യോർദ്ദാൻ നദി

യോർദ്ദാൻ നദി (river Jordan)

പേരിനർത്ഥം – താഴോട്ടൊഴുകുന്നത്

ഈജിപ്റ്റിലെ പത്തൊമ്പതാം രാജവംശത്തിന്റെ കാലത്തുള്ള രേഖകളിലാണ് യോർദ്ദാന്റെ പേർ ആദ്യം പ്രത്യക്ഷപ്പെടുന്നത്. യാ-അർ-ദു-നാ എന്ന രൂപമാണ് കാണുന്നത്. യാർദോൻ എന്നി കനാന്യരൂപത്തിനു തുല്യമാണിത്. പഴയനിയമത്തിലെ യാർദേൻ അരാമ്യരൂപമാണ്. ‘യാർഡാനീസ്’ എന്ന ഗ്രീക്കു രൂപത്തിൽ നിന്നാണു് ഇംഗ്ലീഷിലെ ജോർഡാന്റെ (Jordan) നിഷ്പത്തി. പലസ്തീനിലെ ഏറ്റവും നീളം കൂടിയ നദിയാണ് യോർദ്ദാൻ. വടക്കു ഹെർമ്മോൻ പർവ്വതത്തിൽ നിന്നുത്ഭവിച്ചു ചാവുകടലിൽ പതിക്കുന്നു. മിക്കവാറും പലസ്തീന്റെ മുഴുവൻ നീളവും ഇതു താണ്ടുന്നു. നദിയുടെ ദൈർഘ്യം ഏകദേശം 105 കി.മീറ്റർ ആണ്. എന്നാൽ വക്രഗതി മൂലം അതിനു 320 കി.മീറ്ററോളം നീളമുണ്ട്. ഏറ്റവും കൂടിയ വീതി ഏകദേശം 200 മീറ്റർ ആണ്. 

ലെബാനോൻ പർവ്വതനിരകളിൽ നിന്നുത്ഭവിക്കുന്ന നാലു തോടുകളാണ് യോർദ്ദാൻ നദിയായി മാറുന്നത്. 1. നഹ്ർ ബറൈഘിത് (Nahr Bareighit), 2. നഹ്ർ ഹസ്ബനി (Nahr Hasbany), 3. നഹ്ർ ലെദ്ദാൻ (Nahr Leddan), 4. നഹർ ബനിയാസ് (Nahr Banias). ഇവ നാലും ഹ്യൂളാ തടാകത്തിൽ പതിക്കുന്നു. തടാകം സമുദ്രനിരപ്പിൽ നിന്നു 70 മീറ്റർ ഉയരെയാണ്. 17 കി.മീറ്റർ തെക്കു ഗലീലാ തടാകത്തിൽ എത്തുമ്പോഴേക്കും ഈ നദി മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്നും 200 മീറ്റർ താഴെയാകും. അവിടെ നിന്നും ഒഴുകി ചാവുകടലിന്റെ വടക്കുഭാഗത്തു എത്തുമ്പോൾ നദി സമുദ്രനിരപ്പിൽ നിന്നും 393 മീറ്റർ താഴെയാണ്. ഈ കാരണത്താൽ യോർദ്ദാൻ (നിമ്നഗ) എന്ന് പേരു നദിക്കു അന്വർത്ഥമത്രേ. ഹ്യൂളാ തടാകത്തിൽ നിന്നും ചാവുകടൽ വരെ വെറും 120 കി.മീ. ദൂരമേ ഉള്ളുവെങ്കിലും അതിന്റെ ഇരട്ടി ദൂരം നദി വളഞ്ഞു പുളഞ്ഞു ഒഴുകുകയാണ്. ബൈബിളിൽ വളരെയധികം പരാമർശങ്ങളും സൂചനകളും ഉള്ള നദിയതേ ഇത്.  

