്ഷയായ നരകം ഇതിന് വിപരീതമാണ്. നരകാവകാശികൾ ക്രിസ്തുവിൽ വിശ്വസിക്കാത്തവരും, അവൻ്റെ പുനരുത്ഥാന ജീവൻ പ്രാപിക്കാത്തവരും ആകയാൽ, അങ്ങനെയുള്ളവർ മരിക്കുമ്പോൾ അവർ നേരെ പാതാളത്തിൽ പീഡനാസ്ഥലത്ത് എത്തിപ്പെടും. (ലൂക്കാ, 16:23). ക്രിസ്തുവിൻ്റെ പ്രത്യാഗമനത്തിൽ വിശുദ്ധന്മാരെല്ലാം സ്വർഗ്ഗത്തിൽ ചേരുകയും, അതിനുശേഷം, ഭുമിയിലെ ഏഴു വർഷം മഹാപീഡനവും, തുടർന്ന് യഹൂദൻ്റെ സഹസ്രാബ്ദവാഴ്ചയും നടക്കും. അതിനുശേഷമുള്ള അന്ത്യവിധിയിൽ അവിശ്വാസികളെയെല്ലാം നിത്യശിക്ഷയായ നരകത്തിൽ തള്ളിക്കളയും. (വെളി, 20:11-15). ഇത് ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനത്തിൽ എഴുതി വെച്ചിരിക്കുന്നതാണ്. ഇതിന് മാറ്റം വരുത്താൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല. ദൈവത്തിനുപോലും! (യോക്കോ, 1:17). 

