യോശുവ

യോശുവ (Joshua)

പേരിനർത്ഥം – യഹോവ രക്ഷയാകുന്നു

നൂന്റെ മകനും എഫയീം ഗോത്രത്തിലെ തലവനായ എലീശാമയുടെ ചെറുമകനും. (1ദിന, 7:27; സംഖ്യാ, 1:10). യോശുവയുടെ ആദ്യത്തെ പേര് ഹോശേയ (രക്ഷ) എന്നായിരുന്നു. (സംഖ്യാ, 13:8). യെഹോശുവയാണ് (1ദിന, 7:27) യോശുവ ആയി മാറിയത്. പുറപ്പാടിന്റെ കാലത്തു യോശുവ യുവാവായിരുന്നു. (പുറ, 33:11).

രെഫീദീമിൽ വച്ചു യിസ്രായേലുമായി യുദ്ധത്തിനു അമാലേക്ക് വന്നപ്പോൾ അവനുമായി യുദ്ധം ചെയ്യുവാൻ മോശെ യോശുവയെ നിയോഗിക്കുന്നിടത്താണ് യോശുവയെ നാം ആദ്യമായി കാണുന്നത്. (പുറ, 17:8). അമാലേക്കിനെ വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു യോശുവ തന്റെ ഒന്നാമത്തെ യുദ്ധം ജയിച്ചു. (പുറ, 17:13). സീനായി പർവ്വതത്തിലേക്കു കയറിയ മോശയുടെ കൂടെ യോശുവ ഉണ്ടായിരുന്നു. (പുറ, 24:13). തിരിച്ചുവരുമ്പോൾ പാളയത്തിലെ ഘോഷത്തെക്കുറിച്ചു പറയുന്നതും (32:17) മോശെ പാളയത്തിലേക്കു മടങ്ങിയപ്പോൾ കൂടാരത്തെ വിട്ടുപിരിയാതെ നിന്നതും (33:11) യോശുവയാണ്. എൽദാദും മേദാദും പാളയത്തിൽ പ്രവചക്കുന്നതു തടയണമെന്നു യോശുവ മോശയോടു ആവശ്യപ്പെട്ടു. (സംഖ്യാ, 11:28). കനാൻദേശം ഒറ്റു നോക്കുവാൻ പോയവരിൽ പത്തുപേരും എതിരഭിപ്രായം പറഞ്ഞപ്പോൾ യോശുവയും കാലേബും മാത്രമാണ് യഹോവ അതു നമുക്കുതരും എന്നു പറഞ്ഞു ജനത്തെ ഉറപ്പിച്ചത്. (സംഖ്യാ, 14:5-9). തന്നിമിത്തം മിസ്രയീമിൽ നിന്നും പുറപ്പെട്ടവരിൽ യോശുവയും കാലേബും മാത്രമേ കനാനിൽ പ്രവേശിച്ചുള്ളൂ. (സംഖ്യാ, 26:65). യഹോവയുടെ നിർദ്ദേശാനുസരണം സർവ്വസഭയും കാണത്തക്കവണ്ണം യോശുവയെ ജനത്തിന്റെ നായകനാക്കി. (സംഖ്യാ, 27:18-23; ആവ, 1:38; 3:28).

