യോഹന്നാൻ

യോഹന്നാൻ (John)

പേരിനർത്ഥം — യഹോവ കൃപാലുവാണ്

സെബദിയുടെ ഇളയപുത്രനും, അപ്പൊസ്തലനായ യാക്കോബിന്റെ സഹോദരനും. (മത്താ, 10:2-3). അമ്മയുടെ പേർ ശലോമ എന്നാണ്. (മർക്കൊ, 15:40, 16:1). യോഹന്നാന്റെ കുടുംബം സമ്പന്നമായിരുന്നു. സെബദിക്കു സ്വന്തമായി പടകും വലയും ഉണ്ടായിരുന്നു. മത്സ്യബന്ധനത്തിനു കൂലിക്കാരെ നിയമിച്ചിരുന്നു. (മർക്കൊ, 1:20). ശലോമ വസ്തുവകകൊണ്ടു യേശുവിനെ ശുശ്രൂഷിച്ചിരുന്നു. (ലൂക്കൊ, 8:3). യോഹന്നാൻ 1:36-40 വരെയുള്ള വിവരണത്തിലെ രണ്ടു ശിഷ്യന്മാരിൽ ഒരാൾ യോഹന്നാൻ തന്നെയായിരുന്നു. മറ്റെയാൾ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസും. തന്നെക്കുറിച്ചു തന്നെ പറയുമ്പോൾ സുവിശേഷത്തിൽ ‘മറ്റേ ശിഷ്യൻ’ ‘യേശു സ്നേഹിച്ച ശിഷ്യൻ’ (യോഹ, 19:26, 21:7, 21:20). എന്നിങ്ങനെയാണു പറയുന്നത്. ഗലീലക്കടലിലെ അത്ഭുതകരമായ മീൻപിടത്തത്തിനു ശേഷമാണ് പത്രൊസ്, അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ എന്നിവർ യേശുവിൻ്റെ ശിഷ്യരാകുന്നത്. (ലൂക്കോ, 5:1-11). മറ്റു സുവിശേഷങ്ങളിൽ; മീൻ പിടിക്കുന്നതിനായി വല നന്നാക്കിക്കുന്ന സമയത്താണ് യേശു അവരെ വിളിച്ചു ശിഷ്യരാക്കിയതെന്നാണ് കാണുന്നത്. (മത്താ, 4:21-22, മർക്കൊ, 1:19-20). യാക്കോബിനും യോഹന്നാനും ‘ഇടിമക്കൾ’ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്ന പേർ നല്കി. (മർക്കൊ, 3:17). എരിവും തീക്ഷ്ണതയുമുള്ള ഗലീല്യരായിരുന്നു അവർ. ശമര്യ ഗ്രാമത്തെ തീ ഇറക്കി നശിപ്പിക്കാൻ യേശുവിന്റെ സമ്മതം ചോദിച്ചത് (ലൂക്കാ, 9:54) അവരുടെ സ്വഭാവത്തെ വ്യക്തമാക്കുന്നു. ദൈവരാജ്യത്തിൽ വലത്തും ഇടഞ്ഞും ഇരിക്കുകയായിരുന്നു അവരുടെ ആഗ്രഹം. സ്വാർത്ഥതയുടെ സ്പർശമുള്ള ഈ അഭിലാഷത്തിന്റെ പിന്നിൽ അമ്മയുടെ പ്രേരണയുണ്ടായിരുന്നു. (മത്താ, 20:20, മർക്കൊ, 10:37).