IV. മാനസാന്തരം: “ധനവാൻ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവൻ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും.” (ലൂക്കാ, 16:30). ലാസറിൻ്റെ ധനവാൻ്റെയും ചരിത്രം പരിശോധിച്ചാൽ, ധനവാൻ ചെയ്ത കുറ്റമെന്താണ്? അബ്രാഹം പറഞ്ഞത്: “മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത്‌ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്‌ടതകളും. ഇപ്പോൾ അവൻ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.” (ലൂക്കാ, 16:25). ഭൂമിയിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നത് ഒരു കുറ്റമാണോ? അങ്ങനെയെങ്കിൽ, ഇന്ന് ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികളിൽ എത്രപേർ സ്വർഗ്ഗത്തിൽ പോകും? ഈ ചരിത്രം സൂക്ഷ്മമായി പഠിച്ചാൽ, ധനവാൻ ധാർമ്മിക മൂല്യങ്ങളുള്ള നല്ല മനുഷ്യനാണെന്ന് കാണാൻ കഴിയും. ലാസറിൻ്റെ വാസം ധനവാൻ്റെ കൊട്ടാര സദൃശമായ വീടിൻ്റെ പടിവാതിൽക്കലായിരുന്നു. ഇന്ന് ചെറ്റക്കുടിലിൻ്റെ മുമ്പിൽപ്പോലും ആരും വ്രണംനിറഞ്ഞ മനുഷ്യനെ കിടത്തില്ല. ധനവാൻ്റെ മേശയില്‍നിന്നു വീണിരുന്നവകൊണ്ടാണ് അവൻ വിശപ്പടക്കിയിരുന്നത്. മിക്ക പരിഭാഷകളിലും ‘വിശപ്പടക്കാൻ അവൻ ആഗ്രഹിച്ചു’ എന്നെഴുതിയിരിക്കകൊണ്ട്, അവനൊന്നും കിട്ടിയിരുന്നില്ല എന്ന് ചിന്തിക്കുന്നവരുണ്ട്. 20-ാം വാക്യത്തിൽ ലാസറിൻ്റെ വാസം ധനവാൻ്റെ പടിക്കലായിരുന്നു എന്നു കാണുന്നതിനാൽ, അവന് അവിടെനിന്ന് ഉച്ഛിഷ്ടമെങ്കിലും കിട്ടിയിരുന്നുവെന്ന് വ്യക്തമാണ്. ERV മലയാളത്തിൽ; “ധനികന്‍റെ ഊണുമേശയില്‍ നിന്ന് താഴെ വീഴുന്ന ഉച്ഛിഷ്ടമാണ് അവന്‍റെ ഭക്ഷണം” എന്നാണ്. മാത്രമല്ല, അക്കാലത്ത് ധനവാന്മാർ ഭക്ഷണം കഴിച്ചു കഴിഞ്ഞ്‌ കൈ തുടച്ചു വൃത്തിയാക്കുന്നത് റൊട്ടിക്കഷണങ്ങൾ കൊണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഇതിന് ബൈബിളിലും ഒരു തെളിവുണ്ട്: സീറോ-ഫിനേഷ്യന്‍ വംശത്തില്‍പ്പെട്ട ഒരു ഗ്രീക്കുകാരി തൻ്റെ മകളില്‍നിന്നു പിശാചിനെ ബഹിഷ്‌കരിക്കാൻ യേശുവിനെ സമീപിച്ചപ്പോൾ പറയുന്നതാണ്; “മേശയ്‌ക്കു കീഴെ നിന്ന്‌ നായ്‌ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ.” (മര്‍ക്കോ, 7:26-28). ഇത് മേല്പറഞ്ഞ വസ്തുത ശരിവയ്ക്കുന്നു. ഇങ്ങനെ കൈതുടച്ചു വൃത്തിയാക്കിയശേഷം പുറത്തുകളയുന്ന റൊട്ടികഷണങ്ങൾ ആകാം ലാസർ കഴിച്ചിരുന്നത്. അങ്ങനെ നോക്കിയാൽ ധനവാൻ ഏറ്റവും നല്ല മനുഷ്യനാണ്. പക്ഷെ, എത്രനല്ല മനുഷ്യനായാലും തൻ്റെ പാപത്തെയോർത്ത് മാനസാന്തരമില്ലെങ്കിൽ അവൻ നരകത്തിലേ പോകൂ. ധനവാൻ്റെ കുറ്റം അനൂപമില്ലാത്തതാണെന്ന് അവൻതന്നെ സമ്മതിക്കുന്നുണ്ട്: “പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവൻ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും.” (ലൂക്കാ, 16:30). ധനവാൻ ‘എത്രയും നല്ല മനുഷ്യനായിരുന്നു’ എന്നതിൻ്റെ മറ്റൊരു തെളിവുകൂടിയാണിത്. ലാസറിനെ തിരികെ അയച്ച് തൻ്റെ സഹോദരങ്ങളെ രക്ഷിക്കണമെന്നാണ് ധനവാൻ്റെ അപേക്ഷ; ”മരിച്ച ലാസർ ഉയിർത്തെഴുന്നേറ്റ് ചെന്നുപറഞ്ഞാൽ അവർ അനുതപിക്കും.” ഇവിടെ ധനവാൻ പറയാതെ പറയുന്ന ഒരുകാര്യമുണ്ട്: ”എൻ്റെ അനുതാപമില്ലാത്ത ഹൃദയം എന്നെയീ നരകത്തിലെത്തിച്ചു; എൻ്റെ സഹോദരങ്ങളെങ്കിലും അനുതപിച്ച് നരകത്തിൽ എത്താതിരിക്കട്ടെ.’ അബ്രാഹം അവനോടു പറഞ്ഞു: “മോശയും പ്രവാചകന്‍മാരും പറയുന്നത്‌ അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന്‌ ഒരുവൻ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല.” (ലൂക്കാ, 16:31). മോശയും പ്രവാചകന്മാരും സ്വയമായിട്ട് ഒന്നും പറഞ്ഞിട്ടില്ല. അവരോട് പറയാനും എഴുതിവെയ്ക്കാനും അവരുടെ പക്കൽ വചനങ്ങളെ ഏല്പിച്ചത് ദൈവമാണ്. അതവർ എഴുതി ജനത്തെ ഏല്പിച്ചിട്ടുണ്ട്. ആ ദൈവവചനത്തെ വിശ്വസിക്കാത്തവർ, മരിച്ചവർ എഴുന്നേറ്റു വന്നാലും വിശ്വസിക്കില്ല. അബ്രാഹം പറഞ്ഞതെത്ര ശരിയാണ്: മരിച്ചൊരാൾ എഴുന്നേറ്റുവന്നാൽ, ഭൂതം, പ്രേതം എന്നുപറഞ്ഞുകൊണ്ട് ഓടിരക്ഷപെടാനോ, അല്ലെങ്കിൽ, ഭൂതത്തെ ഒഴിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുമെന്നല്ലാതെ, അവൻ്റെ വാക്കുകൾ ആരെങ്കിലും കേൾക്കുമോ???…