മോശെയുടെ മരണശേഷം 85 വയസ്സുണ്ടായിരുന്ന യോശുവ യിസ്രായേലിന്റെ ചുമതല ഏറ്റെടുത്തു. ജനം അവനെ അനുസരിച്ചു. (ആവ, 34:9; യോശു, 1:1). ശിത്തീമിൽ നിന്നും യോശുവ യെരീഹോ ഒറ്റുനോക്കുന്നതിനു ചാരന്മാരെ അയച്ചു. അവരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചു. യിസ്രായേല്യരെക്കുറിച്ചുള്ള ഭയം ദേശനിവാസികളെ ബാധിച്ചിരുന്നു. യോശുവയുടെ നേതൃത്വത്തിൽ യിസ്രായേൽ മുന്നോട്ടുപോയി. യോർദ്ദാൻ വിഭാഗിച്ചു ജനമെല്ലാം ഉണങ്ങിയ നിലത്തുകൂടി കടന്നു. (യോശു, 3:7-17; 4:1-18). മിസ്രയീമിൽ നിന്നും പുറപ്പെട്ടശേഷം ജനിച്ചവരെ പരിച്ഛേദനം കഴിപ്പിച്ചു. (യോശു, 5:7). ഗില്ഗാലിൽ പാളയമിറങ്ങിയ സ്ഥലത്തു അവർ പെസഹ ആചരിച്ചു. അതിന്റെ പിറ്റെദിവസം ദേശത്തെ വിളവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവും മലരും കഴിച്ചു. അടുത്തദിവസം മുതൽ മന്ന നിന്നുപോയി. (യോശു, 5:10-12). യെരീഹോ കീഴടക്കുന്നതിനെക്കുറിച്ചു യോശുവ ചിന്തിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. തല ഉയർത്തി നോക്കിയപ്പോൾ ഊരിപ്പിടിച്ച വാളുമായി ഒരാൾ തന്റെ നേരെ നില്ക്കുന്നതു കണ്ടു. ‘യഹോവയുടെ സൈന്യത്തിന്റെ അധിപതി’ എന്നു സ്വയം പരിചയപ്പെടുത്തിയ അയാൾ പട്ടണം പിടിക്കേണ്ടതെങ്ങനെ എന്ന ദൈവനിയോഗം അറിയിച്ചു. (യോശു, 5:13-15). യോദ്ധാക്കളും പുരോഹിതന്മാരും ജനവും യഹോവയുടെ പെട്ടകവുമായി കാഹളം ഊതിക്കൊണ്ടു പട്ടണത്തെ ഓരോ പ്രാവശ്യം വീതം ആറു ദിവസം ചുറ്റി; ഏഴാം ദിവസം ഏഴുപ്രാവശ്യം ചുറ്റി ജനം ആർപ്പിട്ടപ്പോൾ മതിൽ വീണു. പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്ക് ശപഥാർപ്പിതം ആയിരുന്നു; രാഹാബിനെയും കുടുംബത്തെയും ജീവനോടെ ശേഷിപ്പിച്ചു. വെള്ളിയും പൊന്നും ചെമ്പും ഇരുമ്പും കൊണ്ടുള്ള പാത്രങ്ങളും ഭണ്ഡാരത്തിൽ ചേർത്തു. (യോശു, 6). ഒറ്റുകാർ നല്കിയ വിവരമനുസരിച്ചു ഹായി പട്ടണം പിടിക്കുന്നതിനു മൂവായിരം പേരെ അയച്ചു. ഹായി പട്ടണക്കാർ അവരെ ശെബാരീം വരെ തോല്പിച്ചോടിക്കുകയും അവരിൽ മുപ്പത്താറോളം പേരെ കൊല്ലുകയും ചെയ്തു. പരാജയകാരണം എന്തെന്നറിയാൻ യോശുവയും മൂപ്പന്മാരും പെട്ടകത്തിനു മുന്നിൽ സാഷ്ടാംഗം വീണുകിടന്നു. ശപഥാർപ്പിതം സംബന്ധിച്ചു ആഖാൻ ചെയ്ത് അകൃത്യമാണ് കാരണമെന്നു വെളിപ്പെട്ടു. ആഖാനെ കല്ലെറിഞ്ഞു കൊല്ലുകയും കുടുംബത്തെയും സമ്പത്തിനെയും നശിപ്പിക്കുകയും ചെയ്തു. (യോശു, 7:1-26). തുടർന്നു പ്രത്യേക തന്ത്രത്തിലൂടെ ഹായി കീഴടക്കി. പട്ടണത്തെയും നിവാസികളെയും നശിപ്പിച്ചു. ഹായി രാജാവിനെ സന്ധ്യവരെ മരത്തിൽ തൂക്കി. അതിനുശേഷം ശവത്തെ പട്ടണവാതില്ക്കൽ ഇട്ടു അതിന്മേൽ കല്ക്കുന്നു കൂട്ടി. (യോശു, 8:1-29).