യോഹന്നാൻ, യാക്കോബ്, പത്രൊസ് എന്നീ ശിഷ്യന്മാർ ഒരു പ്രത്യേക ഗണമായിരുന്നു. യേശുവിന്റെ ഭൗമിക ശുശുഷയിൽ മൂന്നു പ്രത്യേക സന്ദർഭങ്ങളിൽ നാം മൂവരെയും ഒരുമിച്ചു കാണുന്നു. യായിറോസിന്റെ മകളെ ഉയിർപ്പിച്ചപ്പോൾ (മർക്കൊ, 15:3), മറുരൂപ മലയിൽ വച്ചു (മർക്കോ, 9:2), ഗെത്ത്ശെനതോട്ടത്തിൽ (മർക്കൊ, 14:33). ഒടുക്കത്തെ പെസഹ ഒരുക്കുന്നതിനു യേശു അയച്ച ശിഷ്യന്മാർ പത്രൊസും യോഹന്നാനും ആയിരുന്നു. (ലൂക്കൊ, 22:8). പത്രൊസും യോഹന്നാനും ബന്ധനസ്ഥനായ യേശുവിനെ ദുരവെ അനുഗമിച്ചു. യോഹന്നാനു മഹാപുരോഹിതനായ കയ്യാഫാവു പരിചിതനായിരുന്നു. തന്മൂലം യേശുവിനോടു കൂടെ യോഹന്നാൻ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. (യോഹ, 18:15-16). കൂശീകരണ രംഗത്തുണ്ടായിരുന്ന ഏകശിഷ്യൻ യോഹന്നാനായിരുന്നു. മരണസമയത്തു യേശു മാതാവിന്റെ സംരക്ഷണം യോഹന്നാനെ ഏല്പിച്ചു. (യോഹ, 19:26-27). ഉയിർപ്പിന്റെ ദിവസം രാവിലെ പത്രൊസിനോടൊപ്പം യോഹന്നാൻ കല്ലറയ്ക്കലേക്കോടി. (യോഹ, 20-2,8). കുറഞ്ഞതു എട്ടുദിവസം അവർ യെരുശലേമിൽ കഴിഞ്ഞു. (യോഹ, 20:26). അനന്തരം അവർ ഗലീലക്കടലിൽ മീൻപിടിക്കാൻ പോയി. (യോഹ, 21:1).

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം മത്ഥിയാസിനെ തിരഞ്ഞെടുക്കുമ്പോൾ യോഹന്നാൻ ഉണ്ടായിരുന്നു. (പ്രവൃ, 1:13). മാളികമുറിയിലും പെന്തെകൊസ്തു നാളിലും തുടർന്നുള്ള പ്രസംഗത്തിലും എല്ലാ ശിഷ്യന്മാരും ഉണ്ടായിരുന്നു. ജന്മനാ മുടന്തനായ മനുഷ്യനെ പത്രൊസ് സൗഖ്യമാക്കുമ്പോൾ യോഹന്നാനും ഒപ്പം ഉണ്ടായിരുന്നു. (പ്രവൃ, 3:1-10). ഇരുവരും തടവിലാക്കപ്പെട്ടു. (പ്രവൃ, 4:3). ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടപ്പോൾ അവരോടു പ്രസംഗിപ്പാൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു. പ്രവൃ, 8:14). ഹെരോദാവ് അഗ്രിപ്പാ യോഹന്നാൻ്റെ സഹോദരനായ യാക്കോബിനെ വധിച്ചു. (പ്രവൃ, 12:2). തുടർന്നു പത്രൊസ് കൈസര്യയിലേക്കു പോയി. (പ്രവൃ, 12:19). എന്നാൽ യോഹന്നാൻ അവിടെത്തന്നെ താമസിച്ചു. അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ അനന്തര കാര്യങ്ങളെക്കുറിച്ചു വിശദമായ അറിവു നമുക്കു ലഭിച്ചിട്ടില്ല. തൂണുകളായി എണ്ണപ്പെട്ടിരുന്ന മൂന്നു അപ്പൊസ്തലന്മാരിൽ ഒരാളായിരുന്നു യോഹന്നാൻ. (ഗലാ, 2:19). നാലാമത്തെ സുവിശേഷവും മൂന്നു ലേഖനങ്ങളും വെളിപ്പാടു പുസ്തകവും അദ്ദേഹം എഴുതി. പിന്നീട് വെളിപ്പാടു പുസ്തകത്തിലാണ് അപ്പൊസ്തലന്റെ പേർ കാണപ്പെടുന്നത്. (വെളി, 1:1). ജീവിതത്തിലെ അന്ത്യവത്സരങ്ങൾ അദ്ദേഹം എഫെസാസിൽ ചെലവഴിച്ചു എന്നാണു പാരമ്പര്യം. ഏഷ്യാമൈനറിലെ ഏഴു സഭകളിലും അദ്ദേഹം ശുശ്രൂഷിച്ചിരുന്നിരിക്കണം. ഡൊമീഷ്യൻ്റെ (എ.ഡി. 80-96) കാലത്ത് എ.ഡി. 95-ൽ അപ്പൊസ്തലനെ തിളച്ച എണ്ണയിൽ ഇട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മോസ് ദ്വീപിലേക്കു നാടു കടത്തപ്പെട്ടു. (വെളി, 1:9). ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഫെസൊസിൽ വച്ചായിരിക്കണം യോഹന്നാൻ അപ്പൊസ്തലൻ മരിച്ചതു.