മാനസാന്തരം എന്താണ്?: രക്ഷാനുഭവത്തിന്റെ അദ്യപടിയാണ് പശ്ചാത്താപം അഥവാ, മാനസാന്തരം. സ്വന്തം പാപത്തെ ദൈവത്തിന്റെ വിശുദ്ധിയുടെ വെളിച്ചത്തിൽ കാണുകയും പാപത്തിന്റെ നേർക്കുള്ള സ്വന്തം മനോഭാവം മാറ്റുകയും ചെയ്യുന്നതിന്റെ ഫലമാണ് പാപത്തെക്കുറിച്ചുള്ള ദുഃഖം. ദുഃഖവും പശ്ചാത്താപവും ഒന്നല്ല. ലോകത്തിലെ മിക്കപേർക്കും തങ്ങളുടെ കുറ്റത്തെയോർത്ത് ദുഃഖമുണ്ട്. അതുകൊണ്ടാണ് ചെറിയൊരു തെറ്റു സംഭവിക്കുമ്പോൾത്തന്നെ അവർ ‘സോറി’ പറയുന്നത്. എന്നാൽ, ലോകത്തിൻ്റെ ദുഃഖം ആർക്കും മാനസാന്തരം നൽകുന്നില്ല; പ്രത്യുത, ദൈവഹിതപ്രകാരം ദുഃഖമുണ്ടായാലെ, യഥാർത്ഥ പശ്ചാത്താപം ജനിക്കുകയുള്ളൂ. പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ അത് വ്യക്തമാക്കുന്നുണ്ട്.  തൻ്റെ എഴുത്ത് കുറച്ചു സമയത്തേക്ക് അവരെ ദുഃഖിപ്പിച്ചുവെങ്കിലും, പിന്നീടത് അവരെ രക്ഷാകാരണമായ പശ്ചാത്താപത്തിലേക്ക് നടത്തി: “എൻ്റെ എഴുത്ത്‌ നിങ്ങളെ ദുഃഖിപ്പിച്ചുവെങ്കിലും എനിക്ക്‌ അതില്‍ സങ്കടമില്ല. വാസ്‌തവത്തിൽ നേരത്തേ എനിക്കു സങ്കടമുണ്ടായിരുന്നു. എന്തെന്നാൽ, ആ എഴുത്ത്‌ നിങ്ങളെ കുറച്ചുകാലത്തേക്കു മാത്രമാണെങ്കിലും ദുഃഖിപ്പിക്കുകയുണ്ടായല്ലോ. ഇപ്പോഴാകട്ടെ, ഞാൻ സന്തോഷിക്കുന്നു. നിങ്ങളെ ദുഃഖിപ്പിച്ചതുകൊണ്ടല്ല, മറിച്ച്‌, നിങ്ങളുടെ ദുഃഖം പശ്ചാത്താപത്തിലേക്ക്‌ നയിച്ചതുകൊണ്ട്‌. നിങ്ങളുടെ ദുഃഖം ദൈവഹിതപ്രകാരമായിരുന്നതുകൊണ്ട്‌ ഞങ്ങള്‍വഴി നിങ്ങള്‍ക്ക്‌ ഒരു നഷ്‌ടവും ഉണ്ടായിട്ടില്ല. ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതിൽ ഖേദത്തിനവകാശമില്ല. എന്നാൽ, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.” (2കോറി, 7:8-10). ദുഃഖം അതിന്റെ പ്രവൃത്തി തികയ്ക്കുമ്പോൾ ഉണ്ടാകുന്ന ഫലമാണ് മാനസാന്തരം. മാനസാന്തരത്തിന്റെ ഫലമാണ് രക്ഷ. ദുഃഖം, മാനസാന്തരം, രക്ഷ എന്നിങ്ങനെ ഒരനുക്രമവികാസം ഈ പ്രക്രിയയിൽ കാണാം. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മനസ്സിലുണ്ടാകുന്ന പൂർണ്ണമായ പരിവർത്തനവും ഭാവവ്യതിയാനവുമാണ് യഥാർത്ഥ പശ്ചാത്താപം.

യഥാർത്ഥ മാനസാന്തരത്തിൻ്റെ കാരകൻ ദൈവമാണ്: “അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും.” (യോഹ, 16:8). ഒരു വ്യക്തി പരിശുദ്ധനായ ദൈവത്തെ കാണുന്നതുവരെ സ്വന്തം പാപത്തെ ന്യായീകരിച്ചുകൊണ്ടിരിക്കും. എപ്പോൾ, വ്യക്തി ദൈവത്തെ കണ്ടുമുട്ടുന്നുവോ അഥവാ, ദൈവത്തെ അറിയുന്നുവോ അപ്പോൾ മാത്രമേ തൻ്റെ പാപത്തെക്കുറിച്ച് ബോധവാനാകുകയുള്ളൂ. ജോബ്‌ പറഞ്ഞത് ഇപ്രകാരമാണ്: “അങ്ങയെക്കുറിച്ച്‌ ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഇപ്പോൾ എൻ്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു.