പലസ്തീനിലെ ഏറ്റവും വലിയ നദിയാണ് യോർദ്ദാൻ അതിനു മറ്റു നദികളിൽ നിന്നൊരു പ്രത്യേകതയുണ്ട്. ഗലീലാക്കടലിനും ചാവുകടലിനുമിടയ്ക്കു യോർദ്ദാൻ നദിക്കു 27 അതിദ്രുത ജലപാതങ്ങൾ ഉള്ളതുകൊണ്ടു ഗതാഗതം സുഗമമല്ല. താഴ്വര ചതുപ്പായതുകൊണ്ടും, അത്യുഷ്ണം, വന്യമൃഗബാഹുല്യം എന്നിവ നിമിത്തവും യിസായേലിന്റെ ചരിത്രത്തിൽ യോർദ്ദാൻ തീരത്തു ഒരു വലിയ പട്ടണവും പണിതിട്ടില്ല. ജോർജ്ജ് ആഡംസ്മിത്ത് യോർദ്ദാൻ താഴ്വരയെക്കുറിച്ചു രേഖപ്പെടുത്തി: “യോർദ്ദാൻ താഴ്വരയ്ക്കു കിടപിടിക്കുന്ന ഒന്നു മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിലുണ്ടായിരിക്കാം; എന്നാലീ ഗ്രഹത്തിൽ ഒന്നുമില്ല.” യോർദ്ദാന്റെ പ്രധാന പോഷകനദികളാണ് യാർമ്മൂക്കും യബ്ബോക്കും. ഗലീലാക്കടലിനു 6 കി.മീറ്റർ തെക്കായി യാർമ്മൂക്ക് നദി യോർദ്ദാനിൽ ചേരുന്നു. ഇതോടുകൂടി യോർദ്ദാനിലെ വെള്ളം ഇരട്ടിക്കുന്നു. വടക്ക് യാർമ്മൂക്കിനും യബ്ബോക്കിനും ഇടയ്ക്കു 9 നീർത്തോടുകൾ കൂടി യോർദ്ദാൻ നദിയുടെ കിഴക്കു ഭാഗത്തു ചേരുന്നു. ഇക്കാരണത്താലാണ് സുക്കോത്ത്, സാരെഥാൻ, സാഫോൻ, യാബേശ്, ഗിലെയാദ്, പെല്ല എന്നീ പ്രധാന പട്ടണങ്ങൾ യോർദ്ദാന്റെ കിഴക്കെ തീരത്തു സ്ഥിതിചെയ്യുന്നതു. ജലസേചന സൗകര്യം ഹേതുവായിട്ടാണു ലോത്ത് യഹോവയുടെ തോട്ടം പോലെ (ഉല്പ, 13:10) ഇവിടം കണ്ടത്. 

കുറേക്കൂടി വടക്കുള്ള യാബേശിലെ ഒരു പോഷക അരുവിയാണ് കൈരീത്ത് തോട്. ആഹാബിനെ ഭയന്നു ഏലീയാവു ഒളിച്ചതു കെരീത്ത് തോടിന്നരികയായിരുന്നു. (1രാജാ, 17:1-7). യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഫാത്തിനും മദ്ധ്യേയായിരുന്നു ശലോമോൻ താമ്രംകൊണ്ടും കളിമണ്ണുകൊണ്ടും ഉപകരണങ്ങൾ നിർമ്മിച്ചത്. (1രാജാ, 7:46; 2ദിന, 4:17). നദിയുടെ ഈ ഭാഗത്തു അനേകം കടവുകൾ ഉണ്ട്. റോമാക്കാരുടെ ഭരണകാലത്താണ് ഇവിടെ പാലം നിർമ്മിച്ചത്. യബ്ബോക്കു കടവിലുടെയാണ് അബ്രാഹാമും യാക്കോബും യോർദ്ദാൻ കടന്നത്. (ഉല്പ, 32:10). ഗിദെയോൻ ഓടിച്ച മിദ്യാന്യർ യോർദ്ദാനെ കടന്നതും ഇവിടെ അടുത്തു തന്നെയായിരിക്കണം. (ന്യായാ, 7:24; 8:4,5). അബ്ശാലോമിന്റെ മത്സരത്തിൽ ദാവീദ് രണ്ടുപ്രാവശ്യം യോർദ്ദാൻ കടന്നു. (2ശമൂ, 17:22-24; 19;15-18). യബ്ബോക്കുനദി ചേരുന്നിടം മുതൽ ചാവുകടൽവരെ ദ്രുതഗതിയിൽ ഒഴുകുന്നതിനാൽ ഈ പ്രദേശത്തു വച്ചു നദി കടക്കുക പ്രയാസമാണ്. യിസ്രായേൽ ജനം അത്ഭുതകരമായി യോർദ്ദാൻ നദി കടന്നു പലസ്തീനിൽ പ്രവേശിച്ചതു യെരീഹോപട്ടണത്തിനു 26 കി.മീറ്റർ വടക്കുള്ള ആദാം പട്ടണത്തിന്റെ സമീ പത്തുകൂടിയായിരുന്നു. (യോശു, 3:1-17; 4:1-24; സങ്കീ, 114:3, 5). യബ്ബോക്കിനും ബേത്ത് നിമ്രാമിനും ഇടയ്ക്കുള്ള 26 കി.മീറ്റർ ദൂരം (യെശ, 15:6) നീർത്തോടുകൾ ഒന്നും യോർദ്ദാനിൽ ചേരുന്നില്ല. തന്മൂലം ഇവിടെ ജനവാസം കുറവാണ്. 