കർത്താവിനെ തന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത് യോഹന്നാനായിരുന്നു. “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു?” (യോഹ, 21:22) എന്ന യേശുവിന്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു പത്മോസിലെ ദർശനവും, പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥമായ വെളിപ്പാടു പുസ്തകവും.

യോഹന്നാൻ സ്നാപകൻ

യേശുക്രിസ്തുവിന്റെ മുന്നോടി. യെശയ്യാവും (40:3) മലാഖിയും (3:1) യോഹന്നാൻ സ്നാപകനെയും അവന്റെ ദൗത്യത്തെയും കുറിച്ചു പ്രവചിച്ചിരുന്നു. പിതാവായ സെഖര്യാവ് അബീയാവിന്റെ കൂറിൽ (1ദിന, 24:10) ഒരു പുരോഹിതനും അമ്മയായ എലീശബെത്ത് അഹരോന്റെ പുത്രിമാരിൽ ഒരുവളും (ലൂക്കൊ, 1;5) ആയിരുന്നു. സെഖര്യാവ് ദൈവാലയത്തിൽ ശുശ്രൂഷിച്ചു കൊണ്ടിരുന്നപ്പോൾ ഗ്രബീയേൽ ദൂതൻ പ്രത്യക്ഷപ്പെട്ടു ഭാര്യ എലീശബെത്ത് ഒരു മകനെ പ്രസവിക്കുമെന്നും അവനു യോഹന്നാൻ എന്നു പേരിടണമെന്നും പറഞ്ഞു. സെഖര്യാവും എലീശബെത്തും വൃദ്ധരായിരുന്നു. ദൂതന്റെ സന്ദേശം വിശ്വസിക്കാതിരുന്നതിനാൽ കുട്ടിക്കു യോഹന്നാൻ എന്നു പേരിടുന്നതു വരെ സെഖര്യാവ് ഊമനായിരുന്നു. യേശു ജനിക്കുന്നതിനു ആറുമാസം മുമ്പാണ് യോഹന്നാൻ സ്നാപകൻ ജനിച്ചത്. (ബി.സി. 7). എട്ടാം നാളിൽ പൈതലിനെ പരിച്ഛേദനം കഴിക്കാൻ കൊണ്ടുവന്നു. പിതാവിന്റെ പേർ പോലെ സെഖര്യാവ് എന്നു വിളിക്കുവാൻ ചാർച്ചക്കാർ ഒരുങ്ങി. എന്നാൽ യോഹന്നാൻ എന്ന പേർ അമ്മ നിർദ്ദേശിച്ചു. ഊമനായിരുന്ന പിതാവും എഴുത്തു പലകയിൽ അതേ പേർ എഴുതി. ഉടൻ സെഖര്യാവിനു സംഭാഷണശക്തി തിരികെ കിട്ടി. വീഞ്ഞും മദ്യവും കുടിക്കാതെ ദൈവദൂതന്റെ നിർദ്ദേശം അനുസരിച്ചു യോഹന്നാൻ നാസീർവതം പാലിച്ചു. (ലൂക്കൊ, 1;9-64). “പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിനു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.” (ലൂക്കൊ, 1:80).

തിബെര്യാസ് കൈസറിന്റെ പതിനഞ്ചാം വർഷത്തിൽ (എ.ഡി. 29) യോഹന്നാൻ പ്രസംഗിക്കുവാൻ തുടങ്ങി. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവാൻ അദ്ദേഹം ജനത്തെ ഉപദേശിച്ചു. പുരോഹിത കുടുംബത്തിലുള്ളവൻ ആയിരുന്നെങ്കിലും പുരോഹിതവേഷം ധരിക്കുകയോ ആലയത്തിൽ ശുശ്രൂഷിക്കുകയോ ചെയ്തില്ല. ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ധരിച്ചു വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചു മരുഭൂമിയിൽ അദ്ദേഹം പ്രസംഗിച്ചു. മശീഹയ്ക്കുവേണ്ടി വഴിയൊരുക്കുകയായിരുന്നു യോഹന്നാൻ സ്നാപകന്റെ ദൗത്യം. (ലൂക്കൊ, 3:4-6). യെരൂശലേമ്യരും യെഹൂദ്യരും അവന്റെ അടുക്കൽ വന്നു പാപങ്ങൾ ഏറ്റുപറഞ്ഞു യോർദ്ദാൻ നദിയിൽ സ്നാനമേറ്റു. (മത്താ, 3:5). അവൻ അത്ഭുതം ഒന്നും ചെയ്തില്ല. (യോഹ, 10:41). യേശുവും യോഹന്നാനാൽ സ്നാനം ഏല്ക്കേണ്ടതിനു അവനെ സമീപിച്ചു എങ്കിലും യോഹന്നാൻ ആദ്യം വിസമ്മതിച്ചു. സകലനീതിയും നിവർത്തിക്കുന്നത് ഉചിതം എന്നു യേശു വ്യക്തമാക്കി. തുടർന്നു യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തി. (മത്താ, 3:13-15). ചില നാളുകൾ കൂടെ യോഹന്നാൻ സ്നാനം കഴിപ്പിക്കുകയും ശിഷ്യരെ ഉപദേശിക്കുകയും ചെയ്തു. (യോഹ, 3:23; 4:1; മത്താ, 9:14; ലൂക്കൊ, 5:33; 11:1).