അതിനാൽ ഞാൻ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും കിടന്ന്‌ ഞാൻ പശ്ചാത്തപിക്കുന്നു.” (ജോബ്‌, 42;5-6). പന്തക്കുസ്‌താദിനത്തിലെ പത്രോസിൻ്റെ പ്രസംഗത്തിലൂടെ ജനം പശ്ചാത്തപിച്ചതും നോക്കുക: “അതിനാല്‍, നിങ്ങൾ കുരിശിൽ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്‌തുവുമാക്കി ഉയര്‍ത്തി എന്ന്‌ ഇസ്രായേല്‍ ജനം മുഴുവനും വ്യക്‌തമായി അറിയട്ടെ. ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ്‌ അപ്പസ്‌തോലന്‍മാരോടും ചോദിച്ചു: സഹോദരന്‍മാരേ, ഞങ്ങൾ എന്താണു ചെയ്യേണ്ടത്‌? പത്രോസ്‌ പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിൻ്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിൻ്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും.” (പ്രവ, 2:36-38).

മാനസാന്തരത്തിന്റെ പ്രാധാന്യം: പഴയനിയമ പ്രവാചകന്മാരും ന്യായപ്രമാണവും മാനസാന്തരസന്ദേശം നൽകി: “ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, ഓരോരുത്തരെയും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായി ഞാൻ വിധിക്കും. തിന്മ നിങ്ങളെ നശിപ്പിക്കാതിരിക്കാന്‍ പശ്‌ചാത്തപിച്ച്‌ എല്ലാ അതിക്രമങ്ങളിലും നിന്നു പിന്തിരിയുവിന്‍.” (എസെ, 18:30. ഒ.നോ: ആവ, 30:10; 2രാജാ, 17:13; ഏസെ, 14:6; ജെറ, 8:6). യോഹന്നാൻ സ്നാപകന്റെ പ്രസംഗവിഷയം മാനസാന്തരമായിരുന്നു: “മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.” (മത്താ, 3:2; 3:8; മർക്കോ, 1:4). പാപം ഏറ്റുപറഞ്ഞശേഷമായിരുന്നു മാനസാന്തരസ്ഥാനം: “അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ്‌, ജോര്‍ദാന്‍ നദിയില്‍വച്ച്‌ അവനില്‍നിന്നു സ്‌നാനം സ്വീകരിച്ചു.” (മത്താ, 3:6). മാനസാന്തരപ്പെടുവിൻ എന്ന ആഹ്വാനത്തോടു കൂടിയാണ് യേശുവും പരസ്യശുശ്രൂഷ ആരംഭിച്ചത്: “സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച്‌ സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.” (മര്‍ക്കോ, 1:15). യേശുവിന്റെ പ്രന്തണ്ടു ശിഷ്യന്മാരും പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു. (മർക്കൊ, 6:12). ക്രിസ്തുവിന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കണമെന്നു പുനരുത്ഥാനാനന്തരം ക്രിസ്തു ശിഷ്യന്മാർക്കു നിയോഗം നൽകി. (ലൂക്കോ, 24:47). എല്ലാവരും പശ്ചാത്തപിക്കണം എന്നത് ദൈവകൽപ്പനയാണ്: “അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാൽ, ഇപ്പോൾ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന്‌ അവിടുന്ന്‌ ആജ്‌ഞാപിക്കുന്നു.” (പ്രവ, 17:30). ദൈവത്തിൻ്റെ ആഗ്രഹവും അതുതന്നെയാണ്: “ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നതുകൊണ്ട്‌, നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ.” (2പത്രോ, 3:9). രക്ഷയിൽ പ്രധാനസ്ഥാനം മാനസാന്തരത്തിനാണ്. പശ്ചാത്താപം കൂടാതെ രക്ഷയില്ല: “പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.” (ലൂക്കാ, 13:3).