യോശുവ ഹായി പിടിച്ചടക്കിയതിനെക്കുറിച്ചു കേട്ട് ഹിത്യർ തുടങ്ങി ജാതികളുടെ രാജാക്കന്മാർ യോശുവയോടും യിസ്രായേലിനോടും യുദ്ധത്തിനൊരുങ്ങി. എന്നാൽ ഗിബെയോന്യർ വിദൂരസ്ഥർ എന്ന വ്യാജേന യോശുവയോടു ഉടമ്പടി ചെയ്തു. സത്യം വെളിപ്പെട്ടപ്പോൾ അവരെ വെള്ളം കോരുന്നവരും വിറകു കീറുന്നവരും ആക്കി. (യോശു, 9:1-22). ഗിബെയോന്യർ യോശുവയോടു സഖ്യത ചെയ്തു എന്നറിഞ്ഞ യെരൂശലേം രാജാവായ അദോനീ-സേദെക് ഹെബ്രോൻ, യർമ്മൂത്ത്, ലാഖീശ്, എഗ്ലോൻ എന്നിവിടങ്ങളിലെ രാജാക്കന്മാരോടൊപ്പം ഗിബെയോനു നേരെ പാളയമിറങ്ങി. യോശുവയും സൈന്യവും രാത്രിതന്നെ ഗില്ഗാലിൽ നിന്നു പുറപ്പെട്ടു അവരെ എതിർത്തു. ബേത്ത്-ഹോരോനിൽ വച്ചു അമോര്യരെ നിശ്ശേഷം തോല്പിച്ചു. യഹോവ അവരുടെമേൽ കല്മഴ പെയ്യിച്ചു. വാൾകൊണ്ടു മരിച്ചവരെക്കാൾ അധികമായിരുന്നു കഴയാൽ മരിച്ചവർ. യിസ്രായേൽജനം അമോര്യരോടു പ്രതികാരം ചെയ്തു തീരുവോളം സൂര്യനും, ചന്ദ്രനും നിശ്ചലമായി നിന്നു. (യോശു, 10:1-14). തുടർന്നു മക്കേദ, ലിബ്ന, ലാഖീശ്, ഗേസെർ, എഗ്ലോൻ, ഹെബ്രോൻ, ദെബീർ എന്നീ ദേശങ്ങൾ പിടിച്ചടക്കി. (യോശു, 10:28-44). ആറുവർഷം കൊണ്ടു യോശുവ 31 രാജാക്കന്മാരെ കീഴടക്കി. തെക്കു സെയീർ പർവ്വതനിരകൾ തുടങ്ങി വടക്കു ഹെർമ്മോൻ പർവ്വതം വരെയുള്ള പ്രദേശങ്ങൾ യോശുവ കൈവശമാക്കി.

പുരോഹിതനായ എലെയാസാറിനോടും ഗോത്രത്തലവന്മാരോടും ആലോചിച്ചു ഇനിയും കൈവശമാക്കാനുള്ള ദേശം കൂട്ടിച്ചേർത്തു ഓരോ ഗോത്രത്തിനും അവകാശം പങ്കിട്ടു. അഞ്ചു ഗോത്രങ്ങളുടെ അവകാശം അപ്പോൾ തന്നെ കൈവശപ്പെടുത്തി കൊടുത്തു. പിന്നീടു യിസ്രായേൽ മക്കളുടെ സഭ മുഴുവൻ ശീലോവിൽ കുടി. യോശുവയുടെ നിർദ്ദേശപ്രകാരം പ്രതിനിധികൾ സ്ഥലം ഏഴായി കണ്ടെഴുതി വന്നു. യോശുവ ചീട്ടിട്ടു ദേശം അവർക്കു വിഭാഗിച്ചു കൊടുത്തു. (യോശു, 18:1-10). ആറു സങ്കേതനഗരങ്ങൾ പ്രത്യേകം ക്രമീകരിച്ചു; മൂന്നെണ്ണം യോർദ്ദാനു കിഴക്കും മൂന്നെണ്ണം യോർദ്ദാനു പടിഞ്ഞാറും. ലേവ്യർക്കു 48 പട്ടണങ്ങളും പ്രാന്തപ്രദേശങ്ങളും നല്കി. യോശുവ വൃദ്ധനായശേഷം ജനത്തെയെല്ലാം ശെഖേമിൽ കൂട്ടി യഹോവയുടെ അരുളപ്പാടു അറിയിച്ചു. യോശുവ 110-ാം വയസ്സിൽ മരിച്ചു. എഫ്രയീം പർവ്വതത്തിലുള്ള തിമ്നാത്ത് സേരഹിൽ അവനെ അടക്കി. (യോശു, 24:29,30). യാതൊരു കളങ്കവും തീണ്ടാത്ത വ്യക്തിയായിരുന്നു യോശുവ. ഉത്തമഭക്തനും ദേശസ്നേഹിയും വീരയോദ്ധാവുമായിരുന്നു. ന്യായപാലനത്തിൽ നിഷ്പക്ഷത പാലിച്ചു. എല്ലാ പ്രശ്നങ്ങളും ദൈവിക നിയന്ത്രണത്തിനു വിധേയമായി കൈകാര്യം ചെയ്തു. ജീവിതം മുഴുവൻ ദൈവത്തോടു പറ്റിനിന്നു . ജീവാവസാനത്തിലും ഏറ്റുപറഞ്ഞു: “ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ സേവിക്കും.” (യോശു, 24:15).

Leave a Reply

Your email address will not be published. Required fields are marked *