യോർദ്ദാൻ താഴ്വരയിലെ ജന്തുക്കളും സസ്യങ്ങളും വിചിത്രങ്ങളാണ്. യോർദ്ദാൻ നദിയിൽ കാണപ്പെടുന്ന മുപ്പതു ജാതി (species) മത്സ്യങ്ങളിൽ പതിനാറു ജാതി മറ്റൊരിടത്തുമില്ല. ഇവിടെയുള്ള 45 ജാതി പക്ഷികളിൽ 23 ജാതി ഈ പ്രദേശത്തു മാത്രമുള്ളതാണ്. വേർതിരിച്ചറിഞ്ഞിട്ടുള്ള 162 ജാതി സസ്യങ്ങളിൽ 135 ജാതി ആഫ്രിക്കയിലുണ്ട്.  

ചാവുകടലിനടുത്തു യോർദ്ദാൻ നദിയുടെ പശ്ചിമതീരത്തു ഗില്ഗാൽ സ്ഥിതിചെയ്യുന്നു. ദൈവകല്പനപ്രകാരം യിസായേൽമക്കൾ ഇവിടെ പന്ത്രണ്ടു കല്ലുകൾ സ്ഥാപിച്ചു. (യോശു, 4:19,20). ഗില്ഗാൽ പില്ക്കാലത്തു ഒരു പ്രധാന മതകേന്ദ്രമായിത്തീർന്നു. (1ശമു, 7:16; 10:8). 1948-ൽ പലസ്തീൻ വിഭജിക്കപ്പെട്ടപ്പോൾ യോർദ്ദാൻ താഴ്വരയിലെ സിംഹഭാഗവും യോർദ്ദാൻ രാജ്യത്തോടു ചേർന്നു. യോർദ്ദാൻ നദിയെ മരണത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. മിസ്രയീമിൽ നിന്നു വീണ്ടെടുക്കപ്പെട്ട യിസ്രായേൽ മക്കൾക്കു വാഗ്ദത്തനാടായ കനാനിൽ പ്രവേശിക്കുന്നതിനു മുമ്പു യോർദ്ദാൻ കടക്കേണ്ടിയിരുന്നു. വിശ്വാസിക്കും വാഗ്ദത്തദേശമായ സ്വർഗ്ഗത്തെ പ്രാപിക്കുന്നതിനു മുമ്പു മരണം പ്രാപിക്കേണ്ടതുണ്ട്. യോർദ്ദാൻ നദിക്കു ശുദ്ധീകരണമായും ബന്ധമുണ്ട്. നയമാൻ കുഷ്ഠരോഗത്തിൽ നിന്നു ശുദ്ധനായതു യോർദ്ദാൻ നദിയിൽ ഏഴു പ്രാവശ്യം മുങ്ങിയാണ്. (2രാജാ, 5:15). യോഹന്നാൻ സ്നാപകൻ സ്നാനം നല്കിയത് യോർദ്ദാൻ നദിയിലായിരുന്നു. (മത്താ, 3:6; യോഹ, 1:28). മൂന്നുപ്രാവശ്യം യോർദ്ദാൻ നദി വിഭജിക്കപ്പെട്ടതായി തിരുവെഴുത്തുകളിൽ കാണുന്നു . ഇതിലൊന്നു യിസ്രായേൽ ജനം യോർദ്ദാനക്കരെ കടക്കുമ്പോഴായിരുന്നു. (യോശു, 3:16). ഏലീയാവും എലീശയും പുതപ്പുകൊണ്ടു അടിച്ചു നദിയെ രണ്ടായി വിഭജിച്ചു. (2രാജാ, 2:5-15).

Leave a Reply

Your email address will not be published. Required fields are marked *