മാനസാന്തരത്തിലേക്കു വിളിക്കപ്പെടുന്നതു പാപികളാണ്: യേശു ഇപ്രകാരം പറഞ്ഞു: “ഞാന്‍ വന്നിരിക്കുന്നത്‌ നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്‌ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്‌.” (ലൂക്കാ, 5:32; മത്താ, 9:13; മർക്കോ, 2:17). “എല്ലാവരും പാപം ചെയ്‌ത്‌ ദൈവമഹത്വത്തിന്‌ അയോഗ്യരായി’ (റോമാ, 3:23) എന്ന് ബൈബിൾ പറയുമ്പോൾ, യേശു എല്ലാവരേയും പശ്ചാത്താപത്തിലേക്ക് ക്ഷണിക്കേണ്ടതല്ലേ? ‘നീതിമാന്മാരെയല്ല; പാപികളെ വിളിക്കുന്നു’ എന്നു പറഞ്ഞതെന്താ? യഥാർത്ഥമായി ദൈവത്തെ ദർശിക്കുന്നവൻ അഥവാ, അറിയുന്നവൻ മാത്രമേ താൻ പാപിയാണെന്ന് സമ്മതിക്കുകയുള്ളു. അങ്ങനെയുള്ളവർ താൻ പാപിയാണെന്ന് ഏറ്റുപറഞ്ഞ് ദൈവകരങ്ങളിൽ സമർപ്പിക്കുമ്പോഴാണ് മാനസാന്തരം ലഭിക്കുന്നത്. “തെറ്റുകള്‍ മറച്ചുവയ്‌ക്കുന്നവന്‌ ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ്‌ പരിത്യജിക്കുന്നവന്‌ കരുണ ലഭിക്കും.” (സുഭാ, 28:13). പശ്ചാത്താപത്തിൻ്റെ ബാഹ്യലക്ഷണം പാപം ഏറ്റുപറയലാണ്. ഒന്നാമത് ദൈവത്തോട്: “എന്‍െറ പാപം അവിടുത്തോടു ഞാന്‍ ഏറ്റു പറഞ്ഞു; എൻ്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എൻ്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാൻ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എൻ്റെ പാപം അവിടുന്നു ക്ഷമിച്ചു.” (സങ്കീ, 32:5). “ഞാൻ എൻ്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു; എൻ്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു.” (സങ്കീ, 38:18). രണ്ടാമത് മനുഷ്യരോട്: ധൂർത്തപുത്രൻ അപ്പനോട്: “പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍െറ മുമ്പിലും ഞാന്‍ പാപം ചെയ്‌തു.” (ലൂക്കാ, 15:18). നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്‍െറ സഹോദരന്‌ നിന്നോട്‌ എന്തെങ്കിലും വിരോധം ഉണ്ടെന്ന്‌ അവിടെവച്ച്‌ ഓര്‍ത്താല്‍,

കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട്‌ പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക.” (മത്താ, 5:23-24). മനുഷ്യൻ ചെയ്യുന്ന എല്ലാ പാപവും ദൈവത്തിനെതിരാണ്. ദൈവഹിതത്തെയും അവൻ്റെ പ്രമാണങ്ങളേയും ലംഘിക്കുന്നതാണ് പാപം. എങ്കിലും, മനുഷ്യരോട് ചെയ്ത പാപങ്ങൾ മരുഷ്യരോടും ഏറ്റുപറയേണ്ടതാണ്. മനുഷ്യരോട് ചെയ്യുന്ന പാപം ദൈവത്തോട് ഏറ്റുപറഞ്ഞാലും പാപക്ഷമ ലഭിക്കുമെങ്കിലും, ആ വ്യക്തിയോടുകൂടി നിരന്നു കഴിഞ്ഞാൽ മാത്രമേ, അതിൻ്റെ ഭൗതിക ഫലത്തിൽനിന്ന് മോചനം ലഭിക്കുകയുള്ളൂ.

മാനസാന്തരത്തിൻ്റെ വഴികൾ: പശ്ചാത്താപം ദൈവദത്തമാണ്. ഒരു വ്യക്തിക്ക് സ്വയമായി അനുതാപം ഉളവാക്കാൻ കഴിയില്ല. അത് ദൈവത്തിൻ്റെ കൃപാദാനമാണ്. ദൈവാത്മാവ് മനുഷ്യാത്മാവിൽ പ്രവർത്തിക്കുന്നതിൻ്റെ ഫലമായാണ്, മനുഷ്യാത്മാവ് മാറ്റത്തിനു വിധേയമാകുന്നത്. ആകയാൽ കാരകൻ ദൈവമാണ്: വിജാതീയര്‍ക്കും ദൈവം രക്ഷ നല്കിയ വിധം പത്രോസ് വിവരിച്ചപ്പോൾ അവരുടെ പ്രതീകരണം ഇങ്ങനെയാണ്: “ഈ വാക്കുകൾ കേട്ടപ്പോൾ അവര്‍ നിശ്ശബ്‌ദരായി. ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയര്‍ക്കും ദൈവം പ്രദാനം ചെയ്‌തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട്‌ അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവ, 11:18). 