തെറ്റ് എവിടെ കണ്ടാലും ശാസിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിനു ഉണ്ടായിരുന്നത്. ഹെരോദാവ് അന്തിപ്പാസ് തന്റെ സഹോദരന്റെ ഭാര്യയെ സ്വീകരിച്ചത് തെറ്റാണെന്നു പറയുകയാൽ യോഹന്നാനെ അവൻ തടവിലാക്കി. “എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്റെ ഭാര്യ ഹെരോദ്യ നിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.” (ലൂക്കൊ, 3:19,20). തടവിലായിരുന്നപ്പോൾ യോഹന്നാൻ ശിഷ്യന്മാരെ യേശുവിന്റെ അടുക്കൽ അയച്ചു ‘വരുവാനുള്ളവൻ നീ തന്നെയോ എന്നു ചോദിപ്പിച്ചു’ (ലൂക്കൊ, 7:19). യോഹന്നാനെ വധിക്കുവാൻ ഹെരോദാവിനു താത്പര്യം ഉണ്ടായിരുന്നുവെങ്കിലും പുരുഷാരം അവനെ പ്രവാചകൻ എന്നെണ്ണുകയാൽ അവരെ ഭയപ്പെട്ടു കാത്തിരുന്നു. (മത്താ, 14:5). എന്നാൽ ഹെരോദാവിന്റെ ജനനദിവസം ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്ത് ഹെരോദാവിനെ പ്രസാദിപ്പിച്ചു. എന്തു ചോദിച്ചാലും അവൾക്കു നല്കാമെന്നു ഹെരോദാവ് വാഗ്ദാനം ചെയ്തു. ഹെരോദ്ധ്യയുടെ ഇഷ്ടപ്രകാരം അവൾ യോഹന്നാൻ സ്നാപകന്റെ തല ആവശ്യപ്പെട്ടു. ഹെരോദാവ് ആളയച്ചു തടവിലായിരുന്ന യോഹന്നാനെ വധിച്ചു. (മത്താ, 14:6-12; മർക്കൊ, 6:17-29). ക്രിസ്തുവിന്റെ മുന്നോടിയായിട്ടാണ് യോഹന്നാൻ സ്നാപകനെ പുതിയനിയമത്തിൽ കാണുന്നത്. യോഹന്നാന്റെ ബന്ധനത്തോടു കൂടിയായിരുന്നു യേശു ഗലീലയിലെ ശുശ്രൂഷ തുടങ്ങിയത്. (മർക്കൊ, 1:14). കർത്താവിന്റെ വലുതും ഭയങ്കരവുമായുള്ള നാളിനു മുമ്പുള്ള നിരപ്പിന്റെ ശുശ്രൂഷ ചെയ്യേണ്ട ഏലീയാവ് (മലാ, 4:5) യോഹന്നാൻ ആയിരുന്നുവെന്നു യേശു പറഞ്ഞു. (മർക്കോ, 9:13; മത്താ, 11:14). പ്രവാചക പരമ്പരയിലെ അവസാന കണ്ണിയായിരുന്നു അദ്ദേഹം. “ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നു മുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചു വരുന്നു.” (ലൂക്കൊ, 16:16). “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റി ട്ടില്ല” എന്നു യേശു യോഹന്നാനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു. (മത്താ, 11:1).

Leave a Reply

Your email address will not be published. Required fields are marked *