ദൈവവചന ശ്രവണത്തിലൂടെ:  “അതിനാല്‍, നിങ്ങൾ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്‌തുവുമാക്കി ഉയര്‍ത്തി എന്ന്‌ ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ. ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ്‌ അപ്പസ്‌തോലന്‍മാരോടും ചോദിച്ചു: സഹോദരന്‍മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്‌? പത്രോസ്‌ പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിൻ്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്‌മാവിൻ്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ………. അവൻ്റെ വചനം ശ്രവിച്ചവര്‍ സ്‌നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു.” (പ്രവ, 2:36-41). പശ്ചാത്താപത്തിന് ആഹ്വാനം ചെയ്യുന്ന സുവിശേഷം വ്യക്തികളിൽ അനുതാപം ഉളവാക്കും. യോനായുടെ പ്രസംഗം കേട്ട് നിനവേയിലെ ജനങ്ങൾ മാനസാന്തരപ്പെട്ടു. (യോനാ, 3:4-10). വ്യക്തികളുടെ മാനസാന്തരത്തിനായി ദൈവം ഉപയോഗിക്കുന്ന പ്രധാനപ്പെട്ടൊരു മാർഗ്ഗമാണ് സുവിശേഷം. സുവിശേഷം പ്രസംഗിക്കപ്പെടുന്നതും പരിശുദ്ധാത്മാവിലാണ്. (1തെസ, 1:5).

ദൈവത്തിൻ്റെ കരുണയിലൂടെ: “അതോ, അവിടുത്തെ നിസ്സീമമായ കരുണയും സഹിഷ്‌ണുതയും ക്‌ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്‌? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിൻ്റെ കരുണയുടെ ലക്‌ഷ്യമെന്നു നീ അറിയുന്നില്ലേ?” (റോമാ, 2:4). നമ്മുടെ കർത്താവ് കരുണാമയനാണ്; “കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്‌.” (സങ്കീ, 145:8; 116:5). ദൈവം കൃപാലുവായി കരുണകാട്ടുന്നത് മനുഷ്യരെ പാപത്തിൽനിന്നും പിന്തിരിപ്പിച്ച് നീതിയിലേക്ക് നടത്തുന്നതിനാണ്. (ലൂക്കാ, 6:35; എഫേ, 4:32; 1പത്രോ, 2:3).

ശാസനയിലും ശിക്ഷണത്തിലൂടെയും: “ഞാൻ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്‌ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ തീക്ഷ്‌ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു.” (വെളി, 3:19; ഹെബ്രാ, 12:6, 10-11).

ദൈവത്തിൻ്റെ പരിശുദ്ധിയുടെ സാക്ഷാത്കാരത്തിലൂടെ: ദൈവത്തിൻ്റെ പരിശുദ്ധി വെളിപ്പെടുമ്പോൾ, പാപത്തെക്കുറിച്ച് ബോധം വരുകയും അനുതപിക്കുകയും ചെയ്യും; “അങ്ങയെക്കുറിച്ച്‌ ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഇപ്പോള്‍ എൻ്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു.

അതിനാൽ ഞാൻ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും കിടന്ന്‌ ഞാൻ പശ്ചാത്തപിക്കുന്നു.” (ജോബ്‌, 42:5-6). ദൈവത്തെ തൻ്റെ കണ്ണാൽ ദർശിച്ച ഏശയ്യായുടെ അനുതാപവും ശ്രദ്ധേയമാണ്: “ഞാൻ പറഞ്ഞു: എനിക്കു ദുരിതം! ഞാൻ നശിച്ചു. എന്തെന്നാല്‍, ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്‌. എന്തെന്നാൽ, സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ എൻ്റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു. അപ്പോള്‍ സെറാഫുകളിലൊന്ന്‌ ബലിപീഠത്തില്‍നിന്ന്‌ കൊടില്‍കൊണ്ട്‌ എടുത്ത ഒരു തീക്കനലുമായി എൻ്റെയടുത്തേക്കു പറന്നു വന്നു. അവൻ എൻ്റെ അധരങ്ങളെ സ്‌പര്‍ശിച്ചിട്ടു പറഞ്ഞു: ഇതു നിൻ്റെ അധരങ്ങളെ സ്‌പര്‍ശിച്ചിരിക്കുന്നു. നിൻ്റെ മാലിന്യം നീക്കപ്പെട്ടു; നിന്‍െറ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.” (ഏശ, 6 : 5-7).

മാനസാന്തരത്തിൻ്റെ ഫലങ്ങൾ: പരിശുദ്ധാത്മാവ് ലഭിക്കുന്നു: “നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിൻ്റെ നാമത്തിൽ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിൻ്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും.” (പ്രവ, 2:38). 

പാപക്ഷമ: “ദുഷ്‌ടന്‍ തൻ്റെ മാര്‍ഗവും അധര്‍മി തൻ്റെ ചിന്താഗതികളും ഉപേക്‌ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന്‌ അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന്‌ ഉദാരമായി ക്‌ഷമിക്കും.” (ഏശ, 55:7).

സ്വർഗ്ഗത്തിൽ സന്തോഷം: “അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച്‌ എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു.” (ലൂക്കാ, 15:7). “അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ ദൈവത്തിൻ്റെ ദൂതന്‍മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കാ, 15:7-10). 

അതുപോലെ, മനസാന്തരവും വിശ്വാസവും വിഭിന്നങ്ങളാണ്: ഒന്നുകൂടി വ്യക്തമാക്കിയാൽ, ദൈവത്തിലേക്കുള്ള മനംതിരിവാണ് മാനസാന്തരം. “ദൈവത്തിലേക്കുള്ള മനഃപരിവര്‍ത്തനത്തെക്കുറിച്ചും നമ്മുടെ കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തെക്കുറിച്ചും യഹൂദരുടെയും ഗ്രീക്കുകാരുടെയുമിടയില്‍ ഞാന്‍ സാക്ഷ്യം നല്‍കി.” (പ്രവ, 20:21). സ്വന്തപ്രവർത്തികളിൽ ആശ്രയിക്കാതെ, രക്ഷയ്ക്കുവേണ്ടി ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുന്ന മനോഭാവമാണ് വിശ്വാസം. “വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയിൽ ശരണം പ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക്‌ അവിടുന്നുപ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം.” (ഹെബ്രാ, 11:6). “വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട്‌ എന്ന ബോധ്യവുമാണ്‌.” (ഹെബ്രാ, 11:1). വിശ്വാസവും പാപബോധവും മാനസാന്തരവുമെല്ലാം വ്യക്തി രക്ഷിക്കപ്പെടുമ്പോൾ ഒരിക്കലായി സംഭവിക്കുന്നതാണ്. എങ്കിലും അതിൻ്റെ ക്രമം ഏതാണ്ട് താഴെവരും പ്രകാരമാണ്: ദൈവവചന ശ്രവണത്താൽ വ്യക്തിയിൽ വിശ്വാസം ഉളവാകുകയും (റോമാ, 10:17), വിശ്വാസത്താൽ പരിശുദ്ധാത്മാവ് ലഭിക്കുകയും (യോഹ, 7:39), പരിശുദ്ധാത്മാവ് പാപബോധം വരുത്തുകയും (യോഹ, 16:8), പാപബോധം ദുഃഖം ഉളവാക്കുകയും (2കോറി, 7:9), ദുഃഖം പശ്ചാത്താപം ജനിപ്പിക്കുകയും (2കോറി, 7:9). പശ്ചാത്താപം രക്ഷ ഉളവാക്കുകയും ചെയ്യുന്നു. (2കോറി, 7:10). ഇതെല്ലാം സംഭവിക്കുന്നത് ദൈവകൃപയാലുമാണ്. (എഫേ, 2:5,8). എന്തെന്നാല്‍, എല്ലാം അവിടുന്നില്‍നിന്ന്‌, അവിടുന്നുവഴി, അവിടുന്നിലേക്ക്‌. അവിടുത്തേക്ക് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേൻ!” (റോമാ, 11:36).

“ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല.” (ഏശയ്യാ 45:22). “ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.” (അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:12)

ഉപസംഹാരം: ഒരു ടീച്ചർ ധനവാൻ്റെയും ലാസറിൻ്റെയും ചരിത്രം സൺഡേ സ്കൂളിൽ കൊച്ചുകുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ക്ലാസെടുത്തു കഴിഞ്ഞശേഷം ഓരോരുത്തരോടായി ചോദിച്ചു: നിങ്ങൾക്ക് ധനവാനെപ്പോലെ ആകണമോ? അതോ ലാസറിനെപ്പോലെ ആകണമോ? എല്ലാവരും ലാസറിനെപ്പോലെ ആകണമെന്ന് ഉത്തരം പറഞ്ഞു. എന്നാൽ, ആ ക്ലാസിൽ രാജു എന്നുപേരുള്ള വികൃതിയായൊരു കുട്ടിയുണ്ടായിരുന്നു. അവൻ്റെ ഊഴമെത്തിയപ്പോൾ അവൻ പറഞ്ഞു: ‘എനിക്കു ലോകത്തിൽ ധനവാനെപ്പോലെയും, മരണശേഷം ലാസറിനെപ്പോലെയും ആകണം.’ ഇതു തന്നെയാണ് ഏറെക്കുറെ എല്ലാ മനുഷ്യരുടേയും ആഗ്രഹം; എന്നാൽ, ഇതു സാദ്ധ്യമല്ലതാനും. ധനവാൻ്റെ ധനമല്ല, അവൻ്റെ ആശ്രയമാണ് അവനെ നരകത്തിലെത്തിച്ചത്. ഒരു ഭൃത്യന് രണ്ട് യജമാനന്മാരെ സേവിക്കാൻ കഴിയാത്തതുപോലെ, ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാൻ ആർക്കും കഴിയില്ല. (മത്താ, 6;24; ലൂക്കാ, 16:13). നമ്മുടെ പണം അത്യാവശ്യമുള്ള മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നില്ലെങ്കിൽ, അത് നമുക്കും ഉപകാരമായി ഭവിക്കില്ലെന്നാണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്. ധനികനായ മറ്റൊരു മനുഷ്യനെക്കുറിച്ച് സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്: ‘നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മയാണു പ്രവര്‍ത്തിക്കേണ്ടത്‌?’ എന്നായിരുന്നു അവൻ്റെ ചോദ്യം. യേശു പ്രതിവചിച്ചത്: “നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന്‌ എന്നെ അനുഗമിക്കുക.” ആ യുവാവ് വളരെ സമ്പന്നനാകയാൽ സങ്കടത്തോടെ തിരിച്ചുപോയി. “എന്നാൽ യേശു പിന്നെയും പറഞ്ഞത്: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം.” (മർക്കോ, 10:17-24). ജ്ഞാനികളിൽ ജ്ഞാനിയായ സോളമൻ പറയുന്നു: “ധനത്തെ ആശ്രയിക്കുന്നവൻ കൊഴിഞ്ഞുവീഴും; നീതിമാൻ പച്ചിലപോലെ തഴയ്‌ക്കും.” (സുഭാ, 11:28). “ദൈവവചനം ആദരിക്കുന്നവൻ ഉത്‌കര്‍ഷം നേടും; കര്‍ത്താവിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.” (സുഭാ, 16:20). അഭിഷിക്തനായ ക്രിസ്തു ലോകത്തിൽ വന്നത് ദരിദ്രന്മാരോട് സുവിശേഷം അറിയിക്കാനാണ്. (ലൂക്കാ, 4:18). സുവിശേഷഭാഗ്യങ്ങളിലും കർത്താവത് പറയുന്നുണ്ട്. “ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; ദൈവരാജ്യം നിങ്ങളുടേതാണ്‌.” (ലൂക്കാ, 6:20). ക്രൈസ്തവചരിത്രം പരിശോധിച്ചാലും ഇതറിയാൻ കഴിയും. ദാരിദ്ര്യവും അതുമൂലമുള്ള കഷ്ടവും, പട്ടിണിയും, രോഗങ്ങളും ഉള്ളവരാണ് ക്രിസ്തുവിനെ അനുഗമിക്കുന്നവരിൽ അധികവും. ലാസർ എന്ന ദരിദ്രന് ഒരുപക്ഷെ ആശ്രയിക്കാൻ ധനമോ മറ്റൊന്നുമോ ഇല്ലാത്തതുകൊണ്ടാകാം ദൈവത്തിലാശ്രയിച്ചത്. എങ്കിലും, അവൻ ആശവെച്ച ദൈവത്തിൻ്റെ അടുക്കൽ എത്തിച്ചേർന്നു. ധനമല്ല, ധനത്തിൻ്റെ ദൂഷ്യഫലങ്ങളാണ് ബൈബിളിൻ്റെ വിഷയം. ധനവും, മാനവും, ബന്ധുമിത്രാതികളും, സ്ഥാനമാനങ്ങളും വേണ്ടെന്നല്ല, അതിനേക്കാളുപരി കർത്താവിനെ സ്നേഹിക്കണമെന്നാണ് കല്പന. “നീ നിൻ്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കുക.” (മത്താ, 22:37). അപ്പോൾ,  ധനവാനാകട്ടെ ദരിദ്രനാകട്ടെ ഏതൊരു മനുഷ്യനും പൗലോസിനെപ്പോലെ പറയാൻ കഴിയു.: “എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്‌. ……. എൻ്റെ ആഗ്രഹം, മരിച്ച്‌ ക്രിസ്‌തുവിനോടുകൂടെ ആയിരിക്കാനാണ്‌. കാരണം, അതാണു കൂടുതല്‍ ശ്രേഷ്‌ഠം.” (ഫിലി, 1:21-23).

“ഒരുവന്‍ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്‌ടപ്പെടുത്തിയാൽ അവന്‌ എന്തു പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും? (മത്താ, 16:26).

Leave a Reply

Your email address will not be published. Required fields are marked *